ആറുമലയാളിക്കു നൂറുമലയാളം
അരമലയാളിക്കുമൊരു മലയാളം
ഒരുമലയാളിക്കും മലയാളമില്ല"
അരമലയാളിക്കുമൊരു മലയാളം
ഒരുമലയാളിക്കും മലയാളമില്ല"
കുഞ്ഞുണ്ണി മാഷ്
സംസ്കാരവും ഭാഷയും നിയന്ത്രിതമായ അതിര്‍ത്തിവരകള്‍ക്കുള്ളില്‍ ബന്ധിച്ചിടുകയും അന്യന്റേതിനെ ശത്രുവാക്കുന്ന നയം സ്വീകരിക്കുകയും ചെയ്യുന്ന സങ്കുചിതത്വമാണ് എല്ലാ കലഹങ്ങളുടെയും മൂലകാരണം . ഏതൊരു വിശ്വാസമാകട്ടെ സംസ്കാരമാകട്ടെ അതെത്ര തന്നെ ശ്രേഷ്ഠമായിരുന്നാലും അതു നിര്‍ബന്ധിതമാക്കുകയെന്ന നടപടിയിലൂടെ സ്വയം സങ്കുചിതമാവുക എന്ന പ്രക്രിയയ്ക്കാണ് നാന്ദി കുറിക്കുന്നത് . ഏതു നാട്ടില്‍ ചെന്നാലും അവിടത്തുകാരനാകുന്ന , ആ ഭാഷ സ്വായത്തമാക്കുന്ന , അവരുടെ സംസ്കാരം അനുകരിക്കുന്ന ഒരു ജീന്‍ മലയാളിയിലുണ്ട് അതു അതിജീവനത്തിന്റെ തത്വശാസ്ത്രമാണ് .
കഴിഞ്ഞ കുറെ ദിവസങ്ങളായി വമ്പിച്ച പ്രചരണ പരിപാടികളും സമരാഹ്വാനങ്ങളുമൊക്കെയായി സാംസ്കാരിക കേരളത്തില്‍ മലയാളം മുമ്പെങ്ങുമില്ലാത്ത വിധം വലിയ വിഷയമായിതീര്‍ന്നിരുന്നു . മലയാളം ഒന്നാം ഭാഷയായി സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കാനുള്ള ഒരു പദ്ധതിയെ തല്പര കക്ഷികള്‍ തുരങ്കം വെച്ചെന്നായിരുന്നു പ്രചരണം .എങ്ങും മലയാള ഭാഷാ പ്രേമികളുടെ ആഹ്വാനങ്ങള്‍ അരങ്ങു തകര്‍ത്തു , ഭാഷാപ്രേമം മൂത്ത് ആരെങ്കിലും ആത്മഹത്യ ചെയ്തെക്കുമെന്നു പോലും തോന്നിപ്പോയി , ഇപ്പോള്‍ മലയാളികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ സാംസ്കാരിക പ്രശ്നമാണ് മലയാള ഭാഷ നിര്‍ബന്ധമാക്കാത്തത് , നിര്‍ബന്ധമാക്കിയാലുടന്‍ തന്നെ ഭാഷ അതി ശക്തമായി തിരിച്ചു വരും !!! .
എങ്ങും വലിയ വൈകാരിക പ്രകടനങ്ങളായിരുന്നു . മലയാളം അമ്മയാണ് , അമ്മൂമ്മയാണ് എന്നു വേണ്ടാ ഇനി പറയാന്‍ ബാക്കിയൊന്നുമില്ല . മലയാളത്തെ പ്രാണനെക്കാള്‍ സ്നേഹിക്കുന്ന സാംസ്കാരിക നായകരുടെയും സാഹിത്യകാരന്മാരുടെയുമൊക്കെ നിരാഹാര ഭീഷണികളും പ്രക്ഷോഭാഹ്വാനങ്ങളും , അത് മനസ്സാവരിച്ചു കൊണ്ടു മലയാള ഭാഷാപ്രേമികള്‍ ഒന്നടങ്കമേറ്റെടുത്തതു കൊണ്ടു മലയാളം ഇപ്പോള്‍ ഒന്നാം ഭാഷയാണ് . ആനന്ദലബ്ദിക്കിനിയെന്തു വേണം ?
