Like

...........

Monday 14 February 2011

പ്രണയത്തെക്കുറിച്ച് ചില കഥകള്‍

വാലന്റൈന്‍സ് ഡേകളില്‍ പ്രണയം മൊട്ടിടുമെന്ന് വിശ്വസിക്കുന്ന എല്ലാ മണ്ടന്‍ കാല്പനികരെയും പരിഹസിച്ച് കൊണ്ട് നടന്നിരുന്ന കോളേജിലെ റിബല്‍ കാലഘട്ടത്തിന്റെ ഓര്‍മ്മയിലൊന്നും ഫെബ്രുവരി 14 ന് ഒരു സ്ഥാനവുമില്ലായിരുന്നു , ഇന്നുമില്ല പക്ഷെ മഹാസംഭവത്തിന്റെ പ്രതീതിയോടെ നിരന്തരം വന്ന് കൊണ്ടിരിക്കുന്ന പ്രണയ സന്ദേശങ്ങള്‍ , പ്രണയ മാഹാത്മ്യങ്ങള്‍ എല്ലാം പ്രണയത്തെക്കുറിച്ച് തികട്ടി വരുന്ന ചില ഓര്‍മ്മകളിലെത്തിക്കുന്നു .സ്വാനുഭവത്തിന്റെ മടുപ്പിക്കുന്ന ആത്മരതിയില്‍ കൌതുകങ്ങളൊന്നുമില്ലാത്തത് കൊണ്ട് മറ്റാരുടെയൊക്കെ ഓര്‍മ്മകളാണ് നിറഞ്ഞ് നിന്ന് ഹൃദയം കയ്പ്പിക്കുന്നത് .


“പ്രേമത്തിന്‍റെ പുതിയ ഭാഷ പിടികിട്ടാതെ പിന്നെയും പിന്നെയും പ്രപഞ്ചം പരിഭ്രമിക്കുന്നു
നീ പണ്ട് അരുവിയിലെറിഞ്ഞ നോട്ടങ്ങള്‍ ഈ അഴിമുഖത്ത് ആദ്യം പൂവിട്ട മരങ്ങളായി “
എന്ന് ഡി വിനയ ചന്ദ്രന്‍ , പ്രപഞ്ചസത്യങ്ങള്‍ക്കപ്പുറത്തൊരു രഹസ്യമുണ്ടെങ്കില്‍ പ്രണയിക്കുന്ന മനസ്സാണ് , അതിനെ നിര്‍വചിക്കാനാര്‍ക്കുമിത് വരെ കഴിഞ്ഞിട്ടില്ല . ഒരു ദിവസം മാത്രം നീളുന്ന തല്‍ക്കാല പ്രണയങ്ങളും കോഴ്സ് കഴിയുന്ന വരെ മാത്രമെന്ന പരസ്പര ഉപാധി പ്രണയങ്ങളുടെയും ധാരാളിത്തം നിരന്തരം കണ്ടും ശീലിച്ചും മടുക്കുന്നൊരാളുടെ ഓര്‍മ്മകളുടെ നിഗൂഡമായ ചില വേദനകളുണ്ട് , സ്വാനുഭവത്തിന്റെ ആത്മരതിയില്ലെങ്കിലും ചില ഓര്‍മ്മകള്‍ അഗാധമായ വേദനയായി അവശേഷിക്കും , എവിടെയോ ഒക്കെയുള്ള ചില ആളുകള്‍ ഒരു ഓര്‍മ്മപ്പെടുത്തലുകളാവാന്‍ വേണ്ടി മാത്രം അങ്ങനെ കടന്ന് വരും , അങ്ങനെ ചില കഥകള്‍ ആരുടെയൊക്കെയോ ജീവിതത്തിന്റെ സാക്ഷ്യമായി മനസ്സില്‍ ശേഷിക്കുന്നു .

