
Like
...........
Tuesday, 12 July 2011
ഹൃദയത്തില്‍ ആലേഖനം ചെയ്യപ്പെട്ട നീല ഞരമ്പുകള്‍ .

Thursday, 7 July 2011
സാല് വാ ജുദൂം : സര്‍ക്കാര്‍ സ്പോണ്‍സേഡ് തീവ്രവാദം

ചുവപ്പു പരവതാനിയുടെ കോര്‍പ്പറേറ്റ് ഭൂമിശാസ്ത്രം
ഡന്തേവാഡ [ചത്തിസ് ഗഡ് ] - ടാറ്റാ സ്റ്റീല്‍ & എസ്സാര്‍ , നിയമഗിരി - മല്‍ക്കാന്‍ ഗിരി - ലഞ്ചിഗഡ് - ജാര്‍സ് ഗുഡ {ഒറീസ ] -വേദാന്ത , കൊല്‍ഹാന്‍ -ഝാര്‍ഖണ്ട് - ജിണ്ടാല്‍ സ്റ്റീല്‍ &വേദാന്ത , ലാല്‍ഗഡ് - ജിണ്ടാല്‍ സ്റ്റീല്‍ & ടാറ്റാ ,കോര്‍ബാ ചത്തിസ് ഗഡ് - വേദാന്ത , ആന്ധ്രാപ്രദേശിലെ നക്സല്‍ ഭീഷണി സജീവമായി നില നില്‍ക്കുന്ന മേഖലകളെല്ലാം ഖനിവ്യവസായികളുടെ അധീനതയിലുമാണ്. സാധാരണക്കാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും പോലും പ്രവേശിക്കാന്‍ സാധ്യമല്ലാത്തത്ര മാവോയിസ്റ്റ് ആക്രമണ ഭീതി നിലനില്‍ക്കുന്ന നക്സല്‍ മേഖലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതും പ്രവര്‍ത്തനാനുമതി ലഭിച്ചതുമായ ബഹുരാഷ്ട്ര കമ്പനികളാണ് മേല്‍പ്പറഞ്ഞത് .
ഇന്‍ഡ്യയൊട്ടാകെ പിടിച്ചെടുക്കുമെന്ന് മാധ്യമങ്ങളെല്ലാം ഭീതി പരത്തുന്ന കരുതപ്പെടുന്ന മാവോയിസ്റ്റ് ഭീകരന്മാരുടെ താവളങ്ങളിലാണ് വര്‍ഗ്ഗ ശത്രുക്കളായ ബഹുരാഷ്ട്ര കുത്തകകള്‍ വര്‍ഷങ്ങളായി സുഗമമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത് . മാവോയിസ്റ്റുകളുടെ ഉന്മൂലന സിദ്ധാന്തത്തിന്റെ വലിയ ആദര്‍ശങ്ങളെ ഒഴിച്ച് നിര്‍ത്തി സാമാന്യ യുക്തിയില്‍ നോക്കിയാല്‍ പോലും സ്വാഭാവികമായും ഇത്തരം ബഹുരാഷ്ട്ര കുത്തകകള്‍ മാവോവാദികളുടെ സ്വാധ്വീനശക്തിയായ ഈ പ്രദേശങ്ങളില്‍ നിന്ന് നിരന്തര ഭീഷണി നേരിട്ട് കൊണ്ട് എല്ലാ പരിപാടികളും ഉപേക്ഷിച്ച് ജീവനും കൊണ്ട് രക്ഷപ്പെടേണ്ടതാണ് ,പക്ഷെ ഇതപര്യന്തമുള്ള മാവോയിസ്റ്റ് - നക്സലൈറ്റ് ആക്രമണങ്ങളിലൊന്നും തന്നെ ഈ ബഹുരാഷ്ട്ര കമ്പനികളിലെ തൊഴിലാളികള്‍ക്കൊ ഉദ്യോഗസ്ഥര്‍ക്കോ എന്തിന് കമ്പനികളുടെ എന്തെങ്കിലും സ്വത്ത് വകകള്‍ക്ക് പോലുമോ അപായം സംഭവിച്ചതായി കേട്ട് കേള്‍വിയില്ല , അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പതിനാറ് കോളം വാര്‍ത്തയാവേണ്ടതാണല്ലോ മാവോവാദികളുടെ പ്രധാന പണി കാടിറങ്ങി വന്ന് ഏതെങ്കിലും ലോക്കല്‍ പോലീസ് സ്റ്റേഷന് തീയിടുകയോ , പാവപ്പെട്ട ഗ്രാമീണരെ വെടി വെച്ച് കൊല്ലുകയോ മാത്രമാണ് ,പിന്നെ കൊടും കാട്ടില്‍ എന്തിനെന്നറിയാതെ പെട്ട് പോകുന്ന സി ആര്‍ പി എഫുകാരെയും മറ്റ് സൈനികരെയും തരം കിട്ടുമ്പോള്‍ തട്ടുക .കാട്ടില്‍ സ്വന്തമായി ചവിട്ടി മെതിക്കാന്‍ കരിമ്പിന്‍ തോട്ടമുള്ള ആനക്കൂട്ടം നാട്ടില്‍ വന്ന് ഉണക്കപ്പുല്ല് തിന്ന് വിശപ്പടക്കുന്നു എന്ന് പറയുന്ന പോലെ നമ്മുടെയൊക്കെ യുക്തിബോധത്തിന് കാര്യമായ തകരാറ് സംഭവിച്ചുവെന്ന് സംശയം തോന്നെണ്ട കാര്യങ്ങളാണിതെല്ലാം .
ഇതിനെക്കുറിച്ച് രണ്ട് വാദങ്ങളാണ് നിലനില്‍ക്കുന്നത് ഒന്ന് - അടുത്ത ഒരു ദശകത്തിനുള്ളില്‍ ഇന്‍ഡ്യ പിടിച്ചടക്കാന്‍ സജ്ജരായ അതിഭീകരരായ മാവോവാദികള്‍ക്ക് അവരുടെ പ്രഖ്യാപിത താവളമായ ചുവപ്പന്‍ ഇടനാഴിയില്‍ വെച്ച് ഒന്ന് തൊടാന്‍ പോലും പറ്റാത്തത്ര ശക്തരാണ് ഈ ബഹുരാഷ്ട കമ്പനികള്‍ അല്ലെങ്കില്‍ അതിന് കഴിയാത്ത ദുര്‍ബലരാണ് മാവോവാദികള്‍ രണ്ടാമത്തെ വാദം നിഷ്പക്ഷമതികളായ ചിലര്‍ പറയുന്ന പോലെ ആദിവാസികളുടെ പേര് പറഞ്ഞ് ബഹുരാഷ്ട്ര കമ്പനികളുടെ കപ്പം വാങ്ങി അവരുമായി അവിശുദ്ധമോ വിശുദ്ധമോ ആയ ഒരു ബന്ധം കാത്ത് സൂക്ഷിച്ച് കാട്ടിനകത്ത് ദശകോടി സമ്പത്തുമായി കഴിയുന്നവരാണ് മാവോവാദികള്‍ , രണ്ടായാലും ഇതിനിടക്ക് നിരാലംബരായ ലക്ഷക്കണക്കിന് ആദിവാസികളുണ്ട് , ഓരോ വലിയ പദ്ധതിയുടെയും പിന്നാലെ എല്ലാം ഉപേക്ഷിച്ച് പാലായനം ചെയ്യപ്പെടുന്ന നിരക്ഷരരായ ദരിദ്രനാരായണന്മാര്‍ . ഓരോ പദ്ധതികള്‍ക്കുമൊപ്പം അഭയാര്‍ത്ഥികളാകേണ്ടി വന്ന നാല് കോടിയിലേറെ ആളുകള്‍ ഇന്‍ഡ്യയിലുണ്ടെന്നാണ് ഏറ്റവും ലളിതമായ കണക്ക് ഇത് കൂടാതെ ഏത് നിമിഷവും അഭയാര്‍ത്ഥികളാകേണ്ടി വരുമെന്ന ഭീഷണിയില്‍ നില നില്‍ക്കുന്ന വേറെയും കുറച്ച് കോടികള്‍ . ഈ ജനങ്ങള്‍ക്ക് മാവോയെയുമറിയില്ല ചിദംബരത്തെയുമറിയില്ല ഒരു നേരത്തെ ഭക്ഷണത്തിന് തല ചായ്ക്കാനൊരു കൂരക്ക് എന്താണൊരു പോംവഴി എന്നത് മാത്രമാണ് നിരക്ഷരരായ അവരുടെ മുന്നിലുള്ള ദാര്‍ശനികമായ ഏക സമസ്യ .
