
കുറ്റവിചാരണയുടെ “കാഫ്കേയിയന്‍ സിദ്ധാന്തം “ രൂപപ്പെടുത്തിയ ഫ്രാന്‍സ് കഫ്കയുടെ പ്രശസ്തമായ നോവലാണ് The Trial ഇതിലെ നായകന്‍ ഒരു പ്രതീകമാണ് ,ഭരണകൂടത്തിന്റെ ഗൂഡാലോചനയുടെയും അടിച്ചമര്‍ത്തലിന്റെയും ഫലമായി കടുത്ത നൈരാശ്യത്തോടെ ജീവിതമവസാനിപ്പിക്കേണ്ടി വന്ന ഒരു മനുഷ്യന്‍ .ഒരു സുപ്രഭാതത്തില്‍ അജ്ഞാതരായ അധികാരികള്‍ അകാരണമായി അയാളെ തടവിലാക്കുന്നു , .അയാള്‍ ചെയ്ത കുറ്റം എന്താണെന്ന് അയാളോടോ മറ്റുള്ളവരോടോ വ്യക്തമാക്കാതെ അയാള്‍ നിരന്തരം വിചാരണ ചെയ്യുപ്പെടുന്നു , അജ്ഞാതമായ അധികാരികള്‍ നടത്തുന്ന അശുഭാപ്തിയും അശരണതയും നിറഞ്ഞ ആ വിചാരണ ജീവിതത്തിനൊടുവില്‍ ആത്മഹത്യ ചെയ്യാന്‍ വിസമ്മതിക്കുന്ന അയാളെ അജ്ഞാതരായ ആ അധികാരികള്‍ കൊലപ്പെടുത്തുന്നു , അവസാന ശ്വാസത്തില്‍ അയാള്‍ തന്റെ ക്രൂരമായ വിധിയെ ഒരൊറ്റ വാക്കു കൊണ്ട് വിശേഷിപ്പിക്കുന്നു - ഒരു നായയെ പോലെ “.
അബ്ദു നാസര്‍ മദനി എന്ന മനുഷ്യന്റെ ദുര്‍ വിധിക്കു ആക്കം കൂട്ടിക്കൊണ്ട് ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആസൂത്രിതമായ ഗൂഡാലോചനയുടെ ഫലമായി വീണ്ടുമൊരു വിചാരണ പ്രഹസനം കൂടി അരങ്ങേറുമ്പോള്‍ , ഒറ്റപ്പെടലിന്റെ പീഡനങ്ങളുടെ , ആത്മ സംഘര്‍ഷങ്ങളുടെയെല്ലാം പാരമ്യത്തില്‍ ഒരു മനുഷ്യനെ അവശേഷിപ്പിച്ചു കൊണ്ട് കൊല്ലാക്കൊല ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അബ്ദു നാസര്‍ മദനി മുമ്പു പറഞ്ഞത് പോലെ ഇങ്ങനെ പീഡിപ്പിക്കുന്നതിനെക്കാള്‍ ഭേദം തൂക്കിക്കൊല്ലുന്നതാണ്
“ നിങ്ങളെന്തിനാണ് ഹേ ഇങ്ങനെ വൈകാരിക കുത്തിനിറച്ച വാക്കുകളാല്‍ നിയമത്തിന്റെ സ്വാഭാവിക നടപടി ക്രമങ്ങളെ അപലപിക്കണം ?നിയമത്തിനു അതിന്റേതായ നടപടി ക്രമങ്ങള്‍ ഉണ്ട് , അതു പാലിക്കേണ്ടത് ഏതൊരു പൌരന്റെയും കടമയാണ് . ഒരു സമുദായത്തെ മുഴുവന്‍ തീവ്രവാദ വല്‍ക്കരിച്ച ഭീകര വാദിയാണയാള്‍ , അയാളുടെ വിചാരണ തടവ് അയാള്‍ ചെയ്ത കുറ്റത്തിന് ലഭിച്ച ശിക്ഷ തന്നെയാണ് , അതു ചരിത്രത്തിന്റെ കാവ്യ നീതിയാണ് .
