Like

...........

Tuesday 29 March 2011

ജയമോഹനുമായി കല്പറ്റ നാരായണന്‍ നടത്തിയ ഒരു സംഭാഷണം
നെടുമ്പാതയോരം - ജയമോഹനെക്കുറിച്ച് .
ഒരു യാത്രക്കിടയിലെ മഴയില്‍ അഭയമാകുന്ന മരച്ചുവട് പോലെയാണ് ചിലരുടെ വാക്കുകള്‍ .മഴ പെയ്ത് തീരുന്നത് വരെ മരച്ചുവടിന്റെ ഏകാന്തതയില്‍ നില്‍ക്കാം മഴ പെയ്ത് തീരുമ്പോള്‍ മരം പെയ്ത് തുടങ്ങും . കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്കൂള്‍ കാലഘട്ടത്തിലാണ് - നെടുമ്പാതയോരം “ എന്ന ചെറിയ പുസ്തകം വായിക്കുന്നത് .അന്ന് വരെ കേട്ടിട്ടില്ലാത്ത, വായിക്കപ്പെടാത്ത ഒരു എഴുത്തുകാരന്റെ പുസ്തകം വെറുമൊരു കൌതുകത്തിനാണ് വായിച്ച് തുടങ്ങിയത് .വായിച്ച് തുടങ്ങിയപ്പോള്‍ ഏതാനും ലേഖനങ്ങള്‍ മാത്രമുണ്ടായിരുന്ന ആ പുസ്തകം എന്നെ വല്ലാതെ അല്‍ഭുതപ്പെടുത്തി .എഴുതാന്‍ തിരഞ്ഞെടുത്തിരിക്കുന്ന വിഷയങ്ങള്‍ അതിനുപയോഗിച്ചിരിക്കുന്ന ഭാഷ എല്ലാം അത് വരെ കണ്ടതില്‍ നിന്ന് അജ്ഞാതമായതായിരുന്നു കവിതയാണോ കഥയാണോ ലേഖനമാണോ എന്ന് കൃത്യമായി പറയാനാവാത്ത വിധം സവിശേഷമായ ഒരു ഭാഷ കൊണ്ട് കുറെ അനുഭവങ്ങളുടെ ഒറ്റയടിപ്പാത തീര്‍ത്ത ഒരു പുസ്തകം .അതിന് ശേഷം ജയമോഹന്റെ മറ്റ് കൃതികള്‍ വായിക്കണമെന്ന ആഗ്രഹത്തോടെ ഒരു പാട് തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം .മലയാളത്തിലും എഴുതുന്ന മലയാളിയായ തമിഴ് സാഹിത്യകാരന്‍ എന്നായിരിക്കും ജയമോഹനിണങ്ങുന്ന വിശേഷണം .

ജീവിതാനുഭവങ്ങള്‍ , മരണങ്ങള്‍ അതെല്ലാം ജയമോഹന്റെ എഴുത്തില്‍ കടന്ന് വരുമ്പോള്‍ മറ്റൊരു തലമതിനുണ്ട് . വൈയക്തികാനുഭവങ്ങളെ നിര്‍വ്വികാരമെന്ന് തോന്നിപ്പിക്കുന്ന ഭാഷയില്‍ എഴുതി ഉള്ള് കനപ്പിക്കുന്ന ഭാഷ ജയമോഹനില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ . ബാല്യത്തിലെ പ്രിയപ്പെട്ട കൂട്ടുകാരന്‍ പിന്നീട് തിളച്ച് നില്‍ക്കുന്ന യൌവ്വനത്തില്‍ അജ്ഞാതമായ കാരണത്താല്‍ ആത്മഹത്യ ചെയ്തതിനെക്കുറിച്ച് നിര്‍വികാരതയോടെയെന്ന പോല്‍ എഴുതിയത് വായിക്കുമ്പോള്‍ വായിക്കുന്നവര്‍ക്ക് ഉള്ള് പൊള്ളിപ്പോകും .തൂങ്ങി മരിച്ച സുഹൃത്ത് ‍ അവശേഷിപ്പിച്ച് പോയ ആഗ്രഹങ്ങളെന്ന പോലെ ഉദ്ധരിച്ച് നില്‍ക്കുന്ന ലിംഗത്തെക്കുറിച്ച് എഴുതിയത് വായിക്കുമ്പോള്‍ ആ ഭാഷയുടെ അതിരില്ലായ്മയോര്‍ത്ത് നമുക്കുള്ളിലൊരു ഞെട്ടലുണ്ടാവും .പക്ഷെ മരിച്ചവരുടെ പൂര്‍ത്തീകരിക്കാനാകാത്ത അഭിലാഷങ്ങളെക്കുറിച്ച് ബാക്കി വെച്ച് പോയ സ്വപ്നങ്ങളെക്കുറിച്ചാണ് പിന്നീട് ഈ കാഴ്ചയില്‍ നാമോര്‍ക്കുക .പിന്നീട് കല്‍പ്പറ്റ നാരായണന്‍ "മരിച്ചവന്റെ തളര്‍ന്നു താണ ലിംഗം വല്ലാതെ വേദനയുളവാക്കുമെന്ന് “ എഴുതിയപ്പോഴും മരിച്ചവരെക്കുറിച്ച് പറയുമ്പോഴുള്ള വേദന നിറഞ്ഞ ആ വിലാപത്തിന്റെ വ്യത്യസ്തമായ വാക്കുകളുടെ അതിരില്ലായ്മ തന്നെയാണ് കാണാന്‍ കഴിയുക .

