
രാഷ്ട്രീയത്തിലും ഔദ്യോഗിക രംഗത്തും വന്‍ കിട കോര്‍പറേറ്റുകള്‍ക്കായിരുന്നു എന്നും ചിദംബരത്തിന്റെ മുന്‍ ഗണന . ഒരു അഭിഭാഷകനെന്ന നിലയില്‍ കോര്‍പ്പറേറ്റുകള്‍ക്കും വന്‍ കിട വ്യവസായികള്‍ക്കും വേണ്ടി ഹാജരാവുക എന്നത് ഔദ്യോഗികമായ കാര്യമാണ് പക്ഷെ രാജ്യത്തിന്റെ സുപ്രധാനമായ പദവിയിലിരിക്കുന്ന ഒരാളുടെ അത്തരം പ്രതീലോമകരമായ താല്പര്യങ്ങള്‍ തീര്‍ച്ചയായും രാജ്യദ്രോഹങ്ങള്‍ തന്നെയാണ് . 1992 ല്‍ ചിദംബരം കേന്ദ്ര മന്ത്രിസഭയില്‍ വാണിജ്യ മന്ത്രി ആയിരിക്കുമ്പൊഴാണ് ഹര്‍ഷദ് മേത്തയുടെ ഓഹരി കുംഭകോണത്താല്‍ കുപ്രസിദ്ധി നേടിയ Fairgrowth Financial Services ല്‍ പി ചിദംബരത്തിനും ഭാര്യ അഡ്വോക്കേറ്റ് നളിനി ചിദംബരത്തിനും 10000 ഷെയറുകള്‍ ഉണ്ടെന്ന് തെളിഞ്ഞത് . യഥാര്‍ത്ഥത്തില്‍ ഓഹരി കുംഭകോണത്തില്‍ ഹര്‍ഷദ് മേത്ത തെറ്റുകാരനാണെങ്കില്‍ പി ചിദംബരവും തെറ്റുകാരന്‍ തന്നെയാവേണ്ടതായിരുന്നു , പക്ഷെ അതില്‍ നിന്നെല്ലാം അതി സാമര്‍ത്ഥ്യത്തോടെ തന്നെ ഒഴിഞ്ഞ് മാറാന്‍ ചിദംബരത്തിന് കഴിഞ്ഞു . 2005 ല്‍ തമിഴ് നാട്ടിലെ തുണി മില്ല് ഉടമകളുമായുണ്ടായ ഒരു നിയമ പ്രശ്നത്തില്‍ തമിഴ് നാട് income tax Dept . ന്റെ അഭിഭാഷകയായി ചിദംബരം തന്റെ സ്വാധീനമുപയോഗിച്ച് ഭാര്യ നളിനിയെ നിയമിക്കുകയുണ്ടായി , തമിഴ് നാട് income tax Dept. ന് അനുകൂലമായി വരേണ്ടിയിരുന്ന ആ നിയമപ്രശ്നത്തില്‍ നളിനി അല്‍ഭുതകരമായി പരാജയപ്പെടുകയും തുണി മില്‍ ഉടമകള്‍ വിജയിക്കുകയും ചെയ്തു ,ചെട്ട്യാര്‍ സമുദായത്തില്‍ പെട്ട ചിദംബരത്തിന് തമിഴ് നാട്ടിലെ തുണി മില്‍ ഉടമകളുമായുള്ള ബന്ധത്തിന്റെ പുറത്ത് ഗവണ്മെന്റിന് ജയിക്കാവുന്ന ഒരു കേസ് മനപ്പൂര്‍വ്വം തോറ്റ് കൊടുക്കുകയായിരുന്നു എന്ന ആരോപണമുണ്ടായിരുന്നു ആ കേസിനെ സംബന്ധിക്കുന്ന. വസ്തുതകള്‍ പരിശോധിച്ചാല്‍ ആരോപണം ശരിയാണെന്ന് മനസ്സിലാവുകയും ചെയ്യും . വിവാദ അമേരിക്കന്‍ കമ്പനിയായ Enron ന്റെ കാര്‍മ്മികത്വത്തില്‍ ആരംഭമെടുത്ത് , കോടിക്കണക്കിന് രൂപ രാജ്യത്തിന് നഷ്ടപ്പെടുത്തിയ കുപ്രസിദ്ധരായ Dabhol Power Company യെ പുനരുജ്ജീവിപ്പിക്കാനായി എല്ലാ വിധ ഒത്താശകളും ചെയ്ത് കൊടുത്തത് പി ചിദംബരമായിരുന്നു .
