Like

...........

Wednesday 28 December 2011

ഹിറ്റ്ലറും കെ കരുണാകരനും തമ്മിലെന്ത് ???

ഹിറ്റ്ലറും കെ കരുണാകരനും തമ്മിലെന്ത് ???


ഈയൊരു ചോദ്യത്തിന്റെ രാഷ്ട്രീയത്തെക്കാള്‍ അതിന്റെ കൌതുകത്തെ ഞാനിഷ്ടപ്പെടുന്നു. വ്യക്തി ഗുണങ്ങളിലും രൂപസവിശേഷതകളിലും ഏറെ സമാനതകളുള്ള രണ്ടു നേതാക്കളാണ് ഹിട്ലരും കെ കരുണാകരനും എന്ന് പറഞ്ഞാല്‍ അത് കെ കരുണാകരനോടുള്ള വ്യക്തി വിരോധം വെച്ചാണ് എന്ന് പറയരുത് കാരണം രാഷ്ട്രീയം എന്ത് തന്നെയായാലും ഇ എം എസ് കഴിഞ്ഞാല്‍ കേരള രാഷ്ട്രീയത്തില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന നേതാവ് കെ.കരുണാകരന്‍ തന്നെയാണ് . .

കെ. കരുണാകരന്റെ ചരമ വാര്ഷികതോടനുബന്ധിച്ചു നടന്ന ഒരു ചടങ്ങില്‍ വെച്ചാണ് കെ.കരുണാകരന്‍ മാരാര്‍ എന്നാ പഴയ ലളിത കലാ അക്കാദമി വിദ്യാര്‍ത്ഥിയുടെ അമ്പരപ്പിക്കുന്ന ചിത്രകലാ പാടവം കാണാന്‍ കഴിഞ്ഞത് .പോര്‍ടെയിറ്റ് പെയിന്റിങ് സങ്കേതത്തില്‍ വരച്ച രണ്ടു ചിത്രങ്ങള്‍ മാത്രമാണ് പ്രദര്‍ശനത്തിനും ലേലത്തിനും ഉണ്ടായിരുന്നത് , രണ്ടു ചിത്രങ്ങളും മനോഹരമായിരുന്നു .രാഷ്ട്രീയത്തില്‍ പ്രവേശിക്കാതെ ആ പഴയ ലളിത കലാ വിദ്യാര്‍ത്ഥി തന്റെ തട്ടകം ചിത്രകലയാക്കിയിരുന്നെങ്കില്‍ കെ സി എസ് പണിക്കരെപ്പോലെ ഒരു കെ കെ മാരാര്‍ ആയിരുന്നെങ്കില്‍ കോണ്‍ഗ്രസ്സ് എന്ന രാഷ്ട്രീയ പ്രസ്ഥാനം പരിതാപകരമായ ഒരവസ്ഥയിലായി പോകുമായിരുന്നു . അതിലുപരി കേരളത്തിലെ ഏറ്റവും ഇച്ഛാശക്തിയുള്ള , നേതൃപാടവമുള്ള ഒരു ഭരണാധികാരി സൃഷ്ടിക്കപ്പെടില്ലായിരുന്നു . കെ കരുണാകരന്റെ പെയിന്റിങ് കാണുമ്പോള്‍ അഡോള്‍ഫ് ഹിറ്റ്ലറിനെയും ബാല്‍ താക്കറെയും ഓര്‍മ്മ വരുന്നതു അത്ര സ്വാഭാവികമാണെന്നു പറയാനാവില്ല പക്ഷെ ഇവര്‍ മൂവരിലും നിറഞ്ഞു നില്‍ക്കുന്ന സാദൃശ്യത്തിന്റെ തോത് വളരെയാണ് . അഡോള്‍ഫ് ഹിട്ലരും ബാല്‍ താക്കറെയും കെ.കരുണാകരനും തമ്മിലുള്ള അപാരമായ സാദൃശ്യം കേവലം അധികാരം കൊണ്ടു അവര്‍ സൃഷ്ടിച്ച സ്വേച്ഛാധിപത്യം മാത്രമല്ല പിന്നെയും ഒരല്പം കൂടി വിശദമായി പറഞ്ഞാല്‍ തീരുമാനമെടുക്കാന്‍ ഉള്ള അസാമാന്യമായ ഇച്ഛാശക്തിയും ജനക്കൂട്ടങ്ങളെ വാക്കുകള്‍ കൊണ്ടു നിയന്ത്രിക്കുന്ന വാഗ്വിലാസവും കൂടിക്കലര്‍ന്ന സവിശേഷമായ കരിസ്മാറ്റിക് ശക്തി , പക്ഷെ ഇതൊന്നുമല്ലാതെ ഇവരെ പൊതുവില്‍ ഒരു ബിന്ദുവില്‍ യോജിപ്പിക്കുന്ന പ്രധാന സവിശേഷതയുണ്ട് - അതാണ് ചിത്രം വര .കലാകാരന്മാര്‍ ആത്മാവിന്റെ സഞ്ചാരികളായ , അടുക്കും ചിട്ടയും ഇല്ലാത്ത അരാജകവാദികള്‍ ആയിരിക്കുമെന്നതാണ് നമ്മുടെയൊക്കെ പൊതു ബോധം കൊണ്ട് നാം പടുത്ത് വെച്ചിരിക്കുന്ന സാമാന്യ വിശ്വാസം .വര്‍ണ്ണങ്ങളുടെ ക്രമ രഹിതമായ വിന്യാസങ്ങളിലൂടെ രൂപങ്ങളെ സൃഷ്ടിക്കുന്ന ചിത്രകാരന്മാര്‍ ആണെങ്കില്‍ പറയുകയും വേണ്ടാ .ഉന്മാദത്തിന്റെ തീക്ഷ്ണത കൊണ്ട് ചിത്രം വരച്ച സാല്‍വഡോര്‍ ഡാലിയും പ്രണയത്തിന്റെ പാരമ്യത്തില്‍ കാമുകിക്ക് ചെവി മുറിച്ചു കൊടുത്ത വിന്സന്റ് വാങ്ങോഗും മുതല്‍ പുതിയ തലമുറയിലെ ഉത്തരാധുനിക ചിത്രകാരന്മാരുടെ സ്വഭാവ രീതികള്‍ വരെ ആ ധാരണയെ അങ്ങ് ഉറപ്പിക്കുന്നു . പക്ഷെ ചിലര്‍ ആ കാവ്യാത്മകതയില്‍ നിന്നും വഴി മാറി നടന്നു ലോകത്തെ മറ്റൊരു വിധത്തില്‍ സ്വാധീനിക്കുന്നു , നിയന്ത്രിക്കുന്നു .

