Like
...........
Tuesday 24 May 2011
കനിമൊഴിയുടെ കവിതകള്‍ .
ബോണി ചേംബര്‍ലൈന്റെ പ്രസിദ്ധമായ ഒരു കഥയുണ്ട് . ഒരു ചിത്രകാരന്‍ യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു ചിത്ര പരമ്പര തയ്യാറാക്കുകകയായിരുന്നു. ആ ചിത്രം അയാളുടെ ജീവിതത്തിലെ ഏറ്റവും മികച്ച രചന ആയിരിക്കണമെന്നുള്ള നിര്‍ബന്ധബുദ്ധി കാരണം മോഡലുകളുടെ മുഖഭാവത്തിന്റെ കാര്യത്തില്‍ ചിത്രകാരന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു .ഉണ്ണിയേശുവിന്റെയും യൂദാസ്സിന്റെയും മുഖമായിരുന്നു ഏറെ പ്രാധാന്യമുള്ളത് .ഉണ്ണിയേശുവിന്റെ കാരുണ്യവും നിഷ്കളങ്കതയും നിറഞ്ഞ മുഖം അയാളാഗ്രഹിച്ചതു പോലെ തന്നെ കിട്ടി . ചിത്ര പരമ്പരയിലെ അവസാന ചിത്രം യൂദാസ്സിന്റേതായിരുന്നു . പക്ഷെ യൂദാസ്സിന്റെ മുഖത്തിനായി പലരെയും പരിഗണിച്ചെങ്കിലും ചിത്രകാരന്റെ മനസ്സിലുള്ള ഭാവമായി ഒത്തുപോകുന്നില്ലായിരുന്നു .ചിത്രകാരന്‍ അത്തരമൊരു മുഖത്തിനായി കാത്തിരിക്കാന്‍ തന്നെ തീരുമാനിച്ചു .ഓരോ തെരുവിലും അയാള്‍ ആ മുഖം തേടി അലഞ്ഞു .അങ്ങനെ നീണ്ട വര്‍ഷങ്ങളുടെ തിരച്ചിലിന് ശേഷം ഒരു ചൂതാട്ടകേന്ദ്രത്തില്‍ വെച്ച് ചിത്രകാരന്‍ തന്റെ മനസ്സിലെ യൂദാസ്സിനെ കണ്ടെത്തുന്നു .കുടിലതയും ക്രൌര്യവും നിറഞ്ഞ ഒറ്റുകാരന്റെ അതേ മുഖം -.യൂദാസ്സിന്റെ മോഡലായി ഈ വര്‍ഷങ്ങളത്രയും ചിത്രകാരന്‍ അലഞ്ഞതു ഈ മുഖത്തിന് വേണ്ടിയായിരുന്നു .ചിത്രകാരനോട് യൂദാസ്സിന്റെ മുഖമുള്ള ആ ചൂതാട്ടക്കാരന്‍ ചോദിച്ചു - ചിത്രകാരാ അങ്ങേക്കെന്നെ ഓര്‍മയുണ്ടോ കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ണിയേശുവിന്റെ നിഷ്കളങ്കതയും ജ്യോതിസ്സും നിറഞ്ഞ മുഖം വരക്കാനായി എന്നെ തന്നെയാണ് അങ്ങ് തിരഞ്ഞെടുത്തത് !!!
2 ജി അഴിമതിക്കേസില്‍ അറസ്റ്റിലായ കനിമൊഴിയുടെ ദയനീയമായ മുഖം എന്നില്‍ ഓര്‍മ്മപ്പെടുത്തിയത് ബോണി ചേംബര്‍ ലൈന്റെ ഈ കഥ തന്നെയാണ് .കവയത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായി ദ്രാവിഡ സാംസ്കാരിക മണ്ഡലത്തില്‍ നിറഞ്ഞു നിന്നിരുന്ന കനിമൊഴി വളരെ പെട്ടെന്നു തന്നെ അഴിമതിയുടെയും മനുഷ്യദുരാഗ്രഹങ്ങളുടെയും പ്രതീകമായി മാറുമ്പോള്‍ അതു കാലത്തിന്റെ സ്വാഭാവിക പരിണാമം മാത്രമായിത്തീരുന്നു .കരുണാ നിധിയുടെ ചിന്നവീടു സന്താനമായ കനിമൊഴി അധികാരരാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളിലെ വില പേശലിലൊന്നും ഭാഗഭാക്കായിരുന്നില്ല. രാജ്യ സഭാംഗമായതോടെയാണ് രാഷ്ട്രീയത്തിന്റെ വെള്ളിവെളിച്ചത്തില്‍ കനിമൊഴി കൂടുതല്‍ ശ്രദ്ധാ കേന്ദ്രമായി മാറുന്നത് .ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ആണ്ടിപ്പട്ടി അരസിയല്‍ വാദികളില്‍ നിന്നു സാമാന്യ വിവരമോ വിദ്യാഭ്യാസമോ ഉള്ള ഒരാളെ ലോക്സഭയിലേക്കോ രാജ്യസഭയിലേക്കോ അയക്കുക എന്നത് അല്പം ആയാസം നിറഞ്ഞ അധ്വാനമാണ് .കരുണാ നിധിയുടെ മൂത്ത പുത്രനായ അഴഗിരിയെ ലോകസഭ കാണിച്ചിട്ടു ഇംഗ്ലീഷോ ഹിന്ദിയോ അറിയാത്ത ആ അണ്ണന്‍ ലോക് സഭ കയറാറോ അവിടെയെന്തു സംഭവിക്കുന്നു എന്നറിയാനോ മുതിര്‍ന്നില്ല . ഹിന്ദു പത്രത്തിലെ സബ് എഡിറ്ററായിരുന്ന കനിമൊഴി അത്തരമൊരു സാഹചര്യത്തിലാണ് രാജ്യസഭാംഗമായി മാറുന്നതും വിലപേശല്‍ രാഷ്ട്രീയത്തിമെന്ന വ്യവസ്ഥാപിത ശൃംഘലയിലെ പ്രധാന കണ്ണിയായി പരിണമിക്കുന്നതും അതിനു ശേഷം സംഭവിച്ചതു ചരിത്രം .
കനിമൊഴി കവിയായതു കൊണ്ടോ സാമൂഹ്യ പ്രവര്‍ത്തകയായതു കൊണ്ടോ ഉള്ള അനുതാപത്താല്‍ യാതൊരു വൈകാരിക പിന്തുണയും അവര്‍ അര്‍ഹിക്കുന്നില്ല. വിതച്ചതു കൊയ്തു എന്ന പതിവ് വാക്യം മാത്രം ഇവിടെയും പറയാം . പക്ഷെ അപ്പോഴും വലിയ വിതക്കാരൊക്കെ ഇപ്പോഴും വിതച്ചു കൊണ്ടു കൃഷി തുടരുന്നു . അടിയാളന്മാരെക്കൊണ്ടു വിത്തിറക്കി , കളത്തിന് പുറത്തു മാടമ്പി ചമഞ്ഞിരിക്കുന്ന മാന്യനായ പ്രധാനമന്ത്രിയടക്കമുള്ളവരെക്കൂടി കൂടെ ഈ കളികളുടെ അന്ത്യത്തില്‍ കാണാന്‍ കഴിയട്ടെ എന്നു മാത്രം ആഗ്രഹിക്കുന്നു .
കനിമൊഴി കൂട്ടിലാവുമ്പോള്‍ കാവ്യലോകത്തിന് അതൊരു തീരാനഷ്ടമൊന്നുമല്ല .പക്ഷെ അവര്‍ നല്ലൊരു കവയത്രിയായിരുന്നു .അഴിമതിയോ സ്വജനപക്ഷപാതമോ ദുരയോ കവിത്വത്തെ സ്വാധീനിക്കുമോ എന്നറിയില്ല .കവിത്വത്തിന് മാനുഷിക മൂല്യങ്ങള്‍ ആവശ്യമാണെന്നു ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മാനുഷിക ഭാവങ്ങളില്‍ നിന്നു നിന്നു സ്വാര്‍ത്ഥതയും ദുരാഗ്രഹവും ആരാണ് ഒഴിവാക്കിയത് എന്ന മറുചോദ്യം ബാക്കിയാകുന്നു .മനുഷ്യഭാവങ്ങത്തിന്റെ ഏറ്റവും അടിസ്ഥാനഭാവം സ്വാര്‍ത്ഥതയും ദുരയും തന്നെയുമാണ് എന്ന് എല്ലാ ഇതിഹാസങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട് .സാഹിത്യകാരനും സാഹിത്യവും എന്നീ ദ്വന്ദ്വങ്ങള്‍ എപ്പോഴും സമാന്തരമായി സഞ്ചരിച്ചു കൊള്ളണമെന്നുള്ള നിര്‍ബന്ധ ബുദ്ധി അനുവാചകന്‍ സ്വീകരിച്ചാല്‍ അതില്‍ നിരാശ മാത്രമായിരിക്കും ഫലം .
80 കളിലെ യുവത്വത്തെ മയക്കുമരുന്നിലേക്കും അരാജകത്വത്തിലേക്കും നയിച്ച സാഹിത്യകാരനാണ് എം മുകുന്ദനെന്നു സുഹൃത് സദസ്സുകളിലെ ചര്‍ച്ചാ വട്ടങ്ങളില്‍ പലരും ആരോപിക്കാറുണ്ടായിരുന്നു .പക്ഷെ ഈയടുത്തു പുനത്തില്‍ കുഞ്ഞബ്ദുള്ള ഒരഭിമുഖത്തില്‍ പറഞ്ഞത് എം മുകുന്ദന്‍ രണ്ടു പെഗ് തികച്ചു കഴിക്കാന്‍ നില്‍ക്കാത്ത ആളാണെന്ന്.ഓ വി വിജയന്‍ എട്ടുകാലിയെക്കണ്ടാല്‍ ഭയന്നു വിറക്കുന്നത്ര ദുരബലനായിരുന്നു എന്ന അറിവിനെ ധര്‍മ്മപുരാണത്തിന്റെ ധീരോദാത്തമായ ആഖ്യാനവുമായി താരതമ്യപ്പെടുത്തി വായിക്കാനാരും തുനിഞ്ഞില്ല എന്നു മാത്രമല്ല ഭരണകൂട ഭീകരതക്കെതിരെ എക്കാലത്തെയും ക്ലാസ്സിക്കായി ധര്‍മ്മപുരാണം വായിക്കപ്പെടുന്നു.സ്നേഹത്തെക്കുറിച്ച് കവിതകളെഴുതിയ അമേരിക്കന്‍ കവി എസ്രാപൌണ്ട് പരസ്യമായ ജൂതവിരോധം പ്രകടിപ്പിച്ചിരുന്ന സാഹിത്യകാരനായിരുന്നു . മാര്‍ക് ട്വയിന്‍ സ്വവര്‍ഗ്ഗ രതിക്കാരനായിരുന്നു എന്നതു കൊണ്ടു ഒരു മാതാ പിതാക്കളും ഹക്കിള്‍ ബറി ഫിന്നും ടോം സോയറും കുട്ടികളില്‍ നിഷേധിച്ചിട്ടില്ലല്ലോ .വായനക്കാരന് എഴുത്തുകാരന്റെ സ്വഭാവ വൈശിഷ്ട്യത്തില്‍ അശേഷം താല്പര്യമില്ല അവരുടെ സര്‍ഗ്ഗാത്മകതയെ , വാക്കുകളുടെ മാസ്മരിക ഭാവത്തെയാണ് അനുവാചകനാവശ്യം .എഴുത്തുകാരന്റെ സാമൂഹ്യ പ്രതിബദ്ധത എപ്പോഴുമൊരു ബോണസ്സായി മാത്രം കരുതാനെ നമുക്കവകാശമുള്ളൂ . സാമൂഹ്യ പ്രതിബദ്ധതയുടെ മാനകമുപയോഗിച്ചു എഴുത്തുകാരനെ അളക്കുമ്പോള്‍ അടിയന്തിരാവസ്ഥാ കാലത്ത് മൌനം ഭജിച്ച , മാളങ്ങളിലൊളിച്ച എല്ലാ എഴുത്തുകാരെയും നമ്മള്‍ ബഹിഷ്കരിക്കേണ്ടതായി വരും .
കനിമൊഴി ഇരുമ്പഴിക്കുള്ളിലാകട്ടെ , വിചാരണകള്‍ നടക്കട്ടെ നീതിയും നിയമവും അതിന്റെ വ്യവഹാരങ്ങളില്‍ വിഹരിക്കട്ടെ .കവിതകളെയും വാക്കുകളെയും നമുക്കു വെറുതെ വിടാം .മുമ്പെങ്ങോ വായിച്ച ചില കനിമൊഴികവിതകള്‍ അവ്യക്തമായ ഓര്‍മ്മയില്‍ നിന്നും ലഭിക്കാതെ പോയെങ്കിലും തിരച്ചിലിന്റെ ചില തുരുത്തുകളില്‍ നിന്നു കണ്ടെടുത്ത ചിലത്.
.ഗര്‍ഭപാത്രത്തിന്‍ ഗന്ധം
അച്ഛന്‍ പറഞ്ഞതിനാല്‍
സ്കൂളില്‍ പോയി
തല ചീവി
ചില കൂട്ടുകാരെ വിലക്കി
ഉടുപ്പിട്ടു, പല്ലു തേച്ചു, പ്രാര്‍ത്ഥിച്ചു
കല്യാണം കഴിച്ചു
കാത്തിരിക്കുന്നു ..
എന്റെ ഊഴം വരുമെന്ന്.
കനിമൊഴി കവിതകള്‍
മുറുകെ പിടിക്കാന്‍
ഒരു സ്വര്‍ഗം
ആവശ്യമില്ല.
എനിക്കു പരിചയമുള്ളത്,
ഭൂമിയെ മാത്രമാണ്
സ്നേഹം .
എന്റെ പ്രണയത്തെപ്പറ്റി
അഭിമാനിക്കാന്‍ ഒന്നുമില്ല
ശ്വാസത്തെക്കുറിച്ച് വിശദീകരിക്കാന്‍
എന്താണുള്ളത്
ഈ കവിതകള്‍ ചവറ്റുകുട്ടയിലോ ഹൃദയത്തിലോ എന്നത് അനുവാചകന്റെ മാനസിക നിലയ്ക്കായി വിട്ടുകൊടുക്കുന്നു.
ഉപദംശം .
തമിഴ് ഭാഷയിലെ ചില ഓണ്‍ ലൈന്‍ ഫോറങ്ങളില്‍ നിന്നും തമിഴ് ബ്ലോഗുകളില്‍ നിന്നും കിട്ടിയ ചില കവിതകള്‍ സുഹൃത്തായ മനോജ് ആറ്റിങ്ങല്‍ ഒരു പരിഭാഷകന്റെ സ്വാതന്ത്ര്യം ഉപയോഗിച്ചു കൊണ്ടു വിവര്‍ത്തനം ചെയ്തതാണ് .പുസ്തകരൂപത്തില്‍ ഇറങ്ങിയതുമായി ചിലപ്പോള്‍ വാക്കുകളില്‍ വ്യത്യാസം അനിഭവപ്പെട്ടേക്കാം .പുസ്തകം ലഭ്യമാകാത്തതു കൊണ്ടാണ് നേരിട്ടു വിവര്‍ത്തനമെന്ന സാഹസത്തിന് മുതിര്‍ന്നത് .കറുക്കുന്ന മൈലാഞ്ചി’ ‘കനിമൊഴി കവിതകള്‍’ എന്നിവ മലയാളത്തില്‍ ഇറങ്ങിയ കവിതാ സമാഹാരങ്ങളാണ് .
Sunday 15 May 2011
പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍
ജനങ്ങളുടെ തലയില്‍ ഇടിത്തീ , ഇരുട്ടടി മുതലായ ക്ലീഷെ പ്രയോഗങ്ങള്‍ തലങ്ങും വിലങ്ങും ഉപയോഗിക്കാന്‍ അവസരമൊരുക്കിക്കൊണ്ടു പെട്രോളിന്റെ വില സര്‍വ്വകാല റെക്കൊര്‍ഡായി ഉയര്‍ത്തിയിട്ടുണ്ട് .ബംഗാളിലും കേരളത്തിലും കോണ്‍ഗ്രസ്സിനെ ജയിപ്പിച്ചതിനുള്ള ശിക്ഷയാണെന്ന് പറയുമ്പോഴും ഭരണം കയ്യിലില്ലാത്തതു കൊണ്ടു പ്രക്ഷോഭത്തിന് ഒരല്പം ആവേശം കൂട്ടാമല്ലോ എന്നുള്ള ആശ്വാസമാണ് കമ്യൂണിസ്റ്റുകാര്‍ക്ക്.
കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷം ആഞ്ഞടിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ പെട്രോള്‍ വില വര്‍ദ്ധനവ് തങ്ങളുടെ പക്കലല്ല തങ്ങളീ നാട്ടുകാരല്ല എന്നൊക്കെ ഒരു മുഴം മുന്നെ ധനമന്ത്രി പ്രണബ് മുഖര്‍ജി കൊല്‍ക്കത്തയില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.പ്രണബ് മുഖര്‍ജി പറഞ്ഞതു ശരിയാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ തന്നെ കേന്ദ്രഗവണ്മെന്റ് Price Deregulation പ്രഖ്യാപിച്ചതാണ് . അതായതു പെട്രോളിന്റെ വില നിര്‍ണ്ണയിക്കാനുള്ള അവകാശം ഗവണ്മെന്റില്‍ നിന്നും ഓയില്‍ കമ്പനികള്‍ക്കു നല്‍കി .അതിന്‍പ്രകാരം പെട്രോളിയം കമ്പനികള്‍ക്കാണ് ഓയില്‍ പ്രൈസ് നിശ്ചയിക്കുന്നതിനുള്ള പൂര്‍ണ്ണ അധികാരം .ഇതു അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയെ ആശ്രയിച്ചെന്നാണ് വെയ്പ്പു . അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കൂടിയാല്‍ പെട്രോളിന്റെ വില വര്‍ദ്ധിപ്പിക്കാം പക്ഷെ കുറഞ്ഞാല്‍ അതിന് ആനുപാതികമായി കുറക്കണമെന്നു നിര്‍ബന്ധമില്ല .ഈ പദ്ധതി വളരെ മികച്ച രീതിയില്‍ തന്നെ സ്വകാര്യ - പൊതുമേഖലാ കമ്പനികള്‍ നടപ്പാക്കി വരുന്നതു കൊണ്ട് കഴിഞ്ഞ ഒമ്പതു മാസങ്ങളിലായി ഒമ്പത് തവണയായി 47.93 ല്‍ നിന്നും 65 ലേക്കു ഉയര്‍ത്തിയാണ് അവര്‍ കേന്ദ്രഗവണ്മെന്റിന്റെ ഈ തീരുമാനത്തോടു ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചത് . കഴിഞ്ഞ കുറച്ച് മാസങ്ങള്‍ നിയമ സഭാ തിരഞ്ഞെടുപ്പെന്ന ചക്കരക്കുടം കണ്മുന്നിലുണ്ടായിരുന്നതു കൊണ്ട് ഈ വില കൂട്ടല്‍ മാമാങ്കത്തിനു ഒരല്പം ആശ്വാസമുണ്ടായിരുന്നു .ഇപ്രാവശ്യത്തെ വില കൂട്ടലിന് അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ പ്രൈസുമായി കാര്യമായ ബന്ധമൊന്നുമില്ല , മുമ്പെങ്ങോ ക്രൂഡ് ഓയില്‍ പ്രൈസ് കൂട്ടിയതിന്റെ ഓര്‍മ്മക്കായിട്ടാവണം .
കേന്ദ്ര ഗവണ്മെന്റിലെ അപ്പാവികള്‍ പറയുന്നതു ആഡംബരപ്രിയരായ ജനങ്ങള്‍ക്കു സുഖിക്കാന്‍ പെട്രോളിന് സബ്സിഡി കൊടുത്തു മടുത്തു എന്നൊക്കെയാണ് . ജനങ്ങളുടെ നികുതിപ്പണം ഇങ്ങനെ ആളുകള്‍ക്കു പെട്രോളടിച്ചു കളയാന്‍ സബ്സിഡി കൊടുക്കുന്ന വിഡ്ഡിത്തത്തെക്കുറിച്ചു കോണ്‍ഗ്രസ്സ് ബുദ്ധിജീവികള്‍ [കോണ്‍ഗ്രസ്സില്‍ ബുദ്ധിജീവികളോ ?ന് തല്‍ക്കാലം അല്പം എക്കോണോമിക്സ് ഒക്കെ പറഞ്ഞു ഉമ്മാക്കി കാണിക്കുന്നവരെ ബുദ്ധിജീവികളാക്കി തരം തിരിക്കാം ]വിശകലനം നടത്തിയിട്ടുണ്ട് .ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു , ഇന്ധനഉപയോഗത്തില്‍ മിതവ്യയം പാലിക്കേണ്ടിയിരിക്കുന്നു എന്നൊക്കെയാണ് ഉപദേശങ്ങള്‍ .
മാര്‍ക്കറ്റിങ്ങിന്റെ തത്വങ്ങളിലൊന്നാണ് Demarketing - എന്നു വെച്ചാല്‍ ദുര്‍ലഭമായ വസ്തുക്കള്‍ അധികം ഉപഭോഗം ചെയ്യാതിരിക്കാനുള്ള ഒരു ബോധവല്‍ക്കരണം. മാര്‍ക്കറ്റിങ്ങ് പഠന ഗ്രന്ഥങ്ങളില്‍ Demarketing ന് ഉത്തമോദാഹരണമായി കൊടുക്കുന്നത് പെട്രോളിയം ഉല്‍പ്പന്നങ്ങളാണ്. ഓരോ തുള്ളിയും അമൂല്യമാണെന്ന് പാവപ്പെട്ടവരുടെ ചാനലായ ദൂരദര്‍ശനില്‍ പരസ്യം കാണിക്കുകയും അതിനൊപ്പം തന്നെ കോടിക്കണക്കിന് രൂപ ചിലവഴിച്ചു പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കു പരസ്യം കൊടുക്കുകയും ചെയ്യുന്ന വിരോധാഭാസത്തെ ചിലര്‍ സാമ്പത്തികശാസ്ത്ര തത്വമുപയോഗിച്ച് അനുകൂലിക്കാന്‍ ശ്രമിക്കുന്നതു കണ്ടപ്പോള്‍ സഹതാപം തോന്നി. Price Deregulation പ്രകാരം അന്താരാഷ്ട്ര ക്രൂഡ് ഓയിലിന്റെ വില മാത്രമല്ല സ്വകാര്യ പൊതു മേഖലാ ഓയില്‍ കമ്പനികളുടെ ലാഭ നഷ്ട കണക്കു കൂടി ഈ വിലയെ ബാധിക്കാം. ഒരു പരസ്യം കൊടുക്കാതിരുന്നതു കൊണ്ട് ആരും പെട്രോള്‍ വാങ്ങാതെയൊന്നുമിരിക്കില്ല . പറഞ്ഞു വന്ന സംഗതി ഇതൊന്നുമല്ല പുര കത്തുമ്പോള്‍ വാഴ നടുക , കഴുക്കോല്‍ വലിച്ചൂരുക തുടങ്ങിയ നാടന്‍ കലാപരിപാടികളുടെ അല്പം കൂടി വ്യാപ്തിയുള്ള സംഭവവികാസങ്ങള്‍ അണിയറയില്‍ നടന്നു കൊണ്ടിരിക്കുന്നതിനെക്കുറിച്ചാണ് .
കെയിണ്‍ ഇന്‍ഡ്യാ - വേദാന്ത ലയനം
കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയപത്രങ്ങളില്‍ ഇന്ധന വില വര്‍ദ്ധനവിനെതിരെയുള്ള വ്യാപക പ്രതിഷേധമെന്ന വാര്‍ത്തകള്‍ക്കൊപ്പം തന്നെ ഉള്‍ പേജിലെ വാണിജ്യ കോളങ്ങളില്‍ 9.6 ബില്ല്യന്റെ കെയിണ്‍ ഇന്‍ഡ്യാ - വേദാന്താ ലയനത്തെക്കുറിച്ച് ചില വാര്‍ത്തകള്‍ കണ്ടിരുന്നു .കെയിണ്‍ എനര്‍ജി ഗ്രൂപ്പ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓയില്‍ പര്യവേക്ഷണ കമ്പനികളിലൊന്നാണ്. ഇന്‍ഡ്യയില്‍ നിന്നാണ് അവരുടെ ഉല്പാദനത്തിന്റെ ഏറിയ പങ്കും .വേദാന്ത ഇന്‍ഡ്യയിലെ കാടും മലയുമൊക്കെ കുത്തകയാക്കി ഖനനം നടത്തുന്ന കുപ്രസിദ്ധമായ ഖനന കമ്പനിയും. രണ്ടു കമ്പനികളുടെ പ്രതിനിധികള്‍ക്കൊപ്പം ലയന ചര്‍ച്ചയുടെ മുന്‍പന്തിയിലുണ്ടായിരുന്നത് മന്ത്രിസഭാ അംഗങ്ങള്‍ അടങ്ങിയ ഒരു പാനലും പ്രധാനമന്ത്രിയുടെ പ്രതിനിധികളും ആയിരുന്നു. രണ്ടു ബഹുരാഷ്ട്രകുത്തകകളുടെ ലയന ചര്‍ച്ചയില്‍ ഗവണ്മെന്റിന് എന്താണ് കാര്യമെന്നു ചോദിച്ചാല്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണപ്പാടങ്ങളിലൊന്നായ രാജസ്ഥാനിലെ മംഗള ഓയില്‍ ഫീല്‍ഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ ചര്‍ച്ച .
രാജസ്ഥാനിലെ മംഗളാ ഓയില്‍ ഫീല്‍ഡ് 3.6 ബില്ല്യണ്‍ ബാരന്റെ വന്‍ നിക്ഷേപമുള്ള ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഓണ്‍ ഷോര്‍ എണ്ണപ്പാടങ്ങളിലൊന്നാണ്. പ്രതിദിനം 125000 ബാരല്‍ എണ്ണയാണ് ഇവിടെ നിന്നുല്പാദിപ്പിക്കപ്പെടുന്നത് .കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡും പൊതുമേഖലാ ഓയില്‍ കമ്പനിയായ ഓ എന്‍ ജി സി [Oil and Natural Gas Corp ] യുമാണ് ഇവിടെ ഉല്പാദനം നടത്തുന്നത് .ഇതില്‍ 70 % ഉല്പാദനവും കെയിണ്‍ ഇന്‍ഡ്യക്കും ഓ എന്‍ ജി സിക്കു 30 ശതമാനവുമാണ് പക്ഷെ രസകരമായ ഒരു വസ്തുത എന്തെന്നു വെച്ചാല്‍ സംസ്ഥാന ഗവണ്മെന്റിന് ഈ എണ്ണപ്പാടത്തില്‍ നിന്നെടുക്കുന്ന ഓരോ ബാരലിന്റെയും റോയല്‍റ്റി മുഴുവനും കൊടുക്കേണ്ടതു പൊതുമേഖലാ സ്ഥാപനമായ ഓ എന്‍ ജി സി ആകുന്നു .
അതായത് 70 ശതമാനം ഉല്പാദനത്തിന്റെ വരുമാനം സ്വന്തമാക്കുന്ന കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡ് അണ പൈ സംസ്ഥാന ഗവണ്മെന്റിനു കരം കൊടുക്കേണ്ടതില്ല മറിച്ച് 30 % ശതമാനം മാത്രം ഉല്പാദനമുള്ള ഓ എന്‍ ജി സി മംഗളാ ഫീല്‍ഡിലെ മുഴുവന്‍ എണ്ണ ഉല്പാദനത്തിന്റെയും കരം അടക്കേണ്ടതുണ്ട്. ബാരലിന് 40 യു എസ് ഡോളര്‍ കണക്കില്‍ വാര്‍ഷിക ഉല്പാദനമായ 6 ദശലക്ഷം ടണ്‍ അസംസ്കൃത എണ്ണയ്ക്ക് ഓ എന്‍ ജി സി വര്‍ഷാ വര്‍ഷം നല്‍കേണ്ട റോയല്‍റ്റി തുക 1760 കോടി രൂപയാണ് . കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡ് ഉല്പാദിപ്പിച്ച് വിറ്റു കൊണ്ടിരിക്കുന്ന അസംസ്കൃത എണ്ണയുടെ റോയല്‍റ്റിയും ഓ എന്‍ ജി സി എന്ന ഇന്‍ഡ്യന്‍ പൊതുമേഖലാ സ്ഥാപനം വഹിക്കണം .ഉല്പാദനം ആരംഭിച്ച 2006 മുതല്‍ ഇതു തന്നെയാണ് സ്ഥിതി .കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡ് Initial investment നടത്തിയതിന്റെ കോമ്പന്‍സേഷനായിട്ടായിരിക്കണം ഇത്തരമൊരു ഉടമ്പടി തുടര്‍ന്നു വരുന്നത് .പക്ഷെ ഒരു രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ കയ്യാളുമ്പോള്‍ സ്വാഭാവികമായും ആ രാജ്യത്തിന് ചില പ്രത്യേക അവകാശങ്ങള്‍ ആവശ്യപ്പെടാവുന്നതാണ് .അതിനു പകരം ബഹുരാഷ്ട്രകുത്തകകള്‍ക്കു രാജ്യത്തെ പ്രകൃതി വിഭവങ്ങളെ തീറെഴുതിക്കൊടുക്കുന്ന കരാറാണ് ഇന്‍ഡ്യാ ഗവണ്മെന്റ് രൂപീകരിച്ചിട്ടുള്ളത് . 2006 മുതല്‍ ഇങ്ങനെ ദശലക്ഷക്കണക്കിന് കോടി രൂപയാണ് ഓരോ ഇന്‍ഡ്യക്കാരന്റെ നികുതിപ്പണത്തില്‍ നിന്നും മറ്റൊരു ബഹുരാഷ്ട്രകുത്തകയുടെ ലാഭം വര്‍ദ്ധിപ്പിക്കാനായി ചിലവഴിച്ചു കൊണ്ടിരിക്കുന്നത് .
ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ എന്നൊക്കെ നമുക്കു അല്‍ഭുതപ്പെടാം പക്ഷെ ചില സമയങ്ങളില്‍ നമ്മള്‍ വെള്ളരിക്കാപ്പട്ടണമെന്ന പ്രയോഗത്തെക്കാളുമൊക്കെ മോശം അവസ്ഥയിലാണ് . വേദാന്ത ലിമിറ്റഡ് കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡിനെ ഏറ്റെടുക്കുമ്പോള്‍ ഈ കരാര്‍ പുനപരിശോധിച്ചു കൊണ്ടു ഉല്പാദനത്തിന്റെ അനുപാതത്തില്‍ മാത്രം റോയല്‍റ്റി എന്ന നിലപാട് സോളിസിറ്റര്‍ ജനറലിന്റെ ഉപദേശപ്രകാരം ഓ എന്‍ ജി സി എടുത്തതിനെത്തുടര്‍ന്നാണ് കുറച്ചു മാസങ്ങളായി തുടരുന്ന ഈ ലയന പ്രതിസന്ധി . ഈ ഏറ്റെടുക്കലിലൂടെ രാജസ്ഥാനിലെ മംഗള ബ്ലോക്കടക്കം പത്ത് ഉല്പാദന കേന്ദ്രങ്ങളാണ് കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡില്‍ നിന്നും വേദാന്ത ഗ്രൂപ്പിനു സ്വന്തമാകാന്‍ പോകുന്നത് . മംഗള ബ്ലോക്കില്‍ നിന്നു ഉല്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയുടെ മുഴുവന്‍ ഉല്പാദനത്തിന്റെയും റോയല്‍റ്റി ഇപ്പോഴുള്ള കരാറനുസരിച്ച് ഓ എന്‍ ജി സി യാണ് നല്‍കേണ്ടത് .ഈ അധിക ബാധ്യതയില്‍ നിന്നൊഴിവാകുന്നതിനായി ധാരണാ പത്രം ഒപ്പു വെക്കുന്ന സമയത്തു തന്നെ ഓ എന്‍ ജി സി പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഉല്പാദിപ്പിക്കപ്പെടുന്ന മുഴുവന്‍ ക്രൂഡ് ഓയിലിന്റെ റോയല്‍റ്റിയും ഓ എന്‍ ജി സി തന്നെ നല്‍കേണ്ടതുണ്ട് എന്ന നിലപാടിലായിരുന്നു വേദാന്താ ഗ്രൂപ്പ് .
