Like

...........

Thursday 7 July 2011

സാല്‍ വാ ജുദൂം : സര്‍ക്കാര്‍ സ്പോണ്‍സേഡ് തീവ്രവാദം
ചിലപ്പോഴൊക്കെ നമ്മുടെ നീതിന്യായ പീഠങ്ങള്‍ നീതിക്കും ന്യായത്തിനും വേണ്ടി ഭരണ കൂടങ്ങളെ വിമര്‍ശിക്കുന്നതു നമുക്കു കാണാന്‍ കഴിയുന്നു എന്നതു വല്ലാത്തൊരു ശുഭാപ്തിയാണ് നല്‍കുന്നത് . നക്സലുകളെ നേരിടാനെന്ന പേരില്‍ നിരക്ഷരരായ ആദിവാസികള്‍ക്കു ആയുധങ്ങള്‍ കൊടുത്തു ഒരു രാജ്യത്തെ പൌരന്മാരെ പരസ്പരം കൊല്ലിക്കുന്ന “സാല്വാ ജുദൂം എന്ന സര്‍ക്കാര്‍ സ്പോണ്‍സേഡ് ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സാമൂഹ്യ പ്രവര്‍ത്തകരായ നന്ദിനി സുന്ദര്‍ , രാമചന്ദ്ര ഗുഹ എന്നിവര്‍ നല്‍കിയ പൊതു താല്പര്യ ഹര്‍ജിയിന്മേല്‍ സുപ്രീം കോടതിയാണ് ഭരണ കൂടങ്ങളുടെ നടപടിയെ വിമര്‍ശിച്ചു കൊണ്ടു നക്സലുകളെ നേരിടാന്‍ എന്ന പേരില്‍ തദ്ദേശീയരായ ആദിവാസികള്‍ക്കു ആയുധം നല്‍കുന്ന കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നടപടി ഭരണ ഘടനാ വിരുദ്ധമാണെന്നുള്ള സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചിട്ടുള്ളത് .

സാല്വാ ജുദൂം എന്ന സര്‍ക്കാര്‍ സ്പോണ്‍സേഡ് സായുധ സംഘം .

സാല്വാ ജുദൂം എന്ന പദത്തിനു തദ്ദേശീയ ഭാഷയിലെ അര്‍ത്ഥം സമാധാന മാര്‍ച്ച് എന്നാണെങ്കിലും സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ആയുധങ്ങളും പരിശീലനങ്ങളുമാണ് ഈ “സമാധാന മാര്‍ച്ചിന്റെ “ പിന്‍ ബലം . Forum for Fact-finding Documentation and Advocacy (FFDA) ഒരന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പതിനായിരത്തോളം കുട്ടികള്‍ സാല്വാ ജുദൂമിനു വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നു കണ്ടെത്തുകയുണ്ടായി .ഒരു രാജ്യത്തെ കുട്ടികള്‍ക്കു അര്‍ഹമായ വിദ്യാഭ്യാസവും സൌകര്യങ്ങളും കൊടുക്കേണ്ടതിനു പകരം ആയുധം കൊടുത്തു യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരു ഭരണ കൂടത്തെ എന്തു ന്യായത്തിന്റെ പേരിലായാലും എങ്ങനെയാണ് ന്യായീകരിക്കുക ?. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള 2008 ,2009 ,2010 റിപ്പോര്‍ട്ടുകളില്‍ ഗവണ്മെന്റ് സ്പോണ്‍സേഡ് തീവ്രവാദമായ സാല് വാ ജുദൂമിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചും മാവോയിസ്റ്റുകളും സാല്‍ വാ ജുദൂം അംഗങ്ങളും തമ്മിലുള്ള ഏറ്റ് മുട്ടലില്‍ കൊല്ലപ്പെടുകയും പാലായനം ചെയ്യപ്പെടുകയും ചെയ്യുന്ന ആദിവാസികളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് .ഏകദേശം അമ്പതിനായിരത്തോളം ആളുകള്‍ ഡന്റേവാഡയില്‍ നിന്ന് മാത്രം പാലായനം ചെയ്യപ്പെടുകയോ കുടിയൊഴിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു .

ഇന്‍ഡ്യയിലെ ഏറ്റവുംദരിദ്രമായ ജനങ്ങള്‍ ജീവിക്കുന്ന ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ് നക്സല്‍ ശക്തികേന്ദ്രമായ ഡന്റേവാഡ കൂടി അടങ്ങുന്ന ചത്തിസ് ഗഡ് . പ്രകൃതി ധാതു വിഭവങ്ങളുടെ അമൂല്യമായ കലവറ .ഈയൊരു പ്രത്യേകത തന്നെയാണ് ആ മേഖലയിലെ കോര്‍പ്പറേറ്റ് - ഗവണ്മെന്റ് താല്പര്യങ്ങളുടെയും അധിനിവേശങ്ങളുടെയും കാരണം . ആ മേഘലയില്‍ ഇടക്കിടെ സംഭവിച്ച് കൊണ്ടിരിക്കുന്ന മാവോയിസ്റ്റ് ആക്രമണങ്ങളുടെ വാര്‍ത്തകള്‍‍ പൊതുജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ട് . ഭാവിയില്‍ ഉണ്ടായേക്കാവുന്ന വന്‍ മാവോയിസ്റ്റ് സായുധ കലാപത്തിന്റെ ഭീതിതമായ ആശങ്കകള്‍ സൃഷ്ടിക്കുന്നു . പക്ഷെ ഇന്‍ഡ്യയിലെ സമാന്തര ഗവണ്മെന്റെന്നൊക്കെ പറയുന്ന മാവോവാദികളുടെ ആസ്ഥാനമായ ചുവന്ന ഇടനാഴിയുടെ ഭൂമിശാസ്ത്രപരമായ അപനിര്‍മ്മാണത്തിനൊടുവില്‍ കിട്ടുന്ന സ്ഥിതി വിവരക്കണക്കുകളുടെ ഏകദേശ രൂപമിങ്ങനെയാണ് -

ചുവപ്പു പരവതാനിയുടെ കോര്‍പ്പറേറ്റ് ഭൂമിശാസ്ത്രം

ഡന്തേവാഡ [ചത്തിസ് ഗഡ് ] - ടാറ്റാ സ്റ്റീല്‍ & എസ്സാര്‍ , നിയമഗിരി - മല്‍ക്കാന്‍ ഗിരി - ലഞ്ചിഗഡ് - ജാര്‍സ് ഗുഡ {ഒറീസ ] -വേദാന്ത , കൊല്‍ഹാന്‍ -ഝാര്‍ഖണ്ട് - ജിണ്ടാല്‍ സ്റ്റീല്‍ &വേദാന്ത , ലാല്‍ഗഡ് - ജിണ്ടാല്‍ സ്റ്റീല്‍ & ടാറ്റാ ,കോര്‍ബാ ചത്തിസ് ഗഡ് - വേദാന്ത , ആന്ധ്രാപ്രദേശിലെ നക്സല്‍ ഭീഷണി സജീവമായി നില നില്‍ക്കുന്ന മേഖലകളെല്ലാം ഖനിവ്യവസായികളുടെ അധീനതയിലുമാണ്. സാധാരണക്കാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും പോലും പ്രവേശിക്കാന്‍ സാധ്യമല്ലാത്തത്ര മാവോയിസ്റ്റ് ആക്രമണ ഭീതി നിലനില്‍ക്കുന്ന നക്സല്‍ മേഖലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതും പ്രവര്‍ത്തനാനുമതി ലഭിച്ചതുമായ ബഹുരാഷ്ട്ര കമ്പനികളാണ് മേല്‍പ്പറഞ്ഞത് .


ഇന്‍ഡ്യയൊട്ടാകെ പിടിച്ചെടുക്കുമെന്ന് മാധ്യമങ്ങളെല്ലാം ഭീതി പരത്തുന്ന കരുതപ്പെടുന്ന മാവോയിസ്റ്റ് ഭീകരന്മാരുടെ താവളങ്ങളിലാണ് വര്‍ഗ്ഗ ശത്രുക്കളായ ബഹുരാഷ്ട്ര കുത്തകകള്‍ വര്‍ഷങ്ങളായി സുഗമമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത് . മാവോയിസ്റ്റുകളുടെ ഉന്മൂലന സിദ്ധാന്തത്തിന്റെ വലിയ ആദര്‍ശങ്ങളെ ഒഴിച്ച് നിര്‍ത്തി സാമാന്യ യുക്തിയില്‍ നോക്കിയാല്‍ പോലും സ്വാഭാവികമായും ഇത്തരം ബഹുരാഷ്ട്ര കുത്തകകള്‍ മാവോവാദികളുടെ സ്വാധ്വീനശക്തിയായ‍ ഈ പ്രദേശങ്ങളില്‍ നിന്ന് നിരന്തര ഭീഷണി നേരിട്ട് കൊണ്ട് എല്ലാ പരിപാടികളും ഉപേക്ഷിച്ച് ജീവനും കൊണ്ട് രക്ഷപ്പെടേണ്ടതാണ് ,പക്ഷെ ഇതപര്യന്തമുള്ള മാവോയിസ്റ്റ് - നക്സലൈറ്റ് ആക്രമണങ്ങളിലൊന്നും തന്നെ ഈ ബഹുരാഷ്ട്ര കമ്പനികളിലെ തൊഴിലാളികള്‍ക്കൊ ഉദ്യോഗസ്ഥര്‍ക്കോ എന്തിന് കമ്പനികളുടെ എന്തെങ്കിലും സ്വത്ത് വകകള്‍ക്ക് പോലുമോ അപായം സംഭവിച്ചതായി കേട്ട് കേള്‍വിയില്ല , അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പതിനാറ് കോളം വാര്‍ത്തയാവേണ്ടതാണല്ലോ മാവോവാദികളുടെ പ്രധാന പണി കാടിറങ്ങി വന്ന് ഏതെങ്കിലും ലോക്കല്‍ പോലീസ് സ്റ്റേഷന് തീയിടുകയോ , പാവപ്പെട്ട ഗ്രാമീണരെ വെടി വെച്ച് കൊല്ലുകയോ മാത്രമാണ് ,പിന്നെ കൊടും കാട്ടില്‍ എന്തിനെന്നറിയാതെ പെട്ട് പോകുന്ന സി ആര്‍ പി എഫുകാരെയും മറ്റ് സൈനികരെയും തരം കിട്ടുമ്പോള്‍ തട്ടുക .കാട്ടില്‍ സ്വന്തമായി ചവിട്ടി മെതിക്കാന്‍ കരിമ്പിന്‍ തോട്ടമുള്ള ആനക്കൂട്ടം നാട്ടില്‍ വന്ന് ഉണക്കപ്പുല്ല് തിന്ന് വിശപ്പടക്കുന്നു എന്ന് പറയുന്ന പോലെ നമ്മുടെയൊക്കെ യുക്തിബോധത്തിന് കാര്യമായ തകരാറ് സംഭവിച്ചുവെന്ന് സംശയം തോന്നെണ്ട കാര്യങ്ങളാണിതെല്ലാം .


