Like

...........

Monday 9 May 2011

കഥയല്ലിതു ജീവിതം - ഒരു റിയാലിറ്റി മെഗാഷോ





സാങ്കേതിക വിദ്യയുടെ വികാസം നമ്മുടെ ആസ്വാദനശേഷിയെ പ്രകടമായി ബാധിക്കുന്ന ഒന്നാണ് .കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഷക്കീല പടങ്ങളുടെ ആധിക്യത്തില്‍ നീല പുതച്ച കേരളത്തില്‍ ഇന്നു അത്തരമൊരു ചിത്രം വിജയിക്കാനുള്ള സാധ്യതകള്‍ പരിമിതപ്പെടുന്നത് സാങ്കേതിക വിദ്യയുടെ നീലപ്പല്ലുകള്‍ [blue Tooth ] കാഴ്ചക്കാരന്റെ ആസ്വാദനാനുഭവങ്ങളില്‍ വരുത്തിയ പരിണാമങ്ങള്‍ കൊണ്ടാണ് . കഥയും തിരക്കഥയുമെല്ലാമുള്ള ചലചിത്ര കാഴ്ചയില്‍ നിന്ന് അയലത്തെ വീട്ടിലെ ചേച്ചിയുടെ കുളി സീന്‍ കാണുന്ന നിര്‍വൃതി കിട്ടാന്‍ വഴിയില്ലല്ലോ . ഇവിടെ ഭാവനയും യാഥാര്‍ത്ഥ്യവും ഏറ്റ് മുട്ടുമ്പോള്‍ യാഥാര്‍ത്ഥ്യത്തിനാണ് കൂടുതല്‍ വിപണി മൂല്യം .3 ജിയുടെ വരവോടെ ഈ അയലത്തെ ചേച്ചിയോ ഹോസ്റ്റല്‍ മുറിയിലെ പെണ്‍കുട്ടിയോ മാറി കൂടുതല്‍ യാഥാര്‍ത്ഥ്യത്തോടെ ലൈവ് ആയി കാ‍ണാവുന്ന കാഴ്ചകള്‍ വരുന്നതോടെ ബ്ലൂടൂത്ത് വിപ്ലവത്തിനും കാഴ്ചക്കാര്‍ കുറയും .പുതുമയാണ് ഓരോ കാഴ്ചയുടെയും വിപണിമൂല്യത്തെ സ്വാധീനിക്കുന്നത് .


മലയാളികളുടെ സ്വീകരണ മുറിയെ കണ്ണീരണിയിച്ചിരുന്ന വികാരതീവ്രമായ മെഗാ സീരിയലുകള്‍ പെണ്ണുങ്ങള്‍ക്കു പോലും മടുത്തു തുടങ്ങിയ കാലത്താണ് റിയാലിറ്റി ഷോകള്‍ ആരംഭിച്ചത് .മെഗാസീരിയലുകളിലെ ‘ജീവിതഗന്ധിയായ‘ പരദൂഷണങ്ങളും അവിഹിതവേഴ്ചകളും മാത്രം കാണുന്നതിനെക്കാള്‍ പ്രതിഭകള്‍ മാറ്റുരക്കുന്ന റിയാലിറ്റിഷോകള്‍ സാമൂഹികമായി നല്ലതാണെന്ന വിലയിരുത്തലുകളുണ്ടായി പക്ഷെ കണ്ണീരും കരച്ചിലും കാലു പിടുത്തവും തന്നെ അവിടെയും .എങ്കിലും എരിവു പോരാതെയായി അതും മടുത്തു തുടങ്ങിതുടങ്ങിയപ്പോഴാണ് യഥാര്‍ത്ഥ ജീവിതത്തിലെ അവിഹിതങ്ങളും ദാമ്പത്യ പ്രശ്നങ്ങളും ഞാനടക്കമുള്ള മലയാളി ഒളിഞ്ഞു നോട്ടക്കാര്‍ക്കു മുന്നിലേക്ക് നീട്ടുന്നത് .കഴിഞ്ഞ ദിവസങ്ങളില്‍ മലയാളത്തിലെ സാംസ്കാരിക ശുദ്ധിയുള്ള ചാനലായ അമൃതാ ടി വി യില്‍ .കഥയല്ലിതു ജീവിതം “ എന്ന റിയാലിറ്റി ഷോയുടെ വാര്‍ഷികാചരണം നടക്കുന്നതു കണ്ടു .മെഗാസീരിയലുകളെ പോലും റേറ്റിങ്ങില്‍ കടത്തി വെട്ടുന്ന ജനപ്രിയ പരിപാടി എന്ന വിശേഷണത്തോടെയാണ് പരിപാടി തുടങ്ങുന്നതു തന്നെ.സ്ത്രീകളുടെ ശരീര പുഷ്ടി വര്‍ദ്ധിപ്പിക്കുന്ന ഒരു അല്‍ഭുതമരുന്നാണ് ഇതിന്റെ പ്രായോജകര്‍ .പഴയകാല സിനിമാ നടിയായ വിധുബാലയാണ് അവതാരക .അവരെക്കൂടാതെ കാഴ്ചക്കാരായി ഒരു സിനിമ കാണുന്ന ലാഘവത്തോടെ മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന് പറയപ്പെടുന്നവരും അടുത്തൂണ്‍ പറ്റിയ നിയമ പണ്ഡിതരും വേദിയില്‍ സന്നിഹിതരാണ് .

ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങള്‍ , മറ്റു കുടുംബ പ്രശ്നങ്ങള്‍ എന്നിവയെ കൌണ്‍സലിങ്ങ് നടത്തി പരിഹരിക്കുന്ന മാതൃകാ പരിപാടിയാണിതെന്നു അവതാരക പറയുന്നു .ഇത്തരം പ്രശ്നങ്ങളില്‍ പെടുന്നവരെ , അല്ലെങ്കില്‍ കുടുംബ കോടതിയില്‍ കേസ് കൊടുത്തിട്ടുള്ളവരെ അവിടെ നിന്നും വിവരങ്ങള്‍ ശേഖരിച്ചു ബന്ധപ്പെട്ടാണു ഈ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് .പരിപാടിയില്‍ പങ്കെടുക്കുന്ന വാദിയെയും പ്രതിയെയും ഒരുമിച്ചിരുത്തി പരസ്യ വിചാരണയാണ് .വിചാരണക്കനുസരിച്ച് പഴ്ചാത്തല സംഗീതം ശോകമായും ത്രില്ലിങ്ങ് ആയും മാറി മാറി കേള്‍പ്പിക്കുന്നു .കക്ഷികളുടെ മുഖഭാവങ്ങള്‍ പല വിധത്തില്‍ ഒപ്പിയെടുത്തു കൊണ്ടു പ്രേക്ഷകരെ അവരുടെ വികാര വിക്ഷോഭങ്ങള്‍ വളരെ വ്യക്തമായി കാണിക്കുന്നുണ്ട് .അവതാരകയുടെ അതി വൈകാരികതയും നാടകീയതയും പരിപാടിക്കു കൊഴുപ്പു കൂട്ടാന്‍ കുറച്ചൊന്നുമല്ല സഹായിച്ചിരിക്കുന്നതു .യാദൃശ്ചികമായി ഈ പരിപാടിയുടെ രണ്ടു വ്യത്യസ്ത എപ്പിസോഡുകള്‍ മുഴുവനായി കാണാനിടയായി .

വിചാരണവേദി - 1

അവതാരകക്കു മുമ്പില്‍ വിചാരണ ചെയ്യപ്പെടുന്ന കഥാപാത്രങ്ങള്‍ - നിസ്സഹായതയുടെയും അവശതയുടെയും ആവരണമണിഞ്ഞ് ഒരു പുരുഷന്‍ , സാമാന്യം സൌന്ദര്യമുള്ള മുപ്പതുകളിലെത്തിയ ഒരു സ്ത്രീ , ഭാര്യാഭര്‍ത്താക്കന്മാരാണ് .പിന്നെ മക്കളായി ദുഖം ഖനീഭവിച്ച മുഖഭാവത്തോടെ 10 ഉം 12 ഉം വയസ്സായ രണ്ട് ആണ്‍കുട്ടികളും 5 വയസ്സില്‍ താഴെയുള്ള ഒരു പെണ്‍കുഞ്ഞും .അയല്‍ വീട്ടിലെ പയ്യനുമായി അവിഹിത ബന്ധം ആരോപിക്കപ്പെട്ടിരിക്കുകയാണ് സ്ത്രീ .അതില്‍ ഒരു ആണ്‍കുട്ടിയോട് ചോദിക്കുന്നുണ്ട് എന്താണ് അമ്മയെ ഇഷ്ടമല്ലാത്തതെന്ന് - അല്പം വൈഷമ്യത്തോടെ ആ കുട്ടി അമ്മ ചീത്തയാണെന്നു പറയുന്നു .അതിനു ശേഷം രാത്രി സമയങ്ങളില്‍ അയല്വീട്ടിലെ പയ്യനുമായി സംസാരിക്കുന്നത് കണ്ടുവെന്ന ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ ശരിയാണൊ എന്നന്വേഷിക്കുകയാണ് അവതാരക -

ഭാര്യ - ഒരിക്കല്‍ രാത്രിയില്‍ ആ പയ്യനുമായി‍ സംസാരിക്കുന്നതു‍ കണ്ടിട്ടുണ്ട് .
അവതാരക - രാത്രി എത്ര സമയമായിക്കാണും ?
ഭാര്യ - ഒരു രണ്ടു മൂന്നു മണിയോടടുപ്പിച്ച് .
അവതാരക - ആ സമയത്തു നിങ്ങളെന്താണ് സംസാരിച്ചതു ?
ഭാര്യ - പിറ്റേ ദിവസം തേങ്ങ ഇടുന്ന കാര്യമായിരുന്നു
.

