Like

...........

Saturday 11 February 2012

ചുവപ്പു കറുത്തു തുടങ്ങുമ്പോള്‍ .
പാര്‍ട്ടി വിശ്വാസികളെ ആവേശത്തിന്റെ കൊടുമുടി താണ്ടിച്ച് , തലസ്ഥാനം ചെങ്കടലാക്കി , അച്ചടക്കത്തിന്റെയും പാര്‍ട്ടി വിധേയത്വത്തിന്റെയും ഉത്തമോദാഹരണമായി മറ്റൊരു പാര്‍ട്ടി സമ്മേളനം മുതിര്‍ന്ന നേതാവായ വി എസ് അച്യുതാനന്ദന്‍ നോമിനേറ്റ് ചെയ്ത് പിണറായി വിജയന്‍ അഞ്ചാമതും പാര്‍ട്ടി സെക്രട്ടറിയായതിലൂടെ ഐക്യത്തിന്റെ വന്‍ പ്രഖ്യാപനവുമായി അവസാനിച്ചു .

പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായി വീണ്ടും അനിഷേധ്യ പദത്തിലെത്തുമ്പോള്‍ സി പി എം കാരന്‍ അല്ലാത്ത ഒരാളെ അതു വല്ലാതെ ബാധിക്കുന്നില്ല എന്നാണ് പ്രകടമായി തോന്നുകയെങ്കിലും അത് കേരളത്തിലെ പൊതു സമൂഹത്തെ വ്യക്തമായി സ്വാധീനിക്കുന്ന ഒന്നാണ് .പിണറായിയുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ സി പി എം കാര്‍ അല്ലാത്തവര്‍ക്കു പോലും ഒരു മതിപ്പൊക്കെ തോന്നും ,ദുര്‍മേദസ്സില്ലാത്ത അളന്നു മുറിച്ച വാക്കുകള്‍ , ആത്മവിശ്വാസം സ്ഫുരിക്കുന്ന ശരീര ഭാഷ ,ഘനഗംഭീരമായ ശബ്ദം , ഓരോ വാക്കിലും പാര്‍ട്ടി അണികളെ ആവേശത്തിലെത്തിക്കാന്‍ പര്യാപ്തമായ പാര്‍ട്ടിസ്നേഹം അങ്ങനെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ഒരു കരിസ്മാറ്റിക് പവര്‍ പിണറായിയുടെ പ്രഭാഷണങ്ങള്‍ക്കുണ്ടെന്നു എതിരാളികള്‍ പോലും സമ്മതിക്കും .അതു കൊണ്ടദ്ദേഹം രാഷ്ട്രീയമായി ശരിയാവണമെന്നു അര്‍ത്ഥമില്ല .ഹിറ്റ്ലറും ബാല്‍ താക്കറെയും അടക്കം ലോകത്തുള്ള സര്‍വ്വ സ്വേച്ഛാധിപതികളും അവരുടെ തെറ്റായ രാഷ്ട്രീയത്തെ അനുയായികളില്‍ കുത്തിനിറച്ചത് ഈയൊരു ശരീര ഭാഷയും അച്ചടക്കവും ഉപയോഗിച്ചു തന്നെ ആയിരുന്നു .


ഈ സമ്മേളനത്തില്‍ ശ്രദ്ധേയമായ കാര്യങ്ങള്‍ .


1. പൊളിറ്റ് ബ്യൂറോയെപോലും നോക്കു കുത്തിയാക്കുന്ന പിണറായി വിജയന്റെ അനിഷേധ്യത .
2. പുതു തലമുറക്കാരില്‍ നിന്നു പോലും കടുത്ത ഭാഷയില്‍ വിമര്‍ശനമേല്‍ക്കേണ്ടി വന്ന നിസ്സഹയനായ വി എസ് അച്യുതാന്ദന്‍ .
3. സി പി ഐ എന്ന സഖ്യ കക്ഷിയെ വിമര്‍ശിച്ച രീതി


