Like

...........

Tuesday 28 July 2015

നിഷ്കളങ്കതയെ മുറിവേല്‍പ്പിക്കുന്ന അന്വേഷണങ്ങള്‍ .

"Every act of rebellion expresses a nostalgia for
 innocence and appeal to the essence of being "


ആല്‍ബേര്‍  ക്യാമുവിന്റെ പ്രസിദ്ധ  വാചകങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണ്  "ഞാന്‍  സ്റ്റീവ് ലോപ്പസ് " തുടങ്ങുന്നത് . രാത്രിയില്‍  നഗര വീഥിയിലൂടെ പോകുന്ന ഒരു  വാഹനത്തിലെ അരണ്ട വെളിച്ചത്തില്‍ അലസമായിരുന്നു സംസാരിക്കുന്ന  കുറച്ചു യുവാക്കള്‍ .  വാട്ട്സാപ്പിലെ സ്ട്ടാട്ടസുകളെ കുറിച്ചും കൂട്ടത്തിലോരാളുടെ  പ്രണയത്തെ പറ്റിയുമാണ്  അവരുടെ സംസാര വിഷയം  പെട്ടെന്ന് മുമ്പിലൊരു  പോലീസ്  ജീപ്പ്  കാണുമ്പോള്‍ വണ്ടി  ഓടിച്ചിരുന്ന  ചെറുപ്പക്കാരന്‍ പെട്ടെന്ന് വണ്ടി  നിര്‍ത്തി ഇറങ്ങി ഓടുന്നു ,കൂട്ടത്തില്‍ മറ്റുള്ളവരും .

വലിയ  പ്രതിസന്ധികള്‍ അനുഭവിക്കാത്ത  മധ്യവര്‍ഗ്ഗ  യുവത്വത്തിന്റെ  പ്രതീകങ്ങള്‍  ആണ്  ആ ചെറുപ്പക്കാര്‍ .. അവരനുഭവിക്കുന്ന സുഖകരമായ  ജീവിതത്തെ ഒരു തരത്തിലും  അലോസരപ്പെടുത്താന്‍  അവര്‍  തയ്യാറല്ല ,അത് കൊണ്ട് തന്നെ  മദ്യപിച്ചുകൊണ്ട്  വണ്ടിയോടിക്കുന്നത്തിന്റെ പേരില്‍  പോലീസ് പിടിച്ചാല്‍  ഉണ്ടാകുന്ന പൊല്ലാപ്പുകളില്‍ നിന്ന്  ഒഴിവാകാന്‍ വണ്ടിയില്‍ നിന്ന്  ഇറങ്ങി ഓടുക എന്നതാണ് അവരുടെ മുന്നിലുള്ള ഏക വഴി . അധികാരത്തെയും അതിന്റെ  മെഷിനറിയെയും അവര്‍ ഭയക്കുന്നുണ്ട്  ,പക്ഷെ  തങ്ങളുടെ  അലക്ഷ്യമായ സുഖ ജീവിതത്തിനു ഭംഗം വരുത്താന്‍ അവര്‍ക്ക് കഴിയുന്നുമില്ല . അതിലൊരാള്‍  ആണ് സ്റ്റീവ്  ലോപ്പസ് . പോലീസ് ഉദ്യോഗസ്ഥനായ അച്ഛന്റെ സംരക്ഷണയില്‍ ,പോലീസ്  കോര്‍ട്ടെഴ്സില്‍ മധ്യ വര്‍ഗ്ഗ ജീവിതം  നയിക്കുന്ന കോളേജ്  വിദ്യാര്‍ഥി .


അപകടകരമായ  യാതൊന്നിലും അയാള്‍ ഇടപെടുന്നില്ല  , പ്രണയത്തില്‍  പോലും  ഒരു  സാഹസത്തിനോന്നും  സ്ടീവിനു  താല്പര്യമില്ല  . നിസ്സംഗമായ  കണ്ണുകള്‍  ,അലക്ഷ്യമായ  ചലനങ്ങള്‍  , കൂട്ടുകാരുമായി  കറങ്ങണം  ,മദ്യപിക്കണം , നായകന്  ഉണ്ടായിരിക്കണമെന്ന് പ്രേക്ഷകര്‍  ശഠിക്കുന്ന പരമ്പരാഗതമായ  ഒരു  ശീലങ്ങളും അയാള്‍  പാലിക്കുന്നില്ല  ,പ്രണയം  ഉണ്ടാകുമ്പോള്‍  തന്നെ  കുളി മുറിയില്‍ നിന്ന്  അയലത്തെ  വീട്ടിലെ  ചേച്ചിയെ  നോക്കി സ്വയം ഭോഗം  ചെയ്യാന്‍  ശ്രമിക്കുന്നുണ്ട് .  സിനിമയുടെ  തുടക്കം  മുതല്‍  തന്നെ  ഇത്തരത്തില്‍  സ്റ്റീവ്  പ്രതിനിധാനം ചെയ്യുന്ന   ഓരോ ചെറുപ്പക്കാരന്റെയും   സ്വഗതഖ്യാനമായി അനുഭവിപ്പിക്കാനാണ്‌ രാജീവ്  രവി ശ്രമിക്കുന്നത്  .. അയാള്‍  നായകനോ പ്രതിനായകനോ  ഒന്നുമല്ല ,സിനിമ കാണുന്ന ഓരോ  ചെറുപ്പക്കാരനെയും പോലെ  ഒരാള്‍ മാത്രം . അത് കൊണ്ട് തന്നെയാണ് സിനിമയുടെ പേര്  "ഞാന്‍  സ്റ്റീവ് ലോപ്പസ് " എന്നാകുന്നതും .നേര്‍വരയില്‍ വരച്ചു വെക്കപ്പെടാത്ത രാഷ്ട്രീയം 

   രാജീവ് രവി തന്റെ സിനിമകളിലൂടെ  ആവിഷ്കരിക്കുന്നത് ,ഗുപ്തമായ രാഷ്ട്രീയമാണ് ,  നാല് വരി പേജുകളില്‍  കൃത്യമായ  അളവുകളില്‍  ചേര്‍ത്തത് വരച്ചു വെക്കുന്ന  അക്ഷരങ്ങളെ പോലെ ഒരു  ഭാഷ അതിനു  സാധ്യമല്ല .  സാധാരണക്കാരനായ ഒരാളുടെ ജീവിത പരിസരത്തെ അദൃശ്യമായ ഒരിടത്ത് നിന്നുംഇ  നിരീക്ഷിക്കുകയാണ് ആ സിനിമകള്‍ ചെയ്യുന്നത് ,         "അന്നയും  രസൂളിലും"  മതം സമൂഹത്തെ,  വ്യക്തി  ജീവിതത്തെ  നിര്‍ണ്ണയിക്കുന്നതും  നിയന്ത്രിക്കുന്നതുമായിരുന്നു  ഇതിവൃത്തം .മതങ്ങള്‍ മനുഷ്യനെ തമ്മില്‍  അകറ്റുന്നു " എന്നൊരു  ടാഗ്  ലൈന്‍ വെക്കാതെ  തന്നെ സൃഷ്ടികളില്‍  അതനുഭവിപ്പിക്കാന്‍  സാധിക്കുന്നു  എന്നതാണ് ആ സിനിമയുടെ രാഷ്ട്രീയ വിജയം  .


മുഖ്യധാര സിനിമയിലെ  അനീതിക്കെതിരെ ,അവിശുദ്ധ രാഷ്ട്രീയത്തിനെതിരെ നാലര പേജ് ഉപന്യാസം  കാണാപാഠം  പറഞ്ഞു  മന്ത്രിക്കു നേരെ  ,മേലുദ്യോഗസ്ഥനു  നേരെ  ക്ഷോഭിക്കുന്ന  നായകന്‍  പ്രേക്ഷകനെ സംബന്ധിച്ച് ഒരു  വിനോദോപാധി  മാത്രമാണ്  . അത്തരം  പ്രകടന പരത കാണികളെ രസിപ്പിക്കുന്നു എന്നതില്‍ കവിഞ്ഞൊരു രാഷ്ട്രീയ  ബോധവും സൃഷ്ടിക്കുന്നില്ല . യഥാര്‍ത്ഥ ജീവിതത്തില്‍  പ്രതികരിക്കാനോ പ്രതിഷേധിക്കാനോ തുനിയാത്ത ,മടിക്കുന്ന പ്രേക്ഷകന്‍   പ്രേക്ഷകര്‍ അത്തരം പ്രകടനങ്ങള്‍  ആഗ്രഹിക്കുന്നു  , ആശ്വസിക്കുന്നു , കോള്‍മയിര്‍  കൊള്ളുന്നു . ഇതൊരു ഫാന്റസി ആണ്  റിയാലിറ്റിയുടെ അസുഖകരമായ യഥാര്‍ത്ഥ്യത്തില്‍ നിന്ന് മനപൂര്‍വ്വം  ഫാന്റസിയുടെ  സുഖ ശീതളിമയിലേക്ക്  ജനങ്ങളുടെ രാഷ്ട്രീയ ബോധത്തെ  പരിമിതപ്പെടുത്തുന്നു  . സമൂഹത്തിലെ  അനീതികള്‍ക്കെതിരെ  പ്രതികരിക്കാന്‍  ഒരു സൂപ്പര്‍  ഹീറോ യെ  പ്രതീക്ഷിച്ചു കൊണ്ട് അവര്‍ സന്തോഷത്തോടെ ആവേശത്തോടെ  സിനിമ കണ്ടിറങ്ങുന്നു ,ഇതൊരു  പ്രതിലോമകരമായ   രാഷ്ട്രീയ ആശയമാണ് .റിയാളിസ്റ്റിക് ആഖ്യാന  രീതിയുടെ രാഷ്ട്രീയം 


സിനിമയിലെ   യഥാതഥാ  ആഖ്യാന രീതി   തന്നെ  ഒരു  രാഷ്ട്രീയ മുന്നേറ്റത്തിന്റെ  ഭാഗമാണ് . നില നിന്നിരുന്ന പരമ്പരാഗത , ബൂര്‍ഷ്വാ  കലാ  സങ്കല്‍പ്പങ്ങളെ  നിരാകരിച്ചു  കൊണ്ട് അടിസ്ഥാന  വര്‍ഗ്ഗത്തിന്റെ  ജീവിതത്തെ  നേര്‍കാഴ്ചയാക്കുകയാണ് റിയലിസം ചെയ്തത് . ലോകത്തിന്റെ  പല ഭാഗങ്ങളില്‍  ഈയൊരു ആഖ്യാന രീതി  ശക്തമായ  രാഷ്ട്രീയ  പ്രചാരണ ഉപാധിയായി  ഉപയോഗിക്കപ്പെട്ടു .  വര്‍ഗ്ഗ സമരവും  അടിസ്ഥാന  വര്‍ഗ്ഗ ജീവിതവും ദാരിദ്ര്യവും എല്ലാം സിനിമക്ക് വിഷയീഭവിക്കപ്പെട്ടു . Bicycle thieves - ഉം   സത്യ  ജിത്ത് റെ യുടെ  "അപു  ട്രയോലാജി"യുമെല്ലാം  ഈയൊരു  തരംഗത്തിന്റെ ഭാഗമായ  സിനിമകള്‍  ആണ് . 


 ഒരു  സാധാരണ മനുഷ്യന്റെ  ജീവിതം  യഥാര്‍ത്ഥ്യ ബോധത്തോടെ  ,എത്ര മേല്‍ അതിനെ  പകര്‍ത്തി വെക്കാന്‍  കഴിയുമോ എന്നതാണ്  സിനിമയിലെ  റിയലിസം . ക്യാമറക്കു  മുമ്പില്‍ തെളിയുന്നതിനെ  സിനിമയുടെ  ലാവണ്യ രൂപത്തെ അനുനയിപ്പിക്കാനുള്ള തിരുത്തലുകള്‍  ഒഴിവാക്കി  ,കൃത്രിമമായി  യാതൊന്നും ചേര്‍ക്കാതെ  ,കഴിവതും  പരിചിതരല്ലത്ത അഭിനേതാക്കളും  തയ്യാര്‍ ചെയ്യാത്ത ഇടങ്ങളും ആയിരിക്കണം .ലോക ക്ലാസ്സിക്കുകളില്‍  ഒന്നായ  Los Olvidados (The Young and the Damned ) ചിത്രീകരിക്കാനായി  ലൂയിസ് ബുനുവല്‍ തെരുവില്‍  അലഞ്ഞു തിരിഞ്ഞിരുന്ന കുട്ടികളെയാണ് അഭിനേതാക്കള്‍ ആയി തിരഞ്ഞെടുത്തത് എന്ന്  കേട്ടിട്ടുണ്ട് .സിനിമക്കൊരിക്കലും യഥാര്‍ത്ഥ്യം  ആകാന്‍  കഴിയില്ല  ,അതൊരു സാങ്കേതിക  പകര്‍ത്തി വെയ്ക്കല്‍ മാത്രമാണ് പക്ഷെ   യാതാര്‍ത്ഥ്യം  എത്രത്തോളം സിനിമയിലേക്കു  ആവാഹിക്കാന്‍  കഴിയുമെന്ന അന്വേഷണമാണ് ഈ സിനിമകള്‍  . 


മുന്‍ ചിത്രമായ  "അന്നയും  റസൂലും "ആഖ്യാന  രീതി വെച്ച് നോക്കിയാല്‍ ഒരളവോളം   Poetic realism  ആണ് സ്വീകരിച്ചിരുന്നതെന്ന്  കാണാം .  പരമ്പരാഗത  സിനിമ  അനുശാസിക്കുന്ന സൌന്ദര്യ ശാസ്ത്രത്തെ തൃപ്തിപ്പെടുത്താന്‍  അതില്‍  ചില കൂട്ടിചേര്‍ക്കലുകള്‍ ഉണ്ടായിട്ടുണ്ട്   പ്രശസ്തരായ  താരങ്ങള്‍  ഉണ്ടായിരുന്നു , ആദി  മദ്ധ്യാന്ത പൊരുത്തം  കഥയുള്ള  ,കൃത്യമായ ദുരന്ത  പര്യവസാനിയായ  ഒരു  കഥയും  അതില്‍ സ്വീകരിച്ചിരുന്നു (പിന്നീടൊരു  അഭിമുഖത്തില്‍  എഴുതി വെച്ച  സ്ക്രിപ്റ്റ് നു  അനുസരിച്ച്  സിനിമ എടുക്കാനാവില്ല എന്നും   തിരക്കഥ കരുത്തായ സന്തോഷ്‌ എച്ചിക്കാനം  എഴുതി വെച്ചിരുന്നത്  പലപ്പോഴും  വായിച്ചു പോലും നോക്കിയിരുന്നില്ല എന്നുമാണ്  രാജീവ്  രവി ഒരു  ഖേദ പ്രകടനമെന്ന പോലെ പറഞ്ഞത് ) 


സ്റ്റീവ്  ലോപ്പസില്‍ രാജീവ്  രവി "അന്നയും റസൂളിലും വിട്ടു  വീഴ്ച  ചെയ്ത  ചില  ഘടകങ്ങള്‍  കൂടി  ഉള്‍പ്പെടുത്തിയിട്ടുണ്ട് .  പ്രേക്ഷകര്‍ക്ക്‌  തികച്ചും  അപരിചിതരായ  അഭിനേതാക്കള്‍ ,  ദൃശ്യ  ഭംഗിക്കായി  കൃത്രിമമായ ക്രമീകരണങ്ങളോ  ,സാങ്കേതികതയോ കൂട്ടിചെര്‍ക്കുന്നില്ല  .സമയവും  സ്ഥലവും സന്ദര്‍ഭവും   ആവശ്യപ്പെടുന്ന പ്രകാശ വിന്യാസവും ശബ്ദ ക്രമീകരണങ്ങളുമേ സിനിമ കാണിക്കുന്നുള്ളൂ . റിയാളിസ്ടിക് സിനിമയുടെ  സവിശേഷ ഘടകമായ  open ending ആണ്  സിനിമയില്‍ (അന്തോം കുന്തോമില്ലാത്ത സിനിമയെന്ന പഴി കേട്ടത് ഇതിനു കൂടിയാണ് ) .


സിനിമയുടെ  ഭൂമി ശാസ്ത്ര പശ്ചാത്തലം  

കൊച്ചിയെക്കാളും ഗുണ്ടാ സാന്ദ്രത കൂടിയ സ്ഥലമൊന്നുമല്ല  തിരുവനന്തപുരം  ,കൊച്ചിയുടെയോ ത്രുശൂരിന്റെയോ  കോഴിക്കൊടിന്റെയോ  നഗരത്തിനു  അനുയോജ്യമല്ലാത്ത   കഥയുമല്ല സ്റ്റീവ്  ലോപ്പസ് . തിരുവനന്ത പുരം തന്നെ തിരഞ്ഞെടുത്തത് കൃത്യമായ ഉദ്ദേശം വെച്ച് കൊണ്ട് തന്നെയായിരിക്കണം . കേരളത്തിന്റെ  അധികാര ദല്ലാള്‍ കേന്ദ്രം എന്ന നിലയ്ക്കാണ്  തിരുവനന്ത പുരം നഗരത്തിന്റെ  പ്രസക്തി . നിയമ സഭയും സെക്രട്ടരിയെട്ടും  രാഷ്ട്രീയവും  ബ്യൂറോ ക്രസിയും സംയുക്തമായ അധികാരത്തിന്റെ   അവിശുദ്ധ നെക്സസിന്റെ  കേന്ദ്രമെന്നൊരു  കുപ്രസിദ്ധി  തിരുവനന്തപുരം  നഗരത്ത്തിനുണ്ട് .  പ്രിത്വി രാജിന്  സംസ്ഥാന  അവാര്‍ഡ്  കിട്ടിയ "വാസ്തവം " എന്ന സിനിമയില്‍  ബ്യൂറോ ക്രസിയും  രാഷ്ട്രീയവും  പണാധികാരവും  ചേര്‍ന്ന് നടത്തുന്ന  അഴിമതികളും അതിനെ നില നിര്‍ത്താനായി  സജ്ജമാക്കിയ  ആള്‍  ബലവും ഒക്കെ  വിശദമായി കാണിച്ചിരുന്നു . ആ  സിനിമയില്‍  സുധീര്‍  കരമന  അവതരിപ്പിച്ച  കൊട്ടേഷന്‍ തൊഴിലാളിയുടെ  തുടര്‍ച്ചയാണ്  സ്റ്റീവ്  ലോപ്പസിലെ  ഗുണ്ട .


സ്റ്റേറ്റ്  എന്നാ  അധികാര കേന്ദ്രം . 