ഓ എന്‍ വി കുറുപ്പിന് നിരാഹാരം കിടക്കേണ്ടി വന്നില്ല , സുഗതകുമാരിയ്ക്കു മൃതപ്രായയായ അമ്മമലയാളത്തെക്കുറിച്ചു കവിതയെഴുതേണ്ടിയും വന്നില്ല അതിനു മുമ്പെ അബ്ദുറബ്ബ് തീരുമാനം മാറ്റി അല്ലെങ്കില്‍ തന്നെ മാപ്പള വിദ്യാഭ്യാസ മന്ത്രിമാരെ കേരളത്തിനത്ര പഥ്യമല്ല ആ ഒരു മോശപ്പേര് ഇനി കൂട്ടേണ്ടെന്ന് കരുതിയിട്ടാവും . പൂര്‍വ്വസൂരികളുടെ പുണ്യം അല്ലാതെന്താ പറയുക ? . മലയാളത്തിന്റെ പവിത്രത കളങ്കപ്പെടുത്താതിരിക്കാന്‍ ഓ എന്‍ വിയും സുഗതകുമാരിയുമടക്കമുള്ള ഭാഷാപ്രേമികള്‍ സ്വന്തം മക്കളെയും ചെറുമക്കളെയുമൊക്കെ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിപ്പിച്ചതും പഠിപ്പിക്കുന്നതും
ലോകഭക്ഷ്യ സുരക്ഷയ്ക്കായി ഇന്‍ഡ്യയടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളിലെ ദരിദ്ര ജനങ്ങള്‍ ഭക്ഷണം കുറക്കേണ്ടതുണ്ട് എന്ന അമേരിക്കയുടെ തിട്ടൂരം പോലെ മലയാള ഭാഷ നില നില്‍ക്കണമെങ്കില്‍ സര്‍ക്കാര്‍ സ്കൂളിലെ ദരിദ്ര നാരായണന്മാരുടെയും ഇടത്തരക്കാരുടെയും കുട്ടികള്‍ മലയാളം നിര്‍ബന്ധമായും ഒന്നാം ഭാഷയായി പഠിച്ചു അനുപാതം നില നിര്‍ത്തേണ്ടതുണ്ട് എന്നാണ് സാംസ്കാരിക മാടമ്പികളുടെ ഈ ആവശ്യം , കമ്പ്യൂട്ടര്‍ പഠനത്തിനായുള്ള സമയമാണ് മലയാള പഠനത്തിനായി മാറ്റിവെച്ചിട്ടുള്ളതെന്നറിയുന്നു ,സ്കൂളിലല്ലാതെ കമ്പ്യൂട്ടര്‍ കാണാത്ത ലക്ഷക്കണക്കിനു കുട്ടികള്‍ക്കാണ് ഈ പുത്തന്‍ നിയമം പ്രാവര്‍ത്തികമാവുക .ദരിദ്രന്മാര്‍ കൂടുതല്‍ ദരിദ്രരാവുകയും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയും ചെയ്യും എന്ന കാപ്പിറ്റലിസ്റ്റ് തത്വം പോലെ ബൂര്‍ഷ്വാ കുട്ടികള്‍ കൂടുതല്‍ ബൂര്‍ഷ്വകളാവുകയും കണ്ട്രികുട്ടികള്‍ കൂടുതല്‍ കണ്ട്രികളാവുകയും ചെയ്യും .
ഒന്നോ രണ്ടോ പിരീഡുകള്‍ മാതൃഭാഷയ്ക്കായി മാറ്റി വെക്കുന്നതിലെന്താണ് തെറ്റെന്നു ചോദിച്ചാല്‍ ഒരു തെറ്റുമില്ല . പക്ഷെ ഈ നിര്‍ബന്ധിത പഠനമെന്ന വാദം ഉയര്‍ത്തുന്നത് നാം ചിലപ്പോഴെങ്കിലും അസഹിഷ്ണുതയോടെ തമിഴനെയും മറാത്തിയെയും പരിഹസിച്ചു പോരുന്ന അതേ ഭാഷാ മൌലികവാദമാണ് എന്നുള്ളത് ഗൌരവമര്‍ഹിക്കുന്ന വസ്തുതയാണ് .