Like
...........
Wednesday, 27 June 2012
പ്രേതമെഴുത്തുകാര്‍ .
ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ആഡം ലാങ്ങിന്റെ ആത്മകഥ എഴുതാനായി നിയോഗിക്കപ്പെടുന്ന ഒരാളുടെ ജീവിതത്തില്‍ അതിനു ശേഷം സംഭവിക്കുന്ന അനിതരസാധാരണമായ സംഭവ വികാസങ്ങളിലൂടെയുള്ള ദുരൂഹത നിറഞ്ഞ യാത്രയാണ് റൊമാന്‍ പൊളന്‍സ്കിയുടെ Ghost writer എന്ന സിനിമ . തന്റെ മുന്‍ ഗാമിക്കു സംഭവിച്ച ദുരൂഹമായ മരണവും ആഡം ലാങ്ങിനെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളുടെ നിഴലുകളും തന്നെ ഏല്‍പ്പിച്ച ദൌത്യത്തെക്കാളുപരി അയാളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കു പ്രേരിപ്പിക്കുന്നു .സിനിമ മനോഹരമായൊരനുഭവം തന്നെയായിരുന്നു .സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ അവശേഷിച്ചത് ഘോസ്റ്റ് റൈറ്റേഴ്സിനെ കുറിച്ചുള്ള ചില ചിന്തകളായിരുന്നു Ghost writer നെ മലയാളം പദാനുവിവര്‍ത്തനം ചെയ്ത് “പ്രേത എഴുത്തുകാര്‍ “ എന്നെഴുതുമ്പോള്‍ ആദ്യം ബാറ്റണ്‍ ബോസിനെയോ ബ്രാം സ്റ്റോക്കറെയോ ഏറ്റുമാനൂര്‍ ശിവകുമാറിനെയോ ആകും ഓര്‍ക്കുക ,അതില്‍ അല്‍ഭുതമൊന്നുമില്ല .സത്യത്തില്‍ ഘോസ്റ്റ് റൈറ്ററിനു നല്ലൊരു മലയാളം വാക്കില്ല - പകര്‍ത്തിയെഴുത്തുകാരനെന്നോ പകരമെഴുത്തുകാരനെന്നോ വിളിക്കുന്നതൊരു തരം ഏച്ചുകെട്ടലായി തോന്നുന്നു . മറ്റൊരാള്‍ക്കു വേണ്ടി ,അയാളെന്ന വ്യാജേന എഴുതുന്ന എന്തിനെയും Ghost Writing ആയി പരിഗണിക്കാം . മറ്റൊരാളുടെ ആത്മകഥ ,ഓര്‍മ്മക്കുറിപ്പ് അല്ലെങ്കില്‍ മറ്റൊരാളെന്ന വ്യാജേനയുള്ള എന്തെങ്കിലും എഴുതേണ്ടി വരുമ്പോള്‍ എഴുതപ്പെടേണ്ട ആളായി മാറുന്ന ഒരു തരം കൂടുവിട്ടൂ കൂടുമാറലവിടെ നടക്കുന്നുണ്ട് ,ആ അര്‍ത്ഥത്തില്‍ “പ്രേതമെഴുത്ത് “ എന്ന സംജ്ഞ തന്നെ ഉപയോഗിക്കുകയാണ് നല്ലതെന്നു തോന്നുന്നു :).
പ്രേതമെഴുത്തിന് അങ്ങനെ നിയതമായ രീതികളോ രൂപമോ ഒന്നുമില്ല കഥ ,നോവല്‍ , കവിത ,തിരക്കഥ എന്തിന് ബ്ലോഗ് പോലും ഇത്തരത്തില്‍ പകരമെഴുത്തുകാരെക്കൊണ്ട് എഴുതപ്പെടുന്നവയുണ്ട്. ക്രിക്കറ്റിലോ രാഷ്ട്രീയത്തിലൊ സിനിമയിലോ പ്രസിദ്ധനായ ഒരാള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഒരു സാഹിത്യകാരനെക്കാള്‍ അസാമാന്യമായ ഭാഷാ മികവും ശൈലീ വിലാസവുമായി ആത്മകഥയെഴുതി നമ്മളെ അമ്പരപ്പിക്കുമ്പോള്‍ അതിനു പിന്നില്‍ അറിയപ്പെടാത്ത ഒരാളുടെ പ്രയത്നമുണ്ടാകാനാണ് സാധ്യത.പ്രതിഫലത്തിനു വേണ്ടി പ്രശസ്തര്‍ക്കായി എഴുതുന്നത് തന്നെയാണ് ഘോസ്റ്റ് റൈറ്റിങ്ങിന്റെ മുഖ്യഹേതു , ഒരാളുടെ പ്രശസ്തിക്കനുസരിച്ചു പ്രതിഫലവും കൂടും പക്ഷെ ഘോസ്റ്റ് റൈറ്റിങ്ങ് അത്ര നിസ്സാരമായ പ്രവൃത്തിയല്ല - ഒരു മാതിരിപ്പെട്ട ആത്മകഥകളും ഓര്‍മ്മക്കുറിപ്പുകളുമെല്ലാം ഗ്ലോറിഫൈഡ് കളവുകളാണ് ,അത് സത്യസന്ധമെന്നു തോന്നുന്ന തരത്തിലെഴുതലാണ് പകര്‍ത്തിയെഴുത്തുകാരന്റെ പ്രധാന കര്‍ത്തവ്യം ,അതിനായി എഴുതപ്പെടേണ്ടയാളുടെ ആത്മരതിയുടെ അംശങ്ങളതില്‍ എഴുത്ത് അലിയിപ്പിച്ചെടുക്കേണ്ടതുണ്ട് അതു കൊണ്ട് തന്നെ എഴുതപ്പെടേണ്ട ആത്മാവിലേക്കു കൂടു വിട്ടൂ കൂടുമാറാനായി ഒരു പാട് പ്രയത്നങ്ങള്‍ ആവശ്യമുണ്ട് . ഉദാഹരണത്തിനു ഒരു ക്രിക്കറ്ററുടെ ആത്മകഥ/ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതേണ്ടി വരുമ്പോള്‍ അയാളുടെ കരിയറിന്റെ തുടക്കം മുതലുള്ള ഓരോ കാര്യങ്ങളും വസ്തുതാ പരമായ വിശകലനത്തിനു വിധേയമാക്കേണ്ടതുണ്ട് .ആദ്യ ഘട്ടത്തില്‍ അതത് മേഖലയിലെ സവിശേഷമായ സാങ്കേതിക കാര്യങ്ങളില്‍ വ്യക്തമായ അറിവു നേടണം ,ഓരോ മാച്ചിലെയും സംഭവങ്ങളെ പറ്റി വിശദമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരിക്കണം ,ഓരോരോ വര്‍ഷങ്ങളിലെയും നേട്ടങ്ങള്‍, ഉയര്‍ച്ചകള്‍ എല്ലാം ഒരു സ്ഥിതിവിവരക്കണക്കു പോലെ അടുക്കി വെച്ചിരിക്കണം -ഇങ്ങനെ ശേഖരിച്ചെടുക്കുന്ന വരണ്ട സ്റ്റാറ്റിസ്റ്റിക്സുകളെ പൊലിപ്പിച്ചെടുക്കലാണ് രണ്ടാം ഘട്ടം അവിടെയാണ് പ്രസാധകന്റെ വിപണന തന്ത്രങ്ങള്‍ക്കായുള്ള വിവാദങ്ങള്‍ കുത്തിത്തിരുകേണ്ടത് ,ആരെയെങ്കിലും പരാമര്‍ശിച്ചു കൊണ്ടുള്ള ഒരു വാചകം ,വിവാദമായ എന്തെങ്കിലും കാര്യങ്ങളിലുള്ള ഒരു അഭിപ്രായ പ്രകടനം - അത്തരമൊരു വിവാദം വായിക്കാന്‍ വേണ്ടി മാത്രം ആ പുസ്തകം വാങ്ങിക്കുന്നവരാണ് നല്ലൊരു ശതമാനം . അതിനൊരുത്തമോദാഹരണമാണ് പാക്കിസ്ഥാന്‍ ക്രിക്കറ്ററായ ഷോയിബ് അക്തറിന്റേതായി ഈയിടെ ഇറങ്ങിയ ഓര്‍മ്മക്കുറിപ്പായ “ Controversially Yours -ല്‍ .സച്ചിനും ദ്രാവിഡുമെല്ലാം തന്റെ ബോളിനെ ഭയന്നു വിറച്ചിരുന്നു എന്ന് പ്രീ പബ്ലിക്കേഷനു മുമ്പ് തന്നെ പ്രചരിപ്പിച്ചത് .ഇതു കേട്ടത് കൊണ്ട് മാത്രം ആ പുസ്തകം വാങ്ങിയവരാകും ഭൂരിഭാഗം ഇന്‍ഡ്യന്‍ വായനക്കാരും .വിവാദങ്ങളില്ലാത്ത ഒരു പുസ്തകം വില്‍ക്കാന്‍ പറ്റില്ലെന്നുള്ള പ്രസാധകന്റെ നല്ല ബോധ്യത്തിനു തെളിവാണ് നളിനി ജമീലയുടെയും സിസ്റ്റര്‍ ജെസ്മിയുമെല്ലാം അവരൊരു വാക്കു പോലുമെഴുതാത്ത “ആത്മകഥകള്‍“ പല പതിപ്പ് വിറ്റു പോകുന്നത്
Ghost writing പല ഘട്ടങ്ങളിലും സ്വീകരിക്കപ്പെടാം ,ഒരു കൃതി ആരംഭിക്കുന്നതിനു മുമ്പ് മുതല്‍ അവസാന മിനുക്കു പണികളില്‍ വരെ ഘോസ്റ്റ് റൈറ്റേഴ്സിന്റെ സേവനം ഉപയോഗപ്പെടുത്താം ,ചിലപ്പോള്‍ ഒരു ഏകദേശരൂപരേഖയെ [ബ്ലൂ പ്രിന്റ് ] ഒന്നു മിനുക്കിയെടുക്കാനായി ചെറിയ ചില മാറ്റങ്ങളൊക്കെ വരുത്തി അവതരിപ്പിക്കുന്നത് പോലും ഘോസ്റ്റ് റൈറ്റിങ്ങിന്റെ പരിധിയില്‍ പെടാം .നമ്മുടെ തന്നെ പല സാഹിത്യകാരന്മാരുടെയും കൃതികള്‍ ഇത്തരത്തില്‍ പ്രസാധന സ്ഥാപനത്തിലെ എഡിറ്റര്‍മാരുടെയോ പ്രൂഫ് റീഡേഴ്സ്നിന്റെയോ “കൈ കടത്തലിന് “ ഇരയായിട്ടുണ്ടാകാം ,ഇത്തരത്തിമൊരനുഭവം ഒരിക്കല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയും പറഞ്ഞിരുന്നു . അദ്ദേഹത്തിനെതിരെ ടാഗോറിന്റെ കൃതിയുമായുള്ള അനുകരണ വിവാദം [plagiarism ] സംബന്ധിച്ചുള്ള ഒരു ചോദ്യത്തിനുള്ള മറുപടിയില്‍ അദ്ദേഹം നിഷ്കളങ്കമായി പറഞ്ഞു - അത് എഡിറ്റര്‍മാര്‍ പറ്റിച്ച പണിയാണ് ,ഞാനറിയാതെയാണ് അവരാ ഭാഗം കൂട്ടിച്ചേര്‍ത്തതെന്ന് !!! അങ്ങനെ ഒരു മുഖ്യധാരാ എഴുത്തുകാരനെ “തിരുത്താനും “ മറ്റൊരു കൃതിയിലെ ഭാഗങ്ങള്‍ അനുകരിച്ച് വെക്കാനും മാത്രം അവകാശം പബ്ലിഷിങ്ങ് സ്ഥാപനങ്ങളിലെ എഡിറ്റര്‍മാര്‍ക്കുണ്ടായിരുന്നുവെങ്കില്‍ എഴുത്തുകാരന്റെ സര്‍ഗ്ഗാത്മകതയെക്കാള്‍ അയാളുടെ “പോപ്പുലാരിറ്റി “ ആണ് വില്‍ക്കപ്പെടുന്നതെന്നു വേണം പറയാന്‍ . പലപ്പോഴും കൃതികളില്‍ പല മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും എഡിറ്റര്‍മാരുടെയും പ്രൂഫ് റീഡര്‍മാരുടെ വകയായും സംഭവിക്കാറുണ്ട് . ചിലപ്പോള്‍ ഇതു എഴുത്തുകാരുടെ അനുവാദത്തോടെയാകണമെന്നുമില്ല ,ചിലപ്പോള്‍ ആശയക്കുഴപ്പം കൊണ്ടും സംഭവിക്കാം ,വലിയ പ്രശ്നങ്ങളൊന്നും സംഭവിക്കാത്തതു കൊണ്ട് അത് അവഗണിക്കുകയായിരിക്കും പതിവ് .
പ്രസാധകരുടെ ഇടപെടലുകള്‍
പോപുലറായ ഒരു എഴുത്തുകാരന്റെ പുസ്തകത്തിനു ലഭിക്കുന്ന സവിശേഷമായ സ്വീകാര്യത മുതലെടുക്കാന്‍ വേണ്ടി പലപ്പോഴും പ്രസാധകര്‍ ഇതിനു മുന്‍ കയ്യെടുക്കാറുണ്ട് . മിക്കവാറും പോപ്പുലറായ എഴുത്തുകാരുടെയൊക്കെ കൃതികള്‍ അതിന്റെ ചൂടപ്പം പോലെ വിറ്റഴിയുകയും അത്തരത്തില്‍ ഡിമാന്റുള്ള സമയത്ത് ആവശ്യത്തിനു കൃതികള്‍ ലഭ്യമാകാതിരിക്കുകയും ചെയ്യുമ്പോള്‍ പ്രസാധകന്‍ ആ എഴുത്തുകാരനുമായി ഒരു ഒത്തുത്തീര്‍പ്പിലെത്തുന്നു ,ആ എഴുത്തുകാരന്റെ അതേ ശൈലിയില്‍ എഴുതുന്ന ഏതെങ്കിലും മികച്ച Ghost writer ഉപയോഗിച്ചു ആ എഴുത്തുകാരന്റെ അതേ ശൈലിയില്‍ തന്നെ എഴുതിക്കുന്നു , പ്രസാധകന്‍ എഴുത്തുകാരന്റെ പ്രസിദ്ധിയെ മുതലെടുക്കുന്നു ,എഴുത്തുകാരന് അധ്വാനമില്ലാതെ തന്നെ ആ കൃതിയുടെ പ്രതിഫലവും റോയല്‍റ്റിയും ലഭിക്കുന്നു ,പകരമെഴുതുന്നയാള്‍ക്കാകട്ടെ തന്റെ ജോലിക്കു നല്ല കൂലിയും ലഭിക്കുന്നു - ഈയൊരു ഇടപാടില്‍ എല്ലാവര്‍ക്കും ലാഭമാണ് ,വിഡ്ഡികളാക്കപ്പെടുന്നത് വായനക്കാരന്‍ മാത്രവും , ഒരു പക്ഷെ യഥാര്‍ത്ഥ എഴുത്തുകാരന്റെ കൃതിയെക്കാള്‍ വായനക്കാരന്‍ അത് ആസ്വദിച്ചിട്ടുണ്ടെങ്കില്‍ ? പക്ഷെ “വിഡ്ഡിയാക്കപ്പെടല്‍ “ ആപേക്ഷികം മാത്രമാകും . സിഡ്നി ഷെല്‍ഡനൊക്കെ തന്റെ ഒരു കൃതിയ്ക്ക് പ്രതിഫലം വാങ്ങിയിരുന്നത് ഓരോ പേജിന്റെ എണ്ണം കണക്കിലെടുത്തായിരുന്നു എന്നു കേട്ടിട്ടുണ്ട് , അത്രയ്ക്കു പ്രചാരമുണ്ടായിരുന്നു ഷെല്‍ഡന്‍ കൃതികള്‍ക്കു ,ആ പ്രചാരം പ്രസാധകര്‍ നന്നായി മുതലെടുത്തിരിക്കാന്‍ സാധ്യതയുണ്ട് കാരണം സിഡ്നി ഷെല്‍ഡന്റെ അവസാനമിറങ്ങിയ പല നോവലുകള്‍ക്കും ഇത്തരത്തിലൊരു “പ്രേതബാധയുടെ “ ലക്ഷണമുണ്ടായിരുന്നതായി വായനക്കാര്‍ നിരീക്ഷിച്ചിട്ടുണ്ട് .
സര്‍ഗ്ഗധനരായ എഴുത്തുകാരെ അനുകരിക്കുന്നത് അസാധ്യമായ ഒരു കാര്യമാണ് . മികച്ച എഴുത്തുകാര്‍ക്കു സര്‍ഗ്ഗാത്മകതയുടെ ഒരു സ്വത്വരൂപമുണ്ട് ,ശൈലിയുടെ ,ഭാഷയുടെ എല്ലാം രൂപത്തില്‍ അവരുടെ എഴുത്തിനെ മനോഹരമാക്കുന്ന ഒന്ന് ,മനപ്പൂര്‍വമല്ലാതെ തന്നെ അത് അവരുടെ Identity യെ വായനക്കാര്‍ക്കു മുമ്പില്‍ വെളിപ്പെടുത്തുന്നു .എം ടി യും എന്‍ പി മുഹമ്മദും ചേര്‍ന്നു “അറബി പൊന്ന് “ എഴുതുമ്പോള്‍ പരമാവധി തനത് ശൈലിയില്‍ നിന്നു വിമുക്തമാക്കി ഒരു ഏകീകൃതശൈലിയില്‍ എഴുതാന്‍ ശ്രമിക്കണമെന്ന് പരസ്പരം ഒരു നിബന്ധന വെച്ചിരുന്നതായി കേട്ടിട്ടുണ്ട് ,പക്ഷെ എന്നിട്ട് പോലും അറബിപ്പൊന്നു വായിക്കുമ്പോള്‍ എം ടിയെയും എന്‍ പി യെയും വായിച്ചു പരിചയമുള്ള ഒരാള്‍ക്കു ഏതൊക്കെ അധ്യായം ആരൊക്കെ എഴുതിയന്ന് വ്യക്തമായി മനസ്സിലാകുമായിരുന്നു .സര്‍ഗ്ഗാത്മകതയെ അനുകരിക്കുക എന്നത് അത്ര നിസ്സാര കാര്യമല്ലല്ലോ ,പലപ്പോഴും ഒരു ഒപ്പിക്കലായി പോകുന്നതും നിലവാരത്തില്‍ താഴ്ന്നു പോകുന്നതും അതു കൊണ്ടാണ് . മാധവിക്കുട്ടിയുടേതായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ടശ പ്രസിദ്ധീകരിച്ചിരുന്ന “വണ്ടിക്കാളകള്‍ “ ഇത്തരമൊരു പ്രേതമെഴുത്തായിരുന്നോ ? ,മാതൃഭൂമിയിലെ ഏതെങ്കിലും സബ് എഡിറ്റര്‍മാര്‍മാരുടെ രചനയായിരിക്കുമെന്ന് എന്നു ചിലപ്പോള്‍ സംശയം തോന്നിയിട്ടുണ്ട് . ഭാഷയിലെ ,ശൈലിയിലെ ഒക്കെ വ്യത്യാസവും നിലവാരമില്ലായ്മയും കൊണ്ട് തോന്നിയ വെറും സംശയം മാത്രമാകാം . ഒരു പക്ഷെ അവസാന കാലത്തുണ്ടായ വിവാദങ്ങള്‍ അവരുടെ സര്‍ഗ്ഗാത്മകതയെ കാര്യമായി ബാധിച്ചിരുന്നതുമാകാം .
പ്രേതമെഴുത്തിന്റെ മലയാള പാരമ്പര്യം
പാശ്ചാത്യ പ്രസാധകര്‍ മാത്രമായിരുന്നില്ല ഈ പ്രേതബാധയുടെ ഉപഭോക്താക്കള്‍ , മലയാള പ്രസാധന രംഗത്തെ കുലപതിയായ ഡി സി കിഴക്കെ മുറിയും ഒരു കുമ്പസാരം കണക്കെ "ചിരിക്കാം ചിന്തിക്കാം “ എന്ന തന്റെ സ്വന്തം കൃതിയില്‍ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഇത്തരമൊരു കഥ പറഞ്ഞിട്ടുണ്ട് .1949 ല്‍ എന്‍ ബി എസും [National book stall] ഉം സാഹിത്യ പ്രവര്‍ത്തക സംഘവും ലയിച്ച സമയം , ഡി സി കിഴക്കേമുറിയും കാരൂരുമായിരുന്നു അന്ന് സാഹിത്യപ്രവര്‍ത്തക സംഘത്തിന്റെ ചുമതലയുള്ള ആളുകള്‍ ,ഏത് വിധേനയും സാഹിത്യപ്രവര്‍ത്തക സംഘത്തിനെ വളര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം .ആയിടയ്ക്ക് പാഠപുസ്തക കമ്മിറ്റി പാഠ്യപദ്ധതിയിലേക്ക് വേണ്ടി പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നതായൊരു വാര്‍ത്ത ഡി സി കിഴക്കേ മുറി കാണുന്നത് .അതിലേക്കൊരു പുസ്തകം തിരഞ്ഞെടുക്കുക എന്നു പറഞ്ഞാല്‍ വളരെ എളുപ്പത്തില്‍ പതിനായിരക്കണക്കിനു കോപ്പികള്‍ ചിലവാകും ,സാമ്പത്തികമായി വലിയ നേട്ടമായിരുന്നു .ഡി സി കിഴക്കേമുറി ഇക്കാര്യം കാരൂരുമായി ചര്‍ച്ച ചെയ്തു ,കാരൂരിന്റെ കയ്യിലാണെങ്കില്‍ കുട്ടികള്‍ക്കു വേണ്ടി എഴുതിയ കൃതികളൊന്നും തന്നെയില്ല ,പെട്ടെന്നൊരു പുസ്തകം എഴുതാനുള്ള സമയവുമില്ല ,അപ്പോഴാണ് ഡി സി കാരൂരിനോട് പറയുന്നത് അപ്രശസ്തമായ ഏതെങ്കിലും ഒരു ചെറിയ കൃതി കാരൂരിന്റെ പേരില്‍ പാഠപുസ്തക കമ്മിറ്റിക്കു സമര്‍പ്പിക്കാം എന്ന് ,ആദ്യമൊന്നും കാരൂര്‍ സമ്മതിച്ചില്ലെങ്കിലും “സാഹിത്യ പ്രവര്‍ത്തക സംഘത്തിനു ഇതു കൊണ്ടുണ്ടാകുന്ന നേട്ടമോര്‍ത്തു അവസാനം അതിനു സമ്മതിക്കുകയായിരുന്നു .അങ്ങനെയാണ് തിരുവല്ലാ കേശവപ്പിള്ളയെന്ന അധ്യാപകന്റെ അപ്രസിദ്ധമായ “ബാലചന്ദ്രന്‍ “ എന്ന കൃതി സാഹിത്യ പ്രവര്‍ത്തക സംഘം വാങ്ങുകയും കാരൂരിന്റെ പേരില്‍ പാഠ പുസ്തക കമ്മിറ്റിക്കു സമര്‍പ്പിക്കുകയും ചെയ്തത് . ഇതില്‍ സാഹിത്യ പ്രവര്‍ത്തക സംഘത്തിനു നല്ല ലാഭം കിട്ടി ,തിരുവല്ല കേശവപ്പിള്ളക്ക് പ്രതിഫലവും ,കാരൂരിന് ഇതില്‍ സാമ്പത്തികമായി അഞ്ച് പൈസയുടെ നേട്ടമുണ്ടായില്ല എന്നു ഡി സി ആണയിടുന്നു ,അതിനൊപ്പം ഈ “കൊള്ളരുതായ്മ “ യുടെ മുഴുവന്‍ ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുക്കുന്നു .രസകരമായ സംഗതി “ബാലചന്ദ്രന്‍ “ എന്ന കാരൂരിന്റെ വ്യത്യസ്ഥമായ കൃതിയെക്കുറിച്ച് പില്‍ക്കാലത്ത് ഒരു പാട് ചര്‍ച്ചകള്‍ നടന്നു . ഇവിടെ പ്രസാധകന്റെ സത്യസന്ധമായ തുറന്നു പറച്ചില്‍ കൊണ്ട് “ബാലചന്ദ്രന്റെ “പിതൃത്വം“ വെളിവാക്കപ്പെട്ടു ,പക്ഷെ എത്രയോ “പ്രേതകഥകള്‍ “ ആരുമറിയാതെ അണിയറയിലവസാനിച്ചിട്ടൂണ്ടാകാം .
ആത്മകഥകളും സ്വഗതാഖ്യാനങ്ങളും .
എന്തായാലും ഡി സി കിഴക്കേമുറി ആരംഭിച്ചു വെച്ച ഈ പാരമ്പര്യം ഡി സി ബുക്സുകാര്‍ ചില മാറ്റങ്ങളോടെ തന്നെ പിന്തുടരുണ്ട് , സാധാരണ ഗതിയില്‍ പ്രശസ്തരുടെ ആത്മകഥകളിലേക്ക് ഒളിഞ്ഞു നോക്കുന്നതിലാണ് വായനക്കാര്‍ക്കു താല്പര്യം ഇപ്പോള്‍ ആ ട്രെന്റ് അപ്രശസ്തരായവരായതെങ്കിലും അസാധാരണമായ ഇടങ്ങളിലുള്ളവരുടെ സ്വഗതാഖ്യാനങ്ങളാണ് .അങ്ങനെയാണ് കള്ളനും വേശ്യയും കന്യാസ്ത്രീയും എക്സ്ട്രാ നടിയുമെല്ലാം വേറാരുടെയൊക്കെ വാക്കുകളാല്‍ ആത്മകഥകളാകുന്നതും സാഹിത്യനിരയിലേക്കു വരുന്നതും . - ഞാന്‍ ലൈംഗിക തൊഴിലാളി [നളിനി ജമീല ] ,ആമേന്‍ [സിസ്റ്റര്‍ ജെസ്മി ] ,കള്ളന്റെ ആത്മകഥ [മണിയന്‍ പിള്ള ] ,ഡ്യൂപ്പ് :ഒരു എക്സ്ട്രാ നടിയുടെ ആത്മകഥ [സുരയ്യ ഭാനു ] എന്നിങ്ങനെ ഒരു വാചകം പോലും സ്വന്തമായെഴുതാത്ത ആത്മകഥകള്‍ സൃഷ്ടിക്കപ്പെടുന്നത് .ഇതെല്ലാം ആത്മകഥയ്ക്കും സ്വഗതാഖ്യാനത്തിനും ഇടയില്‍ വരുന്ന സംഗതികളാണ് ,ഇതില്‍ ഇപ്പറഞ്ഞവരാരും എഴുതിയിട്ടില്ല എങ്കിലും ഇവര്‍ എഴുത്തുകാരാകുന്നു ,ആത്യന്തികമായി ലാഭം കൊയ്യുന്നത് പ്രസാധകനും .ഇനി യഥാര്‍ത്ഥത്തില്‍ നളിനി ജമീലയോ സിസ്റ്റര്‍ ജെസ്മിയോ എഴുതിയതാണെങ്കില്‍ പോലും അതില്‍ സാഹിത്യസംബന്ധിയായ ഒന്നുമില്ല ,അതിനെ ഒരു “ആക്റ്റിവിസം “ എന്നു വേണമെങ്കില്‍ പറയാം .
പാശ്ചാത്ത്യരാജ്യങ്ങളില്‍ Ghost writing ഒരു Professional Job തന്നെയാണ് .ആവശ്യമുള്ളവര്‍ക്കു ഇത്തരത്തിലുള്ള “പകരമെഴുത്തുകാരെ “ നല്‍കാന്‍ വേണ്ടി Ghost writers link പോലെ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ പോലുമുണ്ട് .അവിടങ്ങളില്‍ തിരക്കഥാ രചനയും നോവല്‍ രചനയുമെല്ലാം ഒരു കോഴ്സായി തന്നെ പഠിപ്പിക്കുമ്പോള്‍ പിന്നെ ഘോസ്റ്റ് റൈറ്റിങ്ങിനു മാത്രം അയിത്തം കല്‍പ്പിക്കേണ്ടതില്ലല്ലോ .മികച്ച പ്രതിഫലവും മികച്ച സൌകര്യങ്ങളുമുള്ള ജോലിയാണ് ഘോസ്റ്റ് റൈറ്റിങ്ങ് .ശരാശരി പ്രതിഫലം 30000 $ - 100000 $ വരെ ഉണ്ടെന്ന് ഈ മേഖലയിലെ ഏജന്‍സിയായ Ghost writers link പറയുന്നു ,ഇത് കൂടാതെ എഴുതുന്ന കാലയളവിലുള്ള മികച്ച താമസ ഭക്ഷണ - സൌകര്യങ്ങള്‍ ,മറ്റ് അടിസ്ഥാനാവശ്യങ്ങളെല്ലാം പരിഗണിക്കപ്പെടുന്നുണ്ട് .ഇത് സാധാരണ ഗതിയിലുള്ള കാര്യമാണ് . അതിപ്രശസ്തരായ ആളുകളുടേതാകുമ്പോള്‍ പ്രതിഫലത്തുക കൂടാം ,റോയല്‍റ്റി ലഭിക്കാം മറ്റു ചിലപ്പോള്‍ “Literary contribution " എന്നൊക്കെ ക്രെഡിറ്റില്‍ പോലും വരാം .ഈയിടെ ബില്‍ ക്ലിന്റന്റെ ഭാര്യയും മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായ് ഹില്ലാരി ക്ലിന്റന്റെ “ Memoirs " എഴുതിയതിന് പ്രതിഫലം കൊടുത്തത് 500000 $ ,ഏകദേശം 2.75 കോടി രൂപ ,അതിനു പുറമെ പുസ്തകത്തിന്റെ റൊയല്‍റ്റിയില്‍ നിന്നൊരു പങ്കും .പക്ഷെ ഇന്‍ഡ്യയിലെ സ്ഥിതി പരിതാപകരമാണ് ഘോസ്റ്റ് റൈറ്റേഴ്സ് അണിയറയില്‍ തന്നെ ഒതുങ്ങാറാണ് പതിവ് , മിക്കവാറും ഈ ഘോസ്റ്റ് റൈറ്റേഴ്സ് എല്ലാം തന്നെ നല്ല സാഹിത്യകാരനാകണമെന്നുള്ള കാല്പനിക മോഹവുമായി ഏതെങ്കിലും പ്രസാധകന്റെ കാരുണ്യത്തിനായി കാത്തു നില്‍ക്കുന്നവരാകാം അല്ലെങ്കില്‍ അല്പം അധിക വരുമാനം മോഹിക്കുന്ന ഒരു പത്രപ്രവര്‍ത്തകനാകാം .ഒരു പാട് സമ്പന്നരായ "പ്രാഞ്ചിയേട്ടന്മാരുടെ “ താവളമാണ് കേരളം അവര്‍ക്കൊക്കെ ആത്മകഥകളും ഓര്‍മ്മക്കുറിപ്പുകളും എഴുതി നെഗളിക്കാന്‍ തോന്നട്ടെഎന്നാഗ്രഹിക്കാം. അങ്ങനെയെങ്കിലും സര്‍വ്വകലാശാലാ ബിരുദവും തൊഴിലില്ലായ്മയും ആവശ്യത്തിലധികമുള്ള ,ജീവിക്കാന്‍ വഴിയില്ലാതെ രണ്ടാം കിട പത്രങ്ങളില്‍ ട്രയിനിയായും പൊട്ടിപ്പൊളിയാറായ പ്രസാധക സ്ഥാപനങ്ങളില്‍ എഡിറ്റര്‍ പണി ചെയ്തും കഷ്ടപ്പെടുന്ന കുറെ പ്രേതാത്മക്കള്‍ രക്ഷപ്പെടട്ടെ .
Subscribe to:
Posts (Atom)