Like

...........

Saturday 26 November 2011

ഡാം 999 - തമിഴന്മാര്‍ നിരോധിച്ചത് നന്നായി
ഉന്നതമായ കലാസൃഷ്ടികള്‍ ആസ്വദിക്കുകയല്ല അനുഭവിക്കുകയാണ് എന്നു ഏതോ ഒരു മഹാന്‍ പറഞ്ഞപ്പോള്‍ അതെന്താണ് എന്നു അന്നു മനസ്സിലായിരുന്നില്ല .പക്ഷെ കഴിഞ്ഞ ദിവസം അതു അക്ഷരാര്‍ത്ഥത്തില്‍ തന്നെ മനസ്സിലായി കാരണം ഡാം 999 എന്നൊരു നല്ല കലാസൃഷ്ടി ഞാന്‍ അനുഭവിച്ചു , അനുഭവിച്ചു എന്നൊക്കെ വെറുതെ പറഞ്ഞാല്‍ പോരാ 2 മണിക്കൂര്‍ ശരിക്കും അനുഭവിച്ചു .

സിനിമയുടെ കഥാസാരം വ്യക്തമാക്കുന്നത് സിനിമ കാണാത്ത ആളുകളുടെ ആസ്വാദനത്തെ ബാധിക്കാനിടയുണ്ടെന്നറിയാം പക്ഷെ കഥ മനസ്സിലാകുമ്പോള്‍ കാണാത്ത ആളുകള്‍ക്കു കൂടി കാണാന്‍ പ്രചോദനമാകുമെന്ന നല്ല ഉദ്ദേശത്തോടെയാണ് ഈ കഥസാരം എഴുതുന്നത്. .ഈ സില്‍മയുടെ കഥയെ ഓസ്കാര്‍ ലൈബ്രറിയിലേക്കു തിരഞ്ഞെടുത്തെന്ന് എവിടെയോ കേട്ടു,തെറ്റു പറയാനൊക്കില്ല .ഈ ഒരൊറ്റ സിനിമയുടെ കഥ കൊണ്ടു മാത്രം ഒരു പത്തു മലയാള സിനിമ വേറെ എടുക്കാം , അല്ലെങ്കില്‍ പത്തു മലയാള സിനിമയുടെ മിക്സാണ് ഈ ഒരൊറ്റ സിനിമ എന്നും പറയാം അങ്ങനെ ഒരു സില്‍മയുടെ കഥ ഓസ്കാറ് തിരഞ്ഞെടുത്തില്ലെങ്കില്‍ പിന്നെന്തൂട്ട് ഓസ്കാര്‍ ?.

സില്മയുടെ തുടക്കം പതിവു പോലെ പേരെഴുതി കാണിച്ചു കൊണ്ടു തന്നെയാണ് . വാര്‍ണര്‍ ബ്രദേഴ്സ് എന്നൊക്കെ എഴുതി കാണിക്കുമ്പോള്‍ ട്രോയും ഹാരി പോര്‍ട്ടറുമൊക്കെ പ്രതീക്ഷിച്ചാണ് നമ്മളിരിക്കുന്നത് , തുടക്കത്തിലെ തന്നെ സോഹന്‍ റോയിയുടെ ഷിപ്പിങ്ങ് കമ്പനിയും പുതിയ ചാനലുമായ ബ്ലിസ് മറൈനും മാറി മാറി കാണിക്കുന്നു പിന്നെ ഒരു പുസ്തക പ്രകാശനമാണ് .അണക്കെട്ടു തകര്‍ന്നു അതില്‍ നിന്നു രക്ഷപ്പെട്ട ഒരു നാവികന്റെ ഓര്‍മ്മക്കുറിപ്പുകള്‍ [നാവികനും അണക്കെട്ടും തമ്മിലെന്തു എന്നതൊക്കെ സില്‍മേട ക്ലൈമാക്സില്‍ പറയും] പുസ്തക പ്രകാശനത്തോടനുബന്ധിച്ചു നാവികന്റെ കൂട്ടുകാരനായ വിനയ് എന്ന നായകനും കൂടി സില്‍മയെ ഫ്ലാഷ് ബാക്ക് ഓര്‍മ്മകളിലേക്കു കൊണ്ട് പോകുന്നു പോകുന്നു .പിന്നീടു ഒരു 20 മിനുട്ട് നേരത്തേക്കു കപ്പലിനകത്തെ സുരക്ഷാ ക്രമീകരണങ്ങളുടെ ഡോക്യുമെന്ററിയാണ് ,സ്വന്തം കമ്പനിയിലെ ജീവനക്കാര്‍ക്കു പിന്നീട് ഉപകാരപ്പെടുമെന്നു കരുതിയാവണം. കപ്പലങ്ങനെ പോയി പോയി കൊച്ചി കായലില്‍ വന്നു കിടക്കുന്നു .അവിടെ വെച്ചു നമ്മുടെ നാവികന്‍ ഭാര്യയോട് നായകനായ വിനയിന്റെ ജീവിത കഥ പറയുകയാണ് .ഇവിടെ നിന്നാണ് സെരിക്കിനും ഉള്ള കഥ തുടങ്ങുന്നത് .