മുമ്പ് അഖിലേന്ത്യാ പ്രസിഡണണ്ടിനെക്കാള്‍ പവറും പദവിയുമുള്ള ജില്ലാ പ്രസിഡണ്ട് ലീഗിന്റെ മാത്രം കുത്തകയായിരുന്നു , തിളങ്ങണ കോട്ടൂം കാല്‍ സറായിയുമായി ജി എം ബനാത്ത് വാല എന്നൊരു ചുള്ളന്‍ മലപ്പുറത്ത് വന്ന് എന്തൊക്കെയോ പറയും, മൂപ്പര് പറയണത് ലീഗ് കാര്‍ക്കും മനസ്സിലാവില്ല ലീഗുകാര് പറയണത് മൂപ്പര്‍ക്കും മനസ്സിലാവില്ല . ഈ ചടങ്ങ് കാലം കുറെക്കഴിഞ്ഞപ്പോ രണ്ട് കൂട്ടര്‍ക്കും ബോറടിച്ചു - ഇപ്പോ ആ പണി സി പി എം ഏറ്റെടുത്തതായാണ് തോന്നുന്നത് . പണ്ടൊക്കെ പൊളിറ്റ് ബ്യൂറൊ എന്നു പറഞ്ഞാല്‍ എന്തൊക്കെയോ ആയിരുന്നത്രെ , ഇപ്പോള്‍ പി ബി യില്‍ നിന്നു പ്രകാശ് കാരാട്ട് ഓരോ തിട്ടൂരമിറക്കും പിണറായി വിജയനുണ്ടോ കാരാട്ടും മറ്റും - പിണറായി ഇവിടെ മറുതിട്ടൂരമിറക്കും അവസാനം അതാവും പി ബി തിട്ടൂരം .അല്ലെങ്കില്‍ പിന്നെ മതങ്ങളും , മത ചിഹ്നങ്ങളും മതാചാരങ്ങളും ഉപയോഗിക്കുന്നതില്‍ നിന്നു പാര്‍ട്ടി അംഗങ്ങള്‍ പിന്തിരിയണമെന്നു പറഞ്ഞു വര്‍ഷമൊന്നായില്ല അതിനു മുമ്പേ ക്രിസ്തുവിനെ രക്തസാക്ഷിയാക്കിക്കളഞ്ഞു , മൂന്നു പ്രാവശ്യത്തിലധികം ഔദ്യോഗിക സ്ഥാനത്തു തുടരരുതെന്ന് പറഞ്ഞ പി ബി യുടെ നെഞ്ചത്തു ചവിട്ടി നിന്നു ഇതാ പിണറായി അഞ്ചാം തവണയും പാര്‍ട്ടി സെക്രട്ടറിയായിരിക്കുന്നു .അധികാരം പി ബിയില്‍ നിന്നും താഴെ ത്തട്ടിലേക്ക് , ഇതാണ് യഥാര്‍ത്ഥ വികേന്ദ്രീകരണം

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവിനെതിരെ യാതൊരു സങ്കോചവുമില്ലാതെ ഒരു പുതു തലമുറക്കാരന് ക്യാപ്പിറ്റല്‍ പണിഷ് മെന്റ് ആവശ്യപെടാന്‍ കഴിയുന്നത് ജനാധിപത്യമാണെന്നൊക്കെ വാദിക്കാമെങ്കിലും പിണറായിയുടെ അനുമതിയില്ലാതെ അങ്ങനെയൊരു നീക്കം നടത്താന്‍ മാത്രം സ്വരാജ് വളര്‍ന്നിട്ടില്ല എന്നു നിസ്സംശയം പറയാം . -വി എസിന്റെ സ്ഥിരം സ്വഭാവം വെച്ചു - ടാ ചള്ളുചെക്കാ നീയൊക്കെ വള്ളിട്രൌസറിട്ടോണ്ട് അജന്തയില്‍ ആദിപാപം കാണുമ്പോള്‍ നമ്മളീ സീന്‍ വിട്ടതാ - എന്ന ലൈനില്‍ അടിച്ചൊതുക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഈ നാട്ടിലെങ്ങുമില്ലാത്ത ഏതോ പിന്തിരിപ്പന്‍ ബൂര്‍ഷ്വാ മുതലാളിത്തത്തിനെതിരെ എന്ന രീതിയില്‍ തൊട്ടും തൊടാതെയുമാണ് ക്യാപ്പിറ്റല്‍ പണിഷ്മെന്റിനെക്കുറിച്ചു പറഞ്ഞത് , ആ നിസ്സഹായത അഞ്ചാം വട്ടവും പിണറായിയെ സെക്രട്ടറിയാക്കാന്‍ ഒത്തു മൂളിക്കൊടുക്കേണ്ടി വന്നപ്പോള്‍ തന്നെ മാളോര്‍ക്കു ബോധ്യമായതുമാണ് .