സ്റേറ്റ്  ഒരു അധികാര കേന്ദ്രമാണ്  .പോലീസും  ബ്യൂറോ ക്രസിയും  രാഷ്ട്രീയവും  കോടതിയുമെല്ലാം  ഈ  സിസ്ടത്തിന്റെ  ഭാഗമാണ് . ബാഹ്യ തലത്തില്‍ ഈ   സിസ്ടത്തെ നിയന്ത്രിക്കുന്ന  ആളുകള്‍ മാറി കൊണ്ടിരുന്നാലും സിസ്റ്റത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനം മാറുന്നില്ല . അതൊരു  never ending process  ആണ് . അതിനു വിഘാതമാകുന്ന തരത്തില്‍ എന്തെങ്കിലും പ്രവര്‍ത്തനം ഉണ്ടായാല്‍  ഉന്മൂലനം ചെയ്യലാണ് അതിനു മുന്നിലുള്ള ലളിതമായ  പോംവഴി .  പക്ഷെ സ്റേറ്റ് നു പരിമിതികള്‍  ഉണ്ട്  ,അത്  നിയമാധിപത്യത്തിനു  വിധേയമായാണ്  പൊതു മണ്ഡലത്തില്‍  പ്രത്യക്ഷപ്പെടെണ്ടത് , ഈ സിസ്ട്ടത്തിനകത്ത്  നിന്ന്  വയലന്സിനു നേരിട്ട് ഉത്തരവ്  കൊടുക്കുന്നത് ധാര്‍മ്മികമായ  ഊനം സൃഷ്ടിക്കും . അത് കൊണ്ട്  സിസ്റ്റത്തിനു വെളിയില്‍ നിന്ന്  എടുക്കുന്ന  താല്‍ക്കാലിക  വാടക ഉരുപ്പടികള്‍  ആണ് ഈ  കൊട്ടേഷന്‍  സംഘങ്ങള്‍ .യന്ത്രത്തിന്റെ  സുഗമമായ  ചലനത്തിന്   എണ്ണയെന്ന  പോലെ ഈ  ഗുണ്ടാ  സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു ,ഉപയോഗിച്ച്  ഘനമേറിയ  എണ്ണ  ഘര്ഷണത്തോട്  പ്രതികരിക്കാതിരിക്കുകയും യന്ത്രത്തിന്റെ  പ്രവര്‍ത്തനം തടസ്സപ്പെടുകയും  യന്ത്രം  തകരാറു  ആകുമെന്ന  ഘട്ടം  വരുമ്പോള്‍  എണ്ണ മാറ്റുന്നു  എന്നതല്ലാതെ  യന്ത്രത്തിന്  നിര്‍ത്താനാവില്ല  . യന്ത്രം  പ്രവര്‍ത്തിച്ചു  കൊണ്ടേ  ഇരിക്കുന്നു  ,


അധികാരത്തിന്റെയും  പണാധിപത്യത്തിന്റെയും  ഉപോല്‍പ്പന്നങ്ങള്‍  ആണ്  ചാവേര്‍  പട്ടങ്ങള്‍  പേറുന്ന ഗുണ്ടാ /കൊട്ടേഷന്‍ സംഘങ്ങള്‍ .  അധികാരം  നില  നിര്‍ത്താനും തങ്ങളുടെ  അഭിമാന  ബോധങ്ങളില്‍  വിള്ളല്‍  വീഴ്ത്ത്താതിരിക്കാനും  പണ്ട്  മുതലേ  തങ്ങള്‍ക്കു വേണ്ടി  കൊല്ലാനും കൊല്ലപ്പെടാനുമുള്ള  ആളുകളെ മനുഷ്യന്‍  ഒരുക്കിയിരുന്നിട്ടുണ്ട് .  .പെട്ടെന്ന്  കിട്ടുന്ന പണം  ഒരു  പ്രലോഭനമാണ്‌  ഈയൊരു  പ്രലോഭനം  നില  നില്‍ക്കുന്നിടത്തോളം  കാലം  കൊട്ടേഷന്‍ തൊഴിലാളികള്‍  തുടര്‍ന്ന് കൊണ്ടിരിക്കും .  ഈയൊരു  പ്രമേയം  കുറച്ചു നാള്‍  മുമ്പ്  ഇറങ്ങിയ "റെഡ്  വൈന്‍ " എന്ന സിനിമയില്‍ അവതരിപ്പിക്കപ്പെട്ടുവെങ്കിലും  താരബാഹുല്യവും    കച്ചവട സാധ്യതയിലൂന്നിയ   മറ്റു  ഘടകങ്ങളും  അതിനെ  താരതമ്യേന  അപ്രസക്തമാക്കുകയായിരുന്നു .

സ്റ്റീവ് നെ  സംബന്ധിച്ച്  ,   പ്രതാപനും  ഹരിയും ജോസുമെല്ലാം മനുഷ്യരാണ്  ,അവരുടെ  കുറ്റങ്ങള്‍ക്ക് ശിക്ഷ  വിധിക്കേണ്ടത്  നിയമം  ആണെന്ന്  അവന്‍  വിശ്വസിക്കുന്നു  ,അത്തരമൊരു  നിയമ വിചാരണയ്ക്ക് അവര്‍ക്ക് അര്‍ഹതയുണ്ടെന്നും  ,അത്  തന്നെയാണ് ഈ  സിനിമയുടെ  രാഷ്ട്രീയം . തന്റെ  പ്രണയവും  സ്വസ്ത ജീവിതവുമെല്ലാം ഉപേക്ഷിച്ചു  ഹരിയെ  അന്വേഷിക്കാന്‍  പ്രേരിപ്പിക്കുന്നത്  ആ  ഒരു  രാഷ്ട്രീയ ബോധം തന്നെയാണ് . 

സിസ്ട്ടത്തിനകത്ത്   ഗുണ്ടകള്‍  അനിവാര്യതയാണ് , പക്ഷെ  അവര്‍  സ്വയം  നിര്‍ണ്ണയാവകാശം  ഉള്ളവരായിരിക്കില്ല  ,അരൂപിയായ  ഒരു  നിയന്ത്രണത്തിനുള്ളിലാണ്  അവരുടെ  പ്രവര്‍ത്തനങ്ങള്‍ . ഹരിയും  സംഘത്തെയും  അവിടെ  നിന്ന്  പലായനം  ചെയ്യിക്കാന്‍  പ്രേരിപ്പിക്കുന്നതും  ഒളി സ്ഥലം  നിശ്ചയിക്കുന്നതുമെല്ലാം  അവരെ  നിയന്ത്രിക്കുന്ന ഒരു  പോലീസ്  ഉദ്യോഗസ്ഥന്‍  തന്നെയാണ്  ,ഹരി  ആക്രമണത്തിനിരയാകുമ്പോള്‍  അയാള്‍ക്ക്‌  മനസ്സിലാവുന്നുണ്ട്  " സ്റെഷനില്‍  വന്നു  തീര്‍ക്കുമെന്ന് "  ആക്രോശിക്കുന്നതും  അയാള്‍ക്ക്‌  ആ  ഗൂഡാലോചനയെ  കുറിച്ച്  വ്യക്തമായ  ബോധ്യം  ഉള്ളത്  കൊണ്ടാണ്,ഒരു പക്ഷെ  മുമ്പൊരിക്കല്‍  മറ്റൊരാളെ  ഉന്മൂലനം ചെയ്യാന്‍ ഹരിയും അയാളോടൊപ്പം  ചേര്‍ന്നിരിക്കാം .


ഹിംസ  ഒരു  സാമൂഹ്യ യഥാര്‍ത്ഥ്യമാകുന്നു .


"കുറച്ചു  ആളുകള്‍  രാത്രിയില്‍ അവരുടെ മെത്തയില്‍  സുഖമായി  ഉറങ്ങുന്നുവെങ്കില്‍  അവരെക്കാള്‍ പരുക്കരായ മറ്റാരോ  അവര്‍ക്ക് വേണ്ടി  ഹിംസ നടത്തുന്നത് കൊണ്ടാണ്"

  എന്ന്  ജോര്‍ജ് ഓര്‍വല്‍  എഴുതിയിട്ടുണ്ട് . സാമൂഹികമായി  പരിപൂര്‍ണ്ണ അഹിംസാ തത്വം  ഒരു ഉട്ടോപ്യന്‍  സ്വപ്നമാണ് . വയലന്‍സ്  ഇല്ല  എന്ന് ധരിക്കുന്നത് നമ്മള്‍  അതിനു  സാക്ഷിയായിട്ടില്ല എന്നത് കൊണ്ട്  മാത്രമാണ് .  അതിനു  സാക്ഷിയാകുന്നിടം  വരെ  നമ്മളും  ആ  സമാധാനം  അനുഭവിക്കുന്നു .  സുഖ ലോലുപതയാര്‍ന്ന സ്റ്റീവ്  ന്റെ ജീവിതത്തിലേക്ക് അവിചാരിതമായി   നഗര വീഥിയിലെ ഒരു  ഗുണ്ടാ  ആക്രമണം  കടന്നു  വരികയാണ് .. ചിതറി തെറിച്ചു  പോയ  ആള്‍ക്കൂട്ടങ്ങള്‍ , വെട്ടു കൊണ്ട് ചോര വാര്‍ന്ന ഏതോ  ഒരു മനുഷ്യന്‍  -അയാള്‍  ആരാണെന്ന്  പ്രേക്ഷകനെ പോലെ  തന്നെ സ്ടീവിനും  അറിയില്ല  സ്ട്ടീവിനു  മുമ്പില്‍  അയാള്‍  ഒരു  മനുഷ്യന്‍  മാത്രമാണ്  ,സ്റ്റീവ്  അയാളെ ആശുപത്രിയില്‍  ആക്കുന്നു , ആ  ആക്രമണം ആരാണ് ചെയ്തതെന്ന്  സ്ടീവിനു  അറിയാം .  പിന്നീടുള്ള  അയാളുടെ  അന്വേഷണമാണ്  സിനിമ ,  അയാളുടെ അന്വേഷണം  പ്രേക്ഷകന്റെത്  കൂടിയാണ്  കാരണം  അയാള്‍ക്ക്‌  അറിയാത്തതൊന്നും  പ്രേക്ഷകനും  അറിയുന്നില്ല .  സ്റ്റീവ്  ലോപ്പസിനോടുള്ള  താദാത്മ്യം നിമിത്തം  പ്രേക്ഷകന്‍ സ്റ്റീവ്  ലോപ്പസ്സായി  പരിണമിക്കുന്നു  ,ആ  അന്വേഷണങ്ങളില്‍  ആശയ കുഴപ്പവും  അധൈര്യവും  അനുഭവിച്ചു  കൊണ്ട്  സഞ്ചരിക്കുന്നു .സ്റ്റീവ്  ലോപ്പസ്  ഒരു open ending movie  ആണ്  ,പിന്നീട്  എന്താകണം എന്നത് പ്രേക്ഷകന്റെ  ചിന്തകള്‍ക്ക്  വിട്ടു  കൊടുത്തിരിക്കുകയാണ് .  സിനിമ  ഉന്നയിക്കുന്ന   രാഷ്ട്രീയവും  ആശയവും   പരമാവധി  സത്യാ സന്ധതയോടെ   പ്രേക്ഷകന്  മുന്നിലേക്ക്‌  വെക്കുക  എന്നത്  മാത്രമേ   ഒരു  കലാ സൃഷ്ടിക്കു  കഴിയൂ അതല്ലാതെ   ,അതിനു  ശുഭാന്ത്യം  നല്‍കാനോ  മാത്രുകയായി  സൂക്ഷിക്കാനോ സിനിമ   സുഭാഷിതമോ  അമര്‍  ചിത്ര കഥയോ  അല്ല . പ്രേക്ഷകരെ ചിന്തിക്കാന്‍  പ്രേരിപ്പിക്കുകയെന്നതാണ് തന്റെ സിനിമയുടെ ദൌത്യം എന്ന് രാജീവ്  രവി കരുതുന്നുണ്ട് . "തന്റെ എടുത്തു ചാട്ടം കൊണ്ട്  ആ യുവാവിന്റെ ജീവിതം  അവസാനിക്കുകയാണ്  ,യുവത്വത്തിന്റെ ചപലത കൊണ്ട് സ്വന്തം ജീവിതം തകര്‍ത്ത    കഥ , ഇത്  നിങ്ങള്‍ക്കും  ഒരു  പാഠം  ആകട്ടെ " എന്ന്  ഒരു  അന്ത്യ  സന്ദേശത്തിന്റെ  നിറവില്‍  സിനിമ അവസാനിച്ചില്ല എന്നത് തന്നെയാണ് best part of this Film . ഞാന്‍  സ്റ്റീവ്  ലോപ്പസ് ഒരു  അന്വേഷണമോ  യാത്രയോ  ആണ്  സുഖലോലുപതയെയോ നിഷ്കളന്കതയെയോ  മുറിവേല്‍പ്പിക്കുന്ന ഒരു  അന്വേഷണം . 
Sunday 12 January 2014

കാട് വന്നു വിളിക്കുമ്പോള്‍
വല്ലാതെ ഉലച്ചു കളയുന്ന വായനാനുഭവങ്ങളുണ്ട് ,കാഴ്ചകളുണ്ട് ,അങ്ങനെയൊരു കാഴ്ചയാണ്  
  In to the Wild എന്ന സിനിമ . ഒരു സിനിമാനുഭവത്തിന്റെ പൂര്‍ണ്ണത നില നിര്‍ത്തിക്കൊണ്ട് തന്നെ ഒരു അപൂര്‍വ്വമായ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ച തന്നെ അതില്‍ വായിച്ചെടുക്കാം . Jon Krakauer എന്ന എഴുത്തുകാരന്‍  ക്രിസ്റ്റഫര്‍  മക്ക്ന്റില്‍ സ് എന്ന യുവാവിന്റെ ജീവിത യാത്രയെ ആസ്പദമാക്കി രചിച്ച കൃതിയുടെ അതെ പേരിലുള്ള ചലച്ചിത്രാവിഷ്കാരമാണ് In to the Wild പ്രശസ്ത നടനായ ഷോണ്‍ പെന്‍  ആണ് സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത് . ഒരു ആസ്വാദനം എഴുതണമെന്നു പലയാവൃത്തി കരുതിയെങ്കിലും സിനിമയുടെ സാങ്കേതികത നോക്കിയുള്ള ഒരു ആസ്വാദന രീതി വശമില്ലാത്തതിനാല്‍ ആ സാഹസത്തില്‍ നിന്നു സ്വയം പിന്മാറുകയായിരുന്നു . 

     ജീവിതത്തിന്റെ നിരര്‍ത്ഥകതയോ ഭൌതികതയോടുള്ള വിരക്തിയോ ആണ് പലപ്പോഴും ഒരു പലായനം എന്ന നിലയിലുള്ള യാത്രയിലേക്കു നയിക്കുന്നത് .സമയമളന്ന് ജീവിക്കുന്നവരാണു നാമെല്ലാം. അപകടകരമായ യാതൊന്നും ചെയ്യാതെ അനുഭവങ്ങളുടെ മൂര്‍ച്ചകളില്‍ നിന്നും തെന്നി മാറി നെറുകയില്‍ മുറിപ്പാടുകള്‍ വീഴ്ത്താനിഷ്ടമില്ലാതെ ഒരനുഷ്ടാനം പോലെ ജീവിതത്തെ മെരുക്കിയെടുക്കുന്നവര്‍ . സമയം ഗണിച്ച് ഉണര്‍ന്ന് ഒരുങ്ങി യാത്ര ചെയ്ത് കൃത്യസമയത്ത് ഇരിപ്പിടങ്ങളിലമര്‍ന്ന് സായാഹ്നസൌഹൃദങ്ങള്‍ക്കായി മൊബൈലിലും കീബോര്‍ഡിലും പരതി വര്‍ത്തമാനങ്ങളീല്‍ സ്വയം നഷ്ടപ്പെട്ട് ജീവിക്കുന്നവര്‍ .ഒരു ദിവസമെങ്കിലും അസ്വസ്ഥമായ ഒരു മടുപ്പോടെ ഇതില്‍ നിന്നെല്ലാം ഒന്നു രക്ഷപ്പെടാന്‍ തോന്നാത്തവരുണ്ടാകില്ല ,ഒരിക്കലെങ്കിലും അതു തോന്നിയിരിക്കണം . 

              പലായനങ്ങള്‍ക്കു ഓരോ ഇടങ്ങളിലും ഓരോ നിര്‍വ്വചനങ്ങളുണ്ട് ,ഓരോ വ്യക്തിക്കും അവരവര്‍ക്കു മാത്രമറിയുന്ന കാരണങ്ങളുമുണ്ട് .പൌരസ്ഥ്യര്‍ക്കു  ചിലപ്പോള്‍ തീര്‍ത്ഥാടനമാണ് ,മറ്റ് ചിലപ്പോള്‍ പുറപ്പെട്ടൂ പോകല്‍ പാശ്ചാത്യരില്‍ ഹിപ്പിയായവരും  പ്രണയനൈരാശ്യം ,ആത്മീയത ,നിരാസം ,മടുപ്പ് ,പാപബോധം ,സ്വാതന്ത്ര്യ വാഞ്ച അങ്ങനെ കാരണങ്ങള്‍ .
                     എല്ലാ ബന്ധനങ്ങളുമുപേക്ഷിച്ചു ,സ്വസ്ഥവും ശൂന്യവുമായ ഒരു മനസ്സോടെ ജീവിക്കണമെന്നു ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല - പക്ഷെ അങ്ങനെ ഒരു പലായനത്തിനപ്പുറം ,അതു മൂലം  നഷ്ടപ്പെട്ടേക്കാവുന്ന പ്രായോഗിക ലാഭങ്ങളുടെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ,അറ്റ് പോയേക്കാവുന്ന ബന്ധങ്ങളുടെ വൈകാരികതയെ കുറിച്ചോര്‍ക്കുമ്പോള്‍ അത്തരം ചിന്തകള്‍ നൈമിഷികങ്ങളായ ഒരു ഭ്രാന്ത് മാത്രമാണെന്നു തിരിച്ചറിയുന്നിടത്തു ആ ചിന്ത ഉപേക്ഷിക്കപ്പെടുന്നു  - ചിലര്‍ ആ ഭ്രാന്തിനെ പിന്തുടരുന്നു , പ്രലോഭനങ്ങളെയെല്ലാം നിസ്സാരമായി അതിജീവിച്ചു ,ബന്ധങ്ങളെ നിസ്സംഗമായി  ഉപേക്ഷിച്ചു കൊണ്ട് യാത്ര തിരിക്കുന്നു ,അല്ലെങ്കില്‍ പുറപ്പെട്ടു പോകുന്നു .
       
  In to the Wild അത്തരമൊരു യാത്രയാണ് , ഒരു പലായനമാണ്  ,സ്വാതന്ത്ര്യ പ്രഖ്യാപനമാണ്  - Christopher McCandless  എന്ന ചെറുപ്പക്കാരന്‍ തന്റെ മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ എല്ലാ സുഖലോലുപതയും ഉപേക്ഷിച്ചു ഒരു യാത്ര തിരിക്കുകയാണ് ,തന്റേതായ എല്ലാ സത്വവും ഇല്ലാതാക്കിക്കൊണ്ട് ,തിരിച്ചറിയല്‍ കാര്‍ഡുകളും ബിരുദ സര്‍ട്ടിഫിക്കറ്റുകളും അതു വരെയുള്ള സമ്പാദ്യങ്ങളും എല്ലാം ഉപേക്ഷിച്ചു കൊണ്ടൊരു യാത്ര , വന്യമായ ഒരു യാത്ര ,ആ യാത്രയുടെ കാരണവും ലക്ഷ്യവും അത്രക്കൊന്നും വിശദീകരിക്കപ്പെടുന്നില്ലെങ്കിലും ആത്യന്തികമായ ലക്ഷ്യം കാട്ടിലൂടെ അലാസ്കയിലെത്തുക എന്നതാണ് ,അതത്രയൊന്നും യാഥാര്‍ത്ഥ്യമല്ലെങ്കില്‍ കൂടിയും ആ ഒരു ലക്ഷ്യമേ സിനിമയില്‍ വെളിവാക്കപ്പെടൂന്നുള്ളൂ   .    ആധുനിക ലോകത്തിന്റെ യാഥാസ്ഥിതികമായ ജീവിത രീതികളെ നിരാകരിച്ചു കൊണ്ട് പ്രകൃതിയുമായി ലയിച്ചു ജീവിക്കാനാണ്  ക്രിസ്റ്റഫര്‍ ആ യാത്ര തിരിക്കുന്നത് ,കുറച്ചു അത്യാവശ്യ വസ്തുക്കളും ഏതാനും പുസ്തകങ്ങളും മാത്രമായിരുന്നു യാത്രയുടെ മൂലധനം .
                     സിനിമയുടെ കാഴ്ചകള്‍ക്കിടയിലെവിടെയോ ഒരു “ദേജാവു “ അനുഭവപ്പെട്ടത് ആത്മാന്വേഷണങ്ങള്‍ ഒരു സാര്‍വത്രിക പ്രതിഭാസമായതിനാലോ  അതോ മുമ്പെവിടെയോ ഇതു പോലെയെന്തോ  വായിച്ചറിഞ്ഞതു കൊണ്ടോ എന്നു നല്ല തിട്ടമില്ല .ബുദ്ധനും ക്രിസ്തുവും ശങ്കരനുമെല്ലാം ഇത്തരം ആത്മാന്വേഷണങ്ങളുടെ ഉപോല്പന്നങ്ങളാണല്ലോ . സാഹിത്യത്തിലും ഇത് ഒരു പാട് പരീക്ഷിക്കപ്പെട്ടിട്ടുണ്ട്  പ്രതീകാത്മകമാകമായോ , ഫാന്റസിയായോ ഒക്കെ  . ക്രിസ്റ്റഫറിനെ എനിക്കു ഓര്‍ക്കാന്‍ സാധിക്കുന്നത് ഖസാക്കിലെ രവിയായിട്ടാണ് .ഒരു പക്ഷെ  ഖസ്സാക്കിനോടുള്ള അമിത പ്രണയം കൊണ്ടു കൂടിയാകാം  പക്ഷെ    In to the Wild ഉം ഖസ്സാക്കിന്റെ ഇതിഹാസവും  ഒരു പാട് സാമ്യതകളുള്ള പ്രമേയമാണ്   .      നായക കഥാപാത്രത്തിന്റെ യാത്ര - ഭൌതിക ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യമോ അല്ലെങ്കില്‍ കുടുംബത്തിലെ അസ്വാരസ്യങ്ങളോ പാപബോധമോ കാരണമായി അലക്ഷ്യമായ ഒരിടത്തേക്കു ,ബാധ്യതകളില്ലാത്ത ഒരു യാത്രയിലേക്കു നയിക്കുന്ന  യാത്ര . അതിനിടക്ക്  വഴിയോരത്തും ഇടത്താവളങ്ങളിലും കണ്ടെത്തുന്ന ചില കഥാപാത്രങ്ങളിലൂടെ ജീവിതത്തെ കുറിച്ച് പറയുന്നു ,ജീവിതത്തെ കുറിച്ചു ചില ബോധ്യങ്ങളുണ്ടാകുന്നു ജീവിതത്തിലേക്കൊരു തിരിച്ചു പോക്കിനു സമയമാകുമ്പോള്‍ അനിവാര്യമായ അന്ത്യം . 