ഇത്തരത്തില്‍ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാട് എടുക്കാന്‍ വേദാന്തയെയും കെയിണ്‍ ലിമിറ്റഡിനെയും പ്രേരിപ്പിക്കുന്നത് രാജ്യത്തെ ഭരണാധികാരികള്‍ അവര്‍ക്കു നല്‍കുന്ന പിന്തുണ കൊണ്ടു തന്നെയാണ് .ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി പളനിയപ്പന്‍ ചിദംബരം ഇപ്പോഴത്തെ മന്ത്രിപ്പണിക്കു മുമ്പ് വേദാന്ത എന്ന കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായിരുന്നു എന്നു മാത്രമല്ല മന്ത്രിസഭയിലെ അംഗങ്ങളില്‍ പലരും ഉന്നതോദ്യോഗസ്ഥന്മാരും ഇതിന്റെ ഓഹരിയുടമകളും അഭ്യുതയകാംക്ഷികളുമാണ് .അതു കൊണ്ടു തന്നെ കേന്ദ്ര പെട്രോളിയം മന്ത്രിയും പ്രധാന മന്ത്രിയുടെ ഓഫീസും കെയിണ്‍ - വേദാന്ത ഏറ്റെടുക്കല്‍ പ്രക്രിയക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട് . ഈ ലയനത്തോടു കേന്ദ്ര ഗവണ്മെന്റ് പുലര്‍ത്തുന്ന മൃദു സമീപനം ആ രാജ്യത്തെ ഓരോ പൌരന്റെയും നികുതിപ്പണത്തിന്റെ ബലത്തിലാണ് .
മുമ്പുണ്ടായിരുന്ന കരാറുകളോ ഉടമ്പടിയോ എന്തുമാകട്ടെ ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന് അനാവശ്യമായ ഒരു അധികബാധ്യത വരുത്തി ഒരു ബഹുരാഷ്ട്രകമ്പനിയുടെ ലാഭത്തിന് വേണ്ടി മാത്രം ധൃതഗതിയില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഭരണകൂടത്തിന് ആ രാജ്യത്തെ ജനങ്ങളോടുള്ള പ്രതിബദ്ധത എന്താണ് ? ഓ എന്‍ ജി സി യുടെ വളരെ ന്യായമായ ഒരു നിലപാടിനെതിരെ ഭരണകൂടവും ബന്ധപ്പെട്ട മന്ത്രാലയവും കാണിക്കുന്ന ഈ താല്പര്യത്തിന്റെ ഒരു ശതമാനമെങ്കിലും ഇന്നാട്ടിലെ ജനങ്ങളോടുണ്ടായിരുന്നെങ്കില്‍ ആഗ്രഹിച്ചു പോകുന്നു .പെട്രോളിയം കമ്പനികള്‍ വില ഉയര്‍ത്തിയാലും പൊക്കിയാലും കേന്ദ്രഗവണ്മെന്റിന് ഒന്നും സംഭവിക്കാനില്ല പക്ഷെ സ്വകാര്യ കുത്തകകളുടെ ലയനത്തിനായി മന്ത്രിസഭാ സമിതിയും പ്രധാനമന്ത്രിയുടെ പ്രതിനിധികളുമെല്ലാം ഹാജരുണ്ടാവും കാരണം ഗവണ്മെന്റുകളെയും മന്ത്രിമാരെയും സൃഷ്ടിക്കുന്നതും നിയന്ത്രിക്കുന്നതും അവരാണല്ലോ .
പ്രകടമായി ഓ എന്‍ ജി സി ക്കു അനുകൂലമായ രീതിയിലുള്ള റോയല്‍റ്റി കരാര്‍ എന്നൊക്കെയുള്ള ഗവണ്മെന്റിന്റെ വാദത്തിന് എന്തു സംഭവിക്കുമെന്നു ഈ മാസം അറിയാം . ഈയൊരു ലയനത്തോടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഓണ്‍ഷോര്‍ എണ്ണപാടമായ രാജസ്ഥാനിലെ മംഗള എണ്ണപ്പാടം ഇതോടെ വേദാന്തക്ക് സ്വന്തമാകും പ്രതിദിനം 1,25,000 ബാരലാണു കമ്പനി ഉത്പാദിപ്പിക്കുന്നത് ഇത് 150000 ബാരലായി ഉയര്‍ത്താനും സാധ്യമാണ് .മംഗളാ എണ്ണപ്പാടത്തില്‍ ഇനി ഉല്പാദനം ഉയരല്ലെ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം കാരണം അവിടെ ഉല്പാദിപ്പിക്കപ്പെടുന്ന ഓരോ ബാരല്‍ എണ്ണയ്ക്കും നികുതി കൊടുക്കേണ്ടത് പൊതുമേഖലാ സ്ഥാപനമായ ഓ എന്‍ ജി സി യാകുന്നു .
അനുബന്ധം .
അഞ്ചു രൂപയോ ആറു രൂപയോ കൂട്ടിയതിനു ശേഷം ജനങ്ങളുടെ ദുരിതങ്ങളില്‍ ഭൂതദയ തോന്നി ഒന്നോ രണ്ടോ രൂപ കുറച്ചാല്‍ അതു കേന്ദ്രഗവണ്മെന്റിന്റെ ഏറ്റവും വലിയ മഹാമനസ്കതയായിരിക്കും .മൂന്നു രൂപ കൂട്ടി കുറക്കാതിരിക്കുന്നതിലും നല്ലത് ആറു രൂപ കൂട്ടി രണ്ടു രൂപ കുറക്കുന്നതാണല്ലോ .സംഭവിക്കണമെന്നില്ല സാധ്യതയുള്ള ഒരു സംഗതിയായി പറഞ്ഞന്നെ ഉള്ളൂ .
Monday 9 May 2011
കഥയല്ലിതു ജീവിതം - ഒരു റിയാലിറ്റി മെഗാഷോ
സാങ്കേതിക വിദ്യയുടെ വികാസം നമ്മുടെ ആസ്വാദനശേഷിയെ പ്രകടമായി ബാധിക്കുന്ന ഒന്നാണ് .കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഷക്കീല പടങ്ങളുടെ ആധിക്യത്തില്‍ നീല പുതച്ച കേരളത്തില്‍ ഇന്നു അത്തരമൊരു ചിത്രം വിജയിക്കാനുള്ള സാധ്യതകള്‍ പരിമിതപ്പെടുന്നത് സാങ്കേതിക വിദ്യയുടെ നീലപ്പല്ലുകള്‍ [blue Tooth ] കാഴ്ചക്കാരന്റെ ആസ്വാദനാനുഭവങ്ങളില്‍ വരുത്തിയ പരിണാമങ്ങള്‍ കൊണ്ടാണ് . കഥയും തിരക്കഥയുമെല്ലാമുള്ള ചലചിത്ര കാഴ്ചയില്‍ നിന്ന് അയലത്തെ വീട്ടിലെ ചേച്ചിയുടെ കുളി സീന്‍ കാണുന്ന നിര്‍വൃതി കിട്ടാന്‍ വഴിയില്ലല്ലോ . ഇവിടെ ഭാവനയും യാഥാര്‍ത്ഥ്യവും ഏറ്റ് മുട്ടുമ്പോള്‍ യാഥാര്‍ത്ഥ്യത്തിനാണ് കൂടുതല്‍ വിപണി മൂല്യം .3 ജിയുടെ വരവോടെ ഈ അയലത്തെ ചേച്ചിയോ ഹോസ്റ്റല്‍ മുറിയിലെ പെണ്‍കുട്ടിയോ മാറി കൂടുതല്‍ യാഥാര്‍ത്ഥ്യത്തോടെ ലൈവ് ആയി കാണാവുന്ന കാഴ്ചകള്‍ വരുന്നതോടെ ബ്ലൂടൂത്ത് വിപ്ലവത്തിനും കാഴ്ചക്കാര്‍ കുറയും .പുതുമയാണ് ഓരോ കാഴ്ചയുടെയും വിപണിമൂല്യത്തെ സ്വാധീനിക്കുന്നത് .
മലയാളികളുടെ സ്വീകരണ മുറിയെ കണ്ണീരണിയിച്ചിരുന്ന വികാരതീവ്രമായ മെഗാ സീരിയലുകള്‍ പെണ്ണുങ്ങള്‍ക്കു പോലും മടുത്തു തുടങ്ങിയ കാലത്താണ് റിയാലിറ്റി ഷോകള്‍ ആരംഭിച്ചത് .മെഗാസീരിയലുകളിലെ ‘ജീവിതഗന്ധിയായ‘ പരദൂഷണങ്ങളും അവിഹിതവേഴ്ചകളും മാത്രം കാണുന്നതിനെക്കാള്‍ പ്രതിഭകള്‍ മാറ്റുരക്കുന്ന റിയാലിറ്റിഷോകള്‍ സാമൂഹികമായി നല്ലതാണെന്ന വിലയിരുത്തലുകളുണ്ടായി പക്ഷെ കണ്ണീരും കരച്ചിലും കാലു പിടുത്തവും തന്നെ അവിടെയും .എങ്കിലും എരിവു പോരാതെയായി അതും മടുത്തു തുടങ്ങിതുടങ്ങിയപ്പോഴാണ് യഥാര്‍ത്ഥ ജീവിതത്തിലെ അവിഹിതങ്ങളും ദാമ്പത്യ പ്രശ്നങ്ങളും ഞാനടക്കമുള്ള മലയാളി ഒളിഞ്ഞു നോട്ടക്കാര്‍ക്കു മുന്നിലേക്ക് നീട്ടുന്നത് .കഴിഞ്ഞ ദിവസങ്ങളില്‍ മലയാളത്തിലെ സാംസ്കാരിക ശുദ്ധിയുള്ള ചാനലായ അമൃതാ ടി വി യില്‍ .കഥയല്ലിതു ജീവിതം “ എന്ന റിയാലിറ്റി ഷോയുടെ വാര്‍ഷികാചരണം നടക്കുന്നതു കണ്ടു .മെഗാസീരിയലുകളെ പോലും റേറ്റിങ്ങില്‍ കടത്തി വെട്ടുന്ന ജനപ്രിയ പരിപാടി എന്ന വിശേഷണത്തോടെയാണ് പരിപാടി തുടങ്ങുന്നതു തന്നെ.സ്ത്രീകളുടെ ശരീര പുഷ്ടി വര്‍ദ്ധിപ്പിക്കുന്ന ഒരു അല്‍ഭുതമരുന്നാണ് ഇതിന്റെ പ്രായോജകര്‍ .പഴയകാല സിനിമാ നടിയായ വിധുബാലയാണ് അവതാരക .അവരെക്കൂടാതെ കാഴ്ചക്കാരായി ഒരു സിനിമ കാണുന്ന ലാഘവത്തോടെ മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന് പറയപ്പെടുന്നവരും അടുത്തൂണ്‍ പറ്റിയ നിയമ പണ്ഡിതരും വേദിയില്‍ സന്നിഹിതരാണ് .
ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങള്‍ , മറ്റു കുടുംബ പ്രശ്നങ്ങള്‍ എന്നിവയെ കൌണ്‍സലിങ്ങ് നടത്തി പരിഹരിക്കുന്ന മാതൃകാ പരിപാടിയാണിതെന്നു അവതാരക പറയുന്നു .ഇത്തരം പ്രശ്നങ്ങളില്‍ പെടുന്നവരെ , അല്ലെങ്കില്‍ കുടുംബ കോടതിയില്‍ കേസ് കൊടുത്തിട്ടുള്ളവരെ അവിടെ നിന്നും വിവരങ്ങള്‍ ശേഖരിച്ചു ബന്ധപ്പെട്ടാണു ഈ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് .പരിപാടിയില്‍ പങ്കെടുക്കുന്ന വാദിയെയും പ്രതിയെയും ഒരുമിച്ചിരുത്തി പരസ്യ വിചാരണയാണ് .വിചാരണക്കനുസരിച്ച് പഴ്ചാത്തല സംഗീതം ശോകമായും ത്രില്ലിങ്ങ് ആയും മാറി മാറി കേള്‍പ്പിക്കുന്നു .കക്ഷികളുടെ മുഖഭാവങ്ങള്‍ പല വിധത്തില്‍ ഒപ്പിയെടുത്തു കൊണ്ടു പ്രേക്ഷകരെ അവരുടെ വികാര വിക്ഷോഭങ്ങള്‍ വളരെ വ്യക്തമായി കാണിക്കുന്നുണ്ട് .അവതാരകയുടെ അതി വൈകാരികതയും നാടകീയതയും പരിപാടിക്കു കൊഴുപ്പു കൂട്ടാന്‍ കുറച്ചൊന്നുമല്ല സഹായിച്ചിരിക്കുന്നതു .യാദൃശ്ചികമായി ഈ പരിപാടിയുടെ രണ്ടു വ്യത്യസ്ത എപ്പിസോഡുകള്‍ മുഴുവനായി കാണാനിടയായി .
വിചാരണവേദി - 1
അവതാരകക്കു മുമ്പില്‍ വിചാരണ ചെയ്യപ്പെടുന്ന കഥാപാത്രങ്ങള്‍ - നിസ്സഹായതയുടെയും അവശതയുടെയും ആവരണമണിഞ്ഞ് ഒരു പുരുഷന്‍ , സാമാന്യം സൌന്ദര്യമുള്ള മുപ്പതുകളിലെത്തിയ ഒരു സ്ത്രീ , ഭാര്യാഭര്‍ത്താക്കന്മാരാണ് .പിന്നെ മക്കളായി ദുഖം ഖനീഭവിച്ച മുഖഭാവത്തോടെ 10 ഉം 12 ഉം വയസ്സായ രണ്ട് ആണ്‍കുട്ടികളും 5 വയസ്സില്‍ താഴെയുള്ള ഒരു പെണ്‍കുഞ്ഞും .അയല്‍ വീട്ടിലെ പയ്യനുമായി അവിഹിത ബന്ധം ആരോപിക്കപ്പെട്ടിരിക്കുകയാണ് സ്ത്രീ .അതില്‍ ഒരു ആണ്‍കുട്ടിയോട് ചോദിക്കുന്നുണ്ട് എന്താണ് അമ്മയെ ഇഷ്ടമല്ലാത്തതെന്ന് - അല്പം വൈഷമ്യത്തോടെ ആ കുട്ടി അമ്മ ചീത്തയാണെന്നു പറയുന്നു .അതിനു ശേഷം രാത്രി സമയങ്ങളില്‍ അയല്വീട്ടിലെ പയ്യനുമായി സംസാരിക്കുന്നത് കണ്ടുവെന്ന ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ ശരിയാണൊ എന്നന്വേഷിക്കുകയാണ് അവതാരക -
ഭാര്യ - ഒരിക്കല്‍ രാത്രിയില്‍ ആ പയ്യനുമായി സംസാരിക്കുന്നതു കണ്ടിട്ടുണ്ട് .
അവതാരക - രാത്രി എത്ര സമയമായിക്കാണും ?
ഭാര്യ - ഒരു രണ്ടു മൂന്നു മണിയോടടുപ്പിച്ച് .
അവതാരക - ആ സമയത്തു നിങ്ങളെന്താണ് സംസാരിച്ചതു ?
ഭാര്യ - പിറ്റേ ദിവസം തേങ്ങ ഇടുന്ന കാര്യമായിരുന്നു .
പാതിരാത്രി 2 മണിക്കു അയലത്തെ യുവാവുമായി തേങ്ങയിടുന്ന കാര്യമാണ് സംസാരിച്ചതു എന്നുള്ളത് വലിയൊരു ഫലിതത്തിന്റെ ഫലമാണു ഉണ്ടാക്കുക .അതു കേട്ടിരിക്കുന്ന സാമാന്യ ബോധമുള്ള എല്ലാവരും പൊട്ടിച്ചിരിക്കുമെന്നത് ഉറപ്പാണ് .അവതാരകയും നിയമജ്ഞരുമെല്ലാം അടക്കിപ്പിടിച്ച ചിരിയോടെ പരസ്പരം നോക്കുന്നു . പരിപാടിയില്‍ പങ്കെടുക്കുന്നവരെ അണിയറയില്‍ വെച്ചു തന്നെ എല്ലാ കാര്യങ്ങളും ചോദിച്ചു ഒരു ചെറിയ തയ്യാറെടുപ്പുകള്‍ നടത്തി തന്നെ മാത്രമെ ക്യാമറക്കു മുന്നില്‍ പ്രത്യക്ഷപ്പെടുത്തു എന്നിരിക്കെ ഇത്തരത്തില്‍ മനപ്പൂര്‍വ്വമായ രംഗങ്ങള്‍ സൃഷ്ടിക്കുന്നത് ജനപ്രിയ പരിപാടിയുടെ ഫോര്‍മുലയിലെ നര്‍മ്മവും കണ്ണീരുമെല്ലാം സമാസമം ചേര്‍ത്തെടുക്കാനാവണം .പക്ഷെ വിദ്യാഭ്യാസം കുറഞ്ഞ ഒരു നാട്ടുമ്പുറത്തുകാരിയുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്തു മനപ്പൂര്‍വ്വം അവിടെ നര്‍മ്മം നിറക്കുമ്പോള്‍ ആ നിമിഷത്തില്‍ കണ്ണീരോടെ തല താഴ്ത്തിയിരിക്കുന്ന രണ്ടു കൊച്ചു കുട്ടികളുടെ ഭാവി ആ ചിരിയില്‍ തകര്‍ന്നു പോയിട്ടുണ്ടാകും എന്നു ഇവരെന്തു കൊണ്ടാണ് മനസ്സിലാക്കാത്തത് .ആ സ്ത്രീയുടെ പരപുരുഷ ബന്ധം പൊതു വേദിയില്‍ തെളിയിച്ചിട്ടാണ് ദമ്പതികളെ ഒരുമിപ്പിച്ചെന്നു ഗീര്‍വാണം മുഴക്കുന്നത് .
