Like

...........

Sunday 4 November 2012

വേദാന്തയുടെ വികസന മാതൃകകള്‍ - 2

ഈ സീരീസിന്റെ ആദ്യ ഭാഗം   ഇവിടെ  വായിക്കാം


                             നമ്മുടെ രാജ്യം വൈരുദ്ധ്യങ്ങളുടെ കലവറയാണ് . യാതൊരു വിധ നിയമങ്ങളും ബാധകമാകാത്ത വിധം കുത്തകകള്‍ രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ ഊറ്റിയെടുത്തു കൊണ്ട് ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം പിടിക്കുന്നു അതേ സ്ഥലത്തു തന്നെ ജനങ്ങള്‍ ദാരിദ്ര്യത്തിലും പട്ടിണിയിലും പെട്ടു ദുസ്സഹമായ ജീവിതം നയിക്കുന്നു , പട്ടിണി മരണങ്ങള്‍ സംഭവിക്കുന്നു .  അനില്‍ അഗര്‍വാള്‍ ഏതാനും വര്‍ഷം കൊണ്ട്  ലോകത്തെ ഏറ്റവും വലിയ കോടീശ്വരനാകുന്നത് അയാള്‍ സൃഷ്ടിച്ച ഉല്‍പ്പന്നം വിറ്റഴിച്ചിട്ടോ അദ്ദേഹത്തിന്റെ അമ്മ വീട്ടില്‍ നിന്നു കൊണ്ടു വന്ന സമ്പത്തുപയോഗിച്ചിട്ടോ അല്ല ,നമ്മുടെ രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ ഊറ്റിയെടുത്തു കൊണ്ടാണ് ,അതു കൊണ്ടു മാത്രമാണ് .തുച്ഛമായ ഇടനില പൈസക്കു വേണ്ടി ഗവണ്മെന്റുകള്‍ അമൂല്യമായ ഈ സമ്പത്തു കുത്തകകള്‍ക്കു തീറെഴുതികൊടുക്കുന്നു . വേദാന്തക്കും ജിണ്ടാലിനും ടാറ്റാ സ്റ്റീലിനും റിലയന്‍സിനും അവരുടെ സമ്പത്തിന്റെ മൂല്യം പല മടങ്ങു വര്‍ദ്ധിപ്പിക്കാനുള്ള ഉപാധി മാത്രമാണ് ഈ നാട്ടിലെ മണ്ണും പുഴയും കാടുമെല്ലാം .എല്ലാ ഊറ്റലുകള്‍ക്കും അവസാനം ഊഷരമായ വനവും വറ്റി വരണ്ട പുഴകളും ഇടിഞ്ഞു പൊളിഞ്ഞ മലകളും മാത്രമായിരിക്കും നമുക്കു ബാക്കിയാവുക .