സെരിക്കിനും കഥയിലേക്കു

സംഭവ ബഹുലവും സംഘര്‍ഷ ഭരിതവുമായ ഒരു കുടുംബ കഥയെ മുല്ലപ്പെരിയാര്‍ , അണക്കെട്ട് , ഡാം തേങ്ങാക്കൊല എന്നൊക്കെ പറഞ്ഞു അനാവശ്യ വിവാദങ്ങളിലേക്കു കൊണ്ടു വരികയാണ് . പ്രണയം , പ്രണയ നഷ്ടം , ദാമ്പത്യം , ദാമ്പത്യ തകര്‍ച്ച ,തെറ്റിദ്ധാരണ, പശ്ചാത്താപം അങ്ങനെ മലയാള്‍ സിനിമയുടെ എല്ലാ ചേരുവയുമുള്ള ഒരു നല്ല സിനിമയാണിത് , അപ്പോ നിങ്ങള്‍ ചോദിക്കും കോമഡിയില്ലെന്ന് , കോമഡി ഉണ്ട് അതു സിനിമയുടെ ക്ലൈമാക്സിലാണെന്നു മാത്രം , അതു ഒന്നൊന്നര കോമഡിയായിപ്പോയി .

ഒരു മഹാമാന്ത്രികനും സര്‍വ്വ രോഗ ചികിത്സകനുമായ ഒരു നമ്പൂരിയുള്ള ഒരു മന . രജത് കപൂര്‍ അഭിനയിച്ച ഈ മഹാമാന്ത്രികനെ അവതരിപ്പിക്കാന്‍ ആദ്യം തിലകനെ ആയിരുന്നു നിശ്ചയിച്ചത് തിലകനെ ഈ ചിത്രത്തില്‍ നിന്നു ഒഴിവാക്കിയതു വലിയ ചതിയായിപ്പോയി , കാരണം ഈ സിനിമയില്‍ തിലകന് അഭിനയിക്കേണ്ടി വരില്ലായിരുന്നു .ഈ മഹാജ്ഞാനിയായ ജ്യോത്സ്യന്‍ .മായാമയൂരം , മണിച്ചിത്രത്താഴ് , സി ബി ഐ ഡയറി കുറിപ്പ് , മയില്പീലിക്കാവ് , യക്ഷിയും ഞാനും , ദ്രോണ പത്തിലേറെ പടങ്ങളില്‍ തിലകന്‍ തന്നെ അഭിനയിച്ചു കാണാപാഠമായിട്ടുള്ളതാകുന്നു . ഒരു കേരളാ കുടുംബവും ഒരു പഞ്ചാബി കുടുംബവും ഒരമ്മ പെറ്റ മക്കളെ പോലെ കേരളത്തിലെ ഒരു കായലോരത്തു താമസിച്ചു വരികയായിരുന്നു . ഒരു ദീസം പഞ്ചാബി കുടുംബം ട്രാന്‍സ്ഫറായി എങ്ങോട്ടോ പോകുന്നു .അവിടെ കേരളാ കുടുംബത്തിലെ വിനയ് എന്ന പയ്യനും പഞ്ചാബി കുടുംബത്തിലെ മീര എന്ന പെണ്‍കുട്ടിയും തമ്മിലുള്ള ബാല്യകാല സൌഹൃദം വേര്‍പെടുന്നതിന്റെ വികാര തീവ്രമായ രംഗങ്ങള്‍ ഉണ്ട് .പക്ഷെ വിധി അവരെ വേര്‍പെടാന്‍ അനുവദിക്കുന്നില്ല .കൊതുമ്പു വഞ്ചിയില്‍ മെല്ലെ മെല്ലെ തുഴഞ്ഞു പോകുന്ന പഞ്ചാബി ഫാമിലി മൊത്തം പെട്ടെന്നു വന്ന ഒരു കാറ്റില്‍ പെട്ടു കായലില്‍ മുങ്ങിച്ചാകുന്നു , പെണ്‍ കുട്ടി മാത്രം കായലോരത്തെ പുല്ലില്‍ പിടിച്ചു രക്ഷപ്പെടുന്നു. അങ്ങനെ മീര എന്ന ആ പഞ്ചാബി പെണ്‍ കുട്ടിയെ കേരളാ കുടുംബം സ്വന്തം സ്വന്തം മകളെപ്പോലെ വളര്‍ത്തുന്നു .അങ്ങനെ വിനയും മീരയും പ്രണയ ബദ്ധരായി വളരുന്നു .