Like

...........

Sunday 20 February 2011

ഫക്ക് ഓഫ് F**k Off





വാക്കുകളുടെ ശ്ലീലാശ്ലീലങ്ങളെല്ലാം തന്നെ കാഴ്ചപ്പാടുകള്‍ക്കും [perception ] സാഹചര്യങ്ങള്‍ക്കും കടപ്പെട്ടിരിക്കുന്നു , പൊതുവായ ഒരു സ്വഭാവ രൂപവല്‍ക്കരണം അസാധ്യമാകുന്നവയാണ് എല്ലാ തെറികളും .ചിലപ്പോളൊക്കെ വാത്സല്യരൂപേണ വിളിക്കാവുന്ന ഒരു “കൊച്ച് കഴുവേറി “ തന്നെ മറ്റൊരു സാഹചര്യത്തില്‍ കത്തിക്കുത്തില്‍ കലാശിച്ചെക്കാം , സൌഹൃദത്തിന്റെ ‍ കൂടാരത്തിനുള്ളില്‍ തമാശയാവുന്ന “പോടാ പുല്ലെ “ പോലും ആള്‍ക്കൂട്ടത്തിനുള്ളില്‍ കടുത്ത അപമാനത്തിന് കാരണമായേക്കാം .


ചില ഫോര്‍വേഡ് മെയിലുകള്‍ അതീവ വിചിത്രങ്ങളാണ് .തണ്ണിമത്തന്‍ ജ്യൂസില്‍ എയിഡ്സ് രോഗാണുക്കളെ നിക്ഷേപിച്ചത് കൊണ്ട് ജ്യൂസ് കുടിച്ച് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എയിഡ്സ് വന്ന നിര്‍ഭാഗ്യവാനായ ഏഴ് വയസ്സുകാരന്‍ കുട്ടിയുടെ അനുഭവം വിവരിച്ച് കൊണ്ടുള്ള ചെന്നെയിലെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട് മെന്റിലെ ഡയറക്ടറുടെ ഒപ്പ് സഹിതം വരുന്ന എയിഡ്സ് ബോധവല്‍ക്കരണ സന്ദേശങ്ങള്‍ പോലെ ചിലത്‍ . ഔദ്യോഗികഭാഷ്യമെന്ന വ്യാജേന വരുന്ന ചില അറിവുകള്‍ നമ്മളെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കും .ഇത്തരം മെയിലുകള്‍ക്ക് നിര്‍മ്മിക്കുന്നവന്റെ ആത്മസംതൃപ്തിയില്‍ കവിഞ്ഞ ലക്ഷ്യങ്ങളൊന്നുമതിനുണ്ടാവുമെന്ന് തോന്നുന്നില്ല പക്ഷെ ശരിയേത് തെറ്റേതെന്ന് മനസ്സിലാക്കാനൊരല്പം ബുദ്ധിമുട്ടും , ചിലത് എന്തെങ്കിലും നിഗൂഡോദ്ദേശത്തിലാവും നിര്‍മ്മിക്കപ്പെടുന്നത്, ചിലത് നിരുപദ്രവകരവും . ഈയിടെ എനിക്ക് കിട്ടിയ അത്തരമൊരു മെയില്‍ അല്പം രസമുള്ള ഒരു സംഗതിയായിരുന്നു - ഫക്കെന്ന വാക്കിന്റെ ഭാഷാപരമായ ഉല്‍പ്പത്തിയെക്കുറിച്ച് .

