
പേരിലെ സാദൃശ്യം കൊണ്ടാണോ എന്നറിയില്ല വി കെ പ്രകാശിന്റെ ഓരോ പടങ്ങള്‍ കാണുമ്പോഴും അശോകന്‍ ചെരുവിലിന്റെ ആ പഴയ വി കെ പി ഓര്‍മ്മയില്‍ നിന്നങ്ങു ഓടി വരും .നല്ല നിലയില്‍ പരസ്യങ്ങളൊക്കെ പിടിച്ചു ജീവിക്കുന്ന ഒരാള്‍ ഒരു തോന്നലിനങ്ങ് പുനരധിവാസം പോലെയൊരു ആര്‍ട്ട് ഫിലിം എടുക്കും പിന്നെ ഫാമിലി ലവ് സ്റ്റോറി മുല്ലവള്ളിയും തേന്മാവും അതു കഴിഞ്ഞ് പോലീസ് ത്രില്ലര്‍ എല്ലാം കഴിഞ്ഞ് അവസാനം 3 കിങ്ങ്സ് വരെ എടുക്കും . ഈ എല്ലാ സിനിമകളും വി കെ പ്രകാശ് ആത്മാര്‍ത്ഥമായി ചെയ്യുന്നത് തന്നെയാണ് , അതു പരാജയപ്പെടുമ്പോള്‍ വീണ്ടും പരസ്യ കമ്പനിയിലേക്കു തന്നെ തിരിച്ചു പോകും ഒരിടവേള കഴിഞ്ഞു തമാശയാണോ പ്രണയമാണോ സമാന്തരമാണോ എന്നൊന്നും പ്രവചിക്കാനാവാത്ത ഒരു സിനിമയുമായി വീണ്ടും വി കെ പി വരും .
ഇക്കണ്ട കാലയളവിലും വി കെ പ്രകാശിന് സംവിധായകന്‍ എന്ന നിലയില്‍ സ്വന്തമായി ഒരു ശൈലിയോ വ്യക്തിഗത സങ്കേതമോ രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല പക്ഷെ ഒന്നുണ്ട് മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനനായ ക്രാഫ്റ്റ് മാന്‍ ആണ് അദ്ദേഹം .കലാമൂല്യമുള്ള സമാന്തര സിനിമയായാലും ബോക്സ് ഓഫീസ് ലക്ഷ്യമാക്കിയുള്ള തല്ലിപ്പൊളി സിനിമയായാലും ഓരോ ഫ്രെയിമിലും ഒരു ക്രാഫ്റ്റ് മാന്റെ പെര്‍ഫെക്ഷന്‍ നമുക്കു കാണാം . സാധന സാമഗ്രികളും നല്ലൊരു പ്ലാനും കൊടുത്താല്‍ വൈദഗ്ദ്യത്തോടെ നല്ല വീടുണ്ടാക്കി തരുന്ന എഞ്ചിനീയറെപ്പോലെയാണ് വി കെ പ്രകാശ് എന്ന ചലച്ചിത്രകാരന്‍ , പക്ഷെ പ്ലാന്‍ നന്നായിരിക്കണം അതിനെ ആശ്രയിച്ചിരിക്കും ആ ചിത്രം , ഇത്തവണ അനൂപ് മേനോന്‍ മോശമല്ലാത്തൊരു പ്ലാന്‍ വരച്ചു കൊടുത്തിട്ടൂണ്ട് - അതാണ് ബ്യൂട്ടിഫുള്‍ എന്ന സിനിമ . കുട്ടനാട്ടിലെ നെല്‍ കര്‍ഷകന്റെ കഥയെഴുതിയാലും അതിലേതെങ്കിലും വിദേശ പടത്തിന്റെ കോപ്പിയാണെന്നു സംശയിച്ചു പോകുന്ന ഒരു ഇമേജ് ഉണ്ടാക്കി വെച്ചിട്ടൂണ്ടെങ്കിലും മേനവന്റെ സംഭാഷണ രചന പാടവത്തെ എക്സലന്റ് എന്നു തന്നെ പറയാം, പകല്‍ നക്ഷത്രങ്ങള്‍ എന്ന ആദ്യ ചിത്രത്തിലെ ബുദ്ധിജീവി പരിപ്രേക്ഷ്യത്തിനിടയ്ക്കും സരസമായ ആ ഒരു സംഭാഷണ രീതി മനോഹരമായിരുന്നു . കോക്ക് ടെയിലിനു ഒരു ഒരു കടപ്പാട് പോലും വെക്കാതിരുന്നത് പ്രേക്ഷകര്‍ ആ ചിത്രങ്ങള്‍ കണ്ടു ഈ അനുകരണത്തെ വിലയിരുത്തുമെന്ന ഭയത്താലായിരിക്കണം അല്ലെങ്കിലും Butterfly on Wheel ലെ പിയേഴ്സ് ബ്രോസ്നനനെയുണ്ടോ ജയസൂര്യക്കൊക്കെ താങ്ങാന്‍ പറ്റുന്നു ? .
ശരീരം മുഴുവന്‍ തളര്‍ന്നിട്ടൂം പ്രസാദാത്മകമായി ജീവിതത്തെ സമീപിക്കുന്ന വ്യക്തിയാണ് സ്റ്റീഫന്‍ [ജയസൂര്യ] സ്റ്റീഫനെ പരിചരിക്കാന്‍ വരുന്ന ഒരു പെണ്‍ കുട്ടിയുടെയും സ്റ്റീഫന്റെ ഒരു സുഹൃത്തിന്റെയും കഥയാണിതെന്നു പറയുമ്പോള്‍ ഗുസാരിഷ് എന്ന സഞ്ചയ് ലീലാ ബന്‍സാലി ചിത്രം ഓര്‍മ്മ വരും പക്ഷെ ഗുണമായാലും ദോഷമായാലും ആ സാദൃശ്യം ഇവിടം കൊണ്ടവസാനിക്കുന്നു .രണ്ട് സിനിമകളും മുന്നോട്ട് വെക്കുന്ന ഇതിവൃത്തം തികച്ചും വ്യത്യസ്ഥമാണ് .ഗുസാരിഷ് ജീവിതത്തിന്റെയും മരണത്തിന്റെയും ദാര്‍ശനിക തലങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നതെങ്കില്‍ ബ്യൂട്ടിഫുള്‍ , രതിയും പ്രണയവും വഞ്ചനയുമെല്ലാം നിറഞ്ഞ വൈയക്തികമായ ഒരനുഭവമാണ് കാഴ്ച വെക്കുന്നത് .
അനുപ് മേനോന്റെ സംഭാഷണ മികവിനു മുഴുവന്‍ മാര്‍ക്കും കൊടുക്കാമെങ്കിലും സ്വന്തമായി രൂപ ഭദ്രതയുള്ള ഒരു തിരക്കഥ രചിക്കാന്‍ തക്ക വൈദഗ്ദ്യമിനിയും കൈവന്നിട്ടില്ല എന്ന് തോന്നുന്നു ,സാരമുള്ളതല്ലെങ്കിലും ചില ചില്ലറ പൊരുത്തക്കേടുകള്‍ നമുക്കു ചൂണ്ടിക്കാണിക്കാം .ശരീരം മുഴുവന്‍ തളര്‍ന്നിട്ടും ജീവിതത്തെ പ്രസാദാത്മകമായും പോസിറ്റീവായും കാണുന്ന ഒരാളുടെ കഥയായിട്ടാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ സിനിമയെ അവതരിപ്പിക്കുന്നത് , അവിടെയാണ് തകരാറ് - അംഗ വൈകല്യം സംഭവിച്ച ഒരാളുടെ ജീവിതം മറ്റുള്ളവര്‍ക്കു പ്രചോദനമാകുന്ന രീതിയില്‍ ജീവിക്കുമ്പോഴാണല്ലോ ആ ജീവിതം പോസിറ്റീവായി തോന്നേണ്ടത് പൂര്‍വ്വമാതൃക എന്ന് വിശേഷിപ്പിക്കാവുന്ന ഗുസാരിഷിലെ റിത്വിക് റോഷന്‍ സ്വന്തമായി ഒരു റേഡിയോ സ്റ്റേഷന്‍ വഴി ദിനം പ്രതി ഒരു പാട് പേരുമായി സംസാരിക്കുന്നുണ്ട് , ആശ്വസിപ്പിക്കുന്നുണ്ട് പ്രചോദിപ്പിക്കുന്നുണ്ട് അത്തരം സിനിമാ മാതൃകകള്‍ ഒഴിവാക്കിയാലും ശരീരം തളര്‍ന്ന സ്റ്റീഫന്‍ ഹോക്കിങ്ങ്സും റാബിയയുമെല്ലാം സമൂഹത്തിനോടുള്ള പ്രതിബദ്ധത കൊണ്ടാണ് ജീവിതത്തിന്റെ പ്രസാദാത്മകതയെ കാണിച്ചു തന്നിട്ടുള്ളത് . അങ്ങനെ ഒരു പാടു ജീവിത മാതൃകകള്‍ നമുക്കു മുന്നില്‍ ഉള്ളപ്പോള്‍ ഒരു പേരിനെങ്കിലും അത്തരമൊരു പോസിറ്റീവ് മെന്റാലിറ്റി ഈ സിനിമയില്‍ ഉപയോഗിച്ചു കൊണ്ടാണ് ഈ പ്രസാദാത്മകതയെപ്പറ്റി പറയുന്നതെങ്കില്‍ കേള്‍ക്കാനൊരു സുഖമുണ്ടായിരുന്നു പക്ഷെ ശതകോടി സമ്പത്തുള്ള സ്റ്റീഫന്‍ ആരെയും സഹായിക്കാനോ സമൂഹത്തിലെന്തെങ്കിലും പ്രചോദനമാകാനോ തുനിയുന്നില്ല മറിച്ചു അയാളുടെ സമ്പത്തുപയോഗിച്ചു അയാള്‍ക്കു സുഖിക്കണമെന്ന സ്വാര്‍ത്ഥത മാത്രമാണ് ആ പ്രസാദാത്മകത കൊണ്ട് ഉദ്ദേശിക്കുന്നത് ,തികച്ചും സെല്‍ഫ് സെന്റേഡ് ആയ ഒരു മനോഭാവം .
സ്റ്റീഫന്റെ ശതകോടിക്കണക്കിനായി സ്വത്തുക്കളില്‍ കണ്ണു വെച്ച് നടക്കുന്ന ബന്ധുക്കളും ജീവിതത്തിലേക്കു ജോണ്‍ [അനുപ് മേനോന്‍ ] എന്ന പാട്ടുകാരനും അഞ്ചലി [മേഘന ] എന്ന ഹോം നഴ്സും കൂടി കടന്നു വരുന്നതോടെ ചിത്രം സംഭവ ബഹുലമാകുന്നു .ഗായകന്‍ ഉണ്ണിമേനോന്‍ , തെസ്നി ഖാന്‍ , നന്ദു , ടിനി ടോം സ്ഥിരം പരിചയിച്ച ക്ലീഷേ വേഷങ്ങളിലൂടെ മാത്രം നില നിന്നിരുന്ന കഥാപാത്രങ്ങള്‍ക്കു പോലും വ്യക്തിത്വം നല്‍കിക്കൊണ്ട് കൊച്ചു കൊച്ചു നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ ,ആ ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമ മനോഹരമായ ഒരു ആവിഷ്കാര രീതി അവലംബിക്കുന്നുണ്ട് . പ്രണയം , സൌഹൃദം , സ്നേഹം , വിധേയത്വം വൈകാരികമായ എല്ലാ ഘടകങ്ങളെയും അതത് അളവുകളില്‍ ചേര്‍ത്തു കൊണ്ട് ലളിതമായ ഒരു കഥ .ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട് അഞ്ചലിയായി അഭിനയിച്ച മേഘന സൌന്ദര്യം കൊണ്ടും ഭാവം കൊണ്ടും കാഴ്ചക്കാരനെ മോഹിപ്പിക്കുന്നുണ്ട് , നായികയെ ഇത്ര സുന്ദരമായി ചിത്രീകരിച്ച സിനിമ അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല . അനുപ് മേനോന്റെ വരികള്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്നു പോകുന്ന സംഗീതവും .
വൈകാരികവും കണ്ണു നിറയിക്കുന്നതുമായ മുഹൂര്‍ത്തങ്ങള്‍ നിറയെ ഉണ്ട് സിനിമയില്‍ , രണ്ട് ആണ്‍ സുഹൃത്തുക്കളോ പെണ്‍ സുഹൃത്തുക്കളൊ കൂടുതല്‍ വൈകാരികത പങ്കു വെക്കുന്ന സന്ദര്‍ഭങ്ങള്‍ മലയാള സിനിമയില്‍ കാണിക്കാറില്ല , സുഹൃത്തുക്കള്‍ തമാശ പറയാനും സ്റ്റണ്ടിനിടയ്ക്കു സഹായിക്കാനും മാത്രമാണ് എന്ന പ്രതീതിയാണ് മലയാള സിനിമകളില്‍ . സ്റ്റീഫനും ജോണും ഈയൊരു കീഴ് വഴക്കത്തെ ഉപേക്ഷിക്കുന്നുണ്ട് അവരുടെ സൌഹൃദം വൈകാരികം കൂടിയാണ് . ചലന ശേഷിയില്ലാത്ത സ്റ്റീഫനെ ബൈക്കിന്റെ പുറകില്‍ കെട്ടി വെച്ചു കൊണ്ട് നടക്കുമ്പോഴും അറിയാതെ ഒരു മഴയില്‍ തനിച്ചാക്കി പോയ ജോണിന്റെ മഴ ആസ്വദിക്കുന്ന സ്റ്റീഫന്റെ നിഷ്കളങ്ക ഭാവത്തില്‍ സന്തോഷിക്കുന്നതും സിനിമയിലെ നല്ല മുഹൂര്‍ത്തങ്ങളിലൊന്നാണ് . ഈ സിനിമയില്‍ ജയസൂര്യ് ടിപ്പിക്കല്‍ മണ്ടന്‍ റോളില്‍ നിന്നും ഏറെ പുരോഗമിച്ചിട്ടുണ്ട് , അഭിനയത്തെ ഗൌരവമായി തന്നെ സമീപിക്കുന്നുമുണ്ട് .
സിനിമ ഒരു സാമൂഹ്യ പാഠ പുസ്തകമല്ല , അത് ഒരു കലാവിഷ്കാരമാണ് അതു കൊണ്ട് തന്നെ അതിലുളവാക്കുന്ന സദാചാര സങ്കല്പങ്ങള്‍ ആ ചലച്ചിത്രത്തിന്റെ ഭാഗമാണ് . സിനിമയുടെ കഥാംശവും ക്ലൈമാക്സും തന്നെയാണ് ആ സിനിമയുടെ സൌന്ദര്യം , വി കെ പ്രകാശ് ഇത്തവണ കാഴ്ചക്കാരെ അല്പം സ്തംഭിപ്പിക്കുക തന്നെ ചെയ്തിട്ടുണ്ട് , പല പ്രണയങ്ങള്‍ക്കിടയില്‍ ഒരു സുന്ദരിപ്പെണ്‍കുട്ടിയെ തന്നെ പ്രണയിച്ച വി കെ പി എന്ന ആ പഴയ കഥാപാത്രത്തെപ്പോലെ . അവസാന വാക്കായി ഒന്നു പറയാം കെട്ടിമേളങ്ങളും കൊട്ടിഘോഷിക്കലുകളുമൊന്നുമില്ലാതെ ഒരു ചെറിയ സുന്ദരന്‍ സിനിമ .