പാതിരാത്രി 2 മണിക്കു അയലത്തെ യുവാവുമായി തേങ്ങയിടുന്ന കാര്യമാണ് സംസാരിച്ചതു എന്നുള്ളത് വലിയൊരു ഫലിതത്തിന്റെ ഫലമാണു ഉണ്ടാക്കുക .അതു കേട്ടിരിക്കുന്ന സാമാന്യ ബോധമുള്ള എല്ലാവരും ‍ പൊട്ടിച്ചിരിക്കുമെന്നത് ഉറപ്പാണ് .അവതാരകയും നിയമജ്ഞരുമെല്ലാം അടക്കിപ്പിടിച്ച ചിരിയോടെ പരസ്പരം നോക്കുന്നു . പരിപാടിയില്‍ പങ്കെടുക്കുന്നവരെ അണിയറയില്‍ വെച്ചു തന്നെ എല്ലാ കാര്യങ്ങളും ചോദിച്ചു ഒരു ചെറിയ തയ്യാറെടുപ്പുകള്‍ നടത്തി തന്നെ മാത്രമെ ക്യാമറക്കു മുന്നില്‍ പ്രത്യക്ഷപ്പെടുത്തു എന്നിരിക്കെ ഇത്തരത്തില്‍ മനപ്പൂര്‍വ്വമായ രംഗങ്ങള്‍ സൃഷ്ടിക്കുന്നത് ജനപ്രിയ പരിപാടിയുടെ ഫോര്‍മുലയിലെ നര്‍മ്മവും കണ്ണീരുമെല്ലാം സമാസമം ചേര്‍ത്തെടുക്കാനാവണം .പക്ഷെ വിദ്യാഭ്യാസം കുറഞ്ഞ ഒരു നാട്ടുമ്പുറത്തുകാരിയുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്തു മനപ്പൂര്‍വ്വം അവിടെ നര്‍മ്മം നിറക്കുമ്പോള്‍ ആ നിമിഷത്തില്‍ കണ്ണീരോടെ തല താഴ്ത്തിയിരിക്കുന്ന രണ്ടു കൊച്ചു കുട്ടികളുടെ ഭാവി ആ ചിരിയില്‍ തകര്‍ന്നു പോയിട്ടുണ്ടാകും എന്നു ഇവരെന്തു കൊണ്ടാണ് മനസ്സിലാക്കാത്തത് .ആ സ്ത്രീയുടെ പരപുരുഷ ബന്ധം പൊതു വേദിയില്‍ തെളിയിച്ചിട്ടാണ് ദമ്പതികളെ ഒരുമിപ്പിച്ചെന്നു ഗീര്‍വാണം മുഴക്കുന്നത് .

വിചാരണ വേദി - 2

മകള്‍ പിഴച്ചു പോയെന്നു ആരോപിച്ചു ഒരമ്മയും അച്ഛനും ആണ് ഇത്തവണ വേദിയില്‍ ഉള്ളത് .മകളുടെ പേരും ജോലി ചെയ്യുന്ന സ്ഥാപനവും വിലാസവും എല്ലാം പരസ്യമായി തന്നെ വെളിപ്പെടുത്തുന്നുണ്ട് . ബാങ്ക്ലൂരില്‍ ഒറാക്കിള്‍ സോഫ്റ്റ് വയര്‍ കമ്പനിയില്‍ എഞ്ചിനീയറായ ശ്യാമ എന്ന പെണ്‍കുട്ടിയാണ് കഥാപാത്രം .എതിര്‍ കക്ഷിക്കാരിയായ ശ്യാമ വന്നിട്ടില്ല , .ശ്യാമ വരാത്തതിനു പകരമായി ആ പെണ്‍ കുട്ടിയുടെ നിരവധി ഫോട്ടോഗ്രാഫുകള്‍ ഉണ്ട് .പ്രധാന ആരോപണം അച്ഛനുമമ്മക്കും ചിലവിനു കൊടുക്കുന്നില്ല ആധുനിക ഭ്രമമുള്ളത് കൊണ്ടു പഴഞ്ചന്മാരായ മാതാ പിതാക്കളെ നോക്കുന്നില്ല ,പെണ്‍ കുട്ടി ദുര്‍ന്നടപ്പുകാരിയാണ് എന്നൊക്കെയാണ് .ഇടക്കിടെ ശ്യാമയുടെ വിവിധ ഫോട്ടോഗ്രാഫുകള്‍ സ്ക്രീനില്‍ കാണിക്കുന്നുണ്ട് .ജീന്‍സും ടോപ്പുമണിഞ്ഞ ഒരു ഫോട്ടോ - ആധുനിക ഭ്രമത്തിലാണെന്നു വിലയിരുത്തിക്കൊണ്ടു അവതാരക മാതാപിതാക്കളുടെ വാദം സമ്മതിക്കുന്നുമുണ്ട് .പിന്നെ കുറച്ചു നേരം അമ്മയുടെ വകയാണ് - കൂട്ടുകാരിയുമായി ചേര്‍ന്നു മാതാപിതാക്കളെ അനുസരിക്കുന്നില്ല, കാമുകനുമായി വഴിവിട്ട ബന്ധമുണ്ട് എന്നിങ്ങനെ പെണ്‍ കുട്ടിയുടെ ദുര്‍ന്നടത്തയെക്കുറിച്ചുള്ള വിവരണങ്ങളാണ്.ചില സമയങ്ങളില്‍ വിവരണത്തിന്റെ ആഘാതം താങ്ങാനാകാതെ അവതാരക കഷ്ടം വെക്കുന്നുണ്ട് “ഇങ്ങനെയും പെണ്മക്കളോയെന്ന് “ ആശ്ചര്യം നിറഞ്ഞ ഭാവത്തോടെ നോക്കുന്നുണ്ടു .പശ്ചാത്തലത്തില്‍ ദ്രുതതാളത്തിലുള്ള സംഗീതം .