പക്ഷെ " ഈടാര്‍ന്നനുരാഗ നദിയെ വിഘ്നം കൂടാതൊഴുക്കുമോ ഭവാന്‍ " എന്നു മഹാകവി പറഞ്ഞതു പോലെ അവരുടെ പ്രണയ ബന്ധത്തില്‍ ഒരു പ്രശ്നമുണ്ടാകുന്നു . ഈ പ്രണയം കാണുന്ന മഹാജ്യോതിഷിയായ വിനയിന്റെ അച്ഛന്‍ ഉടന്‍ ജാതകം നോക്കുന്നു - അപ്പോള്‍ കാണുന്നതെന്താണ് ശിവ ശിവാ - കമ്പ്ലീറ്റ് ദുശകുനങ്ങളാണ് , ഇവര്‍ തമ്മില്‍ വിവാ‍ഹം കഴിച്ചാല്‍ വലിയ എന്തോ ദുരന്തം സംഭവി ക്കും അല്ലെങ്കില്‍ ആരെങ്കിലും മരിക്കും എന്നാണ് ജാതക റിപ്പോര്‍ട്ടില്‍ കാണുന്നത് [പൈതൃകംസില്മയില്‍ ഇതു പോലെ ഏതാണ്ടുണ്ട് ] , ഇതു കേട്ടു കഴിയുമ്പോള്‍ മീരയും ആലോചിക്കും ശരിയാണല്ലോ പണ്ടൊരിക്കല്‍ വിനയ് കിസ്സ് ചെയ്യാന്‍ വന്നപ്പോഴാണ് വിനയിന്റെ അമ്മ കുളത്തില്‍ വീണ് തട്ടിപ്പോകുന്നത് , അതു കൊണ്ട് ഈ വിനയിനെ തെറ്റിദ്ധരിപ്പിച്ച് പിന്തിരിപ്പിക്കാനായി സോറിയാസിസ് ചികിത്സക്കായി വന്ന ഒരു ആസ്ട്രേലിയക്കാരനെ വിവാഹം കഴിക്കാന്‍ മീര തയ്യാറാകുന്നു .ആസ്ട്രേലിയക്കാരന്റെ ജാതകം നോക്കുമ്പോള്‍ എട്ടില്‍ ഒമ്പതു പൊരുത്തം. വിനയ് പഠിപ്പു കഴിഞ്ഞു വരുമ്പോളെന്താണ് കാണുന്നത് കാമുകി തന്നെക്കാള്‍ പൊക്കോം കളറുമുള്ള ഒരു ആസ്ട്രേലിയക്കാരനെ കെട്ടാന്‍ നില്‍ക്കുന്നു .സത്യത്തില്‍ വിനയിന്റെ ജീവന്‍ രക്ഷിക്കാനാണ് ഇങ്ങനെ ഒക്കെ ചെയ്തതെന്നു മനസ്സിലാക്കാതെ വിനയ് ആകെ ചൂടാവുന്നു - നീയൊക്കെ ഒരു കാമുകിയാണോടീ ഡാഷെ - എന്നൊക്കെയുള്ള ലൈനില്‍ - അതും കഴിഞ്ഞ് വീട് വിട്ടു വിനയ് പോകുന്നു കാമുകി വെള്ളക്കാരനെ കെട്ടിയാല്‍ ഞാനും വെള്ളക്കാരിയെ കെട്ടുമെന്ന വാശിയോടെ വെള്ളക്കാരിയെം കെട്ടി ജീവിക്കുന്നു .പക്ഷെ മീരയുടെയും വിനയിന്റെയും ആത്മാര്‍ത്ഥ സ്നേഹം കണ്ട് കണ്ണു മഞ്ഞളിച്ച ആസ്ട്രേലിയക്കാരന്‍ സൊറിയാസിസ് രോഗി വിഷണ്ണനായി ആസ്ട്രേലിയയിലേക്കു തന്നെ പോകുന്നു .ഒരു പാട് വര്‍ഷങ്ങള്‍ക്കു ശേഷം പണ്ടു വീടു വിട്ടു പോ0യ വിനയ് തിരിച്ചു വരുന്നു - ലോകത്തൊരു ഡോക്ടര്‍ക്കും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത ജുവനൈല്‍ ഡയബറ്റിക്സ് എന്ന അസുഖമുള്ള മകനെ നോക്കാതെ ചാനലെന്നും പറഞ്ഞു നടക്കുന്ന ഭാര്യയെ ഉപേക്ഷിച്ചു കൊണ്ട് ഒരു ദാമ്പത്യ തകര്‍ച്ചയുമായാണ് പഴയ തറവാട്ടിലേക്കു വരുന്നത് .മകന്‍ വരുമ്പോള്‍ ജ്യോതിഷിയായ അച്ഛന്‍ പറയും എനിക്കറിയാമായിരുന്നു നീ എന്നെങ്കിലും വരുമെന്ന് - പിന്നെ ഡയബറ്റിക്കുമായി പൊറുതി മുട്ടുന്ന പേരക്കുട്ടിയെ ഏതാനും ദിവസം കൊണ്ട് ചികിത്സിച്ച് ഭേദാക്കലാണ് , പുള്ളിക്കതെല്ലാം നിസ്സാരമാണ് - ദേ കാക്ക കരയണൂ - ദുശകുനം - കിഴക്കു വശത്തൂന്നു ആരെയോ പാമ്പു കടിച്ചു കൊണ്ടു വരുന്നുണ്ട് , വേഗം തയ്യാറാവാ - അപ്പോഴെക്കും ഒരാളെ പാമ്പു കൊത്തി തലച്ചുമടെടുത്തു കൊണ്ടു വരുന്നു , എന്തോ മരുന്നു കൊടുക്കുന്നു - എല്ലാം ശരിയായി അയാള്‍ക്കു ജീവന്‍ വെക്കുന്നു - അങ്ങനത്തെ ഒരാള്‍ക്കുണ്ടോ ഡയബറ്റിക്കും മറ്റും .