അത്തരത്തിലുള്ള ഭാഷാ മൌലിക വാദം തന്നെയാണീ നിര്‍ബന്ധിത പഠിപ്പീര് - നവ നിര്‍മ്മാണ്‍ സേനയെയും പാണ്ടിയെയും തെറി പറഞ്ഞിട്ട് നമ്മളത് തുടരുന്നതിലൊരനൌചിത്യമുണ്ട് . മറാത്തി ഭാഷയ്ക്കു ഹിന്ദിയില്‍ നിന്ന് നേരിടുന്ന ഭീഷണി വലുതാണ് എന്നിട്ടും നവനിര്‍മ്മാണ്‍ സേന അത്തരമൊരു വാദഗതിയുന്നയിക്കുമ്പോള്‍ നമ്മള്‍ മൌലികവാദമായി കാണുന്നു . അതിലുപരി തമിഴനും മറാത്തിയുമെല്ലാം അവരുടെ ഭാഷാപ്രേമത്തിനപ്പുറത്തു ഒരു ദേശീയതാ വാദം ഉയര്‍ത്തുന്നുണ്ട് . തമിഴന്റെ, മറാത്തിയുടെ , തെലുങ്കന്റെ ഒക്കെ ഭാഷാപ്രേമത്തിന് അവരുടെ ദേശീയത എന്ന കടുത്ത കാരണമുണ്ട് നമ്മള്‍ മലയാളിക്കൊരു മലയാളി ദേശീയത അവകാശപ്പെടാനുണ്ടോ ? നമ്മള്‍ മലയാളികള്‍ ആഗോള ഉല്‍പ്പന്നങ്ങളാണ് .മലയാളികളെക്കുറിച്ച് പലരും പറഞ്ഞ് പഴകിയ ഒരു ഫലിതമുണ്ട് - ചന്ദ്രനില്‍ ചെന്നാലും അവിടെയൊരു മലയാളി കൈലി മുണ്ടും സാന്റോ ബനിയനുമിട്ട് ചായക്കട നടത്തുന്നുണ്ടാവുമെന്ന് , ലോകത്തിന്റെ ഏത് കോണിലും ഒരു മലയാളിയുണ്ട് , സംസ്കാരം , ഭാഷ ഇതെല്ലാം ഗൃഹാതുരതയോടെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നാടിന്റെ നന്മകളെക്കുറിച്ച് വാചാലനാവുന്ന ഒരു മലയാളി . ചിലപ്പോള്‍ അവന്‍ മല്ലു എന്ന് വിളിക്കപ്പെടുന്നു , ചിലയിടങ്ങളില്‍ അവന്‍ മലബാറിയാണ് , മറ്റ് ചിലരവനെ മദ്രാസ്സിയുമാക്കുന്നു .ഏതു നാട്ടില്‍ ചെന്നാലും മലയാളിയുടെ സ്വത്വം നില നില്‍ക്കുന്നത് സങ്കുചിതമാക്കാത്ത ഒരു സംസ്കാരം അവനില്‍ അവശേഷിക്കുന്നതു കൊണ്ടു കൂടിയാണ് .
ഫ്രാന്‍സും ചൈനയും ജപ്പാനുമെല്ലാം അവരുടെ ഭാഷയില്‍ തന്നെയാണ് സാങ്കേതിക വിദ്യാഭ്യാസം ചെയ്യുന്നല്ലോ പിന്നെയെന്തു കൊണ്ടു മലയാളിക്കായിക്കൂടാ എന്ന എന്ന താരതമ്യം യുക്തിരഹിതമായൊരു വാദഗതിയാണ് . സ്വയം പര്യാപ്തത സ്വപ്നം കാണാനല്ലാതെ അതിനുള്ള സ്രോതസ്സുകള്‍ ഉല്പാദിപ്പിച്ചെടുക്കാന്‍ പ്രാപ്തിയില്ലാത്ത ജനത ആന മുക്കുന്നത് കണ്ടു അണ്ണാന്‍ മുക്കുന്നത് പോലെയെ ആകൂ , ആഗോള വല്‍ക്കരണത്തിന്റെ സാഹചര്യങ്ങളും അവസ്ഥകളും സ്വയം പര്യാപ്തരല്ലാതെയാക്കി മാറ്റിയ ഒരു ജനതക്കു അതിജീവനം തന്നെയാണ് മുഖ്യം , അതിനാണവന്റെ പ്രയാണങ്ങളും പലായനങ്ങളും . അതിനിടയ്ക്കാണ് ഓടണ പശൂന്റെ കുണ്ടിക്കൊരു കുത്തെന്ന് പറഞ്ഞ കണക്കിനൊരു ഭാഷാപ്രേമം .