ബന്ധങ്ങളില്‍ നിന്നും കെട്ടുപാടുകളില്‍ നിന്നും മോചിതനായാണ് ക്രിസ്റ്റഫര്‍ യാത്ര തിരിക്കുന്നത് ,ആരോടും പറയാതെ ,ഒന്നിനോടുമൊരു കടപ്പാട് ശേഷിപ്പിക്കാതെ .പക്ഷെ അയാളുടെ യാത്രയിലുടനീളം ആളുകളുമായി ഇടപഴകേണ്ടി വരുന്നു ,ഇടപഴകുന്ന ആളുകളിലൂടെ ജീവിതത്തെ അറിയുന്നു ,വഴിപോക്കരുടെ ജീവിതത്തിലെ സന്തോഷവും ദുഖവും ആകുലതകളും സ്നേഹവും പങ്കു വെക്കപ്പെടൂന്നു .പ്രണയവും സൌഹൃദവും അനുഭവിക്കുന്നു .
ആത്മനിന്ദയാണോ ,കൌതുകമാണൊ എന്നു വേര്‍തിരിച്ചറിയാനാവാത്ത ഒരു യാത്രയില്‍ പിതൃസമാനമായ ഒരു സാന്ത്വനം രവിയും ക്രിസ്റ്റഫറും അനുഭവിക്കുന്നുണ്ട് .ഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയത്തിലെ  ഇന്‍സ്പെക്ഷന് വന്ന 
മാഷ് രവിയില്‍ പിതൃസമാനമായ സ്നേഹം ,അലിവ് എല്ലാം സൃഷ്ടിക്കുന്നു , വിജനമായ മലയടിവാരത്തില്‍ ഒറ്റക്കു താമസിക്കുന്ന വൃദ്ധനായ റോണ്‍  ക്രിസ്റ്റഫറിനെ തന്റെ ചെറുമകനായിട്ടാണ് കാണുന്നത് . നഷ്ടപ്പെട്ടതോ നഷ്ടപ്പെടുത്തിയതോ ആയ സ്നേഹത്തിന്റെ ,കരുതലിന്റെ ഒക്കെ പുനരാവിഷ്കാരമായി ,തിരിച്ചറിവായി ഈ ബന്ധങ്ങള്‍ രവിയുടെയും ക്രിസ്റ്റഫറിന്റെയും ജീവിതത്തില്‍ കടന്നു വരുന്നു  ഒരു തിരിച്ചു പോക്കിലേക്കു മനസ്സു രൂപപ്പെട്ടു വരുമ്പോഴാണ് അപ്രതീക്ഷിതമായി മരണം കടന്നു വരുന്നത് . യാത്രയുടെ നിഷ്ഫലതയില്‍ ,നിസ്സഹായരായി പ്രകൃതിയുടെ സാ‍മാന്യ വിധിക്കു കീഴടങ്ങേണ്ടി വരുന്നു .


"രവി ചാഞ്ഞു കിടന്നു ,അയാള്‍ ചിരിച്ചു അനാദിയായ മഴ വെള്ളത്തിന്റെ സ്പര്‍ശം .ചുറ്റും പുല്‍ക്കൊടികള്‍ മുള പൊട്ടി. രോമ കൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു ,മുകളില്‍ വെളുത്ത കാല വര്‍ഷം പെരുവിരലോളം ചുരുങ്ങി  ,ബസ്സു വരാനായി രവി കാത്തു കിടന്നു "   ഒരെ സമയം 

Tuesday 22 October 2013

ആവിഷ്കാര സ്വാതന്ത്ര്യ വ്രണം പൊട്ടലുകള്‍ .
If we don't believe in freedom of expression for people we despise ,we don't believe in at all .

Noam Chomsky .

ആവിഷ്കാര സ്വാതന്ത്ര്യമെന്നത് സദാചാരം പോലെ തന്നെ ഒരു സംഗതിയാണ് .അവനവനു രുചിക്കുന്നതും രസിക്കുന്നതും  വരെയേ ഈ സ്വാതന്ത്ര്യം ആകാവൂ ,അതിനപ്പുറം വികാരം വ്രണപ്പെടും .ഈ വ്രണപ്പെടുന്ന വികാരത്തിന്റെ തോതനുസരിച്ചിരിക്കും പിന്നീടുള്ള അതിക്രമങ്ങള്‍ . സിനിമയായാലും നാടകമായാലും സാഹിത്യമായാലും പ്രസംഗമായാലും ഇത് തന്നെ സ്ഥിതി . ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചും അതിന്റെ ജനാധിപത്യഅവകാശങ്ങളെ കുറിച്ചുമുള്ള സജീവ ചര്‍ച്ചകള്‍ക്കു കാരണമായ ഒരു പാട് സംഭവങ്ങള്‍ കടന്നു പോയിരുന്നു .ആഷിക്ക് അബുവിന്റെ “ഇടുക്കി ഗോള്‍ഡ് പോസ്റ്ററില്‍ “ ശിവനെ കോണ്ട് കഞ്ചാവ് വലിപ്പിച്ചതും അതിനു ശേഷം അമീര്‍ ഖാന്‍ ശിവനെ കൊണ്ട് ഓട്ടോറിക്ഷ തള്ളിച്ചതും  തേജസ് പത്രത്തിന്റെ നിരോധനവും  അങ്ങനെയൊക്കെയായി സംഭവ ബഹുലമായ ആവിഷ്കാര സ്വാതന്ത്ര്യ ചര്‍ച്ചകളായിരുന്നു .ഇന്നു നമ്മുടെ നാട്ടില്‍ ഏറ്റവും ശക്തമായ നിയമം ഉള്ള ഒരേ ഒരു കാര്യമേയുള്ളൂ - മത നിന്ദ /ദൈവ നിന്ദ അഥവാ ബ്ലാസ്ഫമി .ഇങ്ങനെയൊരു കേസ് വന്നാല്‍ ,അല്ലെങ്കില്‍ ആരോപണം വന്നാല്‍ മിക്കവാറും പണി കിട്ടും ഒന്നുകില്‍ കോടതിയില്‍ നിന്നു അല്ലെങ്കില്‍ ദൈവസ്നേഹം കൊണ്ട് കഴപ്പ് മൂത്ത ജനക്കൂട്ടത്തില്‍ നിന്നു . പട്ടിണിയോ പരിവട്ടമോ ആയിരുന്നാലും ദൈവങ്ങളെയും മതങ്ങളെയും സംരക്ഷിക്കുന്ന കാര്യത്തില്‍ ആരും ഉപേക്ഷ വിചാരിക്കില്ലല്ലോ .തൊടുപുഴയിലെ ജോസഫ് സാറിന്റെ കാര്യത്തില്‍ വികാരഭരിതരായ ദൈവ വിശ്വാസികളില്‍  നിന്നും പൌരനെ സംരക്ഷിക്കേണ്ടിയിരുന്ന സ്റ്റേറ്റ് തന്നെ അദ്ദേഹത്തിനെതിരെ IPC: 295A വകുപ്പു പ്രകാരം കേസെടുത്തു .ലുക്കു ഔട്ട് നോട്ടീസും വ്യാപക തിരച്ചിലും ഒക്കെയായി മത ഭ്രാന്തന്മാര്‍ക്കു അവരാണ് ശരി എന്നു സ്ഥാപിച്ചെടുക്കാന്‍ സര്‍ക്കാറിന്റെ ഈ നീക്കം കൊണ്ട് സാധിച്ചു ,ഫലമെന്തു ?- അങ്ങേരുടെ കൈ പോയി കിട്ടി .ഇത് ഏതെങ്കിലും മതത്തോടു മാത്രമുള്ള പ്രീണനമൊന്നുമല്ല - എല്ലാ മതത്തില്‍ പെട്ട വികാരഭരിതരോടും  ഭരണ കൂടങ്ങള്‍ ഈ സ്നേഹം കാണിക്കാറുണ്ട് -അമൃതാനന്ദ മയിക്കെതിരെ പുസ്തകമെഴുതിയ ശ്രീനി പട്ടത്താനത്തിനെതിരെയുള്ള ഇടപെടലുകളും ക്രിസ്ത്യന്‍ മണ്ടത്തരങ്ങളെ തുറന്നു കാട്ടിയ സനല്‍  ഇടമറുകിനെതിരായ പ്രതിഷേധവുമെല്ലാം  ഈ പട്ടികയില്‍ വരും -ഉദാഹരണങ്ങളാണെങ്കില്‍ ക്വിന്റല്‍ കണക്കിനുണ്ട് . വിസ്താര ഭയം കൊണ്ട് കെട്ടഴിക്കുന്നില്ല .  

ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ചിലര്‍ അതിവൈകാരികമായി ഉയര്‍ത്തുന്ന ചോദ്യമാണ്  -എങ്ങോട്ടാണ് നമ്മുടെ രാജ്യം പോകുന്നത് ? പഴയ ബ്രിട്ടീഷ് കിരാത ഭരണത്തിലേക്കാണോ ???

മതനിന്ദാ /ദൈവ നിന്ദാ നിയമം   [
[blasphemy] IPC: 295A ]

നമ്മുടെ രാജ്യം ഷഷ്ടിപൂര്‍ത്തി കഴിഞ്ഞു ,വാര്‍ദ്ധക്യത്തിലേക്കു കാലു നീട്ടിത്തുടങ്ങിയിരിപ്പാണ്  ഇനിയും പഴയ ബ്രിട്ടീഷ് സാമ്രാജ്യത്തത്തെയൊക്കെ കുറ്റം പറയാന്‍ നില്‍ക്കുന്നത് കുറച്ചു കഷ്ടാണ്  . നമ്മുടെ പീനല്‍ കോഡിലുള്ള  
മതനിന്ദാ വകുപ്പ് [blasphemy] IPC: 295A  ബ്രിട്ടീഷ് രാജിന്റെ കാലത്തുണ്ടായിരുന്നതിന്റെ തുടര്‍ച്ച തന്നെയാണ് . പക്ഷെ  സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം വന്ന ഒരു നിയമ ഭേദഗതില്‍ മത നിന്ദാ നിയമമായ  IPC: 295A - ല്‍  His Majesty's Subject എന്ന വാക്കിനെ Citizens of India എന്നാക്കി മാറ്റി ,അതു കൂടാതെ വ്രണിത ഹൃദയര്‍ക്കു കൂടുതല്‍ നിയമ പരമായ സാധ്യതകളൊരുക്കാന്‍ ബ്രിട്ടീഷ് കാലഘട്ടത്തിലെ  നിയമത്തെ ഒന്നു കൂടി വിപുലപ്പെടുത്തി Out raging by certain words എന്ന വാക്യത്തെ Outraging by words ,either spoken or written ,or by signs or visible representations or otherwise എന്നാക്കി മാറ്റി  ഇത് കൊണ്ട് വ്രണപ്പെടാനുള്ള കാരണങ്ങളും അതിനെതിരെ നിയമ നടപടിക്കുള്ള സാധ്യതകളും ഒന്നു കൂടി ശക്തമായി ,നിയമം ഇല്ലാത്തത് കൊണ്ട് വ്രണപ്പെടാതിരിക്കരുതല്ലോ ,എന്തായാലും ഈ വിപുലപ്പെടുത്തല്‍ വാക്യമുള്ളതു കൊണ്ട് വേണമെങ്കില്‍ ഒന്നു തുമ്മിയാല്‍ പോലും മതനിന്ദക്കു കേസ് എടുക്കാനുള്ള വകുപ്പുണ്ട് .ബ്രിട്ടീഷ് ഭരണകാലത്തു നിന്നും സ്വതന്ത്ര ഭാരതത്തിലെത്തുമ്പോള്‍ മത നിന്ദാ നിയമത്തില്‍ നാം ഒരു പാട് “പുരോഗമിച്ചതായി“ കാണാം .അതു കൊണ്ട് ദയവ് ചെയ്ത് ഉദാഹരിക്കാനും താരതമ്യം ചെയ്യാനും പഴയ “ബ്രിട്ടീഷ് കിരാത വാഴ്ച” യിലേക്കൊന്നും പോകണ്ടാ , നമുക്കു സ്വന്തമായി നല്ല ഒന്നാന്തരം ഭരണകൂടങ്ങളും അതിന്റെ വിപുലീകരിച്ച നിയമങ്ങളുമൊക്കെയുള്ളപ്പോള്‍ അത് അനാവശ്യമല്ലെ .
ഇനി അഥവാ നിയമത്തിന്റെയൊ അധികാരത്തിന്റെ ആശ്രയമില്ലെങ്കില്‍ വ്രണിത ഹൃദയര്‍ കയ്യേറ്റത്തിലൂടെയും സംഘബലത്തിലൂടെയും അതിനെ മറികടക്കാന്‍ ശ്രമിക്കും .ഹിന്ദു ഫാസിസ്റ്റുകളും ഇസ്ലാമിക മൌലിക വാദികളും പുസ്തകങ്ങള്‍ക്കും സിനിമകള്‍ക്കുമെതിരെ സംഘടിക്കുന്നതു അവരുടെ കയ്യില്‍ അതിനെ നിരോധിക്കാനും ഇല്ലാതാക്കാനുമുള്ള അധികാരമില്ലാത്തപ്പോള്‍ മാത്രമാണ് . ഹുസൈന്റെ പെയിന്റിങുകള്‍ നശിപ്പിക്കുകയും ഭീഷണി മുഴക്കിയതും മീരാ നാ‍യരുടെ സിനിമയുടെ ഷൂട്ടിങ്ങ് തടസ്സപ്പെടുത്തുന്നതും അധ്യാപകന്റെ കൈ വെട്ടുന്നതും തങ്ങളുടെ സംഘബലത്തിന്റെ അപകടത്തെ കുറിച്ചു അറിയിക്കാന്‍ തന്നെയാണ് ,ഇക്കാര്യത്തില്‍ കമ്യൂണിസ്റ്റ് അണികളും മോശമല്ല പഴയ കമ്യൂണിസ്റ്റ് നേതാക്കളുടെ ലൈംഗിക ജീവിതത്തെ പരാമര്‍ശിച്ചതിനാണ് എഴുത്തുകാരന്‍ സക്കറിയയെ  സഖാക്കള്‍  കൈ വെച്ചത് , സക്കറിയ പറഞ്ഞത് അവാസ്തവമോ, അസംബന്ധമോ ആയിരുന്നതു കൊണ്ടല്ല അത്തരമൊരു പ്രതികരണം ,മറിച്ചു വേദിയറിഞ്ഞു പ്രസംഗിച്ചില്ല എന്നതായിരുന്നു തെറ്റ് ,നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ തിണ്ണ മിടുക്കു .മതമാകട്ടെ ,രാഷ്ട്രീയ പ്രസ്ഥാ‍നങ്ങളാകട്ടെ  മൌലികാശയത്തില്‍ അടിയുറച്ചു രൂപപ്പെടുത്തിയിരിക്കുന്ന  ഒരു ഇസങ്ങള്‍ക്കും സ്വതന്ത്ര ചിന്തയെയോ ആവിഷ്കാര സ്വാതന്ത്ര്യത്തെയോ അനുകൂലിക്കാനോ പ്രൊത്സാഹിപ്പിക്കാനോ കഴിയില്ല .അധികാരവും അതിന്റെ മെഷിനറിയും  നിയന്ത്രിക്കുന്നവര്‍ക്കു കാര്യങ്ങള്‍ കുറെ കൂടി ലളിതമാണ് .വികാരം വ്രണപ്പെടുന്നതിനു മുമ്പ് തന്നെ അത് നിരോധിക്കാന്‍ കഴിയുന്നു ,അല്ലെങ്കില്‍ അത്തരത്തിലൊരു ഉദ്യമത്തിനു തുനിയുന്നതില്‍ നിന്നു സ്വയമേവ പിന്മാറാന്‍ തരത്തിലൊരു ഭീഷണി സജീവമായി നിലനിര്‍ത്താന്‍ കഴിയുന്നു . ഇക്കാര്യത്തില്‍ ഏറ്റവും സ്വേച്ഛാധികാര പ്രമത്തത പ്രകടിപ്പിച്ചിട്ടുള്ളത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ് ,അതിനെതിരെയുള്ള ഓരോ പ്രതികരണവും അധികാര സംവിധാനങ്ങളെ ഉപയോഗിച്ചു ഇല്ലാതാക്കുന്നു .അടിയന്തിരാവസ്ഥാ കാലത്തു ഇന്ദിരാഗാന്ധി തുടങ്ങി വെച്ച മാതൃക പിന്നീട് വന്ന കോണ്‍ഗ്രസ്സ് വംശാധിപത്യവാഴ്ച തുടര്‍ന്നു കൊണ്ടേയിരിക്കുന്നു .  കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ സംബന്ധിച്ചു സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം അധികാരമില്ലാത്ത കാലയളവ് തുച്ഛമായിരുന്നു , അതു കൊണ്ട് തന്നെ ആ പാര്‍ട്ടിക്കെതിരെ ,അതിന്റെ സ്വേച്ഛാധിപത്യം നിറഞ്ഞ വംശവാഴ്ചയുടെ ദുരിതങ്ങള്‍ക്കെതിരെയും എഴുതാനോ പറയാനോ പ്രതികരിക്കാനോ കഴിയാത്ത വിധം ഭീഷണമായ ഒരു അവസ്ഥ നിലവിലുണ്ട് .കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കെതിരെയോ അതിന്റെ നേതാക്കള്‍ക്കെതിരെയോ പോലും വേണ്ടാ ,അതിനു  താല്പര്യമുള്ള കോര്‍പ്പറേറ്റുകളെ കുറിച്ചു പോലും ഇന്‍ഡ്യയില്‍ എഴുതിക്കൂടാ, അലിഘിതമായ വിലക്കുകള്‍ അതിനുണ്ട് . ധീരുഭായി അംബാനിയുടെ ജീവിത വഴികളെ പറ്റി ഹമീഷ് മക് ഡൊണാള്‍ഡ് എഴുതിയ "The Polyester Prince" നു ഇന്‍ഡ്യയില്‍ ഒരു കാലഘട്ടം വരെ അലിഘിതമായ വിലക്കുകളുണ്ടായിരുന്നു .ഖനന ഭീമന്‍ കോര്‍പ്പറേറ്റായ “വേദാന്ത” യുടെ സാമ്പത്തിക ക്രമക്കേടുകളെ പറ്റിയും അത് ഓഹരി വിപണിയെ കബളിപ്പിക്കുന്നതിനെ പറ്റിയും  രോഹിത്ത് പൊഡ്ഡാര്‍ എഴുതിയ  "Vedanta's Billions " ഇത്തരത്തില്‍ നിരോധനം നേരിട്ട കൃതിയാണ് ,വേദാന്തയുടെ  ഡയറക്ടര്‍മാരിലൊരാള്‍ നമ്മുടെ ധന മന്ത്രിയായ ചിദംബരമായിരുന്നുവെന്നത് വെറും യാദൃശ്ചികം മാത്രമാകണം. .സെന്‍സര്‍ ഷിപ്പ് നിയമങ്ങളും സൈബര്‍ നിയമങ്ങളും പോലും മാറ്റിയെഴുതുന്നതു ഈ ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള ആ പഴയ അടിയന്തിരാവസ്ഥകാലത്തിന്റെ തുടര്‍ച്ചയായിട്ടു തന്നെയാണ് . സ്വതന്ത്ര ഇന്‍ഡ്യയില്‍ ആദ്യമായി നിരോധനം നേരിട്ട കൃതി പാതിയോ അല്പമോ മലയാളിയായിരുന്ന ഓബ്രി മേനന്റേതായിരുന്നു .Rama Retold -രാമായണത്തിന്റെ ഒരു പാരഡിയായിരുന്നു ഇത് . പിന്നീടവിടന്നങ്ങോട്ടു ഗവണ്മെന്റ് നിരോധനമേര്‍പ്പെടുത്തിയ അസംഖ്യം കൃതികളുണ്ട് . ആളുകളുടെ ,മതപരമായ ,രാഷ്ട്രീയമായ ,ദേശീയമായ എല്ലാ മൃദുല വികാരങ്ങളെയും പരമാവധി താലോലിക്കാന്‍ അധികാരം എന്നും ശ്രമിച്ചിട്ടൂണ്ട് .വി എസ് നായ്പാളിന്റെ “an area of darkness“ ഇന്‍ഡ്യയില്‍ നിരോധിക്കപ്പെട്ടത് ഇന്‍ഡ്യയെ  മോശമാക്കി കാണിക്കാന്‍ ശ്രമിച്ചു എന്ന കാരണത്താലാണ് ഇത് ഇന്‍ഡ്യയില്‍ മാത്രമേ നിരോധിച്ചിട്ടുള്ളൂ . മറ്റുള്ള രാജ്യക്കാര്‍ക്കു മുന്നില്‍   ഈ കൃതിയിലൂടെ ഇന്‍ഡ്യയെ എങ്ങനെയാണ്അവതരിപ്പിക്കുന്നതെന്നു അറിയാന്‍ ഇന്‍ഡ്യക്കാര്‍ക്കു അവകാശമില്ല എന്നതാണ് ഈ നിരോധനത്തിലെ ഫലിതം ."സംഗീതമപി സാഹിത്യം സാരസ്വതാ സ്‌തനദ്വയം ”  സംഗീതവും സാഹിത്യവും സരസ്വതീ ദേവിയുടെ സ്തനങ്ങളാണ് എന്നാണ് ഹിന്ദു സങ്കല്പം തന്നെ ,അങ്ങനെയുള്ള സരസ്വതീ ദേവിയെ ഹുസ്സൈന്‍ വരയ്ക്കുമ്പോള്‍ അത് ഹിന്ദു ഫാസിസത്തിനു സഹിക്കാന്‍ കഴിയുന്നില്ല . അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഏറ്റവും ശക്തമായ തോതില്‍ ഇത്തരം സ്വാതന്ത്ര്യങ്ങളെയും ജനാധിപത്യ അവകാശങ്ങളെയും ഹനിക്കുന്നത് ഹിന്ദു ഫാസിസം തന്നെയാണ് .കാക്കത്തൊള്ളായിരം ദൈവങ്ങളും ആള്‍ ദൈവങ്ങളുമുള്ള ഒരു മതത്തിനു എവിടെ തൊട്ടാലും മര്‍മ്മമെന്ന രീതിയിലാണ് വികാരമുണരുന്നത് . കയ്യൂക്കും തിണ്ണമിടുക്കും കൊണ്ട് അവരത് കൊണ്ടാടുകയും ചെയ്യും .  ലൈംഗിക വര്‍ണ്ണന നിറഞ്ഞ ശില്പ ചാതുരിയുടെ ഹിന്ദു പാരമ്പര്യം ഖജുരാഹോയില്‍ കണ്ണു തുറന്നു നില്‍ക്കുമ്പോള്‍ തന്നെയാണ് ഹുസ്സൈന്റെ ചിത്രങ്ങള്‍ നശിപ്പിക്കപ്പെട്ടതും ഹുസൈനു പലായനം ചെയ്യപ്പെടേണ്ടി വന്നതും . സല്‍മാന്‍ റുഷ്ദിയുടെ “Satanic Verses " ഇസ്ലാം രാഷ്ട്രങ്ങളില്‍ നിരോധിക്കുന്നതിനു മുമ്പേ ഇന്‍ഡ്യയില്‍ നിരോധിച്ചിരുന്നു ,ഒന്നു കൂടി ഉത്സാഹിച്ചിരുന്നെങ്കില്‍ സല്‍മാന്‍ റുഷ്ദിയെ തൂക്കിക്കൊല്ലാനുള്ള നിയമം പോലും ഉണ്ടാക്കി കൊടുക്കുമായിരുന്നു.  .അന്ന് ഈ കൃതിക്കെതിരെ മൂസ്ലീം വികാരം ഉണര്‍ത്തി വിട്ടു വന്‍ പ്രതിഷേധം സംഘടിപ്പിച്ച ഷഹാബുദ്ദീന്‍ എം പി യോട് പത്രലേഖകന്‍ ചോദിച്ചു -

