Like

...........

Tuesday 12 July 2011

ഹൃദയത്തില്‍ ആലേഖനം ചെയ്യപ്പെട്ട നീല ഞരമ്പുകള്‍ .
അവളുടെ സമൃദ്ധമായ പിന്‍പുറത്തേക്ക് അയാള്‍ നോക്കിയില്ല , അതിന്റെ ഓര്‍മ്മ നുണഞ്ഞ് കൊണ്ട് പള്ളിത്തണുവിന് ആലിലയില്‍ അയാള്‍ കിടന്നു - ഖസാക്കിന്റെ ഇതിഹാസം .


മൈമുനയുടെ ആലസ്യമാര്‍ന്ന തിരിഞ്ഞ് നടപ്പില്‍ നിതംബത്തിന്റെ താളത്തില്‍ തിങ്ങിയ , കുളിച്ചീറനായ ഉടുമുണ്ടും - അതില്‍ പള്ളിപ്പറമ്പിലെ മണ്ണ് പറ്റിപ്പിടിച്ചിട്ടുണ്ടാവണം , ഈറനിറ്റു വീഴുന്ന തലമുടിയുടെ കറുപ്പും തെറുത്ത് കയറ്റിയ കൈത്തണ്ടയിലെ നീല ഞരമ്പുകളും ഒരു പാട് രാത്രികളിലെ ഇരുട്ടില്‍ എന്റെ കണ്ണില്‍ തെളിഞ്ഞിരുന്നു . ഒരു വാചകത്തിന്റെ സങ്കല്പ ചിത്രത്തിനായി ഒരു പാ‍ട് രാത്രികളെ നിദ്രാവിഹീനമാക്കിയിട്ടുണ്ട് എന്ന് പറയാന്‍ ജാള്യം തോന്നേണ്ടതുണ്ടോ ? ഒരു പക്ഷെ അക്കാലത്തതൊരു വിചിത്രമായ ഭാവനയുടെ അരികു ചേര്‍ന്നു പോകുന്ന ഒരു വികാരം മാത്രമായിരുന്നിരിക്കണം പക്ഷെ മരുഭൂമിയുടെ താപത്തെ ശമിപ്പിക്കാനായി വളഞ്ഞു പുളഞ്ഞൊഴുകുന്ന അറ്റമില്ലാത്ത മരു ഉറവകള്‍ പോലെ മൈമുനയുടെ ശരീരത്തിലെ നീലഞരമ്പുകള്‍ ഓര്‍മ്മകളായി നില നില്ക്കുന്നുണ്ടിപ്പോഴും .

സ്ത്രീത്വത്തിന്റെ ഏറ്റവും നീചമാ‍യ മാ‍നങ്ങളാല്‍ ആവിഷ്കരിക്കപ്പെട്ട ഒരു കഥാപാത്രം . പ്രണയത്തെയും കാമുകനെയും നിസ്സാരമായി തിരസ്കരിച്ചു കൊണ്ടു വിവാഹിതയാ‍കുന്ന , വൃദ്ധനായ ഭര്‍ത്താവിനെ കബളിപ്പിച്ചു കൊണ്ടു പലരോടൊപ്പം ശയിക്കുന്ന , മദ്യപിക്കുന്ന , പരദൂഷണം ഇഷ്ട നേരമ്പോക്കാക്കിയ , രണ്ടാനമ്മയുടെ എല്ലാ ക്രൂര ഭാവങ്ങളും ഉള്ളിലുറഞ്ഞ ഒരു കഥാപാത്രമെങ്ങനെയാണ് ഇത്ര മാത്രം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നതെന്നതൊരു അല്‍ഭുതമാണ് .

മലയാള സാഹിത്യ ചരിത്രത്തില്‍ ഒരു പാടു സ്ത്രീ കഥാപാത്രങ്ങള്‍ നമ്മളെ തഴുകിത്തലോടിയും നൊമ്പരമുണര്‍ത്തിയും കടന്നു പോയിട്ടുണ്ടെങ്കിലും വായനക്കാരന്റെ സ്ഥിതപ്രജ്ഞയെ ഉണര്‍ത്തി ഒരു നിതാന്ത ഓര്‍മ്മയായി നില നിന്ന കഥാപാത്രങ്ങള്‍ വിരളമാണ് . ഉമ്മാച്ചുവും അഗ്നിസാക്ഷിയിലെ ദേവകി അന്തര്‍ജനവും ബാല്യകാല സഖിയിലെ സുഹറയും മാറ്റാത്തിയിലെ ലൂസിയും മഞ്ഞിലെ വിമലയുമെല്ലാം ഓര്‍മ്മയില്‍ നില നില്‍ക്കുന്ന ചുരുക്കം കഥാ‍പാത്രങ്ങളില്‍ പ്രധാനപ്പെട്ടതു തന്നെയാണ് പക്ഷെ അവരെല്ലാം സഹനത്തിന്റെയും കദനത്തിന്റെയും ഉമിത്തീയില്‍ ജീവിച്ചു തീര്‍ന്ന ജീവിതങ്ങളായിരുന്നു , പറഞ്ഞു ശീലിച്ച പെണ്മയുടെ ത്യാഗനിര്‍ഭര ജീവിതത്തിന്റെ നേര്‍ പതിപ്പുകള്‍ .


ഇന്ദുലേഖയും കള്ളിച്ചെല്ലമ്മയും രാച്ചിയമ്മയും പെണ്മയുടെ വിനീത വിധേയ സങ്കല്പത്തെ ത ന്റേടം കൊണ്ടു അല്പമൊന്നു മാറ്റി എഴുതാന്‍ ശ്രമിച്ചിട്ടുണ്ട് പക്ഷെ അവരും വ്യവസ്ഥാപിതമായ പെണ്‍ സങ്കല്പങ്ങളിലെ പ്രണയത്തിന്റെയും ത്യാഗത്തിന്റെയും ഒക്കെ ഉദാത്ത മാതൃകകള്‍ തന്നെയായിരുന്നു . പക്ഷെ മൈമുന പെണ്മയുടെ എല്ലാ പരമ്പരാഗത നായികാ സങ്കല്‍പ്പങ്ങളെയെല്ലാം തച്ചുടച്ചു കൊണ്ടു ഖസ്സാക്കിന്റെ വലിയ ക്യാന്‍വാസില്‍ സ്ത്രൈണമായ അരാജകത്വത്തിന്റെ ഒരു ഛായാചിത്രമായി തെളിഞ്ഞു നിന്നു . മദ്യം നുണഞ്ഞു , ഇഷ്ടപ്പെട്ടവരോടോത്തെല്ലാം രമിച്ചു , കണ ങ്കൈ വരെ തെറുത്തു വെച്ച കൈകളുമായി , പരമ്പരാഗത സദാചാര സങ്കല്പങ്ങളെയെല്ലാം വെല്ലുവിളിച്ചു കൊണ്ടു ഖസ്സാക്കിന്റെ നടുപ്പറമ്പിലൂടെ തളയ്ക്കാനാവാത്ത ഒരു യാഗാശ്വമായി അലഞ്ഞ തിരിഞ്ഞു .