F.U.C.K. - Fornication Under Consent of the King - വ്യഭിചാരത്തിന് രാജാവ് നല്‍കുന്ന അനുമതി , ഇതാണത്രെ ഫക്കായി പരിണാമം പ്രാപിച്ചത്.ഇത്തരമൊരു അക്ഷരവിപുലീകരണത്തിന് വിശ്വസനീയത നിറഞ്ഞ ഒരു ന്യായീകരണവും അതോടൊപ്പമുണ്ട് .മധ്യകാലഘട്ടത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വിവാഹം കഴിക്കണമെങ്കില്‍ കരമൊടുക്കി രാജാവിന്റെ അനുമതി വാങ്ങേണ്ടതുണ്ടത്രെ , വിവാഹം നിയമപരമായ വ്യഭിചാരമാണന്നൊരു സങ്കല്‍പ്പമുണ്ടല്ലോ ആ നിലക്ക് വ്യഭിചാരത്തിനുള്ള രാജാവിന്റെ അനുമതിയാണത്രെ പിന്നീട് F.U.C.K.ആയി രൂപാന്തരം പ്രാപിച്ചത് .എത്ര ആധികാരികമായ വിശദീകരണമാണ് അല്ലെ ?. സംഭവം കേള്‍ക്കാന്‍ കൌതുകമുള്ള കാര്യമാണെങ്കിലും ഈ വിവരണത്തില്‍ ഏതോ ഒരു വിരുതന്റെ ഒരു തമാശക്കപ്പുറം അശേഷം വസ്തുതയില്ല .ശബ്ദോല്‍പ്പത്തി ശാസ്ത്രം പറയുന്ന മറ്റൊരു സാധ്യത‍ ഫക്കിന്റെ പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ മുഷ്ടി ചുരുട്ടി ചൂണ്ട് വിരല്‍ മാത്രം ഉയര്‍ത്തിക്കാട്ടിയുള്ള ആംഗ്യത്തെ ചുറ്റിപ്പറ്റിയാണ്.മധ്യകാലഘട്ടത്തിലെ യുദ്ധങ്ങളില്‍ വൈദഗ്ദ്യമുള്ള അമ്പെയ്ത്തുകാര്‍ക്കായിരുന്നു പ്രാധാന്യം .വളരെ വേഗം വില്ലുകള്‍ തിരഞ്ഞെടുത്ത് കുലക്കുന്നതിനെ പ്ലക്കിങ്ങ് എന്നാണ് പറയുക . ശത്രുരാജ്യക്കാര്‍ പിടിക്കുന്ന അമ്പെയ്ത്തുകാരുടെ ചൂണ്ട് വിരല്‍ മുറിച്ച് കളയും ചൂണ്ട് വിരല്‍ നഷ്ടപ്പെട്ടാല്‍ pluck ചെയ്യാന്‍ പറ്റില്ലല്ലോ യുദ്ധ ഉടമ്പടികളാല്‍ കൊല്ലാതെ ചൂണ്ട് വിരല്‍ മുറിച്ച് മാത്രം വിട്ടയക്കുന്ന പടയാളികള്‍ പിന്നീട് നടുവിരലും തള്ളവിരലും മാത്രമുപയോഗിച്ച് അമ്പെയ്യാന്‍ പരിശീലിക്കുന്നു .അങ്ങനെ വിജയ ശ്രീലാളിതരായ പടയാളികള്‍ പരാജയപ്പെട്ട ശത്രുസൈനികരോട് മുറിക്കാതെ ബാക്കി വെച്ച നടുവിരല്‍‍ മാത്രമുയര്‍ത്തിക്കാണിച്ച് ആവേശത്തോടെ I can still pluck you... pluck you എന്ന് ആക്രൊശിച്ചതില്‍ നിന്നാണ് FUCK YOU ഉണ്ടായതത്രെ .സംഗതി എന്തായാലും അതിനെക്കുറിച്ചൊരല്പം ആലോചിച്ച് പോയി . ഫക്കെന്ന കര്‍മ്മരൂപത്തെക്കുറിച്ചല്ല അതിന്റെ വാചികമായ ഉപയോഗക്രമത്തെക്കുറിച്ച് .

ഫക്ക് നമുക്കെല്ലാം ഒരു തെറിയാണ് നല്ല മുട്ടന്‍ തെറി . എന്നിട്ടും എല്ലാ മത വിശ്വാസികളും കൂടി ആഞ്ഞ് വിളിക്കുന്ന ദൈവത്തിന് തൊട്ട് പിന്നില്‍ ഏറ്റവുമധികമാളുകള്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ വാക്കാണത് എന്ന് ഭാഷാ ശാസ്ത്രജ്ഞന്മാര്‍ പറയുന്നു . അടുത്ത് തന്നെ ദൈവത്തെ കടത്തി വെട്ടുമെന്നും പ്രതീക്ഷിക്കാം . അതില്‍ അല്‍ഭുതപ്പെടാനൊന്നുമില്ല ദൈനംദിന ഉപയോഗത്തില്‍ ഈ ആംഗലേയ പദത്തിന്റെ ആധിക്യം അത്ര മാത്രമാണ് . ഒരു ബോറന്‍ സിനിമ കാണുമ്പോള്‍ , തിരയുന്ന ഒരു ഫയല്‍ കിട്ടാതെ പോകുമ്പോള്‍ , ബോസ്സിന്റെ ശകാരം കേള്‍ക്കുമ്പോള്‍ , ഒരു നീണ്ട കാത്ത നില്‍പ്പിന്റെ അന്ത്യത്തില്‍ അങ്ങനെ ഓരോ സന്ദര്‍ഭത്തിനും അനുയോജ്യമായ വിധത്തില്‍ ഫക്കുകളെ നിറവും ഗുണവും മാറ്റി നമ്മള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നു .ചിലപ്പോള്‍ കൊടും തെറിയായും മറ്റ് ചിലപ്പോള്‍ ഒരഭിനന്ദനം പോലും ആയി ആ വാക്കിന്റെ വ്യാപ്തി നിയന്ത്രണങ്ങള്‍ക്കും നിയതമായ അര്‍ത്ഥങ്ങള്‍ക്കും അതീതമായി പോകുന്നു .

