Like

...........

Tuesday, 6 November 2012

ദരിദ്രരായ ജനങ്ങളും സമ്പന്നമായ സംസ്ഥാനങ്ങളും - 4


 കഴിഞ്ഞ ലക്കം ഇവിടെ വായിക്കാം . 

ഝാര്‍ഖണ്ട്  ( Jharkhand ] 

                                 
 2000 ലാണ് ഝാര്‍ഖണ്ട് എന്ന സംസ്ഥാനം രൂപീകരിക്കപ്പെടുന്നത് . തദ്ദേശ ഭാഷയില്‍ "The Land of Forests" എന്നാണ് ഝാര്‍ഖണ്ടിന്റെ അര്‍ത്ഥം . 2006   ല്‍ ഒരു സ്വതന്ത്രന്‍ മുഖ്യമന്ത്രിയാകുന്നതിന്റെ അല്‍ഭുതത്തോടെയാണ് മധുകോടയുടെ നേതൃത്വത്തില്‍ ഝാര്‍ഖണ്ടില്‍ മന്ത്രിസഭ അധികാരത്തിലേറുന്നത് . ഉത്തരേന്ത്യയിലെ കക്ഷിരാഷ്ട്രീയത്തിന്റെ കോടികള്‍ വില വരുന്ന കുതിരക്കച്ചവടങ്ങള്‍ക്കപ്പുറത്ത് ബാഹ്യമായ ഒരു നിയന്ത്രകന്റെ സാന്നിധ്യം ഇല്ലാതെ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കും മുഖ്യമന്ത്രി പദം പോയിട്ട് ഒരു എം എല്‍ എ പോലുമാകാന്‍ സാധ്യമല്ല . 2005 ല്‍  കോണ്‍ഗ്രസ്സിനെതിരെ മത്സരിച്ച്  ജയിച്ച് ബി ജെ പി മന്ത്രി സഭയില്‍ സമ്പന്നമായ ഒരു ധാതു നിക്ഷേപത്തിന്റെ ഒട്ടേറെ സാധ്യതകളുള്ള ഒരു സംസ്ഥാനത്തില്‍   മൈനിങ്ങ് & ജിയോളജി വകുപ്പ് മന്ത്രിയായി വെറും ഒരു വര്‍ഷം പൂര്‍ത്തീകരിക്കുമ്പൊഴെക്കും  സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആകാന്‍ മാത്രം മധു കോഡ വളര്‍ന്ന് കഴിഞ്ഞിരുന്നു . മധുകോടയെ മുഖ്യമന്ത്രിയാക്കാന്‍ മുന്‍ കൈ എടുത്തത് കോണ്‍ഗ്രസ്സായിരുന്നു  .3 ജി സ്കാമിനൊക്കെ മുമ്പ്  4000 കോടി രൂ‍പയുടെ അഴിമതി കേസിലൂടെ നമ്മെ അല്‍ഭുതപ്പെടുത്തിയ അതേ മധു കോട തന്നെ.





                                                                    2006 - ല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ് 2008 ആയപ്പൊഴേക്കും 4000 കോടി രൂപയുടെ അനധികൃത സമ്പത്തിന്റെ ഉടമയായി കഴിഞ്ഞിരുന്നു മധു കോട ,     ഒരു പക്ഷെ അതിലേറെയുമുണ്ടാകാം .കോടികളുടെ സംഖ്യാശാസ്ത്രത്തെ പറ്റി വ്യക്തമായ ധാരണയില്ലാത്തതിനാല്‍ പൂജ്യങ്ങളൊഴിവാക്കിയാണ് കണക്കുകള്‍ സൂക്ഷിച്ചിരുന്നതെന്നൊരു കഥയുണ്ടായിരുന്നു അക്കാലത്തു മാധ്യമങ്ങളില്‍ .ഝാര്‍ഖണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നോട്ടെണ്ണുന്ന രണ്ട് മെഷീനുകളുണ്ടായിരുന്നത്രെ  !!!!