വൈലോപ്പിള്ളി ചീത്തകള്‍ കൊത്തിവലിക്കും കാക്കയെക്കുറിച്ചെഴുതിയപ്പോള്‍ ഉല്‍കൃഷ്ടവര്‍ണ്ണന മാത്രം ശീലമാക്കിയ കാവ്യലോകത്തിന് അതൊരു വിപ്ലവമായിരുന്നെങ്കില്‍ അതേ വിപ്ലവം തന്നെ അമേദ്യം ഭക്ഷണമാക്കുന്ന വൃത്തികെട്ട പന്നികളെക്കുറിച്ച് ജയമോഹനെഴുതിയപ്പോള്‍ വേദന നിറഞ്ഞ ഒരനുഭവമായി . പന്നിയുടെ രൂപം ശ്രദ്ധിക്കുക ഒരിക്കലും തല ഉയര്‍ത്തി നോക്കാനാവില്ല , അവക്ക് മലര്‍ന്ന് കിടക്കാനാവില്ല അത് കൊണ്ട് അവ ഒരിക്കലും ആകാശം കാണാറില്ല പക്ഷെ അറക്കാനായി കൊണ്ട് പോക്കുമ്പോള്‍ തല കീഴായി കെട്ടിത്തൂക്കിയിടുമ്പോള്‍ മാത്രം‍ അവ ആകാശം കണ്ട് “ഇതെന്താണ്“ എന്ന് അമ്പരക്കും . പന്നികളെ വേഗം കൊല്ലാറില്ല,ചത്ത് തണുത്താല്‍ അവയുടെ തൊലിക്കടിയിലെ കൊഴുപ്പ് ഉറച്ച് പോകും .അപ്പോള്‍ മാംസത്തിന് രുചിയുണ്ടാകില്ല ജീവനോടെ കിടത്തി ചര്‍മ്മം മുറിച്ചെടുക്കുകയാണ് പതിവ് .പന്നി ചുവന്ന മാംസപിണ്ഡമായി കിടന്ന് തുള്ളുമ്പോള്‍ “തുടിക്കിറപ്പണ്ണി “ എന്ന് കൂവിയാര്‍ക്കും ജീവനുള്ള പന്നിയെ മുറിച്ച് കൊടുക്കുമ്പോള്‍ അവയുടെ കണ്ണുകള്‍ നോക്കണം .ഈ ലേഖനം വായിച്ചതില്‍ പിന്നെ പന്നികളുടെ കാണുമ്പോള്‍ അവയുടെ കണ്ണുകളില്‍ വേദനിപ്പിക്കുന്ന ഒരു നിഷ്കളങ്കത കാണാറുണ്ടായിരുന്നു , ജീവന്‍ നഷ്ടപ്പെടാതെ തുടിക്കുന്ന ഒരു ചുവന്ന മാംസപിണ്ഡത്തിന്റെ ഓര്‍മ്മയും .