ബിരുദത്തിന്റെ ആദ്യ വര്‍ഷങ്ങളിലെന്നോ വല്ലാതെ ഇഷ്ടം തോന്നിയ ഒരു കൂട്ടുകാരിയോട് , വെളുത്തു മെലിഞ്ഞ അവളുടെ കൈകളിലെ നീല ഞരമ്പുകള്‍ കണ്ടപ്പോള്‍ സങ്കല്പത്തിലെ മൈമുനയെ കണ്ട ഓര്‍മ്മയില്‍ ഒരല്പം കളിയായി ചോദിച്ചു - ഞാന്‍ നിന്നെ മൈമുനയെന്നു വിളിച്ചോട്ടെ എന്ന് - അതു വരെ പ്രണയം നിറഞ്ഞു നിന്ന കണ്ണില്‍ രോഷം കത്തി പിന്നെ ഉരുണ്ടു കൂടിയ കണ്ണീരിന്റെ അകമ്പടിയോടെ , പരിഭവത്തോടെ അവള്‍ പറഞ്ഞു - അങ്ങനെ കണ്ണീക്കണ്ട പെണ്‍കുട്ട്യോള്‍ട പേരൊന്നുമെന്നെ വിളിക്കണ്ടാ - ഖസാക്കിലെ മൈമുനയെ എന്നല്ല ഓ വി വിജയനെ പോലും അറിയാനുള്ള സാധ്യത വിരളമായത്ര സാഹിത്യാവബോധമായിരുന്നു അവള്‍ക്കെന്നറിയാമായിരുന്നതു കൊണ്ട് കൈത്തണ്ടയോളം തെറുത്തു വെച്ചു കുപ്പായമിട്ട, ആരെയും കൂസാതെ , തന്റേടത്തോടെ ഖസ്സാക്കിലൂടെ നടന്ന ഒരു സുന്ദരിപ്പെണ്ണിന്റെ കഥ വിവരിച്ചു കൊടുക്കാന്‍ നിന്നില്ല , കഥ കേട്ടാലൊരു പക്ഷെ അങ്ങനെയൊരു ഒരുമ്പെട്ടോളുമായി താരതമ്യപ്പെടുത്തിയെന്നു പറഞ്ഞു ആ പരിഭവം നിതാന്ത ശത്രുതയായേക്കുമെന്നു അവളുടെ നിഷ്കളങ്കമായ കണ്ണുകള്‍ എന്നെ താക്കീതു ചെയ്തതു കൊണ്ടു മാ‍ത്രം ഞാന്‍ നിശബ്ദനായി അവളുടെ പരിഭവത്തിനെ മാനിച്ചു .


ഖസാക്കിനോടുള്ള പ്രണയം അതിതീവ്രമായ ആ ബിരുദ കാ‍ലഘട്ടത്തില്‍ തന്നെയാണ് തസ്രാക്കിലേക്കു യാത്ര തിരിക്കുന്നത് , അന്നതൊരു അനിവാര്യതയായി ശ്വാസം മുട്ടിച്ചു കൊണ്ടിരുന്നു .പാലക്കാടന്‍ കാറ്റും നരച്ച വെയിലും ആരെയോ പ്രതീക്ഷിച്ചെന്ന പോലെ ഒറ്റക്കൊറ്റക്കു നില്‍ക്കുന്ന കരിമ്പനകളും അങ്ങനെ ഭാവനകളില്‍ വല്ലാതെ ഭ്രമിപ്പിച്ച ഭൂമികയായിലായിരുന്നിട്ടു പോലും എന്റെ അസ്വസ്ഥത നിറഞ്ഞ മനസ്സു തിരഞ്ഞത് മുഴുവന്‍ നടുപ്പറമ്പിലൂടെ കൈത്തണ്ടയോളം തെറുത്തു കയറ്റിയ കുപ്പായക്കയ്യുമായി നടന്നു നീങ്ങുന്ന മൈമുനയെ ആയിരുന്നു .നിരര്‍ത്ഥകമായ ആ അന്വേഷണത്തിന്റെ അന്ത്യം വ്യര്‍ത്ഥമായ വ്യാമോഹമാണെന്നറിഞ്ഞു കൊണ്ടു തന്നെയായിരുന്നു ഖസ്സാക്കിലെ പാതി തണുത്ത വെയിലിന്റെ ചൂടിലൂടെ ഞാന്‍ നടന്നു നീങ്ങിയത് .


ഖസ്സാക്കിന്റെ ഇതിഹാസത്തിലെ മറ്റെല്ലാ കഥാപാത്രങ്ങളും പൂര്‍വ്വ മാതൃകയുടെ ഒരു അച്ചില്‍ രൂപപ്പെടുത്തിയപ്പോള്‍ മൈമുന മാത്രം വെറും സങ്കല്‍പ്പമായിരുന്നു . എല്ലാ കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്ന നിശ്ചിത മാതൃകകള്‍ രവിയും അപ്പുക്കിളിയും ഖാലിയാരും മാധവന്‍ നായരുമെല്ലാം കണ്ട കാഴ്ചകളില്‍ നിന്നു വാര്‍ത്തെടുത്ത കഥാപാത്രങ്ങളായപ്പോള്‍ മൈമുന മാത്രം ഒരിക്കലും അനുഭവിക്കാത്ത, കാണാത്ത ഒരു ഇതിഹാസ കഥാപാത്രമായി .
ഖസാക്കിനെ കുറിച്ചു എഴുതിയ ഇതിഹാസത്തിന്റെ ഇതിഹാസമെന്ന കൃതിയില്‍ ഓ വി വിജയന്‍ പറയുന്നുണ്ട്

"സ്ത്രൈണ സൌന്ദര്യത്തിന്റെ മൂര്‍ച്ഛ സങ്കല്‍പ്പത്തിലാണ് .പ്രതിമയില്‍ , കവിതയില്‍ , ഇതിഹാസത്തില്‍ . മജ്ജയിലും മാംസത്തിലും സ്ത്രീയെ നാം ഉള്‍ക്കൊള്ളുമ്പോള്‍ ആ ഉള്‍ക്കൊള്ളലിന്റെ അനുഭവം പലപ്പോഴും അപൂര്‍ണ്ണമായിരിക്കും .എന്നാല്‍ എനിക്കു മൈമുന പൂര്‍ണ്ണിമയായിരുന്നു .അപസ്വരമോ വിഗന്ധമോ സ്പര്‍ശ ഭംഗമോ ഇല്ലാത്ത രതി നായിക .അങ്ങനെയൊരു സാലഭഞിക ഖസാക്കിന്റെ മൂലഗ്രാമത്തിലൂടെ നടന്നിരിക്കാന്‍ വയ്യ .അവളുടെ കാലടി വീണത് ഇതിഹാസത്തിലാണ് , ഇതിഹാസത്തില്‍ മാത്രം .”അറുപതേ തോന്നിക്കൂ എന്നു കുപ്പുവച്ചന്‍ പരിഹാസത്തില്‍ പറയുന്ന അമ്പതുകാരനായ , വികൃതരൂപിയായ ചുക്രു റാവുത്തരുമായി മൈമുനയുടെ വിവാഹം ഉറപ്പിക്കുമ്പോള്‍ പലരും പ്രവചിക്കുന്നുണ്ട് ഈ വിവാഹം നടക്കില്ലെന്നു പക്ഷെ എല്ലാ പ്രവചനങ്ങളെയും തെറ്റിച്ചു കൊണ്ട് മൈമുന ചുക്രു റാവുത്തരുടെ മണവാട്ടിയായി ,മൈമുന പ്രണയങ്ങളെ അതിന്റെ വന്യമായ ഭാവങ്ങളില്‍ അനുഭവിച്ചു , അവള്‍ക്കാരോടും പരിഭവമോ പരാതിയോ തോന്നിയില്ല
വൃദ്ധനും വിരൂപനുമായ ഒരാളായിരുന്നിട്ട് പോലും പാതിരക്കു പായലു പിടിച്ചു കൂടു പറ്റുന്ന മുങ്ങാങ്കുഴിയായ ചുക്രു റാവുത്തറെ അവള്‍ മടിയില്‍ കിടത്തുകയും കൊഞ്ചിക്കുകയും ചെയ്ത .അതേ മൈമുന തന്നെ സയ്യിദ് മിയാന്‍ ഷെയ്ക്കിന്റെപ്രതി പുരുഷനായ നൈസാമലിക്കു മുന്നില്‍ ഈറനഴിച്ചു വെച്ചു കൊണ്ടു ഇണ ചേര്‍ന്നു . പിഴച്ചു പോകാതിരിക്കാനായി നൈസാമലി അരയില്‍ ജപിച്ചു കെട്ടിയ രക്ഷ അഴിച്ചു വെച്ച് ആലസ്യമാര്‍ന്ന അരക്കെട്ടുമായി രവിയുടെ മുന്നില്‍ നില്‍ക്കുമ്പോഴും അശേഷം കുറ്റബോധം തോന്നാതെ അവള്‍ പ്രണയിച്ചു .പ്രണയത്തിന്റെ വിവിധ ഭാവങ്ങളായിരുന്നു അത് . പകലന്തിയോളം കിണറുകളില്‍ ഊളിയിട്ടു അന്തിക്കു കൂടണയുന്ന ഭര്‍ത്താവിനെ വാത്സല്യത്തോടെ , പഴയ കാമുകനായ നൈസാമലിക്കു മുന്നില്‍ പാരവശ്യത്തോടെ .ഏകാധ്യപക വിദ്യാലയത്തിലെ “ മാഷ്ടറെ “ സ്നേഹബഹുമാനത്തോടെ അങ്ങനെ വിവിധ ഭാവങ്ങളില്‍ സ്ത്രീത്വത്തിന്റെ നിറവായി മാറി .

