Like

...........

Saturday 11 June 2011

ഭാഷാ മൌലിക വാദത്തിന്റെ പ്രതിസന്ധികള്‍


ആറുമലയാളിക്കു നൂറുമലയാളം
അരമലയാളിക്കുമൊരു മലയാളം
ഒരുമലയാളിക്കും മലയാളമില്ല"
കുഞ്ഞുണ്ണി മാഷ്

സംസ്കാരവും ഭാഷയും നിയന്ത്രിതമായ അതിര്‍ത്തിവരകള്‍ക്കുള്ളില്‍ ബന്ധിച്ചിടുകയും അന്യന്റേതിനെ ശത്രുവാക്കുന്ന നയം സ്വീകരിക്കുകയും ചെയ്യുന്ന സങ്കുചിതത്വമാണ് എല്ലാ കലഹങ്ങളുടെയും മൂലകാരണം . ഏതൊരു വിശ്വാസമാകട്ടെ സംസ്കാരമാകട്ടെ അതെത്ര തന്നെ ശ്രേഷ്ഠമായിരുന്നാലും അതു നിര്‍ബന്ധിതമാക്കുകയെന്ന നടപടിയിലൂടെ സ്വയം സങ്കുചിതമാവുക എന്ന പ്രക്രിയയ്ക്കാണ് നാന്ദി കുറിക്കുന്നത് . ഏതു നാട്ടില്‍ ചെന്നാലും അവിടത്തുകാരനാകുന്ന , ആ ഭാഷ സ്വായത്തമാക്കുന്ന , അവരുടെ സംസ്കാരം അനുകരിക്കുന്ന ഒരു ജീന്‍ മലയാളിയിലുണ്ട് അതു അതിജീവനത്തിന്റെ തത്വശാസ്ത്രമാണ് .


കഴിഞ്ഞ കുറെ ദിവസങ്ങളായി വമ്പിച്ച പ്രചരണ പരിപാടികളും സമരാഹ്വാനങ്ങളുമൊക്കെയായി സാംസ്കാരിക കേരളത്തില്‍ മലയാളം മുമ്പെങ്ങുമില്ലാത്ത വിധം വലിയ വിഷയമായിതീര്‍ന്നിരുന്നു . മലയാളം ഒന്നാം ഭാഷയായി സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കാനുള്ള ഒരു പദ്ധതിയെ തല്പര കക്ഷികള്‍ തുരങ്കം വെച്ചെന്നായിരുന്നു പ്രചരണം .എങ്ങും മലയാള ഭാഷാ പ്രേമികളുടെ ആഹ്വാനങ്ങള്‍ അരങ്ങു തകര്‍ത്തു , ഭാഷാപ്രേമം മൂത്ത് ആരെങ്കിലും ആത്മഹത്യ ചെയ്തെക്കുമെന്നു പോലും തോന്നിപ്പോയി , ഇപ്പോള്‍ മലയാ‍ളികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ സാംസ്കാരിക പ്രശ്നമാണ് മലയാള ഭാഷ നിര്‍ബന്ധമാക്കാത്തത് , നിര്‍ബന്ധമാക്കിയാലുടന്‍ തന്നെ ഭാഷ അതി ശക്തമായി തിരിച്ചു വരും !!! .

എങ്ങും വലിയ വൈകാരിക പ്രകടനങ്ങളായിരുന്നു . മലയാളം അമ്മയാണ് , അമ്മൂമ്മയാണ് എന്നു വേണ്ടാ ഇനി പറയാന്‍ ബാക്കിയൊന്നുമില്ല . മലയാളത്തെ പ്രാണനെക്കാള്‍ സ്നേഹിക്കുന്ന സാംസ്കാരിക നായകരുടെയും സാഹിത്യകാരന്മാരുടെയുമൊക്കെ നിരാഹാര ഭീഷണികളും പ്രക്ഷോഭാഹ്വാനങ്ങളും , അത് മനസ്സാവരിച്ചു കൊണ്ടു മലയാള ഭാഷാപ്രേമികള്‍ ഒന്നടങ്കമേറ്റെടുത്തതു കൊണ്ടു മലയാളം ഇപ്പോള്‍ ഒന്നാം ഭാഷയാണ് . ആനന്ദലബ്ദിക്കിനിയെന്തു വേണം ?

ഓ എന്‍ വി കുറുപ്പിന് നിരാഹാരം കിടക്കേണ്ടി വന്നില്ല , സുഗതകുമാരിയ്ക്കു മൃതപ്രായയായ അമ്മമലയാളത്തെക്കുറിച്ചു കവിതയെഴുതേണ്ടിയും വന്നില്ല അതിനു മുമ്പെ അബ്ദുറബ്ബ് തീരുമാനം മാറ്റി അല്ലെങ്കില്‍ തന്നെ മാപ്പള വിദ്യാഭ്യാസ മന്ത്രിമാരെ കേരളത്തിനത്ര പഥ്യമല്ല ആ ഒരു മോശപ്പേര് ഇനി കൂട്ടേണ്ടെന്ന് കരുതിയിട്ടാവും . പൂര്‍വ്വസൂരികളുടെ പുണ്യം അല്ലാതെന്താ പറയുക ? . മലയാളത്തിന്റെ പവിത്രത കളങ്കപ്പെടുത്താതിരിക്കാന്‍ ഓ എന്‍ വിയും സുഗതകുമാരിയുമടക്കമുള്ള ഭാഷാപ്രേമികള്‍ സ്വന്തം മക്കളെയും ചെറുമക്കളെയുമൊക്കെ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിപ്പിച്ചതും പഠിപ്പിക്കുന്നതും

ലോകഭക്ഷ്യ സുരക്ഷയ്ക്കായി ഇന്‍ഡ്യയടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളിലെ ദരിദ്ര ജനങ്ങള്‍ ഭക്ഷണം കുറക്കേണ്ടതുണ്ട് എന്ന അമേരിക്കയുടെ തിട്ടൂരം പോലെ മലയാള ഭാഷ നില നില്‍ക്കണമെങ്കില്‍ സര്‍ക്കാര്‍ സ്കൂളിലെ ദരിദ്ര നാരായണന്മാരുടെയും ഇടത്തരക്കാരുടെയും കുട്ടികള്‍ മലയാളം നിര്‍ബന്ധമായും ഒന്നാം ഭാഷയായി പഠിച്ചു അനുപാതം നില നിര്‍ത്തേണ്ടതുണ്ട് എന്നാണ് സാംസ്കാരിക മാടമ്പികളുടെ ഈ ആവശ്യം , കമ്പ്യൂട്ടര്‍ പഠനത്തിനായുള്ള സമയമാണ് മലയാള പഠനത്തിനായി മാറ്റിവെച്ചിട്ടുള്ളതെന്നറിയുന്നു ,സ്കൂളിലല്ലാതെ കമ്പ്യൂട്ടര്‍ കാണാത്ത ലക്ഷക്കണക്കിനു കുട്ടികള്‍ക്കാണ് ഈ പുത്തന്‍ നിയമം പ്രാവര്‍ത്തികമാവുക .ദരിദ്രന്മാര്‍ കൂടുതല്‍ ദരിദ്രരാവുകയും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയും ചെയ്യും എന്ന കാപ്പിറ്റലിസ്റ്റ് തത്വം പോലെ ബൂര്‍ഷ്വാ കുട്ടികള്‍ കൂടുതല്‍ ബൂര്‍ഷ്വകളാവുകയും കണ്ട്രികുട്ടികള്‍ കൂടുതല്‍ കണ്ട്രികളാവുകയും ചെയ്യും .

ഒന്നോ രണ്ടോ പിരീഡുകള്‍ മാതൃഭാഷയ്ക്കായി മാറ്റി വെക്കുന്നതിലെന്താണ് തെറ്റെന്നു ചോദിച്ചാല്‍ ഒരു തെറ്റുമില്ല . പക്ഷെ ഈ നിര്‍ബന്ധിത പഠനമെന്ന വാദം ഉയര്‍ത്തുന്നത് നാം ചിലപ്പോഴെങ്കിലും അസഹിഷ്ണുതയോടെ തമിഴനെയും മറാത്തിയെയും പരിഹസിച്ചു പോരുന്ന അതേ ഭാഷാ മൌലികവാദമാണ് എന്നുള്ളത് ഗൌരവമര്‍ഹിക്കുന്ന വസ്തുതയാണ് .അത്തരത്തിലുള്ള ഭാഷാ മൌലിക വാദം തന്നെയാണീ നിര്‍ബന്ധിത പഠിപ്പീര് - നവ നിര്‍മ്മാണ്‍ സേനയെയും പാണ്ടിയെയും തെറി പറഞ്ഞിട്ട് നമ്മളത് തുടരുന്നതിലൊരനൌചിത്യമുണ്ട് . മറാത്തി ഭാഷയ്ക്കു ഹിന്ദിയില്‍ നിന്ന് നേരിടുന്ന ഭീഷണി വലുതാണ് എന്നിട്ടും നവനിര്‍മ്മാണ്‍ സേന അത്തരമൊരു വാദഗതിയുന്നയിക്കുമ്പോള്‍ നമ്മള്‍ മൌലികവാദമായി കാണുന്നു . അതിലുപരി തമിഴനും മറാത്തിയുമെല്ലാം അവരുടെ ഭാഷാപ്രേമത്തിനപ്പുറത്തു ഒരു ദേശീയതാ വാദം ഉയര്‍ത്തുന്നുണ്ട് . തമിഴന്റെ, മറാത്തിയുടെ , തെലുങ്കന്റെ ഒക്കെ ഭാഷാപ്രേമത്തിന് അവരുടെ ദേശീയത എന്ന കടുത്ത കാരണമുണ്ട് നമ്മള്‍ മലയാളിക്കൊരു മലയാളി ദേശീയത അവകാശപ്പെടാനുണ്ടോ ? നമ്മള്‍ മലയാളികള്‍ ആഗോള ഉല്‍പ്പന്നങ്ങളാണ് .മലയാളികളെക്കുറിച്ച് പലരും പറഞ്ഞ് പഴകിയ ഒരു ഫലിതമുണ്ട് - ചന്ദ്രനില്‍ ചെന്നാലും അവിടെയൊരു മലയാളി കൈലി മുണ്ടും സാന്റോ ബനിയനുമിട്ട് ചായക്കട നടത്തുന്നുണ്ടാവുമെന്ന് , ലോകത്തിന്റെ ഏത് കോണിലും ഒരു മലയാളിയുണ്ട് , സംസ്കാരം , ഭാഷ ഇതെല്ലാം ഗൃഹാതുരതയോടെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നാടിന്റെ നന്മകളെക്കുറിച്ച് വാചാലനാവുന്ന ഒരു മലയാളി . ചിലപ്പോള്‍ അവന്‍ മല്ലു എന്ന് വിളിക്കപ്പെടുന്നു , ചിലയിടങ്ങളില്‍ അവന്‍ മലബാറിയാണ് , മറ്റ് ചിലരവനെ ‍ മദ്രാസ്സിയുമാക്കുന്നു .ഏതു നാട്ടില്‍ ചെന്നാലും മലയാളിയുടെ സ്വത്വം നില നില്‍ക്കുന്നത് സങ്കുചിതമാക്കാത്ത ഒരു സംസ്കാരം അവനില്‍ അവശേഷിക്കുന്നതു കൊണ്ടു കൂടിയാണ് .

ഫ്രാന്‍സും ചൈനയും ജപ്പാനുമെല്ലാം അവരുടെ ഭാഷയില്‍ തന്നെയാണ് സാങ്കേതിക വിദ്യാഭ്യാസം ചെയ്യുന്നല്ലോ പിന്നെയെന്തു കൊണ്ടു മലയാളിക്കായിക്കൂടാ എന്ന എന്ന താരതമ്യം യുക്തിരഹിതമായൊരു വാദഗതിയാണ് . സ്വയം പര്യാപ്തത സ്വപ്നം കാണാനല്ലാതെ അതിനുള്ള സ്രോതസ്സുകള്‍ ഉല്പാദിപ്പിച്ചെടുക്കാന്‍ പ്രാപ്തിയില്ലാത്ത ജനത ആന മുക്കുന്നത് കണ്ടു അണ്ണാന്‍ മുക്കുന്നത് പോലെയെ ആകൂ , ആഗോള വല്‍ക്കരണത്തിന്റെ സാഹചര്യങ്ങളും അവസ്ഥകളും സ്വയം പര്യാപ്തരല്ലാതെയാക്കി മാറ്റിയ ഒരു ജനതക്കു അതിജീവനം തന്നെയാണ് മുഖ്യം , അതിനാണവന്റെ പ്രയാണങ്ങളും പലായനങ്ങളും . അതിനിടയ്ക്കാണ് ഓടണ പശൂന്റെ കുണ്ടിക്കൊരു കുത്തെന്ന് പറഞ്ഞ കണക്കിനൊരു ഭാഷാപ്രേമം .


every action has an equal and opposite reaction എന്നു ന്യൂട്ടണ്‍ പറഞ്ഞത് ഭൌതിക ശാസ്ത്രത്തിനു മാത്രമല്ല എല്ലാ വിഷയങ്ങള്‍ക്കും ബാധകമാണ് .മലയാളം നിര്‍ബന്ധിത ഭാഷയാക്കിയതിന്റെ അനുരണനമെന്നോണം കര്‍ണ്ണാടകയില്‍ കന്നഡ നിര്‍ബന്ധിതമാക്കാന്‍ തുടങ്ങുന്നു . കര്‍ണാടകയില്‍ സ്ഥിര താമസമാക്കാന്‍ ഉദ്ദേശിക്കുന്ന അയല്‍ സംസ്ഥാനക്കാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ കന്നട പഠിക്കണമെന്ന് നിര്‍ദേശം. സര്‍ക്കാറിന് കീഴിലുള്ള കന്നട വികസന അതോറിറ്റിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഇതു നടപ്പിലായാല്‍ മലയാളികളടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ പ്രതിസന്ധിയിലാകും. കന്നട ഭാഷയെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ രൂപവത്കരിച്ചതാണ് കന്നട വികസന അതോറിറ്റി. ജോലി ആവശ്യവും മറ്റുമായി കര്‍ണാടകയിലെത്തുന്ന അയല്‍ സംസ്ഥാനക്കാര്‍ സ്ഥിരമായി താമസിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കന്നട എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണമെന്നും ഇത് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്നുമാണ് കന്നട വികസന അതോറിറ്റിയുടെ നിര്‍ദ്ദേശം . കാസര്‍ഗോടിനെ മലയാളം നിര്‍ബന്ധമാക്കുന്നതില്‍ നിന്നും ഒഴിവു നല്‍കണമെന്നു അവര്‍ ഇതോടൊപ്പം ആവശ്യപ്പെടുന്നുമുണ്ട് .

ഇനി തമിഴനും തെലുങ്കനും മറാത്തിയും എല്ലാം അവിടെ ജീവിക്കുന്ന എല്ലാവരും നിര്‍ബന്ധമായും തദ്ദേശ ഭാഷയും സാഹിത്യവും പഠിച്ചിരിക്കണമെന്നു കല്പന പുറപ്പെടുവിക്കട്ടെ ,അവിടെ കുടിപാര്‍ക്കുന്ന മലയാളി പരിഷകളെങ്ങനെ പ്രതിഷേധിക്കും ?. സംവരണമെന്നത് ഏതെങ്കിലും രീതിയില്‍ അവഗണന നേരിട്ടതു കൊണ്ട് അവശതയനുഭവിക്കുന്നവര്‍ക്കുള്ള സാമൂഹിക - സ്വാഭാവിക നീതി ആണ് . ഒരു പ്രദേശത്തിന്റെ , ഒരു ജനതയുടെ സംസാര - ഭാഷയോ സാഹിത്യ ഭാഷയോ ആയി നില നില്‍ക്കുന്ന ഒരു ഭാഷയ്ക്കു സംവരണം ആവശ്യമില്ല . അങ്ങനെ വേണമെന്നുള്ളത് തീര്‍ത്തും ഉപരിപ്ലവമായ വാദഗതിയാണ് .3 കോടി വരുന്ന ഒരു ജനതയുടെ ഭാഷയ്ക്കു എന്നിട്ടും അതിജീവിക്കാന്‍ സാധിക്കുന്നില്ല എന്നാണെങ്കില്‍ അതു അനിവാര്യമായ സ്വാഭാവിക മൃതി ആണെന്നു കരുതുകയാവും ന്യായം . അടിച്ചേല്‍പ്പിക്കുന്ന എന്തും കാലഹരണപ്പെട്ടു പോവുകയെ ഉള്ളൂ .എനിക്കിതു പറയാന്‍ അവകാശമുണ്ട് കാരണം ഞാന്‍ ഒന്നാം ഭാഷയായി മലയാളം പഠിക്കാത്ത ഒരാളാണ് എന്നിട്ടും എനിക്കു ഏതൊരു മലയാളം ബിരുദധാരിയെക്കാളും നന്നായി മലയാളം പ്രയോഗിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുള്ളത് സംവരണമില്ലാതെ , നിര്‍ബന്ധമില്ലാതെ തന്നെ ആ ഭാഷയെ സ്നേഹിക്കുന്നതു കൊണ്ടാണ് .

എല്ലാത്തരം മൌലികവാദങ്ങളും ആരംഭിക്കുന്നത് അവനവന്‍ വിശ്വസിക്കുന്ന ആശയത്തോടോ പ്രസ്ഥാനത്തോടൊ ഉള്ള തീവ്രമായ അഭിനിവേശമുള്ളതു കൊണ്ടാണ് . തന്റെ ഭാഷയെ സ്നേഹിക്കുന്നതില്‍ തെറ്റില്ല പക്ഷെ അതു നിര്‍ബന്ധിതമാക്കുന്നതിലൂടെ അതിന്റെ മഹത്വം അവിടെ ഇല്ലാതാകുന്നു .
73 comments:

 1. വേറെ യാതൊന്നും ചെയ്ത് പൊതുധാരയിൽ സജീവമാകാനുള്ള വഴികൾ കാണാൻ കഴിയാത്ത സാംസ്കാരിക കുണോത്തരന്മരുടെ സ്ഥിരം നമ്പരുകളിൽ ഒന്നുമാത്രമാണ് ഇടയ്ക്കിടെ പൊങ്ങിവരുന്ന ഈ മലയാള സ്നേഹം..

  ഇനി പ്രാക്ടിക്കൽ സെൻസിൽ പറയുകയാണെങ്കിൽ മലയാളം മീഡിയത്തിൽ പഠിച്ച കുട്ടികൾ സമൂഹത്തിൽ പിന്തള്ളപ്പെടുന്നു എന്നത് ഒരു സത്യം തന്നെയാണ്....ലോകഭാഷ ഇംഗ്ലീഷ് എന്നത് പോലെ ഇന്ത്യൻ ഒഫീഷ്യൽ ഭാഷയും ഇംഗ്ലീഷ് തന്നെയാണ്..അതറിയാത്തവൻ ചുറ്റിപ്പോകത്തേയുള്ളൂ,,,

  പ്രത്യേകിച്ചും പുലബന്ധം പോലുമില്ലാത്ത കുറെയേറെ സംസ്കാരങ്ങളും ഭാഷകളും ഉള്ള ഇന്ത്യയിൽ പൊതുഭാഷയായി ഇംഗ്ലീഷ് ഇല്ലായിരുന്നെങ്കിൽ ഈ ഭാഷാസ്നേഹികൾ എല്ലാം ശരിക്കും ബുദ്ധിമൂട്ടിയേനെ...

  പിന്നെ സ്ഥിരം ഇന്ത്യൻ രാഷ്ട്രീയ മുതലെടുപ്പുകളുടെ ഭാഗമാണ് മറാത്താവാദം തമിഴ്വാദം പോലുള്ള ഗിമ്മിക്കുകൾ എന്ന് ഇനിയും തിരിച്ചറിയാത്ത ജായ്ക്ക് ആസ് ജനങ്ങളാണ് ഇന്ത്യയെ ഇന്നും ദരിദ്രകർഷകന്റെ ചാളപ്പുരയായും വെസ്റ്റേൺ ജനതയുടെ ആട്ടുംതുപ്പും കൊണ്ട് കഴിയുന്ന നാലാംകിട രാജ്യമായും നിലനിർത്തുന്നത്..

  ReplyDelete
  Replies
  1. മുൻപ് കേരളത്തിൽ നാലാം തരം മുതൽ പത്താം തരം വരെ ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ടായിരുന്നു (ഇപ്പോൾ ഒന്നാം തരം മുതലും ).പഴയ കണക്കു വെച്ച് നോക്കിയാൽ ആകെ 200 പ്രവര്ത്തി ദിവസങ്ങൾ ഉണ്ട് .എല്ലാ ദിവസവും ഒരു പീരീഡ്‌ ഇംഗ്ലീഷ്
   പഠിപ്പിക്കുന്നു .അതായതു (7 വര്ഷക്കാലം 200 മണിക്കൂർ ) 1400 മണിക്കൂര്‍
   ഇംഗ്ലീഷ് പഠിച്ചിട്ടും 11-ലും 12ലും ചെല്ലുമ്പോള്‍ ഇംഗ്ലീഷ് സംസാരിക്കാനും
   തെറ്റ് കൂടാതെ എഴുതാനും സാധിക്കുന്നില്ലെങ്ങിൽ അതു പഠിപ്പിക്കലിന്റെ
   കുഴപ്പമാണ്. 1400 മണീക്കൂറ് കോച്ചിങ്ങിനു പോയാല്‍ ലോകത്തിലെ ഏതു ഭാഷയും
   പഠിക്കേണ്ടതാണ്. മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയും നിലവാരമുള്ള ഇംഗ്ലീഷ്
   അധ്യാപകരെ മുഴുവന്‍ ക്ലാസിലും വച്ചുകൊണ്ട് പ്രശ്നങ്ങള്‍ ഒരു പരിധിവരെ
   പരിഹരിക്കാം.ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ ,എഴുതാൻ,വായിക്കാൻ അതിനു മലയാളം
   സംസാരിക്കുന്ന ഒരു ജനതയെയും സംസ്കാരത്തെയും എന്തിനാണ് ഇല്ലാതാക്കുന്നത്?.

   Delete
 2. സത്യത്തില്‍ ഈ സാംസ്കാരികന്മാര്‍ നടത്തുന്ന പൊറാട്ടു നാടകത്തിന്മേല്‍ മറ്റുള്ളവരിത്ര കടിച്ചു തൂങ്ങുന്നതെന്തിന് ? ഓ എന്‍ വി സാറിന്റെ മക്കളെല്ലാം ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചത് .മകന്‍ ട്രിവാണ്ട്രത്തെ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും മകള്‍ കോട്ടണ്‍ ഹില്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലും .ചെറുമക്കളും പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലാണ് പഠിച്ചു കൊണ്ടിരിക്കുന്നത് .മലയാളത്തോടു അത്രയ്ക്കു പ്രിയമാണെങ്കില്‍ അവനവന്റെ പിള്ളേരെ പഠിപ്പിച്ചു മാതൃക കാണിക്ക് - ഈ ഹിപ്പോക്രാറ്റുകളാണ് നിരാഹാരം കിടക്കുമെന്നൊക്കെ ഭീഷണിപ്പെടുത്തുന്നത് - ആ ഭീഷണി കേട്ടാണ് സാംസ്കാരിക കേരളം പ്രക്ഷോഭാഹ്വാനങ്ങള്‍ ചെയ്യുന്നത് . നമ്മളെന്താ പാണ്ടിത്തമിഴന്മാര്‍ക്കു പഠിക്കുകയാണോ ?തമിഴ് ദേശീയ ഭാഷ ആക്കണമെന്നു പറഞ്ഞു മണ്ണെണ്ണ തലയില്‍ കമിഴ്ത്തി തീ കൊളുത്തിയ ടീംസ് ആണ് തമിഴ് നാട്ടില്‍ സാദാ സ്കൂളില്‍ പഠിച്ച ഒരൊറ്റ കുഞ്ഞിന് ഹിന്ദി അറിയില്ല , അവര്‍ക്കു തമിഴ് മാത്രമറിഞ്ഞാല്‍ മതി .  ഭരണ ഭാഷ മലയാളമാക്കണമെന്നു വാദിക്കുന്ന അതിതീവ്ര മലയാള സ്നേഹിതന്മാരോടു നാട്ടിലെ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ പോയി പഴയ മലയാള ഭരണ ഭാഷ വായിച്ചു മനസ്സിലാക്കാന്‍ നിങ്ങള്‍ക്കു സാധിക്കുമെന്ന് നിങ്ങള്‍ക്കുറപ്പുണ്ടെങ്കില്‍ നിങ്ങള്‍ വാദിക്കൂ , ഇത്രയ്ക്കു ആശയക്കുഴപ്പം നിറഞ്ഞ ശൈലി വേറെയില്ല - ഇംഗ്ലീഷാണെങ്കില്‍ അറിയുന്ന ആരോടെങ്കിലും ചോദിച്ചു മനസ്സിലാക്കാമെന്നു കരുതാം ഈ മലയാളം നമ്മളാരൊടു ചോദിക്കും ? മുന്‍ഷിമാര്‍ തന്നെ വേണമെന്നു തോന്നുന്നു . മലയാളം നിര്‍ബന്ധിതമാക്കാതെ തന്നെ മലയാളത്തെ സ്നേഹിക്കുന്ന ആളുകളുണ്ടാകട്ടെ , ആ മനോഭാവം സൃഷ്ടിക്കപ്പെടട്ടെ .

