Like

...........

Thursday 18 July 2013

വംശഹത്യയുടെ നീതീകരണങ്ങള്‍ .


ഞാന്‍ നിങ്ങളെ കഥാപാത്രമാക്കി തികച്ചും സാങ്കല്പികമായ കഥ പറയാന്‍ പോവുകയാണ് ,

ഒരു ദിവസം നിങ്ങളും കുടുംബവും കൂടി നിങ്ങളുടെ തെരുവിലൂടെ നടന്നു വരുകയാണ് ,പെട്ടെന്നു ആയുധങ്ങളും ആക്രോശങ്ങളും ആര്‍പ്പു വിളികളുമായി ചെമ്പന്‍ മുടിക്കാരായ ഒരു പറ്റം അജ്ഞാതര്‍ നിങ്ങളെ വളയുന്നു  -എന്നിട്ടു നിങ്ങളോട് ആക്രോശിക്കുന്നു .

“നിങ്ങള്‍ കറുത്ത മുടിയുള്ളവരാണ് , നിങ്ങളെ പോലെ കറുത്ത മുടിയുള്ള ഒരാള്‍ ഞങ്ങളെ പോലെ ചെമ്പന്‍ മുടിയുള്ള ഒരാളെ കൊലപ്പെടുത്തിയതായി ഞങ്ങള്‍ കേട്ടു , അതു കൊണ്ട് നിന്റെ അമ്മയെയും പെങ്ങളെയും ഞങ്ങള്‍ ബലാത്സംഗം ചെയ്യും ,നിന്റെ കുഞ്ഞുങ്ങളെ ശൂലത്തില്‍ കോര്‍ത്തെടുക്കും , നിന്റെ മാതാപിതാക്കളെ പച്ചക്കു പെട്രോളോഴിച്ചു കത്തിക്കും . അതു ഞങ്ങളുടെ പ്രതിപ്രവര്‍ത്തനമാണ് ,ഞങ്ങളുടെ പ്രതികാരമാണ് “

നിങ്ങള്‍ അവിശ്വസനീയതയോടെ ,വിലാപത്തോടെ അവരോടു പറയാന്‍ ശ്രമിക്കുന്നു .

“നോക്കൂ നിങ്ങള്‍ പറഞ്ഞ കൊല്ലപ്പെട്ടയാളെയോ കൊലയാളിയെയോ ഞങ്ങള്‍ക്കൊരു പരിചയവുമില്ല ..............നിങ്ങള്‍ അതു പറഞ്ഞു മുഴുവനാക്കുന്നതിനു മുമ്പ് മൂന്നു മുനയുള്ള ഒരു ശൂലം നിങ്ങളുടെ അപേക്ഷയെ ഒരാര്‍ത്തനാദത്തിലേക്കു നയിക്കുന്നു . - ശുഭം .


 ഒരു ഉത്തരാധുനിക കഥ  പോലെ വിചിത്രവും അവിശ്വസനീയവുമായി തോന്നുന്നു അല്ലെ ? ആ അവിശ്വസനീയതയ്ക്കു കാരണം നമ്മളെ ആ സംഭവം ബാധിച്ചിട്ടില്ലാ ,അല്ലെങ്കില്‍ നമ്മളങ്ങനെയൊരവസ്ഥയില്‍ ബാധിക്കപ്പെടില്ല എന്ന വിശ്വാസം കൊണ്ടാണ് . പക്ഷെ നമുക്കു മുമ്പില്‍ യഥാര്‍ത്ഥത്തില്‍ തന്നെ  അങ്ങനെ സംഭവിക്കുമ്പോഴും നിസ്സംഗരായി പ്രതിപ്രവര്‍ത്തനവാദത്തെയും പ്രതികാരമെന്ന ലളിത യുക്തിയെയുമാണ് ആശ്രയിക്കുന്നത് നമുക്കോ ,നമ്മുടെ വേണ്ടപ്പെട്ടവര്‍ക്കോ അല്ലല്ലോ അതു സംഭവിച്ചതെന്ന ആശ്വാസം കൊണ്ടാണ് .
കലാപവും വംശഹത്യയും .

ഗുജറാത്ത് കലാപം [സത്യത്തില്‍ അതിനൊരു കലാപത്തെക്കാളും വംശഹത്യയോടാണ് കൂടുതല്‍ സാമ്യം] ആരംഭിക്കുന്നത് 2002  ഫെബ്രുവരി മാസം അയോധ്യയിലേക്കു പോയ കര്‍സേവകരടങ്ങിയ ഒരു ട്രെയിനിന്റെ കുറച്ചു ബോഗികള്‍ ഗോധ്ര സ്റ്റേഷനില്‍ [ഗോധ്ര വര്‍ഗ്ഗീയ വൈരത്തിനു കുപ്രസിദ്ധമാണ് ] വെച്ചു  അഗ്നിക്കിരയാകുന്നതോടെയാണ് , ആ അപകടത്തില്‍ 58 കര്‍സേവകരാണ് കൊല്ലപ്പെട്ടത് . ഇതു ദുഖകരമായ ഒരു സംഭവമാണ്   - വാര്‍ത്തകളും റിപ്പോര്‍ട്ടുകളും അനുസരിച്ചു ഈ ട്രയിന്‍ അപകടം ആസൂത്രിതമായ ഒരു ആക്രമണമായിരുന്നു ,മുസ്ലീം മതഭ്രാന്തന്മാരായ ഒരു സംഘം ആളുകള്‍ ട്രയിന് തീ വെക്കുകയായിരുന്നു എന്നാണ് പ്രാഥമിക പത്ര വാര്‍ത്തകള്‍ പറഞ്ഞത് . പക്ഷെ വാര്‍ത്തയില്‍ തന്നെ ഒരു പാട് വൈരുദ്ധ്യങ്ങളുണ്ടായിരുന്നു . സ്റ്റേഷനിലെ മുസ്ലീം കച്ചവടക്കാര്‍ കര്‍ സേവകരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഈ ആക്രമണമുണ്ടായതെന്നാണ് വാര്‍ത്തയില്‍  -പക്ഷെ  ഒരു ട്രയിന്‍ കത്തിച്ചു അതിലെ യാത്രക്കാരെ ചുട്ടു കൊല്ലാന്‍  മാത്രമൊരു പ്രകോപനമോ ആസൂത്രണമോ പ്ലാറ്റ് ഫോം കച്ചവടക്കാരുമായുണ്ടായ തര്‍ക്കത്തില്‍ നിന്നു  ഉടലെടുക്കുമെന്നത് അവിശ്വസനീയമാണ്  , മറ്റൊരു വാദം ഇതൊരു ആസൂത്രിതമായ ആക്രമണമായിരുന്നു എന്നതാണ് ,അതിനും കൃത്യമായ തെളിവുകളില്ല.

ഗൂഡാലോചന സിദ്ധാന്തക്കാരുടെ [Conspiracy theorist ] ഇസ്ലാമോഫോബിയ വളര്‍ത്താന്‍  സാമ്രാജ്യത്വ - സംഘ ഗൂഡാലോചനയാണ്  ഗോധ്ര ട്രയിന്‍ അപകടം  [ഇസ്ലാമിക കോണ്‍സ്പിരസി തിയറിസ്റ്റുകള്‍ 9/11 അപകടം തൊട്ട് ഇന്നേ വരെ ഉണ്ടായിട്ടുള്ള ഇസ്ലാമിക തീവ്രവാദ പ്രവര്‍ത്തനങ്ങളെല്ലാം ഇസ്രയേല്‍ ചാര സംഘടനയായ മൊസാദ് ആണെന്നു തെളിയിച്ചു കളയും ] എന്ന വാദത്തെ നിരാകരിച്ചാല്‍ പോലും ജസ്റ്റിസ് ബാനര്‍ജി കമ്മീഷനും ഡല്‍ഹിയിലെ ഒരു സര്‍ക്കാരിതര സംഘടനയും നടത്തിയ അന്വേഷണത്തില്‍ ഇതൊരു അപകടമാവാനുള്ള സാധ്യതയെ കുറിച്ചു പറയുന്നുണ്ട് , സ്റ്റൊവും മറ്റ് പാചക സാമഗ്രികളുമായി ഒരു കൂട്ടം ആള്‍ക്കാര്‍ യാത്ര ചെയ്യുമ്പോള്‍ അങ്ങനെ ഒരു അപകടമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല .പക്ഷെ പിന്നീട് നടന്ന സംഭവങ്ങള്‍ക്കു തെളിവുകളോ യാഥാര്‍ത്ഥ്യമോ ആവശ്യമായിരുന്നില്ല - ഇത്തരമൊരു സംഭവം പ്രതീക്ഷിച്ചിട്ടെന്ന പോലെ ഗുജറാത്തിന്റെ പല ഭാഗത്തും ഒരേ സമയത്തു ആസൂത്രിതമായ രീതിയില്‍ ഹിന്ദുത്വ വാദികളുടെ ആക്രമണമായിരുന്നു .

ഗോധ്ര പോലെ വര്‍ഗ്ഗീയ കലാപങ്ങള്‍ക്കു കുപ്രസിദ്ധമായ ഒരു സ്ഥലത്തു വെച്ചു ഇത്തരമൊരു ആക്രമണം ഉണ്ടാവില്ലെന്നാണോ കരുതുന്നത് ?? തീര്‍ച്ചയായും സാധ്യതയുണ്ട് .പാന്‍  ഇസ്ലാമിക തീവ്രവാദവും പാക്കിസ്ഥാന്റെ കുത്തിത്തിരുപ്പുകളും  അതിന്റെ അപകടകരമായ രീതിയില്‍ ഇന്‍ഡ്യയില്‍ പല ഭാഗത്തും പ്രചരിക്കുന്നുണ്ട്  , [അങ്ങനെയുള്ള വര്‍ഗ്ഗീയവാദികളൊന്നും ഇസ്ലാമല്ല ,അവര്‍ ഇസ്ലാമിനു കളങ്കമാണ് , - പ്ലീസ് ഇത്തരം കോമഡികള്‍ പിന്നീടൊരവസരത്തിലാകാം ]  പക്ഷെ ഈ സാധ്യതകള്‍ തെളിവുകളായി തീരുന്നില്ല ,അതൊരു ഊഹാപോഹം മാത്രമാണ് ,അല്ലെങ്കില്‍ ഒരു കാരണം . ഗുജറാത്ത് വംശ ഹത്യ മുന്‍ കൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതു തന്നെയാണ് ,അത്  ഒരു  സംഭവത്തിന്റെ പ്രത്യാഘാതമോ അനുരണനമോ ആക്കിത്തീര്‍ക്കുകയായിരുന്നു .


ഗോധ്ര മക് ഗഫിന്‍ .


 അമേരിക്കന്‍ അധിനിവേശ രാഷ്ട്രീയത്തെ കുറിച്ച്  എഴുതിയ   ‘Iraq : The Borrowed kettle " എന്ന കൃതിയില്‍  ആല്‍ഫ്രണ്ട് ഹിച്ച് കോക്കിന്റെ ഉദാഹരണ സഹിതം സ്ലാവോസ് സിസെക്  ‘മക് ഗഫിന്‍’ എന്താണെന്നു വിവരിക്കുന്നുണ്ട് .

രണ്ട് അപരിചിതര്‍ ട്രയിനില്‍ വെച്ചു പരിചയപ്പെടുന്നു ,ഒരാളുടെ കയ്യിലുള്ള അസാധാരണമായ ഒരു പൊതിക്കെട്ടു കണ്ടു മറ്റേയാള്‍ ചോദിക്കുന്നു “ അങ്ങയുടെ കയ്യിലുള്ള അസാധാരണമായ പൊതിക്കെട്ടിലെന്താണ്  ”   “ഇതൊരു മക് ഗഫിനാണ് “ മറ്റേയാള്‍ പ്രതിവചിച്ചു ,ആദ്യത്തെയാള്‍ വീണ്ടും ചോദിക്കുന്നു “മക് ഗഫിന്‍ എന്നാലെന്താണ് ”   രണ്ടാമന്‍ ആ‍ദ്യത്തെയാളുടെ സംശയത്തിനുത്തരമായി ഇങ്ങനെ പറഞ്ഞു   “ സ്കോട്ടിഷ് മേടുകളില്‍  സിംഹങ്ങളെ കൊല്ലാനുപയോഗിക്കുന്ന ഒരുപകരണമാണ് “  സ്വാഭാവികമായും ആദ്യത്തെയാള്‍ പറയുന്നു “പക്ഷെ സ്കോട്ടിഷ് മേടുകളില്‍ സിംഹങ്ങളില്ലല്ലോ  ”    “ ഓഹോ എങ്കിലിതൊരു മക് ഗഫിന്‍ ആയിരിക്കില്ല അല്ലെ ”  എന്നായി രണ്ടാമന്റെ പ്രതികരണം.മക് ഗഫിന്‍ എന്നാല്‍ താരതമ്യേന അപ്രധാനമായ ഒരു കഥാതന്തുവാണ് ,പ്രധാന കഥയിലേക്കു നയിക്കുക എന്നത് മാത്രമാണ് അതിന്റെ ധര്‍മ്മം ,അതിനു ശേഷം അത് അപ്രസക്തവും പിന്നീട് മറവിയിലേക്കു നിഷ്ക്രമിക്കുകയും ചെയ്യുന്നു . ഇതേ ആശയം തന്നെയാണ് നമ്മള്‍ ഗോധ്ര   ട്രയിന്‍  സംഭവത്തിലും കാണുന്നത് .ഗോധ്ര ട്രയിന്‍ ദുരന്തം ഗുജറാത്ത് വംശ ഹത്യക്കു തികച്ചും അപ്രധാനമായ ഒരു കാരണം മാത്രമായിരുന്നു ,അത്തരമൊരു കലാപത്തിനോ വംശ ഹത്യക്കോ അതിനു വളരെ മുമ്പ് തന്നെ കൃത്യമായ ആസൂത്രണങ്ങളും തയ്യാറെടുപ്പുകളും തീര്‍ച്ചയായും ഉണ്ടായിരുന്നിരിക്കണം .


ഗോധ്ര ട്രയിന്‍ അപകടം യഥാര്‍ത്ഥത്തില്‍ ആസൂത്രിതമായ ആക്രമണമാണോ അതോ അപകടമാണോ ? ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട സ്ത്രീകളും കുട്ടികളും അടങ്ങിയ ആയിരക്കണക്കിനു  മുസ്ലീങ്ങള്‍ക്കു ഗോധ്ര ട്രയിന്‍ അപകടവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടായിരുന്നോ ? ട്രയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ട ആളുകളുടെ ആരെങ്കിലുമാണോ പ്രതികാരത്തിനായി ഇറങ്ങിത്തിരിച്ചത് ?സംസ്ഥാന വ്യാപകമായി മുസ്ലീം വീടുകളും കച്ചവട സ്ഥാപനങ്ങളും തിരഞ്ഞു പിടിച്ചു അക്രമം നടത്താന്‍ തക്ക തയ്യാറെടുപ്പുകളും സാധന സാമഗ്രികളും 

സംഭവം നടന്നു രണ്ടു ദിവസത്തിനുള്ളില്‍ തന്നെ കഴിഞ്ഞെങ്കില്‍ അതിനു പിന്നില്‍ സര്‍ക്കാറിന്റെയും സര്‍ക്കാര്‍ മെഷിനറിയുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടായിരിക്കണം .

“കല്ലുവിന്റെ മതിലു് വീണ് പരാതിക്കാരന്റെ ആട് ചത്തതിന് ആദ്യം മതിലിനെയും പിന്നെ കല്ലുവിനെയും അതിനുശേഷം മതിലു പണിത ആശാരിയെയും കുമ്മായം കൂട്ടിയ കുമ്മായക്കാരനെയും അയാള്‍ക്ക് കൂടുതല്‍ വെള്ളമൊഴിച്ചു കൊടുത്ത ഭിശ്തിയെയും, ഭിശ്തിയ്ക്ക് വലിയ മസ്ക് ഉണ്ടാക്കിക്കൊടുത്ത കസായിയെയും കസായിക്ക് വലിയ ആടിനെ വിറ്റ ആട്ടിടയെനെയും ഒടുവില്‍ വില്‍ക്കുന്ന സമയത്ത് ഇടയന്റെ ശ്രദ്ധ തെറ്റിച്ച കോത്‌വാലിനെയും തൂക്കിക്കൊല്ലാന്‍ വിധിച്ച ചൌപട് രാജാവ്. അവസാനം, തൂക്കുകയറിന്റെ കുടുക്ക് കോത്‌വാലിന്റെ കഴുത്തില്‍ കടക്കുന്നില്ലെന്നതിനാല്‍ കഴുവിലേറ്റാന്‍ കൊണ്ടു പോകപ്പെടുന്ന കുടുക്കിന് ഇണങ്ങിയ കഴുത്തുള്ള വഴിപോക്കന്‍ ഗോവര്‍ദ്ധന്‍”  - ഗോവര്‍ദ്ധന്റെ യാത്രകള്‍ യഥാര്‍ത്ഥത്തില്‍ കഴുത്തിനു പാകമായ കുരുക്കു ആദ്യമേ തയ്യാറാക്കി വെച്ചിരുന്നു , പിന്നീടാണ് തൂക്കിലേറ്റപ്പെടേണ്ട കുറ്റമുണ്ടാകുന്നത് ,കുറ്റകൃത്യത്തിന്റെ ഉത്തരവാദിയാര് എന്നത്  അവിടെ പ്രസക്തമല്ല ,തയ്യാറാക്കി വെച്ച കുരുക്കിനു പാകമായ കഴുത്തുകള്‍ക്കു ആ കുടുക്കു അണിയിക്കുക എന്നതു മാത്രമായിരുന്നു ഗുജറാത്ത് കലാപം .അതു വെറുമൊരു കലാപമായിരുന്നില്ല ഹിന്ദു മൌലികവാദത്തിന്റെ ഏറ്റവും ആസൂത്രിതമായ ഒരു വംശ ഹത്യ തന്നെയായിരുന്നു .
Reference : ബാനര്‍ജി കമ്മീഷന്‍ റിപ്പോര്‍ട്ട് ,
                 ഇറാക്ക് : കടം കൊണ്ട കെറ്റില്‍ - സ്ലാവോസ് സിസെക്