പിന്നെ പഴയ പ്രണയ കഥയിലെ കാമുകി വര്‍ഷങ്ങള്‍ക്കു ശേഷവും അവിവാഹിതയായി നില്‍ക്കുന്നു , സ്വന്തം അമ്മ പരിചരിക്കാത്ത ആ കുട്ടിയെ പൊന്നു പോലെ നോക്കുന്നു [എം ടി യുടെ ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന സില്‍മയാണോ ഇതെന്നു ചിലപ്പോള്‍ തോന്നും ] .പഴയ കഥ ഒക്കെ പരസ്പരം മനസ്സിലാക്കി തെറ്റിദ്ധാരണയൊക്കെ നീങ്ങി പഴയ ലൈന്‍ ഇടാന്‍ തുടങ്ങുമ്പോള്‍ വിനയിന്റെ മദാമ്മ ഭാര്യ സാന്ദ്ര തന്റെ തെറ്റു മനസ്സിലാക്കി ക്ഷമാപണവുമായി വരുന്നു, എന്നോട് പൊറുക്കൂ ചേട്ടാ ,ഇനി ഞാന്‍ മോനെ ഒക്കെ നോക്കി നന്നായി ജീവിച്ചോളാം എന്നൊക്കെ പറഞ്ഞ് - ശെന്തു കഷ്ടാല്ലെ .അങ്ങനെ പഴയ പ്രണയിതാക്കള്‍ ഒന്നിക്കാന്‍ സമ്മതിക്കാതെ ഭാര്യ വന്നു ഇടയില്‍ നില്‍ക്കുകയാണ് . ചാനല്‍ റിപ്പോര്‍ട്ടറായ സാന്ദ്ര വീണ്ടും റിപ്പോര്‍ട്ടിങ്ങിന് പോകുന്നു വിമലാ രാമനും വിനയും വീണ്ടും അടുക്കുന്നു , സിന്ധൂരം തൊടീക്കുന്നു , പിന്നെ പരിപാടി നടക്കുന്നു - അത്രേം നാള് ഗ്ലൂമിയായി നടന്നിരുന്ന മീര സന്തോഷത്തോടെ തുള്ളിച്ചാടി വരുന്നതു കാണുമ്പോള്‍ തന്നെ മഹാമാന്ത്രികനായ അച്ഛനു മനസ്സിലാകുന്നു - എന്തോ പരിപാടി നടന്നിട്ടുണ്ട് അല്ലെങ്കില്‍ ഈ പെണ്ണു ഇത്ര ഹാപ്പിയായി നടക്കില്ല എന്ന് - ഉടന്‍ തന്നെ പുള്ളി മനക്കണ്ണില്‍ കാണുന്നു അണക്കെട്ട് തകരും , വേം തന്നെ പൂജാമുറി അടച്ചിട്ടിരുന്നു ഒരു മാരത്തോണ്‍ പ്രാര്‍ത്ഥനയാണ് , മീരയുടെ ചാരിത്ര്യവും അണക്കെട്ട് തകരുന്നതും തമ്മിലെന്തോ ബന്ധമുണ്ടെന്ന മട്ടില്‍ , ഇതൊക്കെ കാണുന്നവര്‍ കരുതുക നായികയുടെ കന്യാചര്‍മ്മത്തിലാണ് ഡാമിന്റെ അടിവാരം പണിതതെന്നാണ് .