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. ഗ്ലോബലൈസേഷന്റെ വരവോടെയാണ് മൂന്നാം ലോകരാജ്യങ്ങളിലെ ചെറുഭാഷകളും സംസ്കാരങ്ങളും അധിനിവേശഭീഷണിയിലായത്.! സാംസ്കാരികവൈവിധ്യമെല്ലാം ശിഥിലമായി, ലോകം മുഴുവൻ പടിഞ്ഞാറിന്റെ മോണോ കൾച്ചറിലേയ്ക്ക് ചുരുങ്ങിവരുന്നത് നമുക്കിപ്പോൾ കണ്മുന്നിൽ കാണാം.! സാംസ്കാരികത്തനിമയുടെ അതിജീവനം നമ്മുടെ അടിയന്തിരപ്രശ്നമാണ്. അല്ലാതെ, വിഷ്ണു പറയുന്ന മൌലികവാദമോ ജാടയോ ഒന്നും ഇതിൽ അടങ്ങിയിട്ടില്ല..!

  ഭാഷയെ ഭാഷ മാത്രമായി മനസ്സിലാക്കുന്നതിലാണ് നമ്മുടെ തെറ്റെന്നു തോന്നുന്നു.! ഏതൊരു ഭാഷയും ഒരു തനതുസംസ്കാരത്തിന്റെ ഭാഗമാണല്ലോ.? ഓരോ നാടിന്റെ യും സാംസ്കാരികമായ തനിമ വംശനാശം വരാതെ നിലനിർത്തേണ്ടത് ഗ്ലോബലൈസേഷന്റെ കാലത്ത് ഒരത്യാവശ്യം തന്നെയാണ്. അല്ലെങ്കിൽ, കുറെ കഴിയുമ്പോൾ എല്ലാവരും സായിപ്പിനെപ്പോലെ തന്നെ പറയും, ചിന്തിക്കും..!! സാം സ്കാരികത്തനിമ നിലനിർത്താനാണ് ലോകത്തുള്ള എല്ലാ ജനതയും ഇപ്പോൾ, ശ്രമിക്കുന്നത്..! അതിനുവേണ്ടിത്തന്നെയാണ് സംസ്കാരത്തിന്റെ മുഖ്യവാഹനമായ തനതുഭാഷയുടെ പ്രോത്സാഹനത്തിൽ ശ്രദ്ധിക്കുന്നതും.! ഒരു പക്ഷേ, മലയാളി മാത്രമാണ് വാശിയോടെ സ്വന്തം സാംസ്കാരിക ചിഹ്നങ്ങളെ നിഷേധിക്കുന്നത്.! ഈ മനോഹരഭാഷയെ, സംസ്കാരത്തെ സംരക്ഷിച്ചു നിലനിർത്താൻ, നമ്മളല്ലാതെ മറ്റാരുണ്ട്..?

  മലയാളം ഒന്നാം ഭാഷയാകുന്നതോടെ, നിലവില്‍ ആഴ്ചയില്‍ ആറ് മണിക്കൂറിന്റെ മലയാള പഠനം ഏഴായി ഉയരും. പുതിയ പരിഷ്കാരം നടപ്പിൽ വന്നാൽ വരുന്ന ഏകമാറ്റം ഇതായിരിക്കെ, ഫലത്തിൽ ഒരു മാറ്റവുമുണ്ടാകാൻ പോകുന്നില്ല..! ഒന്നാം ഭാഷയോ, രണ്ടാം ഭാഷയോ ആയാലും മലയാളത്തെ സ്നേഹിക്കുന്നവർ പഠിപ്പിച്ചാലേ കുട്ടിയ്ക്കും ഭാഷയെപ്പറ്റിയും മലയാളസംസ്കാരത്തെപ്പറ്റിയും മതിപ്പുണ്ടാവൂ..! നിയമമല്ല, മലയാളിയുടെ മനോഭാവമാണ് മാറേണ്ടത്..! സായിപ്പിനോടുള്ള നമ്മുടെ അടിമമനോഭാവം ഭീകരമാണ്..! അഭിനന്ദനസൂചനമായി നമ്മളിപ്പോൾ ‘ഹാറ്റ്സ് ഓഫ്’ എന്നല്ലേ പറയൂ.? വിവരമുള്ളവർ അങ്ങനെയേ പറയാവൂ...! തൊപ്പിയുള്ള സായിപ്പ് അങ്ങനെ പറയുന്നതു മനസ്സിലാക്കാം. നമ്മുടെ സംസ്കാരത്തിലില്ലാത്ത ഒന്നിനെ ചുമ്മാ അനുകരിക്കുന്നതെന്തിനാണാവോ..?

  വ്യക്തിയുടെ ജീവിതവിജയത്തെപ്പറ്റിയും മത്സരത്തെപ്പറ്റിയും കരിയറിനെപ്പറ്റിയുമൊക്കെപ്പറഞ്ഞാണല്ലോ നമ്മൾ ഇംഗ്ലീഷിനെ പുണരുന്നത്..! പക്ഷേ, അതിനുമൊക്കെ അപ്പുറത്താണ് നാടിന്റെ സാംസ്കാരിക സവിശേഷതയുടെ പ്രാധാന്യം.! വേഗം കായ്ക്കുന്ന മരങ്ങളായി കുട്ടികളെ വളർത്തുന്നതിനിടയിൽ നമ്മളിതു മറന്നു പോകുന്നു.! തമിഴ് നാട്ടിലെ കുട്ടികളെ ശ്രദ്ധിക്കൂ..സിവിൽ സർവീസുൾപ്പെടെ ഏതു കരിയറിലും അവർ മലയാളികൾക്കു മുന്നിലാണ്.! പക്ഷേ, ഭാഷാസ്നേഹത്തിലും തമിഴ് സംസ്കാരത്തിലും അവർ അഭിമാനം കൊള്ളുന്നു. ക്യൂബൻ ജനതയിലും ഈ സവിശേഷത പ്രകടമാണ്..! മലയാളിയോ..? അവനു നല്ല തൊഴിലും പണവും കിട്ടിയാൽ പിന്നെ, ഭാഷയോ, സംസ്കാരമോ ഒക്കെ മറക്കും..വേണ്ടിവന്നാൽ വിൽക്കും..!

  ReplyDelete
 5. ജിഗീഷ് - ഞാനൊരു പക്ഷെ താങ്കളോളമോ താങ്കളെക്കാളുമൊക്കെയോ മലയാളമെന്ന ഭാഷയോട് അഭിനിവേശം ഉള്ള ആളാണ് . അതു കൊണ്ടു അതു നിര്‍ബന്ധിത ഒന്നാം ഭാഷയാക്കുന്നതിനോടു യോജിക്കാനാവില്ല - മലയാളം ഒന്നാം ഭാഷയാക്കുന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ ദരിദ്രരും ഇടത്തരക്കാരും പഠിക്കുന്ന സാധാരണ സ്റ്റേറ്റ് സിലബസിലുള്ള കുട്ടികളോടു ചെയ്യുന്ന വലിയ വിവേചനമാണ് . പാരമ്പര്യവും സാംസ്കാരിക തനിമയും പാവപ്പെട്ടവന്റെ ചിലവില്‍ നില നിന്നു കാണണമെന്ന ഹിപ്പോക്രസി എനിക്കു ബോധ്യപ്പെടുന്നില്ല .


  ആഗോള വല്‍ക്കരണം ഒരു യാഥാര്‍ത്ഥ്യമാണ് - സാംസ്കാരിക തനിമ കാല്പനികവും അല്ലെങ്കില്‍ ഒരു മിത്ത് എന്നു പറയാം - കാരണം മലയാളിയുടെ ഭാഷാ പാരമ്പര്യത്തിന്റെ പൈതൃകത്തിനു നാം എവിടേക്കു പോകും ? ദ്രാവിഡ തമിഴിന്റെയും ആര്യ സംസ്കൃതത്തിന്റെയും ഒരു മിക്സ് - നമ്പൂതിരിയുടെ , നായരുടെ , ഈഴവന്റെ , അരയന്റെ , പുലയന്റെ ഒക്കെ മലയാള ഭാഷയ്ക്കു എന്നാണ് ഒരു ഏകീകൃത രൂപമുണ്ടായത് ? ഇതില്‍ ഏതു സംസ്കാരത്തിന്റേതാണ് കൂടുതല്‍ തനിമ അവകാശപ്പെടാവുന്നത് ? എണ്ണയാട്ടു നായരുടെ ഭാഷയാവും കൂടുതല്‍ കേമമായി അംഗീകരിക്കപ്പെട്ടു പോന്നതെങ്കില്‍ അതെഴുത്തച്ഛന്റെ പ്രതിഭ അല്ലാതെന്തു പറയാന്‍ ? അതു കൊണ്ടു തന്നെയാണ് മലയാള ഭാഷയുടെ സാംസ്കാരിക തനിമ ഒരു മിത്താണെന്നു ഞാന്‍ പറയുന്നത് . ഈ കാല്പനികതയെ പുണരേണ്ടതു ദരിദ്രരുടെയും ഇടത്തരക്കാരുടെയും
  മാത്രം ബാധ്യതയാകുമ്പോള്‍ , അതേ നാട്ടില്‍ തന്നെ സെണ്ട്രല്‍ സിലബസ്സില്‍ പഠിച്ചു കൊണ്ടു വരുന്ന കുട്ടികള്‍ കൂടുതല്‍ മത്സര പ്രാവീണ്യം നേടുമ്പോള്‍ ഈ പറയുന്ന സാംസ്കാരിക തനിമയെന്ന വാദം ഉയര്‍ത്തുന്ന വിവേചനത്തിന്റെ തോതു അതിഭീകരമാ‍ണ് .

  ReplyDelete
 6. തമിഴന്റെ ഭാഷാ പ്രേമം അതിരു കടന്ന മൌലിക വാദമാകുന്നതും മറ്റുള്ളവയെ തിരസ്കരിക്കുന്നതും അവയെ ശത്രുതയോടെ കാണൂന്നതും അതിനു വേണ്ടി ആത്മഹത്യ ചെയ്യുന്നതും നമ്മള്‍ കണ്ടതാണ് . തമിഴ് ഭാഷാ വാദമെന്ന - ഭാഷാപ്രേമത്തിന്റെ പാരമ്യം തന്നെയാണ് അത് - ഇതില്‍ നിന്നെങ്ങനെയാണ് ഭാഷാ പ്രേമവും ഭാഷാ മൌലിക വാദവും തരം തിരിക്കുക ? അതിനു അതിര്‍ത്തി എവിടെ വരെയാകാം ?

  തമിഴ് ഭാഷാ വാദമെന്ന സങ്കുചിത വാദത്തിന്മേലാണ് ദ്രാവിഡ കക്ഷികളും നില നിന്നു പോരുന്നതു അതു വെറും ആളുകളെ പറ്റിക്കാനുള്ള നാടകമാണ് എന്നിപ്പോള്‍ തമിഴന്മാര്‍ക്കും ബോധ്യമായി വരുന്നെന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ എഡ്യുക്കേറ്റഡ് ആയ തമിഴ് ഗ്രൂപ്പുകളിലൊക്കെയുള്ള സംവാദങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും .നവ നിര്‍മ്മാണ്‍ സേനയും കന്നഡ സംസ്കാര സമിതിയുമെല്ലാം ഇതേ വാദമുന്നയിക്കുമ്പോള്‍ നമുക്കു പൊള്ളുകയും നമ്മള്‍ ചെയ്യുമ്പോള്‍ ആര്‍ത്തു വിളിച്ച് ആഘോഷിക്കുകയും ചെയ്യുന്നതെന്തു നീതിയാണ് ?

  ReplyDelete
 7. ഗോസായിമാർക്ക്‌ ഹിന്ദി പ്രേമം മൂത്ത്‌, ഹിന്ദി പഠിച്ചവർക്ക്‌ മാത്രം ഇന്ത്യയിൽ ജോലി, മറാഠി പഠിച്ചവർക്ക്‌ മുംബൈയിൽ ജോലി, തമിഴ്‌ പഠിച്ചവർക്ക്‌ ചെന്നൈയിൽ ജോലി... ഐ. ടി കൂലിക്കാരെ നിങ്ങൾ ബെംഗലൂർക്ക്‌ വണ്ടി കയറണ്ടാ. ഹ ഹ, എന്തൊരു ദേശിയത! പോയി പോയി, തിരോന്തരം സ്ലാങ്ങിൽ തന്നെ, സർക്കാർ കുറിപ്പുകൾ എഴുതണൊ, ആവൊ. വേഞ്ഞാറുമൂട്‌ സൂരജെ, പ്രണാമം!

  http://georos.blogspot.com/2009/11/blog-post.html

  ReplyDelete
  Replies
  1. മാതൃഭാഷയായ മലയാളം പഠിക്കാതെ തന്നെ ഒരാള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും ജോലി നേടാനും കഴിയുമെന്ന സ്ഥിതി കേരളത്തില്‍ മാത്രമാണുള്ളള്ളത് .തമിഴ്‌നാടും കര്‍ണാടകയും ആന്ധ്രയും ഉള്‍പ്പടെ എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സ്‌കൂള്‍ പഠനകാലത്ത് മാതൃഭാഷ നിര്‍ബന്ധിതമാണ്.സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ഔദ്യോഗികവും സാമൂഹികവും ഭരണപരവും സാമ്പത്തികവുമായ എല്ലാ ഇടപാടുകളിലും മലയാളത്തിന്റെ ഉപയോഗം നിര്‍ബന്ധിതമായിരിക്കാനുള്ള അവകാശം ഓരോ മലയാളിയുടെയും ജന്മവകാശമാണ് .മലയാള ഭാഷയിൽ പരിജ്ഞാനം ഇല്ലാത്തവർക്കും ഇനി സർക്കാർ സർവീസിൽ എത്താം എന്ന തീരുമാനം തികച്ചും അനവസരത്തിലുള്ളതായി പോയി.ഭരണ ഭാഷ മലയാള ഭാഷ ആചരിക്കുന്ന വർഷം തന്നെയാണ് ഇത്തരത്തിലുള്ള തെറ്റായ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇത്തരത്തിലുള്ള നിയമങ്ങളും ഉത്തരവുകളും ഇറക്കുന്നതിന്റെ പിന്നിൽ കേരളത്തിൽ ഒരു ഇംഗ്ലീഷ് അധിനിവേശ ലോബി ഉണ്ടെന്നുള്ളത് വാസ്തവമാണ്.അത് കൊണ്ടാണല്ലോ മലയാളം ഭാഷ യുടെ നിലനില്പിനായി പോരാടേണ്ടി വരുന്നത്. കോടതി ഭാഷ മലയാളമാക്കുന്നതിനെതിരെ ഒരു കൂട്ടം ആളുകള വേറെയും. മലയാളം നന്നായി എഴുതാനും വായിക്കാനും അറിയാത്തവർ എങ്ങനെയാണു സാധാരണ ജനങ്ങളോട് ഇടപെഴുകുന്നത്?പൊതു ജനത്തെ ഭരണത്തിൽ നിന്ന് അകറ്റി നിർത്താനുള്ള എളുപ്പ മാർഗമാണ് ഇംഗ്ലീഷിൽ ഉള്ള ഉത്തരവുകളും ഭരണവും. ഭരണഭാഷ മലയാളമാക്കി മാറ്റിയ സാഹചര്യത്തില്‍, മലയാളം പഠിക്കാത്തവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ എത്തിയാല്‍ ഫയലുകളില്‍ മലയാളത്തില്‍ കുറിപ്പ് എഴുതാനോ, മലയാളത്തിലെഴുതിയ കാര്യങ്ങള്‍ വായിച്ചു മനസിലാക്കാനോ പോലും കഴിയാതെ വരും.മലയാളം ഭരണ ഭാഷ എന്ന നിലയിലേക്ക് ഉയർത്തപെട്ടു കഴിഞ്ഞു.എന്നാൽ തീരുമാനം നടപ്പാക്കേണ്ട ഉദ്യോഗ വർഗ്ഗം ഇംഗ്ലീഷ് ഭരണം വിടാൻ മടിച്ചു നില്ക്കുകയാണ്.ഇംഗ്ലീഷിൽ എഴുതുന്നതും സംസാരിക്കുന്നതും ഇപ്പൊഴുമൊരു ദുരഭിമാനമായി കൊണ്ട് നടക്കുന്നു.ഭാരതീയരെ അടിമകളെന്നും ഭാരതീയ ഭാഷകളെ അടിമകളുടെ ഭാഷയെന്നും മുദ്ര കുത്തിയ ബ്രിറ്റിഷുകാരുടെ കാൽകീഴിൽ കിടക്കാനാണ് ചിലർക്ക് താല്പര്യം.ഈ കുട്ടി സായിപ്പുമാരുടെ ദേശ സ്നേഹം ഭയങ്കരം തന്നെ.കേരളത്തില്‍ 96 ശതമാനത്തിലധികംപേര്‍ മലയാളം മാതൃഭാഷയായുള്ളവരാണ്. കര്‍ണാടകത്തില്‍ 75 ഉം ആന്ധ്രയില്‍ 89 ഉം തമിഴ്‌നാട്ടില്‍ 83 ഉമാണ് അതത് സംസ്ഥാനഭാഷ മാതൃഭാഷയായുള്ളവര്‍. എന്നിട്ടും ഈ സംസ്ഥാനങ്ങിലൊക്കെ അതത് ഭാഷകള്‍ അറിഞ്ഞാലേ സര്‍ക്കാര്‍ ജോലി ലഭിക്കൂവെന്നാണ് നിയമം. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാഭ്യാസ കച്ചവടക്കാരുടെ ലോബിയുടെ സമ്മര്‍ദവും സര്‍ക്കാരിന്റെ തലതിരിഞ്ഞ ഈ തീരുമാനത്തിനു പിന്നില്‍ ഉള്ളതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.ഇത് തികച്ചും തെറ്റായ നടപടിയാണ്.പ്രതികരിക്കുക,പ്രതിഷേധിക്കുക
   malayalatthanima.blogspot.in

   Delete
 8. This comment has been removed by the author.

  ReplyDelete
 9. സുഹൃത്തേ താന്കള്‍ പറഞ്ഞ പ്രതിഷേധക്കാരുടെ പൊള്ളത്തരം നന്നായിട്ടുണ്ട് പക്ഷെ അവരുടെ ആവശ്യം ഒന്ന് അക്കമിട്ടു പറഞ്ഞിട്ട് ആണ് ഇവ വിവരിക്കുന്നതെന്കില്‍ കുറച്ചു കൂടി വിശ്വാസ്യത വരും എന്ന് തോന്നുന്നു...കാരണം ഓ എന്‍ വി അങ്ങനെ ചെയ്യുന്നു വെങ്കില്‍ എന്താണ് അയാള്‍ക്കുള്ള ന്യായീകരണം എന്നും അറിയേണ്ടതുണ്ട് ...കാരണം അദ്ദേഹം മലയാളത്തിന്റെ മഹാ കവികളില്‍ ഒരാള്‍ തന്നെയാണ്, എന്നുകരുതി അങ്ങേര ഈ പറഞ്ഞത് പോലെ മലയാള ഭാഷ ഒന്നാം ഭാഷയാക്കാന്‍ നിര്‍ബന്ധം പിടിക്കുകയും അതേസമയം കുട്ടികളെ ഇന്ഗ്ലീഷ്‌ മീഡിയം സ്കൂളില്‍ അയക്കുകയും ചെയ്‌താല്‍ ശരിയാണ് നമ്മള്‍ പാണ്ടി തമിഴിനു പഠിക്കുകയല്ല...അതെ സമയം ഇത്രയും കാലത്തെ ആ കവി സപര്യയെ മാനിച്ചു എന്താണ് അയാളുടെ അഭിപ്രായം എന്ന് വ്യക്തമാക്കാതെ ആ കവിയെ അപമാനിക്കരുത് എന്ന് കരുതുന്നത് ന്യായമാണ് എന്നും കരുതുന്നു...സുഗതകുമാരിയുടെ ആരാണ് ഇത്തരം മീഡിയത്തില്‍ എന്നും സൂചിപ്പിക്കെണ്ടതുണ്ട്...

  മാതൃ ഭാഷയില്‍ ആണ് പ്രൈമറി വിദ്യാഭ്യാസം പ്രാധാന്യം കൊടുക്കേണ്ടതെന്ന ഒരു ശരിയായ നിലപാടാണ് ലോകത്തെ വികസിത രാജ്യങ്ങളും വിദ്യാഭ്യാസ വിച്ചക്ഷനന്മാരും എടുക്കുന്നത്...അതിനര്‍ഥം മറ്റു ഭാഷകള്‍ പഠിക്കണ്ട എന്നല്ല..പ്രാധാന്യം മാത്രുഭാഷക്കാന്...കാരണം മാത്രുഭാശയിലൂടെ അവന്‍ സംസ്കാരം കൂടി ഉള്കൊല്ലുന്നുണ്ട്...അമ്പിളിമാമന്‍ എന്നാ ചന്ദ്രകള്‍ അവന്റെ മനസ്സില്‍ തീര്‍ക്കുന്ന ബഹുമുഖ വികാരങ്ങളും ചിന്തയും എല്ലാം കുഞ്ഞു മനസ്സുകളില്‍ സങ്കീര്‍ണമായ രാസപ്രക്രിയകള്‍ ആണ് സൃഷ്ടിക്കുന്നത്...അത് , ഒരു മലയാളി കുഞ്ഞിനു ഒരു മൂണ്‍ അങ്കിളിനു സൃഷ്ടിക്കാന്‍ കഴിയില്ല...തിരിച്ചും ഒരു സായ്പ്പ് കുഞ്ഞിനു അമ്ബിളിമാമാനും സൃഷ്ടിക്കാന്‍ കഴിയില്ല....
  ഇവയെല്ലാം കുട്ടിയുടെ മാനസിക നിലകളെ അടിസ്ഥാനമാകിയ പഠനങ്ങളിലൂടെ ഉരുതിരിയുന്നതാണ്...അതെ സമയം ഇന്ഗ്ലീഷ്‌ പോലുള്ള ലോക ഭാഷകലോടും നമ്മള്‍ നീതി പുലര്തിയെ പട്ടു...പോസ്റ്റില്‍ ചൂണ്ടിക്കാണിച്ച പലതും അര്‍ദ്ധവതുമാണ്....കത്തി കൊല്ലാന്‍ ഉപയോഗിക്കുന്നു എന്നാ കാരണത്താല്‍ നമ്മള്‍ അതുപെക്ഷിക്കാറില്ല പകരം കൊല ഉപേക്ഷിക്കാന്‍ പരയുകയനല്ലോ പതിവ്....അതുപോലെ ഇവിടെയും ശാസ്ത്രബോധതാല്‍ സംസാരിക്കാന്‍ നമുക്ക് കഴിയണം....

  ReplyDelete
 10. @കാക്കര - മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ മൌലിക വാദവും നമ്മള്‍ ചെയ്യുമ്പോള്‍ സാംസ്കാരിക തനിമയുടെ സംരക്ഷണവും ആകുന്നു എന്നതാണ് ചിലരുടെ വാദം . അതെത്രമാത്രം വിചിത്രവും വികലവുമായ വാദഗതിയാണ് .

  ReplyDelete
 11. മലയാളം ഒന്നാം ഭാഷയാക്കാത്തതുകൊണ്ട് ഇപ്പോൾ ആരും മലയാളം പഠിക്കുന്നില്ലെ എന്നൊരു സംശയം. ഇനി ഒന്നാം ഭാഷയാക്കിയാൽ തന്നെ എന്തോരം കൂടുതൽ ഭാശ പഠിക്കാൻ ആളെക്കിട്ടും എന്നും മനസ്സിലാകുന്നില്ല. മലയാളം ഒന്നാം ഭാഷയായാലും രണ്ടാം ഭാഷയായാലും സാംസ്കാരിക തനിമ വിട്ടുകളയാതെ പഠിക്കുക എന്നതാണ് അനുവർത്തിക്കേണ്ടത്. മലയാളം മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്ക് ഇംഗ്ലീഷ് പീരിയഡിലെ ക്ലാസ്സിൽ നിന്നുതന്നെ അത്യാവശ്യം വിനിമയത്തിനുള്ള ഇംഗ്ലീഷ് വശമാക്കാൻ കഴിയും. അതിനുള്ള അദ്ധ്യാപകർ വേണമെന്നു മാത്രം. 15 വർഷം മുമ്പ് പെരിങ്ങോട്ടുകര ഹൈസ്ക്കൂളിലെ കുട്ടികളുടെ ഒരു അഭിമുഖം ഉണ്ടായിരുന്നു. അതിൽ ആ സ്കൂളിലെ കുട്ടികൾ മലയാളം മീഡിയത്തിലായിരുന്നിട്ടും ഇംഗ്ലീഷ് ഭാഷ നന്നായി വശമുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. ഏതു മീഡിയത്തിലായാലും ഇംഗ്ലീഷ് പഠിക്കുന്നുണ്ടെങ്കിൽ അത് പ്രയോഗിക്കാനുള്ള പരിശീലനമാണ് സ്കൂളിൽ നിന്നും ലഭിക്കേണ്ടത്. നാട്ടുമ്പുറത്തുനിന്ന് ആ പരിചയം ലഭിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്.