രാജ്യത്തിന്റെ സമാന്തര ഭരണകൂടം നില നില്‍ക്കുന്നുവെന്ന് പ്രചരിപ്പിക്കപ്പെടുന്ന ഈ വന മേഖലകളില്‍ ഖനനത്തിനും വന്‍ കിട വ്യവസായങ്ങള്‍ക്കുമായി 100 കണക്കിന് അനുമതി പത്രങ്ങളാണ് ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളുമായി രഹസ്യമായും പരസ്യമായും ഗവണ്മെന്റ് യു പി എ ഗവണ്മെന്റും അതത് സംസ്ഥാന ഗവണ്മെന്റുകളും ഒപ്പ് വെച്ചിരിക്കുന്നത് .ഇതിന്റെ പ്രയോഗവല്‍ക്കരണത്തിന് തദ്ദേശീയരായ വനവാസികളെയും ദളിതരെയും ഒഴിവാക്കാതെ സാധ്യമല്ല എന്നത് ഭരണകൂടങ്ങള്‍ക്ക് വ്യക്തമായറിയാം .അത് കൊണ്ട് അവരെ കുടിയൊഴിപ്പിക്കാനുള്ള ന്യായമായ തന്ത്രങ്ങള്‍ മാത്രമാണ് ഈ മാവോവാദികളില്‍ നിന്നുള്ള സൈനിക സംരക്ഷണവും സാല്‍ വാ ജുദുമും .പൊതു സമൂഹത്തില്‍ ചുവപ്പന്‍ ഭീകരതയെക്കുറിച്ചുള്ള ഭീതി നിര്‍മ്മിക്കുക , അത് പ്രചരിപ്പിക്കുക അത്തരം മേഖലകളില്‍ സാമാന്യമായുണ്ടാകുന്ന ബാഹ്യ ഇടപെടലുകളെ തടഞ്ഞ് മേഖലകളെ പ്രാന്തവല്‍ക്കരിക്കക എന്നതാണിതിന്റെയെല്ലാം ആത്യന്തിക ലക്ഷ്യം .ചിദംബരത്തിനറിയുമോ എന്നറിയില്ല നാട്ടുമ്പുറത്തൊരു ചൊല്ലുണ്ട് “വെടക്കാക്കി തനിക്കാക്കുക “ , രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് ധാതു നിക്ഷേപങ്ങളുടെ ഭൂമിശാസ്ത്ര പരമായ ഒരു വിശകലനത്തിലൂടെ ലളിതമായി മനസ്സിലാക്കാനാവുന്നതാണ് ഗ്രീന്‍ ഹണ്ട് ഓപറേഷന്റെയും സാല്‍ വാ ജുദൂം എന്ന തമ്മില്‍ തല്ലിക്കല്‍ പൊറാട്ട് നാടകത്തിന്റെയും നാനാര്‍ത്ഥങ്ങള്‍ .
മാവോവാദികളുടെ ഏറ്റവും ശക്തമായ താവളമായി വിവക്ഷിക്കപ്പെടുന്ന ഡന്റേവാഡയിലാണ് ഗ്രീന്‍ ഹണ്ട് ഓപ്പറേഷനും സാല്വാ ജുദൂമും ഏറ്റവും ശക്തം . ഡന്റേവാഡയിലെ നിരന്തര സംഘര്‍ഷങ്ങള്‍ക്കും പാലായനങ്ങള്‍ക്കുമിടയില്‍ കൂട്ടി വായിക്കാവുന്ന ഒരു സംഭവമുണ്ട് .നിയമഗിരിയിലെ ഖനനത്തിന് പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചത്വേദാന്തയെ സംബന്ധിച്ച വലിയ തിരിച്ചടി തന്നെയായിരുന്നു കാരണം നിയമഗിരിയിലെ ബോക്സൈറ്റ് ഖനനത്തിന്റെ പ്രതീക്ഷയിലാണ് ലഞ്ചിഗഡിലെ വേദാന്തയുടെ അലുമിനിയം പ്ലാന്റ് 6 മടങ്ങ് വര്‍ദ്ധിപ്പിച്ചത് . നിയമഗിരിയില്‍ അന്താരാഷ്ട്ര ശ്രദ്ധ കിട്ടിയത് കൊണ്ട് തന്നെ സമീപ ഭാവിയില്‍ അവിടെയൊരു ഖനനത്തിന് സാധ്യത കുറവാണ് ലഞ്ചിഗഡിലെ വിപുലീകരിച്ച അലുമിനിയം പ്ലാന്റിലേക്കുള്ള ബോക്സൈറ്റ് ലഭിക്കാനുള്ള അടുത്ത പോംവഴി ഡന്റേവാഡയിലെ സമ്പന്നമായ ഖനനഭൂമി മാത്രമാണ് .പക്ഷെ മാവോവാദികളുടെ പ്രതിരോധങ്ങള്‍ക്ക് മുമ്പില്‍ അത് സാധ്യമാകില്ലെന്ന നിലയാണ് നിലവിലുള്ളത് .അപ്പോള്‍ പിന്നെ എന്താണ് ചെയ്യുക ഡന്റേവാഡയിലെ പ്രതിരോധങ്ങളെ ഏറ്റവും പെട്ടെന്ന് തന്നെ അടിച്ചമര്‍ത്തുക . പറയത്തക്ക പ്രകോപനങ്ങള്‍ ഇല്ലാതിരുന്നിട്ടും ഒഴിപ്പിക്കലിന് ഫലപ്രാപ്തി പെട്ടെന്നുണ്ടാകാനായിരിക്കണം ഡന്റേവാഡയില്‍ സൈനിക വിന്യാസവും ധ്രുതഗതിയിലാക്കിയത് . 76 ഇന്‍ഡ്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഡന്റേവാഡ കൂട്ടക്കൊലക്ക് ശേഷം ഔദ്യോഗികമായ ദുഖപ്രകടനത്തിന് പോലും നില്‍ക്കാതെയാണ് ഇന്‍ഡ്യയുടെ ആഭ്യന്തര മന്ത്രി മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി വന്നാല്‍ വായു സേനയെ നിയോഗിക്കും എന്ന് പ്രഖ്യാപിച്ചത് പക്ഷെ തന്റെ രാജ്യത്തിലെ ജനങ്ങള്‍ക്കെതിരെ വായുസേനയെ ഉപയോഗിക്കാന്‍ താന്‍ തയ്യാറല്ലെന്ന വായു സേനാ തലവന്റെ ധീരമായ തീരുമാനത്തിന് മുമ്പില്‍ ആ തീരുമാനം ഉപേക്ഷിക്കപ്പെടുകയായിരുന്നു . ഒരു രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ഒരു ആഭ്യന്തര മന്ത്രി ആ രാജ്യത്തെ തന്നെ ജനങ്ങള്‍ക്ക് മേല്‍ ആകാശത്ത് നിന്ന് ബോംബുകള്‍ വര്‍ഷിച്ച് ഉന്മൂലനം ചെയ്യാന്‍ തിടുക്കം കൂട്ടുന്ന വികാരം രാജ്യസ്നേഹത്തിന്റെ ഏത് നിര്‍വചനത്തിലാണ് വരിക ? .
മുദ്രണം ചെയ്യപ്പെടുന്ന പ്രതിഷേധങ്ങള്‍
ഹിമാംശു കുമാര്‍ അറിയപ്പെടുന്ന ഒരു ഗാന്ധിയനാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1992 മുതല്‍ ചത്തിസ് ഗഡിലെ ആദിവാസി മേഖലയായ ഡന്റേവാഡയില്‍ ആദിവാസികള്‍ക്കും ദളിതര്‍ക്കുമായി വനവാസി ചേതനാ ആശ്രമം എന്നൊരു സംഘടന സ്ഥാപിച്ച് കൊണ്ട് ഗാന്ധിയന്‍ പ്രവര്‍ത്തന മാതൃകകളുമായി അവരുടെ ഇടയില്‍ പ്രവര്‍ത്തിച്ച് അവരെ സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരാന്‍ യത്നിച്ചിരുന്നു . പക്ഷെ 2009 മേയ് മാസത്തില്‍ യാതൊരു വിധ മുന്നറിയിപ്പുകളുമില്ലാതെ ചത്തിസ് ഗഡ് പോലീസ് ഈ ആശ്രമം തകര്‍ത്ത് കളഞ്ഞു . 2005 മുതല്‍ സാല്‍ വാ ജുദൂം എന്ന സംസ്ഥാന സര്‍ക്കാര്‍ പരിശീലനം കൊടുക്കുന്ന തീവ്രവാദ പദ്ധതിയെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന് ഹിമാംശു കുമാര്‍ നല്‍കിയ 600 ഓളം പരാതികളാണ് സംസ്ഥാന ഗവണ്മെന്റിനെ പ്രകോപിപ്പിച്ചത് . പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് പോലും ആയുധം കൊടുത്തും അവരെ അക്രമത്തിന് പ്രേരിപ്പിച്ചും മേഖലയില്‍ സംഘര്‍ഷം നില നിറ്ത്തുക , ഇത പര്യന്തമുള്ള മാവോയിസ്റ്റ് ആക്രമണങ്ങളില്‍ മരിച്ചതിലേറെ ജനങ്ങള്‍ സാല്‍ വാ ജുദൂമുമായുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട് . ഡന്റേവാഡയില്‍ നടക്കുന്ന വ്യാജ ഏറ്റ് മുട്ടലുകളെക്കുറിച്ച് പോലീസ് അതിക്രമങ്ങളെക്കുറിച്ച് പുറം ലോകം അറിയരുത് , അത്തരം സാധ്യതകളെ ഒഴിവാക്കി ഏറ്റവും പെട്ടെന്ന് ഡന്റേവാഡയിലെ പ്രതിരോധങ്ങളുടെ ഒച്ചയടപ്പിച്ച് തദ്ദേശീയരെ ഒഴിപ്പിച്ചെടുക്കേണ്ടതുണ്ട് . ലഞ്ചിഗഡിലെ അലുമിനിയം പ്ലാന്റിലേക്കുള്ള ബോക്സൈറ്റിന് മറ്റ് സാധ്യതകളൊന്നും തല്‍ക്കാലം നിലവിലില്ലല്ലൊ . നാളെ ഗാന്ധിയനായ ഹിമാംശു കുമാര്‍ അറസ്റ്റിലായി ജീവപര്യന്തത്തിന് വിധിക്കപ്പെട്ടാലും അല്‍ഭുതമൊന്നുമില്ല ഗാന്ധിജിയും ബാബാ ആംതെയും മരിച്ച് പോയതെത്ര നന്നായി !!!
സ്വാമി അഗ്നിവേശിനെപ്പോലെയുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ ചത്തിസ്ഗഡിലെ ആദിവാസി മേഖലകള്‍ സന്ദര്‍ശിക്കുന്നതിനിടെ സാല്വാ ജുഡൂമിന്റെയും പോലീസിന്റെയും സംയുക്ത ആക്രമണത്തിനിരയായെന്നു സ്വാമി അഗ്നിവേശ് കോടതിയെ സമീപിച്ചിരുന്നു . ആ മേഖലകളില്‍ ഗവണ്മെന്റു അനുവര്‍ത്തിക്കുന്ന തന്ത്രമാണ് പുറത്തു നിന്നു ആരെയും അവിടേക്കു പ്രവേശിപ്പിക്കാതിരിക്കുക , അവിടെയുള്ളവരെ പുറം ലോകത്തിനു പരിചയപ്പെടുത്താതിരിക്കുക അതു ഒറ്റപ്പെട്ട ഒരു ഭീകര ലോകമായി നില നിര്‍ത്തുക .
ആദിവാസികളോടും അടിച്ചമര്‍ത്തപ്പെടുന്നവരോടും അനുഭാവം പ്രകടിപ്പിക്കുന്നവരെ, സമരങ്ങളിലേര്‍പ്പെടുന്നവരെ രാജ്യത്തിനെതിരായാണ് എന്ന ധാരണ പരത്തുന്നു , ആ നിഴലിന്റെ പരിസരത്തില്‍ നിര്‍ത്തിക്കൊണ്ട് ബുദ്ധിജീവികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാവോയിസ്റ്റുകള്‍ എന്ന് മുദ്രണം ചാര്‍ത്തി ഏത് നിമിഷവും രാജ്യദ്രോഹിയാക്കി മാറ്റാനുള്ള ഒരു സംവിധാനത്തെ വളരെ ബുദ്ധിപൂര്‍വ്വം ഒരുക്കിക്കൊണ്ട് ഓരോ പ്രതിഷേധങ്ങളെയും ഇല്ലാതാക്കുന്നു . ചത്തിസ് ഗഡും ഝാര്‍ഖണ്ടും ഒറീസ്സയുമാണ് ഇന്ന് രാജ്യത്തെ ഏറ്റവും സമ്പന്നമായ ഭൂമിയുള്ളതും ഏറ്റവും ദരിദ്രരായ ജനതയുള്ളതും അവിടത്തെ ഭൂമി കൈക്കലാക്കുക എന്നത് മാത്രമാണ് ബഹുരാഷ്ട്ര കുത്തകകളുടെ ഉദ്ദേശം അതിന് വേണ്ടി ചുവപ്പന്‍ ഇടനാഴിയെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ പാലായനം ചെയ്യിക്കുക അതിനെതിരെ ശബ്ദിക്കുന്നവരെ മാവോയിസത്തിന്റെ പേരില്‍ തടവിലാക്കുക .
കോടികളുടെ പ്രകൃതി വിഭവങ്ങള്‍ക്ക് മുകളില്‍ അധിവസിക്കുമ്പോഴും ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടേണ്ടി വരുകയും , പുറമെ നിന്നാരൊക്കെയോ വന്ന് അവരുടെ പ്രകൃതിയെ അപഹരിച്ച് കൊണ്ട് പോകുന്ന കാഴ്ച കണ്ട് നിസ്സഹയാരായി പോകുന്ന ആദിവാസികള്‍ കാത്ത് വെച്ച നിധിക്കൊപ്പം ജീവിതവും ചിലപ്പോള്‍ ജീവനും നഷ്ടപ്പെടുന്ന നാഗത്താന്മാരുടെ കെട്ട് കഥയുടെ വേദനിപ്പിക്കുന്ന പുനരാഖ്യാനമാണ് .ഗ്രീന്‍ ഹണ്ട് ഓപറേഷനില്‍ കൊല്ലപ്പെടുന്നവരുടെ ഒക്കെ കണക്ക് പുറത്ത് വരുമ്പോള്‍ മാവോവാദികള്‍ കൊല്ലപ്പെട്ട കണക്ക് മാത്രമാണ് വരിക . സാധാരണ ആദിവാസികളില്‍ നിന്നും എങ്ങനെ വേര്‍തിരിച്ചറിഞ്ഞു കൊല്ലാം ? വളരെ നിസ്സാരമാണത് കൊല്ലപ്പെട്ട് കഴിയുമ്പോള്‍ ഏത് സാധാരണ ആദിവാസിയും മാവോ വാദികളാവും അല്ലെന്ന് പറയാന്‍ തെളിവൊന്നുമില്ലല്ലൊ . ഇന്ന് വരെ മാവോവാദിയല്ലാത്ത ഒരു സാധാരണ ആദിവാസി പോലും ഇത്തരം ഓപറേഷനുകളില്‍ കൊല്ലപ്പെടാത്തതും ഇത് കൊണ്ട് തന്നെയാണ് , കൊല്ലപ്പെടുന്നവരെല്ലാം അതിഭീകരന്മാരായ നക്സലുകളായി പരിണമിക്കുന്ന ജനിതക പ്രക്രിയ ഇതിനിടയില്‍ നടക്കുന്നുണ്ട് .