ഇത് സമ്മേളനത്തിന്റെ അവസാന മണിക്കൂറില്‍ മാത്രം സംഭവിച്ചതാവാന്‍ നിവൃത്തിയില്ല ഇതു വളരെ മുമ്പേ തന്നെ ആസൂത്രണം ചെയ്തു വെച്ച സംഘടിതമായ ഒരു തിരക്കഥയായിരിക്കണം . യാദൃശ്ചികമെന്നു പറയാമെങ്കിലും ഈയൊരു ക്ലൈമാക്സില്‍ എത്തുന്ന തരത്തില്‍ ചില സിനിമാകഥകള്‍ വളരെ മുമ്പേ തന്നെ സംഭവിച്ചിട്ടുണ്ട് .

ചില സില്‍മാ കഥകള്‍ .

മൂന്നു സിനിമകളിലൂടെ പാര്‍ട്ടിയുടെ ഈ മാറ്റത്തെ അടയാളപ്പെടുത്താം . പിണറായി - അച്ചുതാനന്ദന്‍ ശീത സമരം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്ന 2008 കാലഘട്ടത്തിലാണ് രൌദ്രം , ആയുധം എന്നിങ്ങനെ രണ്ട് തട്ട് പൊളിപ്പന്‍ പടങ്ങള്‍ സിനിമ പ്രേക്ഷകരുടെ തല മന്തിപ്പിച്ചു കൊണ്ട് വന്നത് . രെഞ്ചി പണിക്കര്‍ സംവിധാനിച്ച [കഥ , തിരക്കഥ - ഫാരിസ് അബൂബക്കര്‍ - പിണറായി ദ്വന്തങ്ങളാകണം ] രൌദ്രത്തില്‍ സത്യസന്ധനെന്ന നടിക്കുന്ന വിടുവായനും മകന്റെ ദുര്‍ നടപ്പുകള്‍ക്കു കൂട്ടു നില്‍ക്കുന്ന ഒരു മുഖ്യമന്ത്രിയും മയക്കു മരുന്നു ഉപയോഗിക്കുന്ന , വന്‍ കിട ബിസിനസ്സുകാരുമായി ബന്ധമുള്ള , പെണ്ണു പിടി ഒക്കെ ഉള്ള ഒരു മകനുമാണ് - ഇതിലെ മുഖ്യമന്ത്രി കഥാപാത്രവും മകന്‍ കഥാപാത്രവും അച്ചുതാനന്ദന്‍ - അരുണ്‍ പ്രഭൃതികളാണെന്ന് ആരും പറഞ്ഞു കൊടുക്കാതെ തന്നെ എല്ലാവര്‍ക്കും മനസ്സ്ലിലാകുന്നത്ര സാമ്യം - മമ്മൂട്ടിയുടെ പോലീസ് ഓഫീസര്‍ ചക ചകാന്ന് ഇംഗ്ലീഷിലും മലയാളത്തിലും ഡയലോഗിട്ട് മുഖ്യമന്ത്രിയുടേയും മകന്റെയും തൊലി ഉരിക്കുന്നു - ഈയൊരു സിനിമ വി എസിനെതിരെ ആണെന്നു പറഞ്ഞു വി എസ് ആരാധകര്‍ പ്രകടനം നടത്തിയിരുന്നു പോലും . അതു കഴിഞ്ഞ്പ്പോള്‍ ദേ വരണു മറുപടി സിനിമ - ആയുധം . സത്യസന്ധത കണ്ടു പിടിച്ച മുഖ്യമന്ത്രി , എല്ലാവരും എതിര്‍ത്താലും സത്യത്തിനു വേണ്ടി നില കൊള്ളും - ഈ സിനിമ ബിനാമിയായി പിടിച്ചത് മകന്‍ അരുണ്‍ കുമാറാണെന്നു ഒരു വിവാദം ഉണ്ടായിരുന്നു - സംഗതി എന്തായാലും രണ്ടു ചേരിക്കും കോടികള്‍ മുടക്കി പടം പിടിച്ചു പ്രചരണം നടത്താന്‍ മാത്രമുള്ള കോപ്പൊക്കെയുണ്ടെന്നു സാധാരണക്കാരനു മനസ്സിലാവും .കളി 2008 ല്‍ നിന്നു മുന്നോട്ട് പോയി 2011- ല്‍ പണ്ടെങ്ങോ ഹിറ്റായ ഒരു മലയാളം കുറ്റാന്വേഷണ ചിത്രത്തിന്റെ രണ്ടാം ഭാഗമിറങ്ങുന്നു - ആഗസ്റ്റ് 15 , പഴയ സിനിമ കണ്ടവരൊക്കെ പ്രതീക്ഷ വാനോളം ഉയര്‍ത്തി വെച്ചു സിനിമക്കു പോയി - മമ്മൂട്ടി കൂളിങ്ങ് ഗ്ലാസ്സ് വെച്ചു ബുള്ളറ്റ് അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടുന്നതൊഴിച്ചു നിര്‍ത്തിയാല്‍ കഥ ഇത്ര മാത്രം - സത്യസന്ധനായ മുഖ്യമന്ത്രി , മുരടനെന്ന എല്ലാവരും തെറ്റിദ്ധരിക്കുമെങ്കിലും ഉള്ളില്‍ പത്തരമാറ്റ് തങ്കമായ പാര്‍ട്ടി സെക്രട്ടറി, മുഖ്യമന്ത്രിയെ ആരോ നശിപ്പിക്കാന്‍ [അതായത് കൊല്ലാന്‍ എന്നു സിനിമ പറയുന്നു ] ശ്രമിക്കുന്നു - അവസാനം പാര്‍ട്ടി സെക്രട്ടറിയുടെ സൂചനയോടെ വില്ലന്‍ ആരാണെന്നു കണ്ടെത്തുന്നതാണ് സിനിമയുടെ രാഷ്ട്രീയം - വില്ലന്‍ വേറെ ആരുമല്ല ഇതു വരെ മുഖ്യമന്ത്രിയെ ഉപദേശിച്ചു കൊണ്ടിരിക്കുന്ന , മുഖ്യമന്ത്രിയുടെ തീരുമാനങ്ങളെ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തന്നെ - പാര്‍ട്ടി സെക്രട്ടറി തങ്കപ്പെട്ട മനുഷ്യന്‍ , വിശാല ഹൃദയന്‍ മുഖ്യമന്ത്രി ഇത്ര നാളും തെറ്റിദ്ധരിപ്പിക്കപ്പെട്ട് ഭരിച്ചു കൊണ്ടിരുന്ന , തീരുമാനങ്ങളെടുത്തിരുന്ന വിഡ്ഡ്യാന്‍ - അവസാനം സ്വന്തം തെറ്റ് മനസ്സിലാക്കുന്നതോടെ സിനിമ അവസാനിക്കുന്നു - ശുഭം