കഥ - 1

ഒരു സ്വകാര്യ ആശുപത്രിയുടെ നീണ്ട ഇടനാഴികളിലൊന്നില്‍ രാത്രിയുടെ മടുപ്പിക്കുന്ന നിശബ്ദതയില്‍ അകത്ത് ഐ സി യു വില്‍ കിടക്കുന്ന ബന്ധുവിന് കൂട്ടായി ഇരിക്കുകയാണ് ഞാന്‍ . ആശുപത്രികള്‍ക്കൊരു സ്വഭാവമുണ്ട് അതിന്റെ അസ്വസ്ഥതകളും അന്തരീക്ഷവും നമ്മളെയും ഗ്രസിച്ച് പോകും, പടരുന്ന ഒരു വ്യാധി പോലെ അത് അസ്വസ്ഥമാക്കികൊണ്ടിരിക്കും , ആ അവസ്ഥയെ ഇല്ലാ‍താക്കാനുള്ള നടത്തത്തിനൊടുവിലാണ് ആ മനുഷ്യനെ ഞാന്‍ കാണുന്നത് , ഇടനാഴിയുടെ അന്ത്യത്തിലൊരു മൂലയില്‍ ജീവിതത്തിന്റെ എല്ലാ സ്വര്‍ഗ്ഗങ്ങളും നഷ്ടപ്പെട്ടത് പോലെ ഒരു മനുഷ്യന്‍ നിര്‍വ്വികാരനായിരിക്കുന്നു , ഒരു അമ്പത് വയസ്സ് പ്രായം കാണുമായിരിക്കും പക്ഷെ വിഷാദം നിറഞ്ഞ ആ അവസ്ഥയില്‍ അയാള്‍ കൂടുതല്‍ വൃദ്ധനും അവശനുമായിരുന്നു തീവ്ര പരിചരണ വിഭാഗത്തിന് മുന്നില്‍ അത്തരം കാഴ്ചകള്‍ സ്വാഭാവികമാണെന്നത് കൊണ്ട് തന്നെ അതിലല്‍ഭുതം തോന്നിയില്ല....നീണ്ട നിമിഷങ്ങളുടെ നിശബ്ദതക്കപ്പുറം സാന്നിധ്യമറിയിക്കാനായിട്ടോ എനിക്ക് മറ്റൊന്നും ചോദിക്കാനില്ലാതിരുന്നത് കൊണ്ടോ ഞാനയാളോട് ചോദിച്ചു

" ആരാണ് അകത്ത് “

മരവിച്ച ഒരു നോട്ടം മാത്രമായിരുന്നു മറുപടി , അപ്പോഴത്തെ അന്തരീക്ഷത്തില്‍ ആ ചോദ്യം അപക്വമാണെന്നറിയാമായിരുന്നിട്ടൂം മറ്റൊന്നും ചോദിക്കാനില്ലാതിരുന്നത് കൊണ്ട് മാത്രം ചോദിച്ച് പോയതാണ് എന്നില്‍ നിന്നും തിരിച്ചെടുത്ത നോട്ടം വീണ്ടും നീണ്ട ഇടനാഴിയിലെക്ക് അനന്തമായി നോക്കിക്കൊണ്ടയാള്‍ നിന്നു -ഒരു പ്രതിമ പോലെ. സമയം ഒരു തരം കൊല്ലുന്ന മടുപ്പോടെ ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരുന്നു ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഐ സി യു വിന്റെ അകത്ത് നിന്ന് വെള്ളത്തുണി പുതച്ച ഒരു സ്ത്രീ ശരീരം പുറത്തേക്ക് കൊണ്ട് വന്നു അപ്പോള്‍ മാത്രം അയാള്‍ പ്രജ്ഞ വീണ്ടെടുത്തവനെ പോലെ ഒന്ന് തേങ്ങിയെന്ന് തോന്നി , നിസ്സംഗത നിറഞ്ഞ് നിന്ന ആ കണ്ണുകളില്‍ നിന്ന് അയാളറിയാതെയെന്ന പോലെ കണ്ണീരൊഴുകുന്നുണ്ടായിരുന്നു , എന്നിട്ടും അയാള്‍ ആ മൃദദേഹത്തിനടുത്തേക്ക് പോവുകയോ അതിനൊപ്പം പോവുകയോ ചെയ്തില്ല , ഏറ്റ് വാങ്ങാന്‍ നിരവധി ബന്ധുക്കള്‍ ആശുപത്രി വരാന്തയില്‍ നിന്നിരുന്നു ,ഒരു പാട് ബന്ധുക്കള്‍ -ഒരു രാത്രി മുഴുവന്‍ ജീവിതത്തിന്റെ എല്ലാ വിഷാദങ്ങളും കൂട്ടി വെച്ച് നിന്ന് ആ ജീവന്റെ കാവലായി നിന്ന ആ മനുഷ്യനെന്ത് കൊണ്ടാണ് ഒന്ന് കാണാന്‍ പോലും നില്‍ക്കാതെ അകലെ അന്യനെ പോലെ മാറി നിന്ന് കരയുന്നതെന്ന ജിജ്ഞാസ കൊണ്ട് പഴയ ആ ചോദ്യം ഞാനൊന്ന് കൂടി ചോദിച്ചു

