“ഇന്‍ഡ്യയില്‍ രണ്ട് തരം ഭരണകൂടങ്ങള്‍ മാത്രമാണുള്ളത് ഒന്ന് റിലയന്‍സ് അനുകൂലം മറ്റൊന്ന് റിലയന്‍സ് പ്രതികൂലം " .
ധീരുഭായി അംബാനിയുടെ ഉദയം
1950 കളില്‍ യമനിലെ ഏദന്‍ എന്ന തുറമുഖ പട്ടണത്തില്‍ അവിടത്തെ നാണയമായ റിയാലിന് അസാധാരണമാം വിധം ദൌര്‍ലഭ്യം ഏര്‍പ്പെട്ടു തുടങ്ങി .അവിടത്തെ നാണയങ്ങള്‍ ഇങ്ങനെ അപ്രത്യക്ഷമാകുന്നതിനെക്കുറിച്ചു അധികാരികള്‍ നടത്തിയ അന്വേഷണം ചെന്നെത്തിയത് ഏദനില്‍ ഒരു ഷിപ്പിങ്ങ് കമ്പനിയിലെ ഗുമസ്തനായിരുന്ന ഒരു ഇന്‍ഡ്യന്‍ ചെറുപ്പക്കാരനിലാണ് . റിയാലിലെ വെള്ളിയുടെ അംശം ആ നാണയത്തിന്റെ മൂല്യത്തെക്കാള്‍ അധികമാണെന്നു തിരിച്ചറിഞ്ഞ ആ ചെറുപ്പക്കാരന്‍ കിട്ടാവുന്നിടത്തോളം നാണയങ്ങള്‍ ശേഖരിച്ചു അതില്‍ നിന്ന് വെള്ളി ഉരുക്കി വിറ്റു നാണയത്തിന്റെ മൂല്യത്തെക്കാള്‍ അധികം പണം സമ്പാദിക്കുകയായിരുന്നു .ആരും സ്വപ്നം പോലും കാണാത്ത വഴികളിലൂടെ പണം സമ്പാദിക്കുക എന്നതൊരു ജനിതകഗുണമായി , രക്തത്തില്‍ പണത്തെ ആകര്‍ഷിക്കുന്ന ഒരു ഘടകമുള്ള ആ ചെറുപ്പക്കാരനായിരുന്നു ധീരുഭായ് അംബാനി . ആ ജന്മ ഗുണം ഗുജറാത്തി മോധ് ബനിയ എന്ന വൈശ്യ - വിഭാഗത്തിന്റെ പ്രത്യേകതയാണ് . .ഗുജറാത്തിയില്‍ ഒരു ചൊല്ലുണ്ട് - ഒരു മോധ്ബനിയ നിങ്ങള്‍ക്കു അതിഥിയായി എത്തുന്നതിലും ഭേദം നെറ്റിയില്‍ പാണ്ട് വരുന്നതാണ് എന്നു - അത്ര മാത്രം കൌശലക്കാരും ലാഭക്കണ്ണുള്ളവരുമാണ് അവരെന്നാണ് ആ ചൊല്ലിനര്‍ത്ഥം
1932 ല്‍ ഗുജറാത്തിലെ ചോര്‍വാഡാ [ചോര്‍വാഡ എന്നാല്‍ കള്ളന്മാരുടെ സ്ഥലം ] എന്ന ചെറുപട്ടണത്തിലാണ് ധീരജ് ലാല്‍ ഹിരാചന്ദ് അംബാനി എന്ന ധീരു ഭായി അംബാനി ജനിക്കുന്നത് . മോധ് ബനിയ സമൂഹത്തിലേക്കു ഓരോ കുട്ടിയും ജനിച്ചു വീഴുന്നതു കച്ചവടം ചെയ്യാനും പണം സമ്പാദിക്കാനും മാത്രമാണ് , ഹുണ്ടികളും പലിശയും കച്ചവടവുമായി സമ്പത്ത് കുമിഞ്ഞു കൂട്ടുക എന്നതാണ് ഇന്‍ഡ്യയിലെ ജൂതന്മാര്‍ എന്നു വേണമെങ്കില്‍ പറയാവുന്ന അവരുടെ ലക്ഷ്യം .മട്രിക്കുലേഷന് ക്ഴിഞ്ഞു മിഡില്‍ ഈസ്റ്റില്‍ ജോലിക്കു പോയി പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്‍ഡ്യയിലേക്കു തിരിച്ചു വരുമ്പോള്‍ പണം ഉണ്ടാക്കാന്‍ ലോകത്തു ഏറ്റവും എളുപ്പമുള്ള സ്ഥലം ഇന്‍ഡ്യയാണെന്നു അംബാനിക്കു ബോധ്യമായിട്ടുണ്ടായിരുന്നു .
