Like

...........

Tuesday 30 July 2013

വന്‍ മരങ്ങള്‍ വീഴുമ്പോള്‍ .

“Some riots took place in the country following the murder of Indiraji. We know the people were very angry and for a few days it seemed that India had been shaken. But, when a mighty tree falls, it is only natural that the earth around it does shake a little.”  - Rajeev Gandhi 


“വന്‍ മരങ്ങള്‍ വീഴുമ്പോള്‍ അതിനു ചുറ്റുമുള്ള ഭൂമി കുലുങ്ങുന്നതു സ്വാഭാവികമാണ് "

ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിനു ശേഷം നടന്ന ക്രൂരമായ സിഖ് കൂട്ടക്കൊലയെ രാജീവ് ഗാന്ധി വിശേഷിപ്പിച്ചതു ഇങ്ങനെയാണ് ,ഗോധ്ര കൂട്ടക്കൊലയെ പറ്റിയുള്ള ചോദ്യത്തില്‍ നരേന്ദ്ര മോഡി വിശദീകരിച്ചത്  കാറിനടിയില്‍ പെട്ടു ചാവുന്ന നായകളോടെന്ന പോലെ എനിക്കു സഹതാപമുണ്ടെന്നും [അഭിമുഖം ഞാന്‍ കേട്ടതാണ് ,അതു തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു ,നായ് കുട്ടികളോടുള്ള സ്നേഹമാണ് മോഡി ഉദ്ദേശിച്ചതെന്നൊക്കെയുള്ള വ്യാഖ്യാന ഫാക്ടറിക്കാര്‍ ക്ഷമിക്കുക ].

എന്തൊരു സാമ്യമാണ് ,അധികാരത്തിന്റെ ,അതിന്റെ വിദ്വേഷം നിറഞ്ഞ ധാര്‍ഷ്ട്യത്തിന്റെ ഫലമായുണ്ടായ ഒരു കൂട്ടക്കൊലയെ വിശേഷിപ്പിക്കാന്‍ അതിനുത്തരവാദികളായവര്‍ ഉപയോഗിച്ച പദ പ്രയോഗങ്ങള്‍ക്കു !!! .എത്ര ലളിതമായാണ് ബാധിക്കപ്പെട്ടവരെ നിസ്സാര വല്‍ക്കരിക്കുന്നത് !!! .എല്ലാ കൂട്ടക്കൊലകള്‍ക്കും വംശ ഹത്യകള്‍ക്കും അവിശ്വസനീയമാം വിധം ലളിതമായ കാരണങ്ങളാണ് അതിനുത്തരവാദികളായവര്‍ നല്‍കുക.

രാജീവ് ഗാന്ധി പറഞ്ഞ ആ  “കൊച്ചു  ഭൂമി കുലുക്കത്തില്‍ “ എണ്ണായിരത്തോളം നിരപരാധികളായ സിക്കുകാരെയാണ് തിരഞ്ഞു പിടിച്ചു ഇല്ലാതാക്കിയത് ,ഒരു പാട് സിക്കുകാര്‍  ഭവന രഹിതരായി രാജ്യ തലസ്ഥാനത്തു നിന്നു പലായനം ചെയ്തു .ജൂതന്മാര്‍ രാജ്യ പുരൊഗതിക്കു തടസ്സമാകുന്നു എന്ന കാരണമാണ് ജൂതവംശ ഹത്യക്കു ഹിറ്റ്ലര്‍ കാരണമായി പറഞ്ഞത് . എട്ടു ലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെട്ട റുവാണ്ടന്‍ വംശ ഹത്യക്കു കാരണം ടുട്ടു വംശജനായ റുവാണ്ടന്‍ പ്രസിഡണ്ട്  വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നതിന്റെ പകരം വീട്ടലാണ് [അതിനു മുമ്പേ തന്നെ ടുട്ടു - ഹുട്സു വംശജര്‍ തമ്മില്‍ നീറിപ്പുകയുന്ന വംശീയ വിദ്വേഷമുണ്ടായിരുന്നുവെങ്കിലും ആ കൂട്ടക്കൊലക്കു കാരണം ഇതായിരുന്നു ]
 - എങ്ങനെയാണ് കലാപങ്ങള്‍ക്കും വംശഹത്യകള്‍ക്കും അതിനു നേതൃത്വം നല്‍കുന്നവര്‍ ഇത്ര ലളിതമായ യുക്തിയില്‍ വിശദീകരിക്കുന്നതു ? അതില്‍ പങ്കാളികളാകുന്നവര്‍ക്കും അതിനെ ന്യായീകരിക്കുന്നവര്‍ക്കും എങ്ങനെയാണ് ഇങ്ങനെയുള്ള നിസ്സാര കാരണങ്ങള്‍ ദഹിക്കുന്നത് ? 

