Like

...........

Saturday 3 September 2011

എം പി നാരായണപ്പിള്ളയുടെ “കള്ളന്‍ “ .





ഒരൊറ്റ നോവലിലൂടെ മലയാള നോവല്‍ സാഹിത്യത്തില്‍ പുതിയ മാനം സൃഷ്ടിച്ച ഒരു സാഹിത്യകാരനുണ്ട് നമുക്ക് , ഓ വി വിജയനല്ല , വിജയന്‍ പോലും പലപ്പോഴും വലിയ ബഹുമാനത്തോടെ പരാമര്‍ശിച്ചിട്ടുള്ള എം പി നാരായണ പിള്ള എന്ന പുല്ലുവഴി നാണപ്പന്‍ . ബൌദ്ധിക അരാജകത്വം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു പാട് കഥകളുടെ കര്‍ത്താവ് ,ഉരുളക്കുപ്പേരി എന്ന പംക്തിയെഴുതി സമകാലിക സംഭവങ്ങളെ നര്‍മ്മത്തോടെ നിശിതമായി വിമര്‍ശിച്ചിരുന്ന നാണപ്പനെ മലയാളം വേണ്ട വിധത്തില്‍ പരിഗണിച്ചിട്ടില്ല എന്നതാണ് സത്യം .പറയന്റെയും പുലയന്റെയും നായരുടെയും നമ്പൂതിരിയുടെയും സോഴ്സ് ഒന്നു തന്നെയാണ് എന്ന ഡി എന്‍ എ പഠനത്തിനും എത്രയോ കാലം മുമ്പേ പണിയെടുക്കാത്ത പുലയനാണ് നായരായി പരിണമിച്ചതെന്ന് എം പി നാരായണപിള്ള പറഞ്ഞു വെച്ചിരിക്കുന്നു .


ഒരു നായയെ കേന്ദ്ര കഥാപാത്രമാക്കി “പരിണാമം “ എഴുതുമ്പോള്‍ അത് മലയാളത്തിലെ നോവല്‍ ചരിത്രത്തിന്റെ നവീകരണത്തിന്റെ തുടക്കമായിരുന്നു , പിന്നീട് അതിനെ പിന്‍ പറ്റി ആരും എഴുതാതിരുന്നത് ഒരു പക്ഷെ നാണപ്പനോളം വൈഭവം ആ ഒരു മേഖലയില്‍ ആര്‍ക്കും ഇല്ലാതിരുന്നത് കൊണ്ടാകണം .തലച്ചോറിന്റെ ദഹന ശക്തിയെ പരമാവധി പരീക്ഷിക്കുന്ന ബൌദ്ധിക അരാജകത്വം തന്നെയാണ് എം പി നാരായണ പിള്ളയുടെ കഥകള്‍ അനുവാചകന് പകര്‍ന്നു നല്‍കിയത് .മുരുകന്‍ എന്ന പാമ്പാട്ടിയും ജോര്‍ജ്ജ് ആറാമന്റെ കോടതിയും മൃഗാധിപത്യവുമൊക്കെ താരതമ്യപ്പെടുത്തലിന് പോലും കഴിയാത്ത വിധം മലയാള ചെറുകഥാ സാഹിത്യത്തില്‍ സവിശേഷമായി നില നില്‍ക്കുന്നു .പക്ഷെ ഉത്തരാധുനികതയും അതി ബൌദ്ധികതയുമൊക്കെ നിറഞ്ഞ് നില്‍ക്കുന്ന നാണപ്പന്റെ മിക്കവാറും കഥകളെല്ലാം തന്നെ വായിച്ചിട്ടുള്ള ഒരാളെന്ന നിലയ്ക്കു ആദ്യ കഥയായ “കള്ളന്‍ “ വായിക്കുമ്പോള്‍ തോന്നുന്നത് അളവില്ലാത്ത ഒരല്‍ഭുതമാണ് . ഉത്തരാധുനികതയുടെ അസ്ക്യത തലയില്‍ കയറിക്കൂടുന്നതിനു മുമ്പേ എഴുതിയതിനാലാവണം മലയാളത്തിലെ ഏറ്റവും ഹൃശദസ്പര്‍ശിയായ , റിയലിസ്റ്റിക്കായ “കള്ളനെ “ പരിചയപ്പെടുത്താന്‍ നാണപ്പന് കഴിഞ്ഞത് .


“ കള്ളന്‍ എന്റെ ആദ്യത്തെ കഥയാണ് .ആദ്യം പ്രസിദ്ധീകരിച്ചതും പ്രായപൂര്‍ത്തിയായതിന് ശേഷം ആദ്യം എഴുതിയതും .അതു കൊണ്ടീ കഥയോടു എനിക്കല്പം കൂടുതല്‍ പ്രേമം തോന്നുകയെന്നത് സ്വാഭാവികമാണ് , ക്ഷന്തവ്യവുമാണ് .അറിയാതെ ഒരു ദിവസം മുണ്ടലക്കുന്ന വെളുത്തെടത്തി യമുനയില്‍ ഇതടിച്ചു നനച്ചേനെ .എന്റെ രോഗം സാഹിത്യത്തില്‍ നിന്നു മറ്റു വല്ല ഉന്മാദത്തിലേക്കും തിരിഞ്ഞേക്കാമായിരുന്നു . ”
എം പി നാരായണ പ്പിള്ള തന്റെ ആദ്യകഥയെക്കുറിച്ചും അതിനു ശേഷമുള്ള സാഹിത്യ ജീവിതത്തെക്കുറിച്ചും ഇങ്ങനെയാണ് പറയുന്നത് ..

മലയാള ചെറുകഥാ ചരിത്രത്തില്‍ കള്ളന്മാരുടെ ഒരു പാട് കഥകള്‍ നമ്മള്‍ വായിച്ചിട്ടുണ്ടാ‍കണം . ആദ്യ ചെറുകഥയായ “വാസനാ വികൃതി“ പോലും ഒരു കള്ളന്റെ ആത്മകഥയില്‍ പെടുത്താവുന്ന ഒന്നാണ് . സാഹിത്യത്തിലായാലും ജീവിതത്തിലായാലും ഗ്ലോറിഫൈ ചെയ്യപ്പെടുന്ന , അല്ലെങ്കില്‍ നീതികരിക്കാനാകുന്ന രണ്ട് തരം കള്ളന്മാരുണ്ട് - പണക്കാരെ കൊള്ളയടിച്ച് പാവങ്ങളെ സഹായിക്കുന്ന റോബിന്‍ ഹുഡിനെ പോലെയോ കായം കുളം കൊച്ചുണ്ണിയെ പോലെയോ ധീര -വീര പരിവേഷമുള്ള ഒരു നാടോടി കള്‍ട്ട് കള്ളന്‍ അതല്ലെങ്കില്‍ സാഹചര്യങ്ങളുടെ അനിവാര്യത കൊണ്ട് കള്ളനാകേണ്ടി വരുന്ന പാവങ്ങളിലെ ജീന്‍ വാല്‍ ജീനിനെ [ഫ്രഞ്ച് ഉച്ചാരണം ഴീന്‍ വാള്‍ ഴീന്‍ എന്ന് എം കൃഷ്ണന്‍ നായര്‍ സര്‍ :) ] പോലെയുള്ള ദുഖകരമാ‍യ അവസ്ഥ കൊണ്ട് - ഈ രണ്ടവസ്ഥകളെയും സ്വാഭാവികമായി തന്നെയും ഏറെ കാരുണ്യത്തോടെയും സ്നേഹത്തോടെയും പരിഗണിക്കപ്പെടുന്നത് കൊണ്ടാണ് റോബിന്‍ ഹുഡ്ഫിന്റെ കള്ളനെ വീര പുരുഷനായും ജീന്‍ വാല്‍ ജീനെന്ന കള്ളനെ മനുഷ്യന്റെ അടിസ്ഥാന പ്രതിനിധിയായും ഇന്നും വായിക്കപ്പെടുന്നത് .പക്ഷെ എം പി നാരായണ പിള്ളയുടെ കള്ളന്‍ ഈ രണ്ട് ജനുസ്സിലും പെടുന്നില്ല അയാള്‍ ജീവിക്കാന്‍ അത്യാവശ്യം മാര്‍ഗ്ഗമുള്ളയിടത്തു നിന്നു അധ്വാനിക്കാനുള്ള വൈമനസ്യം കൊണ്ട് ചെറിയ കളവ് നടത്തി തുടങ്ങിയവനാണ് ,കാണുന്നവര്‍ക്കു ഒരു അനുതാപവും തോന്നേണ്ടാത്ത അത്തരമൊരു കഥാപാത്രത്തെ എഴുതിയെഴുതി അനുവാചകരുടെ കണ്ണുകളില്‍ നനവു പടര്‍ത്തുന്ന ഒരു കഥയാക്കി മാറ്റിയ ആ സര്‍ഗ്ഗാത്മകത തന്നെയാണ് ഏതൊരു ഭാഷയുടെയും മുതല്‍ക്കൂട്ടു