                     ഇത്ര അമൂല്യമായ  പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കരുത് എന്നല്ല പറഞ്ഞു വരുന്നതു പക്ഷെ ഏകകേന്ദ്രീകൃതമായ ഒരു കുത്തകക്കു തീറേഴുതികൊടുക്കാനുള്ള ഒന്നല്ല ഇതെല്ലാം .ഊഷരമായ ഭൂമിശാസ്ത്രമുള്ള അറബ് രാജ്യങ്ങളുടെ സമ്പത്തിക ഭദ്രതക്കും സാമൂഹ്യ വികസനത്തിനും  പെട്രോളിയം എങ്ങനെ ഉപയോഗപ്പെട്ടൂവെന്നു നമുക്കറിയാം .അതു പോലെ തന്നെ നമ്മുടെ രാജ്യത്തിനും അമൂല്യമായ പ്രകൃതി വിഭവങ്ങളുണ്ട് .ലോകത്തിനാവശ്യമായ മൂലകങ്ങളും അസംസ്കൃത ലോഹങ്ങളുമുണ്ട് അതെല്ലാം ഏതാനും കുത്തകകളുടെ കുടുംബ സ്വത്തായി മാറുന്നതാണ് നമ്മുടെ ദുരവസ്ഥ . ഖനനത്തിനു  കൃത്യമായ  നിയമ നിര്‍മ്മാണങ്ങളുണ്ടാകണം , രാജ്യത്തിന്റെ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനു ആവശ്യമായ പ്രതിഫലം നിജപ്പെടുത്തണം ,സമതുലിതമായ വികസന രൂപമുണ്ടായിരിക്കണം ,തദ്ദേശീയരായ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കണം ,പാരിസ്ഥിതിക നാശങ്ങളെ കുറിച്ചു കൃത്യമായ പഠനങ്ങളുണ്ടാകുകയും അതിനനുസരിച്ചു നയങ്ങളില്‍ മാറ്റം വരുത്തുകയും വേണം .  - തേങ്ങാക്കൊല നടക്കും . :)ഇന്‍ഡ്യയിലേറ്റവും ദരിദ്രമായ സംസ്ഥാനങ്ങളിലൊന്നാണ് ഒറീസ . വരള്‍ച്ചയും ദാരിദ്ര്യവും കൂടി നരക തുല്യമായ ജീവിതം നയിക്കുന്ന മനുഷ്യന്‍ ,അതിനൊപ്പം ഇടയ്ക്കിടെ ആവര്‍ത്തിക്കുന്ന പ്രകൃതി ദുരന്തങ്ങളും വര്‍ഗ്ഗീയ കലാപങ്ങളും . പ്രശസ്ത പത്ര പ്രവര്‍ത്തകനായ പി .സായിനാഥിന്റെ - Everyone loves a good drought എന്ന കൃതി രാജ്യത്തെ ഏറ്റവും ദരിദ്രമായ ജനപഥങ്ങളിലൂടെയുള്ള ഒരു അനുഭവ സഞ്ചാരമാണ് , ആ കൃതിയില്‍ 1980 കളില്‍ രാജ്യത്താകമാനം  ശ്രദ്ധയാകര്‍ഷിച്ച ഒരു സംഭവത്തെ കുറിച്ചു പറയുന്നുണ്ട് . ഒറീസയിലെ കാലഹണ്ടിയില്‍  ദാരിദ്ര്യം കൊണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 40 രൂപക്കു വിറ്റുവെന്ന കുപ്രസിദ്ധമായ വാര്‍ത്തയാണത് [സായി നാഥ് ആ വാര്‍ത്തയെ ഇന്‍ഡ്യയിലെ പത്രപ്രവര്‍ത്തകരുടെ താല്‍ക്കാലിക ആഘോഷ സമീപനത്തിന്റെ മാതൃകയായാണ് വിവരിക്കുന്നത് ] പക്ഷെ 1980  കഴിഞ്ഞു 30 വര്‍ഷം മുന്നോട്ടു പോയിട്ടൂം  ഒറീസ്സയിലെ ആ അവസ്ഥക്കു മാറ്റമൊന്നുമില്ല 2012 ല്‍ കൂടി ദാരിദ്ര്യം കൊണ്ട് പ്രായപൂര്‍ത്തിയാകാത്ത മകളെ വിറ്റ കാലഹണ്ടിയിലെ ഒരു കര്‍ഷകന്റെ വാര്‍ത്ത ഒരു ദേശീയ ദിനപത്രത്തില്‍ വായിച്ചിരുന്നു . വാര്‍ത്തയാകാന്‍ മാത്രമുള്ള അസ്വാഭാവികതയൊന്നുമില്ലാത്തത് കൊണ്ടാവണം വരള്‍ച്ചയും പട്ടിണിയും കൊണ്ട് മരണപ്പെടുന്ന കര്‍ഷകരുടെ വാര്‍ത്ത ഇപ്പോള്‍ കാണാറില്ല എങ്കിലും അതും മുടക്കമൊന്നുമില്ലാതെ അവിടെ നടക്കുന്നുണ്ട് .പക്ഷെ ലോകത്തെ തന്നെ ഏറ്റവും ധ്രുത ഗതിയില്‍ സമ്പത്തു സൃഷ്ടിക്കപ്പെടുന്ന വേദാന്തയുടെ അലുമിനിയം ഖനന വരുമാനത്തിന്റെ വലിയൊരു പങ്കും വരുന്നത്  ഒറീസ്സയില്‍ നിന്നാണ് , ശതലക്ഷം കോടികള്‍ . ഏറ്റവും വലിയ അലുമിനിയം പ്ലാന്റ് ഒറീസയിലെ  ജാര്‍സ് ഗുഡയിലാണ് ,6 MTPA ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ അലുമിനിയം പ്ലാന്റ്  ഒറീസയിലെ ഏറ്റവും ദരിദ്രപ്രദേശമായ കാലഹണ്ടിയിലാണ് [യാതൊരു അനുമതിയുമില്ലാതെ സംരക്ഷിത വന പ്രദേശത്തു നിയമ വിരുദ്ധമായി പ്ലാന്റ് വികസനം നടത്തിയത് കൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം താല്‍ക്കാലികമായി പ്രവര്‍ത്തനാനുമതി നിഷേധിച്ചിരിക്കുകയാണ് - പക്ഷെ വകുപ്പില്‍ നിന്നു  ജയറാം രമേഷിനെ മാറ്റിയ നിലക്കു അതു   പുനസ്ഥാപിക്കാന്‍ സാധ്യതയുണ്ട്  -അതിലേക്കു വഴിയേ വരാം ] . 

ഒറീസയിലെ ഗവണ്മെന്റ് ഇടനിലക്കാര്‍ .