കുടുംബ കഥ പറയുന്ന സമയത്ത് വില്ലനെ മറന്നു കൂടാ .സംഗതി കഥ നടക്കുന്നത് കേരളത്തിലാണെങ്കിലും ആകെയൊരു നിഗൂഡതയും ദുരൂഹതയുമാണ് കഥയിലാകപ്പാടെ - കാരണം ഭരിക്കുന്ന കുടുംബം ഇംഗ്ലീഷുകാരാണ്. ഭരിക്കുന്ന പാര്‍ട്ടിയാണെങ്കില്‍ ഈസ്റ്റ് ഇന്‍ഡ്യാ ഡെമോക്രാറ്റിക് പാര്‍ട്ടി .ഈ ഇംഗ്ലീഷുകാരന്റെ മകളെ അയാളുടെ മകളെ വിവാഹം കഴിക്കുന്ന ദൊരൈ എന്ന തമിഴനാണ് വില്ലന്‍ വെറും വില്ലനല്ല അതിക്രൂരനാ‍യ ഒരു വില്ലന്‍ .ഈ ദൊരൈ ക്രൂരന്റെ നീചകൃത്യങ്ങള്‍ കണ്ട് സഹി കെട്ടു പാവം അമ്മായിഅപ്പന്‍ ഇംഗ്ലീഷുകാരന്‍ ആത്മഹത്യ ചെയ്യുന്നു പിന്നെ മേയറാകുന്നതു തമിഴന്‍ മരുമോനാണ് . കേരളം ഭരിക്കുന്നതു ഇംഗ്ലീഷുകാരനും തമിഴനുമൊക്കെയാണ് പ്രധാന പാര്‍ട്ടി ഈസ്റ്റ് ഇന്‍ഡ്യാ ഡെമോക്രാറ്റിക് പാര്‍ട്ടിയും . ഇതേത് കാലം യേത് രാജ്യമെന്നൊക്കെ തല പുകക്കണ്ടാ നല്ല കലാസൃഷ്ടികള്‍ കാല- ദേശാതിവര്‍ത്തികളായിരിക്കും - അപ്പോ പറഞ്ഞു വന്നത് ഈ മേയര്‍ ദുരൈ ആണ് അണക്കെട്ട് പുനര്‍ നിര്‍മ്മിക്കാന്‍ സമ്മതിക്കാത്തത് , എന്തിനാണയാള്‍ ഇങ്ങനെ ചെയ്യുന്നതെന്നു ഒരു പിടീമില്ല . ആളുകളെ മൂര്‍ഘന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലലാണ് ഇയാളുടെ മെയിന്‍ ഹോബി , വെള്ളക്കാരിയായ സ്വന്തം ഭാര്യയെയും ഇങ്ങനെ ഭീഷണിപ്പെടുത്തുന്നുണ്ട് .