രവിയും മാധവന്‍ നായരും അള്ളാ പ്പിച്ചാ മൊല്ലാക്കയും അടക്കമുള്ള ഖസ്സാ‍ക്കിലെ കഥാപാത്രങ്ങളെല്ലാം പങ്കു വെക്കുന്ന ഏക താനമായ വിഷാദ ഭാവത്തില്‍ നിന്നു വിഭിന്നയാണ് മൈമുന . പാപ ബോധത്തിന്റെ അകാരണമായ വിഷാദത്തിന്റെ തടവിലകപ്പെട്ട കഥാപാത്രങ്ങള്‍ക്കിടയില്‍ മൈമുന ജീവിതത്തിന്റെ ഓരോ നിമിഷത്തെയും പ്രണയിക്കുകയും ആസ്വദിക്കുകയും ചെയ്തു .കര്‍മ്മ ബന്ധത്തിന്റെ സമസ്യകളില്ലാതെ നിമിഷങ്ങളില്‍ ജീവിച്ചു കൊണ്ടൂ മൈമുന മാത്രംഖസ്സാക്കിലെ ഇരുണ്ട കരിമ്പന കൂട്ടത്തിലൊരു നിശാഗന്ധിയായി വേറിട്ടു നിന്നു .

നിസ്സംഗതയും നിര്‍മമതയുമായിരുന്നു പ്രണയത്തിന്റെ , വികാരത്തിന്റെ എല്ലാം പാരമ്യത്തിലും മൈമുനയുടെ സ്വത്വം .
സുരതക്രിയയുടെ അന്ത്യത്തില്‍ അള്ളാപ്പിച്ചാമൊല്ലാക്കയുടെ ശവശരീരം വഹിച്ചുള്ള വിലാപ യാത്രയിലും വല്ലാത്ത നിസ്സംഗതയോടെ മൈമുന പ്രതിവചിച്ചു - ശവം “ . പിതാവ് ഇഷ്ടമില്ലാത്ത വിവാഹത്തിന് പ്രേരിപ്പിച്ചപ്പോഴും വൃദ്ധനായ ഒരാളെ വിവാഹം കഴിക്കേണ്ടി വന്നപ്പോഴും നിറഞ്ഞു നിന്ന അതേ നിസ്സംഗത തന്നെയായിരുന്നു അവിടെയും പ്രകടമായത്

രാജാവിന്റെ പള്ളിയില്‍ ഇരുട്ടത്ത് .പൊടിയുടെ ഗന്ധം .ചന്ദനത്തിരിയുടെ ഗന്ധം .വാറ്റു ചാരായം നിറച്ച സ്ഫടിക ക്കുപ്പി രവി മൈമുനയുടെ നേര്‍ക്കു ചെരിച്ചു .അവള്‍ ചുണ്ടുകള്‍ വിടര്‍ത്തി .അവയുടെ ചുവപ്പും ദൈര്‍ഘ്യവും രവിക്കു കാണാന്‍ വയ്യായിരുന്നു .അവയുടെ നനവറിഞ്ഞതേയുള്ളൂ .
"ഇനീം ?"
"ഉം "
"എങ്ങനിരിക്കണൂ ?"
" ചൂടു സൊഹം !"

രവി ചുമരു ചാരിയിരുന്നു .പുറത്തു മീസാന്‍ കല്ലുകളില്‍ രാത്രി നീലച്ചു .
"കേട്ടോ ?" മൈമുന പെട്ടെന്നു പറഞ്ഞു .
രവി ചെകിടോര്‍ത്തു
"എന്താത് ?"
മൈമുന എണീറ്റു.. നിലത്തെ പൊടിയില്‍ നിന്നും നിഴലില്‍ നിന്നും ഉടുപുടയില്ലാതെ അവളുയര്‍ന്നു . പള്ളി വാതിലിലൂടെ അവള്‍ അകലേയ്ക്കു നോക്കി . അകലെ : “ലായിലാഹ ഇല്ലല്ലാഹ് ലായിലാഹ ഇല്ലല്ലാഹ് വാറ്റു ചാരായത്തിന്റെ തെളിമയോടെ ആ വിളി വന്നു. “എന്താത് ? രവി വീണ്ടും ചോദിച്ചു മൈമുന പറഞ്ഞു “ശവം “


തീക്ഷ്ണമായ അനുഭവ പരിസരങ്ങളിലൂടെയെല്ലാമുള്ള സഞ്ചാരത്തിലും തന്റേതായ വ്യക്തിത്വം അതിവൈകാരികതയുടെ നിറക്കൂട്ടുകളില്ലാത്ത നിര്‍മമതയായി കാത്തു സൂക്ഷിക്കാന്‍ മൈമുനക്കു കഴിഞ്ഞു , ധ്യാനം നിറഞ്ഞ ഒരു പ്രണയാനുഭവമായി മൈമുന നില നില്‍ക്കുന്നു . ആ സങ്കല്പ ലോകത്തില്‍ മൈമുന നിത്യയൌവനത്തിന്റെ പ്രസരിപ്പില്‍ ഇപ്പോഴും ഒരു യാഗാശ്വമായി ഏതൊക്കെയോ നാട്ടിടവഴികളില്‍ നടന്നു നീങ്ങുന്നുണ്ടാകണം , പ്രലോഭനം നിറച്ചു വെച്ച നീല ഞരമ്പുകളുമായി .Picture - Beutiful women by Misti Pavlov

20 comments:

 1. മൈമുനയുടെ ആലസ്യമാര്‍ന്ന തിരിഞ്ഞ് നടപ്പില്‍ നിതംബത്തിന്റെ താളത്തില്‍ തിങ്ങിയ , കുളിച്ചീറനായ ഉടുമുണ്ടും - അതില്‍ പള്ളിപ്പറമ്പിലെ മണ്ണ് പറ്റിപ്പിടിച്ചിട്ടുണ്ടാവണം , ഈറനിറ്റു വീഴുന്ന തലമുടിയുടെ കറുപ്പും തെറുത്ത് കയറ്റിയ കൈത്തണ്ടയിലെ നീല ഞരമ്പുകളും ഒരു പാട് രാത്രികളിലെ ഇരുട്ടില്‍ എന്റെ കണ്ണില്‍ തെളിഞ്ഞിരുന്നു . ഒരു വാചകത്തിന്റെ സങ്കല്പ ചിത്രത്തിനായി ഒരു പാ‍ട് രാത്രികളെ നിദ്രാവിഹീനമാക്കിയിട്ടുണ്ട് എന്ന് പറയാന്‍ ജാള്യം തോന്നേണ്ടതുണ്ടോ

  ReplyDelete
 2. ഞാന്‍ നിരവധി പ്രാവശ്യം വായിക്കുവാനായാരംഭിച്ച് ഒന്നു രണ്ടു പേജുകള്‍ കഴിയുമ്പോള്‍ ആലസ്യമാര്‍ന്നടച്ചുവച്ചിട്ടുള്ള പുസ്തകമാണ് ഖസാക്കിന്റെ ഇതിഹാസം.എന്താണു കാര്യമെന്നെനിക്കിപ്പോഴുമറിയില്ല.എന്റെ വായനയുടെ തകരാറോ ആസ്വാദനത്തിന്റെ കുറവോ ആയിരിക്കാം.

  ലേഖനം നന്നായിരുന്നു മാഷേ.അഭിനന്ദനങ്ങള്‍

  ReplyDelete
 3. മലയാളിയുടെയാകെ നിരുപാധികമായ പ്രണയബിംബമാണ് മൈമുന. ഖസാക്കിന്റെ വിഷാദഭൂമികയും തുടിച്ചുനിൽക്കുന്ന ആ നീലഞരമ്പുകളും ഒരിക്കൽക്കൂടി ഓർമ്മകളിൽ...

  ReplyDelete
 4. എനിക്കു ബഹുമാനമാണ് മൈമുനയോട്..ഒരിത്തിരി കുശുമ്പും...:)
  'ഇതെന്റെ ജീവിതം, ഞാന്‍ എനിക്കിഷ്ടമുള്ളത് പോലെ ജീവിച്ചു തീര്‍ക്കും' എന്നൊരു താന്‍പോരിമയോടെ, 'ഞാനും പെണ്ണ് തന്നെ' എന്ന് യാഥാസ്ഥിതിക ലോകത്തോടുള്ള സ്വത്വ പ്രഖ്യാപനവുമായി...മൈമുന
  ഓര്‍മ്മപ്പെടുത്തലിനും പുനര്‍വായനയ്കും നന്ദി വിഷ്ണൂ.....ഇന്ന് ഉറപ്പായും മൈമുനയെ ഒന്ന് കൂടി കാണും...:)

  ReplyDelete
 5. machoo paranja mymoonaye prathinidanom cheyyan aa picturinu sadikunundu ...

  whos creation is this pic ..

  ReplyDelete
 6. Picture - Beutiful women by Misti Pavlov കുറെ തെരഞ്ഞു ചുള്ളാ ഇങ്ങനൊരു ചിത്രത്തിന് , മൈക്കലാഞ്ചലോയുടെ പ്രസിദ്ധങ്ങളായ ചില ചിത്രങ്ങളായിരുന്നു ആദ്യമുദ്ദേശിച്ചത് , പിന്നെ ഉംസ് പറഞ്ഞ പോലെ അതൊന്നും മൈമുനയെ പ്രതിനിധീകരിക്കില്ലെന്നു തോന്നിയപ്പോള്‍ പിന്നെയും തിരഞ്ഞു , അവസാനം മിസ്തി പാവ്ലോ വിനെ കിട്ടി , ഒരു റഷ്യന്‍ . ആദ്യായിട്ടു കേട്ടതാ..നമ്മുടെ ചിത്രകല അവഗാഹം മൈക്കലാഞ്ചലോയിലും പിക്കാസോയിലും വാങ്ഘോഗിലും രവി വര്‍മ്മയിലും കെ സി എസിലും ഒക്കെ മാത്രം ഒതുങ്ങുന്നു .എല്ലാം നല്ല ഒന്നാം ക്ലാസ്സ് പെട ചിത്രങ്ങള്‍ , ഞാന്‍ പെട്ടെന്നു ഫാന്‍ ആയിപ്പോയി . വിവരണം ദാ ഇങ്ങനെ പോകുന്നു .  Misti Pavlov was fortunate to have been born in St. Petersburg, home to the State Hermitage Museum, one of the top four museums in the world. In 1972, when he was just five years old, his mother, recognizing her gifted young son already possessed a formidable artistic talent, took him to the nearby State Hermitage Museum where he was accepted into their art program for gifted children. Two years later, at age seven, the museum's then curator Professor B. Piotrovsky was so impressed with Misti's extraordinary talent he personally took over supervision of the young student's education.

  In 1979, age nine, Misti began extensive studies at the Repin School for Gifted Children in the Arts, part of the internationally renowned St. Petersburg Academy of Fine Arts. At age 17 he entered the academy proper where Academy President Professor B. Uvarov personally directed his further education. Misti graduated Valedictorian and received the Academy's "Graduate of the Year" award.

  A decade or so later when it became easier for Russians to travel abroad, Misti began an exploration of France, Italy and Spain that continues to this day. At the beginning of June each year, he takes a plane to one Mediterranean country or another then a bus to a small town, preferably near the sea, where he starts seeking subjects for his work. Inspired by Renoir and Sisley, he loves to create a romantic mood in his paintings using the impressionistic play of light and shadow around the figure of a woman or clouds racing across a landscape.

  Pavlov is a genuine contemporary master who has participated in numerous exhibitions throughout Russia and Europe. His paintings are in many private collections in Russia, Western Europe and the United States.

  ReplyDelete
 7. എന്‍റെ കണ്‍ പീലികള്‍ അവന്‍ ബലമായി പറിച്ചെടുത്തു ,മറ്റേ കൈയില്‍ അവന്റെ കണ്പീലികളും രണ്ടും എന്‍റെ നീല ഞരമ്പ്‌ തെളിഞ്ഞു നില്‍ക്കുന്ന കൈത്തണ്ടയില്‍ ചേര്‍ത്തു അമര്‍ത്തി കുറേ നേരം .വിരലുകള്‍ വിടുവിച്ചപ്പോള്‍ വിളറി പോയ കൈത്തണ്ടയില്‍ പ്രണയത്തിന്റെ ചിഹ്നം !!!
  ഒരു ചെറിയ നൊമ്പരം ...


  നല്ല ക്ലാസ്സ് ചിത്രം.
  ഒരു വല്ലാത്ത വായനാനുഭവം :(

  ReplyDelete
 8. ഖസാക്ക് ആസ്വദിച്ച് വായിച്ചിട്ടുണ്ടൊ എന്നു ചോദിച്ചാല്‍ ഇല്ലെന്നാണുത്തരം
  അറ്റ്ഘിലെ കല്പനകള്‍ കുറച്ചെങ്കിലും മനസ്സിലാകുന്ന പ്രായത്തില്‌ അതിനോട് ഇഷ്ടം തോന്നിയില്ല.
  ഓര്‍മ്മയിലെ പൊട്ടും പൊടിയും ചേര്‍ത്ത് വിഷമിച്ച് ഒരു ഖസാക്കിനെ വരക്കാന്‍ ശ്രമിക്കുന്നില്ല. നാട്ടില്‍
  ചെന്ന് ഒന്നുകൂടി നോക്കാം.
  മൈമൂനയെ മനോഹരമായി വരച്ചു...

  ReplyDelete
 9. എത്ര പ്രാവശ്യം വായിച്ചു കഴിഞ്ഞു എന്നോ എത്ര പ്രാവശ്യം ഇനിയും വായിക്കും എന്നോ പറയാന്‍ പറ്റുന്നില്ല.
  നോവലിലെ വേറിട്ട കഥാപാത്രമായി നില്‍ക്കുന്നു മൈമൂന. ചില സമയങ്ങളില്‍ എനിക്കവളെ ഇഷ്ടമാവുന്നില്ല, എങ്കിലും രവിയോടോത്ത് കാണാന്‍ ഇഷ്ടമാണ് താനും. ഒന്നുറപ്പ്, കാലത്തെ പിന്തള്ളി മൈമൂന നടന്നുകൊണ്ടേയിരിക്കും.