യഥാര്‍ത്ഥത്തില്‍ ബാധിക്കപ്പെടുന്നതു വരേക്കും എല്ലാവര്‍ക്കും ഇതു വളരെ നിസ്സാരവും ലാഘവുമായി പരിഗണിക്കാനാകും  എന്നതാണ് യാഥാര്‍ത്ഥ്യം . ഇസ്ലാമിക രാജ്യങ്ങളിലെ ആഭ്യന്തര വംശ ഹത്യകളെയും പാക്കിസ്ഥാനിലെ ഹിന്ദു പീഡനങ്ങളെയും  ഇതു പോലെ നിസ്സാര കാരണങ്ങളെ കൊണ്ടു തന്നെയാണ് അതത് ഇടങ്ങളിലെ ഇസ്ലാം മതസ്ഥര്‍ ന്യായീകരിക്കുന്നത് .  ഹിറ്റ്ലറിന്റെ ജൂതഹത്യയെ അനുകൂലിക്കുന്ന [ഇസ്രയേലി വിരുദ്ധ വികാരം കൊണ്ട് ] ഒരു പാട് ഇസ്ലാം മതസ്ഥരെ ഞാന്‍ കണ്ടിട്ടുണ്ട് ,എന്തിന് ജൂതന്മാരെ ഇല്ലാതാക്കാനുള്ള പടച്ചവന്റെ സൃഷ്ടിയാണ് ഹിറ്റ്ലര്‍ എന്നു വരെ പറഞ്ഞു കേട്ടിട്ടുണ്ട് .വെറുപ്പും വിദ്വേഷവും ആളുകളില്‍ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണിത് .

ഇതെല്ലാം സ്വാഭാവികമായ ഒരു പ്രതിപ്രവര്‍ത്തനമെന്ന നിസ്സാരവല്‍ക്കരണത്തിനപ്പുറത്തു കൃത്യമായ ആസൂത്രണവും പ്രചരണവും ഉണ്ടെന്നതിനു വ്യക്തമായ തെളിവുകളുണ്ട്. മാധ്യമങ്ങളുടെയും ഉത്തരവാദിത്തപ്പെട്ട അധികാരികളുടെയും പങ്കു ധം  ഇതില്‍ പ്രധാനപ്പെട്ടതാണ് - സിഖ് കൂട്ടക്കൊലയായാലും ജൂത ഹത്യയായാലും ഗോധ്രാ കലാപമായാലും എരിതീയില്‍ എണ്ണയൊഴിക്കും വിധമുള്ള വ്യാജ വാര്‍ത്തകള്‍ ആളുകളെ ഒരു തരം ഹിസ്റ്റീരിയാ ബാധിതരാക്കി തീര്‍ക്കുകയായിരുന്നു .അതോടൊപ്പം പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് ഒഫിഷ്യലുകളുടെയും നേരിട്ടുള്ള പങ്കും

