Like

...........

Monday 18 April 2011

ഉറുമി ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രഖ്യാപനം

ഓരോ കാലത്തെയും ചരിത്രം സൃഷ്ടിക്കുന്നത് അതത് കാലങ്ങളില്‍ നിലവിലിരിക്കുന്ന അധികാരവര്‍ഗ്ഗമാണ് , പിന്നീട് അതായിത്തീരുന്നു ചരിത്രം എങ്കിലും പുനര്‍വായനയില്‍ പലപ്പോഴും പിഴച്ച് പോകുന്ന ചില ഭൂതകാലസത്യങ്ങള്‍ അത് ചരിത്രത്തെ തിരുത്താന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കും .സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി ഇത്തരമൊരു പുനര്‍വായനയാണ് .ചരിത്രം ആസ്പദമാക്കി കഥ പറയുമ്പോള്‍ അത് വ്യാഖ്യാനിക്കപ്പെടുന്നതിന്റെ മികവ് കൊണ്ട് ചരിത്രത്തെക്കാള്‍ ഭാവന വിശ്വസനീയമാകുന്നത് നാം വടക്കന്‍ വീര ഗാഥയില്‍ കണ്ടിട്ടുണ്ട് പക്ഷെ അതില്‍ എം ടി വാസുദേവന്‍ നായര്‍ എന്ന പ്രതിഭയുടെ കരവിരുതാണ് അത്രത്തോളം പ്രതീക്ഷിക്കാനാവില്ലെങ്കിലും ശങ്കര്‍ രാമകൃഷ്ണന്‍ എന്ന തിരക്കഥാകൃത്ത് ചരിത്രവും ഭാവനയും ഇടകലര്‍ത്തി കൊണ്ട് അജ്ഞാതമായ ഒരു ചരിത്രത്തെ അഭ്രപാളികളിലേക്കെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ആ ശ്രമം പാളിപ്പോയിട്ടില്ല എന്ന് തന്നെ പറയാം .

മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവുമധികം നിര്‍മ്മാണ ചിലവെന്ന ഖ്യാതിയോടെയോ അപഖ്യാതിയോടെയോ ആണ് ഉറുമി നമ്മുടെ കാഴ്ചക്കായി എത്തുന്നത് .ഓരോ കാഴ്ചയും കവിത പോലെ ക്യാമറയിലാക്കുന്ന സന്തോഷ് ശിവന്റെ സംവിധാനമികവ് , ശങ്കര്‍ രാമകൃഷ്ണന്റെ ഫാന്റസിയും ചരിത്രവും ഇടകലര്‍ന്ന ശക്തമായ തിരക്കഥ ദേശീയ പുരസ്കാര ജേതാവായ അഞ്ചലി ശുക്ലയുടെ ക്യാമറ ഈ അണിയറ മികവിനൊപ്പം തിരശീലയില്‍ തെളിയുന്ന പൃഥ്വിരാജിന്റെ പൌരുഷം നിറഞ്ഞ യൌവ്വനവും പ്രഭുദേവയുടെ നടന താളവും , ജനീലിയ , തബു , വിദ്യാ ബാലന്‍ , നിത്യാമേനോന്‍ എന്നിങ്ങനെയുള്ള സൌന്ദര്യധാമങ്ങളുടെ സാന്നിധ്യവും ഉറുമിയെ നവ്യമായൊരു കാഴ്ചാനുഭവമാക്കുന്നുണ്ട് .

