Like
...........
Tuesday 22 May 2012
മോഹന്‍ ലാലിനൊരു അടഞ്ഞ കത്ത്
മിസ്റ്റര്‍ മോഹന്‍ ലാല്‍ താങ്കളിന്നലെ ഒരു കത്തെഴുതിയെന്നറിഞ്ഞു ? താങ്കളെന്നു മുതലാണ് ഇങ്ങനെ ഒരു സാമൂഹ്യ പ്രവര്‍ത്തകനായി മാറിയത് ? താങ്കളോട് കുറച്ചു ചോദ്യങ്ങളുണ്ട് . [ഇത് ചോദിച്ചതിന്റെ പേരില്‍ മോഹന്‍ ലാല്‍ ഫാന്‍സ് എന്നെ തെറി പറഞ്ഞാലും ആന്റണി പെരുമ്പാവൂര്‍ എന്നെ കൊന്നാലും സാരമില്ല. ]
1. മഹാഭാരത യുദ്ധത്തില്‍ ആര്‍ എസ് എസുകാരായ പാണ്ഡവരുടെ ആക്രമണത്തില്‍ എത്രയോ ലക്ഷങ്ങള്‍ മരിച്ചു വീണിരിക്കുന്നു , അവരുടെ അമ്മമാരുടെ കണ്ണീര്‍ താങ്കള്‍ കണ്ടില്ലെ ?
2. രണ്ടാം ലോക മഹായുദ്ധത്തിലും കുരിശ് യുദ്ധത്തിലുമെല്ലാം എത്ര പേര്‍ മരിച്ചു - അതിനെ അപലപിച്ചിട്ടുണ്ടോ ?
3 സദ്ദാംഹുസ്സെയിന്‍ കുവൈറ്റ് ആക്രമിച്ചപ്പോള്‍ എവിടെ പോയി ഈ പ്രതികരണ ശേഷി ?
4. റഷ്യയ്ക്കെതിരെ അമേരിക്ക നടത്തുന്ന ഗൂഡ നീക്കങ്ങളില്‍ ഇന്നു വരെ താങ്കള്‍ പ്രതിഷേധിച്ചിട്ടുണ്ടോ ?
5. ലിബിയയിലെ സ്വേച്ഛാധിപത്യത്തിനെതിരെ താങ്കള്‍ എന്താണ് പറഞ്ഞത് ?
6. ഗ്വണ്ടനാമോ ജയിലില്‍ അമേരിക്ക നടത്തുന്ന പീഡനങ്ങള്‍ താങ്കള്‍ കാണുന്നില്ലെ ?
7 1948 ല്‍ ഗാന്ധിജി വെടിയേറ്റു മരിച്ചിട്ടു അതിനെതിരെ ഒരു ചെറുവിരലനക്കിയോ താങ്കള്‍ ?
ഇതെല്ലാം പോട്ടെ സാമ്രാജ്യത്വ മൂരാച്ചികള്‍ പിണറായിയെന്ന പാവത്തിനെ ലാവ്ലിന്‍ കേസില്‍ പെടുത്തിയപ്പോള്‍ എവിടെയായിരുന്നെടാ പുല്ലേ നിന്റെ പ്രതിഷേധം [കണ്ട്രോള്‍ കണ്ട്രോള്‍ ] .. ഓകെ ഓകെ ദെണ്ണം കൊണ്ടാണ് .
ലാല്‍ സലാം എന്ന സിനിമയില്‍ ഔദ്യോഗിക നേതൃത്വത്തിനെതിരെ തിരിഞ്ഞപ്പോള്‍ തന്നെ താങ്കളെ ഞങ്ങള്‍ നോട്ടപ്പുള്ളിയാക്കിയതാണ് ,അതു കഴിഞ്ഞു കൊടിയേരി സഖാവിന്റെ മകനെ താങ്കള്‍ കേണലോ കോപ്പോ ആയ ഒരു സിനിമയില്‍ വെറും പട്ടാളക്കാരനാക്കി കൊണ്ടു പോയി കൊന്നു -അതും ക്ഷമിച്ചു , ഇങ്ങനെ ക്ഷമിക്കുന്ന ഒരു പാരമ്പര്യമാണ് ഈ പ്രസ്ഥാനത്തിനുള്ളത് .പക്ഷെ എന്നു കരുതി മെക്കിട്ടു കയറരുത് . നിനക്കൊക്കെ ഇവിടെ ജീവിക്കാന്‍ പേടിയാകുന്നു എന്നൊക്കെ ഗീര്‍വാണമടിച്ചു ദുബായിലെ ആഡംബര ഫ്ലാറ്റ് കണ്ടു കൊണ്ടാണെന്നൊക്കെ ഞങ്ങള്‍ക്കറിയാം ,ദുബായില്‍ ആഡംബര ഫ്ലാറ്റില്‍ താമസിക്കുന്ന തനിക്കെന്തു യോഗ്യതയാടോ ഇതൊക്കെ പറയാന്‍ ? ഞങ്ങളുടെ നേതാക്കളുടെ മക്കളും അവിടെ ജീവിക്കുന്നുണ്ട് ആഡംബരം പോയിട്ട് നിത്യവൃത്തിക്കു വക പോലുമില്ല ആ പാവങ്ങള്‍ക്ക് ദുബായി മുനിസിപ്പാലിറ്റിയുടെ പുറമ്പോക്കില്‍ ഒരു ഓലക്കുടിലിലാണ് സഖാക്കളുടെ മക്കള്‍ താമസിക്കുന്നത് .അതൊക്കെ ആലോയിക്കുമ്പോള്‍ തന്നെ കണ്ണീന്ന് വെള്ളം വരുന്നു .അങ്ങനെ ത്യാഗത്തിലും സഹനത്തിലുമൊക്കെ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തെക്കുറിച്ചു നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല .
മരിച്ചു കഴിയുമ്പോള്‍ പുണ്യാളരാക്കുന്ന ഒരു സമ്പ്രദായം അത്ര നല്ലതൊന്നുമല്ല . ഈ ടി പി ചന്ദ്രശേഖരന്‍ നിങ്ങള്‍ കരുതുന്ന പോലെ അത്ര പുണ്യാളനൊന്നുമല്ല - അയാള്‍ മരിക്കുന്നതിനു തൊട്ടു മുമ്പു വരെ ജീവിച്ചിരുന്നു എന്നതിനു തെളിവുണ്ട് . മാത്രവുമല്ല പലചരക്കു കടയില്‍ 726 ഉറുപ്പികയോളം കടക്കാരനുമായിരുന്നു എന്നതിനു ജില്ലാ കമ്മിറ്റിയുടെ പക്കല്‍ കൃത്യമായ രേഖകളുമുണ്ട് . പാര്‍ല്യമെന്ററി വ്യാമോഹത്തിന്റെ പുറത്താണ് അയാള്‍ പാര്‍ട്ടി വിട്ടത് പ്രധാനമന്ത്രിയാകണമെന്നതായിരുന്നു ആഗ്രഹം , പ്രധാന മന്ത്രി ഒന്നും നമുക്കു ശര്യാവില്ല മോനെ അടുത്ത തവണ മുഖ്യമന്ത്രി ആക്കാമെന്നൊക്കെ കെഞ്ചി പറഞ്ഞതാണ് - കേക്കണ്ടേ , ആദ്യമൊക്കെ ഉപദേശിച്ചു നോക്കി ,പിന്നെ സമാധാന ശ്രമങ്ങളുടെ ഭാഗമായി വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടത്തും എന്നു വരെ പറഞ്ഞു , വെള്ള നിറം സമാധാനത്തിന്റെ പ്രതീകമാണല്ലോ - അതാണ് ചില തല്പര കക്ഷികള്‍ ഭീഷണിപ്പെടുത്തി എന്നൊക്കെ പ്രചരിപ്പിക്കുന്നത് - ഇതാണോ ഭീഷണി , ഇങ്ങനെയാണോ ഞങ്ങള്‍ ഭീഷണിപ്പെടുത്തുക ? ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തിപ്പൂവാണെന്നു പറയുന്ന കലികാലമാണിത് .
സാംസ്കാരിക പ്രവര്‍ത്തകരെന്ന് പറയുന്ന ചില തെണ്ടികള്‍ ചില പ്രസ്താവനകളൊക്കെ ഇറക്കിയിട്ടൂണ്ട് , അവരോടു ഒന്നേ പറയാനുള്ളൂ സക്കറിയയുടെയും സി ആര്‍ നീലകണ്ടന്റെയുമൊക്കെ ഗതി നിങ്ങള്‍ വരുത്തരുത് , സ്നേഹം കൊണ്ടാണീ പറയുന്നത് . കഴിഞ്ഞ ദിവസം എളമരം കരീം സഖാവ് ചില സാംസ്കാരിക പ്രവര്‍ത്തകരുടെ മുഖം മൂടി വലിച്ചു കീറിയത് കണ്ടു കാണുമല്ലോ , ഇങ്ങനെയൊക്കെ പ്രതികരിക്കുന്ന പത്രമുതലാളിമാരുടെ അവിഹിതത്തെക്കുറിച്ചും സ്ത്രീ താല്പര്യത്തെക്കുറിച്ചും അദ്ദേഹം വ്യക്തമായി പറഞ്ഞതാണ് . ഇത്തരത്തില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന സാമ്രാജ്യത്വ ശത്രുക്കളുടെ അവിഹിതം അന്വേഷിക്കാന്‍ സ്പെഷ്യല്‍ വിങ്ങ് തന്നെ രൂപീകരിക്കുന്നതിനെക്കുറിച്ചും ഞങ്ങള്‍ ഗൌരവമായി ആലോചിക്കുന്നുണ്ട് - ഇതും താങ്കള്‍ ഓര്‍ക്കണം മിസ്റ്റര്‍ മോഹന്‍ ലാല്‍
ആരോഗ്യകരമായ താത്വികാവലോകനങ്ങള്‍ കൊണ്ടും ആശയ പ്രചരണങ്ങള്‍ കൊണ്ടുമാണ് പ്രസ്ഥാനത്തിനു നേരെ വരുന്ന വിമര്‍ശനങ്ങളെ നേരിടുന്നത് അല്ലാതെ വിമര്‍ശനങ്ങളെ ശാരീരികമായി നേരിടുന്ന പ്രസ്ഥാനമല്ല ഇത് , പക്ഷെ നിന്റെയീ കോപ്പിലെ ബ്ലോഗും എഴുത്തും ഒക്കെ ഇന്നത്തോടെ നിര്‍ത്തിക്കോളണം അതാണ് നിനക്കു നല്ലത് ചത്തവന്‍ ചത്തു ...ഇനി അവന്റെ കാര്യം പറഞ്ഞു നിന്റെ കാര്യം കൂടി പ്രശ്നത്തിലാക്കണ്ടാ..മനസ്സിലാകുന്നുണ്ടല്ലോ അല്ലെ മനസ്സിലായാല്‍ കൊള്ളാം .
---------------------------------------------------------
Subscribe to:
Posts (Atom)