Like

...........

Wednesday 28 November 2012

കക്കൂസ് സാഹിത്യം

ചില വിചിത്രമായ സ്വഭാവ രീതികള്‍ എവിടെ നിന്നാണ് ഉല്‍ഭവിച്ചതെന്നോ എങ്ങനെയാണ് ആരംഭിച്ചതെന്നോ വലിയ നിശ്ചയമില്ലാതെ നമ്മുടെ കൂടെത്തന്നെ കാണും . ചില വിചിത്ര ശീലങ്ങള്‍ പാരമ്പര്യമായിട്ടു കൈ മാറാറുണ്ട് .   യാത്ര കഴിഞ്ഞു വീട്ടില്‍ തിരികെയെത്തുമ്പോള്‍ ധരിച്ചിരിക്കുന്ന  അടി വസ്ത്രമൂരി അതു കൊണ്ട് മുഖം തുടക്കുന്ന അച്ഛന്റെ വിചിത്ര ശീലത്തെ   മനപ്പൂര്‍വ്വമല്ലാതെ അനുകരിച്ചു കൊണ്ടാണ്  അശോകന്‍ ചരുവിലിന്റെ ഛായാചിത്രം എന്ന കഥയില്‍ കഥാനായകന്‍ തന്റെ അച്ഛനോട് താദാത്മ്യം പ്രാപിക്കുന്നത് . ഗൌരവമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മൂക്കില്‍ വിരലിട്ടു അരോചകത്വം സൃഷ്ടിക്കുന്നവര്‍  , ഭക്ഷണ ശേഷം വികൃതമായ ശബ്ദങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് വാ കഴുകുന്നവര്‍  ഇങ്ങനെ ഞാന്‍ വെറുക്കുകയും വിചിത്രമാണെന്നു കരുതുകയും ചെയ്യുന്ന നിരവധി ഞാന്‍ കണ്ടിട്ടൂണ്ട് . യഥാര്‍ത്ഥത്തില്‍ ഇതെല്ലാം അവരവര്‍ക്കു നല്‍കുന്ന ആത്മ സംതൃപ്തിയുടെ തോത് നമ്മള്‍ കരുതുന്നതിനെക്കാള്‍ വലുതാണ് .ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്തെന്ന ചോദ്യത്തിനു വട്ടച്ചൊറി മാന്തുന്നതാണെന്നു ഒരാള്‍ പറഞ്ഞത് ഞാന്‍ കേട്ടിട്ടൂണ്ട് ,അയാളത് ചെയ്യുന്നത് കണ്ടാല്‍ പറഞ്ഞതിലത്ര തമാശയൊന്നുമില്ല എന്നു മനസ്സിലാവുകയും ചെയ്യും  :). ,അപ്പോള്‍ പറഞ്ഞു വന്നത് വൈയക്തികമായ വിചിത്ര ശീലങ്ങളെക്കുറിച്ചാണ് .



ടോയ്ലറ്റില്‍ അഥവാ കക്കൂസില്‍ ഇരുന്നു വായിക്കുക എന്ന ശീലം എവിടെ നിന്നാണെന്നോ എപ്പോള്‍ മുതലാണെന്നോ ഒരു നിശ്ചയവുമില്ലാതെ എന്റെ കൂടെയുണ്ട് ,ഇത് പറഞ്ഞ്   മേനി നടിക്കാന്‍ മാത്രം എന്നറിഞ്ഞു കൊണ്ട് .പക്ഷെ ഇതത്ര ഒറ്റപ്പെട്ട ശീലമല്ല  പരിചിത വൃത്തങ്ങളിലുള്ളവരുടെ ചില അനുഭവ കഥകളിലൂടെ എനിക്കറിയാം .ചിലര്‍ക്കു ദിനപത്രം അകമ്പടിയില്ലാതെ പ്രഭാത കൃത്യങ്ങള്‍ നടത്താനാവാത്ത വിധം കൂടെയുണ്ട് ഈ ടോയ്ലറ്റ് വായന .യഥാര്‍ത്ഥത്തില്‍ ബാത്ത് റൂം വായനക്കാരില്‍ ഭൂരിഭാഗം ആളുടെ  പതിവു ശീലം പോലെ പത്രവായനയില്ല ,പത്രവായനയല്ല ഈ ശീലത്തിനു തുടക്കം കുറിച്ചതെന്നു ഉറപ്പാണ് കാരണം ഈ ശീലം തുടങ്ങിയ കുട്ടിക്കാലത്തു വീട്ടില്‍ പത്രം വരുത്തിയിരുന്നില്ല .പ്രവാസിയായിരുന്ന അച്ഛന്റെ വര്‍ഷാന്ത്യ അവധി ദിവസങ്ങളില്‍ മാത്രമായിരുന്നു പത്രം വരുത്തിയിരുന്നത് ,അതു കൊണ്ട് പത്രവായനയില്‍ നിന്നു കിട്ടിയ ശീലമാകാന്‍ വഴിയില്ല .