വിചാരണ വേദി - 2
മകള്‍ പിഴച്ചു പോയെന്നു ആരോപിച്ചു ഒരമ്മയും അച്ഛനും ആണ് ഇത്തവണ വേദിയില്‍ ഉള്ളത് .മകളുടെ പേരും ജോലി ചെയ്യുന്ന സ്ഥാപനവും വിലാസവും എല്ലാം പരസ്യമായി തന്നെ വെളിപ്പെടുത്തുന്നുണ്ട് . ബാങ്ക്ലൂരില്‍ ഒറാക്കിള്‍ സോഫ്റ്റ് വയര്‍ കമ്പനിയില്‍ എഞ്ചിനീയറായ ശ്യാമ എന്ന പെണ്‍കുട്ടിയാണ് കഥാപാത്രം .എതിര്‍ കക്ഷിക്കാരിയായ ശ്യാമ വന്നിട്ടില്ല , .ശ്യാമ വരാത്തതിനു പകരമായി ആ പെണ്‍ കുട്ടിയുടെ നിരവധി ഫോട്ടോഗ്രാഫുകള്‍ ഉണ്ട് .പ്രധാന ആരോപണം അച്ഛനുമമ്മക്കും ചിലവിനു കൊടുക്കുന്നില്ല ആധുനിക ഭ്രമമുള്ളത് കൊണ്ടു പഴഞ്ചന്മാരായ മാതാ പിതാക്കളെ നോക്കുന്നില്ല ,പെണ്‍ കുട്ടി ദുര്‍ന്നടപ്പുകാരിയാണ് എന്നൊക്കെയാണ് .ഇടക്കിടെ ശ്യാമയുടെ വിവിധ ഫോട്ടോഗ്രാഫുകള്‍ സ്ക്രീനില്‍ കാണിക്കുന്നുണ്ട് .ജീന്‍സും ടോപ്പുമണിഞ്ഞ ഒരു ഫോട്ടോ - ആധുനിക ഭ്രമത്തിലാണെന്നു വിലയിരുത്തിക്കൊണ്ടു അവതാരക മാതാപിതാക്കളുടെ വാദം സമ്മതിക്കുന്നുമുണ്ട് .പിന്നെ കുറച്ചു നേരം അമ്മയുടെ വകയാണ് - കൂട്ടുകാരിയുമായി ചേര്‍ന്നു മാതാപിതാക്കളെ അനുസരിക്കുന്നില്ല, കാമുകനുമായി വഴിവിട്ട ബന്ധമുണ്ട് എന്നിങ്ങനെ പെണ്‍ കുട്ടിയുടെ ദുര്‍ന്നടത്തയെക്കുറിച്ചുള്ള വിവരണങ്ങളാണ്.ചില സമയങ്ങളില്‍ വിവരണത്തിന്റെ ആഘാതം താങ്ങാനാകാതെ അവതാരക കഷ്ടം വെക്കുന്നുണ്ട് “ഇങ്ങനെയും പെണ്മക്കളോയെന്ന് “ ആശ്ചര്യം നിറഞ്ഞ ഭാവത്തോടെ നോക്കുന്നുണ്ടു .പശ്ചാത്തലത്തില്‍ ദ്രുതതാളത്തിലുള്ള സംഗീതം .
അവസാനം മകളെ വഴി തെറ്റിച്ച കൂട്ടുകാരിയെ ഫോണില്‍ വിളിക്കുന്നു .ഈ ഫോണ്‍ വിളി പരസ്യമായി തന്നെ ചാനലിലൂടെ കാണിക്കുന്നുണ്ട് , ഇതിനായി ഫോണില്‍ സംസാരിക്കുന്ന ആളുകളുടെ സമ്മതം വാങ്ങുന്നില്ല . കൂട്ടുകാരി പറയുന്നു -
“ ആ കുട്ടിയെന്റെ കൂട്ടുകാരിയായിരുന്നു ഇപ്പോള്‍ അല്ല .ആ പെണ്‍കുട്ടിക്കു ഒരു പ്രണയമുണ്ടായിരുന്നു അതു അമ്മയുടെ സമ്മതമില്ലാത്തതിനാല്‍ നടന്നില്ല എന്നിട്ടും ആ അമ്മ തന്നെ മകള്‍ പലരുമായി കിടക്ക പങ്കിടുന്നവളാണെന്നു പറഞ്ഞു നടക്കുകയും അങ്ങനെ ആ കുട്ടിയെ പരമാവധി ആളുകളുടെ മുന്നില്‍ അപമാനിക്കുകയും അതും പോരാഞ്ഞു ബാങ്ക്ലൂരിലെ ഓറാക്കിള്‍ കമ്പനിയില്‍ ഉള്ള ജോലി കളയിച്ചു മകളെ കുത്തുപാളയെടുപ്പിക്കുമെന്നാണ് ശ്യാമയുടെ അമ്മയുടെ ശ്രമം .എന്റെ പഴയ കൂട്ടുകാരിയാണെന്നതിന്റെ പേരില്‍ മാത്രം അവരുടെ കുടുംബ പ്രശ്നത്തില്‍ പോലീസിനെക്കൊണ്ടു പോലും വിളിപ്പിച്ചു ചോദ്യം ചെയ്യിച്ചു ഇനിയും എന്നെ ഇത്തരം കാര്യങ്ങളില്‍ ഇടപെടുത്തരുതെന്ന് അപേക്ഷിക്കുകയാണ് “ എന്നു പറഞ്ഞു കൊണ്ടു നിര്‍ത്തി .
അടുത്ത ഊഴം പരാമര്‍ശ വിധേയയായ ശ്യാമ എന്ന പെണ്‍കുട്ടിയുടേതാണ് - ഫോണ്‍ എടുത്തപ്പോള്‍ തന്നെ ഇംഗ്ലീഷിലാണ് ശ്യാമ സംസാരിച്ചു തുടങ്ങിയത് , മാന്യമായ രീതിയില്‍ തന്നെ .അമൃതാ ടി വി യില്‍ നിന്നാണ് ഒരു പ്രോഗ്രാമില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ പ്രാങ്ക് കോളാണോ എന്ന് സംശയം ചോദിച്ചു .ആ സമയത്തു അവതാരകയായ വിധുബാലയുടെ ആത്മാഭിമാനം ഉണര്‍ന്നു .മലയാളികള്‍ എല്ലാം അറിയുന്ന പ്രസിദ്ധ സിനിമാ താരമാണ് താനെന്നും കുട്ടി ജനിക്കുന്നതിന് മുമ്പേ തന്നെ നടിയാണെന്നും പറഞ്ഞപ്പോള്‍ പെണ്‍കുട്ടി താനങ്ങനെയല്ല ഉദ്ദേശിച്ചതെന്നും ചാനലില്‍ നിന്നാണ് എന്നു പറഞ്ഞു വരുന്ന പ്രാങ്ക് കോളുകളെക്കുറിച്ചാണ് സംശയം പ്രകടിപ്പിച്ചതെന്നും വ്യക്തമാക്കി. അടുത്തതായി പെണ്‍കുട്ടിയെക്കുറിച്ചുള്ള ആരൊപണങ്ങളുടെ നിജ സ്ഥിതി അറിയാനാണ് വിളിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ - ഇത്തരത്തില്‍ ഒരു ആരോപണമുണ്ടെങ്കില്‍ ജുഡീഷ്യറിയും നിയമ വ്യവസ്ഥയും കൈകാര്യം ചെയ്യേണ്ട ഒരു കാര്യമാണെന്നും അതു ചാനലുകല്‍ ഏറ്റെടുക്കുന്നത് ശരിയല്ലെന്ന് പറഞ്ഞു കൊണ്ടു ആ പെണ്‍കുട്ടി സഹകരിക്കാന്‍ തയ്യാറായി ഇത്തരത്തില്‍ സ്വകാര്യമായി ചോദിക്കേണ്ട കാര്യങ്ങള്‍ ഒരു കൂട്ടം ആളുകള്‍ക്കു മുന്നില്‍ പരസ്യമായി പറയേണ്ട കാര്യങ്ങളല്ലെന്നും തന്നെ മുന്‍ കൂട്ടി അറിയിക്കാതെ ഈ ഫോണ്‍ സംഭാഷണം പരസ്യമാക്കിയത് ശരിയായില്ലെന്നും ആ പെണ്‍കുട്ടി മാന്യമായി തന്നെ പറഞ്ഞു . എന്നീട്ടും ഔചിത്യബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത അവതാരക പ്രശ്നത്തില്‍ പെണ്‍കുട്ടിയുടെ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയാണ് . തനിക്കു അരമണിക്കൂറിനകം ഓഫീസിലെത്തേണ്ടതുണ്ടെന്നും അതിനാല്‍ നാളെ സംസാരിക്കാമെന്നും പറഞ്ഞുകൊണ്ടു പെണ്‍കുട്ടി ഫോണ്‍ കട്ടു ചെയ്തു .
ഇത് കേട്ടതോടെ ആ പെണ്‍കുട്ടി എന്തോ മഹാപരാധം ചെയ്ത മട്ടില്‍ അവതാരക പ്രേക്ഷകന് നേരേ നോക്കുന്നു .
വേദിയിലുണ്ടായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഉടന്‍ തന്നെ പ്രസ്താവിച്ചു - ആ പെണ്‍കുട്ടി അബ്നോര്‍മലാണ് . അകമ്പടിയായി അവതാരകയുടെ കണ്ടെത്തല്‍ - കണ്ടോ ഇത്ര സമയം സംസാരിച്ചിട്ടും ഒരക്ഷരം മലയാളത്തില്‍ പറഞ്ഞില്ല , ഇതില്‍ നിന്നു തന്നെ ആ പെണ്‍കുട്ടി അമ്മയെ മറന്നു പോയ ആധുനിക ഭ്രമമുള്ള ഒരു പെണ്‍കുട്ടിയാണെന്നു മനസ്സിലാവും അതിനാല്‍ കുട്ടിക്കു നല്ല കൌണ്‍സലിങ്ങ് ആവശ്യമാണ് , ഇപ്പറഞ്ഞതു തല കുലുക്കി സമ്മതിക്കുന്ന നിയമ പണ്ഡിതന്‍. ഇവരുടെ ഒക്കെ നീതിന്യായം ഇതാണെങ്കില്‍ പദവിയിലിരിക്കുന്ന സമയത്തു എത്രയേറെ നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടായിരിക്കണം
ഇവിടെ ആര്‍ക്കാണ് കൌണ്‍സലിങ്ങ് കൊടുക്കേണ്ടത് ? ആരാണ് അബ്നോര്‍മല്‍ ?
മാന്യമായി ജോലി ചെയ്തു ജീവിക്കുന്ന ഒരു പെണ്‍കുട്ടിയെ ചില ദുരാരോപണങ്ങളുടെ പേരില്‍ ആ വിഷയത്തില്‍ ആ പെണ്‍കുട്ടിക്കു പറയാനുള്ളത് കേള്‍ക്കുന്നതിനു മുമ്പായി ഫോട്ടോയും മറ്റു വിവരണങ്ങളും പരസ്യമായി കൊടുത്തു കൊണ്ടു ഒരു ദുര്‍ന്നടപ്പുകാരിയായി അവതരിപ്പിക്കുന്നു - പൊതു കക്കൂസുകളില്‍ പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ എഴുതി വെക്കുന്ന മാനസിക രോഗികള്‍ ഇവരെക്കാള്‍ എത്ര ഭേദമാണ്.എന്നിട്ടു മുന്‍ കൂട്ടിയുള്ള സമ്മതമില്ലാതെ ഒരു വ്യക്തിയുമായി നടത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ ലക്ഷക്കണക്കിനാളുകള്‍ക്കു മുമ്പില്‍ പരസ്യമാക്കുക , അതും ആ വ്യക്തിയുടെ സ്വഭാവശുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ .ഇത്തരം കാര്യങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യേണ്ടതല്ല എന്നു പറഞ്ഞതു കൊണ്ടു മാത്രം ആ പെണ്‍കുട്ടി അബ്നോര്‍മലാണെന്നാണ് ഇതില്‍ പങ്കെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തക വിലയിരുത്തിയത്. ഇത്തരക്കാര്‍ കല്പിക്കുന്ന മനുഷ്യാവകാശം ഏത് രീതിയിലുള്ളതാണ് എന്നു ഒരു പിടിയുമില്ലല്ലോ കര്‍ത്താവെ .
ബാങ്ക്ലൂരില്‍ വര്‍ഷങ്ങളായി ജീവിക്കുന്ന , ഒറാക്കിളില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഒരു പെണ്‍ കുട്ടി ഇംഗ്ലീഷില്‍ സംസാരിച്ചപ്പോഴെക്കും അവതാരക അങ്ങു തീരുമാനിച്ചു - അമ്മയെ മറക്കുന്ന ആധുനിക ഭ്രമക്കാരിയാണെന്ന് . മലയാളത്തില്‍ സംസാരിച്ചാലെ മാതൃസ്നേഹം അളക്കാനാവൂ എന്നുണ്ടായിരുന്നെങ്കില്‍ അവര്‍ക്കു ആ പെണ്‍കുട്ടിയോടു മലയാളത്തില്‍ സംസാരിക്കാന്‍ ആവശ്യപ്പെടാമായിരുന്നു അതിനു പകരം അവതാരക തന്റെ ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കാനെന്നോളം ഇംഗ്ലീഷില്‍ തന്നെയാണു തുടര്‍ന്നു സംസാരിച്ചത് . പെണ്‍ കുട്ടി തെറ്റു ചെയ്തിട്ടില്ലെങ്കില്‍ ഈ പരിപാടിയില്‍ അതിന് മറുപടി പറയണമെന്നോ ഹാജരാകണമെന്നോ ആണ് അവതാരകയുടെ ഉത്തരവ് .27 വയസ്സായിട്ടും ഇഷ്ടപ്പെട്ട ഒരാളുമായി വിവാഹത്തിനു സമ്മതിക്കാതെ കറവ പശുവിനെ പോലെ എന്തിനാണു മകളെ നിര്‍ത്തിയിരിക്കുന്നതെന്നു തിരിച്ചൊരു ചോദ്യം പോലും ചോദിക്കാതെ, അമ്മ പരസ്യമായി പറയുന്ന ദുരാരോപണങ്ങള്‍ക്കു മറുപടി പരസ്യമായി പറഞ്ഞില്ലെങ്കില്‍ ആ പെണ്‍കുട്ടി ദുര്‍ന്നടപ്പുകാരിയാണ് .
ഏകപക്ഷീയമായ ഇത്തരം ആരൊപണങ്ങള്‍ പരസ്യമായി ഉന്നയിച്ചു കൊണ്ടു ആരോപണ വിധേയരെ ചാനലിലേക്കു വരാന്‍ ക്ഷണിക്കുകയാണ് പരിപാടിയുടെ നടത്തിപ്പുകാര്‍ .പലപ്പോഴും ഈ ക്ഷണം തെരുവില്‍ പേനാക്കത്തിയുമായി നടക്കുന്ന കവലചട്ടമ്പിയുടെ “ആണാണെങ്കില്‍ വന്നു മുട്ടടാ “ എന്ന വെല്ലുവിളി പോലെയായിരിക്കും .നിങ്ങള്‍ക്കെതിരെയുള്ള ആരൊപണങ്ങള്‍ തെറ്റാണെന്നു നിങ്ങള്‍ ഇവിടെ വന്നു പരസ്യമായി തെളിയിക്കണം , അതിനു വേണ്ടി നിങ്ങള്‍ക്കെതിരെ ആരോപണമുന്നയിച്ച വ്യക്തിയുമായി നിങ്ങള്‍ക്കുള്ള പ്രശ്നങ്ങള്‍ പരസ്യമായി വിഴുപ്പലക്കണം അല്ലാത്ത പക്ഷം നിങ്ങള്‍ തെറ്റുകാരന്‍/ തെറ്റുകാരി ആയിരിക്കും , ഇതെന്തു ന്യായമാണ് ?
