Like
...........
Monday, 21 March 2011
പ്രണയത്തിന്റെ രാജ്ഞി , അവസാനിക്കാത്ത വിവാദങ്ങളുടെയും .
ശിക്ഷിക്കുവാന്‍ മാത്രം കാംക്ഷിക്കുന്ന അജ്ഞാതപഥികരേ , ,കാണികളേ , ശ്രോതാക്കളേ , ദൃക്‌സാക്ഷികളേ , കണ്ണുനീര്‍ വറ്റി എന്നോ വരണ്ട് പോയ കണ്ണുകളോടെ എന്റെ നേര്‍ക്ക് നോക്കരുത്.
മാധവിക്കുട്ടിയുടെ ഹംസധ്വനിയില്‍ നിന്ന്
ലോകം മുഴുവന്‍ ആരാധന നിറഞ്ഞ കണ്ണുകളോടെ സ്നേഹിക്കുമ്പോഴും അലഭ്യമായ സ്നേഹത്തെക്കുറിച്ച് പരാതി പറഞ്ഞ പ്രണയത്തിന്റെ കഥാകാരി. സൌമ്യവും ദീപ്തവുമായ ആ സൌന്ദര്യത്തെ സ്ത്രീകള്‍ അസൂയയോടെയും പുരുഷന്മാര്‍ പ്രണയത്തോടെയും കണ്ടിരുന്നപ്പോഴും സ്വന്തം സൌന്ദര്യത്തെക്കുറിച്ച് അപകര്‍ഷതയോടെ സംസാരിക്കുന്ന വൈരുദ്ധ്യഭാവത്തിനുടമ.ജീവിച്ചിരിക്കുന്നവരുടെ മോഹഭംഗങ്ങളുടെയും ഭഗ്നപ്രണയങ്ങളുടെയും നിത്യമായ പ്രതീകം. അങ്ങനെ വിശേഷണങ്ങളൊരുപാടുണ്ട് മാധവിക്കുട്ടിക്ക്. പ്രായഭേദങ്ങളില്ലാതെ എല്ലാവര്‍ക്കും അനുകരിക്കാന്‍ മാത്രം വൈവിധ്യം നിറഞ്ഞതായിരുന്നു മാധവിക്കുട്ടിയുടെ സാഹിത്യജീവിതം. മാധവിക്കുട്ടി ഒരു കള്‍ട്ടായിരുന്നു ,കഥകളിലൂടെയും കവിതകളിലൂടെയും പ്രണയത്തിന്റെ ഭ്രമിപ്പിക്കുന്ന ലോകം കാട്ടി അനുവാചകരെ പ്രലോഭിപ്പിക്കുമ്പോഴും ജീവിതത്തിന്റെ സ്വകാര്യതകള്‍ തുറന്നെഴുതിയ വിവാദനായികയാവുകയായിരുന്നു . പുത്തന്‍ തലമുറയിലെ കൌമാരക്കാരില്‍ സ്വയം സങ്കല്‍പ്പിച്ചെടുത്ത ആമിയെന്ന വിളിപ്പേരായും ജീവിതം കണ്ടും അനുഭവിച്ചും തളര്‍ന്ന മധ്യവയസ്കരായ വിവാഹിതകളില്‍ കമലയായി ചമഞ്ഞ് ജീവിച്ചും അവരറിയാതെ തന്നെ മാധവിക്കുട്ടി അവരില്‍ സന്നിവേശിക്കപ്പെട്ടു. പുതുതലമുറ എഴുത്തുകാരികള്‍ മാധവിക്കുട്ടിയുടെ അനുകരണമെന്ന ആക്ഷേപത്തെ അഭിനന്ദനമായി പരിഗണിച്ചു. അത്രയേറെ ഒരു തലമുറയെ സ്വാധീനിച്ചിട്ടുണ്ടാവണം .
നിങ്ങള്‍ മരിച്ചവരുടെ കണ്ണട വെച്ച് നോക്കിയിട്ടുണ്ടോ എന്ന് നമ്മളോട് ചോദിച്ചത് മേതിലായിരുന്നു. മരിച്ച് പോയവരുടെ ശബ്ദവും രൂപവും നഷ്ടമാകുമ്പോഴും അവര്‍ ബാക്കിവെച്ച വാക്കുകളുടെ തിരുശേഷിപ്പുകള്‍ നമ്മളെ അവരുടെ ഓര്‍മ്മയിലേക്ക് നയിക്കും . പ്രിയപ്പെട്ട ആമീ നീ ഇല്ലാതായിട്ടും നിന്നില്‍ നിന്ന് പ്രസരിക്കുന്ന പ്രണയത്തിന്റെ ഊര്‍ജ്ജം വിവാദങ്ങളായി വീണ്ടും വരികയാണല്ലോ .
The love queen of malabar എന്ന കൃതി മാധവിക്കുട്ടിയുടെ സ്വകാര്യജീവിതത്തെക്കുറിച്ച് സുഹൃത്തായ മെറിലി വെയ്സ്ബോഡ് എഴുതിയ പുസ്തകമാണ് . ഒരു ദശാബ്ദത്തിലേറെ മാധവിക്കുട്ടിയുമായി നീണ്ട് നിന്ന സൌഹൃദത്തിന്റെ ഓര്‍മ്മക്കുറിപ്പുകളാണെന്ന ആമുഖത്തോടെ പുറത്തിറങ്ങിയ ഈ കൃതി മാധവിക്കുട്ടിയുടെ സ്വകാര്യ ജീവിതത്തെപ്പറ്റി ഒട്ടേറെ വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയതാണ് . വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിദേശ രാജ്യങ്ങളിലെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ച് കഴിഞ്ഞു .
ആത്മകഥകള്‍ വിശുദ്ധമായ നുണകള്‍ മാത്രമായിരിക്കണമെന്ന് വിശ്വസിച്ചിരുന്ന യഥാസ്ഥിതിക സമൂഹത്തിലാണ് പ്രണയത്തിന്റെ അവിശുദ്ധബന്ധങ്ങളെ പറ്റി മാധവിക്കുട്ടി എന്റെ കഥയിലെഴുതിയത് . അരാജകത്വം നിറഞ്ഞ പ്രണയഭാഷണങ്ങളാല്‍ അവര്‍ സദാചാരത്തിന്റെ നിയതമായ ചട്ടക്കൂടുകളെ വെല്ലുവിളിച്ചു പക്ഷെ അതെല്ലാം നിഷ്കളങ്കമായ സ്നേഹത്തിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ മാത്രമായിരുന്നെന്ന് അവരുടെ ആരാധകര്‍ വിശ്വസിച്ചു. ഒരു കൊച്ച് കുഞ്ഞിന്റെ നിഷ്കളങ്കമായ പുഞ്ചിരി പോലെയായിരുന്നു അവര്‍ പരത്തുന്ന പ്രണയത്തിന്റെ ഊര്‍ജ്ജം അത് കൊണ്ട് തന്നെ അവരുടെ അവിഹിത പ്രണയങ്ങളെ വെറും ഭാവനകളായി മാത്രം കരുതി അവരെ ആരാധിച്ചു. ലൈംഗികതയെപ്പറ്റി എഴുതുമ്പോള്‍ അത് പ്രണയമായി മാത്രം തോന്നിക്കുന്ന ഒരു വൈഭവമായിരുന്നു മാധവിക്കുട്ടിയുടെ രചനകള്‍ .
ഭ്രാന്ത് എന്ന നോവലില്‍ പമ്മന്‍ മേലേപ്പാട്ട് തറവാട്ടിലെ അമ്മു എന്ന സാഹിത്യകാരിയുടെ അരാജകത്വം നിറഞ്ഞ പ്രണയത്തെക്കുറിച്ച് എഴുതിയത് ഏറെ വിമര്‍ശനം ഏറ്റ് വാങ്ങിയത് അത് മാധവിക്കുട്ടിയെ ഉന്നം വെച്ചെഴുതിയത് കൊണ്ടായിരുന്നു . സ്വഗതാഖ്യാനമല്ലാതെ മറ്റൊരാള്‍ അത്തരം കാര്യങ്ങള്‍ മാധവിക്കുട്ടിയെക്കുറിച്ച് പറയുന്നതും എഴുതുന്നതും അക്ഷന്തവ്യമായ അപരാധമാകുന്നതും അത് കൊണ്ട് തന്നെയാണ്. പതിനഞ്ചാം വയസ്സില്‍ ആരംഭിച്ച ദാമ്പത്യത്തിലെ അസംതൃപ്തി മുതല്‍ ഷഷ്ടിപൂര്‍ത്തിക്ക് ശേഷമുള്ള ലൈംഗിക ഉണര്‍വിനെക്കുറിച്ച് വരെ വിവരിക്കുന്ന ഈ കൃതി 14 വര്‍ഷത്തെ സൌഹൃദത്തില്‍ നിന്നുടലെടുത്ത ആരാധനയാണ് മെറിലി വീയ്സ്ബോഡ് പറയുന്നു .
പതിനഞ്ചാം വയസ്സില്‍ ഇരട്ടി പ്രായമുള്ള മാധവദാസെന്ന ബന്ധുവിനെ വിവാഹം ചെയ്യേണ്ടി വന്നത് ഐ എം എഫില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഒരുദ്യോഗസ്ഥനെന്ന അന്തസ്സിനോടുള്ള വീട്ടുകാരുടെ താല്പര്യപ്രകാരമായിരുന്നു. ഒരു കൊച്ച് കുട്ടിയെ പോലെ കമലയെ സ്നേഹിച്ചിരുന്നെങ്കിലും മാധവദാസുമായുള്ള ദാമ്പത്യ ജീവിതത്തില്‍ ആദ്യരാത്രി മുതല്‍ ബലാല്‍ക്കാര സമമായ ലൈംഗിക ബന്ധത്തിനാണ് മാധവിക്കുട്ടി വിധേയയായത്. മാധവദാസ് ഒരു സ്വവര്‍ഗ്ഗരതിക്കാരനാണെന്നും ആണ്‍ സുഹൃത്തുക്കളെ കിടപ്പറയിലേക്ക് കൊണ്ട് പോകുന്നതിന് മാധവിക്കുട്ടി സാക്ഷിയാകാറുണ്ടെന്നതു കൂടാതെ ഉദ്യോഗകയറ്റത്തിനായി മാധവിക്കുട്ടിയെ ഉപയോഗിച്ചിരുന്നതായും ഈ കൃതിയില്‍ പറയുന്നു. മാധവിക്കുട്ടി തന്നെ പല കഥകളിലും ഭാവനയായി എഴുതപ്പെട്ട ഈ കാര്യങ്ങള്‍ അവരുടെ ജീവിതത്തിലെ യാഥാര്‍ത്ഥ്യമായി വിവരിക്കുമ്പോള്‍ വായനക്കാരുടെ മനസ്സില്‍ അവിശ്വസനീയത കൊണ്ടുണ്ടായ പ്രതിഷേധം നിറയുന്നു. പക്ഷെ മാധവിക്കുട്ടിയും ഗ്രന്ഥകാരിയും തമ്മിലുള്ള റെക്കോഡ് ചെയ്യപ്പെട്ട സൌഹൃദ സംഭാഷണങ്ങള്‍ ഉപയോഗിച്ചാണ് ഈ കൃതി തയ്യാറാക്കപ്പെട്ടിരിക്കുന്നത് എന്ന് ഗ്രന്ഥകാരി സൂചിപ്പിക്കുന്നുണ്ട്. പ്രാരംഭത്തില്‍ മാധവിക്കുട്ടിയുടെ രചനകളെ ആസ്പദമാക്കി ഒരു ബൃഹദ്കൃതി രചിക്കാനായിരുന്നു ഉദ്ദേശമെങ്കിലും മലയാളത്തിലെഴുതപ്പെട്ട ഭൂരിഭാഗം കൃതികള്‍ വായിച്ച് മനസ്സിലാക്കാനുള്ള പ്രയാസം കൊണ്ട് മാധവിക്കുട്ടിയുമായുള്ള സ്വകാര്യ സംഭാഷണങ്ങള്‍ തന്നെ പുസ്തകമാക്കുകയായിരുന്നു .
1999 ലാണ് ഏറെ വിവാദമായ ഇസ്ലാം മതപരിവര്‍ത്തനം നടക്കുന്നത്. കേരളത്തിലെ യഥാസ്ഥിതികമായ ചുറ്റുപാടില്‍ വിധവയായി ജീവിക്കേണ്ടി വരുന്ന സാമൂഹ്യ വ്യവസ്ഥയെ അവര്‍ വെറുത്ത് തുടങ്ങിയിരുന്നു. എറണാകുളത്തെ ഫ്ലാറ്റില്‍ വെച്ച് അടുത്ത ഫ്ലാറ്റിലെ കുറച്ച് പരിഷ്കാരി സ്ത്രീകള്‍ അമ്പലത്തില്‍ പോകാനായി തിരിച്ചിട്ട് വിധവയായ തന്നെ കണ്ടപ്പോള്‍ ദുശ്ശകുനമെന്ന് കരുതി തിരിച്ച് പോയ കഥ വേദനയോടെ ഒരു അഭിമുഖഭാഷണത്തില്‍ മാധവിക്കുട്ടി പറയുന്നുണ്ട്. രണ്ട് വട്ടം വിവാഹിതനായ ഒരു ഇന്‍ഡ്യന്‍ രാജ്യ സഭാംഗം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയതിന് ശേഷമാണ് മതം മാറ്റത്തെക്കുറിച്ച് മാധവിക്കുട്ടി ചിന്തിച്ച് തുടങ്ങിയത്. തീര്‍ത്തൂം ഒറ്റപ്പെട്ട പ്രതീതിയില്‍ ആ വാഗ്ദാനവും സ്നേഹവും പ്രത്യാശ ജനിപ്പിച്ചു. വൈധവ്യത്തിനു ശേഷം നീണ്ട് നിന്ന ബ്രഹ്മചര്യത്തെ നിഷേധിച്ച് കൊണ്ട് 67 ആം വയസ്സില്‍ ഈ ബന്ധം മാധവിക്കുട്ടിക്ക് ലൈംഗികമായ ഉണര്‍വുണ്ടാക്കിയതായും പുതിയൊരു പ്രണയജീവിതത്തെ പ്രത്യാശയോടെ നോക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. പക്ഷെ വാഗ്ദാനം നല്‍കിയ വ്യക്തി ഒരു ഭീരുവായിരുന്നു. പ്രണയത്തിന് വേണ്ടി എല്ലാം ത്യജിച്ചിറങ്ങിയ മാധവിക്കുട്ടിയെ ഒറ്റപ്പെടുത്തിക്കൊണ്ട് സാമൂഹികമായ ഭീഷണികളെ ഭയന്ന് വാഗ്ദാനങ്ങളില്‍ നിന്ന് പിന്‍ വലിയുകയാണുണ്ടായത് .മാധവിക്കുട്ടിയെ കമലാ സുരയ്യയായി മതം മാറ്റുന്നതിനായി ആ വ്യക്തിക്ക് വിദേശ സാമ്പത്തികസഹായം ലഭിച്ചിരുന്നതായി ആരോപണമുന്നയിക്കുന്നുണ്ട് .മാധവിക്കുട്ടിയുടെ അവസാന കാലത്ത് കൂടെയുണ്ടായിരുന്ന പ്രശസ്ത പത്ര പ്രവര്‍ത്തക ലീലാ മേനോന്‍ ഇത് മനപ്പൂര്‍വ്വം മതം മാറ്റാന്‍ വേണ്ടി നടിച്ച പ്രണയമാണെന്നെഴുതിയിരുന്നത് അന്നേ ഇസ്ലാമിക മതമൌലികവാദത്തിന്റെ കടുത്ത എതിര്‍പ്പിന് കാരണമായിരുന്നു .
ഇസ്ലാമിലേക്ക് മതം മാറിയതും അത് മൂലം ഹിന്ദു വര്‍ഗ്ഗീയ വാദികളില്‍ നിന്ന് നേരിട്ട വധഭീഷണികളും കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഒറ്റപ്പെടേണ്ടി വന്നതും കമലാ സുരയ്യയെ ആത്മീയമായ ഒരു തലത്തിലേക്ക് എത്തിച്ചു .അതോടൊപ്പം തന്നെ മതം മാറ്റത്തിലൂടെ ഭീഷണികളും അതിനെതിരെയുള്ള ഇസ്ലാമിക പിന്തുണയും ഉപജാപക വൃന്ദങ്ങളും അവരെ കൂടുതല്‍ കുഴക്കി . മൌലവിമാരെയും കാവിക്കാരെയും വെറുത്ത് കൊണ്ട് കവിതയെഴുതിയത് അവസാന കാലത്തെ ഈ ആശയ സംഘര്‍ഷങ്ങളില്‍ പെട്ടായിരിക്കണം .
അതൃപ്തമായ ദാമ്പത്യത്തിന്റെയും അരാജകത്വം നിറഞ്ഞ ലൈംഗിക ജീവിതത്തിന്റെയും കഥകള്‍ എഴുതിയ മാധവിക്കുട്ടിയെ ആ കഥകളിലെ നായികയാക്കി മാറ്റുന്നതാണ് ഈ പുസ്തകം. നോണ്‍ ഫിക്ഷന്‍ എന്ന രീതിയില്‍ വസ്തുതകള്‍ മാത്രമാക്കിയാണ് എഴുത്തിന്റെ ശൈലിയെന്നത് കൂടുതല്‍ വിശ്വാസം ജനിപ്പിക്കാന്‍ വേണ്ടി തന്നെയാണ് .ആത്മകഥയെന്നു വിശേഷിപ്പിക്കപ്പെട്ട “എന്റെ കഥ “ പോലും മാധവിക്കുട്ടിയുടെ തന്നെ വന്യമായ ഭാവനകളുടെ ആവിഷ്കാരം മാത്രമായിരുന്നുവെന്നും അതില്‍ യാഥാര്‍ത്ഥ്യത്തിന്റെ അംശം തുച്ഛമാണെന്നും മാധവിക്കുട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന പലരും പിന്നീട് പറഞ്ഞിരുന്നു .“അതൃപ്തമായ ഈ പ്രേമത്തിന്റെ വിലാപകാവ്യങ്ങള്‍ രചിക്കുകയാണ് എന്റെ മനസ്സ്. എന്നെ നീ മനസ്സിലാക്കിയില്ല“ എന്നതായിരുന്നു മാധവിക്കുട്ടിയുടെ പല കഥകളുടെയും പ്രമേയം . ഒരു അഭിമുഖത്തില്‍ സുവര്‍ണ്ണ നാലപ്പാട്ട് കണ്ണീരോടെ പറഞ്ഞത് ഓപ്പോള് അങ്ങനെയൊരു സ്ത്രീയായിരുന്നില്ലെന്നും അമര്‍ത്തപ്പെട്ട സ്ത്രീത്വത്തീന്റെ ഭാവനകളാണ് അതെല്ലാമെന്നായിരുന്നു .മാധവിക്കുട്ടിയുടെ സ്വകാര്യജീവിതത്തിലെ രഹസ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഈ പുസ്തകത്തിന്റെ ധാര്‍മ്മികത അളക്കപ്പെടുന്നത് മാധവിക്കുട്ടിയുടെ മരണം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് ഈ കൃതി പ്രസിദ്ധീകൃതമായതെന്നത് കൊണ്ട് തന്നെയാണ് .ആത്മസുഹൃത്തിന്റെ സൌഹൃദഭാഷണങ്ങള്‍ പുസ്തകവിപണി വിജയത്തിന്റെ പടിഞ്ഞാറന്‍ മാതൃകയായ ലൈംഗികതയും വിവാദവും മേമ്പൊടിക്ക് ചേര്‍ത്ത് വിറ്റഴിക്കപ്പെടുമ്പോള്‍ സത്യമേത് മിഥ്യയേത് എന്നറിയാന്‍ നമുക്കൊരു മറുചോദ്യം ചോദിക്കാന്‍ അവസരമില്ലാതെ പോകുന്നു .
മാധവിക്കുട്ടി ആരെന്നോ എന്തെന്നോ അറിയാത്ത ഒരു സമൂഹത്തില്‍ ഒരു ടാബ്ലോയിഡ് കൃതിയായി വിറ്റഴിക്കപ്പെടുന്ന ഈ പുസ്തകം ആമിയെ നെഞ്ചിലേറ്റുന്ന മലയാളി സമൂഹത്തില്‍ എങ്ങനെയാണ് വായിക്കപ്പെടുക എന്നത് പ്രവചിക്കാനാവില്ല . സദാചാരത്തിന്റെ അതിര്‍ വരമ്പുകള്‍ താണ്ടുന്ന സ്വകാര്യ ജീവിതത്തിന്റെ ഈ “കഥ “ യും വിവാദം സൃഷ്ടിച്ചേക്കാവുന്ന മതം മാറ്റത്തെ സംബന്ധിച്ച പരാമര്‍ശങ്ങളാലും ഈ കൃതി മലയാള സാംസ്കാരിക ലോകത്ത് തീര്‍ച്ചയായും വിവാദങ്ങളുണ്ടാക്കുമെന്നത് തീര്‍ച്ചയാണ് .
Subscribe to:
Posts (Atom)