ഇതിനെക്കുറിച്ച് രണ്ട് വാദങ്ങളാണ് നിലനില്‍ക്കുന്നത് ഒന്ന് - അടുത്ത ഒരു ദശകത്തിനുള്ളില്‍ ഇന്‍ഡ്യ പിടിച്ചടക്കാന്‍ സജ്ജരായ അതിഭീകരരായ മാവോവാദികള്‍ക്ക് അവരുടെ പ്രഖ്യാപിത താവളമായ ചുവപ്പന്‍ ഇടനാഴിയില്‍ വെച്ച് ഒന്ന് തൊടാന്‍ പോലും പറ്റാത്തത്ര ശക്തരാണ് ഈ ബഹുരാഷ്ട കമ്പനികള്‍ അല്ലെങ്കില്‍ അതിന് കഴിയാത്ത ദുര്‍ബലരാണ് മാവോവാദികള്‍ രണ്ടാമത്തെ വാദം നിഷ്പക്ഷമതികളായ ചിലര്‍ പറയുന്ന പോലെ ആദിവാസികളുടെ പേര് പറഞ്ഞ് ബഹുരാഷ്ട്ര കമ്പനികളുടെ കപ്പം വാങ്ങി അവരുമായി അവിശുദ്ധമോ വിശുദ്ധമോ ആയ ഒരു ബന്ധം കാത്ത് സൂക്ഷിച്ച് കാട്ടിനകത്ത് ദശകോടി സമ്പത്തുമായി കഴിയുന്നവരാണ് മാവോവാദികള്‍ , രണ്ടായാലും ഇതിനിടക്ക് നിരാലംബരായ ലക്ഷക്കണക്കിന് ആദിവാസികളുണ്ട് , ഓരോ വലിയ പദ്ധതിയുടെയും പിന്നാലെ എല്ലാം ഉപേക്ഷിച്ച് പാലായനം ചെയ്യപ്പെടുന്ന നിരക്ഷരരായ ദരിദ്രനാരായണന്മാര്‍ . ഓരോ പദ്ധതികള്‍ക്കുമൊപ്പം അഭയാര്‍ത്ഥികളാകേണ്ടി വന്ന നാല് കോടിയിലേറെ ആളുകള്‍ ഇന്‍ഡ്യയിലുണ്ടെന്നാണ് ഏറ്റവും ലളിതമായ കണക്ക് ഇത് കൂടാതെ ഏത് നിമിഷവും അഭയാര്‍ത്ഥികളാകേണ്ടി വരുമെന്ന ഭീഷണിയില്‍ നില നില്‍ക്കുന്ന വേറെയും കുറച്ച് കോടികള്‍‍ . ഈ ജനങ്ങള്‍ക്ക് മാവോയെയുമറിയില്ല ചിദംബരത്തെയുമറിയില്ല ഒരു നേരത്തെ ഭക്ഷണത്തിന് തല ചായ്ക്കാനൊരു കൂരക്ക് എന്താണൊരു പോംവഴി എന്നത് മാത്രമാണ് നിരക്ഷരരായ അവരുടെ മുന്നിലുള്ള ദാര്‍ശനികമായ ഏക സമസ്യ .

രാജ്യത്തിന്റെ സമാന്തര ഭരണകൂടം നില നില്‍ക്കുന്നുവെന്ന് പ്രചരിപ്പിക്കപ്പെടുന്ന ഈ വന മേഖലകളില്‍ ഖനനത്തിനും വന്‍ കിട വ്യവസായങ്ങള്‍ക്കുമായി 100 കണക്കിന് അനുമതി പത്രങ്ങളാണ് ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളുമായി രഹസ്യമായും പരസ്യമായും ഗവണ്മെന്റ് യു പി എ ഗവണ്മെന്റും അതത് സംസ്ഥാന ഗവണ്മെന്റുകളും ഒപ്പ് വെച്ചിരിക്കുന്നത് .ഇതിന്റെ പ്രയോഗവല്‍ക്കരണത്തിന് തദ്ദേശീയരായ വനവാസികളെയും ദളിതരെയും ഒഴിവാക്കാതെ സാധ്യമല്ല എന്നത് ഭരണകൂടങ്ങള്‍ക്ക് വ്യക്തമായറിയാം .അത് കൊണ്ട് അവരെ കുടിയൊഴിപ്പിക്കാനുള്ള ന്യായമായ തന്ത്രങ്ങള്‍ മാത്രമാണ് ഈ മാവോവാദികളില്‍ നിന്നുള്ള സൈനിക സംരക്ഷണവും സാല്‍ വാ ജുദുമും .പൊതു സമൂഹത്തില്‍ ചുവപ്പന്‍ ഭീകരതയെക്കുറിച്ചുള്ള ഭീതി നിര്‍മ്മിക്കുക , അത് പ്രചരിപ്പിക്കുക അത്തരം മേഖലകളില്‍ സാമാന്യമായുണ്ടാകുന്ന ബാഹ്യ ഇടപെടലുകളെ തടഞ്ഞ് മേഖലകളെ പ്രാന്തവല്‍ക്കരിക്കക എന്നതാണിതിന്റെയെല്ലാം ആത്യന്തിക ലക്ഷ്യം .ചിദംബരത്തിനറിയുമോ എന്നറിയില്ല നാട്ടുമ്പുറത്തൊരു ചൊല്ലുണ്ട് “വെടക്കാക്കി തനിക്കാക്കുക “ , രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് ധാതു നിക്ഷേപങ്ങളുടെ ഭൂമിശാസ്ത്ര പരമായ ഒരു വിശകലനത്തിലൂടെ ലളിതമായി മനസ്സിലാക്കാനാവുന്നതാണ് ഗ്രീന്‍ ഹണ്ട് ഓപറേഷന്റെയും സാല്‍ വാ ജുദൂം എന്ന തമ്മില്‍ തല്ലിക്കല്‍ പൊറാട്ട് നാടകത്തിന്റെയും നാനാര്‍ത്ഥങ്ങള്‍ .

മാവോവാദികളുടെ ഏറ്റവും ശക്തമായ താവളമായി വിവക്ഷിക്കപ്പെടുന്ന ഡന്റേവാഡയിലാണ് ഗ്രീന്‍ ഹണ്ട് ഓപ്പറേഷനും സാല്വാ ജുദൂമും ഏറ്റവും ശക്തം . ഡന്റേവാഡയിലെ നിരന്തര സംഘര്‍ഷങ്ങള്‍ക്കും പാലായനങ്ങള്‍ക്കുമിടയില്‍ കൂട്ടി വായിക്കാവുന്ന ഒരു സംഭവമുണ്ട് .നിയമഗിരിയിലെ ഖനനത്തിന് പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചത്വേദാന്തയെ സംബന്ധിച്ച വലിയ തിരിച്ചടി തന്നെയായിരുന്നു കാരണം നിയമഗിരിയിലെ ബോക്സൈറ്റ് ഖനനത്തിന്റെ പ്രതീക്ഷയിലാണ് ലഞ്ചിഗഡിലെ വേദാന്തയുടെ അലുമിനിയം പ്ലാന്റ് 6 മടങ്ങ് വര്‍ദ്ധിപ്പിച്ചത് . നിയമഗിരിയില്‍ അന്താരാഷ്ട്ര ശ്രദ്ധ കിട്ടിയത് കൊണ്ട് തന്നെ സമീപ ഭാവിയില്‍ അവിടെയൊരു ഖനനത്തിന് സാധ്യത കുറവാണ് ലഞ്ചിഗഡിലെ വിപുലീകരിച്ച അലുമിനിയം പ്ലാന്റിലേക്കുള്ള ബോക്സൈറ്റ് ലഭിക്കാനുള്ള അടുത്ത പോംവഴി ഡന്റേവാഡയിലെ സമ്പന്നമായ ഖനനഭൂമി മാത്രമാണ് .പക്ഷെ മാവോവാദികളുടെ പ്രതിരോധങ്ങള്‍ക്ക് മുമ്പില്‍ അത് സാധ്യമാകില്ലെന്ന നിലയാണ് നിലവിലുള്ളത് .അപ്പോള്‍ പിന്നെ എന്താണ് ചെയ്യുക ഡന്റേവാഡയിലെ പ്രതിരോധങ്ങളെ ഏറ്റവും പെട്ടെന്ന് തന്നെ അടിച്ചമര്‍ത്തുക . പറയത്തക്ക പ്രകോപനങ്ങള്‍ ഇല്ലാതിരുന്നിട്ടും ഒഴിപ്പിക്കലിന് ഫലപ്രാപ്തി പെട്ടെന്നുണ്ടാകാനായിരിക്കണം ഡന്റേവാഡയില്‍‍ സൈനിക വിന്യാസവും ധ്രുതഗതിയിലാക്കിയത് . 76 ഇന്‍ഡ്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഡന്റേവാഡ കൂട്ടക്കൊലക്ക് ശേഷം ഔദ്യോഗികമായ ദുഖപ്രകടനത്തിന് പോലും നില്‍ക്കാതെയാണ് ഇന്‍ഡ്യയുടെ ആഭ്യന്തര മന്ത്രി മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി വന്നാല്‍ വായു സേനയെ നിയോഗിക്കും എന്ന് പ്രഖ്യാപിച്ചത് പക്ഷെ തന്റെ രാജ്യത്തിലെ ജനങ്ങള്‍ക്കെതിരെ വായുസേനയെ ഉപയോഗിക്കാന്‍ താന്‍ തയ്യാറല്ലെന്ന വായു സേനാ തലവന്റെ ധീരമായ തീരുമാനത്തിന് മുമ്പില്‍ ആ തീരുമാനം ഉപേക്ഷിക്കപ്പെടുകയായിരുന്നു . ഒരു രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ഒരു ആഭ്യന്തര മന്ത്രി ആ രാജ്യത്തെ തന്നെ ജനങ്ങള്‍ക്ക് മേല്‍ ആകാശത്ത് നിന്ന് ബോംബുകള്‍ വര്‍ഷിച്ച് ഉന്മൂലനം ചെയ്യാന്‍ തിടുക്കം കൂട്ടുന്ന വികാരം രാജ്യസ്നേഹത്തിന്റെ ഏത് നിര്‍വചനത്തിലാണ് വരിക ? .