every action has an equal and opposite reaction എന്നു ന്യൂട്ടണ്‍ പറഞ്ഞത് ഭൌതിക ശാസ്ത്രത്തിനു മാത്രമല്ല എല്ലാ വിഷയങ്ങള്‍ക്കും ബാധകമാണ് .മലയാളം നിര്‍ബന്ധിത ഭാഷയാക്കിയതിന്റെ അനുരണനമെന്നോണം കര്‍ണ്ണാടകയില്‍ കന്നഡ നിര്‍ബന്ധിതമാക്കാന്‍ തുടങ്ങുന്നു . കര്‍ണാടകയില്‍ സ്ഥിര താമസമാക്കാന്‍ ഉദ്ദേശിക്കുന്ന അയല്‍ സംസ്ഥാനക്കാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ കന്നട പഠിക്കണമെന്ന് നിര്‍ദേശം. സര്‍ക്കാറിന് കീഴിലുള്ള കന്നട വികസന അതോറിറ്റിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഇതു നടപ്പിലായാല്‍ മലയാളികളടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ പ്രതിസന്ധിയിലാകും. കന്നട ഭാഷയെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ രൂപവത്കരിച്ചതാണ് കന്നട വികസന അതോറിറ്റി. ജോലി ആവശ്യവും മറ്റുമായി കര്‍ണാടകയിലെത്തുന്ന അയല്‍ സംസ്ഥാനക്കാര്‍ സ്ഥിരമായി താമസിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കന്നട എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണമെന്നും ഇത് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്നുമാണ് കന്നട വികസന അതോറിറ്റിയുടെ നിര്‍ദ്ദേശം . കാസര്‍ഗോടിനെ മലയാളം നിര്‍ബന്ധമാക്കുന്നതില്‍ നിന്നും ഒഴിവു നല്‍കണമെന്നു അവര്‍ ഇതോടൊപ്പം ആവശ്യപ്പെടുന്നുമുണ്ട് .
ഇനി തമിഴനും തെലുങ്കനും മറാത്തിയും എല്ലാം അവിടെ ജീവിക്കുന്ന എല്ലാവരും നിര്‍ബന്ധമായും തദ്ദേശ ഭാഷയും സാഹിത്യവും പഠിച്ചിരിക്കണമെന്നു കല്പന പുറപ്പെടുവിക്കട്ടെ ,അവിടെ കുടിപാര്‍ക്കുന്ന മലയാളി പരിഷകളെങ്ങനെ പ്രതിഷേധിക്കും ?. സംവരണമെന്നത് ഏതെങ്കിലും രീതിയില്‍ അവഗണന നേരിട്ടതു കൊണ്ട് അവശതയനുഭവിക്കുന്നവര്‍ക്കുള്ള സാമൂഹിക - സ്വാഭാവിക നീതി ആണ് . ഒരു പ്രദേശത്തിന്റെ , ഒരു ജനതയുടെ സംസാര - ഭാഷയോ സാഹിത്യ ഭാഷയോ ആയി നില നില്‍ക്കുന്ന ഒരു ഭാഷയ്ക്കു സംവരണം ആവശ്യമില്ല . അങ്ങനെ വേണമെന്നുള്ളത് തീര്‍ത്തും ഉപരിപ്ലവമായ വാദഗതിയാണ് .3 കോടി വരുന്ന ഒരു ജനതയുടെ ഭാഷയ്ക്കു എന്നിട്ടും അതിജീവിക്കാന്‍ സാധിക്കുന്നില്ല എന്നാണെങ്കില്‍ അതു അനിവാര്യമായ സ്വാഭാവിക മൃതി ആണെന്നു കരുതുകയാവും ന്യായം . അടിച്ചേല്‍പ്പിക്കുന്ന എന്തും കാലഹരണപ്പെട്ടു പോവുകയെ ഉള്ളൂ .എനിക്കിതു പറയാന്‍ അവകാശമുണ്ട് കാരണം ഞാന്‍ ഒന്നാം ഭാഷയായി മലയാളം പഠിക്കാത്ത ഒരാളാണ് എന്നിട്ടും എനിക്കു ഏതൊരു മലയാളം ബിരുദധാരിയെക്കാളും നന്നായി മലയാളം പ്രയോഗിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുള്ളത് സംവരണമില്ലാതെ , നിര്‍ബന്ധമില്ലാതെ തന്നെ ആ ഭാഷയെ സ്നേഹിക്കുന്നതു കൊണ്ടാണ് .
എല്ലാത്തരം മൌലികവാദങ്ങളും ആരംഭിക്കുന്നത് അവനവന്‍ വിശ്വസിക്കുന്ന ആശയത്തോടോ പ്രസ്ഥാനത്തോടൊ ഉള്ള തീവ്രമായ അഭിനിവേശമുള്ളതു കൊണ്ടാണ് . തന്റെ ഭാഷയെ സ്നേഹിക്കുന്നതില്‍ തെറ്റില്ല പക്ഷെ അതു നിര്‍ബന്ധിതമാക്കുന്നതിലൂടെ അതിന്റെ മഹത്വം അവിടെ ഇല്ലാതാകുന്നു .