സ്വഗതാഖ്യാനത്തിലാണ് കഥ എഴുതിയിരിക്കുന്നത് - ഒരു കള്ളന്റെ ആത്മ കഥ തന്നെയെന്നു പറയാം . നായകന്റെ പേര് , വിലാസം ഒന്നും കഥയിലില്ല .അഞ്ചിടങ്ങഴി വിത്തിന്റെ നിലം വിറ്റു തിന്നു, ഒരു പുരയുണ്ടായിരുന്നതും വിറ്റു തിന്നു , ആ വയസ്സിത്തള്ളയെയും ചുട്ടു തിന്നു , അതു കൊണ്ടും തീരാത്ത വിശപ്പാണ് , ഇനി കട്ടു തിന്നിട്ട് തീരണം . ആദ്യമായി കട്ടത് ഒരു ഏത്തക്കുലയാണ് , 14 അണയാണ് അതിനു കിട്ടിയത് മൂന്നു മൈല്‍ ദൂരം ടാറിട്ട റോഡിലൂടെ നടത്തിച്ചു കള്ളുഷാപ്പിലും കടത്തിണ്ണയിലുമെല്ലാമുള്ളവര്‍ ആര്‍ത്തു വിളിച്ചു കള്ളനെന്ന് ഒരു കെട്ട് ബീഡി പോലും തരാത്തവന്മാരാണ് . മൂത്രക്കുടം ചുമത്തിപ്പിച്ചു ,കാലിന്റെയും കൈയിന്റെയും നഖത്തിനിടയില്‍ മൊട്ടു സൂചി കയറ്റി , തുട വരഞ്ഞു കുരുമുളകു തേച്ചു , മൂത്രദ്വാരത്തില്‍ തീപ്പെട്ടിക്കൊള്ളി കയറ്റി . കടഞ്ഞെടുത്ത പോലെയുള്ള ശരീരം ഇടിച്ച് പിഴിഞ്ഞ് പണിയെടുക്കാന്‍ പറ്റാത്ത വിധത്തിലാക്കിതീര്‍ത്തു ."

ചെയ്ത് പോയ തെറ്റിനെക്കുറിച്ചോര്‍ത്തു പശ്ചത്തപിക്കുമ്പോഴും അതില്‍ നിന്നു പിന്മാറാനാകാത്ത വിധം മുദ്ര കുത്തപ്പെട്ടു കഴിഞ്ഞ ജീവിതത്തെക്കുറിച്ച് നിസ്സംഗമായ വേദനയോടെ തിരിച്ചറിയുന്നു .സ്വന്തമായി ഒരമ്മയും അല്ലലില്ലാതെ ജീവിക്കാന്‍ കുറച്ച് ഭൂമിയും ഉണ്ടായിരുന്ന കഥാനായകന്‍ ചെറിയ ഒരു മോഷണത്തില്‍ പിടിക്കപ്പെടുന്നതോടെയാണ് പോലീസിന്റെ സ്ഥിരം മോഷ്റ്റാവായി തീരുന്നത് , കാലഘട്ടം ഏതായിരുന്നാലും യാഥാര്‍ത്ഥ്യം ഇന്നും ഇങ്ങനെ ഒക്കെ തന്നെയാണ് .മകന്റെ അവസ്ഥയില്‍ മനം നൊന്ത് ആകെയുള്ള തള്ളയും കൂടി ചാകുമ്പോള്‍ പിന്നെ പറയത്തക്ക ലക്ഷ്യമൊന്നുമില്ലാതെ ഒഴുക്കില്‍ വീണ ഒരിലയെ പോലൊരു ജീവിതം ചെയ്തതും ചെയ്യാത്തതുമായ കുറ്റങ്ങള്‍ക്കെല്ലാം പോലീസ് പിടിച്ചു പീഡിപ്പിച്ചു ,സമ്മതിപ്പിച്ചു ദാരിദ്ര്യവും കൊടും പട്ടിണിയും നിറഞ്ഞ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മക്കുറിപ്പു കൂടിയാണീ കഥ .


ചെയ്തതും ചെയ്യാത്തതുമായ കുറ്റങ്ങളുടെ പേരിലുള്ള ജയില്‍ വാസം .അവിടെ നിന്നു പുറത്തിറങ്ങുമ്പോള്‍ പണിയെടുത്തു കിട്ടിയ കുറച്ച് രൂപയുമായാണ് .ഉടുമുണ്ടിന്റെ തുമ്പില്‍ കെട്ടിയിട്ടൊന്നുറങ്ങിയെണീറ്റപ്പോള്‍ ഉടുമുണ്ടിന്റെ തുമ്പടക്കം ഏതോ ദ്രോഹികള്‍ മുറിച്ചു കൊണ്ട് പോയിരിക്കുന്നു .പിന്നെ ആകെയുള്ള തോര്‍ത്തു പണയം വെച്ച് ഒരു നേരത്തെ ഭക്ഷണം കഴിച്ചെന്നു വരുത്തി . വീണ്ടും പട്ടിണിയാണ് .കള്ളനാരു പണി കൊടുക്കും .രണ്ടു ദിവസം കൊടും പട്ടിണിക്കു ശേഷം നിവൃത്തികേടിന്റെ പാരമ്യത്തിലാണയാള്‍ അയാള്‍ വീണ്ടും മോഷണത്തിനിറങ്ങുന്നത് , ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി .

മാവിലൂടെ ഊര്‍ന്നിറങ്ങി വീട്ടിലെത്തി വയറിന്റെ ആന്തലൊന്നു മാറ്റാനുള്ള തത്രപ്പാടുകള്‍ -,ചോറിനു വേണ്ടി തിരയുന്നതും അതു കിട്ടുമ്പോഴുള്ള അത്യാഹ്ലാദവും ആ വെപ്രാളത്തില്‍ നാലഞ്ച് ചോറിന്‍ വറ്റുകള്‍ നിലത്തു വീണു പോകുമ്പോള്‍ തോന്നുന്ന അസുഖകരമായ അവസ്ഥയുമെല്ലാം ചലിക്കുന്ന ഒരു ചിത്രമായി നമുക്കു മുന്നില്‍ തെളിയുന്നത്ര വ്യക്തമാണ് വിവരണങ്ങള്‍ .രണ്ട് ദിവസത്തെ പട്ടിണിയില്‍ ചില മോഷണ ശ്രമങ്ങള്‍ കൂടെ നടത്തിയിരുന്നെങ്കിലും പരാജയമായിരുന്നു ഫലം , അങ്ങനെയാണ് ഈ വീട്ടില്‍ എത്തിപ്പെടുന്നത് .യഥാര്‍ത്ഥത്തില്‍ വിശപ്പിന്റെ , പട്ടിണിയുടെ ഒക്കെ ചിത്രം നമ്മള്‍ ഊഹിക്കുന്നതിനെക്കാള്‍ ദയനീയമാണ് .ഒരു നേരത്തെ അന്നത്തിനു വേണ്ടി കക്കുന്നവന്റെ മനോനിലയെ ഉദാത്തവല്‍ക്കരിക്കാതെ തന്നെ പറയുന്നു .

നിറച്ചൂണു കഴിച്ചപ്പോള്‍ അടിവയറ്റില്‍ ചെറിയൊരു വേദന .ഒരു വിലക്കം നടക്കാന്‍ വയ്യ .മച്ചിന്‍ പുറത്തു കൂടി ഇനി തൂങ്ങി പുറത്തു കടക്കാന്‍ നിവൃത്തിയില്ല , അടുക്കളക്കൊരു വാതിലേയുള്ളൂ അതു നടുമുറ്റത്തേക്കാണ് .നടുമുറ്റത്തേക്കിറങ്ങുന്നത് ആപത്താണ് .

കണ്‍ പോളകള്‍ക്കു കട്ടി കൂടുകയാണ് .

ഒരു മന്ദത .
മരോട്ടിയുടെ തണലില്‍ വയറും വരിഞ്ഞു കെട്ടി കിടന്നപ്പോള്‍ വിശപ്പു കൊണ്ടുറങ്ങിയില്ല.പക്ഷെ ഇപ്പോഴെന്തൊരുറക്കം . മുന്‍ വശത്തെ വാതില്‍ തുറക്കരുത് , നടുമുറ്റത്തു നിലാവുണ്ട് .നിലാവുള്ളപ്പോള്‍ ഈ പണിക്കിറങ്ങരുതായിരുന്നു .പക്ഷെ എന്തൊരു ക്രൂരമായ വിശപ്പ് .വിശന്നു വിശന്നു പൊറുതി മുട്ടിയപ്പോഴാണിറങ്ങിയത് .
തല പൊക്കാന്‍ വയ്യ കണ്ണടഞ്ഞു പോകുന്നു ,
ഇരുന്നാലുറങ്ങും , ഉറങ്ങരുത് .

ദിവസങ്ങളിലെ അലച്ചിലുകളുടെ , പട്ടിണിയുടെ എല്ലാം ശേഷിപ്പു കൊണ്ട് വയറു നിറയെ ഭക്ഷണം കഴിച്ചവന്റെ അവശത , ആലസ്യം കൊണ്ട് തിരിച്ചു പോകാനാവാത്ത വിധം അവശത ബാധിച്ചു കൊണ്ട് , നിസ്സഹായതയോടെ അയാള്‍ ആ അടുക്കളയില്‍ കിടന്നുറങ്ങുന്നു .ഉറക്കത്തില്‍ നിന്നു ഒരു തൊഴി കൊണ്ടാണയാള്‍ എഴുന്നേല്‍ക്കുന്നത് നോക്കുമ്പോള്‍ വീട്ടുടമസ്ഥനും രണ്ട് സ്ത്രീകളും .കമ്മട്ടിപ്പത്തലും കൊണ്ടു അയാളുടെ മറുപടിക്കായി കാത്തുനില്‍ക്കുകയാണ് ആ ബലിഷ്ടനായ ആ വീട്ടുടമസ്തന്‍ .


"നീയാരാ ?"
ഞാന്‍...ഞാന്‍ ഒന്നും പറയാന്‍ വരുന്നില്ല. നിലത്തേക്കു നോക്കിക്കൊണ്ടിരുന്നു എന്തു പറയാനാണ്.
നീയാരാ
“കള്ളന്‍ “

ആ ഇരുണ്ട മനുഷ്യന്റെ മുഖത്തു അല്‍ഭുതം കയ്യിലിരുന്ന കമ്മട്ടിപ്പത്തല്‍ മൂലയെലേക്കെറിഞ്ഞു കൊണ്ട് അയാള്‍ മണ്ണെണ്ണ വിളക്കു ആ കള്ളന്റെ മുഖത്തേക്കടുപ്പിച്ചു കൊണ്ട് ചോദിച്ചു .
"നീയെന്തെടുക്കാനാണിവിടെ വന്നത് ?"

തലയുയര്‍ത്തി നോക്കാതെ സത്യം പറഞ്ഞു
“ രണ്ടു വറ്റു പെറുക്കിത്തിന്നാന്‍ .കരിം പഷ്ണിയായിരുന്നു .വിശന്നു വിശന്നു........
എന്നിട്ടു തിന്നോ ? " ആതിഥേയന്‍ ജിജ്ഞാസയോടെ ചോദിച്ചു .
ഉവ്വു "
ശരിക്കുറങ്ങിയോ ?"
ഉം " .
ഒരു നിമിഷത്തെ നിശബ്ദത .
വാതില്‍ക്കല്‍ നിന്നിരുന്ന സ്ത്രീകള്‍ പരസ്പരം മുഖത്തോടു മുഖം നോക്കി .
നടക്ക് ".
നടന്നു .

വെട്ടുകല്ലുകള്‍ കൊണ്ടുള്ള കല്പടികളും പുഴമണല്‍ വിരിച്ച മുറ്റവും കടന്നു .തല താഴ്ത്തി നടന്നു പടിക്കലെത്തിയപ്പോള്‍ തിരിഞ്ഞൊന്നു നോക്കി .പുറത്തേക്കുള്ള വാതില്‍ക്കല്‍ രണ്ടു സ്ത്രീകള്‍ മണ്ണെണ്ണ വിളക്കുമായി നില്‍ക്കുന്നു .ഇറയത്തു പടിക്കലേക്കുറ്റു നോക്കിക്കൊണ്ടു ആ മനുഷ്യനും

കരിയിലകള്‍ ചവിട്ടി ഞെരിച്ചു കൊണ്ടു ഇരുട്ടില്‍ മൂടിക്കിടക്കുന്ന ഇടവഴിയിലൂടെ നടന്നു പോകുമ്പോള്‍ നഖത്തിനിടയില്‍ മൊട്ടൂസൂചി കയറ്റിയപ്പോഴും തുട വരഞ്ഞു കുരുമുളകു പൊടി തേച്ചപ്പോഴും തോന്നാത്ത ഒരു വേദന മനസ്സില്‍ നിറഞ്ഞു .


കഥ വായിച്ചു കഴിയുമ്പോള്‍ മനസ്സില്‍ വിശപ്പു അതു സൃഷ്ടിക്കുന്ന ദയനീയമായ അവസ്ഥകള്‍ പിന്നെ ആ കള്ളനും അജ്ഞാതനായ ആ വീട്ടുടമസ്തന്റെ മനുഷ്യത്വവും അത് ആ കള്ളനില്‍ സൃഷ്ടിച്ച നിസ്സഹായതയില്‍ നീറുന്ന മനസ്സും ഒരു വല്ലാത്ത ഭാരമായി ഇടനെഞ്ചില്‍ അവശേഷിക്കും .




43 comments:

  1. മലയാളത്തിലെ ഏറ്റവും മികച്ച പത്തു കഥകളിലൊന്നായി തിരഞ്ഞെടുക്കാവുന്ന കഥയാണ് എം പി നാരായണ പിള്ളയുടെ“ കള്ളന്‍ “ . പുള്ളി പിന്നീടെഴുതിയ കഥകളെല്ലാം ഒരു തരം ഉത്തരാധുനിക ബൌദ്ധിക അരാജകത്വമെന്നൊക്കെ വിശേഷിപ്പിക്കുന്ന തരത്തിലായിരുന്നു .പക്ഷെ കള്ളന്‍ സവിശേഷമായ രചനാ ശൈലിയും റിയലിസ്റ്റിക്കുമായ രചനയാണ് .

    ReplyDelete
  2. എം പി നാരായണപിള്ളയുടെ കൃതികൾ അതിന്റെ വ്യത്യസ്ഥതയും ആഖ്യാനവും കൊണ്ട് വിസ്മയിപ്പിക്കുന്നതായിരുന്നു...



    "പരിണാമം" മലയാളത്തിലെ വേണ്ട വിധത്തിൽ വായിക്കപ്പെടാത്ത ഇനിയും ശ്രദ്ധ കിട്ടേണ്ട കൃതിയാണ്.

    "കള്ളൻ" വായിച്ചിരുന്നെങ്കിലും താങ്കൾ പറഞ്ഞ വിധത്തിൽ നോക്കി കാണാൻ ശ്രമിച്ചിറുന്നില്ല.. :)
    ലേഖനം നന്നായിരിക്കുന്നു..

    ഒരു സംശയം "വിരുതൻ ശങ്കു" ഒരു ചെറുകഥ ആണോ...ഞാൻ വായിച്ചത് ഒരു നീണ്ട കഥയാണ് എന്നാണു ഓർമ്മ..

    ReplyDelete
    Replies
    1. വിരുതൻ ശങ്കു നോവൽ ആണ്

      Delete
  3. ഇഷ്ടപ്പെട്ട കൃതികളുടെ ആസ്വാദനമെഴുതുന്നതെപ്പോഴും സംശയിച്ചാണ് , കാരണം എന്റെ ആസ്വാദനം കൃതിയുടെ അന്തസത്ത ചോര്‍ത്തി വിരസമാക്കുമോ എന്നൊരുഭയം .പക്ഷെ കള്ളന്‍ എന്ന കഥയെക്കുറിച്ച് എഴുതാതിരിക്കുന്നത് ശരിയല്ലെന്ന തീക്ഷ്ണമായ തോന്നലുണ്ടായത് കൊണ്ട് മാത്രം എഴുതിപ്പോയതാണ് . ഖസ്സാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് എം കെ ഹരികുമാര്‍ ആത്മായനങ്ങളുടെ ഖസ്സാക്കെന്നോ മറ്റോ എന്തോ പിണ്ണാക്കെഴുതിയത് വായിച്ചാല്‍ ഖസ്സാക്കു വായിക്കാത്ത ഒരാള്‍ ആ കൃതി പിന്നീട് കൈ കൊണ്ട് തൊടില്ല , അത്ര വിരസം .കള്ളന്‍ ഞാ‍ന്‍ അങ്ങനെ പ്രത്യേകിച്ചൊരു ആങ്കിളില്‍ കണ്ടില്ല , എങ്ങനെ വായിച്ചുവോ അതു പോലെ എഴുതി .


    വിരുതന്‍ ശങ്കുവിന്റെ കാര്യത്തില്‍ ക്ഷമിക്കുക - വാസനാ വികൃതിയെയാണ് ഉദ്ദേശിച്ചത് - വിരുതന്‍ ശങ്കു അടൂര്‍ ഭാസി അഭിനയിച്ച് വാസനാ വികൃതി എന്ന കഥയെ ഓര്‍മ്മിപ്പിക്കുന്ന അല്ലെങ്കില്‍ അതിന്റെ അനുകല്പമെന്ന നിലയിലുള്ള സിനിമയായിരുന്നു ..പെട്ടെന്നു ഓര്‍മ്മ പാളിപ്പോയി :) .

    ReplyDelete
  4. ഖസ്സാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് എം കെ ഹരികുമാര്‍ ആത്മായനങ്ങളുടെ ഖസ്സാക്കെന്നോ മറ്റോ എന്തോ പിണ്ണാക്കെഴുതിയത് വായിച്ചാല്‍ ഖസ്സാക്കു വായിക്കാത്ത ഒരാള്‍ ആ കൃതി പിന്നീട് കൈ കൊണ്ട് തൊടില്ല

    -----
    ഹ ഹ...:)

    സത്യമാണ്..വൈലോപ്പിള്ളിയുടെ മാമ്പഴം എം എൻ വിജയൻ വായിച്ച രീതിയാണ് ഓർമ്മ വന്നത്..ഒരു പക്ഷെ പുസ്തകത്തിന്റെ വായനയും, ചലചിത്രത്തിന്റെ കാഴ്ചയുമെല്ലാം പലർക്കും പല dimension ആയതു കൊണ്ടാവാം..

    "വിരുതൻ ശങ്കു" ഒരു നോവലോ..നീണ്ട കഥയോ ആണ്.എഴുതിയത് "കാരാട്ട് അച്ചുതമേനോൻ" ആണെന്നാണ് ഓർമ്മ. കുട്ടികാലത്തെ വായനകളിൽ അമ്മയുടെ മേശയിൽ നിന്ന് കൈയെത്തിച്ചെടുത്ത ആദ്യത്തെ പുസ്തകങ്ങളിലൊന്നായിരുന്നു ഇത്.
    (ഖസാക്കും,മഞ്ഞും,ദൽഹിയുമൊക്കെ വിലക്കിയിരുന്നെങ്കിലും ഇത് വായിക്കാൻ അമ്മ സമ്മതിച്ചിരുന്നു :) )
    വിക്രമൻ എന്ന കഥാപാത്രം സാഹചര്യങ്ങൾ കൊണ്ട് ശങ്കു എന്ന കള്ളനായി മാറുന്ന കഥ.ഒരു സാഹസികനും സരസനുമായ സഞ്ചാരി..

    ReplyDelete
  5. വിരുതന്‍ ശങ്കു” എന്ന നീണ്ട കഥയാണോ സിനിമ ആയി മാറിയിരുന്നത് ?
    ഇത്ര കാലവും എന്റെ ധാരണ “വാസനാ വികൃതി “ യുടെ അനുകല്പമാണ് വിരുതന്‍ ശങ്കു എന്നായിരുന്നു - നല്ല സാമ്യമുണ്ട് .വാസനാ വികൃതി എഴുതിയത് വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരാണ് ,കയ്യില്‍ പഴയ ഒരു ചിതല് പിടിച്ച ഒരു copy ഉണ്ട് അമൂല്യമായി തന്നെ സൂക്ഷിക്കുന്നു ആദ്യ ചെറുകഥ എന്ന നിലക്കു .

    കുട്ടിക്കാലത്തു മുതല്‍ വല്ലാത്ത വശ്യതയോടെ കേട്ടു കൊണ്ടിരുന്ന , ഒരു പക്ഷെ ഏറ്റവുമധികം മലയാളികള്‍ വാത്സല്യം നിറഞ്ഞ വേദനയോടെ നെഞ്ചിലേറ്റിയ വൈലോപ്പിള്ളിയുടെ മാമ്പഴത്തെക്കുറിച്ച് എം എന്‍ വിജയന്‍ എഴുതിയ ആസ്വാദനം വായിക്കുന്നത് ഏറെ മുതിര്‍ന്നതിനു ശേഷമാണ് , അന്നു ഒട്ടും ഉള്‍ക്കൊള്ളാന്‍ പറ്റിയിരുന്നില്ല .ഫ്രോയിഡിയന്‍ മനോവിശ്ലേഷണ തത്വം മലയാള സാഹിത്യത്തില്‍ ആദ്യം കൊണ്ട് വന്നത് വിജയന്‍ മാഷ് ആയിരുന്നല്ലോ .സഹ്യന്റെ മകനും “ അതേ അളവുകള്‍ വെച്ച് വിലയിരുത്തിയിരുന്നു , അത് പക്ഷെ ക്ലാസ്സ് ആയിരുന്നു . മാമ്പഴത്തിന്റെ എം എന്‍ വിജയന്റെ ആസ്വാദന രീതിയോട് താല്പര്യമില്ലെങ്കിലും നിരൂപണ സാഹിത്യത്തീല്‍ അതെന്നും വേറിട്ടു നില്‍ക്കുന്ന ഒരനുഭവമാണ് .കയ്യില്‍ അതിന്റെ ഒരു കോപ്പി ഉണ്ട് - എന്തായാലും ഇത്രയും പറഞ്ഞ നിലക്കു അതിവിടെ ഷെയര്‍ ചെയ്യുന്നു .

    ReplyDelete
  6. വൈലോപ്പിള്ളിയുടെ 'മാമ്പഴം' എന്ന കവിതയെക്കുറിച്ച് എം.എന്‍ .വിജയന്‍ എഴുതിയ ഏറെ പ്രശസ്തമായ നിരൂപണം)


    വൈലോപ്പിള്ളിയുടെ 'മാമ്പഴം' അദ്ദേഹത്തിന്റെ മഹത്തായ കൃതിയല്ലെന്നു വന്നാല്‍ത്തന്നെയും, ഏറ്റവും പ്രസിദ്ധമായ, ആസ്വാദിതമായ, ഏറ്റവും അഭിനന്ദിതമായ കൃതിയാകുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടുകള്‍ക്കിടയില്‍ ഉണ്ടായ ലഘുകാവ്യങ്ങളില്‍ ഒരുപക്ഷേ, ചങ്ങമ്പുഴയുടെ 'വാഴക്കുല'ക്കു മാത്രം ഇത്രയും പ്രസിദ്ധിയുണ്ടായിട്ടുണ്ട്. മലയാള കവിതയുടെ നവോത്ഥാന പ്രതീകമെന്ന് ഇതിനെ എസ്.ആര്‍.രംഗനാഥന്‍ വാഴ്ത്തുകയും മാരാര്‍ കൊണ്ടാടുകയും ചെയ്തു. കേരളക്കരയെമ്പാടും ഇടറിയ തൊണ്ടയോടെ അമ്മമാര്‍ ഈ പാട്ടുപാടി; ധീരവും ക്രൂരവും കഠിനവുമായ ഹൃദയങ്ങളെ അത് ആര്‍ദ്രവും അധീരവുമാക്കിത്തീര്‍ത്തു. നിരൂപകന്മാര്‍ അറിയാത്തത്ര അഗാധങ്ങളായ മാനസതലങ്ങളില്‍ 'മാമ്പഴ'ത്തിന്റെ രസം ആഴ്ന്നാഴ്ന്നറിങ്ങി.



    ഇത്രയെല്ലാം നടന്നതു യുവസാഹിത്യകാരന്മാരുടെ പാളയത്തില്‍ ജീവത്സാഹിത്യത്തിന്റെ കൊടി പാറിനില്‍ക്കുമ്പോഴായിരുന്നു; സാഹിത്യവും ജീവിതവും തമ്മിലുണ്ടായിരിക്കേണ്ട ബന്ധത്തെക്കുറിച്ചും കലകളുടെ ഉദ്ദേശ്യത്തെക്കുറിച്ചും കലശലായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന കാലത്തായിരുന്നു.



    'മാമ്പഴം' ഒരനുരാഗഗീതയല്ല; അതില്‍ സാമൂഹ്യമായ സജീവപ്രശ്‌നങ്ങളില്ല: ഗംഭീരമെന്നു വിശേഷിപ്പിക്കാവുന്ന വിഷയമോ അനുപമമെന്നു വിളിക്കാവുന്ന ആവിഷ്‌കരണരീതിയോ ഇല്ല. വൃത്തത്തില്‍, ശില്പത്തില്‍, കല്പനകളില്‍, കഥാവസ്തുവില്‍ ഒന്നിലും കണ്ണഞ്ചിപ്പിക്കുന്ന പുതുമയുടെ ധാരാളത്തിങ്ങളില്ല. എന്നിട്ടും ഈ നാല്പത്തെട്ടുവരിക്കവിതയോളം ഹൃദയാവര്‍ജ്ജകമായി മറ്റൊരു നാല്പത്തെട്ടുവരി പില്‍ക്കാലത്തു മലയാളത്തില്‍ എഴുതപ്പെട്ടിട്ടുമില്ല.



    എന്തായിരിക്കാം ഈ ഹൃദയാവര്‍ജ്ജകതയ്ക്കു കാരണം? മാരാരിങ്ങനെ പറയുന്നു: ''കവികള്‍ വാക്കുകള്‍കൊണ്ടേല്പിക്കുന്ന അനുഭൂതിയ്ക്ക് ഒരിക്കലും മറക്കരുതാത്ത ദാര്‍ഢ്യം കാട്ടുന്നത് അവയുടെ കലാത്മകതകൊണ്ടാണ്... മറ്റൊന്നല്ലാ പ്രസ്തുത കൃതിയിലെ ഈ വരികള്‍ക്കുള്ള മേന്മയും''.



    എന്നിട്ടദ്ദേഹം 'തന്മകന്നമൃതേകാന്‍' എന്നു തുടങ്ങിയ എട്ടുവരിക്കവിത ഉദ്ധരിക്കുന്നു. 'കലാത്മകത' എന്ന മാരാരുടെ പദത്തില്‍ 'മഹത്തായ സത്യ'മടങ്ങിയിരിക്കാമെങ്കിലും, അതെന്തെങ്കിലുമൊരാശയം സുസ്പഷ്ടമായി വിവരിക്കുന്നില്ല. സാഹിത്യനിരൂപണമാണത്. മറ്റുചില വാക്യങ്ങളില്‍ ഈ കാര്യത്തിന്റേതെന്നു താന്‍ കരുതുന്ന സാമൂഹ്യപ്രയോജനം മാരാര്‍ സൂചിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്.



