Like

...........

Friday 20 January 2012

വര്‍ഗ്ഗീയ വിവേചനത്തിന്റെ ബൌദ്ധിക ജിഹാദ് .

മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഭാഷാ പരമായ ഔന്നത്യവും സമകാലിക വിഷയങ്ങളിലുള്ള വ്യക്തമായ അവലോകനങ്ങളുമായി സാമാന്യം നിലവാരം പുലര്‍ത്തുന്ന ഒരു പ്രസിദ്ധീകരണമാണ് മാധ്യമം ആഴ്ചപ്പതിപ്പ് . മതേതരത്വം - സാമ്രാജ്യത്വ വിരുദ്ധ - ദളിത് ആദിവാസി അനുകൂല - പരിസ്ഥിത പ്രണയം അങ്ങനെ ഒന്നിലധികം പ്രഖ്യാപിത നിലപാടുകള്‍ ഓരോ ലക്കത്തിലും ലേഖനമായും മുഖ പ്രസംഗമായും ഒക്കെ അവതരിപ്പിക്കുകയും മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകകളായി സ്വയം വിലയിരുത്തുകയും ചെയ്യുന്ന പ്രസിദ്ധീകരണം കൂടിയാണത് . കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നവസാമൂഹിക ഗ്രൂപ്പുകളുടെയും മുഖ പത്രം .നവ സാമൂഹിക ഗ്രൂപ്പെന്നാല്‍ അത്യാവശ്യം ജമാ അത്തെ ഇസ്ലാമികാര്‍, അതി തീവ്ര മുസ്ലീം ഇടതു പക്ഷക്കാര്‍ , പിന്നെ ദളിത് സ്നേഹികള്‍ ഇതാണ് നവ സാമൂഹിക ഗ്രൂപ്പ് . പി കെ പൊക്കര്‍ സായിബ് , കെ ഇ എന്‍ കുഞ്ഞയമ്മദ് സായിബ് , മുതലായ ഇര സംരക്ഷണക്കാരും ബി ആര്‍ പി ഭാസ്കര്‍ , സി ആര്‍ നീലകണ്ടന്‍ ഇത്യാദി അഞ്ചാം തൂണുകാരുമെല്ലാം പെടും . ഇതില്‍ കെ ഇ എന്‍ കുഞ്ഞയമ്മദ് സായിബാണ് ജമാ അത്തെ ഇസ്ലാമി സ്പോണ്‍സേഡ് “ സ്വത്വവാദം “ എന്ന പൊട്ടാതെ പോയ ഗുണ്ടിന്റെ ഉപജ്ഞാതാവ്
മാധ്യമം ദിനപത്രം മുസ്ലീങ്ങള്‍ പോലും വായിക്കാന്‍ മടിക്കുന്ന കാലത്തും മാധ്യമം ആഴ്ചപ്പതിപ്പ് അതിന്റെ ഭാഷാ നിലവാരം കൊണ്ടും ഉയര്‍ത്തുന്ന വിഷയങ്ങള്‍ കൊണ്ടും മുഖ്യധാരയില്‍ ശ്രദ്ധേയമായിരുന്നു .ജമാ അത്തെ ഇസ്ലാ‍മിയുടെ പ്രഖ്യാപിത കാഴ്ചപ്പാടുകളില്‍ നിന്നു വ്യത്യസ്ഥമായി ആഴ്ചപ്പതിപ്പിനു നല്‍കാന്‍ അവര്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു .ഒരേ മാതാ പിതാക്കള്‍ക്കളില്‍ നിന്നുണ്ടായ മക്കള്‍ രണ്ടു തരത്തില്‍ പെരുമാറിയാലും അവരുടെ അടിസ്ഥാന സ്വഭാവം എപ്പോഴും ഒന്നു തന്നെയായിരിക്കുമെന്നത് ശാസ്ത്രീയ സത്യമാണ് . അതു കൊണ്ടു തന്നെ ജമാ അത്തെ ഇസ്ലാമി മാധ്യമത്തിലൂടെ പരത്തുന്ന ബൌദ്ധിക ജിഹാദിസം മനസ്സിലാകാത്തവര്‍ പ്രബോധനം വായിച്ചു പ്രബോധിതരാകുവാന്‍ ശ്രമിക്കുക , ആദ്യ രണ്ടു പേജു വായിക്കുമ്പോള്‍ തന്നെ കാര്യങ്ങള്‍ക്കൊക്കെ ഏകദേശമൊരു തീര്‍പ്പു കിട്ടും തീര്‍ച്ച. ഇനി പ്രബോധനം വായിക്കാന്‍ മാത്രം ക്ഷമ നമ്മുടെ കയ്യിലില്ലെങ്കില്‍ ചുരുങ്ങിയത് മലര്‍ വാടി ബാല മാസികയെങ്കിലും വായിക്കുക , ബാല്യം മുതല്‍ ഒരു കുട്ടിയെ എങ്ങനെ പ്രബോധിപ്പിച്ചെടുക്കുന്നതെന്നു കാണാം .പക്ഷെ മാധ്യമം തുടക്കം മുതല്‍ അതിന്റെ പ്രഖ്യാപിത നിലപാടുകളെ ഗോപ്യമായി , ബുദ്ധിപരമായി അവതരിപ്പിക്കുന്നതില്‍ അസാധാരണമായ കയ്യടക്കം കാട്ടിയെന്നു സമ്മതിക്കേണ്ടി വരും അതിന്റെ തുടക്കക്കാലത്ത് അക്കാലത്തെ ഏറ്റവും ധിഷണാശാലിയായ പി കെ ബാലകൃഷ്ണനെയും പിന്നീട് പ്രശസ്ത സാഹിത്യകാരന്‍ സി രാധാകൃഷനെയും ഒക്കെ സ്ഥാനീയ എഡിറ്റര്‍ പദവി കൊടുത്തു കൊണ്ടാണ് മുഖ്യധാരയിലെ പ്രതിച്ഛായ സൃഷ്ടിച്ചെടുത്തത് .

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ഒടുക്കത്തെ അത്താണിയാണ് ജമാ അത്തെ ഇസ്ലാമിയും അതിന്റെ പ്രസിദ്ധീകരണങ്ങളുമെന്നാണ് അവര്‍ തന്നെ പറയുന്നത് . ജമാ അത്തെ ഇസ്ലാമി കേരള യുടെ ഭരണ ഘടനയില്‍ [അവരുടെ വെബ് സൈറ്റില്‍ നല്ല പച്ച യൂണീക്കൊഡ് മലയാളത്തില്‍ അതെഴുതി വെച്ചിട്ടുണ്ട് ] തന്നെ പറയുന്നുണ്ട് ഇഖാമതുദ്ദീന്‍ ആണ് അവരുടെ ലക്ഷ്യം എന്നു , അതായത് ഇന്നു ലോകത്തു പ്രാമാണികവും സുരക്ഷിതവും അല്ലാഹുവിങ്കല്‍ സ്വീകാര്യമായ ഏക ദീന്‍ ഇസ്ലാം ആണ് അനുസരിച്ചു ജീവിക്കുക അങ്ങനെ അല്ലാഹുവിന്റെ പ്രീതിയും പരലോക വിജയവും കരസ്ഥമാക്കുക ഇതു മാത്രമാണ് ഇഹലോകത്തെ ജീവിതത്തിന്റെ ലക്ഷ്യം . അതൊക്കെ ശരി തന്നെയായിരിക്കും അല്ലെന്നു പറയാന്‍ മാത്രമുള്ള വിവരമൊന്നും എനിക്കില്ല. ഒരു സംഘടനയ്ക്കു അങ്ങനെ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള എല്ലാ അവകാശങ്ങളും ഒരു ജനാധിപത്യ രാജ്യമായ ഇന്‍ഡ്യയില്‍ ഉണ്ട് .പക്ഷെ അങ്ങനെയൊരു സംഘടന ജനാധിപത്യക്കുറിച്ചു , നിയമത്തെക്കുറിച്ചൊക്കെ വല്ലാതെ ആകുലപ്പെടുന്നതു അല്പം കടന്ന കൈയ്യല്ലെ ?ഇന്‍ഡ്യന്‍ ഭരണഘടന അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ കോടതികളില്‍ ജമാ അത്തെ ഇസ്ലാമിയുടെ സജീവ പ്രവര്‍ത്തകര്‍ക്കു ജോലിക്കു പോകണമെങ്കില്‍ പ്രത്യേക അനുവാദം വാങ്ങണമെന്നാണ് അറിവ് .സംഗതി ഇവ്വിധമുള്ള പൊരുത്തക്കേടുകളെക്കുറിച്ചൊക്കെ എം എന്‍ കാരശ്ശേരിയും ഹമീദ് ചേന്ദമംഗലൂരുമൊക്കെ പലയാവൃത്തി ലേഖനങ്ങളും പുസ്തകങ്ങളും വരെ എഴുതിയിട്ടുണ്ട് , പക്ഷെ അവരൊക്കെ നാഗ് പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്തു നിന്നു നേരിട്ടു പണം പറ്റുന്ന സംഘ പരിവാര്‍ പിണിയാളുകളാണെന്നൊക്കെ മാധ്യമത്തിനു അറിയാം അതു കൊണ്ടു പ്രശ്നമില്ല .

അരക്ഷിതരായ കേരളാ മുസ്ലീങ്ങള്‍ .

ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്ഥമായ പുരോഗമന ചിന്താഗതിയുള്ള , ഉല്പതിഷ്ണുക്കളായ ഒരു വലിയ വിഭാഗം കേരളത്തിലുണ്ട് , അതു കൊണ്ടു തന്നെ ശക്തമായ ഒരു മതേതര പാരമ്പര്യവും നമുക്കവകാശപ്പെടാം അതു ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ സ്വാധീന ഫലമാണ് .ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴിച്ചാല്‍ ആ ഒരു സ്ഥിതി വിശേഷത്തിനു വലിയ കേടുപാടുകളൊന്നും കൂടാതെ ഇന്നും നിലനില്‍ക്കുന്നുണ്ട് .പൊതുവില്‍ കേരളത്തില്‍ ഏതെങ്കിലും മത വിഭാഗത്തിനോട് എന്തെങ്കിലും അനീതിയോ അടിച്ചമര്‍ത്തലോ ഉണ്ടെന്നു പറയാനാകാത്ത സാഹചര്യമാണ് , എന്നു മാത്രമല്ല ശക്തമായ ഒരു ഇടത് പക്ഷ വിശ്വാസത്തില്‍ [സി പി എം മാത്രമല്ല ] കുറെക്കൂടി പുരോഗമനപരമായ രാഷ്ട്രീയ നിലവാരം അവകാശപ്പെടുക കൂടി ചെയ്യാം .ഇനി ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏതെങ്കിലുമൊരു മത വിഭാഗത്തിനു എന്തെങ്കിലും തരത്തില്‍ അത്തരമൊരു Bargaining or Negotiation സാധ്യമാകുന്നത് മുസ്ലീം മത വിഭാഗത്തിനു മാത്രമാണ് .ഇത്തരമൊരു സാഹചര്യത്തിലാണ് മുസ്ലീം മത വിഭാഗത്തെ ടാര്‍ജെറ്റ് ചെയ്തു കൊണ്ടു കേരളാ സര്‍ക്കാര്‍ [മുസ്ലീം ലീഗ് മുള്ളിയാലും തുമ്മിയാലും ഓച്ചാനിച്ചു നില്‍ക്കുന്ന സര്‍ക്കാര്‍ ആണെന്ന് ഓര്‍ക്കണം] ഈ മെയില്‍ ചോര്‍ത്തല്‍ നടത്തിയിരിക്കുന്നത് .258 മുസ്ലീം നാമ ധാരികളുടെ E mail data & log in details ആണ് സര്‍ക്കാര്‍ ചോര്‍ത്തിയിരിക്കുന്നതായി മാധ്യമം പത്രം വാര്‍ത്ത കൊണ്ടു വന്നത് , അതുംമുസല്‍മാന്മാരുടെ മാത്രം . പ്രത്യക്ഷത്തില്‍ തന്നെ നമ്മളൊന്നു ഞെട്ടുന്നു , അല്പ സമയത്തിനു ശേഷം സമചിത്തത വീണ്ടെടുത്ത് വീണ്ടും വീണ്ടും ഞെട്ടുന്നു - ഹോ പടച്ചോനെ മാപ്പളാര്‍ക്കൊരു നാട്ടിലും രക്ഷയില്ലല്ലോ എന്നു ആത്മഗതം മുഴക്കുന്നു , ഇസ്ലാമിനെ ഭീകരവാദിയാക്കാനുള്ള ആഗോള കുത്സിത ശ്രമങ്ങള്‍ക്കു കേരളവും വേദിയായെന്നോര്‍ത്തു ധാര്‍മ്മിക രോഷം കൊള്ളുന്നു . എല്ലാ കലിപ്പും അടങ്ങിക്കഴിഞ്ഞു നോക്കുമ്പോള്‍ വാര്‍ത്ത ഒന്നു കൂടി വായിക്കുമ്പോഴാണ് ചില സംശയങ്ങള്‍ ഉയരുന്നത് .

കൈ വെട്ടു കേസില്‍ പോലീസ് വ്യാപകമായ തിരച്ചിl നടത്തിയിരുന്നു , ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെ വീടുകളില്‍ റെയിഡ് നടത്തിയിരുന്നു , ഇതൊക്കെ സ്വാഭാവികമാണ് - ഒരു രാഷ്ട്രീയ കൊലപാതകമുണ്ടാകുമ്പോഴും ഇതൊക്കെ തന്നെ നടക്കുന്നുണ്ട് . ഉടന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വ്യാപക പ്രചരണം - മുസ്ലീങ്ങള്‍ അരക്ഷിതാവസ്ഥയിലാണ് - പോലീസ് വേട്ടയാടുന്നു - പിന്നെ പോലീസ് എന്തു ചെയ്യണമായിരുന്നു - കൈ വെട്ടു കേസില്‍ സംശയം തോന്നുന്ന എല്ലാ അവന്മാരെയും പിടിച്ചു ഒരുമ്മയും കൊടുത്തു നന്ദി പറഞ്ഞു തിരിച്ചയക്കണമായിരുന്നോ ? പക്ഷെ ഈയൊരു മുസ്ലീം പീഡനം - മുസ്ലീം അരക്ഷിതാവസ്ഥ എന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രചരണം വ്യാപകമായതു കൊണ്ട് അന്നു സുഡാപ്പി ബാനറില്‍ മത്സരിച്ച കൈ വെട്ടു കേസിലെ പ്രതി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ ജയിച്ചു - അപ്പോള്‍ ഈ അരക്ഷിതാവസ്ഥ പ്രചരണത്തിനും മുസ്ലീം മതമൌലിക ഏകീകരണത്തിനും വലിയ ശക്തിയുണ്ട് എന്നു നമുക്കു മനസ്സിലാക്കാം . അതു തന്നെയാണ് ഇവിടെയും പ്രയോഗിക്കുന്ന ആശയം .

സമകാലിക സംഭവങ്ങളെ അല്പം കൂടി ശ്രദ്ധിച്ചു വിലയിരുത്തിയാല്‍ ഈ “അരക്ഷിതാവസ്ഥ - ഒറ്റപ്പെടല്‍ “ പ്രചരണത്തിന്റെ പരിണിത ഫലമാണ് എന്‍ ഡി എഫ് - സുഡാപ്പി -സിമി എന്നീ പ്രസ്ഥാനങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ശക്തിപ്പെടുന്നതെന്നു കാണാം .മുസ്ലീം ഏകീകരണമല്ലാതെ ഈ പ്രസ്ഥാനങ്ങള്‍ക്കു മറ്റെന്തു അജണ്ടയാണുള്ളത് ? മുസ്ലീം ഏകീകരണത്തിനു , മുസ്ലീം ഉള്‍ വലിയലിനു ഏറ്റവും നല്ല വിഷയമാണ് ഈ അരക്ഷിതാവസ്ഥ

ഭൂരിഭാഗവും മുസ്ലീം മതസ്ഥരാകുമ്പോള്‍ മുസ്ലീങ്ങളെ മാത്രം ലക്ഷ്യം വെച്ചാണെന്നു പറയുന്നതിലെന്തു തെറ്റ് എന്നു മാധ്യമം പത്രാധിപര്‍ തിരിച്ചു ചോദിച്ചു കഴിഞ്ഞു . പക്ഷെ ഒരാള്‍ ഇടപഴകുന്നതില്‍ ഭൂരിഭാഗവും മുസ്ലീം നാമധാരികളാവുമ്പോള്‍ പോലീസ് എന്തു ചെയ്യാനാണ് ?ഉദാഹരണമായി നടത്തറ ബോയ്സ് യു പി സ്കൂളില്‍ പഠിക്കുന്ന ടിന്റുമോന്റെ സുഹൃത്തുക്കള്‍ ആ സ്കൂളില്‍ തന്നെയാകുന്നത് സ്വാഭാവികമാണ് , അതു പോലെ തന്നെ ഇസ്ലാം വിശ്വാസങ്ങളോട് അമിത വിധേയത്വം പുലര്‍ത്തുന്ന ഒരാളുടെ മെയില്‍ കോണ്ടാക്റ്റ് ലിസ്റ്റില്‍ 100 ഹിന്ദു , 75 ക്രിസ്ത്യന്‍ ,50 മുസ്ലീം എന്നിങ്ങനെ ജന സംഖ്യാനുപാതികമായി കാണാന്‍ സാധ്യതയില്ല അതിനു പോലീസെന്തു ചെയ്യും എന്റെ വിജു നായരെ ?

നമുക്കീ ഹിന്ദു - ക്രിസ്ത്യന്‍ - മുസ്ലീം ജനസംഖ്യാ കണക്കെടുപ്പു നിര്‍ത്തി കാര്യങ്ങളിലേക്കു വരാം - കേരളത്തില്‍ ഇസ്ലാം തീവ്രവാദം അല്ലെങ്കില്‍ മൌലിക വാദം ഇല്ല , അതൊക്കെ ഭരണകൂട ഭീകരതയാണ് എന്നു സ്ഥാപിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് പോപ്പുലര്‍ ഫ്രണ്ട് തൊടുപുഴയില്‍ കൈവെട്ടു പരാക്രമം നടത്തിയത് . വ്യക്തമായ ആസൂത്രണവും വിദേശ സഹായവും ഉണ്ടായിരുന്ന ഒരു സംഭവമായിരുന്നു അത് , ആ സംഭവം നടന്നു എന്നതിലുപരി അതിനെ ന്യായീകരിക്കുന്ന ഒരു നിലപാട് പല സ്ഥലത്തു നിന്നും ഉണ്ടായി .പ്രവാചകനെ നിന്ദിച്ചോ ഇല്ലയോ എന്നുള്ള ഹൈപ്പോതെറ്റിക്കല്‍ ചോദ്യത്തിനുമപ്പൂറത്തു വളരെ ആസൂത്രിതമായി അതിനൊരു പകരം വീട്ടല്‍ ഉണ്ടാകാന്‍ മാത്രമൊരു മത മൌലിക വാദത്തീന്റെ ദല്ലാളന്മാര്‍ കേരളത്തില്‍ ശക്തമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് തെളിഞ്ഞതാണ് . അതിനും മുമ്പാണ് കേരളത്തിലെ മുസ്ലീം ചെറുപ്പക്കാര്‍ ജിഹാദില്‍ ആകൃഷ്ടരായി പാക്കിസ്ഥാനിലേക്കു കടക്കുന്നുവെന്നെല്ലാമുള്ള വലിയ വാര്‍ത്താ പ്രചരണങ്ങളുണ്ടായത് .അന്നു ഏറെ പഴി കേട്ടത് സര്‍ക്കാറിന്റെ ഇന്റലിജന്‍സ് സംവിധാനങ്ങളായിരുന്നു . ഇപ്പോള്‍ അത്തരത്തില്‍ സിമി ബന്ധമുണ്ടെന്നു സംശയിക്കപ്പെടുന്ന ഒരാളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെ നിരീക്ഷിക്കുന്നതില്‍ എന്താണ് തെറ്റ് ? അഹിതമായി എന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പെ അതു തടയുന്നതല്ലെ ഉചിതം .

പത്രാധിപരെ നിങ്ങള്‍ക്കു അംനീഷ്യ ഉണ്ടോ ?

മാധ്യമം ഈ-മെയില്‍ സ്കൂപ്പിനെ അവതരിപ്പിക്കുന്നത് ഇത് വ്യക്തികളുടെ സ്വകാര്യതയെ മാനിക്കാത്ത ജനാധിപത്യ വിരുദ്ധമെന്നും ലോകത്തു മുമ്പെങ്ങും നടക്കാത്ത നികൃഷ്ടവുമാണെന്നാണ് . 2010 ഡിസംബര്‍ ലക്കം “പത്രാധിപരെ താങ്കളും നഗ്നനാണ് “ എന്ന കവര്‍ സ്റ്റോറിയുമായി ഇറങ്ങിയ മാധ്യമം ആ ലക്കത്തില്‍ പ്രധാനമായും ഊന്നല്‍ കൊടുത്തതു ഒരേ ഒരു കാര്യത്തിനായിരുന്നു .നീരാ റാഡിയയുമായി ബന്ധപ്പെട്ട നിരവധി പേരുടെ ടെല ഫോണ്‍ ചോര്‍ത്തിയതും അങ്ങനെ പത്രാധിപരും രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റുകളുമടങ്ങിയ അവിശുദ്ധ കൂട്ടു കെട്ട് സൃഷ്ടിച്ച ജീര്‍ണ്ണാവസ്ഥയെക്കുറിച്ചുമാണ് വാരിക ഒന്നിലേറെ ഫീച്ചറുകളുമായി ധാര്‍മ്മിക രോഷം കൊണ്ടത് . അന്നത്തെ സംഭവത്തില്‍ നീരാ റാഡിയയുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ ഫോണ്‍ ചോര്‍ത്തപ്പെട്ട വ്യക്തികള്‍ - എന്‍ ഡി ടി വി എഡിറ്ററും പദ്മശ്രീ ജേതാവുമായ ബര്‍ഖാ ദത്ത , hindusthan times ന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ വീര്‍ സാംഘ്വി ,അംബാനി , റിലയന്‍സിന്റെ ടോപ്പ് ഒഫിഷ്യത്സ് , രത്തന്‍ ടാറ്റ , അടല്‍ ബിഹാരി ബാജ്പേയിയുടെ മരു മകന്‍ രഞ്ചന്‍ ഭട്ടാചാര്യ തുടങ്ങി പ്രശസ്തരും അപ്രശസ്തരുമായ നിരവധി പേരുടെ ഫോണ്‍ ചോര്‍ത്തുകയും അതെല്ലാം തെളിവെടുപ്പിനായി ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു . ആ ഒരു വാര്‍ത്തയെ ആണ് മാധ്യമം “പത്രാധിപരെ താങ്കളും നഗ്നനാണ് “ എന്ന സ്പെഷ്യല്‍ കവര്‍ സ്റ്റോറിയിലൂടെ ധാര്‍മ്മിക രോഷത്തില്‍ മുക്കിയെടുത്തത് .

ഈ മെയില്‍ വിവാദത്തില്‍ മാധ്യമം പറയുന്നു - വ്യക്തികളുടെ സ്വകാര്യതയില്‍ ഭരണ കൂടം ഇടപെടുന്നത് ജനാധിപത്യ വിരുദ്ധമാണ് , കുറ്റവാളിയാണ് എന്നു തെളിവില്ലാത്തവരെ ഇത്തരത്തില്‍ നിരീക്ഷിക്കുന്നത് അധാര്‍മ്മികമാണ് , ഈ മെയില്‍ ലിസ്റ്റില്‍ പത്ര പ്രവര്‍ത്തകരുണ്ട് , പ്രൊഫഷണത്സ് ഉണ്ട് , ഉന്നതരുണ്ട് - ഇതൊക്കെ അധാര്‍മ്മികമാണ് - 2010 ഡിസംബര്‍ ലക്കത്തിലെ കവര്‍ സ്റ്റോറിയില്‍ ഇതൊന്നും എഴുതിക്കണ്ടില്ല ബര്‍ഖാ ദത്തോ , രത്തന്‍ ടാറ്റയോ , വീര്‍ സാംഘ്വിയോ മുമ്പു ക്രിമിനല്‍ കേസില്‍ പെട്ടിട്ടുള്ളവരല്ല എന്നു മാത്രമല്ല സമൂഹത്തിലെ ആദരണീയര്‍ കൂടിയായിരുന്നു ,അവരുടെ സ്വകാര്യതകളില്‍ ഇടപെടുന്നത് ജനാധിപത്യ വിരുദ്ധമായിരുന്നില്ലെ ? അവര്‍ പ്രൊഫഷണത്സ് ആയിരുന്നു - അപ്പോള്‍ മാധ്യമത്തിന്റെ ജനാധിപത്യത്തോടുള്ള , സ്നേഹവും വ്യക്തിസ്വാതന്ത്ര്യത്തോടുള്ള അഭിനിവേശവും മുസ്ലീങ്ങളുടെ മെയില്‍ പരിശോധനക്കു വിധേയമാക്കുമ്പോള്‍ മാത്രമേ ഉണരുവെങ്കില്‍ അതിന്റെ പേര് ജനാധിപത്യമെന്നല്ല . 2010 ഡിസംബര്‍ കഴിഞ്ഞിട്ടു കാലം ഇശ്ശി ഒന്നും ആയിട്ടില്ലല്ലോ ഓ. അബ്ദു റഹിമാന്‍ സാഹിബേ അതൊക്കെ മറന്നു പോകാന്‍ ?


നിഷ്കളങ്കമായ മാധ്യമ പ്രവര്‍ത്തനം


ഈ മെയില്‍ വിഷയത്തില്‍ ഈ മെയില്‍ ചോര്‍ത്തിയോ പോലീസിന്റെ ഭാഗത്തു വീഴ്ച വന്നോ എന്നുള്ള കാര്യത്തില്‍ എനിക്കും അസന്ദിഗ്ദമായ ഒരു അഭിപ്രായം ഒന്നുമില്ല , പക്ഷെ ഈയൊരു സംഭവത്തെ മാധ്യമം Exploit ചെയ്ത വിധം സംശയാകുലമാണ് . ഈയൊരു വാര്‍ത്തയില്‍ എന്തു മത സ്പര്‍ദ്ധ ?ഞങ്ങള്‍ മറ്റു മതക്കാര്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നു മാധ്യമം പത്രാധിപര്‍ നിഷ്കളങ്കതയോടെ നമ്മോടു ചോദിക്കുന്നു - . മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം മറ്റു മതത്തെക്കുറിച്ചു എന്തു പറയുന്നു എന്നല്ല തങ്ങളുടെ മതത്തെക്കുറിച്ചു , മതവിശ്വാസികളെക്കുറിച്ചു എന്തു പറയുന്നു /എന്തു ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് അവരുടെ വൈകാരിക പ്രതിബദ്ധത ഉണരുന്നത് . ഉദാഹരണമായി കൈ വെട്ടു കേസ് - അതു ഒരു ക്രിസ്ത്യാനി പറഞ്ഞതു കൊണ്ടല്ല വിഷയമാകുന്നത് മറിച്ചു തന്റെ വിശ്വാസത്തെ , തന്റെ നില നില്‍പ്പിനെ ബാധിക്കുന്നുവെന്ന ഒരറിവാണ് , വിശ്വാസിയായ മുഹമ്മദ് അസറുദ്ദീന്‍ നൈക്കി ഷൂവിന്റെ പരസ്യത്തില്‍ അഭിനയിച്ചപ്പോഴും ഉണ്ടായല്ലൊ ഈ പ്രശ്നം പ്രവാചകന്റെ പേരുള്ള ഒരാള്‍ പാദരക്ഷയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ പാടില്ല - അതായത് തന്റെ മൌലിക വിശ്വാസത്തെ പോറലേല്‍പ്പിക്കാനോ തങ്ങള്‍ അരക്ഷിതരാണെന്ന ധാരണ പരത്താനോ മറ്റൊരു മതത്തിന്റെ സ്വാധീനം ആവശ്യമില്ല .


എല്ലാ വര്‍ഗ്ഗീയ ധ്രുവീകരണവും ആരംഭിക്കുന്നത് - തങ്ങള്‍ ടാര്‍ജെറ്റ് ചെയ്യപ്പെടുന്നു എന്ന ആശയം സ്ഥാപിച്ചെടുക്കുന്നതിലൂടെയാണ് .ഗോധ്ര കലാപത്തിന്റെ അടിസ്ഥാനം തന്നെ 56 കര്‍സേവകര്‍ ചുട്ടുകൊല്ലപ്പെട്ടിരിക്കുന്നു , തങ്ങള്‍ ടാര്‍ജെറ്റ് ചെയ്യപ്പെട്ടിരിക്കുന്നു [അതാരാണ് ചെയ്തതെന്നു എനിക്കുറപ്പൊന്നുമില്ല - ഒരു പക്ഷെ സംഘപരിവാര്‍ തന്നെ ചെയ്തതാവാം ]

തന്റെ മത വിശ്വാസം , താന്‍ വിശ്വസിക്കുന്ന മത വിഭാഗം അരക്ഷിതരാണ് , ഞങ്ങള്‍ ഒറ്റപ്പെടുന്നു , ഞങ്ങളെ ഒറ്റപ്പെടുത്തുന്നു , ഞങ്ങള്‍ സംഘടിക്കേണ്ടിയിരിക്കുന്നു - ഇതാണ് മാധ്യമത്തിന്റെ ഈ മെയില്‍ വിവാദം സൃഷ്ടിക്കുന്ന അജണ്ട , അതല്ലെന്നിപ്പോ ഓ അബ്ദു റഹിമാന്‍ ആണയിട്ടു പറഞ്ഞാലും വിശ്വസിക്കാന്‍ ഞാന്‍ ജമാ അത്തെ ഇസ്ലാമിക്കാരനല്ല . അങ്ങനെ തന്നെയാണ് ചര്‍ച്ചകളും പ്രചരണങ്ങളും നടക്കുന്നത് .

ഞങ്ങള്‍ ഒറ്റപ്പെടുന്നു എന്നു വെച്ചാല്‍ ആരില്‍ നിന്നാണ് ഒറ്റപ്പെടുന്നത് ? ഞങ്ങള്‍ ടാര്‍ജെറ്റ് ചെയ്യപ്പെടുന്നു എന്നു വെച്ചാല്‍ ആരില്‍ നിന്നാണ് ടാര്‍ജെറ്റ് ചെയ്യപ്പെടുന്നത് ? എന്താ സംശയം മറ്റു മത വിഭാഗങ്ങളില്‍ നിന്നാണ് നമ്മള്‍ ഒറ്റപ്പെടുന്നത് , മറ്റു മത വിഭാഗങ്ങള്‍ക്കു വേണ്ടിയാണ് ഭരണ കൂടം നമ്മളെ ടാര്‍ജെറ്റ് ചെയ്യുയ്ന്നത് . അതു കൊണ്ട് നമ്മള്‍ അരക്ഷിതരാണ് , നമ്മള്‍ സംഘടിക്കേണ്ടിയിരിക്കുന്നു .

നോക്കൂ എത്ര ലളിതമായാണ് ഇസ്ലാമിക മൌലിക വാദം മാധ്യമം അതിന്റെ വായനക്കാരിലേക്കെത്തിക്കുന്നത് .എഴുതിയിരിക്കുന്നതേതോ ഒരു നായരും ഇനീപ്പോ എന്തു വേണം കൂടുതല്‍ വിശ്വാസ്യതയ്ക്ക് ?

മുസ്ലീം ലീഗിലെ ഔദ്യോഗിക നേതൃത്വം സര്‍ക്കാറിന്റെ നടപടിയെ ന്യായീകരിക്കുമ്പോള്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പി അന്വേഷണം ആവശ്യപ്പെടുന്നു . ഇ ടി മുഹമ്മദ് ബഷീര്‍ അങ്ങനെ ആവശ്യപ്പെട്ടില്ലെങ്കിലേ അല്‍ഭുതമുള്ളൂ , കാരണം അധ്യാപകന്റെ കൈ വെട്ടു കേസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നടപടിയെ ശ്ലാഘിച്ച മഹനീയ മതേതരത്വ വാ‍സന അദ്ദേഹത്തിന്റെ ഉള്ളിലുണ്ട് .മാധ്യമത്തിന്റെ പ്രധാന എഴുത്താളനാണ് വിജു വി നായര്‍ , അദ്ദേഹത്തിന്റെ ധിഷണാശക്തിയും എഴുത്തിന്റെ ശൈലിയും ആദ്യമായി ശ്രദ്ധിക്കുന്നത് മുംബെയ് ഭീകരാക്രമണത്തോടനുബന്ധിച്ച് സന്ദീപ് ഉണ്ണികൃഷ്ണന്‍ രക്ത സാക്ഷിത്വം വരിച്ചു ആ സംഭവത്തെ അദ്ദേഹം വിവരിച്ച സര്‍ക്കാസ്റ്റിക് സ്റ്റയില് കണ്ടാണ് .“ വെറുതെ തിന്നിരുന്നു ഉണ്ട കൊള്ളാന്‍ പോയി “ എന്നോ മറ്റോ ആയിരുന്നു ആ വാചകം [ഓര്‍മ്മയില്‍ നിന്നാണ് പഴയ ലക്കമൊന്നും സൂക്ഷിച്ചു വച്ചിട്ടുമില്ല ] .അങ്ങനെയൊരാള്‍ എന്തെഴുതിയാലും ആ ഒരു ശൈലി വന്നു പോകുന്നതു സ്വാഭാവികമാണ് , വ്യക്തമായ അജണ്ടയുള്ള ഒരു പത്രമാകുമ്പോള്‍ പ്രത്യേകിച്ചും . പക്ഷെ നാട്ടാരെന്തിനാ ഇത്ര കണ്ട് ബേജാറാകണത് ? ലവ് ജിഹാദ് പോലെ തന്നെ ഈ വാര്‍ത്തയും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി വിവേചനം സൃഷ്ടിക്കാനുള്ള വ്യക്തമായ അജണ്ടയുള്ള ഒരു വാര്‍ത്താ നിര്‍മ്മിതിയാണ് അതിനെ പിന്‍ പറ്റി വലിയ ആശങ്കകള്‍ സമൂഹത്തില്‍ നില നിര്‍ത്തേണ്ട കാര്യമില്ല .

ഉപദംശം .

ഒരു സ്കൂപ്പ് വിവാദം .

കടുത്ത വയറു വേദന കൊണ്ട് കരയുന്ന മകനെയും കൊണ്ട് രാമചന്ദ്രന്‍ ഡോക്ടറെ കാണാന്‍ എത്തിയതായിരുന്നു ജബ്ബാര്‍ .

ഡോക്ടര്‍ : എപ്പോഴാ ജബ്ബാറേ വയറു വേദന തുടങ്ങീത്‌ ?
ജബ്ബാര്‍ : അസര്‍ ബാങ്ക് കൊടുത്തെ പിന്നെ ആണ് ഡോക്ടറെ
ഡോക്ടര്‍ : എന്നാലിനി ആ സാധനം കൊടുക്കണ്ടാ
ജബ്ബാര്‍ : അയ്യോ ഡോക്ടറെ അത് മോയ്ല്യാര് കൊടുക്കനതാണല്ലോ
ഡോക്ടര്‍ : ആരായാലും അതിനി കൊടുക്കണ്ടാന്ന് പറഞ്ഞേക്ക് , വെറുതെ ഓരോന്ന് കുട്ടിക്ക് കൊടുത്തിട്ടാണ് ഈ വയറു വേദന മാറാത്തത് .

പിറെന്നത്തെ മാധ്യമം സ്കൂപ്പ് വാര്‍ത്ത - ഹിന്ദു ഫാസിസ്റ്റ് ആയ രാമചന്ദ്രന്‍ ഡോക്ടര്‍ അസര്‍ ബാങ്ക് കൊടുക്കണ്ടാ എന്ന് .