-
ഭാവിയില്‍ ആധുനിക ഭാരതത്തിന്റെ ചരിത്രത്തെ രണ്ട് പകുതിയായി വിഭജിക്കുമ്പോള്‍ മധ്യരേഖയായി 1992 ഡിസംബര്‍ 6 എന്ന ദിവസത്തെ പരാമര്‍ശിക്കേണ്ടി വരുമെന്ന് തോന്നുന്നു . തര്‍ക്കത്തിലിരുന്ന ഒരു കെട്ടിടം പൊളിച്ചു എന്നത് കൊണ്ടല്ല മറിച്ച് ഇന്ത്യയെന്ന മഹാരാജ്യത്ത് “ സെക്യുലര്‍” എന്ന പദത്തിന്റെ അര്‍ത്ഥം ഭരണകൂട നിരുത്തരവാദത്തിന്റെ കൂടെ ഫലമായി ഫാസിസ്റ്റുകള്‍ മാറ്റി മറിച്ച ദുരന്തദിനമെന്ന നിലയിലാണ് 1992 ഡിസംബര്‍ 6 നില നില്‍ക്കുന്നത് .
ഇസ്ലാമിക ഫണ്ടമെണ്ടലിസത്തിന്റെ തുറന്നടിച്ചുള്ള കടന്ന് വരവിനും അതിന്റെ വര്‍ദ്ധിച്ച പ്രചാരത്തിനും തുടക്കം കുറിക്കാനായി എന്നതും ബാബറി മസ്ജിദ് ധ്വംസനത്തിലൂടെ സാധിച്ചു . നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ബാബറി മസ്ജിദ് ധ്വംസനത്തിന്റെ ഓര്‍മ്മപുതുക്കല്‍ ദിവസത്തിന് ആഴ്ചകള്‍ മാത്രം മുമ്പേ കെട്ടിപ്പൂട്ടി വെച്ചിരിക്കുന്ന ഒരു “അതി ഭയങ്കര രഹസ്യ റിപ്പോര്‍ട്ട് “ മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടുന്നു , ആര്‍ക്കുമറിയാത്ത എന്തോ രെഹസ്യം പോലെ കൊട്ടിഘൊഷിക്കപ്പെടുന്നു , ഇതില്‍ “ കപട മിതവാദിയാണ് “ വാജ്പേയി എന്നൊരൊറ്റ കണ്ടെത്തല്‍ മാത്രമാണ് ലിബര്‍ ഹാന്‍ കമ്മീഷന് കുറച്ചെന്തെങ്കിലും വിവാദം ഉയര്‍ത്താന്‍ കഴിഞ്ഞ സംഗതി .ഈ 17 വര്‍ഷക്കാലം ഇന്ത്യയിലെ സാമാന്യ വിദ്യാഭ്യാസമുള്ള ഏതൊരു പൌരനും അറിയാവുന്നതില്‍ കൂടുതല്‍ എന്തെങ്കിലും ലിബര്‍ ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് സംഘപരിവാര്‍ പോലും സമ്മതിക്കില്ല ,
ബാബറി മസ്ജിദ് ധ്വംസനത്തിന്റെ നൈതികതയും ചരിത്രവും ആവര്‍ത്തിച്ച് വായിച്ച് ഏടുകള്‍ കുത്തഴിഞ്ഞ് കിടക്കുന്ന ഒരു പുസ്തകം പോലെയായതിനാല്‍ അതിനെക്കുറിച്ച് ആവര്‍ത്തിക്കുന്നതിലര്‍ത്ഥമില്ല , എന്താണ് ലിബര്‍ ഹാന്‍ കമ്മീഷന്‍ കൊണ്ട് വന്ന കണ്ട് പിടുത്തങ്ങള്‍ ?