എന്‍ എസ് മാധവന്റെ “വന്‍ മരങ്ങള്‍ വീഴുമ്പോള്‍ “ എന്ന കഥ 1984 ലെ സിക്കു കൂട്ടക്കൊലയില്‍ നിന്നു ഒരു സിക്ക് യുവതിയെയും അവരുടെ ഏഴു വയസ്സുള്ള കുട്ടീയെയും  കുറച്ചു കന്യാസ്ത്രീകള്‍  രക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് . ആ കുട്ടിയുടെ മതപരമായ ഐഡന്റിറ്റി  -അവന്റെ ശിരോ വസ്ത്രം മാറ്റുമ്പൊള്‍  ത്വക്കിലുള്ള നിറവ്യത്യാസം കണ്ടു  ആകന്യാസ്ത്രീകള്‍  ആശങ്കപ്പെടുന്നു ,കാരണം സിക്കുകാരനെന്ന ഓരോ അടയാളവും മരണത്തിലേക്കുള്ള ഒരു കാരണമായിരുന്നു  .ജൂത വംശ ഹത്യയില്‍ ജൂതന്മാരുടെ ശാരീരിക സവിശേഷതകള്‍ -കണ്ണിന്റെയും മൂക്കിന്റെയുമൊക്കെ പ്രത്യേകതകളായിരുന്നുവത്രെ ഈ അടയാളങ്ങള്‍ .ഗോധ്രയിലും അതു തന്നെയാണ് ചെയ്തതും -സുന്നത്തു ചെയ്ത ലിംഗവും തട്ടമിട്ട പെണ്ണും തിരഞ്ഞു പിടിച്ചു വേട്ടയാടപ്പെട്ടു .വംശ ഹത്യ [Genocide] ന്റെ പ്രാഥമിക ലക്ഷണം തന്നെ മറ്റുള്ളവരില്‍ നിന്നു വേറിട്ടു തിരഞ്ഞു പിടിച്ചു ആക്രമിക്കുക എന്നതാണ് .മോഡി നിരപരാധിയാണ്  !!!!

മോഡി നിരപരാധിയാണ് !!! ഈയൊരു വാദത്തിന്റെ സാധൂകരണത്തിനായി ഹിന്ദു - മിതവാദി ആരാധക വൃന്ദങ്ങള്‍ [ഹിന്ദു തീവ്രവാദ ആരാധകര്‍ - മോഡി അതു ചെയ്തെങ്കില്‍ കണക്കായി പോയി വാദക്കാരാണ്  - ഹിറ്റ്ലറെ ഒക്കെ പരസ്യമായി ആരാധിക്കാന്‍ മടിയില്ലാത്തവര്‍ക്കു മോഡി ചെയ്തതു പോരാ എന്ന അഭിപ്രായമാണ് . ]  പൊതു സമൂഹത്തിനു മുന്നിലേക്കു പ്രധാനമായും രണ്ട് വാദങ്ങളാണ് മുന്നോട്ടു വെക്കാറുള്ളത് .

 ഒന്നാമത്തെ വാദം -  ഗുജറാത്തു കലാപം ഗോധ്ര ട്രയിന്‍ അപകടത്തെ തുടര്‍ന്നുണ്ടായ ഒരു കോളാട്രല്‍ ഡാമേജ് അല്ലെങ്കില്‍ സ്വാഭാവിക പ്രതിപ്രവര്‍ത്തനം മാത്രമാണ് ,ആ സംഭവത്തില്‍ ദുഖിതരായ നാട്ടുകാര്‍ നടത്തിയ രൊഷപ്രകടനം മാത്രമായിരുന്നു ആ കലാപം. അതില്‍ ആസൂത്രിതമായി ഒന്നുമില്ല.  [ഈ സ്വാഭാവിക പ്രതിപ്രവര്‍ത്തനമാണ് മിക്കവാറും എല്ലാ വംശ ഹത്യകളുടെയും കാരണം - സിഖ് കൂട്ടക്കൊല ,റുവാണ്ടന്‍ കലാപം ,ശ്രീലങ്കന്‍ തമിഴ് വംശ ഹത്യ]


മന്ത്രിസഭയില്‍ അംഗമായ മായാ കോഡ്നാനിയുടെയും ബജ്രംഗ് ദള്‍ നേതാവ് ബാബു ബജ്രംഗിയുടെയും നേരിട്ടുള്ള  പങ്കാളിത്തം സശയമേതുമില്ലാതെ തെളിഞ്ഞതോടെ ഈയൊരു വാദം പൊളിയുന്നു . ബാബു ബജ്രംഗി ടെഹല്‍ക്കയുടെ ഒളി ക്യാമറയില്‍ ജീവനുള്ള മനുഷ്യരെ പച്ചക്കു ചുട്ടുവെന്നു പറയുമ്പോള്‍ അയാളുടെ കണ്ണുകളിലെ ആര്‍ത്തി എന്നെ കുറച്ചൊന്നുമല്ല അമ്പരമ്പിച്ചത് . ഗൈനക്കോളജിസ്റ്റും സംസ്ഥാനത്തെ ശിശുക്ഷേമ മന്ത്രിയുമായ മായാ കോഡ്നാനി  കുട്ടികളെയും സ്ത്രീകളെയും കൂട്ടക്കൊല നടത്താനായി ആവേശം പകര്‍ന്നു ആ കൂട്ടക്കൊലയുടെ നേതൃത്വം വഹിച്ചിരുന്നു

