Like

...........

Thursday 27 January 2011

അറവാണികള്‍
ഒരു നീണ്ട ട്രെയിന്‍ യാത്രയുടെ ആലസ്യത്തോടെ സേലം റെയില്‍ വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിലൂടെ തിരക്കിട്ട് പുറത്ത് കടക്കുമ്പോഴാണ് കടും നിറത്തിലുള്ള ചേലകള്‍ ചുറ്റി ഒരുപാട് സ്ത്രീകള്‍ വല്ലാത്ത ബഹളം വെക്കുന്നത് കാണുന്നത് ,ചെന്നൈ മുതല്‍ കൂടെയുണ്ടായിരുന്ന സഹയാത്രികനോട് എന്താ സംഗതിയെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പുച്ഛത്തോടെ പറഞ്ഞു

“അത് അറവാണികളാണ് , കൂവാഗത്ത് അവരുടെ ഉത്സവമാണത്രെ , അഴിഞ്ഞാട്ടം തന്നെ ഉത്സവം ,അസത്തുക്കള്‍ “.

അറവാണികള്‍ എന്ന അശ്ലീലപ്രയോഗം തെറിയല്ലാത്ത അര്‍ത്ഥത്തില്‍ ആദ്യമായി കേട്ടപ്പോള്‍ അമ്പരപ്പ് തോന്നി , അറവാണികളുടെ ഉത്സവമായ കൂവാഗം ഫെസ്റ്റിവലില്‍ അണിഞ്ഞൊരുങ്ങി പോകുന്നവര്‍ അഭിമാനത്തോടെ പറയുന്നു അറവാണികളാണ് തങ്ങളെന്ന് , തങ്ങള്‍ അങ്ങനെ അറിയപ്പെടാനാഗ്രഹിക്കുന്നുവെന്ന് .അറവാനെന്ന ദേവന്റെ ഒരു ദിവസത്തെ ഭാര്യയും ജീവിതകാലത്തെ മുഴുവന്‍ വിധവയുമാകാനാണ് അണിഞ്ഞൊരുങ്ങി പോകുന്നത് , അങ്ങനെയാണ് അറവാന്റെ ഐതിഹ്യം , അറവാണികളുടെയും .

മുപ്പത്തിമുക്കോടി ദൈവങ്ങളില്‍ അറവാനെന്ന ദൈവത്തെ പറ്റി കേള്‍ക്കാത്തതില്‍ അല്‍ഭുതമൊന്നുമില്ല , പക്ഷെ കുരുക്ഷേത്ര യുദ്ധത്തില്‍ അറവാന്റെ ഐതിഹ്യം അത്ര അപ്രസക്തമല്ലാത്തതാണ് .ഐതിഹ്യങ്ങള്‍ അറവാനെക്കുറിച്ച് പറയുന്നതിങ്ങനെ .