ഭാരതീയ ജനതാ പാര്‍ട്ടി എന്ന ഹിന്ദുത്വത്തിലധിഷ്ടിതമായ ഒരു രാഷ്ട്രീയ പാര്‍ട്ടി അധികാരത്തിലേറാനായി കൊണ്ട് വന്ന ഒരു മാര്‍ഗ്ഗമായിരുന്നു അയോധ്യാ രാമ ജന്മഭൂമി , അത് വളരെ വ്യക്തമായതും സംശയമില്ലാത്തതുമാണ് സ്വാഭാവികമായും അതിന്റെ നേതാക്കളായിരിക്കും അതിലുള്‍പ്പെട്ട വ്യക്തികള്‍ അതല്ലാതെ ഉത്തര ധ്രുവത്തില്‍ നിന്ന് അജ്ഞാത ജീവികള്‍ വന്ന് ഒരു കൂട്ടം ജനങ്ങളെ മസ്തിഷ്ക പ്രക്ഷാളനം ചെയ്ത് ഹിസ്റ്റീരിയ ബാധിച്ചവരെപ്പോലെയാക്കി എന്ന തിയറി ആരും പറയില്ല എന്ന് കരുതാം .
ബാബറി മസ്ജിദ് ധ്വംസനം കൊണ്ട് നേട്ടമുണ്ടാക്കിയത് സംഘപരിവാരവും അതു വരെ പ്രകടമായി പുറത്തെടുക്കാന്‍ മടിച്ച് നിന്ന ഇസ്ലാമിക വിഘടന വാദവും തന്നെയായിരുന്നു , ഓരോ ജിഹാദിനുള്ള ആഹ്വാനത്തിനൊപ്പവും എരിതീയിലെണ്ണയായി ബാബറി മ്സജിദിന്റെ ധ്വംസനം പരിവര്‍ത്തനം ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞു , ഒരു പക്ഷെ അത്തരമൊരു സാഹചര്യം അവര്‍ കാത്തിരുന്നിരിക്കാം . ഇന്ത്യന്‍ മുസല്‍ മാന്മാരുടെ മതേതര വിശ്വാസത്തിനേറ്റ കനത്ത ആഘാതം തന്നെയായിരുന്നു അത് , ആ തോന്നലിലൂടെ മതപരമായ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് വളരെ വളരെ വൃത്തിയായി ചൂഷണം ചെയ്യാന്‍ കഴിഞ്ഞതാണ് സംഘ പരിവാറിന്റെയും ഇസ്ലാമിക ഫണ്ടമെന്റലിസത്തിന്റെയും പിന്നീടുള്ള വളര്‍ച്ചക്ക് നാന്ദി കുറിച്ചത് .
“വിവാദ തര്‍ക്ക മന്ദിരം“ തകര്‍ത്തത് ബീ ജെ പിയിലെ നേതാക്കന്മാരടങ്ങുന്ന സംഘപരിവാര്‍ പ്രഭൃതികളാണെന്നോ
ഒരു ലക്ഷഠിലേറെ പേര്‍ അണി നിരന്ന ഒരു മാസ്സ് ഓപെറേഷനിന്റെ തെളിവെടുപ്പിന് നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ എന്തിനായിരുന്നു ?
അല്‍ഭുതം കൂറാന്‍ മാത്രം എന്തുണ്ട് ?
വളരെ വ്യക്തമായ ആസൂത്രണത്തോടെ , റിഹേഴ്സല്‍ വരെ നടന്നിരിക്കാവുന്ന ഒരു സംഭവത്തെ - അതിന് മുമ്പെ തന്നെ മുഖ്യ ധാരാ മാധ്യമങ്ങളില്‍ പലപ്പോഴായി രാം മന്ദിറിന് വേണ്ടി തയ്യാര്‍ ചെയ്തു വെച്ചിരിക്കുന്ന ആയിരക്കണക്കിന് ശിലാസ്തൂപങ്ങളും ശില്പങ്ങളും മന്ദിരത്തിന്റെ മാതൃകകളും സംഘപരിവാര്‍ നേതാക്കന്മാരുടെ രാമരാജ്യ സങ്കല്‍പ്പങ്ങളുടെ ഉദാത്തമായ സങ്കല്‍പ്പങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള അഭിമുഖ സംഭാഷണങ്ങളടക്കം 1992 ഡിസംബര്‍ 6 എന്ന തീയ്യതിക്ക് മുമ്പായി പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നു , , എന്നിട്ടും ഏതോ രഹസ്യസംഭവം പോലെ, ഒരു സുപ്രഭാതത്തില്‍ സംഭവിച്ചത് പോലെ കൃത്രിമമായ ഞെട്ടലുകളും ഖേദപ്രകടന നാടകങ്ങളും നടത്തുന്നത് എന്തിന് വേണ്ടി ?
മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ നിരുത്തരവാദത്തെ മരണാനന്തര ബഹുമതിയായി ഭരണഘടനാ പരമായ പരിമിതികളാക്കി ഇളവ് കൊടുത്ത് പൂര്‍ണ്ണ കുറ്റ വിമുക്തനാക്കി എന്നത് ഫലിതത്തോളമെത്തി നില്‍ക്കുന്ന ഒരു തെളിവെടുപ്പായിപ്പോയി , എല്ലാവര്‍ക്കും അറിയാവുന്ന കുറെ കാര്യങ്ങള്‍ പരത്തിപ്പറഞ്ഞു കെട്ടുകണക്കിന് ഫയലുകളാക്കി എന്നതല്ലാതെ എന്താണ് ലിബര്‍ഹാന്‍ കമ്മീഷന്‍ കൊണ്ടുണ്ടായ നേട്ടം ?
ലിബര്‍ ഹാന്‍ കമ്മീഷന്റെ പരിധി ബാബറി മസ്ജിദ് സംഭവത്തിന്റെ കാര്യ കാരണങ്ങളും അനുബന്ധങ്ങളും അന്വേഷിക്കല്‍ തന്നെയായിരുന്നു എന്നിരുന്നാലും പ്രതീക്ഷിച്ചത് അനന്തര നടപടികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളോ ശുപാര്‍ശയോ ഒക്കെ ആയിരുന്നു പക്ഷെ
കാര്യമായ നിര്‍ദ്ദേശങ്ങളോ തുടര്‍ നടപടികള്‍ക്കുള്ള ശുപാര്‍ശകളോ ഇല്ലാതെ കമ്മീഷന്‍ വെറുമൊരു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടായി അവശേഷിക്കുകയാണ് .
എന്തായിരിക്കും ലിബര്‍ ഹാന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അനന്തര ഫലങ്ങള്‍ ?
താല്‍ക്കാലിക രാഷ്ട്രീയ സ്ഥിതിഗതികളില്‍ നേട്ടം കൊയ്തത് കോണ്‍ഗ്രസ്സ് തന്നെയായിരുന്നു എന്ന് ഏത് രാഷ്ട്രീയ നിരീക്ഷണത്തിലും എളുപ്പം തെളിയാവുന്ന ഒരു സംഗതിയാണ് . കരിമ്പ് കര്‍ഷകരുടെ പ്രക്ഷോഭം കക്ഷിഭേദമില്ലാതെ പ്രതിപക്ഷം ഒറ്റക്കെട്ടായി ഏറ്റു പിടിച്ചപ്പോള്‍ എടുത്ത് വെക്കാന്‍ കിട്ടിയ ഒരു തുറുപ്പ് ചീട്ടായിരുന്നു ലിബര്‍ ഹാന്‍ . 17 വര്‍ഷത്തിനിടക്ക് 48 തവണ നീട്ടിക്കൊടുത്ത കാലാവധിയും കൊണ്ട് കണ്ടെത്തിയ ഇത്തരമൊരു “മഹാ കണ്ടെത്തല്‍“ പൊതു സഭയില്‍ ചട്ടപ്രകാരം വെച്ചാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കാര്യമായ വിവാദമുണ്ടാക്കാനുള്ള കോപ്പോന്നും ഇല്ല എന്നും കീറിപ്പോകാവുന്നത്ര ദുര്‍ബലമായൊരു ചീട്ടാണതെന്ന് മനസ്സിലാക്കിയത് കൊണ്ടാവണം നിലവിലെ സ്ഥിതിയില്‍ ആ റിപ്പോര്‍ട്ടിനെ ഏതെങ്കിലും വിധേന വിവാദമാക്കിയേ തീരൂ എന്ന് മനസ്സിലാക്കിയ ആഭ്യന്തര മന്ത്രാലയം തന്നെയാവണം ഒരു കോപ്പി മാത്രമുള്ള അതീവ രഹസ്യ രേഖ പത്രങ്ങള്‍ക്ക് ചോര്‍ത്തിയത് അങ്ങനെ താല്‍ക്കാലികമായ ഒരു നേട്ടം ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാറിനുണ്ട് എന്നത് കഴിഞ്ഞാല്‍ ഒരു ലോങ്ങ് ടേം ഗുണം ഉണ്ടാക്കാന്‍ ശ്രമിക്കുക സംഘപരിവാറിന്റെ മത മൌലികവാദം തന്നെയാണ് .