അഡോള്‍ഫ് ഹിറ്റ്ലറിന്റെ ആത്മ കഥയായ മെയ്ന്‍ കാമ്ഫില്‍ ചിത്രം വര പഠിക്കണമെന്ന മോഹവുമായി നില്‍ക്കുന്ന ഒരു കൌമാരക്കാരന്‍ കുട്ടിയുണ്ട് , സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയുള്ള കര്‍ക്കശക്കാരനായ അച്ഛന്റെ പിടിവാശിക്കു മുമ്പില്‍ ആ മോഹമുപേക്ഷിച്ചു കുട്ടിയുടെ വിഷാദവുമുണ്ട് . ആ അച്ഛന്‍ മകന്റെ ആഗ്രഹത്തിനു സമ്മതം മൂളി , അഡോള്‍ഫ് ഹിറ്റ്ലര്‍ എന്ന ആ കുട്ടി മൈക്കലാഞ്ചലോയെപ്പോലെ , വിന്‍സന്റ് വാങ്കൊഗിനെ പോലെ ഒരു ചിത്രകാരനായിത്തീര്‍ന്നിരുന്നെങ്കില്‍ ലോകം എങ്ങനെ മാറുമായിരുന്നു എന്നു ചിന്തിച്ചാല്‍ അതിന്റെ അമ്പരപ്പു കൊണ്ടു അന്തം വിട്ടു പോയെക്കും .രണ്ടാം ലോക മഹായുദ്ധം മുതല്‍ ഇസ്രയേലിന്റെ പിറവിയും ഫലസ്തീന്റെ അരസ്ഖിതാവസ്ഥയും വരെയുള്ള ലോകത്തിലെ സംഭവങ്ങളുടെയെല്ലാം ഗതിവിഗതികള്‍ ഒന്നു പുന: ക്രമീകരിക്കേണ്ടി വരുമായിരുന്നു , ലോകം തന്നെ മറ്റൊന്നാകുമായിരുന്നു .കോന്‍സണ്ട്രേഷന്‍ ക്യാമ്പുകളില്‍ ഇല്ലാതെയായി പോയ ജീവനുകള്‍ , രണ്ടാം ലോക മഹായുദ്ധത്തില്‍ ഹോമിക്കപ്പെട്ട ലക്ഷങ്ങള്‍ അങ്ങനെ ചരിത്രത്തിലെ ആ ഒരു വിസമ്മതത്തിനു കൊടുക്കേണ്ട വില വളരെ വലുതായിരുന്നു .
.
ഈ മൂന്നു പേരെയും ഏറ്റവും സ്വാധീനിച്ചതും നിയതി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതും പിതൃസവിശേഷതകളൊ അവരുടെ നിര്‍ബന്ധ ബുദ്ധി നിറഞ്ഞ ആഗ്രഹമോ ഒക്കെ തന്നെ ആയിരുന്നിരിക്കണം .ഗവണ്മെന്റെ സെര്‍വീസിലുള്ള അഡോള്‍ഫ് ഹിറ്റ്ലറിന്റെ പിതാവിനു തന്റെ പുത്രനും ഗവണ്മെന്റ് ജോലിക്കാരനായിത്തീരണമെന്ന കടും പിടുത്തത്തിന്റെ ഫലമായിരുന്നു ഹിറ്റ്ലറിന്റെ ചിത്രകലാ പഠനത്തിനുള്ള ആഗ്രഹം തടസ്സപ്പെടുത്തിയത് .ബാല്‍ താക്കറെയുടെ പിതാവായ കേശവ് സിതാറാം താക്കറെ മറാത്തി ഉദ്ഗ്രഥനത്തിന്റെ അറിയപ്പെടുന്ന വക്താവായിരുന്നു , അച്ഛന്റെ പാത പിന്തുടര്‍ന്നു കൊണ്ടാണ് ബാല്‍ താക്കറെ ശിവസേന രൂപീകരിച്ചത് . ഗവണ്മെന്റ് സേര്‍വ്വീസില്‍ ശിരസ്തദാര്‍ ആയിരുന്നു കരുണാകരന്‍ മാരാരുടെ അച്ഛന്‍ രാമുണ്ണി മാരാര്‍ ,അച്ഛന്റെ ചിട്ടയും ഭരണ പരമായ നേതൃത്വ ശൈലിയും തന്നെയാകണം ചിത്രം വരയില്‍ നിന്നും രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ കെ.കെ മാരാരെയും പ്രേരിപ്പിച്ചിരിക്കുക .ഉപദംശം :
ബിന്‍ ലാദന്റെ മരണശേഷമായിരിക്കണം ബിന്‍ ലാദന്‍ എഴുതിയ കവിത എന്നു പറഞ്ഞു കൊണ്ടു സൈബര്‍ ലോകത്തു ഒരു കവിത പ്രചരിച്ചിരുന്നു .അറബ് കവിതയുടെ ഇംഗ്ലീഷ് പരിഭാഷ്യമായിരുന്നു .വായിച്ചു നോക്കിയപ്പോള്‍ സാമാന്യം കൊള്ളാം , മറ്റൊരു ഒമര്‍ ഖയ്യാം നമുക്കു നഷ്ടപ്പെട്ടു .

Saturday 17 December 2011

മരിച്ചിട്ടും നിങ്ങളെന്തിനാണവരെ......മരിച്ചിട്ടും നിങ്ങളെന്തിനാണെന്റെ കുട്ടിയെ മഴയത്തു നിര്‍ത്തുന്നതെന്ന് - ഒരിക്കല്‍ നമ്മളോടു ചോദിച്ചത് മകന്‍ നഷ്ടപ്പെട്ടു നീറ്റലുമായി മരിക്കേണ്ടി വന്ന ഒരു അച്ഛനാണ് - ഈച്ചരവാര്യര്‍ .അധികാരത്തിന്റെ ഗര്‍വ്വില്‍ , അതിന്റെ പ്രമത്തതയില്‍ ഒരു കുടുംബം മഴയത്തു കുത്തിയൊലിച്ചു പോയതിന്റെ സങ്കടം ഈച്ചരവാര്യരിലൂടെ , രാജനെന്ന മകനിലൂടെ നമ്മളറിഞ്ഞിട്ടുണ്ട് . അധികാരം കയ്യിലുള്ളവന്റെ കളികള്‍ എപ്പോഴും അങ്ങനെ തന്നെയാണ് അതിന്റെ പ്രയാണത്തില്‍ നിസ്സഹായരായ ഒരു പാടു പേര്‍ ചവിട്ടിയരക്കപ്പെടും .അധികാരത്തിന്റെ ഈ പ്രയാണത്തില്‍ പാര്‍ട്ടിയുടെ , കൊടിയുടെ , പ്രത്യയ ശാസ്ത്രത്തിന്റെ വിവേചനങ്ങളില്ല .അവിടെ നിസ്സഹായരും നിരാലംബരുമായ മനുഷ്യര്‍ അധികാരത്തിന്റെ ചുവട്ടില്‍ കിടന്നു നാണം കെട്ടു മരിക്കും , മരിച്ചു കഴിഞ്ഞും മാനാഭിമാനങ്ങള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കും അവര്‍ക്കു വേണ്ടി ചോദിക്കാന്‍ , അവര്‍ക്കു വേണ്ടി വാദിക്കാന്‍ ആരുമുണ്ടാകില്ല .

2004 ല്‍ സെപ്തംബര്‍ 28 തിയ്യതിയാണ് കേരളത്തെ നടുക്കിയ ഒരു കൂട്ട ആത്മഹത്യ നടക്കുന്നത് .കവിയൂരിലെ ഒരു നാരായണന്‍ നമ്പൂതിരിയും അദ്ദേഹത്തിന്റെ ഭാര്യയും മൂന്നു മക്കളും ആ‍ത്മഹത്യ ചെയ്തു . അതൊരു കൂട്ട ആത്മഹത്യകളുടെ കാലമായിരുന്നു അതു കൊണ്ട് നമ്മളൊന്നും കഷ്ടപ്പെട്ടു ഞെട്ടലും നടുക്കവും രേഖപ്പെടുത്താന്‍ നിന്നില്ല . ഒറ്റ നോട്ടത്തില്‍ സാമ്പത്തിക പ്രയാസം മൂലമുള്ള കൂട്ട ആത്മ ഹത്യ ആണെന്ന് തോന്നിപ്പിച്ച ആ സംഭവം പിന്നീടുള്ള ദിവസങ്ങളില്‍ പതിയെ പതിയെ വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു കിളിരൂര്‍ കേസില്‍ ഉള്‍പ്പെട്ട ലതാ നായരെ പരാമര്‍ശിച്ച മരണക്കുറിപ്പും ആത്മഹത്യ ചെയ്ത അനഘ എന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി എന്നതുമാണ് ഈ കൂട്ട ആത്മഹത്യയെ പെട്ടെന്നു തന്നെ മറ്റൊരു തലത്തിലേക്കു മാറ്റിയത്


ഇടപെടലുകള്‍ .
കവിയൂരിലെ കൂട്ട ആത്മഹത്യ വെറുമൊരു സാമ്പത്തിക - കുടുംബ പ്രശ്നത്തിന്മേലുള്ളതല്ലായിരുന്നുവെന്ന ധ്വനി കിളിരൂര്‍ കേസുമായുള്ള ബന്ധത്തോടെ പുറത്തു വന്നതു മുതലാണ് ഈ കേസില്‍ പല രീതിയിലുള്ള സ്വാധീനങ്ങളും ഇടപെടലുകളും നടന്നത് . കേരളാ പോലീസിന്റെ ഒരു ഉന്നതനടക്കം പല പ്രമുഖരും സംശയത്തിന്റെ നിഴലിലായിരുന്നു . തുടക്കം മുതല്‍ ഈ കേസില്‍ ശ്രീമതി ടീച്ചറുടെ ഇടപെടലുകള്‍ സംശയമുണര്‍ത്തുന്നതായിരുന്നു അല്ലെങ്കില്‍ അനാവശ്യമായിരുന്നു .അക്കാലത്തു ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡണ്ട് ആയിരുന്ന ശ്രീമതി ടീച്ചര്‍ ഉടന്‍ തന്നെ പത്ര സമ്മേളനം വിളിച്ചു കൂട്ടി അനഘ പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നു പറയുകയുണ്ടായി . അനഘ പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന് ധൃതി പിടിച്ചു പറയാന്‍ ആയമ്മയെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നിരിക്കും ? ഈ ഇടപെടലിനോടൊപ്പം തന്നെ തന്നെ കിളിരൂര്‍ പീഡന കേസിലും ശ്രീമതി ടീച്ചറുടെ സാന്നിധ്യം വിവാദമായിരുന്നു .അന്നു ശ്രീമതി ടീച്ചറുടെ സന്ദര്‍ശനം ചികിത്സയിലായിരിക്കുന്ന ആ കുട്ടിയുടെ നില മോശമാക്കുകയുണ്ടായിരുന്നു , ഇത് ശാരിയെ ചികിത്സിച്ച ഡോക്ടറും ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍ നായരും പറഞ്ഞ കാര്യമാണ് , .“ തന്നെ കണ്ടപ്പോള്‍ ആ കുട്ടി തന്നെ എന്തോ ചെയ്യാന്‍ പോകുന്നുവെന്ന മട്ടില്‍ ഭയന്നതായി “ ശ്രീമതി ടീച്ചര്‍ തന്നെ സമ്മതിച്ചിരുന്നു . ആ സംഭവത്തിനു ശേഷമാണ് അച്ചുതാന്ദന്‍ പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ വി ഐ പി പ്രസ്താവന പുറപ്പെടുവിച്ചത് .

ആരാണാ വി ഐ പി ???

പുതിയ വാര്‍ത്തകള്‍ അനുസരിച്ചു കിളിരൂര്‍ കേസ് പൂട്ടിക്കെട്ടുന്നതിന്റെ ഭാഗമായി കേസില്‍ വി ഐ പി സാന്നിധ്യം ഇല്ലെന്ന് സി ബി ഐ അസന്ദിഗ്ദമായി തെളിയിക്കുകയും കോടതിയെ അറിയിക്കുകയും ചെയ്തു കഴിഞ്ഞിരിക്കുന്നു . 2006 ലെ നിയമ സഭാ തിരഞ്ഞെടുപ്പു പ്രചരണത്തിനിടയ്ക്കു വേലിക്കകത്ത് ശങ്കരന്‍ അച്ചുതാനന്ദന്‍ എന്ന ജന പ്രിയ നേതാവിന്റെ ഏറ്റവും വലിയ പ്രചരണ തമാശയായിരുന്നു സ്ത്രീ പീഡകരെ മുഴുവന്‍ കൈയാമം വെക്കുമെന്നും വി ഐ പി യെ പുറത്തു കൊണ്ടു വന്നു കിളിരൂര്‍ പീഡന കേസ് നീതിയുക്തമായ തീരുമാനമുണ്ടാക്കുമെന്നുമുള്ളത് . വി ഐ പി എന്നൊരു സംഗതി ഈ കേസിലുണ്ടെന്നു പറഞ്ഞത് വി എസ് അച്ചുതാനന്ദനായിരുന്നു . അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നു ആരാണ് ആ വി ഐ പി എന്നു പറയേണ്ടത് അദ്ദേഹമാണ് അദ്ദേഹത്തോടാണ് ആ വി ഐ പി ആരാണ് എന്നു ചോദിക്കേണ്ടതും അല്ലാതെ സി ബി ഐ എവിടെ പോയി തപ്പിയാലാണ് വി ഐ പി യെ കിട്ടുക ? വി ഐ പി അഥവാ വെരി ഇമ്പോര്‍ട്ടന്റ് പെഴ്സണ്‍ ഏകദേശം ദൈവം പോലെ ഒരു സംഗതിയാണ് , തങ്കപ്പന്റെ ദൈവമായിരിക്കില്ല ജോസഫിന്റെ ദൈവം ജോസഫിന്റെ ദൈവമായിരിക്കില്ല ജബ്ബാറിന്റെ ദൈവം ചിലപ്പോള്‍ വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞത് പോലെ ശിങ്കിടി മുങ്കനുമായിരിക്കാം യഥാര്‍ത്ഥ ദൈവം അതു പോലെ തന്നെ അച്ചുതാനന്ദന്റെ വി ഐ പി ആയിരിക്കില്ല സി ബി ഐ യുടെ വി ഐ പി , അച്ചുതാനന്ദന് very imported ആ യ ഒരാള്‍ സി ബി ഐ ക്കു എങ്ങനെ അറിയാനാണ് ? സി ബി ഐ ആണെങ്കില്‍ അതൊട്ടു അച്ചുതാനന്ദനോട് ചോദിക്കുകയുമില്ല , ചോദിച്ചാല്‍ പുള്ളിയെങ്ങാനും പറഞ്ഞു പോയാലോ ?

ശാരി ഒരു സങ്കല്പമാണ് ,അല്ലെങ്കില്‍ അങ്ങനെ ആകും .

ഒരു പരിധി കഴിഞ്ഞാല്‍ എല്ലാം ഒരു സങ്കല്പമാകുന്ന അവസ്ഥ വരും , കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും പോലും സത്യമേത് സങ്കല്പമേതെന്ന ഒരു തരം വിഭ്രമം ബാധിക്കും . അല്ലെങ്കില്‍ പിന്നെ ഒരു പെണ്‍ കുട്ടി നിരാലംബയായി , നിരവധി പേരാല്‍ പീഡിപ്പിക്കപ്പെട്ടു മരിച്ചിട്ടും ഒരു തെളിവുകളുമില്ലാതെ സ്വാഭാവിക മൃത്യുവായി അതവശേഷിക്കുന്നു .ശാരി എസ് നായര്‍ എന്ന പെണ്‍കുട്ടി മരിച്ചത് രക്തത്തില്‍ ചെമ്പിന്റെ അംശം കൂടിയത് കൊണ്ടാണെന്നും ചികിത്സാ പിഴവ് മൂലമാണെന്നും തെളിവു സമര്‍പ്പിച്ചിട്ടും അതിലൊരു അസ്വാഭാവികതയുമില്ല .സുഖം പ്രാപിച്ചു വരുന്ന ഒരു അവസ്ഥയില്‍ ഒരു വ്യക്തിയെ കണ്ടു വെപ്രാളവും സംഭ്രമവും ബാധിച്ചു രോഗം മൂര്‍ച്ഛിച്ചിട്ടൂം അതെക്കുറിച്ചു ഒരു അന്വേഷണവും ഇല്ല . കിളിരൂര്‍ കേസിനെ സംബന്ധിച്ച ഫയലുകള്‍ കരുതിക്കൂട്ടി പൂഴ്ത്തി എന്ന ഉത്തരവാദിത്തപ്പെട്ട ഒരുദ്യോഗസ്ഥന്‍ പരസ്യമായി പറഞ്ഞിട്ടൂം അത് സംബന്ധിച്ചു ഹൈക്കോടതി പരാമര്‍ശിച്ചിട്ടൂം ഒരു കാര്യവുമില്ല , ആ കേസ് എഴുതിത്തള്ളണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത് . വി ഐ പി യുടെ സാന്നിധ്യമുണ്ടെന്ന് പല തവണ , പല രീതിയില്‍ പല ആംഗ്യത്തില്‍ ഒരു നേതാവ് കോക്രി കാണിച്ചു പറഞ്ഞിട്ടും ആ പേര് പറഞ്ഞു വോട്ടു നേടി മുഖ്യമന്ത്രിയായി അഞ്ചു വര്‍ഷം അള്ളിപ്പിടിച്ചു ഭരിച്ചിട്ടും ആ വി ഐ പി യെക്കുറിച്ചു ഒരു ചോദ്യം പോലും അദ്ദേഹത്തോടുണ്ടാകുന്നില്ല . ഇനിയും കാലം കഴിയുമ്പൊള്‍ ശാരി .എസ് നായര്‍ എന്ന ഒരു പെണ്‍ കുട്ടി ജീവിച്ചിരുന്നില്ലെന്നും അതൊരു സാങ്കല്പിക കഥാപാത്രമായിരുന്നുവെന്നും നമ്മള്‍ കേള്‍ക്കും .അതല്ലെങ്കില്‍ ശാരിയുടെ പിതാവ് തന്നെ ശാരിയെ പീഡിപ്പിച്ചിരുന്നു എന്നും വരുത്തിത്തീര്‍ക്കും .

ജയരാജന്‍ സഖാവ് കോടതിക്കെതിരെ പൊട്ടിത്തെറിക്കുന്നതിനു മുമ്പു പിണറായി സഖാവും ഒന്നു പൊട്ടിത്തെറിച്ചിരുന്നു , പൊട്ടിത്തെറിക്കുക മാത്രമല്ല അതിന്റെ പേരില്‍ കോടതിയലക്ഷ്യത്തിനു കേസ് വരെ ഉണ്ടായിരുന്നു ആ കോടതിയലക്ഷ്യ കേസിനുള്ള കാരണമാണ് വിചിത്രം . ഹൈക്കോടതി കിളിരൂര്‍ കേസില്‍ ശ്രീമതി ടീച്ചറുടെ ഇടപെടലുകള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിലുള്ള പ്രതിഷേധമായിരുന്നു ആ കോടതിയലക്ഷ്യത്തിനുള്ള കാരണം . മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സുരേഷ് കുമാര്‍ [മൂന്നാര്‍ ഫെയിം ] ആണ് കിളിരൂര്‍ കേസിനെ സംബന്ധിച്ച ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കാണാതെ പോയി എന്നു മാധ്യമങ്ങളെ അറിയിച്ചത് . അതിനെതുടര്‍ന്നുണ്ടായ കേസിലാണ് ഹൈക്കോടതി അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന ശ്രീമതി ടീച്ചറുടെ കേസിലെ ഇടപെടലുകളെ സംബന്ധിച്ചു പരാമര്‍ശിച്ചത് . നഷ്ടപ്പെട്ടു പോയ ഫയലുകളെ സംബന്ധിച്ച കേസ് എഴുതിത്തള്ളണമെന്നു പോലീസ് തന്നെ കോടതിയോട് ആവശ്യപ്പെടുന്നു . അപ്പോള്‍ സംഗതികള്‍ ഇങ്ങനെ ഒക്കെയാണ് സത്യം ഒരു കാരണവശാലും പുറത്തു വരരുത് എന്നു ആരൊക്കെയോ മുന്‍ നിശ്ചയിച്ചിട്ടുണ്ട് .


സി ബി ഐ യുടെ അവസാന തീര്‍പ്പ് .


ലോക്കല്‍ പോലീസ് പണ്ടെ പറഞ്ഞതാണ് ആ തന്ത നമ്പൂരിയാണിതെല്ലാം ചെയ്തതെന്ന് ദാ ഇപ്പോ സി ബി ഐ യും പറഞ്ഞില്ലെ ഇനിയെന്താ നിനക്കൊക്കെ ഇത്ര അസുഖം ? പാവപ്പെട്ട മന്ത്രിപുത്രന്മാരും പോലീസുന്നതരും നേതാക്കളുമെല്ലാം കഞ്ഞികുടിച്ചു കഴിയുന്നത് രസിക്കുന്നില്ല അല്ലെ ? സി ബി ഐ എന്നാല്‍ പരമ പവിത്രമായ എന്തോ സംഭവമാണെന്നു എസ് എന്‍ സ്വാമിയുടെ തിരക്കഥ വായിച്ചു ബോധിക്കാം എന്നല്ലാതെ കണ്ണാല്‍ തെളിയുന്നില്ലല്ലോ മാളോരെ അല്ലെങ്കില്‍ പിന്നെ ലോക്കല്‍ പോലീസ് ചമച്ചു വെച്ചു തിരക്കഥയെടുത്തു വെള്ളം കൂട്ടാതെ വിഴുങ്ങുമോ ? . പത്തിരുപതു കൊല്ലക്കാലം ബൊഫോഴ്സ് ,തോക്ക് , പീരങ്കി എന്നൊക്കെ പറഞ്ഞു നടന്നു അവസാനം തെളിവില്ലെന്നു പറഞ്ഞു ഒട്ടോവിയ ക്വത്രോച്ചിയെ വെറുതെ വിടാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി കൊടുത്തവര് , അഭയ കേസ് എന്താണെന്നു സകല നാട്ടുകാര്‍ക്കും മനസ്സിലായിട്ടും ഒരൊറ്റ തെളിവുമില്ലെന്നു പറഞ്ഞു കേസ് മടക്കിക്കെട്ടിയവര്‍ .ലാവ്ലിന്‍ കേസ് തന്നെ കെട്ടിച്ചമച്ചതാണെന്നും പറഞ്ഞു എത്ര സമരങ്ങള്‍ ഉണ്ടായിരിക്കുന്നു അങ്ങനെ നോക്കുമ്പോള്‍ സി ബി ഐ യില്‍ ആകെക്കൂടി വിശ്വസിക്കാവുന്നത് എസ് എന്‍ സ്വാമിയുടെ സേതുരാമയ്യരെ മാത്രമാണെന്നു തോന്നുന്നു .

ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ബസന്തിനു ശ്രീകുമാരി എന്ന പേരില്‍ അയച്ച ഒരു കത്തില്‍ അനഘയെ പീഡിപ്പിച്ചത് സംസ്ഥാനത്തെ രണ്ട് സി പി എം നേതാക്കളുടെ മക്കളാണ് എന്നായിരുന്നു , അനഘ മരിക്കുന്നതിനു മുമ്പായി അനഘയെ പീഡിപ്പിച്ചത് ആരാണെന്നും ആ കത്തില്‍ എഴുതിയിരുന്നു . കത്തിന്റെ ഉറവിടവും കത്തില്‍ പരാമര്‍ശിച്ച കാര്യങ്ങളുടെ വസ്തുതയും അന്വേഷിക്കാന്‍ ഹൈക്കോടതി സി ബി ഐ ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു .പക്ഷെ സി ബി ഐ ക്കു ആകെ കണ്ടെത്താനായത് ശ്രീകുമാരി എന്നൊരു കൂട്ടുകാരി അനഘക്കു ഇല്ല എന്നതു മാത്രമായിരുന്നു . മന്ത്രിപുത്രന്മാരെപറ്റിയുള്ള പരാമര്‍ശങ്ങള്‍ സി ബി ഐ അങ്ങു വിഴുങ്ങി . സംഭവങ്ങളെക്കുറിച്ചു വ്യക്തമായി അറിയാവുന്ന ആരോ ഒരാള്‍ അതിനെക്കുറിച്ചു അന്വേഷിക്കണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെ തന്നെയാകണം ജസ്റ്റിസ് ബസന്തിനു കത്തെഴുതിയിട്ടുണ്ടാവുക .പക്ഷെ സി ബി ഐ ആ പേരിന്റെ ഉടമയെ തിരഞ്ഞു പോയി ആ കത്തില്‍ പരാമര്‍ശിച്ച കാര്യങ്ങളെ അവഗണിച്ചു , അല്ലെങ്കില്‍ അവഗണിക്കാന്‍ നിര്‍ബന്ധിതരായി . ഇത്രയൊക്കെ സ്വാധീനവും പിടിപാടുമുള്ള ആളുകളെ പറ്റി പരാതി അയക്കുമ്പോള്‍ യഥാര്‍ത്ഥ പേരും വിലാസവും വെച്ചു മരണപ്പെടാന്‍ മാത്രം പൂതിയുള്ള ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി ശ്രീകുമാരി എന്ന പേരില്‍ ഉണ്ടായിരിക്കുമെന്നു തമാശക്കു പോലും ആരും കരുതില്ല . വ്യാജ പേരായിരിക്കാം , ഊമക്കത്തായിരിക്കാം പക്ഷെ അതില്‍ പറഞ്ഞ കാര്യങ്ങളിലെ വാസ്തവം എന്തെന്നു പരിശോധിക്കാനുള്ള ബാധ്യത ഇവിടത്തെ നിയമ വ്യവസ്ഥക്കില്ലെ ? ഉത്തരം കിട്ടാതെ പകച്ചു നില്‍ക്കുന്ന ഒരു കേസിലേക്കു ഒരു തുമ്പു കിട്ടിയാല്‍ അതിന്റെ സാധ്യതകളെക്കുറിച്ചു ചെറിയൊരു അന്വേഷണം പോലും നടത്താന്‍ കെല്പില്ലാത്തവരാണോ നമ്മുടെ സി ബി ഐക്കാര്‍ ?


പക്ഷെ അവര്‍ ചെയ്തതെന്താണ് മരിച്ചു മണ്ണടിഞ്ഞു പോയ ഒരു മനുഷ്യനെ , അദ്ദേഹത്തിന്റെ മൃതദേഹത്തെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ ഒരു കഥ സൃഷ്ടിച്ചു , . അനഘ എന്ന ആ പെണ്‍ കുട്ടിയെ കാമവെറി പൂണ്ട സ്വന്തം പിതാവു തന്നെ പീഡിപ്പിച്ചു , അതിനു ശേഷം അവരെല്ലാവരും കൂടി അങ്ങു മരിക്കാന്‍ തീരുമാനിച്ചു , മരിച്ചു. അത്രേയുള്ളൂ ഈ കേസ് . ഇനിയീ കേസിനെക്കുറിച്ചു ആരും ചോദിച്ചു പോകരുത് ഈ കേസില്‍ ലതാ നായരില്ല , കിളിരൂര്‍ പീഡനമില്ല , മന്ത്രി പുത്രന്മാരില്ല , മറ്റു ഉന്നതന്മാരില്ല . ആരുമില്ല സ്വന്തം മകളെ പീഡിപ്പിച്ച ഒരച്ഛനും അതില്‍ മനം നൊന്ത് മരിച്ച ഒരു അഞ്ചംഗ കുടുംബവും ഇനി അവരങ്ങനെയാണറിയപ്പെടുക.

സി ബി ഐ യുടെ നിഗമന പ്രകാരം അച്ഛനാണ് മകളെ പീഡിപ്പിച്ചതെന്നു മനസ്സിലാക്കാനുള്ള തെളിവുകള്‍ - അനഘയുടെ സഹപാഠിയായ ഒരു രമ്യാരാജന്റെ മൊഴിയാണ് - അച്ഛന്‍ അസ്വാഭാവികമായി പെരുമാറുന്നുവെന്നു അനഘ ആ കുട്ടിയോടു പറഞ്ഞിട്ടുണ്ടെത്രെ രാജനു കിട്ടാനുള്ളത് കിട്ടിയാല്‍ എത്ര രമ്യാരാജന്മാരെ വേണമെങ്കിലും സൃഷ്ടിക്കാമെന്നും അങ്ങനെ അല്ലന്നു പറയാന്‍ അനഘ തിരിച്ചു വരില്ലെന്നും നമുക്കറിയാം .ഇതു കൂടാതെ ഈ ഇലക്ടാ കോമ്പ്ലക്സ് സ്ഥാപിച്ചെടുക്കാന്‍ ലോക്കല്‍ പോലീസ് അവരുടെ തനത് നിരീക്ഷണം വഴി കണ്ടെത്തിയതും സി ബി ഐ പിന്തുടര്‍ന്നതുമാ‍യ നിഗമനങ്ങളാണ് അതീവ വിചിത്രം .

“ അനഘ മരിക്കുന്നതിനു 72 മണിക്കൂറിനുള്ളിലായി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ട് . ഈ 72 മണിക്കൂറില്‍ അനഘ പുറത്തു പോയിട്ടില്ല ,പുറത്ത് നിന്നാരും വന്നിട്ടുമില്ല , വീട്ടില്‍ പുരുഷനായി ഉണ്ടായിരുന്നത് നാരായണന്‍ നമ്പൂതിരി മാത്രമാണ് അതു കൊണ്ട് പീഡിപ്പിച്ചത് നാരായണന്‍ നമ്പൂതിരി തന്നെ - what a bloody logic !!!!

ഈ മൂന്നു ദിവസവും നാരായണന്‍ നമ്പൂതിരിയോ വീട്ടില്‍ നിന്നു ആരും പുറത്തേക്കു പോയിട്ടില്ല എന്നു ലോക്കല്‍ പോലീസ് പറയുന്നു ഈ വാദഗതി പ്രകാരം നമ്പൂതിരി സ്വന്തം മകളെ പീഡിപ്പിച്ചത് ആ കുട്ടിയുടെ അമ്മയുടെയും രണ്ട് സഹോദരങ്ങളുടെയും സാന്നിധ്യത്തിലായിരുന്നിരിക്കണം .യാതൊരു ശാസ്ത്രീയ തെളിവെടുപ്പുകളും നടത്താതെ വളരെ ആസൂത്രിതമായി ഒരു കേസിനെ അതിന്റെ ഇരകളായവര്‍ക്കു മേല്‍ തന്നെ ആരോപിക്കപ്പെടുന്ന ഹീന തന്ത്രം.

72 മണിക്കൂര്‍ മുമ്പായി അതായത് മൂന്നു ദിവസത്തോളം നാരായണന്‍ നമ്പൂതിരിയുടെ വീട്ടിലേക്കു പുറത്തു നിന്നാരും വന്നിട്ടില്ല എന്നും ആ വീട്ടില്‍ നിന്നും അനഘ പുറത്തു പോയിട്ടില്ല എന്നും സി ബി ഐ യും ലോക്കല്‍ പോലീസും സ്ഥാപിക്കണമെങ്കില്‍ ഈ മൂന്നു ദിവസവും ഈ വീട് കനത്ത നിരീക്ഷണത്തിലായിരിക്കണം എങ്കില്‍ മാത്രമേ അങ്ങനെ ഒരു നിഗമനത്തിലെത്താന്‍ കഴിയൂ , ഇങ്ങനെയൊരു നിരീക്ഷണത്തിലാകാന്‍ മാത്രം ആത്മഹത്യക്കു മുമ്പു ആ കുടുംബത്തിനു എന്തു പ്രത്യേകതയാണുണ്ടായിരുന്നത് ? .ഇത്തരത്തില്‍ ഒരു നിഗമനത്തിലെത്താന്‍ ശാസ്ത്രീയമായ എന്തെങ്കിലും തെളിവുകളുണ്ടോ ? ഒന്നുമില്ല ഈ കേസ് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു . ഒരു കേസ് അവസാനിപ്പിക്കാനും വഴി തിരിച്ചു വിടാനും ഇത്ര നികൃഷ്ടമായ രീതി അവലംബിക്കുമ്പോള്‍ കാലം എന്നെങ്കിലും സത്യം പുറത്തു കൊണ്ടു വരുമെന്നു ഓര്‍ക്കുക .


നിഷ്കളങ്കതയുടെയും നിരപരാധിത്വത്തിന്റെയും വില നിഷ്കളങ്കര്‍ക്കേ അറിയൂ . തന്റെ മകള്‍ ചതിക്കപ്പെട്ടുവെന്ന അറിവില്‍ , ആ മാനഹാനിയില്‍ ജീവനും ജീവിതവും നഷ്ടപ്പെടുത്തിയ ഒരച്ഛന് നീതി കിട്ടിയില്ലെങ്കിലും മണ്ണിനടിയിലായ ഒരു കുടുംബത്തിനെ ഹീനമായ കഥകള്‍ കൊണ്ടു വ്യക്തിഹത്യ ചെയ്യുന്നത്ര ക്രൂരമായ ആനന്ദത്തിനു കാലം തിരിച്ചടി നല്‍കുമെന്നതുറപ്പാണ് . മരിച്ചു പോയവര്‍ക്കിനി നീതി ആവശ്യമില്ല , അവര്‍ക്കു വേണ്ടി നീതി തേടാന്‍ ഇനി ആരുമില്ല , അവര്‍ക്കെതിരെയുള്ള അനീതികളെ ഒരു ചെറുവിരല്‍ കൊണ്ട് പോലും പ്രതിഷേധിക്കാനും ആരും വരില്ല .ആ നീതി കൊണ്ട് അവരുടെ ജീവനും ജീവിതവും തിരിച്ചു കിട്ടാനുമാവില്ല പക്ഷെ അധികാര പ്രമത്തതയുടെ ആവേശത്തില്‍ യൌവനത്തിന്റെ ചോരത്തിളപ്പില്‍ അല്പനേരത്തെ വിനോദത്തിനു വേണ്ടി പിച്ചിച്ചീന്തിക്കളഞ്ഞ ജീവിതങ്ങളെ ശവക്കുഴി തോണ്ടി നഗ്നരായി കിടത്തുമ്പോള്‍ ഈ അനീതി കൊണ്ടു ലോകം കറുത്തു പോയേക്കാം .

Sunday 11 December 2011

ബ്യൂട്ടിഫുള്‍ - ഒരളവുക്കു പറവായില്ലാ
പ്രശസ്ത കഥാകൃത്ത് അശോകന്‍ ചെരിവിലിന്റെ ഒരു നാടന്‍ കഥാപാത്രമാണ് വി കെ പി , സ്നേഹനിധിയായ ഒരു ഭാര്യയും രണ്ട് മക്കളുമുള്ള ഒരു മധ്യവയസ്കന്‍ . പങ്കജാക്ഷന്‍ എന്നാണ് പേരെങ്കിലും വി കെ പി എന്നാണിദ്ദേഹത്തെ നാട്ടുകാര്‍ വിളിക്കുന്നത് . ഇദ്ദേഹത്തിന്റെ പ്രധാന പ്രശ്നം എല്ലാവരോടും പ്രണയം തോന്നുന്നു എന്നതാണ് , വെറുതെ പ്രണയം തോന്നുക മാത്രമാണെങ്കില്‍ സഹിക്കാമായിരുന്നു പക്ഷെ ഈ പ്രണയങ്ങളെല്ലാം ആത്മാര്‍ത്ഥവും പത്തരമാറ്റ് തങ്കവുമാണ് . പ്രണയത്തിനു വേണ്ടി പ്രണയഗാനങ്ങള്‍ പാടും , കാലു പിടിക്കും വേണമെങ്കില്‍ ജീവന്‍ വരെ ത്യജിക്കുംഈ പ്രണയത്തില്‍ വേര്‍ തിരിവുകളില്ല കുലീനരും സല്‍ സ്വഭാവികളുമായ കൌമാരക്കാരികള്‍ മുതല്‍ കവലയിലെ മധ്യവയസ്കരായ തെരുവു വേശ്യകള്‍ വരെയുണ്ട് , ചില പ്രണയങ്ങള്‍ വിജയിക്കും ചിലത് പരാജയപ്പെടും അതൊന്നും വി കെ പി യെ ബാധിക്കുന്ന കാര്യമേയല്ല . പ്രണയം പരാ‍ജയപ്പെടുമ്പോള്‍ ജീവിതം നഷ്ടപ്പെട്ടവനെപ്പോലെ ആത്മഹത്യാ ശ്രമമാണ് അങ്ങനെ ഒരു ആത്മഹത്യാ ശ്രമത്തിനു ശേഷമാണ് വി കെ പി എന്ന പേരു പതിച്ച് കിട്ടുന്നത് - വിഷം കുടിച്ച പങ്കജാക്ഷന്‍ എന്നതിന്റെ ചുരുക്കെഴുത്ത് . എല്ലാ പ്രണയ പരാജയങ്ങള്‍ക്കു ശേഷവും പശ്ചാത്തവിവശനായി ഭാര്യയുടെ അടുത്തേക്കു തന്നെ തിരിച്ചു ചെല്ലുന്നു , ഭാര്യ തീപ്പെട്ടിക്കമ്പനിയില്‍ പോയി കഷ്ടപ്പെട്ടു പണിയെടുത്തു അയാളെ ശുശ്രൂഷിക്കുന്നു ,പഴയ പ്രണയപരാജയത്തിന്റെ ഹാങ്ങ് ഓവര്‍ കഴിഞ്ഞാല്‍ അയാള്‍ വീണ്ടും പഴയ പോലെ പ്രണയിക്കാനിറങ്ങുന്നു , പ്രത്യേകിച്ചു ഒരു ലക്ഷ്യമോ ഉദ്ദേശമോ അദ്ദേഹത്തിന്റെ ഈ വൈവിധ്യം നിറഞ്ഞ പ്രണയങ്ങള്‍ക്കില്ല .

പേരിലെ സാദൃശ്യം കൊണ്ടാണോ എന്നറിയില്ല വി കെ പ്രകാശിന്റെ ഓരോ പടങ്ങള്‍ കാണുമ്പോഴും അശോകന്‍ ചെരുവിലിന്റെ ആ പഴയ വി കെ പി ഓര്‍മ്മയില്‍ നിന്നങ്ങു ഓടി വരും .നല്ല നിലയില്‍ പരസ്യങ്ങളൊക്കെ പിടിച്ചു ജീവിക്കുന്ന ഒരാള്‍ ഒരു തോന്നലിനങ്ങ് പുനരധിവാസം പോലെയൊരു ആര്‍ട്ട് ഫിലിം എടുക്കും പിന്നെ ഫാമിലി ലവ് സ്റ്റോറി മുല്ലവള്ളിയും തേന്മാവും അതു കഴിഞ്ഞ് പോലീസ് ത്രില്ലര്‍ എല്ലാം കഴിഞ്ഞ് അവസാനം 3 കിങ്ങ്സ് വരെ എടുക്കും . ഈ എല്ലാ സിനിമകളും വി കെ പ്രകാശ് ആത്മാര്‍ത്ഥമായി ചെയ്യുന്നത് തന്നെയാണ് , അതു പരാജയപ്പെടുമ്പോള്‍ വീണ്ടും പരസ്യ കമ്പനിയിലേക്കു തന്നെ തിരിച്ചു പോകും ഒരിടവേള കഴിഞ്ഞു തമാശയാണോ പ്രണയമാണോ സമാന്തരമാണോ എന്നൊന്നും പ്രവചിക്കാനാവാത്ത ഒരു സിനിമയുമായി വീണ്ടും വി കെ പി വരും .

ഇക്കണ്ട കാലയളവിലും വി കെ പ്രകാശിന് സംവിധായകന്‍ എന്ന നിലയില്‍ സ്വന്തമായി ഒരു ശൈലിയോ വ്യക്തിഗത സങ്കേതമോ രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല പക്ഷെ ഒന്നുണ്ട് മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനനായ ക്രാഫ്റ്റ് മാന്‍ ആണ് അദ്ദേഹം .കലാമൂല്യമുള്ള സമാന്തര സിനിമയായാലും ബോക്സ് ഓഫീസ് ലക്ഷ്യമാക്കിയുള്ള തല്ലിപ്പൊളി സിനിമയായാലും ഓരോ ഫ്രെയിമിലും ഒരു ക്രാഫ്റ്റ് മാന്റെ പെര്‍ഫെക്ഷന്‍ നമുക്കു കാണാം . സാധന സാമഗ്രികളും നല്ലൊരു പ്ലാനും കൊടുത്താല്‍ വൈദഗ്ദ്യത്തോടെ നല്ല വീടുണ്ടാക്കി തരുന്ന എഞ്ചിനീയറെപ്പോലെയാണ് വി കെ പ്രകാശ് എന്ന ചലച്ചിത്രകാരന്‍ , പക്ഷെ പ്ലാന്‍ നന്നായിരിക്കണം അതിനെ ആശ്രയിച്ചിരിക്കും ആ ചിത്രം , ഇത്തവണ അനൂപ് മേനോന്‍ മോശമല്ലാത്തൊരു പ്ലാന്‍ വരച്ചു കൊടുത്തിട്ടൂണ്ട് - അതാണ് ബ്യൂട്ടിഫുള്‍ എന്ന സിനിമ . കുട്ടനാട്ടിലെ നെല്‍ കര്‍ഷകന്റെ കഥയെഴുതിയാലും അതിലേതെങ്കിലും വിദേശ പടത്തിന്റെ കോപ്പിയാണെന്നു സംശയിച്ചു പോകുന്ന ഒരു ഇമേജ് ഉണ്ടാക്കി വെച്ചിട്ടൂണ്ടെങ്കിലും മേനവന്റെ സംഭാഷണ രചന പാടവത്തെ എക്സലന്റ് എന്നു തന്നെ പറയാം, പകല്‍ നക്ഷത്രങ്ങള്‍ എന്ന ആദ്യ ചിത്രത്തിലെ ബുദ്ധിജീവി പരിപ്രേക്ഷ്യത്തിനിടയ്ക്കും സരസമായ ആ ഒരു സംഭാഷണ രീതി മനോഹരമായിരുന്നു . കോക്ക് ടെയിലിനു ഒരു ഒരു കടപ്പാട് പോലും വെക്കാതിരുന്നത് പ്രേക്ഷകര്‍ ആ ചിത്രങ്ങള്‍ കണ്ടു ഈ അനുകരണത്തെ വിലയിരുത്തുമെന്ന ഭയത്താലായിരിക്കണം അല്ലെങ്കിലും Butterfly on Wheel ലെ പിയേഴ്സ് ബ്രോസ്നനനെയുണ്ടോ ജയസൂര്യക്കൊക്കെ താങ്ങാന്‍ പറ്റുന്നു ? .