അവസാനം മകളെ വഴി തെറ്റിച്ച കൂട്ടുകാരിയെ ഫോണില്‍ വിളിക്കുന്നു .ഈ ഫോണ്‍ വിളി പരസ്യമായി തന്നെ ചാനലിലൂടെ കാണിക്കുന്നുണ്ട് , ഇതിനായി ഫോണില്‍ സംസാരിക്കുന്ന ആളുകളുടെ സമ്മതം വാങ്ങുന്നില്ല . കൂട്ടുകാരി പറയുന്നു -

ആ കുട്ടിയെന്റെ കൂട്ടുകാരിയായിരുന്നു ഇപ്പോള്‍ അല്ല .ആ പെണ്‍കുട്ടിക്കു ഒരു പ്രണയമുണ്ടായിരുന്നു അതു അമ്മയുടെ സമ്മതമില്ലാത്തതിനാല്‍ നടന്നില്ല എന്നിട്ടും ആ അമ്മ തന്നെ മകള്‍ പലരുമായി കിടക്ക പങ്കിടുന്നവളാണെന്നു പറഞ്ഞു നടക്കുകയും അങ്ങനെ ആ കുട്ടിയെ പരമാവധി ആളുകളുടെ മുന്നില്‍ അപമാനിക്കുകയും അതും പോരാഞ്ഞു ബാങ്ക്ലൂരിലെ ഓറാക്കിള്‍ കമ്പനിയില്‍ ഉള്ള ജോലി കളയിച്ചു മകളെ കുത്തുപാളയെടുപ്പിക്കുമെന്നാണ് ശ്യാമയുടെ അമ്മയുടെ ശ്രമം .എന്റെ പഴയ കൂട്ടുകാരിയാണെന്നതിന്റെ പേരില്‍ മാത്രം അവരുടെ കുടുംബ പ്രശ്നത്തില്‍ പോലീസിനെക്കൊണ്ടു പോലും വിളിപ്പിച്ചു ചോദ്യം ചെയ്യിച്ചു ഇനിയും എന്നെ ഇത്തരം കാര്യങ്ങളില്‍ ഇടപെടുത്തരുതെന്ന് അപേക്ഷിക്കുകയാണ് “ എന്നു പറഞ്ഞു കൊണ്ടു നിര്‍ത്തി .