ഒറീസ്സയില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് നേരിട്ടാണ് വേദാന്തയുടെ ഇടനിലക്കാരനാകുന്നത് ,ഇക്കാര്യത്തില്‍ മറ്റു ചെറുകിടക്കാരെയൊന്നും ഉള്‍പ്പെടുത്താതെ നേരിട്ടു ഇടപെടുന്നതാണ് എളുപ്പമെന്നു പട് നായിക്കിനു തോന്നിക്കാണണം  .രണ്ട് വര്‍ഷം മുമ്പ് 2010 ലാണ്  അനില്‍ അഗര്‍വാളിനു ഇങ്ങനെയൊക്കെ നാടു കുഴിച്ചു കുളം തോണ്ടി കാശുണ്ടാക്കിയാല്‍ മാത്രം പോരാ അല്പം  വേദാന്തവും ആര്‍ഷ ഭാരത സംസ്കൃതിയുമൊക്കെ പഠിപ്പിക്കാന്‍ സ്വന്തം പേരില്‍ ഒരു സര്‍വ്വകലാശാല വേണമെന്നു തോന്നുന്നത്  - ഒരു കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഗിമ്മിക്ക് . ഉടന്‍ തന്നെ ഒറീസ്സാ സര്‍ക്കാര്‍ വേദാന്തക്കു വേണ്ടി ഒറീസയിലെ പുണ്യനഗരമായ പുരിയില്‍  4000 ഏക്കര്‍ ഏറ്റെടുത്തു കൊടുത്തു .നിലവിലുള്ള എല്ലാ ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങളെയും ലംഘിച്ചു കൊണ്ട്  സര്‍ക്കാര്‍ തന്നെയാണ് ഈ ഭൂമി ഏറ്റെടുത്തത് . കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ എല്ലാ വിധ പരിരക്ഷകളും നല്‍കികൊണ്ട് അനുഗ്രഹിച്ചാശീര്‍വാദിച്ച് പ്രധാന മന്ത്രി മന്‍ മോഹന്‍ ജി ഉല്‍ഘാടനം ചെയ്ത അനില്‍ അഗര്‍വാള്‍ ഫൌണ്ടേഷന്റെ [ AAF ] വേദാന്ത വിശ്വസര്‍വ്വകലാശാലയെന്ന 15000 കോടിയുടെ പദ്ധതിക്കു തറക്കല്ലിട്ടു .അപ്പോഴാണ് പ്രശ്നത്തിന്മേല്‍  സ്വദേശി ജാഗരണ്‍ മഞ്ചും മറ്റ് ചില സ്വകാര്യ വ്യക്തികളും ഇടപെടുന്നത് .എല്ലാ വിധ ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങളെയും ലംഘിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഈ 4000 ഏക്കര്‍ ഏറ്റെടുത്തിരിക്കുന്നത് . കേസ് കോടതിയില്‍ പോയി  സര്‍ക്കാര്‍ ഏറ്റെടുത്ത 4000 ഏക്കര്‍  ഭൂമിയിന്മേല്‍     ഒറീസ്സാ ഹൈക്കോടതി സ്റ്റാറ്റസ് ക്വോ ഓര്‍ഡര്‍ പുറപ്പെടുവിച്ചിരിക്കുന്നു .വളരെ ചെറിയ വാര്‍ത്തയായി മുഖ്യധാരാ മാധ്യമങ്ങളില്‍ ഒതുങ്ങിക്കൂടിയ ഈ വാര്‍ത്തയുടെ പ്രാധാന്യം വളരെ വലിയ മാനങ്ങളുള്ളതാണ് .കാരണം ഒരു സ്വകാര്യ കമ്പനിക്കു വേണ്ടി സര്‍ക്കാര്‍ തന്നെ എല്ലാ വിധ നിയമങ്ങളും ലംഘിച്ചു ഭൂമി ഏറ്റെടുക്കുകയും അതിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു തന്നെ വേദാന്തക്കനുകൂലമായി കേസില്‍ കക്ഷി ചേരുകയും ചെയ്യുകയുണ്ടായി .
.
നിയുക്ത സര്‍വ്വകലാശാലക്ക് വേണ്ടി   4000 ഏക്കറോളം  ഭൂമിയാണ് ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച എല്ലാ നിയമങ്ങളെയും തൃണവല്‍ക്കരിച്ച് കൊണ്ട്  ‍ അനില്‍ അഗര്‍വാള്‍ ഫൌണ്ടേഷന് ഒറിസ്സാ ഗവണ്മെന്റ് ഒരു ഇടനിലക്കാരനായി നിന്ന് ഏറ്റെടുത്തത് .സ്വദേശി ജാഗരന്‍ മഞ്ച് അടക്കം നിരവധി ഹര്‍ജിക്കാരുടെ പരാതിയിന്മേലാണ് ഒറീസാ ഹൈക്കോടതി ഭൂമി അതിന്റെ  ഉടമകള്‍ക്ക് തിരിച്ച് നല്‍കാനുള്ള സുപ്രധാന വിധി പുറപ്പെടുവിച്ചത് . നിരവധി ഹര്‍ജ്ജിക്കാരിലൊരാളായ അഡ്വൊക്കേറ്റ് പ്രശാന്ത് ഭൂഷണ്‍ പറയുന്നത് പ്രകാരം ഒരു പ്രൈമറി സ്കൂള്‍ പോലും നടത്തി പരിചയമില്ലാത്ത വേദാന്തയെന്ന മൈനിങ്ങ് കമ്പനിക്കാരുടെ വിശ്വസര്‍വ്വകലാശാലയെന്ന ലക്ഷ്യത്തിന് പിന്നില്‍ തീര്‍ച്ചയായും മറ്റ് പല അജണ്ടകളുമുണ്ടാകും .വേദാന്ത സര്‍വ്വകലാശാല ഒറീസ്സയില്‍ വിശ്വസര്‍വ്വകലാശാല തുടങ്ങുന്നതിന് മുമ്പ് തന്നെവേദാന്തയുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത കൂടി വന്നിരുന്നു , അന്താരാഷ്ട തലത്തില്‍ തന്നെ ഏറെ വിവാദവിഷയമായെങ്കിലും ഇന്‍ഡ്യയില്‍ അത് അത്രയധികം കേട്ടിരുന്നില്ല . ഇന്‍ഡ്യന്‍ മാധ്യമങ്ങള്‍ അത്തരം കാര്യങ്ങളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നുണ്ടെന്ന് തോ‍ന്നുന്നു .
നിയമഗിരിയിലെ കയ്യേറ്റത്തിന്റെ കഥ .

 ദക്ഷിണ ഒറീസയിലെ ഡൊങ്ക്രിയാ കോന്താ [Dongria Kondh ] വിഭാഗത്തിലുള്ള നിരക്ഷരരായ ആദിമ ഗോത്ര നിവാസികള്‍ മാത്രം താമസിക്കുന്ന നിയമഗിരി [The mountain of law ] മലനിരകള്‍‍ പരിസ്ഥിതി നിയമങ്ങളുടെ പ്രാഥമിക ചട്ടങ്ങള്‍ പോലും ലംഘിച്ച് കൊണ്ടാണ് വേദാന്തക്ക്   ബോക്സൈറ്റ് ഖനനത്തിന് വേണ്ടി  കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി കൊടുത്തത് .മറ്റെവിടെയും വേരുകളില്ലാത്ത ആദിമഗോത്രവിഭാഗമാണ് നിയമഗിരിയിലെ ഡോങ്ക്രിയ കോന്താ ആദിവാസികള്‍. നിയമഗിരി അവരുടെ പുണ്യസ്ഥലമാണ്.  അവരാ കുന്നിന്‍ ചെരിവുകളില്‍ കൃഷി ചെയ്യുന്നു, അതിന് ചുറ്റുമൊഴുകുന്ന അരുവികളില്‍ നിന്ന് വെള്ളമെടുക്കുന്നു ,ഒരു മരക്കൊമ്പ് പോലും മുറിക്കാതെ വനവിഭവങ്ങള്‍ കൊണ്ട് അവര്‍ ജീവിക്കുന്നു .ആ പ്രകൃതിയില്‍ നിന്ന് വേറിട്ടൊരു ജീവിതം പോലും അവര്‍ക്ക് ചിന്തിക്കാനാവില്ല , അങ്ങനെയുള്ള നിയമഗിരി കുന്നുകളാണ് വേദാന്ത കമ്പനിക്കാര്‍ ഇടിച്ച് തകര്‍ത്ത് ഖനനം ചെയ്യാന്‍ പോകുന്നത് , അവരുടെ ആവാസ വ്യവസ്ഥയാണത് , ദൈവം പോലുമാണ് .ദൈവത്തിന്റെ കാര്യം പോട്ടെ കുറെ പാവം  മനുഷ്യരുടെ ജീവനും ജീവിതവുമാണ് .

2003 ലാണ്  ലഞ്ചിഗഡില്‍ വേദാന്തയുടെ അനുബന്ധ കമ്പനിയായ വേദാന്താ അലുമിനിയം ലിമിറ്റഡിന് പ്ലാന്റ് സ്ഥാപിക്കാന്‍  അനുവദിച്ച് കൊണ്ട്  ഒറീസ്സാ സര്‍ക്കാര്‍ എം ഓ യു [Memorandum Of Understanding ]ഒപ്പ് വെച്ചത് .സംരക്ഷിത വന മേഖലയില്‍ പ്ലാന്റ് സ്ഥാപിക്കാനായി അനുമതി പത്രത്തിന്റെ അപേക്ഷയില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ച് വെച്ച് കൊണ്ടാണ് അനുമതി വാങ്ങിയതെന്ന് പിന്നീട് നടന്ന ഒരു തെളിവെടുപ്പില്‍ സുപ്രീം കോടതി  നിയമിച്ച  സക്സേന കമ്മിറ്റി ചൂണ്ടിക്കാട്ടുന്നുണ്ട് .ലഞ്ചിഗഡിലെ അലുമിനിയം പ്ലാന്റിലേക്കുള്ള ബോക്സൈറ്റ് ഖനനത്തിനായാണ് വേദാന്ത നിയമഗിരിയില്‍ ഖനനത്തിന് അനുമതി നേടിയത് . പ്രാരംഭഘട്ടത്തില്‍ തന്നെ തദ്ദേശീയരായ ആദിവാസികളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക അധികാര സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രക്ഷോഭത്തിലേര്‍പ്പെട്ടവരെ തല്ലിച്ചതച്ച് കൊണ്ട് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയാണുണ്ടായത് ,നവീന്‍ പട്നായിക്കിന്റെ സംസ്ഥാന സര്‍ക്കാര്‍ പലപ്പോഴും വേദാന്ത കമ്പനിയുടെ ഗുണ്ടകളായാണ് പ്രവര്‍ത്തിച്ചിരുന്നത്  . ഭരണ കൂടത്തിന്റെ കൂട്ടിക്കൊടുപ്പുകള്‍ നിസ്സഹായരാക്കിയനിയമഗിരിയിലെ ആദിവാസികള്‍ മനുഷ്യാവകാശ സംഘടനകളുടെയും പരിസ്ഥിതി വാദികളുടെയും സഹകരണത്തോടെ‍  ഖനനത്തിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുത്തു  .

 ഖനനത്തിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല്‍  വേദാന്തയുടെ ഖനനാനുമതി പുന:പരിശോധിക്കാനും യഥാര്‍ത്ഥ വസ്തുതകളുടെ  തെളിവെടുപ്പിനുമായി  സുപ്രീം കോടതി ഒരു  സെന്ട്രല്‍ എമ്പവേഡ്  കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി .

സെണ്ട്രല്‍ എമ്പവേഡ് കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ .

വനം പരിസ്ഥിതി വിഷയങ്ങളില്‍ സുപ്രീം കോടതിയുടെ പരിഗണനക്ക് വരുന്ന പരാതികളിന്മേല്‍  ശരിയായ നിഗമനത്തിലെത്തിച്ചേരാനായി അതത് വിഷയങ്ങളില്‍ പ്രാവീണ്യമുള്ള വ്യക്തികളുടെ വിദഗ്ദ്ധമായ അഭിപ്രായം സ്വരൂപിക്കാന്‍  രൂപീകൃതമായ  സ്വതന്ത്രാന്വേഷണ കമ്മിറ്റിയാണ്  -  Central Empowered Committee  [C E C ]    1986 ലെ Environment (Protection) Act,   നെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ രൂപീകരണം .
  

സി.ഇ.സി  യുടെ വിശദമായ പരിശോധനയില്‍ വേദാന്ത റിസോഴ്സിന്  അലുമിനിയം ശുദ്ധീകരണ ശാലയ്ക്കായി    58 .93 ഹെക്ടറും ഖനനത്തിനായി  672  ഹെക്ടര്‍  നിബിഡ വന ഭൂമിയ്ക്ക് മേലാണ്  പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും   പ്രാരംഭാനുമതി ലഭിച്ചത് . ഈ പദ്ധതി പ്രദേശം സംരക്ഷിത വന മേഖലയാണ് എന്നത് പോലും പരിഗണിക്കാതെയായിരുന്നു ഈ നടപടി   ഇതില്‍ തന്നെ ഖനനത്തിന്റെ കാര്യം മറച്ച്  കൊണ്ടാണ് അനുമതി നേടിയത്  .   അതിപ്രാചീനമായ ഒരു സംസ്കൃതിയുടെ ശേഷിപ്പ് മാത്രമായിരുന്നില്ല നിയമഗിരി കുന്നുകള്‍ , അതി സമ്പന്നമായ ജൈവ വ്യവസ്ഥയുടെ മറ്റൊരു ലോകമായിരുന്നു , ലോകത്ത് വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ഇനം ജൈവവൈവിധ്യത്തിന്റെ അമൂല്യമായ കലവറ , നിബിഡ വനങ്ങള്‍ , പ്രധാനപ്പെട്ട രണ്ട് നദികളുടെ ജലസ്രോതസ്സുകള്‍  , അത് കൊണ്ടെല്ലാം തന്നെ  നിയമഗിരികുന്നുകളിലെ ഖനനം അവിടത്തെ പരിസ്ഥിതിയെ സാരമായി ബാധിക്കുമെന്ന് സി.ഇ.സി കണ്ടെത്തി . 

സി ഇ സി യുടെ വിദഗ്ദ പാനല്‍  സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇപ്രകാരം പറയുന്നു

“ പാരിസ്ഥിതിക ദുര്‍ബ്ബല പ്രദേശമായ നിയംഗിരിയിലെ വനങ്ങള്‍  ഖനനതിനായി ഉപയോഗപ്പെടുത്തുന്നത് അനുവദിക്കാന്‍  പാടില്ലാത്തതാണ് .   ദേശീയ   പൊതു താല്പര്യങ്ങള്‍  സംരക്ഷിക്കേണ്ട സംസ്ഥാന ഗവര്‍ണ്മെന്റൂം പരിസ്ഥിതി മന്ത്രാലയവും  പരിസ്ഥിതി സംരക്ഷണത്തിനും  ജനതാല്പര്യത്തിനും യാതൊരു വിധ പരിഗണനയും കൊടുക്കാതെ, അലുമിന പ്രോജക്ടിന്റെ ആവശ്യങ്ങള്‍ക്ക് വനഭൂമി വിട്ട്‌ കൊടുക്കുന്നതില്‍ തികച്ചും അലസവും അലക്ഷ്യവും ഒപ്പം പക്ഷ്പാതപരവുമായ നിലപാടാണ്  സ്വീകരിച്ചത് . ഈ തരത്തില്‍ ഉള്ളതും ഇത്രയും ഭീമമായ മുതല്‍ മുടക്ക് ഉള്ളതുമായ ഒരു പദ്ധതി വിഭാവനം ചെയ്യുമ്പോള്‍ തന്നെ അതിനെ സാധ്യതകളെ കുറിച്ച് വിശദമായി പഠിച്ചിരുന്നു എങ്കില്‍, സ്വാഭാവികമായി ഉയര്‍ന്നു വന്നിരുന്ന പരിസ്ഥിതി പരമായ ആശങ്കകള്‍ ഉള്‍ക്കൊണ്ടു കൊണ്ട് , പദ്ധതി  തുടക്കത്തില്‍ തന്നെ ഉപേക്ഷിക്കപ്പെടേണ്ടതായിരുന്നു  .  മേല്‍ ഖണ്ടികകളില്‍ വിശദീകരിച്ചിരിക്കുന്നന്ന വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത്  അലുമിന പ്രോജക്ടിനായി 22.9.2004 ഇല്‍  പരിസ്ഥിതി മന്ത്രാലയം  നല്‍കിയ ക്ലിയറന്‍സ് ബഹുമാനപ്പെട്ട കോടതി റദ്ദു ചെയ്യണം എന്നും ഒപ്പം പദ്ധതിയുടെ എല്ലാ വിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും  തടയണം എന്നും അഭ്യര്‍ത്ഥിക്കുന്നു . ലഞ്ചിഗഡില്‍ സ്ഥാപിച്ചിരിക്കുന്ന അലുമിനിയം പ്ലാന്റ് നിയമഗിരി ഖനനത്തിന് വേണ്ടി മാത്രമാണ് സ്ഥാപിച്ചിരിക്കുന്നതെന്നതിനാല്‍   മറ്റൊരു ബോക്സൈറ്റ് ഘനി കണ്ടെത്തിയതിന്  ശേഷം മാത്രം  അവിടെ പദ്ധതി പരിഗണിക്കാന്‍ പാടുള്ളൂ “ 

  പക്ഷെ അല്‍ഭുതകരമെന്ന് പറയട്ടെ    രണ്ട് വര്‍ഷം നീണ്ട് നിന്ന കേസ് വിസ്താരത്തില്‍ സുപ്രീം കോടതി സി ഇ സി യുടെ റിപ്പോര്‍ട്ടിനെ ഫലത്തില്‍ തമസ്കരിക്കുക മാത്രമല്ല  ആദിവാസികള്‍ക്ക് വേണ്ടി ഹാജരായ സഞ്ചയ് പരേഖിനെ കേസിന് വേണ്ടി എന്തെങ്കിലും പറയാന്‍ പോലും അനുവദിക്കാതെ വേദാന്തക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു .വേദാന്ത റിസോഴ്സിന്റെ  ഖനനത്തിനനുകൂലമായി  പുറപ്പെടുവിച്ച സുപ്രീം കോടതി ബെഞ്ച് അന്തിമ വിധിയെ ന്യായീകരിക്കുന്നത് വന്‍ സാമ്പത്തിക ശക്തിയായിക്കൊണ്ടിരിക്കുന്ന ഇന്‍ഡ്യയുടെ ജി ഡി പി ശതമാനക്കണക്ക് ചൂണ്ടിക്കാണിച്ച് കൊണ്ട് ‍ സമ്പദ് വ്യവസ്ഥയുടെ മറുപുറത്ത് ദാരിദ്ര്യത്തില്‍ കഴിയുന്ന ദരിദ്രരായ ആദിവാസികളെയോര്‍ത്ത് ആശങ്കപ്പെട്ടു കൊണ്ടാണ്  . 

 ഈ വിധി അധാര്‍മ്മികമാണെന്ന  അഡ്വൊക്കേറ്റ് പ്രശാന്ത് ഭൂഷന്റെ പരാമര്‍ശത്തിനെതിരെ  കോടതിയലക്ഷ്യ കേസ്  ഉണ്ടായിരുന്നു . ടെഹല്‍ക്കക്ക് കൊടുത്ത ഒരു  അഭിമുഖത്തില്‍ ഈ വിധി പുറപ്പെടുവിച്ച മൂന്നംഗ ഫോറസ്റ്റ് ബെഞ്ചില്‍ ഉള്‍പ്പെട്ട ഇപ്പോഴത്തെ  ചീഫ് ജസ്റ്റിസ് കപാഡിയക്ക് വേദാന്ത റിസോഴ്സില്‍ ഓഹരികളുള്ളതിനാല്‍ ഈ വിധി അധാര്‍മ്മികമായിരുന്നു എന്നാണദ്ദേഹം പറഞ്ഞത് .ജസ്റ്റിസ് കപാഡിയയുടെ സാമ്പത്തിക സത്യസന്ധതയില്‍ സംശയമില്ലെങ്കിലും വേദാന്ത  റിസോഴ്സില്‍ ഓഹരി നിക്ഷേപം ഉള്ള സ്ഥിതിക്ക്  അതേ  കമ്പനിയുമായി ബന്ധപ്പെട്ട ഒരു   വിധി പ്രസ്താവത്തില്‍ നിന്നും കേസ് വിചാരണയില്‍ നിന്നും വിട്ട് നില്ക്കുകയായിരുന്നു ന്യായാധിപന്‍ എന്ന നിലയില്‍ അദ്ദേഹം ചെയ്യേണ്ടിയിരുന്നത്  അത് കൊണ്ട് തന്നെ ധാര്‍മ്മികമായി അദ്ദേഹം ചെയ്തതിനോട് യോജിക്കാനാവുന്നില്ലെന്ന്   പ്രശാന്ത് ഭൂഷണ്‍  കോടതിയലക്ഷ്യത്തിന്മേലുള്ള തന്റെ സത്യവാങ്ങ്മൂലത്തില്‍  സുപ്രീം കോടതി മുമ്പാകെ   ബോധിപ്പിച്ചിട്ടുണ്ട്.

വേദാന്തക്കനുകൂലമായ  സുപ്രീം കോടതി വിധിയില്‍   കോടതി വ്യവഹാരത്തിന്റെ സാങ്കേതികതക്കപ്പുറം  വഴി വിട്ടൊന്നും നടന്നിട്ടില്ല എന്ന് വിശ്വസിക്കുമ്പോള്‍ തന്നെയും ജനങ്ങളെക്കുറിച്ചും വികസനത്തെക്കുറിച്ചുമുള്ള കോടതിയുടെ കാഴ്ചപ്പാട് ചിന്താവിഷയമാകുന്നുണ്ട് . വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍  കൃത്യമായി നിര്‍വചിക്കാത്തിടത്തോളം കാലം ഇത്തരം വികസനങ്ങളില്‍ കോടതിക്കോ പൊതു സമൂഹത്തിനോ വിരുദ്ധാഭിപ്രായമുണ്ടാവാന്‍ വഴിയില്ല .പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ വികസനത്തെക്കുറിച്ച് ഭരണകൂടങ്ങള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും എന്നും ഒരേ നിലപാടാണ് , അപരിഷ്കൃതരായ അവരെ സംസ്കരിച്ചെടുത്ത് മുഖ്യധാരയില്‍ അവതരിപ്പിക്കുക എന്നതാണ് കാലങ്ങളായി ചൂഷണങ്ങള്‍ക്കുള്ള ന്യായീകരണമായി അവര്‍ ഒറ്റക്കെട്ടായി പറഞ്ഞ് വരുന്ന ന്യായം.വനഭൂമിയുടെ അരക്ഷിതാവസ്ഥയില്‍ നിന്നും അവരെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ സുരക്ഷയിലേക്ക് പറിച്ച് നടുന്നതിനെക്കുറിച്ചാണ് എല്ലാ വികസന മാതൃകകളും ചിന്തിക്കുന്നത് . വികസനത്തിന് വേണ്ടിയാണെന്ന ന്യായീകരണം കൂടിയാവുമ്പോള്‍ അത്തരം വികസന കാഴ്ചപ്പാടുകള്‍ക്ക് ‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നു .കൂടുതല്‍ മെച്ചപ്പെട്ട ഒരു ജീവിതമെന്ന വാഗ്ദാനമാണ് കുടിയൊഴിപ്പിക്കലുകള്‍ക്ക് മറുപടിയായി ഭരണകൂടങ്ങളും കോടതിയും പറയുന്നത് .വികസനത്തിന്റെ പേരില്‍ ഒരു രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാനപരമായ അവകാശങ്ങളെ നിഷേധിച്ച് കൊണ്ട് ബഹുരാഷ്ട്ര കുത്തകളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള  ഭരണകൂട നിലപാട് തന്നെ കോടതിയും ആവര്‍ത്തിക്കുമ്പോള്‍ അവസാന അത്താണിയും നഷ്ടപ്പെട്ട് പോകുന്ന അവസ്ഥയില്‍ വികസനത്തെക്കുറിച്ച് ധാര്‍മ്മികമായ ഒരു കാഴ്ചപ്പാട് അനിവാര്യമാണ്. കോര്‍പ്പറേറ്റുകളുടെ ആദിവാസി മേഖലയിലെ വികസന പദ്ധതികള്‍ അവരുടെ ചരക്കു കൊണ്ടു പോകാന്‍ തുറമുഖത്തേക്കുള്ള റോഡ് + റെയില്‍ പാതകള്‍ നിര്‍മ്മിക്കുക എന്നതാണ് ,അതവര്‍ വൃത്തിയായി ചെയ്യുന്നുമുണ്ട് .

