Like

...........

Friday 31 May 2013

അഗ്രഹാരത്തില്‍ കഴുതൈ

മലയാള സിനിമയിലെ വിപ്ലവകാരിയായിരുന്നു ജോണ്‍ എബ്രഹാം ,ഒരു അവധൂതനെ പോല പരിഗണിക്കപ്പെടുന്ന സിനിമയിലെ ധിഷണാശാലി .ഒരു സൌഹൃദ സംഘത്തിലെ ലഹരിയുടെ ആധിക്യത്തില്‍ കാല്‍ വഴുതിയ ജോണ്‍ എബ്രഹാം മലയാള സിനിമക്കു നഷ്ടപ്പെട്ടിട്ട്  26 വര്‍ഷമാകുന്നു . ജോണുണ്ടായിരുന്നെങ്കില്‍ സൃഷ്ടിക്കുമായിരുന്ന സിനിമകളെ കുറിച്ചോ ജോണ്‍ എടുത്ത സിനിമകളെ കുറിച്ചോ ആധികാരികമായി എഴുതാന്‍ മാത്രമുള്ള അറിവെനിക്കില്ല . അഗ്രഹാരത്തില്‍ കഴുതൈ എന്ന സിനിമയായിരിക്കണം ജോണിന്റെ ഏറ്റവും കോലാഹലം സൃഷ്ടിച്ച സിനിമ , യാഥാസ്ഥിതിക ബ്രാഹ്മണ സമൂഹത്തിന്റെ മിഥ്യാഭിമാന ബോധത്തെയും അന്ധ വിശ്വാസത്തെയും കണക്കറ്റ് പരിഹസിച്ച ആ സിനിമ ഒരു പാട് എതിര്‍പ്പുകളും വിമര്‍ശനങ്ങളും നേരിട്ടു .എന്തിനു ദേശീയ പുരസ്കാരം ലഭിച്ചിട്ടു പോലും ഈ സിനിമ ദൂരദര്‍ശനില്‍ സം പ്രേക്ഷണം ചെയ്യാന്‍ സാധിക്കാത്ത വിധം വന്‍ പ്രതിഷേധങ്ങളുണ്ടായിരുന്നു . ദക്ഷിണേന്ത്യന്‍ ബ്രാഹ്മണരുടെ ഔദ്യോഗിക പത്രമെന്ന ഖ്യാതിയുള്ള “ഹിന്ദു” വില്‍ ഈ സിനിമക്കെതിരെ ആയിരക്കണക്കിനു കത്തുകളാണ് ലഭിച്ചതത്രെ , അതു പോലെ തന്നെ ഈ സിനിമയുടെ ദൂരദര്‍ശന്‍ ടെലി കാസ്റ്റിങ്ങ് നിര്‍ത്തിക്കാനായ അന്നത്തെ രാഷ്ട്രപതിക്കു മേല്‍ ബ്രാഹ്മണരില്‍ നിന്ന വന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു .  അതു കൊണ്ട് ഈ ഓര്‍മ്മ ദിനത്തില്‍ ജോണ്‍ എബ്രഹാം ' അഗ്രഹാരത്തില്‍ കഴുതൈ' എന്ന ചിത്രത്തിനു വേണ്ടി എഴുതിയ കഥാസാരം ഞാന്‍ പങ്കു വെക്കുന്നു.

---------------------------------------------------------------------------

അഗ്രഹാരത്തില്‍ കഴുതൈ'

 

പ്രെഫസര്‍ നാരായണസ്വാമി തനിക്ക്‌ ദീര്‍ഘകാല അവധി വേണമെന്ന്‌ പ്രിന്‍സപ്പലിനോട്‌ അപേക്ഷിക്കുന്നു. പ്രിന്‍സിപ്പല്‍ അവധി നിഷേധിക്കുന്നു. തന്റെ ചിന്നനെ' നോക്കാന്‍ വേറെ ആരുമില്ലെന്ന്‌ പറഞ്ഞ്‌ നാരായണസ്വാമി രാജിക്കത്തെഴുതി കൊടുത്തിട്ട്‌ പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും പുറത്തിറങ്ങുന്നു.
പ്രെഫസര്‍ വീട്ടിലെത്തിയ ഉടനെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തോട്‌ രാജി പിന്‍വലിക്കണമെന്ന്‌ അഭ്യര്‍ഥിക്കുനനു. യാത്ര പുറപ്പെടാനായി സാധനങ്ങളൊക്കെ കെട്ടിവയ്ക്കുന്നതിനിടയ്ക്ക്‌ പ്രെഫസര്‍ അവര്‍ക്ക്‌ മറുപടി കൊടുക്കുന്നു. താന്‍ വളര്‍ത്തുന്ന കഴുതക്കുട്ടിയുമായി ഉടനെ അദ്ദേഹം സ്വന്തം ഗ്രാമത്തിലേക്ക്‌ പോവുകയാണ്‌. കഴുതക്കുട്ടിയെ ഒരു കൂടയ്ക്കകത്താക്കി അദ്ദേഹം യാത്ര പുറപ്പെടുന്നു. തീവണ്ടിയില്‍ ഒന്നാം ക്ലാസ്‌ കംപാര്‍ട്ട്മെന്റിലെ സഹയാത്രക്കാര്‍ കഴുതക്കുട്ടിയെപ്പറ്റി പരിഹാസത്തോടെ അന്വേഷിക്കുന്നു.

ടിക്കറ്റ്‌ പരിശോധകന്‍ വരുന്നു. കഴുതക്കുട്ടിയെ ഒന്നാം ക്ലാസ്‌ കംപാര്‍ട്ട്മെന്റില്‍ കൊണ്ടുപോകാന്‍ പാടില്ലെന്ന്‌ പറയുന്നു. പ്രെഫസര്‍ താന്‍ വാങ്ങിയ സ്പെഷല്‍ പെര്‍മിഷന്‍ എടുത്തുകാണിക്കുന്നു. പിന്നീട്‌ ആരും എതിരു പറയുന്നില്ല. പ്രെഫസര്‍ തന്റെ സ്വന്തം ഗ്രാമത്തിലെത്തുന്നു. കഴുതക്കുട്ടി കൂടെയുള്ളതുകൊണ്ട്‌ ടാക്സി ഡ്രൈവര്‍മാര്‍ പരിഹസിക്കുന്നു. കൂടുതല്‍ ചാര്‍ജ്‌ ചോദിക്കുന്നു. പ്രെഫസര്‍ വിസമ്മതിക്കുന്നു. എന്നിട്ട്‌ ഒരു കാളവണ്ടിയില്‍ കഴുതക്കുട്ടിയും സാധനങ്ങളും എടുത്തുവച്ച്‌ വീട്ടിലേക്ക്‌ പോകുന്നു.

അച്ഛനും അമ്മയുടം സന്തോഷത്തോടെ അദ്ദേഹത്തെ സ്വീകരിക്കുന്നു. വണ്ടിക്കാരന്‍ കഴുതക്കുട്ടിയും സാധനങ്ങളുമെടുത്ത്‌ വീട്ടിനകത്ത്‌ വയ്ക്കുന്നു. പ്രെഫസര്‍ കുളിക്കാന്‍ പോകുന്നു. അദ്ദേഹത്തിന്റെ വൃദ്ധയായ അമ്മ സാധനങ്ങളുടെ കൂടെ ഒരു കൂടയ്ക്കകത്ത്‌ കഴുതക്കുട്ടി ഇരിക്കുന്നത്‌ കണ്ട്‌ ഞെട്ടുന്നു. പ്രെഫസറുടെ അച്ഛനെ വിളിച്ചുകാണിക്കുന്നു. അദ്ദേഹത്തിന്‌ അതു കണ്ടിട്ട്‌ വിഷമം തോന്നുന്നു. കുളിച്ചിട്ടു വന്ന ഉടനെ പ്രഫസര്‍ ആ കഴുതക്കുട്ടി തന്റെ വളര്‍ത്തുമൃഗമാണെന്ന്‌ അവരോട്‌ പറയുന്നു. 

പ്രെഫസറും അച്ചനും ഊണു കഴിക്കുന്നതിനിടയില്‍ സംഭാഷണം വീണ്ടും കഴുതക്കുട്ടിയിലേക്ക്‌ തിരിയുന്നു. അച്ഛനമ്മമാരുടെ ഇഷ്ടക്കേടിനെ വകവയ്ക്കാതെ പ്രെഫസര്‍ കഴുതക്കുട്ടിയെ വളര്‍ത്തുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. വയസ്സായ അച്ഛനും അമ്മയും പിന്നെ അതിനെപ്പറ്റി ഒന്നും പറയുന്നില്ല. പ്രെഫസര്‍ അമ്മയുടെ അടുത്ത്‌ ചോദിച്ച്‌ കഴുതക്കുട്ടിക്ക്‌ ചോറും സാമ്പാറും അവിയലും എടുത്തുകൊണ്ടു പോകുന്നു. കഴുതക്കുട്ടിക്ക്‌ ചോറു മാത്രം പോരാ. ചോറില്‍ നെയ്യൊഴിച്ച്‌ കൊടുക്കണമെന്ന്‌ അദ്ദേഹം പറയുന്നു. പ്രെഫസര്‍ തന്റെ മുറിയില്‍പ്പോയി കഴുതക്കുട്ടിക്ക്‌ ആഹാരം കൊടുക്കുന്നു. കഴുതക്കുട്ടിയുടെ മുഖം തുടച്ചിട്ട്‌ അദ്ദേഹം തന്നെ ഇലയെടുത്ത്‌ പുറത്തേക്കെറിയുന്നു. വേലക്കാരിപ്പെണ്ണ്‌ ഉമ മുറി വൃത്തിയാക്കുന്നു. അവള്‍ക്ക്‌ കഴുതക്കുട്ടിയോട്‌ സ്നേഹം തോന്നുന്നു. അതുകണ്ട്‌ പ്രെഫസര്‍ സന്തോഷിക്കുന്നു. കഴുതക്കുട്ടിക്ക്‌ ഉറങ്ങാന്‍ പ്രെഫസര്‍ പായ വിരിച്ചുകൊടുക്കുന്നു.