ക്ലൈമാക്സ്

ഇങ്ങനെ സംഘര്‍ഷ ഭരിതമായ പല വിധ കുടുംബ കഥകള്‍ കാണിച്ചു മണിക്കൂറു രണ്ടു കഴിഞ്ഞു എന്നിട്ടും ഡാം 999 ല്‍ പേരിനു പോലും ഒരു ഡാം പോലും കാണുന്നില്ലല്ലോ എന്നാശങ്കപ്പെട്ടിരിക്കുമ്പോഴാണ് ചാനല്‍ റിപ്പോര്‍ട്ടറായ സാന്ദ്ര അണക്കെട്ട് തകരാന്‍ പോകുന്നു എന്ന വാര്‍ത്ത ലോകം മുഴുവന്‍ അറിയിക്കാന്‍ ശ്രമിക്കുന്നത്, വലിയ മഴയും കൊടുങ്കാറ്റും വരുന്ന സമയത്ത് അണക്കെട്ട് ചോരുന്നു .അണക്കെട്ട് തകരാതിരിക്കണമെങ്കില്‍ ഷട്ടര്‍ തുറന്നു വിട്ടാല്‍ മതിയെന്നു ചീഫ് എഞ്ചിനീയര്‍ പറയുന്നു അതിനുപോലും ഈ ദുഷ്ടന്‍ തമിഴന്‍ മേയര്‍ ദുരൈ സമ്മതിക്കുന്നില്ല , ലക്ഷക്കണക്കിനു ആളുകള്‍ ഡാം തകര്‍ന്നു മരിക്കാന്‍ പോകുന്നു , .അവസാനം ചാനല്‍ റിപ്പോര്‍ട്ടറും ചീഫ് എഞ്ചിനീയറും കൂടി ഷട്ടര്‍ തുറന്നു വിടുന്നു , വെറുമൊരു ഷട്ടര്‍ തുറന്നു വിട്ടാല്‍ ഒഴിവാക്കാവുന്ന കാര്യമേയുള്ളൂ ഈ അണക്കെട്ടു ദുരന്തം !!!! .പക്ഷെ അപ്പോഴെക്കും സമയം അതിക്രമിച്ചിരുന്നു - ഡാം പൊട്ടിപ്പാളീസായി - കുറെ ജനങ്ങള്‍ മല മുകളിലെ ഒരു പള്ളിയില്‍ കയറി രക്ഷപ്പെടുന്നു - അവസാനം ക്രിസ്തുവിലേ രക്ഷയുള്ളൂ എന്നോ മറ്റോ ആയിരിക്കണം സംവിധായകന്‍ ഉദ്ദേശിച്ചത് . ഡാം പൊട്ടി വെള്ളം കുത്തിയൊലിച്ചു വരുന്ന ഗ്രാഫിക്സ് ഒക്കെ കണ്ടാല്‍ ചിരിച്ചിരിച്ചു ചാവും , കൊച്ചി സിറ്റിയുടെ ഫോട്ടോ ഒക്കെ വെള്ളത്തില്‍ ഒലിച്ചു പോകുന്ന അസാമാന്യ ഗ്രാഫിക്സുകള്‍ .അവസാനം കുറെ പേര്‍ മരിക്കുന്നു - ഡാമിന്റെ ചുവട്ടിലിരുന്നു ഷട്ടര്‍ തുറന്നു വിട്ട ചാനല്‍ റിപ്പോര്‍ട്ടറും സിനിമയിലെ നായകനും മറ്റെല്ലാവരും രക്ഷ്പ്പെടുന്നു , ക്രൂരനായ തമിഴന്‍ വില്ലനും മരിക്കുന്നു .ശുഭം