 അവസാന പ്രതീക്ഷയായ പരമോന്നത നീതി ന്യായ കോടതിയും കൈവിട്ടതോടെ കുടിയൊഴിക്കപ്പെടുമെന്ന ഭീഷണിയിലും പൊരുതാനുള്ള നിരക്ഷരരായ നിയമഗിരി നിവാസികളുടെ സമരം ലോകത്തിന്റ് പല ഭാഗങ്ങളിലുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു .നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്കായി  ലോകത്തിന്റെ പല ഭാഗങ്ങളിലും‍ പ്രക്ഷോഭങ്ങളും സമരങ്ങളും നടന്നു . ആംനസ്റ്റിഇന്റര്‍ നാഷണലും നിരവധി മനുഷ്യാവകാശ സംഘടനകളും നേരിട്ട് തന്നെ ഇടപെട്ടു .ആംനസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ തെളിവെടുപ്പിന് ശേഷം ഖനനം അനുവദിക്കരുതെന്നാ‍വശ്യപ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു .  അവസാനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നടപടിയെടുക്കാതെ വയ്യ എന്ന നിലയിലേക്ക് കാര്യങ്ങള്‍ വന്നപ്പോള്‍ മാത്രമാണ് ഖനനത്തിന് നല്‍കിയ അനുമതി റദ്ദ് ചെയ്ത് കൊണ്ട് പരിസ്ഥിതി മന്ത്രാലയം നടപടിയെടുത്തത് . ഈ നടപടിയെടുക്കാനുള്ള ആര്‍ജ്ജവം കാണിച്ചത്  മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശാണ് , നമ്മുടെ നാട്ടില്‍ ആ‍രാധാനലയങ്ങള്‍ക്കു പകരം കക്കൂസാണ് വേണ്ടതെന്നു പറഞ്ഞ, കേന്ദ്ര സര്‍ക്കാറില്‍ മനുഷ്യ മുഖമുള്ള ഒരേ ഒരു മന്ത്രി ,എന്തായാലും ധീരമായ ആ നടപടിക്കുള്ള പ്രതിഫലം അടുത്ത മന്ത്രി സഭാ വികസനത്തില്‍ തന്നെ കിട്ടി  -ജയറാം രമേശ്  പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും ഔട്ട്  -ഗ്രാമീണ കാര്യ മന്ത്രിയായി - ഒന്നു രണ്ട് കൊല്ലത്തിനുള്ളില്‍ തന്നെ നിയമ ഗിരി ഇടിച്ചു പൊളിക്കാനും ലാല്‍ ഗഡിലെ അനധികൃത അലുമിനിയം പ്ലാന്റ് വീണ്ടും അതിന്റെ ശേഷി കൂട്ടി ഒറീസയിലെയും ഝാര്‍ ഖണ്ടിലെയും ചത്തിസ് ഗഡിലെയുമെല്ലാം ആദിവാസികളെ നക്സലുകളെന്നു പറഞ്ഞു കൂട്ടപ്പലായനം ചെയ്യിച്ചു അവിടെയുള്ള മലകളും കാടുകളുമെല്ലാം വേദാന്ത കയ്യേറുമെന്നു നമുക്കു പ്രതീക്ഷിക്കാം . അല്ലാണ്ടിപ്പോ എന്താ ചെയ്യാ ,നടക്കാന്‍ സാധ്യതയുള്ളത് പ്രതീക്ഷിച്ചാല്‍ ഇച്ഛാ ഭംഗമുണ്ടാകില്ല എന്നാണല്ലോ .പക്ഷെ ഇതൊന്നും വാര്‍ത്തയാകില്ല ,അതൊക്കെ അതിന്റെ വഴിക്കു അവിടെ നടന്നോളും . :)
---------------------------------------------------------------------------------------------------------------------------------------------
അടുത്ത ഭാഗം - വേദാന്തയും ആഭ്യന്തര മന്ത്രിയും ചിദംബരവും തമ്മിലെന്താണ്  - 2004 ല്‍ യു പി എ ഭരണമേറ്റെടുക്കുമ്പോള്‍ അതിന്റെ ധന മന്ത്രിയാകാന്‍ വേണ്ടിയാണ്  ബഹുമാന്യനായ പി ,ചിദംബരം  വേദാന്തയുടെ ഡയറക്ടര്‍ സ്ഥാനം ഒഴിയുന്നത് . 2010 ല്‍ അദ്ദേഹം ആഭ്യന്തര മന്ത്രിയായതിനു ശേഷമാണ് ഖനന കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തേക്കു  നക്സല്‍  വേട്ടയെന്ന പേരില്‍  ഗ്രീന്‍ ഹണ്ട് ഓപ്പറേഷന്‍ അടക്കമുള്ള സൈനിക നടപടികള്‍ ഉണ്ടാകുന്നതും - ഇതൊന്നും തമ്മില്‍ ഒരു ബന്ധവുമില്ല എന്നാലും  അതിനെ കുറിച്ച് നാളെ  :)

Picture  courtesy - Corp Watch .Org