താരപ്രഭക്കും സാങ്കേതിക മികവ് അഭ്രപാളിയിലുളവാക്കുന്ന ദൃശ്യചാരുതക്കുമപ്പുറം വര്‍ത്തമാന കാല യാഥാര്‍ത്ഥ്യങ്ങളുടെ അസാമാന്യമായ സാമ്യം കൊണ്ടു ഉറുമി എന്ന ചിത്രം ഉയര്‍ത്തുന്ന ഒരു രാഷ്ട്രീയ പ്രഖ്യാപനമുണ്ട് .കക്ഷിരാഷ്ട്രീയത്തിന്റെ പ്രകടമായ തെളിവുകളില്ലെങ്കില്‍ അരാഷ്ട്രീയമായ സിനിമയായി പരിഗണിക്കുകയാണ് മലയാളി പ്രേക്ഷകരുടെ ശീലം .മലയാള ചലചിത്ര രംഗത്ത് രാഷ്ട്രീയം കടന്ന് വരുന്നതു കക്ഷിരാഷ്ട്രീയത്തിന്റെ നാറുന്ന വിഴുപ്പലക്കുകളുടെ ഇടമുറിയാത്ത സംഭാഷണ ചാതുരി കൊണ്ടും നിലവിലെ രാഷ്ട്രീയ നേതാക്കന്മാരെ മിമിക്രി കാണിച്ചുമാണ് .തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിലെ അധികാരത്തിന്റെ ഇടനാഴികളോ അതിനുമപ്പുറം ആ ഇട്ടാവട്ടത്ത് തായം കളിക്കാതെ ഹൈടെക്ക് ഡല്‍ഹിയുടെ ബ്ലൂചിപ്പിലും കംബ്യുട്ടറിലും ബ്രെയിന്‍ ബാങ്കിലുമെല്ലാം രാഷ്ട്രീയ സമസ്യകള്‍ക്കുതരം കണ്ടെത്തുന്ന , കോടികള്‍ കൊണ്ടമ്മാനമാടുന്ന ഡല്‍ഹി വരെ പരമാവധി പോകുന്ന പോകുന്ന കച്ചവട സിനിമയും . 80 കളിലെ നക്സല്‍ പ്രസ്ഥാനത്തിന്റെ ഗൃഹാതുരതയും അടിയന്തിരാവസ്ഥകാലത്തിന്റെ ഓര്‍മ്മയില്‍ സ്ഖലിച്ച് കൊണ്ടിരിക്കുന്ന ആത്മരതിയടങ്ങിയ സമാന്തര സിനിമയും . ഇങ്ങനെ കച്ചവട സിനിമയുടെ കക്ഷിരാഷ്ട്രീയത്തിന്റെയും സമാന്തര സിനിമയുടെ ഭൂതകാല കുളിരിന്റെയും വിരുദ്ധ ധ്രുവങ്ങള്‍ക്കിടയില്‍ നിന്നാണ് ഉറുമി ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ പ്രസക്തി .

വര്‍ത്തമാന കാലത്തില്‍ നിന്ന് 400 വര്‍ഷം പഴക്കമുള്ള ഒരു സാങ്കല്പിക പ്രതികാര കഥയുടെ പ്രമേയ പരിസരത്തില്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം എങ്ങനെയാണ് കടന്ന് വരിക എന്ന ചോദ്യം ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട് .മുഖ്യധാരാ സിനിമയില്‍ നാം പ്രതീക്ഷിക്കാത്ത ഒരു ആശയത്തിലൂടെയാണ് ഉറുമി മുന്നോട്ട് വെക്കുന്ന ചെയ്യുന്ന രാഷ്ട്രീയത്തെ ഞാന്‍ കാണുന്നത് .

സാമൂഹികാവബോധം അധികപറ്റാണെന്ന കാഴ്ചപ്പാടുള്ള പുതുതലമുറയുടെ പ്രതിനിധിയായ കൃഷ്ണദാസെന്ന ചെറുപ്പക്കാരന്‍ തന്റെ പൂര്‍വ്വിക സ്വത്ത് ആഭ്യന്തര മന്ത്രിക്കു കൂടി പങ്കാളിത്തമുള്ള നിര്‍വ്വാണ എന്ന ബഹുരാഷ്ട്ര ഖനന കമ്പനിക്ക് വേണ്ടി കൊടുക്കാന്‍ തയ്യാറാകുന്നിടത്താണ് കഥ ആരംഭിക്കുന്നത് .അതിന്റെ ആവശ്യങ്ങള്‍ക്കായി സുഹൃത്തുമൊത്ത് ആ സ്ഥലത്തെത്തിപ്പെടുമ്പോള്‍ അവന്റെ പൂര്‍വ്വിക പരമ്പരയിലേക്കു കഥ നമ്മളെ നയിക്കുന്നു .

എല്ലാ ചരിത്രങ്ങളും മഹാനായ നാവികനെന്ന് രേഖപ്പെടുത്തിയ വാസ്കോഡഗാമയുടെ കടല്‍ കടന്നുള്ള അധിനിവേശങ്ങളുടെയും ക്രൂരമായ കൊള്ളയടിക്കലുകളുടെയും ചരിത്രമാണ് കൃഷ്ണദാസിന്റെ പൂര്‍വ്വിക പരമ്പരയുടെ ചരിത്രത്തിലൂടെ കാണാന്‍ കഴിയുക . ആ ചരിത്രത്തോടൊപ്പം കേളുനായനാരെന്ന കല്‍പ്പിത കഥാപാത്രത്തിന്റെ പ്രതികാരത്തിന്റെയും ആത്മരോഷത്തിന്റെയും ഊര്‍ജ്ജം കൈക്കൊള്ളുന്നതിലൂടെ ചിത്രം മറ്റൊരു തലത്തിലേക്കുയരുന്നു . കൊള്ളയടിക്കാനെത്തുന്ന വിദേശ പടത്തലവന് ഒത്താശ ചെയ്ത് കൊടുക്കുന്ന ചേണിക്കല്‍ കുറുപ്പ് കാലം കടന്നെത്തുമ്പോള്‍ വിദേശ ബഹുരാഷ്ട്ര ഖനന കമ്പനികളില്‍ ഓഹരിപങ്കാളിത്തമുള്ള , അവര്‍ക്ക് വേണ്ടി നാടിനെ തീറെഴുതിക്കൊടുക്കാന്‍ കൂട്ടു നില്‍ക്കുന്ന ആഭ്യന്തരമന്ത്രിയായിതീരുന്നു. അങ്ങനെ അതേ ചരിത്രം തന്നെ നൂറ്റാണ്ടുകള്‍ക്ക് ശേഷമുള്ള പരമ്പരയിലും ആവര്‍ത്തിക്കപ്പെടുന്നു. ഈ ഭാവനയും ചരിത്രവും കെട്ട് പിണഞ്ഞു കിടക്കുന്ന ഈ കഥയില്‍ വര്‍ത്തമാന കാലത്തിന്റെ യാദൃശ്ചികമല്ലാത്ത സാമ്യം അനുഭവപ്പെട്ടു തുടങ്ങുന്നിടത്ത് നിന്നാണ് സിനിമയുടെ രാഷ്ട്രീയം ആരംഭിക്കുന്നത് .


ദക്ഷിണ ഒറീസയിലെ നിയമഗിരി കുന്നുകളില്‍ വസിക്കുന്ന ഡോങ്ക്രിയ കോന്താ വിഭാഗത്തിലുള്ള ആദിവാസികള്‍ മറ്റെവിടെയും വേരുകളില്ലാത്ത ആദിമഗോത്രവിഭാഗമാണ് .അവര്‍ അധിവസിക്കുന്ന നിയമഗിരി കുന്നുകള്‍ അവരുടെ പുണ്യസ്ഥലമാണ് . അവരാ കുന്നിന്‍ ചെരിവുകളില്‍ കൃഷി ചെയ്യുന്നു അത്,അതിന് ചുറ്റുമൊഴുകുന്ന അരുവികളില്‍ നിന്ന് വെള്ളമെടുക്കുന്നു ,ഒരു മരക്കൊമ്പ് പോലും മുറിക്കാതെ വനവിഭവങ്ങള്‍ കൊണ്ട് അവര്‍ ജീവിക്കുന്നു , നിയമഗിരി അവര്‍ക്ക് വെറും വിശ്വാസം മാത്രമല്ല ജീവിതം കൂടിയാണ് , അവരുടെ ദൈവമാണ് നിയമഗിരിക്ക് മുകളില്‍ കുടിയിരിക്കുന്നത് എന്നതാണ് വിശ്വാസം. 2005 ല്‍ ഈ മലനിരകള്‍ ഇടിച്ച് പൊളിച്ചു ഖനനം ചെയ്യാനായി ‍ പരിസ്ഥിതി നിയമങ്ങളുടെ പ്രാഥമിക ചട്ടങ്ങള്‍ പോലും ലംഘിച്ച് കൊണ്ട് വേദാന്ത എന്ന ബഹുരാഷ്ട്ര കമ്പനിക്കു വേണ്ടി കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി കൊടുത്തത് .ഈ ഖനനത്തിലൂടെ അവിടെയുള്ള മലനിരകള്‍ ,നദികള്‍ അടക്കമുള്ള എല്ലാ പ്രകൃതി സമ്പത്തുകളും നാമാവശേഷമാകും .കോര്‍പ്പറേറ്റുകളെ പ്രീതിപ്പെടുത്തി പുലരുന്ന അധികാര സംവിധാനത്തില്‍ അധിനിവേശങ്ങള്‍ക്കു ആധികാരികത നല്‍കി വികസനത്തിന്റെ ഉദാത്തമാര്‍ഗ്ഗമായി അവതരിപ്പിക്കുകയായിരുന്നു നിയമഗിരിയില്‍ . ഒരു ജനതയുടെ ജീവനും ജീവിതത്തിനും വില കല്‍പ്പിക്കാതെ vedanta എന്ന കമ്പനി നടത്തുന്ന നിയമവിരുദ്ധമായ കയ്യേറ്റങ്ങള്‍ക്കെതിരെ നിരക്ഷരരായ ആദിവാസികള്‍ ചെറുത്തു . അവസാനം നിരവധി അന്താരാഷ്ട്ര സംഘടനകളുടെയും ആംനസ്റ്റി ഇന്റര്‍നാഷണലിന്റെയും ഇടപെടലിനെ തുടര്‍ന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ് ഈ നിയമവിരുദ്ധ ഖനനത്തിനുള്ള അനുമതി റദ്ദ് ചെയ്യുകയായിരുന്നു .

പി.ചിദംബരം എന്ന നമ്മുടെ ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി 2004 ല്‍ കേന്ദ്രമന്ത്രി സഭയില്‍ ധനകാര്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ വരുന്നത് വരെ കുപ്രസിദ്ധമായ വേദാന്ത കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളും നിയമോപദേഷ്ടാവും കൂടിയായിരുന്നു .ധനമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് വേണ്ടി മാത്രമാണ് അദ്ദേഹം ആ പദവി രാജി വെച്ചത് എന്നത് കൂടി കൂട്ടി വായിക്കുമ്പോഴാണ് ഉറുമി ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ നീതി നമുക്ക് മനസ്സിലാവുക .ഉറുമിയിലെ നിര്‍വ്വാണ എന്ന ഖനന കമ്പനിക്ക് വേദാന്തയുമായുള്ള സാമ്യം പേരില്‍ മാത്രമല്ല നിര്‍വ്വാണയില്‍ ഓഹരി പങ്കാളിത്തമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ജഗതി അവതരിപ്പിക്കുന്ന ആഭ്യന്തര മന്ത്രിയില്‍ പോലുമുണ്ട് .അത് കൊണ്ടെല്ലാം തന്നെ സിനിമയില്‍ വര്‍ത്തമാന കാലയാഥാര്‍ത്ഥ്യത്തിന്റെ അനുരണനങ്ങള്‍ കടന്നു വരുന്നത് കേവല യാദൃശ്ചികതയാവാന്‍ സാധ്യതയില്ല .അവസാനം ആഭ്യന്തരമന്ത്രിയെ ആദിവാസികള്‍ ചെരുപ്പെറിയുന്നിടത്ത് പോലും ഈ സാദൃശ്യം കടന്ന് വരുന്നുണ്ട് ചെരുപ്പേറ് കൊണ്ട് ഏക ആഭ്യന്തര മന്ത്രിയാണ് പി. ചിദംബരം .

അധിനിവേശങ്ങള്‍ അവസാനിക്കുന്നില്ല അത് പുതിയ പേരിലും പുതിയ രൂപത്തിലും നിസ്സഹായരായ ജനതയുടെ മേല്‍ അധീശത്വം സ്ഥാപിക്കാനൊരുങ്ങുമ്പോള്‍ അതിന് ഒത്താശ ചെയ്ത് കൊടുക്കുന്ന നപുംസകങ്ങളായ അധികാര വര്‍ഗ്ഗം സ്വന്തം ജനതയെ വിസ്മരിച്ചു അവരുടെ ജീവനും സ്വത്തിനും വില അവരുടെ മണ്ണും വെള്ളവും ആ സാമ്രാജ്യത്വ ശക്തികള്‍ക്ക് തീറെഴുതിക്കൊടുക്കും .ദണ്ടേവാഡയടക്കമുള്ള വനമേഖലകളില്‍ നടക്കുന്ന ഖനനവും അത് മൂലം ജനിച്ച നാടില്‍ നിന്നു കുടിയൊഴിക്കപ്പെട്ടു നിരാശ്രയരായിപ്പോകുന്ന ദശലക്ഷക്കണക്കിന് ജനങ്ങളും ബഹുരാഷ്ട്രകുത്തകകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കപ്പെടുന്ന ഗ്രീന്‍ ഹണ്ട് ഓപറേഷനും എല്ലാം ചരിത്രത്തിന്റെ തുടര്‍ച്ചയാണ് , അളവില്ലാത്ത സമ്പത്തിന് വേണ്ടി രാജ്യത്തെ ജനങ്ങളെ കൊന്ന് കൊള്ളയടിച്ച വാസ്കോഡ ഗാമയെ സഹായിച്ച ചേണിക്കല്‍ കുറുപ്പിന്റെ ചരിത്രമാണ് ആ തുടര്‍ച്ച. നമ്മളെ ഇത് ബാധിക്കുന്നില്ലല്ലോ എന്ന നിസ്സംഗമായ മുഖ്യധാരാ സമൂഹത്തിന്റെ ആശ്വസിക്കലാണ് ഓരോ അധിനിവേശത്തിന്റെയും ആണിക്കല്ല് .