" അങ്ങ് ഈ പുസ്തകം വായിച്ചിട്ടുണ്ടോ ?
 ഹേയ് ഞാന്‍ വായിച്ചിട്ടില്ല ,എന്തിനാണിതൊക്കെ വായിക്കുന്നത് ? "


എന്നായിരുന്നു അയാളുടെ മറുപടി .സത്യത്തില്‍ പ്രക്ഷോഭം നടത്തുന്ന ആരും ആ പുസ്തകം വായിച്ചിട്ടുണ്ടായിരുന്നില്ല .കസന്ദ്സാക്കീസിന്റെ “The last temptation of Christ " നെ ആസ്പദമാക്കി പി എം ആന്റണി രചിച്ച “ക്രിസ്തുവിന്റെ ആറാം തിരുമുറിവ് ”  നിരൊധിക്കപ്പെട്ടത് ക്രിസ്തീയ സഭയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ്
Sivaji :Hindu King in Islamic India " എന്ന കൃതി ശിവജിയെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ചു മഹാരാഷ്ട്രയില്‍  നിരോധിച്ചിരുന്നു ,സുപ്രീം കൊടതി ഈ നിരോധനം നീക്കിയിട്ടു പോലും ഈ പുസ്തകം മഹാരാഷ്ടയില്‍ ലഭ്യമല്ല -  ഇത് നിയമപരമായ നിരോധനമല്ല തിണ്ണമിടുക്കിന്റെ നിരോധനമാണ് . ജവഹര്‍ ലാല്‍ നെഹൃവിന്റെ "Discovery Of India "യില്‍  ശിവജിയെ പറ്റിയുള്ള പരാമര്‍ശങ്ങള്‍ മറാഠികളെ വേദനിപ്പിക്കുന്നു എന്നു പറഞ്ഞു ഗോപിനാഥ് മുണ്ടെ സര്‍ക്കാര്‍ ഈ കൃതി നിരോധിക്കാന്‍ നീക്കം നടത്തിയിരുന്നു -ആദ്യ പ്രധാനമന്ത്രിയുടെതെന്നത് പോകട്ടെ ,ക്ലാസ്സിക് എന്നു വിളിക്കപ്പെട്ട ഒരു കൃതിയാണത് . അപ്പോള്‍ നിരോധനങ്ങള്‍ക്കും വ്രണം പൊട്ടലുകള്‍ക്കും കാരണങ്ങള്‍ ഒരു നേര്‍ത്ത നൂലിഴയോളം മതി .

ഇനി നമുക്കു തേജസ്സ് ലേക്കു വരാം - ഇപ്പോള്‍ വിലപിക്കുന്നവര്‍ പറയും പോലെ തേജസ്സ് - നിഷ്കളങ്കമായ ,ജനാധിപത്യ മൂല്യങ്ങളെ മാനിക്കുന്ന ,മത നിരപേക്ഷമായ ഒരു പത്രമല്ല എന്ന യാഥാര്‍ത്ഥ്യം ഇന്നു തേജസ്സിന്റെ നിരോധനത്തിനെതിരെ സംസാരിക്കുന്നവര്‍ക്കു പോലും അറിയാം . പക്ഷെ ഒരു ജനാധിപത്യ സമൂഹത്തില്‍ അതിനു പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം വേണം ,വിയോജിക്കാനും പ്രതിഷേധം നടത്താനും ഉള്ള സ്വാതന്ത്ര്യം വേണം -അതിനെ നിരോധിക്കുന്നത് ജനാധിപത്യ വിരുദ്ധം തന്നെയാണ് .പക്ഷെ ഇപ്പോള്‍ തേജസ്സിനു വേണ്ടി തേങ്ങുന്നവര്‍ ഒരു വാക്കു പോലും വായിക്കാത്ത പുസ്തകങ്ങളെ നിരോധിക്കാനും എഴുത്തുകാരനെ കഴുവേറ്റാനും ആഹ്വാനം ചെയ്തവരാണ് , അന്നൊന്നും ഈ ജനാധിപത്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഏഴയലത്തു പോലും കടന്ന് വന്നില്ല ,ഈ ഇസ്ലാം മൌലിക വാദികള്‍ എന്നെങ്കിലും മറ്റുള്ളവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെയോ ജനാധിപത്യത്തെയോ മാനിച്ചിട്ടുണ്ടോ ?  അവനവനു വേണ്ടി വരുമ്പോള്‍ മാത്രമുള്ള ആവിഷ്കാര സ്വാതന്ത്ര്യ കരച്ചില്‍ അസഹ്യമാണ് .

സിനിമയിലെ വികാരങ്ങളും വിവാദങ്ങളും 
നാടകങ്ങളും  പുസ്തകങ്ങളുമൊക്കെ കാലഹരണപ്പെട്ടതു കൊണ്ടാണെന്നു തോന്നുന്നു സമീപകാലത്തു സിനിമകളാണ് ഏറ്റവുമധികം വ്രണിതഹൃദയരെ സൃഷ്ടിച്ചിരിക്കുന്നത് .1958 ല്‍ ഒരു ഹാസ്യ സിനിമക്കു “നാ‍യരു പിടിച്ച പുലിവാല്‍“ എന്നു നിസ്സാരമായി  പേരിടാന്‍ കഴിയുമ്പോള്‍  കുറെ ദശകങ്ങള്‍ക്കിപ്പുറം “പൊന്മുട്ടയിടുന്ന തട്ടാന്‍” ലേക്കെത്തിയപ്പോള്‍ സിനിമ കാണാതെ തന്നെ ജാതിവികാരം വ്രണപ്പെടുന്ന അവസ്ഥയിലേക്കു നമ്മള്‍ പുരോഗമിച്ചു കഴിഞ്ഞിരുന്നു ,ഇതില്‍ തട്ടാനാണ് നായക കഥാപാത്രം എന്നിട്ടു പോലും അത് അനുവദിക്കാനാകില്ല എന്ന നിസ്സഹായവസ്ഥയില്‍ കഥാകൃത്തു  സിനിമയുടെ പ്രമേയവുമായി ഒരു ബന്ധവുമില്ലാത്ത “പൊന്മുട്ടയിടുന്ന താറാവ് “ എന്ന പേരിടാന്‍  നിര്‍ബന്ധിതനാകുന്നു .കമലഹാസന്റെ “ചണ്ടിയാര്‍” വീരുമാണ്ടിയായതും ഇതേ ജാതി വികാരത്തിന്റെ പുറത്താണ്,കാലം കഴിയുന്തോറും വ്രണിത ഹൃദയരാവാനുള്ള ശേഷിയും സാധ്യതകളും വര്‍ദ്ധിച്ചു വരികയാണ് ,ദേവിയുടെ വിഗ്രഹത്തില്‍ തുപ്പിക്കാന്‍ ഇന്നു എം ടി വാസുദേവന്‍ നായര്‍ തുനിഞ്ഞാല്‍ അമ്മയാണെ,  ദേവിയാണേ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയതിനുള്ള  ശിക്ഷ എം ടി വാസുവേട്ടന്‍ ഏറ്റ് വാങ്ങേണ്ടി വന്നേനെ .

ക്രിസ്ത്യന്‍ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതു കൊണ്ട് ഇന്‍ഡ്യയിലെ പല സംസ്ഥാനങ്ങളിലും “ഡാവിഞ്ചി കോഡ് “ എന്ന ഹോളിവുഡ് സിനിമ നിരോധിച്ചിട്ടുണ്ട് . പ്രകാശ് ജായുടെ “ഗംഗാ ജല്‍” പ്രദര്‍ശനത്തിനു മുമ്പ് ലാലു പ്രസാദ് യാദവിന്റെ സ്പെഷ്യല്‍ സെന്‍സറിങ്ങ് കൂടി വിധേയമാക്കേണ്ടി വന്നു .മീരാ നായരുടെ “ഫയറിന്റെ” ഷൂട്ടിങ്ങ് ഹിന്ദു വികാരങ്ങളെ   വ്രണപ്പെടുത്തുന്നുവെന്നു ആരോപിച്ചു ഹിന്ദുത്വ വാദികള്‍ തടസ്സപ്പെടുത്തിയപ്പോള്‍ ബംഗാളില്‍ വന്നു ഷൂട്ട് ചെയ്യാന്‍ ക്ഷണിച്ചവരാണ് അന്നത്തെ ഇടതു പക്ഷ സര്‍ക്കാര്‍ , ആവിഷ്കാര സ്വാതന്ത്ര്യത്തെ മാനിക്കാത്ത ഹിന്ദു ഫാസിസ്റ്റ് അതിക്രമങ്ങളെ അപലപിക്കുകയും ചെയ്തു . പക്ഷെ 2001 ലെ കൊല്‍ക്കത്താ ഫിലിം ഫിസ്റ്റിവലില്‍ ലെനിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച Taurus - പ്രദര്‍ശിപ്പിച്ചതിനെതിരെ കൊല്‍ക്കത്തയില്‍ സി പി എമ്മിന്റെ  പ്രതിഷേധമുണ്ടായിരുന്നു ,അതിനു മുമ്പ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞതാണ് Taurus , അതു കൂടാതെ സിനിമ വരുന്നതു ലെനിന്റെ നാടായ റഷ്യയില്‍ നിന്നും , രാജാവിനെക്കാള്‍ വലിയ രാജഭക്തി . ഉല്പതിഷ്ണുത്വവും ആവിഷ്കാര സ്വാതന്ത്ര്യവും മുട്ടിന് മുട്ട് വിളമ്പുന്ന കമ്യൂണിസ്റ്റുകാര്‍ക്കു ലെനിനെ വസ്തുതാ പരമായി വിലയിരുത്തുന്ന ഒരു സിനിമയെ  അംഗീകരിക്കാന്‍ കഴിഞ്ഞില്ല ,പ്രക്ഷോഭങ്ങള്‍ ,പ്രതിഷേധങ്ങള്‍  പിന്നെ നിരൊധനം .-അപ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യമെന്നത് അവനവനു രുചിക്കും വരെ മാത്രമേ നടക്കൂ .


സിനിമകള്‍ വിവാദമുണ്ടാക്കി ഇനീഷ്യല്‍ പുള്‍ കൂട്ടുന്നതു നവീനമായ വിപണന തന്ത്രമൊന്നുമല്ല മുമ്പ്  മറ്റ് പല ഉപാധികളാണ് അതിനു ഉപയോച്ചിരുന്നത് എന്നു മാത്രം .നായിക നടിമാരുടെ നഗ്നത മുതല്‍ നായികാ -നായകന്മാരുടെ പ്രണയ വാര്‍ത്തകള്‍ വരെ ,ബോളിവുഡ്ഡില്‍ ജോഡിയായി അഭിനയിക്കുന്നവരെ തമ്മില്‍ ഗോസ്സിപ്പും ”രഹസ്യ ഫോട്ടോസും “ പുറത്തു വിട്ടു സൌജന്യ പരസ്യം കൊടുക്കുന്ന രീതി പണ്ടേ ഉണ്ട്  ,മനീഷാ കൊയിരാളയുടെ ഒരു മൂന്നാം കിട പടമായ “ഏക് ചോട്ടീ സീ ലവ് സ്ടോറിയും “ മനീഷയുടെ പേരില്‍ തന്നെ വിവാദമുണ്ടാക്കി ഹിറ്റായ സിനിമയാണ്. പക്ഷെ  കാലം മാറി പഴയ മെത്തേഡുകള്‍ കാലഹരണപ്പെട്ടു ഇവിടെയാണ് വ്രണം പൊട്ടിക്കല്‍ വിജയിക്കുന്നത് . ഇത്  താരതമ്യേന ചിലവ് കുറഞ്ഞതും പരമാവധി ഫലപ്രദവുമായ ഒരു മെത്തേഡാണ് .പ്രചരണത്തിനു അഞ്ചു പൈസ ചിലവില്ല , അതത് മേഖലയിലെ വികാര ഭരിത മന്ദ ബുദ്ധികള്‍ അതേറ്റെടുത്തു പ്രചരിപ്പിച്ചോളും .കമലഹാസന്റെ കട്ടക്കൂതറ സിനിമയായ “ദശാവതാരം” എവിടെയെങ്കിലും വിജയിച്ചിട്ടുണ്ടെങ്കില്‍ അത് ആ സിനിമയിലെ മുസ്ലീം വിരുദ്ധതയെന്ന പ്രചരണ കോലാഹലം കൊണ്ടാണ് അതു പോലെ തന്നെ .ശിവസേന ഭീഷണിപ്പെടുത്തിയതു കൊണ്ടു കൂടിയാണ് “മൈ നെയിം ഈസ് ഖാന്‍ “ എന്നഷാരൂഖ്  ചിത്രം വന്‍ വിജയമായിത്തീര്‍ന്നത്  . ആഷിക്ക് അബു വരുന്നത് പരസ്യ മേഖലയില്‍ നിന്നാണ് ,അയാള്‍ക്കറിയാം എങ്ങനെ ഒരു സിനിമ മാര്‍ക്കറ്റ് ചെയ്യണമെന്നു .ആവറേജും ബിലോ ആവറേജുമായിരുന്ന മുന്‍ കാല ചിത്രങ്ങളുടെ വിജയം അതു തെളിയിക്കുന്നു  . 


ശിവന്റെ കഞ്ചാവ് വലിയും ഇത് പോലെ ഒരു ആസൂത്രിത മാര്‍ക്കറ്റിങ്ങ് തന്നെയായിരുന്നിരിക്കണം , എത്ര വികാരം പൊട്ടുന്നുവോ അത്രയും ആഷിക്ക് അബുവിന്റെ മാര്‍ക്കറ്റിങ്ങ് വിജയിക്കും ,സിനിമക്കു അത്രക്കു പ്രചാരവും കിട്ടുമായിരുന്നു ,പക്ഷെ അതു വേണ്ടത്ര ഏശിയില്ല .ഈയടുത്ത കാലത്തു ഇത്തരമൊരു മാര്‍ക്കറ്റിങ്ങ് ഉദ്യമം പൊളിഞ്ഞു പാളീസാവുകയുണ്ടായി  മുരളീ ഗോപിയുടെ “ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് “ സി പി എമ്മിനോട് ഒരു അനുഭാവവുമില്ലാത്ത ഒരാള്‍ക്കു പോലും അതില്‍  പിണറായിയെയും വി എസിനെയും മിമിക് ചെയ്തുണ്ടാക്കിയ കഥകളില്‍ അസ്വാഭാവികത തോന്നുമായിരുന്നു .അല്‍ഭുതമെന്നു പറയട്ടെ യാതൊരു വിവാദവുമില്ലാതെ സിനിമ വെറുതെ ,വെറും വെറുതെ കടന്നു പോയി ,ഒരു ആവറേജ് പടമായി .ഒരു കല്ലേറ് ,ഒരു പ്രതിഷേധം ,ചെറിയ ഒരക്രമം ഒക്കെ ആ സിനിമക്കു നല്‍കിയേക്കാമായിരുന്ന മൈലേജിനെ നിസ്സാരമായി തള്ളിക്കളഞ്ഞു .അത്തരമൊരു ആക്ഷനെ മാര്‍ക്കറ്റ് ചെയ്യാന്‍ കാത്തിരുന്ന സിനിമാക്കാരെയും നിരാശരാക്കി . അതു കേരളത്തിലെ സി പി എം അണികളുടെയോ നേതാക്കന്മാരുടെയോ ബോധ പൂര്‍വ്വമോ അബോധ പൂര്‍വ്വമോ ആ‍യ മികച്ച , വിവേകമുള്ള ഒരു തീരുമാനമായിരുന്നു .
വികാരങ്ങളെ വ്രണപ്പെടുത്തുക,വിവാദങ്ങളുണ്ടാക്കുക ,അതിന്റെ പേരില്‍ കിട്ടുന്ന വിപണന മൂല്യം മുതലെടുക്കുക ഇതൊക്കെ സിനിമയില്‍ സാധാരണമാണ് കാരണം സിനിമ ഒരു വ്യവസായമാണ് ,അത് ഏത് രീതിയിലും വിജയിപ്പിച്ചെടുക്കേണ്ടത് അത് സൃഷ്ടിക്കുന്നവന്റെ ആ‍വശ്യമാണ് ,പൊട്ടാന്‍ കാത്തു നില്‍ക്കുന്ന വ്രണമുള്ളവര്‍ ആ വിപണന തന്ത്രത്തിന്റെ രാസത്വരഗങ്ങള്‍ മാത്രവും.

 ആവിഷ്കാര സ്വാതന്ത്ര്യചര്‍ച്ചയില്‍  സൈബര്‍ ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് സവിശേഷമായി തന്നെ പറയേണ്ടിയിരിക്കുന്നു.അനന്തമായ സാധ്യതയും ധ്രുതവേഗത്തിലുള്ള പ്രചാരവും തന്നെയാണ് അതിന്റെ പ്രത്യേകത .ബാല്‍ താക്കറെ മരിച്ചപ്പോള്‍ സ്റ്റാറ്റസിട്ടതിനും ലൈക്ക് ചെയ്തതിനുമാണ് മുംബയില്‍ രണ്ട് പെണ്‍കുട്ടികളെ പിടികിട്ടാപ്പുള്ളികളാക്കും വിധം കേസ് എടുത്തത്  ,പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയെ പറ്റിയുള്ള കാര്‍ട്ടൂണുകള്‍ ഫേസ് ബുക്കില്‍ പ്രചരിപ്പിച്ചതിനെതിറ്റെയും  കേസെടുത്തിരുന്നു  .ഈ കേസുകളിലെല്ലാം ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഘോരം ഘോരം വാദിച്ചവര്‍ പോലും കാണാതെ പോയ ,അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ച ഒരു സൈബര്‍ കേസ് ഉണ്ടായിരുന്നു കേരളത്തില്‍ .സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ കൊടുത്ത ഒരു സൈബര്‍ കേസും അതിനെ തുടര്‍ന്നുണ്ടായ അറസ്റ്റും . 
പിണറായി വിജയന്റെ വീടെന്ന തരത്തില്‍ പ്രചരിച്ച ഒരു വ്യാജ മെയിലിനെ സംബന്ധിച്ചല്ല ,ആ സംഭവം ഒരു ആവിഷ്കാരസ്വാതന്ത്ര്യമല്ല ,രാഷ്ട്രീയമായി താറടിച്ചു കാണിക്കുന്ന ,ദുരുപദിഷ്ടമായ ,  ശുദ്ധ തോന്ന്യാസമാണ് ,അത് ഒരു ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിലും വരുന്നതുമല്ല ,പക്ഷെ ഈ  കേസ് അങ്ങനെയല്ല  മലയാളികള്‍ക്കെല്ലാം [ചുരുങ്ങിയത് ഓണ്‍ ലൈന്‍ മലയാളികള്‍ക്കെങ്കിലും ]  സന്ദേശത്തിലെ  “താത്വികമായ ഒരു അവലോകനമാണ്  ”  എന്നു തുടങ്ങുന്ന ശങ്കരാടിയുടെ സുപരിചതമായ , ഡയലോഗ് പിണറായി വിജയന്റെ ഫോട്ടോക്കൊപ്പം ചേര്‍ത്തു വെച്ചു പ്രചരിപ്പിച്ചതിനാണ് സൈബര്‍ കേസും അതിനെ തുടര്‍ന്നുള്ള അറസ്റ്റുമെല്ലാം ഉണ്ടായത് . അത് സിനിമാ തമാശയാണെന്നു അറിയാഞ്ഞിട്ടൊന്നുമല്ല ,അങ്ങനെ നീയൊക്കെ ഞങ്ങളെ തമാശ പറയണ്ടാ എന്ന ധാര്‍ഷ്ട്യം. മണ്ടന്‍ സര്‍ദാര്‍ജിയും ശാലുവും സരിതയും കരിക്കും ദ്വയാര്‍ത്ഥവും  സിനിമാ ഡയലോഗുമൊക്കെ  ചേര്‍ത്തു വെച്ചു ചിരിച്ചു മരിക്കുന്ന കോമഡിയൊക്കെ ഉണ്ടാക്കി ഷെയര്‍ ചെയ്യുമ്പോള്‍  ഈ പഴയ കേസും അറസ്റ്റും  ഒന്നോര്‍മ്മിക്കുന്നത് നല്ലതായിരിക്കും ,ഒരു ശമനം കിട്ടും ഈ ആവിഷ്കാര സ്വാതന്ത്ര്യ ധാര്‍മ്മിക രോഷങ്ങള്‍ക്കു .

 ഓഹോ ,അപ്പോ പിണറായിയെ എന്തും പറയാമെന്നാണോ ? സി പി എം കാര്‍ക്കു മനോവിഷമമുണ്ടാക്കുന്ന രീതിയില്‍ സിനിമാ  തമാശ പ്രചരിപ്പിച്ചാല്‍  കേസ് കൊടുക്കാനും പ്രതികരിക്കാനും പാടില്ലെന്നാണോ ? ഇനീപ്പോ സി പി എം കാര്‍ക്കു ചൂടു വെള്ളത്തില്‍ കുളിക്കാമോ ആവോ ? തീര്‍ച്ചയായും കുളിക്കണം  , പക്ഷെ  നാല്‍പ്പമരാദി എണ്ണ പുരട്ടി ,വാകപ്പൊടിയും പയറു പൊടിയും ചേര്‍ത്ത് കുളിക്കുന്നതിന്റെ  ഗുണഗണങ്ങളെ കുറിച്ചൊക്കെ   നാലു പുറം  വിവരിച്ച ശേഷം അവസാന വരിയില്‍ കുളിക്കാനേ പാടില്ല എന്നു പറയരുതെന്നു മാത്രം .ആവിഷ്കാര സ്വാതന്ത്ര്യം എവിടെ വരെയാകാം എന്നതിനു കൃത്യമായ മീറ്ററുകളൊന്നും നിലവിലില്ല , നിയതമായ വാക്കുകളില്‍ നിര്‍വചിക്കാനുമാകില്ല  .അത് പ്രയോഗിക്കപ്പെടുന്ന ജനപദത്തിന്റെ ,ജനതയുടെ സംസ്കാരവും വിദ്യാഭ്യാസവും അനുസരിച്ചാണ് വിലയിരുത്തപ്പെടുന്നത് .സൌദി അറേബ്യ പോലെയുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ മറ്റ് മതഗ്രന്ഥങ്ങള്‍ക്കു വിലക്കുണ്ട് ചൈനയില്‍ ഗൂഗിളിനും യു ട്യൂബിനും ഫേസ് ബുക്കിനു പോലും നിയന്ത്രിത വിലക്കാണ് .പല ക്രിസ്ത്യന്‍ സംഘടനകളും വത്തിക്കാനും കസന്ദ്സാക്കീസിന്റെ Last Temptation of Christ നു മേല്‍ ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട് .പണ്ടെങ്ങോ വായിച്ച ഒരു കവിതാ ശകലം ഓര്‍മ്മ വരുന്നു

 
 “നിങ്ങളുടെ ജലദോഷം ചികിത്സിച്ചു മാറാത്തതിന് എന്തിനാണു നിങ്ങളെന്‍റെ മൂക്ക് മുറിച്ചെടുക്കുന്നത് ? നിങ്ങളുടെ കണ്ണുകള്‍ക്ക് തിമിരം ബാധിച്ചതിന് എന്തിനാണ് നിങ്ങളെന്‍റെ കണ്‍പീലികള്‍ തുന്നിച്ചേര്‍ക്കുന്നത് ."


  ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ വ്രണം പൊട്ടാനും പൊട്ടിക്കാനും സജ്ജമായി നില്‍ക്കുന്ന എല്ലാ മതങ്ങളുടെയും ഇസങ്ങളുടെയും സംഗമ ഭൂമിയാണ്  നമ്മുടെ മഹത്തായ ഇന്‍ഡ്യ ,ബഹുസ്വരതയുടെ നന്മ !!! .അങ്ങനെയുള്ള ബഹുസ്വരമായ വ്രണ ബാധിത പ്രദേശത്താണ് നൂറു കോടി ജനങ്ങളുടെ സാഹസികമായ അതിജീവനം ,ഒന്നു തുമ്മിയാല്‍ പോലും വ്രണപ്പെട്ടേക്കാം .

Tuesday 10 September 2013

നയിറയും സിറിയയും പിന്നെ അമേരിക്കയും .

മനുഷ്യരെപോലെ  രാജ്യങ്ങള്‍ക്കും മനസ്സുണ്ടെന്നു പറഞ്ഞതു എം എന്‍ വിജയന്‍ മാഷാണ് . കഥകളിലെ ഭീമാകാരനായ സാങ്കല്പിക കഥാപാത്രത്തോടു യുദ്ധം ചെയ്യുന്ന കൊച്ചു കുട്ടികളുടെ മനസ്സാണ് അമേരിക്കക്കു ,പക്ഷെ അതു കൊച്ചു കുട്ടികളോളം നിഷ്കളങ്കവുമല്ല . അവര്‍ക്കെപ്പോഴുമൊരു ശത്രു വേണം ,എപ്പോഴും യുദ്ധം ചെയ്തു കൊണ്ടിരിക്കണം അതിനവര്‍ കണ്ടെത്തുന്ന കാരണമാണ് വിചിത്രം അവരാണ് ലോക സമാധാന വക്താക്കളെന്ന് !!! . ഹോളിവുഡ് ചിത്രങ്ങളില്‍ കാണുന്നത് പോലെ അന്യഗ്രഹ ജീവികള്‍ മുതല് ഗൊറില്ല വരെയുള്ള‍ അജ്ഞാത ഭീകര ശക്തികള്‍ എപ്പോഴും അമേരിക്കക്കാരുടെയും ലോകത്തിന്റെയും ശത്രുക്കളാണ് അവസാനം ധീരോദാത്തനായ ഒരു രക്ഷകന്‍ വന്ന് ഈ ശത്രുക്കളെയെല്ലാം ഉന്മൂലനം ചെയ്തു കൊണ്ടു ലോകത്തെ മുഴുവന്‍ രക്ഷിക്കും. ഹോളിവുഡ് ചിത്രങ്ങള്‍ ലോകത്തു മുഴുവന്‍ പ്രചാരത്തിലായ കാലം മുഴുവന്‍ ഈ ഒരു സന്ദേശമാണ് എല്ലാ സിനിമകളിലും മാറിയും മറിഞ്ഞും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. സിനിമയില്‍ അന്യഗ്രഹജീവികളും അജ്ഞാത ജീവികളെയുമെല്ലാം പ്രതീകാത്മക ശത്രുക്കളാക്കി പോരാടാം പക്ഷെ യഥാര്‍ത്ഥലോകത്തില്‍ അതു പറ്റില്ലല്ലോ .സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയൊടെ ശീത യുദ്ധത്തിന്ന്റെ അന്ത്യമായി അതിനു ശേഷം എടുത്തു കാണിക്കാനൊരു ശത്രു ഇല്ലാതെയായിപോയപ്പോഴാണ് അമേരിക്കന്‍ ഭരണകൂടം ശത്രുക്കളെ സ്വയം സൃഷ്ടിച്ചു തുടങ്ങിയത്. ഇല്ലാത്ത ശത്രുക്കളെ ഉണ്ടാക്കി സ്വന്തം താല്പര്യങ്ങള്‍ക്കു വേണ്ടി പോരാടുന്ന മാനസികാവസ്ഥ .


മധ്യപൂര്‍വ്വേഷ്യയുടെ രാഷ്ട്രീയം 


 മധ്യവര്‍ത്തിയായ റഷ്യയുടെ നിര്‍ദ്ദേശം മാനിച്ചു സിറിയ രാസായുധങ്ങള്‍ വെച്ചു കീഴടങ്ങിയില്ലെങ്കില്‍  ഐക്യരാഷ്ട്ര സഭയുടെയും മറ്റ് രാജ്യങ്ങളുടെയും എതിര്‍പ്പു മറി കടന്ന്  സിറിയയില്‍ അമേരിക്ക അധിനിവേശം നടത്തുമൊ എന്നതൊരു ഭീകരമായ ഹൈപ്പോതെറ്റിക്കല്‍ ചോദ്യമാണ് ,കാരണം സിറിയയുടെ കയ്യില്‍ രാസായുധമുണ്ടോ എന്നത് വ്യക്തമല്ല . അമേരിക്കയുടെ ലക്ഷ്യം സിറിയ തന്നെയാണ് അതിനു പിന്നില്‍ മധ്യപൂര്‍വ്വേഷ്യയുടെ ഭൂമിശാസ്ത്ര പരമായ ഒരു രാഷ്ടീയം നില നില്‍ക്കുന്നുണ്ട് . പക്ഷെ സിറിയയിലേക്കു അമേരിക്കക്കു കടന്നു കയറണമെങ്കില്‍ അവര്‍ ജനങ്ങള്‍ക്കു മേല്‍  രാസായുധം പ്രയോഗിക്കുന്നുണ്ടെന്നു ലോകത്തെ അറിയിക്കണം   പേരിനെങ്കിലും ,ബോധ്യപ്പെടുത്തണം ,അതറിയിച്ചു കഴിഞ്ഞു ,ഇനി രാസായുധം ഉണ്ടെങ്കിലും ഇല്ലെങ്കിലും സിറിയ രാസായുധം അടിയറവ് വെക്കണം ഇല്ലെങ്കില്‍ അമേരിക്കക്കു ആക്രമിക്കാം , അവസാനമായി റഷ്യയും സിറിയയോടു  പറഞ്ഞു കഴിഞ്ഞൂ രാസായുധം സറണ്ടര്‍ ചെയ്യണമെന്നു , അഥവാ സിറിയയുടെ കയ്യില്‍ അമേരിക്ക ആരോപിക്കും പോലൊരു രാസായുധം ഇല്ലെങ്കില്‍ ?? ഇല്ലെങ്കില്‍ അവരുടെ ധാര്‍ഷ്ട്യത്തിനു ,രാസായുധം അടിയറവ് വെക്കാത്ത ദുഷ്ട ബുദ്ധിക്കു അമേരിക്കയുടെ ആക്രമണം നേരിടുക അല്ലാതെ മറ്റു വഴികളില്ല ,ഇറാക്കിലെ കൂട്ട നശീകരണ ആയുധങ്ങളുടെ കഥ പോലെ തന്നെയാണതും . ഞങ്ങള്‍ ആരോപണമുന്നയിച്ചു കഴിഞ്ഞു  ,ആ ആരോപണം സത്യമാണെന്നു തെളിയിക്കേണ്ടതു സിറിയയുടെ ബാധ്യതയാണ് .[അരോപണം തെറ്റാണെന്നു തെളിയിക്കാനാവില്ല ,ഇറാക്കില്‍ കൂട്ട നശീകരണത്തിനുള്ള ആയുധങ്ങളില്ലെന്നു തെളിയിച്ച ഇറാക്കിന്റെ അനുഭവം ഓര്‍മ്മിക്കുക ]  ആടിനെ പട്ടിയും പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുന്ന പഴയ നാട്ടു നടപ്പ് തന്നെയാണ് ഇതും .


In 2012, the BBC falsely used a 2003 image from Iraq in a story about the Houla massacre in Syria which occurred on May 25, 2012. The BBC apologized and the image was removed. 


Whoever Controls the Media Controls the Mind .


അമേരിക്കക്കു അവരുടെ പ്രൊപ്പഗാണ്ട പ്രചരിപ്പിക്കാന്‍ വളരെ ശക്തമായ ഒരു മാധ്യമ പ്രചരണ ശൃംഘലയുണ്ട് ,ലോകത്തെ നിയന്ത്രിക്കുന്ന ,സ്വാധീനിക്കുന്ന മാധ്യമങ്ങളെല്ലാം തന്നെ അമേരിക്കയുടെ ചൊല്‍പ്പടിയിലാണ്  . സിറിയയിലെ രാസായുധ ആക്രമണങ്ങളുടെ കഥ ഇപ്പോള്‍ സജീവമായി തന്നെ പ്രചരിപ്പിക്കപ്പെടുന്ന ഒന്നാണ് , പക്ഷെ ആക്രമണത്തിനിരയായവരെ പരിശോധിച്ച ഡോക്ടര്‍മാരൊന്നും ഇത് സ്ഥിതീകരിച്ചിട്ടുമില്ല .പക്ഷെ അമേരിക്ക തുടര്‍ച്ചയായി ഈ രാസായുധ പ്രയോഗത്തിന്റെ കഥ യാതൊരു തെളിവുകളുമില്ലാതെ തന്നെ ആരോപിച്ചു കൊണ്ടിരിക്കുന്നു .യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു രാസായുധ പ്രയോഗത്തിന്റെ കഥ വളരെ മുമ്പേ തന്നെ സൊഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ സംഘടിത പ്രചരണമുണ്ടായിരുന്നു . സിറിയയിലെ ആഭ്യന്തര കലാപം ഇത്രത്തോളം മൂര്‍ച്ഛയിലേക്കെത്തുന്നതിനു മുമ്പ് തന്നെ സിറിയയില്‍ രാസായുധം പ്രയോഗിക്കപ്പെട്ടു എന്ന ഒരു വാര്‍ത്ത ബി ബി സിയില്‍ വന്നത്അതിന്റെ തെളിവായിരുന്നു     ,അതായത്  കൃത്യമായി പറഞ്ഞാല്‍  2012 May  25 നു ബി ബി സി യുടെ വെബ് സൈറ്റില്‍ രാസായുധ പ്രയോഗത്താല്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ഫോട്ടോ സഹിതം .അന്നു ആ വാര്‍ത്തയോടൊപ്പം പ്രസിദ്ധീകരിച്ച ഫോട്ടോ പിന്നീട് വിവാദമായിരുന്നു  [വെള്ളത്തുണി കൊണ്ടു പൊതിഞ്ഞു കൂട്ടിയിട്ട ശവശരീരങ്ങള്‍ക്കു മുകളിലൂടെ ഒരു ബാലന്‍ ഓടുന്നതാണ് ഫോട്ടോ ] . യഥാര്‍ത്ഥത്തില്‍ ഈ ഫോട്ടോ  സിറിയയിലേതായിരുന്നില്ല ,ഇറാക്കിലെ യുദ്ധ ഭൂമിയില്‍ നിന്നും ഫോട്ടോഗ്രാഫറായ  Marco De Loro എടുത്തതായിരുന്നു ഈ ഫോട്ടോ . ബി ബി സി യുടെ വെബ് സൈറ്റില്‍ സിറിയന്‍ കൂട്ടക്കൊല എന്ന വാര്‍ത്തക്കൊപ്പം  ഈ ചിത്രം കണ്ടപ്പോള്‍  Marco De Loro  അക്ഷരാര്‍ത്ഥത്തില്‍ തന്നെ കസേരയിലേക്കു തളര്‍ന്നു വീണു എന്നാണ് അദ്ദേഹം പറയുന്നത് .പിന്നീട് ബി ബി സി യെ അറിയിച്ചപ്പോള്‍ അവര്‍ വളരെ നിസ്സാരമായ ഒരു തെറ്റെന്നോണം ഒരു ഖേദ പ്രകടനം നടത്തുകയുണ്ടായി .ട്വിറ്ററില്‍  സിറിയന്‍ കൂട്ടക്കൊല എന്ന പേരില്‍ പ്രചരിച്ചിരുന്ന ഒരു ഫോട്ടോയായിരുന്നുവത്രെ അവര്‍  പ്രസിദ്ധീകരിച്ചത് . വിശ്വസനീയതയ്ക്കു പുകള്‍ പെറ്റ  ബി ബി സി ആരോ അയച്ചു കൊടുത്ത ഒരു ഫോട്ടോ യാതൊരു വിധ പരിശോധനയ്ക്കും തുനിയാതെ ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഒരു വാര്‍ത്തയ്ക്കു ചിത്രമാക്കി ഉപയോഗിച്ചു എന്നതു അത്ര നിഷ്കളങ്കമായ പിശകായി തോന്നുന്നില്ല ,  സിറിയയിലേക്കു അമേരിക്കക്കു കടന്നു കയറാന്‍ ,യുദ്ധം വിതയ്ക്കാനുള്ള ശ്രമം വളരെ മുമ്പേ തന്നെ ആസൂത്രിതമായി തന്നെ നടന്നിരുന്നു എന്നു വേണം കരുതാന്‍ .