ആരാണ് ഈ ചാനലുകാര്‍ക്ക് ആളുകളെ അവരുടെ സമ്മതമില്ലാതെ പരസ്യവിചാരണ ചെയ്യാന്‍ ഉള്ള അവകാശം കൊടുത്തത് ? KELSA[കേരളാ ലീഗല്‍ സര്‍വീസ് അതോറിറ്റി]എന്നൊരു സംഘടന എന്തു അധികാരത്തിലാണ് ഇതിനൂ കൂട്ടു നില്‍ക്കുന്നത് ?.ഹൈക്കോടതി ജസ്റ്റിസ് രക്ഷാധികാരിയായ ഒരു സംഘടന ഇതില്‍ പങ്കെടുക്കുന്നത് മൂലം ഇതിന് നിയമ അംഗീകാരം ലഭിക്കുന്നുണ്ടു എന്നു സാമാന്യ ജനങ്ങളെ വിശ്വസിപ്പിക്കുകയാണു ചെയ്യുന്നതു. ഇവരുടെ ജുറിസ്ഡിക്ഷന്‍ എന്താണ് ?അന്വേഷി അജിതയുടെ നേതൃത്വത്തില്‍ ഒരു പറ്റം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ പരിപാടിയുടെ സ്ത്രീ വിരുദ്ധതയും കുട്ടികളെ പൊതുവേദിയില്‍ അതിവൈകാരികതയോടെ പ്രത്യക്ഷപ്പെടുത്തുന്നതും ചൂണ്ടിക്കാട്ടി നാഷണല്‍ ലീഗല്‍ സെര്‍വീസ് അതോറിറ്റിക്കു [NALSA]ക്കു പരാതി അയച്ചു കൊടുത്തിരുന്നെങ്കിലും ഇപ്പോഴും പരിപാടി വാര്‍ഷികം പിന്നിട്ട് നടന്നു കൊണ്ടിരിക്കുന്നു .
സാമൂഹികമായും വിദ്യഭ്യാസ പരമായും താഴെക്കിടയിലുള്ള ആളുകളുടെ ദാമ്പത്യ കലഹങ്ങളോ അല്ലെങ്കില്‍ മധ്യവര്‍ത്തി സമൂഹത്തിലെ ഏക പക്ഷീയമായ ആരോപണങ്ങളോ റിയാലിറ്റി ഷോ ആക്കി അവതരിപ്പിച്ച് അതിന്റെ സെന്റിമെന്റ്സുകളെ കോമഡിയാക്കി മാറ്റി ചാനല്‍ റേറ്റിങ്ങ് കൂട്ടി സമ്പാദിക്കുന്ന , അന്യരുടെ സ്വകാര്യതകളെ ഒളിഞ്ഞ് നോക്കി പകര്‍ത്തി കാണികളെ രസിപ്പിക്കുന്ന ഈ നാണം കെട്ട കളിയാണോ ഇവരുടെയെല്ലാം സംസ്കാരം ?.
പ്രശ്നപരിഹാരത്തിനാണെന്ന വികലന്യായം ഉന്നയിച്ചു കൊണ്ടാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകളുടെ അജ്ഞത മുതലാക്കുന്നത് .അനേക നാളുകള്‍ ആയി പ്രശ്നപരിഹാരം ഇല്ലാതിരുന്ന പല കാര്യങ്ങളും പരിഹരിക്കപ്പെട്ടുവത്രെ .ദാമ്പത്യ പ്രശ്നങ്ങളിലെ അവിഹിതവും മറ്റും പരസ്യമായി ആരോപിച്ചതിന് ശേഷം ഒത്ത് തീര്‍പ്പായി പോകുന്നു എന്ന് അവകാശ വാദമുന്നയിക്കുന്നതു കേള്‍ക്കാന്‍ രസമുള്ള കാര്യമാണ് .ഒത്ത് തീര്‍പ്പായി വേദിയില്‍ നിന്ന് പോകുന്നുണ്ടാകാം എങ്കിലും നാട് മുഴുവന്‍ അറിയുകയും വീണ്ടും ആ പ്രശ്നം പൊന്തി വരികയും ചെയ്യും എന്നുള്ളത് നൂറു ശതമാനവും ഉറപ്പാണ് . ഇതില്‍ പങ്കെടുക്കുന്നവരുടെ കുട്ടികളെ അവരെ പിന്തുടരുന്ന ഈ പരസ്യവിചാരണയുടെ ഭാരം എത്ര മാത്രം ബാധിക്കുന്നുണ്ട് എന്നു അവരറിയുന്നില്ല . ഇരു പുറവും അവരുടെ അച്ഛനമ്മമാരുടെ ആരൊപണ പ്രത്യാരോപണങ്ങള്‍ [അവിഹിതങ്ങള്‍ വരെ] പരസ്യമായി പറയാന്‍ പ്രേരിപ്പിക്കുന്നതു എത്ര മാത്രം ക്രൂരമാണ് , ഇതിലും മാന്യതയുണ്ടല്ലോ മെഗാ സീരിയലുകള്‍ക്ക് .
ഈ ഷോയില്‍ കാണിക്കുന്ന ജീവിതങ്ങള്‍ ആരാന്റമ്മക്ക് ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ചേല് എന്ന കണക്കിന് നമുക്ക് അര മണിക്ക്കൂര്‍ നേരത്തെ വിനോദം മാത്രം . പക്ഷെ അതിന് ശേഷം ആ കുടുംബത്തിന് , അവരുടെ കുട്ടികള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നാരും അന്വേഷിക്കില്ല . ജീവിതകാലം മുഴുവന്‍ ഈ അപമാന ഭാരവുമായി ആ കുട്ടികള്‍ വളരും .ഒരു പക്ഷെ അവരുടെ ചുറ്റുവട്ടത്ത് മാത്രം അറിയേണ്ട ഒരു സംഭവം എവിടെ ചെന്നാലും ആ കുട്ടികളെ വിടാതെ പിന്തുടരും .ദാമ്പത്യ ജീവിതത്തിലെ അവിഹിത ബന്ധമടക്കമുള്ള കാര്യങ്ങള്‍ പരസ്യവിചാരണക്ക് ശേഷം ഒത്തുതീര്‍പ്പിലെത്തി വീണ്ടും സുഖകരമായി ജീവിക്കാന്‍ മാത്രം സദാചാരപുരോഗതി അരാജക വാദികള്‍ പോലും കാണിക്കില്ലെന്നിരിക്കെ ഒരു കുടുംബത്തില്‍ തീര്‍ക്കേണ്ടുന്ന പ്രശ്നങ്ങള്‍ ലക്ഷക്കണക്കിനു കാഴ്ചക്കാരുടെ വിനോദോപാധിയായി വിട്ടു കൊടുക്കുന്നതിന്റെ ധാര്‍മ്മികതയെന്ത് ? .
ചാനല്‍ പരിപാടികളില്‍ ധാര്‍മ്മികത ചോദിക്കുന്നത് അഭിസാരികയുടെ ചാരിത്ര്യശുദ്ധി അളക്കുന്നത് പോലെ തന്നെയായതു കൊണ്ടു ധാര്‍മ്മികതയെന്ന മുട്ടാപ്പോക്കു ന്യായങ്ങള്‍ നമുക്കു വിടാം .ഒരു സ്വകാര്യ ചാനലില്‍ കുടുംബ കോടതിയുടെ പരിഗണനക്കും വനിതാ സെല്ലിലേക്കും വരുന്ന പരാതികള്‍ പരസ്യ വിചാരണ ചെയ്യാനും അതില്‍ കക്ഷികളല്ലാത്ത ആളുകളെ വെറും ആരോപണങ്ങളുടെ പേരില്‍ മാത്രം വിളിച്ചു ഭീഷണിപ്പെടുത്താനും മാനഹാനി വരുത്താനും മാത്രമെന്തു അധികാരമാണ് നിയമ വ്യവസ്ഥ ഇവര്‍ക്കു കൊടുത്തിട്ടുള്ളത് ?
ഒരു പക്ഷെ അവരുടെ പരിസരങ്ങളില്‍ മാത്രം അറിയേണ്ടുന്ന ഒരു കാര്യം ,ഒരു അഭിഭാഷകന്റെയോ കൌണ്‍സിലറുടെയോ മാധ്യസ്തത്തില്‍ അവരുടെ കുടുംബത്തില്‍ തീര്‍ക്കേണ്ടുന്ന ഒരു കാര്യം ചാനല്‍ റേറ്റിങ്ങ് കൂട്ടാനുള്ള ത്വരയില്‍ പരസ്യമായി കൊട്ടിഘോഷീച്ചിട്ടു നിന്നു അട്ടഹസിക്കുകയാണ് ഞങ്ങള്‍ പ്രശ്നപരിഹാരങ്ങള്‍ നടത്തുന്നവരാണെന്നു ഇപ്പോള്‍ വാര്‍ഷികവും ആഘോഷിക്കുന്നു .പരിപാടിയെക്കുറിച്ചു നടത്തിപ്പുകാരുടെ അവകാശ വാദങ്ങളില്‍ അവര്‍ക്കു വിവിധ സ്ഥലങ്ങള്‍ റിസര്‍ച്ച് ടീം ഉണ്ടെന്ന് കണ്ടു .മഞ്ഞ പത്രക്കാരെ പോലെ കുടുംബകലഹങ്ങളെ ഒപ്പിയെടുക്കാന്‍ ഒളിഞ്ഞു നോട്ടമല്ലാതെ മറ്റെന്താണ് ഈ റിസര്‍ച്ച് ? .അമേരിക്കക്കാരുടെ ജെറി സ്പ്രിങ്കര്‍ ഷോയും രാഖി സാവന്തിന്റെ സ്വയംവര്‍ ഷോ യും കണ്ടു അവരുടെ സദാചാര മൂല്യച്യുതിയെക്കുറിച്ചു കഷ്ടം വെക്കുന്ന ഞങ്ങളുടെ ഈ ഒളിഞ്ഞുനോട്ടങ്ങള്‍ സംസ്കാര സമ്പന്നവും സദാചാര വിശുദ്ധിയുമുള്ളതുമാകുന്നു .ജയ് മാതാ അമൃദാനദമയി .
Sunday 1 May 2011
അങ്ങനെ ലാദന്‍ പിന്നേം മരിച്ചു !!!
ഒസാമാ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു !!! .ലോകത്തെ മുഴുവന്‍ ഭീകരവാദികളുടെയും പ്രതീകമായിരുന്ന ഒസാമാ ബിന്‍ ലാദന്‍ പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നിന്ന് 60 കിലോമീറ്റര്‍ മാത്രം അകലെയുള്ള അബോട്ടാബാദില്‍ വെച്ചു കൊല്ലപ്പെട്ടു . കൂടെ താലിബാന്‍ പോരാളികളൊന്നുമില്ലാതെ പുത്രകളത്രാദികളുമായി സ്വസ്ഥമായി കഴിയുന്നിടത്തു നിന്നാണ് ലാദനെന്ന കൊടും ഭീകരനെ വധിച്ചത്.ഇതോടെ സകല തീവ്രവാദങ്ങളില്‍ നിന്നും ലോകം മോചിപ്പിക്കപ്പെട്ടു .അമേരിക്ക സെപ്തംബര്‍ 11 ലെ കൊടും ക്രൂരതക്കു പകരം വീട്ടി, ലോകം മുഴുവന്‍ ആശ്വാസ നിശ്വാസങ്ങളുതിര്‍ത്തു .
ഒസാമാ ബിന്‍ ലാദന്‍ സങ്കല്പമോ യാഥാര്‍ത്ഥ്യമോ എന്നൊക്കെയുള്ള വ്യാപകമായ സംശയത്തെതുടര്‍ന്നു ബി ബി സി ചാനല്‍ ഒസാമാ ബിന്‍ ലാദന്‍ ആരാണെന്നതിനെക്കുറിച്ചും അയാള്‍ കടന്നു വന്ന നാള്‍ വഴികളെക്കുറിച്ചും ഒരു ഡോക്യുമെന്ററി ഫിലിം ചെയ്തിരുന്നു , അതില്‍ ഒസാമ ബിന്‍ ലാദനുമായുള്ള അഭിമുഖങ്ങളും സംഭാഷണങ്ങളുമെല്ലാം ഉണ്ടായിരുന്നു . പക്ഷെ സെപ്റ്റംബര്‍ 11 ന് ശേഷം ഒസാമാ ബിന്‍ ലാദന്റേതെന്നു പറയാന്‍ മാത്രം വിശ്വസനീയമായ ഒരു പ്രസ്ഥാവനയോ ദൃശ്യങ്ങളൊ തിയ്യതി തെളിയിക്കപ്പെട്ട് മാധ്യമങ്ങളില്‍ വന്നിട്ടില്ല ,അതായത് ഒസാമാ ബിന്‍ ലാദന്‍ എന്ന ആഗോള ഭീകരന്‍ ഇക്കാലയളവ് വരെ ജീവിച്ചിരുന്നുവോ എന്നു ആര്‍ക്കും ഉറപ്പില്ല . കഴിഞ്ഞ ദിവസം ഒസാമാ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടെന്നു അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ നേര്‍ത്ത അവിശ്വസനീയതയുടെ ഒരു ആവരണം അതിനെ ബാധിക്കുന്നു .കൊല്ലപ്പെട്ട ഒസാമാ ബിന്‍ ലാദന്റേതായി ഇന്റര്‍ നെറ്റില്‍ പ്രചരിപ്പിക്കപ്പെടുന്ന ഒരു വ്യാജ ഫോട്ടോഗ്രാഫിനെ ആധാരമാക്കിയല്ല ഈ അവിശ്വാസം .തീരെ പ്രൊഫഷണലല്ലാത്ത ഒരു ഫോട്ടോഗ്രാഫ് കൊണ്ടു അത് സ്ഥാപിക്കാന്‍ മാത്രം ബുദ്ധിശൂന്യരല്ല അമേരിക്കന്‍ ഇന്റലിജന്‍സ്. പക്ഷെ 24 മണിക്കൂറിനകം മൃതദേഹം മറവ് ചെയ്യണമെന്നുള്ള ഇസ്ലാമിക വിശ്വാസത്തെ മാനിച്ചാണ് ഉടന്‍ തന്നെ മറവ് ചെയ്തതെന്ന ഔദ്യോഗിക ഭാഷ്യം അല്പം കടന്ന് പോയി . കടലില്‍ മൃതദേഹം മറവ് ചെയ്യുന്നത് ഇസ്ലാമിക ആചാരമാണോ ?. ഇനി അതല്ല ലാദന്റെ അനുയായികള്‍ ശവകുടീരം പുണ്യസ്ഥലമായി ആരാധിക്കപ്പെടുമെന്ന ഭയം കൊണ്ടാണെങ്കില്‍ താലിബാനെക്കുറിച്ച് അമേരിക്കക്കു ഒരു ചുക്കുമറിയില്ലന്ന് പറയേണ്ടി വരും കാരണം താലിബാന്‍ വിശ്വാസ പ്രമാണങ്ങളില്‍ സര്‍വ്വേശ്വരനല്ലാത്ത ഒരു ആരാധന കടുത്ത ശിക്ഷക്കര്‍ഹമാകുന്ന കുറ്റമാണ് അതൊന്നും അറിയാഞ്ഞിട്ടാവില്ല.മൃതദേഹം മറവ് ചെയ്യുന്നതിനു മുമ്പു ഡി എന്‍ എ ടെസ്റ്റ് നടത്തി സ്ഥിരീകരിച്ചുവെന്നും പറയുന്നു ആരാണ് സ്ഥിരീകരിച്ചത് ?
ഏകദേശ കണക്കു വെച്ചു ഒസാമാ ബിന്‍ ലാദന്‍ അഞ്ചാമത്തെ തവണയാണ് മരിക്കുന്നത്. വ്യക്തികള്‍ക്കു മാത്രമെ ഒരിക്കല്‍ മരിക്കാന്‍ കഴിയൂ .ഒസാമ എന്നതു ഒരു പ്രതീകമായതു കൊണ്ടു ഒന്നിലേറെ തവണ മരിക്കുന്നതില്‍ അതിശയോക്തിയൊന്നുമില്ല .
2001 ല്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ അഫ്ഘാന്‍ മലനിരകളില്‍ വെച്ചു ലാദന്‍ ഒരിക്കല്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു .അടുത്ത ഊഴം പാക് പ്രസിഡണ്ട് പര്‍വേസ് മുഷറഫിന്റേതായിരുന്നു 2002 ല്‍ വൃക്കരോഗം കലശലായി ഒസാമാ ബിന്‍ ലാദന്‍ അന്തരിച്ചുവെന്ന് പത്രസമ്മേളനത്തില്‍ അദ്ദേഹം വെളിപ്പെടുത്തി. വര്‍ഷങ്ങളായി ഗുരുതരമായ വൃക്കരോഗം ഒസാമയെ ബാധിച്ചിരുന്നുവെന്നും 1999 ലോ മറ്റോ ല്‍ ഫ്രാന്‍സില്‍ ഇതിന് ചികിത്സ നടത്തിയതായും ഈ വാദത്തെ അംഗീകരിക്കുന്നവര്‍ പറയുന്നു .പിന്നീട് 2003 ലോ മറ്റോ അമേരിക്കന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കാം എന്നൊരു അഭ്യൂഹം ശക്തമായി തന്നെ ഉയര്‍ന്നു വന്നു .2007 ല്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ബേനസീര്‍ ഭുട്ടോ ബി ബി സി ക്കു കൊടുത്ത ഇന്റര്‍ വ്യൂവില്‍ ഒസാമാ ബിന്‍ ലാദന്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ കൊല്ലപ്പെട്ടുവെന്ന് പ്രസ്ഥാവിക്കുകയുണ്ടായി.ഇങ്ങനെ മരണങ്ങള്‍ പലതു കഴിഞ്ഞിരുന്നെങ്കിലും ഈ വാര്‍ത്തകളിലൊന്നും തന്നെ അമേരിക്ക പ്രതികരിച്ചിരുന്നില്ല .