    ''തന്റെ ഓമന മകന്‍ വെറും കൗതുകവശാല്‍ ഒരപരാധം ചെയ്തതില്‍ താന്‍ അപ്രിയം പറഞ്ഞതിനെച്ചൊല്ലി ഒരമ്മയ്ക്ക് ആജീവനാന്തം വ്യസനിക്കാനിടയായതാണല്ലോ അതിലെ പ്രമേയം. കുട്ടികളുടെ ഈവക നിരപരാധങ്ങളായ അപരാധങ്ങളുടെ നേര്‍ക്ക് അച്ഛനമ്മമാര്‍ ക്രൂരമായി പെരുമാറുന്നതു സാധാരണയാണ്... ഒരു നിമിഷനേരത്തേക്ക് ഈ ബോധം അമ്മയുടെ മനസ്സില്‍ ഉദിച്ചു എന്നിരിക്കട്ടെ, ആ തീരാത്ത പശ്ചാത്താപം അവരുടെ കത്തിപ്പടരുന്ന കോപാഗ്നിയില്‍ വെള്ളം തളിച്ചേക്കും... ആ അമ്മ രണ്ടാമതൊരുണ്ണിയോട് ആ വിധം പരുഷത പറയാന്‍ പുറപ്പെട്ടാല്‍ത്തന്നെ, വാക്യം മുഴുമിക്കാതെ ഉണ്ണിയെ എടുത്തു ലാളിക്കുകയേ ചെയ്യൂ''



    മാമ്പഴത്തിലെ ഉണ്ണി ചെയ്ത തെറ്റ് തെറ്റല്ലെന്നാണോ ഇതിന്നര്‍ത്ഥം? 'മാങ്കനി വീഴുന്നേരമോടിച്ചെന്നെടുക്കേണ്ടോന്‍ പൂങ്കുല തല്ലുന്നത്' ആശാസ്യമായ ഒരു ജീവിതസിദ്ധാന്തമാണെന്നാണോ മാരാരുദ്ദേശിക്കുന്നത്? കുട്ടികളെ ഒരിക്കലും നിയന്ത്രിച്ചുകൂടെന്നും ജീവിതത്തിന്റെ മാമ്പൂക്കുല അവരൊടിച്ചു നിലത്തടിച്ചുകൊള്ളട്ടെ എന്നുമായിരിക്കുമോ കവി ഉപദേശിക്കുന്നത്? കുഞ്ഞുങ്ങള്‍ക്കനുകൂലമായ പുതിയ ബാലമനോവിജ്ഞാനീയംപോലും ഈ അഭിപ്രായം ആദരിക്കുന്നില്ല.



    മറിച്ച്, മാമ്പഴത്തിനു പകരം മാമ്പൂവൊടിച്ചു കളിക്കുവാനുള്ള ഉണ്ണിയുടെ അഭിലാഷം യുക്തിവിരുദ്ധവും ജീവിതവിരുദ്ധവുമാകുന്നു. അത്യന്തബാലിശമാണത്. ഈ ബാലിശതയേയും അബുദ്ധതയേയും അതിജീവിക്കുകയത്രേ സംസ്‌കാരത്തിന്റെ ലക്ഷ്യവും ആത്മാവും. എങ്കിലും, ഒരു തെറ്റും ചെയ്യാത്ത അമ്മയെ കവിയും കൂട്ടുകാരുംകൂടി കുറ്റക്കാരിയാക്കുന്നു. കുറുമ്പനായ കുട്ടിയെ രക്തസാക്ഷിയാക്കി ആരാധിക്കുകയും ചെയ്യുന്നു. ജനങ്ങളെല്ലാം ഗദ്ഗദത്തോടെ പാടുന്ന കാവ്യത്തിന്റെ വിഷയം ഇതത്രേ. അതുകൊണ്ടുതന്നെ ഈ കാവ്യത്തിലെ ഇതിവൃത്തത്തിനു സാമൂഹ്യമായും സദാചാരപരമായും അര്‍ത്ഥഗര്‍ഭമായ പ്രയോജനമൊന്നും ഇല്ലെന്നും ഇതിന്റെ അത്ഭുതാവഹമായ പ്രചാരത്തിനു കാരണം (അതുല്യമായ ആ ശില്പചാതുരിയെ ആദരിച്ചുകൊണ്ടുതന്നെ) മനഃശാസ്ത്രപരമാണെന്നും ഈ ലേഖകന്‍ കരുതുന്നു.

    ReplyDelete
  7. മുറ്റത്തു കടിഞ്ഞൂല്‍ പൂത്തുനില്‍ക്കുന്ന തൈമാവിന്റെ പൂങ്കലയൊടിച്ചു കളിക്കുന്ന കുട്ടിയെ, വാത്സല്യനിധിയെങ്കിലും കോപാവിഷ്ടയായ മാതാവു ശാസിക്കവേ, പിണങ്ങിപ്പോയ അവന്‍ മാമ്പഴക്കാലമാവുന്നതിനു മുമ്പു മണ്‍മറയുന്നതും പശ്ചാത്തപഭരിതമായ അമ്മ മുറ്റത്തു വീണ ആദ്യത്തെ മാമ്പഴമെടുത്തു അവന്‍ കിടക്കുന്ന മണ്ണില്‍ നൈവേദ്യമായര്‍പ്പിക്കുന്നതുമാണല്ലോ ഈ ലഘുകാവ്യത്തിലെ കഥ. ഒറ്റനോട്ടത്തില്‍ അമ്മയാണിതിലെ മുഖ്യകഥാപാത്രം. എങ്കിലും സൂക്ഷിച്ചാല്‍ ആ അമ്മയുടെ ഹൃദയത്തെ മഥിച്ചാനന്ദിക്കുന്ന, മരിച്ചാലും മരിക്കാത്ത ബാലനാണ് കവിതയിലാകെ നിറഞ്ഞുനില്‍ക്കുന്ന ശക്തി എന്നു കാണാന്‍ കഴിയും. അവന്‍ ദൈവജ്ഞന്‍ മാത്രമല്ല, ദൈവം തന്നെയാകുന്നു. അവനെ അവാസ്തവമായി അശാസ്ത്രീയമായി കവി പുക്‌ഴത്തുന്നതിങ്ങനെയാണ്.

    ''വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ, ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍!''

    ഈ കിടാവിനെ നിങ്ങള്‍ റൂസ്സോവിന്റെയും വേഡ്‌സ്‌വര്‍ത്തിന്റെയും തോളത്തു കണ്ടിട്ടുണ്ടാകും. അവന്‍ ഭൂമിയുടെയും സത്യത്തിന്റെയും കിടാവല്ല, സ്വര്‍ഗത്തിന്റെയും മിഥ്യയുടെയും സന്തതിയാകുന്നു.

    ഈ നൂലാമാലകള്‍ക്കിടയില്‍നിന്നു 'മാമ്പഴ'ത്തിന്റെ ജനസമ്മതിക്കു കാരണം കണ്ടെത്തണമെങ്കില്‍, നാം മറ്റൊരു കാഴ്ചപ്പാടില്‍നിന്ന് അതിനെ നോക്കിക്കാണേണ്ടിയിരിക്കുന്നു. 'മാമ്പഴം' ഒരമ്മയേയും ഉണ്ണിയേയും വിഷയമാക്കി കവി എഴുതുന്ന വാക്യങ്ങളല്ല, അമ്മയെക്കുറിച്ചുള്ള ഉണ്ണിയുടെ ചിന്തയാണ്; അതൊരാദര്‍ശത്തിന്റെ വ്യാഖ്യാനമല്ല, അഭിലാഷത്തിന്റെ പൂരണമാകുന്നു (ംശവെ ളൗഹളശഹാലി)േ. തന്റെ ആഗ്രഹത്തിനു വിപരീതമായി നില്‍ക്കുന്ന അമ്മ, തന്റെ മരണത്താല്‍ പശ്ചാത്തപതപ്തയായി മുമ്പില്‍ മുട്ടുകുത്തുന്നു എന്ന് അവന്‍ സങ്കല്പിക്കുന്നു. ഈ സങ്കല്പമാണ് അവന്റെ നിര്‍വൃതി; ഈ സങ്കല്പമാണ് അവന്റെ വിജയവും. ഈ ബാലഭാവനയുടെ രൂപവത്ക്കരണമായി 'മാമ്പഴ'ത്തെ വീക്ഷിക്കേണ്ടിയിരിക്കുന്നു. ആത്മഹത്യ ചെയ്തു കാര്യം നേടുന്ന രീതി മുതിര്‍ന്നവര്‍ക്കു പുത്തനായി തോന്നാം. പക്ഷേ, ഒരു കുഞ്ഞിന്നതില്‍ പുതുമയൊന്നുമില്ല. അവനു മരണം വെറുമൊരു യാത്രയാണ്, അനിശ്ചിതമായ ഒരു യാത്ര. അവന്റെ ആവനാഴിയിലെ സര്‍വ്വപ്രധാനമായ ആയുധമാകുന്നു അത്. നമ്മുടെ കവി മരണത്തെക്കുറിച്ചുള്ള ഈ സങ്കല്പം മധുരമായി ആവിഷ്‌കരിച്ചിരിക്കുന്നു:

    ''മാങ്കനി വീഴാന്‍ കാത്തു- നില്‍ക്കാതെ മാതാവിന്റെ പൂങ്കുയില്‍ കൂടുംവിട്ടു പരലോകത്തെപ്പൂകി വാനവര്‍ക്കാരോമലായ്, പാരിനെക്കുറിച്ചുദാ- സീനനായ്, ക്രീഡാരസ- ലീനനായവന്‍ വാഴ്‌കേ...''

    മരണം സ്വര്‍ഗത്തിലേക്കുള്ള യാത്ര മാത്രമാണ്. അമ്മയെക്കാള്‍ നല്ല അമ്മയും അച്ഛനേക്കാള്‍ നല്ല അച്ഛനും അവിടെയുണ്ട്. അല്ലെങ്കിലിതാ മറ്റൊരു ഭാവന:

    ''പിണങ്ങിപ്പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍ കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലേ? വരിക കണ്ണാല്‍ കാണാന്‍ വയ്യാത്തൊരെന്‍ കണ്ണനേ, തരസാ നുകര്‍ന്നാലും തായതന്‍ നൈവേദ്യം നീ!''



    ഈ പിണങ്ങിപ്പോയ മകനും ഒളിച്ചുകളിക്കുന്ന ഉണ്ണികൃഷ്ണനും മരിച്ചു കിടക്കുന്ന ഉണ്ണിയും കുട്ടികളെ സംബന്ധിച്ചിടത്തോളമ ഒന്നുതന്നെയാണ്. അവന്‍ അപ്രത്യക്ഷനാകുന്നു. സനാതനനായ ഈ ബാലന്‍ തന്നെയാണ് പണ്ടൊരിക്കല്‍, കഠോപനിഷത്തില്‍ അച്ഛനെ വിട്ട് യമന്റെ അരികില്‍ പോയി തിരിച്ചുവന്നത്. (മരണം കനിഞ്ഞോതി' എന്ന മറ്റൊരു കവിതയിലും വൈലോപ്പിള്ളി മരണത്തെ ഒരു ദീര്‍ഘയാത്രയായി ഉല്‍പ്രേക്ഷിച്ചിരിക്കുന്നു).

    ReplyDelete
  8. മരണംകൊണ്ടു തന്‍കാര്യം നേടുന്ന ഈ ബാലന്‍ വാസ്്തവത്തില്‍ നേടുന്നതുതന്നെ എന്താണ്? വാശികൊണ്ടും സാഹസം കൊണ്ടും അവന്‍ അമ്മയെ ജയിച്ചു എന്നു പറയാം. അതു സാമാന്യ ഭാഷ, അവനാവശ്യപ്പെട്ടതും പക്ഷേ, നിഷേധിക്കപ്പെട്ടതും പൂങ്കുലയും കിട്ടിയതു മാമ്പഴവുമായിരുന്നു. ഈ നേട്ടത്തിന്റെ അബുദ്ധമായ അര്‍ത്ഥം ആരായുകയാകുന്നു ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. ഒരമ്മയും മകനുമായുള്ള ബന്ധമാണ് 'മാമ്പഴ'ത്തിന്റെ വിഷയമെന്നു നാം കണ്ടു. ഈ ബന്ധത്തെക്കുറിച്ച്, തന്റെ ഭീതികളെയും ഉത്ക്കണ്ഠകളേയും അഭിലാഷങ്ങളെയും കുറിച്ചുള്ള ഒരു ശൈശവസങ്കല്പവുമാണത്. ഇതൊരു കുഞ്ഞിന്റെ കവിതയാണത്. ഒരമ്മയുടേതല്ല. പ്രസവസമയത്താണല്ലോ ആദ്യമായി ശിശുവിനു അമ്മയില്‍നിന്നു വ്യതിരിക്തവും സ്വന്തവുമായ ജീവിതമാരംഭിക്കുന്നത്. അന്നോളമവന്‍ അമ്മയുടെ ഒരു ഭാഗമാണ്; അമ്മ തന്നേയാണ്. ജനനസമയം മുതല്‍ മുലകുടിക്കുമ്പോള്‍ മാത്രമേ അവന് അമ്മയുമായി ബന്ധമുള്ളൂ. അവന്റെ ഭക്ഷണവും ജീവിതവും അവിടെയാണ്. മുല നഷ്ടപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്ന ചിന്ത ഒരു ശിശുവിന്റെ സര്‍വപ്രധാനമായ ഉത്ക്കണ്ഠയായിത്തീരുന്നു. അതൊരു 'ജീവന്മരണപ്രശ്‌ന'മത്രേ! മുലകുടി മാറുന്ന കാലത്തു നമ്മുടെ നാട്ടിലാണെങ്കില്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ വയസ്സില്‍ ഈ ഉത്കണ്ഠ പുതിയ രൂപങ്ങള്‍ കൈക്കൊള്ളുന്നു. കുഞ്ഞ് അമ്മയോട് കൂടുതല്‍ കൂടുതല്‍ ഒട്ടിച്ചേരുകയും വിടുവിക്കാന്‍ ശ്രമിക്കേ കുതറുകയും ചെയ്യുന്നു. തന്നില്‍നിന്നു ബലാല്‍മറച്ചുവെയ്ക്കപ്പെടുന്ന, തേടിച്ചെല്ലുമ്പോള്‍ ശകാരപ്രഹരങ്ങള്‍കൊണ്ടു മറുപടി കൊടുക്കുന്ന വസ്തു അവനെ അപരിചിതവും കഠിനവുമായ വേദനകള്‍ക്കു ഊണാക്കുന്നു. പിണങ്ങിയും തായയേയും തന്നെയും പീഡിപ്പിച്ചും ആത്മഹത്യ ചൂണ്ടി ഭീഷണിപ്പെടുത്തിയും നഷ്ടഭീതിയില്‍ നിന്ന് അവന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. വാസ്്തവത്തില്‍ ജയിച്ചാലും തോറ്റാലും ഭാവനയില്‍ അവന്‍ എന്നും ജയിക്കുകയേയുള്ളൂ.



    ഇങ്ങനെ ഭാവനയില്‍ ജയിച്ച ബാലനത്രേ 'മാമ്പഴ'ത്തിലെ നായകന്‍!



    കുട്ടികളുടെയും കവികളുടെയും കാടന്മാരുടെയും സ്വപ്‌നാടകന്മാരുടെയും കിറുക്കന്മാരുടെയും ഭാഷ പ്രതീകാത്മകമാണ് എന്നു തെരുവിലെ മനുഷ്യനുമറിയും. സമാനധര്‍മ്മങ്ങളായ പരിചിതവസ്തുക്കളെ തെറ്റിദ്ധരിക്കുകയും മാറ്റിപ്പറയുകയും ഇവരുടെ സ്വഭാവമാകുന്നു. മാങ്കുലയും മാമ്പഴവും സ്വപ്‌നപുരാണ കാവ്യമണ്ഡലങ്ങളില്‍ വിപുലമായി പ്രത്യക്ഷപ്പെടുന്ന സ്തനപ്രതീകങ്ങളാണ്. 'മാമ്പഴ'ത്തിന്റെ അര്‍ത്ഥം ഈ കോടിയില്‍ നിന്നു നോക്കുമ്പോള്‍ അധികമധികം സ്പ്ഷ്ടമായിത്തീരുന്നു. വൈലോപ്പിള്ളിയുടെതന്നെ ഇതര കൃതികളില്‍ പഴം മുലയുടെ ചിഹ്നമായി ഉപയോഗിച്ചുകാണുന്നുണ്ട്. 'ആസ്സാം പണിക്കാരില്‍' മക്കളെ പട്ടിണിക്കിട്ടുകൊല്ലുന്ന കേരളമാതാവാണിത്:







    ''അതിഥികള്‍ക്കെല്ലാ മമരലോകമി- ക്കിതവി ഞങ്ങള്‍ക്കു നരകദേശവും മദിപ്പിക്കും, കനിക്കിനാവുകള്‍ കാട്ടി- ക്കൊതിപ്പിക്കും പക്ഷേ, കൊടുക്കുകില്ലവള്‍,''

    ReplyDelete
  9. ഇവിടെ കനിക്കിനാവു കാട്ടിക്കൊതിപ്പിച്ചു കൊടുക്കാതിരിക്കുന്ന കേരളമാതാവ്, കൈയിലുള്ള കനി, മുല, കൊടുക്കാത്ത അമ്മ തന്നെയാണ്. പാകമാകാത്ത കനിക്കുവേണ്ടി (പൂങ്കുല) ഓടിച്ചെന്ന ബാലനെ ശാസിച്ച അതേ അമ്മ! നഖക്ഷതങ്ങളേറ്റ മുലകളെയും മുള്‍ക്കോറലേറ്റ, വില്വഫലങ്ങളെയും സമാനമായിക്കണ്ട ശ്രീഹര്‍ഷനും മുലകളെ ആധുനികരീതിയില്‍ ശീമച്ചക്കയോടുപമിച്ചു കൃതാര്‍ത്ഥനായ ഉള്ളൂര്‍ മഹാകവിയും 'രാധയുടെ കൃതാര്‍ത്ഥത'യില്‍ നായകനെക്കൊണ്ട് സാകൂതസ്മിതനായി രാധയുടെ മാറത്തുനോക്കി നാരങ്ങ മര്‍ദ്ദിപ്പിച്ച വള്ളത്തോളും ഇതേ സാദൃശ്യം കണ്ടവരാണ്. പൂങ്കുലയെക്കുറിച്ചാണെങ്കില്‍ ഇതാ കാളിദാസന്‍ തന്നെ:



    ''നല്‍പൂങ്കുലക്കൊങ്കകളൂന്നിമേന്മേല്‍ ചേലോടുചേര്‍ത്തും നവപല്ലവോഷ്ഠം ശാഖാഭുജം വീശി ലതാവധുക്കള്‍ പുണര്‍ന്നുപോല്‍ വൃക്ഷമണാളരേയും''



    പൂങ്കുലയും മാമ്പഴവും ഒരേ വസ്തുവിന്റെ, മുലയുടെ, സിംബലാണെന്നു സൂചിപ്പിക്കുകയത്രേ ഇവിടെ ഉദ്ദേശിക്കുന്നത്, കവിതയിലും ലോകത്തിലും ഇതു രണ്ടാണെങ്കിലും അബോധമനസ്സില്‍ ഒന്നുതന്നെയാണ്. 'ഏകം സദ് വിപ്രാബഹുധാ വദന്തി'. പൗരാണിക കഥകളില്‍, പഴത്തിനു മുലയുടെ സിംബോളിക് അര്‍ത്ഥം നല്‍കിയിട്ടുള്ള അനേകം സന്ദര്‍ഭങ്ങളില്‍ ഒന്നാണ് 'ഉല്പത്തി' കഥയിലെ 'വീഴ്ച' (ഉല്പത്തി' 3, 6). ചെകുത്താന്റെ പ്രേരണയാല്‍ ഹവ്വ വിലക്കപ്പെട്ട പഴം പറിച്ചെടുത്ത് ആദാമിനെ തീ്റ്റിയതായി അതില്‍ വിവരിച്ചിരിക്കുന്നു. ഈ പഴത്തിന്റെ സിംബോളിക് സ്വഭാവം സൈക്കോ അനലിസ്റ്റുകള്‍ (ഫ്രാന്‍സ് അലക്‌സാണ്ഡരും മറ്റും) പണ്ടേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മനുഷ്യന് ലജ്ജയും വിവേകവും ഒന്ന് ആദ്യമായി ഉണ്ടായി.



    'സുന്ദരകാണ്ഡം' അറുപത്തേഴാം സര്‍ഗത്തില്‍ ഹനുമാന്‍ രാമനെ സീതയുടെ അടയാളവാക്യമറിയിക്കുന്നതിങ്ങനെയാണ്; ''മുമ്പെണീറ്റാള്‍ സുഖം നീയൊ- ന്നിച്ചുറങ്ങിയ ജാനകി കാക്കയൊന്നഞ്ജസാകേറി- ക്കൊത്തീ കൊങ്കത്തടത്തിലായ് ഉറങ്ങി ഊഴമിട്ടങ്ങും ദേവ്യങ്കേ ഭരതാഗ്രജ! നൊമ്പല്‍പ്പെടുത്തിപ്പോന്നാല്‍പോല്‍ വീണ്ടുമപ്പക്ഷി ദേവിയെ വീണ്ടും വീണ്ടും പറന്നെത്തി- പ്പാരം മാന്തിപ്പൊളിച്ചുപോല്‍ ഉണര്‍ന്നുപോയ് ഭവാന്‍ മെയ്യി- ലവള്‍തന്‍ ചോര കാണ്‍കയാല്‍''.



    കാകരൂപത്തില്‍ വന്ന ഇന്ദ്രപുത്രന് സീതയുടെ കൊങ്കത്തടം കണ്ട് എന്തൊരു ഭ്രാന്തിയാണുണ്ടായിരിക്കുകയെന്നു വ്യക്തമാണല്ലോ. കാക്ക കണ്ടു പഴമാണെന്നു തെറ്റിദ്ധരിച്ച സീതയുടെ മുലകള്‍ രാമന്റെ കണ്ണുകള്‍ക്ക് എത്രമാത്രം ആകര്‍ഷകമായിരുന്നിരിക്കണം! ജയന്തകഥ വിസ്തൃതമായ ഒരു ഭ്രാന്തിമദലങ്കാരമാകുന്നു. മാനസികാപഗ്രഥകര്‍ വിശകലനം ചെയ്തവയും ഇവിടെ ഉദ്ധരിക്കേണ്ടതില്ലാത്തവയുമായ അനേകമനേകം സ്വപ്‌നങ്ങളില്‍ ഏതാണ്ടു സാര്‍വത്രികമായിത്തന്നെ ഇരുണ്ട പഴങ്ങള്‍ (ആപ്പിളും മറ്റും) സ്തനപ്രതീകങ്ങളാകുന്നു. ഇവിടെ എഴുതാന്‍ വയ്യാത്ത ഗ്രാമ്യശൈലികളിലും അശ്ലീലപ്രയോഗങ്ങളിലും ഇതുപോലെ തന്നെ പഴം മുലയുടെ ചിഹ്നമായി പ്രയോഗിക്കുക പതിവുണ്ടെന്ന്, ാരും പറയുകയില്ലെങ്കിലും, എല്ലാവര്‍ക്കും അറിയാം. ഭാഷാശാസ്ത്രപരമായി, മലയാളത്തിലെ 'അമ്മിഞ്ഞ' എന്ന പദത്തിന് അമ്മയുടെ കായ എന്നല്ലേ അര്‍ത്ഥമെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. കുട്ടികള്‍ക്കു 'തേങ്ങ' തേഞ്ഞയും 'മാങ്ങ' മാഞ്ഞയുമാണല്ലോ. നമ്മുടെ അഭ്യൂഹത്തെ സഹായിക്കുന്നതിനായി കവിതയില്‍ ആഭ്യന്തരമായി ഇത്രയും തെളിവുകളുണ്ട്: 1. മാമ്പഴം എന്ന പദത്തിനു ശബ്ദസാരൂപ്യം കൊണ്ട് 'അമ്മയുടെ പഴം' എന്ന അര്‍ത്ഥം ധ്വനിക്കുന്നു (മാ എന്ന ശബ്ദമാണ് ലോകഭാഷകളിലധികവും അമ്മയെക്കുറിക്കുന്നത്). 2. അങ്കണത്തൈമാവ്, ആദ്യത്തെ പഴം, ബാലമാകന്ദം എന്നിവ സൂചിപ്പിക്കുന്ന കടിഞ്ഞൂല്‍പ്രസവകാര്യം. 3. 'ഉണ്ണികള്‍' എന്ന ശബ്ദത്തിലെ ശ്ലേഷത്തില്‍നിന്നും മാവും മാതാവും തമ്മില്‍ ഉറന്നുവരുന്ന സാദൃശ്യം. 4. സൗഗന്ധികസ്വര്‍ണ്ണം, പൊന്‍പഴം എന്നീ പദങ്ങളാല്‍ സൂചിതമാകുന്ന മുലയുടെ വര്‍ണ്ണവും മുലപ്പാലിന്റെ വര്‍ണ്ണവും. 5. 'തന്മകന്നമൃതേകാന്‍ താഴോട്ടു നിപതിച്ച പൊന്‍പഴം മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവേ' എന്ന വരികള്‍ അമ്മയുടെ മാറിടത്തില്‍ അനാഥമായി, ശൂന്യമായി കിടക്കുന്ന മുലകളെയാണോര്‍മ്മിപ്പിക്കുന്നത്.

    ReplyDelete
  10. ''ഉണ്ണിക്കൈക്കെടുക്കുവാ- നുണ്ണിവായ്ക്കുണ്ണാന്‍വേണ്ടി വന്നതാണീ മാമ്പഴം വാസ്തവമറിയാതെ നീരസം ഭാവിച്ചു നീ പോയിതെങ്കിലും കുഞ്ഞേ, നീയിതു നുകര്‍ന്നാലേ- യമ്മയ്ക്കു സുഖമാവൂ!''