ആദ്യ കാലത്തു  [ആദ്യകാലമെന്നു പറയുമ്പോള്‍ എന്റെ കുട്ടിക്കാലം ] ഇപ്പോള്‍ കാണുന്നതു പോലെ സുഖകരമായി  ഇരിക്കാവുന്ന യൂറോപ്യന്‍ ക്ലോസറ്റോ വീടിനോട് ചേര്‍ന്ന അറ്റാച്ചഡ് ടോയ്ലറ്റോ ആയിരുന്നില്ലല്ലോ , ചില പരമ്പരാഗത ചിട്ടവട്ടങ്ങളില്‍ കക്കൂസ് വീടിനോട് പരമാവധി അകലെയായിരിക്കണം എന്നൊരു നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു എന്നു തോന്നുന്നു ,എന്തായാലും വീടിനോട് അത്ര ചേര്‍ന്നല്ല അക്കാലങ്ങളില്‍ നാട്ടുമ്പുറങ്ങളില്‍ കക്കൂസും കുളിമുറിയുമെല്ലാം പണിതിരുന്നത് ,എന്റെ വീട്ടിലും അങ്ങനെ തന്നെയായിരുന്നു . എന്തിനു ടോയ്ലെറ്റില്‍ ടാപ്പ് പോലുമുണ്ടായിരുന്നില്ല ,കിണറ്റില്‍ നിന്നു വെള്ളം കോരി ബക്കറ്റില്‍ നിറക്കണം  അങ്ങനെയൊക്കെയുള്ള ദുഷ്കരമായ സാഹചര്യങ്ങളില്‍ നിന്നാണീ ശീലം ഉടലെടുത്തിരിക്കുന്നതാണ് ഏറെ അതിശയകരം .ശീലങ്ങളെപ്പോഴും അനുകൂലമായ സാഹചര്യങ്ങളില്‍ നിന്നുടലെടുക്കുന്നതാണെന്ന പൊതുനിയമത്തിനു അപവാദമാണ് ഇത് , 


പിന്നെങ്ങനെയാണ് ഇങ്ങനെയൊരു ശീലം ആരംഭിച്ചത് ?  

എന്റെ കൌതുകം എന്നോടു തന്നെയുള്ള ചോദ്യമായി മാറുമ്പോള്‍ ഏകദേശം മനസ്സില്‍ തോന്നുന്ന ഒരുത്തരം - രസച്ചരട് പൊട്ടാതെയുള്ള വായനക്കു ഏകാഗ്രമായ ഒരിടമായിരുന്നു അതായിരുന്നുവെന്നാണ്‍ .കാറ്റില്‍  തെങ്ങോലകളുടെ ശബ്ദം മാത്രമുള്ള, വലിയ വെന്റിലേറ്ററിലൂടെ നിറയെ സൂര്യ പ്രകാശം കിട്ടുന്ന ,മറ്റൊരു ശല്യവും അലട്ടാത്ത  ഏകാന്തമായ ഒരിടം   -അങ്ങനെയായിരിക്കണം എന്നെ സംബന്ധിച്ചു കക്കൂസ് ഒരു വായനാ മുറിയാക്കാന്‍ പ്രേരിപ്പിച്ചിരിക്കുക ,അതു കൂടാതെ പുസ്തകങ്ങളോട് അത്ര നല്ല സമീപനമായിരുന്നില്ല വീട്ടിലുള്ളവര്‍ക്കു ,പ്രത്യേകിച്ചു അമ്മയ്ക്കു ,അതു കൊണ്ട് തന്നെ അമ്മയുടെ  ശകാരം കേള്‍ക്കാതെ പുസ്തകങ്ങള്‍ വായിക്കാന്‍ ഉള്ള ഒരു ഉപാധിയും കൂടിയായിരുന്നു അത് . സത്യത്തില്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ പോലും അത് വളരെ രസകരമായിരുന്നു . . അവിടെ ഇഷ്ടമുള്ള ഒരു പുസ്തകം ഉന്തുകാലിലിരുന്നു വായിക്കുക ,കാലു കഴക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുക , പിന്നെ നിന്നു മടുക്കുമ്പോള്‍  വെള്ളം നിറച്ചു വെച്ചിരിക്കുന്ന അലുമിനിയം ബക്കറ്റ് കമിഴ്ത്തി വെച്ചു അതില്‍ കയറി ഇരിക്കും  - വായിച്ചു രസച്ചരട് പൊട്ടാതെ ബാക്കി വായിക്കാന്‍ വേണ്ടി മുകളില്‍ നിരത്തി വെച്ചിരിക്കുന്ന കഴുക്കോലുകള്‍ക്കിടയില്‍ അത് സൂക്ഷിച്ചു വെക്കും . ഇത് ഒളിപ്പിച്ചാണ് വെക്കുക ,പക്ഷെ ഇങ്ങനെ വെച്ചു വെച്ചു പുസ്തകങ്ങള്‍ കഴുക്കോലിന്റെ ഇടയില്‍ നിന്നു വെളിയിലേക്കു തള്ളി നിന്നു തുടങ്ങി ,ഈ സ്വകാര്യത അങ്ങനെ പയ്യെ വീട്ടിലെ മറ്റു അന്തേവാസികളും കൂടി അറിഞ്ഞു . 