  ReplyDelete
 12. "മലയാളം മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്ക് ഇംഗ്ലീഷ് പീരിയഡിലെ ക്ലാസ്സിൽ നിന്നുതന്നെ അത്യാവശ്യം വിനിമയത്തിനുള്ള ഇംഗ്ലീഷ് വശമാക്കാൻ കഴിയും"

  ഇത് ലഭിച്ചിരുന്നുവെങ്ങിൽ ഇംഗ്ലീഷ് മീഡിയം കൂണുപോലെ മുള്യ്ക്കുമായിരുന്നില്ല...

  ReplyDelete
 13. വര്‍ക്കേഴ്സ് ഫോറത്തിന്റെ ഈ

  മലയാളത്തിന്റെ 'പീരിയേട്' ഇനിയും ആയില്ല ! ലേഖനത്തില്‍ നിന്ന് പുതിയ ചില സംഗതികള്‍ മനസിലാക്കാം.

  മാതൃഭാഷയിലൂടെയാണ് എപ്പോഴും വിദ്യാഭ്യാസം തുടങ്ങേണ്ടത്. കാരണം ഒരു കുട്ടി ഫോര്‍മല്‍ വിദ്യാഭ്യാസത്തിന്, ആറാമത്തെ വയസില്‍ സുക്കൂളില്‍ എത്തുന്നതിന് എത്രയോ മുന്‍പ് അതു വിദ്യാഭ്യാസം തുടങ്ങുന്നു,അത് അതിന്റെ രക്ഷകര്‍ത്താക്കളുടെ ഭാഷയില്‍ തന്നെയാണ്.

  മലയാളത്തില്‍ അത്യാവശ്യം ഇംഗ്ലീഷൊക്കെ അറിയാവുന്ന മാതാപിതാക്കള്‍ക്കും ഇംഗ്ലീഷ് അത്ര സംസാരഭാഷയായി വരാറൂണ്ടോ ഭൂര്‍പക്ഷത്തിനും ഇല്ല. അപ്പോള്‍ ഈ മലയാളത്തില്‍ ചിന്തിക്കാന്‍ തുടങ്ങുന്ന (ഭാഷ കേവലം ഭാഷ്മാത്രമല്ല അതു മനസും ചിന്തയുമാണ്) കുട്ടികള്‍ക്ക് ആദ്യവര്‍ഷങ്ങളില്‍ മലയാളത്തില്‍ തന്നെ വിദ്യകൊടുക്കണം.

  രക്ഷകര്‍ത്താക്കളുടെ അടുത്തു നിന്ന് ആദ്യം ഇംഗ്ലീഷില്‍ പഠിച്ച കുട്ടികള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പോകണം. മുകളീല്‍ പറഞ്ഞതുപോലെ ഇതിനു യൊഗ്യരായ കുട്ടികള്‍ വളരെ ചുരുക്കമാണ് കേരളത്തില്‍.

  ഇതാണ് മലയാളം ഒന്നാം ഭാഷയാകണമെന്നുള്ള വിദ്യാഭ്യാസ മനശാസ്ത്രയുക്തി.

  ReplyDelete
 14. കാക്കരെ,
  വെറുതെ വിവരക്കേട് വിളിച്ചു പറയല്ലെ. ഗ്രന്റ്മാസ്റ്റർ പ്രദീപ് പറയുന്നത്, 300 ഇംഗ്ലീഷ് വാക്കുകളുടെ പരിചയം കൊണ്ടുതന്നെ ഒരാൾക്ക് അത്യാവശ്യം കാര്യങ്ങൾ ഇംഗ്ല്ലിഷിൽ തന്നെ വിനിമയം നടത്താം എന്നാണ്. പക്ഷെ അത് പരിശീലിപ്പിക്കാനുള്ള ആളുകൾ (അദ്ധ്യപകർ എന്നു ഞാൻ പറയുന്നില്ല) വേണം. വിദ്യ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ഒരു സംസ്കാരമല്ലെ ഇപ്പോഴുള്ളത്. അതിന്റെ ഫലം അനുഭവിക്കണ്ടെ.

  ReplyDelete
 15. ഒരാൾ ചിന്തിക്കുന്നത് അവന്റെ മാതൃഭാഷയിലാണ്. പിന്നീട് അത് മറ്റുഭാഷയിലേക്ക് മനസ്സിൽ തർജ്ജമ ചെയ്യുകയാണ് ചെയ്യുന്നത്. ഇന്ന് മാതൃഭാഷയെന്നാൽ ചെറുപ്പത്തിൽ കേട്ടുവളരുന്ന ഭാഷ എന്ന് എടുത്താൽ മതി. സർട്ടിഫിക്കറ്റിലെ ജന്മനാടിന്റെ ഭാഷയാവണം എന്നില്ല.

  ReplyDelete
 16. പാർത്ഥൻ... എനിക്കൊന്നും മനസ്സിലായില്ല... വിവരക്കേട് എന്താണ് എന്ന് വിശദികരിച്ചാൽ കൊള്ളാം...

  ReplyDelete
 17. കാക്കരെ,
  ദാ താങ്കൾ പറഞ്ഞതു തന്നെ. ബോൾഡാക്കിയത്.
  ---------------------
  പീരിയഡിലെ ക്ലാസ്സിൽ നിന്നുതന്നെ അത്യാവശ്യം വിനിമയത്തിനുള്ള ഇംഗ്ലീഷ് വശമാക്കാൻ കഴിയും"

  ഇത് ലഭിച്ചിരുന്നുവെങ്ങിൽ ഇംഗ്ലീഷ് മീഡിയം കൂണുപോലെ മുള്യ്ക്കുമായിരുന്നില്ല.
  -------------------------
  ഇംഗ്ലീഷ് മീഡിയം ഇല്ലാതിരുന്ന കാലത്ത് പഠിച്ച് ഇംഗ്ലീഷിൽ സംസാരിച്ചിരുന്ന ആളുകളുടെ അത്ര, ഇന്നത്തെ നാട്ടിലെ ഇംഗ്ല്ലിഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടികൾക്ക് ഇംഗ്ലീഷിൽ സംസാരിക്കാൻ കഴിയുന്നില്ല. കൂണുപോലെ മുളച്ചതുകൊണ്ട് കച്ചവടം നടക്കുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്ക് ഇത്തിരി ആനുകൂല്യത്തോടെയും. അല്ലാതെ കുട്ടികൾ ഇംഗ്ലീഷിൽ തന്നെ അപ്പിയിടീക്കുന്ന പഠിപ്പ് എവിടെയും കാണാനില്ല.

  ReplyDelete
 18. മാതൃഭാഷയാണ് ഒരു സമൂഹത്തിന്റെ ജീവശ്വാസം. ഭാഷ കേവലം ആശയവിനിമയ ഉപാധി മാത്രമല്ല. അത് സംസ്കാരത്തെക്കൂടെ ഉള്‍ക്കൊള്ളുന്നതാണ്. പഠനമാധ്യമം എന്ന നിലയില്‍ നിന്ന് മലയാളം പടിയിറക്കപ്പെട്ടു തുടങ്ങുന്നത് ആശങ്ക ജനിപ്പിക്കുന്നത് അതുകൊണ്ട് കൂടെയാണ്. കാരണം ഇത് വരാനിരിക്കുന്ന ആപത്തിന്‍റെ ചൂണ്ടുപലക മാത്രമാണ്. മലയാളം മാത്രമറിയുന്ന ഒരാള്‍ക്ക് നമ്മുടെ നാട്ടില്‍ സര്‍ക്കാര്‍ ബസ്സിലെ ടിക്കറ്റോ മാവേലി സ്റ്റോറിലെ ബില്ലോ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയില്ല എന്നത് ഒരു തരത്തില്‍ കടുത്ത അനീതി തന്നെയല്ലെ?

  പ്രഥമഭാഷ എന്ന ഒരു സ്ഥാനം മാത്രം പുതുതായി വരുന്നത് പോലും പ്രധാനമാണ്. മറ്റൊന്നിനേക്കാള്‍ കീഴെ നില്‍ക്കേണ്ടതല്ല നമ്മുടെ മാതൃഭാഷ. കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിയ്ക്കണം എന്നതിനെ എതിര്‍ക്കുന്നത് എന്തിന്റെ പേരിലായാലും അംഗീകരിക്കാനാകില്ല. കാരണം ഭാഷയും സംസ്കാരവും പഠിയ്ക്കാനുള്ള അവകാശം ഒരു ജനതയ്ക്ക് മൌലികം തന്നെയാണ്.

  പ്രഥമഭാഷ എന്ന സ്ഥാനം കൊണ്ട് എല്ലാം ശരിയാകുന്നില്ല, എന്നാല്‍ അത് ഒരു സന്ദേശം ഉള്‍ക്കൊള്ളുന്നുണ്ട് അത് വളരെ പ്രധാനമാണ്. ഇക്കഴിഞ്ഞ കാലങ്ങളില്‍ നാം പുറകോട്ട് പോയദൂരം മുന്നോട്ടെത്തേണ്ടതുണ്ട്, അതിലേക്കുള്ള തുടക്കമായി മാത്രം ഈ നീക്കത്തെ കണ്ടാല്‍ മതി.

  വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല ഭരണരംഗത്തും കോടതിയിലും മാതൃഭാഷയ്ക്ക് പരിഗണന ഇല്ലാത്ത അവസ്ഥയും മാറേണ്ടതുണ്ട്. എല്ലാത്തിലുമുപരിയായി ജനതയുടെ ചിന്തയില്‍ സമൂലയായ പരിവര്‍ത്തനവും ആവശ്യമാണ്. ഇന്ന് നമുക്ക് ഈ ചര്‍ച്ച നമ്മുടെ മാതൃഭാഷയില്‍ ഈ ഉത്തരാധുനികമാധ്യമത്തില്‍ സാധ്യമാകുന്നു, പന്ത്രണ്ടാം നൂറ്റാണ്ടൊടുവില്‍ ചാണക് യന്റെ അര്‍ത്ഥശാസ്ത്രമെന്ന സാമ്പത്തിക-ഭരണ ശാസ്ത്ര കൃതി ഭാഷാകൌടലീയമെന്ന പേരില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടതു ഈ ഭാഷയിലേക്കാണ്. അപ്പോ നമ്മുടെ മാതൃഭാഷയ്ക്ക് സമ്പന്നമായ ഒരു ഭൂതകാലമുണ്ട് അതുപോലെ ഒരു ഭാവിയും നമുക്ക് നേടിയെടുക്കാം.

  'ഭാഷ' എന്ന് വാ തുറന്നാല്‍ 'മൌലികവാദം' എന്ന് എതിര്‍വാദമുയര്‍ത്തുന്നവരോട് ഒരു വാക്ക്. നമ്മള്‍ ഒരു ഭാഷയ്ക്കും എതിരല്ല. ഏതു വേണമെങ്കിലും പഠിയ്ക്കാം പ്രയോഗിക്കാം. പക്ഷേ അത് മാതൃഭാഷയെ മാറ്റി നിര്‍ത്തിക്കൊണ്ടാകരുത് എന്നു മാത്രം.

  ReplyDelete
 19. @രഞ്ചിത്ത് - ഓ എന്‍ വിയുടെയോ സുഗത കുമാരിയുടെയോ മക്കളെ അവര്‍ക്കു എവിടെ വേണമെങ്കിലും പഠിപ്പിക്കാം അതിലൊരു തെറ്റുമില്ല , അതെല്ലാം വ്യക്തിതാല്പര്യമാണ് അതില്‍ എനിക്കൊരു എതിരഭിപ്രായവുമില്ല പക്ഷെ അങ്ങനെയുള്ള ഒരാള്‍ മലയാളം വരും തലമുറക്കു നിര്‍ബന്ധിതമാക്കുന്നതിനു വേണ്ടി പോരാടുന്നതൊക്കെ അല്പം കടന്ന കൈയ്യായിപോവില്ലെ ? അത്രയെ ഞാനുദ്ദേശിച്ചുള്ളൂ . ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒരഭിമുഖത്തില്‍ പറയുകയുണ്ടായി മകനെ മലയാളം മീഡിയത്തില്‍ പഠിപ്പിച്ചത് തെറ്റായി പോയി എന്നു ഇപ്പോഴത്തെ സാഹചര്യത്തില്‍ തോന്നുന്നു എന്നു - മലയാളം കവികളും എഴുത്തുകാരും അവരുടെ ആദര്‍ശത്തിനു മക്കളെ പരീക്ഷണ വസ്തുക്കളാക്കണമെന്നതിനോടൊന്നും യോജിപ്പില്ല .

  .മലയാളം ഒരു നിര്‍ബന്ധിത ഒന്നാം ഭാഷയാക്കിയില്ലെങ്കില്‍ നമ്മുടെ ബാല്യത്തിലെ ഗൃഹാതുരത്വമുണര്‍ത്തുന്ന കാഴ്ചകളെല്ലാം നഷ്ടപ്പെട്ടു പോകുമെന്നു പറയുന്നതിലെ യുക്തി എനിക്കു മനസ്സിലാകുന്നില്ല .മലയാളം ഒന്നാം ഭാഷയാക്കുന്നതു പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്കാണ് , ഈ കുട്ടികള്‍ മലയാളമറിയാത്ത ‘മലയാലികല്‍ ‘ ഒന്നുമല്ല , അവരുടെ ചുറ്റുപാടുകളും സാഹചര്യങ്ങളും മാതാ പിതാക്കന്മാരും എല്ലാം മലയാള ഭാഷയില്‍ തന്നെ സംവേദനം ചെയ്യുന്നവരാണ് . ഈ കുട്ടികള്‍ക്കു ഒന്നോ രണ്ടോ പിരീഡ് കൂടുതല്‍ പഠിപ്പിക്കുന്നതിലൂടെ അവരുടെ മലയാളത്തിനു ഗുണപരമാ‍യ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്നൊന്നും ധരിക്കരുത് . ഭാഷ - എഴുതാനും വായിക്കാനും ആശയവിനിമയം ചെയ്യാനുമുള്ള ഉപാധിയാണ് - അതു സാമാന്യ വിദ്യാഭ്യാസം കൊണ്ടു നേടാവുന്നതുമാണ് പ്രത്യേകിച്ചു നമ്മുടെ ചുറ്റുപാടും എപ്പോഴും ഉപയോഗിക്കുന്ന ഒരു ഭാഷ കൂടിയാകുമ്പോള്‍ അതിനൊരു സംവരണം ആവശ്യമുണ്ടോ ? അതല്ല മലയാളം ആശയ വിനിമയമെന്നതിലുപരി വ്യകരണവും സാഹിത്യവുമെല്ലാം ആണു ഉദ്ദേശിക്കുന്നതെങ്കില്‍ വ്യാകരണം പഠിച്ചിട്ടു മുന്‍ഷിമാര്‍ക്കല്ലാതെ ആര്‍ക്കാണ് ഗുണം ? സാഹിത്യം താല്പര്യമില്ലാത്തവനെ തല്ലിപ്പഠിപ്പിക്കാനൊക്കില്ലല്ലോ എഴുതാനും വായിക്കാനും അറിയാവുന്നവര്‍ താല്പര്യമുണ്ടെങ്കില്‍ സാഹിത്യമെല്ലാം സ്വയം മനസ്സിലാക്കിക്കോളും ..

  ReplyDelete
 20. പാർത്ഥൻ... ഇംഗ്ലീഷ് മീഡിയം ഇല്ലാതിരുന്ന കാലത്തെ കാര്യമൊക്കെ വിട്... ഇംഗ്ലീഷ് മീഡിയവും മലയാള മീഡിയവും ഉള്ള കാലത്ത് മലയാള മീഡിയത്തിൽ 10 വരെ പഠിക്കുന്ന കുട്ടികളിൽ വളരെ നല്ല നിലയിൽ പഠിക്കുന്ന കുറച്ച് ശതമാനം കുട്ടികളെ മാറ്റി നിറുത്തിയാൽ എത്ര കുട്ടികൾക്ക് ഇംഗ്ലീഷ് വായിച്ച് അർത്ഥം ഗ്രഹിച്ച് സ്വന്തമായി 10 വാചകങ്ങൾ എഴുതുവാൻ സാധിക്കും... സംസാരമൊക്കെ പിന്നത്തെ കാര്യം...

  ഇത് മനസ്സിലാക്കിയ മാതാപിതാക്കൾ സ്വന്തം കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിൽ ചേർക്കുന്നു... അത് അപ്പിയിടാനാണോ എന്നൊക്കെ പൈസ മുടക്കി വിടുന്നവർക്ക് വിടുക...

  ReplyDelete
 21. ആത്മന്‍ എന്ന ബ്ലോഗര്‍ http://www.blogger.com/profile/03823004705789600502 . ഈ ബ്ലോഗില്‍ ഇട്ട അഭിപ്രായമാണ് താഴെക്കൊടുക്കുന്നത് . എന്തോ സാങ്കേതിക കാരണങ്ങളാല്‍ അതു ബ്ലോഗില്‍ പ്രസിദ്ധീകൃതമായില്ല എങ്കിലും അത് എന്റെ മെയിലില്‍ ലഭിച്ചിരുന്നു .മൂപ്പര്‍ അതു സ്വയം ഡിലീറ്റ് ചെയ്തതല്ല എന്ന വിശ്വാസത്തിലും എതിരഭിപ്രായമായതു കൊണ്ടു ഞാന്‍ മനപ്പൂര്‍വ്വം പ്രസിദ്ധീകരിക്കാത്തതാകുമോ എന്ന തെറ്റിദ്ധാരണയുണ്ടാവാതിരിക്കാനും കൂടിയാണ് ഇതിവിടെ റീപോസ്റ്റ് ചെയ്യുന്നത് . . ഒരു മലയാള അധ്യാപകനും മലയാള ഭാഷയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന [പ്രൊഫൈലില്‍ നിന്നും ഊഹിച്ചത് , ശരിയാകാനാണ് സാധ്യത ] ഒരാളുമെന്ന നിലയ്ക്കു അദ്ദേഹത്തിന്റെ അഭിപ്രായം വളരെ പ്രധാനപ്പെട്ടതാണ് എന്നു കരുതുന്നു . മറുപടികള്‍ സമയവും സന്ദര്‍ഭവും അനുവദിക്കുന്നതിനനുസരിച്ച് :) .


  ആത്മന്‍ said...

  മാതൃഭാഷയാണ് ഒരു സമൂഹത്തിന്റെ ജീവശ്വാസം. ഭാഷ കേവലം ആശയവിനിമയ ഉപാധി മാത്രമല്ല. അത് സംസ്കാരത്തെക്കൂടെ ഉള്‍ക്കൊള്ളുന്നതാണ്. പഠനമാധ്യമം എന്ന നിലയില്‍ നിന്ന് മലയാളം പടിയിറക്കപ്പെട്ടു തുടങ്ങുന്നത് ആശങ്ക ജനിപ്പിക്കുന്നത് അതുകൊണ്ട് കൂടെയാണ്. കാരണം ഇത് വരാനിരിക്കുന്ന ആപത്തിന്‍റെ ചൂണ്ടുപലക മാത്രമാണ്. മലയാളം മാത്രമറിയുന്ന ഒരാള്‍ക്ക് നമ്മുടെ നാട്ടില്‍ സര്‍ക്കാര്‍ ബസ്സിലെ ടിക്കറ്റോ മാവേലി സ്റ്റോറിലെ ബില്ലോ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയില്ല എന്നത് ഒരു തരത്തില്‍ കടുത്ത അനീതി തന്നെയല്ലെ?

  പ്രഥമഭാഷ എന്ന ഒരു സ്ഥാനം മാത്രം പുതുതായി വരുന്നത് പോലും പ്രധാനമാണ്. മറ്റൊന്നിനേക്കാള്‍ കീഴെ നില്‍ക്കേണ്ടതല്ല നമ്മുടെ മാതൃഭാഷ. കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിയ്ക്കണം എന്നതിനെ എതിര്‍ക്കുന്നത് എന്തിന്റെ പേരിലായാലും അംഗീകരിക്കാനാകില്ല. കാരണം ഭാഷയും സംസ്കാരവും പഠിയ്ക്കാനുള്ള അവകാശം ഒരു ജനതയ്ക്ക് മൌലികം തന്നെയാണ്.

  പ്രഥമഭാഷ എന്ന സ്ഥാനം കൊണ്ട് എല്ലാം ശരിയാകുന്നില്ല, എന്നാല്‍ അത് ഒരു സന്ദേശം ഉള്‍ക്കൊള്ളുന്നുണ്ട് അത് വളരെ പ്രധാനമാണ്. ഇക്കഴിഞ്ഞ കാലങ്ങളില്‍ നാം പുറകോട്ട് പോയദൂരം മുന്നോട്ടെത്തേണ്ടതുണ്ട്, അതിലേക്കുള്ള തുടക്കമായി മാത്രം ഈ നീക്കത്തെ കണ്ടാല്‍ മതി.

  വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല ഭരണരംഗത്തും കോടതിയിലും മാതൃഭാഷയ്ക്ക് പരിഗണന ഇല്ലാത്ത അവസ്ഥയും മാറേണ്ടതുണ്ട്. എല്ലാത്തിലുമുപരിയായി ജനതയുടെ ചിന്തയില്‍ സമൂലയായ പരിവര്‍ത്തനവും ആവശ്യമാണ്. ഇന്ന് നമുക്ക് ഈ ചര്‍ച്ച നമ്മുടെ മാതൃഭാഷയില്‍ ഈ ഉത്തരാധുനികമാധ്യമത്തില്‍ സാധ്യമാകുന്നു, പന്ത്രണ്ടാം നൂറ്റാണ്ടൊടുവില്‍ ചാണക് യന്റെ അര്‍ത്ഥശാസ്ത്രമെന്ന സാമ്പത്തിക-ഭരണ ശാസ്ത്ര കൃതി ഭാഷാകൌടലീയമെന്ന പേരില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടതു ഈ ഭാഷയിലേക്കാണ്. അപ്പോ നമ്മുടെ മാതൃഭാഷയ്ക്ക് സമ്പന്നമായ ഒരു ഭൂതകാലമുണ്ട് അതുപോലെ ഒരു ഭാവിയും നമുക്ക് നേടിയെടുക്കാം.

  'ഭാഷ' എന്ന് വാ തുറന്നാല്‍ 'മൌലികവാദം' എന്ന് എതിര്‍വാദമുയര്‍ത്തുന്നവരോട് ഒരു വാക്ക്. നമ്മള്‍ ഒരു ഭാഷയ്ക്കും എതിരല്ല. ഏതു വേണമെങ്കിലും പഠിയ്ക്കാം പ്രയോഗിക്കാം. പക്ഷേ അത് മാതൃഭാഷയെ മാറ്റി നിര്‍ത്തിക്കൊണ്ടാകരുത് എന്നു മാത്രം.

  ReplyDelete
  Replies
  1. യു.പി.എസ്.സി. സിവിൽ സർവീസ് പരീക്ഷയിൽ മലയാളത്തിൽ എഴുതാനും മലയാളത്തിൽ അഭിമുഖം നേരിടാനുമുള്ള അവസരമുണ്ട് പരീക്ഷ എഴുതുന്ന വ്യക്തിക്ക് തീരുമാനം എടുക്കാം തനിക്കു ഏതു ഭാഷയിൽ എഴുതണമെന്നത് ..പക്ഷെ കേരളത്തിലെ അവസ്ഥ എന്താണ്?..... .മലയാളത്തിൽ പരീക്ഷ/അഭിമുഖം നടത്താൻ സാധിക്കുന്നുണ്ടോ ?കേരളത്തിൽ സർവകലാശാലകളിലും പി എസ് സി യിലും എല്ലാം ഇംഗ്ലീഷിൽ മാത്രം അഭിമുഖം നടത്തുന്നു .ഭരണഘടനയുടെ പതിനാലാം വകുപ്പ്‌ (സമത്വത്തിനുള്ള അവകാശം) ഉറപ്പുനല്‍കുന്ന തുല്യ അവസരം എന്ന സങ്കല്‍പ്പത്തിന്‌ നിരക്കാത്തതാണ്‌ ഭാഷയുടെ പേരിലുള്ള ഈ വിവേചനം.ഭാരതത്തിലെ ഉയര്ന്ന തലങ്ങളിലെ ഉദ്യോഗസ്ഥന്മാരെ തെരഞ്ഞെടുക്കാനുള്ള പരീക്ഷ/അഭിമുഖം പ്രാദേശിക ഭാഷയിൽ നേരിടാൻ സാധിക്കുമെങ്കിൽ എന്ത് കൊണ്ട് പ്രാദേശികമായി നടത്തുന്ന പരീക്ഷകൾ /അഭിമുഖങ്ങൾ എന്നിവയ്ക്ക് മാതൃഭാഷയിൽ അവസരം നല്കിക്കൂടാ ?മലയാള ഭാഷയെ ഒഴിവാക്കുന്ന നടപടിക്കെതിരെ പ്രതികരിക്കുക.
   http://malayalatthanima.blogspot.in/2013/06/blog-post_7.html

   Delete
 22. @പ്രസന്ന രാഘവന്‍ - ആര്‍ വി ജി യുടെ ലേഖനത്തിനു നന്ദി .ആ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് അത്ര പുതിയ കാര്യമല്ല . മാതൃഭാഷ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനപരമായ ഒരു സംഗതി തന്നെയാണ് സമ്മതിക്കുന്നു .തിയറി സബ്ജക്റ്റുകള്‍ , അതായത് ചരിത്രം , ഭൂമിശാസ്ത്രം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ മാതൃഭാഷയില്‍ പഠിക്കുന്നതും ചിന്തിക്കുന്നതുമൊക്കെ തുടക്കത്തില്‍ എളുപ്പമാണ് എന്നിരുന്നാലും ഈ വിഷയങ്ങളുടെ ഉപരി പഠനത്തിനു ഇംഗ്ലീഷിലേക്കു
  തന്നെ കൂടു മാറേണ്ടി വരുന്നില്ലെ ? ഉണ്ട് .