ഇക്കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിന്റെ തിരക്കഥ തന്നെയല്ലെ ഇത് ?തന്റെ ഉപജാപകങ്ങളില്‍ പെട്ടു സ്ഥിരമായി തെറ്റു കുറ്റങ്ങള്‍ ചെയ്തു പോയ മുഖ്യമന്ത്രിയെ മുരടനെങ്കിലും ഉള്ളില്‍ നന്മ നിറഞ്ഞ പാര്‍ട്ടി സെക്രട്ടറിയുടെ കാരുണ്യത്തില്‍ അച്ചുതാനന്ദന്‍ നടപടികളില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെടുന്നു , പകരം അഞ്ചാമതും പാര്‍ട്ടി സെക്രട്ടറിയായി പിണറായിയെ നോമിനേറ്റ് ചെയ്യുന്നു ,കനത്ത തെറ്റുകള്‍ സംഭവിച്ച വി എസ് അചുതാനന്ദന്‍ പിണറായിയുടെ ഔദാര്യത്തില്‍ നടപടികളില്‍ നിന്നു രക്ഷപ്പെടുന്നു - വീണ്ടും ശുഭം .


മറ്റു പാര്‍ട്ടികളില്‍ നിന്നു വ്യത്യസ്ഥമായി സി പി എമ്മിന്റെ നേതൃത്വ പദം തിരഞ്ഞെടുപ്പ് ഇത്ര ചര്‍ച്ചയാകുന്നതും എന്തു കൊണ്ടാണ് ?