അടുത്ത ഊഴം പരാമര്‍ശ വിധേയയായ ശ്യാമ എന്ന പെണ്‍കുട്ടിയുടേതാണ് - ഫോണ്‍ എടുത്തപ്പോള്‍ തന്നെ ഇംഗ്ലീഷിലാണ് ശ്യാമ സംസാരിച്ചു തുടങ്ങിയത് , മാന്യമായ രീതിയില്‍ തന്നെ .അമൃതാ ടി വി യില്‍ നിന്നാണ് ഒരു പ്രോഗ്രാമില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ പ്രാങ്ക് കോളാണോ എന്ന് സംശയം ചോദിച്ചു .ആ സമയത്തു‍ അവതാരകയായ വിധുബാലയുടെ ആത്മാഭിമാനം ഉണര്‍ന്നു .മലയാളികള്‍ എല്ലാം അറിയുന്ന പ്രസിദ്ധ സിനിമാ താരമാണ് താനെന്നും കുട്ടി ജനിക്കുന്നതിന് മുമ്പേ തന്നെ നടിയാണെന്നും പറഞ്ഞപ്പോള്‍ പെണ്‍കുട്ടി താനങ്ങനെയല്ല ഉദ്ദേശിച്ചതെന്നും ചാനലില്‍ നിന്നാണ് എന്നു പറഞ്ഞു വരുന്ന പ്രാങ്ക് കോളുകളെക്കുറിച്ചാണ് സംശയം പ്രകടിപ്പിച്ചതെന്നും വ്യക്തമാക്കി. അടുത്തതായി പെണ്‍കുട്ടിയെക്കുറിച്ചുള്ള ആരൊപണങ്ങളുടെ നിജ സ്ഥിതി അറിയാനാണ് വിളിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ - ഇത്തരത്തില്‍ ഒരു ആരോപണമുണ്ടെങ്കില്‍ ജുഡീഷ്യറിയും നിയമ വ്യവസ്ഥയും കൈകാര്യം ചെയ്യേണ്ട ഒരു കാര്യമാണെന്നും അതു ചാനലുകല്‍‍ ഏറ്റെടുക്കുന്നത് ശരിയല്ലെന്ന് പറഞ്ഞു കൊണ്ടു ആ പെണ്‍കുട്ടി സഹകരിക്കാന്‍ തയ്യാറായി ഇത്തരത്തില്‍ സ്വകാര്യമായി ചോദിക്കേണ്ട കാര്യങ്ങള്‍ ഒരു കൂട്ടം ആളുകള്‍ക്കു മുന്നില്‍ പരസ്യമായി പറയേണ്ട കാര്യങ്ങളല്ലെന്നും തന്നെ മുന്‍ കൂട്ടി അറിയിക്കാതെ ഈ ഫോണ്‍ സംഭാഷണം പരസ്യമാക്കിയത് ശരിയായില്ലെന്നും ആ പെണ്‍കുട്ടി മാന്യമായി തന്നെ പറഞ്ഞു . എന്നീട്ടും ഔചിത്യബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത അവതാരക പ്രശ്നത്തില്‍ പെണ്‍കുട്ടിയുടെ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയാണ് .‍ തനിക്കു അരമണിക്കൂറിനകം ഓഫീസിലെത്തേണ്ടതുണ്ടെന്നും അതിനാല്‍ നാളെ സംസാരിക്കാമെന്നും പറഞ്ഞുകൊണ്ടു പെണ്‍കുട്ടി ഫോണ്‍ കട്ടു ചെയ്തു .

ഇത് കേട്ടതോടെ ആ പെണ്‍കുട്ടി എന്തോ മഹാപരാധം ചെയ്ത മട്ടില്‍ അവതാരക പ്രേക്ഷകന് നേരേ നോക്കുന്നു .
വേദിയിലുണ്ടായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഉടന്‍ തന്നെ പ്രസ്താവിച്ചു - ആ പെണ്‍കുട്ടി അബ്നോര്‍മലാണ് . അകമ്പടിയായി അവതാരകയുടെ കണ്ടെത്തല്‍ - കണ്ടോ ഇത്ര സമയം സംസാരിച്ചിട്ടും ഒരക്ഷരം മലയാളത്തില്‍ പറഞ്ഞില്ല , ഇതില്‍ നിന്നു തന്നെ ആ പെണ്‍കുട്ടി അമ്മയെ മറന്നു പോയ ആധുനിക ഭ്രമമുള്ള ഒരു പെണ്‍കുട്ടിയാണെന്നു മനസ്സിലാവും അതിനാല്‍ കുട്ടിക്കു നല്ല കൌണ്‍സലിങ്ങ് ആവശ്യമാണ് , ഇപ്പറഞ്ഞതു തല കുലുക്കി സമ്മതിക്കുന്ന നിയമ പണ്ഡിതന്‍. ഇവരുടെ ഒക്കെ നീതിന്യായം ഇതാണെങ്കില്‍ പദവിയിലിരിക്കുന്ന സമയത്തു എത്രയേറെ നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടായിരിക്കണം

ഇവിടെ ആര്‍ക്കാണ് കൌണ്‍സലിങ്ങ് കൊടുക്കേണ്ടത് ? ആരാണ് അബ്നോര്‍മല്‍ ?

മാന്യമായി ജോലി ചെയ്തു ജീവിക്കുന്ന ഒരു പെണ്‍കുട്ടിയെ ചില ദുരാരോപണങ്ങളുടെ പേരില്‍ ആ വിഷയത്തില്‍ ആ പെണ്‍കുട്ടിക്കു പറയാനുള്ളത് കേള്‍ക്കുന്നതിനു മുമ്പായി ഫോട്ടോയും മറ്റു വിവരണങ്ങളും പരസ്യമായി കൊടുത്തു കൊണ്ടു ഒരു ദുര്‍ന്നടപ്പുകാരിയായി അവതരിപ്പിക്കുന്നു - പൊതു കക്കൂസുകളില്‍ പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ എഴുതി വെക്കുന്ന മാനസിക രോഗികള്‍ ഇവരെക്കാള്‍ എത്ര ഭേദമാണ്.എന്നിട്ടു മുന്‍ കൂട്ടിയുള്ള സമ്മതമില്ലാതെ ഒരു വ്യക്തിയുമായി നടത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ ലക്ഷക്കണക്കിനാളുകള്‍ക്കു മുമ്പില്‍ പരസ്യമാക്കുക , അതും ആ വ്യക്തിയുടെ സ്വഭാവശുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ .ഇത്തരം കാര്യങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യേണ്ടതല്ല എന്നു പറഞ്ഞതു കൊണ്ടു മാത്രം ആ പെണ്‍കുട്ടി അബ്നോര്‍മലാണെന്നാണ് ഇതില്‍ പങ്കെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തക വിലയിരുത്തിയത്. ഇത്തരക്കാര്‍ കല്പിക്കുന്ന മനുഷ്യാവകാശം ഏത് രീതിയിലുള്ളതാണ് എന്നു ഒരു പിടിയുമില്ലല്ലോ കര്‍ത്താവെ .