                                    എങ്ങനെയാണ് ഭൂരിഭാഗം ജനങ്ങളും ജീവിത നിലവാര പട്ടികയില്‍ ദാരിദ്ര്യ രേഖക്കു താഴെ മാത്രമുള്ള  സംസ്ഥാനത്തിലെ മുഖ്യമന്ത്രിക്കു വെറും രണ്ട് വര്‍ഷം കൊണ്ട്  4000 കോടി ലഭിക്കുന്നത്  ? അവിടെയാണ് ഝാര്‍ഖണ്ട് എന്ന സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രം നിര്‍ണ്ണായകമാകുന്നത്  .  ഇന്‍ഡ്യയിലെ പ്രകൃത്യാലുള്ള ധാതുസമ്പത്തിന്റെ കലവറയാണ് ഝാര്‍ഖണ്ട് .  ഇരുമ്പയിര് , കോപ്പര്‍ ,കല്‍ക്കരി ,ബോക്സൈറ്റ് , ഗ്രാഫൈറ്റ് എന്നിങ്ങനെ ധാതു ലവണങ്ങളുടെ ഖനനത്തില്‍ ചത്തിസ് ഗഡിനു തൊട്ടു പിന്നിലാണ് ഝാര്‍ഖണ്ട് . ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റ് ആയ ബൊക്കാറോ സ്റ്റീല്‍ പ്ലാന്റ് ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത് എന്നു മാത്രമല്ല രാജ്യത്തെ പ്രധാനപ്പെട്ട ലോഹ -ധാതു സംസ്കരണ വ്യവസായങ്ങളുടെയെല്ലാം കേന്ദ്രം ഇവിടെയാണ് .പക്ഷെ ഇതെല്ലാം കുറച്ച് കമ്പനികള്‍ക്കു അവരുടെ സമ്പത്തു വര്‍ദ്ധിപ്പിക്കുക എന്നതിലുപരി തദ്ദേശീയരുടെ ജീവിത നിലവാരത്തില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല . ഝാര്‍ഖണ്ടിലെ ഖനനങ്ങളെല്ലാം വേദാന്തയുടെയും ബിര്‍ളാ ഗ്രൂപ്പിന്റെയും  നിയന്ത്രണത്തിലുള്ള ചെറുകിട മൈനിങ്ങ് കമ്പനികള്‍ക്കാണ് .2010  സാമ്പത്തിക വര്‍ഷത്തില്‍ മാത്രം  ഒരു ലക്ഷം ടണ്‍ ബോക്സൈറ്റ് ആണ് വേദാന്ത ഇവിടെ നിന്നും സമാഹരിച്ചത് .

                                                   
           All jharkhand  Student Union ലൂടെ   സജീവ രാഷ്ട്രീയത്തിലിറങ്ങിയ മധു കോട 16 രൂപ ദിവസ വേതനത്തില്‍ ഖനിതൊഴിലാളി  കൂടിയായിരുന്നു . പിന്നീട് ഖനി തൊഴിലാളികളുടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു  . ഇച്ഛാശക്തി കൊണ്ടും നേതൃപാടവം കൊണ്ടും  വളരെ പെട്ടെന്നു നേതാവായ ഒരു വ്യക്തിയാണ്  മധു കോടയെന്ന ചെറുപ്പക്കാരന്‍ .2000 ല്‍ ബാബുലാല്‍ മറണ്ടിയുടെ ബി ജെ പി മന്ത്രിസഭയില്‍ അംഗമായിരുന്നു ,ബാബു ലാല്‍ മറണ്ടിക്കെതിരെയുണ്ടായ അവിശ്വാസ പ്രമേയത്തിനു ശേഷം അര്‍ജുന്‍ മുണ്ട മുഖ്യമന്ത്രിയായപ്പോഴും മന്ത്രിസ്ഥാനം തുടര്‍ന്നെങ്കിലും 2003 ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി ടിക്കറ്റ് നിഷേധിച്ചു പക്ഷെ സ്വന്തം മണ്ടലമായ ജഗന്ധ പൂറില്‍ സ്വതന്ത്രനായി വന്‍ വിജയം നേടി വീണ്ടും അര്‍ജുന്‍ മുണ്ട മന്ത്രിസഭയില്‍ ഖനി മന്ത്രിയായി  .ഇങ്ങനെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ബാബു ലാല്‍ മറാണ്ടിയും അര്‍ജുന്‍ മുണ്ടയും പിന്നെ ഝാര്‍ഖണ്ട് മുക്തി മോര്‍ച്ചയുടെ ഷിബു സോറനുംതമ്മിലുള്ള അധികാര വടം വലിയുടെ അയ്യരു കളിയായിരുന്നു ഝാര്‍ഖണ്ടില്‍ . ഷിബു സോറനൊക്കെ ഊടായ്പ്പില്‍ പണ്ടേ ഫെയ്മസാണല്ലോ (നരസിംഹറാവുവിന്റെ കാലത്തെ ജെ. എം എം കോഴക്കേസിലെ നായകനായിരുന്നു ഈ ഷിബു ചേട്ടന്‍ ) . ഈ രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ അസ്ഥിരത കൊണ്ടാകണം  ഖനന ലോബി സ്വതന്ത്രനായ മധു കോടയെ  ചാക്കിട്ടൂ പിടിച്ചതും 2006 ല്‍ ബി ജെ പി  മന്ത്രിസഭ പൊളിച്ച് മധു കോടയെ മുഖ്യമന്ത്രിയാക്കിത്തീര്‍ത്തതും . 2008 ല്‍ ഷിബു സോറന്‍ ചാക്കിട്ടു പിടിത്തത്തിലൂടെ മധു കോട മന്ത്രിസഭയെ താഴെയിറക്കുമ്പോഴേക്കും രണ്ട് വര്‍ഷത്തെ ഭരണം  കൊണ്ട് 4000 കോടിയുടെ ആസ്ഥിയുള്ള അതിസമ്പന്നനായി കഴിഞ്ഞിരുന്നു മധു കൊട .പക്ഷെ  ഭരണം അതായത് ഇതിനെയൊക്കെ നിയന്ത്രിക്കാനും അനുമതി കൊടുക്കാനുമുള്ള അധികാരം ,അതില്ലെങ്കില്‍ പിന്നെ മധു കോടയായാലും വേറെന്തു കോടയായാലും കാര്യമില്ലല്ലോ പുള്ളി അതോണ്ട് ഇപ്പോ ജയിലിലാണ് . 

ഇവിടെ വലിയ പ്രധാനപ്പെട്ട ഒരു സംഗതി വരുന്നത് മധു കോട ജയിലിലായതോടെ 4000 കോടിയുടെ കഥ അവിടെ തീര്‍ന്നു എന്നുള്ളതാണ് ,ഇതെവിടെ നിന്നു കിട്ടി ? ,എന്തിനു കിട്ടി ?,അധികാര ദുര്‍വിനിയോഗം ചെയ്തു പദ്ധതികള്‍ക്കു അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ ,ഖനന കരാറുകളിലൊപ്പു വെച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം റദ്ദ് ചെയ്യേണ്ടതല്ലെ ?

ഇത്തരത്തിലുള്ള വിഡ്ഡിചോദ്യങ്ങള്‍ക്കു ഇവിടെ സ്ഥാനമില്ല .ഈ 4000 കോടിയും ശൂന്യമായ അന്തരീക്ഷത്തില്‍ നിന്നും മധു കോട അഴിമതി ചെയ്തുണ്ടാക്കിയതായിരുന്നു ,അയാള്‍ അകത്തായി അതോടെ അന്തരീക്ഷം വീണ്ടും ശൂന്യമായി .ഇക്കണ്ട കോടികള്‍ക്കു ഉടമയും ഉത്തരവാദിത്തവുമില്ലാതെയായി !!!!  .നാലായിരം കോടി രൂപ ഒരാള്‍ക്കു മാത്രം കമ്മീഷന്‍ കിട്ടിയെങ്കില്‍ സ്വാഭാവികമായും അതിനു താഴെയുള്ള സില്‍ബന്ധികള്‍ക്കും ഉദ്യോഗസ്ഥ ശിങ്കിടികള്‍ക്കും ഒരു ചെറിയ പങ്കു കിട്ടിയിരിക്കണം - അങ്ങനെ കണക്കു നോക്കിയാല്‍ ഏറ്റവും ചുരുങ്ങിയത്  5000 കോടി കമ്മീഷന്‍ വകയില്‍ മാത്രം ചിലവഴിച്ചിരിക്കണം !!!!  ഇത്രയും രൂപ കമ്മീഷന്‍ കൊടുത്തിരിക്കണമെങ്കില്‍ എത്ര ലക്ഷം കോടി ഈ രണ്ട് വര്‍ഷം കൊണ്ട്  ഈ ഖനന കമ്പനികള്‍  കുഴിച്ചെടുത്തിരിക്കണം...ഹോ .    ആലോചിച്ചിട്ടൂ അസൂയ തോന്നുന്നു :)

കഴിഞ്ഞ വര്‍ഷം ഔട്ട് ലുക്കില്‍ , ജയിലിലുള്ള  മധു കോടയുടെ ഒരഭിമുഖം വായിച്ചിരുന്നു - തനിക്കു കുറെ സത്യങ്ങള്‍ തുറന്നു പറയാനുണ്ടെന്നും ജയിലില്‍ തനിക്കു വധ ഭീഷണിയുണ്ടെന്നും മറ്റുമായിരുന്നു അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ വിലാപം .കൂടുതല്‍ സത്യങ്ങളൊന്നും പറയാതെ ഇരുന്നാല്‍ ജയിലില്‍ കിടന്നു കാലം കഴിയുമ്പോള്‍ പുറത്തു വരാം അതല്ല വലിയ സത്യമൊക്കെ പറയാനാണ് പുള്ളിയുടെ ഉദ്ദേശമെങ്കില്‍ വല്ല ഹൃദയ സ്തംഭനമോ ആത്മഹത്യയോ ഒക്കെയായി ജയിലില്‍ തീരാം .

ചത്തിസ് ഗഡ്  ( Chathhisgarh)

മാവോയിസ്റ്റുകള്‍ക്കെതിരെ ഏറ്റവുമധികം സൈനിക വിന്യാസം നടത്തിയിട്ടുള്ള ചത്തിസ് ഗഡിലെ വന മേഖലയിലാണ്  വേദാന്ത റിസോഴ്സ്  ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കുന്നതെന്നത് ഒരു കേവല യാദൃശ്ചികത മാത്രമാവണം .രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളുള്ള ,ഏറ്റവും സമ്പന്നമായ സംസ്ഥാനം സ്ഥാപിതമായിട്ടുള്ളത് 2000 ലാണ് . അന്ന് മുതല്‍ സംസ്ഥാനത്തിന്റെ വനങ്ങളും നദികളും പര്‍വ്വതങ്ങളും അടക്കമുള്ള പ്രകൃതി സമ്പത്തുകള്‍  സ്വകാര്യകുത്തകകള്‍ക്ക് തീറെഴുതിക്കൊടുത്തിരിക്കുകയാണ് .2003 മുതല്‍ ഖനന , ലോഹ ശുദ്ധീകരണ  , ഊര്‍ജ്ജോല്പാദന ബഹുരാഷ്ട്ര കമ്പനികളുമായി സംസ്ഥാനം നൂറിലേറെ പ്രവര്‍ത്തനാനുമതി കരാറുകള്‍ [  MoU s]  ആണ് ഒപ്പ് വെച്ചിട്ടുള്ളത് , ഇതില്‍ നിന്ന് മാത്രം സംസ്ഥാനത്തില്‍ വന്നിട്ടുള്ള നിക്ഷേപം  3.26 ട്രില്യണ്‍ [3.26 X 1000000000000 ]  ആണെന്ന് സംസ്ഥാന  വ്യവസായ മന്ത്രി രാജേഷ് മുനാട്ട്  പറയുന്നു . 3.26 ട്രില്ല്യണ്‍ രൂപയുടെ പദ്ധതികള്‍  ചത്തിസ് ഗഡ് പോലെ ഏറ്റവും മോശം  നിലവാര സൂചികകയുള്ള സംസ്ഥാനത്തുണ്ടാകുന്നു എന്നു പറയുമ്പോള്‍ തോന്നിയ അവിശ്വാസം  ചത്തിസ് ഗഡ് സ്റ്റേറ്റിന്റെ ഒഫിഷ്യല്‍ വെബ് സൈറ്റില്‍ പോയി പരിഹരിച്ചു ,സംഗതി ശരിയാണ് ഇത്രയും കോടി രൂപയുടെ പദ്ധതികള്‍ക്കുള്ള എം ഓ യു ഒപ്പു വെച്ചിട്ടുണ്ട് എന്നു മാത്രമല്ല അതുപയോഗിച്ചു അതത് മള്‍ട്ടി നാഷണല്‍ കമ്പനികള്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തിട്ടുണ്ട് . പട്ടിക്കു പൂട മുളച്ചാല്‍ അമ്പട്ടനെന്തു കാര്യമെന്നു പറഞ്ഞതു പോലെ 3.26 ട്രില്ല്യണല്ല അതിനപ്പുറത്തെ കോടികള്‍ കിട്ടിയാലും അവിടത്തെ പാവം ജനങ്ങള്‍ക്കു വലിയ കാര്യമൊന്നുമില്ല . ഇത്രയധികം സമ്പന്നമായ ഒരു സംസ്ഥാനത്തിന്റെ ചില മേഖലകളിലുള്ള നിലവാര സൂചിക ശ്രദ്ധിച്ചാല്‍ അത് മനസ്സിലാകും .

HDI Value    -   0.358, [The national average HDI Value is 0.467]
Standard of Living  Income Index  -   0.127
Health Index - less than 0.49, [One of the lowest standard in the country ].
Education Index -  0.526   [One of the lowest standard in the country ].



                  ഇത് 2010 വരെ മാത്രമുള്ള കരാറുകളുടെ കണക്കു മാത്രമാണ് ഈ പറഞ്ഞത്  ഇനിയും ഇത് പോലെയുള്ള നൂറ് കണക്കിന് പ്രവര്‍ത്താനാനുമതി അപേക്ഷകള്‍ (MoU)  കെട്ടിക്കിടക്കുന്നുണ്ട് , ഈ കിട്ടിയ നിക്ഷേപങ്ങളുടെ ചെറിയ ഒരു ശതമാനം മാത്രം മതി അവിടെയുള്ള മുഴുവന്‍ ജനങ്ങള്‍ക്ക് പാലും തേനുമൊഴുക്കാന്‍ പക്ഷെ പച്ചവെള്ളം പോലും കിട്ടാത്ത  വിധം ദാരിദ്ര്യരേഖക്ക് താഴെയാണ് അവിടെയുള്ള ഭൂരിപക്ഷം ജനങ്ങളും . പക്ഷെ ദാരിദ്ര്യം ജനങ്ങള്‍ക്ക് മാത്രമാണ് അവിടെ നിന്നും ഓരോ വര്‍ഷവും കോടിക്കണക്കിന് ബില്ല്യണ്‍ സമ്പത്താണ് വേദാന്ത റിസോഴ്സ്     അടക്കമുള്ള ഖനന - ഊര്‍ജ്ജ കമ്പനികള്‍  കൊള്ളയടിക്കുന്നത് .


കോര്‍ബയിലുള്ള അലുമിനിയം പ്ലാന്റ് കൂടാതെ  പരിസ്ഥിതി ദുര്‍ബല പ്രദേശമായ സര്‍ഗുജയില്‍ ഖനനത്തിനും പുതിയൊരു അലുമിനിയം പ്ലാന്റിനും കൂടി തയ്യാറെടുക്കുന്നുണ്ട് . ചത്തിസ് ഗഡ്  മുഖ്യമന്ത്രി  രമണ്‍ സിങ്ങിന്റെ മണ്ഡലമായ കബീര്‍ ധാമില്‍ ഖനനത്തിന്  സ്വകാര്യകമ്പനികള്‍ക്ക് അനൂവാദമില്ല , ഇത് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാത്രം സംവരണം ചെയ്യപ്പെട്ട ഭൂമിയാണ് പക്ഷെ സ്റ്റെര്‍ലൈറ്റിന് മാത്രം ഇതിനെല്ലാം സവിശേഷ അധികാരം സാധ്യമാകുന്നു .300000 മെട്രിക് ടണ്‍ ബോക്സൈറ്റാണ് ഓരോ വര്‍ഷവും കമ്പനി ഇവിടെ നിന്ന് ഖനനം ചെയ്തെടുക്കുന്നത് .ചത്തിസ് ഗഡിലെ .കോര്‍ബയിലുള്ള അലുമിനിയം പ്ലാന്റ് കൂടാതെ  പരിസ്ഥിതി ദുര്‍ബല പ്രദേശമായ സര്‍ഗുജയില്‍ ഖനനത്തിനും പുതിയൊരു അലുമിനിയം പ്ലാന്റിനും കൂടി വേദാന്ത തയ്യാറെടുത്തു കഴിഞ്ഞു . .

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു അതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളില്‍ നിന്നു വ്യത്യസ്ഥമായി കുറച്ച് പ്രത്യേകാവകാശങ്ങളുണ്ടാകാറുണ്ട് ,ഇതു പൊതു മേഖലാ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനായി മുമ്പെപ്പോഴോ രൂപീകരിച്ച ഒരു അലിഖിത നിയമമായിരിക്കണം . എന്തായാലും ഈയൊരു പ്രത്യേകാവകാശത്തിന്റെ ആനുകൂല്യം നേടിയെടുക്കാന്‍ ഏറ്റവുമധികം കഴിഞ്ഞത് വേദാന്തക്കു തന്നെയായിരിക്കണം  പൊതു മേഖലാ സ്ഥാപനങ്ങളായിരുന്ന .BALCO (Bharat Aluminium Company Ltd ) ,MALCO ( Madras Aluminium Company Ltd ) ,HZL (Hindustan ZIlnk Ltd )  എന്നീ സ്ഥാപനങ്ങള്‍ ഇപ്പോള്‍ വേദാന്തയുടെ കീഴിലാണ് .

ചത്തിസ് ഗഡ്  മുഖ്യമന്ത്രി  രമണ്‍ സിങ്ങിന്റെ മണ്ഡലമായ കബീര്‍ ധാമില്‍ ഖനനത്തിന്  സ്വകാര്യകമ്പനികള്‍ക്ക് അനൂവാദമില്ല , ഇത് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാത്രം സംവരണം ചെയ്യപ്പെട്ട ഭൂമിയാണ് പക്ഷെ വേദാന്തയുടെ   സ്റ്റെര്‍ലൈറ്റിന് മാത്രം ഇതിനെല്ലാം സവിശേഷ അധികാരം സാധ്യമാകുന്നു .300000 മെട്രിക് ടണ്‍ ബോക്സൈറ്റാണ് ഓരോ വര്‍ഷവും കമ്പനി ഇവിടെ നിന്ന് ഖനനം ചെയ്തെടുക്കുന്നത് .   പൊതുമേഖലാ സ്ഥാപനമായ ബാല്‍ക്കോക്കായിരുന്നു ഇവിടെ ഖനനത്തിനനുമതി ലഭിച്ചിരുന്നത് ,ബാല്‍ക്കൊ വേദാന്ത റിസോഴ്സ് ഏറ്റെടുത്തതിന് ശേഷം  സ്വകാര്യ മേഖലയായതിനാല്‍ സ്വാഭാവികമായും ആ കരാര്‍ റദ്ദാകേണ്ടതുമാണ്  ഇത് സര്‍ക്കാറിനറിയാത്ത സംഗതിയല്ല പക്ഷെ   വേദാന്തയുടെ ഇടനിലക്കാരായി അതിന്റെ കൂലി വാങ്ങുക എന്നത് മാത്രമാണ് ഭരണ പ്രതിപക്ഷ ഭേദമന്യെ സംസ്ഥാന രാഷ്ട്രീയക്കാരുടെ നയം .ബസ്തറും, മൈന്‍പറ്റും ‍ എല്ലാം വേദാന്ത റിസോഴ്സിന്റെ അധികാര പരിധിയിലാണ് .ചത്തിസ് ഗഡിലെ സിം ല എന്നറിയപ്പെടുന്ന മൈന്‍പറ്റിലെ പരിസ്ഥിതി താറ് മാറാക്കിക്കൊണ്ട് 5 ലക്ഷം മെട്രിക് ടണ്‍ ബോക്സൈറ്റ് ആണ് വേദാന്ത ഓരോ വര്‍ഷവും കുഴിച്ചെടുക്കുന്നത് .2009 സെപ്റ്റംബര്‍ 23 ന്  ചത്തിസ്ഗഡിലെ കോര്‍ബ ജില്ലയില്‍ വേദാന്തയുടെ അനുബന്ധ കമ്പനിയായ ബാല്‍ക്കൊ ക്ക് വേണ്ടി നിര്‍മ്മിച്ച് കൊണ്ടിരുന്ന ഒരു ചിമ്മിനി നിര്‍മ്മാണ വേളയില്‍ തകര്‍ന്ന് 46 പേര്‍ മരിക്കുകയും 100 കണക്കിന് തൊഴിലാളികള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു .റായ്പൂരിലെ  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) നടത്തിയ ഒരു പഠനത്തില്‍ ചിമ്മിനി നിര്‍മ്മാണത്തിനുപയോഗിച്ച വസ്തുക്കളുടെ മോശം ഗുണനിലവാരവും രൂപകല്പനയില്‍ വന്ന സാങ്കേതികമായ അനാസ്ഥയുമാണ് അപകടത്തിന്  കാരണമെന്ന് വിലയിരുത്തുന്നത്  .എന്നിട്ടും കമ്പനിക്കെതിരെ കാര്യമായ ഒരു നടപടിക്കും സര്‍ക്കാര്‍ തുനിഞ്ഞില്ല .സംസ്ഥാനത്തുടനീളം വ്യാപകമായ പരിസ്ഥിതി നാശവും , മനുഷ്യാവകാശ ലംഘനവും കമ്പനി നടത്തുന്നുണ്ടെന്നു  തദ്ദേശീയര്‍ നിരന്തരം പരാതിപ്പെട്ടിട്ടും  സംസ്ഥാന സര്‍ക്കാര്‍ വേദാന്തയെ പുതിയ പദ്ധതികള്‍ക്ക് ക്ഷണിക്കുകയാണ് ചെയ്യുന്നത് .

-----------------------------------------------------------------------------------------------------------------------------------------------------

അനുബന്ധം : ഇതില്‍ പരാമര്‍ശിച്ചിരിക്കുന്ന ഡാറ്റയും സ്റ്റാറ്റിസ്റ്റിക്സും 2010 വര്‍ഷത്തിലേതാണ് ,അതു കൊണ്ട് തന്നെ ലേഖനത്തിനു അനുബന്ധമായി ചേര്‍ക്കേണ്ടിയിരുന്ന സ്റ്റാറ്റിസ്റ്റിക്സ് & ഗ്രാഫ്  ചേര്‍ക്കുന്നത് അനുയോജ്യമല്ലാത്തത്  കൊണ്ട് ഒഴിവാക്കുകയാണ് .

Picture Courtesy - undp.org & Topnews.in


 നാളെ : മുദ്രണം ചെയ്യപ്പെടുന്ന പ്രതിഷേധങ്ങള്‍ .

പ്രതിഷേധങ്ങളെയും പ്രതിരോധങ്ങളെയും നിര്‍വീര്യമാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് വളരെ ലളിതമായ ഒരു മാര്‍ഗ്ഗമുണ്ട് - ഭരണകൂടത്തിനെതിരെയുള്ള ചോദ്യങ്ങളെയെല്ലാം രാജ്യത്തിന്റെ അഖണ്ടതക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന വ്യാജപ്രചരണങ്ങളിലൂടെ  അത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കുക .  പ്രതിഷേധങ്ങളുടെ ഒച്ചയടക്കുകയല്ല അതിന്റെ സ്രോതസ്സ് തന്നെ ഇല്ലാതാക്കുകയാണ് കൂടുതല്‍ എളുപ്പമെന്ന് അവര്‍ക്കറിയാം അതിന് ഉദാഹരണങ്ങള്‍ സൃഷ്ടിച്ച് കൊണ്ട് ഏത് നിമിഷവും നിങ്ങളും ഈ മുദ്രണത്തിന്റെ ഭാഗമാവാം എന്ന    ഭീതിയുടെ നിഴലില്‍ നിര്‍ത്തും   -ബിനായക് സെന്‍ ,ഹിമാംശു കുമാര്‍ ,പിയൂഷ് സേത്തിയ എന്നിങ്ങനെ ഈ അനീതികള്‍ക്കെതിരെ പ്രതികരിച്ചവരെല്ലാം ഇന്നു രാജ്യദ്രോഹികളാണ് , പ്രശസ്തരും അപ്രശസ്തരുമായ ഒരു പാട് പേരിങ്ങനെ രാജ്യദ്രോഹികളായിത്തീരുന്നുണ്ട് ,