Like

...........

Saturday 17 March 2012

കഹാനി - വിസ്മയിപ്പിക്കുന്ന കഥ

ഏഴു പാട്ടും പിന്നെ രണ്ടു ഐറ്റം ഡാന്‍സും പിന്നെ ഒരു അലന്ന പ്രേമവും അതിനെ ചുറ്റിപ്പറ്റിയുള്ള മെലോഡ്രാമാ ക്ലൈമാക്സും ഫോര്‍മുലയാക്കി വെച്ചിരിക്കുന്ന ബോളീവുഡില്‍ പേരിനു പോലും ഒരു നായകനില്ലാതെ , വിദേശ ലൊക്കേഷനുകളില്ലാതെ , പ്രേമമില്ലാതെ , ഐറ്റം ഡാന്‍സില്ലാതെ എന്തിനു ഒരു പാട്ടു പോലുമില്ലാതെ , ഗ്ലാമര്‍ പ്രദര്‍ശനങ്ങളൊന്നുമില്ലാതെ മുഴുനീള ഗര്‍ഭിണിയായി മാത്രം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന ഒരു നായികയുമായി ഒരു ഹിന്ദി സിനിമ ബോക്സോഫീസില്‍ വിജയം നേടുമ്പോള്‍ അതൊരല്‍ഭുതം തന്നെയാണ് . പക്ഷെ സിനിമ കണ്ടു കഴിയുമ്പോള്‍ ആ അല്‍ഭുതം ഇല്ലാതെയാവും കാരണം ഇങ്ങനൊരു വിജയം ആ സിനിമ അര്‍ഹിക്കുന്നതു തന്നെയാണ് .ഒരു ഷെര്‍ലക്ക് ഹോംസ് കഥ പോലെ സിനിമയുടെ ആദ്യ കാഴ്ച മുതല്‍ കാണികളുടെ ഉള്ളില്‍ ഓരോ നിമിഷവും നിറയുന്ന ആകാംക്ഷയും ഉല്‍ക്കണ്ഠയും അവസാന കാഴ്ച വരെ നില നിര്‍ത്തിക്കൊണ്ട് ത്രസിപ്പിക്കുന്ന ഒരനുഭവമായിരുന്നു കഹാനി .ഇന്‍ഡ്യന്‍ സിനിമയില്‍ സമീപ കാലത്തിറങ്ങിയ ഏറ്റവും നല്ല ത്രില്ലര്‍ എന്നു പറയാവുന്ന സിനിമയാണ് .

ഏഴു മാസം ഗര്‍ഭിണിയായ , നിസ്സഹായയും നിരാലംബയുമായ വിദ്യാ ബാഗ്ച്ചി [വിദ്യാ ബാലന്‍ ] ഭര്‍ത്താവായ അര്‍ണാബ് ബാഗ്ചിയെ തേടിയാണ് ലണ്ടനില്‍ നിന്നും കല്‍ക്കത്തയിലേക്കു വരുന്നത് .അവളുടെ ജീവിതത്തിന്റെ ഒരേ ഒരു ലക്ഷ്യം നഷ്ടപ്പെട്ടു പോയ ഭര്‍ത്താവിനെ , ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞിന്റെ അച്ഛനെ കണ്ടെത്തുക എന്നതു മാത്രമാണ് .വിദ്യ ബാഗ്ച്ചിക്കു കൊല്‍ക്കത്താ നഗരം അപരിചിതമാണ് , ഭര്‍ത്താവ് പലപ്പോഴായി നല്‍കിയ സൂചനകളും വിവരണങ്ങളും അവളുടെ അന്വേഷണം എത്തിക്കുന്നത് കൊല്‍ക്കത്തയുടെ പ്രതാപങ്ങളില്‍ നിന്നും നൈരാശ്യം ബാധിച്ച വൃത്തികെട്ട തെരുവുകളിലേക്കും മൂന്നാം കിട ഹോട്ടലുകളിലും ആണ് . വിദ്യയുടെ നിസഹായതയില്‍ അനുതാപം തോന്നി ലോക്കല്‍ പോലീസ് സ്റ്റേഷനിലെ റാണ എന്ന പോലീസുകാരന്‍ അവളെ സഹായിക്കാന്‍ തയ്യാറാകുന്നു .

ഇരുണ്ട തെരുവുകളിലും അപരിചിതമായ ഇടങ്ങളിലും ഭര്‍ത്താവിന്റെ തിരോധാനത്തെക്കുറിച്ചു അന്വേഷണവുമായി ഇറങ്ങിത്തിരിക്കുന്ന ഭാര്യ ഷെര്‍ലക്ക് ഹോംസ് സീരീസിലെ പ്രശസ്തമായ The man with twisted lips കഥയെ ഓര്‍മ്മിപ്പിക്കും . സ്നേഹ സമ്പന്നനും കുലീനനുമായ തന്റെ ഭര്‍ത്താവ് തെരുവു ഗുണ്ടകളും ഭിക്ഷക്കാരും മാത്രമുള്ള ഒരു ഇരുണ്ട തെരുവില്‍ വെച്ച് അവിചാരിതമായി നഷ്ടപ്പെട്ടു പോകുമ്പോള്‍ പതറിപ്പോകുന്ന ഭാര്യ , ആ തെരുവിലെ ഗുണ്ടകള്‍ തന്റെ ഭര്‍ത്താവിനെ അപായപ്പെടുത്തിയതാണ് എന്നു വിശ്വസിക്കുന്നു പക്ഷെ യഥാര്‍ത്ഥത്തില്‍ ഭാര്യ അറിഞ്ഞാല്‍ നാണക്കേടുണ്ടാകുന്ന ഒരു തൊഴില്‍ ചെയ്യാനായി മറ്റൊരു രൂപവും പേരും സ്വീകരിച്ചിരിക്കുകയായിരുന്നു , ആ ഒരു അവസ്ഥയില്‍ നിന്നു പെട്ടെന്നു അയാള്‍ക്കു പെട്ടെന്നു തിരിച്ചു വരാനാകുന്നില്ല എന്നതാണ് The man with twisted lips ന്റെ കഥാ പശ്ചാത്തലം .ബെംഗാളികള്‍ക്കെല്ലാം രണ്ടു പേരുണ്ടാകുമെന്ന് പോലീസുകാരനും വഴിയില്‍ വെച്ചു കാണുന്ന കുട്ടിയും അവളൊട് പറയുമ്പോള്‍ ഭര്‍ത്താവിനു അത്തരമൊരു ദ്വന്ത ജീവിതമുണ്ടായിരിക്കുമോ എന്നവള്‍ ആശങ്കപ്പെട്ടിരിക്കാം .