സിറിയയില്‍ കലാപങ്ങളില്ലെന്നോ ,ആക്രമണങ്ങളില്ലെന്നോ ,ഭരണകൂട അടിച്ചമര്‍ത്തലുകളില്ലെന്നോ അല്ല ഞാന്‍ പറഞ്ഞു വരുന്നത് ,യഥാര്‍ത്ഥത്തില്‍ സിറിയയെ കുറിച്ചു പോലുമല്ല ഞാന്‍ പറയാനുദ്ദേശിക്കുന്നത് .സിറിയക്കും മുമ്പ്    1990 - ല്‍  O
peration  Desert storm  എന്ന അപരനാമത്തില്‍ ഉണ്ടായ  ഗള്‍ഫ് വാറിനെക്കുറിച്ചും  അതിനു ശേഷം  Operation Desert Fox  നെ കുറിച്ചും  ഉം ഏറ്റവുമവസാനം എട്ടു വര്‍ഷത്തോളം നീണ്ട ഇറാക്കി യുദ്ധത്തിനെ കുറിച്ചുമാണ് നാം സംസാരിക്കേണ്ടത് .കാരണം ഈ യുദ്ധങ്ങളുടെ അധിനിവേശങ്ങളുടെ കൃത്രിമമായ കാരണങ്ങള്‍ ഇപ്പോഴും തെളിവുകളില്ലാതെ തന്നെ തുടരുകയാണ് . ഈ മധ്യപൂര്‍വ്വേഷ്യയുടെ ഭൂമിശാസ്ത്രത്തില്‍ എന്നും അമേരിക്കക്കു താല്പര്യമുണ്ടായിരുന്നു .ആ താല്പര്യത്തെ ,ആ അധിനിവേശത്തെ  പ്രോത്സാഹിപ്പിക്കാന്‍ തക്ക രാഷ്ട്രീയ അസ്ഥിരതയും സ്വേച്ഛാധിപതയും ഈ മേഖലയില്‍ എക്കാലവുമുണ്ട് .

 .


Nayirah's Testimony [നയിറയുടെ സാക്ഷ്യം ]   

1990 - ല്‍ ഒക്ടോബര്‍ പത്തിനാണ് നയിറ എന്ന പതിനഞ്ചു വയസ്സുകാരി  Congressional Human Rights Caucus എന്ന മനുഷ്യാവകാശ സംഘടനയുടെ കാര്‍മ്മികത്വത്തില്‍  ലോകത്തെ ഞെട്ടിച്ച ,വേദനിപ്പിച്ച ആ വെളിപ്പെടുത്തല്‍ നടത്തുന്നത് . ഇറാക്കു അധിനിവേശത്തെ തുടര്‍ന്നു കുവൈറ്റില്‍ നടമാടുന്ന സൈനിക നിഷ്ടൂരതയുടെയും അരാജകത്വത്തിന്റെയും ജീവിച്ചിരിക്കുന്ന സാക്ഷി എന്ന നിലയിലാണ് നയിറയുടെ പ്രസംഗം ലോകം ശ്രവിച്ചത് .

ഒരു സന്നദ്ധ പ്രവര്‍ത്തകയായി  കുവൈറ്റിലെ ഹോസ്പിറ്റലുകളില്‍ സേവനം നടത്തിയ ആ പതിനഞ്ചു കാരിയുടെ കണ്ണീരില്‍ കുതിര്‍ന്ന സാക്ഷ്യം ലോകം ശ്രദ്ധയോടെ കേട്ടു -  ആശുപത്രികള്‍ കയ്യേറി  ഇങ്ക്യുബേറ്ററുകളില്‍ നിന്നു പോലും  നവജാത ശിശുക്കളെ പുറത്തെടുത്തു നിഷ്കരുണം കൊലപ്പെടുത്തിയ നരാധമന്മാരായ ഇറാക്കി സൈനികരുടെ ക്രൂരതയെ കുറിച്ചു പറയുമ്പോള്‍ വാക്കുകള്‍ മുഴുവനാക്കാതെ നയിറ വിതുമ്പി , ലോകമാകമാനമുള്ള ടെലവിഷന്‍ പ്രേക്ഷകരും അവളോടൊപ്പം കരഞ്ഞു ,ആ നേര്‍ കാഴ്ചയുടെ സാക്ഷ്യം പറച്ചില്‍ ലോക മനസാക്ഷിയെ ഉലച്ചു . പിഞ്ചു കുഞ്ഞുങ്ങളെ പോലും ജീവനോടെ കുഴിച്ചു മൂടിയ , ഇന്‍ ക്യുബേറ്ററുകള്‍ തട്ടിയെടുത്ത ഇറാക്കി സൈനികര്‍ക്കെതിരെ  വന്‍ ജനരോഷമുയര്‍ന്നു . പ്രസിഡണ്ട് ബുഷ്   പൊതു വേദിയിലും സെനറ്റിലുമായി ഒരാഴ്ചക്കിടെ പത്തോളം തവണ ഇന്‍ ക്യുബേറ്ററിലെ നവ ജാത ശിശുക്കളെ കൊന്നൊടുക്കിയ ക്രൂരതയെ കുറിച്ച് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു . പത്ര പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാതിരുന്ന യുദ്ധ ഭൂമിയില്‍ നിന്നുള്ള നയിറയുടെ സാക്ഷ്യ പ്രഖ്യാപനം ആംനസ്റ്റി ഇന്റര്‍ നാഷണലില്‍ പോലും ഔദ്യോഗിക രേഖയായി സ്ഥാനം പിടിച്ചു . 312  നവജാത ശിശുക്കള്‍  ഇറാക്കി സൈനികരാല്‍ കൊല്ലപ്പെട്ടുവെന്നു ഔദ്യോഗിക റിപ്പോര്‍ട്ടു പോലും  ആംനസ്റ്റി  പ്രസിദ്ധീകരിച്ചു . അവസാനം ലോക മനസ്സാക്ഷി  ഇറാക്കിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിലേക്കു സര്‍വ്വഥാ പിന്തുണ നല്‍കി .  [നയിറയുടെ സാക്ഷ്യം ഇവിടെ കാണാം ]


പിന്നീട് നടന്നത് ഗള്‍ഫ് യുദ്ധമെന്ന ചരിത്രം .
യുദ്ധാനന്തരം ഇറാക്കില്‍ നിന്നു കുവൈറ്റ് മോചിക്കപ്പെട്ടു ,അതിന്റെ കഷ്ട നഷ്ടങ്ങളുടെ കണക്കുകള്‍ അന്തമില്ലാത്തതാണെങ്കില്‍ കൂടിയും . ലോകം ആശ്വാസമുതിര്‍ത്തു, അമേരിക്കയുടെ സമാധാന ശ്രമങ്ങള്‍ ഫലവത്തായല്ലോ .

ആരായിരുന്നു നയിറയെന്ന പെണ്‍ കുട്ടി ?? 1992  -ജനുവരിയില്‍ നമ്മുടെ ആ പഴയ കുവൈറ്റി അഭയാര്‍ത്ഥി നയിറക്കെന്തു പറ്റിയെന്നുള്ള ആകാംക്ഷയില്‍ New York Times  ലെ  John MacArthur എന്ന റിപ്പോര്‍ട്ടര്‍ ഒരു അന്വേഷണം നടത്തി ,അയാള്‍ കണ്ടെത്തിയ വിവരങ്ങള്‍ അയാളെ തന്നെ അമ്പരപ്പിച്ചു കളഞ്ഞു .നയിറ വെറുമൊരു അഭയാര്‍ഥിയല്ല അമേരിക്കയിലെ കുവൈത്തി സ്ഥാനപതിയായിരുന്ന സൌദ് നാസിര്‍ അല്‍ സബായുടെ പുത്രിയാണ് , അതു കൂടാതെ കുവൈറ്റി രാജകുടുംബാംഗം കൂടിയാണ് ,കുവൈറ്റി രാജ കുടുംബാംഗമായ ,ഉന്നത പദവിയിലിരിക്കുന്ന ഒരാളുടെ പതിനഞ്ച് വയസ്സുകാരിയായ മകള്‍  യുദ്ധ സമയത്തു ,ഇറാക്കി പട്ടാളക്കാരുടെ അധിനിവേശമുള്ള ഒരു ആശുപത്രിയില്‍ സന്നദ്ധ സേവനം നടത്തി എന്നു പറയുന്ന യുക്തിയില്‍ അവിശ്വാസം തോന്നിയ പത്ര പ്രവര്‍ത്തകരുടെ അന്വേഷണ ത്വര ചെന്നെത്തി നിന്നത്  Hill & Knowlton  എന്ന വന്‍ കിട പബ്ലിക് റിലേഷന്‍ കമ്പനിയിലേക്കാണ് . കുവൈറ്റി ഗവണ്മെന്റിന്റെ സ്പോണ്‍സേഡ് ജനകീയ പ്രസ്ഥാനമായ  Citizen for a Free Kuwait ഇല്‍ നിന്നും ഒരു മില്ല്യണ്‍ ഡോളര്‍ കൈപ്പറ്റിയതും   നയിറയുടെ പ്രസംഗം അരങ്ങേറിയ  Congressional Human Rights Caucus നു Hill & Knowlton   ന്റെ വക വന്‍ തോതില്‍ സംഭാവന കൊടുത്തതുമായ രേഖകള്‍ പിന്നീട് പുറത്തു വന്നു .ഇതു Hill & Knowlton  ന്റെ ബുദ്ധിയില്‍ ആസൂത്രണം ചെയ്യപ്പെട്ട വലിയൊരു ഗൂഡാലോചനയായിരുന്നു , നയിറയുടെ പ്രസംഗം പോലും Hill & Knowlton  ന്റെ പരിശീലനത്താല്‍ കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ട ഒന്നായിരുന്നു .  Human Rights Watch ന്റെ അന്വേഷണത്തില്‍ ഈ ഇങ്കുബേറ്റര്‍ സംഭവം പൂര്‍ണ്ണമായും ആസൂത്രിതമായ കളവായിരുന്നെന്നു തെളിഞ്ഞു .ആംനസ്റ്റി ഇന്റര്‍ നാഷണലിന് ആദ്യം പ്രസിദ്ധീകരിച്ച “നവജാത ശിശുക്കളുടെ കൂട്ടക്കൊല “ റിപ്പോര്‍ട്ട് തിരുത്തേണ്ടി വന്നു .[ആംനസ്റ്റിയെ ഒന്നും കുറ്റം പറയാന്‍ പറ്റില്ല ,അതൊരു ഗൂഡാലോചനയാണെന്നു തിരിച്ചറിഞ്ഞതിനു ശേഷം ,23 വര്‍ഷങ്ങള്‍ക്കിപ്പുറം ആ വീഡിയോ കാണുമ്പോഴും മനസാക്ഷിയുള്ളവന്റെ ചങ്കൊന്നു പിടയും ,അത്ര നല്ല പ്രകടനമായിരുന്നു അത് ] ഇറാക്കി സൈന്യം ആശുപത്രികള്‍ കയ്യടക്കിയിരുന്നെങ്കിലും ഇന്‍ ക്യുബേറ്ററുകള്‍ നശിപ്പിക്കുകയോ ,നവജാത ശിശുക്കളെ കൊലപ്പെടുത്തുകയോ ഉണ്ടായിട്ടില്ലെന്നു പിന്നീട് വന്നു നിരവധി അന്വേഷണങ്ങളില്‍ തെളിഞ്ഞു . പിന്നീട് നയിറ തന്നെ താന്‍ നേരിട്ടു കണ്ടതല്ലെന്നും പറഞ്ഞു കേട്ട കാര്യങ്ങളായിരുന്നുവെന്നും വെളിപ്പെടുത്തുകയുണ്ടായി .

അപ്പോള്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം കഥകളുണ്ടാക്കുകയെന്നത് അത്ര പുത്തരിയല്ല ,പക്ഷെ ഈ കഥയുണ്ടാക്കലില്‍ ,അതിനെ തുടര്‍ന്നുള്ള ആക്രമണങ്ങളില്‍  ഒരു ധാര്‍മ്മികതയുണ്ടെന്ന പൊതുബോധം സൃഷ്ടിക്കാന്‍ അക്രമത്തിനു വിധേയമാകുന്ന ഈ രാജ്യങ്ങളിലെ  ആഭ്യന്തര രാഷ്ട്രീയവും ,സ്വേച്ഛാധികാരവും ,മതപരമായ അടിച്ചമര്‍ത്തലും കാരണമാകുന്നുണ്ട്  ,ഇറാക്കിലായാലും അഫ്ഘാനിസ്ഥാനിലായാലും ലിബിയയിലായാലും  അമേരിക്ക ആക്രമിക്കുമ്പോള്‍ ,അധിനിവേശം നടത്തുമ്പോള്‍ അത് നല്ലൊരു കാര്യത്തിനു വേണ്ടിയല്ലെ എന്നു ചിന്തിക്കുന്നിടത്തോളം രാഷ്ട്രീയ അരാജകത്വം നില നില്‍ക്കുന്ന ആഭ്യന്തര സ്ഥിതിയായിരുന്നു ആ രാജ്യങ്ങളില്‍ അപ്പോള്‍ ആക്രമണം For a Noble Cause എന്നതിലേക്കു ചുരുങ്ങും . പക്ഷെ ഈ രാജ്യങ്ങളില്‍ നടക്കുന്ന കൂട്ടക്കൊലയെ അതിലും കൂടിയ മറ്റൊരു കൂട്ടക്കൊലയിലൂടെ സമീകരിക്കാനാകുമെന്നു പറയുന്ന ആ ലോക പോലീസ് നീതി നിര്‍വ്വഹണത്തിന്റെ ധാര്‍മ്മികതയാണ് യഥാര്‍ത്ഥ പ്രശ്നം .

രാഷ്ട്ര  - ഭരണ കൂട സാമ്രാജ്യം .

അമേരിക്കയുടെ ഇറാക്കു അധിനിവേശത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചു  സ്ലാവോസ് സിസക്കു വളരെ കൃത്യമായി Iraq : Borrowed kettle ലൂടെ വിശദീകരിക്കുന്നുണ്ട് . ഒരു ഘട്ടത്തില്‍ നിഷ്കളങ്കമായ ഒരു ചോദ്യം ചോദിക്കേണ്ടിയിരിക്കുന്നു  ,അമേരിക്കക്കു ലോക പോലീസ് എന്തു കൊണ്ടായിക്കൂടാ ? ലോകത്തില്‍ നടമാടുന്ന അനീതിക്കും അതിക്രമങ്ങള്‍ക്കും എതിരെ ശബ്ദിക്കാന്‍ ലോകത്തിനൊരു വന്‍ ശക്തി ആവശ്യമല്ലെ ?

ഫലത്തില്‍ ശീതയുദ്ധത്തിനു ശേഷമുള്ള സാഹചര്യങ്ങള്‍ ഏതെങ്കിലും ലോകശക്തി ശൂന്യത നികത്തണമെന്നു ആവശ്യപ്പെടുന്നതായിരുന്നു .പക്ഷെ പ്രശ്നം മറ്റൊരിടത്തണ് .അമേരിക്ക ഒരു റോമാ സാമ്രാജ്യമാണെന്നു ഭാവിക്കുക മാത്രമാണ്,അതായത് സാമ്രാജ്യമാണെന്നു ഭാവിക്കുമ്പോള്‍ തന്നെ അതു രാഷ്ട്ര - ഭരണകൂടമായി പ്രവര്‍ത്തനം തുടരുന്നു ,നിര്‍ദ്ദയം തങ്ങളുടെ താല്പര്യങ്ങള്‍ക്കു വേണ്ടി മാത്രം പരിശ്രമിക്കുന്നു ,മുതലെടുക്കുന്നു ഏത് അനീതിയെയാണോ ചെറുത്തൂ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് അതിലും വലിയ അനീതിയായി പരിണമിക്കുന്നു .അമേരിക്കന്‍ രാഷ്ട്രീയത്തെ മുന്നോട്ട് നയിക്കുന്ന തത്ത്വം പരിസ്ഥിതി ശാസ്ത്രജ്ഞന്മാരുടെ പ്രഖ്യാതമായ ആപ്തവാക്യം “ആഗോളതലത്തില്‍ ചിന്തിക്കുക , പ്രാദേശികമായി പ്രവര്‍ത്തിക്കുക “ [Think Globally Act Locally]  എന്നതിന്റെ വിചിത്രമായ മറിച്ചിടലാണ്  -പ്രാദേശികമായി ചിന്തിക്കുക ,ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുക  -അതു തന്നെയാണ് നടക്കുന്നതും ലോകത്തെ മുഴുവന്‍ തങ്ങളുടെ ഒരു  കോളനിയാക്കുക എന്നതില്‍ കവിഞ്ഞു മറ്റൊരു ലക്ഷ്യമൊന്നും അമേരിക്കക്കില്ല . .അമേരിക്കയുടെ സാമ്പത്തിക ഭദ്രതയ്ക്കും മൂലധനാധിപത്യത്തിനും വേണ്ടി മാത്രമാണ് ലോക സമാധാനമെന്ന വ്യാജ യുക്തിയിന്മേലുള്ള അവരുടെ അധിനിവേശങ്ങള്‍ . പക്ഷെ ഏതൊരു അധിനിവേശത്തിനും മുമ്പ് ലോക ജനതയെ ധാര്‍മ്മികമായി ബോധിപ്പിക്കുക എന്നൊരു ചുമതല എക്കാലവും അമേരിക്കന്‍ ഭരണാധികാരികള്‍ വീഴ്ച കൂടാതെ നിര്‍വ്വഹിച്ചിട്ടുണ്ട് .ലോകത്ത് യുദ്ധമോ ,കൊള്ളി വെപ്പോ അധിനിവേശമോ അങ്ങനെ എന്തു തോന്ന്യാസം വേണമെങ്കിലും നടത്താം പക്ഷെ ലോക മനസാക്ഷിയെ  അക്കാര്യത്തില്‍ ബോധ്യപ്പെടുത്തണം .ഹോളിവുഡില്‍ നിന്നു പടച്ചു വിടുന്ന “ അമേരിക്കന്‍ സൂപ്പര്‍ ഹീറോ” മൂവീസ് ഈയൊരു രാഷ്ട്രീയ അജണ്ട സാംസ്കാരികമായി തന്നെ നിര്‍വ്വഹിക്കുന്നുണ്ട് . അമേരിക്കന്‍ ജനത മാത്രമല്ല അത്തരം സിനിമകളുടെ ആരാധകര്‍ കൂടി ആയൊരു മനോനിലയിലേക്കു പരിണമിക്കപ്പെട്ടിട്ടുണ്ട് . 