മാവോയിസ്റ്റുകള്‍ ഗാന്ധിയന്‍ സത്യാഗ്രഹമുറ സ്വീകരിക്കുന്ന അഹിംസാ വാദികളല്ല , തീര്‍ച്ചയായും അവരുടേത് സായുധ സമരം തന്നെയാണ് പക്ഷെ അത്തരമൊരു സായുധ സമരത്തിലേക്കു അവരെ നയിക്കുന്നതു നിവൃത്തികേടും നില നില്‍പ്പും അടങ്ങിയ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളാണ് അതിനാല്‍ ഈ നക്സല്‍ പോരാട്ടങ്ങളെ രാഷ്ട്രീയമായാണ് നേരിടേണ്ടത് കാരണം മാവോയിസ്റ്റുകള്‍ എന്ന പേരിലറിയപ്പെടുന്ന ഏതാനും ആയിരങ്ങളല്ലാതെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഈ മേഘലകളില്‍ ജീവിച്ചിരിക്കുന്നുണ്ട് .സൈനിക -സായുധ നീക്കം കൊണ്ട് ഈ മേഖലകളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുനിയുന്നത് നിസ്സഹായരായ ഈ ജനങ്ങളുടെ ദുര്‍വിധിക്കിടയിലേക്ക് ലക്ഷം കോടി രൂപ പ്രതിരോധ ബഡ്ജറ്റില്‍ കണക്ക് കൊള്ളിച്ച് കൊല്ലാക്കൊല ചെയ്യുന്നതിനു തുല്യമാണ് . എന്തായാലും സുപ്രീം കോടതി വിധിയിലൂടെ അവിടെയുള്ള കുഞ്ഞുങ്ങളുടെ കയ്യില്‍ ആയുധം കൊടുക്കുന്ന ഏര്‍പ്പാടിനു പകരം പുസ്തകവും പേനയും കൊടുക്കാന്‍ ഉള്ള സന്മനസ്സ് ഭരണ കൂടങ്ങള്‍ക്കു തോന്നട്ടെ .Friday, 24 June 2011
രതിലീലയുടെ കുട്ടിയപ്പൻ മാതൃകകൾ
സത്യം ഭാവനയെക്കാള്‍ വിചിത്രമാണ് എന്നു പറഞ്ഞത് ഹാസ്യ സാമ്രാട്ടായ മാര്‍ക് ട്വയിനാണെങ്കിലും അതില്‍ ഫലിതം ലവലേശമില്ല . സര്‍ഗ്ഗാത്മകതയുടെ സത്യസന്ധത ശൂന്യതയില്‍ നിന്നു സൃഷ്ടിക്കപ്പെടുന്നതോ അജ്ഞാതമായ അന്തരീക്ഷത്തില്‍ നിന്നു ഉരുത്തിരിയുന്നതോ അല്ല , അതു സമൂഹ യാഥാര്‍ത്ഥ്യത്തിന്റെ പരിച്ഛേദമാണ് അതു കൊണ്ടു തന്നെ എഴുത്തുകാരന്‍ പ്രവചന ശേഷിയുള്ള ക്രാന്ത ദര്‍ശിയാവണമെന്നു നിര്‍ബന്ധമില്ല , മറിച്ചു വര്‍ത്തമാന കാല സമൂഹത്തെ ശരിയായി നിരീക്ഷിക്കുന്നവനായാല്‍ മാത്രം മതി .പക്ഷെ കഥാകൃത്ത് അപ്രിയ സത്യങ്ങള്‍ പറയുമ്പോള്‍ നമ്മള്‍ അസ്വസ്ഥരാകുന്നു , കഥയിലെ കഥാപാത്രങ്ങള്‍ നമ്മളല്ല എന്നു സ്വയം വാദിച്ചു ജയിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു .Saturday, 18 June 2011
റിലയന്‍സ് :ഒരു കോര്‍പ്പറേറ്റ് രാജ വാഴ്ച

Saturday, 11 June 2011
ഭാഷാ മൌലിക വാദത്തിന്റെ പ്രതിസന്ധികള്‍

അരമലയാളിക്കുമൊരു മലയാളം
ഒരുമലയാളിക്കും മലയാളമില്ല"
Tuesday, 24 May 2011
കനിമൊഴിയുടെ കവിതകള്‍ .

ബോണി ചേംബര്‍ലൈന്റെ പ്രസിദ്ധമായ ഒരു കഥയുണ്ട് . ഒരു ചിത്രകാരന്‍ യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു ചിത്ര പരമ്പര തയ്യാറാക്കുകകയായിരുന്നു. ആ ചിത്രം അയാളുടെ ജീവിതത്തിലെ ഏറ്റവും മികച്ച രചന ആയിരിക്കണമെന്നുള്ള നിര്‍ബന്ധബുദ്ധി കാരണം മോഡലുകളുടെ മുഖഭാവത്തിന്റെ കാര്യത്തില്‍ ചിത്രകാരന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു .ഉണ്ണിയേശുവിന്റെയും യൂദാസ്സിന്റെയും മുഖമായിരുന്നു ഏറെ പ്രാധാന്യമുള്ളത് .ഉണ്ണിയേശുവിന്റെ കാരുണ്യവും നിഷ്കളങ്കതയും നിറഞ്ഞ മുഖം അയാളാഗ്രഹിച്ചതു പോലെ തന്നെ കിട്ടി . ചിത്ര പരമ്പരയിലെ അവസാന ചിത്രം യൂദാസ്സിന്റേതായിരുന്നു . പക്ഷെ യൂദാസ്സിന്റെ മുഖത്തിനായി പലരെയും പരിഗണിച്ചെങ്കിലും ചിത്രകാരന്റെ മനസ്സിലുള്ള ഭാവമായി ഒത്തുപോകുന്നില്ലായിരുന്നു .ചിത്രകാരന്‍ അത്തരമൊരു മുഖത്തിനായി കാത്തിരിക്കാന്‍ തന്നെ തീരുമാനിച്ചു .ഓരോ തെരുവിലും അയാള്‍ ആ മുഖം തേടി അലഞ്ഞു .അങ്ങനെ നീണ്ട വര്‍ഷങ്ങളുടെ തിരച്ചിലിന് ശേഷം ഒരു ചൂതാട്ടകേന്ദ്രത്തില്‍ വെച്ച് ചിത്രകാരന്‍ തന്റെ മനസ്സിലെ യൂദാസ്സിനെ കണ്ടെത്തുന്നു .കുടിലതയും ക്രൌര്യവും നിറഞ്ഞ ഒറ്റുകാരന്റെ അതേ മുഖം -.യൂദാസ്സിന്റെ മോഡലായി ഈ വര്‍ഷങ്ങളത്രയും ചിത്രകാരന്‍ അലഞ്ഞതു ഈ മുഖത്തിന് വേണ്ടിയായിരുന്നു .ചിത്രകാരനോട് യൂദാസ്സിന്റെ മുഖമുള്ള ആ ചൂതാട്ടക്കാരന്‍ ചോദിച്ചു - ചിത്രകാരാ അങ്ങേക്കെന്നെ ഓര്‍മയുണ്ടോ കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ണിയേശുവിന്റെ നിഷ്കളങ്കതയും ജ്യോതിസ്സും നിറഞ്ഞ മുഖം വരക്കാനായി എന്നെ തന്നെയാണ് അങ്ങ് തിരഞ്ഞെടുത്തത് !!!
2 ജി അഴിമതിക്കേസില്‍ അറസ്റ്റിലായ കനിമൊഴിയുടെ ദയനീയമായ മുഖം എന്നില്‍ ഓര്‍മ്മപ്പെടുത്തിയത് ബോണി ചേംബര്‍ ലൈന്റെ ഈ കഥ തന്നെയാണ് .കവയത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായി ദ്രാവിഡ സാംസ്കാരിക മണ്ഡലത്തില്‍ നിറഞ്ഞു നിന്നിരുന്ന കനിമൊഴി വളരെ പെട്ടെന്നു തന്നെ അഴിമതിയുടെയും മനുഷ്യദുരാഗ്രഹങ്ങളുടെയും പ്രതീകമായി മാറുമ്പോള്‍ അതു കാലത്തിന്റെ സ്വാഭാവിക പരിണാമം മാത്രമായിത്തീരുന്നു .കരുണാ നിധിയുടെ ചിന്നവീടു സന്താനമായ കനിമൊഴി അധികാരരാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളിലെ വില പേശലിലൊന്നും ഭാഗഭാക്കായിരുന്നില്ല. രാജ്യ സഭാംഗമായതോടെയാണ് രാഷ്ട്രീയത്തിന്റെ വെള്ളിവെളിച്ചത്തില്‍ കനിമൊഴി കൂടുതല്‍ ശ്രദ്ധാ കേന്ദ്രമായി മാറുന്നത് .ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ആണ്ടിപ്പട്ടി അരസിയല്‍ വാദികളില്‍ നിന്നു സാമാന്യ വിവരമോ വിദ്യാഭ്യാസമോ ഉള്ള ഒരാളെ ലോക്സഭയിലേക്കോ രാജ്യസഭയിലേക്കോ അയക്കുക എന്നത് അല്പം ആയാസം നിറഞ്ഞ അധ്വാനമാണ് .കരുണാ നിധിയുടെ മൂത്ത പുത്രനായ അഴഗിരിയെ ലോകസഭ കാണിച്ചിട്ടു ഇംഗ്ലീഷോ ഹിന്ദിയോ അറിയാത്ത ആ അണ്ണന്‍ ലോക് സഭ കയറാറോ അവിടെയെന്തു സംഭവിക്കുന്നു എന്നറിയാനോ മുതിര്‍ന്നില്ല . ഹിന്ദു പത്രത്തിലെ സബ് എഡിറ്ററായിരുന്ന കനിമൊഴി അത്തരമൊരു സാഹചര്യത്തിലാണ് രാജ്യസഭാംഗമായി മാറുന്നതും വിലപേശല്‍ രാഷ്ട്രീയത്തിമെന്ന വ്യവസ്ഥാപിത ശൃംഘലയിലെ പ്രധാന കണ്ണിയായി പരിണമിക്കുന്നതും അതിനു ശേഷം സംഭവിച്ചതു ചരിത്രം .
കനിമൊഴി കവിയായതു കൊണ്ടോ സാമൂഹ്യ പ്രവര്‍ത്തകയായതു കൊണ്ടോ ഉള്ള അനുതാപത്താല്‍ യാതൊരു വൈകാരിക പിന്തുണയും അവര്‍ അര്‍ഹിക്കുന്നില്ല. വിതച്ചതു കൊയ്തു എന്ന പതിവ് വാക്യം മാത്രം ഇവിടെയും പറയാം . പക്ഷെ അപ്പോഴും വലിയ വിതക്കാരൊക്കെ ഇപ്പോഴും വിതച്ചു കൊണ്ടു കൃഷി തുടരുന്നു . അടിയാളന്മാരെക്കൊണ്ടു വിത്തിറക്കി , കളത്തിന് പുറത്തു മാടമ്പി ചമഞ്ഞിരിക്കുന്ന മാന്യനായ പ്രധാനമന്ത്രിയടക്കമുള്ളവരെക്കൂടി കൂടെ ഈ കളികളുടെ അന്ത്യത്തില്‍ കാണാന്‍ കഴിയട്ടെ എന്നു മാത്രം ആഗ്രഹിക്കുന്നു .
കനിമൊഴി കൂട്ടിലാവുമ്പോള്‍ കാവ്യലോകത്തിന് അതൊരു തീരാനഷ്ടമൊന്നുമല്ല .പക്ഷെ അവര്‍ നല്ലൊരു കവയത്രിയായിരുന്നു .അഴിമതിയോ സ്വജനപക്ഷപാതമോ ദുരയോ കവിത്വത്തെ സ്വാധീനിക്കുമോ എന്നറിയില്ല .കവിത്വത്തിന് മാനുഷിക മൂല്യങ്ങള്‍ ആവശ്യമാണെന്നു ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മാനുഷിക ഭാവങ്ങളില്‍ നിന്നു നിന്നു സ്വാര്‍ത്ഥതയും ദുരാഗ്രഹവും ആരാണ് ഒഴിവാക്കിയത് എന്ന മറുചോദ്യം ബാക്കിയാകുന്നു .മനുഷ്യഭാവങ്ങത്തിന്റെ ഏറ്റവും അടിസ്ഥാനഭാവം സ്വാര്‍ത്ഥതയും ദുരയും തന്നെയുമാണ് എന്ന് എല്ലാ ഇതിഹാസങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട് .സാഹിത്യകാരനും സാഹിത്യവും എന്നീ ദ്വന്ദ്വങ്ങള്‍ എപ്പോഴും സമാന്തരമായി സഞ്ചരിച്ചു കൊള്ളണമെന്നുള്ള നിര്‍ബന്ധ ബുദ്ധി അനുവാചകന്‍ സ്വീകരിച്ചാല്‍ അതില്‍ നിരാശ മാത്രമായിരിക്കും ഫലം .
80 കളിലെ യുവത്വത്തെ മയക്കുമരുന്നിലേക്കും അരാജകത്വത്തിലേക്കും നയിച്ച സാഹിത്യകാരനാണ് എം മുകുന്ദനെന്നു സുഹൃത് സദസ്സുകളിലെ ചര്‍ച്ചാ വട്ടങ്ങളില്‍ പലരും ആരോപിക്കാറുണ്ടായിരുന്നു .പക്ഷെ ഈയടുത്തു പുനത്തില്‍ കുഞ്ഞബ്ദുള്ള ഒരഭിമുഖത്തില്‍ പറഞ്ഞത് എം മുകുന്ദന്‍ രണ്ടു പെഗ് തികച്ചു കഴിക്കാന്‍ നില്‍ക്കാത്ത ആളാണെന്ന്.ഓ വി വിജയന്‍ എട്ടുകാലിയെക്കണ്ടാല്‍ ഭയന്നു വിറക്കുന്നത്ര ദുരബലനായിരുന്നു എന്ന അറിവിനെ ധര്‍മ്മപുരാണത്തിന്റെ ധീരോദാത്തമായ ആഖ്യാനവുമായി താരതമ്യപ്പെടുത്തി വായിക്കാനാരും തുനിഞ്ഞില്ല എന്നു മാത്രമല്ല ഭരണകൂട ഭീകരതക്കെതിരെ എക്കാലത്തെയും ക്ലാസ്സിക്കായി ധര്‍മ്മപുരാണം വായിക്കപ്പെടുന്നു.സ്നേഹത്തെക്കുറിച്ച് കവിതകളെഴുതിയ അമേരിക്കന്‍ കവി എസ്രാപൌണ്ട് പരസ്യമായ ജൂതവിരോധം പ്രകടിപ്പിച്ചിരുന്ന സാഹിത്യകാരനായിരുന്നു . മാര്‍ക് ട്വയിന്‍ സ്വവര്‍ഗ്ഗ രതിക്കാരനായിരുന്നു എന്നതു കൊണ്ടു ഒരു മാതാ പിതാക്കളും ഹക്കിള്‍ ബറി ഫിന്നും ടോം സോയറും കുട്ടികളില്‍ നിഷേധിച്ചിട്ടില്ലല്ലോ .വായനക്കാരന് എഴുത്തുകാരന്റെ സ്വഭാവ വൈശിഷ്ട്യത്തില്‍ അശേഷം താല്പര്യമില്ല അവരുടെ സര്‍ഗ്ഗാത്മകതയെ , വാക്കുകളുടെ മാസ്മരിക ഭാവത്തെയാണ് അനുവാചകനാവശ്യം .എഴുത്തുകാരന്റെ സാമൂഹ്യ പ്രതിബദ്ധത എപ്പോഴുമൊരു ബോണസ്സായി മാത്രം കരുതാനെ നമുക്കവകാശമുള്ളൂ . സാമൂഹ്യ പ്രതിബദ്ധതയുടെ മാനകമുപയോഗിച്ചു എഴുത്തുകാരനെ അളക്കുമ്പോള്‍ അടിയന്തിരാവസ്ഥാ കാലത്ത് മൌനം ഭജിച്ച , മാളങ്ങളിലൊളിച്ച എല്ലാ എഴുത്തുകാരെയും നമ്മള്‍ ബഹിഷ്കരിക്കേണ്ടതായി വരും .
കനിമൊഴി ഇരുമ്പഴിക്കുള്ളിലാകട്ടെ , വിചാരണകള്‍ നടക്കട്ടെ നീതിയും നിയമവും അതിന്റെ വ്യവഹാരങ്ങളില്‍ വിഹരിക്കട്ടെ .കവിതകളെയും വാക്കുകളെയും നമുക്കു വെറുതെ വിടാം .മുമ്പെങ്ങോ വായിച്ച ചില കനിമൊഴികവിതകള്‍ അവ്യക്തമായ ഓര്‍മ്മയില്‍ നിന്നും ലഭിക്കാതെ പോയെങ്കിലും തിരച്ചിലിന്റെ ചില തുരുത്തുകളില്‍ നിന്നു കണ്ടെടുത്ത ചിലത്.
.ഗര്‍ഭപാത്രത്തിന്‍ ഗന്ധം
അച്ഛന്‍ പറഞ്ഞതിനാല്‍
സ്കൂളില്‍ പോയി
തല ചീവി
ചില കൂട്ടുകാരെ വിലക്കി
ഉടുപ്പിട്ടു, പല്ലു തേച്ചു, പ്രാര്‍ത്ഥിച്ചു
കല്യാണം കഴിച്ചു
കാത്തിരിക്കുന്നു ..
എന്റെ ഊഴം വരുമെന്ന്.
കനിമൊഴി കവിതകള്‍
മുറുകെ പിടിക്കാന്‍
ഒരു സ്വര്‍ഗം
ആവശ്യമില്ല.
എനിക്കു പരിചയമുള്ളത്,
ഭൂമിയെ മാത്രമാണ്
സ്നേഹം .
എന്റെ പ്രണയത്തെപ്പറ്റി
അഭിമാനിക്കാന്‍ ഒന്നുമില്ല
ശ്വാസത്തെക്കുറിച്ച് വിശദീകരിക്കാന്‍
എന്താണുള്ളത്
ഈ കവിതകള്‍ ചവറ്റുകുട്ടയിലോ ഹൃദയത്തിലോ എന്നത് അനുവാചകന്റെ മാനസിക നിലയ്ക്കായി വിട്ടുകൊടുക്കുന്നു.
ഉപദംശം .
തമിഴ് ഭാഷയിലെ ചില ഓണ്‍ ലൈന്‍ ഫോറങ്ങളില്‍ നിന്നും തമിഴ് ബ്ലോഗുകളില്‍ നിന്നും കിട്ടിയ ചില കവിതകള്‍ സുഹൃത്തായ മനോജ് ആറ്റിങ്ങല്‍ ഒരു പരിഭാഷകന്റെ സ്വാതന്ത്ര്യം ഉപയോഗിച്ചു കൊണ്ടു വിവര്‍ത്തനം ചെയ്തതാണ് .പുസ്തകരൂപത്തില്‍ ഇറങ്ങിയതുമായി ചിലപ്പോള്‍ വാക്കുകളില്‍ വ്യത്യാസം അനിഭവപ്പെട്ടേക്കാം .പുസ്തകം ലഭ്യമാകാത്തതു കൊണ്ടാണ് നേരിട്ടു വിവര്‍ത്തനമെന്ന സാഹസത്തിന് മുതിര്‍ന്നത് .കറുക്കുന്ന മൈലാഞ്ചി’ ‘കനിമൊഴി കവിതകള്‍’ എന്നിവ മലയാളത്തില്‍ ഇറങ്ങിയ കവിതാ സമാഹാരങ്ങളാണ് .
Sunday, 15 May 2011
പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍

ജനങ്ങളുടെ തലയില്‍ ഇടിത്തീ , ഇരുട്ടടി മുതലായ ക്ലീഷെ പ്രയോഗങ്ങള്‍ തലങ്ങും വിലങ്ങും ഉപയോഗിക്കാന്‍ അവസരമൊരുക്കിക്കൊണ്ടു പെട്രോളിന്റെ വില സര്‍വ്വകാല റെക്കൊര്‍ഡായി ഉയര്‍ത്തിയിട്ടുണ്ട് .ബംഗാളിലും കേരളത്തിലും കോണ്‍ഗ്രസ്സിനെ ജയിപ്പിച്ചതിനുള്ള ശിക്ഷയാണെന്ന് പറയുമ്പോഴും ഭരണം കയ്യിലില്ലാത്തതു കൊണ്ടു പ്രക്ഷോഭത്തിന് ഒരല്പം ആവേശം കൂട്ടാമല്ലോ എന്നുള്ള ആശ്വാസമാണ് കമ്യൂണിസ്റ്റുകാര്‍ക്ക്.
കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷം ആഞ്ഞടിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ പെട്രോള്‍ വില വര്‍ദ്ധനവ് തങ്ങളുടെ പക്കലല്ല തങ്ങളീ നാട്ടുകാരല്ല എന്നൊക്കെ ഒരു മുഴം മുന്നെ ധനമന്ത്രി പ്രണബ് മുഖര്‍ജി കൊല്‍ക്കത്തയില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.പ്രണബ് മുഖര്‍ജി പറഞ്ഞതു ശരിയാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ തന്നെ കേന്ദ്രഗവണ്മെന്റ് Price Deregulation പ്രഖ്യാപിച്ചതാണ് . അതായതു പെട്രോളിന്റെ വില നിര്‍ണ്ണയിക്കാനുള്ള അവകാശം ഗവണ്മെന്റില്‍ നിന്നും ഓയില്‍ കമ്പനികള്‍ക്കു നല്‍കി .അതിന്‍പ്രകാരം പെട്രോളിയം കമ്പനികള്‍ക്കാണ് ഓയില്‍ പ്രൈസ് നിശ്ചയിക്കുന്നതിനുള്ള പൂര്‍ണ്ണ അധികാരം .ഇതു അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയെ ആശ്രയിച്ചെന്നാണ് വെയ്പ്പു . അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കൂടിയാല്‍ പെട്രോളിന്റെ വില വര്‍ദ്ധിപ്പിക്കാം പക്ഷെ കുറഞ്ഞാല്‍ അതിന് ആനുപാതികമായി കുറക്കണമെന്നു നിര്‍ബന്ധമില്ല .ഈ പദ്ധതി വളരെ മികച്ച രീതിയില്‍ തന്നെ സ്വകാര്യ - പൊതുമേഖലാ കമ്പനികള്‍ നടപ്പാക്കി വരുന്നതു കൊണ്ട് കഴിഞ്ഞ ഒമ്പതു മാസങ്ങളിലായി ഒമ്പത് തവണയായി 47.93 ല്‍ നിന്നും 65 ലേക്കു ഉയര്‍ത്തിയാണ് അവര്‍ കേന്ദ്രഗവണ്മെന്റിന്റെ ഈ തീരുമാനത്തോടു ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചത് . കഴിഞ്ഞ കുറച്ച് മാസങ്ങള്‍ നിയമ സഭാ തിരഞ്ഞെടുപ്പെന്ന ചക്കരക്കുടം കണ്മുന്നിലുണ്ടായിരുന്നതു കൊണ്ട് ഈ വില കൂട്ടല്‍ മാമാങ്കത്തിനു ഒരല്പം ആശ്വാസമുണ്ടായിരുന്നു .ഇപ്രാവശ്യത്തെ വില കൂട്ടലിന് അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ പ്രൈസുമായി കാര്യമായ ബന്ധമൊന്നുമില്ല , മുമ്പെങ്ങോ ക്രൂഡ് ഓയില്‍ പ്രൈസ് കൂട്ടിയതിന്റെ ഓര്‍മ്മക്കായിട്ടാവണം .
കേന്ദ്ര ഗവണ്മെന്റിലെ അപ്പാവികള്‍ പറയുന്നതു ആഡംബരപ്രിയരായ ജനങ്ങള്‍ക്കു സുഖിക്കാന്‍ പെട്രോളിന് സബ്സിഡി കൊടുത്തു മടുത്തു എന്നൊക്കെയാണ് . ജനങ്ങളുടെ നികുതിപ്പണം ഇങ്ങനെ ആളുകള്‍ക്കു പെട്രോളടിച്ചു കളയാന്‍ സബ്സിഡി കൊടുക്കുന്ന വിഡ്ഡിത്തത്തെക്കുറിച്ചു കോണ്‍ഗ്രസ്സ് ബുദ്ധിജീവികള്‍ [കോണ്‍ഗ്രസ്സില്‍ ബുദ്ധിജീവികളോ ?ന് തല്‍ക്കാലം അല്പം എക്കോണോമിക്സ് ഒക്കെ പറഞ്ഞു ഉമ്മാക്കി കാണിക്കുന്നവരെ ബുദ്ധിജീവികളാക്കി തരം തിരിക്കാം ]വിശകലനം നടത്തിയിട്ടുണ്ട് .ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു , ഇന്ധനഉപയോഗത്തില്‍ മിതവ്യയം പാലിക്കേണ്ടിയിരിക്കുന്നു എന്നൊക്കെയാണ് ഉപദേശങ്ങള്‍ .
മാര്‍ക്കറ്റിങ്ങിന്റെ തത്വങ്ങളിലൊന്നാണ് Demarketing - എന്നു വെച്ചാല്‍ ദുര്‍ലഭമായ വസ്തുക്കള്‍ അധികം ഉപഭോഗം ചെയ്യാതിരിക്കാനുള്ള ഒരു ബോധവല്‍ക്കരണം. മാര്‍ക്കറ്റിങ്ങ് പഠന ഗ്രന്ഥങ്ങളില്‍ Demarketing ന് ഉത്തമോദാഹരണമായി കൊടുക്കുന്നത് പെട്രോളിയം ഉല്‍പ്പന്നങ്ങളാണ്. ഓരോ തുള്ളിയും അമൂല്യമാണെന്ന് പാവപ്പെട്ടവരുടെ ചാനലായ ദൂരദര്‍ശനില്‍ പരസ്യം കാണിക്കുകയും അതിനൊപ്പം തന്നെ കോടിക്കണക്കിന് രൂപ ചിലവഴിച്ചു പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കു പരസ്യം കൊടുക്കുകയും ചെയ്യുന്ന വിരോധാഭാസത്തെ ചിലര്‍ സാമ്പത്തികശാസ്ത്ര തത്വമുപയോഗിച്ച് അനുകൂലിക്കാന്‍ ശ്രമിക്കുന്നതു കണ്ടപ്പോള്‍ സഹതാപം തോന്നി. Price Deregulation പ്രകാരം അന്താരാഷ്ട്ര ക്രൂഡ് ഓയിലിന്റെ വില മാത്രമല്ല സ്വകാര്യ പൊതു മേഖലാ ഓയില്‍ കമ്പനികളുടെ ലാഭ നഷ്ട കണക്കു കൂടി ഈ വിലയെ ബാധിക്കാം. ഒരു പരസ്യം കൊടുക്കാതിരുന്നതു കൊണ്ട് ആരും പെട്രോള്‍ വാങ്ങാതെയൊന്നുമിരിക്കില്ല . പറഞ്ഞു വന്ന സംഗതി ഇതൊന്നുമല്ല പുര കത്തുമ്പോള്‍ വാഴ നടുക , കഴുക്കോല്‍ വലിച്ചൂരുക തുടങ്ങിയ നാടന്‍ കലാപരിപാടികളുടെ അല്പം കൂടി വ്യാപ്തിയുള്ള സംഭവവികാസങ്ങള്‍ അണിയറയില്‍ നടന്നു കൊണ്ടിരിക്കുന്നതിനെക്കുറിച്ചാണ് .
കെയിണ്‍ ഇന്‍ഡ്യാ - വേദാന്ത ലയനം
കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയപത്രങ്ങളില്‍ ഇന്ധന വില വര്‍ദ്ധനവിനെതിരെയുള്ള വ്യാപക പ്രതിഷേധമെന്ന വാര്‍ത്തകള്‍ക്കൊപ്പം തന്നെ ഉള്‍ പേജിലെ വാണിജ്യ കോളങ്ങളില്‍ 9.6 ബില്ല്യന്റെ കെയിണ്‍ ഇന്‍ഡ്യാ - വേദാന്താ ലയനത്തെക്കുറിച്ച് ചില വാര്‍ത്തകള്‍ കണ്ടിരുന്നു .കെയിണ്‍ എനര്‍ജി ഗ്രൂപ്പ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓയില്‍ പര്യവേക്ഷണ കമ്പനികളിലൊന്നാണ്. ഇന്‍ഡ്യയില്‍ നിന്നാണ് അവരുടെ ഉല്പാദനത്തിന്റെ ഏറിയ പങ്കും .വേദാന്ത ഇന്‍ഡ്യയിലെ കാടും മലയുമൊക്കെ കുത്തകയാക്കി ഖനനം നടത്തുന്ന കുപ്രസിദ്ധമായ ഖനന കമ്പനിയും. രണ്ടു കമ്പനികളുടെ പ്രതിനിധികള്‍ക്കൊപ്പം ലയന ചര്‍ച്ചയുടെ മുന്‍പന്തിയിലുണ്ടായിരുന്നത് മന്ത്രിസഭാ അംഗങ്ങള്‍ അടങ്ങിയ ഒരു പാനലും പ്രധാനമന്ത്രിയുടെ പ്രതിനിധികളും ആയിരുന്നു. രണ്ടു ബഹുരാഷ്ട്രകുത്തകകളുടെ ലയന ചര്‍ച്ചയില്‍ ഗവണ്മെന്റിന് എന്താണ് കാര്യമെന്നു ചോദിച്ചാല്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണപ്പാടങ്ങളിലൊന്നായ രാജസ്ഥാനിലെ മംഗള ഓയില്‍ ഫീല്‍ഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ ചര്‍ച്ച .
രാജസ്ഥാനിലെ മംഗളാ ഓയില്‍ ഫീല്‍ഡ് 3.6 ബില്ല്യണ്‍ ബാരന്റെ വന്‍ നിക്ഷേപമുള്ള ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഓണ്‍ ഷോര്‍ എണ്ണപ്പാടങ്ങളിലൊന്നാണ്. പ്രതിദിനം 125000 ബാരല്‍ എണ്ണയാണ് ഇവിടെ നിന്നുല്പാദിപ്പിക്കപ്പെടുന്നത് .കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡും പൊതുമേഖലാ ഓയില്‍ കമ്പനിയായ ഓ എന്‍ ജി സി [Oil and Natural Gas Corp ] യുമാണ് ഇവിടെ ഉല്പാദനം നടത്തുന്നത് .ഇതില്‍ 70 % ഉല്പാദനവും കെയിണ്‍ ഇന്‍ഡ്യക്കും ഓ എന്‍ ജി സിക്കു 30 ശതമാനവുമാണ് പക്ഷെ രസകരമായ ഒരു വസ്തുത എന്തെന്നു വെച്ചാല്‍ സംസ്ഥാന ഗവണ്മെന്റിന് ഈ എണ്ണപ്പാടത്തില്‍ നിന്നെടുക്കുന്ന ഓരോ ബാരലിന്റെയും റോയല്‍റ്റി മുഴുവനും കൊടുക്കേണ്ടതു പൊതുമേഖലാ സ്ഥാപനമായ ഓ എന്‍ ജി സി ആകുന്നു .
അതായത് 70 ശതമാനം ഉല്പാദനത്തിന്റെ വരുമാനം സ്വന്തമാക്കുന്ന കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡ് അണ പൈ സംസ്ഥാന ഗവണ്മെന്റിനു കരം കൊടുക്കേണ്ടതില്ല മറിച്ച് 30 % ശതമാനം മാത്രം ഉല്പാദനമുള്ള ഓ എന്‍ ജി സി മംഗളാ ഫീല്‍ഡിലെ മുഴുവന്‍ എണ്ണ ഉല്പാദനത്തിന്റെയും കരം അടക്കേണ്ടതുണ്ട്. ബാരലിന് 40 യു എസ് ഡോളര്‍ കണക്കില്‍ വാര്‍ഷിക ഉല്പാദനമായ 6 ദശലക്ഷം ടണ്‍ അസംസ്കൃത എണ്ണയ്ക്ക് ഓ എന്‍ ജി സി വര്‍ഷാ വര്‍ഷം നല്‍കേണ്ട റോയല്‍റ്റി തുക 1760 കോടി രൂപയാണ് . കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡ് ഉല്പാദിപ്പിച്ച് വിറ്റു കൊണ്ടിരിക്കുന്ന അസംസ്കൃത എണ്ണയുടെ റോയല്‍റ്റിയും ഓ എന്‍ ജി സി എന്ന ഇന്‍ഡ്യന്‍ പൊതുമേഖലാ സ്ഥാപനം വഹിക്കണം .ഉല്പാദനം ആരംഭിച്ച 2006 മുതല്‍ ഇതു തന്നെയാണ് സ്ഥിതി .കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡ് Initial investment നടത്തിയതിന്റെ കോമ്പന്‍സേഷനായിട്ടായിരിക്കണം ഇത്തരമൊരു ഉടമ്പടി തുടര്‍ന്നു വരുന്നത് .പക്ഷെ ഒരു രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ കയ്യാളുമ്പോള്‍ സ്വാഭാവികമായും ആ രാജ്യത്തിന് ചില പ്രത്യേക അവകാശങ്ങള്‍ ആവശ്യപ്പെടാവുന്നതാണ് .അതിനു പകരം ബഹുരാഷ്ട്രകുത്തകകള്‍ക്കു രാജ്യത്തെ പ്രകൃതി വിഭവങ്ങളെ തീറെഴുതിക്കൊടുക്കുന്ന കരാറാണ് ഇന്‍ഡ്യാ ഗവണ്മെന്റ് രൂപീകരിച്ചിട്ടുള്ളത് . 2006 മുതല്‍ ഇങ്ങനെ ദശലക്ഷക്കണക്കിന് കോടി രൂപയാണ് ഓരോ ഇന്‍ഡ്യക്കാരന്റെ നികുതിപ്പണത്തില്‍ നിന്നും മറ്റൊരു ബഹുരാഷ്ട്രകുത്തകയുടെ ലാഭം വര്‍ദ്ധിപ്പിക്കാനായി ചിലവഴിച്ചു കൊണ്ടിരിക്കുന്നത് .
ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ എന്നൊക്കെ നമുക്കു അല്‍ഭുതപ്പെടാം പക്ഷെ ചില സമയങ്ങളില്‍ നമ്മള്‍ വെള്ളരിക്കാപ്പട്ടണമെന്ന പ്രയോഗത്തെക്കാളുമൊക്കെ മോശം അവസ്ഥയിലാണ് . വേദാന്ത ലിമിറ്റഡ് കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡിനെ ഏറ്റെടുക്കുമ്പോള്‍ ഈ കരാര്‍ പുനപരിശോധിച്ചു കൊണ്ടു ഉല്പാദനത്തിന്റെ അനുപാതത്തില്‍ മാത്രം റോയല്‍റ്റി എന്ന നിലപാട് സോളിസിറ്റര്‍ ജനറലിന്റെ ഉപദേശപ്രകാരം ഓ എന്‍ ജി സി എടുത്തതിനെത്തുടര്‍ന്നാണ് കുറച്ചു മാസങ്ങളായി തുടരുന്ന ഈ ലയന പ്രതിസന്ധി . ഈ ഏറ്റെടുക്കലിലൂടെ രാജസ്ഥാനിലെ മംഗള ബ്ലോക്കടക്കം പത്ത് ഉല്പാദന കേന്ദ്രങ്ങളാണ് കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡില്‍ നിന്നും വേദാന്ത ഗ്രൂപ്പിനു സ്വന്തമാകാന്‍ പോകുന്നത് . മംഗള ബ്ലോക്കില്‍ നിന്നു ഉല്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയുടെ മുഴുവന്‍ ഉല്പാദനത്തിന്റെയും റോയല്‍റ്റി ഇപ്പോഴുള്ള കരാറനുസരിച്ച് ഓ എന്‍ ജി സി യാണ് നല്‍കേണ്ടത് .ഈ അധിക ബാധ്യതയില്‍ നിന്നൊഴിവാകുന്നതിനായി ധാരണാ പത്രം ഒപ്പു വെക്കുന്ന സമയത്തു തന്നെ ഓ എന്‍ ജി സി പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഉല്പാദിപ്പിക്കപ്പെടുന്ന മുഴുവന്‍ ക്രൂഡ് ഓയിലിന്റെ റോയല്‍റ്റിയും ഓ എന്‍ ജി സി തന്നെ നല്‍കേണ്ടതുണ്ട് എന്ന നിലപാടിലായിരുന്നു വേദാന്താ ഗ്രൂപ്പ് .
ഇത്തരത്തില്‍ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാട് എടുക്കാന്‍ വേദാന്തയെയും കെയിണ്‍ ലിമിറ്റഡിനെയും പ്രേരിപ്പിക്കുന്നത് രാജ്യത്തെ ഭരണാധികാരികള്‍ അവര്‍ക്കു നല്‍കുന്ന പിന്തുണ കൊണ്ടു തന്നെയാണ് .ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി പളനിയപ്പന്‍ ചിദംബരം ഇപ്പോഴത്തെ മന്ത്രിപ്പണിക്കു മുമ്പ് വേദാന്ത എന്ന കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായിരുന്നു എന്നു മാത്രമല്ല മന്ത്രിസഭയിലെ അംഗങ്ങളില്‍ പലരും ഉന്നതോദ്യോഗസ്ഥന്മാരും ഇതിന്റെ ഓഹരിയുടമകളും അഭ്യുതയകാംക്ഷികളുമാണ് .അതു കൊണ്ടു തന്നെ കേന്ദ്ര പെട്രോളിയം മന്ത്രിയും പ്രധാന മന്ത്രിയുടെ ഓഫീസും കെയിണ്‍ - വേദാന്ത ഏറ്റെടുക്കല്‍ പ്രക്രിയക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട് . ഈ ലയനത്തോടു കേന്ദ്ര ഗവണ്മെന്റ് പുലര്‍ത്തുന്ന മൃദു സമീപനം ആ രാജ്യത്തെ ഓരോ പൌരന്റെയും നികുതിപ്പണത്തിന്റെ ബലത്തിലാണ് .
മുമ്പുണ്ടായിരുന്ന കരാറുകളോ ഉടമ്പടിയോ എന്തുമാകട്ടെ ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന് അനാവശ്യമായ ഒരു അധികബാധ്യത വരുത്തി ഒരു ബഹുരാഷ്ട്രകമ്പനിയുടെ ലാഭത്തിന് വേണ്ടി മാത്രം ധൃതഗതിയില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഭരണകൂടത്തിന് ആ രാജ്യത്തെ ജനങ്ങളോടുള്ള പ്രതിബദ്ധത എന്താണ് ? ഓ എന്‍ ജി സി യുടെ വളരെ ന്യായമായ ഒരു നിലപാടിനെതിരെ ഭരണകൂടവും ബന്ധപ്പെട്ട മന്ത്രാലയവും കാണിക്കുന്ന ഈ താല്പര്യത്തിന്റെ ഒരു ശതമാനമെങ്കിലും ഇന്നാട്ടിലെ ജനങ്ങളോടുണ്ടായിരുന്നെങ്കില്‍ ആഗ്രഹിച്ചു പോകുന്നു .പെട്രോളിയം കമ്പനികള്‍ വില ഉയര്‍ത്തിയാലും പൊക്കിയാലും കേന്ദ്രഗവണ്മെന്റിന് ഒന്നും സംഭവിക്കാനില്ല പക്ഷെ സ്വകാര്യ കുത്തകകളുടെ ലയനത്തിനായി മന്ത്രിസഭാ സമിതിയും പ്രധാനമന്ത്രിയുടെ പ്രതിനിധികളുമെല്ലാം ഹാജരുണ്ടാവും കാരണം ഗവണ്മെന്റുകളെയും മന്ത്രിമാരെയും സൃഷ്ടിക്കുന്നതും നിയന്ത്രിക്കുന്നതും അവരാണല്ലോ .
പ്രകടമായി ഓ എന്‍ ജി സി ക്കു അനുകൂലമായ രീതിയിലുള്ള റോയല്‍റ്റി കരാര്‍ എന്നൊക്കെയുള്ള ഗവണ്മെന്റിന്റെ വാദത്തിന് എന്തു സംഭവിക്കുമെന്നു ഈ മാസം അറിയാം . ഈയൊരു ലയനത്തോടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഓണ്‍ഷോര്‍ എണ്ണപാടമായ രാജസ്ഥാനിലെ മംഗള എണ്ണപ്പാടം ഇതോടെ വേദാന്തക്ക് സ്വന്തമാകും പ്രതിദിനം 1,25,000 ബാരലാണു കമ്പനി ഉത്പാദിപ്പിക്കുന്നത് ഇത് 150000 ബാരലായി ഉയര്‍ത്താനും സാധ്യമാണ് .മംഗളാ എണ്ണപ്പാടത്തില്‍ ഇനി ഉല്പാദനം ഉയരല്ലെ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം കാരണം അവിടെ ഉല്പാദിപ്പിക്കപ്പെടുന്ന ഓരോ ബാരല്‍ എണ്ണയ്ക്കും നികുതി കൊടുക്കേണ്ടത് പൊതുമേഖലാ സ്ഥാപനമായ ഓ എന്‍ ജി സി യാകുന്നു .
അനുബന്ധം .
അഞ്ചു രൂപയോ ആറു രൂപയോ കൂട്ടിയതിനു ശേഷം ജനങ്ങളുടെ ദുരിതങ്ങളില്‍ ഭൂതദയ തോന്നി ഒന്നോ രണ്ടോ രൂപ കുറച്ചാല്‍ അതു കേന്ദ്രഗവണ്മെന്റിന്റെ ഏറ്റവും വലിയ മഹാമനസ്കതയായിരിക്കും .മൂന്നു രൂപ കൂട്ടി കുറക്കാതിരിക്കുന്നതിലും നല്ലത് ആറു രൂപ കൂട്ടി രണ്ടു രൂപ കുറക്കുന്നതാണല്ലോ .സംഭവിക്കണമെന്നില്ല സാധ്യതയുള്ള ഒരു സംഗതിയായി പറഞ്ഞന്നെ ഉള്ളൂ .