ശരീരം മുഴുവന്‍ തളര്‍ന്നിട്ടൂം പ്രസാദാത്മകമായി ജീവിതത്തെ സമീപിക്കുന്ന വ്യക്തിയാണ് സ്റ്റീഫന്‍ [ജയസൂര്യ] സ്റ്റീഫനെ പരിചരിക്കാന്‍ വരുന്ന ഒരു പെണ്‍ കുട്ടിയുടെയും സ്റ്റീഫന്റെ ഒരു സുഹൃത്തിന്റെയും കഥയാണിതെന്നു പറയുമ്പോള്‍ ഗുസാരിഷ് എന്ന സഞ്ചയ് ലീലാ ബന്‍സാലി ചിത്രം ഓര്‍മ്മ വരും പക്ഷെ ഗുണമായാലും ദോഷമായാലും ആ സാദൃശ്യം ഇവിടം കൊണ്ടവസാനിക്കുന്നു .രണ്ട് സിനിമകളും മുന്നോട്ട് വെക്കുന്ന ഇതിവൃത്തം തികച്ചും വ്യത്യസ്ഥമാണ് .ഗുസാരിഷ് ജീവിതത്തിന്റെയും മരണത്തിന്റെയും ദാര്‍ശനിക തലങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നതെങ്കില്‍ ബ്യൂട്ടിഫുള്‍ , രതിയും പ്രണയവും വഞ്ചനയുമെല്ലാം നിറഞ്ഞ വൈയക്തികമായ ഒരനുഭവമാണ് കാഴ്ച വെക്കുന്നത് .

അനുപ് മേനോന്റെ സംഭാഷണ മികവിനു മുഴുവന്‍ മാര്‍ക്കും കൊടുക്കാമെങ്കിലും സ്വന്തമായി രൂപ ഭദ്രതയുള്ള ഒരു തിരക്കഥ രചിക്കാന്‍ തക്ക വൈദഗ്ദ്യമിനിയും കൈവന്നിട്ടില്ല എന്ന് തോന്നുന്നു ,സാരമുള്ളതല്ലെങ്കിലും ചില ചില്ലറ പൊരുത്തക്കേടുകള്‍ നമുക്കു ചൂണ്ടിക്കാണിക്കാം .ശരീരം മുഴുവന്‍ തളര്‍ന്നിട്ടും ജീവിതത്തെ പ്രസാദാത്മകമായും പോസിറ്റീവായും കാണുന്ന ഒരാളുടെ കഥയായിട്ടാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ സിനിമയെ അവതരിപ്പിക്കുന്നത് , അവിടെയാണ് തകരാറ് - അംഗ വൈകല്യം സംഭവിച്ച ഒരാളുടെ ജീവിതം മറ്റുള്ളവര്‍ക്കു പ്രചോദനമാകുന്ന രീതിയില്‍ ജീവിക്കുമ്പോഴാണല്ലോ ആ ജീവിതം പോസിറ്റീവായി തോന്നേണ്ടത് പൂര്‍വ്വമാതൃക എന്ന് വിശേഷിപ്പിക്കാവുന്ന ഗുസാരിഷിലെ റിത്വിക് റോഷന്‍ സ്വന്തമായി ഒരു റേഡിയോ സ്റ്റേഷന്‍ വഴി ദിനം പ്രതി ഒരു പാട് പേരുമായി സംസാരിക്കുന്നുണ്ട് , ആശ്വസിപ്പിക്കുന്നുണ്ട് പ്രചോദിപ്പിക്കുന്നുണ്ട് അത്തരം സിനിമാ മാതൃകകള്‍ ഒഴിവാക്കിയാലും ശരീരം തളര്‍ന്ന സ്റ്റീഫന്‍ ഹോക്കിങ്ങ്സും റാബിയയുമെല്ലാം സമൂഹത്തിനോടുള്ള പ്രതിബദ്ധത കൊണ്ടാണ് ജീവിതത്തിന്റെ പ്രസാദാത്മകതയെ കാണിച്ചു തന്നിട്ടുള്ളത് . അങ്ങനെ ഒരു പാടു ജീവിത മാതൃകകള്‍ നമുക്കു മുന്നില്‍ ഉള്ളപ്പോള്‍ ഒരു പേരിനെങ്കിലും അത്തരമൊരു പോസിറ്റീവ് മെന്റാലിറ്റി ഈ സിനിമയില്‍ ഉപയോഗിച്ചു കൊണ്ടാണ് ഈ പ്രസാദാത്മകതയെപ്പറ്റി പറയുന്നതെങ്കില്‍ കേള്‍ക്കാനൊരു സുഖമുണ്ടായിരുന്നു പക്ഷെ ശതകോടി സമ്പത്തുള്ള സ്റ്റീഫന്‍ ആരെയും സഹായിക്കാനോ സമൂഹത്തിലെന്തെങ്കിലും പ്രചോദനമാകാനോ തുനിയുന്നില്ല മറിച്ചു അയാളുടെ സമ്പത്തുപയോഗിച്ചു അയാള്‍ക്കു സുഖിക്കണമെന്ന സ്വാര്‍ത്ഥത മാത്രമാണ് ആ പ്രസാദാത്മകത കൊണ്ട് ഉദ്ദേശിക്കുന്നത് ,തികച്ചും സെല്‍ഫ് സെന്റേഡ് ആയ ഒരു മനോഭാവം .

സ്റ്റീഫന്റെ ശതകോടിക്കണക്കിനായി സ്വത്തുക്കളില്‍ കണ്ണു വെച്ച് നടക്കുന്ന ബന്ധുക്കളും ജീവിതത്തിലേക്കു ജോണ്‍ [അനുപ് മേനോന്‍ ] എന്ന പാട്ടുകാരനും അഞ്ചലി [മേഘന ] എന്ന ഹോം നഴ്സും കൂടി കടന്നു വരുന്നതോടെ ചിത്രം സംഭവ ബഹുലമാകുന്നു .ഗായകന്‍ ഉണ്ണിമേനോന്‍ , തെസ്നി ഖാന്‍ , നന്ദു , ടിനി ടോം സ്ഥിരം പരിചയിച്ച ക്ലീഷേ വേഷങ്ങളിലൂടെ മാത്രം നില നിന്നിരുന്ന കഥാപാത്രങ്ങള്‍ക്കു പോലും വ്യക്തിത്വം നല്‍കിക്കൊണ്ട് കൊച്ചു കൊച്ചു നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ ,ആ ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമ മനോഹരമായ ഒരു ആവിഷ്കാര രീതി അവലംബിക്കുന്നുണ്ട് . പ്രണയം , സൌഹൃദം , സ്നേഹം , വിധേയത്വം വൈകാരികമായ എല്ലാ ഘടകങ്ങളെയും അതത് അളവുകളില്‍ ചേര്‍ത്തു കൊണ്ട് ലളിതമായ ഒരു കഥ .ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട് അഞ്ചലിയായി അഭിനയിച്ച മേഘന സൌന്ദര്യം കൊണ്ടും ഭാവം കൊണ്ടും കാഴ്ചക്കാരനെ മോഹിപ്പിക്കുന്നുണ്ട് , നായികയെ ഇത്ര സുന്ദരമായി ചിത്രീകരിച്ച സിനിമ അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല . അനുപ് മേനോന്റെ വരികള്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്നു പോകുന്ന സംഗീതവും .

വൈകാരികവും കണ്ണു നിറയിക്കുന്നതുമായ മുഹൂര്‍ത്തങ്ങള്‍ നിറയെ ഉണ്ട് സിനിമയില്‍ , രണ്ട് ആണ്‍ സുഹൃത്തുക്കളോ പെണ്‍ സുഹൃത്തുക്കളൊ കൂടുതല്‍ വൈകാരികത പങ്കു വെക്കുന്ന സന്ദര്‍ഭങ്ങള്‍ മലയാള സിനിമയില്‍ കാണിക്കാറില്ല , സുഹൃത്തുക്കള്‍ തമാശ പറയാനും സ്റ്റണ്ടിനിടയ്ക്കു സഹായിക്കാനും മാത്രമാണ് എന്ന പ്രതീതിയാണ് മലയാള സിനിമകളില്‍ . സ്റ്റീഫനും ജോണും ഈയൊരു കീഴ് വഴക്കത്തെ ഉപേക്ഷിക്കുന്നുണ്ട് അവരുടെ സൌഹൃദം വൈകാരികം കൂടിയാണ് . ചലന ശേഷിയില്ലാത്ത സ്റ്റീഫനെ ബൈക്കിന്റെ പുറകില്‍ കെട്ടി വെച്ചു കൊണ്ട് നടക്കുമ്പോഴും അറിയാതെ ഒരു മഴയില്‍ തനിച്ചാക്കി പോയ ജോണിന്റെ മഴ ആസ്വദിക്കുന്ന സ്റ്റീഫന്റെ നിഷ്കളങ്ക ഭാവത്തില്‍ സന്തോഷിക്കുന്നതും സിനിമയിലെ നല്ല മുഹൂര്‍ത്തങ്ങളിലൊന്നാണ് . ഈ സിനിമയില്‍ ജയസൂര്യ് ടിപ്പിക്കല്‍ മണ്ടന്‍ റോളില്‍ നിന്നും ഏറെ പുരോഗമിച്ചിട്ടുണ്ട് , അഭിനയത്തെ ഗൌരവമായി തന്നെ സമീപിക്കുന്നുമുണ്ട് .

സിനിമ ഒരു സാമൂഹ്യ പാഠ പുസ്തകമല്ല , അത് ഒരു കലാവിഷ്കാരമാണ് അതു കൊണ്ട് തന്നെ അതിലുളവാക്കുന്ന സദാചാര സങ്കല്പങ്ങള്‍ ആ ചലച്ചിത്രത്തിന്റെ ഭാഗമാണ് . സിനിമയുടെ കഥാംശവും ക്ലൈമാക്സും തന്നെയാണ് ആ സിനിമയുടെ സൌന്ദര്യം , വി കെ പ്രകാശ് ഇത്തവണ കാഴ്ചക്കാരെ അല്പം സ്തംഭിപ്പിക്കുക തന്നെ ചെയ്തിട്ടുണ്ട് , പല പ്രണയങ്ങള്‍ക്കിടയില്‍ ഒരു സുന്ദരിപ്പെണ്‍കുട്ടിയെ തന്നെ പ്രണയിച്ച വി കെ പി എന്ന ആ പഴയ കഥാപാത്രത്തെപ്പോലെ . അവസാന വാക്കായി ഒന്നു പറയാം കെട്ടിമേളങ്ങളും കൊട്ടിഘോഷിക്കലുകളുമൊന്നുമില്ലാതെ ഒരു ചെറിയ സുന്ദരന്‍ സിനിമ .

നാട്ടുകാര്‍ .കോം

ദേശത്തിന്റെ കഥയിലെ “സപ്പര്‍ സര്‍ക്കീട്ടും “ മാല്‍ഗുഡി ഡേയ്സും ഒക്കെ എനിക്കിഷ്ടപ്പെടുന്നതും വല്ലാതെ അതിനെ ഉള്ളില്‍ കൊണ്ടു നടക്കുന്നതും അതിലെ ഗ്രാമീണ കഥാപാത്രങ്ങളും അതിന്റെ നിഷ്കളങ്കമായ ഭാവങ്ങളും അത്ര മേല്‍ ഉള്ളില്‍ തട്ടുന്നത് കൊണ്ടാണ് .ഗൃഹാതുരത എന്ന സങ്കല്പം ഒരു കാല്പനിക ഊടായ്പ്പാണെന്നൊക്കെ പറയാമെങ്കിലും അങ്ങനെ ചിലത് ഇപ്പോഴും നിലവിലുള്ളത് കൊണ്ടാവണം ചിലതെല്ലാം കാണുകയും ഓര്‍ക്കുകയും ചെയ്യുമ്പോള്‍ വല്ലാതെ ഇഷ്ടം തോന്നുന്നത് .കൌമാരത്തില്‍ സ്കൂളും കോളേജും കഴിഞ്ഞുള്ള വൈകുന്നേരങ്ങളില്‍ വീടിനടുത്തെ കലുങ്കില്‍ ,സര്‍ക്കാര്‍ ആശുപത്രിയുടെ മതിലില്‍ എല്ലാം ഇരുന്ന് പറയുന്ന കത്തിക്കഥകളും അവയുടെ ഉപജ്ഞാതാക്കളും ഇനിയൊരിക്കലും തിരിച്ചു വന്നു കൂടിച്ചേരാന്‍ പറ്റാത്ത വണ്ണം പല വഴിക്കു പിരിഞ്ഞു പോയിരിക്കുന്നു - വക്കീല്‍ കണ്ണന്‍ , വെള്ള സുരേഷ് , ദിവാന്‍ സുരേഷ് , പൊന്നപ്പന്‍ , ചുള്ളന്‍ അങ്ങനെ കുറെ പേര്‍ .

ഇതൊക്കെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം നാട്ടുകാര്‍ .കോം എന്ന പേരില്‍ പുറത്തിറങ്ങിയ ഏതാനും നല്ല വീഡിയോ സ്കിറ്റുകള്‍ കണ്ടപ്പോള്‍ ആ പഴയ കലുങ്ക് ദിനങ്ങള്‍ ഓര്‍മ്മയില്‍ വന്നു പോയി . അന്നാര്‍ത്തു ചിരിച്ച കഥകള്‍ , നാട്ടിലെ ചിലരെ തന്നെ കഥാപാത്രമാക്കി സൃഷ്ടിച്ച നുണക്കഥകള്‍ , നിര്‍ദോഷ പരദൂഷണങ്ങള്‍ എല്ലാം ചിലപ്പോഴൊക്കെ ഒരു നേര്‍ത്ത പുഞ്ചിരിയോടെ ഓര്‍ക്കാന്‍ പറ്റുന്നത് കൊണ്ടാവണം ഈ വീഡിയോ എനിക്കിഷ്ടപ്പെട്ടതെന്ന് തോന്നുന്നു . അതിലെല്ലാമുപരി ഇപ്പോള്‍ ഇറങ്ങുന്ന മുഴുനീള കോമഡി സിനിമകളിലെ വളിച്ച തമാശയെക്കാള്‍ അല്പം നിലവാരമുണ്ട് ഈ സ്കിറ്റുകള്‍ക്ക്, അഭിനയിക്കുന്നവര്‍ക്കൊരു തന്മയത്ത്വമുണ്ട് , പശ്ചാത്തല സംഗീതം സന്ദര്‍ഭത്തിനനുസൃതമായി നന്നായി ചെയ്തിരിക്കുന്നു. തുടക്കത്തിലെ ചാറ്റു പാട്ടു പോലും മനോഹരമാണ് .
കുളിക്കടവ് . 1ചീട്ടുകളി . 2


കള്ളുഷാപ്പ്


അളിയനും പെങ്ങളും പിന്നെ ഞാനും


കാമുകന്‍പെണ്ണുകാണല്‍


ഈ വീഡിയോയുടെ കോപ്പി റൈറ്റും അണിയറ പ്രവര്‍ത്തകരില്‍ നിക്ഷിപ്തമാണ് . യു ട്യൂബ് ലിങ്ക് വഴി ഇത് പ്രദര്‍ശിപ്പിക്കുന്നതില്‍ നിയമ പരമായ പ്രശ്നങ്ങളില്ലെന്നു അവരുടെ കോപ്പി റൈറ്റ് സ്റ്റേറ്റ് മെന്റില്‍ പറയുന്നുണ്ട് . നാട്ടുകാര്‍.കോം ന്റെ അണിയറ പ്രവര്‍ത്തകര്‍ക്കു എല്ലാ വിധ ആശംസകളും നേരുന്നു .