ബാങ്ക്ലൂരില്‍ വര്‍ഷങ്ങളായി ജീവിക്കുന്ന , ഒറാക്കിളില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഒരു പെണ്‍ കുട്ടി ഇംഗ്ലീഷില്‍ സംസാരിച്ചപ്പോഴെക്കും അവതാരക അങ്ങു തീരുമാനിച്ചു - അമ്മയെ മറക്കുന്ന ആധുനിക ഭ്രമക്കാരിയാണെന്ന് . മലയാളത്തില്‍ സംസാരിച്ചാലെ മാതൃസ്നേഹം അളക്കാനാവൂ എന്നുണ്ടായിരുന്നെങ്കില്‍ അവര്‍ക്കു ആ പെണ്‍കുട്ടിയോടു മലയാളത്തില്‍ സംസാരിക്കാന്‍ ആവശ്യപ്പെടാമായിരുന്നു അതിനു പകരം അവതാരക തന്റെ ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കാനെന്നോളം ഇംഗ്ലീഷില്‍‍ തന്നെയാണു തുടര്‍ന്നു സംസാരിച്ചത് . പെണ്‍ കുട്ടി തെറ്റു ചെയ്തിട്ടില്ലെങ്കില്‍ ഈ പരിപാടിയില്‍ അതിന് മറുപടി പറയണമെന്നോ ഹാജരാകണമെന്നോ ആണ് അവതാരകയുടെ ഉത്തരവ് .27 വയസ്സായിട്ടും ഇഷ്ടപ്പെട്ട ഒരാളുമായി വിവാഹത്തിനു സമ്മതിക്കാതെ കറവ പശുവിനെ പോലെ എന്തിനാണു മകളെ നിര്‍ത്തിയിരിക്കുന്നതെന്നു തിരിച്ചൊരു ചോദ്യം പോലും ചോദിക്കാതെ, അമ്മ പരസ്യമായി പറയുന്ന ദുരാരോപണങ്ങള്‍ക്കു മറുപടി പരസ്യമായി പറഞ്ഞില്ലെങ്കില്‍ ആ പെണ്‍കുട്ടി ദുര്‍ന്നടപ്പുകാരിയാണ് .

ഏകപക്ഷീയമായ ഇത്തരം ആരൊപണങ്ങള്‍ പരസ്യമായി ഉന്നയിച്ചു കൊണ്ടു ആരോപണ വിധേയരെ ചാനലിലേക്കു വരാന്‍ ക്ഷണിക്കുകയാണ് പരിപാടിയുടെ നടത്തിപ്പുകാര്‍ .പലപ്പോഴും ഈ ക്ഷണം തെരുവില്‍ പേനാക്കത്തിയുമായി നടക്കുന്ന കവലചട്ടമ്പിയുടെ “ആണാണെങ്കില്‍ വന്നു മുട്ടടാ “ എന്ന വെല്ലുവിളി പോലെയായിരിക്കും .നിങ്ങള്‍ക്കെതിരെയുള്ള ആരൊപണങ്ങള്‍ തെറ്റാണെന്നു നിങ്ങള്‍ ഇവിടെ വന്നു പരസ്യമായി തെളിയിക്കണം , അതിനു വേണ്ടി നിങ്ങള്‍ക്കെതിരെ ആരോപണമുന്നയിച്ച വ്യക്തിയുമായി നിങ്ങള്‍ക്കുള്ള പ്രശ്നങ്ങള്‍ പരസ്യമായി വിഴുപ്പലക്കണം അല്ലാത്ത പക്ഷം നിങ്ങള്‍ തെറ്റുകാരന്‍/ തെറ്റുകാരി ആയിരിക്കും , ഇതെന്തു ന്യായമാണ് ?