ഭര്‍ത്താവ് പറഞ്ഞ വിവരങ്ങള്‍ വെച്ചു കൊണ്ടു അന്വേഷണം ആരംഭിക്കുന്ന വിദ്യാ , അര്‍ണാബ് താമസിച്ചിരുന്ന ഹോട്ടല്‍ , കുടുംബ വീട് , അയാള്‍ ജോലി ചെയ്തിരുന്ന നാഷണല്‍ ഡാറ്റാ സെന്റര്‍ ഇവിടെയൊന്നും അര്‍ണാബ് ബാഗ്ചിയുടെ യാതൊരു വിധ ശേഷിപ്പുകളും ഇല്ലാത്ത വിധം അജ്ഞാതമാണ് എന്നറിയുമ്പോള്‍ വിദ്യയുടെ അന്വേഷണം കൂടുതല്‍ ദുരൂഹമാകുന്നു .ഈ അന്വേഷണത്തിനിടയില്‍ അര്‍ണാബ് ബാഗ്ച്ചി വര്‍ക്കു ചെയ്തിരുന്നതായി പറയപ്പെടുന്ന നാഷണല്‍ ഡാറ്റാ സെന്ററിലെ HR Manager ആഗ്നസ് സഹായിക്കാമെന്നേല്‍ക്കുന്നു .അവരുടെ ഓര്‍മ്മയിലും റെക്കോഡിലും അര്‍ണാബ് ബാഗ്ച്ചി എന്നൊരാളെ ഒരു രേഖകളുമില്ല പക്ഷെ വിദ്യാ ബാഗ്ചി നല്‍കിയ വിവാഹ ഫോട്ടോയിലെ അര്‍ണാബിന്റെ രൂപം അവരോര്‍മ്മിക്കുന്നുണ്ട് അത് നാഷണല്‍ ഡാറ്റാ സെന്ററിലെ ഒരു പൂര്‍വ്വ ഉദ്യോഗസ്ഥനായ മിലന്‍ ധാമ്ജി എന്നയാളുമായി സാമ്യം പുലര്‍ത്തുന്നതായിരുന്നു പക്ഷെ മിലന്‍ ധാംജിയുടെ വിവരങ്ങള്‍ ആഗ്നസ്സിനു ലഭ്യമല്ലാത്ത വിധം പ്രൊട്ടക്റ്റ് ചെയ്തിരുന്നു . പിന്നീട് മിലന്‍ ധാംജിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാമെന്നു വാഗ്ദാനം ചെയ്ത ആഗ്നസ്സ് ഒരു വാടക കൊലയാളിയാല്‍ കൊല്ലപ്പെടുന്നു . അര്‍ണാബ് ബാഗ്ചിയുമായി രൂപ സാദൃശ്യമുള്ള മിലന്‍ ധാംജി എന്ന ഈ അജ്ഞാതനു പിന്നില്‍ എന്തൊക്കെയോ രഹസ്യങ്ങളുണ്ട് , അയാളെക്കുറിച്ചുള്ള അന്വേഷണം പോലും അപകടകരമായ ശ്രമമാണ് അത്തരം ശ്രമം പോലും ജീവനു ഭീഷണിയാണ് .

ദുരൂഹതയുണര്‍ത്തുന്ന കഥാപാത്രമായ മിലന്‍ ധാംജിയുമായുള്ള രൂപ സാദൃശ്യം അര്‍ണാബിനെ എന്തെങ്കിലും കുഴപ്പത്തില്‍ പെടുത്തിയിരിക്കുമോ അല്ലെങ്കില്‍ അര്‍ണാബും മിലനും ഒരാള്‍ തന്നെയാകുമോ എന്നുള്ള സംശയങ്ങള്‍ വിദ്യയുടെ നിസ്സഹായതയെ കൂടുതല്‍ ആശയ ക്കുഴപ്പത്തിലാക്കുന്നു . എന്തായാലും വിദ്യക്കു ഒരു കാര്യം ബോധ്യമാകുന്നു മിലന്‍ ധാംജി എന്ന അപരിചിതനിലൂടെ ടെ മാത്രമേ അര്‍ണാബിനെ കണ്ടെത്താനാകൂ , അന്വേഷണം അര്‍ണാബില്‍ നിന്നു മിലന്‍ ധാംജിയിലേക്കു തിരിയുമ്പോള്‍ വിദ്യയുടെ അന്വേഷണത്തെ സഹായിക്കാന്‍ തയ്യാറാകുന്നവരെല്ലാം ദുരൂഹമാം വിധം കൊല്ലപ്പെടുന്നു ആ അന്വേഷണം വിദ്യയുടെ ജീവനു പോലും ഭീഷണിയാകുന്നു. മിലന്‍ ധാംജിയിലേക്കുള്ള അന്വേഷണം എന്തോ നിഗൂഡമായ കാരണം കൊണ്ടു ഉന്നതങ്ങളിലുള്ള ആരെയൊക്കെയോ അലോസരപ്പെടുത്തുന്നുണ്ട് , ആ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ട് - പോലീസ് അധികൃതര്‍ പോലും വിദ്യുയെ പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നത് . പക്ഷെ തന്റെ ഇച്ഛാശക്തിയും ആത്മധൈര്യവും അതിലുപരി ഭര്‍ത്താവിനോടുള്ള സ്നേഹവും കൊണ്ട് പ്രതിബന്ധങ്ങളെയും ഭീഷണികളെയും മറികടന്നു അന്വേഷണം തുടരാന്‍ തന്നെ വിദ്യ തീരുമാനിക്കുന്നു .