ണ്ടാമത്തെ വാദം - ഒന്നാമത്തെ വാദത്തിന്റെ അര്‍ത്ഥശൂന്യത വെളിവാകുമ്പോള്‍ അതു സമീകരിക്കാനാണ് ഈ രണ്ടാം വാദം ഉപയോഗിക്കുക  - ഗുജറാത്തു കലാപത്തില്‍ മോഡി മന്ത്രിസഭയിലെയും  .സംഘത്തിന്റെ തലപ്പത്തുള്ള ആളുകളും ഉള്‍പ്പെട്ടിരിക്കാം പക്ഷെ നരേന്ദ്ര മോഡി നിരപരാധിയും നിസ്സഹായനുമായിരുന്നു  ,അതു അദ്ദേഹത്തിനു അറിവുള്ള കാര്യമല്ല .


ഒരു കേഡര്‍ സംഘടന / പാര്‍ട്ടിയുടെ ഓര്‍ഗനൈസേഷന്‍ സ്ട്രക്ചറിനെ പറ്റി ,അതിന്റെ മോഡസ് ഓപ്പറാണ്ടിയെ പറ്റി അല്പമെങ്കിലും ധാരണയുള്ള ആളുകള്‍ ഈ വാദത്തെ ഒരു ഫലിതത്തിനപ്പുറം കാണില്ല . ആര്‍ എസ് എസ് പോലെയുള്ള ഒരു കേഡര്‍ സംഘടനയുടെ ശൈലിയില്‍ പ്രധാനപ്പെട്ടതാണ് അതിന്റെ Hierarchy of Control Level ,മേല്‍ ഘടകത്തിന്റെ അനുമതിയില്ലാതെ ഒരില പോലും അനങ്ങാത്തത്ര സംഘടനാ രീതിയാണ് ഇതില്‍ നില നില്‍ക്കുന്നത്.. മോഡി മന്ത്രിസഭയിലെ ഒരു മന്ത്രിയോ സംഘത്തിലെ ഒരു ചെറു കിട നേതാവോ മേല്‍ ഘടകത്തിന്റെ അനുമതിയില്ലാതെ ഇതിനു നേതൃത്വം നല്‍കി എന്നു പറഞ്ഞാല്‍ അതു അവിശ്വസനീയമാണ് . മോഡി  അറിയാതെ ഗുജറാത്തില്‍ സംഘത്തിന്റെ ഒരു നീക്കം പോലും ഉണ്ടാകില്ല - അതാണ് സംഘത്തിന്റെ ഓര്‍ഗനൈസേഷന്‍ സ്ട്രക്ചര്‍ [അല്ലെന്നു ഏതെങ്കിലും ആര്‍ എസ് എസ് കാരന്‍ പറയട്ടെ .


മൂന്നാമത്തെ വാദം -  മേല്‍പ്പറഞ്ഞ രണ്ട് വാദങ്ങളുടെയും പൊള്ളത്തരങ്ങള്‍ പൊളിയുമ്പോള്‍ ഉയര്‍ന്നു വരുന്ന മറ്റൊരു വാദമാണ്  - മോഡി കുറ്റവാളിയാണെങ്കില്‍ കുറ്റം തെളിയിക്കട്ടെ ,ഇന്‍ഡ്യയിലെ ഏറ്റവും മികച്ച അന്വേഷണ വിഭാഗം പോലും മോഡിക്കിതില്‍ പങ്കില്ലെന്നു റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട് -  തെളിയാത്ത കേസില്‍ ആരോപണമുന്നയിക്കുന്നത് അധാര്‍മ്മികമാണ് ,

ഈ വാദത്തിന്റെ പരിഹാസ്യത എവിടെയാണെന്നറിയുമോ ? ഈ വാദമുന്നയിക്കുന്നവര്‍ തന്നെ  തെളിയാത്ത [കേന്ദ്രവും സി ബി ഐ യും  കോണ്‍ഗ്രസ്സ് മാത്രമല്ല ബി ജെ പി യും ഭരിച്ചിരുന്നു ] ബൊഫോഴ്സ് കേസും ,ഐസ്ക്രീം - കുഞ്ഞാലിക്കുട്ടി കേസുമെല്ലാം ഇപ്പോഴും പരാമര്‍ശിച്ചു കൊണ്ടിരിക്കും. ഈ കേസുകള്‍ ജെനുവിനാണെന്നു സാമാന്യ ബോധമുള്ള മിക്കവാറും എല്ലാവര്‍ക്കുമറിയാം ,പക്ഷെ കേസ് നിയമപരമായി തെളിഞ്ഞിട്ടില്ല - കേസുകള്‍ നിയമ പരമായി തെളിഞ്ഞിട്ടില്ല എന്നതിനര്‍ത്ഥം അവിടെ കുറ്റ കൃത്യമുണ്ടായിട്ടില്ല എന്നു മാത്രമല്ല - അവിടെ അധികാരവും സ്വാധീനവും സമ്പത്തും ആ കുറ്റകൃത്യം തെളിയിക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തു എന്നതു കൂ‍ടിയാണ് . ഇവിടെ മോഡിക്കു ഈ പറഞ്ഞ ഘടകങ്ങള്‍ കൂടാതെ മറ്റൊരു അനുകൂല ഘടകം കൂടിയുണ്ട് അതാണ് മേല്‍ പറഞ്ഞ “സംഘടനാ രൂപം “  ജീവന്‍ പോയാലും മേല്‍ ഘടകത്തിലെ ഒരു  നേതാവിനെതിരെ ഒരു സംഘിയും മൊഴി കൊടുക്കില്ല ,വേണമെങ്കില്‍ ജീവന്‍ കൊടുക്കും .


ഗുജറാത്തു കലാപത്തില്‍ ഗവണ്മെന്റ് ഒഫിഷ്യലുകള്‍ പലരും പങ്കാളികളായിരുന്നു ,എന്തിനു പോലീസുകാര്‍ പോലും നേരിട്ടും അല്ലാതെയും ഇതില്‍ ബന്ധപ്പെട്ടിരുന്നു .വിദ്വേഷം നിറഞ്ഞ പ്രചരണങ്ങളിലൂടെ പ്രാദേശിക മാധ്യമങ്ങളും കലാപത്തെ ആവും വിധം ആളിക്കത്തിക്കുകയായിരുന്നു . ഇത് ആസൂത്രിതമായ പ്രചാരണത്തിന്റെ ഫലം തന്നെയായിരുന്നു .മോഡിയെ പോലെ അഡ്മിനിസ്ട്രേഷണല്‍ പവര്‍ ഉള്ള ഒരാള്‍ക്കു വേണമെങ്കില്‍ ഒരു ദിവസം പോലും നീണ്ടു നില്‍ക്കാതെ കലാപം അവസാനിപ്പിക്കാമായിരുന്നു . ഉത്തരാഞ്ചല്‍ ദുരന്ത ബാധിത പ്രദേശത്തേക്കു ഹെലികോപ്റ്ററുകളും നൂറു കണക്കിനു വാഹനങ്ങളും ഒരു പാടു ഒഫിഷ്യലുകളെയും ഒരൊറ്റ ദിവസം കൊണ്ടു തയ്യാറാക്കി അയച്ച “റാംബോ ആക്ഷനിലെ തമാശ മറന്നാലും മോഡിയെ പോലെ ഒരാളുടെ ഭരണ പരമായ ഏകാധിപത്യ ശൈലിയില്‍ നരേന്ദ്ര മോഡിക്കു അതു സാധ്യവുമായിരുന്നു . പക്ഷെ ആ നിസ്സംഗത അത് ആസൂത്രണത്തിന്റെ ഭാഗം തന്നെയാകുമ്പോള്‍ നിരപരാധിത്വമെന്നത് പൊള്ളയായ ഒരു വാദം മാത്രമാകുന്നു .Picture Courtesy - International Business Times - Rwanda genocide-  Around 800,000 people were slaughtered in just three months