ആരാണ് ഈ ചാനലുകാര്‍ക്ക് ആളുകളെ അവരുടെ സമ്മതമില്ലാതെ പരസ്യവിചാരണ ചെയ്യാന്‍ ഉള്ള അവകാശം കൊടുത്തത് ? KELSA[കേരളാ ലീഗല്‍ സര്‍വീസ് അതോറിറ്റി]എന്നൊരു സംഘടന എന്തു അധികാരത്തിലാണ് ഇതിനൂ കൂട്ടു നില്‍ക്കുന്നത് ?.ഹൈക്കോടതി ജസ്റ്റിസ് രക്ഷാധികാരിയായ ഒരു സംഘടന ഇതില്‍ പങ്കെടുക്കുന്നത് മൂലം ഇതിന് നിയമ അംഗീകാരം ലഭിക്കുന്നുണ്ടു എന്നു സാമാന്യ ജനങ്ങളെ വിശ്വസിപ്പിക്കുകയാണു ചെയ്യുന്നതു. ഇവരുടെ ജുറിസ്ഡിക്ഷന്‍ എന്താണ് ?അന്വേഷി അജിതയുടെ നേതൃത്വത്തില്‍ ഒരു പറ്റം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ പരിപാടിയുടെ സ്ത്രീ വിരുദ്ധതയും കുട്ടികളെ പൊതുവേദിയില്‍ അതിവൈകാരികതയോടെ പ്രത്യക്ഷപ്പെടുത്തുന്നതും ചൂണ്ടിക്കാട്ടി നാഷണല്‍ ലീഗല്‍ സെര്‍വീസ് അതോറിറ്റിക്കു [NALSA]ക്കു പരാതി അയച്ചു കൊടുത്തിരുന്നെങ്കിലും ഇപ്പോഴും പരിപാടി വാര്‍ഷികം പിന്നിട്ട് നടന്നു കൊണ്ടിരിക്കുന്നു .

സാമൂഹികമായും വിദ്യഭ്യാസ പരമായും താഴെക്കിടയിലുള്ള ആളുകളുടെ ദാമ്പത്യ കലഹങ്ങളോ അല്ലെങ്കില്‍ മധ്യവര്‍ത്തി സമൂഹത്തിലെ ഏക പക്ഷീയമായ ആരോപണങ്ങളോ റിയാലിറ്റി ഷോ ആക്കി അവതരിപ്പിച്ച് അതിന്റെ സെന്റിമെന്റ്സുകളെ കോമഡിയാക്കി മാറ്റി ചാനല്‍ റേറ്റിങ്ങ് കൂട്ടി സമ്പാദിക്കുന്ന , അന്യരുടെ സ്വകാര്യതകളെ ഒളിഞ്ഞ് നോക്കി പകര്‍ത്തി കാണികളെ രസിപ്പിക്കുന്ന ഈ നാണം കെട്ട കളിയാണോ ഇവരുടെയെല്ലാം സംസ്കാരം ?.

പ്രശ്നപരിഹാരത്തിനാണെന്ന വികലന്യായം ഉന്നയിച്ചു കൊണ്ടാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകളുടെ അജ്ഞത മുതലാ‍ക്കുന്നത് .അനേക നാളുകള്‍ ആയി പ്രശ്നപരിഹാരം ഇല്ലാതിരുന്ന പല കാര്യങ്ങളും പരിഹരിക്കപ്പെട്ടുവത്രെ .ദാമ്പത്യ പ്രശ്നങ്ങളിലെ അവിഹിതവും മറ്റും പരസ്യമായി ആരോപിച്ചതിന് ശേഷം ഒത്ത് തീര്‍പ്പായി പോകുന്നു എന്ന് അവകാശ വാദമുന്നയിക്കുന്നതു കേള്‍ക്കാന്‍ രസമുള്ള കാര്യമാണ് .ഒത്ത് തീര്‍പ്പായി വേദിയില്‍ നിന്ന് പോകുന്നുണ്ടാകാം എങ്കിലും നാട് മുഴുവന്‍ അറിയുകയും വീണ്ടും ആ പ്രശ്നം പൊന്തി വരികയും ചെയ്യും എന്നുള്ളത് നൂറു ശതമാനവും ഉറപ്പാണ് . ഇതില്‍ പങ്കെടുക്കുന്നവരുടെ കുട്ടികളെ അവരെ പിന്തുടരുന്ന ഈ പരസ്യവിചാരണയുടെ ഭാരം എത്ര മാത്രം ബാധിക്കുന്നുണ്ട് എന്നു അവരറിയുന്നില്ല . ഇരു പുറവും അവരുടെ അച്ഛനമ്മമാരുടെ ആരൊപണ പ്രത്യാരോപണങ്ങള്‍ [അവിഹിതങ്ങള്‍ വരെ] പരസ്യമായി പറയാന്‍ പ്രേരിപ്പിക്കുന്നതു എത്ര മാത്രം ക്രൂരമാണ് , ഇതിലും മാന്യതയുണ്ടല്ലോ മെഗാ സീരിയലുകള്‍ക്ക് .

ഈ ഷോയില്‍ കാണിക്കുന്ന ജീവിതങ്ങള്‍ ആരാന്റമ്മക്ക് ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ചേല് എന്ന കണക്കിന് നമുക്ക് അര മണിക്ക്കൂര്‍ നേരത്തെ വിനോദം മാത്രം . പക്ഷെ അതിന് ശേഷം ആ കുടുംബത്തിന് , അവരുടെ കുട്ടികള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നാരും അന്വേഷിക്കില്ല . ജീവിതകാലം മുഴുവന്‍ ഈ അപമാന ഭാരവുമായി ആ കുട്ടികള്‍ വളരും .ഒരു പക്ഷെ അവരുടെ ചുറ്റുവട്ടത്ത് മാത്രം അറിയേണ്ട ഒരു സംഭവം എവിടെ ചെന്നാലും ആ കുട്ടികളെ വിടാതെ പിന്തുടരും .ദാമ്പത്യ ജീവിതത്തിലെ അവിഹിത ബന്ധമടക്കമുള്ള കാര്യങ്ങള്‍ പരസ്യവിചാരണക്ക് ശേഷം ഒത്തുതീര്‍പ്പിലെത്തി വീണ്ടും സുഖകരമായി ജീവിക്കാന്‍ മാത്രം സദാചാരപുരോഗതി അരാജക വാദികള്‍ പോലും കാണിക്കില്ലെന്നിരിക്കെ ഒരു കുടുംബത്തില്‍ തീര്‍ക്കേണ്ടുന്ന പ്രശ്നങ്ങള്‍ ‍ലക്ഷക്കണക്കിനു കാഴ്ചക്കാരുടെ വിനോദോപാധിയായി വിട്ടു കൊടുക്കുന്നതിന്റെ ധാര്‍മ്മികതയെന്ത് ? .

ചാനല്‍ പരിപാടികളില്‍ ധാര്‍മ്മികത ചോദിക്കുന്നത് അഭിസാരികയുടെ ചാരിത്ര്യശുദ്ധി അളക്കുന്നത് പോലെ തന്നെയായതു കൊണ്ടു ധാര്‍മ്മികതയെന്ന മുട്ടാപ്പോക്കു ന്യായങ്ങള്‍ നമുക്കു വിടാം .ഒരു സ്വകാര്യ ചാനലില്‍ കുടുംബ കോടതിയുടെ പരിഗണനക്കും വനിതാ സെല്ലിലേക്കും വരുന്ന പരാതികള്‍ പരസ്യ വിചാരണ ചെയ്യാനും അതില്‍ കക്ഷികളല്ലാത്ത ആളുകളെ വെറും ആരോപണങ്ങളുടെ പേരില്‍ മാത്രം വിളിച്ചു ഭീഷണിപ്പെടുത്താനും മാനഹാനി വരുത്താനും മാത്രമെന്തു അധികാരമാണ് നിയമ വ്യവസ്ഥ ഇവര്‍ക്കു കൊടുത്തിട്ടുള്ളത് ?

ഒരു പക്ഷെ അവരുടെ പരിസരങ്ങളില്‍ മാത്രം അറിയേണ്ടുന്ന ഒരു കാര്യം ,ഒരു അഭിഭാഷകന്റെയോ കൌണ്‍സിലറുടെയോ മാധ്യസ്തത്തില്‍ അവരുടെ കുടുംബത്തില്‍ തീര്‍ക്കേണ്ടുന്ന ഒരു കാര്യം ചാനല്‍ റേറ്റിങ്ങ് കൂട്ടാനുള്ള ത്വരയില്‍ പരസ്യമായി കൊട്ടിഘോഷീച്ചിട്ടു നിന്നു അട്ടഹസിക്കുകയാണ് ഞങ്ങള്‍ പ്രശ്നപരിഹാരങ്ങള്‍ നടത്തുന്നവരാണെന്നു ഇപ്പോള്‍ വാര്‍ഷികവും ആഘോഷിക്കുന്നു .പരിപാടിയെക്കുറിച്ചു നടത്തിപ്പുകാരുടെ അവകാശ വാദങ്ങളില്‍ അവര്‍ക്കു വിവിധ സ്ഥലങ്ങള്‍ റിസര്‍ച്ച് ടീം ഉണ്ടെന്ന് കണ്ടു .മഞ്ഞ പത്രക്കാരെ പോലെ കുടുംബകലഹങ്ങളെ ഒപ്പിയെടുക്കാന്‍ ഒളിഞ്ഞു നോട്ടമല്ലാതെ മറ്റെന്താണ് ഈ റിസര്‍ച്ച് ? .അമേരിക്കക്കാരുടെ ജെറി സ്പ്രിങ്കര്‍ ഷോയും രാഖി സാവന്തിന്റെ സ്വയംവര്‍ ഷോ യും കണ്ടു അവരുടെ സദാചാര മൂല്യച്യുതിയെക്കുറിച്ചു കഷ്ടം വെക്കുന്ന ഞങ്ങളുടെ ഈ ഒളിഞ്ഞുനോട്ടങ്ങള്‍ സംസ്കാര സമ്പന്നവും സദാചാര വിശുദ്ധിയുമുള്ളതുമാകുന്നു .ജയ് മാതാ അമൃദാനദമയി .