
ഇച്ഛിച്ചിടുമ്പോള്‍ മരിക്കാന്‍ കഴിഞ്ഞെങ്കി-
ലെത്ര മധുരമായി തീര്‍ന്നേനെ ജീവിതം
- ചങ്ങമ്പുഴ
2011 മാര്‍ച്ച് ഏഴാം തിയ്യതിയില്‍ സുപ്രീം കോടതി പിങ്കി വിരാനിയെന്ന പത്രപ്രവര്‍ത്തക സമര്‍പ്പിച്ച ഒരു ദയാവധ ഹര്‍ജിയില്‍ വിധി നിര്‍ണ്ണയിക്കുമ്പോള്‍ ഹര്‍ജിക്കനുകൂലമായ വിധി വരണമെന്നായിരുന്നു എന്റെ ആത്മാര്‍ത്ഥമായ ആഗ്രഹം .ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത , എനിക്ക് നേരിട്ട് പരിചയമില്ലാത്ത ഒരു സ്ത്രീ മരിച്ച് കാണാന്‍ മാത്രം ഞാനും അരുണയെന്ന മനുഷ്യജീവനും തമ്മിലെന്തെന്ന് ചോദിച്ചാല്‍ ജീവിതത്തെ ഏറെ സ്നേഹിക്കുന്ന ഒരാള്‍ എന്നത് മാത്രമാണ് അങ്ങനെ ആഗ്രഹിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത് .
അരുണാ ഷാന്‍ബാഗ് എന്ന സ്ത്രീ നിങ്ങളെപ്പോലെ തന്നെ എനിക്കും അജ്ഞാതയാണ് .37 വര്‍ഷങ്ങള്‍ക്ക് മുമ്പ് കിങ്ങ് എഡ്വേഡ് ഹോസ്പിറ്റലിലെ ചുറുചുറുക്കുള്ള നഴ്സ് , ജീവിതത്തിന്റെ എല്ലാ സൌന്ദര്യവും യൌവനത്തിന്റെ പ്രസരിപ്പും നിറഞ്ഞ് നിന്ന ഒരു പെണ്‍കുട്ടി ,ഔദ്യോഗികൃത്യ നിര്‍വ്വഹണത്തില്‍ നിഷ്കര്‍ഷ പുലര്‍ത്തിയത് കാരണം ഒരു കീഴ്ജീവനക്കാരനായ ഒരു നരാധമനില്‍ നിന്ന് നേരിടേണ്ടി വന്ന ക്രൂരതയില്‍ പൊലിഞ്ഞ് പോയ ജീവിതം .
ഹോസ്പിറ്റലിലെ ബേസ്മെന്റില്‍ വെച്ച് സഹപ്രവര്‍ത്തകന്റെ ക്രൂരമായ ലൈംഗിക അതിക്രമത്തിനിടയില്‍ ചങ്ങല ഉപയോഗിച്ച് കഴുത്ത് ഞെരിച്ചതിലൂടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുകയും കോര്‍ട്ടക്‌സിന് തകരാര്‍ സംഭവിക്കുകയും ചെയ്തു. കഴുത്തിന് പരിക്കേറ്റതിലൂടെ തലച്ചോറിലേക്ക് ഓക്സിജന്‍ വഹിക്കുന്ന രക്തക്കുഴലിന് ക്ഷതമേറ്റതിനാല്‍ കാഴ്ചയും കേള്‍വിയും പൂര്‍ണ്ണമായി നഷ്ടപ്പെട്ടു കഴിഞ്ഞ 37 വര്‍ഷമായി ജീവശ്ചവമായി കഴിയുന്നു .ജീവിതത്തിന്റെ എല്ലാ പ്രത്യാശകളും പ്രതീക്ഷകളും തിരിച്ച് കിട്ടാനാവാത്ത വിധം അറ്റ് പോയ ,കടുത്ത വേദന സഹിച്ച് മരണമെന്ന അവസാന പ്രതീക്ഷയുമായി കഴിയുന്ന ജീവശ്ചവമായി ജീവിക്കുന്നവര്‍ക്ക് ഒരല്പം അന്തസ്സോടെയുള്ള മരണത്തിന് ഉള്ള അവകാശമാണ് ദയാവധം അത് കൊണ്ട് തന്നെ ഒരായുസ്സിന്റെ വേദനയും ദുഖവും അനുഭവിച്ച ഒരു മനുഷ്യജീവന് അന്തസ്സോടെയുള്ള മരണമെങ്കിലും അവകാശപ്പെട്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു .വികലമായ മതബോധത്തിന്റെയും ജീവന്‍ എന്നത് ദൈവീക ദാനമെന്ന വിശ്വാസത്തിന്റെയും ഫലമായി ഇത്തരം കാര്യങ്ങളില്‍ മാനുഷികമായ ഒരു നിലപാടെടുക്കുന്നതില്‍ പൊതുസമൂഹത്തിന്റെ ചിന്താശേഷി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു .
അരുണാ ഷാന്‍ബാഗ് ഒരു പ്രതീകമായിരുന്നു , ജീവന്‍ നില നില്‍ക്കുന്നു എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം കഠിനമായ വേദനയും നൈരാശ്യവും സഹിച്ച് നരകിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് മനുഷ്യജീവിതങ്ങളുടെ പ്രതീകം .അത് കൊണ്ട് തന്നെ സുപ്രീം കോടതിയില്‍ ദയാവധത്തിനായുള്ള അപേക്ഷ പരിഗണിക്കപ്പെടുമ്പോള്‍ നിയമത്തിന്റെ ഭാഗത്ത് നിന്ന് അല്പം കാരുണ്യം പ്രതീക്ഷിച്ചിരുന്നു .പക്ഷെ ഒരു മനുഷ്യജീവനെ വേദനയിലും നിരാശയിലും ആഴ്ത്തി ഒരു ജീവശ്ചവമാക്കി ഒരു മനുഷ്യായുസ്സ് മുഴുവന്‍ സംരക്ഷിച്ച് കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹ സദാചാരത്തിന്റെ ചെറിയ പതിപ്പാണ് സുപ്രീം കോടതി വിധിയിലും കാണാനായത് .
വിഷവസ്തുക്കളോ മറ്റോ നല്‍കി ദയാവധം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി നിഷ്‌ക്രിയ ദയാവധത്തിന് അനുവാദം നല്‍കിയിരിക്കുന്നു. അനിവാര്യസാഹചര്യങ്ങളില്‍ രോഗിക്ക് ഭക്ഷണവും മരുന്നും നിഷേധിച്ച് മരണത്തിന് വിട്ടുകൊടുക്കാമെന്നര്‍ഥം. കൊല്ലുന്നതില്‍ തെറ്റില്ല പക്ഷെ മുഴുവന്‍ സഹിച്ച് തന്നെ മരിക്കണമെന്ന ശാഠ്യം . രോഗിയുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഡോക്ടര്‍മാര്‍ക്കോ ആശുപത്രി അധികൃതര്‍ക്കോ ഇതിനായി ഹൈകോടതിയെ സമീപിക്കാം. വിധി പ്രസ്താവം നടത്തുന്നത് രണ്ട് ജഡ്ജിമാരുള്ള ബെഞ്ചായിരിക്കണം. അതിനുമുമ്പ് ന്യായാധിപന്മാര്‍ മൂന്ന് ഡോക്ടര്‍മാരോട് കൂടിയാലോചിക്കണം .നിര്‍ഭാഗ്യവശാല്‍ അരുണയുടെ ഇപ്പോഴത്തെ രക്ഷാധികാരിയായി നിലവിലുള്ളത് അവരെ കഴിഞ്ഞ 37 വര്‍ഷമായി നിഷ്കരുണം ജീവിപ്പിച്ച് കൊണ്ടിരിക്കുന്ന കിങ്ങ് എഡ്വേഡ് ഹോസ്പിറ്റല്‍ അധികൃതരാണ് അവരുടെ സ്വയം നിര്‍മ്മിത രക്ഷാകര്‍തൃത്ത്വത്തില്‍ മറഞ്ഞിരിക്കുന്ന ഒരു കുറ്റബോധമുണ്ട് .1973 നവംബര്‍ മാസത്തില്‍ അതേ ഹോസ്പിറ്റലിലെ തന്നെ ഒരു ജീവനക്കാരന്റെ ക്രൂരമായ ലൈംഗിക പീഡനത്തെ മാനഭംഗത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ ചാരിത്ര്യ ശുദ്ധിക്ക് കളങ്കമേശാതെ ഭാവിജീവിതത്തെ രക്ഷപ്പെടുത്താനെന്ന വ്യാജേന ഹോസ്പിറ്റലിന്റെ സല്‍പ്പേര് കാത്ത് രക്ഷിക്കാന്‍ വേണ്ടി മാത്രം ക്രൂരമായ മാനഭംഗത്തെ വെറും പിടിച്ച് പറി കേസ്സാക്കിയത് ഹോസ്പിറ്റല്‍ അധികൃതരാണ് . അതിക്രൂരമായ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് വിധേയമായി ജീവശ്ചവം പോലെ ഇക്കഴിഞ്ഞ കാലമത്രയും കഴിയേണ്ടി വന്ന ഒരു സ്ത്രീയുടെ ചാരിത്ര്യം സംരക്ഷിക്കപ്പെട്ടു എന്ന ചാരിതാര്‍ത്ഥ്യത്തിന്റെ കുറ്റകരമായ അനാസ്ഥ തന്നെയാണ് ഹോസ്പിറ്റല്‍ അധികൃതര്‍ ഇപ്പോഴും തുടരുന്നത് .
കാണാനോ കേള്‍ക്കാനോ സംസാരിക്കാനോ ചിന്തിക്കാനോ എന്തിന് ഒരു ഓര്‍മ്മ പോലും അജ്ഞാതമായ ഒരു ജീവന്‍ സംരക്ഷിച്ചുവെന്ന് മധുരം പങ്ക് വെച്ച് ആഹ്ലാദിക്കുന്ന മനോവൈകൃതത്തെ എന്ത് സഹജീവി സ്നേഹത്തിന്റെ പേരിലായാലും സാഡിസമെന്നേ പറയാന്‍ കഴിയൂ .
കഴിഞ്ഞ 37 വര്‍ഷങ്ങളായി ഒരു ചെറിയ ചലനം പോലുമനുവദനീയമല്ലാത്ത വിധം ഒരു അചേതന വസ്തുവായി കഴിയുന്ന അരുണയുടെ ശരീരഭാരം ഒരു നവജാത ശിശുവിനോളം ലഘുവായി , അസ്ഥികളും പല്ലുകളും ദ്രവിച്ച് പൊടിഞ്ഞ് തുടങ്ങിയിരിക്കുന്നു ഇത്തരമൊരവസ്ഥയില്‍ ജീവന്‍ എന്ന് പറയാന്‍ എന്തെങ്കിലും ശേഷിക്കുന്നുണ്ടെങ്കില്‍ അതവസാനിക്കാത്ത വേദന മാത്രമാണ് .ഇപ്പോഴുള്ള നിലയില്‍ നിന്ന് അല്‍ഭുതകരമായ ഒരു പുരോഗതിയുണ്ടായാല്‍ പോലും നീണ്ട കാലത്തെ നിര്‍ജ്ജീവാവസ്ഥയില്‍ നിന്നും സ്വാഭാവികമായ ഒരു മനുഷ്യജീവന്റെ ഏറ്റവും പരിമിതമായ ഒരവസ്ഥ കൈവരിക്കാന്‍ അരുണാ ഷോണ്‍ബാഗിന് കഴിയില്ലെന്ന് മനസ്സിലാക്കാന്‍ ഒരു പ്രൈമറി ക്ലാസ്സ് വിദ്യഭ്യാസത്തിന്റെ പോലും ആവശ്യമില്ല , വെറും സാമാന്യ ബോധം മാത്രം മതി എന്നിട്ടും വൈദ്യശാസ്ത്രത്തിന്റെ അല്‍ഭുതത്തെ പ്രതീക്ഷിച്ച് കൊണ്ട് സുപ്രീം കോടതി വിധി മനുഷ്യാവകാശമെന്ന് വാദിക്കുന്നവരുടെ മനോനിലയില്‍ കാര്യമായി തകരാറുണ്ട്
ദയാവധത്തിനെതിരായി ഏറ്റവും ശക്തിയുക്തം വാദിക്കുന്നത് മതമൌലിക വാദികളാണ് .ഭൂമിയിലെ മനുഷ്യജീവിതം ദൈവദത്തമാണ്. അത് അനുഭവിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഒരു പരീക്ഷണമാണ്. ക്ഷമാപൂര്‍വം അവയെ അഭിമുഖീകരിച്ച് ദൈവഹിതത്തിനനുസരിച്ച് ജീവിക്കുന്നവര്‍ക്കാണ് മരണശേഷം മറുലോക ജീവിതത്തില്‍ രക്ഷയും വിജയവുമുണ്ടാവുക .മതമൌലികതയുടെ നിര്‍ബന്ധബുദ്ധികളില്‍ ജീവനെക്കാളേറെ വിലമതിക്കുന്നത് പരലോകത്തെത്തേണ്ടുന്ന ആത്മാവിനെയാണ് .ഇത്തരം വികല ചിന്താഗതിയുടെ പരിണിത ഫലമായാണ് ഒരു മനുഷ്യജീവന്‍ ഏറ്റവും ദയനീയമായ അവസ്ഥയില്‍ സ്വസ്ഥമായ ഒരു മരണത്തിന് ആഗ്രഹിക്കുമ്പോഴും അതിനെ തടഞ്ഞ് കൊണ്ട് ജീവന്‍ രക്ഷിച്ചുവെന്ന വൃത്തികെട്ട ആനന്ദം പ്രകടിപ്പിക്കുന്നത്.പക്ഷെ വിരോധാഭാസമെന്ന് പറയട്ടെ ദൈവം തന്ന ജീവനെടുക്കുന്ന വധശിക്ഷാ വിധികളില്‍ ഏറ്റവും കൂടിയ നിരക്ക് മതസ്വാധീനങ്ങളുടെ മേല്‍ക്കോയ്മയില്‍ നിയമവാഴ്ച നില നില്‍ക്കുന്ന രാജ്യങ്ങളിലാണ് . അപ്പോള്‍ ദൈവം തന്ന ജീവന്‍ എന്ന സാമാന്യ സങ്കല്പം ഇവിടെ അപ്രസക്തമാണ് .
ഈയിടെ യു എ ഇ യിലെ തവാം ഹോപിറ്റല്‍ മാരകമായി അസുഖം ബാധിക്കപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ച് വരാനാവാത്ത രോഗികളുടെ ബന്ധുക്കളില്‍ ഒരു അഭിപ്രായ സര്‍വ്വേ സംഘടിപ്പിച്ചിരുന്നു . അതില്‍ പങ്കെടുത്ത ഭൂരിഭാഗം ആളുകളും ദയാവധത്തിന് അനുകൂലമായ നിലപാടാണ് പുലര്‍ത്തിയത് . വിദ്യാഭ്യാസവും ചിന്താശേഷിയുടെ പുരോഗമനവും മതമൌലികതയുടെ നിയത വിധി പ്രസ്താവങ്ങളില്‍ നിന്നും കാര്യങ്ങളെ മാനുഷികമായ പരിഗണിക്കാന്‍ തുടങ്ങി എന്നത് പ്രത്യാശയുളവാക്കുന്നുണ്ട് .
അരുണാ ഷോണ്‍ ബാഗിന്റെ ദയാവധ ഹര്‍ജിയിന്മേലുള്ള സുപ്രീം കോടതിയുടെ വിധിപ്രസ്താവം ഭരണഘടനയുടെ 21 ആം സെക്ഷനില്‍ പറയുന്ന ജീവിക്കാനുള്ള മനുഷ്യാവകാശത്തെ സംരക്ഷിക്കുന്ന അതീവ പ്രാധാന്യമുള്ള വിധിയാണെന്ന് പറഞ്ഞ് കൊണ്ടായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകരും ദയാവധത്തെ പ്രതികൂലിക്കുന്നവരും ഹര്‍ഷാരവത്തോടെ എതിരേറ്റത് .ജീവിക്കുക എന്ന് പറഞ്ഞാല്‍ വെറും ശ്വാസം കഴിക്കുക എന്ന സാങ്കേതിക പ്രക്രിയ മാത്രമല്ലെന്ന് മനസ്സിലാക്കാന്‍ കോടതിക്കോ അങ്ങനെ വാദിക്കുന്നവര്‍ക്കോ കഴിയാതെ പോകുന്നതാണ് ദുരന്തം . പരമോന്നത നീതി പീഠത്തിന്റെ വിധി നിര്‍ണ്ണയം നിയമത്തിന്റെ നിയന്ത്രണത്തിലുള്ളഥാണെങ്കില്‍ പോലും അതിന്റെ ധാര്‍മ്മികമായ നിലപാടില്‍ വിധി നിര്‍ണ്ണയിക്കുന്ന വ്യക്തികളുടെ മത പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും സ്വാധീനം ഉള്‍ക്കൊണ്ടിട്ടുണ്ടാവണം .
മതപരവും പരമ്പരാഗതവുമായ കാഴ്ചപ്പാടുകള്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയെ നിയന്ത്രിക്കുന്നവരില്‍ വ്യക്തിഗതമായ സ്വാധീനം ചെലുത്തുകയും അതിനെ നിയമത്തിന്റെ വിവേചനാധികാരമുപയോഗിച്ച് വ്യാഖ്യാനിക്കുകയും ചെയ്തതിന്റെ ഉത്തമോദാഹരണമാണ് 2004 ലെ സുഷമ തിവാരി - പ്രഭുകൃഷ്ണന്‍ പ്രണയവിവാഹത്തെതുടര്‍ന്നുണ്ടായ മാനം കാക്കല്‍ കൊലപാതകത്തിന്റെ [Honour Killing ] അന്തിമ വിധിയില്‍ സുപ്രീം കോടതിയുടെ ഒരു ബഞ്ച് പുറപ്പെടുവിച്ച കുപ്രസിദ്ധമായ വിധിപ്രസ്താവം .
സഹോദരി താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിച്ചു എന്ന ഒരൊറ്റ കാരണത്താല്‍ ജാതിഭ്രാന്ത് മൂത്ത് ഒരു കുടുംബത്തിലെ കുട്ടികളടക്കം നാല് പേരെ ക്രൂരമായി കൊലപ്പെടുത്തുകയും രണ്ട് സ്ത്രീകളെ മാരകമായ രീതിയില്‍ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത ഹീനകൃത്യത്തിന് കീഴ്ക്കോടതി നല്‍കിയ പരമാവധി ശിക്ഷയെ ജീവപര്യന്തമാക്കിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞത് താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിച്ചത് കൊണ്ട് പ്രതിയായ മനോജ് തിവാരിക്ക് സമൂഹത്തിലുണ്ടായ അപമാനവും ആക്ഷേപങ്ങളും കൂടി പരിഗണിച്ചാല്‍ പ്രതി ചെയ്ത കൂട്ടക്കൊല ജാതിവ്യവസ്ഥ നില നില്‍ക്കുന്ന ഒരു സമൂഹത്തില്‍ പ്രതി ചെയ്തത് സ്വാഭാവികമായ ഒരു കാര്യമാണെന്നാണ് .അയിത്തവും ജാതി ഉച്ഛനീചത്വങ്ങളും കുറ്റകൃത്യമാക്കപ്പെട്ട ഒരു നിയമവ്യവസ്ഥിതിയില്‍ സംഭവിച്ച ഒരു വിധിനിര്‍ണ്ണയമാണിത് .Honour Killing ന് ന്യായീകരണങ്ങള്‍ കണ്ടെത്തുന്ന കോടതിക്ക് mercy killing കുറ്റകൃത്യമായിതീരുന്നത് മതപരമായ പരമ്പരാഗത വിശ്വാസരീതികളുടെ സ്വാധീനം കൊണ്ടാണ് .
ദയാവധത്തിനനുകൂലമായ നിയമം ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയാണ് പ്രധാനമായും ദയാവധത്തിനെതിരായ വാദങ്ങളിലൊന്ന് .
ദയാവധത്തിന് വിധേയമാക്കേണ്ടുന്ന രോഗിയുടെ ഏറ്റവും അടുത്ത ബന്ധുക്കളുടെ ആവശ്യപ്രകാരം മാത്രം ചുരുങ്ങിയത് മൂന്ന് വിദഗ്ദ ഡോക്ടര്‍മാര്‍ അടങ്ങിയ പാനലിനെക്കൊണ്ട് പരിശോധിപ്പിച്ച് ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം ഹൈക്കോടതിക്ക് തീരുമാനമെടുക്കാവുന്ന സുതാര്യമായ പ്രക്രിയയാണ് ഇന്നത്തെ സാഹചര്യത്തില്‍ നില നില്‍ക്കുന്നത് . ഏത് നിയമത്തിനും ഒരു പഴുതുണ്ടാവുമെന്ന പതിവ് സങ്കല്‍പ്പമുപയോഗിച്ചാണെങ്കില്‍ പോലും ഇത്തരമൊരു നിയമത്തെ ദുരുപയോഗം ചെയ്യാനുള്ള സാധ്യത വിരളമാണ് . വൃദ്ധരായ മാതാപിതാക്കളെ നിഷ്പ്രയോജനമെന്ന് കാണുമ്പോള്‍ ദയാവധമെന്ന
ദയാവധത്തിന്റെ നൈതിക സമസ്യകള്‍ക്ക് കൃത്യമായ ഒരു ഉത്തരം രൂപീകരിക്കാന്‍ ഒരു സംവാദത്തിന്റെയും വിധിന്യായം കൊണ്ട് സാധ്യമാകില്ല പക്ഷെ ജീവനുണ്ട് എന്ന കാരണം കൊണ്ട് മാത്രം ഓരോ നിമിഷവും വേദനയും നൈരാശ്യവും നിറഞ്ഞ ജീവിതം നരകിച്ച് ജീവിക്കേണ്ടി വരുന്ന മനുഷ്യജന്മങ്ങള്‍ക്ക് അന്തസ്സോടെയുള്ള ഒരു മരണത്തിന് അര്‍ഹതയുണ്ട് .