എന്റെ വാക്കുകള്‍ വായിക്കുന്നവര്‍ ഇങ്ങനെയോ ഇതിലും കടുത്ത വാക്കുകളിലോ പ്രതി വചിക്കാനിടയുണ്ടെന്നറിയാം . അതിന് എനിക്കു പറയാനുള്ള മറുപടി ഇതാണ് - കാവ്യ നീതിയോ ദൈവ വിധിയോ അനുസരിച്ചല്ല നമ്മുടെ നീതിന്യായ വ്യവസ്ഥ നില നില്‍ക്കുന്നത് , അതു ഭരണ ഘടനയും നിയമ സംഹിതകളും അനുസരിച്ചാണ് .അതു കൊണ്ടു തന്നെ ഒരു ജനാധിപത്യ മതേതര രാഷ്ട്രമായ ഇന്‍ഡ്യയില്‍ നീതിപൂര്‍വ്വകമായ ഒരു കുറ്റ വിചാരണക്കു കുറ്റവാളിയായി ആരോപിക്കപ്പെടുന്ന ഏതൊരു വ്യക്തിക്കും അവകാശമുണ്ട് .
ബാബറി മസ്ജിദ് ധ്വംസനത്തെതുടര്‍ന്നു രാജ്യത്തെമ്പാടും സൃഷ്ടിക്കപ്പെട്ട വര്‍ഗ്ഗീയ ധ്രുവീകരണത്തില്‍ തികഞ്ഞ മതേതരരായ കേരളീയ ജനതയെ കൂടി പങ്കാളി ആക്കി എന്നതാണ് മദനിയുടെ പേരിലുള്ള പ്രധാന കുറ്റം . അക്കാലങ്ങളില്‍ മുസ്ലീം യുവതയില്‍ പടര്‍ന്നു പിടിച്ച അരക്ഷിതാവസ്ഥയെയും അസഹിഷ്ണുതയെയും ഏകീകരിച്ചു ഒരു പ്രസ്ഥാനത്തിനുള്ളിലാക്കിയെന്നതു മാത്രമാണ് മദനി ചെയ്തത് .അതല്ലായിരുന്നെങ്കില്‍ ആ അസഹിഷ്ണുത മറ്റു മുഖ്യധാരാ പ്രസ്ഥാനങ്ങളില്‍ ഒളിഞ്ഞു പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗീയ വിഷ ബീജങ്ങളായി [ഇപ്പോള്‍ പകല്‍ ലീഗും രാത്രി എന്‍ ഡി എഫുമാകുന്ന മതേതര ലീഗ് പോലെ ] മുള പൊട്ടുമായിരുന്നു , അങ്ങനെ സൃഷ്ടിക്കപ്പെടുന്ന പ്രതിലോമകരമായ അവസ്ഥാ വിശേഷത്തിന്റെ വ്യാപ്തി ഇന്നുള്ള വര്‍ഗ്ഗീയ ധ്രുവീകരണത്തെക്കാള്‍ ഏറെ ഗൌരവതരമാകുമായിരുന്നു .അതിനു പകരം മുസ്ലീം അരക്ഷിതാവസ്ഥയുടെ ഫലമായി ഇത്തരമൊരു അസഹിഷ്ണുത നിറഞ്ഞ മത മൌലിക വാദം ഇവിടെ നില നില്‍ക്കുന്നുണ്ട് എന്നു പ്രകടമായ ഒരു സമ്മത പ്രകടനം മാത്രമായിരുന്നു മദനിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട ആ സംഘടനയിലൂടെ തെളിഞ്ഞു വന്നത് .അക്കാലങ്ങളില്‍ പുകഞ്ഞു നിന്ന ആ അസഹിഷ്ണുത മുഖ്യധാരയിലേക്കു പ്രചരിക്കുന്നതില്‍ നിന്നും മനപൂര്‍വ്വമല്ലാതെ തന്നെ തടഞ്ഞു നിര്‍ത്തുകയായിരുന്നു ചെയ്തത് .നീറി പുകയുന്ന അഗ്നിയാണ് ആളിക്കത്തിയൊടുങ്ങുന്നതിനെക്കാള്‍ അപകടകരം .
പീഡനപര്‍വ്വത്തിന്റെ രണ്ടാമൂഴം .
കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസില്‍ മദനിയുടെ പങ്കു ആരോപിച്ചു നീണ്ട പത്തു വര്‍ഷത്തെ വിചാരണ പീഡനങ്ങള്‍ക്കു ശേഷം മദനി പുറത്തു വന്നു ആ ദുരിതങ്ങളുടെ ഓര്‍മ്മകളില്‍ നിന്നു വിമുക്തനാകുന്നതിനു മുമ്പു തന്നെ വീണ്ടും അതേ വിധിയുടെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത് . ഒരു കുറ്റാരോപണത്തിന്റെ പേരില്‍ - കുറ്റത്തിന്റെ പേരിലല്ല , ആരോപണത്തിന്റെ പേരിലാണ് - ഒരു വ്യക്തിയെ തടവിലാക്കുകയും ഭരണകൂടത്തിന്റെയും രാജ്യത്തു നിലവിലുള്ള എല്ലാ നിയമ സംവിധാനങ്ങളെയും ഉപയോഗിച്ചു അന്വേഷണം നടത്തുകയും വിചാരണ ചെയ്യുകയും ചെയ്തിട്ടും അയാളെ കുറ്റവാളിയാക്കാന്‍ സാധിക്കാതെ വിചാരണ തടവെന്ന പേരില്‍ നീണ്ട പത്തു വര്‍ഷത്തെ കാരാഗൃഹ വാസം , ശാരീരിക മാനസിക പീഡനങ്ങള്‍ . ഒരു ഭരണ കൂടവും നീതി ന്യായ വ്യവസ്ഥയും ഒരു വ്യക്തിയുടെ നിരപരാധിത്വത്തിനു മുമ്പില്‍ പരാജയപ്പെട്ടിട്ടൂം വീണ്ടും അത് തന്നെ ആവര്‍ത്തിക്കുന്നത് ഒരു നീതിയുടെയും പേരില്‍ ന്യായീകരിക്കാനാവില്ല .
ബാങ്ക്ലൂരു സ്ഫോടനം .
2008 ജൂലായ് 25 തിയ്യതിയാണ് ബാങ്ക്ലൂരു നഗരത്തിനെ ഞെട്ടിച്ചു കൊണ്ട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ 9 സ്ഫോടനങ്ങള്‍ ഉണ്ടാകുന്നത് . ഏറ്റവും ജന സാന്ദ്രതയേറിയ പ്രദേശങ്ങളിലായിരുന്നു ഈ ഒമ്പതു സ്ഫോടനങ്ങളും നടന്നതെങ്കിലും ആരെയെങ്കിലും കൊല്ലാന്‍ പര്യാപ്തമായ ശക്തിയേറിയ സ്ഫോടനങ്ങള്‍ ആയിരുന്നില്ല ഇത് . low-intensity blast ആയിരുന്നു ഈ ഒമ്പതു സ്ഫോടനങ്ങളും .ഒന്നു ഭയപ്പെടുത്താനോ അല്ലെങ്കില്‍ സ്ഫോടനം ഉണ്ടായി എന്നു കാണിക്കാന്‍ വേണ്ടിയോ മാത്രമുള്ള “സ്ഫോടനങ്ങള്‍ “ മാത്രം . സ്ഫോടനം നടന്ന 2008 ലെ ജൂണ്‍ ജൂലായ് മാസങ്ങളില്‍ കാവേരി നദീ ജല തര്‍ക്കവുമായി ബന്ധപ്പെട്ടു കന്നഡിക - തമിഴര്‍ സംഘര്‍ഷം ശക്തമായി നില നിന്നിരുന്ന സന്ദര്‍ഭമായിട്ടു പോലും അന്വേഷണം അതിവേഗം “ഇസ്ലാമിക ഭീകരിലേക്കു “ തിരിച്ചു വിട്ടത് വളരെ ആസൂത്രിതമായിട്ടായിരുന്നു എന്നു ആദ്യ ദിനങ്ങളിലെ പ്രസ്താവനകള്‍ കൊണ്ടു മാത്രം നമുക്കു മനസ്സിലാക്കാമായിരുന്നു .കുറ്റം നടക്കുന്നതിനു മുമ്പു തന്നെ കുറ്റവാളിയെ സൃഷ്ടിക്കുന്ന രീതി ചരിത്രത്തില്‍ പല തവണ സംഭവിച്ചതുമാണ് . 2008 ല്‍ യെദിയുരപ്പയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ ഗവണ്മെന്റ് കര്‍ണ്ണാടകയില്‍ സ്ഥാനമേറ്റപ്പോള്‍ തന്നെ വിവരമുള്ള പലരും മദനിയുടെ ഭാവിയെക്കുറിച്ചു ഊഹിച്ചതാണ് .കാരണം കേരളത്തിലെ സംഘ പരിവാറിന്റെ എക്കാലത്തെയും ഏറ്റവും വലിയ ശത്രു മദനി തന്നെയാണ് .മദനിയെ ഒരു പാഠം പഠിപ്പിക്കുക എന്നത് അവരുടെ പ്രാഥമികമായ ആവശ്യമാണ് .ബാങ്ക്ലൂരു സ്ഫോടനത്തിന്റെ അന്വേഷണം സിമിയിലൂടെ , ഇന്‍ഡ്യന്‍ മുജാഹിദിനിലൂടെ അവസാനം മദനിയിലേക്കെത്തി , കൊടകിലെ ഇഞ്ചിത്തോട്ടത്തില്‍ തടിയന്റവിട നസീറുമായി ഗൂഡാലോചനയും ക്യാമ്പും നടത്തി മദനി ബാങ്ക്ലൂരു നഗരത്തില്‍ സ്ഫോടനം നടത്തി . മദനി തന്നെ അതു ചെയ്തത് ഒറ്റ നോട്ടത്തില്‍ തന്നെ അന്വേഷണോദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു !!! .