    എന്നിങ്ങനെ, പിന്നീട് ഈ ആശയം ഏറ്റവും സ്പഷ്ടമായിത്തീരുന്നു. ഉണ്ണിവായ്ക്കുണ്ണാന്‍വേണ്ടി വരുന്ന ഒരേയൊരു പഴം അമ്മയുടെ തടിയില്‍ കായ്ക്കുന്നതാണല്ലോ. മാമ്പഴത്തിന്റെ കഥ നടന്നതല്ലെന്നും അതൊരു മുലകുടി മാറലിന്റെ പദ്യചരിത്രമാണെന്നും ഇപ്പറയുന്നതിന്നര്‍ത്ഥമില്ല. അതിലെ കഥയും കവിതയും നമ്മുടെ വിശകലനത്തിനു ശേഷവും അതേപടിയിരിക്കും. 'മാമ്പഴം' നമ്മുടെ ഹൃദയവുമായി സംവദിക്കുന്നതെവിടെയാണെന്നാണ് നാം അന്വേഷിച്ചത്; നമ്മുടെ അബോധതലത്തിലെ ഏതജ്ഞാതാംശങ്ങളോടാണ് അതു കുശലപ്രശ്‌നം ചെയ്യുന്നത് എന്ന്, അമ്മയുടെ മാറിടത്തിന്റെ ഇളംചൂടില്‍ നിന്നും സുരക്ഷിതത്വത്തില്‍നിന്നും വിട്ടുപോരാന്‍ കൂട്ടാക്കാത്ത-മീശ മുളച്ചാലും മനസ്സിനു മുലകുടി മാറാത്ത- നമ്മെ രഹസ്യമായി സമാശ്വസിപ്പിക്കുന്ന ഈ കാവ്യത്തില്‍ പ്രാഥമിക നാര്‍സിസവും (ആത്മരതി) മാതൃരതിയും (ഈഡിപ്പസ് കോംപ്ലക്‌സ്) സമ്മേളിക്കുന്നു.

    ReplyDelete
  11. അങ്കണ തൈമാവിൽ നിന്ന് ആദ്യമായി വീണു പോയ ആ ഫലം.. വായനയിലോ പുനർവായനയിലോ വേദനിപ്പിക്കാത്ത ഒരു ഹൃദയവും ഒരു പക്ഷെ മലയാളത്തിൽ ഉണ്ടായിരിക്കില്ല..

    കവിയും,കഥാപാത്രങ്ങളും,വായനക്കാരനും സഞ്ചരിക്കുന്നത് ദർശനത്തിന്റെ ഒരേ യാനപാത്രത്തിൽ തന്നെയാണോ എന്ന് ചിലപ്പോഴൊക്കെ സംശയം തോന്നിയിട്ടുണ്ട്...


    വൈലോപ്പിള്ളി എന്ന കവി അങ്ങനെ ചിന്തിച്ചിരുന്നോ എന്നതിന്നപ്പുറം അത്ഭുതം കൂറിയത് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ഇതു ദർശിച്ചിരുന്നോ എന്നായിരുന്നു..കഥാപാത്രത്തിന്റെയോ,കവിയുടെയോ ആരുടെ ഉപബോധ ചിത്രങ്ങൾ തേടിയാണ് വിജയൻ മാഷിന്റെ നിരീക്ഷണങ്ങൾ കടന്ന് ചെന്നത്.

    സത്യം പറഞ്ഞാൽ അന്നും ഇന്നും വിജയൻ മാഷിന്റെ മാമ്പഴത്തിന്റെ നിരൂപണം പിടി തരികയോ,ദഹിക്കുകയോ ചെയ്തിട്ടില്ല..ഒരു തരത്തിൽ ഓർതതാൽ ചിന്തയുടെ മഹാത്ഭുതമായിരുന്ന എം എൻ വിജയനു മാത്രം ദർശിക്കാൻ കഴിയുന്നതാവണം അത്..

    നിരൂപണം ഷെയർ ചെയ്തതിനും, വായന ഒരുക്കിയതിനും നന്ദി..

    ആശംസകൾ

    രാകേഷ്..

    ReplyDelete
  12. എം പി നാരായണപിള്ളയെ പറ്റി അറിയേണ്ട ഒരു വിഷയം ഇവിടെ.. http://kaarnorscorner.blogspot.com/2011/08/blog-post.html

    ReplyDelete
  13. നാരായണപ്പിള്ളയുടെതായ ഏതാണ്ടല്ലാം വായിച്ചിരുന്നെങ്കിലും എന്ത് കൊണ്ടോ കള്ളന്‍ കഥ വായിച്ചിരുന്നില്ല. എന്ത് സിദ്ധാന്തമായിരുന്നു ഈ കഥയിലൂടെ അദ്ദേഹം വാദിച്ചുറപ്പിക്കാന്‍ ശ്രമിചിരുന്നതെന്നനിക്കറിഞ്ഞു കൂടാ. പക്ഷെ അവസാനമെയത്തിയപ്പോള്‍ കണ്ണ് നനഞ്ഞു. നന്ദി ആല്‍കെമിസ്റ്റ്

    ReplyDelete
  14. @ രാകേഷ് - എം എന്‍ വിജയന്റെ “ഫാസിസത്തിന്റെ മനശാസ്ത്രം “ എന്ന ലേഖനസമാഹാരത്തില്‍ അദ്ദേഹം ഫ്രോയിഡിയന്‍ മനോവിശ്ലേഷണ രീതിയെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നുണ്ട് .മൂപ്പര് പറയണത് പ്രകാരം ഓരോ സാഹിത്യ കൃതിയും അതെഴുതുന്നയാളിന്റെ ആത്മാംശമോ അനുഭവമോ ഉള്‍ക്കൊണ്ടിരിക്കും എന്നാണ് .എം എന്‍ വിജയന്‍ മാഷ് ഏറ്റവുമധികം പഠനം നടത്തിയ കവിതകള്‍ വൈലോപ്പിള്ളിയുടേതാകാം - അടുത്തടുത്ത നാട്ടുകാര്‍ കൂടിയായിരുന്നല്ലോ ..

    കാര്‍ന്നോരെ ലേഖനം വായിച്ചു , അതൊരു പുതിയ അറിവായിരുന്നു നന്ദി .

    @ ആര്‍ഫ് സയിന്‍ -പറ്റിയാല്‍ കഥ വായിക്കണം , അസ്വാദനം കഥയുടെ മുഴുവന്‍ വികാരവും ആവാഹിച്ചിട്ടൊന്നുമില്ല കഥ മനോഹരമാണ് .എന്റെ കയ്യില്‍ സ്കാന്‍ ചെയ്ത പി ഫി എഫ് കോപ്പിയാണുള്ളത് അത് അപ് ലോഡ് ചെയ്യാന്‍ കഴിയുന്നില്ല ജെ പി ഇ ജി ഫോര്‍മാറ്റില്‍ സ്കാന്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ ഞാന്‍ ഇവിടെ ഷെയര്‍ ചെയ്യാം .

    ReplyDelete
  15. "കള്ളന്‍ " വായിക്കാന്‍ കഴിഞ്ഞിരുന്നില്ല..

    പക്ഷെ ഇപ്പോള്‍ എവിടുന്നെങ്കിലും കണ്ടെത്തി വായിക്കാന്‍ തോന്നുന്നുണ്ട്..

    (വിരുതന്‍ ശങ്കു മലയാളത്തിലെ കുറ്റാന്വേഷണ സ്വഭാവമുള്ള ആദ്യ നോവലെന്നും പറയാറുണ്ട്‌..

    (ജീന്‍ വാന്‍ ജീനെ നാലപ്പാട് പറഞ്ഞിരിക്കുന്നത് ഴാങ്ങ് വാന്‍ ഴാങ്ങ് എന്നാണ് )

    ReplyDelete
  16. "കള്ളന്‍" കരുതലോടെ വായിച്ചില്ലെങ്കില്‍ പലതും കൈമോശം വരും.
    ആ കള്ളന്‍ ഉള്ളില്‍ കേറി ഇരിക്കും. വേണ്ടാതിലൊക്കെ കൈയ്യിടും.
    ആദ്യം വയിച്ചപ്പോഴേ ഇതാണ്‌ എനിക്ക് തോന്നിയത്. കെമിസ്റ്റേ നന്നായി എഴുതി.
    കള്ളന്‍ എന്റെ കയ്യില്‍ ഉണ്ട്. pdf ആയി. എങ്ങനെ share ചെയ്യും?

    മലയാള നിരൂപണത്തില്‍ വിജയന്‍ മാഷ് ഒരു ഒറ്റ ആണ്‌. അതിനു തുടര്‍ച്ചകള്‍ ഇല്ലാതെ പോയി.
    എഴുത്തുകാരന്‍ ഉദ്ദേശിച്ചിരുന്നോ എന്നത്‌ നിരൂപകന്റെ പ്രശ്നമല്ലെന്ന് വിജയന്‍ എവിടെയോ പറയുന്നുണ്ട്.
    മാമ്പഴത്തിന്റെ നിരൂപണം ക്ലാസ്സ് തന്നാണ്‌. ഇപ്പോഴാണ്‌ അതെന്താണെന്ന് കുറച്ചെങ്കിലും പിടി കിട്ടുന്നത്.

    ReplyDelete
  17. കള്ളന്‍ വായിച്ചിട്ടുണ്ട് ഒരു റിയലിസം തോന്നിപ്പിക്കുന്ന രചനതന്നെയാണ്.

    ReplyDelete
  18. എനിക്ക് ഈ കള്ളൻ എന്ന കഥ വേണം എന്നുണ്ട്. ആരുടേലും കയ്യിൽ ഉണ്ടോ

    ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .