Like

...........

Sunday 12 January 2014

കാട് വന്നു വിളിക്കുമ്പോള്‍
വല്ലാതെ ഉലച്ചു കളയുന്ന വായനാനുഭവങ്ങളുണ്ട് ,കാഴ്ചകളുണ്ട് ,അങ്ങനെയൊരു കാഴ്ചയാണ്  
  In to the Wild എന്ന സിനിമ . ഒരു സിനിമാനുഭവത്തിന്റെ പൂര്‍ണ്ണത നില നിര്‍ത്തിക്കൊണ്ട് തന്നെ ഒരു അപൂര്‍വ്വമായ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ച തന്നെ അതില്‍ വായിച്ചെടുക്കാം . Jon Krakauer എന്ന എഴുത്തുകാരന്‍  ക്രിസ്റ്റഫര്‍  മക്ക്ന്റില്‍ സ് എന്ന യുവാവിന്റെ ജീവിത യാത്രയെ ആസ്പദമാക്കി രചിച്ച കൃതിയുടെ അതെ പേരിലുള്ള ചലച്ചിത്രാവിഷ്കാരമാണ് In to the Wild പ്രശസ്ത നടനായ ഷോണ്‍ പെന്‍  ആണ് സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത് . ഒരു ആസ്വാദനം എഴുതണമെന്നു പലയാവൃത്തി കരുതിയെങ്കിലും സിനിമയുടെ സാങ്കേതികത നോക്കിയുള്ള ഒരു ആസ്വാദന രീതി വശമില്ലാത്തതിനാല്‍ ആ സാഹസത്തില്‍ നിന്നു സ്വയം പിന്മാറുകയായിരുന്നു . 

     ജീവിതത്തിന്റെ നിരര്‍ത്ഥകതയോ ഭൌതികതയോടുള്ള വിരക്തിയോ ആണ് പലപ്പോഴും ഒരു പലായനം എന്ന നിലയിലുള്ള യാത്രയിലേക്കു നയിക്കുന്നത് .സമയമളന്ന് ജീവിക്കുന്നവരാണു നാമെല്ലാം. അപകടകരമായ യാതൊന്നും ചെയ്യാതെ അനുഭവങ്ങളുടെ മൂര്‍ച്ചകളില്‍ നിന്നും തെന്നി മാറി നെറുകയില്‍ മുറിപ്പാടുകള്‍ വീഴ്ത്താനിഷ്ടമില്ലാതെ ഒരനുഷ്ടാനം പോലെ ജീവിതത്തെ മെരുക്കിയെടുക്കുന്നവര്‍ . സമയം ഗണിച്ച് ഉണര്‍ന്ന് ഒരുങ്ങി യാത്ര ചെയ്ത് കൃത്യസമയത്ത് ഇരിപ്പിടങ്ങളിലമര്‍ന്ന് സായാഹ്നസൌഹൃദങ്ങള്‍ക്കായി മൊബൈലിലും കീബോര്‍ഡിലും പരതി വര്‍ത്തമാനങ്ങളീല്‍ സ്വയം നഷ്ടപ്പെട്ട് ജീവിക്കുന്നവര്‍ .ഒരു ദിവസമെങ്കിലും അസ്വസ്ഥമായ ഒരു മടുപ്പോടെ ഇതില്‍ നിന്നെല്ലാം ഒന്നു രക്ഷപ്പെടാന്‍ തോന്നാത്തവരുണ്ടാകില്ല ,ഒരിക്കലെങ്കിലും അതു തോന്നിയിരിക്കണം . 

              പലായനങ്ങള്‍ക്കു ഓരോ ഇടങ്ങളിലും ഓരോ നിര്‍വ്വചനങ്ങളുണ്ട് ,ഓരോ വ്യക്തിക്കും അവരവര്‍ക്കു മാത്രമറിയുന്ന കാരണങ്ങളുമുണ്ട് .പൌരസ്ഥ്യര്‍ക്കു  ചിലപ്പോള്‍ തീര്‍ത്ഥാടനമാണ് ,മറ്റ് ചിലപ്പോള്‍ പുറപ്പെട്ടൂ പോകല്‍ പാശ്ചാത്യരില്‍ ഹിപ്പിയായവരും  പ്രണയനൈരാശ്യം ,ആത്മീയത ,നിരാസം ,മടുപ്പ് ,പാപബോധം ,സ്വാതന്ത്ര്യ വാഞ്ച അങ്ങനെ കാരണങ്ങള്‍ .
                     എല്ലാ ബന്ധനങ്ങളുമുപേക്ഷിച്ചു ,സ്വസ്ഥവും ശൂന്യവുമായ ഒരു മനസ്സോടെ ജീവിക്കണമെന്നു ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല - പക്ഷെ അങ്ങനെ ഒരു പലായനത്തിനപ്പുറം ,അതു മൂലം  നഷ്ടപ്പെട്ടേക്കാവുന്ന പ്രായോഗിക ലാഭങ്ങളുടെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ,അറ്റ് പോയേക്കാവുന്ന ബന്ധങ്ങളുടെ വൈകാരികതയെ കുറിച്ചോര്‍ക്കുമ്പോള്‍ അത്തരം ചിന്തകള്‍ നൈമിഷികങ്ങളായ ഒരു ഭ്രാന്ത് മാത്രമാണെന്നു തിരിച്ചറിയുന്നിടത്തു ആ ചിന്ത ഉപേക്ഷിക്കപ്പെടുന്നു  - ചിലര്‍ ആ ഭ്രാന്തിനെ പിന്തുടരുന്നു , പ്രലോഭനങ്ങളെയെല്ലാം നിസ്സാരമായി അതിജീവിച്ചു ,ബന്ധങ്ങളെ നിസ്സംഗമായി  ഉപേക്ഷിച്ചു കൊണ്ട് യാത്ര തിരിക്കുന്നു ,അല്ലെങ്കില്‍ പുറപ്പെട്ടു പോകുന്നു .
       
  In to the Wild അത്തരമൊരു യാത്രയാണ് , ഒരു പലായനമാണ്  ,സ്വാതന്ത്ര്യ പ്രഖ്യാപനമാണ്  - Christopher McCandless  എന്ന ചെറുപ്പക്കാരന്‍ തന്റെ മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ എല്ലാ സുഖലോലുപതയും ഉപേക്ഷിച്ചു ഒരു യാത്ര തിരിക്കുകയാണ് ,തന്റേതായ എല്ലാ സത്വവും ഇല്ലാതാക്കിക്കൊണ്ട് ,തിരിച്ചറിയല്‍ കാര്‍ഡുകളും ബിരുദ സര്‍ട്ടിഫിക്കറ്റുകളും അതു വരെയുള്ള സമ്പാദ്യങ്ങളും എല്ലാം ഉപേക്ഷിച്ചു കൊണ്ടൊരു യാത്ര , വന്യമായ ഒരു യാത്ര ,ആ യാത്രയുടെ കാരണവും ലക്ഷ്യവും അത്രക്കൊന്നും വിശദീകരിക്കപ്പെടുന്നില്ലെങ്കിലും ആത്യന്തികമായ ലക്ഷ്യം കാട്ടിലൂടെ അലാസ്കയിലെത്തുക എന്നതാണ് ,അതത്രയൊന്നും യാഥാര്‍ത്ഥ്യമല്ലെങ്കില്‍ കൂടിയും ആ ഒരു ലക്ഷ്യമേ സിനിമയില്‍ വെളിവാക്കപ്പെടൂന്നുള്ളൂ   .    ആധുനിക ലോകത്തിന്റെ യാഥാസ്ഥിതികമായ ജീവിത രീതികളെ നിരാകരിച്ചു കൊണ്ട് പ്രകൃതിയുമായി ലയിച്ചു ജീവിക്കാനാണ്  ക്രിസ്റ്റഫര്‍ ആ യാത്ര തിരിക്കുന്നത് ,കുറച്ചു അത്യാവശ്യ വസ്തുക്കളും ഏതാനും പുസ്തകങ്ങളും മാത്രമായിരുന്നു യാത്രയുടെ മൂലധനം .
                     സിനിമയുടെ കാഴ്ചകള്‍ക്കിടയിലെവിടെയോ ഒരു “ദേജാവു “ അനുഭവപ്പെട്ടത് ആത്മാന്വേഷണങ്ങള്‍ ഒരു സാര്‍വത്രിക പ്രതിഭാസമായതിനാലോ  അതോ മുമ്പെവിടെയോ ഇതു പോലെയെന്തോ  വായിച്ചറിഞ്ഞതു കൊണ്ടോ എന്നു നല്ല തിട്ടമില്ല .ബുദ്ധനും ക്രിസ്തുവും ശങ്കരനുമെല്ലാം ഇത്തരം ആത്മാന്വേഷണങ്ങളുടെ ഉപോല്പന്നങ്ങളാണല്ലോ . സാഹിത്യത്തിലും ഇത് ഒരു പാട് പരീക്ഷിക്കപ്പെട്ടിട്ടുണ്ട്  പ്രതീകാത്മകമാകമായോ , ഫാന്റസിയായോ ഒക്കെ  . ക്രിസ്റ്റഫറിനെ എനിക്കു ഓര്‍ക്കാന്‍ സാധിക്കുന്നത് ഖസാക്കിലെ രവിയായിട്ടാണ് .ഒരു പക്ഷെ  ഖസ്സാക്കിനോടുള്ള അമിത പ്രണയം കൊണ്ടു കൂടിയാകാം  പക്ഷെ    In to the Wild ഉം ഖസ്സാക്കിന്റെ ഇതിഹാസവും  ഒരു പാട് സാമ്യതകളുള്ള പ്രമേയമാണ്   .      നായക കഥാപാത്രത്തിന്റെ യാത്ര - ഭൌതിക ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യമോ അല്ലെങ്കില്‍ കുടുംബത്തിലെ അസ്വാരസ്യങ്ങളോ പാപബോധമോ കാരണമായി അലക്ഷ്യമായ ഒരിടത്തേക്കു ,ബാധ്യതകളില്ലാത്ത ഒരു യാത്രയിലേക്കു നയിക്കുന്ന  യാത്ര . അതിനിടക്ക്  വഴിയോരത്തും ഇടത്താവളങ്ങളിലും കണ്ടെത്തുന്ന ചില കഥാപാത്രങ്ങളിലൂടെ ജീവിതത്തെ കുറിച്ച് പറയുന്നു ,ജീവിതത്തെ കുറിച്ചു ചില ബോധ്യങ്ങളുണ്ടാകുന്നു ജീവിതത്തിലേക്കൊരു തിരിച്ചു പോക്കിനു സമയമാകുമ്പോള്‍ അനിവാര്യമായ അന്ത്യം . 

ബന്ധങ്ങളില്‍ നിന്നും കെട്ടുപാടുകളില്‍ നിന്നും മോചിതനായാണ് ക്രിസ്റ്റഫര്‍ യാത്ര തിരിക്കുന്നത് ,ആരോടും പറയാതെ ,ഒന്നിനോടുമൊരു കടപ്പാട് ശേഷിപ്പിക്കാതെ .പക്ഷെ അയാളുടെ യാത്രയിലുടനീളം ആളുകളുമായി ഇടപഴകേണ്ടി വരുന്നു ,ഇടപഴകുന്ന ആളുകളിലൂടെ ജീവിതത്തെ അറിയുന്നു ,വഴിപോക്കരുടെ ജീവിതത്തിലെ സന്തോഷവും ദുഖവും ആകുലതകളും സ്നേഹവും പങ്കു വെക്കപ്പെടൂന്നു .പ്രണയവും സൌഹൃദവും അനുഭവിക്കുന്നു .
ആത്മനിന്ദയാണോ ,കൌതുകമാണൊ എന്നു വേര്‍തിരിച്ചറിയാനാവാത്ത ഒരു യാത്രയില്‍ പിതൃസമാനമായ ഒരു സാന്ത്വനം രവിയും ക്രിസ്റ്റഫറും അനുഭവിക്കുന്നുണ്ട് .ഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയത്തിലെ  ഇന്‍സ്പെക്ഷന് വന്ന 
മാഷ് രവിയില്‍ പിതൃസമാനമായ സ്നേഹം ,അലിവ് എല്ലാം സൃഷ്ടിക്കുന്നു , വിജനമായ മലയടിവാരത്തില്‍ ഒറ്റക്കു താമസിക്കുന്ന വൃദ്ധനായ റോണ്‍  ക്രിസ്റ്റഫറിനെ തന്റെ ചെറുമകനായിട്ടാണ് കാണുന്നത് . നഷ്ടപ്പെട്ടതോ നഷ്ടപ്പെടുത്തിയതോ ആയ സ്നേഹത്തിന്റെ ,കരുതലിന്റെ ഒക്കെ പുനരാവിഷ്കാരമായി ,തിരിച്ചറിവായി ഈ ബന്ധങ്ങള്‍ രവിയുടെയും ക്രിസ്റ്റഫറിന്റെയും ജീവിതത്തില്‍ കടന്നു വരുന്നു  ഒരു തിരിച്ചു പോക്കിലേക്കു മനസ്സു രൂപപ്പെട്ടു വരുമ്പോഴാണ് അപ്രതീക്ഷിതമായി മരണം കടന്നു വരുന്നത് . യാത്രയുടെ നിഷ്ഫലതയില്‍ ,നിസ്സഹായരായി പ്രകൃതിയുടെ സാ‍മാന്യ വിധിക്കു കീഴടങ്ങേണ്ടി വരുന്നു .


"രവി ചാഞ്ഞു കിടന്നു ,അയാള്‍ ചിരിച്ചു അനാദിയായ മഴ വെള്ളത്തിന്റെ സ്പര്‍ശം .ചുറ്റും പുല്‍ക്കൊടികള്‍ മുള പൊട്ടി. രോമ കൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു ,മുകളില്‍ വെളുത്ത കാല വര്‍ഷം പെരുവിരലോളം ചുരുങ്ങി  ,ബസ്സു വരാനായി രവി കാത്തു കിടന്നു "   ഒരെ സമയം