ഒസാമാ ബിന്‍ ലാദന്‍ എന്ന ഒരു മനുഷ്യന്‍ ജീവിച്ചിരിക്കുന്നു എന്നു തെളിയിക്കാന്‍ വേണ്ടി കോടിക്കണക്കിന് ഡോളര്‍ ചിലവഴിച്ച രാജ്യമാണ് അമേരിക്ക .ഒസാമാ ബിന്‍ ലാദന്‍ ജീവിച്ചിരിക്കുന്നു എന്നു തെളിയിക്കേണ്ടതു അമേരിക്കയുടെ മാത്രം ആവശ്യമായിരുന്നു കാരണം അഫ്ഘാനിസ്ഥാനിലെ അധിനിവേശത്തിന് മറ്റൊരു കാരണവും ലോകത്തോടു ബോധിപ്പിക്കാനുണ്ടായിരുന്നില്ല . ഇറാക്ക് അധിനിവേശത്തിന് നുണയാണെങ്കില്‍ കൂടി , സ്വേച്ഛാധിപതിയായ സദ്ദാം ഹുസ്സൈന്‍ ആണവായുധങ്ങള്‍ കൈവെച്ചിരിക്കുന്നത് ലോകത്തിനു മുഴുവന്‍ ഭീഷണിയാണ് അതു കൊണ്ടു ലോകത്തെ രക്ഷിക്കണമെന്നൊരു ന്യായമുണ്ടായിരുന്നു. അതു പോലെ അഫ്ഘാനിസ്ഥാനില്‍ അമേരിക്കയുടെ താല്പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് വരെ ബിന്‍ ലാദന്‍ ജീവിച്ചിരിക്കണമായിരുന്നു . അഫ്ഘാനിസ്ഥാനില്‍ അമേരിക്കക്കെന്ത് താല്പര്യം ?
അഫ്ഘാനിസ്ഥാനില്‍ അമേരിക്ക പ്രകടമായ തരത്തില്‍ ഇടപെടാന്‍ തുടങ്ങിയത് 1979 ല്‍ റഷ്യയുടെ നിയന്ത്രണത്തില്‍ അഫ്ഘാനിസ്ഥാനിലെ ഡമോക്രാറ്റിക് റിപ്പബ്ലിക്ക് ഗവണ്മെന്റ്റ് വന്നപ്പോഴാണ് .ലോകത്താകമാനമുള്ള മുജാഹിദുകള്‍ ഏകോപനത്തോടെ ദൈവവിരൊധികളായ റഷ്യക്കാരുടെ ഈ കടന്നു കയറ്റത്തിനെതിരെ പ്രക്ഷോഭം ആരംഭിച്ചു .കത്തി നിന്നിരുന്ന ഈ എതിര്‍പ്പിനെ ഒരു യുദ്ധമാക്കാനും ശക്തമാക്കാനും സമ്പത്ത് കൊണ്ടും തന്ത്രങ്ങള്‍ കൊണ്ടും സഹായിച്ചത് അമേരിക്കയായിരുന്നു . ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കക്കു റഷ്യയെ തകര്‍ക്കണമായിരുന്നു .ഈ ഘട്ടത്തിലാണ്‍ സൌദി പൌരനായ ഒസാമാ ബിന്‍ ലാദനെ മുജാഹിദുകളുടെ യുദ്ധത്തില്‍ മുന്നില്‍ നിര്‍ത്തി അമേരിക്ക വളര്‍ത്തി വലുതാക്കിയത് .ഈ അവസരം ഒസാമാ ബിന്‍ ലാദന്‍ നന്നായി ഉപയോഗിക്കുകയും തന്റേതായ സ്വാധീന വലയത്തില്‍ ഒരു വലിയ പറ്റം അണികളെ സൃഷ്ടിച്ചെടുക്കുകയും ചെയ്തു .1989 ഓടെ സോവിയറ്റ് യൂണിയന്‍ അഫ്ഘാനിസ്ഥാനില്‍ നിന്നു പിന്‍ വാങ്ങി .ഇക്കാലമത്രയും അമേരിക്ക പരോക്ഷമായി മുജാഹിദുകളുടെ നേതൃത്വത്തില്‍ ഒരു ഇസ്ലാമിക മൂമെന്റിന് കളമൊരുക്കുകയായിരുന്നു , അതിന്റെ നേതാവായി ഒസാമാ ബിന്‍ ലാദനെയും .
പക്ഷെ റഷ്യയുടെ പിന്മാറ്റത്തോടെ ഇസ്ലാമിക വിശുദ്ധ യുദ്ധത്തിനായി ഒരുക്കപ്പെട്ട ഒരു വലിയ പറ്റം അണികള്‍ ഒസാമാ ബിന്‍ ലാദന്റെ നിയന്ത്രണത്തിലായി തീര്‍ന്നിരുന്നു , പിന്നീട് ബിന്‍ ലാദന്റെ നീക്കങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ തിരിഞ്ഞതോടെ അമേരിക്ക ഇസ്ലാമികമുന്നേറ്റമെന്ന ഭീഷണി മനസ്സിലാക്കി . 1994 ല്‍ ഇറങ്ങിയ ആര്‍ണോള്‍ഡ് ഷോസ്നറിന്റെ True lies ലൂടെയാണ് ഇസ്ലാം മതം അമേരിക്കയുടെ ശത്രുക്കളായി അമേരിക്കന്‍ പൊതു സമൂഹത്തിന് മുമ്പില്‍ അവതരിക്കുന്നതും ഇസ്ലാമിക ഭീകരര്‍ എന്ന സംഞ്ജ ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതും.ആ ചിന്താഗതിക്കു പിന്നീടു അനുക്രമമായ വികാസം സംഭവിക്കുവാന്‍ തക്കതായ കാരണങ്ങള്‍ പാന്‍ ഇസ്ലാമിക മുന്നേറ്റം കൊണ്ടുണ്ടാവുകയും ഇസ്ലാമിക മത മൌലിക വാദത്തിന്റെ അന്താരാഷ്ട്രീയമായ പ്രവര്‍ത്തനങ്ങള്‍ അതിനെ ബലപ്പെടുത്തുകയും ചെയ്തു. റഷ്യയുമായുള്ള ശീതയുദ്ധം മാത്രമല്ലായിരുന്നു അഫ്ഘാനിസ്ഥാനില്‍ അമേരിക്ക ഇടപെടാന്‍ കാരണം , വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങളുമുണ്ടായിരുന്നു .തന്ത്ര പ്രധാനമായ മധ്യേഷ്യയില്‍ ഒരു നിയന്ത്രണം അമേരിക്ക ആഗ്രഹിച്ചിരുന്നു .
അഫ്ഘാനിസ്ഥാനോട് ചേര്‍ന്ന് കിടക്കുന്ന മധ്യേഷ്യയുടെ ഭൂമിശാസ്ത്രവുമായി അല്ലെങ്കില്‍ അതിന്റെ ഇന്ധനലഭ്യതയുമായി ബന്ധപ്പെട്ടതാണ് ആ താല്പര്യം. ഇനിയും ഖനനം ചെയ്തെടുക്കാന്‍ മാത്രം വന്‍ പ്രകൃതി വാതക ശേഖരമുള്ള ഭൂപ്രദേശമാണ് കിര്‍ഗിസ്ഥാനും ഉസ്ബെക്കിസ്ഥാനും താജിക്കിസ്ഥാനും തുര്‍ക്ക്മെനിസ്ഥാനും അടങ്ങുന്ന മധ്യേഷ്യ. റഷ്യന്‍ അതിര്‍ത്തി പ്രദേശമായ മധ്യേഷ്യയിലേക്കു ഏറ്റവും പ്രായൊഗികമായ വഴി അഫ്ഘാനിസ്ഥാന്‍ ആയത് കൊണ്ടു തന്നെ അഫ്ഘാനിസ്ഥാനില്‍ ഒരു അധിനിവേശം അമേരിക്കക്കു അനിവാര്യമായിരുന്നു .ഈ സാഹചര്യത്തിലാണ് പൈപ് ലൈന്‍ രാഷ്ട്രീയം അഫ്ഘാന്‍ അധിനിവേശവുമായി ബന്ധപ്പെടുന്നത് .
പൈപ്പ് ലൈന്‍ പൊളിറ്റിക്സ് .
International Politics എന്ന ബൃഹദ് വിഷയത്തിന്റെ ഒരു അരികു പിടിച്ചു കൊണ്ടു അന്താരാഷ്ട്ര കാര്യങ്ങളില്‍ ഒരു നിഗമനത്തിലെത്തുക എന്നതു തികച്ചും അസാധ്യമായ കാര്യമാണ് .പൂര്‍ണ്ണമായും ശരിയായ വസ്തുതകള്‍ വെച്ചു കൊണ്ടു മാത്രമല്ല ഒരു സിദ്ധാന്തം രൂപീകരിക്കുന്നത് പലപ്പോഴും Hypothesis നെയും സാഹചര്യങ്ങളെയും ആശ്രയിക്കേണ്ടി വരും .
ഏതൊരു സാമ്പത്തിക വിശകലനത്തിലും ഭാവിയില്‍ ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ പോകുന്നത് ഇന്ധനങ്ങളാണ് എന്ന് വ്യക്തമാണ് .ഇപ്പോഴത്തെ ഉപഭോഗക്രമം തുടരുകയാണെങ്കില്‍ 2020 ഓടെ രൂക്ഷമായ ഇന്ധന ക്ഷാമമാണ് ലോകം അഭിമുഖീകരിക്കാന്‍ പോകുന്നത് .അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാവിയിലേക്കു കൃത്യമായ ഒരു സ്രോതസ്സ് കണ്ടെത്തേണ്ടതു അത്യാവശ്യമാണ് .മധ്യേഷ്യയിലെ ഇന്ധന നിക്ഷേപം OPEC [Organization of the Petroleum Exporting Countries ] നിയന്ത്രണമില്ലാത്തതും അതിന്റെ വ്യാപ്തി വളരെ വലുതുമാണ് .ഇപ്പോള്‍ ഇന്ധന വില നിയന്ത്രിക്കുന്നത് ഒപെക് രാഷ്ട്രങ്ങളായതു കൊണ്ടു തന്നെ കരുതല്‍ നിക്ഷേപത്തിനും ഇന്ധന വില നിര്‍ണ്ണയത്തിനും അമേരിക്കക്കു പരിമിതികളുണ്ട് .തുര്‍ക്ക്മെനിസ്ഥാനും കിര്‍ഗിസ്താനും അടങ്ങുന്ന മധ്യേഷ്യന്‍ രാജ്യങ്ങളിലെ എണ്ണയുടെ വിലനിലവാരം അന്താരാഷ്ട്ര വിലനിലവാരത്തിനെക്കാളും താഴ്ന്നതാണ് .എന്നിട്ടും ഈ എണ്ണസ്രോതസ്സിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നത് ഇതിനു കാരണം എണ്ണ വിപണനം വിതരണം ചെയ്യാന്‍ മതിയായ ഗതാഗത സൌകര്യങ്ങള്‍ ഇല്ലാത്തതാണ് .
ഇപ്പോഴുള്ള രണ്ടു സാധ്യതകളിലൊന്നു ചെച്നിയ വഴി റഷ്യന്‍ തുറമുഖമായ നോവൊറൊസിസ്കിലേക്കുള്ളതാണ്. റഷ്യക്കു പൂര്‍ണ്ണ നിയന്ത്രണമുള്ള ഇതു അമേരിക്കയെ സംബന്ധിച്ചിടത്തോളം അപ്രായോഗികമാണ്. മറ്റൊന്ന് നേരിട്ട് ജോര്‍ജിയന്‍ തുറമുഖമായ സുപ്സ വഴി തുര്‍ക്കിയിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കുമാണ് .ഇത് വളരെ ചിലവ് കൂടിയ പാതയാണ് കൂടാതെ തുര്‍ക്കിയിലൂടെയുള്ള ടാങ്കര്‍ കപ്പല്‍ ഗതാഗതത്തിനെതിരെ തുര്‍ക്കി ആശങ്ക അറിയിച്ചിട്ടുമുണ്ട് . ഈ ഘട്ടത്തില്‍ അമേരിക്കയെ സംബന്ധിച്ച് താരതമ്യേന ചിലവു കുറഞ്ഞതുമായ ഒരു വഴിയാണ് തുര്‍ക്ക് മെനിസ്ഥാനില്‍ നിന്നും അഫ്ഘാന്‍ വഴി പാക്കിസ്ഥാനിലേക്കും അവിടെ നിന്നും ഇന്‍ഡ്യയിലേക്കും ഉള്ള ഒരു പൈപ്പ് ലൈന്‍ പദ്ധതി .The Trans-Afghanistan Pipeline - TAPI [1,680 kilometre ] എന്നറിയപ്പെടുന്ന ഈ പദ്ധതിയിലെ പങ്കാളികള്‍ - തുര്‍ക്ക്മെനിസ്ഥാന്‍ , അഫ്ഘാനിസ്ഥാന്‍ , പാക്കിസ്ഥാന്‍ , ഇന്‍ഡ്യ എന്നീ രാജ്യങ്ങളാണ് ഇതിന്റെ ചുരുക്കെഴുത്താണ് TAPI .1996 ല്‍ ആരംഭിച്ച ഈ പദ്ധതിക്കു ചുക്കാന്‍ പിടിക്കുന്നത് UNOCAL എന്ന അമേരിക്കന്‍ കമ്പനിയാണ് ,ഫലത്തില്‍ അമേരിക്ക തന്നെ . ഈ ഒരു ഗ്യാസ് പൈപ്പ് ലൈന്‍ പ്രൊജക്റ്റിനായി അമേരിക്ക തയ്യാറെടുക്കാന്‍ തുടങ്ങിയിട്ടു കാലം കുറെയായെങ്കിലും അമേരിക്കക്കു നിയന്ത്രണമില്ലാത്ത താലിബാന്‍ ഭരണമുള്ള അഫ്ഘാനിസ്ഥാനാണ് ഈ പദ്ധതിക്കു വിഘാതമായി നിന്നിരുന്നത് . പാക്കിസ്ഥാനും ഇന്‍ഡ്യയും ഭരിക്കുന്നത് അമേരിക്കയായതു കൊണ്ടു അഫ്ഘാനിസ്ഥാന്റെ നിയന്ത്രണം കൈവരുക വഴി ഭാവിയിലെ ഇന്ധന നിക്ഷേപത്തിന്റെ പൂര്‍ണ്ണ അധികാരം അമേരിക്കക്കു കൈവരും .1997 ല്‍ UNOCOL ന്റെ നിയന്ത്രണത്തിലുള്ള Central Asia gas Pipeline Ltd എന്ന കണ്‍സോര്‍ഷ്യം ഈ പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടെങ്കിലും അഫ്ഘാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ഈ പദ്ധതി 1998 ജൂണില്‍ ല്‍ Bridas corporation എന്ന അര്‍ജന്റീനിയന്‍ കമ്പനിക്കു നല്‍കുകയുണ്ടായി 1998 അവസാന പാദത്തോടെ അമേരിക്കന്‍ കമ്പനിയായ UNOCOL പദ്ധതിയില്‍ നിന്നു പിന്മാറി .Bridas corporation പദ്ധതിയുമായി മുന്നോട്ടു പോയെങ്കിലും ഇതില്‍ പങ്കാളികളായ ഇന്‍ഡ്യ , പാക്കിസ്ഥാന്‍ , അഫ്ഘാനിസ്ഥാന്‍ എന്നിവിടങ്ങളിലെ ഭരണകൂട അസ്ഥിരത പദ്ധതിയുടെ നിര്‍മ്മാണത്തെ കാര്യമായി തന്നെ തടസ്സപ്പെടുത്തീക്കൊണ്ടു പദ്ധതി നിര്‍ജ്ജീവാവസ്ഥയില്‍ തുടര്‍ന്നു .