എന്നെപ്പോലെ ഒരു ചെറിയ ഗ്രാമത്തിലെ ഗവണ്മെന്റ് സ്കൂളിലും ഇടത്തരം കോളേജിലും മാത്രം പഠിച്ചൊരാള്‍ക്കൊരിക്കലും പ്രയോജനപ്പെടാത്തതോ ഉപയോഗക്ഷമമല്ലാത്തതോ ആയ പദമായിരുന്നു അത് . വല്ലപ്പോഴും കണ്ടിരുന്ന ഹോളിവുഡ് പടങ്ങളിലെ അര്‍ത്ഥമില്ലാത്ത ആക്രോശങ്ങളില്‍ ഈ വാക്ക് നിരന്തരം കടന്ന് വന്നപ്പോഴൊന്നും അര്‍ത്ഥം തിരയാന്‍ തോന്നിയില്ല .ടെര്‍മിനേറ്റര്‍ എന്ന സിനിമയിലെ നായിക വില്ലന് നേരെ ക്രൂരമായ ആനന്ദത്തോടെ “ഫക്ക് ഓഫ് യു “ എന്ന് അംഗവിക്ഷേപത്തോടെ ആക്രോശിക്കുമ്പോഴാണ് ഫക്ക് എന്ന അര്‍ത്ഥമല്ല ആ വാക്കിനുള്ളതെന്ന് എനിക്ക് തോന്നിയത് .ഭരണിപ്പാട്ടിന്റെ നാട്ടുകാരനായത് കൊണ്ട് തെറിക്ക് ക്ഷാമമുണ്ടാവില്ലല്ലോ എന്നുള്ള പുറം നാട്ടുകാരന്റെ നേര്‍ത്ത പരിഹാസം നിറഞ്ഞ ചോദ്യങ്ങളോട് ഭരണിപ്പാട്ടിലെ തെറിയുടെ സാംസ്കാരികമായ മാനങ്ങള്‍ പറഞ്ഞ് , അതിന്റെ ദൈവീകമായ ബന്ധങ്ങളെ വിശദീകരിച്ച് പിടിച്ച് നില്‍ക്കാന്‍ വൃഥാ ശ്രമിക്കാറുണ്ടായിരുന്നു . ഭരണിയുത്സവത്തിന് സ്വദേശക്കാര്‍ക്ക് കൊടുങ്ങല്ലൂരിലൊട്ടും പ്രാധാന്യമില്ല അന്യദേശക്കാരുടെ അധിനിവേശമാണാ ആ ദിവസങ്ങളില്‍ ക്ഷേത്രത്തിലും പരിസരത്തും എന്നിട്ടും ഭക്തിയുടെ ഉന്മാദത്താല്‍ നിറഞ്ഞാടുന്ന ഒരു കൂട്ടം ജനങ്ങളുടെ അശ്ലീല വാക്കുകള്‍ക്ക് ന്യായീകരണം കണ്ടെത്തേണ്ടത് ബാധ്യതയാകുന്നത് പലപ്പോഴും വിഷമിപ്പിച്ചിട്ടുണ്ട് .പക്ഷെ ഇംഗ്ലീഷില്‍ പറയുന്ന തെറി മാന്യവും മലയാളത്തിലെ തെറി സംസ്കാര ശൂന്യവുമാകുന്നതിന്റെ ഇരട്ടത്താപ്പിനെക്കുറിച്ചൊന്നും അന്ന് ചിന്തിച്ചിരുന്നില്ല .


പിന്നീട് കേരളത്തിന് പുറത്തെ ഒരു നഗരത്തിലെ കോളേജില്‍ ഉപരിപഠനത്തിലായിരിക്കുമ്പോഴുള്ള പച്ചപരിഷ്കാരത്തിന്റെ ഭാഗമായാണ് ഫക്കെങ്ങനെയൊക്കെയാണ് വാക്കുകളില്‍ കടന്ന് വരേണ്ടതെന്ന് പഠിച്ചത് . ആശ്ചര്യത്തില്‍ , കോപത്തില്‍ , അക്ഷമയില്‍ , അമര്‍ഷത്തില്‍ എല്ലാം എളുപ്പമുള്ള വാക്കായി ഫക്ക് പരിണമിച്ചു .പല വാക്കുകളുടെയും സംയൊജിത രൂപമായി , പകരക്കാരനായി , ഒറ്റവാക്കായി അതങ്ങനെ സംഭാഷണങ്ങളില്‍ എളുപ്പം പച്ച പിടിക്കുന്ന ഒരു പച്ചത്തെറിയായി .ഒരു തൃശൂരുകാരന്റെ ഗ്രാമ്യഭാഷാ പദ സഞ്ചയത്തിലെ “എന്തൂട്ട് തേങ്ങ്യാണ് ഈ കാണിക്കണത് “ എന്നതിന് പകരമായി "what the f**k is doing " എന്ന് അനുവാദമില്ലാതെ തന്നെ പലപ്പോഴും കയറി വന്നു . തുടക്കത്തില്‍ സ്വയം ശാസിച്ച് നിയന്ത്രിച്ചൊഴിവാക്കുമ്പോഴും ഒരു ദുബായി പ്രവാസിയുടെ ചുറ്റുമുള്ള പരിസരങ്ങള്‍ എപ്പോഴും ആ വാക്കുകള്‍ തന്നെ ഓര്‍മ്മിപ്പിച്ച് കൊണ്ട് തിരികെ തന്നു.സഹപ്രവര്‍ത്തകര്‍ ഇംഗ്ലീഷുകാരായാലും അറബികളായാലും ഫിലിപ്പിനോകളായാലും ഇന്‍ഡ്യന്‍ തന്നെയായാലും എല്ലാ വികാരങ്ങളെയും എളുപ്പം പ്രകടിപ്പിക്കാന്‍ ഈ വാക്ക് തന്നെ പലപ്പോഴും കടന്ന് വരുമായിരുന്നു . ചിലപ്പോള്‍ സ്വകാര്യമായി മറ്റ് ചിലരെ വിശേഷിപ്പിക്കാന്‍ ചിലപ്പോള്‍ ആത്മഗതമായി എങ്കിലും തെറിയെന്ന രൂപത്തില്‍ എന്നോട് ഒരാളും പറയാത്തതിന്റെ ആശ്വാസമുണ്ട് , തിരിച്ചും അങ്ങനെ തന്നെ .

അടുത്ത ഫ്ലാറ്റിലെ മൂന്നാം ക്ലാസ്സുകാരന്‍ കൊച്ച് പയ്യനുമൊത്ത് സിനിമ കാണുമ്പോള്‍ അവനിഷ്ടപ്പെടാത്ത രംഗങ്ങളില്‍ "what the fuck is this " എന്ന് അമര്‍ഷം രേഖപ്പെടുത്തിക്കൊണ്ടിരുന്നു . അതവന്റെ സ്വാഭാവികമായ പ്രതികരണമെന്നതിനപ്പുറം ഒന്നുമില്ലെന്ന നിസ്സംഗതയില്‍ കുട്ടിയുടെ അച്ഛനും സിനിമയുടെ ആവേശത്തിലമര്‍ന്നിരുന്നു . ഈ കുട്ടിയൊക്കെ വീട്ടിലും ഇങ്ങനെ തന്നെയാവുമോ എന്ന എന്റെ അല്‍ഭുതം മാത്രം ബാക്കിയായി മുഴച്ച് നിന്നു .അതിന്റെ അര്‍ത്ഥമെന്തെന്നറിയാന്‍ പോലും വയ്യാത്ത പ്രായത്തില്‍ തന്നെ അത് പ്രയോഗിച്ച് തുടങ്ങുന്നു . പിന്നീട് ഏതാവശ്യത്തിനും എളുപ്പം പകരം വെക്കാവുന്ന ഒരു വാക്കായി ഫക്ക് അധപതിക്കുകയോ പുരോഗമിക്കുകയോ ചെയ്യുന്നു . ശ്ലീലാശ്ലീലങ്ങളുടെ ഏത് പട്ടികയില്‍ പെടുത്തുമെന്ന് ആശയക്കുഴപ്പത്തിലാകുമ്പോഴും ആശയങ്ങളുടെ എളുപ്പ പ്രകാശനത്തിന് ഇത് പോലെ പകരം വെക്കാവുന്ന മറ്റൊരു വാക്ക് കണ്ടെത്താനാവുന്നില്ല .