മുദ്രണം ചെയ്യപ്പെടുന്ന പ്രതിഷേധങ്ങള്‍

ഹിമാംശു കുമാര്‍ അറിയപ്പെടുന്ന ഒരു ഗാന്ധിയനാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1992 മുതല്‍ ചത്തിസ് ഗഡിലെ ആദിവാസി മേഖലയായ ഡന്റേവാഡയില്‍ ആദിവാസികള്‍ക്കും ദളിതര്‍ക്കുമായി വനവാസി ചേതനാ ആശ്രമം എന്നൊരു സംഘടന സ്ഥാപിച്ച് കൊണ്ട് ഗാന്ധിയന്‍ പ്രവര്‍ത്തന മാതൃകകളുമായി അവരുടെ ഇടയില്‍ പ്രവര്‍ത്തിച്ച് അവരെ സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരാന്‍ യത്നിച്ചിരുന്നു . പക്ഷെ 2009 മേയ് മാസത്തില്‍ യാതൊരു വിധ മുന്നറിയിപ്പുകളുമില്ലാതെ ചത്തിസ് ഗഡ് പോലീസ് ഈ ആശ്രമം തകര്‍ത്ത് കളഞ്ഞു . 2005 മുതല്‍ സാല്‍ വാ ജുദൂം എന്ന സംസ്ഥാന സര്‍ക്കാര്‍ പരിശീലനം കൊടുക്കുന്ന തീവ്രവാദ പദ്ധതിയെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന് ഹിമാംശു കുമാര്‍ നല്‍കിയ 600 ഓളം പരാതികളാണ് സംസ്ഥാന ഗവണ്മെന്റിനെ പ്രകോപിപ്പിച്ചത് . പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് പോലും ആയുധം കൊടുത്തും അവരെ അക്രമത്തിന് പ്രേരിപ്പിച്ചും മേഖലയില്‍ സംഘര്‍ഷം നില നിറ്ത്തുക , ഇത പര്യന്തമുള്ള മാവോയിസ്റ്റ് ആക്രമണങ്ങളില്‍ മരിച്ചതിലേറെ ജനങ്ങള്‍ സാല്‍ വാ ജുദൂമുമായുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട് . ഡന്റേവാഡയില്‍ നടക്കുന്ന വ്യാജ ഏറ്റ് മുട്ടലുകളെക്കുറിച്ച് പോലീസ് അതിക്രമങ്ങളെക്കുറിച്ച് പുറം ലോകം അറിയരുത് , അത്തരം സാധ്യതകളെ ഒഴിവാക്കി ഏറ്റവും പെട്ടെന്ന് ഡന്റേവാഡയിലെ പ്രതിരോധങ്ങളുടെ ഒച്ചയടപ്പിച്ച് തദ്ദേശീയരെ ഒഴിപ്പിച്ചെടുക്കേണ്ടതുണ്ട് . ലഞ്ചിഗഡിലെ അലുമിനിയം പ്ലാന്റിലേക്കുള്ള ബോക്സൈറ്റിന് മറ്റ് സാധ്യതകളൊന്നും തല്‍ക്കാലം നിലവിലില്ലല്ലൊ . നാളെ ഗാന്ധിയനായ ഹിമാംശു കുമാര്‍ അറസ്റ്റിലായി ജീവപര്യന്തത്തിന് വിധിക്കപ്പെട്ടാലും അല്‍ഭുതമൊന്നുമില്ല ഗാന്ധിജിയും ബാബാ ആംതെയും മരിച്ച് പോയതെത്ര നന്നായി !!!