ഭരണകൂട - മാധ്യമ - കോര്‍പ്പറേറ്റ് അച്ചു തണ്ട്
ഭരണ കൂടങ്ങളെ വിലയ്ക്കെടുത്തു തങ്ങള്‍ക്കനുകൂലമായ തീരുമാനങ്ങള്‍ സൃഷ്ടിക്കുക എന്നതായിരുന്നു ഒന്നുമില്ലായ്മയില്‍ നിന്നു സഹസ്ര കോടിയിലേക്കു കുതിക്കുവാന്‍ ധീരുഭായി അംബാനിയെ പ്രാപ്തനാക്കിയത് . അന്നും ഇന്നും ഗവണ്മെന്റുകളെ എങ്ങനെ നിയന്ത്രിക്കണമെന്നും സ്വാധീനിക്കണമെന്നും അംബാനിമാര്‍ക്കു നല്ല പോലെ അറിയാം .രാഷ്ട്രീയത്തിനും ഭരണകൂടത്തിനും ഒപ്പം തന്നെ കോര്‍പ്പറേറ്റ് തന്ത്രങ്ങള്‍ക്കു മാധ്യമങ്ങള്‍ കൂടി പങ്കു വഹിക്കുന്ന ഒരു രാഷ്ട്രീയ - മാധ്യമ - കോര്‍പ്പറേറ്റ് അച്ചുതണ്ടായിരുന്നു അംബാനിയുടെ എക്കാലത്തെയും തന്ത്ര പരമായ സമീപനം . അതിനു വേണ്ടി എപ്പോഴും ഒരു പറ്റം രാഷ്ട്രീയക്കാരെയും പത്രക്കാരെയും ചെല്ലും ചെലവും കൊടുത്തു അംബാനി നിലനിര്‍ത്തി ,അതില്‍ കക്ഷി രാഷ്ട്രീയ ഭേദമുണ്ടായിരുന്നില്ല . കോണ്‍ഗ്രസ്സിന്റെ പ്രണബ് മുഖര്‍ജിയും മുരളി ദിയോറയും ബി ജെ പി യുടെ പ്രമോദ് മഹാജനുമെല്ല്ലാം അംബാനി ആശ്രിത വത്സരരാക്കി വളര്‍ത്തിക്കൊണ്ടു വന്നതാണ് .ഏതു രാഷ്ട്രീയ കക്ഷി അധികാരത്തില്‍ വന്നാലും അതു റിലയന്‍സിന്റെ സ്വന്തം സര്‍ക്കാര്‍ ആയി മാറുന്ന കാഴ്ച നാം കണ്ടതാണ് . കോണ്‍ഗ്രസ്സ് ആകട്ടെ ബി ജെ പി ആകട്ടെ ഈ നിലയില്‍ മാറ്റമില്ലാത്ത വിധം സ്വാധീനം ചെലുത്താന്‍ തക്ക ആശ്രിത വത്സരരുടെ ഒരു നിര തന്നെ ഈ പാര്‍ട്ടികളില്‍ അംബാനിക്കുണ്ടായിരുന്നു . വാണിജ്യ എതിരാളികളെ രാഷ്ട്രീയമായി ആരോഗ്യകരമായ മത്സരങ്ങളിലൂടെ നേരിടുന്നതിലൊന്നും അംബാനി ഒരിക്കലും വിശ്വസിച്ചിരുന്നില്ല .രാഷ്ട്രീയമായും ഭരണകൂടങ്ങളെ സ്വാധീനിച്ചുമാണ് ബിസിനസ്സ് എതിരാളികളെ നേരിട്ടിരുന്നത് . വസ്ത്ര വ്യാപാര രംഗത്തു തുടങ്ങിയ ആ മത്സരത്തില്‍ അന്നത്തെ പ്രധാന എതിരാളിയായ ബോംബെ ഡയിങ്ങിന്റെ നുസ്ലി വാഡിയയെയും ഇത്തരത്തില്‍ ഭരണ കൂടങ്ങളുമായുള്ള