Like

...........

Tuesday 28 July 2015

നിഷ്കളങ്കതയെ മുറിവേല്‍പ്പിക്കുന്ന അന്വേഷണങ്ങള്‍ .





"Every act of rebellion expresses a nostalgia for
 innocence and appeal to the essence of being "


ആല്‍ബേര്‍  ക്യാമുവിന്റെ പ്രസിദ്ധ  വാചകങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണ്  "ഞാന്‍  സ്റ്റീവ് ലോപ്പസ് " തുടങ്ങുന്നത് . രാത്രിയില്‍  നഗര വീഥിയിലൂടെ പോകുന്ന ഒരു  വാഹനത്തിലെ അരണ്ട വെളിച്ചത്തില്‍ അലസമായിരുന്നു സംസാരിക്കുന്ന  കുറച്ചു യുവാക്കള്‍ .  വാട്ട്സാപ്പിലെ സ്ട്ടാട്ടസുകളെ കുറിച്ചും കൂട്ടത്തിലോരാളുടെ  പ്രണയത്തെ പറ്റിയുമാണ്  അവരുടെ സംസാര വിഷയം  പെട്ടെന്ന് മുമ്പിലൊരു  പോലീസ്  ജീപ്പ്  കാണുമ്പോള്‍ വണ്ടി  ഓടിച്ചിരുന്ന  ചെറുപ്പക്കാരന്‍ പെട്ടെന്ന് വണ്ടി  നിര്‍ത്തി ഇറങ്ങി ഓടുന്നു ,കൂട്ടത്തില്‍ മറ്റുള്ളവരും .

വലിയ  പ്രതിസന്ധികള്‍ അനുഭവിക്കാത്ത  മധ്യവര്‍ഗ്ഗ  യുവത്വത്തിന്റെ  പ്രതീകങ്ങള്‍  ആണ്  ആ ചെറുപ്പക്കാര്‍ .. അവരനുഭവിക്കുന്ന സുഖകരമായ  ജീവിതത്തെ ഒരു തരത്തിലും  അലോസരപ്പെടുത്താന്‍  അവര്‍  തയ്യാറല്ല ,അത് കൊണ്ട് തന്നെ  മദ്യപിച്ചുകൊണ്ട്  വണ്ടിയോടിക്കുന്നത്തിന്റെ പേരില്‍  പോലീസ് പിടിച്ചാല്‍  ഉണ്ടാകുന്ന പൊല്ലാപ്പുകളില്‍ നിന്ന്  ഒഴിവാകാന്‍ വണ്ടിയില്‍ നിന്ന്  ഇറങ്ങി ഓടുക എന്നതാണ് അവരുടെ മുന്നിലുള്ള ഏക വഴി . അധികാരത്തെയും അതിന്റെ  മെഷിനറിയെയും അവര്‍ ഭയക്കുന്നുണ്ട്  ,പക്ഷെ  തങ്ങളുടെ  അലക്ഷ്യമായ സുഖ ജീവിതത്തിനു ഭംഗം വരുത്താന്‍ അവര്‍ക്ക് കഴിയുന്നുമില്ല . അതിലൊരാള്‍  ആണ് സ്റ്റീവ്  ലോപ്പസ് . പോലീസ് ഉദ്യോഗസ്ഥനായ അച്ഛന്റെ സംരക്ഷണയില്‍ ,പോലീസ്  കോര്‍ട്ടെഴ്സില്‍ മധ്യ വര്‍ഗ്ഗ ജീവിതം  നയിക്കുന്ന കോളേജ്  വിദ്യാര്‍ഥി .


അപകടകരമായ  യാതൊന്നിലും അയാള്‍ ഇടപെടുന്നില്ല  , പ്രണയത്തില്‍  പോലും  ഒരു  സാഹസത്തിനോന്നും  സ്ടീവിനു  താല്പര്യമില്ല  . നിസ്സംഗമായ  കണ്ണുകള്‍  ,അലക്ഷ്യമായ  ചലനങ്ങള്‍  , കൂട്ടുകാരുമായി  കറങ്ങണം  ,മദ്യപിക്കണം , നായകന്  ഉണ്ടായിരിക്കണമെന്ന് പ്രേക്ഷകര്‍  ശഠിക്കുന്ന പരമ്പരാഗതമായ  ഒരു  ശീലങ്ങളും അയാള്‍  പാലിക്കുന്നില്ല  ,പ്രണയം  ഉണ്ടാകുമ്പോള്‍  തന്നെ  കുളി മുറിയില്‍ നിന്ന്  അയലത്തെ  വീട്ടിലെ  ചേച്ചിയെ  നോക്കി സ്വയം ഭോഗം  ചെയ്യാന്‍  ശ്രമിക്കുന്നുണ്ട് .  സിനിമയുടെ  തുടക്കം  മുതല്‍  തന്നെ  ഇത്തരത്തില്‍  സ്റ്റീവ്  പ്രതിനിധാനം ചെയ്യുന്ന   ഓരോ ചെറുപ്പക്കാരന്റെയും   സ്വഗതഖ്യാനമായി അനുഭവിപ്പിക്കാനാണ്‌ രാജീവ്  രവി ശ്രമിക്കുന്നത്  .. അയാള്‍  നായകനോ പ്രതിനായകനോ  ഒന്നുമല്ല ,സിനിമ കാണുന്ന ഓരോ  ചെറുപ്പക്കാരനെയും പോലെ  ഒരാള്‍ മാത്രം . അത് കൊണ്ട് തന്നെയാണ് സിനിമയുടെ പേര്  "ഞാന്‍  സ്റ്റീവ് ലോപ്പസ് " എന്നാകുന്നതും .



നേര്‍വരയില്‍ വരച്ചു വെക്കപ്പെടാത്ത രാഷ്ട്രീയം 

   രാജീവ് രവി തന്റെ സിനിമകളിലൂടെ  ആവിഷ്കരിക്കുന്നത് ,ഗുപ്തമായ രാഷ്ട്രീയമാണ് ,  നാല് വരി പേജുകളില്‍  കൃത്യമായ  അളവുകളില്‍  ചേര്‍ത്തത് വരച്ചു വെക്കുന്ന  അക്ഷരങ്ങളെ പോലെ ഒരു  ഭാഷ അതിനു  സാധ്യമല്ല .  സാധാരണക്കാരനായ ഒരാളുടെ ജീവിത പരിസരത്തെ അദൃശ്യമായ ഒരിടത്ത് നിന്നുംഇ  നിരീക്ഷിക്കുകയാണ് ആ സിനിമകള്‍ ചെയ്യുന്നത് ,         "അന്നയും  രസൂളിലും"  മതം സമൂഹത്തെ,  വ്യക്തി  ജീവിതത്തെ  നിര്‍ണ്ണയിക്കുന്നതും  നിയന്ത്രിക്കുന്നതുമായിരുന്നു  ഇതിവൃത്തം .മതങ്ങള്‍ മനുഷ്യനെ തമ്മില്‍  അകറ്റുന്നു " എന്നൊരു  ടാഗ്  ലൈന്‍ വെക്കാതെ  തന്നെ സൃഷ്ടികളില്‍  അതനുഭവിപ്പിക്കാന്‍  സാധിക്കുന്നു  എന്നതാണ് ആ സിനിമയുടെ രാഷ്ട്രീയ വിജയം  .


മുഖ്യധാര സിനിമയിലെ  അനീതിക്കെതിരെ ,അവിശുദ്ധ രാഷ്ട്രീയത്തിനെതിരെ നാലര പേജ് ഉപന്യാസം  കാണാപാഠം  പറഞ്ഞു  മന്ത്രിക്കു നേരെ  ,മേലുദ്യോഗസ്ഥനു  നേരെ  ക്ഷോഭിക്കുന്ന  നായകന്‍  പ്രേക്ഷകനെ സംബന്ധിച്ച് ഒരു  വിനോദോപാധി  മാത്രമാണ്  . അത്തരം  പ്രകടന പരത കാണികളെ രസിപ്പിക്കുന്നു എന്നതില്‍ കവിഞ്ഞൊരു രാഷ്ട്രീയ  ബോധവും സൃഷ്ടിക്കുന്നില്ല . യഥാര്‍ത്ഥ ജീവിതത്തില്‍  പ്രതികരിക്കാനോ പ്രതിഷേധിക്കാനോ തുനിയാത്ത ,മടിക്കുന്ന പ്രേക്ഷകന്‍   പ്രേക്ഷകര്‍ അത്തരം പ്രകടനങ്ങള്‍  ആഗ്രഹിക്കുന്നു  , ആശ്വസിക്കുന്നു , കോള്‍മയിര്‍  കൊള്ളുന്നു . ഇതൊരു ഫാന്റസി ആണ്  റിയാലിറ്റിയുടെ അസുഖകരമായ യഥാര്‍ത്ഥ്യത്തില്‍ നിന്ന് മനപൂര്‍വ്വം  ഫാന്റസിയുടെ  സുഖ ശീതളിമയിലേക്ക്  ജനങ്ങളുടെ രാഷ്ട്രീയ ബോധത്തെ  പരിമിതപ്പെടുത്തുന്നു  . സമൂഹത്തിലെ  അനീതികള്‍ക്കെതിരെ  പ്രതികരിക്കാന്‍  ഒരു സൂപ്പര്‍  ഹീറോ യെ  പ്രതീക്ഷിച്ചു കൊണ്ട് അവര്‍ സന്തോഷത്തോടെ ആവേശത്തോടെ  സിനിമ കണ്ടിറങ്ങുന്നു ,ഇതൊരു  പ്രതിലോമകരമായ   രാഷ്ട്രീയ ആശയമാണ് .



റിയാളിസ്റ്റിക് ആഖ്യാന  രീതിയുടെ രാഷ്ട്രീയം 


സിനിമയിലെ   യഥാതഥാ  ആഖ്യാന രീതി   തന്നെ  ഒരു  രാഷ്ട്രീയ മുന്നേറ്റത്തിന്റെ  ഭാഗമാണ് . നില നിന്നിരുന്ന പരമ്പരാഗത , ബൂര്‍ഷ്വാ  കലാ  സങ്കല്‍പ്പങ്ങളെ  നിരാകരിച്ചു  കൊണ്ട് അടിസ്ഥാന  വര്‍ഗ്ഗത്തിന്റെ  ജീവിതത്തെ  നേര്‍കാഴ്ചയാക്കുകയാണ് റിയലിസം ചെയ്തത് . ലോകത്തിന്റെ  പല ഭാഗങ്ങളില്‍  ഈയൊരു ആഖ്യാന രീതി  ശക്തമായ  രാഷ്ട്രീയ  പ്രചാരണ ഉപാധിയായി  ഉപയോഗിക്കപ്പെട്ടു .  വര്‍ഗ്ഗ സമരവും  അടിസ്ഥാന  വര്‍ഗ്ഗ ജീവിതവും ദാരിദ്ര്യവും എല്ലാം സിനിമക്ക് വിഷയീഭവിക്കപ്പെട്ടു . Bicycle thieves - ഉം   സത്യ  ജിത്ത് റെ യുടെ  "അപു  ട്രയോലാജി"യുമെല്ലാം  ഈയൊരു  തരംഗത്തിന്റെ ഭാഗമായ  സിനിമകള്‍  ആണ് . 