അങ്ങനെയൊക്കെ ഇരിക്കുമ്പോഴാണ് ലോകജനതയെ ഞെട്ടിച്ചു കൊണ്ടു സെപ്റ്റംബര്‍ 11 ഭീകരാക്രമണമുണ്ടാകുന്നത് .അല്‍ ക്വൈദ എന്ന ഭീകര സംഘടന നടത്തിയ ഈ ആക്രമണം ലോകത്തെ ഞെട്ടിച്ചു .ആക്രമണത്തിന് ശേഷം വളരെ പെട്ടെന്നു തന്നെ അല്‍ക്വൈദയുടെ നേതൃത്വം വഹിക്കുന്ന ഒസാമാ ബിന്‍ ലാദന്‍ അഫ്ഘാനിസ്ഥാനിലെ തോറാ ബോറാ മലനിരകളില്‍ ഒളിച്ച് താമസിക്കുകയാണെന്ന് ബോധ്യം വന്ന അമേരിക്ക സെപ്റ്റംബര്‍ 11 ന്റെ നടുക്കം മാറുന്നതിന് മുമ്പു അതായതു 2001 ഒക്ടോബര്‍ മാസത്തില്‍ തന്നെ അഫ്ഘാനിസ്ഥാനിലേക്കു സൈനിക വിന്യാസം നടത്തി. Cospiracy theorist കള്‍ പറയുന്ന പോലെ സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണം അമേരിക്ക തന്നെ സൃഷ്ടിച്ച ഒരു നാടകമാണെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല അതു ചെയ്തതു അല്‍ ക്വൈദ എന്ന തീവ്രവാദ സംഘടന തന്നെയാകണം പക്ഷെ അമേരിക്കയെ സംബന്ധിച്ചിടത്തോളം ആ ഭീകരാക്രമണത്തെതുടര്‍ന്നുള്ള ലോകപിന്തുണ അഫ്ഘാനിസ്ഥാനില്‍ അധിനിവേശം നടത്താനുള്ള മികച്ച അവസരമായിരുന്നു .
2001 ഒക്ടോബര്‍ മാസത്തില്‍ തുടങ്ങിയ അധിനിവേശം കഷ്ടിച്ചു ഒരു മാസം തികഞ്ഞപ്പോഴെക്കും താലിബാന്‍ ഭരണകൂടത്തെ പുറത്താക്കി ഹമീദ് കര്‍സായിയുടെ നേതൃത്വത്തിലുള്ള പാവ ഭരണം വന്നു കഴിഞ്ഞിരുന്നു .അമേരിക്കന്‍ നിയന്ത്രണത്തിലായതോടെ പൈപ് ലൈന്‍ പദ്ധതിയില്‍ നിന്നും Bridas corporation പിന്‍ വാങ്ങി.2002 ല്‍ Trans-Afghanistan Pipeline പദ്ധതി തുര്‍ക്ക്മെനിസ്ഥാനും പാക്കിസ്ഥാനും അഫ്ഘാനിസ്ഥാനും ചേര്‍ന്ന് ഉടമ്പടി കരാര്‍ നവീകരിക്കുകയും അമേരിക്കന്‍ ഗവണ്മെന്റിന്റെ നിയന്ത്രണത്തില്‍ പദ്ധതി ഏകോപനം നടത്തുകയും ചെയ്തു .പക്ഷെ കാര്യങ്ങള്‍ അമേരിക്ക കരുതിയ പോലെ എളുപ്പം പുരൊഗമിക്കാന്‍ താലിബാന്‍കാര്‍ സമ്മതിച്ചില്ല .ഭരണം കൈവിട്ടു പോയെങ്കിലും അഫ്ഘാന്റെ ദക്ഷിണ പ്രവിശ്യയില്‍ താലിബാന്റെ അനൌദ്യോഗിക ഭരണമായിരുന്നു അതു കൊണ്ടു തന്നെ പദ്ധതി തുടങ്ങി വെക്കേണ്ട തുര്‍ക്ക് മെനിസ്ഥാനെ സംബന്ധിച്ചിടത്തോളം ദക്ഷിണമേഘലയിലെ ഈ താലിബാന്‍ നിയന്ത്രണം ഏറെ അപകടകരമായിരുന്നു .പക്ഷെ അതു കണ്ടറിഞ്ഞ അമേരിക്കന്‍ ഭരണകൂടം തോറാ ബോറയില്‍ ഇല്ലാത്ത ഒസാമാ ബിന്‍ലാദനെ പിടിക്കാന്‍ സൈനിക വിന്യാസം വീണ്ടും ശക്തമാക്കി. ലക്ഷക്കണക്കിന് സൈനികര്‍ അണീ നിരന്നിട്ടും ലഭ്യമായ സാങ്കേതിക വിദ്യകള്‍ എല്ലാം ഉപയോഗിച്ചിട്ടും ഒസാമ ബിന്‍ ലാദനെന്ന കൊടും ഭീകരനെ കിട്ടുന്നില്ല .പക്ഷെ ദക്ഷിണ പ്രവിശ്യയെ താലിബാന്‍ നിയന്ത്രണത്തില്‍ നിന്നും അമേരിക്ക മോചിപ്പിച്ചു .അഫ്ഘാനിസ്ഥാനിലെ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുമ്പോള്‍ കൊടും ഭീകരരായ താലിബാനികളെ ഉന്മൂലനം ചെയ്ത് ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജ്വസ്വലമാക്കുന്നതിനെ ലോകം അമേരിക്കയെ അഭിനന്ദിച്ചു കൊണ്ടിരുന്നു . 2001 സെപ്റ്റംബറിലെ ഭീകരാക്രമണത്തിന് തൊട്ടടുത്ത ദിവസം തന്നെ ബിന്‍ ലാദന്‍ അഫ്ഘാന്‍ മലനിരകളിലുണ്ടെന്ന് കണ്ടെത്തിയ അമേരിക്കന്‍ ഇന്റലിജന്‍സിന് വര്‍ഷം പലതു കഴിഞ്ഞിട്ടും ഒസാമ എവിടെയുണ്ടെന്ന് പോലും നിശ്ചയമില്ലാതെയായി. എന്തായാലും ഇതിനിടക്ക് 2008 ല്‍ തുര്‍ക്ക് മെനിസ്ഥാന്‍ - അഫ്ഘാനിസ്ഥാന്‍ - പാക്കിസ്ഥാന്‍ - ഇന്‍ഡ്യാ സംയുക്ത കരാറില്‍ ഒപ്പു വെച്ചു .
2010 ഡിസംബര്‍ മൂന്നാം തിയ്യതി അഫ്ഘാനിസ്ഥാനിലേക്ക് ലോകം അല്‍ഭുതത്തോടെ നോക്കി .പരിവാരങ്ങളും അനേക നാളത്തെ തയ്യാറെടുപ്പുകളുമായി മാത്രം വിദേശ സന്ദര്‍ശനത്തിന് തയ്യാറാവുന്ന അമേരിക്കന്‍ പ്രസിഡണ്ട് ഒബാമാ വളരെ രഹസ്യമായി പ്രത്യേകിച്ചു രാഷ്ട്രീയ കാരണങ്ങളൊന്നും തന്നെയില്ലാതെ അഫ്ഘാനിസ്ഥാന്‍ സന്ദര്‍ശിക്കുന്നു .തന്റെ സൈനികരെ അഭിസംബോധന ചെയ്തു കൊണ്ടു അദ്ദേഹം പറഞ്ഞു -
“നമുക്കഭിമാനിക്കാം താലിബാന്റെ കൈവശം ഇപ്പോള്‍ വളരെ കുറച്ച് പ്രദേശങ്ങളെ ഉള്ളൂ .നിങ്ങളുടെയെല്ലാം പരിശ്രമ ഫലമായി പുതിയൊരു അഫ്ഘാനെ അടുത്ത വര്‍ഷം കാണാന്‍ കഴിയും .” വളരെ രഹസ്യമായ ഈ സന്ദര്‍ശനവും സൈനിക അഭിസംബോധനയും രാഷ്ട്രീയ വൃത്തങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും കൃത്യമായ വിശദീകരണം കിട്ടിയിരുന്നില്ല .
പ്രസിഡണ്ട് ഒബാമയുടെ സന്ദര്‍ശനത്തിന് കൃത്യം ആറ് ദിവസത്തിന് ശേഷം ഡിസംബര്‍ 9 ന് ഊര്‍ജ്ജോല്പാദന സംബന്ധിയായ വാര്‍ത്തകള്‍ മാത്രം വരുന്ന ഗ്ലൊബല്‍ എനര്‍ജി മാഗസിനില്‍ ഒരു പ്രധാന വാര്‍ത്ത വന്നിരുന്നു . The Trans-Afghanistan Pipeline - TAPI എന്ന പൈപ്പ് ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു .അപ്രതീക്ഷിതമായ തടസ്സങ്ങളില്ലെങ്കില്‍ പദ്ധതി ലക്ഷ്യം വെച്ചത് പോലെ തന്നെ 2014 ല്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും റഷ്യന്‍ ചാനലിലൂടെയല്ലാതെ സുഗമമായ ഇന്ധന നീക്കം ഇതു മൂലം സാധ്യമാകും എന്നും വാര്‍ത്തയില്‍ പറയുന്നു.2008 നവംബര്‍ 26 ലെ ഇന്‍ഡ്യയിലെ ഭീകരാക്രമണത്തോടെ കൊടും ശത്രുതയിലാണെന്നു നമ്മളൊക്കെ വിശ്വസിക്കുന്ന ഇന്‍ഡ്യയും പാക്കിസ്ഥാനും ആ സംഭവത്തിനു ശേഷം സംയുക്തമായി ഒപ്പു വെച്ച ഏക കരാറാണിത് .
അഫ്ഘാനിസ്ഥാനിലും പാക്കിസ്ഥാനിലും ഇന്‍ഡ്യയിലും അമേരിക്ക ചെല്ലും ചെലവും കൊടുത്തു നിയന്ത്രിക്കുന്ന , അമേരിക്കയുടെ വിനീതവിധേയരാണ് ഭരിക്കുന്നതെന്നതിനാല്‍ 2014 ല്‍ തുര്‍ക്ക് മെനിസ്ഥാനില്‍ നിന്നുള്ള ഈ വാതക പൈപ്പ് ലൈന്‍ പൂര്‍ത്തീകരിക്കുന്നതോടെ മധ്യേഷ്യയിലെ ഇനിയും പര്യവേക്ഷണം ചെയ്യപ്പെടാനുള്ള ഇന്ധന നിക്ഷേപത്തിന്മേല്‍ അമേരിക്കക്കു പൂര്‍ണ്ണ നിയന്ത്രണം കൈവരുന്നു. ഈയൊരു അനുമാനം വെച്ചു കൊണ്ടു പദ്ധതി പൂര്‍ത്തീകരിക്കപ്പെടുന്ന 2014-ല്‍ ഒസാമയെ കീഴടക്കി കൊന്നാല്‍ മതിയായിരുന്നു .പക്ഷെ അഫ്ഘാനിസ്ഥാനിലെ സൈനിക വിന്യാസത്തിന് വേണ്ടി അമേരിക്കയുടെ പ്രതിരോധ ബഡ്ജറ്റില്‍ ഗണ്യമായ ഒരു ഭാഗം നീക്കി വെക്കേണ്ടി വന്നിട്ടുണ്ട് .അമേരിക്കന്‍ പ്രതിരോധ ബഡജറ്റ് ഭീമമായ ഒരു തുകയാണ് അഫ്ഘാനിസ്ഥാനിലെ സൈനിക വിന്യാസത്തിനായി ചിലവഴിച്ചിരിക്കുന്നത് . അത് കൂടാതെ സൈനികരുടെ കുടുംബങ്ങളില്‍ നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നുമുള്ള സമ്മര്‍ദ്ദവും .ഇപ്പോഴത്തെ ഹമീദ് കര്‍സായിയുടെ അഫ്ഘാന്‍ ഗവണ്മെന്റ് അമേരിക്ക പറയുന്നതിനപ്പുറം ഒരു വാക്കു പറയില്ല , താലിബാന്റെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളെല്ലാം ഒരു പരിധി വരെ കയ്യടക്കി കഴിഞ്ഞു . 1995 ല്‍ തുടങ്ങിയ The Trans-Afghanistan Pipeline - TAPI പദ്ധതി പൂര്‍ത്തീയാകാന്‍ പോകുന്നു .അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പു അടുത്തു വരുന്നു ഇതാണ് പറ്റിയ സമയം ഇനി ലാദനെ അങ്ങ് കൊന്നു കളഞ്ഞേക്കാം . അങ്ങനെ പണ്ടെങ്ങോ ചത്തു മണ്ണടിഞ്ഞ ലാദനെ ഒന്നു കൂടി കൊന്നു കളഞ്ഞു കൊണ്ട് അമേരിക്ക സെപ്റ്റംബര്‍ 11 ന് പകരം വീട്ടി !!!.
മനുഷ്യരെപ്പോലെ തന്നെ രാജ്യങ്ങള്‍ക്കും മനസ്സുണ്ടെന്നു പറഞ്ഞത് എം എന്‍ വിജയന്‍ മാഷാണ്.കഥകളിലെ ഭീമാകാരന്മാരായ ജീവികളുമായി സാങ്കല്‍പ്പിക യുദ്ധം നടത്തുന്ന കൊച്ചുകുട്ടികളെയാണ് ചിലപ്പോള്‍ അമേരിക്കക്കാര്‍ ഓര്‍മ്മിപ്പിക്കുക .
ഹോളിവുഡ് ചിത്രങ്ങളില്‍ കാണുന്നത് പോലെ അന്യഗ്രഹ ജീവികള്‍ മുതല് ഗൊറില്ല വരെയുള്ള അജ്ഞാത ഭീകര ശക്തികള്‍ എപ്പോഴും അമേരിക്കക്കാരുടെയും ലോകത്തിന്റെയും ശത്രുക്കളാണ് അവസാനം ധീരോദാത്തനായ ഒരു രക്ഷകന്‍ വന്ന് ഈ ശത്രുക്കളെയെല്ലാം ഉന്മൂലനം ചെയ്തു കൊണ്ടു ലോകത്തെ മുഴുവന്‍ രക്ഷിക്കും. ഹോളിവുഡ് ചിത്രങ്ങള്‍ ലോകത്തു മുഴുവന്‍ പ്രചാരത്തിലായ കാലം മുഴുവന്‍ ഈ ഒരു സന്ദേശമാണ് എല്ലാ സിനിമകളിലും മാറിയും മറിഞ്ഞും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. സിനിമയില്‍ അന്യഗ്രഹജീവികളും അജ്ഞാത ജീവികളെയുമെല്ലാം പ്രതീകാത്മക ശത്രുക്കളാക്കി പോരാടാം പക്ഷെ യഥാര്‍ത്ഥലോകത്തില്‍ അതു പറ്റില്ലല്ലോ .സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയൊടെ ശീത യുദ്ധത്തിന്ന്റെ അന്ത്യമായി അതിനു ശേഷം എടുത്തു കാണിക്കാനൊരു ശത്രു ഇല്ലാതെയായിപോയപ്പോഴാണ് അമേരിക്കന്‍ ഭരണകൂടം ശത്രുക്കളെ സ്വയം സൃഷ്ടിച്ചു തുടങ്ങിയത്. ഇല്ലാത്ത ശത്രുക്കളെ ഉണ്ടാക്കി സ്വന്തം താല്പര്യങ്ങള്‍ക്കു വേണ്ടി പോരാടുന്ന മാനസികാവസ്ഥ .
അഫ്ഘാനിസ്ഥാനില്‍ 10 വര്‍ഷം പോരാടി ഭീകരവാദം തുടച്ചു നീക്കി ലോകത്തെ ഒരു പരിധി വരെ രക്ഷിച്ചു കഴിഞ്ഞു .ഇനി അടുത്ത ഊഴം ഇറാന്‍ ആണ് .അതിനുള്ള മുന്നൊരുക്കങ്ങള്‍ ഇപ്പോഴെ തുടങ്ങിയിട്ടുണ്ട് . ആണവായുധങ്ങള്‍ കൈവശം വെച്ചിരിക്കുന്ന അഹ്മദി നെജാദെന്ന കൊടും ക്രൂരനില്‍ നിന്നും വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ലോകത്തെ രക്ഷിക്കാനൊരു അമേരിക്കന്‍ അധിനിവേശം നമുക്കു പ്രതീക്ഷിക്കാം. കാരണം പ്രകൃതി വാതക നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനവും പെട്രോളിയം നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോകത്തു മൂന്നാം സ്ഥാനവും ഇറാനുണ്ട് !!!
