Like

...........

Friday, 24 June 2011

രതിലീലയുടെ കുട്ടിയപ്പൻ മാതൃകകൾ

സത്യം ഭാവനയെക്കാള്‍ വിചിത്രമാണ് എന്നു പറഞ്ഞത് ഹാസ്യ സാമ്രാട്ടായ മാര്‍ക് ട്വയിനാണെങ്കിലും അതില്‍ ഫലിതം ലവലേശമില്ല . സര്‍ഗ്ഗാത്മകതയുടെ സത്യസന്ധത ശൂന്യതയില്‍ നിന്നു സൃഷ്ടിക്കപ്പെടുന്നതോ അജ്ഞാതമായ അന്തരീക്ഷത്തില്‍ നിന്നു ഉരുത്തിരിയുന്നതോ അല്ല , അതു സമൂഹ യാഥാര്‍ത്ഥ്യത്തിന്റെ പരിച്ഛേദമാണ് അതു കൊണ്ടു തന്നെ എഴുത്തുകാരന്‍ പ്രവചന ശേഷിയുള്ള ക്രാന്ത ദര്‍ശിയാവണമെന്നു നിര്‍ബന്ധമില്ല , മറിച്ചു വര്‍ത്തമാന കാല സമൂഹത്തെ ശരിയായി നിരീക്ഷിക്കുന്നവനായാല്‍ മാത്രം മതി .പക്ഷെ കഥാകൃത്ത് അപ്രിയ സത്യങ്ങള്‍ പറയുമ്പോള്‍ നമ്മള്‍ അസ്വസ്ഥരാകുന്നു , കഥയിലെ കഥാപാത്രങ്ങള്‍ നമ്മളല്ല എന്നു സ്വയം വാദിച്ചു ജയിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു .

"തങ്കപ്പന്‍നായര് ചേട്ടാ നിങ്ങളുടെ മകളെ എനിക്കൊന്നു വേണം . ഒരു ആനയുടെ തുമ്പിക്കയ്യില്‍ ചാരി നിര്‍ത്തി എനിക്കൊന്നു ഭോഗിക്കാനാ “

ഉണ്ണി ആര്‍. എഴുതിയ “ലീല “ എന്ന കഥയിലെ കുട്ടിയപ്പന്‍ എന്ന നായക കഥാപാത്രം ഒരു അച്ഛനോടു അയാളുടെ മകളെ പ്രാപിക്കാന്‍ തരുമോ എന്നു യാതൊരു വിധ സങ്കോചവുമില്ലാതെ ചോദിക്കുമ്പോള്‍
സദാചാര പ്രിയരും നന്മ നിറഞ്ഞവരുമായ മലയാളി വായനക്കാര്‍ വായിച്ചത് വിശ്വസിക്കാനാകാതെ പെട്ടെന്ന് തലയൊന്ന് പിന്നോട്ടു വെട്ടിച്ചു , കണ്ണു തുറിച്ചു കൊണ്ട് ആ വാചകങ്ങളെ അറപ്പോടെ , സെന്‍സേഷണലാകാനുള്ള എഴുത്തുകാരന്റെ അഭിവാന്‍ച്ഛയെ പുച്ഛത്തോടെ നോക്കി . പൊതു സദാചാരത്തിന്റെ കൃത്യമായ പരിധിക്കുള്ളില്‍ നിന്നു അസ്വാദകനെ സുഖിപ്പിക്കുന്ന വാക്കുകളൊരുക്കാത്തത് കൊണ്ടാകണം ലീല മലയാളിയുടെ സദാചാര ബോധത്തെ മുറിവേല്‍പ്പിച്ച കൊണ്ടു കടുത്ത വിമര്‍ശനം ഏറ്റു വാങ്ങിയത് . കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ മധുരം നിറഞ്ഞ മൃദു വാക്കുകളില്‍ അവതരിപ്പിച്ചില്ലെങ്കില്‍ സൃഷ്ടി വിമര്‍ശനമേറ്റു വാങ്ങുമെന്നത് മലയാള സാഹിത്യ ലോകത്തെ അലിഖിത നിയമമാണ് . അടിയന്തിരാവസ്ഥയുടെ അരാജകത്വത്തെ കറുത്ത ഫലിതമാക്കി അവതരിപ്പിച്ച “ധര്‍മ്മപുരാണത്തെ“ പലപ്പോഴും അസഭ്യവും അശ്ലീലവുമായി ഗണിക്കുന്നതും ഈയൊരു പതിവു പിന്തുടര്‍ന്നാണ് .

വന്യമായ ലൈംഗിക ഭാവനകളും മനോവൈകല്യമെന്നു സംശയിക്കാവുന്ന പെരുമാറ്റ രീതികളുമുള്ള സമ്പന്നനായ ഒരു മധ്യതിരുവിതാംകൂറുകാരനാണ് കുട്ടിയപ്പന്‍ . അയാളുടെ സന്തത സഹചാരിയായ പിള്ളച്ചന്‍ എന്ന കഥാപാത്രത്തിലൂടെയാണ് കഥ ആഖ്യാനം ചെയ്യപ്പെടുന്നത് . കുട്ടിയപ്പന്‍ ഏകനായ ഒരു അരാജക വാദിയാണ് ചിലപ്പോഴൊക്കെ അയാളുടെ ഭാവനകള്‍ക്കു വേണ്ടി അയാള്‍ വിലക്കെടുക്കുന്ന പെണ്ണിനു മേലാസകലം എണ്ണ തേച്ചു , നഗ്നയായി അയാളൊരുക്കുന്ന സംഗീതത്തിനനുസരിച്ചു നൃത്തം വെക്കേണ്ടി വരാറുണ്ട് , മറ്റു ചിലപ്പോള്‍ അയാളുടെ സാങ്കല്‍പ്പിക മൃതദേഹത്തിനു മുകളില്‍ അലമുറയിട്ടു കരയാന്‍ പ്രേരിപ്പിക്കപ്പെടാറുണ്ട് . പിള്ളച്ചന്‍ ഭാര്യയും മകളുമൊത്തു സ്വസ്ഥ ഗൃഹ ഭരണം നയിക്കുന്നയാളാണ് . കുട്ടിയപ്പനുമായുള്ള “ഇടപാടുകള്‍ “ പിള്ളയുടെ ഭാര്യയ്ക്കു അത്രയ്ക്കു രുചിക്കുന്നില്ലെങ്കിലും പിള്ളയ്ക്കു ആ സൌഹൃദത്തിന്റെ ആഴത്തില്‍ നിന്നു മോചിതനാകാനാവാത്തതിനാല്‍ കുട്ടിയപ്പന്റെ വിചിത്ര ഭാവനകള്‍ക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്നു . ഇപ്പോള്‍ കുട്ടിയപ്പനു ഒരു ലക്ഷ്യമുണ്ട് ഒരു പെണ്ണിനെ ആനയുടെ രണ്ടു കൊമ്പുകള്‍ക്കിടയിലായി , തുമ്പിക്കയ്യില്‍ ചേര്‍ത്തു നിര്‍ത്തി ഭോഗിക്കണം .ആ ഒരു കാഴ്ച ആനയ്ക്കു നെറ്റിപ്പട്ടം അഴിച്ചു വെച്ചതു പോലെ ഇരിക്കും എന്നു കുട്ടിയപ്പന്‍ തന്നെ ഭാവനയില്‍ കാണുന്നുണ്ട് . വിചിത്രമായ ഭോഗാസക്തിയുടെ അന്വേഷണം ചെന്നു നില്‍ക്കുന്നത് തങ്കപ്പന്‍ നായര്‍ എന്ന അച്ഛനിലാണ് .അയാളുടെ പ്രായ പൂര്‍ത്തിയാകാത്ത മകളെയാണ് കുട്ടിയപ്പന്‍ തന്റെ ലൈംഗിക വൈകൃതങ്ങള്‍ക്കായി നിസ്സങ്കോചം ആവശ്യപ്പെടുന്നത് . ഈ ഘട്ടത്തിലാണു മലയാളിയുടെ സദാചാരം പൊള്ളിയടര്‍ന്നു പുറത്തേക്കു വരുന്നത് .കുട്ടിയപ്പന്റെ വിചിത്ര ലൈംഗിക ഭാവനകളല്ല മറിച്ചു അച്ഛനോടു മകളെ ഭോഗിക്കാന്‍ ആവശ്യപ്പെടുന്ന ഒരു മലയാളി നായകനെ സങ്കല്‍പ്പിക്കാന്‍ നമുക്കു സാധിക്കുന്നില്ല . അതു കഥാകൃത്തിന്റെ അതിരു കടന്ന രതി ഭാവനകളുടെ പരിണിത ഫലമാണെന്നും അയാളുടെ അരാജകത്വം നിറഞ്ഞ സാഹിത്യ ജീവിതത്തിന്റെ പ്രതിഫലനമാണിത്തരം അത്യുക്തി പ്രസ്താവനകളെന്ന് [Hyperbolic statement ] നാം വിധിയെഴുതി, പക്ഷെ സമകാലിക യാഥാര്‍ത്ഥ്യത്തില്‍ 16 വയസ്സായ ഒരു പെണ്‍കുട്ടിയെ ഇരുന്നൂറോളം പേര്‍ക്കു സ്വന്തം അച്ഛന്‍ തന്നെ കാഴ്ച വെച്ചുവെന്ന വാര്‍ത്ത “ലീല “ എന്ന കഥയെ വെറും ന്യൂനോക്തി [Under statemate ] മാത്രമാക്കി മാറ്റുന്നു .അച്ഛനോടു മകളെ ഭോഗിക്കാന്‍ ആവശ്യപ്പെടുന്ന ലൈംഗിക വൈകൃതമുള്ള ഒരു കുട്ടിയപ്പനു പകരം ചുരുങ്ങിയ സമയം കൊണ്ട് 200 കുട്ടിയപ്പന്മാരാണ് നമ്മുടെ കണ്മുന്നിലെ യാഥാര്‍ത്ഥ്യത്തില്‍ നാം കാണുന്നത് .