ദന്തഗോപുരവാസികളായ എഴുത്തുകാരുടെ പ്രതികരണശേഷിയെക്കുറിച്ച് ആശങ്കപ്പെടുന്ന മലയാളിക്ക് ജയമോഹനെ നല്ല ഉദാഹരണമായി ചൂണ്ടിക്കാട്ടാം .വായനക്കാരുമായി നിരന്തരം സംവദിച്ച് കൊണ്ടിരിക്കുന്ന എഴുത്തുകാരനാണ് .ജയമോഹന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട , ശ്രദ്ധിക്കപ്പെട്ട ഗാന്ധിയെക്കുറിച്ചെഴുതിയ പുസ്തകം പോലും വെബ്സൈറ്റിലെഴുതിയ ഒരു ചെറുകുറിപ്പിന് വായനക്കാര്‍ തന്ന ദീര്‍ഘമായ പ്രതികരണങ്ങളെ ആസ്പദമാക്കിയാണ് . തമിഴ് നാടിന്റെ ഓരോ മുക്കിലും മൂലയിലും നിരന്തരം സഞ്ചരിക്കുന്ന തമിഴ് സംസ്കാരത്തെക്കുറിച്ച് വാചാലനാവുന്ന ജയമോഹന്‍ പറയുന്നത് എഴുത്ത് എന്നത് ജീവന്‍ നില നിര്‍ത്താനുള്ള ഒരനിവാര്യതയാണെന്നാണ് .എഴുതാതിരിക്കാന്‍ ആവുന്നില്ലാത്ത വിധം എഴുത്ത് ജയമോഹന്റെ ഉള്ളില്‍ അസ്വസ്ഥതയായി നിറയുന്നത് കൊണ്ടാണ് ജയമോഹന്‍ എന്തെഴുതിയാലും വായനക്കാരന് അത് മനോഹരമായി തോന്നുന്നത് .


മനുഷ്യന്റെ ഉള്ളിലെ ക്രൂരതകളെക്കുറിച്ചും നില നില്‍ക്കുന്ന സാമൂഹ്യ അവസ്ഥകളെക്കുറിച്ചും ജയമോഹന്റെ ആര്‍ജ്ജവമുള്ള വാക്കുകള്‍ തീയമ്പുകളായി വായനക്കാരില്‍ തറക്കുന്നു , മറ്റ് ചിലപ്പോള്‍ ഒരു ചെറിയ ചാറ്റല്‍ മഴ കൊണ്ട ആശ്വാസവും.ജയമോഹന്റെ എഴുത്തുകളില്‍ , വാക്കുകളില്‍ എല്ലാം ഒരു നിഷേധിയുടെ ഭാവം തെളിഞ്ഞ് കാണാം .എഴുത്തുകാരന്‍ എന്ന നിലയില്‍ ഇക്കാലത്തോളം അയാള്‍ പ്രകടിപ്പിച്ച ധൈര്യമുള്ള നിലപാടുകളുടെ മറ്റൊരു പതിപ്പ് തന്നെയാണ് ആ നിഷേധം .
എം ജി ആറും ശിവാജി ഗണേശനും ദൈവമെന്ന് കരുതുന്ന ദ്രാവിഡസംസ്കാരത്തില്‍ അവരെ പരിഹസിച്ച് ഭീഷണി നേരിടേണ്ടി വന്ന ആളാണ് ജയമോഹന്‍ .ചെറുപ്പകാലത്ത് ഒരെഴുത്തുകാരനെന്ന നിലയില്‍ അറിയപ്പെടാത്ത ഒരു കാലത്ത് അതിഥികളെ സ്വീകരിക്കുന്നതില്‍ വിമുഖനായ പി കെ ബാലകൃഷ്ണനെ കാണാന്‍ പോയപ്പോള്‍ ആരാണെന്ന് ചോദിച്ചതിനുത്തരമായി തമിഴിലെ വലിയ എഴുത്തുകാരനാണ് എന്നായിരുന്നു ഉത്തരം കൊടുത്തതെന്ന് അഭിമുഖത്തില്‍ പറയുന്നുണ്ട് .

ജയമോഹന്റെ “ഏഴാം ഉലകം “ എന്ന നോവല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അജ്ഞാതമായ ഒരു പറ്റം മനുഷ്യജീവനുകളെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യമായിരുന്നു .ഭിക്ഷാടനത്തിന് വേണ്ടി അംഗവൈകല്യം സൃഷ്ടിക്കപ്പെട്ട , ജന്മനാ വിചിത്രരൂപങ്ങളായവര്‍ ,അംഗവൈകല്യം സൃഷ്ടിക്കപ്പെട്ടവര്‍ അങ്ങനെ പൊതുസമൂഹത്തിന് അപരിചിതമായ ഭിക്ഷാടനമഫിയയെക്കുറിച്ചെഴുതുമ്പോള്‍ അത് മനുഷ്യജീവിതത്തിന്റെ ഏറ്റവും ദയനീയമായ കാഴ്ചകളാണ് .നിരന്തരമായ യാത്രകളിലൂടെ , ലക്ഷ്യമില്ലാത്ത അലച്ചിലുകളിലൂടെ മനുഷ്യജീവിതത്തിലേക്ക് ജയമോഹന്‍ നടത്തിയ തീര്‍ത്ഥാടനങ്ങളുടെ വേദനിപ്പിക്കുന്ന ആവിഷ്കാരമായിരുന്നു .ആത്മീയ ശാന്തിയുടെ പൂര്‍ണ്ണതക്കായി മഹാക്ഷേത്രങ്ങളിലെ ദര്‍ശനത്തിന് ശേഷം ചിലപ്പോഴൊക്കെ സഹതാപത്തോടെ അല്ലെങ്കില്‍ അവജ്ഞയോടെ നാ‍ണയത്തുട്ടുകള്‍ വലിച്ചെറിയുമ്പോള്‍ ‍ നാം കാണാത്ത കണ്ണില്ലാത്തവരെക്കുറിച്ച് , കൈകളും കാലുകളുമില്ലാവരെക്കുറിച്ച് , അംഗവൈകല്യം കൊണ്ട് വിചിത്രരൂപഭാവങ്ങളുള്ളവരെക്കുറിച്ച് കറുത്ത ഫലിതത്തില്‍ വിവരിക്കുന്ന ഏഴാം ഉലകം ക്രൂരമായ ജീവിതാവസ്ഥയെക്കുറിച്ച് ഇന്‍ഡ്യന്‍ സാഹിത്യത്തില്‍ തന്നെയുള്ള ഒരു ക്ലാസ്സിക് ആണ് .നാന്‍ കടവുള്‍ “ എന്ന ചിത്രം ഈ നോവലിനെ ആസ്പദമാക്കിയെടുത്തതാണ് .

താന്‍ സിനിമാക്കാരനായത് എഴുത്ത് പോലെ അത് ജീവിതത്തിന്റെ അനിവാര്യമായ ഒരവസ്ഥയായത് കൊണ്ടല്ല , മറിച്ച് ഒരു തൊഴിലെന്ന രീതിയിലാണെന്ന് ജയമോഹന്‍ തന്നെ സമ്മതിക്കുന്നു . തമിഴ് സിനിമയുടെ കെട്ടിമേളങ്ങള്‍ക്കിടയില്‍ “നാന്‍ കടവുള്‍ “ പോലെ ക്രൂരമായ യാഥാര്‍ത്ഥ്യത്തെ അഭ്രപാളിയിലെത്തിക്കാന്‍ ‍ ധൈര്യമുണ്ടായത് അതിന്റെ രചന ജയമോഹന്‍ ആയത് കൊണ്ട് തന്നെയാണ് . നാന്‍ കടവുള്‍ “ എന്ന സിനിമ സീറ്റിലിരുന്ന് ആസ്വദിച്ച് കാണാനാവുന്ന ഒന്നല്ല . ഭിക്ഷാടന ബിസിനസ്സിന് വേണ്ടി “ചരക്കുകളെ” കൂടുതല്‍ അംഗവൈകല്യമുള്ളവരാക്കാനായി കൈ കാലുകള്‍ അടിച്ചൊടിക്കുന്നത് , കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുന്നത് അങ്ങനെ പലപ്പോഴും കണ്ണ് പൊത്തിപ്പോകുന്ന രംഗങ്ങളാണ് സിനിമയിലുടനീളം . ഭിക്ഷക്കാരുടെ വില ന്നിശ്ചയിക്കുന്നത് അവരുടെ അംഗവൈകല്യത്തിന്റെ തോതനുസരിച്ചാണ് ഈ ഇടപാടില്‍ അവരും ചരക്കുകളാണ് ,കൂടുതല്‍ വിചിത്രമായ രൂപഭാവങ്ങളുള്ള ചരക്കുകള്‍ക്ക് കൂടുതല്‍ പണം .നിരൂപകനായ ചാരുനിവേദിത പറഞ്ഞത് “നാന്‍ കടവുള്‍ “എന്ന സിനിമ ലോകോത്തരസിനിമക്ക് ഇന്‍ഡ്യന്‍ സിനിമയുടെ സംഭാവനയെന്നാണ് .നാന്‍ കടവുളില്‍ രജനീ കാന്തിനെ പ്രകടമായി പരിഹസിക്കുന്ന രംഗങ്ങളുണ്ടായിട്ടും രജനീകാന്ത് ആ സിനിമയെ പ്രശംസിച്ചതും ആ സിനിമ ഉയര്‍ത്തിയ വിഷയത്തിന്റെ സത്യസന്ധത കൊണ്ടാണ് . ജയമോഹന്റെ വാക്കുകളിലൂടെ സിനിമ ഒരു കവിത പോലെയോ ഒരു ചെറുകഥ പോലെയോ കാണാന്‍ നമുക്ക് കഴിയുമെന്നതിന്റെ ഉദാഹരണമാണ് “അങ്ങാടിത്തെരു “ എന്ന ചിത്രം . ചെന്നെയിലെ തിരക്കേറിയ ഊരു തുണിക്കടയിലെ രണ്ട് തൊഴിലാളികളുടെ പ്രണയത്തിന്റെയും ജീവിതത്തിന്റെയും കഥ ഒരു കവിത പോലെ നമുക്ക് ഈ സിനിമയില്‍ നിന്ന് വായിച്ചെടുക്കാം .