ചത്തിസ് ഗഡിലെയും ഝാര്‍ഖണ്ടിലെയും വന മേഖലകളില്‍ സ്വന്തം ഭൂമി കയ്യേറിയ വിദേശ കുത്തകകള്‍ക്കെതിരെ ആയുധമെടുക്കുന്ന നക്സലൈറ്റുകളുടെ വാര്‍പ്പ് മാതൃകയിലാണ് കേളു നായനാരെ ചിത്രത്തില്‍ രൂപപ്പെടുത്തിയിട്ടുള്ളത് .മണി രത്നം രാവണ എന്ന ചിത്രത്തിലൂടെ അവ്യക്തമായി ഈ വിഷയം ഉന്നയിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പുരാണകഥയുടെ പ്രമേയം പശ്ചാത്തലമായത് കൊണ്ടു തന്നെ ആ സിനിമയില്‍ ചൂണ്ടിക്കാട്ടാവുന്ന രാഷ്ട്രീയത്തെ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയാതെ അതൊരു അരാഷ്ട്രീയ സിനിമയായി അവസാനിക്കുകയായിരുന്നു.രാവണയുടെ ക്യാമറാ ചലിപ്പിച്ച സന്തോഷ് ശിവന്‍ അത് കുറച്ചു കൂടി നീതി പൂര്‍വ്വകമായി അവതരിപ്പിച്ചു എന്നതിന്റെ തെളിവാണ് മണി രത്നം ചിത്രം കണ്ടിട്ട് സന്തോഷ് ശിവനെ അഭിനന്ദിച്ചത് .

തന്റെ പൂര്‍വ്വിക പരമ്പരയോട് അവരോട് അധിനിവേശം നടത്തിയെത്തിയ വൈദേശിക ശക്തികള്‍ ചെയ്തു കൂട്ടുന്ന ക്രൂരതകള്‍ക്കെതിരെ കേളു നായനാര്‍ നടത്തുന്ന ആത്മരോഷം നിറഞ്ഞ പോരാട്ടത്തിന്റെ കഥ മനസ്സിലാക്കുന്നതോടെ കൃഷ്ണദാസെന്ന മധ്യവര്‍ഗ്ഗ സമൂഹത്തിന്റെ പ്രതിനിധി ബഹുരാഷ്ട്രകുത്തകകള്‍ക്ക് തന്റെ ഭൂമി വിട്ടു നല്‍കുക എന്ന തീരുമാനം പുനപരിശോധിച്ചു കൊണ്ടു പുതിയൊരു ഒരു രാഷ്ട്രീയത്തിന്റെ വക്താവായി മാറുന്നു .അങ്ങനെ ഖനനത്തിന് നിര്‍വ്വാണക്ക് സ്വന്തം ഭൂമി വിട്ട് കൊടുക്കുക എന്ന തീരുമാനം പിന്‍ വലിക്കുന്നതിലൂടെ ഉറുമി ശക്തമായ ഒരു സന്ദേശം അവശേഷിപ്പിക്കുന്നുണ്ട് .