" ആരാണ് അത് ? " ഇടറുന്ന ശബ്ദത്തോടെ “ ഞാന്‍ സ്നേഹിച്ചിരുന്ന പെണ്ണാണ് , 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് “ അത് പറഞ്ഞിട്ട് ഒന്ന് നോക്കുക പോലും ചെയ്യാതെ ആ ഇടനാഴിയിലൂടെ നടന്നയാള്‍ അപ്രത്യക്ഷനായി , മുമ്പെങ്ങോ വായിച്ച സച്ചിദാനന്ദന്റെ ഒരു കവിത എന്നിലവശേഷിപ്പിച്ച് കൊണ്ട് .

"മുപ്പതുവര്‍ഷം കഴിഞ്ഞു കണ്ടുമുട്ടിയാലും
പുരുഷന് തന്‍റെ ആദ്യകാമുകിയെ തിരിച്ചറിയാനാവും
ഏറെ പുതിക്കിപ്പണിതിട്ടും പണ്ട് താമസിച്ചിരുന്ന
നാട്ടിന്‍പുറത്തെ വീട് തിരിച്ചറിയും പോലെ ,
കെട്ടിടങ്ങളും ശബ്ദങ്ങളും നിറഞ്ഞുകഴിഞ്ഞിട്ടും മുമ്പ് ചെന്നിരിക്കാറുള്ള കുന്നിന്പുറത്തിന്റെ
പൂക്കള്‍ നിറഞ്ഞ വിജനത തിരിച്ചറിയും പോലെ " - സച്ചിദാനന്ദന്‍ .