അറവാന്റെ പുരാണം

കുരുക്ഷേത്ര യുദ്ധത്തില്‍ കൌരവരുടെ മുന്നേറ്റം , പാണ്ഡവപക്ഷത്തെ ആശങ്കയകറ്റാന്‍ അര്‍ജ്ജുനന്‍ യുദ്ധദേവതയായ കാളിയെ ഉപാസിക്കുന്നു , കാളി പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചു - എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ പരിപൂര്‍ണ്ണനായ ഒരു പുരുഷനെ ബലി നല്‍കാന്‍ - അങ്ങനെ പരിപൂര്‍ണ്ണമായ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയവര്‍ മൂന്ന് പേരാണ് പാണ്ഡവപക്ഷത്ത് ഒന്ന് സാക്ഷാല്‍ ഭഗവാന്‍ കൃഷ്ണന്‍ രണ്ടാമത്തേത് അര്‍ജ്ജുനന്‍ , പിന്നെയുള്ളത് ഇരവാന്‍ - നാഗരാജാ‍വായ കൌരവ്യയുടെ മകളായ ഉലൂപിയില്‍ അര്‍ജ്ജുനനുണ്ടായ മകനാണ് ഇരവാന്‍ - ശ്രീകൃഷ്ണനും അര്‍ജ്ജുനനും പാണ്ഡവ പക്ഷത്തിന്റെ അനിവാര്യതകള്‍ അവരെ ബലിക്ക് നല്‍കിയാല്‍ യുദ്ധം ആര് നയിക്കും ,ഇരവാന്‍ സ്വയം ബലിസന്നദ്ധനായി പക്ഷെ മരിക്കും മുമ്പ് ചില നിബന്ധനകള്‍ വെച്ചു - എല്ലാം തികഞ്ഞ ഒരു പൂര്‍ണ്ണപുരുഷനെന്ന നിലക്ക് ബ്രഹ്മചാരിയായി മരിക്കാന്‍ കഴിയില്ല , ലൌകിക സുഖങ്ങള്‍ എല്ലാം അറിഞ്ഞിട്ട് മാത്രം മരിക്കാം , അതായത് സ്ത്രീസുഖം, അതും സുന്ദരിയും കുലീനയുമായിരിക്കണം .അറിഞ്ഞ് കൊണ്ട് ചാവേറായി പോകുന്നവനെയേത് പെണ്ണ് സ്വീകരിക്കും ?ജീവിതകാലം മുഴുവന്‍ വൈധവ്യം ചുമക്കാനാര് തയ്യാറാവും ? പാണ്ഡവപക്ഷത്തിന്റെ വിജയത്തിനായി സ്വയം ബലിദാനിയാകുന്നവന്റെ ആഗ്രഹം പോലും നിവര്‍ത്തിച്ച് കൊടുക്കാനാവില്ലെ ഭഗവാന്‍ ആശങ്കാകുലനായി , ഇരവാന്റെ മരണം അനിവാര്യമാണ് അത് വിധിയുമാണ് അതിനെ നിഷേധിക്കാനാവില്ല പക്ഷെ അത് അനാവശ്യമായ ഒരു വൈധവ്യത്തിലേക്കാണ് നയിക്കുന്നതിനെയെങ്ങനെ സാധൂകരിക്കും .ധാര്‍മ്മിക - നൈതിക ചിന്തകള്‍ക്കൊടുവില്‍ ഭഗവാനൊരിക്കല്‍ കൂടി മോഹിനീവേഷത്തിലവതരിക്കാന്‍ തീരുമാനിച്ചു - സുന്ദരിയും കുലീനയും സര്‍വ്വഗുണസമ്പന്നയുമായി സ്ത്രൈണതയുടെ പാരമ്യത്തില്‍ ഭഗവാന്‍ ഇരവാന് വധുവായി , ഒരു രാത്രി , അതിന് ശേഷം ബലിദാനിയാകുന്നവന്റെ ഭാര്യയായി , ഒരു സങ്കല്പം പോലെയോ ഒരു രാത്രി കഴിഞ്ഞാല്‍ അവസാനിച്ചേക്കാവുന്ന നിഗൂഡമായ ഒരു സ്വപ്നമാണെന്നറിഞ്ഞിട്ടും മോഹിനി ഇറവാനെ പ്രണയിച്ചു , ആ രാത്രിയുടെ അവസാനം അനിവാര്യമായ മരണമേറ്റ് വാങ്ങാന്‍ ഇരവാന്‍ യുദ്ധക്കളത്തിലേക്ക് പോകുമ്പോള്‍ ഇരവാനോടുള്ള പ്രണയം വെറുമൊരു താല്‍ക്കാലികപരിഹാരം മാത്രമായിരുന്നില്ലെന്ന് തിരിച്ചറിയുന്നു ,ഇരവാന്‍ യുദ്ധക്കളത്തില്‍ ശത്രുവിന്റെ അമ്പേറ്റ് പിടഞ്ഞ് മരിക്കുമ്പോള്‍ അന്തപുരത്തില്‍ മോഹിനി വിധവയായി മാറിക്കഴിഞ്ഞിരുന്നു , എല്ലാം അറിയുന്ന ഭഗവാന്റെ അവതാരമായിട്ട് പോലും പ്രണയത്തിന്റെ തീക്ഷ്ണതയില്‍ നിന്ന് രക്ഷപ്പെടാന്‍ മോഹിനിക്ക് കഴിയുന്നില്ല , ശിഷ്ടകാലം ഇറവാനോടുള്ള പ്രണയം കൊണ്ട് ഇറവാന്റെ വിധവയായി കഴിയുന്നു പുരാണത്തില്‍.


എല്ലാ വിധവകളെയും പോലെ തന്നെ പുരാണത്തില്‍ ജയിച്ചവരുടെയും തോറ്റവരുടെയും ഇടയില്‍ പോലുമല്ലാതെ അജ്ഞാതയായി മോഹിനി ജീവിച്ചിരിക്കണം ഇറവാന്റെ വിധവയായി .

ഐതിഹ്യം ഇവിടെ അവസാനിക്കുന്നു , ഭഗവാന്റെ മോഹിനീ വേഷം ട്രാന്‍സ്ജെന്റര്‍ സങ്കല്പങ്ങളുടെ ഉദാത്ത മാതൃകയായി , പ്രണയത്തിന്റെ ഔന്നത്യവുമായി തമിഴ് നാട്ടിലെ വിഴുപുരത്ത് കൂവാഗത്ത് നില നില്‍ക്കുന്നു തമിഴരുടെ തനത് “അകാര” പ്രീതി കൊണ്ടാകാം ഇവിടെ ഇരവാന്‍ അറവാന്‍ ആണ് അങ്ങനെ അറവാന്റെ ഭാര്യമാര്‍ അറവാണികളായി .ഐതിഹ്യത്തിലെ അപ്രസക്തനായ അറവാന്‍ ഇവിടെ ദൈവമാണ് കൂത്താണ്ടവരായി ആരാധിക്കപ്പെടുന്നു .അറവാണികള് എന്നത്‍ പവിത്രമായ ഒരു സ്ഥാനമായി , അതില്‍ അഭിമാനിച്ചു , ദൈവീകമായ പരിണയത്തെയും അതിന്റെ വൈധവ്യത്തെയും അവര്‍ ആരാധിച്ചു പക്ഷെ അറവാണികള്‍ സമൂഹത്തില്‍ അശ്ലീലമായിതീര്‍ന്നു .

അനുയോജ്യമല്ലാത്ത ശരീരത്തില്‍ ഒതുക്കിവെക്കപ്പെട്ട ഒരു ലൈംഗികതയുമായി ജനിക്കുന്നവര്‍ , കുടുംബത്തിന്റെ , സമുദായത്തിന്റെ , നാടിന്റെ അവഗണനകള്‍ , ക്രൂരമായ പരിഹാസങ്ങളേറ്റ് വേദനിക്കുന്നവര്‍ ആരും മനസ്സിലാക്കാതെ പോകുമ്പോള്‍ സ്വയം തിരഞ്ഞെടുക്കുന്ന വഴികളിലൊന്ന് അറവാ‍ന്റെ വിധവകളായി സ്വയം സമര്‍പ്പിക്കുക , വര്‍ഷത്തിലൊരിക്കല്‍ കൂത്താണ്ടവര്‍ കോവിലില്‍ നടക്കുന്ന ആഘോഷത്തില്‍ ഒരു രാത്രി മാത്രം നീളുന്ന പതിവ്രതകളായ ഭാര്യമാരായി മഞ്ഞള്‍താലി അണിയുകയും പിറ്റേന്ന് അനിവാര്യമായ വിധിയുടെ ആവര്‍ത്തനം പോലെ വൈധവ്യം സ്വയം വരിക്കുന്നു.