  അതു പോലെ എല്ലാ വിഷയങ്ങളും മാതൃഭാഷയില്‍ കൂടി പഠിക്കുന്നതാണ് എളുപ്പമെന്നത് വെറും അന്ധവിശ്വാസമാണ് . കണക്കിലെ ട്രിഗണോമെട്രിയും മട്രിക്സും ഇന്റഗ്രേഷനും ഡെറിവേഷനുമെല്ലാം മലയാളത്തില്‍ പഠിക്കുന്നതിനെക്കാള്‍ ആയാസരഹിതമാണ് ഇംഗ്ലീഷില്‍ , അതു പോലെ തന്നെയാണ് ശാസ്ത്ര വിഷയങ്ങളും . അപ്പോള്‍ പറഞ്ഞു വരുന്നത് എല്ലാം ഇംഗ്ലീഷിലാക്കണമെന്നാണോ ? തീര്‍ച്ചയായും അല്ല .മാതൃഭാഷയായ മലയാളം ഒഴിവാക്കണമെന്നോ അതിനെ രണ്ടാം സ്ഥാനത്തു കുടിയിരുത്തി മറ്റു ഭാഷകളെ കൊണ്ടു വരണമെന്നോ ഒന്നുമല്ല ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ പ്രായോഗികമായി ചിന്തിക്കുകയാണെങ്കില്‍ മലയാളത്തോടൊപ്പം തന്നെ ഇംഗ്ലീഷിനും പ്രാധാന്യം നല്കുകയാണ് വേണ്ടത് .

  . ഞാന്‍ മലയാളം ഒന്നാം ഭാഷയായി പഠിക്കാത്ത ഒരാളാണ് - അതായതു ഏതോ പുകള്‍ പെറ്റ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിച്ച ഒരാളാണെന്നോ അതു കൊണ്ടു മലയാളം ഭാഷയോടുള്ള പുച്ഛമാണെന്നോ ധരിക്കണ്ട - ഒരു സാധാരണ ഗവണ്മെന്റ് സ്കൂളില്‍ സംസ്കൃതം ഒന്നാം ഭാഷയായി പഠിച്ച ഒരാളാണ് .

  അഞ്ചാം ക്ലാസ്സില്‍ ഭാഷ തിരഞ്ഞെടുക്കേണ്ട ഘട്ടത്തില്‍ ഒരു കൌതുകത്തിനു ഉറുദുവാണ് ഞാന്‍ തിരഞ്ഞെടുത്തത് പക്ഷെ അത് മദ്രസ്സയില്‍ പഠിച്ച കുട്ടികള്‍ക്കു കൂടുതല്‍ ലളിതവും അല്ലാത്തവര്‍ക്കു ദുര്‍ഗ്രഹവുമാണെന്നതു കൊണ്ട് സംസ്കൃതം തിരഞ്ഞെടുത്തു . ഇവിടെ സംസ്കൃതം ഒന്നാം ഭാഷയായി പഠിച്ചതു കൊണ്ടു എന്റെ മലയാളം കപ്പലു കയറുകയോ ഇല്ലാതാവുകയോ ചെയ്തില്ല , ഇതു എന്റെ മാത്രം അനുഭവമൊന്നുമല്ല , ഞങ്ങള്‍ സംസ്കൃതം ക്ലാസ്സിലെ കുട്ടികള്‍ നന്നായി തന്നെ മലയാളം പ്രയോഗിച്ചിരുന്നു ,സൃഷ്ടിപരമായ ഉപയോഗ ക്രമങ്ങളില്‍ പോലും മലയാളം ഒന്നാം ഭാഷയായി പഠിക്കുന്ന കുട്ടികളെക്കാള്‍ നല്ലതായിരുന്നു .അന്നു സംസ്കൃതം ഒന്നാം ഭാഷയായി പഠിച്ചത് കൊണ്ടു അത്യാവശ്യം സംസ്കൃതം എഴുതാനും വായിക്കാനും അര്‍ത്ഥം ഗ്രഹിക്കാനും കഴിയും , മലയാളത്തിനു ഒരു കുറവും അതു കൊണ്ടു സംഭവിച്ചിട്ടില്ല അതായതു മറ്റെല്ലാ വിഷയങ്ങളെയും പോലെ വെറും ഒരു വിഷയമായി പഠിച്ചിരുന്നാല്‍ പോലും മലയാളത്തിനു ഒന്നും സംഭവിക്കാനിടയില്ല , അത്ര മാത്രം അതു നമ്മളില്‍ ഇഴുകിച്ചേര്‍ന്നിട്ടുണ്ട് .

  ReplyDelete
 23. കാക്കരെ,
  ഇംഗ്ലീഷ് മീഡിയത്തിനെ പ്രൊമോട്ട് ചെയ്യാനാണെങ്കിൽ ഈ വാദങ്ങൾ ശരിയാണ്. പക്ഷെ ഭാഷ പഠിക്കാൻ പ്രധാന വിഷയമാക്കണമെന്ന നിർബ്ബന്ധം ഒരു ഭാഷക്കും വേണ്ട എന്നാണ് എന്റെ അഭിപ്രായം. കുട്ടികൾക്ക് ഇംഗ്ലീഷ് മനസ്സിലാവാതെ പോകുന്നത് നമ്മുടെ മലയാളം മീഡിയത്തിലെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ കഴിവുകേടായികണ്ടാൽ മതി.

  ReplyDelete
 24. "കുട്ടികൾക്ക് ഇംഗ്ലീഷ് മനസ്സിലാവാതെ പോകുന്നത് നമ്മുടെ മലയാളം മീഡിയത്തിലെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ കഴിവുകേടായികണ്ടാൽ മതി."

  ഇതിന്റെ ആകതുകയല്ലെ... "ഇത് ലഭിച്ചിരുന്നുവെങ്ങിൽ ഇംഗ്ലീഷ് മീഡിയം കൂണുപോലെ മുള്യ്ക്കുമായിരുന്നില്ല... " എന്ന് എഴുതേണ്ടീ വന്നത്...

  പഴയ ഒരു പോസ്റ്റ്...

  മാതൃഭാഷയും ഇംഗ്ലീഷ്‌മീഡിയവും...

  http://georos.blogspot.com/2010/07/blog-post_18.html

  ReplyDelete
 25. ഞാന്‍ പറഞ്ഞു തുടങ്ങിയത് പൂര്‍ത്തീകരിക്കുന്നു ..  ഇനി അഥവാ മലയാളം അത്രയ്ക്കു അന്യമായ കുട്ടികള്‍ക്കു വേണ്ടിയാണീ പരിഷ്കാരമെങ്കില്‍ ഉപരി വര്‍ഗ്ഗക്കാരുടെയും സമ്പന്നരുടെയും കുട്ടികള്‍ പഠിക്കുന്ന മേല്‍ത്തരം ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ നടപ്പാക്കാനാണാവശ്യപ്പെടേണ്ടത് .മലയാലം “ പോലും പറയാനറിയാത്ത ആ കുഞ്ഞുങ്ങള്‍ക്കും തങ്ങളുടെ സാംസ്കാരിക തനിമ അറിയാന്‍ അവസരമൊരുക്കുകയല്ലെ ശരി ?

  ഇങ്ങനെ പറയാന്‍ കാരണം സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചിരുന്ന ഞങ്ങളുടെയൊക്കെ ഇംഗ്ലീഷിന്റെ അവസ്ഥ പരിതാപകരമായിരുന്നു . സര്‍ക്കാന്‍ സ്കൂളുകളിലും സ്റ്റേറ്റ് സിലബസിലും പഠിക്കുന്ന കുട്ടികള്‍ക്കു മലയാളം പഠിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട് , - ചുറ്റുപാടുകള്‍ ,പുസ്തകങ്ങള്‍ , വര്‍ത്തമാന പത്രങ്ങള്‍ - അങ്ങനെ നിരവധി മാര്‍ഗ്ഗങ്ങള്‍ . പക്ഷെ ഇംഗ്ലീഷ് പഠിക്കാന്‍ അവര്‍ക്കു സ്കൂള്‍ മാത്രമായിരുന്നു ആശ്രയം .അതു കൊണ്ടു തന്നെ ഞങ്ങളെ പോലെ സാധാരണക്കാരും ദരിദ്രരുമായ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ഇംഗ്ലീഷ് എന്ന ഭാഷയ്ക്കു അല്പം കൂടി പ്രാധാന്യം നല്‍കേണ്ടതായിരുന്നു എന്നു പിന്നീട് ഉപരി പഠനത്തിനിടയിലാണ് എനിക്കു മനസ്സിലായത് .മാനേജ് മെന്റില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞ ആളാണ് - ഒരു ഗ്രാമീണ അന്തരീക്ഷത്തില്‍ നിന്ന് കേരളത്തിനു പുറത്തെ ഒരു കോളേജില്‍ പഠിക്കുമ്പോഴാണ് എന്റെ ഇംഗ്ലീഷ് പ്രാവീണ്യത്തിന്മേല്‍ ഉടലെടുത്ത അപകര്‍ഷതയുടെ ആഴം ഞാനറിയുന്നത് . ബിരുദത്തിന് ഇംഗ്ലീഷ് തന്നെയാണ് പ്രധാന ഭാഷയായി ഉപയോഗിച്ചിരുന്നതെങ്കിലും അടിസ്ഥാന പരമായി ഇംഗ്ലീഷില്‍ സ്കൂളില്‍ നിന്നു ലഭിക്കേണ്ട ചില പാഠങ്ങളുടെ അപര്യാപ്തത മൂലം അതെല്ലാം ഒരളവില്‍ മാത്രമെ സഹായം ചെയ്തുള്ളൂ - inter national business ഉം Operation research ഉം ഒക്കെ മലയാളത്തില്‍ പഠിക്കുക എന്നതത്ര പ്രായോഗികമായ കാര്യമല്ലല്ലോ .

  ഓഹ്...പിന്നേ ഇയാള്‍ടെ വ്യക്തിപരമായ അനുഭവത്തിന്റെ പുറത്താണല്ലെ ഇക്കണ്ട വാദമെല്ലാം എന്നാണെങ്കില്‍ തീര്‍ച്ചയായും അല്ല - കേരളത്തിലെന്നല്ല എവിടെയായാലും ബിരുദ പഠനവും അതിനെ തുടര്‍ന്നുള്ള ജോലിക്കെല്ലാം ഇംഗ്ലീഷ് ഭാഷ അത്യാവശ്യമാണ് .
  അതിനു വേണ്ടി പ്രൈമറി ക്ലാസ്സു മുതല്‍ ഇംഗ്ലീഷ് ഒന്നാം ഭാഷയാക്കണമെന്നൊന്നുമില്ല , ഒരല്പം ശാസ്ത്രീയമാ‍യ പഠന ക്രമം ആണ് ആവശ്യം .അല്ലെങ്കില്‍ ഒരേ നാട്ടില്‍ തന്നെ രണ്ടു തരം പൌരന്മാര്‍ ഉണ്ടായി വരും . സമ്പന്നന്റെയും പദവിയുള്ളവന്റെയും മക്കള്‍ ഈ മത്സരത്തില്‍ ബാക്കിയുള്ള കഴിവുള്ള കുട്ടികളെ ഭാഷയുടെ പരിമിതി കൊണ്ടു മാത്രം പിന്തള്ളും .

  ReplyDelete
 26. "അതു കൊണ്ടു തന്നെ ഞങ്ങളെ പോലെ സാധാരണക്കാരും ദരിദ്രരുമായ കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ഇംഗ്ലീഷ് എന്ന ഭാഷയ്ക്കു അല്പം കൂടി പ്രാധാന്യം നല്‍കേണ്ടതായിരുന്നു എന്നു പിന്നീട് ഉപരി പഠനത്തിനിടയിലാണ് എനിക്കു മനസ്സിലായത്"

  ഇതൊക്കെ മനസ്സിലായ മാതാപിതാക്കളുടെ എണ്ണം കേരളത്തിൽ കൂടൂതൽ ഉള്ളതിന്റെ തെളീവാണ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ...

  ReplyDelete
 27. പാര്‍ത്ഥനും കാക്കരെയും പറയുന്ന വിഷയങ്ങള്‍ ഒന്നു തന്നെയാണ് - ഒരേ വാദഗതിയാണ് - പക്ഷെ രണ്ടു രീതിയിലായിപ്പോയി . ഭാഷ ആശയ വിനിമയത്തിനും ആശയക്കുഴപ്പത്തിനും കൂടി കാരണമാകും :) .അതു കൊണ്ടു അതില്‍ ഞാന്‍ ഇടപെടുന്നില്ല .

  ReplyDelete
 28. "മലയാളം ഒന്നാം ഭാഷയാക്കുന്നതു പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്കാണ്"- എന്ന് താങ്കള്‍ ഒരു കമന്‍റില്‍ എഴുതിയത് വായിച്ചു. അത് മാത്രമല്ല ഈ ഉത്തരവില്‍ ഉള്ളത് CBSE അടക്കം സ്കൂളുകളില്‍ മലയാളം നിര്‍ബന്ധവിഷയമാകും. ഉത്തരവ് ഇവിടെ നിന്നോ, ഇവിടെ നിന്നോ വായിക്കുക.

  ReplyDelete
 29. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതിനു ശേഷമുള്ള സ്ഥിതി വിവരക്കണക്കിനെ അടിസ്ഥാനത്തില്‍ ഇന്നു കേട്ട വാര്‍ത്ത - സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചിരിക്കുന്നു ,കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ ഏതാണ്ട് 120000 ഓളം കുട്ടികളുടെ കുറവാണ് ഉണ്ടായിട്ടുള്ളത് . ഒരു വര്‍ഷം കൊണ്ടു ജനസംഖ്യ അല്‍ഭുതകരമായി കുറഞ്ഞതൊന്നുമല്ല എന്നു നമുക്കറിയാം .ഉള്ളവനും ഇല്ലാത്തവനും എന്ന ഭേദമില്ലാതെ തന്നെ അവനവന്റെ മക്കള്‍ക്കുഇംഗ്ലീഷ് അടക്കമുള്ള നല്ല വിദ്യാഭ്യാസം നല്‍കാന്‍ വേണ്ടി സ്വകാര്യ സ്കൂളുകളില്‍ ഇല്ലാത്ത പൈസ ഉണ്ടാക്കി അയക്കുകയാണ് . പൈസയില്ലെന്നു കരുതി തങ്ങളുടെ കുട്ടികളെ രണ്ടാം തരം പൌരന്മാരായി വളര്‍ത്താന്‍ ആരും ആഗ്രഹിക്കുകയില്ല - മലയാളം പഠിക്കുന്നത് രണ്ടാം തരമാണെന്നല്ല -പക്ഷെ മലയാളം മാത്രം പഠിച്ചു
  കൊണ്ടു മത്സരാധിഷ്ടിതമായ ഒരു സമൂഹത്തിലേക്കു ഈ കുട്ടികള്‍ ഇറങ്ങി ചെല്ലുമ്പോള്‍ അവരനുഭവിക്കുന്ന അപകര്‍ഷതയുടെ തോത് വലുതാണ് .


  കുട്ടികള്‍ക്കു ഭാഷ ഐശ്ചികമായി തിരഞ്ഞെടുക്കാനുള്ള അവസരമൊരുക്കി ഏത് ഭാഷയായാലും നല്ല പഠന ക്രമവും നല്ല അധ്യാപന രീതിയും രൂപീകരിക്കുകയാണ് ചെയ്യേണ്ടത് . അല്ലാത്ത പക്ഷം അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്നുള്ളതിന്റെ പകുതി പോലും സര്‍ക്കാര്‍ പ്രൈമറി സ്കൂളുകള്‍ ഉണ്ടാവാന്‍ സാധ്യതയില്ല - ചുവരുണ്ടെങ്കിലെ ചിത്രം വരയ്ക്കാന്‍ പറ്റൂ -അതോര്‍ക്കുക

  ReplyDelete
 30. മലയാള ഐക്യവേദി said...
  "മലയാളം ഒന്നാം ഭാഷയാക്കുന്നതു പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്കാണ്"- എന്ന് താങ്കള്‍ ഒരു കമന്‍റില്‍ എഴുതിയത് വായിച്ചു. അത് മാത്രമല്ല ഈ ഉത്തരവില്‍ ഉള്ളത് CBSE അടക്കം സ്കൂളുകളില്‍ മലയാളം നിര്‍ബന്ധവിഷയമാകും. ഉത്തരവ് ഇവിടെ നിന്നോ, ഇവിടെ നിന്നോ വായിക്കുക.

  --------------------------------------------
  മലയാളം ഐക്യവേദിക്കു - നിങ്ങള്‍ തന്ന ലിങ്കില്‍ നിന്നു കിട്ടിയത് - സംസ്ഥാനത്തിനകത്തു പ്രവര്‍ത്തിക്കുന്ന സി ബി എസ് ഇ / ഐ സി എസ് ഇ മറ്റു ബോര്‍ഡുകള്‍ എന്നിവയുടെ നിയന്ത്രണത്തിലുള്ള എല്ലാ സ്കൂളുകളിലും മലയാളം നിര്‍ബന്ധിതമായി പഠിപ്പിക്കേണ്ടതാണ് - എന്നാണ് കാണുന്നത് . നിര്‍ബന്ധിതമായി ഒരു വിഷയം പഠിപ്പിക്കണമെന്നാല്‍ ഒന്നാം ഭാഷയാക്കുക എന്നാണോ നിങ്ങള്‍ പഠിപ്പിക്കുന്ന മലയാളത്തിലുള്ളത് ? ഇനി അത് പ്രാവര്‍ത്തികമാകുമോ എന്നുള്ളതു പിന്നീടുള്ള കാര്യം . ബാക്കിയെല്ലാ വിഷയങ്ങളും ഇംഗ്ലീഷില്‍ പഠിക്കുന്ന കുട്ടികള്‍ക്കു ഒരു സാദാ വിഷയം - സര്‍ക്കാര്‍ സ്കൂളിലെ കുട്ടികള്‍ ഇംഗ്ലീഷ് പഠിക്കുന്ന പോലെ തന്നെയല്ലെ ഇതും .

  ReplyDelete
 31. മലയാളം ഒന്നാം ഭാഷയാക്കണം എന്നു വാദിക്കുന്നവര്‍ക്കു , സാംസ്കാരിക നായകരാകട്ടെ , മലയാളം ഐക്യ വേദിയാകട്ടെ കൃത്യമായ ഒരു കാരണം ബോധിപ്പിക്കാനില്ല . സാംസ്കാരിക തനിമ എന്ന അതിവൈകാരികതയുടെ ഭാണ്ഡക്കെട്ടും ചുമന്നാണ് ഇക്കണ്ട വാദങ്ങളെല്ലാം
  സാംസ്കാരിക തനിമ രണ്ടു മൂന്നു പിരീഡ് അധികം നല്‍കിയതു കൊണ്ടു തഴച്ചു വളരില്ല , അതു കൊണ്ടു അത് അവിടെ നില്ക്കട്ടെ ബാക്കി വിഷയങ്ങള്‍ പരിശോധിക്കാം .

  1. ഇപ്പോള്‍ മലയാളമറിയാവുന്ന കുട്ടികളെ തന്നെ ഒന്നോ രണ്ടോ പിരീഡ് മലയാളം കൂടുതല്‍ പഠിപ്പിക്കുന്നതു കൊണ്ടുണ്ടാകുന്ന ഗുണ പരമായ മാറ്റമെന്താണ് ?

  2.ഇതു മലയാളം മറക്കുന്ന , അല്ലെങ്കില്‍ മലയാളത്തെ അവഗണിക്കുന്ന മലയാളികളെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇംഗ്ലീഷ് മീഡിയം / സി ബി എസ് ഇ / ഐ സി എസ് ഇ സിലബസിലെ കുട്ടികള്‍ക്കു ഒരു വിഷയമായി നിര്‍ബന്ധമാക്കിയാല്‍ പോരെ ?

  3. മലയാളം ഒന്നാം വിഷയമാക്കുന്ന സ്കൂളിലെ കുട്ടികള്‍ക്കു അതിനു പകരമായി നഷ്ടപ്പെടുന്നതു കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള പിരീഡുകളാണ് - കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിനു പകരം മലയാളം പഠിപ്പിക്കുന്നതെത്ര മാത്രം ആശാസ്യമാണ് ?

  4.ഉപരി പഠനത്തിനുള്ള അടിസ്ഥാന പരീക്ഷകള്‍ - എണ്ട്രന്‍സ് എക്സാമുകള്‍ എല്ലാം ഇംഗ്ലീഷിലയിരിക്കെ മലയാള ഭാഷാ പഠനം കൊണ്ടു കുട്ടികള്‍ വിവേചനം അനുഭവിക്കുകയില്ലെ ?

  5. മലയാള ഭാഷ കൊണ്ടു തൊഴില്‍ സ്വയം പര്യാപ്തമല്ലാത്ത ഒരു സാംസ്കാരിക തനിമ എത്ര മാത്രം വിജയകരമായിരിക്കും


  ഭാഷ സംസ്കാരമാണ് ,മറ്റു പലതുമാണ് സമ്മതിക്കുന്നു . പക്ഷെ നമ്മള്‍ പ്രായോഗികമായി ചിന്തിക്കുമ്പോള്‍ ഈ വൈകാരികത കൊണ്ടു രണ്ടു തരം പൌരന്മാരല്ലെ ഉണ്ടാവുക ?അത്യാവശ്യം സാമ്പത്തിക സ്ഥിതിയുള്ള മാതാപിതാക്കളൊക്കെ കുട്ടികളെ സി ബി എസ് ഇ സിലബസ്സിലും മറ്റു ബോര്‍ഡുകളിലുള്ള വിദ്യാഭ്യാസത്തിനും മുന്‍ തൂക്കം നല്‍കും അതിന്റെ ദൂര വ്യാപക ഫലമായി സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന തകര്‍ച്ച പൂര്‍ണ്ണമാവുകയും ഫലത്തില്‍ സ്വകാര്യ സ് ബി എസ് ഇ സ്കൂളുകള്‍ തഴച്ചു വളര്‍ന്നു വലിയ വിദ്യാഭ്യാസ കച്ചവടം സൃഷ്ടിക്കപ്പെടുകയും ചെയ്യും ഇപ്പോള്‍ തന്നെ അനധികൃതമായി സി ബി എസ് ഇ സ്കൂളുകള്‍ക്കു അനുമതി കൊടുക്കുന്നുവെന്ന വിവാദം സമാന്തരമായി നില നില്‍ക്കുന്നുണ്ട് . സര്‍ക്കാര്‍ സ്കൂളുകള്‍ അല്പം കൂടി വിവേചന ബുദ്ധിയോടെ ഇംഗ്ലീഷ് ഭാഷാ പഠനത്തിനു കൂടി പ്രാമുഖ്യം നല്‍കിക്കൊണ്ടു പുതിയ പാഠ്യ പദ്ധതികള്‍ രൂപപ്പെടുത്തേണ്ട ഘട്ടത്തിലാണ് ഈയൊരു അക്രമം കൂടി .

  ReplyDelete
 32. മലയാളിയുടെ സാഹിത്യവും സംസ്കാരവുമെല്ലാം സങ്കുചിതമല്ലാത്ത വിശാലമായ ഒരു ഭൂമികയാണ് .അതു പലപ്പോഴും പലരില്‍ നിന്നും കടം കൊണ്ടതു കൂടിയാണ് .ഇപ്പോഴുള്ള ഈ മലയാളമൌലികവാദത്തിന്റെ അസ്ക്യത പണ്ടുണ്ടായിരുന്നെങ്കില്‍ നല്ലൊരു നോവല്‍ സാഹിത്യമുണ്ടാകുമായിരുന്നോ ? സംശയമാണ് കാരണം ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച ഒ . ചന്ദു മേനോന്‍ ഇംഗ്ലീഷ് നോവലുകള്‍ വായിച്ചു ഇതു പോലൊന്നു എഴുതിയാ‍ലോ എന്നു കരുതിയാണ് ഇന്ദുലേഖ എഴുതിയത് . ബീക്കന്‍സ് ഫീല്‍ഡിന്റെ ഹെന്റീറ്റാ ടെമ്പിള്‍ എന്ന നോവല്‍ വിവര്‍ത്തനം പാതിയില്‍ നിര്‍ത്തിയാണ് അതു പോലൊന്നു സ്വന്തം ഭാഷയിലെഴുതാന്‍ അദ്ദേഹം തീരുമാനിച്ചത് . അതു പോലെ തന്നെ കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസ് എന്ന നസ്രാണി ഷേക്സ്പിയറിന്റെ കോമ്മഡി ഓഫ് എറേഴ്സ് എന്ന നാടകം വായിച്ചു അതിന്റെ അനുകരണമായിട്ടാണ് അല്ലെങ്കില്‍ സ്വതന്ത്രാഖ്യാനമായിട്ടാണ് ആള്‍മാറാട്ടം എന്ന നാടകമെഴുതുന്നത് . അതിനു ശേഷം ഉണ്ടായ മണിപ്രവാളം ശാകുന്തളവും സംസ്കൃതത്തില്‍ നിന്നു കടം കൊണ്ടതാണ് . നമ്മുടെ സംസ്കാരവും സാഹിത്യവും അതു കൊണ്ടെല്ലാം നശിച്ചു പോവുകയല്ല കൂടുതല്‍ ഉണര്‍വുണ്ടാവുകയാണ് ചെയ്തത് . ആദ്യ ചെറു കഥയായ വാസനാ വികൃതിയില്‍ നിന്നും ചെറു കഥാ സാഹിത്യത്തിന്റെ ഇന്നത്തെ വളര്‍ച്ചയിലേക്കു മറ്റു ഭാഷകളുടെ സ്വാധീനം ഉണ്ട് . അങ്ങനെ നമ്മുടെ സാഹിത്യവും സംസ്കാരവുമെല്ലാം അത്തരം വിശാല മനോഭാവത്തിന്റെ കൂടി സംഭാവനയാണ് .