അങ്ങനെയാണ് ദിവസങ്ങളോളം നീണ്ട അനിശ്ചിതാവസ്ഥക്കും സംഘര്‍ഷങ്ങള്‍ക്കും അന്ത്യം വരുത്തിക്കൊണ്ട് അന്‍ വാറശേരിയില്‍ നിന്നു അനുയായികളുടെ പ്രതിഷേധങ്ങള്‍ക്കും വിലാപങ്ങള്‍ക്കുമിടയില്‍ നിന്നു 2010 august 17 ആം തിയ്യതി അബ്ദു നാസര്‍ മദനിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത് , ആ സംഭവം കഴിഞ്ഞിട്ടിപ്പോള്‍ ഒരു വര്‍ഷം തികയാറാകുന്നു .ഇതു വരെ ജാമ്യമോ കേസുമായി ബന്ധപ്പെട്ടു കോടതിയില്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ല . ബാങ്ക്ലൂരു സ്ഫോടന വിചാരണയും കോയമ്പത്തൂര്‍ സ്ഫോടന വിചാരണ കേസിന്റെ ഒരു തനിയാവര്‍ത്തനമാകുന്നതിന്റെ എല്ലാ ലക്ഷണങ്ങളും നിസ്സംഗമായ മനസ്സോടെ നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നു , കേട്ടു കൊണ്ടിരിക്കുന്നു .
എന്തു കൊണ്ട് മദനിയോട് ഐക്യദാര്‍ഡ്യം .
രാജ്യത്തു രണ്ടര ലക്ഷത്തോളം ആളുകള്‍ വിചാരണ തടവുകാരായി പല ജയിലുകളിലായി കഴിയുന്നുണ്ട് ഇവരോടൊന്നുമില്ലാത്ത ഒരു സഹതാപവും ഐക്യദാര്‍ഡ്യവും മദനിയോട് പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണ് ? മദനിയെന്താ അത്രക്കു പുണ്യാളനായിരുന്നു എന്നാണോ കരുതുന്നത് ?
മദനി ഒരു പ്രതീകമാണ് , നീതിനിഷേധത്തിന്റെ , ആസൂത്രിതമായ ഭരണ കൂട ഭീകരതയുടെ ഭീകരവാദത്തിന്റെ പേരില്‍ പീഡനമനുഭവിക്കപ്പെടുന്ന നിരപരാധികളായ നൂറു കണക്കിന് മുസ്ലീം യുവാക്കളുടെ ഒക്കെ പ്രതീകം . ഒരു വ്യക്തിയുടെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിപ്പിക്കപ്പെട്ടു , ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരാളാണ് മദനി . മദനി വര്‍ഗ്ഗീയത വമിപ്പിക്കുന്ന പ്രസംഗങ്ങള്‍ ചെയ്തിട്ടുണ്ട് ,ബാബറി മസ്ജിദ് ധ്വംസനത്തിനു ശേഷം മുസ്ലീം യുവാക്കളില്‍ ആ പ്രസംഗങ്ങള്‍ ഒരു വര്‍ഗ്ഗീയ ധ്രുവീകരണത്തിനു കാരണമായിട്ടുണ്ട് , ഇല്ലെന്നല്ല പക്ഷെ അതു കൊണ്ടു മാത്രം ഉടലെടുത്തതല്ല കേരളത്തിലെ ഇസ്ലാം യുവാക്കള്‍ക്കിടയില്‍ ഉണ്ടായ മത മൌലികവാദത്തോടുള്ള അഭിനിവേശം അതു ആ കാലഘട്ടത്തിന്റെ രാഷ്ട്രീയ സാമൂഹിക മാനങ്ങളുമായി ഏറെ ബന്ധപ്പെട്ടതാണ് .അതു കൊണ്ട് തന്നെ ആ ഭൂത കാലത്തിന്റെ മാറാലകളില്‍ ഒരാളെ പൊതിഞ്ഞു വെച്ചു പിന്നീടുള്ള ജീവിതം മുഴുവന്‍ അതുമായി ബന്ധപ്പെട്ടു ജീവിച്ചു കൊള്ളണമെന്നു പറയുന്നത് മനുഷ്യത്വമില്ലായ്മയാണ് .