രൂപവല്‍ക്കരണ കാലം മുതല്‍ ഹിന്ദു രാഷ്ട്രവാദത്തിലധിഷ്ടിതമായ പ്രഖ്യാപിത അജണ്ടയുള്ള , ആ വാദം ഉയര്‍ത്തിക്കൊണ്ട് മാത്രം ഉത്തരേന്ത്യന്‍ വര്‍ഗ്ഗീയ വിള നിലത്തില്‍ കൊയ്ത്തും മെതിയും കഴിഞ്ഞൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന് - അവരുടെ ആ പ്രഖ്യാപിത ആദര്‍ശത്തിന് അപചയം സംഭവിച്ചിരിക്കുന്നു ,പ്രഖ്യാപിത ഹിന്ദുത്വത്തില്‍ നിന്ന് വ്യതിചലിച്ചിരിക്കുന്നു എന്ന് സ്വയം വിമര്‍ശനമുയര്‍ത്തുന്ന ഒരു ഘട്ടത്തില്‍ ലിബര്‍ ഹാന്‍ റിപ്പോര്‍ട്ട് കച്ചിത്തുരുമ്പാണ് .
ചുരുങ്ങിയത് ആര്‍ എസ് എസ് ഉള്‍ക്കൊണ്ട സംഘപരിവാറിനെങ്കിലും . ഭൂരിഭാഗം ഹിന്ദുക്കളും ബാബറി ധ്വംസനത്തിന്റെ ശരി തെറ്റുകളെക്കുറിച്ച് സ്വയം വ്യാഖ്യാനിച്ച് സമാധാനപ്പെടുന്ന ഒരവസ്ഥയിലാണ് ശത്രുക്കള്‍ പോലും ആരോപണമുന്നയിക്കാന്‍ ഭയപ്പെടുന്നത്ര ഇമേജുള്ള മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും കൂടി “മോട്ടിവേഷന്‍ ലീഡര്‍ “ആയാണ് ഒരു ലക്ഷത്തില്പരം ഹിസ്റ്റീരിയാ ബാധിതരായ ജനക്കൂട്ടത്തെ സൃഷ്ടിച്ചത് വ്യക്തമാവുന്നത് , അതൊരു പുതിയ അറിവല്ലായിരുന്നെങ്കിലും പൊതു സമൂഹത്തില്‍ അതൊരു അവിശ്വാസത്തോളം ചെന്നെത്തുന്ന റിപ്പോര്‍ട്ട് തന്നെയായിരുന്നു .മുന്‍ നിര നേതാക്കളെല്ലാം കാലഹരണപ്പെടുകയോ റിട്ടയര്‍ ചെയ്യുകയോ ചെയ്ത ഈ സാഹചര്യത്തില്‍ സംഘ പരിവാറിന്റെ ബാലറ്റ് പാര്‍ട്ടിക്ക് മുന്നോട്ട് പോകാനുള്ള വഴിയില്‍ അപശകുനങ്ങളും പടല പിണക്കങ്ങളും മാത്രമായി ഭാജ്പാ എന്ന പാര്‍ട്ടി ഭാവിയിലുണ്ടാകുമോ എന്ന് ഭയന്ന് കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് ഉര്‍വ്വശീ ശാപം ഉപകാരമെന്ന കണക്കെ വന്ന് ഭവിച്ചത് .
സംഘപരിവാറിനൊരിക്കലും അവരുടെ ഐഡിയോളജി കവച്ച് വെക്കുന്ന തരത്തില്‍ ജനപ്രീതിയുള്ള മിതവാദി ഭാജ്പാ നേതൃത്വത്തില്‍ താല്പര്യമുണ്ടായിരുന്നില്ല , സോ കോള്‍ഡ് മിതവാദി അടല്‍ ബിഹാരി വാജ്പെയി പോലും എല്ലായ്പ്പോഴും മിതവാദത്തിനൊടുവില്‍ വന്ന് ചേരുന്നത് അത്തരം ഹിന്ദുത്വ ഐഡിയോളജിയുടെ മൃദു സമീപനത്തില്‍ മാത്രമായിരുന്നു , താരതമ്യേന അപ്രസക്തരായ രണ്ടാം നിര നേതാക്കളെ നേതൃത്വത്തിലേക്ക് കൊണ്ട് വരുന്ന തന്ത്രം മൂലം ഭാജ്പായുടെ മേലുള്ള കൃത്യമായ കടിഞ്ഞാണ്‍ സംഘപരിവാറിന് ഒരിക്കലും നഷ്ടപ്പെടുന്നില്ല , അധികാരത്തെക്കാളുപരി പ്രഖ്യാപിത അജണ്ടയാണ് അവരുടെ ലക്ഷ്യം എന്നത് കൊണ്ട് സമീപ കാല തെരെഞ്ഞെടുപ്പ് പരാജയങ്ങള്‍ സംഘപരിവാരത്തിനുള്ളില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടില്ല . ലിബര്‍ ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പുറത്ത് വരുമ്പോള്‍ സംഭവിക്കുന്നതെന്താണ് മുന്‍ നിര നേതാക്കളും മിതവാദികളെന്ന് പേര് കേട്ടവരെല്ലാം അഭിമാന പൂര്‍വ്വം പങ്ക് ചേര്‍ന്ന ഒരു ആഘോഷമായിരുന്നു ബാബറി മസ്ജിദ് ധ്വംസനം അക്കണക്കിന് അത് തെറ്റാണ് എന്ന് വിശ്വസിക്കാന്‍ ശ്രമിച്ച ഭാജ്പാക്കാര്‍ പോലും അതില്‍ ന്യായമില്ലേ എന്ന് സംശയിച്ച് തുടങ്ങുന്നു ,
രാമരാജ്യമെന്ന സങ്കല്‍പ്പം ഓരൊ ഉത്തരേന്ത്യന്‍ ഹിന്ദുവിന്റെ ഉള്ളിലും വ്യക്തമായ രീതിയില്‍ വര്‍ഗ്ഗീയമായ വേര്‍തിരിവ് സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതിലൂടെയാണ് രഥയാത്രയും അതിനെതുടര്‍ന്ന് വരുന്ന അധികാരവും ഭാജ്പാ സ്വന്തമാക്കിയത് , പക്ഷെ പിന്നീട് ഒരു ജനാധിപത്യ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളുടെ സ്വാഭാവികമായ രൂപമാറ്റം കൊണ്ട് സംഘപരിവാറിന്റെ മൌലികതയില്‍ നിന്നും ഒരു അകലം കാത്ത് സൂക്ഷിക്കേണ്ടി വന്നത് കൊണ്ടായിരിക്കണം ഭാജ്പാക്ക് രാമ ക്ഷേത്ര നിര്‍മ്മാണമെന്ന പ്രഖ്യാപിത അജണ്ട നടകത്താനാവാതിരുന്നത് ..സംഘപരിവാറിന് അതിന്റെ പ്രഖ്യാപിത അജണ്ടയിലൂന്നിയൊരു പുനരേകീകരണത്തിനും തീവ്ര ഹിന്ദുത്വ നിലപാടുകളുടെ ന്യായീകരണത്തിനുമായി ഒരു കളമൊരുങ്ങിക്കഴിഞ്ഞു ...
പരസ്പരം ആശയ ഐക്യമില്ലാതെ വിഘടിച്ച് നില്‍ക്കുന്ന ഹിന്ദുത്വ വാദക്കാരെ മുഴുവന്‍ ഏകോപിക്കുന്നതിന് ബാബറി മസ്ജിദ് - രാമ ജന്മഭൂമി പ്രശ്നത്തെ ഉപയോഗിച്ചതിന്റെ തെളിവായിരുന്നു 1992 ല്‍ നമ്മള്‍ കണ്ടത് ,രാമമന്ദിരവും രാമ രാജ്യവുമായി വികാര നിര്‍ഭരമായ മറ്റൊരു രഥയാത്ര ഉടനെ പ്രതീക്ഷിക്കാം .ഉത്തരേന്ത്യന്‍ വര്‍ഗ്ഗീയ പടനിലങ്ങളിലെ അത്യുഗ്ര ശേഷിയുള്ള അന്തകവിത്തായി ലിബര്‍ ഹാന്‍ റിപ്പോര്‍ട്ട് മാറാതിരിക്കട്ടെ .
picture courtsey - google