സ്വാമി അഗ്നിവേശിനെപ്പോലെയുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ ചത്തിസ്ഗഡിലെ ആദിവാസി മേഖലകള്‍ സന്ദര്‍ശിക്കുന്നതിനിടെ സാല്വാ ജുഡൂമിന്റെയും പോലീസിന്റെയും സംയുക്ത ആക്രമണത്തിനിരയായെന്നു സ്വാമി അഗ്നിവേശ് കോടതിയെ സമീപിച്ചിരുന്നു . ആ മേഖലകളില്‍ ഗവണ്മെന്റു അനുവര്‍ത്തിക്കുന്ന തന്ത്രമാണ് പുറത്തു നിന്നു ആരെയും അവിടേക്കു പ്രവേശിപ്പിക്കാതിരിക്കുക , അവിടെയുള്ളവരെ പുറം ലോകത്തിനു പരിചയപ്പെടുത്താതിരിക്കുക അതു ഒറ്റപ്പെട്ട ഒരു ഭീകര ലോകമായി നില നിര്‍ത്തുക .

ആദിവാസികളോടും അടിച്ചമര്‍ത്തപ്പെടുന്നവരോടും അനുഭാവം പ്രകടിപ്പിക്കുന്നവരെ, സമരങ്ങളിലേര്‍പ്പെടുന്നവരെ രാജ്യത്തിനെതിരായാണ് എന്ന ധാരണ പരത്തുന്നു , ആ നിഴലിന്റെ പരിസരത്തില്‍ നിര്‍ത്തിക്കൊണ്ട് ബുദ്ധിജീവികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാവോയിസ്റ്റുകള്‍ എന്ന് മുദ്രണം ചാര്‍ത്തി ഏത് നിമിഷവും രാജ്യദ്രോഹിയാക്കി മാറ്റാനുള്ള ഒരു സംവിധാനത്തെ വളരെ ബുദ്ധിപൂര്‍വ്വം ഒരുക്കിക്കൊണ്ട് ഓരോ പ്രതിഷേധങ്ങളെയും ഇല്ലാതാക്കുന്നു . ചത്തിസ് ഗഡും ഝാര്‍ഖണ്ടും ഒറീസ്സയുമാണ് ഇന്ന് രാജ്യത്തെ ഏറ്റവും സമ്പന്നമായ ഭൂമിയുള്ളതും ഏറ്റവും ദരിദ്രരായ ജനതയുള്ളതും അവിടത്തെ ഭൂമി കൈക്കലാക്കുക എന്നത് മാത്രമാണ് ബഹുരാഷ്ട്ര കുത്തകകളുടെ ഉദ്ദേശം അതിന് വേണ്ടി ചുവപ്പന്‍ ഇടനാഴിയെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ പാലായനം ചെയ്യിക്കുക അതിനെതിരെ ശബ്ദിക്കുന്നവരെ മാവോയിസത്തിന്റെ പേരില്‍ തടവിലാക്കുക .

കോടികളുടെ പ്രകൃതി വിഭവങ്ങള്‍ക്ക് മുകളില്‍ അധിവസിക്കുമ്പോഴും ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടേണ്ടി വരുകയും , പുറമെ നിന്നാരൊക്കെയോ വന്ന് അവരുടെ പ്രകൃതിയെ അപഹരിച്ച് കൊണ്ട് പോകുന്ന കാഴ്ച കണ്ട് നിസ്സഹയാരായി പോകുന്ന ആദിവാസികള്‍ കാത്ത് വെച്ച നിധിക്കൊപ്പം ജീവിതവും ചിലപ്പോള്‍ ജീവനും നഷ്ടപ്പെടുന്ന നാഗത്താന്മാരുടെ കെട്ട് കഥയുടെ വേദനിപ്പിക്കുന്ന പുനരാഖ്യാനമാണ് .

ഗ്രീന്‍ ഹണ്ട് ഓപറേഷനില്‍ കൊല്ലപ്പെടുന്നവരുടെ ഒക്കെ കണക്ക് പുറത്ത് വരുമ്പോള്‍ മാവോവാദികള്‍ കൊല്ലപ്പെട്ട കണക്ക് മാത്രമാണ് വരിക . സാധാരണ ആദിവാസികളില്‍ നിന്നും എങ്ങനെ വേര്‍തിരിച്ചറിഞ്ഞു കൊല്ലാം ? വളരെ നിസ്സാരമാണത് കൊല്ലപ്പെട്ട് കഴിയുമ്പോള്‍ ഏത് സാധാരണ ആദിവാസിയും മാവോ വാദികളാവും അല്ലെന്ന് പറയാന്‍ തെളിവൊന്നുമില്ലല്ലൊ . ഇന്ന് വരെ മാവോവാദിയല്ലാത്ത ഒരു സാധാരണ ആദിവാസി പോലും ഇത്തരം ഓപറേഷനുകളില്‍ കൊല്ലപ്പെടാത്തതും ഇത് കൊണ്ട് തന്നെയാണ് , കൊല്ലപ്പെടുന്നവരെല്ലാം അതിഭീകരന്മാരായ നക്സലുകളായി പരിണമിക്കുന്ന ജനിതക പ്രക്രിയ ഇതിനിടയില്‍ നടക്കുന്നുണ്ട് .

മാവോയിസ്റ്റുകള്‍ ഗാന്ധിയന്‍ സത്യാഗ്രഹമുറ സ്വീകരിക്കുന്ന അഹിംസാ വാദികളല്ല , തീര്‍ച്ചയായും അവരുടേത് സായുധ സമരം തന്നെയാണ് പക്ഷെ അത്തരമൊരു സായുധ സമരത്തിലേക്കു അവരെ നയിക്കുന്നതു നിവൃത്തികേടും നില നില്‍പ്പും അടങ്ങിയ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളാണ് അതിനാല്‍ ഈ നക്സല്‍ പോരാട്ടങ്ങളെ രാഷ്ട്രീയമായാണ് നേരിടേണ്ടത് കാരണം മാവോയിസ്റ്റുകള്‍ എന്ന പേരിലറിയപ്പെടുന്ന ഏതാനും ആയിരങ്ങളല്ലാതെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഈ മേഘലകളില്‍ ജീവിച്ചിരിക്കുന്നുണ്ട് .സൈനിക -സായുധ നീക്കം കൊണ്ട് ഈ മേഖലകളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുനിയുന്നത് നിസ്സഹായരായ ഈ ജനങ്ങളുടെ ദുര്‍വിധിക്കിടയിലേക്ക് ലക്ഷം കോടി രൂപ പ്രതിരോധ ബഡ്ജറ്റില്‍ കണക്ക് കൊള്ളിച്ച് കൊല്ലാക്കൊല ചെയ്യുന്നതിനു തുല്യമാണ് . എന്തായാലും സുപ്രീം കോടതി വിധിയിലൂടെ അവിടെയുള്ള കുഞ്ഞുങ്ങളുടെ കയ്യില്‍ ആയുധം കൊടുക്കുന്ന ഏര്‍പ്പാടിനു പകരം പുസ്തകവും പേനയും കൊടുക്കാന്‍ ഉള്ള സന്മനസ്സ് ഭരണ കൂടങ്ങള്‍ക്കു തോന്നട്ടെ .