പ്രെഫസര്‍ കഴുതയെ വളര്‍ത്തുന്ന കാര്യമറിഞ്ഞ്‌ അഗ്രഹാരത്തിലുള്ളവരൊക്കെ കാണാന്‍ വരുന്നു. അതിനെ അഗ്രഹാരത്തില്‍ നിന്നോടിക്കണമെന്ന്‌ അവര്‍ നാരായണസ്വാമിയോട്‌ പറയുന്നു. പക്ഷേ നാരായണസ്വാമി അത്‌ സമ്മതിക്കുന്നില്ല. കഴുതക്കുട്ടിയോടു സ്നേഹമുള്ള ഒരേയൊരു ജീവി ഉമ മാത്രമാണെന്ന്‌ പ്രെഫസര്‍ക്ക്‌ ബോധ്യപ്പെടുന്നു. അഗ്രഹാരവാസികളുടെ വിരോധത്തെ വകവയ്ക്കാതെ പ്രെഫസറും ഉമയും കൂടെ കഴുതക്കുട്ടിയെ വളര്‍ത്തുന്നു. കഴുതക്കുട്ടി നന്നായിട്ടു വളരുന്നു. 

പ്രെഫസറുടെ ചേട്ടന്‍ ഒരു ബാങ്ക്‌ മാനേജരാണ്‌. അദ്ദേഹം ഭാര്യയുമായി നാട്ടില്‍ വരുന്നു. വീട്ടില്‍ കഴുത യെ വളര്‍ത്തുന്നത്‌ അവര്‍ക്ക്‌ രണ്ടുപേര്‍ക്കും ഇഷ്ടമല്ല. ചേട്ടനും അനിയനും തമ്മില്‍ വഴക്കിടുന്നു. അവസാനം പ്രെഫസര്‍ അമ്മയുടെയും അച്ഛന്റെയും നിര്‍ബന്ധത്തിനു വഴങ്ങി കഴുതക്കുട്ടിയെ അമ്പലത്തില്‍ നടയ്ക്ക്‌ ഇരുത്താനായി കൊണ്ടുവരുന്നു. പക്ഷേ ബ്രാഹ്മണര്‍ അതിനും സമ്മതിക്കുന്നില്ല. പ്രെഫസറും ബ്രാഹ്മണരും തമ്മില്‍ വാക്കുതര്‍ക്കം. 

കഴുതക്കുട്ടിയെ നോക്കിക്കൊള്ളാന്‍ ഉമയോട്‌ പറഞ്ഞിട്ട്‌ പ്രെഫസര്‍ യാത്ര പുറപ്പെടുന്നു. ഉമ കഴുതക്കുട്ടിയെ നന്നായിട്ടു നോക്കുന്നു. അതിനുവേണ്ടി അവള്‍ രാത്രിയിലും അമ്പലമുറ്റത്ത്‌ വരുന്നു. ആ സന്ദര്‍ഭം ഉപയോഗിച്ച്‌ ഒരാള്‍ സംഭോഗത്തിലേര്‍പ്പെടുന്നു. പിന്നീടെല്ലാ രാത്രികളിലും ഇതാവര്‍ത്തിക്കപ്പെടുന്നു. 