“On 22 May 2004, Mr P. Chidambaram resigned from the Board, following his appointment as Finance Minister in the new Indian Government. I would like to thank him for his contribution and I am sure he will play a pivotal role in the continuing development of India.”
വേദാന്ത എന്ന ബഹുരാഷ്ട്ര ഖനന കമ്പനിയുടെ 2004 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചെയര്‍മാന്‍ ബ്രയാന്‍ ഗില്‍ബര്‍ട്ടസണ്‍ പ്രസ്ഥാവിക്കുന്നതാണ് ,
ഒരു കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനമോ നിയമോപദേഷ്ടാവോ ആയ സ്ഥാനം വഹിച്ചിരുന്ന ആള്‍ ഒരു രാജ്യത്തെ മന്ത്രിയാകാന്‍ പാടില്ല എന്ന് നിയമമില്ല , പക്ഷെ ആ കമ്പനിയുടെ കുപ്രസിദ്ധമായ നിലപാടുകള്‍, കുത്സിതമായ പ്രവര്‍ത്തനങ്ങള്‍ മുഖേന കൊള്ള ലാഭം നേടാനുള്ള തത്രപ്പാടില്‍ രാജ്യത്തെ ജനങ്ങളെയും അവിടത്തെ വിഭവങ്ങളെയും കുറ്റകരമായ രീതിയില്‍ ചൂഷണം ചെയ്യുകയും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്താല്‍ അത് രാജ്യദ്രോഹമാണ് , ആ രാജ്യദ്രോഹത്തിന് കൂട്ട് നില്‍ക്കാന്‍ ആ രാജ്യത്തെ സൈന്യത്തെയും നിയമ വ്യവസ്ഥയെയും ഉപയോഗിക്കുന്ന എന്ന തലത്തിലേക്കാണ് പി ചിദംബരത്തിന്റെ സൈനിക ഓപ്പറേഷനുകള്‍ എത്തി നില്‍ക്കുന്നത് .ഇന്‍ഡ്യന്‍ വനമേഘലയില്‍ വ്യാപകമായ പരിസ്ഥിതിനശീകരണവും അത്യന്തം ഹീനമായ രീതിയില്‍ തദ്ദേശീയരെ കുടിയൊഴിപ്പിക്കുകയും അതിന് വേണ്ടി രാജ്യത്തെ അധികാര സ്ഥാപനങ്ങളെ അവിഹിതമായ രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുകയാണ് വേദാന്ത .ഇന്‍ഡ്യയില്‍ കമ്പനി നടത്തുന്ന പരിസ്ഥിതി നാശങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ ഒരു പറ്റം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇംഗ്ലണ്ടില്‍ നടത്തിയ ഒരു പ്രക്ഷോഭത്തില്‍ ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട കമ്പനിയാണ് വേദാന്ത എന്ന് വിലയിരുത്തുകയുണ്ടായി , ഒന്നിലേറെ രാജ്യങ്ങള്‍ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുള്ള കമ്പനി കൂടിയാണ് വേദാന്ത .
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്നൊരു ചൊല്ലുണ്ട് .കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി മാത്രം ഭരണം നടത്തുന്ന മന്മോഹന സിങ്കത്തിന് ചിദംബരത്തെക്കാള്‍ അനുയോജ്യനായ ഒരു ആഭ്യന്തര മന്ത്രിയെ കിട്ടാനില്ല . 2008 നവംബര്‍ ആറ് മുബൈ ഭീകരാക്രമണത്തിന്റെ പരിണിത ഫലമായാണ് പി.ചിദംബരം ആഭ്യന്തര മന്ത്രിയായി സ്ഥാനമേല്‍ക്കുന്നത് ,ഭീകരാക്രമണത്തിനു ശേഷം പല തവണ കോട്ടും സ്യൂട്ടും മാറി മാധ്യമങ്ങളില്‍ ഒരു സുന്ദരവിഡ്ഡിയായി പ്രത്യക്ഷപെട്ട അന്നത്തെ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലിനെ മാധ്യമങ്ങള്‍ കണക്കറ്റ് പരിഹസിച്ച , ഒന്നും ചെയ്യാന്‍ കഴിയാത്ത നിര്‍ഗുണനായിരുന്നു ശിവരാജ് പാട്ടീലെങ്കില്‍ എന്തും ചെയ്യാന്‍ തയ്യാറായ ഒരാളെന്നബോധ്യമായിരിക്കണം ചിദംബരത്തെ ആഭ്യന്തര മന്ത്രിയാക്കാന്‍ കോര്‍പ്പറേറ്റുകളെ പ്രേരിപ്പിച്ചിട്ടുണ്ടാവുക , എന്തായാലും കോര്‍പ്പറേറ്റുകളുടെ പ്രതീക്ഷക്കൊപ്പമോ അതിലുപരിയോ ചിദംബരം അവര്‍ക്കു വേണ്ടി ചെയ്തു .