മാത്രമല്ല ഈ കുറ്റങ്ങള്‍ മറ്റാരും ചെയ്യാത്തതുമല്ല ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നത് തന്റെ വാഗ്മിത്വം വിനിയോഗിച്ചു പ്രകടമായി ചെയ്തു എന്നതാണ് മദനി ചെയ്ത തെറ്റ് . കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ നീണ്ട പത്തു വര്‍ഷത്തെ വിചാരണ തടവിനു ശേഷം നീതിപീഠം തന്നെ കുറ്റവിമുക്തനാക്കിയ ഒരാളാണ് മദനി . അയാള്‍ കുറ്റവാളിയായിരുന്നെങ്കില്‍ അതു തെളിയിക്കാനുള്ള എല്ലാ സാധ്യതകളും അന്നു ഉണ്ടായിരുന്നു .കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ എന്ന പോലെ തന്നെ ബാങ്ക്ലൂരു സ്ഫോടന കേസിലും വിചാരണ തടവിലൂടെ മദനിക്കു നീതി പീഠത്തിന്റെ മുന്നില്‍ കുറ്റം തെളിയിക്കാനുള്ള അവസരങ്ങള്‍ പരിമിതപ്പെടുത്തുകയാണ് കര്‍ണ്ണാടക പോലീസ് ചെയ്യുന്നത് .അന്വേഷണത്തിന്റെ പേരും പറഞ്ഞു നിരന്തരം നീട്ടി വെക്കുന്ന വിചാരണയിലൂടെ പരമാവധി സമയം ഒരാളെ തടവറക്കുള്ളില്‍ തളക്കാമെന്ന സിദ്ധാന്തം .എന്തു കൊണ്ടാണ് മദനിയെ കോടതിക്കു മുമ്പില്‍ ഹാജരാക്കാത്തത് ?
ആസൂത്രിതമായ കെണിയില്‍ പെടുത്തലിന്റെ തെളിവുകള്‍ .
കൊച്ചിക്കാരനായ ജോസ് വര്‍ഗീസ് ബാങ്ക്ലൂരു സ്ഫോടന കേസില്‍ പ്രധാന സാക്ഷിയാണെന്ന തിരിച്ചറിയുന്നത് ചാനല്‍ വാര്‍ത്തകളിലൂടെയാണ് അവിശ്വസനീയത നിറഞ്ഞ ഈ സാക്ഷി മൊഴിയില്‍ ജോര്‍ ജ് വര്‍ഗീസിനെ കൊണ്ട് ഒപ്പു വെച്ച സ്റ്റേറ്റ് മെന്റില്‍ ഇങ്ങനെ പറയുന്നു . മദനി താമസിച്ചിരുന്ന വീട്ടില്‍ വാടക വാങ്ങാന്‍ വന്ന ജോസ് വര്‍ഗ്ഗീസ് തടിയന്റവിട നസീറും അബ്ദു നാസര്‍ മദനിയും സംസാരിക്കുമ്പൊള്‍ “ബാങ്ക്ലൂര്‍” എന്നും “സ്ഫോടനം “ എന്നുമുള്ള വാക്കുകള്‍ കേള്‍ക്കാനിടയായി എന്നാണ് .അതീവ രഹസ്യ സ്വഭാവമുള്ള ഒരു “സ്ഫോടന പരമ്പര “ വാതിലും തുറന്നിട്ട് ഉമ്മറത്തു ചായയും കുടിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ വാടക വാങ്ങാന്‍ വന്ന വാടകക്കാരന്‍ കേല്‍ക്കുന്നു . എന്താ കഥ ? ഒരു മൂന്നാം കിട കുറ്റാന്വേഷണ സിനിമയില്‍ പോലും ഇത്രക്കു “ലോജിക്ക്” ഇല്ലാത്ത വാദഗതികള്‍ നില നില്‍ക്കില്ല. പക്ഷെ കര്‍ണ്ണാടക പോലീസ് അതും ചെയ്തു .
ജോസ് വര്‍ഗീസും മദനിയുമായുള്ള ഏകബന്ധം ജോസ് വര്‍ഗീസിന്റെ സഹോദരിയുടെ ഉടമസ്ഥതതയില്‍ കൊച്ചിയില്‍ ഉള്ള ഒരു വീട്ടില്‍ മദനി അല്പ കാലം വാടകക്കാരനായി കഴിഞ്ഞു കൂടിയിട്ടുണ്ട് എന്നത് മാത്രമാണ് .2010 ജനുവരി ആറാം തിയതി ജോസ് വര്‍ഗീസിന് ഓംകാരയ്യാ എന്ന കര്‍ണ്ണാടകാ പോലീസിലെ ഒരു Deputy Commissioner കന്നട ഭാഷയില്‍ ഉള്ള ഒരു സാക്ഷ്യ പത്രത്തില്‍ ഒപ്പു വെപ്പിക്കുകയായിരുന്നു .ഇതില്‍ എന്താണെന്നറിയാതെ ഒപ്പു വെക്കില്ലെന്നു പറഞ്ഞപ്പോള്‍ ഇതു തെളിവെടുപ്പിനിടെയുള്ള വെറുമൊരു ഔപചാരിക നടപടിയാണെന്നു പറഞ്ഞു നിര്‍ബന്ധിച്ചായിരുന്നു ഒപ്പു വെപ്പിച്ചത് .
മദനി കുറ്റക്കാരനാണോ അല്ലയോ എന്നറിയില്ല പക്ഷെ ഇത്തരം സംഭവങ്ങള്‍ നേരില്‍ കാണുമ്പോള്‍ മദനിയെ മനപൂര്‍വ്വം കുടുക്കുകയാണൊ എന്നു താന്‍ സംശയിക്കുന്നു , തന്നെ തെറ്റിദ്ധരിപ്പിച്ചാണ് അത്തരമൊരു പ്രസ്ഥാവനയില്‍ ഒപ്പു വെപ്പിച്ചതെന്നും താന്‍ തടിയന്റവിട നസീറിനെ കണ്ടിട്ടില്ല എന്നും ജോസ് വര്‍ഗ്ഗീസ് പറയുന്നു . ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചു കൊണ്ട് കോടതിയില്‍ ഒരു സ്വകാര്യ അന്യായം ഫയല്‍ ചെയ്തിട്ടുണ്ട് . [ജോസ് വര്‍ഗീസ് ഒരു പി ഡി പി കാരനോ ഇസ്ലാമിക തീവ്രവാദിയോ അല്ല ]
മദനിക്കു ജാമ്യം നിഷേധിക്കാനായി കോടതിയില്‍ ഹാജരാക്കപ്പെട്ട തെളിവുകളില്‍ പ്രധാന സാക്ഷി മൊഴികള്‍ നല്‍കിയിരിക്കുന്നത് മൂന്നു പേരുടേതാണ് . ജി പ്രഭാകര്‍ , യോഗാനന്ദ് , റഫീക് കെ ബി . ഇതില്‍ യോഗാനന്ദ് - കുടകിലെ ഒരു സാധാരണ ബി ജെ പി പ്രവര്‍ത്തകനാണ് തെഹല്‍ക്കാ .കോമിലെ ലേഖിക ആയ ഷാഹിനാ കെ കെ നടത്തിയ ഒരന്വേഷണത്തില്‍ യോഗാനന്ദില്‍ നിന്നു വെളിപ്പെട്ടത് മദനിയുടെ കേസുമായാണ് അയാള്‍ ബന്ധപ്പെട്ടിരിക്കുന്നതെന്ന് അപ്പോഴാണ് അയാള്‍ക്കു മനസ്സിലാകുന്നത് . ഈ അന്വേഷണം നടക്കുന്നതിനിടെ പുറത്തു നിന്നു പത്രലേഖകര്‍ സ്ഥലത്തെത്തി എന്നറിഞ്ഞ ലോക്കല്‍ പോലീസ് അസ്വാഭാവികമായ വിധത്തില്‍ പരിഭ്രാന്തരാവുകയും ടെഹല്‍ക്കാ ടീമിനെ നിര്‍ബന്ധിച്ചു തിരിച്ചയക്കുകയുമായിരുന്നു .അതിര്‍ത്തി കടത്തി വിട്ട ടെഹല്‍ക്കാ ടീം മറ്റൊരു വാഹനത്തില്‍ തിരിച്ചെത്തി മറ്റൊരു സാക്ഷിയായ റഫീക്കിനോടു സംസാരിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് - ഉസ്താദിന്റെ പേരു പറയാന്‍ വേണ്ടി മാത്രം ഇലക്ട്രിക് ഷോക്കു പോലെയുള്ള കടുത്ത ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നുവെന്നാണ് .മദനി കുറ്റവാളിയോ നിരപരാധിയോ എന്നു നമുക്കറിയില്ല പക്ഷെ അതറിയാമെന്നും മദനിയാണ് ബാങ്ക്ലൂരു സ്ഫോടനം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നും “അന്വേഷിച്ചു “ കണ്ടെത്തിയ കര്‍ണ്ണാടക പോലീസെന്തിന് ഈ കൃത്രിമ സാക്ഷികളെ , കൃത്രിമ തെളിവുകളെ ഉണ്ടാക്കണം ?
കര്‍ണ്ണാടക പോലീസ് സൃഷ്ടിച്ചെടുത്ത സാക്ഷികളില്‍ ടെഹല്‍ക്കാ .കോം അന്വേഷണം പൂര്‍ത്തിയാക്കി എന്നു മനസ്സിലാക്കിയ ലോക്കല്‍ പോലീസ് ഉടനെ തന്നെ സ്ഥലത്തെത്തി ടെഹല്‍ക്കാ റിപ്പൊര്‍ട്ടറായ ഷാഹിനയെ അറസ്റ്റ് ചെയ്യുകയായിരുന്നു .ഷാഹിനയുടെ പേരില്‍ ആരോപിപ്പിക്കപ്പെട്ട കേസ് - സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കാന്‍ ശ്രമിക്കുന്നു എന്ന് . അന്യ സംസ്ഥാനത്തു , മറ്റൊരു ഭാഷ സംസാരിക്കുന്ന ഒരു സ്ഥലത്തു ഒരു സ്ത്രീ തനിയെ ചെന്നു ഒരു നിര്‍ണ്ണായകമായ കേസിലെ സാക്ഷികളെ മൊഴി മാറ്റിക്കാന്‍ ശ്രമിക്കുന്നു . എന്തൊരു കേസാണിത് ???ഷാഹിന ഒരു ഭീകര വാദിയാണെന്നായി പിന്നീട് പോലീസ് വാദം . ടെഹല്‍ക്കയുടെ ഐഡന്റിറ്റി കാര്‍ഡ് കാണിച്ചിട്ടും ടെഹല്‍ക്കാ എഡിറ്ററുമായി സംസാരിച്ചിട്ടു പോലും ഷാഹിനയെ തീവ്രവാദ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയായിരുന്നു , . ഇതൊക്കെ നടക്കുന്നത് ഒരു ജനാധിപത്യ രാജ്യമായ ഇന്‍ഡ്യയില്‍ ,ജനപ്രതിനിധികള്‍ ഭരിക്കുന്ന ഒരു സംസ്ഥാനത്താണെന്നോര്‍ക്കണം . മറ്റൊരു പത്ര പ്രവര്‍ത്തകനും ഇനി അത്തരമൊരു അന്വേഷണത്തിനു കടന്നു ചെല്ല്ലാന്‍ പറ്റാത്ത വിധത്തില്‍ ഭീകരവാദി മുദ്ര പതിപ്പിച്ച വലിയ ഭീതിയുടെ ആവരണം ഈ കേസിലുണ്ട് .ഷാഹിനക്കു ആ കേസില്‍ ജാമ്യം ലഭിച്ചത് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാത്രമാണ് .അതായത് ബാങ്ക്ലൂര്‍ സ്ഫോടന കേസിനെ സംബന്ധിച്ചോ അതില്‍ മദനിയുടെ പങ്കിനെക്കുറിച്ചോ കര്‍ണ്ണാടക സര്‍ക്കാര്‍ അല്ലാതെയുള്ള മറ്റൊരന്വേഷണവും അവര്‍ വെച്ചു പൊറുപ്പിക്കില്ല , സ്വതന്ത്രമായ ഒരന്വേഷണത്തിനു പകരം അവര്‍ മുന്‍ കൂട്ടി നിശ്ചയിച്ച കുറ്റവാളികളെ മാത്രം അവതരിപ്പിക്കുന്നു അവരെ ശിക്ഷക്കു വിധിക്കുന്നു . ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ മദനിയെ ആസൂത്രിതമായി കുടുക്കുകയായിരുന്നു വിശ്വസിക്കാനാണ് കൂടുതല്‍ സാധ്യത .
മനുഷ്യാവകാശ ലംഘനങ്ങള്‍ .
മദനിയുടെ കേസില്‍ നടന്നു കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ തോത് വളരെ വലുതാണ് . കേസിന്റെ ഗതി അകാരണമായി നീട്ടിക്കൊണ്ടു പോകുന്നു എന്നതാണ് അതില്‍ ഏറ്റവും പ്രധാനം . മദനിയെപ്പോലെ ശാരീരികാസ്വസ്ഥതകള്‍ നേരിടുന്ന ഒരാള്‍ക്കു ജാമ്യം പോലും അനുവദിക്കാതെ വിചാരണ തടവുകാരനായി നില നിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി പ്രോസിക്യൂഷന്‍ അന്വേഷണങ്ങള്‍ക്കും രേഖകള്‍ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ സാവകാശം എടുക്കുന്നു . വിചാരണ തടവില്‍ സുരക്ഷാ കാരണങ്ങളുടെ പേരില്‍ 24 മണിക്കൂറും ലൈറ്റ് ഓഫാക്കാതെയുള്ള ഒരു മുറിയിലാണ് മദനിയെ പാര്‍പ്പിച്ചിരിക്കുന്നത് . സ്വസ്ഥമായി ഉറങ്ങാനോ മറ്റു സ്വകാര്യാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനോ പോലും പറ്റാത്ത അവസ്ഥ .വികലാംഗനും സ്പോണ്ടിലോസിസ് രോഗ ബാധിതനുമായ ഒരാള്‍ക്കു കൊടുക്കേണ്ട യാതൊരു പരിഗണനയും ജയിലില്‍ മദനിക്കു ലഭിക്കുന്നില്ല .
മദനി ഒരു ഇന്‍ഡ്യന്‍ പൌരന്‍ എന്ന നിലയില്‍ സ്വതന്ത്രവും നീതിപ്പൂര്‍വ്വവുമായ ഒരു വിചാരണ അര്‍ഹിക്കുന്നുണ്ട് . അത്തരമൊരു വിചാരണയില്‍ മദനി കുറ്റക്കാരനാണെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടട്ടെ അതിലാര്‍ക്കും എതിര്‍പ്പില്ല .മദനിയുടെ ജാമ്യാപേക്ഷ നിരസിക്കാന്‍ കോടതിക്കു മുമ്പില്‍ പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച ഒരു തെളിവ് - മദനിയുടെ അറസ്റ്റിനോടനുബന്ധിച്ച അനുയായികളുടെ അതി വൈകാരികത നിറഞ്ഞ ആര്‍പ്പു വിളികളുടെ വീഡിയോ ആയിരുന്നു .ഇത്തരത്തില്‍ ഒരു പ്രത്യേക മത വിഭാഗം ഹിസ്റ്റീരിയാ ബാധിതരെ പോലെ ഉറഞ്ഞു തുള്ളുന്നുവെങ്കില്‍ മദനിക്കു ജാമ്യം കൊടുത്താലുള്ള അപകടത്തെക്കുറിച്ചാണ് പ്രോസിക്യൂഷന്‍ വാദിച്ചത് . അതു കൊണ്ട് തന്നെ മദനിയുടെ വിഷയം ഒരു മതാവകാശ പ്രശ്നം എന്നതിലുപരി മനുഷ്യാവകാശ പ്രശ്നം എന്ന നിലയിലാണ് ഉയര്‍ത്തിക്കൊണ്ടു വരേണ്ടത് . കുറെ “മാപ്ലാര് “ സംഘം ചേര്‍ന്നു അതി വൈകാരികത നിറഞ്ഞ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനു പകരം പൊതു സമൂഹത്തിന്റെ ഇടപെടലുണ്ടാകുന്നതിനു വേണ്ടിയാണ് ശ്രമിക്കേണ്ടത് .മറ്റൊരു സംസ്ഥാനത്തിന്റെ നിയമ പരിധിയിലുള്ള ഒരു കേസിനെ സംബന്ധിച്ചു കേരളത്തില്‍ സെമിനാറും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നതിനു പകരം കേരളാ ഗവണ്മെന്റ് മദനിയുടെ കാര്യത്തില്‍ നീതിപൂര്‍വ്വകമായ ഒരു വിചാരണക്കു വേണ്ടി സര്‍ക്കാര്‍ തലത്തില്‍ തന്നെ ആവശ്യപ്പെടുകയാണ് വേണ്ടത് . . ഓരോരോ തിരഞ്ഞെടുപ്പിനും മദനിയുടെ സഹായം തേടിയ നിരവധി നിയമ സഭാ സാമാജികര്‍ ഇരു മുന്നണികളിലും ഉണ്ട് .അതിനു സാധിക്കുന്നില്ലെങ്കില്‍ മദനി പറഞ്ഞതു പോലെ അദ്ദേഹത്തെ തൂക്കിക്കൊല്ലാനുള്ള എന്തെങ്കിലും വഴിയാണ് നമ്മള്‍ തേടേണ്ടത് .കാഫ്കേയിയന്‍ കുറ്റ വിചാരണയിലെ വെറുമൊരു നായയായി ഒരു മനുഷ്യനെ അവസാനിപ്പിക്കുന്നതിനെക്കാള്‍ ന്യായമാണ് ആ വിധി .