മലയാളത്തിലെ മധ്യവര്‍ത്തി സിനിമാ പ്രേക്ഷകര്‍ക്കു അവര്‍ കൊടുക്കുന്ന പണത്തിന് തുല്യമായ വിനോദോപാധിയില്‍ കവിഞ്ഞ് ചത്തിസ് ഗഡിലോ ഒറീസയിലോ നടക്കുന്ന വന്‍ കിട ഖനനങ്ങളെക്കുറിച്ചും തദ്ദേശവാസികളെ കുടിയൊഴിപ്പിക്കുന്നതിനെക്കുറിച്ചും വലിയ താല്പര്യമുണ്ടാകുമെന്ന് ധരിക്കുന്നത് വിഡ്ഡിത്തമാകും അത് കൊണ്ടു തന്നെ മുഖ്യധാരാ സിനിമയിലൂടെ ഇത്തരമൊരു സന്ദേശം പരോക്ഷമായെങ്കിലും അവതരിപ്പിക്കുക എന്ന വെല്ലുവിളി തന്നെയാണ് ഉറുമി ഏറ്റെടുത്തത് . മലയാളം കൂടാതെ മറ്റ് ഭാഷകളിലും കൂടി ഈ ചിത്രം മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട് .

ബുദ്ധിജീവി ചലചിത്ര പ്രവര്‍ത്തകര്‍ ഇറാനിയന്‍ സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയ ജാഫര്‍ പനാഹിക്ക് വേണ്ടി ഒപ്പ് ശേഖരണം നടത്തുമ്പോഴും പാലസ്തീന്‍ അധിനിവേശങ്ങളെക്കുറിച്ചു കണ്ണീരൊഴുക്കുമ്പോഴും കാണാതെ പോകുന്നത് കുടിയൊഴിക്കപ്പെട്ടും , നിരാശ്രയരായും പോകുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതമാണ് . ഒരിക്കല്‍ ടി വി ചന്ദ്രന്‍ ഒരഭിമുഖ സംഭാഷണത്തില്‍ പറഞ്ഞതോര്‍ക്കുന്നു അദ്ദേഹത്തിനെ ഇപ്പോഴും വേദനിപ്പിച്ച് കൊണ്ടിരിക്കുന്നത് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയാണത്രെ . സോവിയറ്റ് റഷ്യക്കാര്‍ പോലും അതെല്ലാം മറന്ന് പോയ കാലത്ത് ആ ദുഖമാണ് ഇന്നും ബുദ്ധിജീവി ചലചിത്രകാരന്മാരെ ഭരിക്കുന്നത് .വര്‍ത്തമാന കാലത്തിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍ വര്‍ഗ്ഗീയതയല്ലാതെ മറ്റൊരു വിഷയം തിരഞ്ഞെടുക്കാന്‍ നമ്മുടെ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇനിയും കാലമായിട്ടില്ല എന്നു വേണം കരുതാന്‍ .

ചത്തിസ് ഗഡിലും ഝാര്‍ഖണ്ടിലും ഓറീസയിലുമെല്ലാം നടക്കുന്ന മനുഷ്യത്വ രഹിതമായ ഇത്തരം അധിനിവേശങ്ങളും അതിന് ഒത്താശ ചെയ്യുന്ന അധികാരികളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രത്തിന്റെ തുടര്‍ച്ച തന്നെയാണ് .മനുഷ്യന് നേര്‍ക്കുള്ള ക്രൂരതകളും അതിനെതുടര്‍ന്നുള്ള പലായനങ്ങളും വികസനത്തിന്റെ പുറം മോടിയണിയിച്ചു പുറം ലോകത്തവതരിപ്പിക്കുമ്പോള്‍ പ്രതിരോധിക്കുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ മാവോയിസ്റ്റുകളും രാജ്യദ്രോഹികളുമാക്കി മുദ്ര കുത്തുന്ന അധികാരത്തിന്‍ കീഴില്‍ ഇത്തരമൊരു വിഷയം പരോക്ഷമായെങ്കിലും ഉയര്‍ത്താന്‍ കഴിഞ്ഞതില്‍ ഈ ഉറുമിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം ,മറ്റൊരു കാഴ്ചയും കാണാനാവാത്ത സിനിമക്കാര്‍ക്കിടയില്‍ നിന്ന് വാണിജ്യ സിനിമയുടെ ഭാഗമായിട്ടെങ്കിലും അങ്ങനെയൊരു ജനതയെക്കുറിച്ച് ഓര്‍മ്മിപ്പിച്ച ഉറുമിയുടെ പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നു .