  ReplyDelete
 10. ശ്രീകുട്ടന്‍ - ഖസ്സാക്കു വായിക്കാതെ - ഈ ലേഖനം - ആസ്വദിച്ചു എന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല - ഏതൊരു സംഗതിയുടെയും ആസ്വാദനം അതുമായി ബന്ധപ്പെട്ട താല്പര്യത്തിന്റെ സോഴ്സിനെ ആശ്രയിച്ചിരിക്കും - അതു കൊണ്ട് ഖസ്സാക്കിനെ അറിയാതെ മൈമുനയെ അറിയാന്‍ ശ്രമിക്കരുത് , ഖസ്സാക്ക് എന്ന കാന്‍ വാസിലെ ഒരു ചിത്രം മാത്രമാണ് മൈമുന .ഖസ്സാക്കു വായിക്കാന്‍ ശ്രമിക്കൂ .

  @ജിഗീഷ് - ഹൈസ്കൂള്‍ കാലം മുതല്‍ “ഖസ്സാക്കിനെ “ ഉള്ളില്‍ കൊണ്ടു നടന്ന ഒരു പാട് ചങ്ങായിമാരുടെ ഒരു കൂട്ടമുണ്ടായിരുന്നു .അന്നൊക്കെ സൌഹൃദക്കൂട്ടങ്ങളില്‍ ഞങ്ങള്‍ ചുമ്മാ ചര്‍ച്ച ചെയ്യും - ടാ നമുക്കേ ഖസ്സാക്കിനൊരു തിരക്കഥയെഴുതണം , ന്ന്ട്ട് സിനിമയാക്കണം .കഥാപാത്രങ്ങളെ പോലും ഞങ്ങള്‍ വെറുതെ നിശ്ചയിച്ചു - വി കെ ശ്രീരാമന്‍ കുപ്പുവച്ചനാകും പന കയറി തഴമ്പു വന്ന നെഞ്ചും പിന്നെ വാര്‍ദ്ധക്യത്തിലെ കുടിലത നിറഞ്ഞ കണ്ണുമുള്ള കുപ്പുവച്ചന്‍ , ഖാലിയാരായി പുകച്ചുരുള്‍ പോലെ നീണ്ട മുടിയുള്ള അവധൂതനെ പോലെ നീണ്ട് മെലിഞ്ഞ വിനീത് [പണ്ടത്തെ വിനീത് ആണ് ]. രവിയുടെ ചെറിയമ്മ ഗീത അല്ലെങ്കില്‍ ശ്രീവിദ്യ - ചുണ്ടിനു മുകളില്‍ ചെറിയ രോമങ്ങള്‍ ഒക്കെയുള്ള മധ്യ വയസ്സിലെത്താറാകുന്ന കുലീന , അള്ളാപ്പിച്ചാ മൊല്ലാക്കയായി നെട്മുടി വേണു , മാധവന്‍ നായരായി മുരളി ,രവിയുടെ അച്ഛനായി ഭരത് ഗോപി ,പദ്മയായി ശോഭന അങ്ങനെയങ്ങനെ പോയി ഞങ്ങളുടെ ചര്‍ച്ചകള്‍ ..ഒന്നിനുമല്ല ഒരു രസം .രവിക്കും മൈമുനയ്ക്കും മാത്രം മാതൃകകള്‍ കിട്ടിയില്ല - മോഹന്‍ ലാലും മമ്മൂട്ടിയും നിര്‍ദ്ദേശമായി വന്നെങ്കിലും കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു അധികമാകാത്ത 30 ല്‍ താഴെ മാത്രം പ്രായമുള്ള ഒരാളാകുമ്പോള്‍ രണ്ടു പേരെയും സങ്കല്‍പ്പിക്കാനാകില്ല , പക്ഷെ മോഹന്‍ ലാലിന്റെ ഭാവങ്ങള്‍ ഏതാണ്ട് രവിക്കു ചേരുമായിരുന്നു . മൈമുനയ്ക്കു അന്നാരെയും പറയാന്‍ കഴിഞ്ഞില്ല ഇന്നാണെങ്കില്‍ പദ്മ പ്രിയയെ ഞാന്‍ സജസ്റ്റ് ചെയ്യും...നല്ല വെളുത്ത് നീണ്ട് കയ്യും , തന്റേടമുള്ള മുഖവും ....സംഗതി പറഞ്ഞു വന്നതെന്താണെന്നു വെച്ചാല്‍ അന്നത്തെ ആ കോളേജ് കാലത്തിലെ ഖസ്സാക്കിനോടുള്ള പ്രണയം പിന്നീട് ശക്തമായി ഞാന്‍ കണ്ടത് ജിഗീഷിന്റെ എഴുത്തിലാണ് .ജിഗീഷ് തന്നെ പലപ്പോഴായി ഖസ്സാക്കിനെ കുറിച്ച് എഴുതിയിട്ടുണ്ട് ഇല്ലെ ? അതില്‍ “രവിയുടെ തുടര്‍ച്ചകള്‍ “ എന്നൊരു സംഗതി എനിക്കു വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു , നല്ല തുടര്‍ച്ചയുണ്ടായിരുന്നു -

  http://jigishspace.blogspot.com/2010/02/blog-post.html

  ReplyDelete
  Replies
  1. thanks for sharing that link it's interesting to read

   Delete
 11. @ഗൌരീ - സംഗതി മൈമുന വല്ലാത്തൊരു കാല്പനികതയുണര്‍ത്തുന്ന തന്റേടിയായ , താന്‍ പോരിമയായുള്ള പെണ്ണു തന്നെ , പക്ഷെ സങ്കല്‍പ്പത്തിലെ സൌന്ദര്യമേ അതിനു നമ്മള്‍ കരുതൂ , യാഥാര്‍ത്ഥ്യം സങ്കല്പത്തെ അതി ജീവിക്കും .അല്ലെ .ഓ വി പറഞ്ഞതു പോലെ - “.അങ്ങനെയൊരു സാലഭഞിക ഖസാക്കിന്റെ മൂലഗ്രാമത്തിലൂടെ നടന്നിരിക്കാന്‍ വയ്യ അവളുടെ കാലടി വീണത് ഇതിഹാസത്തിലാണ് , ഇതിഹാസത്തില്‍ മാത്രം “