ഒരു ദിവസം ശാന്തിക്കാരന്‍ കഴുതയെ അടിച്ചോടിക്കാന്‍ ശ്രമിക്കുന്നു. കഴുത അയാളെ തൊഴിക്കുന്നു. അയാള്‍ താഴെ വീഴുന്നു. ഈ സംഭവം അഗ്രഹാരത്തില്‍ വലിയ ഒച്ചപ്പാടുണ്ടാക്കുന്നു. കഴുതയെ ഓടിക്കണമെന്ന്‌ എല്ലാവരും കൂടെ നിശ്ചയിക്കുന്നു. അവര്‍ ഒരു വെളുത്തേടനെ വിളിച്ച്‌ കഴുതയെ അവന്‌ കൊടുക്കുന്നു. കഴുതയെ കൊണ്ടുപോകുന്ന വെളുത്തേടനുമായി ഉമ വഴക്കിടുന്നു. പക്ഷേ പ്രയോജനമില്ല. വെളുത്തേടന്‍ കഴുതയെ കൊണ്ടുപോകുന്നു.

പ്രെഫസര്‍ യാത്ര കഴിഞ്ഞ്‌ ഗ്രാമത്തില്‍ തിരിച്ചെത്തിയ ഉടനെ കഴുതയെപ്പറ്റി അന്വേഷിക്കുന്നു. ഉമ നടന്നതൊക്കെ പ്രെഫസറോട്‌ പറയുന്നു. എന്നിട്ട്‌ അദ്ദേഹത്തെ വെളുത്തേടന്റെ അടുത്തേക്ക്‌ കൂട്ടിക്കൊണ്ടു പോകുന്നു. പ്രെഫസര്‍ കഴുതയെ വെളുത്തേടന്റെ അടുത്തുനിന്ന്‌ വാങ്ങിച്ച്‌, ഗര്‍ഭിണിയായ ഉമയെ കഴുതപ്പുറത്തിരുത്തി അഗ്രഹാരത്തിലേക്കു മടങ്ങുന്നു. കഴുത വീണ്ടും അമ്പലമുറ്റത്തെത്തുന്നു.

ഉമ കുടിലിലെത്തിയിട്ട്‌ ഛര്‍ദ്ദിക്കുന്നു. ഉമയുടെ മുത്തശ്ശി അതുകണ്ട്‌ ഉടനെ, അവള്‍ ഗര്‍ഭിണിയാണെന്ന്‌ മനസ്സിലാക്കുന്നു. അഗ്രഹാരത്തിലെ ബ്രാഹ്മണര്‍ വീണ്ടും എതിര്‍ക്കുന്നു. ഇപ്പോള്‍ ഉമ വീട്ടു ജോലി ചെയ്യാന്‍ വരുന്നില്ല. പകരം ഉമയുടെ മുത്തശ്ശി വരുന്നു. ഉമ വരാത്തതെന്താണെന്ന്‌ പ്രെഫസര്‍ ചോദിക്കുമ്പോള്‍, മുത്തശ്ശി വ്യക്തമായ ഉത്തരമൊന്നും പറയാതെ ഒഴിഞ്ഞുമാറുന്നു.

കഴുതക്കുട്ടിയെ പ്രെഫസര്‍ നേരിട്ട്‌ ശുശ്രൂഷിക്കുന്നു. ഉമ ഒരു കുഞ്ഞിനെ പ്രസവിക്കുന്നു. രാവിലെ അമ്പലത്തിലെത്തിയ ശാന്തിക്കാരന്‍ അമ്പലനടയില്‍ ഒരു കൊച്ചുകുഞ്ഞിന്റെ ശവം കിടക്കുന്നത്‌ കണ്ട്‌ ഞെട്ടുന്നു. ഗ്രാമത്തിലെ പ്രധാനികളെ വിളിച്ചുകാണിക്കുന്നു. ശവശരീരം മാറ്റിയിട്ട്‌ ശുദ്ധികലശം ചെയ്യുന്നു.

ഗ്രാമത്തിലെ പ്രധാനികള്‍ ചേര്‍ന്ന്‌ കഴുതയെ ഓടിക്കണമെന്ന്‌ നിശ്ചയിക്കുന്നു. ചില ആളുകളെ വിളിച്ച്‌ കഴുതെ ഓടിക്കാന്‍ ആജ്ഞാപിക്കുന്നു. അവര്‍ കഴുതയെ ഓടിച്ചിട്ട്‌ അടിച്ചു കൊല്ലുന്നു. 

വീണ്ടും ഒരു യാത്ര പോയിരുന്ന പ്രെഫസര്‍ തിരിച്ചെത്തുമ്പോള്‍ കുഞ്ഞിനും കഴുതയ്ക്കും എന്തോ വാങ്ങിച്ചുകൊണ്ടുവരുന്നു. ആ സാധനങ്ങളും കൊണ്ട്‌ ഉമയെ കാണുമ്പോഴാണ്‌ കുഞ്ഞും കഴുതയും മരിച്ച വിവരം അദ്ദേഹം അറിയുന്നത്‌. പ്രെഫസറുടെ അച്ഛനും അമ്മയും പശ്ചാത്തപിക്കുന്നു. 

അഗ്രഹാരത്തിലെ ബ്രാഹ്മണര്‍ക്ക്‌ ഉറങ്ങാന്‍ സാധിക്കുന്നില്ല. രാത്രിയില്‍ അവര്‍ കഴുതയുടെ കരച്ചില്‍ കേട്ട്‌ ഞെട്ടുന്നു. നാരായണസ്വാമിയുടെ ജ്യേഷ്ഠന്റെ ഭാര്യ രാത്രിയില്‍ വീട്ടിനു പുറത്തേക്ക്‌ വരുമ്പോള്‍ ഒരു കുന്നിന്റെ മുകളില്‍ കഴുതയുടെ രൂപം കണ്ട്‌ ഞെട്ടുന്നു. ഭര്‍ത്താവിനെയും പ്രെഫസറേയും പ്രെഫസറുടെ അച്ഛനമ്മമാരെയും വിളിച്ചുകാണിക്കുന്നു. ഈ വാര്‍ത്ത പെട്ടെന്ന്‌ അഗ്രഹാരം മുഴുവന്‍ പ്രചരിക്കുന്നു. കഴുതയുടെ രൂപം കാണാനായി എല്ലാവരും വരുന്നു. ചിലര്‍ക്ക്‌ കാണാം. ചിലര്‍ക്ക്‌ കാണാന്‍ സാധിക്കുന്നില്ല. 

പ്രഫസറുടെ ജ്യേഷ്ഠന്റെ ഭാര്യ ഗര്‍ഭിണിയാകുന്നു. എല്ലാവരും കുഞ്ഞിനെ കാണാന്‍ വരുന്നു. കഴുതയെപ്പറ്റി വാര്‍ത്ത ചുറ്റുമുള്ള ഗ്രാമങ്ങളിലൊക്കെ എത്തുന്നു. കഴുതയ്ക്ക്‌ ഒരമ്പലം പണിയണമെന്ന്‌ അവരെല്ലാവരും കൂടെ നിശ്ചയിക്കുന്നു. പ്രെഫസര്‍ ഗ്രാമം വിടുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. ഉമ പ്രെഫസറുടെ വീട്ടില്‍ വേലക്കാരിയായിരിക്കണം.

2. പ്രെഫസര്‍ക്ക്‌ അവിവാഹിതയായി ഒരു സഹോദരിയുണ്ടായിരിക്കണം. അവരുടെ വിവാഹാലോചന കഴുത കാരണം മുടങ്ങിയെന്നു വരാം.

3. പ്രെഫസര്‍ക്ക്‌ ഒരു വയസ്സായ സ്നേഹിതനുണ്ടായിരിക്കാം.

4. ഉമ ഗര്‍ഭിണിയാകുന്നതും നാരാണസ്വാമി യാത്ര പോകുന്നതും തമ്മില്‍ ബന്ധമുണ്ടായിരിക്കണം.

5. കഴുതയെ കേന്ദ്രബിന്ദുവാക്കി വേണം മറ്റു കഥാപാത്രങ്ങളും സംഭവങ്ങളും ചിത്രീകരിക്കാന്‍.

6. കഴുത, പ്രെഫസര്‍, ഉമ- പ്രധാന കഥാപാത്രങ്ങളായിരിക്കണം.

(കടപ്പാട്‌: ഭാഷാപോഷിണി)

 

[വളരെ മുമ്പ് ഫ്ലിക്കറില്‍ ഏതോ ഒര അജ്ഞാതന്‍ പോസ്റ്റിയ ഈ കുറിപ്പ് ഞാന്‍ എടുത്തു സൂക്ഷിച്ചു വെക്കുകയായിരുന്നു ,ആ കുറിപ്പ് ഇപ്പോള്‍ നെറ്റില്‍ എങ്ങും ശേഷിച്ചിട്ടില്ല ,അതു കൊണ്ട് തന്നെ ആ അജ്ഞാതന്‍ അജ്ഞാതനായി തന്നെ തുടരുന്നു , അദ്ദേഹത്തിനും കൂടി ഈ കുറിപ്പിന്റെ കടപ്പാട് ]

 

Monday 27 May 2013

മനുഷ്യനു ഒരു ആമുഖം .




“പൂര്‍ണ്ണവളര്‍ച്ചയെത്തും‌   മുമ്പ്  മരിച്ചു പോകുന്ന
ഒരേയൊരു ജീവിയാണ് മനുഷ്യന്‍!”. 


കുറെ കാലത്തെ ഇടവേളക്കു ശേഷമാണ് ഒരു നോവല്‍ വായിക്കുന്നത് , ഫിക്ഷനെഴുത്തിന്റെ   ആവര്‍ത്തന വിരസത കൊണ്ടും സമയമില്ലെന്ന മുട്ടാപ്പോക്കു കൊണ്ടും   വായന നോണ്‍ -ഫിക്ഷനിലേക്കു മാത്രമായി  ചുരുക്കുകയായിരുന്നു .സുഭാഷ് ചന്ദ്രന്റെ “മനുഷ്യനു ഒരു ആമുഖം “ മാതൃഭൂമിയില്‍ ഖണ്ടശയായി ഒന്നു രണ്ട്  അധ്യായങ്ങള്‍  വായിച്ചപ്പോഴെ  മനസ്സില്‍ ആഗ്രഹം തോന്നിയ കൃതിയാണ് .അങ്ങനെയാണ്  “മനുഷ്യനു ഒരു ആമുഖം “ വായിച്ചു തുടങ്ങിയത് . വായനയുടെ അന്ത്യത്തില്‍  തച്ചനക്കരയും അവിടത്തെ ജനങ്ങളും അയ്യമ്പിള്ളി തറവാടുമെല്ലാം ഒരു വായനാനുഭവമെന്നതിലുപരി  അവിസ്മരണീയമായ ,തീക്ഷ്ണത നിറഞ്ഞ ഒരു ജീവിതാനുഭവത്തെ അനുഭവിച്ചറിഞ്ഞ പോലെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് .  



ഒരു ദേശത്തിന്റെ ,ആ  ഭൂമികയുടെ അവകാശികളായ അതിലെ മനുഷ്യ ജന്മങ്ങളുടെ നോവും സന്തോഷവും വികാരവുമെല്ലാം എക്കാലത്തും എന്നെ ആകര്‍ഷിച്ചിട്ടുള്ള വായനാനുഭവങ്ങളാണ് .കുട്ടിക്കാലത്തു ടോം സോയറിന്റെയും ഹക്കിള്‍ ബറി ഫിന്നിന്റെയും  മിസ്സിസ്സിപ്പി നദീ തീരവും ,മാല്‍ ഗുഡിയും , കൌമാര കാലത്തു പൊറ്റെക്കാടിന്റെ അതിരാണിപ്പാടവും മാര്‍ക്കേസിന്റെ മാക്കൊണ്ടയും ഓ വി യുടെ ഖസ്സാക്കും ഒരു ഭ്രമമായി മനസ്സില്‍ കുടിയേറിയിട്ടുണ്ട് ,എന്തിന് ഖസ്സാക്കിന്റെ സാങ്കല്‍പ്പിക ലോകത്തോടുള്ള ഭ്രമം മൂത്ത് അതിന്റെ ഭൂമിശാസ്ത്ര മാതൃക തേടിപ്പിടിച്ചു ഒരു നട്ടുച്ച വെയില്‍ 100 കിലോ മീറ്ററിലേറെ തനിയെ  ബൈക്കോടിച്ച്   തസ്രാക്ക് എന്നൊരു പാലക്കാടന്‍ ഉള്‍ ഗ്രാമത്തിലെത്തി വെയിലിന്റെ ആവരണം പുതച്ച ശൂന്യമായ എന്റെ സ്വപ്ന ഭൂമി കണ്ട് നിരാശനാകേണ്ടി വന്നിട്ടുണ്ട്  .പക്ഷെ ഖസാക്ക് സൃഷ്ടിച്ച മതിഭ്രമം മാറാന്‍ അതൊന്നും പര്യാപ്തമായിരുന്നില്ല ,അതിപ്പോഴും വിടാതെ എന്റെ കൂടെത്തന്നെയുണ്ട് ,ചെതലിമലയുടെ താഴ്വാരങ്ങളും കരിമ്പന കൂട്ടങ്ങളും മൈമുന കണങ്കൈ വരെ കൈ തെറുത്തു കയറ്റി നടന്നിരുന്ന ഇടവഴികളും  -എന്നെ സംബന്ധിച്ചു അതെല്ലാം കണ്ടറിയാത്ത ഒരു ഭാവനയാണെങ്കില്‍  തച്ചനക്കര ഒരു യാഥാര്‍ത്ഥ്യമാണ് .


ഖസാക്കും ,മാക്കൊണ്ടയും അതിരാണിപ്പാടവും  അജ്ഞാതമായ ഒരു ദേശത്തെ പറ്റിയുള്ള  കൌതുകമായിരുന്നു   ശേഷിപ്പിച്ചിരുന്നതെങ്കില്‍ തച്ചനക്കര  എനിക്കു ചുറ്റുമുള്ള ഒരു ലോകത്തെയാണ് കാണിച്ചു തന്നത് ,ഞാന്‍ ജീവിച്ചിരുന്ന ഒരു ദേശവും , എനിക്കു ചുറ്റുമുള്ള  ആളുകളും , വളര്‍ച്ചയുടെ ഒരോ ഘട്ടത്തിലും ഞാന്‍ നേരിട്ട ജീവിതങ്ങള്‍ ,ഞാനനുഭവിച്ച വ്യഥകള്‍ ,ഞാന്‍ കണ്ട മനുഷ്യര്‍ - ഞാനൊരു ആത്മകഥയെഴുതിയാലെന്ന വണ്ണമെന്റെ ഉള്ളില്‍ തെളിഞ്ഞു എന്നെ ചുട്ടുപൊള്ളിച്ചു കൊണ്ടിരുന്നു . പ്രണയിനിയായ ആന്‍ മേരിയും  അവളോട് പങ്ക് വെക്കപ്പെട്ട അപകര്‍ഷതകള്‍ പോലും  വേദനയും സന്തോഷവും  നിറച്ചു കൊണ്ട് അസാധാരണാം വിധം സാദൃശ്യമുള്ളതായിരുന്നു  . ജിതേന്ദ്രന്‍ ആന്‍ മേരിക്കയച്ച കത്തുകളിലൊന്ന്  വെറുതെ ജീവിച്ചു പോകുന്ന  ജീവിതത്തിന്റെ വ്യര്‍ത്ഥതയെ കുറിച്ചാണ് .മനുഷ്യനു ഒരു ആമുഖത്തിന്റെ അന്തസത്തയും ഈ വരികളാണ് .


"ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമായ
മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട്
ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത
വംശവൃദ്ധിക്കുവേണ്ടിമാത്രം ചെലവിട്ട് ഒടുവില്‍ 
വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി
മരിച്ചുപോകുന്നതിനെയാണ് മനുഷ്യ ജീവിതം എന്നു
പറയുന്നതെങ്കില്‍, പ്രിയപ്പെട്ടവളേ,
മനുഷ്യനായി പിറന്നതില്‍ എനിക്ക്
അഭിമാനിക്കാന്‍ ഒന്നുമില്ല.”


 എന്റെ വൈയക്തികാനുഭവങ്ങള്‍ക്കുമപ്പുറം “മനുഷ്യനു ഒരു ആമുഖം “ മലയാളത്തിലെ എണ്ണം പറഞ്ഞ ഒരു നോവലായി അംഗീകരിക്കപ്പെടുന്നത് അതിന്റെ ശില്പചാതുരിയും ഭാഷാമികവും കൊണ്ടാണ് .പല തരത്തിലും വര്‍ണ്ണങ്ങളിലുള്ള നൂലുകള്‍ കൊണ്ട് ശ്രദ്ധാപൂര്‍വ്വം തുന്നിയെടുത്ത ഒരു  ഒരു ചിത്രകമ്പളമാണ് “ മനുഷ്യനു ഒരു ആമുഖം”.
അയ്യാട്ടുമ്പിള്ളിയെന്ന നായര്‍തറവാട്ടിലെ ഇള മുറക്കാരനാ‍യ ജിതേന്ദ്രന്റെ സ്വഗതാഖ്യാനമെന്ന മട്ടിലാണ് കഥ പറഞ്ഞു പോകുന്നത് . ജിതേന്ദ്രന്റെ  ജനനത്തിനു മുമ്പുള്ള തലമുറയും അതിന്റെ ശാഖോപശാഖകളും തച്ചനക്കരയിലെ ജനങ്ങളുമെല്ലാം ഓര്‍മ്മയുടെ  അടുക്കും ചിട്ടയോടും കൂടി ജിതേന്ദ്രന്റെ ബാല്യ കൌമാര യൌവനത്തിലൂടെ സഞ്ചരിച്ചു വാര്‍ദ്ധക്യത്തിന്റെ നിസ്സഹായതയില്‍ അവസാനിക്കുന്ന ഒരു ചരിത്രം   ക്രാഫ്റ്റിന്റെയും കാല്പനികതയുടെയും അതിവിദഗ്ദമായ ഒരു സങ്കലനമാണത് .


ഒരു എഴുത്തുകാരനെ വായനക്കാരന്‍ അംഗീകരിക്കുന്നത് അയാളുടെ എഴുത്തില്‍ ഒരു തനത് ശൈലി കണ്ടെത്തുമ്പോഴാണ് , സുഭാഷ് ചന്ദ്രന്റെ തന്റെ ആദ്യ നോവലില്‍ തന്നെ തനതായ ഒരു ആഖ്യാനശൈലി രൂപപ്പെടുത്തിയതായി കാണാം .വായനയുടെ ചിരപരിചിതത്വം കൊണ്ട്  ഇടയ്ക്കെപ്പോഴോ ജീര്‍ണ്ണിച്ച യാഥാസ്ഥിതിക നായര്‍ തറവാടിന്റെ ചിത്രീകരണത്തില്‍ എം ടി കടന്നു വരുന്നതായി തോന്നിയപ്പോഴേക്കും അതു തന്റേതായ ഒരു തലത്തിലേക്കു മാറ്റിയെഴുതാന്‍ സുഭാഷ് ചന്ദ്രനു കഴിഞ്ഞു , നായര്‍ മഹിമയും സവര്‍ണ്ണ ആഡ്യത്തവും പോലെയുള്ള വ്യാജ അഭിമാന ബോധത്തെ തകര്‍ത്തുകളയുന്ന ഒരു ഉല്പതിഷ്ണുത്വം  മനപ്പൂര്‍വ്വമായി തന്നെ എഴുത്തിലങ്ങഓളമിങ്ങോളം കഥാപാത്രങ്ങളായി വരുന്നുണ്ട് . 

മനുഷ്യനു ഒരു ആമുഖത്തിനു മുമ്പ് തന്നെ സുഭാഷ്  ചന്ദ്രന്റെ “തല്പവും “ മറ്റ്  ചെറുകഥകളും വായിച്ചിട്ടുണ്ട് , ഭാഷയുടെ തനിമയും ശൈലിയുടെ വ്യത്യസ്ഥതയും കൊണ്ട് ആകര്‍ഷണം തോന്നിയിട്ടുള്ള എഴുത്തായിരുന്നു അതെല്ലാം .എഴുതിത്തെളിഞ്ഞവര്‍ ആദ്യ നോവലിനായി തിരഞ്ഞെടുക്കുന്നതെപ്പോഴുമൊരു ദേശത്തിന്റെ കഥയാകുന്നത് അല്പംയാദൃശ്ചികത നിറഞ്ഞ ഒരു കൌതുകമാണ് . ഓ വി വിജയന്റെ ആദ്യ നോവല്‍ - ഖസ്സാക്കിന്റെ ഇതിഹാസമാകുന്നതും എന്‍ എസ് മാധവന്‍ എഴുതാനായി  ലന്തന്‍ ബത്തേരിയുടെ  ചരിത്രം തിരഞ്ഞെടുത്തതും അതു പോലെ സുഭാഷ് ചന്ദ്രന്‍ തച്ചനക്കരയുടെ വംശാവലിയുടെ കഥ പറയുന്നു .  പക്ഷെ സുഭാഷ് ചന്ദ്രന്‍  തന്റെ എഴുത്തില്‍ വലിയൊരു വെല്ലുവിളി നേരിടാന്‍ പോവുകയാണ് ,ആദ്യ നോവല്‍ ക്ലാസ്സിക്കായിത്തീരുന്ന എഴുത്തുകാര്‍ വലിയൊരു ഉത്തരവാദിത്തമാണ് തലയിലേറ്റുന്നത് , ഖസ്സാക്കിന്റെ കരിസ്മ കൊണ്ട് ഖസ്സാക്കിനെക്കാള്‍ മികച്ചതെന്നു നിരൂപകര്‍ അംഗീകരിച്ച കൃതികള്‍  എഴുതിയിട്ടും ഖസ്സാക്കിന്റെ നിഴലില്‍ അവയൊന്നും അത്ര മേല്‍ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ദുര്‍ വിധി ഓ വി വിജയനുണ്ടായിരുന്നു , അതാവര്‍ത്തിക്കാതിരിക്കട്ടെ എന്നാഗ്രഹമുണ്ട് .

പ്രിയപ്പെട്ട കഥാകാരാ ഈ കൃതി വായിച്ചിട്ടു ആസ്വാദകരില്‍ ചിലര്‍ സ്നേഹം കൊണ്ട് ജിതേന്ദ്രന്റെ പെണ്‍ മക്കള്‍ക്കായി പാലയ്ക്കാ മാലയും കമ്മലുമെല്ലാം പാരിതോഷികമായി അയച്ചുവെന്നു കേട്ടു ,എന്റെ കയ്യില്‍ തരാന്‍  വില പിടിപ്പുള്ള ദ്രവ്യങ്ങളും സമ്മാനങ്ങളുമില്ല ,ആത്മാര്‍ത്ഥമായ നന്ദിയുണ്ട് ,സ്നേഹമുണ്ട് ഇങ്ങനെയൊരു കൃതി തന്നതിനു  :)