കേരളത്തിലെ ഭരണമാറ്റങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നതും സ്വീകരിക്കപ്പെടുന്നതും രാഷ്ട്രീയ - വികസന നിലപാടുകള്‍ക്കപ്പുറത്തു ഭരണ വിരുദ്ധ വികാരങ്ങള്‍ അടിസ്ഥാനമാക്കിയാണ് [anti-incumbency factor] . അതായത് അഞ്ചു വര്‍ഷം ഒരു പക്ഷം ഭരിക്കുമ്പോള്‍ അടുത്ത അഞ്ചു വര്‍ഷത്തേക്കു മറ്റേ പക്ഷത്തെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതതമാക്കപ്പെടുന്ന ഭരണ വിരുദ്ധ തരംഗം നിശ്ചയമായും ഉണ്ടായിരിക്കും .ഈ പറഞ്ഞതില്‍ ചെറിയ ചില പിശകുകള്‍ ഉണ്ടെങ്കിലുംഈയൊരു പാറ്റേണിലാണ് ഇക്കണ്ട കാലമത്രയും കേരളത്തിലെ മന്ത്രിസഭകള്‍ രൂപം കൊണ്ടിട്ടുള്ളത് .വലതു പക്ഷം , ഇടതു പക്ഷം രണ്ടു വ്യത്യസ്ഥ നിലപാടുള്ള , രണ്ടു വ്യത്യസ്ഥ ആദര്‍ശങ്ങളുള്ള , രണ്ടു വ്യത്യസ്ഥ പക്ഷങ്ങള്‍ ഇത്തരമൊരു ആള്‍ട്ടര്‍നേറ്റീവ് സജഷനായി നില കൊള്ളുമ്പോള്‍ അതൊരു സ്വാഭാവിക രീതിയുമാണ് . വലതു പക്ഷത്തിന്റെ വികസന നിലപാടുകള്‍ , സാമ്രാജ്യത്വ അനുകൂല നയങ്ങള്‍ എന്നിവയൊക്കെ ജന വിരുദ്ധമായിത്തുടങ്ങുമ്പോള്‍ സ്വാഭാവികമായും നമുക്കു ആശ്രയിക്കാന്‍ ഒരു ഇടത് പക്ഷമുണ്ടായിരുന്നു അതിനെ നയിക്കുന്നത് പാര്‍ട്ടിയുടെ സെക്രട്ടറിയാണ് അതു കൊണ്ട് തന്നെയാണ് സി പി എം നേതൃതിരഞ്ഞെടുപ്പ് ഒരു മന്ത്രി സഭാ രൂപീകരണത്തോളം തന്നെ പൊതു ജനങ്ങളെ ബാധിക്കുന്നത് .

രണ്ടു വലതു പക്ഷങ്ങള്‍ .

പിണറായിയുടെ അനിഷേധ്യതയില്‍ ഇടതു പക്ഷം വലതു പക്ഷമാണ് അല്ലെങ്കില്‍ വലതു പക്ഷത്തേക്കാള്‍ വലത്താണ് .ആ ഒരു നിലയ്ക്കു ഭരണ മാറ്റത്തില്‍ ഇനി ഒരു ഇടതു പക്ഷം എന്ന പ്രതീക്ഷ അസ്ഥാനത്താണ് .- കണ്ണേ കരളെ വി എസ് ഫാന്‍സ് അസോസിയേഷന്‍ പ്രചരിപ്പിക്കുന്ന പോലെ വി എസിന്റെ പുണ്യാളത്തത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ലെങ്കിലും ജനകീയ പ്രശ്നങ്ങളില്‍ ഒരു യഥാര്‍ത്ഥ ഇടതു പക്ഷമാകാന്‍ വി എസിന് കഴിയും , കഴിഞ്ഞിട്ടുമുണ്ട് . കാറ്റൂള്ളപ്പോള്‍ തൂറ്റുക എന്ന നയത്തിന്മേല്‍ കിടന്നു കളിച്ച് അങ്ങനെ നെല്ലേത് പതിരേതെന്ന തിരിച്ചറിവില്ലാതെ തൂകിതൂകി രസിച്ച ഒരു മകനും നീട്ടി വലിച്ച കോമാളിത്തമുള്ള അല്പം വിടു വായത്തവും ഒഴിച്ചാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ജനകീയ പ്രശ്നങ്ങളോട് , അടിസ്ഥാന വര്‍ഗ്ഗത്തോട് അനുഭാവമുള്ള ഒരു നേതാവ് അച്ചുതാനന്ദന്‍ തന്നെയാണ് .

പക്ഷെ പാര്‍ട്ടിയില്‍ വി എസ് നിഷ്പ്രഭനാകുമ്പോള്‍ നമുക്കു കാണാന്‍ കഴിയുന്നതെന്താണ് ? സി പി എമ്മിന്റെ ഔദ്യോഗിക പക്ഷത്തിന്റെ പങ്കാളികള്‍ , അഭ്യുദയകാംക്ഷികള്‍ , സ്പോണ്‍സേഴ്സ് ഇതൊക്കെ ഫാരിസ് അബൂബക്കര്‍ , സാന്റിയാഗോ മാര്‍ട്ടിന്‍ , ലീലാ കൃഷ്ണന്‍ നായര്‍ , ഗള്‍ഫാര്‍ മുഹമ്മദാലി , ടോമിന്‍ തച്ചങ്കരി എന്നിങ്ങനെ വന്‍ കിട വ്യവസായികളും ആരോപണ വിധേയരായ ഉദ്യോഗസ്ഥന്മാരും മാത്രമായിത്തീരുന്നു ഇങ്ങനെയുള്ള ഇടതു പക്ഷം എങ്ങനെയാണ് അടിസ്ഥാന വര്‍ഗ്ഗത്തിന്റെ നിലപാടുകള്‍ക്കു അനുകൂലമായിത്തീരുക ? പ്ലാച്ചിമട സമരത്തില്‍ സംസ്ഥാന നേതൃത്വം എടുത്ത നിലപാടും പിന്നീട് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് “ പ്ലാച്ചിമട കേവലം പ്രാദേശിക എതിര്‍പ്പ് മാത്രമാണ് “ എന്ന പിണറായി എടുത്ത നിലപാട് [വിക്കിലീക്സ് പുറത്തു വിട്ടത് പ്രകാരം ] , കിണാലൂര്‍ ഭൂമി പ്രശ്നവും അതിനെ ചുറ്റിപ്പറ്റി സി പി എം നേതാക്കന്മാരുമായി ബന്ധപ്പെട്ട ഭൂമാഫിയ വിവാദങ്ങളിലും സി പി എം എടുത്ത നിലപാട് , കഴിഞ്ഞ ഇടത് സര്‍ക്കാരില്‍ അച്ച്യുതാന്ദന്റെ ഇടപെടലുകള്‍ കൊണ്ടു മാത്രം ഒരു നിയന്ത്രിത അവസ്ഥയില്‍ അവസാനിച്ച എള മരം കരിമിന്റെ വ്യവസായ വല്‍ക്കരണം , തോമസ് ഐസക്കിന്റെ നവ ലിബറല്‍ സാമ്പത്തിക പരിഷ്കരണങ്ങള്‍ - രണ്ടും അച്യുതാന്ദന്റെ അഭാവത്തില്‍ ശക്തമാകാന്‍ സാധ്യതയുണ്ട് . അപ്പോള്‍ ഇനി നമുക്കു മുന്നില്‍ ശേഷിക്കുന്നത് വലതു പക്ഷവും തീവ്ര വലതു പക്ഷവും മാത്രമാണ് .

വന്‍ കിട വ്യവസായികളുമായി അല്പം ചങ്ങാത്തമാകുന്നതിലെന്തു തെറ്റ് ? അവര്‍ പാര്‍ട്ടികളുടെ അനുഭാവികളാകുന്നതില്‍ എന്താണ് തെറ്റ് ?