കഥ - 2

പ്രശസ്തമായ ഒരു കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദം കഴിഞ്ഞ പെണ്‍കുട്ടി , കൂട്ടുകാരന്റെ സഹപാഠിയെന്ന നിലയില്‍ പരിചയമുണ്ട് - സുന്ദരി , സല്‍സ്വഭാവി ,“ആ കുട്ടി അത്ര പെട്ടെന്നൊന്നും ആര്‍ക്കും ലൈനാവില്ലെന്ന“ കൂട്ടുകാരന്റെ സാക്ഷ്യപത്രവും .ബിരുദാനന്തര ബിരുദമെന്ന അവസാന നാഴികക്കല്ലും പൂര്‍ത്തിയാക്കുന്ന ഏതൊരു പെണ്‍കുട്ടിയുടെയും അടുത്ത തട്ടകമായ വിവാഹം ആര്‍ഭാടപൂര്‍വ്വം നടന്നു . ഞങ്ങള്‍ കൂട്ടുകാരെല്ലം അതും പോയല്ലോ എന്ന് ഫലിതരൂപേണ കഷ്ടം വെച്ചു . വരന്‍ സുന്ദരന്‍ , സമ്പന്നന്‍ , സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അവര്‍ രണ്ട് പേരും നല്ല ചേര്‍ച്ചയെന്ന് കണ്ടവരെല്ലാം വാഴ്ത്തി .വിവാഹ ശേഷം ബാംഗ്ലൂരിലെ ജോലി സ്ഥലത്തേക്ക് ,ഏതാനും മാസങ്ങള്‍ക്കപ്പുറം കൂട്ടുകാരന്‍ പറഞ്ഞറിയുന്നു - അവര്‍ വേര്‍ പിരിഞ്ഞെന്ന് -ഇത്ര പൊരുത്തമുള്ള രണ്ട് പേര്‍ തമ്മില്‍ വേറ് പിരിയുകയോ ? അതിന്റെ കാരണമെന്തെന്ന അവിശ്വസനീയമായ നോട്ടത്തിനുത്തരമായവന്‍ പറഞ്ഞു - പെണ്‍ കുട്ടി ആദ്യമൊക്കെ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല , പ്രണയമോ മറ്റ് കാരണങ്ങളോ പ്രത്യക്ഷത്തില്‍ ഇല്ലെന്നതിനാല്‍ വിവാഹം കഴിയുമ്പോള്‍ എല്ലാം ശരിയാകുമെന്ന നിഗമനത്തില്‍ വീട്ടുകാര്‍ പെണ്‍കുട്ടിക്ക് യോജിച്ച് ഒരാളെ കണ്ടെത്തി വിവാഹം കഴിച്ച് കൊടുത്തു - പക്ഷെ വിവാഹ ദിവസം മുതല്‍ പെണ്‍കുട്ടി ഒരു ഭര്‍ത്താവിനെ ഒന്ന് തൊടാന്‍ പോലും സമ്മതിക്കുന്നില്ല ,എല്ലാം ശരിയാവുമെന്ന ധാരണയില്‍ കുറച്ച് ദിവസം ക്ഷമിച്ച ഭര്‍ത്താവ് പിന്നീട് ബലപ്രയോഗത്തിന് മുതിര്‍ന്നു അത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി , പെണ്‍ കുട്ടി പിന്നീട് വിഷക്കുപ്പിയുമായായി നടപ്പ് ,എന്നെ തൊട്ടാല്‍ അപ്പോള്‍ മരിക്കുമെന്ന ഭീഷണിയുമായി .ഒരു സോഫ്റ്റ് വയര്‍ എഞ്ചിനീയറുടെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ ജോലി സാഹചര്യങ്ങള്‍ക്കപ്പുറം ദാമ്പത്യം ഇങ്ങനെ , അവസാനം പയ്യന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരമറിയിച്ചു - എന്താണ് കാര്യമെന്ന അമ്മയുടെ കരച്ചിലുകള്‍ക്കും അച്ഛന്റെ ഭീഷണികള്‍ക്കുമപ്പുറം പെണ്‍കുട്ടി പറഞ്ഞു - “ എനിക്ക് ജോസഫ് സാറിനൊപ്പമല്ലാതെ മറ്റാരുടെയുമൊപ്പം ജീവിക്കണ്ട , എനിക്ക് അദ്ദേഹത്തോട് പ്രണയമാണ് “ ജോസഫ് സര്‍ അച്ഛനുമമ്മക്കുമറിയുന്ന ആളാണ് -പെണ്‍കുട്ടിയുടെ അധ്യാപകന്‍ അതിലുപരി അവരുടെ കുടുംബ സുഹൃത്ത് , വിവാഹം കഴിഞ്ഞ മക്കളുള്ളയാള്‍ , അടുത്ത വര്‍ഷം പെന്‍ഷന്‍ പറ്റാന്‍ കാത്തിരിക്കുന്നയാള്‍ - ഒരു ഭൂകമ്പം വന്നാല്‍ പോലും ആരും ഇത്ര തകര്‍ന്ന് പോകില്ലായിരുന്നു - നീ മരിച്ച് പോയിരുന്നെങ്കില്‍ ഞങ്ങളിത്ര സങ്കടപ്പെടില്ലായിരുന്നു മോളെയെന്ന് അമ്മ , ഇനി ഇങ്ങനെയൊരു മകളില്ലെന്ന് അച്ഛന്‍ - പക്ഷെ പെണ്‍കുട്ടി ആര്‍ക്കും വഴങ്ങിയില്ല - വൃദ്ധനും അനാരോഗ്യവാനുമായ ഒരാള്‍ക്ക് വേണ്ടി സുന്ദരനായ ഒരു ചെറുപ്പക്കാരനെ ഉപേക്ഷിക്കാന്‍ തന്നെയായിരുന്നു അവളുടെ തീരുമാനം . ഡിവോഴ്സില്‍ ഉറച്ച് നിന്നു - ആ കഥയുടെ പരിണാമ ഗുപ്തിയറിയെന്തെന്നറിയാന്‍ വല്ലാത്ത ആകാംക്ഷയുണ്ടായിരുന്നെങ്കിലും പിന്നീട് ഒന്നുമറിഞ്ഞില്ല - മൂന്നാം കിട പൈങ്കിളി നോവലിലെ ആകാംക്ഷാ നിര്‍മ്മിതി പോലെ ഇടക്കിടെ ഞാന്‍ സ്വയം ചോദിക്കുമായിരുന്നു - ആ പെണ്‍കുട്ടി ജോസഫ് സാറുമായി ജീവിക്കുമോ അതോ ആത്മഹത്യ ചെയ്തിരിക്കുമോ എന്നൊക്കെ .

സ്വന്തം ജീവിതവും സൌഭാഗ്യങ്ങളും എല്ലാം ഉപേക്ഷിക്കുന്ന ഓരോ പ്രണയത്തിന്റെ തീവ്രമായ അഭിനിവേശം എന്തെന്ന് അന്നുമറിയില്ല , ഇന്നുമറിയില്ല .


ഡെസ്ടിമോണ :അങ്ങയുടെ മനസ്സിലാണ് ഞാനങ്ങയുടെ മുഖം കണ്ടത് , അറിയാമല്ലോ മുഖത്തല്ല മനസ്സ് , തൊലിയിലല്ല സൗന്ദര്യം .
ഒഥല്ലോ: ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നെങ്കില്‍ ആഴിയിലെ കണ്ണഞ്ചിപ്പിക്കുന്ന നിധികള്‍ക്ക് പോലും ഞാനെന്‍റെ സ്വാതന്ത്ര്യം വച്ചുമാറുമായിരുന്നില്ല


കഥ - 3

ബിരുദത്തിന്റെ അവസാന വര്‍ഷത്തിലെ ഒരു പരീക്ഷാകാലം ആദ്യ വര്‍ഷത്തെ തോല്‍ വി പട്ടികയിലെ ഭയപ്പെടുത്തുന്ന സ്റ്റാറ്റിസ്റ്റിക്സ് എങ്ങനെ മറികടക്കുമെന്ന ചിന്തയില്‍ വെളുപ്പാന്‍ കാലത്തെ തണുപ്പിനിടയിലും ഉഷ്ണിച്ച് കൊണ്ട് വരാന്തയിലിരിക്കുമ്പോഴാണ് ഒരു ഭ്രാന്തനെപ്പോലെ അവന്‍ കടന്ന് വന്നത് , ഒന്ന് പുറത്തേക്ക് വരണമെന്ന അപേക്ഷക്ക് ശേഷം മുഖവുരയില്ലാതെ തന്നെ അവന്‍ പറഞ്ഞ് തുടങ്ങി -

"എനിക്ക് സ്വപ്നയെ ഇഷ്ടമാണ് ,
ഞങ്ങള്‍ ഒരുമിച്ച് ജീവിക്കും അല്ലെങ്കില്‍ ഒരുമിച്ച് മരിക്കും “