സ്വാധീനമുപയോഗിച്ചു തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും രാഷ്ട്രീയത്തില്‍ ഒരു പാടു അഭ്യുദയ കാംക്ഷികളുണ്ടായിരുന്ന മാന്യനായ വ്യവസായിയായ നുസ്ലി വാഡിയയെ എളുപ്പം ഒതുക്കാനായില്ല [നുസ്ലി വാഡിയ മുഹമ്മദാലി ജിന്നയുടെ ചെറു മകനാണ് ] അവസാനം മുംബൈ അധോലോകത്തിലെ വാടക കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്താന്‍ പോലും ശ്രമിച്ചു . ഈ ഗൂഡാലോചനയുടെ വ്യക്തമായ തെളിവുകള്‍ സഹിതം റിലയന്‍സിന്റെ കീര്‍ത്തി അംബാനിയെ അന്നു പോലീസ് അറസ്റ്റ് ചെയ്തിരുന്നു .അതു പോലും ഇന്‍ഡ്യന്‍ എക്സ്പ്രസ് പത്രത്തിന്റെ നിരന്തര പ്രചരണം മൂലമായിരുന്നു .
റിലയന്‍സിനു അധോലോകവുമായുള്ള ബന്ധങ്ങള്‍ മുംബെയിലെ പത്രക്കാര്‍ക്കു അന്നേ സുപരിചിതമായിരുന്നെങ്കിലും ഒരു പത്രത്തിലും അതേക്കുറിച്ചു വാര്‍ത്ത വന്നില്ല , Paid Journalism ഉം Envelop journalism ഉം ഇന്‍ഡ്യന്‍ പത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചാരമാര്‍ജ്ജിച്ചതിനു പിന്നില്‍ ധീരുഭായി അംബാനിയായിരുന്നു .രാഷ്ട്രീയത്തിനും ഭരണകൂടത്തിനും ഒപ്പം തന്നെ കോര്‍പ്പറേറ്റ് വിജയങ്ങള്‍ക്കു മാധ്യമങ്ങള്‍ കൂടി പങ്കു വഹിക്കുന്ന ഒരു രാഷ്ട്രീയ - മാധ്യമ - കോര്‍പ്പറേറ്റ് അച്ചുതണ്ടായിരുന്നു അംബാനിയുടെ എക്കാലത്തെയും തന്ത്ര പരമായ സമീപനം .ടൈം ഓഫ് ഇന്‍ഡ്യയുടെ ഗിരി ലാല്‍ ജെയിനും ഇന്‍ഡ്യന്‍ എക്സ്പ്രെസ്സിന്റെ ഗോയങ്കയുമെല്ലാം ഈ വലയത്തിലുണ്ടായിരുന്നെങ്കിലും പിന്നീട് അംബാനിയുടെ അധോലോക പ്രവര്‍ത്തനത്തിന് സമാനമായ പ്രവര്‍ത്തനങ്ങളില്‍ വിയോജിപ്പു പ്രകടിപ്പിച്ചു കൊണ്ട് ഗോയങ്ക സ്വയം റിലയന്‍സിന്റെ ശത്രു പക്ഷത്തേക്കു മാറുകയായിരുന്നു . ഈ പിന്‍ മാറ്റത്തിനു ബോംബെ ഡയിങ്ങിന്റെ നുസ്ലി വാഡിയയോടുള്ള അനുഭാവവുമുണ്ടായിരുന്നു .ഈ വിയോജിപ്പാണ് പിന്നീടു ഇന്‍ഡ്യ കണ്ട ഏറ്റവും വലിയ കോറ്പറേറ്റ് - മീഡിയാ യുദ്ധത്തിനു കാരണം . രാം നാഥ് ഗോയങ്കയുടെ ഈ വിയോജിപ്പുകള്‍ പ്രകടമായി തന്നെ ഇന്‍ഡ്യന്‍ എക്സ്പ്രസ്സിലൂടെ വരാന്‍ തുടങ്ങി . റിലയന്‍സിന്റെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും കുറിച്ചു നിരവധി ലേഖനങ്ങള്‍ കൃത്യമായ തെളിവുകളോടെ ഇന്‍ഡ്യന്‍ എക്സ്പ്രെസ്സില്‍ തുടര്‍ച്ചയായി വന്നു കൊണ്ടിരുന്നു . ചാര്‍ട്ടേഡ് എക്കൌണ്ടന്റ്റും സ്വദേശി സാമ്പത്തിക വാദിയുമായ എസ്. ഗുരുമൂര്‍ത്തിയായിരുന്നു ഈ ലേഖനങ്ങളുടെയെല്ലാം പിന്നില്‍ . ഗുരുമൂര്‍ത്തിയുടെ ആദര്‍ശങ്ങളില്‍ റിലയന്‍സിനെപ്പോലുള്ള ഒരു വന്‍ കിട കമ്പനി രാജ്യത്തിന്റെ സാമ്പത്തിക സന്തുലിതാവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതായിരുന്നു .യഥാര്‍ത്ഥത്തില്‍ അതു ശരിയുമായിരുന്നു റിലയന്‍സിനെപ്പോലെ ഒരു കുത്തക ആഗോള വല്‍ക്കരണത്തിന്റെ ആനുകൂല്യം മുതലെടുത്തു ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയെ സോഷ്യലിസ്റ്റ് മിതത്വത്തില്‍ നിന്നു കാപിറ്റലിസ്റ്റ് വ്യവസ്ഥയിലേക്കു തള്ളി വിടുകയായിരുന്നു .അതിനെക്കുറിച്ചൊരു സാമ്പത്തികവിശകലനത്തിനോ സ്ഥിതി വിവര പഠനത്തിനോ ഇന്നു വരെ ഒരു ശ്രമവും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം . ഗുരുമൂര്‍ത്തിയുടെ ശ്രമങ്ങള്‍ ഒരു ദാവീദ് - ഗോലിയാത്ത് പോരാട്ടം തന്നെയായിരുന്നു , അതു കൊണ്ടു തന്നെ രാഷ്ട്രീയമായ ഭീഷണികള്‍ ഒരുപാടുണ്ടായി ഒരിക്കല്‍ ഗുരുമൂര്‍ത്തിയെ ഒരു വ്യാജ ആരൊപണത്തിന്മേല്‍ അറസ്റ്റ് ചെയ്യിക്കുക പോലുമുണ്ടായി . 1991 ല്‍ മരിക്കുന്നതു വരെ ഈ പോരാട്ടം തുടര്‍ന്നെങ്കിലും അംബാനിയെ തളര്‍ത്താന്‍ ഗോയങ്കയ്ക്കായില്ല . ആഗോള വല്‍ക്കരണത്തിന്റെ കാലത്തു അംബാനി ആര്‍ക്കും തൊടാനാകാത്തത്ര ഉയരത്തില്‍ ഭരണകൂടങ്ങളെ പോലും ഭരിക്കുന്ന സൂപ്പര്‍ പവര്‍ ആയി മാറിക്കഴിഞ്ഞിരുന്നു .
മുംബെയിലെ ആന്റിലയും ചേരികളും
മുംബെയിലെ ദാരിദ്ര്യത്തിന്റെ പുഴുവരിക്കുന്ന ചേരികള്‍ക്കു ബദലായി ആറായിരം കോടിയുടെ ആന്റിലയുടെ ആഡംബരം ഉണ്ടെന്നു നമ്മള്‍ ലോകത്തിന്റെ മുമ്പില്‍ ഞെളിഞ്ഞു നില്‍ക്കാന്‍ നോക്കുമ്പോള്‍ പണ്ടു തൊഴിലാളികളുടേതായിരുന്ന ചേരികള്‍ വേശ്യകളുടെതും ഗുണ്ടകളുടേതും മാത്രമായിത്തീര്‍ന്ന ഒരു ചരിത്രത്തില്‍ റിലയന്‍സിന്റെ പങ്ക് വിസമരിക്കാനാവില്ല സ്വാതന്ത്ര്യ പൂര്‍വ്വ ഭാരതം മുതല്‍ക്കെ മുംബെയില്‍ ചേരികളുണ്ട് , നിര്‍മ്മാണ തൊഴിലുകള്‍ക്കായി മറ്റു സ്ഥലങ്ങളില്‍ നിന്നു കൊണ്ടു വന്നിരുന്ന തുച്ഛ വേതനക്കാരായ നിര്‍മ്മാണ തൊഴിലാളികളുടെയും കോട്ടണ്‍ മില്‍ ജീവനക്കാരുടെയും അഭയമായിരുന്നു ചേരികള്‍ . അന്നു ചേരികളിലുള്ളവര്‍ വേശ്യകളും ഗുണ്ടകളുമായിരുന്നില്ല ,തൊഴിലാളികളായിരുന്നു . പിന്നീട് 80 കളിലാണ് റിലയന്‍സിന്റെ പോളിസ്റ്റര്‍ വിപ്ലവം കടന്നു വരുന്നത് .കോട്ടണ്‍ മില്ലുകളുടെ ടെക്നോളജി പരാജയപ്പെട്ടതാണ് പോളിസ്റ്റര്‍ വസ്ത്ര വ്യവസായവുമായി പിടിച്ചു നില്‍ക്കാനാവാത്തതെന്ന വിലയിരുത്തലുകള്‍ക്കപ്പുറത്തു റിലയന്‍സിന്റെ പോളിസ്റ്റര്‍ വ്യവസായത്തിനു അന്നത്തെ ഗവണ്മെന്റുകള്‍ അനര്‍ഹവും അസ്വാഭാവികവുമായ ഒരു പാടു ഇളവുകള്‍ നല്‍കിയിരുന്നു , ഇളവുകള്‍ മാത്രമായിരുന്നില്ല റിലയന്‍സിനു വേണ്ടി പ്രത്യേക നിയമ നിര്‍മ്മാണം പോലും നടത്തിയിരുന്നു .പോളിസ്റ്റര്‍ വസ്ത്ര വ്യവസായത്തിലെ അസംസ്കൃത വസ്തുവായ Purified Terephthalic Acid നെ പൊതു ഇറക്കു മതി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി വന്‍ തോതില്‍ നികുതി ഇളവ് ലഭിക്കുന്ന നിയമം അന്നത്തെ രാജീവ് ഗാന്ധി ഗവണ്മെന്റ് ഉണ്ടാക്കിയതു പോലും റിലയന്‍സിനു വേണ്ടി മാത്രമായിരുന്നു . ഇതു നികുതി വരുമാനത്തിന്മേല്‍ രാജ്യത്തിനു വന്‍ നഷ്ടം സൃഷ്ടിച്ചു എന്നു മാത്രമല്ല പോളിസ്റ്റര്‍ വ്യവസായത്തിനു കൃത്രിമമായ മുന്‍ തൂക്കം നല്‍കുന്നതിനും പരുത്തി വസ്ത്ര വ്യവസായത്തെ തകര്‍ക്കാനും വഴി വെച്ചു .അതു കൊണ്ടു തന്നെ ബോംബെയിലെ കോട്ടണ്‍ മില്ലുകളുടേതൊരു സ്വാഭാവിക മൃത്യു ആയിരുന്നില്ല , അതൊരു തരത്തില്‍ പറഞ്ഞാല്‍ റിലയന്‍സിന്റെ വളര്‍ച്ചയ്ക്കു വേണ്ടി നിര്‍മ്മാര്‍ജ്ജനം തന്നെയായിരുന്നു . 90 കളുടെ ആദ്യത്തില്‍ സംഭവിച്ച ആഗോള വല്‍ക്കരണവും നഷ്ടങ്ങള്‍ സൃഷ്ടിച്ച തൊഴിലാളി പ്രശ്നങ്ങളും മൂലം കോട്ടണ്‍ മില്ലുകള്‍ പൂര്‍ണ്ണമായും ഇല്ലാതായി ആ കെട്ടിടങ്ങള്‍ പുറമ്പോക്കിലെ അനാഥമായ കെട്ടിടങ്ങളായിത്തീര്‍ന്നു , തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ ചേരികളുടെ ദാരിദ്ര്യവുമായി സമരസപ്പെട്ടു വേശ്യകളും ഗുണ്ടകളുമായിത്തീരുകയായിരുന്നു .
അതു കൊണ്ടു തന്നെ കോട്ടണ്‍ മില്ലുകളുടേത് സ്വാഭാവിക മരണങ്ങളായിരുന്നില്ല , കുപ്രസിദ്ധമായ ചേരികളുടെ ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും റിലയന്‍സിനു ചെറുതല്ലാത്ത ഒരു പങ്കുണ്ട് .
2005 ല്‍ ഫ്രീ പ്രെസ്സ് ജേണല്‍ എന്ന മാസിക പുറത്തിറങ്ങിയിരുന്നു . അതിന്റെ ആദ്യ ലക്കത്തില്‍ തന്നെ റിലയന്‍സിന്റെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും ഭരണകൂടങ്ങളുടെ നയപരമായ തീരുമാനങ്ങള്‍ റിലയന്‍സിനു അനുകൂലമാക്കുന്ന രാഷ്ട്രീയ ഉപജാപങ്ങളെക്കുറിച്ചും അതു വഴി ഗവണ്മെന്റിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു വിശദമായ പഠനമായിരുന്നു ആ ലക്കം മുഴുവന്‍ . ഓഹരിക്കമ്പോളത്തില്‍ കൃത്രിമമായി ഇടപെടലുകള്‍ നടത്തി അതിന്റെ ഏറ്റക്കുറച്ചിലുകളെ ഫലപ്രദമായി തങ്ങള്‍ക്കനുകൂലമാക്കുന്ന ക്രമക്കേടുകളെക്കുറിച്ചൂ അന്നു തന്നെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു . ഷെല്‍ കമ്പനികളെ ഉപയോഗിച്ചു കൊണ്ടാണ് ഇത്തരത്തില്‍ കൃത്രിമമായി ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കുന്നത് [ A shell company is a company that exists but does not actually do any business or have any assets ]. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു ഡമ്മി കമ്പനി . ഓഹരി വിപണിയില്‍ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കാന്‍ , കള്ളപ്പണം ഒളിപ്പിക്കാന്‍, നികുതി വെട്ടിക്കാന്‍ ഇങ്ങനെ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്താന്‍ ഒരു ഷെല്‍കമ്പനി കൊണ്ടു പോലും സാധ്യമാണ് .ഇത്തരത്തില്‍ നൂറു കണക്കിനു ഷെല്‍ കമ്പനികളായിരുന്നു റിലയന്‍സിനുണ്ടായിരുന്നത് ഇങ്ങനെ . ഒരു രാജ്യത്തിന്റെ ഓഹരി വിപണിയെ മൊത്തമായി തന്നെ നിയന്ത്രിക്കാനും സ്വാധീനിക്കാനും കഴിയും . ഈ നൂറുകണക്കിനു ഷെല്‍ കമ്പനികളുടെ പേരും വിലാസവും അടങ്ങിയതായിരുന്നു ആ ലക്കം ഫ്രീ പ്രസ്സ് ജേണല്‍ . പക്ഷെ എന്തു കൊണ്ടോ മൂന്നു നാലു ലക്കങ്ങള്‍ക്കപ്പുറം ആ പ്രസിദ്ധീകരണം തുടര്‍ന്നില്ല .