ജയമോഹന്റെ എഴുത്തിലെ വൈവിധ്യവും തീക്ഷ്ണതയും കൊണ്ട് ബൌദ്ധികമായി എത്ര ഉയര്‍ന്ന തലത്തില്‍ അദ്ദേഹം ചിന്തിക്കുന്നയാളാണ്എന്നിട്ടും അദ്ദേഹം തമിഴ് സാഹിത്യത്തില്‍ ജനകീയനാവുന്നത് നിരന്തരം അദ്ദേഹം നടത്തുന്ന സാമൂഹികമായ ഇടപെടലുകള്‍ കൊണ്ട് തന്നെയാണ് . ഒരു നോവലിന്റെ പേരില്‍ ഒരു ജനകീയ കൂട്ടായ്മയുണ്ടാകുന്നത് തമിഴ് സാഹിത്യത്തില്‍ ആദ്യമായിരിക്കും .ജയമോഹന്റെ വിഷ്ണുപുരത്തിനാണ് അതിന്റെ ക്രെഡിറ്റ് .കഴിഞ്ഞ 100 വര്‍ഷത്തിലെ തമിഴിലെ ഏറ്റവും മികച്ച കൃതിയെന്ന് എന്ന് അശോകമിത്രനും ലോകസാഹിത്യത്തിലെ തന്നെ ഏറ്റവും മികച്ച കൃതികളിലൊന്നെന്ന് ഇന്ദിരാ പാര്‍ത്ഥസാരഥിയും അതിനെ വിലയിരുത്തീ .മാജിക്കല്‍ റിയലിസം ഏറ്റവും നന്നായി ആവിഷ്കരിക്കപ്പെട്ട ഇന്‍ഡ്യന്‍ കൃതിയാണ് അതെന്ന് തമിഴ്സാഹിത്യത്തില്‍ ബിരുദാനന്തരബിരുദത്തിന് പഠിക്കുന്ന എന്റെ ഒരു സുഹൃത്ത് പറയുകയുണ്ടായി .പക്ഷെ മലയാള വിവര്‍ത്തനങ്ങള്‍ വരാത്തത് കൊണ്ട് തന്നെ ഇതൊന്നും വായിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടില്ല .

അധികമൊന്നും വായിക്കാത്ത ഒരു സാഹിത്യകാരന്‍ എങ്ങനെ എന്റെ ഫേവറിറ്റ് ലിസ്റ്റില്‍ വന്നുവെന്നുള്ളത് അല്‍ഭുതമാണ് .
നെടുമ്പാതയോരത്തിന് ശേഷം നിത്യ ചൈതന്യ യതിയെക്കുറിച്ചൊരു പുസ്തകം - പിന്നെ ഭാഷാപോഷിണിയില്‍ നിന്ന് വായിച്ച കുറച്ച് ലേഖനങ്ങള്‍ അത് മാത്രമാണ് ജയമോഹന്റേതായി ഞാന്‍ വായിച്ചത് . പക്ഷെ വര്‍ഷങ്ങള്‍ക്ക് ശേഷവും “നെടുമ്പാതയോരത്തില്‍ “ നിന്ന് അനുഭവിച്ച ഭാഷയുടെ മാസ്മരികപ്രഭാവം ഇപ്പോഴും മനസ്സിലുണ്ട് .