ഗ്രീന്‍ ഹണ്ട് ഓപ്പറേഷന്‍ എന്ന പേരില്‍ ലക്ഷക്കണക്കിന് സൈനികരെ വന മേഖലയിലേക്കു വിന്യസിച്ചത് ചിദംബരം ആഭ്യന്തര മന്ത്രിയായതിനു ശേഷമായിരുന്നു .അത്തരം സൈനിക വിന്യാസങ്ങള്‍ കൊണ്ട് ആദിവാസി മേഖലകളില്‍ വേദാന്തയും എസ്സാറും റ്റാറ്റയും ജിണ്ടാലും അടക്കമുള്ള വന്‍ കിട കോര്‍പ്പറേറ്റുകള്‍ ആധിപത്യമുറപ്പിച്ചു, ഒരു കണക്കിന് ഗവണ്മെന്റ് ചെലവില്‍ കോര്‍പ്പറേറ്റ് കാവല്‍ സംഘങ്ങളായി മാറി ഇന്‍ഡ്യന്‍ സൈന്യം .ഒരു രാജ്യത്തെ ജനങ്ങളുടെ സംരക്ഷണമാണ് ആഭ്യന്തര മന്ത്രിയുടെ ചുമതലയെന്നാണ് വെയ്പ്പ് , അതേ ആഭ്യന്തര മന്ത്രി തന്നെ അതേ രാജ്യത്തെ ജനങ്ങള്‍ക്കു മേല്‍ ആകാശത്തു നിന്നു ബോംബ് വര്‍ഷിക്കാന്‍ ഉത്തരവിടുകയെന്നു വെച്ചാല്‍ അദ്ദേഹത്തിന്റെ മനോനില എന്താണ് .2008 ല്‍ ദന്റേവാഡയില്‍ നടന്ന സൈനികകൂട്ടക്കൊലക്കു ശേഷം വായുസേനയെ വിന്യസിക്കാനുള്ള ചിദംബരത്തിന്റെ തീരുമാനത്തെ “തന്റെ രാജ്യത്തിലെ ജനങ്ങള്‍ക്കെതിരെ വായുസേനയെ ഉപയോഗിക്കാനാവില്ല “ എന്ന വായുസേനാ തലവന്റെ ശക്തമായ എതിര്‍പ്പു മൂലം നടന്നില്ല .
കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയതിന് ശേഷമാണെന്ന് തോന്നുന്നു രാജ്യത്ത് ഏറ്റവുമധികം രാജ്യദ്രോഹികള്‍ ഉണ്ടായത് , കോര്‍പ്പറേറ്റുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ , ആദിവാസികള്‍ക്കു വേണ്ടി സംസാരിക്കുന്നവരെ എല്ലാം ഒരു കഷ്ണം പേപ്പറിന്റെ തെളിവില്‍ പോലും രാജ്യദ്രോഹികളാക്കി മാറ്റാം -ബിനായക് സെന്‍ , ഗാന്ധിയനായ ഹിമാന്‍ശു കുമാര്‍ , മഹാശ്വേതാ ദേവി , പരിസ്ഥിതി പ്രവര്‍ത്തകനായ പിയുഷ് സേത്തിയ ഇവരെല്ലാം അക്കൂട്ടത്തിലെ ഏതാനും രാജ്യദ്രോഹികള്‍ മാത്രം .
പദ്മശ്രീയും പദ്മവിഭൂഷണും മാഗ്സസെ അവാര്‍ഡുമെല്ലാം നേടിയ , സ്വന്തം ജീവിതം തന്നെ രാജ്യത്തെ ജനങ്ങള്‍ക്കായി സമര്‍പ്പിച്ച രാജ്യത്തെ ഏറ്റവും ബഹുമാന്യയായ മഹാശ്വേതാ ദേവിയെ നക്സലിസ്റ്റ് ബന്ധം ആരോപിച്ചു അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു , മഹാശ്വേതാ ദേവി ചെയ്ത കുറ്റം കോര്‍പ്പറേറ്റുകള്‍ക്കെതിരായ നക്സല്‍ പോരാട്ടങ്ങളെ ന്യായീകരിച്ചു എന്നതായിരുന്നു .
2010 റിപ്പബ്ലിക് ദിനത്തിലാണ് സേലത്ത് നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ പിയുഷ് സേത്തിയ എന്ന പരിസ്ഥിതി പ്രവര്‍ത്തകനെ രാജ്യദ്രോഹകുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. . അദ്ദേഹം ചെയ്ത കുറ്റം ചത്തിസ്ഗഡിലെ ആദിവാസികള്‍ക്ക് നേരെയുള്ള സൈനിക അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കൊണ്ട് സേലത്ത് നിന്ന് ആഭ്യന്തര മന്ത്രിയുടെ മണ്ഡലമായ ശിവഗംഗയിലേക്ക് ഒരു സൈക്കിള്‍ യാത്ര നടത്താന്‍ തീരുമാനിച്ചു എന്നതാണ് , അതിനും ഒരു വര്‍ഷം മുമ്പ് മറ്റൊരു ഗുരുതരമായ കുറ്റകൃത്യത്തില്‍ കൂടി അദ്ദേഹം പങ്കാളിയായിരുന്നു വേദാന്തയുടെ അനുബന്ധ കമ്പനിയായ മാല്‍കോ കൊല്ലിമലയില്‍ വര്‍ഷങ്ങളായ [വേദാന്തയും അനുബന്ധ കമ്പനികളും കൊല്ലിമലയിലും തൂത്തുക്കുടിയില്ടും നടത്തുന്ന അനധികൃത പ്രവര്‍ത്തനങ്ങളും പരിസ്ഥിതി നാശങ്ങളും വളരെ വിശദമായി എഴുതേണ്ട സംഗതികളാണ് ] നിയമവിരുദ്ധ ഖനനത്തിനെതിരെ ഹൈക്കോടതിയില്‍ സ്പീക് ഔട്ട് സേലം എന്ന സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഒരു പൊതുതാല്പര്യ ഹര്‍ജി നല്‍കി ആ ഖനനം നിര്‍ത്തലാക്കി . തീര്‍ച്ചയായും പിയുഷ് സേത്തിയ ഒരു രാജ്യദ്രോഹിയാവാനുള്ള എല്ലാ സാധ്യതകളും നിലവിലുണ്ട് , ഒരു ജനാധിപത്യ രാജ്യത്തില്‍ രാജ്യദ്രോഹിയായി തീരാന്‍ ഈ കുറ്റങ്ങള്‍ തന്നെ ധാരാളമാണല്ലോ .ഒരു രാജ്യത്തിലെ ജനങ്ങള്‍ക്കെതിരെ തന്റെ അധികാരം ദുരുപയോഗം ചെയ്തു കൊണ്ട് സൈനിക വിന്യാസം നടത്തുന്നു , ഒരു രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളെ മുച്ചൂടും നശിപ്പിച്ച് ദശ കോടികള്‍ വാരിക്കൂട്ടുന്നവര്‍ക്കു ഒത്താശ ചെയ്യുന്നു ,അവര്‍ക്കു അനുകൂലമായ നിയമങ്ങള്‍ സൃഷ്ടിക്കുന്നു , കോര്‍പ്പറേറ്റുകള്‍ക്കെതിരെ സമരം ചെയ്യുന്നവരെ . പ്രതികരിക്കുന്നവരെ എല്ലാം രാജ്യദ്രൊഹികളാക്കുന്നു - അപ്പോള്‍ ആരാ ണ് രാജ്യദ്രോഹി ? എന്താണ് രാജ്യദ്രോഹം ? എന്നത് നമ്മള്‍ പുനര്‍ നിര്‍വചിക്കേണ്ടിയിരിക്കുന്നു .