പ്രായപൂര്‍ത്തിയാകാത്ത മകളെ സ്വന്തം അച്ഛന്‍ ലൈംഗികമായി ഉപദ്രവിക്കുന്നു [ഉപയോഗിക്കുന്നു എന്ന വാക്കു ഇവിടെ ചേരില്ല ] അതിനു ശേഷം ആ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മറ്റു പലര്‍ക്കും കാഴ്ച വെക്കുന്നു .പറവൂരിലെ ഈ പെണ്‍കുട്ടിയ്ക്കു സംഭവിച്ച ഈ ദുരന്തം ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമല്ല . ഇപ്പോള്‍ തന്നെ ഒന്നിലേറെ സമാന സംഭവങ്ങള്‍ ഓരൊ സ്ഥല നാമങ്ങളുമായി ബന്ധപ്പെടുത്തി മാധ്യമങ്ങളില്‍ വാര്‍ത്തയായും പോലീസ് റെക്കോര്‍ഡുകളില്‍ കേസായും രേഖപ്പെടുത്തിക്കഴിഞ്ഞു .എന്നിട്ടും ഇത്തരം കാര്യങ്ങള്‍ മലയാളികള്‍ ചെയ്യുന്നു എന്നു വിശ്വസിക്കാന്‍ നമുക്കു സാധിക്കുന്നില്ല അതു കൊണ്ടു തന്നെ അത്തരം കാര്യങ്ങള്‍ കഥകളിലും ചലച്ചിത്രങ്ങളിലും അവതരിപ്പിക്കാന്‍ അന്യ നാട്ടുകാരനും അതിക്രൂരനുമായ ഒരു വില്ലനെയാണ് നാം ഉപയോഗിക്കുക . ചിന്താമണി കൊലക്കേസ് എന്ന മലയാള ചിത്രത്തില്‍ മകളെ ലൈംഗികമായി ഉപയോഗിക്കുന്ന അതിക്രൂരനായ ഒരു വില്ലനാക്കാന്‍ സിനിമയുടെ കഥാ പശ്ചാത്തലത്തിലോ നിയമ പരിധിയിലോ വരേണ്ടാത്ത ഒരു തമിഴനെ കൊണ്ടു വരേണ്ടി വന്നു ഇവിടെ ഈ സ്വന്തം മകളെ ഉപദ്രവിക്കുന്ന “ അന്യനാട്ടുകാരനായ വൃത്തികെട്ട ജന്തുവിനു മരണ ശിക്ഷ നല്‍കിയാണ് നായകന്‍ നീതി നടപ്പാക്കുന്നത് . നമുക്കു നമ്മളില്‍ ഇതൊന്നും ആരോപിക്കുന്നതിഷ്ടമല്ല . തമിഴന്മാര്‍ പെങ്ങളുടെ മകളെ വിവാഹം കഴിക്കുന്നതും കാമിക്കുന്നതുമെല്ലാം അവരുടെ സംസ്കാര രാഹിത്യത്തിന്റെ തെളിവുകളായി , അതു നിഷിദ്ധ ഗമനം [Incest relationship ] എന്ന കൊടും പാപമായി കരുതുന്ന മലയാളിയാണ് തരം കിട്ടുമ്പോള്‍ സ്വന്തം രക്തത്തെ തന്നെ അന്യനു കാഴ്ച വെച്ചു പണം സമ്പാദിക്കുന്നത് . കേള്‍ക്കുമ്പോള്‍ അറപ്പു തോന്നുന്നുണ്ട് പക്ഷെ ഇതു പുറത്തു വന്നതും വരാത്തതുമായ യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയാണ് .

വ്യഭിചാരം അധാര്‍മികമാണെന്നും അതു നിര്‍ത്തലാക്കണമെന്നൊക്കെയുള്ള കാല്പനികവും അപ്രായോഗികവുമായ വാദമുഖങ്ങള്‍ ചര്‍വ്വിത ചര്‍വണമാണെന്നതു കൊണ്ടു തന്നെ അത്തരം സംവാദങ്ങള്‍ തല്‍ക്കാലം മാറ്റി വെച്ചു കൊണ്ടു ഈ സംഭവത്തെ നമുക്കു പരിശോധിക്കാം . അച്ഛന്‍ മകളെ ലൈംഗികമായി ഉപയോഗിച്ചു എന്നതു പോലെ ഇതില്‍ ഭീതി പടര്‍ത്തുന്നത് തന്നെ പെണ്‍കുട്ടിയെ ഉപദ്രവിച്ച ഈ 200 പേരിലൊരാളും തന്നെ ഇതൊരു പ്രാ‍യപൂര്‍ത്തിയെത്താത്ത , ആരുടെയൊക്കെയോ ഭീഷണി ഭയന്നു കൊണ്ടു മാത്രം ഇതിനിരയായതാവാമെന്നു ചിന്തിച്ചില്ല എന്നുള്ളതാണ് . ഒരച്ഛന്‍ മകളെ വേശ്യാ വൃത്തിക്കു പ്രേരിപ്പിക്കുമ്പോള്‍ അതില്‍ അസ്വാഭാവികയൊന്നുമില്ലാതെ തന്നെ അതു ആസ്വദിക്കുകയായിരുന്നു ഇത്രയും പേര്‍ എന്നതു അത്ര നിസ്സാരമായ സംഗതിയല്ല . ഇവരാരും കഥയിലെ
കുട്ടിയപ്പനെ പോലെ പോലെ മാനസിക വൈകല്യമുള്ള , വികൃത സ്വഭാവത്തിനുടമയായ ഒരു ഏകനായ മനുഷ്യനായിരുന്നില്ല മറിച്ചു സമൂഹത്തിലെ ഉന്നത സ്ഥാനീയരായ , കുടുംബവും കുട്ടികളുമെല്ലാമുള്ള വ്യക്തികളായിരുനു .ഒരു വാദത്തിനു ഇവരാരും ഈ പെണ്‍കുട്ടിയുടെ അച്ഛനാണ് ഈ കൂട്ടിക്കൊടുപ്പുകാരന്‍ എന്നറിഞ്ഞിരിക്കില്ല എന്നു വിശ്വസിക്കാം പക്ഷെ ബാല്യത്തിന്റെ നിഷ്കളങ്കത പൂര്‍ണ്ണമായും വിട്ടുമാറാത്ത ഒരു പെണ്‍കുട്ടിയുടെ മുഖം അവര്‍ക്കൊരു ദുസൂചനയും നല്‍കിയില്ല എന്നു വിശ്വസിക്കാനാവില്ല .

കഥയില്‍ ലീല എന്നത് ഒരു സാങ്കല്പിക നാമമാണ് . പേര് ചോദിക്കുമ്പോള്‍ നിശബ്ദയാകുന്ന പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ തന്നെ കുട്ടിയപ്പന്‍ ആ പെണ്‍കുട്ടിക്കു ലീല എന്നു നാമകരണം ചെയ്യുന്നു . നമ്മള്‍ വിതുര പെണ്‍കുട്ടിയെന്നും സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെന്നും നാമകരണം ചെയ്യുന്നതു പോലെ . ലീലയ്ക്കു സ്വന്തമായി ഒരു തീരുമാനവുമില്ല . ഒരു പെണ്‍കുട്ടിയ്ക്കു ജീവാപായം സംഭവിച്ചേക്കാവുന്ന ആനയുടെ തുമ്പിക്കയ്യില്‍ ചേര്‍ത്തു വെച്ചുള്ള സുരത ക്രിയ എന്ന ഭീതി കലര്‍ന്ന ഭാവനയില്‍ പോലും ഒരു നേരിയ എതിര്‍പ്പു പ്രകടിപ്പിക്കാതെ
നിര്‍മമതയോടെ യാന്ത്രികമായി അവള്‍ പെരുമാറുന്നു . എല്ലാ പീഡന കഥകളിലും ചില ബുദ്ധിമാന്മാരായ അന്വേഷകരുടെ ഒരു ന്യായമുണ്ട് -ഇതില്‍ ഇരയാകുന്ന പെണ്‍കുട്ടികള്‍ എതിര്‍ത്തിരുന്നെങ്കില്‍ അവര്‍ക്കു രക്ഷപ്പെടാനാവുമായിരുന്നു എന്നു , അവരിതു ആസ്വദിക്കുന്നതു കൊണ്ടാകില്ലേ എന്നു . പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ തൊട്ടാല്‍ പോലും കടുത്ത വേദനയുണ്ടാകുമെന്ന പരിശോധനാ റിപ്പോര്‍ട്ടു മുമ്പില്‍ വെച്ചു കൊണ്ടു ഒരു ജഡ്ജിക്കു പോലും തോന്നിയ സംശയമാണ് ശാരീരികവും മാനസികവുമായി പ്രായ പൂര്‍ത്തിയാകാത്ത ഒരു പെണ്‍ കുട്ടിക്കു അപരിചിതരായ ആളുകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ അനുഭൂതിയാണുണ്ടാകുന്നതെന്ന കണ്ടു പിടുത്തം പലരും നടത്തിയിട്ടുമുണ്ട് . പറവൂരിലെ ഈ പെണ്‍കുട്ടിയുടെ കാര്യത്തിലും ഈ സംശയം ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുണ്ട് . സ്വന്തം അച്ഛന്‍ പീഡിപ്പിക്കുകയും കാഴ്ച വെക്കുകയും ജീവഹാനി ഭയന്നു അമ്മയുടെ മൌന സമ്മതം കൂടിയാകുമ്പോള്‍ പെണ്‍ കുട്ടിയ്ക്കെവിടെയാണ് പ്രതീക്ഷ , ഏതു വിധത്തിലാണു അവള്‍ എതിര്‍പ്പു പ്രകടിപ്പിക്കേണ്ടത് ?

കുട്ടിയപ്പന്‍ എന്ന കഥാപാത്രത്തിന്റെ പെരുമാറ്റ രീതികളെ മാനസിക വൈകൃതമുള്ളവരുടെ ഒറ്റപ്പെട്ട സ്വഭാവമായി ന്യൂനീകരിക്കുകയാണ് .വ്യത്യസ്ഥവും വന്യവുമായ സുരത ക്രിയയെ ധ്യാനിക്കുന്ന അപൂര്‍വ്വ ജനുസ്സില്‍ പെട്ട ഒരാളായാണ് കുട്ടിയപ്പനെ പരമ്പരാഗത വായനക്കാര്‍ കാണുന്നത് . അതു ഈ മലയാളികള്‍ക്കന്യമായ പ്രത്യേക തരം വിചിത്ര ജീവിയാണു എന്നു നമ്മള്‍ ഉറപ്പിക്കുന്നു .ടി വി കൊച്ചുബാവ ബംഗ്ലാവ് എന്ന കഥയില്‍ പരസ്പരം വെച്ചു മാറുന്ന ദമ്പതികളെ കുറിച്ചെഴുതിയപ്പോള്‍ അന്നും വായനക്കാര്‍ എഴുത്തുകാരന്റെ വന്യമായ ഭാവനയെ വിമര്‍ശിച്ചു , സദാചാര സമ്പന്നരായ മലയാളികളുടെ ഇടയിലേക്കു പാശ്ചാത്യന്റെ വൃത്തികെട്ട ലൈംഗിക അരാജകത്വങ്ങള്‍ ആരോപിക്കുന്നതിനെതിരെ ക്ഷോഭിച്ചു പിന്നെ അധികം വൈകാതെ കൊച്ചിയിലെയും ബാംഗ്ലൂരിലെയും ദുബായിലെയും അത്തരം ക്ലബ്ബുകളില്‍ മലയാളി ദമ്പതിമാര്‍ അഭിമാനത്തോടെ പരസ്പരം വെച്ചു മാറുന്ന കഥ നാം നിസ്സംഗതയോടെ ആസ്വദിച്ചു .എഴുത്തുകാര്‍ പ്രവചന ശേഷിയുള്ള ക്രാന്ത ദര്‍ശികളാണെന്നു ഞാന്‍ പറയില്ല , ആകേണ്ട കാര്യവുമില്ല പക്ഷെ ഓരോ എഴുത്തുകാരനും സമൂഹത്തെ നിരന്തരം നിരീക്ഷിക്കുന്നുണ്ട് , ആ നിരീക്ഷണങ്ങളാണ് ചിലപ്പോഴെങ്കിലും കഥയായി കടന്നു വരുന്നത് ,
അപ്രിയ സത്യങ്ങളെ ആദ്യം അവിശ്വസിക്കുകയും പിന്നീട് നിസ്സംഗതയോടെ അംഗീകരിക്കുകയും ചെയ്യുന്നത് നമ്മുടെ ശീലമാണ് .

കഥയുടെ അന്ത്യത്തില്‍ കുട്ടിയപ്പനു ആ പെണ്‍കുട്ടിയോടു ദയ തോന്നുന്നു , ഭോഗാസക്തിയില്‍ നിന്നു പിന്തിരിഞ്ഞു കൊണ്ടയാള്‍ പെണ്‍ കുട്ടിയുമായി പിന്തിരിഞ്ഞു നടക്കുന്നു .
"പരിണാമ ദശയിലെ വിചിത്രമായ ഒരു ചിത്രം പോലെ മുന്നില്‍ നഗ്നനായ കുട്ടിയപ്പന്‍ , അതിനു പിന്നില്‍ നഗ്നയായ ലീല , അതിനു പിന്നില്‍ ഏറ്റവും വലിയ മൃഗം .നടക്കുന്നതിനിടയില്‍ പെട്ടെന്നാണ് ലീല തിരിഞ്ഞു നിന്നത് . ഒരു നിമിഷത്തിന്റെ അര്‍ദ്ധമാത്രയില്‍ തന്റെ ഇണയെ ചേര്‍ത്ത് പിടിക്കും പോലെ നീണ്ടു വന്നൊരു കൈ ലീലയെ ചുറ്റി നിന്നു .അതു ആകാശത്തേക്കു അവളെ ഉയര്‍ത്തിയിട്ടു കൊമ്പിന്റെ മൂര്‍ച്ചയില്‍ രാകിയെടുത്തു .പിന്നെ കാലുകള്‍ക്കിടയിലേക്കു കിടത്തിയിട്ടു ഇരുട്ടിന്റെ മഹാ‍കാരം പൂണ്ട ആ വലിയ ജീവി ഉപരി സുരതത്തിനെന്ന പോലെ ലീലയിലേക്കു തന്റെ ഭാരത്തെ ഇറക്കി വെച്ചു “ ആനയുടെ സ്ഥൂല ശരീരം ബിംബ വല്‍ക്കരിക്കുന്നതു നമ്മുടെ സമൂഹത്തെയും നീതി വ്യവസ്ഥയെയുമാണ് എന്നു സമകാലിക യാഥാര്‍ത്ഥ്യങ്ങളിലൂടെ നാം വായിച്ചെടുക്കേണ്ടതുണ്ട് . ഉപയോഗത്തിന്റെ ആവര്‍ത്തനം കൊണ്ടു അപ്രസക്തമായ ഇര എന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ യോജിക്കുക പീഡനത്തിനിരയാകുന്ന പെണ്‍ കുട്ടികളുടെ വിചാരണയിലാണ് . മാധ്യമങ്ങളുടെ , കോടതികളുടെ , പൊതുജനങ്ങളുടെ ഒക്കെ വിചാരണ ആനയുടെ സ്ഥൂല ശരീരമായി പരിണമിച്ചു കൊണ്ടു ലീലമാരെ ആ കൊമ്പുകളുടെ മൂര്‍ച്ചയില്‍ രാകി മിനുക്കുന്നുണ്ട് .


കഥയില്‍ ആവിഷ്കരിച്ചിരിക്കുന്ന ലീലയും തങ്കപ്പന്‍ നായരും കുട്ടിയപ്പനും പിള്ളേച്ചനും സാങ്കല്പിക കഥാപാത്രങ്ങളല്ല . ആരുടെയൊക്കെയോ മകളെ ഭോഗിക്കാന്‍ അലഞ്ഞു നടക്കുന്ന ഒരു കുട്ടിയപ്പനും കുട്ടിയപ്പന്റെ ഭാവനകളെ പൂര്‍ത്തീകരിക്കാന്‍ സന്തത സഹചാരിയായി നില്‍ക്കുന്ന പിള്ളേച്ചനും സ്വന്തം മകളെ വെച്ചു വില പേശുന്ന ഒരച്ഛനും
അതിനെല്ലാം നിശബ്ദയായ ഇരയായി മാറുന്ന ലീലമാരും നമ്മുടെ സമൂഹത്തിലെ തന്നെ അന്തേവാസികളാണ് അതു എഴുത്തുകാരന്റെ വന്യമായ ലൈംഗിക ഭാവനകള്‍ മാത്രമാകുന്നില്ല എന്ന അറിവു എഴുത്തുകാരന്റെ വിജയത്തോടൊപ്പം സമൂഹത്തിന്റെ പരാജയം കൂടിയാണ് .
Picture Courtesy - Google

34 comments:

 1. കഥയില്‍ ആവിഷ്കരിച്ചിരിക്കുന്ന ലീലയും തങ്കപ്പന്‍ നായരും കുട്ടിയപ്പനും പിള്ളേച്ചനും സാങ്കല്പിക കഥാപാത്രങ്ങളല്ല . ആരുടെയൊക്കെയോ മകളെ ഭോഗിക്കാന്‍ അലഞ്ഞു നടക്കുന്ന ഒരു കുട്ടിയപ്പനും കുട്ടിയപ്പന്റെ ഭാവനകളെ പൂര്‍ത്തീകരിക്കാന്‍ സന്തത സഹചാരിയായി നില്‍ക്കുന്ന പിള്ളേച്ചനും സ്വന്തം മകളെ വെച്ചു വില പേശുന്ന ഒരച്ഛനും അതിനെല്ലാം നിശബ്ദയായ ഇരയായി മാറുന്ന ലീലമാരും നമ്മുടെ സമൂഹത്തിലെ തന്നെ അന്തേവാസികളാണ് അതു എഴുത്തുകാരന്റെ വന്യമായ ലൈംഗിക ഭാവനകള്‍ മാത്രമാകുന്നില്ല എന്ന അറിവു എഴുത്തുകാരന്റെ വിജയത്തോടൊപ്പം സമൂഹത്തിന്റെ പരാജയം കൂടിയാണ് .

  ReplyDelete
 2. http://www.mediafire.com/?zohicramykvd5a6 കഥ ഇവിടെ നിന്നും ഡൌണ്‍ ലോഡ് ചെയ്തു വായിക്കാം .

  ReplyDelete
 3. ചിന്താമണി കൊലക്കേസില്‍ മകളെ ഭോഗിക്കുന്ന അച്ഛന്‍ ആയി ഭീമന്‍ രഘു ആണ് എന്ന് തോന്നു ആരായാലും വിഷയവും ആയി ബന്ധം ഇല്ല അത് പോട്ടെ .
  പിന്നെ ഇത്തരം എഴുതുകല്‍ക്കെതിരെ അത് സദാചാര വിരുദ്ധം എന്ന് പറഞ്ഞു മുറവിളി കൂട്ടുന്നതില്‍ അര്‍ത്ഥമില്ല .പക്ഷെ വേറെ ഒരു വശമുണ്ട് ഇത്തരം എഴുത്തുകള്‍ക്ക് ഇത് വായിക്കുന്ന ഒരുവനില്‍ ഇത്തരം വന്യമായ ചിന്തകള്‍ മനസ്സില്‍ ഉണ്ടാക്കാന്‍ ഉള്ള കഴിവുണ്ട് .അത് ക്രെമേണ പ്രവര്‍ത്തി ആകാന്‍ ഉള്ള സാധ്യതയും ഉണ്ട് .കേവല യുക്തിക്ക് ഇത് നിരക്കില്ല എങ്കിലും ഇത് സംഭവ്യമാണ് .

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. മനുഷ്യന്‍ മറ്റു മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തന്‍ ആക്കണം എങ്കില്‍ മൃഗതൃഷ്ണയായ ലൈഗീകതയെ ജയിക്കുക തന്നെ വേണം

  ReplyDelete
 6. >>>>ഉപയോഗത്തിന്റെ ആവര്‍ത്തനം കൊണ്ടു അപ്രസക്തമായ ഇര എന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ യോജിക്കുക പീഡനത്തിനിരയാകുന്ന പെണ്‍ കുട്ടികളുടെ വിചാരണയിലാണ് . മാധ്യമങ്ങളുടെ , കോടതികളുടെ , പൊതുജനങ്ങളുടെ ഒക്കെ വിചാരണ ആനയുടെ സ്ഥൂല ശരീരമായി പരിണമിച്ചു കൊണ്ടു ലീലമാരെ ആ കൊമ്പുകളുടെ മൂര്‍ച്ചയില്‍ രാകി മിനുക്കുന്നുണ്ട് . >>>>

  oru valiya sathyam!!!

  ReplyDelete
 7. എഴുത്തിലൂടെ എഴുത്തുകാരനെ വായിച്ചെടുക്കാന്‍ , മനസ്സിലാക്കാനുള്ള വളരെ സങ്കുചിതമായ ഒരു മനസ്സുള്ള,
  വികല സങ്കല്പ്പങ്ങളുള്ള ഒരു വായനാസമൂഹം മലയാളത്തിലുണ്ടെന്ന് മനസ്സിലാക്കിത്തരുന്ന തരത്തിലുള്ള ചില
  അഭിപ്രായപ്രകടങ്ങളെങ്കിലും അടുത്ത നാളുകളില്‍ ഫേസ്സ് ബുക്കു പോലെയുള്ള ഇടങ്ങളില്‍ വായിച്ചറിയാനായി.

  അവസ്സാന ഉദാഹരണങ്ങളീലൊന്നാണ് ഉണ്ണിയുടെ കഥയെപ്പറ്റിചിലര്‍ പറഞ്ഞ അഭിപ്രായങ്ങള്‍.ഇതേ അനുഭവം നേരിട്ട
  മറ്റുചില സുഹൃത്തുക്കളെ ചിലയിടങ്ങളില്‍ കാണാനുമായി.
  ലീലയ്ക്ക്, വിഷ്ണുല്കിയ വായന ഉചിതം തന്നെ.
  ഒരു വല്ലാത്ത മാനസ്സികാവസ്ഥയാണ് മലയാളി മനസ്സിന്റേത്, എന്തിലേക്കുമുള്ള എടുത്തുചാട്ടവും എല്ലാം ആപൂര്‍ണ്ണമായി
  ഉപേക്ഷിക്കുവാനും മാത്രം ഇഷ്ടപ്പെടുന്ന മനസ്സ്.മുന്‍ വിധികളുടെ കണ്ണടകള്‍ ധരിച്ചുമാത്രം കാര്യങ്ങളെ കാണുന്ന രീതികള്‍
  മാറ്റാനുള്ള ശ്രമം പോലുമില്ലാതെയാവുന്നു.

  ReplyDelete
 8. വളരെ നന്നായിരിക്കുന്നു ഈ പോസ്റ്റ്. ലീലയെ ചോദിച്ച് ചെല്ലുവാന്‍ കുട്ടിയപ്പന്മാര്‍ക്ക് ചങ്കുറപ്പ് നല്‍കുന്നത് ഇത്തരം പിതാക്കന്മാരാണ്.

  ReplyDelete
 9. ലീലയുടെ കഥയിൽ നിന്ന് രതിയുടെ സമകാലപരിസരത്തിലേക്കുള്ള ആ ജംപ് കട്ട് കൊള്ളാം..കഥ വീക്കിലിയിൽ വന്നപ്പോഴേ വായിച്ച് ഇഷ്ടപ്പെട്ടതാ..!!

  ReplyDelete
 10. This comment has been removed by the author.

  ReplyDelete
 11. നോക്കും വാക്കും മനസ്സും വിഷലിപ്തമാക്കുന്ന ഏതോ കലികാല സ്വത്വം നമ്മുടെ ഓരോരുത്തന്റെ ഉള്ളിലും ചങ്ങല പൊട്ടിക്കുന്നുണ്ടു...നമ്മൾ തന്നെയാണു കുട്ടിയപ്പന്മാർ..എന്നിട്ടും നാം വിശുദ്ദ മേലങ്കികളണിഞ്ഞ് സദാചാരത്തെ വാഴ്ത്തുന്നു... എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ....

  ReplyDelete
 12. കഥ വായിച്ചിട്ടില്ല. കഥയെ കുറിച്ചുള്ള കുറിപ്പ് നന്നായിട്ടുൺട്. ഒരു പക്ഷെ ദൽഹി എന്ന മുകുന്ദന്റെ കഥയുടെ പര്യവസാനത്തോട് സമാനമായി തോന്നുന്നു ഇതിന്റെയും അവസാനം.

  ReplyDelete
 13. http://www.mediafire.com/?zohicramykvd5a6 കഥ ഇവിടെ നിന്നും ഡൌണ്‍ ലോഡ് ചെയ്തു വായിക്കാം

  ReplyDelete
 14. കഥ ആഴ്ചപ്പതിപ്പില്‍ വന്നപ്പോള്‍ വായിച്ചിരുന്നു. ഈ പോസ്റ്റ് നല്ലൊരു വിലയിരുത്തലാണ്.

  ReplyDelete
 15. പെട്ടന്നൊരു കമന്റെഴുതുക അസാധ്യം.
  ഇപ്പോഴത്തെ മാനസികാവസ്ഥയില്‍ ഞാന്‍ ഈ കഥ വായിക്കാനിടയില്ല.
  കഥ സൃഷ്ടിച്ചേക്കാവുന്ന മാനസിക സമ്മര്‍ദ്ദത്തിന്റെ സൂചന ഈ കുറിപ്പ് നല്‍കുന്നുണ്ട് എന്ന് നിസ്സംശയം പറയാം. അതിനാല്‍ തന്നെ കഥ വായിക്കാന്‍ ഭയപ്പെടുന്നു.
  നാളെ ഒരു പക്ഷെ വായിക്കാനാവുന്ന മനോനില കൈവന്നെക്കാം.

  ReplyDelete
 16. @ അനില്‍ ബ്ലോഗ് -ഈ കഥ നമ്മളെ അസ്വസ്ഥമാക്കുന്നുണ്ട് - പക്ഷെ അച്ഛന്‍ മകളെ ലൈംഗികമായി ഉപദ്രവിക്കുകയും മറ്റുള്ളവര്‍ക്കു കാഴ്ച വെച്ചുവെന്നുമുള്ള രണ്ട് വ്യത്യസ്ഥ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്നത് . കഥ വായിക്കുമ്പോഴുണ്ടാകുന്ന അസഹനീയാവസ്ഥ യഥാര്‍ത്ഥ സംഭവം വായിക്കുമ്പോള്‍ തോന്നാത്ത ഒരു തരം പ്രത്യേക നിസ്സംഗത നമുക്കുണ്ട് . കുട്ടിയപ്പന്‍ എന്ന കഥാപാത്രം ഒരു അച്ഛനോട് മകളെ ഭോഗിക്കാന്‍ തരുമോ എന്നു ചോദിക്കുമ്പോള്‍ നാം ഞെട്ടൂന്നു .പക്ഷെ കുറഞ്ഞ നാളുകള്‍ കൊണ്ട് 200 കുട്ടിയപ്പന്മാരാണ് 16 വയസ്സു പോലും തികയാത്ത ഒരു കുട്ടിയെ ഉപദ്രവിച്ചത് .ഇവരില്‍ പലര്‍ക്കും കൂട്ടിക്കൊടുക്കുന്ന ആളുടെ മകളാണ് ഈ കുട്ടി എന്നറിയാമായിരുന്നു . ഞാന്‍ കഥയ്ക്കു ഒരു കുറിപ്പു എന്നതിനെക്കാള്‍ ഈ സംഭവത്തെയാണ് വിശദീകരിക്കാന്‍ ശ്രമിച്ചത് .

  ReplyDelete
 17. This comment has been removed by the author.

  ReplyDelete
 18. യാഥാർത്ഥ്യം എന്നും സങ്കല്പങ്ങളെക്കാൾ വിചിത്രം തന്നെ,..

  ഒരിക്കലും പിടി തരാത്ത ഒരു പ്രഹേളിക ആണെന്ന് തോന്നുന്നു മനുഷ്യ മനസ്സ്..

  ചിലപ്പോൾ അത് അഭിനയിക്കും,മറ്റ് ചിലപ്പോൾ മ്ര്ഗ ചോദനകളെ നാണിപ്പിക്കും വിധം പെരുമാറും..

  ഉണ്ണിയുടെ കഥ ആദ്യം വായിച്ചപ്പോൾ കടുത്ത ചായം കലർത്തിയ ഒരു അപൂർവ്വ രചന എന്നേ കരുതിയുള്ളു..എന്തോ അത് രണ്ടാമത് വായിക്കാനും തോന്നിയില്ല..

  പക്ഷെ താങ്കളുടെ നിരീക്ഷണം ശരിയാണ്...ലോകം കണ്ടതിൽ വെച്ചേറ്റവും കള്ള നാണയങ്ങൾ കഴിയുന്നത് കേരളത്തിൽ തന്നെയാവണം..
  ഒരു ബസ്സിൽ സീറ്റ് ഒഴിഞ്ഞ് കിടന്നാൽ പോലും ഒരു സ്ത്രീ ഇരിക്കുന്ന സീറ്റിൽ ഇരിക്കാൻ തയ്യാറാവാത്ത പുരുഷന്മാർ (മറിച്ചും) ഒരു നാട് ലോകത്തുണ്ടെങ്കിൽ അത് കേരളം തന്നെ..

  പക്ഷെ ഉള്ളിൽ എത്രയോ വ്ര്ത്തി കെട്ടവനായ മലയാളി ഇതൊക്കെ അവനെ തന്നെ ബോധ്യപ്പെടുത്താൻ ചെയ്യുന്ന നാട്യങ്ങൾ മാത്രം...

  ആ പറഞ്ഞ 200 പേരിൽ മനസാക്ഷി ഉള്ള ഒരാൾ കൂടി ഇല്ലാതിരുന്നത് ഭീകരമായി തോന്നുന്നു..

  ReplyDelete
 19. സങ്കല്പിക്കാന്‍ പറ്റുന്നതിനപ്പുറത്തു നിന്നു യഥര്‍ഥ്യങ്ങള്‍ കൊഞ്ഞനം കുത്തിക്കാണിക്കുന്നുണ്ട്.
  നന്നായെഴുതി.

  ReplyDelete
 20. വായിച്ചു ഒരു പാട് ചിന്തകള്‍ക്ക് ഹേതു വാകുന്ന ലേഖനം ഒന് കൂടി ഇരുത്തി വായിക്കണം അത് വൈകീട്ടാവാം

  ReplyDelete
 21. വളരെ നല്ലൊരു ലേഖനം.വിശദമായൊരഭിപ്രായമെഴുതുവാനുള്ള ധൈര്യമില്ല.കുട്ടിയപ്പന്മാര്‍ എല്ലായിടത്തും അലഞ്ഞുതിരിയുന്നു....

  ReplyDelete
 22. സ്വന്തം ബാപ്പ തന്നെയാണ് മകളെ കാഴ്ച വെക്കുന്നതെന്നരിഞ്ഞപ്പോള്‍ അയാളുടെ കരണത്തടിച്ചു ഒരു ചെറുപ്പക്കാരന്‍ ഇറങ്ങിപ്പോയി.

  http://www.marunadanmalayalee.com/innerpage.aspx?id=49037&menu=33&top=29&con=False

  ReplyDelete
 23. സിനിമയിലോ സാഹിത്യരചനകളിലോ ഇത്തരം സംഭവങ്ങൾ കാണുമ്പോൾ രോഷം കൊള്ളുകയും കണ്ണീരൊലിപ്പിക്കുകയും ചെയ്യുന്ന മലയാളി, തന്റെ തോട്ടടുത്ത് നടന്ന അത് പോലൊരു സംഭവത്തെ ഒരു ചൂടുള്ള കാപ്പി മോന്തിക്കോണ്ട് ചാനലിലും പത്രത്താളുകളിലും കണ്ടാൽ അലസമായി കണ്ടു ചാനൽ മാറ്റുകയും പത്രത്താളുകൾ മറിച്ച് സ്പോർട്ട് പേജുകൾ നോക്കുകയും ചെയ്യുന്ന ഈ കാലത്ത് അവർക്കുള്ള ഉണർത്തുപാട്ടാണീ ലേഖനം..

  ReplyDelete
 24. സാക്ഷര കേരളത്തിന്റെ യദാര്‍ത്ഥ മുഖം അന്നവരണം ചെയുഉന്‍ സിനിമയാകും ഇതെന്ന് നമുക്ക് പ്രതീക്ഷിക്കാം

  ReplyDelete
 25. ithu ranjith cinema aakkunnundathre...

  ReplyDelete
 26. വായിച്ച് അസ്വസ്ഥനായിരുന്നുപോയ ഉണ്ണി ആറിന്റെ കഥക്ക് നല്ലൊരു അവലോകനം...

  ReplyDelete
 27. വായിച്ചിരുന്നു കഥ . അവലോകനം വളരെ നന്നായി .

  ReplyDelete
 28. കഥ വായിച്ചിട്ടില്ല. അവലോകനം ആഴത്തില്‍ ചിന്തിപ്പിക്കുന്നു.

  ReplyDelete
  Replies
  1. അവലോകനവും കഥയും കൂട്ടിവായിച്ചു. ലീല വായിച്ചവരൊക്കെ ഈ പോസ്റ്റും വായിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു.

   Delete
 29. കഥ വായിചു. നീതിപൂർണ്ണമായ അവലോകനം..

  ReplyDelete
 30. ഈ ലോകത്തിൽ നമുക്ക് സങ്കൽപ്പിക്കാനാവാത്ത വിധത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്‌?

  ReplyDelete
 31. read this write up now only, good review.

  ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .