Like

...........

Tuesday 7 August 2012

ഈഫല്‍ ടവര്‍ വില്‍ക്കാനുണ്ട് !!!!




ലോക പ്രശസ്തമായ ,പാരീസ് നഗരത്തിന്റെ മുഖമുദ്രയായ ഈഫല്‍ ഗോപുരം ഫ്രഞ്ച് ഗവണ്മെന്റ് വില്‍ക്കാന്‍ പോകുന്നു ,അതും ഇരുമ്പ് വിലയ്ക്കു !!! സംഗതി സത്യമാണ് പക്ഷെ ഇപ്പോഴല്ല 1925 - ല്‍ ആയിരുന്നു എന്നു മാത്രം . വര്‍ഷാവര്‍ഷമുള്ള ഈഫല്‍ ഗോപുരത്തിന്റെ ഭീമമായ പരിപാലന ചിലവ് താങ്ങാന്‍ കഴിയാതെയാണ് ഫ്രഞ്ച് ഗവണ്‍മ്മെന്റ് ഈ വിചിത്രമായ വില്പന നടത്തിയത് ,പാരീസ് നഗരവാസികളും ഈഫല്‍ ഗോപുരത്തിന്റെ ആരാധകരും പ്രതിഷേധമുയര്‍ത്തുമെന്നുള്ളതു കൊണ്ട് സംഗതി രഹസ്യമായിരുന്നു. ആന്ദ്രേ പോയ്സോണ്‍ എന്ന ചെറുകിട വ്യാപാരിയായിരുന്നു വന്‍ തുക മുടക്കി ഈഫല്‍ ഗോപുരം വാങ്ങിച്ചത് .ധാരാളം പൈസയുണ്ടെങ്കിലും ഒരു നല്ല ബിസിനസ്സുകാരനെന്ന പേരില്ല എന്ന സങ്കടമുള്ള ഒരു പ്രാഞ്ചിയേട്ടനായിരുന്നു ആന്ദ്രേ പോയ്സണ്‍ ,ഈഫല്‍ ഗോപുരം വാങ്ങിയാല്‍ പിന്നെ തന്റെ പേരും പ്രശസ്തിയും നാടാകെ പടരുമെന്നു അയാള്‍ കരുതി .ഗവണ്മെന്റ് ഈഫല്‍ ടവറൊക്കെ വില്‍ക്കുമോ ? ചെറിയ ഒരു സന്ദേഹമുണ്ടായിരുന്നത് ഗവണ്മെന്റ് പ്രതിനിധിയുമായുള്ള ആദ്യകൂടിക്കാഴ്ചയില്‍ തന്നെ അലിഞ്ഞില്ലാതായി .അത്രക്കുണ്ടായിരുന്നു ഗവണ്മെന്റ് പ്രതിനിധിയുടെ മൊത്തത്തിലുള്ള സെറ്റപ്പ് അത്യാഡംബര കാറായ ലിമോസിനില്‍ പ്രൌഡഗംഭീരമായ വസ്ത്രധാരണത്തോടെയുള്ള കുലീനനും മാന്യനുമായ ഒരാള്‍ .എന്തിനേറെ പറയുന്നു ആദ്യകൂടിക്കാഴ്ചയില്‍ തന്നെ ഇടപാടുറപ്പിച്ചു ,രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ തന്നെ വലിയ ഒരു തുകയും കൊടുത്ത് ഈഫല്‍ ടവര്‍ സ്വന്തവുമാക്കി ,ഇനി തന്റെ പേരും പ്രശസ്തിയും നാടാകെ പരക്കും -ആന്ദ്രേ പോയ്സോണ്‍ അന്നു രാത്രി സന്തോഷം കൊണ്ട് ഉറങ്ങിയിട്ടുണ്ടാകില്ല .പിറ്റേ ദിവസം തന്റെ സ്വന്തം ഈഫല്‍ ടവര്‍ പൊളിച്ചാല്‍ എത്ര ടണ്‍ ഇരുമ്പു കിട്ടും എന്നൊക്കെയുള്ള ഒരവലോകനത്തിനു ഈഫല്‍ ടവറിലേക്കു പോയ ആന്ദ്രേ പോയ്സണ്‍ ഹൃദയസ്തംഭനം വന്നു മരിച്ചില്ലന്നെയുള്ളൂ .ഫ്രഞ്ച് ഗവണ്മെന്റ് അങ്ങനെയൊരു വില്പന നടത്തിയിട്ടില്ലത്രെ ,എന്തിനു അങ്ങനെയൊരു ആലോചന പോലുമുണ്ടായിട്ടില്ല . പോയത് പോയി ,ആന്ദ്രെ പോയ്സണ്‍ എന്തായാലും ആരോടും പരാതി പറഞ്ഞു ഉള്ള പേരു കളയാന്‍ നിന്നില്ല .


ഏതാനും മാസങ്ങള്‍ക്കു ശേഷം വീണ്ടും ഈഫല്‍ ടവര്‍ വില്പനക്കു വെച്ചു ,ഇത്തവണ 6 പേര്‍ക്കു ഒരുമിച്ചാണ് ഈഫല്‍ ഗോപുരം വിറ്റത് , അതിലൊരാള്‍ക്കു തോന്നിയ ഒരു സംശയം പരാതിയായി മാറി. അങ്ങനെയാണ് ഈഫല്‍ ടവര്‍ വില്‍ക്കുന്ന ആ ഗവണ്മെന്റ് ഒഫിഷ്യലായി വന്നയാളെ പോലീസ് നോട്ടമിട്ടത് . പക്ഷെ അയാള്‍ അവിടെ നിന്നും അല്‍ഭുതകരമായി വെട്ടിച്ചു കടന്നു കളഞ്ഞു - അദ്ദേഹമായിരുന്നു പിന്നീട് ഈഫല്‍ ടവര്‍ വിറ്റയാള്‍ എന്ന പേരില്‍ പ്രശസ്തനായ വിക്ടര്‍ ലസ്റ്റിഗ് . വിക്ടര്‍ ലസ്റ്റിഗിനു ഇത്തരം ഊടായ്പ്പ് തന്നെയാണ് സ്ഥിരം ജോലി .ഇതിനു മുമ്പ് നോട്ടടിക്കുന്ന ഒരു മെഷീന്‍ ഉണ്ടാക്കി കുറെ പേര്‍ക്കു വിറ്റ ആളാണ് വിക്ടര്‍ .ഒരു സാധാരണ പ്രിന്ററില്‍ ചില അഡ്ജസ്മെന്റൊക്കെ വരുത്തി സ്പെഷ്യല്‍ പ്രിന്റര്‍ ആക്കി മാറ്റി ഓരോ 6 മണിക്കൂറിലും 100 $ വരും ,വന്‍ വില കൊടുത്ത് ധനമോഹികളായ പലരും ഈ മെഷീന്‍ വാങ്ങി ആദ്യ പന്ത്രണ്ട് മണിക്കൂറില്‍ 2 തവണ 100 $ വന്നു ,പിന്നെയൊക്കെ വെറും ബ്ലാങ്ക് പേപ്പര്‍ ,ഈ 12 മണിക്കൂര്‍ തന്നെ ധാരാളമായിരുന്നു വിക്ടറിനു രക്ഷപ്പെടാന്‍ .

കുരുട്ടുബുദ്ധിയും ഊടായ്പ്പും കാണിച്ചു ജീവിക്കുന്നവര്‍ക്കൊരു മാതൃകാ പുരുഷനായിരുന്നു വിക്ടര്‍ ലസ്റ്റിഗ് , ധനത്തിനു ആര്‍ത്തിയുള്ളവരെയും എളുപ്പം പണമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരെയും നോട്ടമിടുക ,എപ്പോഴും മികച്ച വസ്ത്രധാരണവും പെരുമാറ്റ രീതികളും പുലര്‍ത്തുക ,ഇടപാടുകള്‍ക്കിടയില്‍ മദ്യപാനം അരുത് , ഇടപാടുകാരന്റെ അഭിപ്രായത്തോട് വിശ്വസനീയമായ രീതിയില്‍ യോജിക്കുക ,മതപരവും രാഷ്ട്രീയവുമായ കാര്യങ്ങള്‍ പറഞ്ഞു തര്‍ക്കിക്കാതിരിക്കുക ,കഴിയുന്നിടത്തോളം ബഹുഭാഷാ സ്വാധീനം കരസ്ഥമാക്കുക എന്നിങ്ങനെ ഇത്തരക്കാര്‍ക്കു വേണ്ടി ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കിയിരുന്നു .

കോണ്‍ - ട്രിക്സ് & സ്ഥേയ കൌശല കഥകള്‍

സംഗതി ഊടായ്പ്പാണെങ്കിലും പാശ്ചാത്യര്‍ ഇതിനെ ഒരു കലയായാണ് പരിഗണിക്കുന്നത് , അവരിത്തരം ഊടായിപ്പുകളെ കോണ്‍ ആര്‍ട്ട്സ് [ Con Arts - Confident Arts ] എന്നാണ് പേരിട്ടിരിക്കുന്നത് , വൈദഗ്ദ്യവും കഴിവും ആവശ്യമായ ഒരു കലാപരമാ‍യ ഒരു സംഗതി തന്നെയാണല്ലോ ഇതും. മറ്റുള്ളവര്‍ പറ്റിക്കപ്പെടുന്നതു കാണാന്‍ എല്ലാവര്‍ക്കും വലിയ താല്പര്യമുണ്ട് ,ആ താല്പര്യം സ്വയം ഇരയാകുന്നതു വരെ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ഇത്തരം കഥാപാത്രങ്ങള്‍ നായകരായി ,അവരുടെ കുരുട്ടുബുദ്ധിയും വൈദഗ്ദ്യവും വര്‍ണ്ണിച്ചെഴുതുന്ന കഥകളെ Picaresque stories [സ്ഥേയ കൌശല കഥകള്‍ ] എന്നു പറയുന്നു ,പച്ചമലയാളത്തില്‍ ഊടായ്പ്പു കഥകളെന്നും പറയാം. റോബിന്‍ ഹുഡും ടോം സോയറും ഹക്കിള്‍ ബെറി ഫിന്നും കായംകുളംകൊച്ചുണ്ണിയുമെല്ലാം ഇത്തരം കഥകളാണല്ലോ . ചില കഥകളില്‍ നായകന്റെ തട്ടിപ്പുകളും മോഷണവും ദരിദ്രരെ സഹായിക്കാനും ചൂഷകന്മാരെ ഒരു പാഠം പഠിപ്പിക്കാനും ഉള്ളതാണ് ,അവര്‍ നിരപരാധികളോടു കരുണയുള്ളവരായിരിക്കും ,

Catch me If you Can

കോണ്‍ -ട്രിക്കുകളുടെ കാര്യത്തില്‍ ലോകത്തെ അല്‍ഭുതപ്പെടുത്തിയ മറ്റൊരു വ്യക്തിയാണ് Frank Abagnale ,ഇക്കാര്യത്തില്‍ ഒരു ഇതിഹാസം എന്നു തന്നെ പറയാം . ഊടായ്പ്പു വേലകളില്‍ നാന്ദി കുറിക്കുമ്പോള്‍ ഫ്രാങ്ക് ആബഗ്നേല്‍ സ്വജനപക്ഷപാതമൊന്നും കാട്ടിയില്ല ,സ്വന്തം അച്ഛന്റെ പെട്രോള്‍ കാര്‍ഡില്‍ തിരി മറി നടത്തിയാണ് ജൂനിയര്‍ ആബഗ്നേല്‍ കളത്തിലിറങ്ങിയത് .ഗണപതിക്കു വെച്ചത് കാക്ക കൊണ്ടോയില്ല എന്നു പിന്നീടുള്ള ചരിത്രം സാക്ഷി .ബാങ്ക് ഇടപാടുകളാണ് ഫ്രാങ്ക് ആബഗ്നേയിലിന്റെ മാസ്റ്റര്‍ പീസ് ഇതിനു വേണ്ടി മാത്രം നിരവധി ബാങ്കുകളില്‍ പല പേരുകളില്‍ എക്കൌണ്ട് ഉണ്ടാക്കുന്നു അതും പോരാഞ്ഞ് സ്വന്തമായി ചെക്കുണ്ടാക്കി അത് കൊണ്ട് പണം പിന്‍ വലിക്കുന്നു .പൈലറ്റ് , ഡോക്ടര്‍ ,പ്രൊഫസര്‍ ,വക്കീല്‍ എന്നിങ്ങനെ ആബഗ്നേയില്‍ കെട്ടാത്ത വേഷങ്ങള്‍ ചുരുക്കമാണ് ,വെറുതെ വേഷം കെട്ടുക മാത്രമല്ല ഇതിനെല്ലാം ആവശ്യമായ സര്‍ട്ടിഫിക്കേറ്റുകളും സാമാന്യ വിവരവും അയാള്‍ നേടുന്നത്ര പ്രൊഫഷണലാണ് . പല രാജ്യങ്ങളിലേക്കു യാത്ര ചെയ്യേണ്ടതിനാല്‍ മാത്രം പൈലറ്റാവുകയാണ് എളുപ്പമെന്നു മനസ്സിലാക്കി പാന്‍ അമേരിക്കന്‍ എയര്‍ ലൈന്‍സിന്റെ ഒരു പൈലറ്റ് യൂണിഫോം സംഘടിപ്പിച്ചു ഒരു പൈലറ്റിന്റെ പ്രിവില്യേജസ് [പാന്‍ അമേരിക്കന്‍ എയര്‍ ലൈന്‍സില്‍ സൌജന്യ യാത്ര ,സ്റ്റാര്‍ ഹോട്ടലിലെ താമസം ഇതിനെല്ലാം ഫ്രാങ്കിനു ആകെ കൂടി വേണ്ടി വന്നത് ഒരു പൈലറ്റ് യൂണിഫോമും പിന്നെ കയ്യിലിരുപ്പും “ മാത്രമാണ് ഒന്നിലേറെ തവണ പോലീസ് കസ്റ്റഡിയില്‍ നിന്നും വിദഗ്ദമായി രക്ഷപ്പെട്ടിട്ടൂം പക്ഷെ ഏതു കള്ളന്റെയും അവസാനം പോലെ തന്നെ ആബഗ്നേല്‍ വീണ്ടും രക്ഷപ്പെടാനാവാത്ത വിധം പോലീസ് പിടിയിലായി പക്ഷെ ബാങ്കിങ്ങ് ഇടപാടുകളിലും ചെക്ക് തിരിമറികളിലും ഉള്ള വൈദഗ്ദ്യം കൊണ്ട് അധികാരികളെ അമ്പരപ്പിച്ച ആബഗ്നേയിലിനെ ഫെഡറല്‍ ബ്യൂറോ ഇത്തരം തിരിമറികള്‍ കണ്ടെത്താന്‍ ഗവണ്മെന്റിനെ സഹായിക്കാമെന്ന ഉടമ്പടി പ്രകാരം ശിക്ഷയില്‍ നിന്നൊഴിവാക്കുകയായിരുന്നു .പില്‍ക്കാല ജീവിതം ഇത്തരം ഊടായിപ്പുകളെ കണ്ടെത്താന്‍ അധികാരികളെ സഹായിച്ചും അതിനു വേണ്ടി തന്റെ വൈദഗ്ദ്യം ഉപയോഗിച്ചു ജീവിക്കുന്നു ഇത്തരംചതിക്കുഴികളില്‍ നിന്നും കോണ്‍ - ട്രിക്കുകളില്‍ നിന്നും ആളുകളെ ബോധവല്‍ക്കരിക്കാന്‍ . The Art of the Steal, എന്നൊരു പുസ്തകവും എഴുതിയിട്ടൂണ്ട് -എന്തൊരു ചതിയായിപ്പോയി അല്ലെ .

.ഇദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സ്റ്റീവന്‍ സ്പില്‍ ബെര്‍ഗ് “കാച്ച് മി ഇഫ് യു ക്യാന്‍ “ എന്ന സിനിമയെടുത്തിട്ടൂള്ളത് . കള്ളനെ പോലീസാക്കുന്ന ഈ തന്ത്രത്തിനു ഒരു പാട് പഴക്കമുണ്ട് .ആയിരത്തൊന്നു രാവുകളില്‍ ഷഹറസാദ് പറയുന്ന കഥകളില്‍ ഹസ്സന്‍ ,മുഹമ്മസ് ,ആലി എന്നീ പെരും കള്ളന്മാരെ കെയ് റോയിലെ ഭരണാധികാരിയായിരുന്ന ഹാറൂണ്‍ അല്‍ റഷീദ് പോലീസുദ്യ്യോഗം നല്‍കിയതും അതിനെ തുടര്‍ന്നു അവരുടെ കൌശലം കൊണ്ട് കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതും വിവരിക്കുന്നുണ്ട് .ഒരു യഥാര്‍ത്ഥ കള്ളനല്ലാതെ ആര്‍ക്കാണ് തട്ടിപ്പിന്റെയും മോഷണത്തിന്റെ ദുരൂഹമാം വിധം ഇരുളടഞ്ഞ വഴിത്താരകളെ മനസ്സിലാക്കാന്‍ സാധിക്കുക ? ആ തൊഴിലിലെ കൌശലവും കുബുദ്ധികളും അവരോളം പരിചിതമായവരുണ്ടാകുമോ .ആയിരത്തൊന്നു രാവുകളില്‍ നിന്നു ഇന്നത്തെ Hi tech യുഗത്തിലേക്കെത്തുമ്പോഴും ഇതേ തന്ത്രം തന്നെയാണ് പ്രയോഗിക്കപ്പെടുന്നത് ആന്റി വയറസ്സ് സോഫ്റ്റ് വേര്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ അവരുടെ പുതിയ സോഫ്റ്റ് വേര്‍ നിര്‍മ്മിക്കാനും അതിന്റെ ബലഹീനതകളെ പറ്റി പഠിക്കാനും വിരുതന്മാരായ ഹാക്കേഴ്സിനെയാണ് നിയമിക്കുന്നത് .

റുസ്തം നഗര്‍ വാല കേസ് .

ഇന്‍ഡ്യയില്‍ ഏറ്റവും പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ കോണ്‍-ട്രിക്ക് ആയിരുന്നു റുസ്തം നഗര്‍വാല കേസിന്റേത്. 1971 ലെ മേയ് 24 ഒരു പ്രഭാതത്തില്‍ പാര്‍ല്യമെന്റ് സ്ട്രീറ്റ് ബ്രാഞ്ചിലേക്ക് അന്നത്തെ പ്രധാനമന്ത്രി സാക്ഷാല്‍ ഇന്ദിരാഗാന്ധിയുടെ ഒരു ഫോണ്‍ - അധികം വാക്കുകളൊന്നുമില്ല ഞാന്‍ അയക്കുന്ന "ബംഗ്ലാദേശി ബാബു “ എന്ന ആളുടെ കയ്യില്‍ പറയുന്ന പൈസ കൊടുത്തയക്കുക ,ഈ ഫോണ്‍ സന്ദേശത്തിനു ശേഷം ഉടന്‍ തന്നെ പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നും ഒരാള്‍ ബാങ്കിലെത്തുന്നു -അയാള്‍ ആവശ്യപ്പെട്ട പ്രകാരം 60 ലക്ഷം രൂപ യാതൊരു വിധ രേഖകളുമില്ലാതെ കൊടുത്തു വിടുന്നു ,അതിനു ശേഷം മാനേജര്‍ പതിവ് പോലെ ? പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചെന്ന് റെസീപ്റ്റ് ചോദിക്കുമ്പോഴാണ് അത്തരമൊരു ഫോണ്‍ കോളിന്റെ കഥ തന്നെ Prime minister Office അറിയുന്നത് തന്നെ .ഉടന്‍ തന്നെ തീവ്രമായ അന്വേഷണമാരംഭിച്ചു അധികം താമസിയാതെ തന്നെ പാര്‍ലിമെന്റ് സ്ട്രീറ്റിലെ ഒരു റോഡില്‍ നിന്നും റുസ്തംനഗര്‍വാല എന്നൊരാളെ പണമടങ്ങിയ ബാഗുമായി അറസ്റ്റ് ചെയ്യുന്നു .ഈ കേസില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം പിടിക്കപ്പെടാതെ വളരെ ലളിതമായി പണവുമായി രക്ഷപ്പെടാമായിരുന്നിട്ടൂം റുസ്തം നഗര്‍ വാല അതിനു ശ്രമിക്കാതെ പിടി കൊടുക്കുകയായിരുന്നു . വെറുവെറുമൊരു ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ 60 ലക്ഷം രൂപ [1971 ലെ 60 ലക്ഷം രൂപയ്ക്കു ഇന്നത്തെ മൂ‍ല്യം ആലോചിച്ചു നോക്കുക ] ഒരു രശീതി പോലുമില്ലാതെ കൊടുത്തു വിടുക എന്നതിനര്‍ത്ഥം ഇത്തരം ഇടപാടുകള്‍ സ്ഥിരമായിരുന്നു .ഒന്നുകില്‍ ഇന്ദിരാഗാന്ധിക്കു ഭീമമായ നിക്ഷേപങ്ങള്‍ ബിനാമി പേരിലുണ്ടായിരുന്നിരിക്കണം ,അല്ലെങ്കില്‍ രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളെ സ്വന്തം കുടുംബ സ്വത്തു പോലെയാവണം അവര്‍ കൈകാര്യംചെയ്തിരിക്കുക.മുന്‍ ആര്‍മി ക്യാപ്റ്റനും അതിനു ശേഷം ഇന്റലിജന്‍സുമായി ബന്ധപ്പെട്ടൂ പ്രവര്‍ത്തിക്കുകകയായിരുന്ന റുസ്തത്തിനു ഇക്കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നിരിക്കണം ,അത് പൊതുജനങ്ങള്‍ക്കു കൂടി മനസ്സിലാകാന്‍ വേണ്ടിയായിരിക്കണം ഇത്തരമൊരു കൃത്യത്തിനു ശേഷം മനപ്പൂര്‍വ്വം പിടി കൊടുക്കാന്‍ തയ്യാറായതും .അതു കൊണ്ട് തന്നെ റുസ്തം നഗര്‍ വാല കേസ് ഒരു കോണ്‍ ട്രിക്ക് എന്നതിലുപരി അധികാരദുര്‍വിനിയോഗത്തിന്റെയും രാഷ്ട്രീയ ഏകാധിപത്യത്തിന്റെയും ചിത്രമാണ് നമുക്കു കാണിച്ചു തരുന്നത് , ഒരു whistleblowing Case .പക്ഷെ കൂടുതലെന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുമ്പ് ജയില്‍ വാസത്തിനിടക്കു ദുരൂഹമാം വിധം റുസ്തം നഗര്‍ വാല മരണപ്പെട്ടൂ അതു കഴിഞ്ഞു നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതെങ്കിലും അതിനും മുമ്പേ തന്നെ ഏകാധിപത്യവും അധികാര ദുര്‍വിനിയോഗവും അടങ്ങിയ രാഷ്ട്രീയ അടിയന്തിരാവസ്ഥ നില നിന്നിരുന്നു .

മലയാളികളും കോണ്‍ - ട്രിക്കും .


മലയാളികളും ഇത്തരം കലാ പരിപാടികളുമായി അഭേദ്യ ബന്ധമുണ്ട് .മലയാളികളുടെ ആദ്യകഥ "വാസനാവികൃതി " തന്നെ ഒരു കള്ളന്റെ ആത്മകഥയായിരുന്നുവല്ലോ . അതു പോലെ തന്നെ 1913 -ല്‍ കാരാട്ട് അച്യുത മേനോന്‍ രചിച്ച ,വലിയ ജനപ്രീതി നേടിയ “വിരുതന്‍ ശങ്കു “ എന്ന നോവല്‍ ഇത്തരത്തില്‍ തന്റെ ബുദ്ധിയും സാമര്‍ത്ഥ്യവും കൊണ്ട് ആളുകളെ കബളിപ്പിക്കുന്ന ഒരു രസികന്റെ കഥയാണ് ,ലക്ഷണമൊത്ത ഒരു സ്തേയ കൌശല [Picaresque ] കഥയായി ഇതിനെ പരിഗണിക്കാം പിന്നീട് ഇത് ഒരു സിനിമയായി വലിയ വിജയം കൈവരിക്കുകയുമുണ്ടായി . പക്ഷെ പാശ്ചാത്യരെ പോലെ കോണ്‍ ട്രിക്ക് ,കോണ്‍ ആര്‍ട്ട് എന്നൊക്കെ പറയുന്നതിനു പകരം നമ്മള്‍ മലയാളികള്‍ ഇതിനെ അല്പം കൂടി വിപുലീകരിച്ചാണ് പറയുക , ഇത് മലയാളത്തിലെ ഒരു തെറിയാണെന്നു പറയപ്പെടുന്നു :) . ഒരു പക്ഷെ ലോകത്തേറ്റവും കൂടുതല്‍ കോണ്‍ ആര്‍ട്ടിസ്റ്റ് സാന്ദ്രതയുള്ള ഭൂവിഭാഗം കേരളമായിരിക്കണം നെറ്റ് വര്‍ക്കു മാര്‍ക്കറ്റിങ്ങ് , അല്‍ഭുത മരുന്നുകള്‍ ,വിസ്സ തട്ടിപ്പ് ,വിവാഹ തട്ടിപ്പ് ,വ്യാ‍ജ ഡോക്ടര്‍ എന്നിങ്ങനെ വിവിധ വകഭേദത്തിലുള്ള കോണ്‍ ട്രിക്കുകളുടെ ഒരു പറുദീസയാണ് കേരളം .മന്ത്രിയുടെ പി എ ചമഞ്ഞു ,സി ബി ഐ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞു ,എന്തിനു സിറ്റി പോലീസ് കമ്മീഷണറാണെന്നു അങ്ങനെ ഇത്തരം കലാരൂപങ്ങളെ കുറിച്ചുള്ള വാര്‍ത്തകളില്ലാത്ത ഒരു ദിവസം പോലുമില്ലാത്ത വിധം ഇത് മലയാളിയുടെ ദൈനം ദിന സാമൂഹ്യജീവിതത്തോട് താദാത്മ്യം പ്രാപിക്കപ്പെട്ടു കഴിഞ്ഞു .തട്ടിപ്പുകാരുള്ളതു പോലെ തന്നെ ഏറ്റവുമധികം തട്ടിപ്പുകള്‍ക്കു വിധേയരാകുന്നതും ഈ മല്ലു വിരുതന്മാരാണ് എന്നതും ശ്രദ്ധേയമാണ് -കോടിക്കണക്കിനു ഡോളറിന്റെ നൈജെരിയന്‍ ലോട്ടറിക്കും ,ഉഗാണ്ടന്‍ കോടീശ്വരന്റെ സുന്ദരിയായ ചെറുമകള്‍ ,ആറു മാസം കൊണ്ട് കാറും ബാങ്ക് ലക്ഷങ്ങളുടെ ബാങ്കു ബാലന്‍സുമുണ്ടാകുന്ന നെറ്റ് വര്‍ക്കിങ്ങ് മാര്‍ക്കറ്റിങ്ങ് എന്നു വേണ്ടാ ലോകത്തുള്ള സകലമാ‍ന തട്ടിപ്പുകളിലും ഇരകളുടെ പട്ടികയില്‍ ഒരു മലയാളിയുമുണ്ടാകും .

ദാ ...ഇതെല്ലാം എഴുതി പോസ്റ്റ് ചെയ്യാനൊരുങ്ങുമ്പോള്‍ അത്യാകര്‍ഷകങ്ങളായ ഓഫറുകളുമായൊരു സ്മാര്‍ട്ടായൊരു ക്രെഡിറ്റ് കാര്‍ഡ് വില്പനക്കാരന്‍ എന്റെ മുന്നില്‍ നിന്നു അസാമാന്യ വാചക മേള - സൌജന്യ എയര്‍ ടിക്കറ്റ് ,സൌജന്യ സിനിമ ,സ്റ്റാര്‍ ഹോട്ടലില്‍ താമസത്തിനു ഡിസ്കൌണ്ട് സാധനങ്ങള്‍ വാങ്ങുമ്പോള്‍ 50 % ഡിസ്കൌണ്ട് എന്നു വേണ്ടാ മൊത്തത്തില്‍ ഈ ക്രെഡിറ്റ് കാര്‍ഡ് എടുത്താല്‍ ജീവിതം സാര്‍ത്ഥകമെന്ന മട്ടില്‍ ...........ഇതും ഒരു തരത്തിലുള്ള കോണ്‍ ട്രിക്ക് തന്നെയല്ലെ എന്നു വര്‍ണ്ണ്യത്തിലാശങ്ക തോന്നിക്കൊണ്ട് ഞാന്‍ നിര്‍ത്തുന്നു