Like

...........

Sunday 3 June 2012

നിര്‍മ്മാല്യം : കാലത്തെ അതിജീവിച്ച സിനിമ
ഒരു കലാസൃഷ്ടി അത് സൃഷ്ടിക്കപ്പെട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഒരു വിപ്ലവമായി തന്നെ
നിലകൊള്ളുന്നുണ്ടെങ്കില്‍ അത് കാലാതിവര്‍ത്തിയാണെന്നു നിസ്സംശയം പറയാം ,അങ്ങനെയൊരു കലാസൃഷ്ടിയാണ് .എം ടി കഥയും തിരക്കഥയുമെഴുതി സംവിധാ‍നം ചെയ്ത 1973ല്‍ പുറത്തിറങ്ങിയ നിര്‍മ്മാല്യം മലയാള സിനിമയുടെ നവോത്ഥാന ചരിത്രത്തിന്റെ ഭാഗം കൂടിയാണത് അക്കൊല്ലത്തെ.മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്ക്രാവും മികച്ച നടനുള്ള ദേശീയ പുരസ്കാരവും കരസ്ഥമാക്കുകയുണ്ടായി .


1960 -70 കാലഘട്ടം ലോകത്താകമാനം സിനിമയുടെ നവോത്ഥാനത്തിനും കലാപരമാ‍യ മൂല്യത്തിനും പ്രാധാന്യം കൊടുത്തു പുതിയ തലത്തിലുള്ള സിനിമകള്‍ പുറത്തു വന്നിരുന്ന സമയമാണ് . 1960 കളില്‍ ഫ്രഞ്ച് സിനിമയിലൂടെ ആവിര്‍ഭവിച്ച “ന്യൂ വേവ് സിനിമ “ യെ തുടര്‍ന്നു ലോകത്താകമാനം വിവിധ ഭാഷകളില്‍ സൃഷ്ടിക്കപ്പെട്ട നവതരംഗ ചലച്ചിത്രങ്ങളുടെ മലയാളത്തിലെ മൂലക്കല്ല് പി എന്‍ മേനോന്റെ ഓളവും തീരവും “ ആണെന്നു പറയാം . 1970 ല്‍ ഇറങ്ങിയ “ഓളവും തീരവും “ ആയിരുന്നു സ്റ്റുഡിയോ സെറ്റപ്പുകളില്‍ നിന്നും നാടകീയവും കൃത്രിമവുമായ ആഖ്യാന രീതികളില്‍ നിന്നും മലയാള സിനിമയെ മോചിപ്പിച്ചു റിയലിസ്റ്റിക് - നവതരംഗ സിനിമയ്ക്കൊരു തുടക്കം നല്‍കിയത് “ഓളവും തീരവും “ തന്നെയായിരുന്നു .അതിനെ തുടര്‍ന്നെന്നു പറയാനാകില്ലെങ്കിലും അതിനു ശേഷമാണ് പി എ ബക്കറും ജോണ്‍ എബ്രഹാമും അടൂരുമെല്ലാം നവതരംഗ - കലാ സിനിമകള്‍ വളര്‍ത്തിക്കൊണ്ടു വന്നത് . പ്രധാനപ്പെട്ട കാര്യം “ഓളവും തീരവും “ കഥയും തിരക്കഥയും രചിച്ചത് എം ടി വാസുദേവന്‍ നായരായിരുന്നു .മലയാള സിനിമയുടെ നവോത്ഥാനത്തില്‍ എം ടി യുടെ പങ്ക് ശരിയായ അളവില്‍ വിശകലനം ചെയ്യപ്പെടാത്തതിനു കാരണം സാഹിത്യത്തില്‍ എംടിക്കുള്ള അതിപ്രശസ്തിയാകാം

മാറുന്ന കാലത്തെ അംഗീകരിക്കാനാകാതെ പാരമ്പര്യവും വിശ്വാസവും മുറുകെപ്പിടിക്കുന്ന യാഥാസ്ഥിതികത്വം കൊണ്ട് സംഭവിക്കുന്ന ദുരന്തങ്ങളാണ് നിര്‍മ്മാല്യത്തിന്റെ ഇതിവൃത്തം പങ്കു വെക്കുന്ന കാഴ്ച .കേന്ദ്രകഥാപാത്രമായ വെളിച്ചപ്പാട് [പി ജെ ആന്റണി ] തന്റെ വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം തന്നെ രക്ഷിക്കുമെന്ന ഉറച്ച വിശ്വാസത്തിന്മേല്‍ ഭൌതികലോകത്തിലെ മാറ്റങ്ങളെ അംഗീകരിക്കാനുള്ള വിമുഖത [Resistance to change ] കാണിക്കുന്നു .തനിക്കു ചുറ്റുമുള്ള ലോകത്തിന്റെ മാറുന്ന ഘടനയെ മനപ്പൂര്‍വ്വം അയാള്‍ അവഗണിക്കുകയും അതിനെ തുടര്‍ന്നു അയാള്‍ക്കു സംഭവിക്കുന്ന അപചയങ്ങള്‍ അയാള്‍ തിരിച്ചറിയുന്നിടത്തു സിനിമ അവസാനിക്കുന്നു [വര്‍ഷങ്ങള്‍ക്കു ശേഷം കുറേക്കൂടി വ്യക്തിനിഷ്ടമായി ഈ ഒരു പ്രമേയം അടൂര്‍ എലിപ്പത്തായത്തിലൂടെ കൈകാര്യം ചെയ്തിട്ടുണ്ട് ]


ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതവും സംസ്കാരവും പ്രകടമോ പരോക്ഷമോ ആയി അവന്റെ വിശ്വാസത്തെ കൂടി ആശ്രയിച്ചിരിക്കുന്നു .വെളിച്ചപ്പാട് വെറും വിശ്വാസി മാത്രമല്ല , വിശ്വാസത്തിന്റെ പ്രചാരകനും ദൈവത്തിന്റെ മാധ്യമവും ആണ് . തന്റെ വിശ്വാസവും പാരമ്പര്യവും ലൌകികവും ഭൌതികവുമായ നേട്ടങ്ങള്‍ക്കു വേണ്ടി ത്യജിക്കണോ എന്നുള്ള ആശയ കുഴപ്പത്തിലാണ് അയാള്‍ , മാറ്റത്തോടുള്ള വിമുഖത ഇവിടെ ദൃശ്യമാണ് . അയാള്‍ക്കു മുന്നില്‍ നിരവധി കഥാപാത്രങ്ങള്‍ ഈയൊരു സാമൂഹിക മാറ്റത്തിന്റെ ഭാഗമായി മാറുന്നുണ്ട് - ജന്മിയായ വലിയ നമ്പൂതിരി കൃഷിയും ബ്രാഹ്മണ ധര്‍മ്മങ്ങളും ഉപേക്ഷിച്ച് ബസ് വാങ്ങുകയും , റബ്ബര്‍ നടുകയും ചെയ്യുന്നു ,അമ്പലത്തിലെ ആദ്യത്തെ ശാന്തിക്കാരന്‍ പവിത്രവും ദൈവീകവുമായ ശാന്തിപ്പണി ഉപേക്ഷിച്ച് നാട്ടില്‍ ചായക്കട തുടങ്ങുന്നു, മാരാര്‍ അമ്പലക്കഴകമുപേക്ഷിച്ചു കാശിനായി ചെണ്ട കൊട്ടാന്‍ പോകുന്നു , - ക്ഷേത്ര കേന്ദ്രീകൃതമായ കഥകളി എന്ന കലാരൂപം ആര്‍ക്കും വേണ്ടാതെ വരുന്നു എന്നുള്ള കഥകളിക്കാരനായ രാവുണ്ണിയുടെ പരിതപിക്കലുകളിലും ഇക്കാര്യം വ്യക്തമാണ് .1960- 70 കാലഘട്ടത്തില്‍ സജീവമായ കൊണ്ടിരുന്ന യുക്തിവാദ - നക്സല്‍ പ്രസ്ഥാനങ്ങളും , ദൈവ വിശ്വാസത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ചുള്ള ചിന്തകളോ ഒക്കെ തന്നെ വെളിച്ചപ്പാടിന്റെ ജീവിത ദുരന്തത്തിനു ആക്കം കൂട്ടുന്നു , വെളിച്ചപ്പാടിന്റെ മകന്‍ അപ്പു നിഷേധിയും യഥാസ്ഥിതികത്വത്തിനു നേരെ പുഛത്തോടെ സമീപിക്കുന്നവനുമാണ് , അവസാനം ഭൌതിക ജീവിതത്തിനു വേണ്ടി ആത്മീയ സാമഗ്രികളെ ഉപേക്ഷിക്കാനും അയാള്‍ തയ്യാറാകുന്നുണ്ടെങ്കിലും അക്കാരണം കൊണ്ട് തന്നെ അയാള്‍ വീടു വിട്ടിറങ്ങേണ്ടു വരുന്നു , പുതിയ ശാന്തിക്കാരന്‍ വെളിച്ചപ്പാടിന്റെ മകളെ പിഴപ്പിച്ചു നാടു വിടുന്നതു ഈയൊരു വിശ്വാസ രാഹിത്യത്തിന്റെ , അല്ലെങ്കില്‍ പവിത്രമെന്നുല്‍ഘോഷിപ്പിക്കപ്പെടുന്ന ദൈവീക പ്രതീകങ്ങളുടെ തകര്‍ച്ചയിലൂടെയാണ് .അപ്പോള്‍ വെളിച്ചപ്പാടിന്റെ ദാരിദ്ര്യവും അയാളുടെ ജീവിത ദുരന്തങ്ങളും വെറും പെഴ്സണല്‍ ട്രാജഡി എന്ന നിലയില്‍ നിന്നും 1970 കളിലെ രാഷ്ട്രീയ സാമൂഹികാവസ്ഥകളുമായി ചേര്‍ത്തു വെച്ചു വേണം വിശകലത്തിനു വിധേയമാക്കേണ്ടത്. ഭൂപരിഷ്കരണവും അതെ തുടര്‍ന്നുണ്ടായ സാമൂഹിക രാഷ്ട്രീയാവസ്ഥകള്‍ , 70 കളിലെ തൊഴിലില്ലായ്മയും യുവതയില്‍ ശക്തമായിക്കൊണ്ടിരുന്ന നിരീശ്വര വാദവും നക്സലിസവും .ക്ഷേത്ര കേന്ദ്രീകൃതമായ സാമ്പത്തികക്രമമുള്ള ഒരു സമൂഹവും മതാധിഷ്ടിതമായ വിശ്വാസ പ്രമാണങ്ങളുള്ള ഒരു ജനതയും ഭൂപരിഷ്കരണത്തെ തുടര്‍ന്നുള്ള സാമൂഹ്യ നവീകരണത്തിന്റെ ഭാഗമായി പാരമ്പര്യങ്ങളില്‍ നിന്നു വ്യതിചലിക്കുകയും അതിജീവനത്തിനായി മറ്റു പാരമ്പര്യേതര വഴികളിലേക്കു തിരിയുകയും ചെയ്യുന്നു .പക്ഷെ ഈയൊരു സാമൂഹിക - രാഷ്ട്രീയ മാറ്റത്തെ അംഗീകരിക്കാനാകാതെ അതിജീവനത്തില്‍ പിഴച്ചു പോകുന്ന ഒരാളാണ് വെളിച്ചപ്പാട്


സിനിമ ഒരു കലാസൃഷ്ടി എന്ന നിലയില്‍ , സിനിമയുടെ ലാവണ്യ രൂപങ്ങളുമായി താരതമ്യം ചെയ്യപെടുമ്പോഴും നിര്‍മ്മാല്യം ബോധ പൂര്‍വ്വം തന്നെ ഒരു നിലപാട് കാത്തു സൂക്ഷിക്കുന്നുണ്ട് . അസന്ദിഗ്ദത എന്ന ഘടകത്തിന്റെ സജീവത ഇതിനുദാഹരണമാണ് . നിര്‍മ്മാല്യം എന്ന പേര് തന്നെ സൂചിപ്പിക്കുന്നത് അത്തരമൊരു ദ്വന്ത സ്വഭാവത്തെയാണ് ,പൂജാദ്രവ്യങ്ങളെന്നും തലേ ദിവസത്തിന്റെ അവശിഷ്ടമെന്നും നിര്‍മ്മാല്യത്തിനര്‍ത്ഥമുണ്ട് , . ഭൂതകാലത്തിന്റെ പാരമ്പര്യ വിശ്വാസത്തിന്റെ പ്രതീകമായി അച്ഛനും ദൈവ നിരാസത്തിന്റെ , നിഷേധത്തിന്റെ ആള്‍ രൂപമായി നിഷേധിയായ മകനും ഈ രണ്ടു വിശ്വാസങ്ങള്‍ക്കും കാലങ്ങള്‍ക്കുമിടയിലാണ് വെളിച്ചപ്പാടിന്റെ സ്വത്വ രൂപീകരണം , അയാള്‍ക്കു വര്‍ത്തമാന കാലത്തെ അതിജീവിക്കാനോ ഭൂതകാലത്തെ പിന്തുടരാനോ സാധിക്കുന്നില്ല .വെളിച്ചപ്പാട് എന്ന നിലയില്‍ ഭഗവതിയുടെ /ദൈവത്തിന്റെ മാധ്യമവും ദൈവമോ തന്നെയാണയാള്‍ പക്ഷെ വ്യക്തിപരമായി ഭക്തനും മനുഷ്യനുമാണ് , നാടിന്റെ രക്ഷകന്‍ എന്ന നിലയില്‍ വെളിച്ചപ്പെടുമ്പോള്‍ തന്നെ കുടുംബത്തില്‍ ദുര്‍ബലനാണ് . ഒരേ സമയം തന്നെ ഒരു മനുഷ്യനെന്ന നിലയില്‍ പുരുഷനും ഭഗവതിയിലൂടെ സ്ത്രീയുമാണയാള്‍ . ചിത്രത്തിലൊരിടത്തും അയാളുടെ ലൈംഗികതയെ കാണിക്കുന്നില്ല ,ഭാര്യയായ നാരായണിയുടെ പെരുമാറ്റങ്ങളില്‍ നിന്നു അതു വ്യക്തവുമാണ് ആ നിലയ്ക്കയാള്‍ ഷണ്ടനാണ് നാരായണിയും മൈമുണ്ണിയുമായ വേഴ്ച കണ്ടെത്തുമ്പോള്‍ മാത്രമാണ് അയാള്‍ ഒരു പുരുഷനെന്ന നിലയില്‍ പ്രതികരിക്കുന്നത് .സിനിമയുടെ ആരംഭം മുതല്‍ അവസാ‍ന രംഗം വരെ ഇത്തരമൊരു സന്ദിഗ്ദാവസ്ഥ സജീവമായി നില നില്‍ക്കുന്നുണ്ട് - ജീവിത ദുരന്തങ്ങള്‍ക്കും ശൈഥില്യങ്ങള്‍ക്കുമവസാനം ഭഗവതിയുടെ നേര്‍ക്കു ആഞ്ഞു തുപ്പുന്നത് നിരീശ്വരത്വമോ ദൈവ നിഷേധമോ ആയിരിക്കണമെന്നില്ല മറിച്ച് താന്‍ വിശ്വസിച്ചു , ആരാധിച്ചു ജീവിച്ച ദൈവം തന്നെ ചതിച്ചതിലുള്ള പ്രതിഷേധവുമാകാ‍ം , .ഇത്തരത്തില്‍ വെളിച്ചപ്പാട് നിരന്തരം ബന്ധപ്പെടുന്നതും സ്വയം ജീവിക്കുന്നതും ചുറ്റുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്നതും വിരുദ്ധ ധ്രുവങ്ങള്‍ക്കിടയിലാണ് നിരവധി തലങ്ങളിലാണ് , നിര്‍വ്വചിക്കാനാവാത്ത ഒരു സ്വഭാവ സവിശേഷതയാണ് വെളിച്ചപ്പാടിന്റെ കഥാപാത്രത്തിലുടനീളം , അതായത് കൃത്യമായ ഒരു നിര്‍വചനമോ കഥാപാത്ര സ്വഭാവ നിര്‍ണ്ണയമോ അസാധ്യമായ തലത്തിലാണ് വെളിച്ചപ്പാടിനെ ചിത്രീകരിച്ചിട്ടുള്ളത് . സിനിമയില്‍ ബോധ പൂര്‍വ്വം തന്നെ ഈയൊരു സന്ദിഗ്ദാവസ്ഥയെ ചിത്രീകരിക്കുന്നുണ്ട് .** ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുന്നത് പലതിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന “ലിമിനല്‍ “ എന്നു വിശേഷിപ്പിക്കാവുന്ന ഇടനിലകളും അവസ്ഥകളുമാണ് . വെളിച്ചപ്പാട് എന്ന കേന്ദ്ര കഥാപാത്രത്തില്‍ തന്നെ അത്തരമൊരു കൂടിക്കുഴച്ചിലുണ്ട് : നിര്‍മ്മാല്യത്തിന്റെ ആഖ്യാന ഭൂമിക പരിശോധിച്ചാല്‍ പല തരത്തിലുള്ള ഇടനിലകളിലാണ് വിന്യസിക്കപ്പെട്ടിരിക്കുന്നത് എന്നു കാണാം . ചിത്രത്തിലുടനീളം വിസ്തരിക്കപ്പെട്ടിടുന്നത് ആഖ്യാന സ്ഥല പരമായ [നരേറ്റീവ് സ്പേസ് ] ഇടനിലകളും കഥാപാത്രാനുഭവപരമായ [ഇമോഷണല്‍ സ്പേസ് ] ഇടനിലകളുമാണ് .ഉദാഹരണമായി നിര്‍മ്മാല്യത്തിലെ ഭൂരിഭാഗം സംഭാഷണങ്ങളും സംഭവങ്ങളും മിക്കവാറുമെല്ലാം തന്നെ അരങ്ങേറുന്നത് ഇടയ്ക്കു സ്ഥിതി ചെയ്യുന്നതായ [ലിമിനല്‍ സ്പേസ് ] പലതരം ഇടങ്ങളിലാണ് .വീടിനകത്തൊ പുറത്തോ അല്ലാത്ത ഇടങ്ങളിലാണ് അതു പോലെ തന്നെ വ്യക്തിപരമെന്നോ സാമൂഹികമെന്നോ നിര്‍വചിക്കാനാവാത്ത ഇടങ്ങളാണ് - ഇതെല്ലാം തന്നെ മനുഷ്യന്‍ താമസിക്കാത്ത എന്നാല്‍ മനുഷ്യന്റെ സാന്നിധ്യമുള്ളതുമായ ഇടങ്ങളാണ് .അമ്പല നട , പ്രദക്ഷിണ വഴി ,ആല്‍ത്തറ , വീടുകളുടെ മുറ്റം , തിണ്ണ , വയല്‍ വരമ്പ് - ഇങ്ങനെ സന്ദിഗ്ദാവസ്ഥയും കൃത്യതയുമില്ലാത്ത ഇടങ്ങളിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് .കഥാപാത്രങ്ങളുടെ കൂട്ടിമുട്ടലുകള്‍ , നിര്‍ണ്ണായകമായ സംഭവങ്ങള്‍ എന്നിവയെല്ലാം തന്നെ ഇങ്ങനെയൊരു ലിമിനല്‍ സ്പേസിലൂടെ ചിത്രീകരിച്ചിരിക്കുന്നതിന്റെ ഉദ്ദേശം തന്നെ വെളിച്ചപ്പാടിന്റെ സങ്കീര്‍ണ്ണമായ സ്വത്വ പ്രതിസന്ധിയെ പ്രതിനിധീകരിക്കുന്നതിനു വേണ്ടിയാണ് . ***

എം ടി യുടെ പല സിനിമകളെയും പോലെ തന്നെ “നിര്‍മ്മാല്യവും “ ഒരു സാഹിത്യ കൃതിയെ ഉപജീവിച്ചു തിരക്കഥയാക്കിയതാണ്.പള്ളിവാളും കാല്‍ച്ചിലമ്പും എന്ന ചെറുകഥയാണ് നിര്‍മ്മാല്യമായി രൂപപ്പെട്ടത് .പള്ളിവാളും കാല്‍ചിലമ്പും “ എന്ന കഥയവസാനിക്കുന്നത് പള്ളിവാളും കാല്‍ ചിലമ്പും വില്‍ക്കാന്‍ ശ്രമിക്കുന്ന വെളിച്ചപ്പാടിലാണ് , പക്ഷെ സിനിമയില്‍ മകനത് വില്‍ക്കാന്‍ ശ്രമിക്കുകയും അതിന്റെ പേരില്‍ വെളിച്ചപ്പാട് കലഹിക്കുകയും ചെയ്യുന്നുണ്ട് , പിന്നീടാണ് തന്റെ ജീവിതത്തെ അഭിശപ്തമായി വഴിതിരിച്ചു വിടുന്ന ഭക്തിയില്‍ നിന്നും വെളിച്ചപ്പാട് മുക്തനാകാന്‍ ശ്രമിക്കുന്നതും പ്രതിഷ്ടയുടെ നേര്‍ക്കു ആഞ്ഞു തുപ്പുന്നതും , തുപ്പുക എന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന കാഴ്ച ദൈവനിഷേധത്തിന്റെ പാരമ്യമാണ് , അതൊരു സാമൂഹിക മാറ്റമാണെന്നല്ല ഒരു പക്ഷെ വെളിച്ചപ്പാട് അത് ഒരു സാമൂഹ്യ മാറ്റമെന്ന നിലയിലൊ ദൈവനിഷേധമോ എന്ന പേരിലോ ചെയ്തതായിരിക്കണമെന്നില്ല , ആരാധിച്ചു , വിശ്വസിച്ചു ഒരു പ്രതീകം തന്നെ ചതിച്ചു എന്ന തോന്നലില്‍ നിന്നുള്ള ആത്മ നിന്ദയുമാകാം - വെളിച്ചപ്പാടിന്റെ തുപ്പലല്ല വിപ്ലവം ,പതിറ്റാണ്ടുകള്‍ക്കു മുമ്പ് യഥാസ്ഥിതികമായ ഒരു സമൂഹത്തിലേക്കു ആ കാഴ്ച ഒരു കലാരൂപമായി ആ ഒരു സംഭവം സിനിമയിലാവിഷ്കരിച്ചതാണ് വിപ്ലവം ആ കാഴ്ച വിപ്ലവം തന്നെയാണ് .കൌതുകങ്ങള്‍ .