നാട്ടുമ്പുറത്തു ഒരു ചൊല്ലുണ്ട് അട്ടയുടെ പൊക്കിള്‍ കണ്ടവന്‍ എന്നു , അതായിരുന്നു അംബാനി . തനിക്കെതിരെയുള്ള ഏതു ആരൊപണങ്ങളെയും നീക്കങ്ങളെയും എങ്ങനെ ഇല്ലാതാക്കണമെന്നു അംബാനിക്കറിയാമായിരുന്നു . കൃഷ്ണ ഗോദാവരി പ്രകൃതി വാതകം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കലഹങ്ങള്‍ക്കു ശേഷമാണ് വൈ എസ് രാജ ശേഖര റെഡ്ഡി ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത് , അതു പോലെ തന്നെ അരുണാചല്‍ പ്രദേശിലെ ജല വൈദ്യുത പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ അവിടെ സംരംഭകരായ സ്വകാര്യ കമ്പനികളില്‍ നിന്നു പദ്ധതികള്‍ റദ്ദ് ചെയ്യുമെന്നു താക്കീതു നല്‍കിയതിനു പിന്നാലെയാണ് മുഖ്യുമന്ത്രി ഡോര്‍ജി ഖണ്ടുവും വൈ എസ് രാജശേഖര റെഡ്ഡിയെ പോലെ സമാനമായ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ പെടുന്നതു , എല്ലാം യാദൃശ്ചികമാകാം പക്ഷെ എല്ലാ യാദൃശ്ചികതകളും അനുഗ്രഹമാകുന്ന , തൊട്ടതെല്ലാം പൊന്നാക്കുന്ന മിഡാസ് ആണ് അംബാനിമാര്‍ .
പ്രതിച്ഛായ സൃഷ്ടിക്കാനും തങ്ങള്‍ നല്‍കിയ നേട്ടങ്ങളും സംഭാവനകളും കൊണ്ടാണ് ഇന്‍ഡ്യയെന്ന രാജ്യം നില നില്‍ക്കുന്നതെന്നും സ്ഥാപിക്കാനായി ഒരു പാടു പണവും ഗവണ്മെന്റ് പ്രചരണങ്ങളും സംഘടിപ്പിക്കുന്നവരാണ് അംബാനിമാര്‍ . വലിയ രാഷ്ട്രീയവും സാമൂഹ്യ നീതിയുമെല്ലാം പറയുന്ന മണി രത്നം പോലും ഗുരു എന്ന സിനിമയിലൂടെ സൃഷ്ടിച്ച കള്ളത്തരവും ആ പ്രചരണമാണ് . കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി എന്നൊക്കെ നമുക്കു വെറും വാക്കില്‍ പറഞ്ഞു പോകാം അതില്‍ വലിയ ഗൌരവമൊന്നും കൊടുക്കണ്ട പക്ഷെ കളവും വഞ്ചനയും രാജ്യദ്രോഹവും നടത്തി അതിന്റെ നെറുകയില്‍ സിംഹാസനമുറപ്പിച്ചിരിക്കുന്ന ഒരു കുടുംബ വ്യവസായമാണ് ഇന്ന് ബിസിനസ്സ് സ്കൂളുകളില്‍ മാതൃകാ കേസ് സ്റ്റഡികളായി പരിഗണിക്കുന്നത് . എന്റര്‍പ്രനര്‍ ഷിപ്പിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ധീരു ഭായി അംബാനിയുടെയും മക്കളുടെയും കഥകള്‍ വാഴ്ത്തി വിവരിക്കുമ്പോളും ഒരു ഇന്‍ഡ്യക്കാരന്‍ ലോകത്തെ ഒന്നാം നമ്പര്‍ സമ്പന്നനായതില്‍ അഭിമാന വിജൃംഭിതരാകുമ്പോഴും അവര്‍ രാജ്യത്തോടും ജനങ്ങളോടും ചെയ്തതും ചെയ്യുന്നതും കൂടി ഓര്‍ക്കേണ്ടിയിരിക്കുന്നു .
അവലംബം .
1. The Polyester Prince: The Rise of Dhirubhai Ambani“
2. പരിണാമത്തിന്റെ ഭൂതങ്ങള്‍ - ആനന്ദ്
3.free pres Journal