Like

...........

Wednesday 28 December 2011

ഹിറ്റ്ലറും കെ കരുണാകരനും തമ്മിലെന്ത് ???

ഹിറ്റ്ലറും കെ കരുണാകരനും തമ്മിലെന്ത് ???


ഈയൊരു ചോദ്യത്തിന്റെ രാഷ്ട്രീയത്തെക്കാള്‍ അതിന്റെ കൌതുകത്തെ ഞാനിഷ്ടപ്പെടുന്നു. വ്യക്തി ഗുണങ്ങളിലും രൂപസവിശേഷതകളിലും ഏറെ സമാനതകളുള്ള രണ്ടു നേതാക്കളാണ് ഹിട്ലരും കെ കരുണാകരനും എന്ന് പറഞ്ഞാല്‍ അത് കെ കരുണാകരനോടുള്ള വ്യക്തി വിരോധം വെച്ചാണ് എന്ന് പറയരുത് കാരണം രാഷ്ട്രീയം എന്ത് തന്നെയായാലും ഇ എം എസ് കഴിഞ്ഞാല്‍ കേരള രാഷ്ട്രീയത്തില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന നേതാവ് കെ.കരുണാകരന്‍ തന്നെയാണ് . .

കെ. കരുണാകരന്റെ ചരമ വാര്ഷികതോടനുബന്ധിച്ചു നടന്ന ഒരു ചടങ്ങില്‍ വെച്ചാണ് കെ.കരുണാകരന്‍ മാരാര്‍ എന്നാ പഴയ ലളിത കലാ അക്കാദമി വിദ്യാര്‍ത്ഥിയുടെ അമ്പരപ്പിക്കുന്ന ചിത്രകലാ പാടവം കാണാന്‍ കഴിഞ്ഞത് .പോര്‍ടെയിറ്റ് പെയിന്റിങ് സങ്കേതത്തില്‍ വരച്ച രണ്ടു ചിത്രങ്ങള്‍ മാത്രമാണ് പ്രദര്‍ശനത്തിനും ലേലത്തിനും ഉണ്ടായിരുന്നത് , രണ്ടു ചിത്രങ്ങളും മനോഹരമായിരുന്നു .രാഷ്ട്രീയത്തില്‍ പ്രവേശിക്കാതെ ആ പഴയ ലളിത കലാ വിദ്യാര്‍ത്ഥി തന്റെ തട്ടകം ചിത്രകലയാക്കിയിരുന്നെങ്കില്‍ കെ സി എസ് പണിക്കരെപ്പോലെ ഒരു കെ കെ മാരാര്‍ ആയിരുന്നെങ്കില്‍ കോണ്‍ഗ്രസ്സ് എന്ന രാഷ്ട്രീയ പ്രസ്ഥാനം പരിതാപകരമായ ഒരവസ്ഥയിലായി പോകുമായിരുന്നു . അതിലുപരി കേരളത്തിലെ ഏറ്റവും ഇച്ഛാശക്തിയുള്ള , നേതൃപാടവമുള്ള ഒരു ഭരണാധികാരി സൃഷ്ടിക്കപ്പെടില്ലായിരുന്നു . കെ കരുണാകരന്റെ പെയിന്റിങ് കാണുമ്പോള്‍ അഡോള്‍ഫ് ഹിറ്റ്ലറിനെയും ബാല്‍ താക്കറെയും ഓര്‍മ്മ വരുന്നതു അത്ര സ്വാഭാവികമാണെന്നു പറയാനാവില്ല പക്ഷെ ഇവര്‍ മൂവരിലും നിറഞ്ഞു നില്‍ക്കുന്ന സാദൃശ്യത്തിന്റെ തോത് വളരെയാണ് . അഡോള്‍ഫ് ഹിട്ലരും ബാല്‍ താക്കറെയും കെ.കരുണാകരനും തമ്മിലുള്ള അപാരമായ സാദൃശ്യം കേവലം അധികാരം കൊണ്ടു അവര്‍ സൃഷ്ടിച്ച സ്വേച്ഛാധിപത്യം മാത്രമല്ല പിന്നെയും ഒരല്പം കൂടി വിശദമായി പറഞ്ഞാല്‍ തീരുമാനമെടുക്കാന്‍ ഉള്ള അസാമാന്യമായ ഇച്ഛാശക്തിയും ജനക്കൂട്ടങ്ങളെ വാക്കുകള്‍ കൊണ്ടു നിയന്ത്രിക്കുന്ന വാഗ്വിലാസവും കൂടിക്കലര്‍ന്ന സവിശേഷമായ കരിസ്മാറ്റിക് ശക്തി , പക്ഷെ ഇതൊന്നുമല്ലാതെ ഇവരെ പൊതുവില്‍ ഒരു ബിന്ദുവില്‍ യോജിപ്പിക്കുന്ന പ്രധാന സവിശേഷതയുണ്ട് - അതാണ് ചിത്രം വര .കലാകാരന്മാര്‍ ആത്മാവിന്റെ സഞ്ചാരികളായ , അടുക്കും ചിട്ടയും ഇല്ലാത്ത അരാജകവാദികള്‍ ആയിരിക്കുമെന്നതാണ് നമ്മുടെയൊക്കെ പൊതു ബോധം കൊണ്ട് നാം പടുത്ത് വെച്ചിരിക്കുന്ന സാമാന്യ വിശ്വാസം .വര്‍ണ്ണങ്ങളുടെ ക്രമ രഹിതമായ വിന്യാസങ്ങളിലൂടെ രൂപങ്ങളെ സൃഷ്ടിക്കുന്ന ചിത്രകാരന്മാര്‍ ആണെങ്കില്‍ പറയുകയും വേണ്ടാ .ഉന്മാദത്തിന്റെ തീക്ഷ്ണത കൊണ്ട് ചിത്രം വരച്ച സാല്‍വഡോര്‍ ഡാലിയും പ്രണയത്തിന്റെ പാരമ്യത്തില്‍ കാമുകിക്ക് ചെവി മുറിച്ചു കൊടുത്ത വിന്സന്റ് വാങ്ങോഗും മുതല്‍ പുതിയ തലമുറയിലെ ഉത്തരാധുനിക ചിത്രകാരന്മാരുടെ സ്വഭാവ രീതികള്‍ വരെ ആ ധാരണയെ അങ്ങ് ഉറപ്പിക്കുന്നു . പക്ഷെ ചിലര്‍ ആ കാവ്യാത്മകതയില്‍ നിന്നും വഴി മാറി നടന്നു ലോകത്തെ മറ്റൊരു വിധത്തില്‍ സ്വാധീനിക്കുന്നു , നിയന്ത്രിക്കുന്നു .

അഡോള്‍ഫ് ഹിറ്റ്ലറിന്റെ ആത്മ കഥയായ മെയ്ന്‍ കാമ്ഫില്‍ ചിത്രം വര പഠിക്കണമെന്ന മോഹവുമായി നില്‍ക്കുന്ന ഒരു കൌമാരക്കാരന്‍ കുട്ടിയുണ്ട് , സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയുള്ള കര്‍ക്കശക്കാരനായ അച്ഛന്റെ പിടിവാശിക്കു മുമ്പില്‍ ആ മോഹമുപേക്ഷിച്ചു കുട്ടിയുടെ വിഷാദവുമുണ്ട് . ആ അച്ഛന്‍ മകന്റെ ആഗ്രഹത്തിനു സമ്മതം മൂളി , അഡോള്‍ഫ് ഹിറ്റ്ലര്‍ എന്ന ആ കുട്ടി മൈക്കലാഞ്ചലോയെപ്പോലെ , വിന്‍സന്റ് വാങ്കൊഗിനെ പോലെ ഒരു ചിത്രകാരനായിത്തീര്‍ന്നിരുന്നെങ്കില്‍ ലോകം എങ്ങനെ മാറുമായിരുന്നു എന്നു ചിന്തിച്ചാല്‍ അതിന്റെ അമ്പരപ്പു കൊണ്ടു അന്തം വിട്ടു പോയെക്കും .രണ്ടാം ലോക മഹായുദ്ധം മുതല്‍ ഇസ്രയേലിന്റെ പിറവിയും ഫലസ്തീന്റെ അരസ്ഖിതാവസ്ഥയും വരെയുള്ള ലോകത്തിലെ സംഭവങ്ങളുടെയെല്ലാം ഗതിവിഗതികള്‍ ഒന്നു പുന: ക്രമീകരിക്കേണ്ടി വരുമായിരുന്നു , ലോകം തന്നെ മറ്റൊന്നാകുമായിരുന്നു .കോന്‍സണ്ട്രേഷന്‍ ക്യാമ്പുകളില്‍ ഇല്ലാതെയായി പോയ ജീവനുകള്‍ , രണ്ടാം ലോക മഹായുദ്ധത്തില്‍ ഹോമിക്കപ്പെട്ട ലക്ഷങ്ങള്‍ അങ്ങനെ ചരിത്രത്തിലെ ആ ഒരു വിസമ്മതത്തിനു കൊടുക്കേണ്ട വില വളരെ വലുതായിരുന്നു .
.
ഈ മൂന്നു പേരെയും ഏറ്റവും സ്വാധീനിച്ചതും നിയതി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതും പിതൃസവിശേഷതകളൊ അവരുടെ നിര്‍ബന്ധ ബുദ്ധി നിറഞ്ഞ ആഗ്രഹമോ ഒക്കെ തന്നെ ആയിരുന്നിരിക്കണം .ഗവണ്മെന്റെ സെര്‍വീസിലുള്ള അഡോള്‍ഫ് ഹിറ്റ്ലറിന്റെ പിതാവിനു തന്റെ പുത്രനും ഗവണ്മെന്റ് ജോലിക്കാരനായിത്തീരണമെന്ന കടും പിടുത്തത്തിന്റെ ഫലമായിരുന്നു ഹിറ്റ്ലറിന്റെ ചിത്രകലാ പഠനത്തിനുള്ള ആഗ്രഹം തടസ്സപ്പെടുത്തിയത് .ബാല്‍ താക്കറെയുടെ പിതാവായ കേശവ് സിതാറാം താക്കറെ മറാത്തി ഉദ്ഗ്രഥനത്തിന്റെ അറിയപ്പെടുന്ന വക്താവായിരുന്നു , അച്ഛന്റെ പാത പിന്തുടര്‍ന്നു കൊണ്ടാണ് ബാല്‍ താക്കറെ ശിവസേന രൂപീകരിച്ചത് . ഗവണ്മെന്റ് സേര്‍വ്വീസില്‍ ശിരസ്തദാര്‍ ആയിരുന്നു കരുണാകരന്‍ മാരാരുടെ അച്ഛന്‍ രാമുണ്ണി മാരാര്‍ ,അച്ഛന്റെ ചിട്ടയും ഭരണ പരമായ നേതൃത്വ ശൈലിയും തന്നെയാകണം ചിത്രം വരയില്‍ നിന്നും രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ കെ.കെ മാരാരെയും പ്രേരിപ്പിച്ചിരിക്കുക .ഉപദംശം :
ബിന്‍ ലാദന്റെ മരണശേഷമായിരിക്കണം ബിന്‍ ലാദന്‍ എഴുതിയ കവിത എന്നു പറഞ്ഞു കൊണ്ടു സൈബര്‍ ലോകത്തു ഒരു കവിത പ്രചരിച്ചിരുന്നു .അറബ് കവിതയുടെ ഇംഗ്ലീഷ് പരിഭാഷ്യമായിരുന്നു .വായിച്ചു നോക്കിയപ്പോള്‍ സാമാന്യം കൊള്ളാം , മറ്റൊരു ഒമര്‍ ഖയ്യാം നമുക്കു നഷ്ടപ്പെട്ടു .