ഇത്തരത്തിലുള്ള പൊതുവികാരം സൃഷ്ടിക്കാന്‍ അമേരിക്കയുടെ പക്കല്‍ വ്യക്തമായ തന്ത്രങ്ങളും ഉപാധികളുമുണ്ട് .ഇറാക്കിന്മേല്‍ അമേരിക്ക ആക്രമണം നടത്തുന്നതിനു  ഇറാക്കിനെ കുറിച്ചും സദ്ദാം ഹുസ്സയിന്‍ എന്ന സ്വേച്ഛാധിപതിയായ കൊടും ഭീകരനെ കുറിച്ചും  മാധ്യമങ്ങളീല്‍ വന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി  ഏതെങ്കിലും തരത്തിലുള്ള ദുരന്ത പൂര്‍ണ്ണമായ ഒരു ഫലം ഏവരും ഭയന്നു - സദ്ദാമിന്റെ കൈവശമുള്ള അതിഭീകര ശേഷിയുള്ള കൂട്ട നശീകരണ ആയുധങ്ങളുടെ പ്രയോഗം മൂലം അതിഭീമമായ മാനങ്ങളുള്ള ഒരു പരിസ്ഥിതി ദുരന്തം , അതിനെ ചെറുക്കാന്‍ സ്വമേധയാ ഇറങ്ങിത്തിരിച്ച അമേരിക്കന്‍ സൈന്യത്തിനു കനത്ത നാശം , പാശ്ചാത്യ ലോകത്തിനു മേല്‍ മറ്റൊരു വമ്പന്‍ തീവ്രവാദി ആക്രമണം ....അങ്ങനെ  ,നാമെല്ലാം നിശബ്ദരായി  അമേരിക്കന്‍ നിലപാടുകള്‍ അംഗീകരിച്ചു .അങ്ങനെ സദ്ദാമിനെ കീഴടക്കിയ ആ യുദ്ധത്തിനു ശേഷം അമേരിക്കന്‍ വിമര്‍ശകര്‍ പോലും ആശ്വാസം കൊണ്ടു ,കൂടുതലൊന്നും സംഭവിച്ചില്ലല്ലോ എന്ന് .

ഇറാക്കി യുദ്ധത്തിന്റെ ന്യായീകരണങ്ങളായി ഉയര്‍ത്തിക്കാട്ടിയ എല്ലാ പ്രവചനങ്ങളും വ്യാജമായിരുന്നു എന്നു ഇന്നു നമുക്കറിയാം .കൂട്ട നശീകരണത്തിനുള്ള ഒരായുധവും ഇറാക്കില്‍ നിന്നു കണ്ടെടുക്കാനായില്ല [യഥാര്‍ത്ഥത്തില്‍ അമേരിക്കയുടെ ഇറാക്കു അധിനിവേശത്തിനു മുമ്പ്  നൂറു കണക്കിനു യു എന്‍ നിരീക്ഷകര്‍ തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടൂം ഒരു തരത്തിലുള്ള നശീകരണ ആയുധങ്ങളുടെയും തെളിവ് കിട്ടിയിരുന്നില്ലല്ലോ ] അവസാനം സദ്ദാമിന്റെ സ്വര്‍ണ്ണം പൂശിയ റിവോള്‍വറും മറ്റ് കൌതുക ആയുധങ്ങളും കൊണ്ട് യുദ്ധത്തിന്റെ കാരണത്തെ സമീകരിക്കുകയെന്ന ഫലിതത്തിലാണ് അതെത്തിച്ചേര്‍ന്നത് .ഇറാക്കിന്റെ കൈവശം അത്തരം നശീകരണ ആയുധങ്ങളില്ലെന്നു മറ്റാരെക്കാളും അമേരിക്കക്കു ബോധ്യമുണ്ടായിരുന്നു ,അതു കൊണ്ടാണ്  വ്യോമയുദ്ധമെന്ന താരതമ്യേന സുരക്ഷിതമായ മാര്‍ഗ്ഗം  വിട്ടു കരമാര്‍ഗ്ഗം യുദ്ധമുന്നേറ്റം നടത്താന്‍ അമേരിക്ക തുനിഞ്ഞതു ,ഇറക്കിന്റെ കൈവശം അത്തരം നശീകരണ ആയുധങ്ങളുണ്ടെന്നു വിശ്വസിച്ചിരുന്നെങ്കില്‍  അമേരിക്ക തങ്ങളുടെ ഭീമമായ ഒരു സൈന്യത്തെ  കരമാര്‍ഗ്ഗം യുദ്ധമെന്ന ആത്മഹത്യക്കു ഇട്ടു കൊടുക്കില്ലായിരുന്നു . യു എന്‍ നിരീക്ഷകര്‍ക്കറിയില്ലെങ്കിലും ലോകത്തെ ആയുധ വിപണി  കൈകാര്യം ചെയ്യുന്ന അങ്കിള്‍ സാമിന് അതറിയാതിരിക്കില്ലല്ലോ .

 സദ്ദാം ഹുസ്സെയിന്‍ പുണ്യാത്മാവോ ,അദ്ദേഹത്തിന്റെ ഭരണം  സമ്പല്‍ സമൃദ്ധമാണെന്നോ  ഇവിടെ വാദമില്ല , സ്വന്തം ജനതയെ കൂട്ടക്കൊല ചെയ്ത ക്രൂരനായ ഒരു സ്വേച്ഛാധിപതി തന്നെയായിരുന്നു സദ്ദാം ,പക്ഷെ ആ  ക്രൂരതയെ നേരിടാന്‍ അതിലേറെ ആളുകളെ കൂട്ടക്കൊല ചെയ്തു കൊണ്ടൊരു യുദ്ധത്തിന്റെ ധാര്‍മ്മികത എന്താണ്  ? ഒരു ധാര്‍മ്മികതയുമല്ല അത് പൂര്‍ണ്ണമായും മൂലധനാധിപത്യത്തിനുള്ള ഒരുപാധി മാത്രമാണ് .

Oil Politics [ ഇന്ധന രാഷ്ട്രീയം ]


അമേരിക്ക മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളെ ലക്ഷ്യം വെക്കുന്നത് ഇസ്ലാമിനെ തകര്‍ക്കാനുള്ള കുത്സിത ശ്രമമാണെന്നു വ്യാഖ്യാനിക്കുന്നവരുണ്ട് .യഥാര്‍ത്ഥത്തില്‍ തീരെ യുക്തിരഹിതമായ ഒരു വാദം മാത്രമാണത് . അമേരിക്കക്കു മതപരമാ‍യ ലക്ഷ്യങ്ങളുണ്ടെന്നു ശത്രുക്കള്‍ പോലും പറയാനിടയില്ല .വളരെ ലളിതമാണ് അവരുടെ ആക്രമണങ്ങളുടെ ലക്ഷ്യവും ഉദ്ദേശവും . ഏതൊരു സാമ്പത്തിക വിശകലന പ്രകാരവും ഭാവിയില്‍ ലോകത്തിന്റെ സമ്പദ് വ്യവസ്ഥ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ പോകുന്നത് ഇന്ധന വിലയാണ് ,അതിന്റെ ഇറക്കു മതി - കയറ്റു മതികളാണ് ,ഇന്‍ഡ്യന്‍ കറന്‍സിയുടെ ഇപ്പോഴത്തെ അവസ്ഥ തന്നെ ഉദാഹരണം . ഇപ്പോഴത്തെ  ഇന്ധന ഉപഭോഗ ക്രമം തുടരുകയാണെങ്കില്‍ പത്തിരുപതു വര്‍ഷങ്ങള്‍ക്കുള്ളില്‍ രൂക്ഷമായ ഇന്ധന ക്ഷാമം അനുഭവിക്കാനുള്ള സാധ്യതയുണ്ടെന്നു പഠനങ്ങള്‍ പറയുന്നു .അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാവിയില്‍ കൃത്യമായ ഒരു ഇന്ധനസ്രോതസ്സ് കണ്ടെത്തിയേ തീരൂ . 

 OPEC [Organization of the Petroleum Exporting Countries ] രാഷ്ട്രങ്ങളുടെ പൂര്‍ണ്ണമായ നിയന്ത്രണം കൈവശം വരുത്തുക എന്നതാണ് അതിന്റെ പ്രാഥമിക ദൌത്യം . എണ്ണയുല്പാദനത്തിന്റെ ,പ്രകൃതിവാതകത്തിന്റെ ഭൂമിശാസ്ത്ര മേഖലകള്‍ നിര്‍ണ്ണയിക്കുമ്പോള്‍ മധ്യപൂര്‍വ്വേഷ്യ എങ്ങനെ അമേരിക്കക്കു പ്രിയപ്പെട്ടതാകുന്നു എന്നു മനസ്സിലാകും .അഫ്ഘാനിസ്ഥാന്‍ അധിനിവേശത്തിനു ശേഷം ഹമീദ് കര്‍സായിയെ കുടിയിരുത്തിയതിലൂടെ അഫ്ഘാനും സമീപ രാജ്യങ്ങളായ കിര്‍ഗിസ്ഥാനും ഉസ്ബക്കിസ്ഥാനും താജിക്കിസ്ഥാനും അടങ്ങുന്ന പ്രകൃതിവാതക സമ്പന്നമായ മധ്യേഷ്യയുടെ നിയന്ത്രണം അമേരിക്കക്കു സാധ്യമാണ് . അതു പോലെ തന്നെ കുവൈറ്റും ,സൌദിയും യു എ ഇ യുമടങ്ങുന്ന മധ്യപൂര്‍വേഷ്യയുടെ ഒരു പ്രധാന ഭാഗം അമേരിക്കയുടെ നിയന്ത്രണത്തിലാണ് ,കേണല്‍ ഗദ്ദാഫിയുടെ യുഗം അവസാനിച്ചതോടെ ലിബിയയുടെ കാര്യത്തിലും ഒരു തീര്‍പ്പായി . OPEC രാഷ്ടങ്ങളിലെ പ്രധാനിയായ വെനസ്വേലയാണെങ്കില്‍ ഹ്യൂഗോ ഷാവേസ് വളര്‍ത്തിയെടുത്ത അമേരിക്കന്‍ വിരുദ്ധ സോഷ്യലിസ്റ്റ് ഭരണ ക്രമമാണ് ,അതു കൊണ്ട് തന്നെ അവിടെയൊരു ആഭ്യന്തര കലഹം ഉണ്ടാക്കുന്നതിനെക്കാള്‍ എളുപ്പം മധ്യ പൂര്‍വ്വേഷ്യയെ കീഴടക്കുക എന്നതാണ് . ഈയൊരു മേഖലയിലെ ആധിപത്യമാണ് വരുംകാല സാമ്പത്തിക ലോകത്തെ നിര്‍ണ്ണയിക്കുന്നത് .അഫ്ഘാന്‍ അധിനിവേശത്തിനു അമേരിക്കയുടെ അടുത്ത ലക്ഷ്യം ഇറാനാണ് എന്നു  രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ ഇറാനെ നേരിട്ട് ആക്രമിക്കുന്നത് അത്ര പന്തിയല്ലെന്നു അമേരിക്കക്കു ബോധ്യമുണ്ട് .അതു കൊണ്ട് തന്നെ അത് സിറിയ വഴി ഇറാനിലേക്കു നീളും .അഹ്മദി നെജാദ് വെറുതെയല്ല സിറിയയെ ആക്രമിച്ചാല്‍ അമേരിക്ക വന്‍ പ്രത്യാഘാതം നേരിടുമെന്നു ഭീഷണിപ്പെടുത്തുന്നത് ,നെജാദിനറിയാം സിറിയയില്‍ അധിനിവേശം നടത്തിക്കഴിഞ്ഞാല്‍ അമേരിക്കയുടെ അടുത്ത നീക്കം ഇറനാണെന്ന് .കാരണം പ്രകൃതി വാതക നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനവും പെട്രോളിയം നിക്ഷേപങ്ങളില്‍ മൂന്നാം സ്ഥാനവും ഇറാനാണ്  !!!!

 ശാന്തവും സുസ്ഥിരവുമാ‍യ ഒരു ജനാധിപത്യ ക്രമം നില നില്‍ക്കുന്ന ഒരു രാജ്യത്തെ അകാരണമായി ആക്രമിക്കുകയല്ല  ,മറിച്ചു അരാജകത്വവും അക്രമവും അനീതിയുമുള്ളിടത്തു നീതി നടപ്പാക്കുകയാണ് അമേരിക്ക ചെയ്യുന്നതെന്ന പൊതു ബോധം സൃഷ്ടിക്കാന്‍ കഴിയുന്നു എന്നതാണ് ആവര്‍ത്തിച്ചുള്ള ഇത്തരം അധിനിവേശങ്ങള്‍ക്കുള്ള അമേരിക്കയുടെ പ്രചോദനം ,അതായത് ഈ യുദ്ധങ്ങള്‍ അനീതിയാണെങ്കിലും അതിന്റെ കാരണം ഒരു നീതിക്കു വേണ്ടിയാണല്ലോ [For a noble cause psychology ] .ഈ പൊതു മനസാക്ഷിയെ സ്വാധീനിക്കുന്നത് അമേരിക്കന്‍ പ്രചരണം മാത്രമാണെന്നു പറയുന്നത് വാസ്തവ വിരുദ്ധമാണ് ,ആക്രമിക്കപ്പെടൂന്ന രാജ്യങ്ങളിലെ സ്വേച്ഛാധികാരവും ,മത പരമായ അടിച്ചമര്‍ത്തലുകളും , ആക്രമണങ്ങളും ,ആഭ്യന്തര പ്രശ്നങ്ങളുമെല്ലാം ഇതിനു രാസ ത്വരഗങ്ങളായി തീരുന്നുണ്ട് .ഉന്തിന്റെ കൂടെ ഒരു തള്ള് എന്ന നിലക്കാണ് അമേരിക്കന്‍ പ്രചരണങ്ങളും അധിനിവേശവും കടന്നു വരുന്നത് .


ഉപദംശം .

ഏറെ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു താലിബാന്‍ ആക്രമണത്തിനു വിധേയയായ  മലാല എന്ന പെണ്‍ കുട്ടി - പാക്കിസ്ഥാനിലെ ഒരു അത്രയൊന്നും പുരോഗമിക്കാത്ത ഒരു പട്ടണത്തിലെ ഒരു പെണ്‍ കുട്ടിക്കു സ്കൂളില്‍ പോയതിന്റെ പേരില്‍ താലിബാനികളില്‍ നിന്നു ആക്രമണമേല്‍ക്കുന്നു , പോയിന്റെ ബ്ലാങ്കില്‍ തലക്കു വെടിയേറ്റ് ഗുരുതരമായ അവസ്ഥയില്‍ ജീവനു വേണ്ടി മല്ലിടുന്നു ,പ്രസിഡണ്ട് ഒബാമ ഉടന്‍ തന്നെ പ്രസ്ഥാവനയിറക്കുന്നു ,പോപ്പ് ഗായിക മഡോണ മലാലക്കു വേണ്ടി പാട്ടു പാടുന്നു , യു എന്‍ മലാലാ ദിനമായി ആചരിക്കുന്നു - അധികം താമസിയാതെ തന്നെ വിദഗ്ദ ചികിത്സക്കു  മരണത്തില്‍ നിന്നു അല്‍ഭുതകരമായി രക്ഷപ്പെട്ട മലാല യു എന്നില്‍ പയറു പോലെ നിന്നു  പ്രസംഗിക്കുന്നു -എല്ലാം  എത്ര  പെട്ടെന്നായിരുന്നു  !!!! .താലിബാനികളുടെ പീഡനത്തില്‍ വിദ്യാഭ്യാസം ചെയ്യാനാവാത്ത പെണ്‍കുഞ്ഞുങ്ങളെ കുറിച്ചും ബാല വേല ചെയ്യുന്ന ഇന്‍ഡ്യയിലെ കുട്ടികളെ കുറിച്ചും വികാര നിര്‍ഭരമായ പ്രസംഗം -   ലോകം കണ്ണീരോടെ ,വികാര വായ്പ്പോടെ മലാലയെ കേട്ടു  -പക്ഷെ അഫ്ഘാനിസ്ഥാനില്‍ അമേരിക്ക ക്ലസ്റ്റര്‍ ബോംബിട്ടപ്പോള്‍ ചിതറി തെറിച്ചു പോയ കുഞ്ഞുങ്ങളെ കുറിച്ചോ , യുദ്ധത്തില്‍  മാതാപിതാക്കള്‍ നഷ്ടപ്പെട്ടു അനാഥരായ കുഞ്ഞുങ്ങളെ കുറിച്ചോ മലാല ഒരക്ഷരം മൊഴിഞ്ഞതുമില്ല - ആ പ്രസംഗം അഫ്ഘാന്‍ ആക്രമണത്തിന്റെ നൈതികതയെ കുറിച്ചു വേവലാതിപ്പെട്ടിരുന്ന ഒരു വിഭാഗം അമേരിക്കന്‍ ജനതയുടെ മനസാക്ഷിയെ തൃപ്തിപ്പെടുത്താനുള്ള കൃത്യമായ വാചകങ്ങള്‍ മാത്രമായിരുന്നു ,ഇത്രയധികം മതപരമായ പീഡനങ്ങള്‍ നടക്കുന്ന ഒരിടത്താണല്ലോ യുദ്ധം ചെയ്തു സമാധാനം കൈ വരുത്തിയതെന്ന മനോസംതൃപ്തി ,ആശ്വസിക്കല്‍ .


 മലാലയുടെ കഥ അതൊരു സി ഐ ഐ ആസൂത്രിത  നുണയാണെങ്കില്‍ കൂടി അതിലൊരു വലിയ നീതിയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു   ,ചുരുങ്ങിയത് സ്ത്രീകളും കുട്ടികളും മത മൌലിക വാദത്തിനെതിരെ മുദ്രാവാക്യം വിളിച്ചു തെരുവിലിറങ്ങാന്‍ തുനിഞ്ഞു , പെണ്‍ കുട്ടികള്‍ക്കും വിദ്യാഭ്യാസം ചെയ്യാനവകാശമുണ്ടെന്നുള്ള ഒരു പൊതു ബോധമെങ്കിലും അതു കൊണ്ട് യാഥാസ്ഥിതിക പാക്കിസ്ഥാനികളിലുണ്ടായിട്ടുണ്ട് , അതു തന്നെയാണ് ആ സംഭവത്തിന്റെ നേട്ടവും .

Friday 30 August 2013

പശു ദേശീയത

ഹൈന്ദവനും അതിഹൈന്ദവനും ...........തുടര്‍ച്ച .Most important symptom Of Fascism - Fascist regimes tend to make constant use of patriotic mottos, slogans, symbols, songs, and other paraphernalia .


 ഫാസിസ്റ്റ് ചിന്താ പദ്ധതികള്‍ക്കു  അടിസ്ഥാന പരമായ ചില പൊതുരൂപങ്ങളുണ്ട് . അതില്‍  ഏറ്റവും പ്രധാനപ്പെട്ടതാണ് മൌലികമായ  ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും  ദേശീയവല്‍ക്കരിക്കുക  . ജര്‍മ്മനിയില്‍ നാസി ദേശീയതയുടെ കാലത്തു അതിന്റെ പ്രധാ‍ന ബൌദ്ധിക പ്രചാരണം ഇത്തരം ദേശീയ ചിഹ്നങ്ങളുടെ വ്യാപനത്തിലൂടെയായിരുന്നു .  ഹിന്ദു ഫാസിസത്തെ സംബന്ധിച്ചു അതിനെ ഏറെ അലട്ടുന്ന ഒരു വിഷയമാണ് മതമെന്ന രീതിയിലുള്ള ഒരു ഏകീകരിച്ച ഘടന അതിനില്ലാത്തത് .അത്തരത്തില്‍ ഘടനാ പരമായ സ്വത്വം ലഭ്യമാകണമെങ്കില്‍ ഏകീകരിക്കപ്പെട്ട പ്രതീകങ്ങളും അടിസ്ഥാനങ്ങളും ആവശ്യമാണ് , നിര്‍ബന്ധ ബുദ്ധ്യാ പിന്‍ പറ്റേണ്ടുന്ന ചില നിയമാ വലികളുണ്ടെങ്കില്‍ മാത്രമേ ഒരു മതത്തിനു അതിന്റെ അപ്രമാദിത്തം നില നിര്‍ത്താനാകൂ . വേറൊരു രീതിയില്‍ പറഞ്ഞാല്‍ സ്വതന്ത്രമായി ചിന്തിക്കാനോ ബുദ്ധിയുപയോഗിക്കാനോ കഴിയാത്ത വിധം നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട തിട്ടൂരങ്ങള്‍ അനുസരിക്കുന്നതിലൂടെ മാത്രമേ മതത്തിന്റെ ഘടനാ പരമായ  സ്വത്വ രൂപീകരണം സാധ്യമാകൂ .ഹിന്ദു മതത്തിന്റെ സ്ഥായിയായ ബഹുസ്വരത കൊണ്ട് തന്നെ ഈ ഏകീകൃത ഘടനാ രൂപം അപ്രാപ്യമാണ്  .സെമിറ്റിക് മതങ്ങളും കടന്നു വരവോടെ ,  പ്രചാരത്തോടെ ഈയൊരു കുറവ്  ഹിന്ദു ഫാസിസത്തെ ഹിന്ദു മതത്തിനു ഏകീകരിക്കപ്പെട്ട ഒരു ഘടനാ രൂപം അനിവാര്യമാക്കുന്നതിന്റെ ആവശ്യകതയെ പറ്റി ചിന്തിപ്പിച്ചു .

ഹിന്ദുമതത്തിനു മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ട് ,പാമ്പും പഴുതാരയും ഈച്ചയും  വരെ അതിന്റെ ദൈവങ്ങളാണ് [മധ്യപ്രദേശില്‍ മഖീ മന്ദിറുണ്ട് ,തമിഴ് നാട്ടില്‍ കരിന്തേളിനു കോവിലുമുണ്ട് ] അതിന്റെ ബഹുസ്വരത തന്നെയാണ് അതിന്റെ സ്വാതന്ത്ര്യവും സര്‍ഗ്ഗാത്മകതയും . ഹിന്ദു മതത്തില്‍ നയന്‍ താരയ്ക്കോ , നമിതയ്ക്കോ പോലും ക്ഷേത്രം പണിയാം - നിങ്ങള്‍ ഈ ദൈവത്തെ തന്നെ ആരാധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കു സ്വര്‍ഗ്ഗത്തില്‍ സീറ്റ് കിട്ടില്ലെന്നുള്ള കടുത്ത നിഷ്കര്‍ഷയൊന്നുമില്ല ,ക്ഷേത്രങ്ങളില്‍ കൃത്യമായി ചെന്നു നിങ്ങളുടെ ആരാധന നടത്തിയില്ലെങ്കില്‍ സാമൂഹ്യ ബഹിഷ്കരണമോ ഉണ്ടാകില്ല - ഹിന്ദുവില്‍ അവനവന് വേണമെങ്കില്‍ ദൈവമാകാം ,ദൈവ നിരാസത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ഒരു മതമാണത് . പക്ഷെ ഇങ്ങനെ ഒരു ബഹുസ്വര ,സ്വാതന്ത്ര്യത്തില്‍ എങ്ങനെയാണ്  ഹിന്ദു നവോത്ഥാനമെന്ന ഹിന്ദുത്വ അജണ്ടയുടെ ഉപകരണങ്ങളാകേണ്ടുന്ന ചിഹ്നങ്ങള്‍  സാധ്യമാകുന്നത് ? ഇവിടെയാണ്.സെമിറ്റിക് മതങ്ങളെ പോലെ  കൃത്യമായ ,ഏകീകരിക്കപ്പെട്ട മത ചിഹ്നങ്ങള്‍ ,തിട്ടൂരങ്ങള്‍ ,നിബന്ധനകള്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത

സെമിറ്റിക് മതങ്ങളെ പോലെ ഏകീകരിക്കപ്പെട്ട മത ചിഹ്നങ്ങളില്ലെന്ന  അപകര്‍ഷതയ്ക്കുള്ള പ്രതിവിധിയായാണ്   രാമക്ഷേത്രവും , ഗോമാതാവും , ഭഗവദ് ഗീതയും , ഗണേശോത്സവവും രക്ഷാ ബന്ധനും ഗംഗാജലവുമൊക്കെ ഹിന്ദു സമൂഹത്തിലേക്കു നിര്‍ബന്ധിതമായി നിഷ്ക്രമിപ്പിക്കുന്നത് ,കാരണം ഇതിനെ ഏകീകരിക്കപ്പെട്ട ഒരു ഹിന്ദു പ്രതീകമായി ഉയര്‍ത്തിക്കൊണ്ടു വന്നാല്‍ മാത്രമേ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ കഴിയൂ.ഇത്തരത്തില്‍ വിശുദ്ധവല്‍ക്കരിച്ച  ചിഹ്നങ്ങളെ ,ആശയങ്ങളെ ,പ്രതീകങ്ങളെ ദേശീയമാക്കുക എന്നതാണ് അടുത്ത പടി  .  നിഷ്കളങ്കവും നിരുപദ്രവുമെന്ന പ്രത്യക്ഷത്തില്‍ തോന്നുന്നതും ഏറ്റവും അപകടകരുവുമായ സംഗതിയാണ് ഗോ മാതാ കണ്‍സെപ്റ്റ് . ഇതു വളരെ ആസൂത്രിതമായി നടക്കുന്ന ഹിന്ദുത്വ വല്‍ക്കരണമാണ് ,ബ്രാഹ്മണിക് ഹിന്ദു വിശ്വാസങ്ങളെ ,ബ്രഹ്മണിക് ഹിന്ദു ആശയങ്ങളെ രാജ്യത്തിന്റെ പൊതു നിയമങ്ങളാക്കി തീര്‍ക്കുക എന്നതാണിതിന്റെ പ്രാഥമിക ദൌത്യം .പക്ഷെ  ഒരു വസ്തുത എന്താണെന്നു വെച്ചാല്‍ഈ ഗോ വധ നിരോധനമൊരിക്കലും ഹിന്ദു മത ചരിത്രത്തിന്റെ ഭാഗമായിരുന്നില്ല [ഭാഗമായിരുന്നേല്‍ ഇങ്ങനെ ചെയ്യുന്നതില്‍ കുഴപ്പമില്ല എന്നൊരര്‍ത്ഥവുമില്ല ]


ഗോ മാതാ വാദത്തിന്റെ രാഷ്ട്രീയം .ഇന്‍ഡ്യയില്‍ പശു വെറുമൊരു പശുവല്ല അല്ല ,അതിനു  വലിയ രാഷ്ട്രീയ മാ‍നങ്ങളുണ്ട് .
  ഹിന്ദു ഫാസിസത്തിനു അധികാരം കിട്ടിയാല്‍ അദ്യത്തെ അജണ്ടയാവും ഇന്‍ഡ്യയിലൊട്ടാകെ ഗോവധ നിരോധനം ഏര്‍പ്പെടുത്തുക എന്നത് .കര്‍ണ്ണാടകയില്‍ ബി ജെ പി ക്കു  അധികാരം കിട്ടിയപ്പോള്‍ ഗോ വധ നിരോധനം നടപ്പിലാക്കിയത്  ഇതിനുദാഹരണമാണ് .
“ഒരു സാധു ജീവിയെ വെട്ടിക്കൊല്ലരുതെന്നു പറയുന്നതാണൊ ,ഇത്ര അപകടം ? കൊല്ലാനല്ലല്ലോ കൊല്ലരുതെന്നല്ലെ പറയുന്നുള്ളൂ , അതു പോലും അജണ്ടയാണത്രെ അജണ്ട ”  . - ദാ ഇപ്പോള്‍ നിങ്ങളില്‍ ചിലരെ കൊണ്ടെങ്കിലും ഇങ്ങനെ ചിന്തിപ്പിച്ചില്ലെ അതു തന്നെയാണതിന്റെ അപകടകരമായ രാഷ്ട്രീയം , വളരെ നിഷ്കളങ്കവും ന്യായവുമാണെന്നു തോന്നിപ്പിക്കുന്ന ഒരു കാര്യമാണ്  ഗോ വധ നിരോധനം. അത്  കൊണ്ടു അതു തന്നെയാണ് ഹിന്ദുത്വ വല്‍ക്കരണത്തിന്റെ പ്രിയപ്പെട്ട ആയുധമാകുന്നതും .


ഹിന്ദുസംസ്കാരം  അതിന്റെ പൂര്‍വ്വകാല ചരിത്രത്തിലെവിടെയെങ്കിലും ഗോ വധം നിരോധിച്ചിരുന്നോ ? ഗോ മാംസം നിഷിദ്ധമാക്കിയിരുന്നോ ? ഹിന്ദു മിത്തുകളില്‍ പലയിടത്തായി പശുവിനെ വിശുദ്ധ മൃഗമായി പരിഗണിക്കുന്നുണ്ടെങ്കിലും [ഹിന്ദു മതത്തിനു ഏത് ജീവിയാണ് വിശുദ്ധമല്ലാത്തത് ?-  എലിയും പന്നിയും പഴുതാരയും വരെ അതിന്റെ വിശുദ്ധ പട്ടികയിലുണ്ട് ]  ഗോ വധ നിരോധനമൊന്നും പൌരാണിക കാലത്തു  അതിന്റെ ഒരു തരം സങ്കല്പങ്ങളിലുമുണ്ടായിരുന്നില്ല . പുരാണങ്ങളില്‍ ഗോ മാംസം ഉപയോഗിച്ചതിനുള്ള ശ്ലോകങ്ങളുമുണ്ട് ,എത്രയോ ഗോ മേധങ്ങള്‍  നടത്തിയിരുന്നതായി പുരാണത്തില്‍ കഥകളുണ്ട് .സംസ്കൃതത്തില്‍ അതിഥിക്കു “ഗോ ഘ്നന്‍ “ എന്നൊരു പര്യായം പോലുമുണ്ട്  -എന്ന്വച്ചാ അതിഥികള്‍ക്കു വിശേഷപ്പെട്ട വിരുന്നൊരുക്കാന്‍ പശുനെ തട്ടി ചാപ്സുണ്ടാക്കാറുണ്ടെന്നു തന്നെ  .പത്താം നൂറ്റാണ്ടിലെഴുതപ്പെട്ട ആയുര്‍വേദ ഗ്രന്ഥമായ “അഷ്ടാംഗ ഹൃദയത്തിലും പതിനാറാം നൂറ്റാണ്ടിലെഴുതപ്പെട്ട ഭവ പ്രകാശത്തിലും ഗോ മാംസം ശരീര പുഷ്ടിക്കും ദ്രുതഗതിയിലുള്ള പേശീ വളര്‍ച്ചക്കും ഉത്തമമാണെന്നു ആണ് പറയുന്നത് .ഹിന്ദു മതത്തിന്റെ ഒരു ഐക്കോണിക് ഫിഗറായ  വിവേകാനന്ദന്‍ പോലും പശു മാംസം കഴിച്ചിരുന്നു എന്നു മാത്രമല്ല പശു മാംസം കഴിക്കുന്നതിനു വേണ്ടി ആളുകളെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്തിരുന്നു .

പിന്നെ എവിടെ നിന്നു എങ്ങനെയാണ് ഇങ്ങനെയൊരു ഗോ വിശുദ്ധവാദമുടലെടുത്തത്  ?

 ഗോവധനിരോധനമെന്ന ആശയത്തിന്റെ ഉല്‍ഭവത്തിനു രണ്ടു പ്രധാന കാരണങ്ങളാണ് തോന്നുന്നത് .വേദിക്  കാലഘട്ടത്തില്‍   പശു വളര്‍ത്തലും ക്ഷീരോല്പാദനവും  മാത്രം തൊഴിലായി അറിയാവുന്ന ബ്രാഹ്മണ സമൂഹത്തിനു  നില നില്‍പ്പിനു വേണ്ടി ഇങ്ങനെയൊരു നിയമം സൃഷ്ടിച്ചെടുക്കേണ്ടത് അനിവാര്യമായി തീര്‍ന്നു ,

മറ്റൊന്നു അഹിംസാ മാര്‍ഗ്ഗത്തിലുള്ള ബുദ്ധ - ജൈന മതങ്ങളുടെ വ്യാപനം , ബ്രാഹ്മണ മേല്‍ക്കോയമക്കു വലിയ ക്ഷീണം സൃഷ്ടിക്കുന്ന ഈ വ്യാപനത്തിനു  തടയിടേണ്ടത് ബ്രാഹ്മണ ആവശ്യമായിരുന്നു .ഈ രണ്ടു കാരണങ്ങളാകാം വേദിക് കാലഘട്ടത്തില്‍ ഇങ്ങനെയൊരു ഗോ വധ നിരോധനത്തിലേക്കു നയിച്ചിരിക്കുക .

എരുമ ദേശീയത .[Buffalo Nationalism ]

 ദളിത് ചിന്തകനായ കാഞ്ച ഐലയ്യ തന്റെ Buffalo Nationalism : A Critique Of Spiritual Fascism എന്ന കൃതിയില്‍ സവര്‍ണ്ണഹിന്ദുത്വ വര്‍ഗ്ഗീയതയുടെ  ജൈവികവും അജൈവികവുമായ ചിഹ്നങ്ങളെ പറ്റി കൃത്യമായി പ്രതിപാദിക്കുന്നുണ്ട്  . വളരെ യാദൃശ്ചികതയുള്ള ഒരു കാര്യം നാസി ദേശീയതയുടെ അതേ ചിഹ്നമായ “സ്വസ്ഥിക്” തന്നെയാണ് ഹിന്ദു ഫാസിസ്റ്റ് ചിഹ്നങ്ങളില്‍ പ്രധാനപ്പെട്ടതെന്നതാണ് ,ഗോള്‍വാള്‍ക്കറിന്റെ കൃതികളില്‍ ഹിറ്റ്ലറോടും നാസി ദേശീയതയുടെ വംശശുദ്ധി ആദര്‍ശങ്ങളോടുമുള്ള ആഭിമുഖ്യം ഇതോടു കൂട്ടിവായിക്കേണ്ടതാണ് . മറ്റൊരു ചിഹ്നം തൃശൂലമാണ് ,അക്രമണോത്സുകമായ ഹിന്ദുത്വത്തിന്റെ അംഗീകൃത പ്രതീകം തന്നെയാണത് .ഹിന്ദു ഫാസിസ്റ്റുകള്‍ മുന്‍ കയ്യെടുത്തു സൃഷ്ടിക്കുന്ന  ഏതൊരു കലാപത്തിലും ,ഏതൊരു ആക്രമണത്തിലും  തൃശൂലത്തിന്റെ സാന്നിധ്യം ബോധപൂര്‍വ്വമോ അല്ലാതെയോ ഉണ്ടാകുന്നുണ്ട് .

പക്ഷെ ഹിന്ദു സവര്‍ണ്ണ ഫാസിസത്തിന്റെ നിശബ്ദവും അപകടകരവുമായ ഏറ്റവും വലിയ അജണ്ട അതിന്റെ “ഗോ മാതാവ്  സങ്കല്പം തന്നെയാണ് .ഇന്‍ഡ്യയില്‍ ഈ പശുവും ഹിന്ദു ഫാസിസവും തമ്മില്‍ വലിയ ബന്ധമുണ്ട്   .ഈ  “പശുരാഷ്ട്രീയത്തിനു  “ ഒരു ബദലായാണ്   കാഞ്ച ഐലയ്യ എരുമ ദേശീയത[Buffalo Nationalism ]  കൊണ്ടു വരുന്നത് . യഥാര്‍ത്ഥത്തില്‍ ഒരു പ്രധാനകാര്‍ഷിക പ്രധാന വരുമാന മാര്‍ഗ്ഗമെന്ന നിലയില്‍  പശുവിനെക്കാളും എന്തു കൊണ്ടും ദേശീയ മൃഗമാക്കാന്‍ അനുയോജ്യം എരുമയാണ് എന്നിട്ടും എരുമയെ ദേശീയ ചിഹ്നമായി അവതരിപ്പിക്കാത്തത് അതിന്റെ ബ്രാഹ്മണിക് ആശയങ്ങള്‍ കൊണ്ടാണ് . എരുമ കറുത്തതും പശു വെളുത്തതും ആയതു കൊണ്ട് മാത്രമാണ് ,ആര്യന്‍ അധിനിവേശ കാലത്തു തന്നെ വെളുപ്പ് ഉല്‍കൃഷ്ടവും കറുപ്പു അധമവുമാണെന്ന ഒരു സങ്കല്പം രൂപീകരിക്കുന്നതിനു വേണ്ടി കൂടിയാണ് ഈ പശു വിശുദ്ധിയുടെ കഥ എന്നും അദ്ദേഹം പറയുന്നു .


 ഉപജീവനത്തിനു വേണ്ടി പശു വളര്‍ത്തല്‍ നടത്തുന്ന ദളിതനും മുസ്ലീമും അടങ്ങുന്ന  ഭൂരിഭാഗം ദരിദ്രരായ ഇന്‍ഡ്യന്‍ കര്‍ഷകര്‍ പാല്‍ വറ്റിക്കഴിഞ്ഞും തുടര്‍ന്നും  നിര്‍ബന്ധിതമായി അതിനെ പോറ്റേണ്ടി വരുന്ന ഒരവസ്ഥ അവരുടെ ഉള്ള ദാരിദ്ര്യത്തെ വര്‍ദ്ധിപ്പിച്ചു കഷ്ടപ്പാടിന്റെ പാരമ്യത്തിലെത്തിക്കാനുമേ സഹായിക്കൂ .പാലു തരാത്ത പശുവിനെ തുടര്‍ന്നും പരിപാലിക്കുക എന്നത് പ്രായോഗികമായ ഒരു കാര്യമല്ല,  പ്രത്യേകിച്ചു ഇന്‍ഡ്യന്‍ ദരിദ്ര കര്‍ഷകര്‍ക്കിടയില്‍ ,അവരെ  കൂടുതല്‍ ദരിദ്രരാക്കുക ,അങ്ങനെ അവസാനം ആ  ജീവിയെ പട്ടിണിക്കിട്ടൂ കൊല്ലുക എന്നതില്‍ കവിഞ്ഞു എന്താണ് ഇത്തരം നിര്‍ബന്ധ ബുദ്ധി കൊണ്ട് ഒന്നും സാധിക്കില്ല . ഭൂരിഭാഗം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഗോവധ നിരോധനം നടപ്പാക്കിയിട്ടുണ്ട് .ഈ പശുമാതാവാണ് ഉത്തരേന്ത്യയില്‍ കലാപമുണ്ടാകുന്നതിനുള്ള കാരണങ്ങളിലൊന്ന് ,പശുവിനെ സംരക്ഷിക്കാന്‍ മനുഷ്യരെ  എത്ര വേണമെങ്കിലും കൊന്നു തള്ളും .പക്ഷെ ഇന്നു  പശു ഒരു  ദേശീയ പ്രതീകമാണ്  ,അല്ലെങ്കില്‍ അങ്ങനെ ആക്കിത്തീര്‍ക്കേണ്ടത് ഹിന്ദു ഫാസിസത്തിന്റെ അനിവാര്യതയാണ് . യഥാര്‍ത്ഥത്തില്‍ പശുവിറച്ചി തിന്നുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് . ലോകത്തെ സകല ജീവജാലങ്ങളും നമ്മക്കു തിന്നാന്‍ വേണ്ടി പടച്ചോന്‍ ഉണ്ടാക്കിത്തന്നതാണെന്നു വിശ്വസിച്ചതു കൊണ്ടൊന്നുമല്ല ,പക്ഷെ  ഇത്തരം ഫാസിസത്തോടു എതിരിടാനുള്ള മാര്‍ഗ്ഗം അതു തന്നെയാണ് .Ref:  
Buffalo Nationalism : A Critique Of Spiritual Fascism  by kancha ilayya
Picture courtesy : Google