* പി ജെ ആന്റണി ചെയ്ത വെളിച്ചപ്പാടിന്റെ വേഷത്തിലേക്കു ആദ്യം ശങ്കരാടിയെ ആണ് നിശ്ചയിച്ചതെങ്കിലും തന്റെ ബോഡി ലാംഗ്വേജ് അതിനു വഴങ്ങില്ലെന്നു പറഞ്ഞു കൊണ്ടു ശങ്കരാടി തന്നെയാണ് നാടക നടനായ പി ജെ ആന്റണിയെ വെളിച്ചപ്പാടാക്കാന്‍ നിര്‍ദ്ദേശിച്ചത് .അങ്ങനെ പി ജെ ആന്റണിയിലൂടെ മലയാളത്തിനു ആദ്യ ഭരത് അവാര്‍ഡ് ലഭിച്ചു .:)

* എടപ്പാളിലെ മുക്കുതല എന്ന സ്ഥലത്തായിരുന്നു ഷൂട്ടിങ്ങ് .ലോഡ്ജോ ഹോട്ടലോ ഒന്നുമില്ലാതിരുന്ന ഒരു തനിനാടന്‍ ഗ്രാമം .സ്ത്രീ കഥാപാത്രങ്ങളൊക്കെ നടന്‍ സുകുമാരന്റെ അമ്മാവന്റെ വീട്ടിലും ബാക്കിയുള്ള കലാകാ‍രന്മാര്‍ എടപ്പാളില്‍ തന്നെയുള്ള ,രണ്ടു റൂമും ഒരു ചെറിയ ഹാളും മാത്രമുള്ള അരിമില്ലിലുമായിരുന്നു . ഒരു റൂമില്‍ എം ടി യും മറ്റേ റൂമില്‍ പി ജെ ആന്റണിയും ബാക്കിയുള്ള കലാകാരന്മാര്‍ ഒരുമിച്ച് ആ അരിമില്ലിന്റെ ഹാളില്‍ പുല്ലുപാ വിരിച്ചു കിടന്നു !!! . ഛായാഗ്രാഹകനായ രാമചന്ദ്രബാബുവിന്റെ ബ്ലോഗില്‍ നിന്നും

റെഫറന്‍സ് : ** സി എസ് വെങ്കടേശ്വരന്റെ മലയാള സിനിമാ പഠനങ്ങള്‍ .