സിനിമ കഴിഞ്ഞെഴുന്നേറ്റു പോകുമ്പോള്‍ സൈഡിലിരുന്ന ഒരു അമ്മാവന്‍ പറയുന്നുണ്ടായിരുന്നു - ഇതിലും ഭേദം ഡാം പൊട്ടി അങ്ങു മരിക്കുന്നതായിരുന്നു - ഉള്ളില്‍ തട്ടി പറഞ്ഞതാണെന്നു ഞങ്ങള്‍ക്കും തോന്നി .

ഉപദംശം

പടം 3 ഡി ആണ് , അതിനു പ്രത്യേകം ചാര്‍ജും ഈടാക്കുന്നുണ്ട് .പക്ഷെ 3 ഡി കണ്ണട വെച്ചു കണ്ണു കഴക്കാമെന്നല്ലാതെ പറയത്തക്ക 3 ഡി ഒന്നുമില്ല ,.ഇനി 3 ഡി കണ്ടേ തീരൂ എന്നുണ്ടെങ്കില്‍ സിനിമയുടെ 65 ആം മിനുട്ടിലോ മറ്റോ ഒരു വവ്വാല്‍ പറന്നു വരുന്നുണ്ട് .ആ സമയം കൊണ്ട് പാതിഉറക്കമായ ആരെങ്കിലും ഉണ്ടെങ്കില്‍ ഞെട്ടി എഴുന്നേല്‍ക്കാനാണീ വവ്വാലിനെ പറത്തി വിടുന്നതെന്നു തോന്നുന്നു .

ഈ പടം കാണിച്ചു തമിഴനെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ബോധ വല്‍ക്കരിക്കാന്‍ ശ്രമിച്ചാല്‍ ഒരു പക്ഷെ അവന്മാര്‍ ഇത് , ദേ സാറേ രണ്ട് ഷട്ടര്‍ തുറന്നു വിട്ടാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂ എന്നെങ്ങാനും പറഞ്ഞു -സുപ്രീം കോടതിയില്‍ തെളിവായി പോലും കാണിച്ചേക്കും . തമിഴന്മാര്‍ കാണാതിരുന്നത് നന്നായി . ഈ പടത്തിനു 50 കോടിയായെന്നു എവിടെയോ പറയുന്നതു കേട്ടു .എന്തിനാണോ എന്തോ .