
പദ്മരാജന്റെ തന്നെ അതേ പേരിലുള്ള ഒരു ചെറുകഥയെ അനുകല്പനമാക്കി 1986 ല്‍ പുറത്തു വന്ന ചിത്രമാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ .തന്റെ ഏറ്റവും മികച്ച ചിത്രമായി പദ്മരാജന്‍ തന്നെ വിലയിരുത്തിയ അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ അദ്ദേഹത്തിനു വലിയ പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും പ്രതീക്ഷകള്‍ക്കനുസരിച്ചു പ്രേക്ഷക ശ്രദ്ധയോ ബോക്സ് ഓഫീസ് വിജയമോ നേടാന്‍ ആ ചലച്ചിത്രത്തിനു കഴിഞ്ഞില്ല . ഒരു വലിയ പൂങ്കുലയപ്പാടെ മുഴുവന്‍ തന്റെ കയ്യടക്കം കൊണ്ടു ഒളിപ്പിച്ചു വെക്കാനും ഒരു അനിശ്ചിതാവസ്ഥയുടെ ഇടവേളക്കു ശേഷം അപ്രതീക്ഷിതമായി വെളിപ്പെടുത്തി കാണികളെ വിസ്മയിപ്പിക്കാനുമുള്ള ആ കയ്യടക്കമാണ് ഒരു മാന്ത്രികന്റെ പ്രതിഭയെന്നു പറയാറുണ്ട് - അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ ആ കയ്യടക്കത്തിന്റെ മനോഹരമായ ചിത്രം നമുക്കു ലഭിക്കും .ഒരു പെണ്ണിന്റെയും അര്‍ദ്ധ നഗ്ന മേനിയില്ലാതെ , അശ്ലീലം ചുവക്കുന്ന ദ്വയാര്‍ത്ഥ വാചകങ്ങളില്ലാതെ ,കണ്ണുകളില്‍ കാമം നിറച്ച വിടന്മാരായ പുരുഷ കഥാപാത്രങ്ങളില്ലാതെ ഒരു വേശ്യാലയത്തിന്റെ കഥ പറയുവാന്‍ പദ്മരാജനേ കഴിയൂ .
നഗരവാസികളായ സക്കറിയ , ഹിലാല്‍ , ഗോപി എന്നിങ്ങനെ മൂന്നു സുഹൃത്തുക്കള്‍ ഒരു വിഷുത്തലേന്നു രാത്രി ബാറില്‍ സംഗമിക്കുന്നിടത്തു നിന്നാണ് കഥയുടെ ആരംഭം .സക്കറിയ ഒരു അരാജക വാദിയുടെ മട്ടും ഭാവവും സൂക്ഷിക്കുന്ന മദ്യത്തെ മാത്രം സ്നേഹിക്കുന്ന ഒരു rough & tough ടൈപ്പാണ് , ഗോപി കേസില്ലാ വക്കീലും അല്പം രസികത്തവുമൊക്കെയുള്ള കുടുംബസ്ഥനും ഹിലാല്‍ ഈ സൌഹൃദത്തിലെ ഇളമുറക്കാരനും പതിവ്രതനുമാണ് . ഈ മൂവര്‍ക്കൊപ്പം ചേരുന്ന ഇവരുടെ മറ്റൊരു സുഹൃത്തായ ജോസഫിന്റെ “ കുറച്ചു സുന്ദരിമാരെ കണി കൊണ്ടു ആസ്വദിച്ചു കൊണ്ടു വിഷുക്കണി ആഘോഷിച്ച് കളയാമെന്നുള്ള “ ഫാന്റസി നിറഞ്ഞ ക്ഷണം ഒരു ഗ്രാമീണ വേശ്യാലയത്തിലേക്കുള്ളതാണ് . ഒരു മാളുവമ്മയാണ് അതിന്റെ നടത്തിപ്പുകാരി , ഒരിക്കല്‍ സക്കറിയയും ജോസഫും ഈ മാളുവമ്മയുടെ സ്ഥലത്തേക്കു പോയിട്ടുമുണ്ട് .അങ്ങനെ ആ രാത്രി തന്നെ നാല്‍ വര്‍ സംഘം മാളുവമ്മയുടെ “കുട്ടികളെ “ കാണാനായി തിരിക്കുകയാണ് . ജോസഫിനു അവിടെ പോകുന്നതില്‍ സ്വകാര്യവും സ്വാര്‍ത്ഥവുമായ ഒരാഗ്രഹം കൂടിയുണ്ട് - മാളുവമ്മയുടെ അടുത്തു പുതിയ ഒരു പെണ്‍കുട്ടി വന്നിട്ടുണ്ട് - ഗൌരിക്കുട്ടി , അവളെ അയാള്‍ക്കു വേണം .അങ്ങനെ ആ യാത്ര ആരംഭിക്കുകയും ഇടയ്ക്കു വെച്ചു ജോസഫും സക്കറിയായും തമ്മിലുണ്ടായ പിണക്കത്തില്‍ തന്റെ ഔദാര്യത്തിലാണ് യാത്രയെന്നു ജോസഫ് പറയുന്നിടത്തു വെച്ചു ജോസഫിന്റെ സമ്പത്തിന്റെ ധാര്‍ഷ്ട്യത്തിനു തങ്ങളെ കിട്ടില്ലെന്നറിയിച്ചു കൊണ്ട് സക്കറിയയും ഹിലാലും ഗോപിയും ജോസഫില്ലാതെ തന്നെ മാളുവമ്മയുടെ വീട്ടിലേക്കു യാത്ര തിരിക്കുന്നു. അവിടെ നിന്നാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തിലേക്കുള്ള വാതായനങ്ങള്‍ തുറക്കുന്നത് .
അരപ്പട്ട കെട്ടുന്ന “മാപ്പിളമാരെ “ പ്രകടമായി തന്നെ കാണിക്കുന്നതു കൊണ്ടു അരപ്പട്ട കെട്ടിയ ഗ്രാമം എന്ന പേരു ഒരു മുസ്ലീം ആധിപത്യ ഗ്രാമത്തെക്കുറിച്ചാണെന്നു ചില നിരീക്ഷണങ്ങളുണ്ടെങ്കിലും നായര്‍ പ്രമാണിയായ പണിക്കരുടെ അനുചരനായ നാരായണനും അരപ്പട്ട [ബെല്‍റ്റ് ] കെട്ടൂന്നതായി കാണുന്നുണ്ട് അതു കൊണ്ടൂ തന്നെ യുദ്ധസജ്ജരായ ഗ്രാമീണര്‍ എന്നതിന്റെ കാവ്യാത്മകമായ പ്രയോഗമാവാനേ സാധ്യതയുള്ളൂ . , ഈ ഗ്രാമത്തിന്റെ സംരക്ഷണവും ആധിപത്യവും മൂപ്പന്‍ എന്നു പേരുള്ള മുസ്ലീം പ്രമാണിയുടെ അനുചരര്‍ക്കാണ് . മാളുവമ്മയുടെ ഇടപാടുകള്‍ മൂപ്പന്റെ സമ്മതത്തിലും സംരക്ഷണത്തിലുമാണ് നടക്കുന്നത് , പുതുതായി എത്തുന്ന പെണ്‍ കുട്ടികളുടെ ആദ്യാവകാശം മൂപ്പനാണ് എന്നൊരു അലിഘിത നിയമം ഈയൊരു സംരക്ഷണ ഉടമ്പടിയിലുണ്ട് . ഒരുള്‍ നാടന്‍ ഗ്രാമത്തിലെ നഷ്ടപ്രതാപത്തിന്റെ സൂചനകള്‍ നിറഞ്ഞു നില്‍ക്കുന്ന ചാലക്കുടി വീട്ടില്‍ എന്ന നായര്‍ തറവാട്ടിലെ മാളുവമ്മ തന്റെ പ്രതാപം നില നിര്‍ത്താനും ഉപജീവനത്തിനുള്ള മാര്‍ഗ്ഗമായുമാണ് ഈയൊരു വേശ്യാലയം നടത്തുന്നത് അതു കൊണ്ട് തന്നെ മൂപ്പന്റെ സംരക്ഷണവും കാവലും മാളുവമ്മയ്ക്കു ആവശ്യമാണ് .ഗ്രാമത്തിലേക്കു മൂവര്‍ സംഘം പ്രവേശിക്കുമ്പോള്‍ തന്നെ അരപ്പട്ട കെട്ടിയ ഗ്രാമീണ മുസല്‍മാന്മാര്‍ ശ്രദ്ധയോടെ ഈ അപരിചിതരെ നിരീക്ഷിക്കാന്‍ തുടങ്ങുന്നു , അവരാണ് ആ ഗ്രാമത്തിന്റെ കാവല്‍ക്കാരും സദാചാര സംരക്ഷകരും.സദാചാര കാവല്‍ക്കാര്‍ ഏതു കാലത്തും ഏതു ദേശത്തും ഒരേ മാനസിക നില കാത്തു സൂക്ഷിക്കുന്നവരാണ് ,അവര്‍ക്കാവശ്യമുള്ളത് കിട്ടുന്നതു വരെ മാത്രമാണ് ഈ സദാചാരം സംരക്ഷിക്കപ്പെടുന്നത് . മാളുക്കുട്ടിയമ്മയുടെ വീട്ടിലെ സന്ദര്‍ശകരായി എത്തുന്ന മൂവര്‍ സംഘത്തെ തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന മൂപ്പന്റെ ആളുകളായ തദ്ദേശീയരുടെയും സദാചാര സംരക്ഷണത്തിന്റെ .മൂപ്പനാണെങ്കില്‍ ഗൌരിക്കുട്ടിയുടെ കാര്യത്തില്‍ മാളുക്കുട്ടിയമ്മയുമായി അല്പം രസക്കേടു നില നില്‍ക്കുന്നുണ്ട് , അതു കൊണ്ട് മാത്രമാണ് സന്ദര്‍ശകരെ തടസ്സപ്പെടുത്തുകയും തടഞ്ഞു വെക്കുകയും ചെയ്യുന്നത്. അവരുടെ നേതാവായ മൂപ്പന്റെ ഇച്ഛാനുസരണമാണ് അവിടെ ഓരോ കാര്യങ്ങളും നടക്കുന്നതെന്നു ഗ്രാമത്തില്‍ പ്രവേശിച്ചതിനു ശേഷം പതിയെ നഗരവാസികള്‍ക്കു ബോധ്യപ്പെടുന്നു .
പദ്മരാജന്റെ മുന്‍ ചിത്രങ്ങളായ കള്ളന്‍ പവിത്രനിലും ഒരിടത്തൊരു ഫയല്‍ വാനിലും നിറഞ്ഞു നില്‍ക്കുന്ന ഗ്രാമീണമായ ലാളിത്യവും ഗ്രാമ വാസികളുടെ വിശേഷങ്ങളും അന്യമായ തികച്ചും ഗൌരവതരമായ , വ്യത്യസ്തമായ ഒരു ഗ്രാമമാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തിലൂടെ ചിത്രീകരിക്കപ്പെടുന്നത് . കണ്ടു പരിചയിച്ച പരമ്പരാഗതമായ സിനിമാ സങ്കല്പത്തില്‍ ഗ്രാമവിശുദ്ധിയില്‍ നിന്നു നഗരത്തിലെത്തുന്ന നിഷ്കളങ്കരായ ഗ്രാമീണതയെ നഗരത്തിന്റെ മുഷ്കും കുടിലതകളും ഭയപ്പെടുത്തുകയും ചതിയില്‍പ്പെടുത്തുകയുമാണ് ചെയ്യുന്നത് നഗരം എപ്പോഴും ദുഷ്ടന്മാരും സ്വാര്‍ത്ഥരും മര്യാദയില്ലാത്തവരുമായ ഒരു പറ്റം ആളുകളുടെ സങ്കേതമാണ് ഗ്രാമം വിശുദ്ധിയും നിഷ്കളങ്കതയും നിറഞ്ഞതും . ഈ സങ്കല്പങ്ങളില്‍ നിന്നു വിഭിന്നമായി നന്മ നിറഞ്ഞതല്ലാത്ത ഒരു ഗ്രാമ പശ്ചാത്തലവും നിഷ്കളങ്കരായ നഗരവാസികളെയും ഒരുക്കുകയാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തിലൂടെ . ചിട്ടവട്ടങ്ങളനുസരിച്ചു വ്യഭിചരിക്കാന്‍ ഗ്രാമത്തില്‍ നിന്നു നഗരത്തിലേക്കാണ് പോകേണ്ടത് , ഗ്രാമവും ഗ്രാമ വാസികളും അത്തരം കാര്യങ്ങളിലൊക്കെ വല്ലാത്ത യഥാസ്ഥിതികമാണ് എന്നു പല മുന്‍ കാല ചിത്രങ്ങളിലും പദ്മരാജന്റെ തന്നെ തൂവാനത്തുമ്പികളിലും അതിനു നമ്മള്‍ സാക്ഷികളായിട്ടുണ്ടല്ലൊ .
സൌഹൃദത്തിലെ ചില്ലറ രസക്കൂട്ടുകള്‍ക്കപ്പുറം കുടിലമായ ഒരു ചിന്തകളും നഗരവാസികളായ സക്കറിയ , ഗോപി , ഹിലാല്‍ എന്നീ ത്രിമൂര്‍ത്തികളിലില്ല .ബാറിലെ ക്യാബറേ നര്‍ത്തകിയോടു പോലും മാന്യതയോടെ , അവളുടെ ജോലിയെ മാനിച്ചു കൊണ്ടാണ് അവര്‍ പെരുമാറുന്നത് . നഗരവാസികളുടെ സ്റ്റീരിയോ ടൈപ്പ് പണത്തിനോടുള്ള ആര്‍ത്തിയോ സ്വാര്‍ത്ഥതയോ ഒരിക്കല്‍ പോലും കാണുന്നുമില്ല , പണക്കാരനായ ജോസഫിന്റെ ധാര്‍ഷ്ട്യത്തോടു പ്രതികരിക്കുന്ന സക്കറിയക്കൊപ്പമാണ് ബാക്കിയുള്ള രണ്ടു പേരും .അവര്‍ക്കിടയില്‍ ജാതിയോ മതമോ ഒരിക്കല്‍ പോലും കടന്നു വരുന്നില്ല .ഹിന്ദുക്കളുടെ പുണ്യദിനമായ “ വിഷുവിനാണ് വിര്‍ജിനിറ്റി ലോസിനു ഏറ്റവും ബെസ്റ്റ് “ എന്നു ഹിലാലിനോടു പറയുന്നത് ഹിന്ദുവായ ഗോപിയാണ് അതായത് അവരെ സംബന്ധിച്ചു ജാതി മത കേന്ദ്രീകൃതമായ ഒരു വിഭജനം അസാധ്യമാണ് . നഗരവാസികളായ സക്കറിയെയും ഹിലാലിനെയും ഗോപിയെയും യോജിപ്പിക്കുന്നത് കളങ്കമില്ലാത്ത ഈ ഗാഡ സൌഹൃദം മാത്രമാണ് , നിഷ്കളങ്കരും നന്മ നിറഞ്ഞവരുമായ നഗരവാസികള്‍ അവിടെ നിന്നു നിന്നു ഗ്രാമത്തിന്റെ ഭീതിതമായ ഒരു ജനപഥത്തിലേക്കെത്തി കുഴപ്പത്തിലകപ്പെടുന്ന നഗരവാസികളെയാണ് സക്കറിയ , ഗോപി , ഹിലാല്‍ എന്നീ ത്രിമൂര്‍ത്തികളിലൂടെ അവതരിപ്പിക്കുന്നത് .
പദ്മരാജന്റെ സിനിമകള്‍ പ്രാഥമികമായ വെറും കാഴ്ചകളെക്കാള്‍ ഉള്‍ക്കാഴ്ചയോടെ വിലയിരുത്തപ്പെടേണ്ടവയാണ് , അരപ്പട്ട കെട്ടിയ ഗ്രാമം വിവിധ മാനങ്ങളുള്ള ഒരു കാഴ്ചയാണ് .ഒരു ഗ്രാമത്തിലെ രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷ ഭരിതമായ അന്തരീക്ഷം , കണ്ടു മടുത്ത പരമ്പരാഗത ഗ്രാമ സങ്കല്പം അത്രയൊന്നും പവിത്രമല്ല ,മരുമക്കത്തായം നില നിന്നിരുന്ന കാലത്തെ നായര്‍ തറവാടുകളിലെ കുടുംബാധികാര ഘടനയില്‍ സ്ത്രീകള്‍ക്കനുകൂലമായ സാമ്പത്തിക ശക്തിയും സംബന്ധമെന്ന ആചാരവും തമ്മിലുള്ള പാരാസ്പര്യം ,കാമം , പ്രണയം പ്രതികാരം ഈ ത്രയങ്ങളുടെ സമ്മേളനം , ഉദാത്തമായ സൌഹൃദത്തിന്റെ ആവിഷ്കാരം അങ്ങനെ നിരവധി മാനങ്ങളില്‍ നിന്നു കൊണ്ടുള്ള ഒരു കാഴ്ച സാധ്യമാണ് പക്ഷെ സിനിമയുടെ ആദ്യാവസാനത്തിനു നിദാനമാകുന്നതും അതിന്റെ ഏറ്റവും പ്രധാനപ്പെട്ടതുമായ കാഴ്ച - പെണ്ണിന്റെ കന്യകാത്വം അപകടകരമാണ് എന്നതാണ് .
കന്യകാത്വം അപകടകരമായ പ്രലോഭനമാണ്
ഏതൊക്കെ വീക്ഷണകോണിലൂടെ നോക്കിയാലും ആത്യന്തികമായി ഗൌരിക്കുട്ടിയുടെ കന്യകാത്വമാണീ ചലച്ചിത്രത്തിന്റെ കേന്ദ്ര ബിന്ദുവും പ്രലോഭനവും, രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധ , മൂവര്‍ സംഘത്തിന്റെ ഗ്രാമ പ്രവേശം , ഒരു കലാപം അതിന്റെ ദാരുണമായ അന്ത്യം എല്ലാം ഗൌരിക്കുട്ടിയുടെ കന്യകാത്വത്തിന്മേലുള്ള അഭിനിവേശത്തിന്മേലാണ് . ഒരു ഗ്രാമം അടക്കി ഭരിക്കുന്ന മൂപ്പനും പണിക്കരും തമ്മില്‍ ഗൌരിക്കുട്ടിക്കു വേണ്ടിയുള്ള ഒരു വാശിയുടെ പരിണാമമാണല്ലോ ആ ഗ്രാമത്തിലെ സാമുദായിക കലാപം പോലും .
ഗ്രീക്കു പുരാണമായ ഇലിയഡായാലും രാമായണമായാലും ഇതിഹാസങ്ങളുടെ ബഹുമുഖ ഭാവങ്ങള്‍ക്കപ്പുറത്തു ഏകകേന്ദ്രീകൃതമായ ഒരു അവസ്ഥ അതു ഒരു സ്ത്രീക്കു വേണ്ടിയുള്ള പോരാട്ടമായിരുന്നു .സ്പാര്‍ട്ടയിലെ സൌന്ദര്യധാമമായ ഹെലനെ സ്വന്തമാക്കാന്‍ വേണ്ടിയാണ് പാരീസ് രാജകുമാരന്‍ യുദ്ധത്തിനു തയ്യാറാകുന്നത് .അതിങ്ങു രാമായണത്തിലേക്കു വരുമ്പോള്‍ സീതയുടെ പാതിവ്രത്യത്തിനു വേണ്ടിയായിത്തീരുന്നു . നമ്മുടെ സദാചാര സങ്കല്പത്തിലെ ഏറ്റവും ഉദാത്തമായ ഭാവനയാണ് കന്യകാത്വം അഥവാ ഭേദിക്കപ്പെടാത്ത കന്യാചര്‍മ്മം .പദ്മരാജന്റെ മറ്റു സിനിമകളിലും കന്യകാത്വം എന്ന സങ്കല്പം ഒരു കഥാപാത്രത്തോളം തന്നെ കഥയെ സ്വാധീനിച്ചിട്ടുണ്ട് . നമുക്കു പാര്‍ക്കാം മുന്തിരിത്തോപ്പുകളിലെ പ്രണയം പവിത്രമാകുന്നതും ഉല്‍കൃഷ്ടമാകുന്നതും സോഫിയ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നറിഞ്ഞിട്ടൂം അവളെ സ്വീകരിക്കുന്നിടത്താണ് . തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍ ക്ലാരയെ വേശ്യാവൃത്തിയ്ക്കായി കൊണ്ടു വരുന്നതില്‍ കുറ്റബോധം കാണിക്കുന്നില്ലെങ്കിലും ആദ്യ സംഗമത്തിനു ശേഷം അവള്‍ കന്യകയായിരുന്നെന്നറിയുമ്പോള്‍ വല്ലാത്ത കുറ്റബോധവും അവളോടു പ്രണയവും തോന്നിത്തുടങ്ങുന്നു ,ക ജയകൃഷ്ണനെ തന്നില്‍ നിന്നു രക്ഷപ്പെട്ടൂ നല്ല ജീവിതത്തിലേക്കു പോകാന്‍ പ്രേരിപ്പിക്കുന്നത് അയാളും ഒരു “വിര്‍ജിന്‍ “ ആയിരുന്നു എന്നു ബോധ്യപ്പെടുന്നിടത്തു നിന്നാണ് . പദ്മരാജന്റെ കാല്പനിക സങ്കല്പങ്ങളില്‍ സ്ത്രീ വിര്‍ജിനിറ്റി പോലെ തന്നെ പുരുഷ വിര്‍ജിനിറ്റിക്കും ഒരു സവിശേഷ സ്ഥാനമുണ്ട് എന്നു മറ്റു സിനിമകള്‍ പരിശോധിച്ചാല്‍ മനസ്സിലാവും [മലയാളത്തില്‍ പുരുഷന്റെ വിര്‍ജിനിറ്റിക്കൊരു വാക്കില്ല , കന്യക മാത്രമേയുള്ളൂ ] തൂവാനത്തുമ്പികളിലെ ഋഷിയും ജയകൃഷ്ണനും അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ ഹിലാലും രതിനിര്‍വേദത്തിലെ പപ്പുവും ഈയൊരു പുരുഷ വിര്‍ജിനിറ്റി സങ്കല്പത്തിലെ കഥാപാത്രങ്ങളാണെന്നു കാണാം അതു കൊണ്ടു തന്നെ ഇതൊരു സ്ത്രീ വിരുദ്ധ നിലപാട് എന്നൊരു കാഴ്ച അധികപറ്റാണ് .
ഒരു സ്ത്രീയുടെ കന്യകാത്വമെന്ന പ്രലോഭനം പുരുഷനെ അലോസരപ്പെടുത്തുകയും ഭ്രമിപ്പിക്കുകയും ചെയ്യുന്നു ,പക്ഷെ ഗൌരിക്കുട്ടിയുടെ ഇച്ഛാശക്തിക്കു മുമ്പില്‍ അത് പുരുഷ മേധാവിത്തത്തീന്റെ എല്ലാ ധാര്‍ഷ്ട്യവും കടുത്ത ഇച്ഛാഭംഗത്തിലവസാനിച്ചു അതൊരു പ്രതികാരത്തിലേക്കെത്തിക്കുന്നു . ഗൌരിക്കുട്ടി അസാധാരണയായ ഒരു സൌന്ദര്യ ധാമമൊന്നുമായിട്ടല്ല സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത് എന്നു തന്നെയല്ല ഗൌരിക്കുട്ടിയെക്കാള്‍ സുന്ദരിയും ലാവണ്യവതിയുമായ [ദേവകി] സ്ത്രീകളെയും ഉന്നത കുലജാതകളും വിദ്യാഭ്യാസമുള്ളവരുമായ പെണ്‍കുട്ടികളെ കൊണ്ടു വരാന്‍ മാളുവമ്മയെ സംബന്ധിച്ചിടത്തോളം എളുപ്പവുമാണ് എന്നു ശ്രീദേവി വാരസ്യാരെ കാണിച്ചു കൊണ്ട് തെളിയിക്കുന്നുമുണ്ട് . എന്നിട്ടൂം അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ സ്ത്രീ സംസര്‍ഗ്ഗത്തിനു ആഗ്രഹമുള്ള എല്ലാ പുരുഷ കഥാപാത്രങ്ങളെയും ഗൌരിക്കുട്ടിയാണ് ഭ്രമിപ്പിക്കുന്നുണ്ട് . സക്കറിയക്കു മദ്യത്തിലല്ലാതെ മറ്റൊരു കമ്പവുമില്ല , ഗോപിയാണെങ്കില്‍ “ചിലരെ മാത്രം ഇഷ്ടപ്പെടുന്ന ഒരാളാണ് “ .മൂപ്പന്റെ അനുചരനായ സുലൈമാനും പണിക്കരുടെ അനുചരനായ നാരായണനും ഇവിടെ വിധേയത്വത്തിന്റെ അതിരുകളില്‍ സ്ത്രീയെ ആഗ്രഹിക്കാന്‍ പാടില്ലാത്തതുമാണ് , മാളുവമ്മയുടെ ഭര്‍ത്താവ് ആത്മീയതയില്‍ മുഴുകിയ ഒരു നിസ്സംഗന്‍ , മകനായ ഭാസി കുടുംബ ജീവിതം മാത്രം കാംക്ഷിക്കുന്ന ഒരാളാണ് .ജോസഫ് അരപ്പട്ട കെട്ടിയ ഗ്രാമത്തിലേക്കു വിഷുക്കണിയുടെ ഫാന്റസി പറയുമ്പോഴും അയാളുടെ ഉള്ളിലെ പ്രലോഭനം ഒരിക്കല്‍ പോലും കാണാത്ത , പുതുതായി വന്ന ആ ഗൌരിക്കുട്ടിയാണ് . അവള്‍ക്കു വേണ്ടി മാത്രം ആരും കലഹം വെക്കരുതെന്ന് മറ്റു സുഹൃത്തുക്കളെ താക്കീത് ചെയ്യുമ്പോള്‍ , അത്തരമൊരു ആവശ്യം മറ്റു മൂന്നു പേരെയും നീരസപ്പെടുത്തുന്നു .മാളുവമ്മയുടെ വീട്ടില്‍ വെച്ചു സുന്ദരിയായ ദേവകി [ഉണ്ണിമേരി ]മുന്നില്‍ നില്‍ക്കുമ്പോഴും ഹിലാല്‍ ചോദിക്കുന്നതു ഗൌരിക്കുട്ടിയെ ആണ് അവളോടു പ്രേമം തോന്നുമ്പോള്‍ പോലും ഹിലാല്‍ പറയുന്നത് പരിക്കു പറ്റാതെ ഇവിടെ നിന്നു പരിക്കു പറ്റാതെ രക്ഷിക്കാന്‍ പറ്റിയാല്‍ അവളെ വിവാഹം കഴിക്കാമെന്നാണ് , അതായത് പരിക്കു പറ്റാതെ എന്നു വെച്ചാല്‍ കന്യകാത്വം നഷ്ടപ്പെടാതെ കിട്ടിയാല്‍ എന്നര്‍ത്ഥം . ഗ്രാമത്തിലെ രണ്ടു ശക്തികളായ മൂപ്പനും പണിക്കര്‍ക്കും മറ്റേതു പെണ്‍കുട്ടിയെ വേണമെങ്കിലും നല്‍കാന്‍ മാളുവമ്മ സന്നദ്ധയാണെങ്കിലും ഗൌരിക്കുട്ടിയെ ആണ് അവര്‍ക്കു വേണ്ടത് .
പുതിയതായി എത്തുന്ന എല്ലാ പെണ്ണുങ്ങളും മൂപ്പന്‍ അനുഭവിച്ചതിനു ശേഷം മാത്രമെന്ന അലിഘിത നിയമത്തിലുണ്ടാകുന്ന വീഴ്ചയാണ് മൂപ്പനെ സംബന്ധിച്ചു അലോസരമുണ്ടാക്കുന്നത് .മൂപ്പനു വഴങ്ങാത്ത ഒരു “പുതിയ പെണ്ണ് “ മാളുവമ്മയുടെ അധീനതയില്‍ ഉണ്ടെന്നും അതിനു വേണ്ടി മൂപ്പന്‍ ബല പ്രയോഗത്തിനു വരെ തുനിയുന്നു എന്ന അറിവാണ് പണിക്കരെ ഗൌരിക്കുട്ടിയില്‍ തല്പരനാക്കുന്നത് .
താന്‍ മൂലം ഗ്രാമം രണ്ടു ചേരിയായി കലാപമുണ്ടാക്കാന്‍ പോകുന്നു എന്നറിയുമ്പോഴും ഗൌരിക്കുട്ടിക്കു ഭാവഭേദമൊന്നുമില്ല , “വെട്ടി മരിയ്ക്കട്ടെ “ എന്നാണവള്‍ പറയുന്നത് . അതു വരെ നിസ്സംഗനായിരിക്കുന്ന സക്കറിയ ഗൌരിക്കുട്ടിയുടെ “ആര്‍ക്കും വഴങ്ങില്ലെന്ന” ഇച്ഛാശക്തി കണ്ട് കൊണ്ടാണ് ഹിലാലിനു പിന്തുണ വാഗ്ദാനം ചെയ്യുന്നത് .ഗൌരിക്കുട്ടിക്കു വേണ്ടി ഗ്രാമത്തിലെ രണ്ടു പ്രബല വിഭാഗങ്ങള്‍ പരസ്പരം പോരടിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോഴാണ് , ഒരിക്കല്‍ കലഹിച്ചു പോയ ജോസഫ് മറ്റു ചില സുഹൃത്തുക്കളുമായി മാളുവമ്മയുടെ വീട്ടിലേക്കു വരുന്നത് .അതോടെ തയ്യാറെടുത്തു നില്‍ക്കുന്ന ഇരു ചേരികളും ഏറ്റു മുട്ടുന്നു .ആ ഒരു ഇടവേളയില്‍ മാളുവമ്മയുടെ മകനായ ഭാസിയെ കുത്തി പരിക്കേല്‍പ്പിച്ചു ശ്രദ്ധ തിരിച്ചു കൊണ്ടു സക്കറിയയും ഹിലാലും ഗോപിയും ഗൌരിക്കുട്ടിയെയും കൊണ്ടു രക്ഷപ്പെടുന്നു .ഹിലാലിനെയും ഗൌരിക്കുട്ടിയെയും സംരക്ഷിക്കാന്‍ വേണ്ടി സക്കറിയ പണിക്കരുടെ അനുചരന്‍ നാരായണനുമായി ഏറ്റുമുട്ടുലിനിടെ സക്കറിയ കുത്തേറ്റു മരിയ്ക്കുന്നു . തിരിച്ചു പോക്കിനിടയ്ക്കു ഗോപി വക്കീല്‍ സക്കറിയയെ വിളിച്ചു കൊണ്ട് മറുപടിയ്ക്കായി നിഷ്ഫലമായി കാത്തു നില്‍ക്കുന്നതോടെ സിനിമ അവസാനിക്കുന്നു .
അഹമ്മദ് റസീമിന്റെ “ ഒരു ഭൂപ്രദേശത്തിന്റെ സൌന്ദര്യം കുടികൊള്ളുന്നത് അതിന്റെ വിഷാദത്തിലാണ് “ എന്ന വാചകങ്ങള്‍ ആമുഖമായി എഴുതിയാണ് ഓര്‍ഹാന്‍ പാമുഖ് ഇസ്താംബൂള്‍ :ഒരു നഗരത്തിന്റെ ഓര്‍മ്മക്കുറിപ്പ് എന്ന കൃതി ആരംഭിക്കുന്നത് . പദ്മരാജന്‍ ആ വാക്കുകള്‍ പറയാതെ തന്നെ അരപ്പട്ട കെട്ടിയ ഗ്രാമത്തിന്റെ സൌന്ദര്യത്തിലേക്കു വിഷാദം നിറച്ചു വെച്ചു കൊണ്ടവസാനിപ്പിക്കുന്നു .
അനുബന്ധം .
അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ - ഏറ്റവുമധികം പരാമര്‍ശിക്കേണ്ടത് സുകുമാരിയുടെ മാളുവമ്മയെ തന്നെയാണ് .മാളുവമ്മയെ കേന്ദ്രമാക്കി ഒരു ആസ്വാദനമാണ് കുറെക്കൂടി നീതിപൂര്‍വ്വകമായിട്ടുള്ളത് . സുകുമാരിയ്ക്കു ഈ സിനിമയിലെ അഭിനയത്തിനു അക്കൊല്ലത്തെ സഹനടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു [എന്ത് കൊണ്ടാണ് മുഖ്യ നടിക്കുള്ള അവാര്‍ഡ് കിട്ടാതെ പോയത് ?]
പദ്മരാജന്‍ തന്റെ നായര്‍ മാടമ്പിത്തരം തന്റെ സിനിമകളില്‍ ആവേശിപ്പിച്ചിരുന്നു എന്നു പദ്മരാജന്റെ സിനിമകളെ അതിവായിക്കുന്നവര്‍ ഒരു പക്ഷെ മാളുവമ്മയെ കണ്ടു കാണില്ല .കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിലെ ആദ്യപാദത്തിലുമെല്ലാം ചില നായര്‍ തറവാടുകളിലെങ്കിലും നില നിന്നിരുന്ന സംബന്ധവും അതുമായി ബന്ധപ്പെട്ട് കുടുംബാധികാര ഘടനയില്‍ സ്ത്രീകള്‍ക്കനുകൂലമായ സാമ്പത്തിക ശക്തിയും തമ്മിലുള്ള പാരാസ്പര്യം ഈ സിനിമയില്‍ വളരെ വ്യക്തമായി കാണിക്കുന്നുണ്ട് .മാളുക്കുട്ടിയമ്മ തന്റെ “കുട്ടികളെ “ വെച്ചു ചെയ്യുന്ന ഏര്‍പ്പാട് വലിയ പാതകമാണെന്നോ അപമാനമാണെന്നോ കരുതുന്നില്ല എന്നു മാത്രമല്ല പട്ടണത്തില്‍ നിന്നും കൂടുതല്‍ ആളുകള്‍ അവിടേക്കു വരുന്നതില്‍ അവര്‍ അഭിമാനിക്കുക കൂടി ചെയ്യുന്നു . അതു നമ്പൂതിരി സമുദായാംഗങ്ങള്‍ നായര്‍ തറവാടുകളില്‍ വന്നു സംബന്ധം ചെയ്യുന്നതിനെ അഭിമാനത്തോടെ കരുതിയിരുന്ന ഒരു കാലഘട്ടത്തിന്റെ ശേഷിപ്പാണ് .
കഥാപാത്ര രൂപീകരണത്തില്‍ തന്നെ ഈയൊരു കാര്യത്തെ സാധൂകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് . മാളുക്കുട്ടിയമ്മയാണ് കുടുംബത്തിലെ അധികാര കേന്ദ്രം ഭര്‍ത്താവ് നിസ്സഹയാനും കുടുംബത്തിലെ ഒരു കാര്യത്തിലും ഇടപെടാത്ത ഒരാളും .മകനായ ഭാസി [ജഗതി ] തറവാട്ടു വീട്ടില്‍ താമസിക്കുന്നില്ല എന്നു തന്നെയല്ല , ഭാര്യവീട്ടിലാണ് താമസം .കൂടാതെ കുടുംബത്തിലെ കാര്യങ്ങളില്‍ യാതൊരു നിയന്ത്രണങ്ങളും ഭാസിക്കില്ല . ഭര്‍ത്താവ് എന്ന പുരുഷപ്രജയുടെ നിസ്സഹായതയും അത്തരമൊരു ദായക്രമത്തെ ഒന്നു കൂടി ഉറപ്പിക്കുന്നു .അതേ കാലത്തു തന്നെ നായര്‍ സമുദായത്തില്‍ നില നിന്നിരുന്ന സംബന്ധമെന്ന ഏര്‍പ്പാടിന്റെ പിന്തുടര്‍ച്ചയായിട്ടാണ് മാളുക്കുട്ടിയമ്മയും കുട്ട്യോളും കുറ്റബോധമില്ലാതെ തന്നെ അതിഥികളെ സ്വീകരിക്കുന്നതും അതു ഉപജീവനമായി കൊണ്ട് നടക്കുന്നതും .ഇത്രയും കാര്യങ്ങള്‍ യാതൊരു വ്യാഖ്യാനങ്ങളുമില്ലാതെ തന്നെ ആദ്യ കാഴ്ചയില്‍ പ്രകടമാണ് .എന്നിട്ടൂം സ്വസമുദായത്തെ കരി വാരിത്തേച്ചതായി ഒരു അപഖ്യാതിയില്‍ പദ്മരാജന്‍ പെട്ടില്ല എന്നത് പദ്മരാജനിലെ എഴുത്തുകാരന്റെ സത്യ സന്ധത കൊണ്ടാണ് . സമൂഹത്തില്‍ നില നില്‍ക്കുന്നതിന്റെ പരിച്ഛേദമാണ് യഥാര്‍ത്ഥ കല - അതു വ്യാഖ്യാനിക്കപ്പെടുന്ന രീതി കാല്പനികമാകാം യഥാര്‍ത്ഥ്യ ബോധത്തോടെയുള്ളതാകാം അതു കലാകാരന്റെ സ്വാതന്ത്ര്യമാണ് .
ഉപദംശം .
മമ്മൂട്ടി ഈ സിനിമ റി മേക്ക് ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നതായി കേട്ടു .മമ്മൂട്ടിയുടെ ആഗ്രഹത്തില്‍ തെറ്റില്ല മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ നല്ല കഥാപാത്രങ്ങളിലൊന്നായിരുന്നു സക്കറിയ - ഒരു പക്കാ റഫ് & ടഫ് .അതു വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതില്‍ നിരാശയുണ്ടാകണം .പക്ഷെ മൂപ്പര് ഈയൊരു സംരംഭത്തിനു മുതിരാതിരിക്കുന്നതാണ് നല്ലത് .ഒന്നാമതായി പഴയ ആ മുരടന്‍ സക്കറിയ ആകാന്‍ ഇപ്പോള്‍ മമ്മൂട്ടിയെ കൊണ്ടു സാധിക്കില്ല , പദ്മരാജന്റെ എഴുത്തിനെ സിനിമയാക്കാന്‍ മാത്രം കാലിബറുള്ള ഒരു സംവിധായകന്‍ ഇന്നില്ല . സുകുമാരിയമ്മയുടെ മാളുവമ്മയായി ഇനി ആര്‍ക്കും പറ്റില്ല . ഇതു സിനിമ നടക്കുന്നതിനു മുമ്പുള്ള കാര്യങ്ങള്‍ .എങ്ങാനും സിനിമ നടന്നാല്‍ തിയറ്ററിലെത്തില്ല - കാരണം അരപ്പട്ട കെട്ടിയ ഗ്രാമമെന്ന പേരിലെ മുസ്ലീം വിരുദ്ധത , സിനിമയിലെ നായര്‍ വിരുദ്ധത എന്നിവ കൊണ്ടു സിനിമ കല്പാന്ത കാലത്തോളം കോടതിയില്‍ കിടക്കാനുള്ള സാധ്യത കാണുന്നുണ്ട്. ശുഭം .