സ്വപ്ന എന്റെ അയല്‍ക്കാരിയാണ് , മറ്റൊരു കോളേജില്‍ ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നത് കൊണ്ട് പറയത്തക്ക അടുപ്പമില്ല , അറിഞ്ഞിടത്തോളം അടക്കവും ഒതുക്കവും സമം ചേര്‍ത്ത പരമ്പരാഗത സല്‍ സ്വഭാവി , സുന്ദരി - ആ പെണ്‍കുട്ടിയാണ് ഒരുമിച്ച് മരിക്കാന്‍ തയാറായ പ്രണയ കഥയിലെ സ്ത്രീ കഥാപാത്രം. ഹൈസ്കൂള്‍ കാലത്ത് അമ്മവീട്ടില്‍ നിന്ന് പഠിക്കുമ്പോള്‍ പങ്കെടുത്തിരുന്ന ഒരു നാടക കളരിയില്‍ വെച്ചാണ് അവനെ എനിക്ക് പരിചയം - നന്നായി അഭിനയിക്കും , നന്നായി പാടും , നന്നായി വരക്കും , സാമാന്യം സുന്ദരന്‍ , സമ്പന്നന്‍ - മിക്കവാറും എല്ലാ പെണ്ണുങ്ങള്‍ക്കും ഇഷ്ടപ്പെടുന്ന കോമ്പിനേഷന്‍ . അന്ന് നാടകകളരിയിലെ താരമവനായിരുന്നു ,അത് കൊണ്ട് തന്നെ ലേശം അസൂയയുണ്ടായിരുന്നു പക്ഷെ പെമ്പീള്ളേരോട് ഒരു മൃദുലഭാവവും കാട്ടാത്ത കഠിന മനസ്കന്‍ - അവനാണീ വെളുപ്പാന്‍ കാലത്ത് എന്റെ മുന്നില്‍ നിന്ന് കരയുന്നത് .സംഭവം ഇത്ര മാത്രം സങ്കീര്‍ണ്ണമാകാതെ വിവാഹത്തില്‍ കലാശിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്ന പ്രണയമായിരുന്നു , യഥാര്‍ത്ഥത്തില്‍ അവന്റെ വീട്ടുകാര്‍ പെണ്ണ് ചോദിക്കാന്‍ പോലും പോയിരുന്നു അവിടെ വെച്ച് “ നിങ്ങളുടെ മകളെന്റെ മോനെ വലവീശിപ്പിടിക്കുകയായിരുന്നു “ എന്നോ മറ്റോ ഉള്ള അവന്റെ അമ്മയുടെ സ്ത്രീ സഹജമായ കുന്നായ്മതരത്തിന്റെ പരിണിത ഫലമായി മുറിവേറ്റ പെണ്‍കുട്ടിയുടെ വീട്ടുകാര്‍

“ഇനി എന്റെ മകളെ ഏതെങ്കിലും തെണ്ടിക്ക് കൊടുത്താല്‍ പോലും നിങ്ങളുടെ കുടുംബത്തയക്കില്ല “

എന്ന പ്രതിജ്ഞയെടുത്തു. അങ്ങനെ കൊടും ശത്രുതയിലായ രണ്ട് വീട്ടുകാരാണ് രണ്ട് ധ്രുവങ്ങളില്‍ അതിനിടക്ക് ഈ രണ്ട് പേര്‍ ഒരിക്കലും പിരിയില്ലെന്ന വാശിയില്‍ നില്‍ക്കുന്നത് -

“അടുത്താഴ്ച ഞങ്ങള്‍ ഒരുമിച്ച് ഒളിച്ചോടാന്‍ തീരുമാനിച്ചിരിക്കുകയാണ് , നീയായിരിക്കണം എല്ലാത്തിനും ഒപ്പം നില്ക്കേണ്ടത് ,നടന്നില്ലെങ്കില്‍ ഒരുമിച്ച് മരിക്കും “