Business is business , there should be some give & takes :) . -

ബിനീഷ് കൊടിയേരി രവിപ്പിള്ളയുടെ വന്‍ കിടകമ്പനിയുടെ വൈസ് പ്രസിഡണ്ടാകുന്നത് ബിനീഷിന്റെ അനിതര സാധാരണമായ മാനേജ്മെന്റ് മികവും ഉന്നത ബിരുദങ്ങളും കൊണ്ടല്ല എന്നാര്‍ക്കും ഊഹിക്കാം [ഒരു കമ്പനിയുടെ വൈസ് പ്രസിഡണ്ട് ഒക്കെ ആകാനുള്ള യോഗ്യതകളെക്കുറിച്ച് സാമാന്യ ധാരണയുള്ളവര്‍ക്കത് മനസ്സിലാകും ] - ബിനീഷിന്റെ അച്ഛന്‍ കേരളത്തിലെ ആഭ്യന്തരമന്ത്രിയായിരിക്കുന്നതു കൊണ്ടു തന്നെയാണത് സംഭവിക്കുന്നത് .പ്രവേശനകാര്യത്തില്‍ കടുത്ത നിബന്ധനകളുള്ള അമൃത വിശ്വപീഠത്തില്‍ തന്നെ പിണറായിയുടെ മകള്‍ക്കു സീറ്റ് ലഭിക്കാന്‍ വ്യവസായിയായ ലീലാ കൃഷ്ണന്‍ നായരുടെ ശുപാര്‍ശയുണ്ടായിരുന്നെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ എഴുതിയത് ഈയടുത്താണ് വായിച്ചത് , സന്തോഷ് മാധവന്റെ പ്രശ്നത്തില്‍ കേരളത്തിലെ ഓരോ മുക്കിലെയും ആള്‍ ദൈവങ്ങളെ ഡി ഫിക്കാര്‍ ഓടിച്ചിട്ടൂ അടിക്കുമ്പോഴും മാതാ അമൃതാനന്ദ മയിയുടെ നേരെ ഒരു മുദ്രാവാക്യം പോലും മുഴങ്ങാത്തത് പിണറായി വിജയന്റെ മകള്‍ അമൃതയില്‍ പഠിച്ചതു കൊണ്ടാവില്ല എന്നു സമാധാനിക്കാനെ നമുക്കു കഴിയൂ .ജസ്റ്റിസ് കെ ജി ബാലകൃഷ്ണനും യൂത്ത് കോണ്‍ഗ്രസ്സുകാരനായ മരു മകനുമെതിരെ മനോരമ പോലും എഴുതിയപ്പോള്‍ നിശബ്ദത പാലിച്ച പത്രമാണ് ദേശാഭിമാനി .ഡല്‍ഹി ഹൈ കോര്‍ട്ടില്‍ ഒരു കെ ജി ബാലകൃഷ്ണനെതിരെ Dr M Furquan എന്നൊരു പത്ര പ്രവര്‍ത്തകന്‍ കൊടുത്ത സ്റ്റേറ്റ് മെന്റില്‍ ഇങ്ങനെ പറയുന്നു - “Justice K G Balakrishnan has fast-tracked the SNCLavalin case due to pressure exerted on him by his family members, who are very friendly with Pinarayi Vijayan.” ഇതൊക്കെ വളരെ യാദൃശ്ചികമായ സംഭവങ്ങളാണ് പിണറായിയുടെ കുറ്റമൊന്നുമല്ല . ടോട്ടല്‍ 4 യു തട്ടിപ്പില്‍ ശ്രീമതി ടീച്ചറുടെ മകന്‍ ഉള്‍പ്പെട്ടതായി ആരോപണം വന്നതിനു ശേഷം കേസിന്റെ ഗതി തന്നെ മാറിപ്പോയത് . അങ്ങനെ അങ്ങനെ പോകുന്നു കഥകള്‍ - ഓരോ ബന്ധങ്ങളും അവയുമായി ബന്ധപ്പെട്ട സംഭവങ്ങളെ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുകയെന്നത് ഊഹിക്കാന്‍ പോലും കഴിയാത്തതാണ് ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ എന്നത് വലിയ കുറ്റമാകുന്നതെങ്ങനെയാണ് ?


സാന്റിയാഗോ മാര്‍ട്ടിന്‍ ദേശാഭിമാനിക്കു രണ്ട് കോടിയോ മറ്റോ ചില്വാനം കൊടുക്കണ്ടായി , പടക്കമുണ്ടാക്കുന്ന ശിവകാശി പേപ്പറില്‍ നംബറിട്ടു കൊടുത്ത് കോടികള്‍ ഉണ്ടാക്കുന്ന പണിയായിരുന്നു മാര്‍ട്ടിന് . 2003 ല്‍ ജയലളിത തമിഴ് നാട്ടില്‍ ലൊട്ടറിയങ്ങു നിരോധിച്ചു . പെട്ടെന്നൊരീസം കോടികളുടെ വരവുള്ള ബിസിനസ്സ് അങ്ങു സ്റ്റോപ്പായപ്പോള്‍ ഹൃദയ സ്തംഭനം വന്നു മരിക്കേണ്ടതായിരുന്നു സാന്റിയാഗൊ , പക്ഷെ കേരളത്തിന്റെ നന്മ കൊണ്ടു മാത്രം തമിഴ് നാട്ടിലെ ബിസിനസ്സ് കൂടി കേരളത്തില്‍ കിട്ടി , അതിനൊരു ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മ്രരണയായി രണ്ടല്ല ഇരുപതു കോടി വരെ കൊടുക്കാനും തയ്യാറായിരുന്നു . അത് കൂടാതെ സാന്റിയാഗോ മാര്‍ട്ടിന്‍ കടുത്ത ഒരു ഭാഷാ സ്നേഹിയാണ് അതത് പ്രദേശത്തു ഉള്ള ഭാഷകളെ പുനരുദ്ധരിക്കാന്‍ വേണ്ടി കയ്യും കണക്കുമില്ലാതെ അങ്ങ് സഹായിച്ചു കളയും .തമിഴ് നാട്ടില്‍ നടന്ന ആഗോള തമിഴ് സമ്മേളനത്തിനു പൈസ മുഴുവന്‍ മുടക്കീത് മൂപ്പരായിരുന്നല്ലോ , അത് പോലെ കേരളത്തിലെ ഭാഷയെ ഉദ്ധരിക്കാമെന്നു കരുതി നോക്കുമ്പോള്‍ കാണുന്നതെന്താണ് ? ദേശാഭിമാനി പോലെ ഉന്നത ഭാഷാ നിലവാരമുള്ള ഒരു പത്രം അച്ചു കുത്താന്‍ പൈസയില്ലാതെ ചക്രശ്വാസം വലിക്കുന്നു , ഉടന്‍ കൊടുത്തു ഒരു രണ്ടു കോടി ബോണ്ടായിട്ട് - ഭാഷ പുഷ്കലമാകട്ടെ - വേറെ യാതൊരു ചിന്തയും അങ്കുരിച്ചിരുന്നതല്ല . അതിന് ലോട്ടറി കച്ചോടത്തിനു ഒത്താശ ചെയ്യണൂന്നോ മറ്റോ പറഞ്ഞു എന്തെല്ലാം പുകിലുകളായിരുന്നു അന്നീ സാമ്രാജ്യത്വ ബൂര്‍ഷ്വകള്‍ ഉണ്ടാക്ക്യേത് .