അനുബന്ധം :
ഒസാമാ ബിന്‍ ലാദനുമായി ബന്ധപ്പെട്ടു കാണാന്‍ പറ്റുന്ന രണ്ടു ഹിന്ദി ചിത്രങ്ങളുണ്ട് :
2008 ല്‍ ഇറങ്ങിയ മിഷന്‍ ഇസ്താംബൂള്‍ എന്ന ആക്ഷന്‍ മസാലയും 2010 ല്‍ ഇറങ്ങിയ തേരെ ബിന്‍ ലാദന്‍ എന്ന കോമഡി പടവും . എങ്ങനെ എളുപ്പത്തില്‍ ബിന്‍ ലാദന്റെ ഡ്യൂപ്പിനെ സൃഷ്ടിക്കാമെന്ന് ഈ രണ്ടു ചിത്രങ്ങളും നമുക്കു പറഞ്ഞു തരും .!!!
ആവര്‍ത്തിക്കപ്പെടുന്ന ചരിത്രങ്ങള്‍
പഴമക്കാര്‍ പറയാറുണ്ട് ലോകത്തില്‍ വിജയിക്കാന്‍ ബുദ്ധിയും പണവും മാത്രം പോരാ ദൈവാധീനവും കൂടി വേണമെന്ന് .എന്തൊക്കെയുണ്ടായാലും ഒരു പ്രതിസന്ധി ഘട്ടത്തില്‍ ദൈവ സഹായം ഉണ്ടായില്ലെങ്കില്‍ പിന്നെന്തുണ്ടായിട്ടും കാര്യമില്ലല്ലോ . ഓരോരോ സംഭവങ്ങള്‍ കാണുമ്പോള്‍ നമ്മുടെ അംബാനിമാരോളം ദൈവാനുഗ്രഹമുള്ള ആരെങ്കിലും ലോകത്തുണ്ടോ എന്നു പോലും നമ്മള്‍ സംശയിച്ചു പോകും . നിര്‍ണ്ണായക ഘട്ടത്തിലെല്ലാം തന്നെ ദൈവം നേരിട്ട് സഹായിക്കുന്നതു പോലെയാണ് . അവസാനമായി അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ഡോര്‍ജി ഖാണ്ടു ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായിരിക്കുന്ന ദുഖകരമായ സാഹചര്യത്തില്‍ പോലും അംബാനിമാരുടെ ദൈവാനുഗ്രഹത്തെ പറ്റിയാണ് ഓര്‍ത്തു പോയത് .
അരുണാചല്‍ പ്രദേശ് എന്ന അതിര്‍ത്തി സംസ്ഥാനം നമുക്കൊന്നും അത്ര പ്രാധാന്യമുള്ളതല്ലെങ്കിലും അന്താരാഷ്ട്ര തലത്തില്‍ ചൈനയുമായുള്ള ഉരസലുകള്‍ മൂലം ഏറെ പ്രാധാന്യമുള്ള സംസ്ഥാനമാണ് .നമ്മള്‍ നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന ഒരു സ്ഥലം . മലനിരകളും നദികളും കൊണ്ട് ജലവൈദ്യുത പദ്ധതികള്‍ക്കു ഭൂമിശാസ്ത്രപരമായി ഇത്ര അനുകൂലമായ മറ്റൊരു സംസ്ഥാനവുമില്ല .അത് കൊണ്ടു തന്നെ ഇന്‍ഡ്യയിലെ ജലവൈദ്യുത പദ്ധതികളുടെ ആസ്ഥാനം കൂടിയാണ് അരുണാചല്‍ പ്രദേശ് .ലക്ഷക്കണക്കിന് കോടി രൂപ ബഹുരാഷ്ട്ര കമ്പനികള്‍ ഊര്‍ജ്ജോല്പാദനത്തിനു വേണ്ടിയുള്ള വന്‍ കിട ജലവൈദ്യൂത പദ്ധതികള്‍ക്കായി അരുണാചല്‍പ്രദേശില്‍ നിക്ഷേപിച്ചിട്ടുണ്ട് . റിലയന്‍സ് ആണ് ഏറ്റവുമധികം നിക്ഷേപം അരുണാചല്‍ പ്രദേശില്‍ നടത്തിയിട്ടുള്ളത് , പ്രാരംഭ നിക്ഷേപമായി 12000 കോടി രൂപ നിക്ഷേപിച്ചു കൊണ്ടു 1999 മെയ് മാസത്തില്‍ 2520 മെഗാവാട്ട് ജലവൈദ്യുതിക്കായുള്ള ഒരു പദ്ധതിയില്‍ റിലയന്‍സ് ഒപ്പു വെച്ചിരുന്നു .
ഡോര്‍ജി ഖണ്ടു 2007 ലാണ് അരുണാചലിന്റെ മുഖ്യമന്ത്രിയായത് . മുന്‍ ഗാമിയായ ജിയാങ്ങ് അപാങ്ങിന്റെ 19 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിന് ശേഷം വന്ന ഡോര്‍ജി ഖണ്ടുവിനെ ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ നോക്കിക്കണ്ടത് .ഓഫീസിലെ ഒരു അഴിമതിക്കാരനെ തെളിവോടെ പോലീസിന് ഏല്‍പ്പിച്ചു കൊടുത്ത് കൊണ്ടാണ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത ആദ്യ ദിവസം തുടങ്ങിയത് . ഈ അപ്രത്യക്ഷമാകലില്ലെങ്കില്‍ ഡോര്‍ജി ഖണ്ടു എന്ന മുഖ്യമന്ത്രിയെക്കുറിച്ചു നമ്മളിലധികം പേരും കേള്‍ക്കുക പോലുമില്ലായിരുന്നു .പക്ഷെ ആള് പുലിയാണ് .ഇന്‍ഡ്യന്‍ സൈന്യത്തിലെ ഇന്റലിജന്‍സ് വിഭാഗത്തില്‍ സ്തുത്യര്‍ഹമായ സേവനത്തിന് സുവര്‍ണ്ണ പതക്കം വാങ്ങിയ ആളാണ് .സൈന്യത്തില്‍ നിന്നു വിരമിച്ചതിന് ശേഷം ഗ്രാമങ്ങളില്‍ അല്പം സാമൂഹ്യ സേവനമൊക്കെ നടത്തുന്നതിടയിലാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് . വിട്ടു വീഴ്ചയില്ലാത്ത സൈനിക കാര്‍ക്കശ്യം പുലര്‍ത്തിയെങ്കിലും സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമങ്ങള്‍ക്കു മുന്‍ തൂക്കം കൊടുക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു .
"സ്വകാര്യ സംരംഭകര്‍ക്കു ഗവണ്മെന്റിന്റെ ഭാഗത്തു നിന്നു എല്ലാ വിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു കൊണ്ട് തന്നെ MoU [മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിങ്ങ്] വില്‍ പറഞ്ഞിരിക്കുന്ന കാലപരിധിക്കുള്ളില്‍ , സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാത്ത പക്ഷം സ്വകാര്യ കമ്പനികളില്‍ നിന്നു പദ്ധതിയുടെ അംഗീകാരം റദ്ദ് ചെയ്തു കൊണ്ടു പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു കൊടുക്കുകയോ സ്വകാര്യ മേഖലയില്‍ തന്നെ പുതിയ സംരഭകരെ ക്ഷണിക്കുകയോ ചെയ്ത് കൊണ്ട് പൊതുമേഖലാ കമ്പനികള്‍ക്കു കൊടുക്കുകയോ പുതിയ സ്വകാര്യ സംരഭകരെ ക്ഷണിക്കുകയോ ചെയ്യും - 2010 ഏപ്രില്‍ മാസത്തില്‍ നടന്ന ഇന്‍ഡ്യാ ടെക്ക് ഫൌണ്ടേഷന്റെ അഞ്ചാമത് വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് കൊണ്ടുള്ള ഡോര്‍ജി ഖണ്ടുവിന്റെ പ്രസംഗത്തില്‍ നിന്നു. 2008 ജലവൈദ്യുത നയമനുസരിച്ചു സംസ്ഥാനത്തെ തൊഴില്‍ രഹിതര്‍ക്കു മുന്‍ ഗണന നല്‍കണമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും പല സ്വകാര്യ കമ്പനികള്‍ അക്കാര്യത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
ആറ് ഭീമന്‍ പദ്ധതികളിലായി 4220 മെഗാവാട്ട് പദ്ധതിയുടെ നിക്ഷേപമാണ് റിലയന്‍സ് പവറിന് അരുണാചല്‍പ്രദേശിലുള്ളത് .
സമയ ബന്ധിതമായി പദ്ധതി തീര്‍ത്തില്ലെങ്കില്‍ പദ്ധതി റദ്ദ് ചെയ്യുമെന്നതൊക്കെ റിലയന്‍സിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. ചൈനീസ് അതിര്‍ത്തിയില്‍ സുരക്ഷാ പരമായ കാരണങ്ങളാല്‍ വിചാരിച്ചത്ര എളുപ്പത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുക ബുദ്ധിമുട്ടാണ് സുരക്ഷാ കാര്യങ്ങളിലുള്ള ചിലവുകള്‍ അതത് കമ്പനികള്‍ തന്നെ വഹിക്കണമെന്നു കൂടി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട് പദ്ധതി റദ്ദ് ചെയ്താല്‍ എത്രയോ ആയിരം കോടികളാണ് റിലയന്‍സിന് നഷ്ടം .ഇത്തരമൊരു നിര്‍ണ്ണായക ഘട്ടം നില നില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രി ഡോര്‍ജീ ഖണ്ടുവിന് ഈ ആപത്തു പിണഞ്ഞത് . ഇതിനെയൊക്കെ ദൈവാധീനമെന്നല്ലാതെ എന്തു പറയാന്‍ ?.ഇനിയിപ്പോള്‍ പുതിയ മുഖ്യമന്ത്രി വരും അയാള്‍ മുന്‍ ഗാമിയെപ്പോലെ ഇത്തരത്തില്‍ വിഡ്ഡിത്തം നിറഞ്ഞ തീരുമാനമെടുക്കില്ലെന്ന് സമാധാനിക്കാം .
18 മാസങ്ങള്‍ക്കു മുമ്പു സമാനമായ ഒരപകടത്തിലൂടെയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി കൊല്ലപ്പെട്ടത് .മോശം കാലാവസ്ഥയും പഴയ കോപ്റ്ററുമൊക്കെയാണ് അപകട കാരണം എന്നിട്ടും ചില ദുഷ്ടശക്തികള്‍ അത് റിലയന്‍സ് കമ്പനിക്കാര്‍ ചെയ്യിച്ചതാണെന്ന് കിംവദന്തി പരത്തി .എക്സൈല്‍ എന്നൊരു റഷ്യന്‍ വെബ്സൈറ്റായിരുന്നു ഇത്തരത്തിലൊരു വാര്‍ത്ത പുറത്തു വിട്ടത് .വാര്‍ത്ത കേട്ട ആവേശത്തില്‍ അണികള്‍ റിലയന്‍സിന്റെ ഓഫീസും ഔട്ട് ലെറ്റുമെല്ലാം അടിച്ച് പൊളിക്കാന്‍ ഒന്നു ശ്രമിച്ചു ,അതു പെട്ടെന്ന് തന്നെ ആ ആവേശം തണുക്കുകയും ചെയ്തു .നേതാവോ സിനിമാ നടനോ ഹേര്‍ട്ട് അറ്റാക്ക് വന്നു മരിച്ചാലും ബസും ഓഫീസും തല്ലിപ്പൊളിക്കുന്ന ആന്ധ്രാക്കാര്‍ പെട്ടെന്നു തന്നെ ശാന്തരായി .സംഭവം ഹര്‍ത്താലോ ബന്ധോ ഒക്കെ നടത്തിക്കോളൂ പക്ഷെ കളി റിലയന്‍സിനോട് വേണ്ട .
രാജശേഖര റെഡ്ഡി ഗാരു മരിക്കുന്നതിന് മുന്നായി റിലയന്‍സുമായി ഒന്നു ഉടക്കിയിരുന്നു .ഗോദാവരീ തീരത്തെ പ്രകൃതി വാതക നിക്ഷേപം സംബന്ധിച്ച തര്‍ക്കം അംബാനി സഹോദരന്മാരുടെ കുടുംബ കാര്യമാവുകയും അത് അമ്മ കോകിലാ ബെന്‍ തീരുമാനിക്കും ആര്‍ക്കു കൊടുക്കണമെന്നൊക്കെ പത്രങ്ങള്‍ അടിച്ചു വിട്ടപ്പോള്‍ ഞാനൊക്കെ കരുതിയിരുന്നത് ധീരുഭായി അംബാനിക്കു പരമ്പരയായി കിട്ടിയ പൈതൃക സ്വത്താണ് അതെന്നായിരുന്നു .ഒരു രാജ്യത്തിലെ പ്രകൃതി വാതകത്തിന്റെ കുത്തക ചേട്ടനും അനിയനും കൂടി തല്ലു കൂടി അമ്മ തീര്‍പ്പു കല്‍പ്പിക്കാന്‍ അവരുടെ കുടുംബസ്വത്തോ മറ്റോ ആണോ ?. ഇതൊക്കെ തന്നെയാണ് റെഡ്ഡി ഗാരുവും അന്നു പറഞ്ഞത് .അമ്മ തീരുമാനിക്കുന്നതൊക്കെ അങ്ങ് വീട്ടില്‍ ഇത് എങ്ങനെ വിതരണം ചെയ്യണമെന്നും അതേതു വിലക്കു വില്‍ക്കണമെന്നും ഗവണ്മെന്റ് തീരുമാനിക്കുമെന്ന് .
ധാര്‍ഷ്ട്യമല്ലെ അത് ,ഇങ്ങനെയൊക്കെയാണോ മുഖ്യമന്ത്രിമാര്‍ പറയേണ്ടത് ? .ഇങ്ങനെയൊക്കെ പറയുന്നതിന് മുമ്പു തന്നെ സോണിയാ ഗാന്ധി അരുത് രാജാ നീ ഇങ്ങനെയൊന്നും പറയരുതെന്നു കൂടി ഉപദേശിച്ചതാണ് എന്നിട്ടും കേട്ടില്ല .എന്തായാലും അധികം താമസിയാതെ വൈ എസ് രാജശേഖര റെഡ്ഡി സുഖ സുഷുപ്തിയിലായി .റോസയ്യ എന്ന കര്‍മ്മ ധീരന്‍ മുഖ്യമന്ത്രിയായി .മൂപ്പര്‍ ഇത്തരം കാര്യങ്ങളില്‍ പോയിട്ടു സ്വന്തം കാര്യം വരെ നോക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് . റിലയന്‍സുമായി ഒടക്കി എന്നതും റെഡ്ഡി ഉണ്ടായിരുന്നെങ്കില്‍ റിലയന്‍സിന്റെ കളി നടക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്നതു കൊണ്ടു മാത്രം ശുദ്ധരില്‍ ശുദ്ധരായ അംബാനിമാരെ സംശയിച്ച റഷ്യന്‍ വെബ് സൈറ്റൊക്കെ നശിച്ച് പോകും അല്ലേലും ഈ റഷ്യക്കാരൊക്കെ പണ്ടേ ഇന്‍ഡ്യക്കാര്‍ നന്നാവുന്നത് സഹിക്കാത്ത ആളുകളാണ് .
നമ്മുടെ നാട്ടില്‍ ചിലപ്പോഴൊക്കെ അവിശ്വസനീയമായ ട്വിസ്റ്റുകള്‍ നില നിര്‍ത്തുന്ന ഹോളിവുഡ് പടത്തെക്കാള്‍ അസാധാരണമായ സംഭവഗതികളുണ്ടാവും .അത് അങ്ങനെയല്ലെന്നു വിശ്വസിക്കുകയും അതില്‍ അസാധാരണത്വമൊന്നുമില്ലന്ന് സമാധാനിക്കുകയും ചെയ്യുക . ഡോര്‍ജി ഖണ്ടുവിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നുണ്ട് . തിരച്ചിലിന്റെ അന്ത്യം ശുഭകരമായി തീരട്ടെ എന്നു ആഗ്രഹിക്കുന്നു - may -1 -2011 .
--------------------------------------------------------------------------
ഡോര്‍ജി ഖണ്ടുവിനെ കാണാതായതിന്റെ പിറ്റേ ദിവസം എഴുതിയ ബ്ലോഗ് ആണിത് .മൂന്നു ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം മരിച്ചുവെന്നറിയിപ്പു കിട്ടുമ്പോള്‍ വലിയ അല്‍ഭുതം തോന്നാത്തത് കടുത്ത കാലാവസ്ഥയില്‍ ഹെലികോപ്റ്ററില്‍ സഞ്ചരിച്ചത് കൊണ്ടു മാത്രമല്ല , വൈ എസ് ആറിന്റെ ചരിത്രം ആവര്‍ത്തിക്കപ്പെടുമെന്ന ആശങ്ക ഉള്ളിലുണ്ടായിരുന്നത് കൊണ്ടു കൂടിയാണ്
Subscribe to:
Posts (Atom)