
ബോണി ചേംബര്‍ലൈന്റെ പ്രസിദ്ധമായ ഒരു കഥയുണ്ട് . ഒരു ചിത്രകാരന്‍ യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു ചിത്ര പരമ്പര തയ്യാറാക്കുകകയായിരുന്നു. ആ ചിത്രം അയാളുടെ ജീവിതത്തിലെ ഏറ്റവും മികച്ച രചന ആയിരിക്കണമെന്നുള്ള നിര്‍ബന്ധബുദ്ധി കാരണം മോഡലുകളുടെ മുഖഭാവത്തിന്റെ കാര്യത്തില്‍ ചിത്രകാരന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു .ഉണ്ണിയേശുവിന്റെയും യൂദാസ്സിന്റെയും മുഖമായിരുന്നു ഏറെ പ്രാധാന്യമുള്ളത് .ഉണ്ണിയേശുവിന്റെ കാരുണ്യവും നിഷ്കളങ്കതയും നിറഞ്ഞ മുഖം അയാളാഗ്രഹിച്ചതു പോലെ തന്നെ കിട്ടി . ചിത്ര പരമ്പരയിലെ അവസാന ചിത്രം യൂദാസ്സിന്റേതായിരുന്നു . പക്ഷെ യൂദാസ്സിന്റെ മുഖത്തിനായി പലരെയും പരിഗണിച്ചെങ്കിലും ചിത്രകാരന്റെ മനസ്സിലുള്ള ഭാവമായി ഒത്തുപോകുന്നില്ലായിരുന്നു .ചിത്രകാരന്‍ അത്തരമൊരു മുഖത്തിനായി കാത്തിരിക്കാന്‍ തന്നെ തീരുമാനിച്ചു .ഓരോ തെരുവിലും അയാള്‍ ആ മുഖം തേടി അലഞ്ഞു .അങ്ങനെ നീണ്ട വര്‍ഷങ്ങളുടെ തിരച്ചിലിന് ശേഷം ഒരു ചൂതാട്ടകേന്ദ്രത്തില്‍ വെച്ച് ചിത്രകാരന്‍ തന്റെ മനസ്സിലെ യൂദാസ്സിനെ കണ്ടെത്തുന്നു .കുടിലതയും ക്രൌര്യവും നിറഞ്ഞ ഒറ്റുകാരന്റെ അതേ മുഖം -.യൂദാസ്സിന്റെ മോഡലായി ഈ വര്‍ഷങ്ങളത്രയും ചിത്രകാരന്‍ അലഞ്ഞതു ഈ മുഖത്തിന് വേണ്ടിയായിരുന്നു .ചിത്രകാരനോട് യൂദാസ്സിന്റെ മുഖമുള്ള ആ ചൂതാട്ടക്കാരന്‍ ചോദിച്ചു - ചിത്രകാരാ അങ്ങേക്കെന്നെ ഓര്‍മയുണ്ടോ കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ണിയേശുവിന്റെ നിഷ്കളങ്കതയും ജ്യോതിസ്സും നിറഞ്ഞ മുഖം വരക്കാനായി എന്നെ തന്നെയാണ് അങ്ങ് തിരഞ്ഞെടുത്തത് !!!
2 ജി അഴിമതിക്കേസില്‍ അറസ്റ്റിലായ കനിമൊഴിയുടെ ദയനീയമായ മുഖം എന്നില്‍ ഓര്‍മ്മപ്പെടുത്തിയത് ബോണി ചേംബര്‍ ലൈന്റെ ഈ കഥ തന്നെയാണ് .കവയത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായി ദ്രാവിഡ സാംസ്കാരിക മണ്ഡലത്തില്‍ നിറഞ്ഞു നിന്നിരുന്ന കനിമൊഴി വളരെ പെട്ടെന്നു തന്നെ അഴിമതിയുടെയും മനുഷ്യദുരാഗ്രഹങ്ങളുടെയും പ്രതീകമായി മാറുമ്പോള്‍ അതു കാലത്തിന്റെ സ്വാഭാവിക പരിണാമം മാത്രമായിത്തീരുന്നു .കരുണാ നിധിയുടെ ചിന്നവീടു സന്താനമായ കനിമൊഴി അധികാരരാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളിലെ വില പേശലിലൊന്നും ഭാഗഭാക്കായിരുന്നില്ല. രാജ്യ സഭാംഗമായതോടെയാണ് രാഷ്ട്രീയത്തിന്റെ വെള്ളിവെളിച്ചത്തില്‍ കനിമൊഴി കൂടുതല്‍ ശ്രദ്ധാ കേന്ദ്രമായി മാറുന്നത് .ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ആണ്ടിപ്പട്ടി അരസിയല്‍ വാദികളില്‍ നിന്നു സാമാന്യ വിവരമോ വിദ്യാഭ്യാസമോ ഉള്ള ഒരാളെ ലോക്സഭയിലേക്കോ രാജ്യസഭയിലേക്കോ അയക്കുക എന്നത് അല്പം ആയാസം നിറഞ്ഞ അധ്വാനമാണ് .കരുണാ നിധിയുടെ മൂത്ത പുത്രനായ അഴഗിരിയെ ലോകസഭ കാണിച്ചിട്ടു ഇംഗ്ലീഷോ ഹിന്ദിയോ അറിയാത്ത ആ അണ്ണന്‍ ലോക് സഭ കയറാറോ അവിടെയെന്തു സംഭവിക്കുന്നു എന്നറിയാനോ മുതിര്‍ന്നില്ല . ഹിന്ദു പത്രത്തിലെ സബ് എഡിറ്ററായിരുന്ന കനിമൊഴി അത്തരമൊരു സാഹചര്യത്തിലാണ് രാജ്യസഭാംഗമായി മാറുന്നതും വിലപേശല്‍ രാഷ്ട്രീയത്തിമെന്ന വ്യവസ്ഥാപിത ശൃംഘലയിലെ പ്രധാന കണ്ണിയായി പരിണമിക്കുന്നതും അതിനു ശേഷം സംഭവിച്ചതു ചരിത്രം .
കനിമൊഴി കവിയായതു കൊണ്ടോ സാമൂഹ്യ പ്രവര്‍ത്തകയായതു കൊണ്ടോ ഉള്ള അനുതാപത്താല്‍ യാതൊരു വൈകാരിക പിന്തുണയും അവര്‍ അര്‍ഹിക്കുന്നില്ല. വിതച്ചതു കൊയ്തു എന്ന പതിവ് വാക്യം മാത്രം ഇവിടെയും പറയാം . പക്ഷെ അപ്പോഴും വലിയ വിതക്കാരൊക്കെ ഇപ്പോഴും വിതച്ചു കൊണ്ടു കൃഷി തുടരുന്നു . അടിയാളന്മാരെക്കൊണ്ടു വിത്തിറക്കി , കളത്തിന് പുറത്തു മാടമ്പി ചമഞ്ഞിരിക്കുന്ന മാന്യനായ പ്രധാനമന്ത്രിയടക്കമുള്ളവരെക്കൂടി കൂടെ ഈ കളികളുടെ അന്ത്യത്തില്‍ കാണാന്‍ കഴിയട്ടെ എന്നു മാത്രം ആഗ്രഹിക്കുന്നു .
കനിമൊഴി കൂട്ടിലാവുമ്പോള്‍ കാവ്യലോകത്തിന് അതൊരു തീരാനഷ്ടമൊന്നുമല്ല .പക്ഷെ അവര്‍ നല്ലൊരു കവയത്രിയായിരുന്നു .അഴിമതിയോ സ്വജനപക്ഷപാതമോ ദുരയോ കവിത്വത്തെ സ്വാധീനിക്കുമോ എന്നറിയില്ല .കവിത്വത്തിന് മാനുഷിക മൂല്യങ്ങള്‍ ആവശ്യമാണെന്നു ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മാനുഷിക ഭാവങ്ങളില്‍ നിന്നു നിന്നു സ്വാര്‍ത്ഥതയും ദുരാഗ്രഹവും ആരാണ് ഒഴിവാക്കിയത് എന്ന മറുചോദ്യം ബാക്കിയാകുന്നു .മനുഷ്യഭാവങ്ങത്തിന്റെ ഏറ്റവും അടിസ്ഥാനഭാവം സ്വാര്‍ത്ഥതയും ദുരയും തന്നെയുമാണ് എന്ന് എല്ലാ ഇതിഹാസങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട് .സാഹിത്യകാരനും സാഹിത്യവും എന്നീ ദ്വന്ദ്വങ്ങള്‍ എപ്പോഴും സമാന്തരമായി സഞ്ചരിച്ചു കൊള്ളണമെന്നുള്ള നിര്‍ബന്ധ ബുദ്ധി അനുവാചകന്‍ സ്വീകരിച്ചാല്‍ അതില്‍ നിരാശ മാത്രമായിരിക്കും ഫലം .
80 കളിലെ യുവത്വത്തെ മയക്കുമരുന്നിലേക്കും അരാജകത്വത്തിലേക്കും നയിച്ച സാഹിത്യകാരനാണ് എം മുകുന്ദനെന്നു സുഹൃത് സദസ്സുകളിലെ ചര്‍ച്ചാ വട്ടങ്ങളില്‍ പലരും ആരോപിക്കാറുണ്ടായിരുന്നു .പക്ഷെ ഈയടുത്തു പുനത്തില്‍ കുഞ്ഞബ്ദുള്ള ഒരഭിമുഖത്തില്‍ പറഞ്ഞത് എം മുകുന്ദന്‍ രണ്ടു പെഗ് തികച്ചു കഴിക്കാന്‍ നില്‍ക്കാത്ത ആളാണെന്ന്.ഓ വി വിജയന്‍ എട്ടുകാലിയെക്കണ്ടാല്‍ ഭയന്നു വിറക്കുന്നത്ര ദുരബലനായിരുന്നു എന്ന അറിവിനെ ധര്‍മ്മപുരാണത്തിന്റെ ധീരോദാത്തമായ ആഖ്യാനവുമായി താരതമ്യപ്പെടുത്തി വായിക്കാനാരും തുനിഞ്ഞില്ല എന്നു മാത്രമല്ല ഭരണകൂട ഭീകരതക്കെതിരെ എക്കാലത്തെയും ക്ലാസ്സിക്കായി ധര്‍മ്മപുരാണം വായിക്കപ്പെടുന്നു.സ്നേഹത്തെക്കുറിച്ച് കവിതകളെഴുതിയ അമേരിക്കന്‍ കവി എസ്രാപൌണ്ട് പരസ്യമായ ജൂതവിരോധം പ്രകടിപ്പിച്ചിരുന്ന സാഹിത്യകാരനായിരുന്നു . മാര്‍ക് ട്വയിന്‍ സ്വവര്‍ഗ്ഗ രതിക്കാരനായിരുന്നു എന്നതു കൊണ്ടു ഒരു മാതാ പിതാക്കളും ഹക്കിള്‍ ബറി ഫിന്നും ടോം സോയറും കുട്ടികളില്‍ നിഷേധിച്ചിട്ടില്ലല്ലോ .വായനക്കാരന് എഴുത്തുകാരന്റെ സ്വഭാവ വൈശിഷ്ട്യത്തില്‍ അശേഷം താല്പര്യമില്ല അവരുടെ സര്‍ഗ്ഗാത്മകതയെ , വാക്കുകളുടെ മാസ്മരിക ഭാവത്തെയാണ് അനുവാചകനാവശ്യം .എഴുത്തുകാരന്റെ സാമൂഹ്യ പ്രതിബദ്ധത എപ്പോഴുമൊരു ബോണസ്സായി മാത്രം കരുതാനെ നമുക്കവകാശമുള്ളൂ . സാമൂഹ്യ പ്രതിബദ്ധതയുടെ മാനകമുപയോഗിച്ചു എഴുത്തുകാരനെ അളക്കുമ്പോള്‍ അടിയന്തിരാവസ്ഥാ കാലത്ത് മൌനം ഭജിച്ച , മാളങ്ങളിലൊളിച്ച എല്ലാ എഴുത്തുകാരെയും നമ്മള്‍ ബഹിഷ്കരിക്കേണ്ടതായി വരും .
കനിമൊഴി ഇരുമ്പഴിക്കുള്ളിലാകട്ടെ , വിചാരണകള്‍ നടക്കട്ടെ നീതിയും നിയമവും അതിന്റെ വ്യവഹാരങ്ങളില്‍ വിഹരിക്കട്ടെ .കവിതകളെയും വാക്കുകളെയും നമുക്കു വെറുതെ വിടാം .മുമ്പെങ്ങോ വായിച്ച ചില കനിമൊഴികവിതകള്‍ അവ്യക്തമായ ഓര്‍മ്മയില്‍ നിന്നും ലഭിക്കാതെ പോയെങ്കിലും തിരച്ചിലിന്റെ ചില തുരുത്തുകളില്‍ നിന്നു കണ്ടെടുത്ത ചിലത്.
.ഗര്‍ഭപാത്രത്തിന്‍ ഗന്ധം
അച്ഛന്‍ പറഞ്ഞതിനാല്‍
സ്കൂളില്‍ പോയി
തല ചീവി
ചില കൂട്ടുകാരെ വിലക്കി
ഉടുപ്പിട്ടു, പല്ലു തേച്ചു, പ്രാര്‍ത്ഥിച്ചു
കല്യാണം കഴിച്ചു
കാത്തിരിക്കുന്നു ..
എന്റെ ഊഴം വരുമെന്ന്.
കനിമൊഴി കവിതകള്‍
മുറുകെ പിടിക്കാന്‍
ഒരു സ്വര്‍ഗം
ആവശ്യമില്ല.
എനിക്കു പരിചയമുള്ളത്,
ഭൂമിയെ മാത്രമാണ്
സ്നേഹം .
എന്റെ പ്രണയത്തെപ്പറ്റി
അഭിമാനിക്കാന്‍ ഒന്നുമില്ല
ശ്വാസത്തെക്കുറിച്ച് വിശദീകരിക്കാന്‍
എന്താണുള്ളത്
ഈ കവിതകള്‍ ചവറ്റുകുട്ടയിലോ ഹൃദയത്തിലോ എന്നത് അനുവാചകന്റെ മാനസിക നിലയ്ക്കായി വിട്ടുകൊടുക്കുന്നു.
ഉപദംശം .
തമിഴ് ഭാഷയിലെ ചില ഓണ്‍ ലൈന്‍ ഫോറങ്ങളില്‍ നിന്നും തമിഴ് ബ്ലോഗുകളില്‍ നിന്നും കിട്ടിയ ചില കവിതകള്‍ സുഹൃത്തായ മനോജ് ആറ്റിങ്ങല്‍ ഒരു പരിഭാഷകന്റെ സ്വാതന്ത്ര്യം ഉപയോഗിച്ചു കൊണ്ടു വിവര്‍ത്തനം ചെയ്തതാണ് .പുസ്തകരൂപത്തില്‍ ഇറങ്ങിയതുമായി ചിലപ്പോള്‍ വാക്കുകളില്‍ വ്യത്യാസം അനിഭവപ്പെട്ടേക്കാം .പുസ്തകം ലഭ്യമാകാത്തതു കൊണ്ടാണ് നേരിട്ടു വിവര്‍ത്തനമെന്ന സാഹസത്തിന് മുതിര്‍ന്നത് .കറുക്കുന്ന മൈലാഞ്ചി’ ‘കനിമൊഴി കവിതകള്‍’ എന്നിവ മലയാളത്തില്‍ ഇറങ്ങിയ കവിതാ സമാഹാരങ്ങളാണ് .