വിദ്യയെ സഹായിക്കാനായി ഒപ്പം കൂടുന്ന റാണ എന്ന പോലീസുകാരന്‍ മിലന്‍ ധാംജിയെ അന്വേഷിക്കുന്ന ഒരു പോലീസ് സംഘത്തിലെ അംഗമാണ് എന്നു അന്വേഷണത്തിന്റെ ഒരു ഘട്ടത്തീല്‍ വെച്ചു വിദ്യ മനസ്സിലാക്കുന്നു , അവരുടെ അന്വേഷണത്തിനു വേണ്ടി വിദ്യയെ കരുവാക്കുകയായിരുന്നു എന്ന അറിവ് അവളെ തളര്‍ത്തുന്നു .ഗര്‍ഭിണിയായ ഒരു സ്ത്രീയെ ശത്രുക്കള്‍ അത്ര കാര്യമായെടുക്കില്ല എന്നതു കൊണ്ടാണ് പോലീസ് സംഘം വിദ്യയെ മിലന്‍ ധാംജിയെ തേടിയുള്ള അന്വേഷണത്തില്‍ മറയാക്കുന്നത് .നീണ്ട അന്വേഷണത്തിനൊടുവില്‍ മിലന്‍ ധാംജിയെ അവള്‍ കണ്ടെത്തുന്നു . ഉന്നതര്‍ക്കെതിരെ അവളുടെ കയ്യിലുള്ള രേഖകള്‍ കൈമാറിയാല്‍ അവളുടെ ഭര്‍ത്താവിനെ തിരിച്ചു തരാമെന്ന ഉറപ്പില്‍ മിലന്‍ ധാംജിയുമായി ഒരു കൂടിക്കാഴ്ചക്കു തയ്യാറാവുന്നു . മിലന്‍ ധാംജി വിദ്യയെ കാണുന്നതു വിദ്യയുടെ ജീവന്‍ അപകടത്തിലാകും അതറിഞ്ഞ് കൊണ്ടു തന്നെയാണ് പോലീസ് അത്തരമൊരു കൂടിക്കാഴ്ചക്കു സമ്മതിക്കുന്നതും കാരണം വിദ്യയുടെ ജീവനെക്കാള്‍ അവര്‍ക്കു പ്രധാനം മിലന്‍ ധാംജിയെ പിടികൂടുക എന്നതാണ് .അപകടകരമായ ഒരു സ്ഥിതിവിശേഷത്തിലെത്തി നില്‍ക്കുന്ന ആകാംക്ഷയുടെ മൂര്‍ദ്ധന്യത്തില്‍ മറ്റു ചില കാര്യങ്ങള്‍ അപ്രതീക്ഷിതമായി സംഭവിക്കുന്നു .


ക്ലൈമാക്സ് .

O .Henry കഥകളിലെ പോലെ വിസ്മയിപ്പിക്കുന്ന ഒരു കഥാന്ത്യം അതു വരെ നില നിര്‍ത്തുന്ന ആകാംക്ഷയോട് നീതി പുലര്‍ത്തുന്നുണ്ട് . നമ്മളിതു വരെ കണ്ടതെല്ലാം വെറും “കഹാനി [കഥ] മാത്രമായിരുന്നെന്നും നമ്മള്‍ കണ്ടതല്ല യഥാര്‍ത്ഥ കഥയെന്നും നമുക്കു മനസ്സിലാകുന്നു . സിനിമയില്‍ നിന്നു വേറിട്ടു ഇതിന്റെ പരിണാമ ഗുപ്തിയെപ്പറ്റി ഊഹിക്കുമ്പോള്‍ കിട്ടിയേക്കാവുന്ന നിരവധി സാധ്യതകളില്‍ ഒരു പക്ഷെ ഈ സസ്പെന്‍സും ഉണ്ടായേക്കാം പക്ഷെ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ പോലും സിനിമയില്‍ നിന്നു വേറിട്ടു ചിന്തിക്കാന്‍ ഒരു നിമിഷം പോലും നമുക്കു തരാതെ അടുത്ത നിമിഷമെന്തു സംഭവിക്കുന്ന ആകാംക്ഷയുടെ തീവ്രതയില്‍ നിര്‍ത്താന്‍ സിനിമയ്ക്കായിട്ടുണ്ട് . അപ്രവചനതീതമായ ക്ലൈമാക്സ് തന്നെയാണ് സിനിമയുടെ സൌന്ദര്യം നില നിര്‍ത്തുന്നത് . സമാന്തരമായി ഒരു ഇസ്ലാമിക തീവ്രവാദവും പാക്കിസ്ഥാന്‍ ലിങ്കുമെല്ലാം കുത്തിക്കയറ്റി രാജ്യസ്നേഹത്തിന്റെ മൂന്നാലു ഡയലോഗും കുത്തിക്കയറ്റാന്‍ വളരെയധികം സ്കോപ്പൂള്ള ഒരു പ്രമേയമായിരുന്നിട്ടൂം ആ വക ഊടായ്പ്പൊന്നുമുണ്ടായില്ല . ഗവണ്മെന്റ് നടത്തുന്ന രഹസ്യാന്വേഷണ പ്രൊജക്റ്റുകളില്‍ സംഭവിക്കാനിടയുള്ള പാളിച്ചകളെ പറ്റി അത്ര വിശദമല്ലെങ്കിലും സൂചിപ്പിക്കുന്നുണ്ട് .


അനുബന്ധം .

ഒരു നായികാ കേന്ദ്രീകൃത സിനിമ എന്ന നിലയ്ക്കു ഇതു പൂര്‍ണ്ണമായും വിദ്യാ ബാലന്റെ മാത്രം സിനിമയാണ് ,അമിതാഭിനയത്തിലേക്കും വൈകാരികപ്രകടനത്തിലേക്കും വഴുതി വീഴാവുന്ന ഒരു കഥാപാത്രമായിട്ടു പോലും കയ്യടക്കത്തോടെ , മിതത്വം പാലിച്ച് കഥാപാത്രത്തിന്റെ വ്യക്തിത്വത്തെ നില നിര്‍ത്തിക്കൊണ്ടു അഭിനയിച്ചു . സിനിമയുടെ 90 ശതമാനത്തിലേറെയും സമയം വിദ്യാബാലന്റെ കഥാപാത്രം തന്നെയാണ് , അതും ഗ്ലാമര്‍ പ്രദര്‍ശനമില്ലാതെ , പൂര്‍ണ്ണ ഗര്‍ഭിണിയായി ഉള്ള പരിമിതികളെയെല്ലാം വിദ്യാ ബാഗ്ച്ചിയായി വിദ്യാ ബാലന്‍ അസാമാന്യമായി പെര്‍ഫോം ചെയ്തിരിക്കുന്നു , ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ ആലസ്യത്തിലും വിദ്യക്കു വശ്യമായ സൌന്ദര്യം തോന്നിച്ചു :) . ഡേര്‍ട്ടി പിക്ചര്‍ കണ്ടിട്ടില്ല എങ്കിലും ദേശീയ അവാര്‍ഡ് അര്‍ഹിക്കുന്ന ഒരു അഭിനേത്രി തന്നെയാണ് വിദ്യ , അടുത്ത കൊല്ലവും ദേശീയ അവാര്‍ഡിന്റെ പരിഗണനാ ലിസ്റ്റില്‍ ഈ സിനിമയിലെ അഭിനയം കൊണ്ടു വിദ്യ ഉണ്ടാകുമെന്നുറപ്പാണ് . വിദ്യാ ബാലന്‍ ഒഴികെ ബാക്കിയുള്ള അഭിനേതാക്കളാരും തന്നെ ബോളിവുഡിനു പരിചിത മുഖങ്ങളല്ല എന്നിട്ടും സിനിമയുടെ ഓരോ സീനും ശ്രദ്ധയോടെ കാണാന്‍ പ്രേരിപ്പിക്കുന്നത് തിരക്കഥയുടെ , സംവിധാനത്തിന്റെ മികവ് തന്നെയാണ് പിഴവുകളില്ലാത്ത തിരക്കഥ , നല്ല സംവിധാനം സുജോയ് ഘോഷിനു മുഴുവന്‍ മാര്‍ക്കും കൊടുക്കാം .അമിതാബ് ബച്ചനാണ് നരേഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് അത് കൂടാതെ ഒരു ബെംഗാളി പാട്ടും പാടിയിട്ടുണ്ട് ,മറ്റു പാട്ടുകള്‍ ഒന്നുമില്ല .ബോളിവുഡില്‍ കൊല്‍ക്കത്ത പശ്ചാത്തലമായ സിനിമകള്‍ കുറവാണ് സുജോയ് ഘോഷ് ബംഗാളിയായതിനാലാവാം കൊല്‍ക്കത്തയെ തന്നെ തിരഞ്ഞെടുത്തത് .ബെംഗാളികളുടെ സ്വാഭാവിക സംസാര രീതികള്‍ കഥയുടെ മൊത്തം ഒഴുക്കിനൊപ്പം ഒരു ലാളിത്യമുള്ള നര്‍മ്മമായി തോന്നിച്ചു .