 ഒരു  സാധാരണ മനുഷ്യന്റെ  ജീവിതം  യഥാര്‍ത്ഥ്യ ബോധത്തോടെ  ,എത്ര മേല്‍ അതിനെ  പകര്‍ത്തി വെക്കാന്‍  കഴിയുമോ എന്നതാണ്  സിനിമയിലെ  റിയലിസം . ക്യാമറക്കു  മുമ്പില്‍ തെളിയുന്നതിനെ  സിനിമയുടെ  ലാവണ്യ രൂപത്തെ അനുനയിപ്പിക്കാനുള്ള തിരുത്തലുകള്‍  ഒഴിവാക്കി  ,കൃത്രിമമായി  യാതൊന്നും ചേര്‍ക്കാതെ  ,കഴിവതും  പരിചിതരല്ലത്ത അഭിനേതാക്കളും  തയ്യാര്‍ ചെയ്യാത്ത ഇടങ്ങളും ആയിരിക്കണം .ലോക ക്ലാസ്സിക്കുകളില്‍  ഒന്നായ  Los Olvidados (The Young and the Damned ) ചിത്രീകരിക്കാനായി  ലൂയിസ് ബുനുവല്‍ തെരുവില്‍  അലഞ്ഞു തിരിഞ്ഞിരുന്ന കുട്ടികളെയാണ് അഭിനേതാക്കള്‍ ആയി തിരഞ്ഞെടുത്തത് എന്ന്  കേട്ടിട്ടുണ്ട് .സിനിമക്കൊരിക്കലും യഥാര്‍ത്ഥ്യം  ആകാന്‍  കഴിയില്ല  ,അതൊരു സാങ്കേതിക  പകര്‍ത്തി വെയ്ക്കല്‍ മാത്രമാണ് പക്ഷെ   യാതാര്‍ത്ഥ്യം  എത്രത്തോളം സിനിമയിലേക്കു  ആവാഹിക്കാന്‍  കഴിയുമെന്ന അന്വേഷണമാണ് ഈ സിനിമകള്‍  . 


മുന്‍ ചിത്രമായ  "അന്നയും  റസൂലും "ആഖ്യാന  രീതി വെച്ച് നോക്കിയാല്‍ ഒരളവോളം   Poetic realism  ആണ് സ്വീകരിച്ചിരുന്നതെന്ന്  കാണാം .  പരമ്പരാഗത  സിനിമ  അനുശാസിക്കുന്ന സൌന്ദര്യ ശാസ്ത്രത്തെ തൃപ്തിപ്പെടുത്താന്‍  അതില്‍  ചില കൂട്ടിചേര്‍ക്കലുകള്‍ ഉണ്ടായിട്ടുണ്ട്   പ്രശസ്തരായ  താരങ്ങള്‍  ഉണ്ടായിരുന്നു , ആദി  മദ്ധ്യാന്ത പൊരുത്തം  കഥയുള്ള  ,കൃത്യമായ ദുരന്ത  പര്യവസാനിയായ  ഒരു  കഥയും  അതില്‍ സ്വീകരിച്ചിരുന്നു (പിന്നീടൊരു  അഭിമുഖത്തില്‍  എഴുതി വെച്ച  സ്ക്രിപ്റ്റ് നു  അനുസരിച്ച്  സിനിമ എടുക്കാനാവില്ല എന്നും   തിരക്കഥ കരുത്തായ സന്തോഷ്‌ എച്ചിക്കാനം  എഴുതി വെച്ചിരുന്നത്  പലപ്പോഴും  വായിച്ചു പോലും നോക്കിയിരുന്നില്ല എന്നുമാണ്  രാജീവ്  രവി ഒരു  ഖേദ പ്രകടനമെന്ന പോലെ പറഞ്ഞത് ) 


സ്റ്റീവ്  ലോപ്പസില്‍ രാജീവ്  രവി "അന്നയും റസൂളിലും വിട്ടു  വീഴ്ച  ചെയ്ത  ചില  ഘടകങ്ങള്‍  കൂടി  ഉള്‍പ്പെടുത്തിയിട്ടുണ്ട് .  പ്രേക്ഷകര്‍ക്ക്‌  തികച്ചും  അപരിചിതരായ  അഭിനേതാക്കള്‍ ,  ദൃശ്യ  ഭംഗിക്കായി  കൃത്രിമമായ ക്രമീകരണങ്ങളോ  ,സാങ്കേതികതയോ കൂട്ടിചെര്‍ക്കുന്നില്ല  .സമയവും  സ്ഥലവും സന്ദര്‍ഭവും   ആവശ്യപ്പെടുന്ന പ്രകാശ വിന്യാസവും ശബ്ദ ക്രമീകരണങ്ങളുമേ സിനിമ കാണിക്കുന്നുള്ളൂ . റിയാളിസ്ടിക് സിനിമയുടെ  സവിശേഷ ഘടകമായ  open ending ആണ്  സിനിമയില്‍ (അന്തോം കുന്തോമില്ലാത്ത സിനിമയെന്ന പഴി കേട്ടത് ഇതിനു കൂടിയാണ് ) .






സിനിമയുടെ  ഭൂമി ശാസ്ത്ര പശ്ചാത്തലം  

കൊച്ചിയെക്കാളും ഗുണ്ടാ സാന്ദ്രത കൂടിയ സ്ഥലമൊന്നുമല്ല  തിരുവനന്തപുരം  ,കൊച്ചിയുടെയോ ത്രുശൂരിന്റെയോ  കോഴിക്കൊടിന്റെയോ  നഗരത്തിനു  അനുയോജ്യമല്ലാത്ത   കഥയുമല്ല സ്റ്റീവ്  ലോപ്പസ് . തിരുവനന്ത പുരം തന്നെ തിരഞ്ഞെടുത്തത് കൃത്യമായ ഉദ്ദേശം വെച്ച് കൊണ്ട് തന്നെയായിരിക്കണം . കേരളത്തിന്റെ  അധികാര ദല്ലാള്‍ കേന്ദ്രം എന്ന നിലയ്ക്കാണ്  തിരുവനന്ത പുരം നഗരത്തിന്റെ  പ്രസക്തി . നിയമ സഭയും സെക്രട്ടരിയെട്ടും  രാഷ്ട്രീയവും  ബ്യൂറോ ക്രസിയും സംയുക്തമായ അധികാരത്തിന്റെ   അവിശുദ്ധ നെക്സസിന്റെ  കേന്ദ്രമെന്നൊരു  കുപ്രസിദ്ധി  തിരുവനന്തപുരം  നഗരത്ത്തിനുണ്ട് .  പ്രിത്വി രാജിന്  സംസ്ഥാന  അവാര്‍ഡ്  കിട്ടിയ "വാസ്തവം " എന്ന സിനിമയില്‍  ബ്യൂറോ ക്രസിയും  രാഷ്ട്രീയവും  പണാധികാരവും  ചേര്‍ന്ന് നടത്തുന്ന  അഴിമതികളും അതിനെ നില നിര്‍ത്താനായി  സജ്ജമാക്കിയ  ആള്‍  ബലവും ഒക്കെ  വിശദമായി കാണിച്ചിരുന്നു . ആ  സിനിമയില്‍  സുധീര്‍  കരമന  അവതരിപ്പിച്ച  കൊട്ടേഷന്‍ തൊഴിലാളിയുടെ  തുടര്‍ച്ചയാണ്  സ്റ്റീവ്  ലോപ്പസിലെ  ഗുണ്ട .


സ്റ്റേറ്റ്  എന്നാ  അധികാര കേന്ദ്രം . 

സ്റേറ്റ്  ഒരു അധികാര കേന്ദ്രമാണ്  .പോലീസും  ബ്യൂറോ ക്രസിയും  രാഷ്ട്രീയവും  കോടതിയുമെല്ലാം  ഈ  സിസ്ടത്തിന്റെ  ഭാഗമാണ് . ബാഹ്യ തലത്തില്‍ ഈ   സിസ്ടത്തെ നിയന്ത്രിക്കുന്ന  ആളുകള്‍ മാറി കൊണ്ടിരുന്നാലും സിസ്റ്റത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനം മാറുന്നില്ല . അതൊരു  never ending process  ആണ് . അതിനു വിഘാതമാകുന്ന തരത്തില്‍ എന്തെങ്കിലും പ്രവര്‍ത്തനം ഉണ്ടായാല്‍  ഉന്മൂലനം ചെയ്യലാണ് അതിനു മുന്നിലുള്ള ലളിതമായ  പോംവഴി .  പക്ഷെ സ്റേറ്റ് നു പരിമിതികള്‍  ഉണ്ട്  ,അത്  നിയമാധിപത്യത്തിനു  വിധേയമായാണ്  പൊതു മണ്ഡലത്തില്‍  പ്രത്യക്ഷപ്പെടെണ്ടത് , ഈ സിസ്ട്ടത്തിനകത്ത്  നിന്ന്  വയലന്സിനു നേരിട്ട് ഉത്തരവ്  കൊടുക്കുന്നത് ധാര്‍മ്മികമായ  ഊനം സൃഷ്ടിക്കും . അത് കൊണ്ട്  സിസ്റ്റത്തിനു വെളിയില്‍ നിന്ന്  എടുക്കുന്ന  താല്‍ക്കാലിക  വാടക ഉരുപ്പടികള്‍  ആണ് ഈ  കൊട്ടേഷന്‍  സംഘങ്ങള്‍ .യന്ത്രത്തിന്റെ  സുഗമമായ  ചലനത്തിന്   എണ്ണയെന്ന  പോലെ ഈ  ഗുണ്ടാ  സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു ,ഉപയോഗിച്ച്  ഘനമേറിയ  എണ്ണ  ഘര്ഷണത്തോട്  പ്രതികരിക്കാതിരിക്കുകയും യന്ത്രത്തിന്റെ  പ്രവര്‍ത്തനം തടസ്സപ്പെടുകയും  യന്ത്രം  തകരാറു  ആകുമെന്ന  ഘട്ടം  വരുമ്പോള്‍  എണ്ണ മാറ്റുന്നു  എന്നതല്ലാതെ  യന്ത്രത്തിന്  നിര്‍ത്താനാവില്ല  . യന്ത്രം  പ്രവര്‍ത്തിച്ചു  കൊണ്ടേ  ഇരിക്കുന്നു  ,


അധികാരത്തിന്റെയും  പണാധിപത്യത്തിന്റെയും  ഉപോല്‍പ്പന്നങ്ങള്‍  ആണ്  ചാവേര്‍  പട്ടങ്ങള്‍  പേറുന്ന ഗുണ്ടാ /കൊട്ടേഷന്‍ സംഘങ്ങള്‍ .  അധികാരം  നില  നിര്‍ത്താനും തങ്ങളുടെ  അഭിമാന  ബോധങ്ങളില്‍  വിള്ളല്‍  വീഴ്ത്ത്താതിരിക്കാനും  പണ്ട്  മുതലേ  തങ്ങള്‍ക്കു വേണ്ടി  കൊല്ലാനും കൊല്ലപ്പെടാനുമുള്ള  ആളുകളെ മനുഷ്യന്‍  ഒരുക്കിയിരുന്നിട്ടുണ്ട് .  .പെട്ടെന്ന്  കിട്ടുന്ന പണം  ഒരു  പ്രലോഭനമാണ്‌  ഈയൊരു  പ്രലോഭനം  നില  നില്‍ക്കുന്നിടത്തോളം  കാലം  കൊട്ടേഷന്‍ തൊഴിലാളികള്‍  തുടര്‍ന്ന് കൊണ്ടിരിക്കും .  ഈയൊരു  പ്രമേയം  കുറച്ചു നാള്‍  മുമ്പ്  ഇറങ്ങിയ "റെഡ്  വൈന്‍ " എന്ന സിനിമയില്‍ അവതരിപ്പിക്കപ്പെട്ടുവെങ്കിലും  താരബാഹുല്യവും    കച്ചവട സാധ്യതയിലൂന്നിയ   മറ്റു  ഘടകങ്ങളും  അതിനെ  താരതമ്യേന  അപ്രസക്തമാക്കുകയായിരുന്നു .

സ്റ്റീവ് നെ  സംബന്ധിച്ച്  ,   പ്രതാപനും  ഹരിയും ജോസുമെല്ലാം മനുഷ്യരാണ്  ,അവരുടെ  കുറ്റങ്ങള്‍ക്ക് ശിക്ഷ  വിധിക്കേണ്ടത്  നിയമം  ആണെന്ന്  അവന്‍  വിശ്വസിക്കുന്നു  ,അത്തരമൊരു  നിയമ വിചാരണയ്ക്ക് അവര്‍ക്ക് അര്‍ഹതയുണ്ടെന്നും  ,അത്  തന്നെയാണ് ഈ  സിനിമയുടെ  രാഷ്ട്രീയം . തന്റെ  പ്രണയവും  സ്വസ്ത ജീവിതവുമെല്ലാം ഉപേക്ഷിച്ചു  ഹരിയെ  അന്വേഷിക്കാന്‍  പ്രേരിപ്പിക്കുന്നത്  ആ  ഒരു  രാഷ്ട്രീയ ബോധം തന്നെയാണ് . 

സിസ്ട്ടത്തിനകത്ത്   ഗുണ്ടകള്‍  അനിവാര്യതയാണ് , പക്ഷെ  അവര്‍  സ്വയം  നിര്‍ണ്ണയാവകാശം  ഉള്ളവരായിരിക്കില്ല  ,അരൂപിയായ  ഒരു  നിയന്ത്രണത്തിനുള്ളിലാണ്  അവരുടെ  പ്രവര്‍ത്തനങ്ങള്‍ . ഹരിയും  സംഘത്തെയും  അവിടെ  നിന്ന്  പലായനം  ചെയ്യിക്കാന്‍  പ്രേരിപ്പിക്കുന്നതും  ഒളി സ്ഥലം  നിശ്ചയിക്കുന്നതുമെല്ലാം  അവരെ  നിയന്ത്രിക്കുന്ന ഒരു  പോലീസ്  ഉദ്യോഗസ്ഥന്‍  തന്നെയാണ്  ,ഹരി  ആക്രമണത്തിനിരയാകുമ്പോള്‍  അയാള്‍ക്ക്‌  മനസ്സിലാവുന്നുണ്ട്  " സ്റെഷനില്‍  വന്നു  തീര്‍ക്കുമെന്ന് "  ആക്രോശിക്കുന്നതും  അയാള്‍ക്ക്‌  ആ  ഗൂഡാലോചനയെ  കുറിച്ച്  വ്യക്തമായ  ബോധ്യം  ഉള്ളത്  കൊണ്ടാണ്,ഒരു പക്ഷെ  മുമ്പൊരിക്കല്‍  മറ്റൊരാളെ  ഉന്മൂലനം ചെയ്യാന്‍ ഹരിയും അയാളോടൊപ്പം  ചേര്‍ന്നിരിക്കാം .


ഹിംസ  ഒരു  സാമൂഹ്യ യഥാര്‍ത്ഥ്യമാകുന്നു .


"കുറച്ചു  ആളുകള്‍  രാത്രിയില്‍ അവരുടെ മെത്തയില്‍  സുഖമായി  ഉറങ്ങുന്നുവെങ്കില്‍  അവരെക്കാള്‍ പരുക്കരായ മറ്റാരോ  അവര്‍ക്ക് വേണ്ടി  ഹിംസ നടത്തുന്നത് കൊണ്ടാണ്"

  എന്ന്  ജോര്‍ജ് ഓര്‍വല്‍  എഴുതിയിട്ടുണ്ട് . സാമൂഹികമായി  പരിപൂര്‍ണ്ണ അഹിംസാ തത്വം  ഒരു ഉട്ടോപ്യന്‍  സ്വപ്നമാണ് . വയലന്‍സ്  ഇല്ല  എന്ന് ധരിക്കുന്നത് നമ്മള്‍  അതിനു  സാക്ഷിയായിട്ടില്ല എന്നത് കൊണ്ട്  മാത്രമാണ് .  അതിനു  സാക്ഷിയാകുന്നിടം  വരെ  നമ്മളും  ആ  സമാധാനം  അനുഭവിക്കുന്നു .  സുഖ ലോലുപതയാര്‍ന്ന സ്റ്റീവ്  ന്റെ ജീവിതത്തിലേക്ക് അവിചാരിതമായി   നഗര വീഥിയിലെ ഒരു  ഗുണ്ടാ  ആക്രമണം  കടന്നു  വരികയാണ് .. ചിതറി തെറിച്ചു  പോയ  ആള്‍ക്കൂട്ടങ്ങള്‍ , വെട്ടു കൊണ്ട് ചോര വാര്‍ന്ന ഏതോ  ഒരു മനുഷ്യന്‍  -അയാള്‍  ആരാണെന്ന്  പ്രേക്ഷകനെ പോലെ  തന്നെ സ്ടീവിനും  അറിയില്ല  സ്ട്ടീവിനു  മുമ്പില്‍  അയാള്‍  ഒരു  മനുഷ്യന്‍  മാത്രമാണ്  ,സ്റ്റീവ്  അയാളെ ആശുപത്രിയില്‍  ആക്കുന്നു , ആ  ആക്രമണം ആരാണ് ചെയ്തതെന്ന്  സ്ടീവിനു  അറിയാം .  പിന്നീടുള്ള  അയാളുടെ  അന്വേഷണമാണ്  സിനിമ ,  അയാളുടെ അന്വേഷണം  പ്രേക്ഷകന്റെത്  കൂടിയാണ്  കാരണം  അയാള്‍ക്ക്‌  അറിയാത്തതൊന്നും  പ്രേക്ഷകനും  അറിയുന്നില്ല .  സ്റ്റീവ്  ലോപ്പസിനോടുള്ള  താദാത്മ്യം നിമിത്തം  പ്രേക്ഷകന്‍ സ്റ്റീവ്  ലോപ്പസ്സായി  പരിണമിക്കുന്നു  ,ആ  അന്വേഷണങ്ങളില്‍  ആശയ കുഴപ്പവും  അധൈര്യവും  അനുഭവിച്ചു  കൊണ്ട്  സഞ്ചരിക്കുന്നു .



സ്റ്റീവ്  ലോപ്പസ്  ഒരു open ending movie  ആണ്  ,പിന്നീട്  എന്താകണം എന്നത് പ്രേക്ഷകന്റെ  ചിന്തകള്‍ക്ക്  വിട്ടു  കൊടുത്തിരിക്കുകയാണ് .  സിനിമ  ഉന്നയിക്കുന്ന   രാഷ്ട്രീയവും  ആശയവും   പരമാവധി  സത്യാ സന്ധതയോടെ   പ്രേക്ഷകന്  മുന്നിലേക്ക്‌  വെക്കുക  എന്നത്  മാത്രമേ   ഒരു  കലാ സൃഷ്ടിക്കു  കഴിയൂ അതല്ലാതെ   ,അതിനു  ശുഭാന്ത്യം  നല്‍കാനോ  മാത്രുകയായി  സൂക്ഷിക്കാനോ സിനിമ   സുഭാഷിതമോ  അമര്‍  ചിത്ര കഥയോ  അല്ല . പ്രേക്ഷകരെ ചിന്തിക്കാന്‍  പ്രേരിപ്പിക്കുകയെന്നതാണ് തന്റെ സിനിമയുടെ ദൌത്യം എന്ന് രാജീവ്  രവി കരുതുന്നുണ്ട് . "തന്റെ എടുത്തു ചാട്ടം കൊണ്ട്  ആ യുവാവിന്റെ ജീവിതം  അവസാനിക്കുകയാണ്  ,യുവത്വത്തിന്റെ ചപലത കൊണ്ട് സ്വന്തം ജീവിതം തകര്‍ത്ത    കഥ , ഇത്  നിങ്ങള്‍ക്കും  ഒരു  പാഠം  ആകട്ടെ " എന്ന്  ഒരു  അന്ത്യ  സന്ദേശത്തിന്റെ  നിറവില്‍  സിനിമ അവസാനിച്ചില്ല എന്നത് തന്നെയാണ് best part of this Film . ഞാന്‍  സ്റ്റീവ്  ലോപ്പസ് ഒരു  അന്വേഷണമോ  യാത്രയോ  ആണ്  സുഖലോലുപതയെയോ നിഷ്കളന്കതയെയോ  മുറിവേല്‍പ്പിക്കുന്ന ഒരു  അന്വേഷണം .