പ്രതീക്ഷാനിര്‍ഭരമായ മിഴികള്‍ എന്റെ മുഖത്തെക്കുറ്റ് അവനത് പറയുമ്പോള്‍ വെളുപ്പാന്‍ കാലത്തെ മഞ്ഞ് കാറ്റിനിടയിലും എന്റെ തലയിലൊരുല്‍ക്ക വീണത് പോലെ തോന്നി ,അവസാന വര്‍ഷ ബിരുദ പരീക്ഷ തലക്ക് മുകളില്‍ ഡെമോക്ലീസിന്റെ വാള് പോലെ തൂങ്ങിയാടുന്നു ,ആ പെണ്‍കുട്ടിയുടെ വീട്ടുകാരും എന്റെ വീട്ടുകാരും തമ്മില്‍ നല്ല ബന്ധം , അവളുടെ അച്ഛന്‍ വളരെ നല്ല ഒരു മനുഷ്യന്‍ , സഹോദരന്‍ എന്റെ സുഹൃത്ത് ഈ കളിയില്‍ ഞാന്‍ പങ്കെടുത്താല്‍ ? എന്നെ ഒഴിവാക്കണം , ഞാനെന്റെ ധര്‍മ്മ സങ്കടം പറഞ്ഞ് ബോധ്യപ്പെടുത്തി ,
“ കുഴപ്പമില്ലെടോ “ എന്നെന്നെ സമാധാനിപ്പിച്ചു കൊണ്ട് അവന്‍ പോയി .

പക്ഷെ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരക്കിട്ട് അവളുടെ കല്യാണം നടന്നു അവരുടെ ഒളിച്ചോടല്‍ പ്ലാന്‍ എങ്ങനെയോ അച്ഛന്‍ അറിഞ്ഞു . അമ്മയുടെ പെറ്റ് വളര്‍ത്തി സ്നേഹം തന്ന 20 കൊല്ലക്കാലത്തെക്കുറിച്ചുള്ള ഉപന്യാസവും അച്ഛന്റെ കയ്യിലെ ഒരു കുപ്പി വിഷവും പെണ്‍കുട്ടിയുടെ ഒളിച്ചോടല്‍ തീരുമാ‍നം മാറ്റി അവസാനം പെണ്‍കുട്ടി വിവാഹത്തിന് സമ്മതിച്ചു ,ഒളിച്ചോടാമെന്ന് പറഞ്ഞിരുന്ന ആ രാത്രിയില്‍ അവന്‍ മഞ്ഞത്ത് കാറുമായി കാത്ത് നിന്ന് തിരിച്ച് പോയി നാട് വിട്ടു. ഒന്ന് രണ്ട് കൊല്ലക്കാലത്തിന് ശേഷം അവളെ കാണുമ്പോള്‍ മാരുതി സെന്നില്‍ അവളും ഭര്‍ത്താവും ഒരു കുഞ്ഞുമടക്കം സന്തുഷ്ട കുടുംബത്തിന്റെ പരസ്യം പോലെ സന്തോഷമായി ചിരിച്ച് കാണിച്ചു പോയി,അവന്‍ നാട് വിട്ട് അലഞ്ഞ് തിരിഞ്ഞൊരിക്കല്‍ തിരിച്ച് വന്നു .പിന്നെയുമൊരിക്കല്‍ കൂടി അവന്‍ പഴയ പോലെ പെട്ടെന്നൊരു ദിവസം വീട്ടിലേക്ക് കടന്ന് വന്നു - “ എന്റെ കല്യാണമാണ് എല്ലാവരും വരണം , ഒറ്റ മകനായത് കൊണ്ട് എല്ലായിടത്തും അവന്‍ തന്നെ പോകണമെന്ന പങ്കപ്പാട് അല്പം തമാശ കലര്‍ത്തി പറഞ്ഞു സന്തോഷവാനായിരുന്നു - എല്ലാം ശുഭപര്യവസാനിയായല്ലോ എന്നോര്‍ത്ത് എനിക്കും സന്തോഷം തോന്നി .പക്ഷെ ആ സന്തോഷം വെറും കാപട്യമായിരുന്നുവെന്ന് കല്യാണ ദിവസമാണറിഞ്ഞത് , അവന്‍ കല്യാണ ദിവസം നാട് വിട്ടു . അന്ന് കല്യാണ പന്തലില്‍ തല കുനിച്ച് നിന്ന പെണ്‍കുട്ടിയെ വേലയും കൂലിയുമില്ലാത്ത അവളുടെ ഒരു മുറച്ചെക്കന്‍ വിവാഹം കഴിച്ചു ,കുടുംബത്തിന്റെ മാനം രക്ഷിച്ചു . അവന്റെ ജീവിതം ഇല്ലാതാക്കിയ അച്ഛനുമമ്മയോടുമുള്ള പ്രതികാരത്തില്‍ , അവരെ ആളുകള്‍ക്ക് മുമ്പില്‍ അപമാനിക്കാന്‍ , കല്യാണ പെണ്ണിന്റെ വീട്ടുകാര്‍ക്ക് മുമ്പില്‍ തല കുനിപ്പിക്കാന്‍ വേണ്ടി മാത്രം അവന്‍ നാട് വിട്ടുവെന്ന് എല്ലാവരും എളുപ്പത്തില്‍ ഊഹിച്ചു , അത് പ്രചരിപ്പിച്ച് ആഘോഷമാക്കി, ശപിച്ചു . കുറച്ച് നാള്‍ക്ക് ശേഷം പെണ്‍കുട്ടി തന്നെ വെളിപ്പെടുത്തി “മുറച്ചെക്കനുമായി പ്രേമത്തിലായിരുന്നു ,സാമ്പത്തിക സ്ഥിതി കുറഞ്ഞതിനാല്‍ വീട്ടുകാര്‍ സമ്മതിച്ചില്ല ഇത് അവനോട് പറഞ്ഞിരുന്നു “ എല്ലാ ശാപങ്ങളും ഏറ്റ് വാങ്ങി അത്ര കാലവും വില്ലനായിരുന്നവന്‍ പിന്നെ രക്തസാക്ഷിയായി , പ്രണയത്തിന്റെ രക്തസാക്ഷി പക്ഷെ ഒരിക്കലും നായകനാകാന്‍ കഴിയാതെ അവനജ്ഞാതനായി പോയി , ഇപ്പോഴും അവനെവിടെയെന്ന് ആര്‍ക്കുമറിയില്ല . പ്രണയത്തില്‍ മരണമല്ല വേര്‍പെട്ടിട്ടും ജീവിച്ചിരിക്കുന്നതാണ് ഏറ്റവും ദുരന്തം . അവന്‍ ജീവിച്ചിരിക്കുന്നുണ്ടാവും എവിടെയെങ്കിലുമൊരു ദുരന്തസാക്ഷ്യമായി .