Wednesday 7 March 2012

രതിനിര്‍വ്വേദം“ബ്ലാവ് മരത്തിന്‍റെ ചോട്ടില്‍ രണ്ടു പാമ്പുകള്‍ ഇണചേര്‍ന്നു കിടന്നു,ഭീകരവും അതേസമയം കാമോദ്ദ്ദീപകവുമായ ദൃശ്യം ഒന്നു മറ്റൊന്നിന്‍റെ ദേഹത്തു ചുറ്റിപ്പിണഞ്നു രണ്ടും കൂടി ഒരു കയര്‍ പോലെ പിരിഞ്ഞു ഒപ്പം വാലിന്മേല്‍ കുത്തിയുയര്‍ന്നു , നിലത്തു കുത്തനെ നില്‍ക്കുന്ന ഒരു വടി !!! “


നടപ്പു സദാചാരത്തിന്റെ വിരുദ്ധ ചേരിയിലൊരു പ്രണയ കഥയായ പദ്മരാജന്റെ രതിനിര്‍വ്വേദം എന്ന നോവലൈറ്റിന്റെ ആരംഭം ഇങ്ങനെയാണ് .പപ്പു എന്ന പയ്യന്റെ കൌമാര കുതൂഹലതകളെ വിവരിച്ചു കൊണ്ടു , അപക്വമായ ആ പ്രായത്തില്‍ തോന്നാവുന്ന രതി കാമനകളെയും കൌതുകങ്ങളെയും വരച്ചു കാട്ടുന്ന ഒരു മനോഹര കൃതി .പദ്മരാജന്‍ ഏറ്റവുമധികം വിമര്‍ശനം ഏറ്റു വാങ്ങിയ ചലച്ചിത്ര സംരംഭമാണ് “രതിനിര്‍വ്വേദം “ .ലൈംഗിക അരാജകത്വം കേരള സമൂഹത്തിലേക്കു പടര്‍ത്തിയ സിനിമ , ഇക്കിളി പടത്തിനൊരു കാവ്യ രൂപം എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങളുടെ കാതല്‍ .പദ്മരാജനു അനുവാചകരുടെ ഇടയില്‍ ഒരു അരാജക വാദിയുടെ ഇമേജ് സൃഷ്ടിക്കാന്‍ കാരണമായ ഒരു സിനിമ കൂടിയായിരുന്നു രതി നിര്‍വ്വേദം , പിന്നീട് ആ അരാജകത്വരൂപം മരണശേഷം ഗന്ധര്‍വ്വ വേഷത്തിലേക്കു പരിണമിപ്പിക്കുകയായിരുന്നു . പക്ഷെ ലൈംഗിക അരാജകത്വവും സദാചാര വിരുദ്ധതയും ആരോപിക്കപ്പെടുന്ന പദ്മരാജന്‍ സിനിമകള്‍ യഥാര്‍ത്ഥത്തില്‍ പരമ്പരാഗത സദാചാരത്തിന്റെ ഏറ്റവും വലിയ പിന്തുടര്‍ച്ചകള്‍ ആയിരുന്നു .കുടുംബബന്ധത്തിനും അതിന്റെ കെട്ടുറപ്പും തന്നെയാണ് പദ്മരാജന്‍ സിനിമകളില്‍ ഭൂരിഭാഗത്തിന്റെയും കഥാതന്തു അവിഹിത ബന്ധങ്ങളും ലൈംഗിക അരാജകത്വവും ദുരന്തങ്ങളിലാണവസാനിക്കുക .

സുചരിതയും പതീഭക്തയും ആ‍യ ഭാര്യ ഉണ്ടായിരിക്കെ കണ്ണില്‍ കണ്ട പെണ്ണുങ്ങളുടെ പിന്നാലെ പോകുന്ന എല്ലാ ആണുങ്ങള്‍ക്കുമുള്ള മുന്നറിയിപ്പ് അവസാന “ശുഭം “ സീനില്‍ ഒരു നോട്ടീസ് പോലെ എഴുതി വെച്ചിട്ടാണ് പദ്മരാജന്റെ പില്‍ക്കാല ചിത്രവും ആദ്യ സംവിധാന സംരഭവുമായ കള്ളന്‍ പവിത്രന്‍ അവസാനിപ്പിക്കുന്നത് .കള്ളന്‍ പവിത്രന്‍ ഗ്രാമീണ ലാളിത്യത്തില്‍ ചാലിച്ചെടുത്ത ഒരു സദുദ്ദേശ ഗുണ പാഠ കഥ തന്നെയായിരുന്നു . അതു പോലെ തന്നെ അവിഹിത ബന്ധത്തിനു തുനിയുന്നവര്‍ക്കും ലൈംഗിക ചപലതകള്‍ക്കടിമപ്പെടുന്നവര്‍ക്കും ഒരു ഗുണ പാഠ കഥ എഴുതാതെ എഴുതി വെച്ചു കൊണ്ട് രദുചേച്ചിയുടെ ശവ മഞ്ചവുമായി വരുന്ന കാഴ്ചയിലാണ് രതിനിര്‍വ്വേദം അവസാനിക്കുന്നത്

പദ്മരാജന്റെ എല്ലാ കഥകളും കാലാതിവര്‍ത്തിയായ ഒരു പ്രമേയ പരിസരം ഒരുക്കുന്ന ഒന്നാണ് . സ്വവര്‍ഗ്ഗ ലൈംഗികതയെക്കുറിച്ചോ ലെസ്ബിയന്‍ കൂട്ടുകെട്ടിനെ കുറിച്ചോ ഒന്നും ആരും പരസ്യമായി പറയാന്‍ മടിക്കുന്ന കാലത്താണ് പദ്മരാജന്‍ ദേശാടന കിളികള്‍ കരയാറില്ല എന്ന ചലച്ചിത്രമൊരുക്കുന്നത് . ബ്ലെസ്സി തന്മാത്രയാക്കിയതു , വര്‍ഷങ്ങള്‍ക്കു മുമ്പു പദ്മരാജന്‍ എഴുതിയ ഓര്‍മ്മ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് . പദ്മരാജന്റെ തൂലികയും ചലച്ചിത്ര കാഴ്ചകളും നടപ്പു കാലത്തില്‍ നിന്നു മുന്നോട്ടൂ നീങ്ങി നിന്നു ആ കാലത്തിലേക്കു നമ്മളെ ക്ഷണിച്ചിരുന്നവയാണ് .

എഴുപതുകളില്‍ രതിനിര്‍വേദം “ ഒരുക്കുമ്പോള്‍ അതു ആ കാലത്തിന്റെ കഥയായിരുന്നു .വിമര്‍ശനങ്ങളും അനുമോദനങ്ങളും പല രീതികളില്‍ ഏറ്റു വാങ്ങിയ ആ ചലചിത്രം അഭ്രപാളികളില്‍ സൃഷ്ടിക്കപ്പെട്ട ഒരു വിപ്ലവം തന്നെയായിരുന്നു . കൌമാരത്തിന്റെ നിഷ്കളങ്കതയില്‍ നിന്നു യൌവനത്തിലേക്കു വളരുന്ന ഒരാണ്‍കുട്ടിയുടെയും അയലത്തെ സുന്ദരിയായ ചേച്ചിയുടെയും നിഷിദ്ധ പ്രണയത്തിന്റെ മനോഹരമായ ഒരു കഥ . കൌമാരക്കാരനായ പപ്പുവിനു അയലത്തെ സുന്ദരിയായ , അവിവാഹിതയായ രതി ചേച്ചിയോടു തോന്നുന്ന ലൈംഗിക വികാരത്തെ ആത്മാര്‍ത്ഥമായ പ്രണയമെന്നൊന്നും പറഞ്ഞുകൂടാ , ചേച്ചിയെ തൊട്ടൂം തലോടിയും കാമം കലര്‍ന്ന നോട്ടം കൊണ്ടുഴിഞ്ഞും ഒക്കെയാണ് പപ്പു ആ വികാരം പ്രകടിപ്പിക്കുന്നത് . പപ്പുവിനെ വാത്സല്യത്തോടെ മാത്രം കണ്ടു കൊണ്ടിരുന്ന രതിചേച്ചിക്കു അവന്റെ പരിഭവങ്ങള്‍ക്കു നിവൃത്തി കൊടുക്കാന്‍ വേണ്ടി മാത്രം തിരിച്ചുമൊരു പ്രണയ ഭാവം സ്വീകരിക്കേണ്ടി വരുന്നു .അവര്‍ക്കു അവനോടു പ്രണയം എന്നൊരു വികാരമില്ലാത്തതു കൊണ്ടു തന്നെയാണ് വിവാഹ ജീവിതത്തിലേക്കുള്ള ആഗ്രഹം നില നിര്‍ത്തുന്നതും ഭാവി ജീവിതം സ്വപ്നം കാണുന്നതും .അരുതാത്ത ബന്ധമാണെന്ന നിഷേധവും താക്കീതുമൊന്നും പപ്പുവില്‍ രതി ചേച്ചിയോടുള്ള ആഗ്രഹത്തിനു കുറവു വരുത്തുന്നില്ല .രതിചേച്ചി മറ്റൊരാളെ വിവാഹം കഴിക്കുന്നതു പോലും അസഹനീയമായ മനോഭാവം കൊണ്ടു പപ്പുവെന്ന കൌമാരക്കാരന്‍ എതിര്‍ക്കുന്നു .അവസാനം എഞ്ചിനീയറിങ്ങ് പഠനത്തിനായി പുറപ്പെടുന്നതിനു മുമ്പു അവന്റെ പരിഭവം മാറ്റാന്‍ രതിചേച്ചി അവന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി കിടന്നു കൊടുക്കുന്നു . ആ തെറ്റിനു രതിചേച്ചി സ്വയം ശിക്ഷയായി സര്‍പ്പ ദംശനത്താല്‍ മരിക്കുന്നു .


പപ്പുവിന്റെ ആഗ്രഹപൂര്‍ത്തീകരണം കൊണ്ടു പപ്പുവിനു ലഭിക്കുന്ന സന്തോഷം മാത്രമാണ് പ്രണയത്തെക്കാളുപരി രതിചേച്ചിയെ പപ്പുവിനു വിധേയനാകാന്‍ പ്രേരിപ്പിക്കുന്നത് . അത്തരം ലൈംഗിക ബന്ധം തെറ്റാണെന്ന ബോധ്യമുണ്ടായിട്ടും പപ്പുവിന്റെ സന്തോഷത്തിനു വഴങ്ങുക മാത്രമാണ് രതിചേച്ചി ചെയ്യുന്നത് .ഫ്രോയിഡിന്റെ മനോവിശ്ലേഷണ സിദ്ധാന്തംനുസരിച്ചു പാമ്പ് ലൈംഗിക ബന്ധത്തിന്റെ പ്രതീകവും സര്‍പ്പ ദംശനം അതിന്റെ പാപ ബോധത്തില്‍ നിന്നുള്ള മോചനവുമായി പരിഗണിക്കപ്പെടുന്നുണ്ട് . കഥകളിലും ചലചിത്രങ്ങളിലും സര്‍പ്പ ദംശനമെന്നതു അപഥ സഞ്ചാരത്തിനുള്ള ശിക്ഷയായി തന്നെയാണ് കാണിക്കുന്നത് .ഖസ്സാക്കിന്റെ ഇതിഹാസത്തില്‍ ചെറിയമ്മയെ പ്രാപിച്ചതിന്റെ കുറ്റബോധത്താല്‍ അലഞ്ഞു തിരിയുന്ന രവി ബസ് സ്റ്റോപ്പില്‍ പാമ്പു കടിയേറ്റു കിടക്കുന്നത് ഈ പാപചിന്തയുടെ ബിംബ വല്‍ക്കരണമാണ് .