  ReplyDelete
 33. താങ്കളുടെ പല അഭിപ്രായങ്ങളിലും നിന്ന് സി.ബി.എസ്.ഇ. മികച്ചത് എന്ന ധ്വനി ഉണ്ട്. ചില സംശയങ്ങള്‍ -
  1.ഈ സ്ഥാപനങ്ങളില്‍ ഒന്നാം ക്ലാസ്സ് മുതല്‍ ഒന്‍പത് വരെ എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ആരാണ് എന്നൊന്ന് പറഞ്ഞ് തരുമോ?
  (നമ്മുടെ എയ്ഡഡും സര്‍ക്കാരുമായ സ്കൂളുകളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിദ്യാഭ്യാസവിചക്ഷണരടങ്ങിയ ഒരു കമ്മിറ്റിയാണ് ഇക്കാര്യങ്ങള്‍ നിശ്ചയിക്കുക)
  2.ഇവിടെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ എങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നു?
  (സര്‍ക്കാര്‍ സ്കൂളില്‍ മാഷാകണമെങ്കില്‍ പി.എസ്.സി. പരീക്ഷയിലൂടെ ഒരു തെരഞ്ഞെടുപ്പുണ്ടേ)
  3.ഇവിടെ പഠിപ്പിക്കണ അധ്യാപകര്‍ക്ക് കൊടുക്കുന്ന ശമ്പളം എത്രയെന്ന് അറിയുമോ?
  (എന്‍റെ അറിവില്‍ വളരെ തുച്ഛമാണ്, കഠിനമായ ജോലിയും.)
  4.ഇങ്ങനെയെല്ലാം കാര്യങ്ങള്‍ ആയിരിക്കെ ഏതാണ് താങ്കള്‍ മികച്ച പഠനം ലഭിക്കുന്നതായി കാണുന്നത്?

  എല്ലാ ചോദ്യങ്ങള്‍ക്കും സത്യസന്ധമായി ഉത്തരം പറഞ്ഞില്ലെങ്കി തല്ല് കൊള്ളും പറഞ്ഞേക്കാം...
  പിന്നെ ചര്‍ച്ചയില്‍ താങ്കള്‍ വച്ച വാദങ്ങള്‍ ദുര്‍ബലമാണ്. കാര്യങ്ങള്‍ വേണ്ടത്ര പഠിക്കാതെ സാമാന്യ ജനങ്ങളെപ്പോലെ പറഞ്ഞാ മതിയോ?

  ReplyDelete
  Replies
  1. ഭാഷ എന്നത് മനുഷ്യന് ആശയ വിനിമയം നടത്താനുള്ളതാണ്. എന്നാല്‍ ഇന്ത്യന്‍ കോടതികളില്‍ വാദിയായോ പ്രതിയായോ നില്‍ക്കുന്ന ഒരു സാധാരണക്കാരന്റെ അവസ്ഥ എന്താണ്?അയാളുടെ കേസ്സിനെ കുറിച്ച് കോടതിക്കുള്ളില്‍ നടക്കുന്ന നടപടികള്‍ , വാദങ്ങൾ,വിധി ന്യായങ്ങൾ എല്ലാം അവിടെ കൂടിയ വക്കീലന്മാര്‍ക്കും, മജിസ്ട്രട്ടിനും, പബ്ലിക് പ്രോസിക്കൂട്ടര്‍ക്കും മാത്രം മനസ്സിലാകും , എന്നാല്‍ അയാള്‍ക്ക്‌ മാത്രം മനസ്സിലാകില്ല.വെള്ളക്കാരന്റെ ഭാഷ എന്തിനാണ് ഇനിയും നാം വ്യവഹാരങ്ങളിൽ കൊണ്ട് നടക്കുന്നത്? മലയാളത്തിൽ കോടതി നടപടികൾ നടത്താനുള്ള അവകാശം ഓരോ മലയാളിയുടെയും ആവശ്യമാണ്.

   Delete
 34. @ മാഷ് - ആദ്യമായി ഏതു വാദമാണ് ദുര്‍ബലമെന്നു പറയൂ , സത്യസന്ധമായി ഉത്തരം പറയാന്‍ ശ്രമിക്കാം - ഞാന്‍ പൌലോ ഫ്രയറിന്റെ മര്‍ദ്ദിതരുടെ ബോധന ശാസ്ത്രവും ഡേവിഡ് ക്രിസ്റ്റലിന്റെ “ലാങ്ക്വേജ് ഡെത്തും “ മേമ്പൊടിക്കു പരാമര്‍ശിക്കാത്തതാണോ ഈ വാദങ്ങള്‍ ദുര്‍ബലമായി തോന്നാന്‍ കാരണം ? അതിന്റെയാവശ്യമില്ല എന്നു തോന്നി . അതിവൈകാരികതയുടെയും ബൌദ്ധിക വചാടോപങ്ങളുടെയും പിന്‍ ബലമില്ലാതെ എനിക്കനുഭവമുള്ള കാര്യങ്ങള്‍ വിശകലനം ചെയ്തതാണ് - അതില്‍ ഏതാണ് കൂടുതല്‍ വിശദീകരണം ആവശ്യമുള്ളതെന്നു വെളിപ്പെടുത്തിയാല്‍ അതിനു എന്റെ വിശദീകരണം തരാന്‍ ഞാന്‍ ബാധ്യസ്ഥനാണ് . അതല്ലാതെ ഒരു ബ്ലോഗും അതിനു താഴെ ഇക്കണ്ട കമന്റുകളും മുഴുവന്‍ ഞാന്‍ സ്വയം വിശകലനം ചെയ്തു ഏതു ദുര്‍ബലം ഏതു ശക്തം എന്നു തിരിച്ചറിയാന്‍ അസാമാന്യമായ യജ്ഞം തന്നെ ആവശ്യമാണ് - അതു കൊണ്ടു മാഷിനു വിശദീകരണം വേണ്ട ഭാഗം ചോദിക്കൂ എന്നാല്‍ കഴിയുന്ന വിധം ഞാന്‍ വിശദീകരിക്കാം :) .

  ReplyDelete
 35. പിന്നെ സി ബി എസ് ഇ മികച്ചതു എന്നുള്ളതു എന്റെ അഭിപ്രായമല്ല - സാമാന്യ ധാരണയാണ് . പി എസ് സി വഴി കഷ്ടപ്പെട്ടു കയറുന്ന അധ്യാപകരില്‍ ഭൂരിഭാഗവും തസ്തികയില്‍ ഉറപ്പായി കഴിയുന്നതോടെ മറ്റൊരു വ്യക്തിത്വമായി മാറുകയാണ് പതിവ് . സി ബി എസ് സി യില്‍ അവരുടെ സിലബസ് നന്നായി എടുക്കാത്ത ഒരു അധ്യാപക / അധ്യാപികയെയും മാനേജ്മെന്റ് നിലം തൊടീക്കുമെന്നു തോന്നുന്നില്ല - ആറ്റിറ്റ്യൂഡ് അതാണ് വിഷയം .യോഗ്യത അല്ല .

  ReplyDelete
 36. മലയാളഭാഷ, ഒന്നാം ഭാ‍ഷയാകാനുള്ള മനശാസ്ത്രത്തെക്കുറിച്ചു പറഞ്ഞു എന്നതുകോണ്ട്, ഇംഗ്ലീഷിന്റെ പ്രാധാന്യം ഞാന്‍ കുറച്ചുകാണുകയല്ല.

  ഇംഗ്ലീഷിന്റെ തുടര്‍ന്നുള്ള പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആല്‍ക്കെമിസ്റ്റ് പറഞ്ഞതിനോട്,വളരെ യോജിക്കുന്നു. ഈ പ്രാധാന്യം മനസിലാക്കിക്കൊണ്ട് അതിലേക്ക് ഒരുശ്രമത്തിന് ഞാന്‍ തുടക്കിട്ടിരുന്നു. ഈ പോസ്റ്റ് വായിക്കുക ഇങ്ങനെയൊന്നു താല്പര്യമൂണ്ടെങ്കില്‍ വളര്‍ത്തിക്കോണ്ടു വരുന്നതിലുള്ള അവസരം ഉണ്ടാക്കിയതാണ്. എന്റെ അഭിപ്രായങ്ങള്‍ക്കു ഞാന്‍ പരസ്യം തേടുകയാണ് താങ്കളുടെ പോസ്റ്റില്‍ എന്നു തെറ്റിദ്ധരിക്കല്ലെ. താങ്കള്‍ പറയുന്നതിന്റെ പ്രാധാന്യത്തെ കാണിക്കുന്നതിനു വേണ്ടി ഒരുദാഹരണം പറഞ്ഞു എന്നേ ഉള്ളൂ.

  ReplyDelete
 37. സോറി,
  ലിങ്ക് മുകളീല്‍ ശരിയാകാഞ്ഞതിനാല്‍ ഒരിക്കല്‍ കൂടി കൊടുക്കുന്നു.

  http://goweri2.blogspot.com/2011/05/global-initiative-of-non-racial.html#more

  ReplyDelete
 38. താങ്കളോട് അക്കമിട്ട് നാല് ചോദ്യങ്ങളാണ് ഞാന്‍ ചോദിച്ചത്. കൃത്യമായി തന്നെ മറുപടിയും ആകാവുന്ന ചോദ്യങ്ങള്‍. ഒന്നിനും അങ്ങനെ ഒരു മറുപടി കിട്ടിയിട്ടില്ല. പിന്നെ ദുര്‍ബലത ഇവിടെയും കാണാം. മുകളില്‍ താങ്കള്‍ എഴുതിയ നിരവധി കമന്റുകളില്‍ നിന്നും മറ്റും ഏതൊരാള്‍ക്കും സി.ബി.എസ്.ഇ. സ്കൂളുകളോടുള്ള താങ്കളുടെ താത്പര്യം വ്യക്തമാണ്. എന്നാല്‍ അതില്‍ ചോദ്യം നേരിട്ട് വരുമ്പോള്‍ താങ്കള്‍ ഉറച്ച് നില്‍ക്കുന്നില്ല.
  "പി എസ് സി വഴി കഷ്ടപ്പെട്ടു കയറുന്ന അധ്യാപകരില്‍ ഭൂരിഭാഗവും തസ്തികയില്‍ ഉറപ്പായി കഴിയുന്നതോടെ മറ്റൊരു വ്യക്തിത്വമായി മാറുകയാണ് പതിവ് .", "ആറ്റിറ്റ്യൂഡ് അതാണ് വിഷയം .യോഗ്യത അല്ല."- ഈ രണ്ട് അഭിപ്രായങ്ങളും എത്ര ദുര്‍ബലമാണ്. ഇന്ന് വളരെ നല്ല നിലയില്‍ നടക്കുന്ന ഭൂരിപക്ഷം ഗവ. സ്കൂളുകളെ പണ്ടത്തെ കാര്യങ്ങളുടെ ഓര്‍മ്മയില്‍ താഴ്ത്തിക്കെട്ടുകയാണ്. യോഗ്യതയുടെ പ്രാധാന്യം നമുക്ക് വേണ്ടാത്തിടത്ത് വേണ്ട, അല്ലെ!!!
  ഇതിന് സമാനമായ ദുര്‍ബലത പലയിടത്തും കാണാം. അതിന് ഇതെല്ലാം വായിക്കണമെന്നില്ല. മാത്രമല്ല ഇതൊട്ടും ഗഹനമായ ഒരു ചര്‍ച്ചയും അല്ലല്ലോ.
  "ഇപ്പോഴുള്ള ഈ മലയാളമൌലികവാദത്തിന്റെ അസ്ക്യത പണ്ടുണ്ടായിരുന്നെങ്കില്‍ നല്ലൊരു നോവല്‍ സാഹിത്യമുണ്ടാകുമായിരുന്നോ ? "- എന്ന് താങ്കള്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണ്? വിവര്‍ത്തനത്തെയോ അന്യഭാഷാസാഹിത്യ സ്വാധീനത്തെയോ ആരാണ് എതിര്‍ത്തതെന്ന് തെളിച്ച് പറയാന്‍ താങ്കള്‍ക്ക് ബാധ്യതയുണ്ട്. സ്വയം അങ്ങനെ അഭിപ്രായമുണ്ടാക്കി അതിനൊരു മറുപടിയും പറയുകയാണോ? (ക്ഷമിക്കണം, അങ്ങനെ ഇതും എനിക്ക് ദുര്‍ബലമായാണല്ലോ ആല്‍കെമിസ്റ്റേ തോന്നുന്നത്.) ചന്തുമേനോന്‍ എന്നല്ല എഴുത്തച്ഛനും മുന്‍പ് രാമചരിതകാരന്‍ ചെയ്തതും പന്ത്രണ്ടാം നൂറ്റാണ്ടൊടുവില്‍ ഭാഷാകൌടലീയത്തില്‍ നടന്നതും വിലമതിക്കുന്നവര്‍ തന്നെയാണ് ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നവര്‍. അവരെയല്ല താങ്കള്‍ മൌലികവാദികളെന്ന് ആക്ഷേപിക്കുന്നതെന്നെങ്കിലും കരുതിക്കോട്ടെ?
  ----------------
  'യാദൃച്ഛികം' ആണ് ശരി.ശ്രദ്ധിക്കുക.

  ReplyDelete
 39. @മാഷ് - സി ബി എസ് ഇ പാഠ്യക്രമം എന്തോ കൊണ്ടു പിടിച്ച സംഭവമാണ് എന്നു ഞാന്‍ വാദിക്കുന്നു എന്നു സ്ഥാപിക്കാനുദ്ദേശിച്ചുള്ളതാണ് മാഷു ചോദിച്ച “ “ഗഹനമായ“ നാലു ചോദ്യങ്ങളും . ഒരു സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചു സാമാന്യം നല്ല വിദ്യാഭ്യാസം ലഭിച്ച ഒരാളായ എനിക്കു സി ബി എസ് ഇ സിലബസിനെ പുകഴ്ത്തിപാടേണ്ട കാര്യമില്ല .ഇവിടത്തെ വിഷയവും അതല്ല അതു കൊണ്ടാണ് അക്കമിട്ടു ചോദിച്ച ചോദ്യത്തിനെല്ലാം കൂടി ഒരുത്തരം മതി എന്നു എനിക്കു തോന്നിയതു . - ഇനി അക്കമിട്ടു ഉത്തരം പറയണമെന്നാണ് നിബന്ധനയെങ്കില്‍ അങ്ങനെ തന്നെ ചെയ്യാം . :) .

  1.1.ഈ സ്ഥാപനങ്ങളില്‍ ഒന്നാം ക്ലാസ്സ് മുതല്‍ ഒന്‍പത് വരെ എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ആരാണ് എന്നൊന്ന് പറഞ്ഞ് തരുമോ?
  (നമ്മുടെ എയ്ഡഡും സര്‍ക്കാരുമായ സ്കൂളുകളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിദ്യാഭ്യാസവിചക്ഷണരടങ്ങിയ ഒരു കമ്മിറ്റിയാണ് ഇക്കാര്യങ്ങള്‍ നിശ്ചയിക്കുക) ---------------------------------------------
  ഉത്തരം : CBSE പാഠ്യ പദ്ധതി നിശ്ചയിക്കുന്നതു ഒരു സെന്റ്രല്‍ ബോര്‍ഡ് ആണെന്നാണ് ധാരണ .

  2.ഇവിടെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ എങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നു?
  (സര്‍ക്കാര്‍ സ്കൂളില്‍ മാഷാകണമെങ്കില്‍ പി.എസ്.സി. പരീക്ഷയിലൂടെ ഒരു തെരഞ്ഞെടുപ്പുണ്ടേ)

  ഉത്തരം - സി ബി എസ് ഇ സ്കൂളുകളില്‍ പഠിപ്പിക്കാന്‍ അതത് വിഷയങ്ങളില്‍ ബിരുദമോ ബിരുദാനന്തരമോ ഉള്ളവരെയാണ് സാധാരണ തിരഞ്ഞെടുക്കാറ് ,ഇതിനു ഒരു മത്സര പരീക്ഷയും വേണ്ടാ എന്നു മാത്രമല്ല ഓരോ സ്കൂളിന്റെ നിലവാരമനുസരിച്ചു യോഗ്യതകള്‍ക്കു ഏറ്റക്കുറച്ചിലുണ്ടാകാറുണ്ട് .ഏകീകൃത സ്വഭാവം ഇല്ല , അതു കൊണ്ടു കൃത്യമായ ഒരു മാനദണ്ഡം പറയാന്‍ സാധിക്കില്ല .

  3.ഇവിടെ പഠിപ്പിക്കണ അധ്യാപകര്‍ക്ക് കൊടുക്കുന്ന ശമ്പളം എത്രയെന്ന് അറിയുമോ?
  (എന്‍റെ അറിവില്‍ വളരെ തുച്ഛമാണ്, കഠിനമായ ജോലിയും.) -

  ഉത്തരം : മാഷു പറഞ്ഞതു പോലെ തന്നെ ഗവണ്മെന്റു സ്കൂളിനെ അപേക്ഷിച്ചു സി ബി എസ് ഇ സ്കൂളുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കു ശമ്പളം കുറവാണ് മാത്രമല്ല ജോലിഭാരം കൂടുതലുമാണ് , സിലബസ് അനുസരിച്ചുള്ള പാഠ ഭാഗങ്ങള്‍ തീര്‍ത്തില്ലെങ്കില്‍ ഉള്ള ശിക്ഷാവിധികള്‍ വേറെയും - ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം നേരത്തെ സൂചിപ്പിച്ച പോലെ സ്കൂളുകള്‍ക്കനുസരിച്ച് വ്യത്യാസപ്പെടാം .

  4.ഇങ്ങനെയെല്ലാം കാര്യങ്ങള്‍ ആയിരിക്കെ ഏതാണ് താങ്കള്‍ മികച്ച പഠനം ലഭിക്കുന്നതായി കാണുന്നത്?

  ഉത്തരം : ആദ്യമായി സി ബി എസ് ഇ മികച്ചതാണ് എന്നതു എന്റെ വാദമല്ല അതൊരു പൊതൂധാരണയാണ് , അല്ലെങ്കില്‍ ഭൂരിപക്ഷത്തിന്റെ ധാരണ . അതിനു കാരണം മത്സര പരീക്ഷകളിലും എണ്ട്രന്‍സ് പരീക്ഷകളിലും ഉപയോഗിക്കുന്ന മാനദണ്ഡം സി ബി എസ് ഇ പാഠ്യ പദ്ധതിയോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നതു കൊണ്ടാണ് . കഴിവുണ്ടായിട്ടും സര്‍ക്കാര്‍ സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ പലപ്പോഴും അഖിലേന്ത്യാ തലത്തിലുള്ള മത്സര പരീക്ഷകളില്‍ പിന്തള്ളപ്പെടാനുള്ള സാധ്യത ഉണ്ട് .എന്നിട്ടു സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച കുട്ടികളൊന്നും അഖിലേന്ത്യാ മത്സര പരീക്ഷകളില്‍ വിജയിക്കുന്നില്ലേ എന്ന മറുചോദ്യത്തിനു ഇപ്പോഴെ ഉത്തരം നല്‍കിയേക്കാം - ഉണ്ടു , പക്ഷെ അതോടൊപ്പം തന്നെ പാഠ്യ പദ്ധതിയുടെ അപര്യാപ്തത കൊണ്ടോ ഭാഷയുടെ പരിമിതി കൊണ്ടൊ മാത്രം കഴിവുള്ള ഒരു പാടു കുട്ടികള്‍ പിന്തള്ളപ്പെടുന്നുണ്ട് .

  ReplyDelete
 40. സര്‍ക്കാര്‍ സ്കൂളുകളിലുള്ളത്രയും യോഗ്യതയില്ലാത്ത അധ്യാപകര്‍ , ഏകീകൃത മാനദണ്ഡമില്ലാത്ത തിരഞ്ഞെടുപ്പുകള്‍ ഇതെല്ലാമാണ് മാഷ് പറഞ്ഞ പോലെ സി ബി എസ് ഇ സ്കൂളുകളെ കുറിച്ചു എനിക്കും പറയാനുള്ളത് എന്നിട്ടുംആളുകള്‍ ഇല്ലാത്ത പൈസ ഉണ്ടാക്കി കൂണു പോലെ മുളച്ചു പൊന്തുന്ന ഈ സ്ഥാപനങ്ങളിലേക്കു കുട്ടികളെ അയക്കാന്‍ കാരണമെന്താണ് ? ആളുകള്‍ക്കു വിവരമില്ലാത്തതു കൊണ്ട് അല്ലെ . വിവരമില്ലായ്മ എന്ന വാദം അംഗീകരിച്ചാല്‍ തന്നെയും ഒരു വലിയ വിഭാഗം ജനക്കൂട്ടത്തിന്റെ ഈ വിവരമില്ലായ്മക്കൊരു കൃത്യമായ കാരണം കണ്ടത്തേണ്ടതുണ്ട് . അവിടെയാണ് കാലോചിതമായി സര്‍ക്കാര്‍ സ്കൂളുകളിലെ പാഠ്യപദ്ധതി പരിഷ്കരിക്കേണ്ടതുണ്ട് എന്നു ഞാന്‍ പറയുന്നത് .അതു ഇപ്പോള്‍ നിലവിലുള്ള സാങ്കേതിക വിദ്യാഭ്യാസത്തിനു പകരമായി രണ്ടോ മൂന്നോ പിരീഡ് മലയാ‍ളം കൂടുതല്‍ പഠിച്ചു കൊണ്ടോ ഏതെങ്കിലും മലയാള ഭാഷാ വേദിക്കാരുടെ ആഹ്വാനം അനുസരിച്ചു കൊണ്ടോ അല്ല വിദ്യാഭ്യാസ വിചക്ഷണരും സാമൂഹ്യ ശാസ്ത്രജ്ഞന്മാരും അടങ്ങുന്ന കമ്മിറ്റിയായിരിക്കണം അതു നിശ്ചയിക്കേണ്ടത് .അതു പോലെ സി ബി എസ് ഇ / മറ്റു ഇംഗ്ലീഷ് മീഡിയം സിലബസുകളില്‍ മലയാളം ഒരു നിര്‍ബന്ധിത വിഷയമായി പഠിപ്പിക്കുക - അതു നല്ല തീരുമാനമാണ് . “മലയാലം അരിയാത്ത “ കുട്ടികള്‍ക്കു ചുരുങ്ങിയതു മലയാളം അറിയുകയെങ്കിലും ചെയ്യാം . അതല്ലാതെ മലയാളം പച്ചവെള്ളം പോലെ പറയാന്‍ കഴിയുന്ന കുട്ടികള്‍ക്കിടയില്‍ മൂന്നു പിരീഡ് മലയാളം കൂട്ടിയിട്ടിട്ട് മലയാള സംസ്കാരം നിലനിര്‍ത്തി എന്നു മേനി നടിക്കുകയല്ല വേണ്ടത്

  [പൊതു വിദ്യാലയങ്ങളില്‍ ഇത്തവണ 120000 കുട്ടികളാണ് കഴിഞ്ഞ തവണത്തേതിനെക്കാള്‍ കുറവ് - ഇന്നലത്തെ വാര്‍ത്തയാണ് - ഇതെല്ലാം വസ്തുതയാണ് സര്‍
  വെറും നിഗമനമല്ല - പൊതു വിദ്യാലയങ്ങളില്‍ നിന്നു കുറവു വരുന്ന ഈ കുട്ടികള്‍ എവിടെയാണ് അജ്ഞാതരായി പോകുന്നത് ? ഇതൊക്കെ മനസ്സിലാക്കാന്‍ വലിയ “ഗഹനമായ “ ചിന്തകളൊന്നും വേണ്ടാ , ലളിതമായ ബുദ്ധി മതി :) ] മാഷ് ഇവിടെ ചെയ്തിരിക്കുന്നത് cherry picking ആണ് , ഇതിനു തത്തുല്യമായ മലയാളം എനിക്കറിയാത്തതു കൊണ്ടു ആ വാക്കുപയോഗിക്കുന്നു . ഒരു ബ്ലോഗും ഇക്കണ്ട കമന്റും എഴുതിയിട്ടും സി ബി എസ് ഇ മികച്ചതാണ് എന്നൊരു വാദമാണ് അതില്‍ നിന്നു മാഷിനു കണ്ടെത്താന്‍ കഴിഞ്ഞത് - അതായതു ആവശ്യമുള്ള സംഗതി മാത്രമങ്ങ് തിരഞ്ഞെടുത്തു അതു തിരഞ്ഞെടുക്കാന്‍ ഇതു മുഴുവന്‍ വായിക്കുക പോലും വേണ്ടാ എന്നു സ്വയമങ്ങു തീരുമാനിച്ചു . അതൊന്നും പ്രശ്നമില്ല മാഷെ മാഷു ചോദിച്ച ചോദ്യത്തിനു ഉത്തരവും അതിനുള്ള വിശദീകരണവും ഉണ്ട് .ബാക്കി തുടരുന്നു .