മഞ്ഞചരടില്‍ കോര്‍ത്ത പരിപാവനമായ താലിയെ അറുത്തുമാറ്റുന്നു , സിന്ദൂരം മായ്ച്ച് കളയുന്നു , പലവര്‍ണ്ണങ്ങളിലുള്ള കുപ്പിവളകള്‍ പൊട്ടിച്ചിതറുന്നു , ശുഭ്രവസ്ത്രം ധരിച്ച് അകൃത്രിമമായ ദുഖത്തോടെ അലമുറയിട്ട് കരയുന്ന അറുവാണിച്ചികള്‍ അറവാന്റെ വിധവകള്‍ .കൂത്താണ്ടവര്‍ കോവിലിന്റെ ചരിത്രമറിയില്ല കാലാകാലങ്ങളായി മൂന്നാം ലിംഗത്തിന്റെ സത്വപ്രകാശനം വൈധവ്യത്തിന്റെ രോദനം കൊണ്ട് വിഴുപുരത്തെ തെരുവുകളില്‍ അലയടിച്ച് കൊണ്ടിരിക്കുന്നു , ആരുമല്ലാതെയായി പോകുന്ന , ആരുമില്ലാതെയായിപോകുന്ന ഒരു പാട് ജന്മങ്ങള്‍ , ജന്മം കൊടുത്തവര്‍ക്ക് അസ്വസ്ഥതയായി തീരുമ്പോള്‍ സ്വയം ഇറങ്ങിപുറപ്പെട്ട് തെരുവുകളില്‍ പരിഹാസപാത്രമാകുന്നവര്‍ അവരൊക്കെയാണ് അറവാന്റെ വിധവകളാകാന്‍ വരുന്നത് . അവരൊന്ന് കരഞ്ഞ് കൊണ്ട് എങ്കിലും സ്വയം തെളിയിക്കട്ടെ അവരാരെന്ന് , സ്വയം വിശ്വസിക്കട്ടെ അനുയോജ്യമല്ലാത്ത ശരീരത്തില്‍ നിറഞ്ഞ് ‍ നിറഞ്ഞ് നില്‍ക്കുന്ന സ്ത്രൈണതയുടെ രൂപം .

അറവാണികള്‍ നമ്മുടെ സമൂഹത്തില്‍ അശ്ലീലമാണ് , മലയാളം നിഘണ്ടുവില്‍ അറവാണിയെന്നാല്‍ കുലടയെന്നാണ് , പലപുരുഷന്മാരോടൊന്ന് ശയിക്കുന്നവളെന്നാണ് പക്ഷെ പുരാണത്തിലെ അറവാണി ഭഗവാന്‍ കൃഷ്ണന്റെ മോഹിനി അവതാരമാണ് , ദൈവീകമാണ് , പതിവ്രതയായ വിധവയാണ് അതെങ്ങനെ കുലടയായി തീര്‍ന്നെന്ന് അറിയില്ല , മലയാള ഭാഷാപുരാണത്തില്‍ അശേഷം അറിവില്ല അത് കൊണ്ട് മലയാളി അറവാണികള്‍ക്ക് മറ്റൊരു ചരിത്രമുണ്ടാകുമായിരിക്കും .