ഇന്‍ഡ്യന്‍ സിനിമക്കു , പ്രത്യേകിച്ചു മലയാള സിനിമക്കു ചില നടപ്പു രീതികള്‍ ഉണ്ട് ,കഥ എന്തൊക്കെ തന്നെ ആയാലും കഥാന്ത്യത്തില്‍ ഒരു സന്ദേശം അത്യാവശ്യമാണ് അത് ഏകദേശം ഇങ്ങനെയായിരിക്കും നന്മക്കാണ് അവസാന വിജയം , വെച്ചു പുലര്‍ത്തുന്ന ചില യഥാസ്ഥിതിക - പരമ്പരാഗത സങ്കല്പങ്ങള്‍ ശരിയെന്നു സ്ഥാപിച്ചെടുക്കണം , ക്ലൈമാക്സില്‍ അല്പം തന്റേടമുള്ള പെണ്ണിന്റെ കരണത്തു പുരുഷന്‍ കൈ വെക്കുന്നതോടെ അവള്‍ നേരെയായി മാപ്പ് ചോദിക്കണം , തെറ്റിദ്ധരിക്കപ്പെടുന്ന നായകന്റെ നന്മ അവസാന സമയത്തു എല്ലാവരും തിരിച്ചറിയണം , പതിവു സദാചാര സങ്കല്പങ്ങളില്‍ നിന്നു വിഭിന്നമായി സംഭവിക്കുന്ന എന്തും ദുരന്തമാക്കിക്കൊണ്ട് ഗുണപാഠം നല്‍കണം - ഇത്തരത്തിലുള്ള കഥാന്ത്യം ഉപയോഗിച്ചൂ എണ്ണിയാലൊടുങ്ങിയ ചിത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടൂ കഴിഞ്ഞിരിക്കുന്നു - അതു മലയാള ചലച്ചിത്രത്തിന്റെ ആദിയും അന്ത്യവും തന്നെയാണ് അതു പിന്‍ പറ്റിയല്ലാതെ ചലച്ചിത്രം അസാധ്യമാണ് .ഇതു സിനിമാക്കാരുടെ കുഴപ്പമല്ല കാണികളുടെ സങ്കല്പങ്ങളുടേതാണ് . പദ്മരാജനും തന്റെ സര്‍ഗ്ഗാത്മകതയെ ചലച്ചിത്രവല്‍ക്കരിക്കുമ്പോള്‍ ഇത്തരം വിട്ടുവീഴ്ചകള്‍ക്കു വിധേയനായിട്ടുണ്ട് . രതിനിര്‍വ്വേദം സാഹിത്യ കൃതിയില്‍ നിന്നു സിനിമയായപ്പോഴും അതു സംഭവിച്ചതാണ് .


ഒരു സാഹിത്യ കൃതി ചലച്ചിത്ര രൂപത്തിലേക്കു വഴി മാറുമ്പോള്‍ സംഭവിച്ചേക്കാവുന്ന മാറ്റങ്ങള്‍ക്കുപരിയായി കഥാ പരിസരത്തില്‍ വ്യക്തമായ മാറ്റങ്ങള്‍ രതിനിര്‍വ്വേദത്തിലുണ്ട് . പപ്പുവിനെ ഭ്രമിപ്പിക്കുന്ന രദു ചേച്ചി നോവലില്‍ വിവാഹിതയാണ് , ആരോഗ്യവാനായ ഒരു ഭര്‍ത്താവ് ഉള്ള സ്ത്രീ ആണ് അങ്ങനെയൊരു ബന്ധം കേരള സമൂഹത്തില്‍ ഇല്ലാത്ത അപൂര്‍വ്വ സംഗതി ഒന്നുമല്ലാതിരുന്നിട്ടും സിനിമയില്‍ രതിചേച്ചി അവിവാഹിതയായി തന്നെ നില്‍ക്കുകയാണ് കാരണം വിവാഹിതയായ ഒരു സ്ത്രീ അടുത്ത വീട്ടിലെ പയ്യനുമായി രമിക്കുന്നതിനെ മലയാള സിനിമ എങ്ങനെ സ്വീകരിക്കും ? സിനിമയില്‍ രദുചേച്ചി ചെയ്ത തെറ്റിനു മരണം ഉറപ്പാണ് , നോവലില്‍ രതിച്ചേച്ചി മരിക്കുന്നതായി കാണിക്കുന്നില്ല ,

രതീ രതീ,...എന്‍റെ മനസ്സു വിങ്ങി. മരിക്കല്ലെ മരിക്കല്ലേ . വര്‍ഷങ്ങള്‍ക്കു ശേഷം ഒരിയ്ക്കല്‍ ഈ വീട്ടില്‍ വരുമ്പൊള്‍ അച്ഛനുമമ്മയുമുറങ്ങുന്ന ജീവനില്ലാത്ത പുരയിടത്തില്‍ നിന്ന് ദു:ഖവാഹിയായ കാറ്റു പറന്നു വരുമ്പോള്‍ അതില്‍ രതി ച്ചേച്ചിയുടെ ശരീരത്തിന്‍റെ ഗന്ധം മാത്രം കലരാതിരിക്കണേ . തലയ്ക്കുമുകളിലൂടെ ഒരു ഒറ്റയ്ക്കിളി പറന്നു പോയി ,ഒരു സൂചി പോവുന്ന വേഗതയില്‍ നിര്‍ത്താതെ ചിലയ്ച്ചുകൊണ്ട് ഞാന്‍ അതു തന്നെ നോക്കി നിന്നു .വിദൂരതയില്‍ മഴയൊഴിഞ്ഞ , മേഘമകന്ന ചുവപ്പിന്റെ ആകാശത്തില്‍ ലയിക്കുന്നതു വരെ ഞാനവിടെത്തന്നെ നിന്നു “

നോവലൈറ്റില്‍ രതിചേച്ചിയുടെ മരണവും ജീവിതവും നമ്മുടെ സങ്കല്‍പ്പത്തിനു വിട്ടു കൊടുത്തു കൊണ്ടു കഥ അവസാനിപ്പിക്കുന്നു പക്ഷെ സിനിമയില്‍ പപ്പു പഠനത്തിനായി പട്ടണത്തിലേക്കു പോകുന്ന യാത്രയില്‍ എതിരേല്‍ക്കുന്നത് രതിചേച്ചിയുടെ ശവമഞ്ചം വഹിച്ചുള്ള യാത്രയാണ് .രതിനിര്‍വ്വേദം നോവലില്‍ നിന്നു വ്യത്യസ്ഥമായി മേല്‍പ്പറഞ്ഞ രണ്ടു വ്യത്യാസങ്ങളും നമ്മുടെ സിനിമ സങ്കല്‍പ്പങ്ങളെ സംതൃപ്തിപ്പെടുത്താനുള്ള വിട്ടുവീഴ്ചയാവാനെ തരമുള്ളൂ .കൌമാര ചേതനയുടെ സ്വതന്ത്ര യാത്രകള്‍ പപ്പുവിനു അനുവദനീയമാണ് .രതിനിര്‍വ്വേദം ആരംഭിക്കുന്നത് ഇണ ചേരുന്ന പാമ്പുകളെ നോക്കി രസിക്കുന്ന പപ്പുവില്‍ നിന്നാണെങ്കില്‍ അതവസാനിക്കുന്നത് വിഷം തീണ്ടിയ പാമ്പിനെ ഭയത്തോടെ നോക്കുന്ന പപ്പുവിലാണ് , രതി നിര്‍വ്വേദത്തിലവസാനിക്കുന്നതു തന്നെയാണ് കഥാ തന്തു , അതു തന്നെയാണതിന്റെ സന്ദേശവും


അനുബന്ധം .


കമലഹാസന്‍ , മോഹന്‍ ലാല്‍ ,മമ്മൂട്ടി , അരവിന്ദ് സ്വാമി എന്നിങ്ങനെ യൂണിവേഴ്സലും മെഗായും ഒക്കെയായ താരങ്ങളെ വെച്ചു സിനിമ സംവിധാനിക്കാന്‍ അവസരം കിട്ടിയിട്ടൂം ഒരു നല്ല സംവിധായകനെന്ന പേര് കേള്‍പ്പിക്കാന്‍ കഴിയാതെ പോയ ടി കെ രാജീവ് കുമാറിനെ പത്തു പേരറിഞ്ഞത് മഞ്ചു വാര്യരുടെ “കണ്ണെഴുതി പൊട്ടും തൊട്ടിലൂടെ ആണ് , ഇപ്പോള്‍ ഒരു പടം നന്നായൊന്ന് വിജയിച്ചു കിട്ടിയത് “രതി നിര്‍വേദം റീമേക്കിലൂടെയും .പഴയ രതിനിര്‍വ്വേദത്തിന്റെ കാര്യത്തില്‍ നവീനമായൊരു വിഷയത്തെ കാവ്യാത്മകമായ ഒരനുഭവമാക്കി പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കാന്‍ കഴിഞ്ഞതാണ് അതിന്റെ വിജയമെങ്കില്‍ പുതിയ രതി നിര്‍വേദം മറന്നു പോയ ഉദ്ധാരണ ശേഷി സ്വയം ഭോഗത്തിലൂടെ പരീക്ഷിക്കാന്‍ മധ്യ വയസ്കര്‍ക്കൊരു സാധ്യത മാത്രമാണ് . ഷക്കീലാ പടങ്ങള്‍ ഒരു കാലത്തു ചെയ്തതും ഈയൊരു സാധ്യതയുടെ മാര്‍ക്കറ്റിങ്ങ് തന്നെയായിരുന്നല്ലോ .ശ്വേതാ മേനോന്‍ സുന്ദരിയൊക്കെ തന്നെ പക്ഷെ അവരുടെ മസ്കുലില്‍ മാംസളത ഒരിക്കലും അയലത്തെ വീട്ടിലെ രതിച്ചേച്ചിയെ ഉള്‍ക്കൊള്ളുന്നതായിരുന്നില്ല എന്നു തന്നെയല്ല പഴയ രതിനിര്‍വ്വേദത്തിലെ ജയഭാരതിയുടെ സ്ത്രൈണമായ സൌന്ദര്യത്തില്‍ ഏഴയലത്തേക്കില്ല .പഴയ കൃഷ്ണ ചന്ദ്രന്റെ കൌമാര സഹജമായ നിഷ്കളങ്കതയോ യൌവനത്തിന്റെ കൌതുകങ്ങളോ പുതിയ പപ്പുവിലും കണ്ടില്ല . ഭരതന്റെ നെല്ലിയാമ്പതിയിലെ ലൊക്കേഷന്‍ പദ്മരാജന്റെ ഇഷ്ട സ്ഥലമായ , കഥാ പശ്ചാത്തലമായ ആലപ്പുഴയിലേക്കു പറിച്ചു നട്ട ഒരു പുതുമ മാത്രം ചിത്രത്തിനവകാശപ്പെടാം .