  ReplyDelete
 41. ഞാന്‍ ആദ്യമേ പറഞ്ഞു എനിക്കു ബോധ്യമുള്ള കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇവിടെ പൌലോ ഫ്രയറിന്റെ വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയമോ മര്‍ദ്ദിതരുടെ ബോധന ശാസ്ത്രമോ ഡേവിഡ് ക്രിസ്റ്റലിന്റെ ലാങ്ക്വേജ് ഡെത്തോ ഒന്നും അനാവശ്യമായി എടുത്തുദ്ധരിക്കണമെന്നു തോന്നുന്നില്ല എന്ന് .

  ഇക്കൊല്ലം നിരവധി സ്കൂളുകളാണ് സി ബി എസ് ഇ തലത്തില്‍ എന്‍ ഓ സി നേടിയിട്ടുള്ളത് .നിരവധി സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചു പൂട്ടലിന്റെ ഭീഷണിയിലും ,.ഈ - ഇതൊക്കെ എന്തു കൊണ്ടാണ് ? അതു മനസ്സിലാക്കാന്‍ റോക്കറ്റ് സയന്‍സില്‍ പി എച്ച് ഡി എടുക്കേണ്ട കാര്യമില്ല - ലളിതമാണ് . നല്ല സര്‍ക്കാര്‍ സ്കൂളുകള്‍ നല്ല രീതിയില്‍ നടക്കുന്നുണ്ട് ഇല്ലെന്നാരും പറഞ്ഞിട്ടില്ല - പക്ഷെ ഈ അപവാദങ്ങള്‍ ഉദാഹരണമായെടുക്കുന്നത് സാമാന്യ ബോധത്തെ തമസ്കരിക്കലാണ് . എന്റെ ബ്ലോഗില്‍ ഞാനാദ്യമായാണ് ഇത്രയധികം കമന്റുകളും വിശദീകരണങ്ങളും എഴുതുന്നത് - ശെടാ ഇവനിത്ര മാത്രം മലയാള വിരുദ്ധനാകാന്‍ കാരണമെന്ത് എന്നോര്‍ത്തു തല പുകയ്ക്കണ്ടാ - നിങ്ങളെക്കാളുമൊക്കെ മലയാള ഭാഷയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന ഒരാള്‍ തന്നെയാണ് ഞാന്‍ .അതു നെഞ്ചു പൊളിച്ചു കാണിക്കാനും യാഥാര്‍ത്ഥ്യം വിസ്മരിച്ചു കാല്പനികതയുടെ അതിഭാവുകത്വം കലര്‍ന്ന സാംസ്കാരിക തനിമയെന്ന മുരട്ടു ന്യായം പറഞ്ഞു വലിയ വിവേചനം സൃഷ്ടിക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിനു കൂട്ടു നില്‍ക്കാന്‍ എനിക്കു മനസ്സില്ല . മൂന്നോ നാലോ പിരീഡ് കൂടുതല്‍ മലയാളം പഠിപ്പിച്ചാല്‍ എന്തു വിവേചനമാണെടോ കോപ്പെ ഉണ്ടാകാന്‍ പോകുന്നതു എന്നു ഏതോ ഒരു മലയാളി സ്നേഹി എന്നെ നോക്കി ചോദിക്കുന്നുണ്ട് - അതു കൊണ്ടു അതു കൂടി മുന്‍ കൂട്ടി പറയുന്നു - നമ്മുടെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ കഴിവുണ്ടായിട്ടും മറ്റു സെണ്ട്രല്‍ സിലബസിലെ കുട്ടികളുമായി മത്സര പരീക്ഷകളില്‍ മാറ്റുരയ്ക്കുമ്പോള്‍ കഴിവിനു ആനുപാതികമല്ലാതെ പിന്തള്ളപ്പെടുന്നുണ്ട് - ഭാഷയുടെ പരിമിതി കൊണ്ടു മാത്രം . ആ ഒരു സാഹചര്യത്തിലേക്കു ഒരു ആണി കൂടിയാണ് ഇപ്പോള്‍ തറച്ചിരിക്കുന്നത് .കമ്പ്യൂട്ടര്‍ ക്ലാസ്സുകള്‍ ആഴ്ചയില്‍ 3 പിരീഡുകള്‍ ഇല്ലായ്മ ചെയ്തിട്ടു മലയാളം പഠിപ്പിക്കുമ്പോള്‍ വര്‍ഷാവസാനം ആ കുട്ടികള്‍ എത്ര പിരീഡാണ് കമ്പ്യൂട്ടര്‍ പഠിക്കുക ? ഈ എക്സ്ട്രാ മലയാളം പിരീഡുകള്‍ കുത്തിക്കയറ്റുന്നത് മലയാളം അറിയുന്ന , മലയാളത്തിന്റെ ചുറ്റുപാടുകളില്‍ ജീവിക്കുന്ന സാധാരണക്കാരന്റെയും ദരിദ്രന്റെയും കുട്ടികളിലാണ് - അതിനെയാണ് സംസ്കാരം സംരക്ഷിച്ചുവെന്നു പറഞ്ഞു ആഘോഷിക്കുന്നത് . എല്ലാ വാദ മുഖങ്ങളും മാറ്റി വെച്ചിട്ടു , അതി വൈകാരികതയുടെ ആ ഭാവം അങ്ങു വെടിഞ്ഞിട്ടു ഒന്നു സ്വയം ചോദിക്കൂ - എന്തു നേട്ടമാണുണ്ടാകാന്‍ പോകുന്നതെന്ന് ??

  ReplyDelete
 42. മറ്റൊരു കാര്യം ഗഹനമായ ചര്‍ച്ച അല്ലെന്നതാണ് . എനിക്കുമറിയാം ഇതത്ര ഗഹനമായ ചര്‍ച്ച അല്ലെന്നു . ലളിതമായി കാര്യങ്ങള്‍ പറയാന്‍ കഴിയുന്നതിനെ അനാവശ്യമായി ഗഹനമാക്കേണ്ടതുണ്ട് എന്നു എനിക്കു തോന്നുന്നില്ല . മാത്രമല്ല മലയാള ഐക്യക്കാരാരും ഗഹനമായ ചോദ്യങ്ങളൊന്നും ഉന്നയിച്ചും കണ്ടില്ല . ഇന്‍ഡ്യയുടെ പ്രധാന മന്ത്രി ആരാണു എന്ന ചോദ്യത്തിനുത്തരമായി ഈജിപ്ഷ്യന്‍ ഭരണ മാറ്റത്തില്‍ മുല്ലപ്പൂ വിപ്ലവത്തിന്റെ പ്രസക്തി വിശദീകരിക്കണമെന്ന ശാഠ്യം പിടിക്കുന്നതു ശരിയല്ലല്ലോ - ഗഹനമായ എതിര്‍ വാദങ്ങള്‍ വരുമ്പോള്‍ സംവാദവും ഗഹനമാകും ഇനി അതല്ല ഈ വക ലളിതമായ വാദങ്ങള്‍ക്കു മറുപടി പറയാന്‍ എന്റെ പട്ടി വരും എന്നാണെങ്കില്‍ എനിക്കൊന്നും പറയാനില്ല - :) .

  ReplyDelete
 43. സിബിഎസ്ഇ യില്‍ ഒന്നാം ക്ലാസ്സ് മുതല്‍ ഒന്‍പത് വരെ എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ഒരു കമ്മിറ്റിയും അല്ല, അതാത് സ്കൂളുകള്‍ തന്നെയാണ്. വേണമെങ്കില്‍ 'സ്ഥാപനമുതലാളി'ക്ക് തീരുമാനിക്കാം.
  ഇനി 2,3 ചോദ്യങ്ങള്‍ക്ക് താങ്കളുടെ മറുപടിയും നോക്കുക. ഇതാണ് യഥാര്‍ത്ഥ വസ്തുത എന്നിരിക്കെ പിന്നെ എന്തു കൊണ്ടാണ് താങ്കള്‍ പറഞ്ഞ ഈ വര്‍ദ്ധന? അതാരുടെ വിവരക്കേടും ആയിക്കോട്ടെ താങ്കള്‍ അതിനെ ശരി വയ്ക്കും മട്ടില്‍ സംസാരിക്കരുതെന്നേ സൂചിപ്പിച്ചുള്ളൂ.
  ---------------
  ""ഇപ്പോഴുള്ള ഈ മലയാളമൌലികവാദത്തിന്റെ അസ്ക്യത പണ്ടുണ്ടായിരുന്നെങ്കില്‍ നല്ലൊരു നോവല്‍ സാഹിത്യമുണ്ടാകുമായിരുന്നോ ? "- എന്ന് താങ്കള്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണ്? വിവര്‍ത്തനത്തെയോ അന്യഭാഷാസാഹിത്യ സ്വാധീനത്തെയോ ആരാണ് എതിര്‍ത്തതെന്ന് തെളിച്ച് പറയാന്‍ താങ്കള്‍ക്ക് ബാധ്യതയുണ്ട്. സ്വയം അങ്ങനെ അഭിപ്രായമുണ്ടാക്കി അതിനൊരു മറുപടിയും പറയുകയാണോ?"- ഇതിന് മറുപടി ലഭിച്ചില്ലല്ലോ.

  ReplyDelete
 44. മാഷ് - അതിനും കൂടി മറുപടി വിശദമായി പറയാം - അല്പം പണി - ചുവരുണ്ടെങ്കിലെ പെയിന്റടിക്കാന്‍ പറ്റൂ എന്ന പഴയ തത്വം എന്റെ പണിക്കും ബാധകമാണ് :) ....ദാ വരണൂട്ടാ .

  ReplyDelete
 45. @മാഷ് - സി ബി എസ് ഇ സ്കൂളുകളില്‍ പാഠ്യ പദ്ധതി അല്ലെങ്കില്‍ അതിന്റെ Guide lines കൊടുക്കുന്നത് സെണ്ട്രല്‍ ബോര്‍ഡ് തന്നെയാണ് . അതിനനുസരിച്ചായിരിക്കണം സിലബസ് തയ്യാറാക്കേണ്ടതും . സിലബസ് തയ്യാറാക്കുന്നതു അതതു സ്കൂളുകള്‍ ആണെങ്കില്‍ തന്നെയും സെണ്ട്രല്‍ ബോര്‍ഡിന്റെ Guide lines പലിച്ചു കൊണ്ടാവണമെന്നതാണ് ചട്ടം . ഇതു പാലിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കാന്‍ മോണിട്ടറിങ്ങും ഉണ്ട് . അതിപ്പോ സ്ഥാപന മുതലാളി നിശ്ചയിക്കുന്നതായാലും പി ടി എ കമ്മിറ്റി നിശ്ചയിക്കുന്ന സിലബസായാലും ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൂടി പാലിച്ചിരിക്കണമെന്നതാണ് വ്യവസ്ഥ .
  സര്‍ക്കാര്‍ സ്കൂളുകളില്‍ യോഗ്യതയുള്ള മികച്ച അധ്യാപകരുണ്ടായിട്ടും പണച്ചിലവു കുറവായിട്ടും എന്തു കൊണ്ടാണ് സര്‍ക്കാര്‍ സ്കൂളില്‍ മാതാപിതാക്കള്‍ കുട്ടികളെ ചേര്‍ക്കാന്‍ മടിക്കുന്നത് ? ഇതേ ചോദ്യത്തിനുത്തരമല്ലെ ഞാനീക്കണ്ട പാരാഗ്രാഫ് എല്ലാം ടൈപ്പു ചെയ്തു പറഞ്ഞതു എന്നോര്‍ക്കുമ്പോള്‍ എനിക്കു തന്നെ നാണമാകുന്നു .

  ഒന്നു കൂടി പറയാം - അടിസ്ഥാന സൌകര്യങ്ങളും മികച്ച അധ്യാപകരും സാമ്പത്തിക ലാഭവും ഉണ്ടായിട്ടും സര്‍ക്കാര്‍ സ്കൂളുകളില്‍ ചേര്‍ക്കാതെ സി ബി എസ് ഇ സിലബസ്സിലേക്കു മാതാപിതാക്കള്‍ കുട്ടികളെ വിടാനുള്ള കാരണം സര്‍ക്കാര്‍ സ്കൂളിലെ പാഠ്യ പദ്ധതി കാലോചിതമായി പരിഷ്കരിക്കാത്തതു കൊണ്ടാണ് .നേരത്തെ പല കമന്റുകളിലായി പറഞ്ഞു സര്‍ക്കാര്‍ സ്കൂളിലും പൊതു വിദ്യാലയങ്ങളിലും പഠിച്ചതു കൊണ്ടു മാത്രം കഴിവുള്ള പല കുട്ടികളും ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശന പരീക്ഷകളിലും മറ്റു അഖിലേന്ത്യാ പ്രവേശന പരീക്ഷകളിലും കഴിവിന്റെ അനുപാതത്തിലല്ലാതെ പിന്തള്ളപ്പെടുന്നുണ്ട് - ഇവിടെ കഴിവിന്റെ അനുപാതം എന്നത് ശ്രദ്ധിക്കുക .

  സര്‍ , ഈ പറയുന്ന മലയാള ഭാഷാ വാദമെല്ലാം വെടിഞ്ഞാല്‍ കണ്‍ മുന്നില്‍ കുറെ യാഥാര്‍ത്ഥ്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതു കാണാം .

  സര്‍ക്കാര്‍ സ്കൂള്‍ എന്നാല്‍ ഉച്ചക്കഞ്ഞിക്കു വകയില്ലാത്തവരുടെയും മറ്റു നിവൃത്തിയില്ലാത്തവരുടേതായും മാത്രമാണെന്ന ധാരണ വ്യാപിക്കുന്നത് അവിടെ സാമൂഹ്യമാറ്റങ്ങള്‍ക്കനുസരിച്ചുള്ള പരിഷ്കരണം വരാത്തതു കൊണ്ടാണ് . മലയാളം വേണം പക്ഷെ അതൊരു ഭാഷ എന്ന നിലയ്ക്കുള്ള പഠനം തന്നെ ധാരാളമാണ് .അതിലുപരി നിലവില്‍ ഉള്ള മറ്റു വിഷയങ്ങള്‍ കൂടി കവര്‍ന്നെടുത്തുള്ള ഒരു പരിഷ്കരണത്തിനു പകരം സാങ്കേതിക വിഷയങ്ങള്‍ക്കും ഇംഗ്ലീഷിനും കൂടി പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു പാഠ്യ പദ്ധതി ആണ് ആവിഷ്കരിക്കേണ്ടത് . നമ്മുടെ മാതൃഭാഷയെ ഒന്നാം സ്ഥാനത്തു പ്രതിഷ്ടിക്കാന്‍ വേണ്ടിയുള്ള ഈ പരിഷ്കരണ പദ്ധതി സാധാരണക്കാരും ദരിദ്രരുമായ കുട്ടികളോടു ചെയ്യുന്ന ദ്രോഹമാണ് . ഇതില്‍ മിക്ക കുട്ടികളും കമ്പ്യൂട്ടര്‍ ഒക്കെ കാണുന്നതു സ്കൂളില്‍ വെച്ചു മാത്രമാണ് അവരുടെ ആ സമയം കൂടി അപഹരിച്ചു കൊണ്ടു എന്തു മലയാളമാണ് കൂടുതല്‍ പഠിപ്പിക്കാന്‍ പോകുന്നത് ?

  ReplyDelete
 46. ""ഇപ്പോഴുള്ള ഈ മലയാളമൌലികവാദത്തിന്റെ അസ്ക്യത പണ്ടുണ്ടായിരുന്നെങ്കില്‍ നല്ലൊരു നോവല്‍ സാഹിത്യമുണ്ടാകുമായിരുന്നോ ? "- എന്ന് താങ്കള്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണ്? വിവര്‍ത്തനത്തെയോ അന്യഭാഷാസാഹിത്യ സ്വാധീനത്തെയോ ആരാണ് എതിര്‍ത്തതെന്ന് തെളിച്ച് പറയാന്‍ താങ്കള്‍ക്ക് ബാധ്യതയുണ്ട്. സ്വയം അങ്ങനെ അഭിപ്രായമുണ്ടാക്കി അതിനൊരു മറുപടിയും പറയുകയാണോ?"- ഇതിന് മറുപടി ലഭിച്ചില്ലല്ലോ.

  ------------------------------------------

  കമന്റുകള്‍ക്കു വിശദീകരണം തരാതെ തന്നെ മനസ്സിലാക്കുമെന്ന ധാരണയിലാണ് അങ്ങനെ ഒഴുക്കില്‍ പറഞ്ഞു പോയത് . ഒയ്യാരത്തു ചന്തുമേനോന്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച ആളാണ് ,എന്നിട്ടു മൂപ്പര്‍ ഇന്ദുലേഖ എഴുതിയപ്പോള്‍ അതു മലയാള സംസ്കാരത്തിനു വിരുദ്ധമായില്ല എന്നു മാത്രമല്ല മലയാളത്തെ എക്കാലത്തെയും മികച്ച സാഹിത്യ സൃഷ്ടിയായി ഇന്നും ഗണിക്കുന്നു . അദ്ദേഹം ഒരു മലയാളം നോവല്‍ എഴുതാനുള്ള പ്രചോദനം ലഭിച്ചതു പോലും അദ്ദേഹത്തിനു ലഭിച്ച ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് - അങ്ങനെയാണ് നമുക്കു നമ്മുടെ ലക്ഷണമൊത്ത ആദ്യ നോവല്‍ ഇന്ദുലേഖ ലഭിക്കുന്നത് . ആദ്യ മലയാള നാടകമെഴുതിയ കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസും ഇതേ പോലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഫലമായാണ് കോമഡി ഓഫ് എറേഴ്സ് വിവര്‍ത്തനം ചെയ്തു ആദ്യ മലയാള നാടകമായ ആള്‍മാറാട്ടം എഴുതുന്നത് . പഴ്യ കാല എല്ലാ സാഹിത്യ രൂപങ്ങളിലും പ്രകടമായ സംസ്കൃത സ്വാധീനമുണ്ടായിരുന്നു .


  ഇനി നിങ്ങളുടെ വാദം ഞാന്‍ പറയാം - ഞങ്ങള്‍ മറ്റു ഭാഷകളെ എതിര്‍ക്കുന്നില്ല , എല്ലാ ഭാഷയും സംസ്കാരവും ഞങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണ് പക്ഷെ മലയാളം പ്രഥമ സ്ഥാനത്തായാല്‍ മതി , അതിനു പ്രാധാന്യം കൊടുക്കാനല്ലെ ഞങ്ങള്‍ ആവശ്യപ്പെടുന്നുള്ളൂ . ന്യായമായ വാദം .

  അതൊക്കെ ഒരു പേച്ചുക്കു പേശാമെന്നല്ലാതെ ന്യായമൊന്നുമില്ല - ഒരു ആശയത്തിനോ വിഷയത്തിനോ കൃത്രിമമായ മുന്‍ തൂക്കം നല്‍കാനുള്ള ഏതു ശ്രമത്തിലും മറ്റുള്ളത് സ്വാഭാവികമായും തിരസ്കരിക്കപ്പെടേണ്ടതാണ് എന്ന വ്യംഗ്യമടങ്ങിയിട്ടുള്ളതാണ് . മത മൌലിക വാദികള്‍ പറയുന്നതു കേട്ടിട്ടില്ലെ എല്ലാ മതങ്ങളെയും ഞങ്ങള്‍ അംഗീകരിക്കുന്നു , എല്ലാ മതങ്ങളും ദൈവങ്ങളും ഒന്നാണ് - പക്ഷെ ഓറിജിനല്‍ ദൈവം ഞങ്ങളുടേതാണ് , അതു കൊണ്ടു അതില്‍ വിശ്വസിച്ചാലെ രക്ഷയുള്ളൂ - ഏതാണ്ടു അതു പോലൊരു വാദം . :)

  ReplyDelete
 47. താങ്കളുടെ വാദമാണ് മതമൌലികവാദികളുടേതുപോലെ എന്ന് ഞാന്‍ പറയും. ഏചു ഭാഷയും പഠിച്ചോളൂ, പക്ഷേ മാതൃഭാഷ നിര്‍ബന്ധമായി പഠിക്കണം എന്നേ പറയുന്നുള്ളൂ. ഇംഗ്ലീഷ് നിര്‍ബന്ധവും ഒന്നാം ഭാഷയും ആയിരിക്കുന്നത് ശരി, മലയാളം ആ സ്ഥാനത്ത് വരുന്നത് തെറ്റ്!!! ഇതെന്ത് വാദം? ഇംഗ്ലീഷിലൂടെ മാത്രമേ അറിവ് കിട്ടൂ എന്ന് നിങ്ങള്‍ പറയുമ്പോള്‍ അങ്ങനെ അല്ലാത്ത ഒരു വിഭാഗത്തെ എന്ത് കൊണ്ട് കാണുന്നില്ല?
  താങ്കള്‍ ഭാഷയെ സ്നേഹിക്കുന്നു, അതിന്റെ സംസ്കാരത്തെ തിരിച്ചറിയുന്നു, പക്ഷേ പണ്ടുണ്ടായിരുന്ന മലയാളം പിരിയഡ് ആവശ്യപ്പെടുന്നതിന് എതിര്; ഇംഗ്ലീഷിന്റെ സ്ഥാനത്ത് ഒന്നാം ഭാഷ എന്ന സ്ഥാനം മലയാളത്തിന് നല്കുന്നതിലെ യുക്തി താങ്കള്‍ക്ക് മനസ്സിലാകുന്നില്ല!!! മലയാളത്തിനായി പറയുന്ന ആരും ഐ.ടി. പിരിയഡ് ആവശ്യപ്പെട്ടതായി എനിയ്ക്കറിയില്ല. അത് ഗവ.ന്റെ ഉത്തരവാദിത്തം.
  -------------------------
  ഇനി മറുപടി വേണമെന്നില്ല. കാരണം ഞാന്‍ പിന്മാറുന്നു. ഈ ചര്‍ച്ച ഒരു പടിപോലും മുന്നോട്ട് പോകില്ല. കാരണം താങ്കള്‍ ഒരു ഭാഷാസ്നേഹി- എന്നെക്കാളേറെ- ആയിരിക്കെത്തന്നെയാണ് മാതൃഭാഷയ്ക്കായി സംസാരിക്കുന്നവരെ മൌലികവാദികളായി കാണുന്നത്. "പ്രഥമഭാഷ എന്ന ഒരു സ്ഥാനം മാത്രം പുതുതായി വരുന്നത് പോലും പ്രധാനമാണ്. മറ്റൊന്നിനേക്കാള്‍ കീഴെ നില്‍ക്കേണ്ടതല്ല നമ്മുടെ മാതൃഭാഷ." എന്ന് മുകളില്‍ ഒരു സ്നേഹിതന്‍ പറഞ്ഞതേ എനിക്കും പറയാനുള്ളൂ.

  ReplyDelete
 48. @ മാഷ് .
  താങ്കളുടെ വാദമാണ് മതമൌലികവാദികളുടേതുപോലെ എന്ന് ഞാന്‍ പറയും. ഏചു ഭാഷയും പഠിച്ചോളൂ, പക്ഷേ മാതൃഭാഷ നിര്‍ബന്ധമായി പഠിക്കണം എന്നേ പറയുന്നുള്ളൂ
  -----------------------------------------
  അങ്ങനെയല്ലല്ലോ നിങ്ങള്‍ പറയുന്നത് , മാതൃഭാഷ ഒന്നാം ഭാഷയാക്കണമെന്നും അതു പഠിക്കാന്‍ വേണ്ടി ഇപ്പോഴുള്ളതിനെക്കാള്‍ സമയം അനുവദിക്കണമെന്നുമാണ് പറയുന്നത് - വസ്തുത വസ്തുത ആയിട്ടു തന്നെ അവതരിപ്പിക്കുക .പിന്നെ മറ്റൊരു കാര്യം ഇംഗ്ലീഷ് ഒന്നാം ഭാഷയാക്കണമെന്നു ബ്ലോഗിലോ കമന്റിലോ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല .മലയാളത്തോടൊപ്പം ഇംഗ്ലീഷിന്റെ കൂടി പ്രാധാന്യം കണക്കിലെടുത്തുള്ള പാഠ്യ പദ്ധതി തയ്യാറാക്കണമെന്നതാണ് , ഞാന്‍ ഉന്നയിക്കാത്ത കാര്യം ഉന്നയിച്ചു എന്നൊക്കെ പറയുന്നതു ഒരു സംവാദത്തിനു യോജിച്ചതല്ലല്ലോ .