ഒരിക്കല്‍ ഒരു പ്രഭാഷണ മധ്യെ ഭഗവാന്‍ രജനീഷ് ഫക്ക് എന്ന പദമുപയോഗിച്ചു .അജ്ഞാതമായതെന്തോ കേട്ട മട്ടില്‍ ആശ്ചര്യഭരിതരായ അനുയായികളിലൊരാള്‍ ഈ പ്രയോഗത്തിന്റെ സാംഗത്യമെന്തെന്ന് ഓഷോയോടാരാഞ്ഞു . ഓഷോ പറഞ്ഞു “ശിഷ്യാ ആംഗലേയ ഭാഷയിലെ ഏറ്റവും മനോഹരമായ വാക്കാണ് ഫക്ക് .ആംഗലേയത്തില്‍ എന്ന് തന്നെയല്ല മറ്റേതെങ്കിലും ഭാഷയില്‍ ഇത്ര മനോഹരമായ ഒരു വാക്കുണ്ടെന്ന് ഞാന്‍ കരുതുന്നില്ല . ഒരിക്കല്‍ ഒരാള്‍ ഈ വാക്കിനെക്കുറിച്ചല്പം ഗവേഷണം നടത്തി കണ്ട് പിടിച്ചു ഫക്ക് ഒരു മാന്ത്രികത നിറഞ്ഞ വാക്കാണ് !!!. ആ ഒരൊറ്റ പദം കൊണ്ട് പ്രണയത്തെ , ആനന്ദത്തെ , വേദനകളെ , വെറുപ്പിനെ എല്ലാം പ്രകടിപ്പിക്കാം . അത് മാത്രമല്ല അത് എല്ലാ വ്യാകരണ പ്രക്രിയയിലും ഉപയോഗിക്കാം കര്‍മ്മമായി , ക്രിയയായി , ചിലപ്പോള്‍ വിശേഷണമായും . ഇത്ര വൈവിധ്യപൂര്‍ണ്ണമായി ഉപയോഗിക്കാവുന്ന മറ്റൊരു വാക്കില്ല , അതില്‍ ലൈംഗികത മാത്രമല്ല എല്ലാ വികാരങ്ങളെയും പ്രകടിപ്പിക്കാം .

എല്ലാ പ്രഭാതങ്ങളിലും നിങ്ങള്‍ ഈ വാക്കുപയോഗിച്ച് ധ്യാനം ചെയ്യൂ, എഴുന്നേല്‍ക്കുമ്പോള്‍ തന്നെ “ഫക്ക് യു “ എന്ന് 5 പ്രാവശ്യം ആവര്‍ത്തിച്ച് ജപിക്കുക , അത് നിങ്ങളുടെ കണ്ഠം ശുദ്ധി ചെയ്യും , അങ്ങനെയാണ് ഞാനെന്റെ കണ്ഠം ശുദ്ധി വരുത്തുന്നതെന്ന് പറഞ്ഞ് കൊണ്ട് ഓഷോ ഉപസംഹരിക്കുന്നു .



സദാചാ‍രത്തിന്റെ നേര്‍ത്ത അതിര്‍വര്‍മ്പുകള്‍ക്കിടയില്‍ വാക്കുകളും അര്‍ത്ഥങ്ങളും കാഴ്ചപ്പാടുകളുടെ സ്വാധീനവലയത്തില്‍ മാറിയും മറിഞ്ഞും ഉപയോഗക്ഷമമായി തീരുകയോ നിരോധിതമാവുകയോ ചെയ്യുന്നുണ്ട് .ഭരണിപ്പാട്ട് ഉപാസനയാകുന്നത് അങ്ങനെയാണ് , അശ്ലീലങ്ങള്‍ ദേവീസ്തുതിയായി പാടുമ്പോഴും ഭക്തന് കുറ്റബോധം തോന്നാത്തതും അത് കൊണ്ടാണ് .ചിലപ്പോള്‍ നിരുപദ്രവകരമെന്ന് നമ്മള്‍ കരുതുന്ന വാക്കുകളുടെ ദ്വയാര്‍ത്ഥ ഭാവങ്ങള്‍ അതീവ ഗുരുതരമാകുന്നതും ഇതേ ന്യായവാദത്തിലാണ് .ഫക്ക് എന്ന പദം തെറിയായും മന്ത്രമായും അഭിനന്ദനമായും അമര്‍ഷമായും ഇനിയും മുഴങ്ങും ഭാഷാ ശാസ്ത്രജ്ഞര്‍ പറഞ്ഞ പോലെ “ഫക്ക്” എന്ന വാക്ക് സമീപ ഭാവിയില്‍ ദൈവത്തെയും കടത്തി വെട്ടുമായിരിക്കും .