പ്രണയം നഷ്ടപ്പെടലിന്റേതാണ് പലപ്പോഴും , ജീവനും ജീവിതവും സാമ്രാജ്യവും സമ്പത്തുമെല്ലാം പ്രണയത്തിന്റെ ഭ്രമിപ്പിക്കുന്ന സൌന്ദര്യത്തില്‍ അലിഞ്ഞില്ലാതെയാവും ,എല്ലാം നഷ്ടമായാലും എല്ലാം ത്യജിക്കേണ്ടി വന്നാലും പ്രണയത്തെ ഞാന്‍ പ്രണയിക്കുന്നു എന്നാണ് ഭൂരിപക്ഷം പ്രണയിതാക്കളും പറയുക . കരകാണാനാകാത്ത ആഴക്കടലില്‍ പെട്ട് പോകുന്ന നാവികന്‍ ദ്വീപ് തിരയുന്നത് പോലെയോ മരുഭൂമിയിലെ യാത്രികന്‍ മരുപ്പച്ച തിരയുന്നത് പോലെയോ ആണ് ഓരോ പ്രണയത്തിന്റെ രഹസ്യവും പിടികിട്ടാതെ പോകുന്നത് , കണ്ടെത്തി എന്ന് നമ്മള്‍ നടിക്കുമ്പോഴേക്കും അകന്നകന്ന് പോകുന്ന മായക്കാഴ്ചകള്‍

എന്റെ ജീവിതവുമായി ഒരു ബന്ധമില്ലാത്തെ കുറെ ആളുകള്‍ രാത്രികളില്‍ ഉറക്കമില്ലാത്ത ഓര്‍മ്മകളായി എന്റെ ചുറ്റും പ്രദക്ഷിണം ചെയ്യാറുണ്ട് ,എന്തിനെന്നറിയാതെ അലഞ്ഞ് തിരിയാറുണ്ട് പ്രണയത്തിന്റെ സാക്ഷ്യപ്പെടുത്തലുകളായി