മുമ്പേ തന്നെ എന്റെ പുസ്തക ഭ്രമത്തോട് കാര്യമായ അസ്വാരസ്യമുണ്ടായ നമ്മുടെ മാ‍താശ്രീ ഇതൊരു വലിയ അവസരമായി കണക്കു കൂട്ടി ,ഇതോടെ ഇവന്റെ ഈ പരിപാടി നിര്‍ത്തിക്കണമെന്നു കരുതിയിട്ടാകും വീടിനടുത്തുള്ള എന്റെ ഒരു ടീച്ചര്‍ എന്തോ കാര്യത്തിനു വീട്ടില്‍ വന്നപ്പോള്‍ എന്റെ ഈ “പുസ്തകശേഖരം “ കാണിച്ചു കൊടുത്തു കളഞ്ഞു ,ആറാം ക്ലാസ്സുകാരനെ സംബന്ധിച്ചു സംബന്ധിച്ചു അതു വല്ലാത്ത ഒരു ആഘാതമായിരുന്നു .  എന്റെ  വളരെ സ്വകാര്യമായ ,അതും  തെറ്റായ ശീലമെന്നു ഞാന്‍ തന്നെ വിശ്വസിക്കുന്ന ഒരു കാര്യം എന്റെ അധ്യാപിക അറിയുക. ഒരു  പ്രായത്തിലും സാഹചര്യത്തിലും എന്റെ പ്രതിച്ഛായയില്‍ Irrecoverable Damage  ആയി തന്നെ ഞാന്‍ കണക്കാക്കി ,പിന്നീട്  കുറെ നാളുകള്‍ സ്കൂളില്‍ ചെല്ലുമ്പോള്‍ മുഖം കുനിച്ചു ആരെയും അഭിമുഖീകരിക്കാന്‍ ശേഷിയില്ലാതെ വലഞ്ഞു , എന്റെ ധാരണ ആ അധ്യാപിക ഇത് മറ്റുള്ള അധ്യാപകരോട് പറഞ്ഞു കാണും അങ്ങനെ അത് സ്കൂളില്‍ ആകെ മൊത്തം അറിഞ്ഞു കാണുമെന്നൊക്കെ ആയിരുന്നു .അതെന്നില്‍ വല്ലാത്ത അപകര്‍ഷത ബോധം സൃഷ്ടിച്ചു കാരണം   കക്കൂസിലിരുന്നു വായിക്കുക എന്നത് അത്ര മാത്രം വൃത്തികെട്ട ഒരു ശീലമായിരുന്നല്ലോ . ടീച്ചറെ അഭിമുഖീകരിക്കാനുള്ള എന്റെ ബുദ്ധിമുട്ട് ടീച്ചറും മനസ്സിലാക്കിയിട്ടുണ്ടാകണം .ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞു പോകുമ്പോള്‍ ടീച്ചറുടേ വീട്ടിലേക്കു വരാന്‍  ആവശ്യപ്പെട്ടൂ .ഞാന്‍ മടിച്ചു മടിച്ചു ടീച്ചറോടൊപ്പം വീട്ടിലേക്കു ചെന്നു ,അവിടെ എന്റെ അക്കാലം വരെയുള്ള അപകര്‍ഷതയെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് ടീച്ചറൊരു കാഴ്ച കാണിച്ചു തന്നു   -അവരുടെ വീട്ടിലെ അറ്റാച്ചഡ് ബാത്ത് റൂമില്‍ മനോഹരമായി ഒരുക്കി വെ ചെറിയ ഒരു ബുക്ക് റാക്ക്  - ഹൊ..അന്നു ഞാനനുഭവിച്ച സന്തോഷവും സമാധാനവും പറഞ്ഞറിയിക്കാന്‍ വയ്യ .അത് വരെ ഒരു ഗുരുതരമായ സ്വഭാവ വൈകൃതത്തിന്റെ പേരില്‍ കുറ്റബോധം കൊണ്ട് നീറികഴിയുകയായിരുന്നു ,അപകര്‍ഷത മൂലം ആരെയും അഭിമുഖീകരിക്കാന്‍ കൂടി വയ്യാതെ ഇരിക്കുകയായിരുന്നു - സത്യത്തില്‍ ടീച്ചറുടെ ആ നടപടി കൊണ്ട് ഞാന്‍ വല്ലാതെ രക്ഷപ്പെടുകയായിരുന്നു എന്നു തോന്നുന്നു ,അല്ലായിരുന്നെങ്കില്‍  കൂടുതല്‍ കുറ്റബോധം കൊണ്ടും തിരിച്ചറിവില്ലായ്മ കൊണ്ടും എന്റെ ബാല്യം കൂടുതല്‍ അന്തര്‍മുഖത്വത്തില്‍ ആണ്ടു പോകുമായിരുന്നു .


എന്തോ ടീച്ചറുടെ മോട്ടിവേഷന്‍ കൊണ്ടാണെന്നു തോന്നുന്നു , പിന്നീട് കുറെ കാലം കൂടി ഈ ശീലമെന്റെ കൂടെയുണ്ടായിരുന്നു ,ബിരുദാനന്തര ബിരുദത്തിനു ഹോസ്റ്റല്‍ വാസം തുടങ്ങുന്നത് വരെ .തികച്ചും അപരിചിതരായ സഹവാസികള്‍ ,അതിന്റെ കൂടെ അക്കാഡമിക്കായ പ്രൊജക്റ്റ് ,സെമിനാര്‍ ഉം ,ഹോസ്റ്റലിലെ കാര്‍ക്കശ്യം നിറഞ്ഞ നിയമങ്ങളും കൊണ്ട് ശീലം സ്വാഭാവികമായി വിസ്മൃതി പൂണ്ടു ,എന്തിനു ആ രണ്ട് വര്‍ഷം ബാത്ത് റൂമിലല്ലാതെ പോലും ഒരു മലയാളം പുസ്തകം വായിച്ചിട്ടില്ല എന്നാണ് തോന്നുന്നത് .പക്ഷെ അല്‍ഭുതകരമെന്നു പറയട്ടെ എനിക്കു പകരം മറ്റൊരാള്‍ ഈ ശീലം ഏറ്റെടുത്തു .സഹമുറിയന്മാരിലൊരാള്‍ക്കു പരീക്ഷാ കാലത്തു സമ്മര്‍ദ്ദം കൊണ്ട് Irritable bowel syndrome ഉണ്ടാകാറുണ്ട് ,അതു കൊണ്ട് പരീക്ഷാ തലേന്നു രാത്രി ഭൂരിഭാഗവും ടോയ്ലറ്റില്‍ തന്നെയാകും കൂടെ പിറ്റേന്നത്തെ പരീക്ഷക്കുള്ള പുസ്തകവും .ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റിന്റെയെല്ലാം ദുര്‍ഗ്രഹമായ അധ്യായങ്ങളെല്ലാം ടോയ്ലറ്റിലിരുന്നു പഠിച്ചു ക്ലാസ്സില്‍ ഒന്നാമതായിട്ടുണ്ട് .അതു കൊണ്ട് തന്നെ സില്ലി റീഡിങ്ങാണ് ബാത്ത് റൂം റീഡിങ്ങ് എന്നൊരിക്കലും പറയാന്‍ കഴിയില്ല . .ഈയിടെ ഒരു സര്‍വ്വേയില്‍ ബാത്ത് റൂമില്‍ വെച്ച് വായിക്കാന്‍ ഇഷ്ടപ്പെടുന്നതില്‍ പ്ലേ ബോയ് മാഗസിനെയും കോമിക്സിനെയും  ന്യൂസ് പേപ്പറിനെയുമൊക്കെ കടത്തി വെട്ടി കൊണ്ട് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു ,ആദ്യ പത്തില്‍ റീഡേഴ്സ് ഡൈജസ്റ്റും എന്‍സൈക്ലോ പീഡിയയുമുണ്ട് ..സാക്ഷാല്‍ ഷെര്‍ലക്ക് ഹോംസ് തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ടല്ലോ  ഗൌരവതരമായ ബൌദ്ധിക വ്യവഹാരങ്ങള്‍ക്കു വായുസഞ്ചാരമുള്ള പുല്‍ തകിടിയെക്കാള്‍ കഞ്ചാവ് പുക മൂടിയ മുറിയോ അടച്ചിട്ട പെട്ടിയോ ആണ് നല്ലതെന്ന് . :)

ആ രണ്ട് വര്‍ഷം കൊണ്ട് ശീലത്തില്‍ നിന്നു വിമുക്തി നേടിയത് കൊണ്ടാകാം പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടൂം  ഇപ്പോള്‍  എന്നെ സംബന്ധിച്ചു ഇതൊരു അഡിക്ഷനൊന്നുമല്ല , പക്ഷെ ചിലപ്പോളൊരു രസമാണത്  . പഴയ ഗൃഹാതുരമായ ഓര്‍മ്മയില്‍ ഒരൊഴിവ് ദിവസത്തിന്റെ ആലസ്യത്തില്‍ ഇഷ്ടപ്പെട്ട ഒരു പുസ്തകവുമായി  ശല്യപ്പെടുത്താനാരുമില്ലാത്ത ,ഏകാന്തമായി കുറച്ചു നേരം .പക്ഷെ ഇതില്‍ ആരോഗ്യപരമായ ചില പ്രശ്നങ്ങളുണ്ടാകാന്‍ കൂടി സാധ്യതയുണ്ട് . ഇന്‍ഡ്യന്‍ ടൈപ്പ് ടോയ്ലറ്റുകളിരുന്ന ഈ ശീലം മൂലക്കുരു മുതല്‍ നട്ടെല്ലു വേദന വരെ സൃഷ്ടിക്കാം ,കുട്ടിക്കാലത്തെ പോലെ   ഇപ്പോള്‍ അത്ര അനായാസം ഇന്‍ഡ്യന്‍ ടൈപ്പ് ടോയ്ലറ്റിലിരിക്കാന്‍ കഴിയില്ല എന്നതു മറ്റൊരു കാര്യം .അധിക സമയം ടോയ്ലറ്റിലിരിക്കുന്നത് മൂലക്കുരുവിനൊരു കാരണമാണ് [The main reason for piles is sitting on the toilet too long]  ഇനിയിപ്പോ യൂറോപ്യന്‍ ടൈപ്പായിരുന്നാലും അധിക സമയം ടോയ്ലറ്റിലിരിക്കുന്നത് ചില ഹൈജീന്‍ സംബന്ധമായ അസുഖങ്ങള്‍ക്കു കാരണമാകുന്നുണ്ട് .സംഗതി ഇതൊക്കെയായാലും ബാത്ത് റൂം റീഡേഴ്സ് അവരുടെ ശീലമൊന്നും മാറ്റാന്‍ പോകുന്നില്ല .   

ഈയിടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ മനോഹരമായ ലൈബ്രറി പോലെ ബാത്ത് റൂമിന്റെ ഒരു വശത്തു പുസ്തകങ്ങള്‍ അടുക്കി വെച്ചിരിക്കുന്നതു കണ്ടു. മാഗസിനുകളും ന്യൂസ് പേപ്പറും മാത്രമല്ല അല്പം കനപ്പെട്ട പുസ്തകങ്ങള്‍ കൂടി ആ പുസ്തക ഷെല്‍ഫിലുണ്ടായിരുന്നു . ലജ്ജാകരമായ വിചിത്രമായ ഒരു ശീലത്തെക്കുറിച്ചു എഴുതണോ എന്നൊരു സന്ദേഹം ബാക്കി നില്‍പ്പുണ്ടായിരുന്നു ,പക്ഷെ ഇതെന്റെ മാത്രം സ്വകാര്യ അനുഭവമൊന്നുമല്ല എന്നു എനിക്കറിയാം ,പുസ്തകങ്ങളോടു ഭ്രമമുള്ളവര്‍ ഒരിക്കലെങ്കിലും രസച്ചരട് മുറിയാതിരിക്കാന്‍ പുസ്തകങ്ങളുമായി ബാത്ത് റൂമില്‍ കയറിയിട്ടൂണ്ടാകുമെന്നാണ് ഞാന്‍ ഊഹിക്കുന്നത്.