  ആ സങ്കല്പത്തില്‍ തന്നെയാണതിന്റെ സൌന്ദര്യം യാഥാര്‍ത്ഥ്യം നമുക്കംഗീകരിക്കാനാവില്ല

  ReplyDelete
 12. മൈമുന എന്ന ഖസാക്കിലെ യാഗാശ്വത്തെ കുറിച്ച് പറഞ്ഞത് ഇഷ്ടപ്പെട്ടു..
  ഇതിഹാസം എത്ര തവണ വായിച്ചു എന്ന് അറിയില്ല..ഇപ്പോഴും വായിച്ച് കൊണ്ടിരിക്കുന്നു…ഖസാക്കിന്റെ ഇതിഹാസം മലയാളത്തിന്റെ ഒരു കാലഘട്ടത്തിന്റെ വായനയിലും ചിന്തയിലും വരുത്തിയ മാറ്റം വിവരണാതീതമാണു.
  വിജയന്റെ ഭാഷയും വാക്കും ഇത് വായിച്ചതിനപ്പുറം എന്നിൽ ഒരു ലഹരിയായി മാറിയിരുന്നു.വിജയൻ എഴുതിയ എല്ലാ കൃതികളും ആർത്തിയോടെ വായിച്ച് തീർത്ത ഒരു കാലമുണ്ടായിരുന്നു.
  എന്തിന് വിജയനെ കൂറിച്ച് ആരെന്തെഴുതിയാലും തേടി പിടിച്ച് വായിച്ചിരുന്നു..ഇന്നും അതിനു മാറ്റമില്ല..
  പക്ഷെ ഒരു എഴുത്തുകാരന് സംഭവിക്കാവുന്ന ദുരന്തങ്ങളിലൊന്നാണു തന്റെ മാസ്റ്റർപീസ് ആദ്യം തന്നെ എഴുതുക എന്നത്..നമ്മുടെ കാലം കണ്ട ഏറ്റവും വലിയ കാഥികനു സംഭവിച്ചതും അതായിരുന്നു..ഖസാക്കിന്റെ മഹാ പ്രവാഹത്തിനും അതിന്റെ സ്വാധീനത്തിനും പുറത്തേക്ക് കടക്കാൻ വിജയനും കഴിയാതെ പോയി..
  ഖസാക്കിൽ അന്യതാ ബോധത്തിന്റെ പ്രവാചകനായി എത്തിയ രവിയോടൊപ്പം നടന്നവരെല്ലാം വിഷാദത്തിന്റെ മുഖപടം അണിഞ്ഞിരുന്നു..അതിൽ നിന്ന് പുറത്ത് കടന്നത് രണ്ട് പേരാണ് മൈമുനയും അപ്പുക്കിളിയും..
  കിളി തന്റെ നിരക്ഷരത കൊണ്ട്,നിഷ്കളങ്കത കൊണ്ട് ജന്മാന്തരങ്ങളെ അറിഞ്ഞവനാണ്…
  പക്ഷെ മൈമുന ഒന്നും അറിയണ്ട എന്ന് തന്നെ കരുതി..അഥവാ അവൾ അറിഞ്ഞതായി ഭാവിച്ചതുമില്ല..അള്ളാപിച്ച മൊല്ലാക്കയുടെ മൃതദേഹം കടന്ന് വരുമ്പോൾ രതിയുടെ ആലസ്യത്തിൽ നിന്നുയർന്ന് മൈമുന പറയുന്ന വാക്കിനെ കുറിച്ച് പറയുമ്പോൾ..വിജയൻ അമേരിക്കൻ എഴുത്തുകാരനായ ഹെൻറി മില്ലറുടെ sexus ഉദ്ധരിക്കുന്നുണ്ട്..(മകൻ അടുത്ത മുറിയിൽ മരണം കാത്ത് കിടക്കുമ്പോഴും…കഥാനായകനെ സ്വീകരിക്കുന്ന യുവതി…പക്ഷെ അവരുടെ കണ്ണിൽ നിന്ന് നിരർത്ഥകമായി വെള്ളം ഒഴുകുന്നുണ്ട്).
  നിസ്സംഗതയുടെ ക്രൂരമായ സൗന്ദര്യം..അതായിരുന്നു നീല ഞരമ്പോടിയ കൈകളുമായി ഖസാക്കിൽ ഉയിർ കൊണ്ട മൈമുന..
  പാലക്കാടുകാരനായിട്ടും,നിരവധി തവണ കൊടുവായൂരിൽ നിന്ന് കിണാശ്ശേരിയിലേക്ക് ബൈക്ക് ഓടിച്ച് വന്നിട്ടും.. തസറാക്കിലേക്ക് കടന്ന് ചെല്ലാൻ മനസ്സ് സമ്മതിച്ചിട്ടില്ല…
  പച്ച പനന്തത്തയുടെ ധനുസ്സുകൾ പറന്ന് പോകുന്നത് നോക്കി നിന്ന അപ്പുക്കിളിയും..,മാധവന്നായരും,രവിയും മനസ്സിലുണ്ട്..
  രവിയുടെ വാചകവും
  “ആരും കൂട് പറ്റാറില്ലല്ലോ മാധവൻ നായരെ”
  ജീവിച്ചിരിക്കെ ഇതിഹാസകാരനെ ഒരു നോക്ക് കാണണം എന്നത് വലിയൊരാഗ്രഹമായിരുന്നു..പക്ഷെ സാധിച്ചില്ല..
  ഓഫ് ടോപ്പിക്ക്:
  മൈമുനയുടെ നിറഞ്ഞ സൗന്ദര്യം വാക്കുകളിൽ ആസ്വദിച്ചിരുന്ന ഞാൻ ബ്ലോഗിന്റെ തുടക്കത്തിലെ ചിത്രം ശ്രദ്ധിച്ചിരുന്നില്ല..ഇരുന്ന് വായിച്ചത് ഓഫീസിൽ ആണെന്നും ഓർത്തില്ല…
  നീയെന്താ വായും പൊളിച്ചിരുന്ന് വായിക്കുന്നതെന്ന് എന്റെ ബംഗാളി കൂട്ടുകാരി ചോദിച്ചപ്പോഴാണു ഞാൻ അത് കാണുന്നത്…
  “ഇത് എന്റെ ഭാഷയിലെ ഒരു ക്ലാസിക്കിനെ കുറിച്ചെഴുതിയതാണു എന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരന്റെ ..…”
  അതെ നിനക്ക പറ്റിയ ക്ലാസിക്ക് ആണെന്ന് ചിത്രം കണ്ടപ്പോഴെ മനസ്സിലായി….
  ഞാൻ ഒന്നും പറഞ്ഞില്ല….!!!!!!
  പെയിന്റിങ്ങ് അതിസുന്ദരമായിട്ടുണ്ട്……….ഖസാക്കിലേക്ക് മനസ്സിനെ കൊണ്ട് പോയതിനു ഒരുപാട് നന്ദി..
  രാകേഷ്.

  ReplyDelete
 13. @രാകേഷ് - ഒരു കാലത്തു കൂട്ടം കൂടിയിരുന്നു പലതിനെ പറ്റിയും നെടുങ്കന്‍ ചര്‍ച്ചകള്‍ ചെയ്തിരുന്ന വൈകുന്നേരങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട വിഷയമായിരുന്നു ഖസ്സാക്ക് .അന്നൊക്കെ ഞാന്‍ കരുതിയിരുന്നത് മലയാള സാഹിത്യത്തെക്കുറിച്ചു എന്തെങ്കിലുമറിയാവുന്നവന്‍ ഖസ്സാക്കു നിശ്ചയമായും വായിച്ചിരിക്കുമെന്നാണ് ,അതു കൊണ്ട് തന്നെ സാഹിത്യം സംസാര വിഷയമായി വരുന്ന ഏതൊരു ഘട്ടത്തിലും അനാവശ്യമായി തന്നെ ഞാന്‍ ഖസ്സാക്കു എടുത്തിടുമായിരുന്നു . ഓ വി വിജയനോടു വല്ലാത്ത ആരാധനയായിരുന്നു .ഒരു കൊല്ലത്തെ ജ്ഞാന പീഠം അവാര്‍ഡ് ഓ വി ക്കു കിട്ടാതെ ഓ വി യുടെ ഏഴയലത്തു നിര്‍ത്താന്‍ കഴിയാത്ത ഇന്ദിരാ ഗോസ്വാമിക്കു പോയത് എം ടി യുടെ വോട്ടു കൊണ്ടു മാത്രമാണെന്നു കേട്ടപ്പോള്‍ എം ടി യോട് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു .പിന്നെ ഖസ്സാക്ക് “വെറു ദാര്‍ശനിക പൈങ്കിളി “ ആണെന്നു പറഞ്ഞപ്പോള്‍ സക്കറിയയോടൂം ..