സി പി എം നേതാക്കളും മക്കളും പത്തു പുത്തനുണ്ടാക്കുന്നതില്‍ അസൂയ , കണ്ണു കടി ഇത്യാദി വികാരങ്ങള്‍ ഉള്ളത് കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നു പറഞ്ഞാലും സമ്മതിക്കാം - അല്ലാണ്ടെന്താ ചെയ്യാ ? . പക്ഷെ പത്തു പുത്തനോടൊപ്പം ഒത്തു തീര്‍പ്പുകളും നിലപാട് വ്യതിയാനങ്ങളും സ്വാഭാവികം , അത് ഒരു ജനതയെ സ്വാധീനിക്കുന്നതാകയാലാണ് ഈ ആശങ്ക .നിലപാടുകളില്‍ ഒത്തു തീര്‍പ്പുകള്‍ ഉണ്ടാകുമ്പോള്‍ ചുവപ്പിന്റെ കടുപ്പം കുറയുമ്പോള്‍ , ഇടത് പക്ഷം അങ്ങനെ വലതു പക്ഷമായിത്തീരുന്നു .


ഉപദംശം .


കേരളത്തിലെ ക്യാപിറ്റല്‍ പണിഷ്മെന്റിന്റെ ഉപജ്ഞാതാവാ‍യ ശ്രീമാന്‍ സ്വരാജ് സര്‍ തന്നെയാണ് മുമ്പൊരിക്കല്‍ “പിതൃശൂന്യ പത്ര പ്രവര്‍ത്തനം “ എന്ന പ്രയോഗം നടത്തിയിരുന്നതു ഓര്‍മ്മ കാണുമല്ലോ ,അന്നു പത്രക്കാരെ അങ്ങനെ വിശേഷിപ്പിക്കാന്‍ മാത്രം അദ്ദേഹത്തിന്റെ ധാര്‍മ്മിക രോഷത്തെ പരകോടിയിലെത്തിച്ചത് - സഹപ്രവര്‍ത്തകയായ സിന്ധുജോയിയെപ്പറ്റിയെയും ഒരു സി പി എം നേതാവിനെയും ചേര്‍ത്ത് മാതൃഭൂമിയിലോ മറ്റോ വന്ന ഒരു ഗോസ്സിപ്പ് വാര്‍ത്തയെത്തുടര്‍ന്നായിരുന്നു .അത്തരത്തില്‍ അനാവശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ ആര്‍ക്കും ധാര്‍മ്മിക രോഷമൊക്കെ ഉണ്ടാകും , പക്ഷെ സിന്ധു ജോയി പാര്‍ട്ടി വിട്ട അന്നു മുതല്‍ ഇന്നു വരെ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ അവരെ കഥാ‍പാത്രമാക്കി പ്രചരിക്കുന്ന അശ്ലീല കാര്‍ട്ടൂണുകളെയും അശ്ലീല വിവരണങ്ങളടങ്ങിയ ചിത്രങ്ങളെയും പ്രചരിപ്പിക്കുന്ന ഇടത് പക്ഷ സൈബര്‍ ബൌദ്ധികതയെ അതേ സ്വരാജിന്റെ പഴയ ന്യായം വെച്ച് പിതൃശൂന്യ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് എന്നു വിളിക്കാമോ എന്തോ :).

Picture courtesy : express malayalam