  ReplyDelete
 49. മറുപടി ആവശ്യപ്പെട്ടില്ലെങ്കിലും അതു തരേണ്ടതു എന്റെ ബാധ്യതയാണ് . ഞാന്‍ ഒരു ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലാണ് പഠിച്ചത് .സംസ്കൃതമായിരുന്നു ഒന്നാം ഭാഷ ,എന്നിട്ടും ഞങ്ങളുടെ മലയാളം വഴിയിലെങ്ങും നഷ്ടപ്പെട്ടു പോയില്ല . സംസ്കൃതമല്ല ഇനി ഫ്രഞ്ച് തന്നെയായിരുന്നാലും നമ്മള്‍ ദിനേന ഇടപഴകുന്ന ഒരു ഭാഷ അങ്ങു കാരണമില്ലാതെ നമുക്കു അന്യമായി പോകുമെന്നു കരുതാന്‍ വയ്യ . മലയാളം മറ്റു സാധാരണ വിഷയങ്ങളെ പോലെ തന്നെ ഒരു വിഷയമായി പഠിച്ചാല്‍ പോലും നല്ല രീതിയില്‍ മലയാളം ഭാഷ എഴുതാനും വായിക്കാനും കഴിയും . പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ കാര്യമാണ് ഞാന്‍ പറഞ്ഞത് . സര്‍ക്കാര്‍ വിദ്യാലയങ്ങളടക്കമുള്ള പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു ഇംഗ്ലീഷും കമ്പ്യൂട്ടറുമെല്ലാം പഠിക്കാന്‍ ആകെയുള്ള ആശ്രയം സ്കൂള്‍ തന്നെയാണ്, അപൂര്‍വ്വം ചില കുട്ടികള്‍ക്കു മറ്റു മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നിരിക്കാം പക്ഷെ 95 ശതമാനത്തിലേറെ കുട്ടികള്‍ക്കും സ്കൂള്‍ തന്നെയാണ് ആശ്രയം പക്ഷെ ഈ കുട്ടികള്‍ക്കു മലയാളം പഠിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ടല്ലോ - പത്രങ്ങള്‍ , ചുറ്റുപാടുകള്‍ , പുസ്തകങ്ങള്‍ അങ്ങനെ നിരവധി മാര്‍ഗ്ഗങ്ങള്‍ .അതു കൊണ്ട് മലയാളത്തിനു കൊടുക്കുന്ന ഈ അധിക സമയം കൊണ്ടു മറ്റേതെങ്കിലും വിഷയത്തിനു കൊടുക്കേണ്ട അധിക സമയമാണ് നഷ്ടമാകുക . ഈ വിദ്യാഭ്യാസ സമ്പ്രദായം കൊണ്ട് രണ്ടു തരം പൌരന്മാരാണ് -അത്തരം അന്തരം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനു പകരം ഇത്തരം മുട്ടു ന്യായങ്ങള്‍ ഉപയോഗിച്ചു ഉള്ളതും കൂടി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത് . ഇനി ഞാന്‍ ഒരു ഊഹം പറയട്ടെ ഈ മലയാളഭാഷയ്ക്കു വേണ്ടി വാദിക്കുന്ന മാഷിന്റെ മകനോ മകളോ സി ബി എസ് ഇ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിക്കുന്നത് , അതല്ല അല്പം പ്രായമുള്ള ആളാണെങ്കില്‍ കൊച്ചു മക്കളാരെങ്കിലും ??? ശരിയാവണമെന്നില്ല .ചുമ്മാ ഒരു ഊഹം :) .

  ReplyDelete
 50. മറ്റുള്ള ഭാഷകളെ ഉപേക്ഷിക്കണമെന്ന് ഒരിക്കലും ഞാന്‍ അഭിപ്രായപ്പെടുകയില്ല. പക്ഷേ അവയ്ക്കുവേണ്ടി മലയാളത്തെ തഴയുന്നതും അംഗീകരിക്കുവാനാവുകയില്ല. ഹിന്ദിയും ഇംഗ്ലീഷും നിര്‍ബന്ധിത ഭാഷയായി പഠിപ്പിക്കുന്നതുപോലെ തന്നെ മലയാളവും പഠിപ്പിക്കണം എന്നാണ് എന്റെ മതം. എന്തുകൊണ്ട് മലയാളം നിര്‍ബന്ധിതമാക്കണം എന്നതിനേക്കുറിച്ച് അടുത്തകാലത്ത് ഞാന്‍ ഒരു ബ്ലോഗ് ഇട്ടിരുന്നു..

  http://myviewsmypoints.blogspot.com/2011/06/blog-post.html

  ReplyDelete
 51. മലയാളം മീഡിയത്തില്‍ മലയാളം ഒന്നാം ഭാഷയായി പഠിച്ച ആളാണ്‌ ഞാന്‍. സ്കൂളില്‍ പഠിക്കുന്ന സമയത്തു തന്നെ നല്ല മലയാള കൃതികള്‍ വായിക്കാന്‍ തരപ്പെട്ടു. ഇതര ഭാഷകളിലെ കൃതികളും മലയാളത്തില്‍ വായിച്ചു. എങ്കിലും പഠനവിഷയം എന്ന നിലയില്‍ മലയാളത്തെ വിരസതയോടും തെല്ല്‌ അമര്‍ഷത്തോടും കൂടെയാണ്‌ ഞാന്‍ കൈകാര്യം ചെയ്തത്‌.

  എണ്റ്റെ ഭാഷാപഠന അനുഭവങ്ങള്‍ ഇവിടെ പങ്കു വെക്കാന്‍ ആല്‍കെമിസ്റ്റിണ്റ്റെ അനുവാദം ഉണ്ടെന്നു കരുതട്ടെ.

  മലയാള പഠനം എന്നാല്‍ ചെറു ക്ളാസുകളില്‍ കേട്ടെഴുത്തും പിന്നീട്‌ ഒറ്റ മാര്‍ക്കിണ്റ്റെയും അഞ്ച്‌ മാര്‍ക്കിണ്റ്റെയും ചോദ്യങ്ങളും എന്നുള്ള ധാരണയാണ്‌ അധ്യാപകര്‍ മനസ്സില്‍ പകര്‍ത്തിത്തന്നത്‌. കാണാതെ പഠിച്ച്‌ പൂരിപ്പിക്കേണ്ട അഞ്ച്‌ മാര്‍ക്ക്‌ വിലയുള്ള വരികളായി മാറി പാഠ പുസ്തകത്തിലെ കവിതകള്‍ . എണ്റ്റെ മനസ്സില്‍ മലയാളം ഓര്‍മ്മശക്തി പരീക്ഷക്കുള്ള മറ്റൊരു വിഷയം മാത്രമായി മാറുകയായിരുന്നു. കൌമാരത്തിണ്റ്റെ ആവേശത്തില്‍ പദ്യപൂരണം പോലുള്ള ചോദ്യങ്ങളെ ബഹിഷ്കരിച്ചുകൊണ്ടാണ്‌ അന്ന്‌ അത്തരം അധ്യയന രീതിയോടുള്ള വിയോജിപ്പ്‌ പ്രകടിപ്പിച്ചത്‌. ഭാഷയെ അറിയാനും, ഭാഷയുമായി ബന്ധപ്പെട്ടു കിടക്കുന്ന സംസ്കാരത്തെ സ്വാംശീകരിക്കാനും വ്യവസ്ഥാപിത വിദ്യാഭ്യാസം പരാജയപ്പെടുന്നു എന്നാണ്‌ എണ്റ്റെ അനുഭവം.

  മലയാളം മീഡിയത്തിലെ ഇംഗ്ളീഷ്‌ പഠനത്തെക്കുറിച്ച്‌. മലയാളത്തില്‍ പഠിച്ച ഇംഗ്ളീഷ്‌ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയില്‍ തോല്‍ക്കുന്ന വിഷയം എന്ന ഖ്യാതി കേട്ടതായിരുന്നു. ഇംഗ്ളീഷ്‌ തെറ്റുകൂടാതെ ഉപയോഗിക്കാന്‍ പ്രാപ്തമാക്കുന്ന അധ്യാപനമായിരുന്നില്ല സ്കൂള്‍ തലത്തില്‍. പരീക്ഷ പാസാവുക എന്ന ലക്ഷ്യം മാത്രമായി ഭാഷയെ സമീപിക്കവേ അധികമൊന്നും പ്രതീക്ഷിക്കാനാവില്ലല്ലൊ. സ്കൂള്‍ ജീവിതത്തിനു ശേഷമാണു മകനെ മലയാളം മീഡിയത്തിലേ പഠിപ്പിക്കൂ എന്ന രക്ഷിതാക്കളുടെ തീരുമാനം പൂര്‍ണ്ണമായി ശരിയായിരുന്നോ എന്ന സംശയം ഉള്ളില്‍ വരുന്നത്‌.

  ഏതെങ്കിലും വിഷയം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതുകൊണ്ടു മാത്രം വിദ്യാര്‍ഥികളില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തണമെന്നില്ല. പാഠത്തിണ്റ്റെ ചട്ടക്കൂടുകള്‍ക്കപ്പുറത്തേക്ക്‌ വിഷയത്തെ കണ്ടെതാനുള്ള അവസരം ഒരുക്കുന്ന രീതിയിലായിരിക്കണം പാഠ്യ പദ്ധതിയും അദ്ധ്യാപനവും. മലയാളം നിര്‍ബന്ധമാക്കണമോ വേണ്ടയോ എന്നതിനേക്കാള്‍ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യേണ്ടത്‌ ഇത്തരം കാര്യങ്ങളാണ്‌ എന്ന്‌ മാത്രം കുറിക്കട്ടെ. ആഗോളീകരണത്തിനും നല്ല വശങ്ങള്‍ ഉണ്ടെന്നും, അവ നല്‍കുന്ന അവസരങ്ങളെ ഉപയോഗിക്കുവാന്‍ ഇംഗ്ളീഷ്‌ ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ്‌ വലുതായി സഹായിക്കുമെന്നും ഞാന്‍ കരുതുന്നു. ആ കഴിവ്‌ വികസിപ്പിക്കുക കൂടി ആവണം സ്കൂള്‍ തല പഠനപ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം എന്നും ഞാന്‍ വിശ്വസിക്കുന്നു. വിദ്യാഭ്യാസത്തിണ്റ്റെ ലക്ഷ്യം അത്‌ മാത്രമാകരുത്‌ എന്നും കൂട്ടിച്ചേര്‍ക്കുന്നു.

  ReplyDelete
 52. "ഞാന്‍ ഒരു ഊഹം പറയട്ടെ ഈ മലയാളഭാഷയ്ക്കു വേണ്ടി വാദിക്കുന്ന മാഷിന്റെ മകനോ മകളോ സി ബി എസ് ഇ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിക്കുന്നത് , അതല്ല അല്പം പ്രായമുള്ള ആളാണെങ്കില്‍ കൊച്ചു മക്കളാരെങ്കിലും ???"-
  ഊഹം തെറ്റെന്ന് പറയട്ടെ. മത്രമല്ല, മാഷിന് വേണ്ടപ്പെട്ട പലരും സാധാരണ എയിഡഡും സര്‍ക്കാരും മലയാളം മീഡിയം വിദ്യാലയങ്ങളില്‍ പഠിച്ച് ഉന്നത നിലയില്‍ എത്തിയവരാണ് (ജോലിയിലും വ്യക്തികളെനിലയിന്ന ലും.). പക്ഷേ, എനിയ്ക്കറിയുന്ന ഇംഗ്ലീഷ് മീഡിയത്തില് പഠിച്ച പുതിയ കുട്ടികള്‍ -എല്ലാവരും എന്നല്ല- മിക്കവരും ഒരുതരം ഓര്‍മ്മ കൊണ്ട് മാത്രം ജീവിക്കണവരാണ്.അവര്‍ നമ്മുടെ നാടിനെ അറിയാതെ പോകുന്നത് ഞാന്‍ കണ്‍മുന്നില്‍ കാണുന്നുണ്ട്.

  ReplyDelete
 53. @ചന്ദ്രകാന്തന്‍ - ഞാന്‍ മലയാളത്തിനെതിരായി ഒന്നും പറഞ്ഞില്ലല്ലോ - ഇപ്പോള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കൊണ്ടു വരും വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ നാമാവശേഷമാകാനേ ഉപകരിക്കൂ . മുക്കിനു മുക്കിനു മുളയ്ക്കുന്ന സി ബി എസ് ഇ വിദ്യാ‍ലയങ്ങള്‍ അതാണ് തെളിയിക്കുന്നത്

  ReplyDelete
 54. @ശ്രീജിത്ത് - പറഞ്ഞതിനോടു 100 ശതമാനവും യോജിക്കുന്നു .ഇപ്പോള്‍ നിലവിലുള്ള മലയാള പാഠ്യ പദ്ധതിയാണ് മാറ്റേണ്ടത് അല്ലാതെ കുറെ അധികം സമയം അതിനു വേണ്ടി മാറ്റി വെക്കുകയല്ല . സിലബസിലുള്ളതിനു മാത്രം ഉത്തരമെഴുതുക എന്ന നിലയില്‍ നിന്നു ഭാഷാ വിഷയങ്ങളെ നവീകരിക്കേണ്ടതുണ്ട് - ഇത്രാം പാഠം പഠിച്ചാല്‍ ഇത്ര മാര്‍ക്കു , ഈ കവിത പരീക്ഷയ്ക്കുണ്ടാവില്ല അതു കൊണ്ടു അതു പഠിക്കണ്ട - ഇങ്ങനെയൊക്കെയാണ് നമ്മളെ പഠിപ്പിച്ചു വെക്കുന്നത് .ചിലപ്പോള്‍ ഏറ്റവും മനോഹരമായ ഒരു കഥയോ കവിതയോ ആകും അക്കൊല്ലം സിലബസിലില്ല എന്ന കാരണം കൊണ്ടു ഒഴിവാക്കപ്പെടുന്നത് .ഞാനൊക്കെ പഠിക്കുന്ന കാലത്തു ഏതെങ്കിലും മലയാള കൃതിയെക്കുറിച്ചു ഒരു ആസ്വാദനം എഴുതാന്‍ പറഞ്ഞാല്‍ 50 ല്‍ 40 കുട്ടികളും പാത്തുമ്മയുടെ ആടിനെക്കുറിച്ചു എഴുതും , കാരണം അന്നത്തെ മലയാളം ഉപപാഠ പുസ്തകം അതായിരുന്നു . അതു കുട്ടികളുടെ കുറ്റമല്ല അവരെ അങ്ങനെയാണ് രൂപപ്പെടുത്തി വെച്ചിരിക്കുന്നത് - ഈ പാഠം സിലബസിലില്ല അതു കൊണ്ടു പഠിക്കണ്ട എന്ന രീതി - പാഠ പുസ്തകങ്ങളിലെ പഠനത്തിനുപരി ഭാഷാ പഠനം നവീകരിക്കാനുള്ള ശ്രമമാണ് ഉണ്ടാവേണ്ടത് . അപ്പോഴാണ് ഈ സാംസ്കാരിക തനിമയുടെ വാദഗതി നീതികരിക്കാനാവുന്നത് .

  പിന്നെ മലയാളം മീഡിയത്തില്‍ പഠിക്കുന്നത് ഒരു കുറവുമല്ല ,അഭിമാനമാണ് . പക്ഷെ ഇംഗ്ലീഷ് കൂടി നന്നായി പഠിക്കാനുള്ള ഒരു സൌകര്യം ഉണ്ടാക്കുകയാണ് വേണ്ടതു അല്ലെങ്കില്‍ ഇപ്പറഞ്ഞതു പോലെ ഉപരി പഠനത്തില്‍ , ജോലിക്കിടയില്‍ ഒക്കെ ആവശ്യമില്ലാതെ ഒരു അപകര്‍ഷത ഉടലെടുക്കും . മുമ്പൊക്കെ അച്ഛനമ്മമാര്‍ക്കു മലയാളം മീഡിയം ചതുര്‍ത്ഥിയൊന്നുമല്ലായിരുന്നു .ഞങ്ങളുടെ ഗ്രാമത്തില്‍ എന്റെ തലമുറയില്‍ പെട്ട ആരും ഇംഗ്ലീഷ് മീഡിയം കണ്ടിട്ടു കൂടിയുണ്ടാകില്ല പക്ഷെ അതേ സ്ഥാനത്തു ഇന്നു - അതായത് ഞങ്ങളുടെ സ്കൂള്‍ പഠന കാലം കഴിഞ്ഞുള്ള 10 വര്‍ഷ കാലത്തിനു ശേഷം എന്റെ ബന്ധുക്കളുടെയും അയല്‍ക്കാരുടെയും ഒക്കെ മക്കള്‍ സി ബി എസ് ഇ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലാണ് പഠിക്കുന്നത് . നമ്മള്‍ എക്കോണോമിക്സില്‍ ഡിമാന്റ് കൂടുന്നതിനൊരു കാരണം പറയാറില്ലെ ഒരു ‘demonstration effect’. അതു തന്നെ ഇവിടെയും കാരണം . അയലോക്കത്തെ ആളുടെ കുട്ടി അവിടെ പഠിക്കുന്നുണ്ടെങ്കില്‍ എന്റെ മകനും ഒട്ടും മോശമാകാന്‍ പാടില്ല അവനും അവിടെ പഠിക്കട്ടെ എന്ന മനോ‍ഭാവം - സി ബി എസ് ഇ യില്‍ പഠിക്കുന്നതു കേമത്തരമായിട്ടല്ല ഞാനിതു അവതരിപ്പിക്കുന്നത് അതാണ് പൊതു മനോഭാവം .

  ReplyDelete
 55. @മാഷ് - ആ ഊഹം ഞാനൊരു തമാശയ്ക്കു പറഞ്ഞതല്ലെ :) .ഞാനും ഒരു സര്‍ക്കാര്‍ മലയാളം മീഡിയത്തില്‍ പഠിച്ചതാണ് ,എന്നിട്ടു എനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ ? ഒന്നു നോക്ക്യേ :).ടാ ചെക്കാ നീ വന്ന വഴി മറക്കരുതുട്ടാ എന്നാണെങ്കില്‍ അതു മറക്കാത്തതു കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത് . പിന്നീടു ഉപരിപഠനത്തിനിടയ്ക്കു ഇംഗ്ലീഷ് പഠനത്തിന്റെ അപര്യാപ്തത കൊണ്ടൊക്കെ അല്പം ബുദ്ധിമുട്ടിയിട്ടുണ്ട് ,അല്പമെന്നല്ല സാമാന്യം നന്നായിതന്നെ - കാരണം എന്റെ സഹപാഠികളൊക്കെ ഘടാഘടിയന്‍ ഇംഗ്ലീഷ് മീഡിയക്കാരായിരുന്നു - അപ്പോള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വിവേചനവും അന്തരവും എല്ലാം നല്ല വണ്ണം ബോധ്യപ്പെട്ടതാണ് . പിന്നെ പണ്ടു പണ്ടത്തെ കാലമല്ല മാഷെ , അതായതു മാഷിന്റെ ഒന്നും കാലമല്ല - സാമാന്യ വിദ്യാഭ്യാസം നേടി ഏതെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ കയറി ശിഷ്ട ജീവിതം സുഖകരമാക്കാനൊന്നും ഈ ആഗോള വല്‍ക്കരണത്തിന്റെ കാലത്തു നടക്കില്ല - ഗോമ്പറ്റീഷനാണ് സര്‍വ്വത്ര - അതിജീവനം എന്നു പറയുന്നതു സംസ്കാരത്തിനു മാത്രമല്ല മനുഷ്യനും അനിവാര്യതയാണല്ലോ .

  ReplyDelete
 56. "ഭാഷയെ സ്നേഹിക്കുന്നതില്‍ തെറ്റില്ല പക്ഷെ അതു നിര്‍ബന്ധിതമാക്കുന്നതിലൂടെ അതിന്റെ മഹത്വം അവിടെ ഇല്ലാതാകുന്നു."-
  എങ്കില്‍ ഇംഗ്ലീഷ് നിര്‍ബന്ധമായി പഠിപ്പിക്കുന്നതിനെ ആദ്യം എതിര്‍ക്ക് മോനേ...

  ReplyDelete
 57. @ അനോണിമസ് ചേട്ടാ - ഇംഗ്ലീഷിന്റെ മഹത്വം അല്പം കുറഞ്ഞാലും സാരല്ല്യാ ചേട്ടാ , അതങ്ങട് സഹിക്കാം ഇംഗ്ലീഷ് നമ്മുടെ മാതൃഭാഷയും സംസ്കാരവുമൊന്നുമല്ലല്ലോ . :)ഇനി അപ്പോ അതല്ല എതിര്‍ത്തെ തീരൂ എന്നാണെങ്കില്‍ ഒരു രണ്ടു മാസം കഴിയട്ടെ -ഇപ്പോ മലയാളത്തിനെ എതിര്‍ക്കുന്നതില്‍ കോണ്‍സെണ്ട്രേറ്റ് ചെയ്തു ..രാമായണം മുഴുവന്‍ പറഞ്ഞിട്ടും ഇങ്ങനെ ഓരോ ഞായങ്ങളുമായി വരുന്നതു കാണുമ്പോള്‍ സഹതാപം തോന്നുന്നു ചേട്ടാ .

  ReplyDelete
 58. ഇങ്ങനെയുള്ള ചില മൌലികവാദങ്ങൾ തന്നെയല്ലെ നമ്മുടെയൊക്കെ അസ്തിത്വം അറിയുകയും, അത് അറിഞ്ഞ് ജീവിക്കുകയും ചെയ്യുക എന്ന മൌലികമായ അവസ്ഥയിലേക്ക് കൊണ്ട് ചെന്നെത്തിക്കുക..
  മലയാളി അവന്റെ ഭാഷയെ തിരിച്ചറിഞ്ഞില്ലെങ്കിൽ അത് ആരാലും തിരിച്ചറിയപ്പെടാതെ പോകും എന്നത് വസ്തുതയല്ലെ...
  കേരള ഗവണ്മെന്റ് അത് ചെയ്തത് ചെറിയൊരു കാൽവെപ്പായി തന്നെ നമ്മുക്ക് കാണാം എന്നാണു എനിക്ക് തോന്നുന്നത്..
  ബാംഗ്ലൂരോ,ബോംബെയോ കൽക്കട്ട തന്നെയോ ഉൾക്കൊള്ളുന്നത് പോലെ ഭാഷാപരമായി ബഹുസ്വര സമൂഹത്തെ കേരളം ഒരിക്കലും ഉൾക്കൊള്ളുന്നുമില്ല..ആ നിലയ്ക്ക് ഇത് ഒരു മൌലിക വാദമാകുന്നുണ്ടോ..മറിച്ച് ആണെങ്കിൽ തന്നെ മലയാളി മലയാളികൾക്ക് മേൽ അവന്റെ ഭാഷ കെട്ടി വെക്കുന്നു എന്നത് ഒരു പാതകമാണോ...

  പിന്നെ മലയാളത്തെ ഒന്നാം ഭാഷ ആക്കുന്നത് കൊണ്ട് കേരള സിലബസ് പിന്തുടരുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ കുട്ടികൾ കൂടി അത് പടിക്കേണ്ടി വരില്ലെ..
  (തെറ്റുണ്ടെങ്കിൽ തിരുത്തുക എന്റെ ധാരണ മാത്രം ആണത്)..

  കേരളത്തിനു പുറത്ത് ജീവിതം കരുപിടിപ്പിക്കുന്ന ധാരാളം ബന്ധുക്കളും സുഹ്രത്തുക്കളും ഉള്ള ഒരു വ്യക്തിയാണൂ ഞാൻ...
  ചില പ്രവാസികൾ സങ്കടപ്പെട്ടത് ഇങ്ങനെയാണൂ...
  “മക്കൾക്ക് മലയാളം എഴുതാനോ വായിക്കാനോ അറിയില്ല എന്നതല്ല...അവർ പരസ്പരം അത് ഉപയോഗിക്കാൻ ശ്രമിക്കുന്നു പോലുമില്ല എന്നതാണു എന്റെ വിഷമം..”
  ബാല്യകാലം മുഴുവൻ വിദേശത്ത് കഴിഞ്ഞ എന്റെ ഒരു കൂട്ടുകാരൻ അടുത്ത കാലത്ത് വിഷമിച്ചത്..“മലയാളം അക്ഷരങ്ങൾ എനിക്ക് അന്യമായല്ലോ എന്നാണ്”

  കേരളത്തിനു പുറത്ത് ഒരു ലോകവും കണ്ടിട്ടില്ലെങ്കിലും അടുത്ത സുഹ്രുത്തുക്കളായ ചില ഇംഗ്ലീഷ് മീഡിയം പ്രോഡക്ടുകൾ മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്ന് അഭിമാനതതോടെ പറയുന്നതും കേട്ടിട്ടുണ്ട്..
  ചിലർ ഒരു പടി കൂടി കടന്ന് “സോറി അയാം നോട്ട് ഫ്ലൂവന്റ് ഇൻ ‘മലയാലം‘ ” എന്ന് പറയുന്നത് കേട്ട് ചിരിക്കണോ അതോ കരയണോ എന്ന് അറിയാതെയും നിന്നിട്ടുണ്ട്..
  (സ്വത്വം തിരിച്ചറിയാൻ മറന്നു പോകുന്നവന്റെ ദുരഭിമാനമാണോ അതോ അത് നഷ്ട്പ്പെട്ട് പോകുന്നവന്റെ വ്യഥയാണോ ഇതിലൊക്കെ കണ്ടത് എന്ന് എനിക്കും അറിയില്ല)..
  പിന്നെ ഈ കാലിഡോസ്കോപ്പിലെ കാഴ്ചകൾ എല്ലാം വളരെ ആകർഷിച്ചു…വൈകിയാണു ഈ ബ്ലോഗ് വായിക്കുന്നതെങ്കിലും അർത്ഥ പൂർണ്ണമായ വിഷയങ്ങൾ പലതും ഞാൻ കണ്ടു..താങ്കളെ പോലുള്ള ഒരു വ്യക്തിയിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു…
  ആശംസകളോടെ
  രാകേഷ്..

  ReplyDelete
 59. ആല്‍കെമിസ്റ്റ് അനുവദിക്കുമല്ലോ...
  രാകേഷിന്,
  "പിന്നെ മലയാളത്തെ ഒന്നാം ഭാഷ ആക്കുന്നത് കൊണ്ട് കേരള സിലബസ് പിന്തുടരുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ കുട്ടികൾ കൂടി അത് പടിക്കേണ്ടി വരില്ലെ..(തെറ്റുണ്ടെങ്കിൽ തിരുത്തുക എന്റെ ധാരണ മാത്രം ആണത്).."-
  കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.

  ReplyDelete
 60. യോജിപ്പുകള്‍ അറിയിക്കട്ടെ :)

  ബസ്സിലിട്ട കമന്റ് ഇവിടെയും പ്രസക്തമെന്ന് തോന്നുന്നതിനാല്‍ പങ്കുവെയ്ക്കുന്നു.
  =========

  എന്ത് മാതൃഭാഷ ഏത് മാതൃഭാഷ? കേരളസംസ്ഥാനം ദൈവമായി ഉണ്ടാക്കി അവിടെ മലയാളം എന്ന ഭാഷ അനുഗ്രച്ചനുവദിച്ചതൊന്നും അല്ലല്ലോ? മറ്റേത് സംസ്ഥാനത്തിലാണെങ്കിലും അതെ. ഒരുപാട് കാലങ്ങളില്‍ ഒരുപാട് സംസ്കാരങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ ഓരോ പ്രദേശത്തും നടക്കുന്നുണ്ട്. മലയാളം ഉണ്ടാവും മുന്പേ ഈ പ്രദേശത്ത് നില നിന്നിരുന്ന പല ഭാഷകളും മണ്ണിടിഞ്ഞ് പോയിരിക്കാം. എഡി പതിനഞ്ചാം നൂറ്റാണ്ടിനു മുന്‍പ് ഈ പ്രദേശത്ത് എന്തുണ്ടായിരുന്നോ അതാണെന്റെ സ്വത്വം എന്ന് ആരു പറഞ്ഞാലും ഞാനംഗീകരിക്കില്ല. ഞാന്‍ ജനിച്ച് വീഴുന്ന സമയത്ത് ഈ പ്രദേശത്തിന്റെ ചരിത്രം എന്നത് ഏതാണ്ട് അഞ്ഞൂറ് വര്‍ഷത്തോളം ഇംഗ്ലീഷുകാരുമായുള്ള കൊടുക്കല്‍ വാങ്ങലുകള്‍ കൂടെ ചേര്‍ന്നതാണ്. അതിനും മുന്പ് അറബികളുമായി, ചീനരുമായി. അങ്ങനെ പലതും. അതെല്ലാം ചേര്‍ന്നതാണീ നാടിന്റെ സ്വത്വം. എണ്‍പതുകളില്‍ ജനിച്ച എന്നെപ്പോലുള്ളവര്‍ക്കെങ്കിലും മിനിമം ഇംഗ്ലീഷ് കൂടെ ചേര്‍ന്നതാണ് സ്വത്വം എന്ന് പറയുന്നത്. എനിക്ക് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ തരുന്നതെന്താണോ അത് തിരഞ്ഞെടുക്കാന്‍ ഉള്ള സ്വാതന്ത്ര്യം എനിക്ക് വേണം.

  ഇംഗ്ലീഷ് ഇംഗ്ലീഷുകാര്‍ നിര്‍ബന്ധിച്ച് ലോകം മുഴുവന്‍ പ്രചാരത്തില്‍ വരുത്തിയതായിരിക്കാം. പക്ഷേ ഇന്നത് ഇംഗ്ലണ്ടുകാരന്റെ കുത്തകഭാഷയല്ല. ഇംഗ്ലീഷ് സംസാരിക്കുന്നത് ആരോടും ഉള്ള അടിമത്വവുമല്ല. ഇംഗ്ലീഷ് എന്നത് ഇന്നൊരു സ്വതന്ത്ര്യസോഫ്റ്റ്‌‌വേയര്‍ പോലെയോ വിക്കിപ്പീഡിയ പോലെയോ ഒരു പ്രത്യേക ഉടമസ്ഥന്‍ ഇല്ലാത്ത മാധ്യമമാണ്. ഇംഗ്ലീഷിനും ഇംഗ്ലീഷിലും ഉള്ള അറിവു സൃഷ്ടിക്കലും കൂട്ടിവെയ്ക്കലും ഒരു കൂട്ടായ പ്രവര്‍ത്തനമാണ്. ഇംഗ്ലീഷ് ഭാഷയ്ക്ക് സംഭാവനകള്‍ നല്‍കുന്നത് പോലും ഇംഗ്ലണ്ട്കാര്‍ മാത്രമല്ല. ഭാഷ പ്രചരിപ്പിച്ചതോടൊപ്പം അതിന്റെ ഓണര്‍ഷിപ്പും അവര്‍ക്ക് നഷ്ടപ്പെട്ടു.

  ഇംഗ്ലീഷില്‍ സൃഷ്ടിക്കുന്ന ഏതൊരറിവും എല്ലാവരുടെയും സ്വത്ത് തന്നെയാണ്. അതില്‍ ഇംഗ്ലണ്ടുകാരനു സ്വകാര്യമായി അഭിമാനിക്കാന്‍ പോലും ഒന്നുമില്ല. ഒരപാട് കറുത്ത വര്‍ഗക്കാരുടെ പോലും സംഭാവനകള്‍ ചേര്‍ന്നതാണ് ഇംഗ്ലീഷ് എന്ന ഭാഷ തന്നെ. അതിലുണ്ടായ മറ്റു വിഷയങ്ങളിലെ അറിവിനെക്കുറിച്ചാണെങ്കില്‍ പറയുകയും വേണ്ട.

  ഇംഗ്ലീഷില്‍ അറിവുണ്ടാവുകയും ഇംഗ്ലീഷ് പ്രധാനമാധ്യമമെന്ന നിലയില്‍ അറിവ് പ്രചരിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ അതേ ഭാഷയില്‍ നിന്ന് നേരിട്ട് അറിവ് സ്വീകരിക്കുന്നതില്‍ അഡ്വാന്റേജില്ല എന്ന് ധരിക്കരുത്. ഇനി ഇല്ല എന്ന് നിങ്ങള്ക്കുറപ്പാണെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ട. അങ്ങിനെ വേണ്ടവരെ അവരെ വഴിക്ക് വിട്ടേക്കുക.


  മലയാളം എന്ന ഭാഷാസ്വത്വത്തെ ഞാനംഗീകരിക്കുന്നില്ല. മലയാളം സംസാരിക്കുന്ന 95% പേരോടും എനിക്ക് ഒരു പക്ഷേ കമ്യൂണിക്കേഷന്‍ സാധ്യമായി എന്ന് വരില്ല. എന്റെ സ്വത്വം എന്റെ ആശയങ്ങളാണ്. അത് ചേര്‍ന്നുപോകുന്ന ആരുമായും എനിക്ക് കമ്യൂണിക്കേഷന്‍ സാധ്യമാണ്. അത് ഏത് ഭാഷ കൈകാര്യം ചെയ്യുന്ന ആളുകളുമാവാം. മലയാളത്തില്‍ സംസാരിക്കുന്നു എന്ന് കരുതി ഒരിക്കലും മതമൗലികവാദികളോടോ മറ്റ് പ്രതിലോമരാഷ്ട്രീയം പേറുന്നവരോടോ എനിക്ക് കമ്യൂണിക്കേഷന്‍ സാധ്യമാവില്ല. മലയാളം സംസാരിക്കുമ്പോഴും ഞങ്ങള്‍ സംസാരിക്കുന്നത് വെവ്വേറെ ഭാഷകളിലാണ്.

  ഭാഷ ഒരു ടൂള്‍ മാത്രമാണ്. അങ്ങിനെയേ‌ ഞാന്‍ കാണുന്നുള്ളൂ. ഉവ്വ് അംഗീകരിക്കുന്നു, ഭാഷ സംസ്കാരത്തിന്റെ ജെനിറ്റിക് മറ്റീരിയല്‍ ആണെന്ന്. അങ്ങിനെ നോക്കിയാല്‍ ഒരു പക്ഷേ മലയാളം എന്ന ഭാഷ ഉള്‍ക്കൊള്ളുന്ന സംസ്കാരം എനിക്ക് അംഗീകരിക്കാനാവാത്ത വിധം പ്രതിലോമകരമായിരിക്കാന്‍ സാധ്യത ഉണ്ട്. ഇംഗ്ലീഷാണെങ്കിലും ചിലപ്പോള്‍ അതെ. എനിക്കൊരു ഭാഷാസ്വത്വവും വേണ്ട :)

  ReplyDelete
  Replies
  1. യു.പി.എസ്.സി. സിവിൽ സർവീസ് പരീക്ഷയിൽ മലയാളത്തിൽ എഴുതാനും മലയാളത്തിൽ അഭിമുഖം നേരിടാനുമുള്ള അവസരമുണ്ട് പരീക്ഷ എഴുതുന്ന വ്യക്തിക്ക് തീരുമാനം എടുക്കാം തനിക്കു ഏതു ഭാഷയിൽ എഴുതണമെന്നത് ..പക്ഷെ കേരളത്തിലെ അവസ്ഥ എന്താണ്?..... .മലയാളത്തിൽ പരീക്ഷ/അഭിമുഖം നടത്താൻ സാധിക്കുന്നുണ്ടോ ?കേരളത്തിൽ സർവകലാശാലകളിലും പി എസ് സി യിലും എല്ലാം ഇംഗ്ലീഷിൽ മാത്രം അഭിമുഖം നടത്തുന്നു .ഭരണഘടനയുടെ പതിനാലാം വകുപ്പ്‌ (സമത്വത്തിനുള്ള അവകാശം) ഉറപ്പുനല്‍കുന്ന തുല്യ അവസരം എന്ന സങ്കല്‍പ്പത്തിന്‌ നിരക്കാത്തതാണ്‌ ഭാഷയുടെ പേരിലുള്ള ഈ വിവേചനം.ഭാരതത്തിലെ ഉയര്ന്ന തലങ്ങളിലെ ഉദ്യോഗസ്ഥന്മാരെ തെരഞ്ഞെടുക്കാനുള്ള പരീക്ഷ/അഭിമുഖം പ്രാദേശിക ഭാഷയിൽ നേരിടാൻ സാധിക്കുമെങ്കിൽ എന്ത് കൊണ്ട് പ്രാദേശികമായി നടത്തുന്ന പരീക്ഷകൾ /അഭിമുഖങ്ങൾ എന്നിവയ്ക്ക് മാതൃഭാഷയിൽ അവസരം നല്കിക്കൂടാ ?മലയാള ഭാഷയെ ഒഴിവാക്കുന്ന നടപടിക്കെതിരെ പ്രതികരിക്കുക.
   http://malayalatthanima.blogspot.in/2013/06/blog-post_7.html

   Delete
 61. @ രാകേഷ് - ഭാഷ , തനിമ , സംസ്കാരം ഇതെല്ലാം ഓരോ ജനതയുടെയും അവകാശവും അര്‍ഹതയും ഒക്കെ തന്നെയാണ് ഇല്ലെന്നല്ല - അതൊക്കെ വേണ്ടതുമാണ് . പക്ഷെ ഉപരിപ്ലവങ്ങളായ നിലപാടുകലിലൂടെ കൃത്രിമമായ ഒരു സംസ്കാരം നില നിര്‍ത്താന്‍ ആവില്ല എന്നതാണ് സത്യം . താങ്കള്‍ തന്നെ പരാമര്‍ശിച്ച വിദേശ മലയാളികളുടെ കുട്ടികള്‍ക്കോ , വിദേശത്തു പഠിച്ചതു കൊണ്ടു മലയാളം നഷ്ടപ്പെടുന്ന കുട്ടികള്‍ക്കോ ഈ ഒരു നിലപാടു കൊണ്ടു ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല നേരെ മറിച്ചാണ് സംഭവിക്കാന്‍ പോകുന്നത് - ഇപ്പോള്‍ കേരള സര്‍ക്കാര്‍ ഇത്തരമൊരു വാദം ഉയര്‍ത്തന്നതിന്റെ അനുരണനമെന്നോണം മറ്റു സംസ്ഥാനങ്ങള്‍ കൂടി അവരുടെ ഭാഷ പാഠ്യ പദ്ധതിയില്‍ നിര്‍ബന്ധമാക്കാന്‍ തുടങ്ങുന്നു .ബാംഗ്ലൂരിലും ചെന്നെയിലും ബോംബെയിലും ഉള്ള പ്രവാസി മലയാളികള്‍ ഇതേ ന്യായം വെച്ചു തദ്ദേശീയരുടെ ഭാഷ കൂടി പഠിക്കേണ്ടി വരില്ലെ ? വരും . അപ്പോള്‍ സ്വാഭാവികമായും ഈ നയം രാകേഷ് നേരത്തെ പറഞ്ഞ മലയാളം അന്യമാകുന്ന ആ കുട്ടികളുടെ ഒന്നു കൂടി പരിതാപകരമാകാനെ അതു വഴി വെക്കൂ .

  മലയാളം ഒന്നാം ഭാഷയാക്കുന്നതിനെക്കാള്‍ നല്ല നിര്‍ദ്ദേശമായി എനിക്കു തോന്നുന്നത് - മലയാളം പഠിപ്പിക്കാത്ത ഇംഗ്ലീഷ് മീഡിയം സിലബസില്‍ ഒരു ഭാഷാ വിഷയമായി മലയാളം ശുപാര്‍ശ ചെയ്യുക എന്നതാണ് , അതില്‍ ഒരു അടിച്ചേല്‍പ്പിക്കലില്ലല്ലോ അതല്ലാതെ മലയാളം കൊണ്ടു നിറഞ്ഞ സര്‍ക്കാര്‍ - പൊതു വിദ്യാലയങ്ങളിലെ മലയാളം മീഡിയം കുട്ടികളുടെ മറ്റു വിഷയങ്ങള്‍ കവര്‍ന്നെടുത്തു കൂടുതല്‍ സമയം മലയാളത്തിനു നീക്കി വെക്കുകയല്ല ചെയ്യേണ്ടത് .

  ReplyDelete
 62. കാല്വിന്‍ - നല്ല ക്ലാസ്സ് അഭിപ്രായമാണ് യോജിക്കുന്നു .
  സാംസ്കാരിക തനിമ കാല്പനികവും അല്ലെങ്കില്‍ ഒരു മിത്ത് എന്നു പറയാം - കാരണം മലയാളിയുടെ ഭാഷാ പാരമ്പര്യത്തിന്റെ പൈതൃകത്തിനു നാം എവിടേക്കു പോകും ? ദ്രാവിഡ തമിഴിന്റെയും ആര്യ സംസ്കൃതത്തിന്റെയും ഒരു മിക്സ് - നമ്പൂതിരിയുടെ , നായരുടെ , ഈഴവന്റെ , അരയന്റെ , പുലയന്റെ ഒക്കെ മലയാള ഭാഷയ്ക്കു എന്നാണ് ഒരു ഏകീകൃത രൂപമുണ്ടായത് ? ഇതില്‍ ഏതു സംസ്കാരത്തിന്റേതാണ് കൂടുതല്‍ തനിമ അവകാശപ്പെടാവുന്നത് ? എണ്ണയാട്ടു നായരുടെ ഭാഷയാവും കൂടുതല്‍ കേമമായി അംഗീകരിക്കപ്പെട്ടു പോന്നതെങ്കില്‍ അതെഴുത്തച്ഛന്റെ പ്രതിഭ അല്ലാതെന്തു പറയാന്‍ ?

  - പക്ഷെ എവിടെയോ നേരിയ വിയോജിപ്പുണ്ട് - ആ വിയോജിപ്പ് എവിടെയാണ് എന്നാണ് ഞാന്‍ നോക്കുന്നത് .:)

  ReplyDelete
 63. "അതിഥികള്‍ക്കെല്ലാമമരദേശമി
  ക്കിതവി ഞങ്ങള്‍ക്ക് നരക ദേശവും"
  എന്ന് മ്മുടെ കവി മുന്നേ എഴുതിയത് ഓര്‍ത്തുപോയി.
  വിശകലനങ്ങളോട് മുഴുവന്‍ യോജിക്കുന്നില്ലെങ്കിലും
  നിര്‍ബന്ധിച്ച് ഭാഷ പഠിപ്പിക്കാം മൗഢ്യത്തെത്തിരിച്ചറിഞ്ഞതിനു
  പ്രത്യേകം അഭിനന്ദനം

  ReplyDelete
 64. എറുമ്പുതീനികളുടെ പ്രശ്നങ്ങളെപ്പറ്റി ജിറാഫ് അഭിപ്രായം പറയുന്നതുപോലെ തോന്നുന്നു കാല്‍വിന്റെ അഭിപ്രായം കേട്ടിട്ട്.

  ReplyDelete
 65. മനുഷൻ ഒരു സാമൂഹിക ജീവിയായാണ് .സമൂഹത്തിൽ നിലനില്ക്കാൻ ഇതര സഹജീവികളോടുള്ള വിനിമയം ആവശ്യമാണ് .ഇവിടെയാണ് ഭാഷയുടെ പ്രസക്തി .ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ രൂപികരണം തന്നെ ഭാഷ അടിസ്ഥാനത്തിൽ ആണല്ലോ.ഇത്തരത്തിലല്ലാതെ മറ്റു മാനദണ്ഡ ങ്ങളായ മതം,പണം ,വര്ഗ്ഗം ജാതി എന്നിവയൊന്നും ഉപയോഗിക്കാതെ ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപികരിച്ചത് തന്നെ അന്നത്തെ ഭരണാധികാരികളുടെ ദീർഘ വീഷണമാണ് സൂചിപ്പിക്കുന്നത് .മാതൃഭാഷയ്ക്കു വേണ്ടിയുള്ള വാദം മറ്റു ഭാഷകള്‍ക്കെതിരല്ല.മലയാളം മീഡിയം സ്കൂളുകളില്‍ നിന്നും പോയി ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ന്ന് കുട്ടികള്‍ നാടന്‍ സായിപ്പായിമാറുന്നത് കൊണ്ട് പൊതു സമൂഹത്തിനു എന്ത് നേട്ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് ചിന്തികേണ്ട സമയമായി .എന്തുമേതും ഇംഗ്‌ളീഷിലൂടെ പഠിച്ച് സായിപ്പിനേപ്പോലാകാന്‍ ശ്രമിക്കുന്ന ജനതയാണ് ഇന്നു കേരളത്തില്‍. വിഷയത്തിലുള്ള അറിവല്ല മറിച്ചു ഇംഗ്ലീഷ് പറയാനുള്ള വൈഭവമാണ് ഒരു വ്യക്തിയെ അളക്കാനുള്ള മലയാളിയുടെ മാനദണ്ഡം. ഈ മനോഭാവം മുതെലെടുത്തു തുടങ്ങിയതല്ലേ കേരളത്തിലെ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ .!!
  http://malayalatthanima.blogspot.in/

  ReplyDelete
 66. ഇന്ത്യയില്‍ ഒരു ബംഗാളി പ്രൊഫസര്‍ ബംഗാളി വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സ് ഇംഗ്ലീഷില്‍ പഠിപ്പിക്കുകയും അവര്‍ അത് മന: പാഠമാക്കുവാന്‍ നോട്ടുകളേയും ഗൈഡുകളേയും ആശ്രയിക്കുകയും ചെയ്യുന്നു.ഒരു തമിഴ് അഭിഭാഷകന്‍ തമിഴ് സാക്ഷികളുടെ സാന്നിധ്യത്തില്‍ വാദിക്കോ പ്രതിക്കോ മനസ്സിലാകാത്ത ഭാഷയില്‍ ഇംഗ്ലീഷ് ഭാഷയില്‍ തമിഴ് ജഡ്ജിമാരുടെ മുന്‍പില്‍ വാദിക്കുന്നു.ഒരു മലയാളി ചീഫ് സെക്രട്ടറി മിക്ക ഫയലുകളും റിപ്പോര്‍ട്ടുകളും ഇംഗ്ലീഷില്‍ സമര്‍പ്പിച്ച് ഒരു മലയാളി മുഖ്യമന്ത്രിയെ പരിഹസിക്കുന്നു. മുംബൈയില്‍ ഒരു ബഹുരാഷ്ട്രകമ്പനിയില്‍ ജോലി ലഭിക്കുവാനായി ഒരു മറാത്തി പെണ്‍കുട്ടി ഇംഗ്ലീഷ് സംസാരഭാഷയില്‍ പ്രാവീണ്യം കാണിക്കേണ്ടിയിരിക്കുന്നു. ഹിന്ദി മേഖലയിലെ ജനങ്ങളെ സേവിക്കുവാനുള്ള ഒരു കേന്ദ്ര സര്‍ക്കാര്‍ ജോലി ലഭിക്കുവാന്‍ ഹിന്ദി സംസാരിക്കുന്ന ഒരു ഗ്രാമീണ ചെറുപ്പക്കാരന്‍ ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കേണ്ടിയിരിക്കുന്നു. പഞ്ചാബില്‍ കഠിനാദ്ധ്വാനിയായ പഞ്ചാബി മാത്രം അറിയുന്ന ഒരു ലോറി ഡ്രൈവര്‍ക്ക് ഗതാഗത സുരക്ഷിതത്വത്തെപ്പറ്റിയുള്ള ബോധവല്‍ക്കരണം നല്‍കുന്നത് ഇംഗ്ലീഷിലാണ്.അധിനിവേശ ഉദ്യോഗസ്ഥമേധാവിത്വവും കഴിവുകെട്ട ഭരണകര്‍ത്താക്കളും തെക്കന്‍ ഏഷ്യയെ ഒരു ""അനുകരണക്കാരുടെ വര്‍ഗ്ഗം'' ആയി തരംതാഴ്ത്തിയിരിക്കുകയാണ്............
  http://www.graamam.net/gramam/mal/index.php?option=com_content&view=article&id=90&Itemid=71

  ReplyDelete
 67. യു.പി.എസ്.സി. സിവിൽ സർവീസ് പരീക്ഷയിൽ മലയാളത്തിൽ എഴുതാനും മലയാളത്തിൽ അഭിമുഖം നേരിടാനുമുള്ള അവസരമുണ്ട് പരീക്ഷ എഴുതുന്ന വ്യക്തിക്ക് തീരുമാനം എടുക്കാം തനിക്കു ഏതു ഭാഷയിൽ എഴുതണമെന്നത് ..പക്ഷെ കേരളത്തിലെ അവസ്ഥ എന്താണ്?..... .മലയാളത്തിൽ പരീക്ഷ/അഭിമുഖം നടത്താൻ സാധിക്കുന്നുണ്ടോ ?കേരളത്തിൽ സർവകലാശാലകളിലും പി എസ് സി യിലും എല്ലാം ഇംഗ്ലീഷിൽ മാത്രം അഭിമുഖം നടത്തുന്നു .ഭരണഘടനയുടെ പതിനാലാം വകുപ്പ്‌ (സമത്വത്തിനുള്ള അവകാശം) ഉറപ്പുനല്‍കുന്ന തുല്യ അവസരം എന്ന സങ്കല്‍പ്പത്തിന്‌ നിരക്കാത്തതാണ്‌ ഭാഷയുടെ പേരിലുള്ള ഈ വിവേചനം.ഭാരതത്തിലെ ഉയര്ന്ന തലങ്ങളിലെ ഉദ്യോഗസ്ഥന്മാരെ തെരഞ്ഞെടുക്കാനുള്ള പരീക്ഷ/അഭിമുഖം പ്രാദേശിക ഭാഷയിൽ നേരിടാൻ സാധിക്കുമെങ്കിൽ എന്ത് കൊണ്ട് പ്രാദേശികമായി നടത്തുന്ന പരീക്ഷകൾ /അഭിമുഖങ്ങൾ എന്നിവയ്ക്ക് മാതൃഭാഷയിൽ അവസരം നല്കിക്കൂടാ ?മലയാള ഭാഷയെ ഒഴിവാക്കുന്ന നടപടിക്കെതിരെ പ്രതികരിക്കുക.
  http://malayalatthanima.blogspot.in/2013/06/blog-post_7.html

  ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .