
അവളുടെ സമൃദ്ധമായ പിന്‍പുറത്തേക്ക് അയാള്‍ നോക്കിയില്ല , അതിന്റെ ഓര്‍മ്മ നുണഞ്ഞ് കൊണ്ട് പള്ളിത്തണുവിന് ആലിലയില്‍ അയാള്‍ കിടന്നു - ഖസാക്കിന്റെ ഇതിഹാസം .
മൈമുനയുടെ ആലസ്യമാര്‍ന്ന തിരിഞ്ഞ് നടപ്പില്‍ നിതംബത്തിന്റെ താളത്തില്‍ തിങ്ങിയ , കുളിച്ചീറനായ ഉടുമുണ്ടും - അതില്‍ പള്ളിപ്പറമ്പിലെ മണ്ണ് പറ്റിപ്പിടിച്ചിട്ടുണ്ടാവണം , ഈറനിറ്റു വീഴുന്ന തലമുടിയുടെ കറുപ്പും തെറുത്ത് കയറ്റിയ കൈത്തണ്ടയിലെ നീല ഞരമ്പുകളും ഒരു പാട് രാത്രികളിലെ ഇരുട്ടില്‍ എന്റെ കണ്ണില്‍ തെളിഞ്ഞിരുന്നു . ഒരു വാചകത്തിന്റെ സങ്കല്പ ചിത്രത്തിനായി ഒരു പാട് രാത്രികളെ നിദ്രാവിഹീനമാക്കിയിട്ടുണ്ട് എന്ന് പറയാന്‍ ജാള്യം തോന്നേണ്ടതുണ്ടോ ? ഒരു പക്ഷെ അക്കാലത്തതൊരു വിചിത്രമായ ഭാവനയുടെ അരികു ചേര്‍ന്നു പോകുന്ന ഒരു വികാരം മാത്രമായിരുന്നിരിക്കണം പക്ഷെ മരുഭൂമിയുടെ താപത്തെ ശമിപ്പിക്കാനായി വളഞ്ഞു പുളഞ്ഞൊഴുകുന്ന അറ്റമില്ലാത്ത മരു ഉറവകള്‍ പോലെ മൈമുനയുടെ ശരീരത്തിലെ നീലഞരമ്പുകള്‍ ഓര്‍മ്മകളായി നില നില്ക്കുന്നുണ്ടിപ്പോഴും .
സ്ത്രീത്വത്തിന്റെ ഏറ്റവും നീചമായ മാനങ്ങളാല്‍ ആവിഷ്കരിക്കപ്പെട്ട ഒരു കഥാപാത്രം . പ്രണയത്തെയും കാമുകനെയും നിസ്സാരമായി തിരസ്കരിച്ചു കൊണ്ടു വിവാഹിതയാകുന്ന , വൃദ്ധനായ ഭര്‍ത്താവിനെ കബളിപ്പിച്ചു കൊണ്ടു പലരോടൊപ്പം ശയിക്കുന്ന , മദ്യപിക്കുന്ന , പരദൂഷണം ഇഷ്ട നേരമ്പോക്കാക്കിയ , രണ്ടാനമ്മയുടെ എല്ലാ ക്രൂര ഭാവങ്ങളും ഉള്ളിലുറഞ്ഞ ഒരു കഥാപാത്രമെങ്ങനെയാണ് ഇത്ര മാത്രം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നതെന്നതൊരു അല്‍ഭുതമാണ് .
മലയാള സാഹിത്യ ചരിത്രത്തില്‍ ഒരു പാടു സ്ത്രീ കഥാപാത്രങ്ങള്‍ നമ്മളെ തഴുകിത്തലോടിയും നൊമ്പരമുണര്‍ത്തിയും കടന്നു പോയിട്ടുണ്ടെങ്കിലും വായനക്കാരന്റെ സ്ഥിതപ്രജ്ഞയെ ഉണര്‍ത്തി ഒരു നിതാന്ത ഓര്‍മ്മയായി നില നിന്ന കഥാപാത്രങ്ങള്‍ വിരളമാണ് . ഉമ്മാച്ചുവും അഗ്നിസാക്ഷിയിലെ ദേവകി അന്തര്‍ജനവും ബാല്യകാല സഖിയിലെ സുഹറയും മാറ്റാത്തിയിലെ ലൂസിയും മഞ്ഞിലെ വിമലയുമെല്ലാം ഓര്‍മ്മയില്‍ നില നില്‍ക്കുന്ന ചുരുക്കം കഥാപാത്രങ്ങളില്‍ പ്രധാനപ്പെട്ടതു തന്നെയാണ് പക്ഷെ അവരെല്ലാം സഹനത്തിന്റെയും കദനത്തിന്റെയും ഉമിത്തീയില്‍ ജീവിച്ചു തീര്‍ന്ന ജീവിതങ്ങളായിരുന്നു , പറഞ്ഞു ശീലിച്ച പെണ്മയുടെ ത്യാഗനിര്‍ഭര ജീവിതത്തിന്റെ നേര്‍ പതിപ്പുകള്‍ .
ഇന്ദുലേഖയും കള്ളിച്ചെല്ലമ്മയും രാച്ചിയമ്മയും പെണ്മയുടെ വിനീത വിധേയ സങ്കല്പത്തെ ത ന്റേടം കൊണ്ടു അല്പമൊന്നു മാറ്റി എഴുതാന്‍ ശ്രമിച്ചിട്ടുണ്ട് പക്ഷെ അവരും വ്യവസ്ഥാപിതമായ പെണ്‍ സങ്കല്പങ്ങളിലെ പ്രണയത്തിന്റെയും ത്യാഗത്തിന്റെയും ഒക്കെ ഉദാത്ത മാതൃകകള്‍ തന്നെയായിരുന്നു . പക്ഷെ മൈമുന പെണ്മയുടെ എല്ലാ പരമ്പരാഗത നായികാ സങ്കല്‍പ്പങ്ങളെയെല്ലാം തച്ചുടച്ചു കൊണ്ടു ഖസ്സാക്കിന്റെ വലിയ ക്യാന്‍വാസില്‍ സ്ത്രൈണമായ അരാജകത്വത്തിന്റെ ഒരു ഛായാചിത്രമായി തെളിഞ്ഞു നിന്നു . മദ്യം നുണഞ്ഞു , ഇഷ്ടപ്പെട്ടവരോടോത്തെല്ലാം രമിച്ചു , കണ ങ്കൈ വരെ തെറുത്തു വെച്ച കൈകളുമായി , പരമ്പരാഗത സദാചാര സങ്കല്പങ്ങളെയെല്ലാം വെല്ലുവിളിച്ചു കൊണ്ടു ഖസ്സാക്കിന്റെ നടുപ്പറമ്പിലൂടെ തളയ്ക്കാനാവാത്ത ഒരു യാഗാശ്വമായി അലഞ്ഞ തിരിഞ്ഞു .
ബിരുദത്തിന്റെ ആദ്യ വര്‍ഷങ്ങളിലെന്നോ വല്ലാതെ ഇഷ്ടം തോന്നിയ ഒരു കൂട്ടുകാരിയോട് , വെളുത്തു മെലിഞ്ഞ അവളുടെ കൈകളിലെ നീല ഞരമ്പുകള്‍ കണ്ടപ്പോള്‍ സങ്കല്പത്തിലെ മൈമുനയെ കണ്ട ഓര്‍മ്മയില്‍ ഒരല്പം കളിയായി ചോദിച്ചു - ഞാന്‍ നിന്നെ മൈമുനയെന്നു വിളിച്ചോട്ടെ എന്ന് - അതു വരെ പ്രണയം നിറഞ്ഞു നിന്ന കണ്ണില്‍ രോഷം കത്തി പിന്നെ ഉരുണ്ടു കൂടിയ കണ്ണീരിന്റെ അകമ്പടിയോടെ , പരിഭവത്തോടെ അവള്‍ പറഞ്ഞു - അങ്ങനെ കണ്ണീക്കണ്ട പെണ്‍കുട്ട്യോള്‍ട പേരൊന്നുമെന്നെ വിളിക്കണ്ടാ - ഖസാക്കിലെ മൈമുനയെ എന്നല്ല ഓ വി വിജയനെ പോലും അറിയാനുള്ള സാധ്യത വിരളമായത്ര സാഹിത്യാവബോധമായിരുന്നു അവള്‍ക്കെന്നറിയാമായിരുന്നതു കൊണ്ട് കൈത്തണ്ടയോളം തെറുത്തു വെച്ചു കുപ്പായമിട്ട, ആരെയും കൂസാതെ , തന്റേടത്തോടെ ഖസ്സാക്കിലൂടെ നടന്ന ഒരു സുന്ദരിപ്പെണ്ണിന്റെ കഥ വിവരിച്ചു കൊടുക്കാന്‍ നിന്നില്ല , കഥ കേട്ടാലൊരു പക്ഷെ അങ്ങനെയൊരു ഒരുമ്പെട്ടോളുമായി താരതമ്യപ്പെടുത്തിയെന്നു പറഞ്ഞു ആ പരിഭവം നിതാന്ത ശത്രുതയായേക്കുമെന്നു അവളുടെ നിഷ്കളങ്കമായ കണ്ണുകള്‍ എന്നെ താക്കീതു ചെയ്തതു കൊണ്ടു മാത്രം ഞാന്‍ നിശബ്ദനായി അവളുടെ പരിഭവത്തിനെ മാനിച്ചു .
ഖസാക്കിനോടുള്ള പ്രണയം അതിതീവ്രമായ ആ ബിരുദ കാലഘട്ടത്തില്‍ തന്നെയാണ് തസ്രാക്കിലേക്കു യാത്ര തിരിക്കുന്നത് , അന്നതൊരു അനിവാര്യതയായി ശ്വാസം മുട്ടിച്ചു കൊണ്ടിരുന്നു .പാലക്കാടന്‍ കാറ്റും നരച്ച വെയിലും ആരെയോ പ്രതീക്ഷിച്ചെന്ന പോലെ ഒറ്റക്കൊറ്റക്കു നില്‍ക്കുന്ന കരിമ്പനകളും അങ്ങനെ ഭാവനകളില്‍ വല്ലാതെ ഭ്രമിപ്പിച്ച ഭൂമികയായിലായിരുന്നിട്ടു പോലും എന്റെ അസ്വസ്ഥത നിറഞ്ഞ മനസ്സു തിരഞ്ഞത് മുഴുവന്‍ നടുപ്പറമ്പിലൂടെ കൈത്തണ്ടയോളം തെറുത്തു കയറ്റിയ കുപ്പായക്കയ്യുമായി നടന്നു നീങ്ങുന്ന മൈമുനയെ ആയിരുന്നു .നിരര്‍ത്ഥകമായ ആ അന്വേഷണത്തിന്റെ അന്ത്യം വ്യര്‍ത്ഥമായ വ്യാമോഹമാണെന്നറിഞ്ഞു കൊണ്ടു തന്നെയായിരുന്നു ഖസ്സാക്കിലെ പാതി തണുത്ത വെയിലിന്റെ ചൂടിലൂടെ ഞാന്‍ നടന്നു നീങ്ങിയത് .
ഖസാക്കിനെ കുറിച്ചു എഴുതിയ ഇതിഹാസത്തിന്റെ ഇതിഹാസമെന്ന കൃതിയില്‍ ഓ വി വിജയന്‍ പറയുന്നുണ്ട്
"സ്ത്രൈണ സൌന്ദര്യത്തിന്റെ മൂര്‍ച്ഛ സങ്കല്‍പ്പത്തിലാണ് .പ്രതിമയില്‍ , കവിതയില്‍ , ഇതിഹാസത്തില്‍ . മജ്ജയിലും മാംസത്തിലും സ്ത്രീയെ നാം ഉള്‍ക്കൊള്ളുമ്പോള്‍ ആ ഉള്‍ക്കൊള്ളലിന്റെ അനുഭവം പലപ്പോഴും അപൂര്‍ണ്ണമായിരിക്കും .എന്നാല്‍ എനിക്കു മൈമുന പൂര്‍ണ്ണിമയായിരുന്നു .അപസ്വരമോ വിഗന്ധമോ സ്പര്‍ശ ഭംഗമോ ഇല്ലാത്ത രതി നായിക .അങ്ങനെയൊരു സാലഭഞിക ഖസാക്കിന്റെ മൂലഗ്രാമത്തിലൂടെ നടന്നിരിക്കാന്‍ വയ്യ .അവളുടെ കാലടി വീണത് ഇതിഹാസത്തിലാണ് , ഇതിഹാസത്തില്‍ മാത്രം .”
അറുപതേ തോന്നിക്കൂ എന്നു കുപ്പുവച്ചന്‍ പരിഹാസത്തില്‍ പറയുന്ന അമ്പതുകാരനായ , വികൃതരൂപിയായ ചുക്രു റാവുത്തരുമായി മൈമുനയുടെ വിവാഹം ഉറപ്പിക്കുമ്പോള്‍ പലരും പ്രവചിക്കുന്നുണ്ട് ഈ വിവാഹം നടക്കില്ലെന്നു പക്ഷെ എല്ലാ പ്രവചനങ്ങളെയും തെറ്റിച്ചു കൊണ്ട് മൈമുന ചുക്രു റാവുത്തരുടെ മണവാട്ടിയായി ,മൈമുന പ്രണയങ്ങളെ അതിന്റെ വന്യമായ ഭാവങ്ങളില്‍ അനുഭവിച്ചു , അവള്‍ക്കാരോടും പരിഭവമോ പരാതിയോ തോന്നിയില്ല
വൃദ്ധനും വിരൂപനുമായ ഒരാളായിരുന്നിട്ട് പോലും പാതിരക്കു പായലു പിടിച്ചു കൂടു പറ്റുന്ന മുങ്ങാങ്കുഴിയായ ചുക്രു റാവുത്തറെ അവള്‍ മടിയില്‍ കിടത്തുകയും കൊഞ്ചിക്കുകയും ചെയ്ത .അതേ മൈമുന തന്നെ സയ്യിദ് മിയാന്‍ ഷെയ്ക്കിന്റെപ്രതി പുരുഷനായ നൈസാമലിക്കു മുന്നില്‍ ഈറനഴിച്ചു വെച്ചു കൊണ്ടു ഇണ ചേര്‍ന്നു . പിഴച്ചു പോകാതിരിക്കാനായി നൈസാമലി അരയില്‍ ജപിച്ചു കെട്ടിയ രക്ഷ അഴിച്ചു വെച്ച് ആലസ്യമാര്‍ന്ന അരക്കെട്ടുമായി രവിയുടെ മുന്നില്‍ നില്‍ക്കുമ്പോഴും അശേഷം കുറ്റബോധം തോന്നാതെ അവള്‍ പ്രണയിച്ചു .പ്രണയത്തിന്റെ വിവിധ ഭാവങ്ങളായിരുന്നു അത് . പകലന്തിയോളം കിണറുകളില്‍ ഊളിയിട്ടു അന്തിക്കു കൂടണയുന്ന ഭര്‍ത്താവിനെ വാത്സല്യത്തോടെ , പഴയ കാമുകനായ നൈസാമലിക്കു മുന്നില്‍ പാരവശ്യത്തോടെ .ഏകാധ്യപക വിദ്യാലയത്തിലെ “ മാഷ്ടറെ “ സ്നേഹബഹുമാനത്തോടെ അങ്ങനെ വിവിധ ഭാവങ്ങളില്‍ സ്ത്രീത്വത്തിന്റെ നിറവായി മാറി .
രവിയും മാധവന്‍ നായരും അള്ളാ പ്പിച്ചാ മൊല്ലാക്കയും അടക്കമുള്ള ഖസ്സാക്കിലെ കഥാപാത്രങ്ങളെല്ലാം പങ്കു വെക്കുന്ന ഏക താനമായ വിഷാദ ഭാവത്തില്‍ നിന്നു വിഭിന്നയാണ് മൈമുന . പാപ ബോധത്തിന്റെ അകാരണമായ വിഷാദത്തിന്റെ തടവിലകപ്പെട്ട കഥാപാത്രങ്ങള്‍ക്കിടയില്‍ മൈമുന ജീവിതത്തിന്റെ ഓരോ നിമിഷത്തെയും പ്രണയിക്കുകയും ആസ്വദിക്കുകയും ചെയ്തു .കര്‍മ്മ ബന്ധത്തിന്റെ സമസ്യകളില്ലാതെ നിമിഷങ്ങളില്‍ ജീവിച്ചു കൊണ്ടൂ മൈമുന മാത്രംഖസ്സാക്കിലെ ഇരുണ്ട കരിമ്പന കൂട്ടത്തിലൊരു നിശാഗന്ധിയായി വേറിട്ടു നിന്നു .
നിസ്സംഗതയും നിര്‍മമതയുമായിരുന്നു പ്രണയത്തിന്റെ , വികാരത്തിന്റെ എല്ലാം പാരമ്യത്തിലും മൈമുനയുടെ സ്വത്വം .
സുരതക്രിയയുടെ അന്ത്യത്തില്‍ അള്ളാപ്പിച്ചാമൊല്ലാക്കയുടെ ശവശരീരം വഹിച്ചുള്ള വിലാപ യാത്രയിലും വല്ലാത്ത നിസ്സംഗതയോടെ മൈമുന പ്രതിവചിച്ചു - ശവം “ . പിതാവ് ഇഷ്ടമില്ലാത്ത വിവാഹത്തിന് പ്രേരിപ്പിച്ചപ്പോഴും വൃദ്ധനായ ഒരാളെ വിവാഹം കഴിക്കേണ്ടി വന്നപ്പോഴും നിറഞ്ഞു നിന്ന അതേ നിസ്സംഗത തന്നെയായിരുന്നു അവിടെയും പ്രകടമായത്
രാജാവിന്റെ പള്ളിയില്‍ ഇരുട്ടത്ത് .പൊടിയുടെ ഗന്ധം .ചന്ദനത്തിരിയുടെ ഗന്ധം .വാറ്റു ചാരായം നിറച്ച സ്ഫടിക ക്കുപ്പി രവി മൈമുനയുടെ നേര്‍ക്കു ചെരിച്ചു .അവള്‍ ചുണ്ടുകള്‍ വിടര്‍ത്തി .അവയുടെ ചുവപ്പും ദൈര്‍ഘ്യവും രവിക്കു കാണാന്‍ വയ്യായിരുന്നു .അവയുടെ നനവറിഞ്ഞതേയുള്ളൂ .
"ഇനീം ?"
"ഉം "
"എങ്ങനിരിക്കണൂ ?"
" ചൂടു സൊഹം !"
രവി ചുമരു ചാരിയിരുന്നു .പുറത്തു മീസാന്‍ കല്ലുകളില്‍ രാത്രി നീലച്ചു .
"കേട്ടോ ?" മൈമുന പെട്ടെന്നു പറഞ്ഞു .
രവി ചെകിടോര്‍ത്തു
"എന്താത് ?"
മൈമുന എണീറ്റു.. നിലത്തെ പൊടിയില്‍ നിന്നും നിഴലില്‍ നിന്നും ഉടുപുടയില്ലാതെ അവളുയര്‍ന്നു . പള്ളി വാതിലിലൂടെ അവള്‍ അകലേയ്ക്കു നോക്കി . അകലെ : “ലായിലാഹ ഇല്ലല്ലാഹ് ലായിലാഹ ഇല്ലല്ലാഹ് വാറ്റു ചാരായത്തിന്റെ തെളിമയോടെ ആ വിളി വന്നു. “എന്താത് ? രവി വീണ്ടും ചോദിച്ചു മൈമുന പറഞ്ഞു “ശവം “
തീക്ഷ്ണമായ അനുഭവ പരിസരങ്ങളിലൂടെയെല്ലാമുള്ള സഞ്ചാരത്തിലും തന്റേതായ വ്യക്തിത്വം അതിവൈകാരികതയുടെ നിറക്കൂട്ടുകളില്ലാത്ത നിര്‍മമതയായി കാത്തു സൂക്ഷിക്കാന്‍ മൈമുനക്കു കഴിഞ്ഞു , ധ്യാനം നിറഞ്ഞ ഒരു പ്രണയാനുഭവമായി മൈമുന നില നില്‍ക്കുന്നു . ആ സങ്കല്പ ലോകത്തില്‍ മൈമുന നിത്യയൌവനത്തിന്റെ പ്രസരിപ്പില്‍ ഇപ്പോഴും ഒരു യാഗാശ്വമായി ഏതൊക്കെയോ നാട്ടിടവഴികളില്‍ നടന്നു നീങ്ങുന്നുണ്ടാകണം , പ്രലോഭനം നിറച്ചു വെച്ച നീല ഞരമ്പുകളുമായി .
Picture - Beutiful women by Misti Pavlov