മൂന്നാം ലിംഗത്തിന്റെ സ്വത്വവാദങ്ങളെ അവജ്ഞയോടെ , സാന്നിധ്യത്തെപ്പോലും വെറുപ്പോടെ കണ്ടിരുന്ന കാലത്താണ് തമിഴ് നാട്ടില്‍ പഠിച്ചിരുന്നത് ,കറുത്ത ശരീരങ്ങളെ അസഹനീയമായ രീതിയില്‍ ചായം പൂശി സാരിക്കുള്ളില്‍ നിറച്ച് വെച്ച കൃത്രിമ സ്ത്രൈണതാ ബിംബങ്ങളുമായി ട്രെയിന്‍ യാത്രകള്‍ക്കിടയില്‍ അസ്വസ്ഥതകളായി ഭിക്ഷ ചോദിച്ച് വരുന്ന വികൃതരൂപങ്ങളെ അവജ്ഞയോടെ മാത്രം നോക്കി ,ഭിക്ഷ കൊടുത്തില്ലെങ്കില്‍ കേള്‍ക്കാവുന്ന ശാപവാക്കുകളും അശ്ലീല ചേഷ്ടകളെയും ഭയന്നത് കൊണ്ട് മാത്രം പൈസ കൊടുക്കേണ്ടി വന്നു . അരണ്ട വെളിച്ചമുള്ള ബസ് സ്റ്റാന്റുകളില്‍ , റെയില്‍ വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമുകളുടെ അറ്റത്തെ വിജനമായ ഓരത്ത് അങ്ങനെ പലയിടത്തും പരസ്യമായി തന്നെ അശ്ലീലചേഷ്ടകളോടെ ക്ഷണിക്കുന്ന കാഴ്ചകള്‍ ഇവരിങ്ങനെയൊക്കെ മാത്രമാണെന്ന് ഉള്ള ധാരണകളെ ശരിയെന്ന് വിശ്വസിപ്പിച്ചു .


പിന്നീട് ഹോസ്റ്റല്‍ ജീവിതത്തിനിടക്ക് മൂന്നാം ലിംഗത്തിന്റെ നിസ്സഹായത , അനുയോജ്യമല്ലാത്ത ശരീരത്തില്‍ പിറന്നവന്റെ /പിറന്നവളുടെ ആകുലതകള്‍ നേരിട്ട് കാണേണ്ടി വന്നു , ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ പുതുതായി വന്ന ഒരു പയ്യന്‍ - അക്കാഡമിക് ബ്രില്ല്യന്റ് , ഗണിത പാഠങ്ങള്‍ എല്ലാം മനപാഠമാക്കിയവന്‍ ,സഹപാഠികളെ കണക്ക് പറഞ്ഞ് കൊടുത്ത് സഹായിക്കുന്ന ഒരു അപ്പാവി പക്ഷെ അവന്റെ നടത്തയും നോട്ടവും ഭാവവുമെല്ലാം അവനറിയാതെ തന്നെ സ്ത്രൈണത നിറഞ്ഞതായിരുന്നു. തെറ്റായ ശരീരത്തില്‍ പിറക്കേണ്ടി വന്നവന്‍ , ആര്‍ത്തവം വരാത്ത ഒരു ശരീരത്തെക്കുറിച്ച് ഉലക്ണ്ഠപ്പെട്ട ഒരു കൌമാരകാലത്തെയോര്‍ത്ത് സ്വയം ശപിച്ചിരിക്കണം എന്നിട്ടുമവന്‍ ഒന്നും പ്രകടിപ്പിക്കാതെ ഒതുങ്ങിക്കൂടി പഠനത്തില്‍ മാത്രം ശ്രദ്ധിച്ചു ,അന്തര്‍മുഖനായി .

ഹോസ്റ്റലിലെ തിളച്ചവന്മാരുടെ പരിഹാസങ്ങള്‍ , ഉപദ്രവങ്ങള്‍ , ഒമ്പതെന്ന വിളികള്‍ , ഞരമ്പുകളുടെ തോണ്ടല്‍ - ഗതികെട്ട് പരാതിപ്പെടുമ്പോള്‍ നീയതിന് വിധിക്കപ്പെട്ടവനെന്ന തരത്തിലുള്ള ഹോസ്റ്റല്‍ വാര്‍ഡന്റെ മറുപടികള്‍ അവനെ തളര്‍ത്തി, അവന്റെ നിസ്സഹായമായ മുഖം വിഷാദത്തിന്റെ ആവരണം പുതച്ച് ആള്‍ക്കൂട്ടത്തെ നോക്കാന്‍ ഭയപ്പെട്ടു നടന്നു .അവന്റെ നിസ്സഹായതയെ ഞങ്ങള്‍ നിസ്സംഗരായി കണ്ടു നിന്നു ,അവസാനമൊരിക്കല്‍ പരാജയപ്പെട്ട ഒരു ആത്മഹത്യാ ശ്രമത്തിന് ശേഷം പഠനം നിര്‍ത്തി അവന്‍ നാട്ടിലേക്ക് തിരിച്ചു , പിന്നീടവന്‍ വിജയിച്ചിരിക്കാം ആത്മഹത്യയില്‍ .തന്റേതല്ലാത്ത ഒരു തെറ്റിന് ഭാവിയും ജീവിതവുമെല്ലാം നഷ്ടപ്പെട്ട് പോയ ഒരു ജീവന്‍ , ഞങ്ങള്‍ക്കവനെ സംരക്ഷിക്കാമായിരുന്നു ,അവനെതിരെയുള്ള പരിഹാസങ്ങളെ പ്രതിരോധിക്കാമായിരുന്നു ...പക്ഷെ ചെയ്തില്ല , നിസ്സംഗമായ ഒരോര്‍മ്മയായി അവന്‍ അജ്ഞാതനായി പോയി .

സമൂഹത്തില്‍ നിന്ന് ബഹിഷ്കരിക്കപ്പെട്ടവര്‍ , അവഗണിക്കപ്പെട്ടവര്‍ , തിരസ്കൃതരാക്കപ്പെട്ടവര്‍
പരിഹാസം മാത്രം കേള്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ , വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും പുറത്താക്കപ്പെടുമ്പോള്‍ ജീവിക്കാന്‍ വേണ്ടി ഭിക്ഷയെടുക്കുന്നു , ജീവിക്കാന്‍ വേണ്ടി സെക്സ് വര്‍ക്കറാകുന്നു , മറ്റൊരു തൊഴിലിന് അനുവദിക്കാത്തിടത്തോളം അവരങ്ങനെയല്ലാതെ എങ്ങനെ ജീവിക്കും ? പുനര്‍വിചിന്തനങ്ങളില്‍ മുന്‍ധാരണകള്‍ തെറ്റായും മൂന്നാം ലിംഗത്തിന്റെ സ്വത്വവാദത്തിന്റെ മാനുഷികത ശരിയായും വന്നു .


മൂന്നാം ലിംഗത്തോട് ഞാനടക്കം കാണിക്കുന്ന വിവേചനത്തിന്റെ ആഴമോ തോതോ അളക്കാനാവില്ല അതിന്റെ നൈതികതയും ധാര്‍മ്മികതയെയും കുറിച്ചെനിക്കൊന്നും പറയാനുമില്ല പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മൂന്നാം ലിംഗത്തിന്റെ അവസ്ഥകള് മൂന്നാം ലോകത്തിന്റെ‍ ആശങ്കകള്‍ പോലെ തുടരും , അവര്‍ മറ്റൊരു ലോകമാണ് അവരെ നമ്മുടെ ലോകത്തില്‍ കൂട്ടണ്ട , അവരുടെ ലോകത്തിലെങ്കിലും ജീവിക്കാന്‍ വെറുതെ വിടുക സദാചാരത്തിന്റെ കാവല്‍ മാലാഘകള്‍ .ജനിച്ച് പോയത് ഒരു കുറ്റമല്ലല്ലോ .അങ്ങനെ കരുതാന്‍ ശ്രമിക്കാം .

അനുബന്ധം .

ഇത്തവണത്തെ കൂവാഗം ഫെസ്റ്റിവലിനോടനുബന്ദിച്ച് അറവാണികള്‍ എന്ന സംബോധന മാറ്റി തിരുനങ്കൈ എന്ന് വിളിക്കാന്‍ തീരുമാനമായി .അപ്പോള്‍ അറവാന്റെ വിധവകള്‍ ഇനി മുതല്‍ തിരുനങ്കകളായിരിക്കും .

Picture courtesy - Flickr