  ഖസ്സാക്കിനെ എതിര്‍ത്തു തോല്‍പ്പിക്കാനായി സംഘടിതമായ ശ്രമങ്ങള്‍ നടന്നിരുന്നു .മൂന്നു വട്ടം പുരസ്കാര ലബ്ദിക്കു ഒന്നാം സ്ഥാനത്തേക്കു വന്നിട്ടും എന്തൊക്കെയോ കാരണങ്ങളാല്‍ ഒഴിവാക്കപ്പെടുകയായിരുന്നു .അതു പോലെ തന്നെ “ബങ്കര്‍ വാഡി “ എന്ന മറാത്തി നോവലിന്റെ മോഷണമാണെന്ന ആരോപണം .ഈ ആരോപണം കൊണ്ട് സഹി കെട്ടപ്പോള്‍ ഓ വി ഒരിക്കല്‍ ആ കൃതിയുടെ ഇംഗ്ലീഷ് പതിപ്പെടുത്തു വായിച്ചു - അപ്പോള്‍ കണ്ട ഒരു രസമെന്താണെന്നു വെച്ചാല്‍ ബങ്കര്‍ വാഡി പ്രസിദ്ധീകൃതമാകുന്നതിനും മാസങ്ങള്‍ക്കു മുമ്പു തന്നെ “ഖസ്സാക്കിന്റെ ഇതിഹാസം “ മാതൃഭൂമിയില്‍ എന്‍ വി യുടെ ഡസ്കിലെത്തിയിരുന്നു . ആ ആരോപണം ആസൂത്രിതമായ ഒരു ദുരാരോപണമായിരുന്നു .
  , ഖസ്സാക്കിനെ കുറിച്ച് എന്തെഴുതിയാലും “ക്ലീഷെ “ ആകാന്‍ തക്ക വിധത്തില്‍ നിരവധി പേര്‍ അതിനെ സമീപിച്ചിട്ടുണ്ട് .അതു കൊണ്ട് മാത്രം ഖസ്സാക്കിലെ ഒരു കഥാപാത്രത്തെക്കുറിച്ച് എഴുതി
  രാകേഷ് നന്നായെഴുതി .

  ReplyDelete
 14. മഹാത്മജിക്ക് നഷ്ടപ്പെട്ട “നോബൽ” പോലെ വിജയനെ തിരിച്ചറിയാൻ കഴിയാതെ പോയ ജ്ഞാന പീഠത്തിനു അതിന്റെ വില കുറയുകയായിരുന്നു എന്നെ വിശ്വസിക്കാൻ കഴിയൂ..

  അവാർഡ് കമ്മിറ്റിയിൽ എം ടി പുലർത്തിയ അർത്ഥ ഗർഭ്ഭമായ മൗനമായിരുന്നു വിജയനു അതു നഷ്ടപ്പെടുത്തിയത് എന്നറിഞ്ഞപ്പോൾ അതു വരെ സ്നേഹിച്ചിരുന്ന എം ടി യെന്ന എഴുത്തുകാരനോട് ചെറുതല്ലാത്ത ദേഷ്യം തോന്നിയിട്ടുണ്ട്..

  ഓ വി വിജയന്റെ മായികമായ ഭാഷയും ശൈലിയും,ദാർശനികതയും കണ്ട് അത് വരെ എഴുതിയിരുന്ന പലർക്കും വിറളി പിടിച്ചിരുന്നു എന്നതായിരുന്നു വാസ്തവം.
  ചുരുക്കം ചിലർ ഖസാക്ക് വായിച്ച് സാക്ഷരരുമായി. .

  ഖസാക്ക് അത് വരെ മലയാള സാഹിത്യത്തിലുണ്ടായിരുന്ന സകല മാമൂലുകളെയും തകർത്ത് കളഞ്ഞു..

  വിലാസിനി അടക്കം പല പ്രശസ്തരും ഖസാക്കിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചു..
  ജി എൻ പണിക്കരെ മുൻനിർത്തി ചിലർ വിജയനെ തകർക്കാൻ ബോധപൂർവ്വം സൃഷ്ടിച്ചതായിരുന്നു..”ബൻഗർവാടിയുടെ ഇതിഹാസം” എന്ന ആരോപണം..

  ഇതിഹാസത്തിന്റെ ഇതിഹാസത്തിൽ വിജയൻ ഖസാക്കിലെ സർവ്വ കഥാപാത്രങ്ങളുടെയും പാത്ര സൃഷ്ടിക്ക് നിദാനമായവരെ വരച്ചിട്ട് കൊണ്ടാണ് പ്രതികരിച്ചത്…

  പക്ഷെ അക്ഷരസമക്ഷം എന്ന പുസ്തകത്തിൽ തന്റെ ആരോപണം പുതുക്കി പണിക്കർ വീണ്ടും പറയുന്നു…വിജയൻ സ്വന്തമായിട്ട് സൃഷ്ടിച്ചത്..”അപ്പുക്കിളിയെ” മാത്രമാണത്രെ…

  ഇന്ത്യൻ സാഹിത്യത്തിൽ പ്രകടമായ ഒരു സമാനതകളുമില്ലാത്ത അപ്പുക്കിളിയെ പോലെ ദാർശനിക മാനം ഉള്ള ഒരു പാത്രസൃഷ്ടി നടത്താനും യോഗാത്മകമായ ശൈലി കൊണ്ട് ഭാഷയുടെ സൗന്ദര്യം വിരിയിക്കുവാനും കഴിഞ്ഞ വിജയനു ബൻഗർവാടി പകർത്തി ഇതിഹാസം എഴുതണമെന്ന് പറഞ്ഞാൽ സഹതപിക്കാനെ പിന്നെ നിവൃത്തിയുള്ളു..

  സക്കറിയ പറഞ്ഞതിൽ വിയോജിപ്പ് ഉണ്ടെങ്കിലും ധർമ്മപുരാണം എന്ന തന്റെ കൃതി കൊണ്ട് വിജയൻ ഖസാക്കിന്റെ സ്വാധീനത്തിൽ നിന്ന് പുറത്ത് കടന്നിരുന്നു..പക്ഷെ അദ്ദേഹം തുടർന്ന് ആത്മീയതയിലേക്ക് ചലിക്കുകയും ചരിക്കുകയും ചെയ്തത് കൊണ്ട്..നഷ്ടപ്പെടുത്തിയത് മറ്റ് പല ഇതിഹാസങ്ങളുമായിരുന്നു..

  വിജയൻ ഇംഗ്ലീഷിലോ മറ്റു ഭാഷയിലോ എഴുതിയിരുന്നുവെങ്കിൽ മലയാളികൾ അടക്കം ഉള്ള ഇന്ത്യൻ സാഹിത്യലോകം അദ്ദേഹത്തെ കൂടുതൽ അറിയുമായിരുന്നു എന്നും തോന്നിയിട്ടുണ്ട്

  ReplyDelete
 15. ഞാന്‍ നിരവധി പ്രാവശ്യം വായിക്കുവാനായാരംഭിച്ച് ഒന്നു രണ്ടു പേജുകള്‍ കഴിയുമ്പോള്‍ ആലസ്യമാര്‍ന്നടച്ചുവച്ചിട്ടുള്ള പുസ്തകമാണ് ഖസാക്കിന്റെ ഇതിഹാസം.എന്താണു കാര്യമെന്നെനിക്കിപ്പോഴുമറിയില്ല.എന്റെ വായനയുടെ തകരാറോ ആസ്വാദനത്തിന്റെ കുറവോ ആയിരിക്കാം.

  ReplyDelete
 16. ഖസാക്കിന്റെ ഇതിഹാസം ഓരോ തവണ വായിക്കുമ്പോഴും വ്യത്യസ്ത അർത്ഥ തലങ്ങൾ തെളിഞ്ഞുവരും എന്ന് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്. ഞാൻ ഒരിക്കലേ വായിച്ചിട്ടുള്ളൂ. കുട്ടിക്കാലത്ത് എനിക്ക് ചുറ്റുമുണ്ടായിരുന്ന ഒരുപാടുപേർ സംസാരിച്ചിരുന്ന ശൈലി എഴുതിക്കണ്ടപ്പോൾ ശരിക്കും അതെ സ്ലാങ്ങിൽ തന്നെ വായിക്കാനും മനസിലാക്കാനും കഴിഞ്ഞിട്ടുണ്ട് ഓരോ സംഭാഷണവും.

  പിന്നെ മൈമുന മാത്രമല്ല അതിലെ ഓരോരുത്തരും പൂർണ്ണമായും മനസിലേക്ക് കയറാൻ കൂട്ടാക്കാതെ വഴുതിപ്പോവുന്ന കഥാപാത്രങ്ങൾ ആണെന്ന് തോന്നിയിട്ടുണ്ട്.

  ഇതൊക്കെയാണെങ്കിലും മൈമൂനയെ ഇത്ര സൂക്ഷ്മമായി നിരീക്ഷിച്ചു എഴുതിയ ഈ പോസ്റ്റ്‌ ഒരു നല്ല വായനാനുഭവം ആയിരുന്നു.

  Thank you!

  ReplyDelete
 17. വളരെ ചെറുപ്പത്തില്‍ ആണ് ഞാന്‍ ആദ്യമായി ഖസാക്കിന്റെ ഇതിഹാസം വായിക്കുന്നത്.... അതായത് സ്കൂള്‍ കുട്ടി ആയിരിക്കുമ്പോള്‍. എട്ടിലോ ഒന്പതിലോ മറ്റോ... ഒരു ചെതലിമലയും രവി എന്ന കഥാപാത്രത്തിന്റെ പേരും ഒഴിച്ച് ബാക്കി എല്ലാം മാഞ്ഞു പോയിരുന്നു. അല്ലെങ്കില്‍ തന്നെ ഉള്ക്കൊ ള്ളാന്‍ കഴിഞ്ഞ പ്രായം ആയിരുന്നില്ല. ഇപ്പൊ ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ആ നോവല്‍ വീണ്ടും വായിച്ചപ്പോള്‍ ഏകാന്തതയുടെയുടെയും ദുരിതങ്ങളുടെയും ഒരു യുദ്ധഭൂമിയായിട്ടു ആണ് എനിക്ക് തോന്നിയത്. ഖസാക്കിന്റെ ഇതിഹാസം എന്ന പേര് തന്നെ മാറ്റി ഖസാക്കിന്റെ ദുരന്തം എന്നോ മറ്റോ ആക്കണം എന്ന് പോലും വായനക്കിടയില്‍ തോന്നി. പല രംഗങ്ങളിലും എനിക്ക് വല്ലാത്ത മനോവേദന അനുഭവപ്പെട്ടു. ഓരോ കഥാപാത്രങ്ങളെയും ഒരു ദുരന്ത ഭൂമികയിലൂടെ കടത്തി വിട്ടു ആത്മസുഖം/ദുഃഖം രതി അനുഭവിച്ച കഥാകാരനെ ഒരു വേള ചീത്തവിളിക്കുകയും ചെയ്തു. ഈ കഥയില്‍ സന്തോഷമായി ജീവിക്കുന്ന ഒരു കഥാപാത്രം പോലും ഇല്ല എന്ന് ആതമ്ഗതം ചെയ്തു കൊണ്ടാണ് വായന അവസാനിപ്പിച്ചത് . തുടര്ന്ന് ‍ നോവലിനെ കുറിച്ച് ഏതെങ്കിലും നിരൂപണങ്ങള്‍ ഉണ്ടോ എന്ന് തിരയുന്നതിനിടയില്‍ ആണ് ഈ ബ്ലോഗിലെ ലേഖനം തടഞ്ഞത്. മൈമുന എന്ന കഥാപാത്രം പോലും എന്റെ കണ്ണടയിലൂടെ നോക്കുമ്പോ ദുരന്തപുത്രി ആയിരിക്കെ... തികച്ചും different perspective ല്‍ ആ കഥാപാത്രത്തെ ആശാഭരിതമായി നോക്കികാണാനുള്ള എഴുത്തുകാരന്റെ കഴിവ് സമ്മതിച്ചു തന്നെ മതിയാകൂ. മറ്റു കഥാപാത്രങ്ങളുടെ ദുരന്തത്തിന്റെ ആഘാതം എന്റെ ചിന്തകളെ ബാധിച്ചത് കൊണ്ടാകാം മൈമുനയുടെ ജീവിതത്തെ ആശാവഹമായി എനിക്ക് നോക്കി കാണാന്‍ കഴിയാതെ പോയത്. കഥയും കവിതയും അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്നത് വിശകലനം ചെയ്യാന്‍ കഴിവുള്ള വായനക്കാരിലൂടെയാണ്. താങ്കള്‍ അതിനു ഉത്തം ഉദാഹരണവും. എന്തായാലും ഖസാക്കിന്റെ ഇതിഹാസം ഇനി ഞാന്‍ ഓര്‍ക്കാന്‍ പോകുന്നത് താങ്കളുടെ ഈ ലേഖനത്തിന്റെ പുറത്തായിരിക്കും. നന്ദി സുഹൃത്തേ....

  ReplyDelete
  Replies
  1. Dev gauri എന്റെയും അനുഭവം അത് തന്നയാണ്. ആറേഴു വര്ഷങ്ങള്ക്കു മുൻപാണ് ഞാൻ ഈ നോവൽ അറിയാൻ ആദ്യ ശ്രമം നടത്തിയത്. എന്ത് പ്രാന്താണ് ഇത് എന്നും കരുതി അടച്ചുപൂട്ടി. ഇപ്പോൾ ഈ 27ആം വയസ്സിൽ വായിക്കുമ്പോൾ ആണ് ഉള്ളിൽ കൊളിത്തിപ്പിടിക്കുന്നത്‌...
   എനിക്ക് തോന്നുന്നത് ജീവിതത്തിൽ അനുഭവങ്ങൾ എത്രത്തോളം ഉണ്ടാവുന്നോ അത്രത്തോളം ഹൃദയത്തോട് അടുക്കും ഈ കൃതി. അനുഭവങ്ങൾ ആണല്ലോ എല്ലാം... ഞാനും വായന കഴിഞ്ഞ തിരച്ചലിൽ ആണ് ഈ ബ്ലോഗ് കാണുന്നെ.. നല്ല വായനയ്ക്ക് നന്ദി

   Delete
  2. Dev gauri എന്റെയും അനുഭവം അത് തന്നയാണ്. ആറേഴു വര്ഷങ്ങള്ക്കു മുൻപാണ് ഞാൻ ഈ നോവൽ അറിയാൻ ആദ്യ ശ്രമം നടത്തിയത്. എന്ത് പ്രാന്താണ് ഇത് എന്നും കരുതി അടച്ചുപൂട്ടി. ഇപ്പോൾ ഈ 27ആം വയസ്സിൽ വായിക്കുമ്പോൾ ആണ് ഉള്ളിൽ കൊളിത്തിപ്പിടിക്കുന്നത്‌...
   എനിക്ക് തോന്നുന്നത് ജീവിതത്തിൽ അനുഭവങ്ങൾ എത്രത്തോളം ഉണ്ടാവുന്നോ അത്രത്തോളം ഹൃദയത്തോട് അടുക്കും ഈ കൃതി. അനുഭവങ്ങൾ ആണല്ലോ എല്ലാം... ഞാനും വായന കഴിഞ്ഞ തിരച്ചലിൽ ആണ് ഈ ബ്ലോഗ് കാണുന്നെ.. നല്ല വായനയ്ക്ക് നന്ദി

   Delete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .