Like

...........

Tuesday 30 July 2013

വന്‍ മരങ്ങള്‍ വീഴുമ്പോള്‍ .

“Some riots took place in the country following the murder of Indiraji. We know the people were very angry and for a few days it seemed that India had been shaken. But, when a mighty tree falls, it is only natural that the earth around it does shake a little.”  - Rajeev Gandhi 


“വന്‍ മരങ്ങള്‍ വീഴുമ്പോള്‍ അതിനു ചുറ്റുമുള്ള ഭൂമി കുലുങ്ങുന്നതു സ്വാഭാവികമാണ് "

ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിനു ശേഷം നടന്ന ക്രൂരമായ സിഖ് കൂട്ടക്കൊലയെ രാജീവ് ഗാന്ധി വിശേഷിപ്പിച്ചതു ഇങ്ങനെയാണ് ,ഗോധ്ര കൂട്ടക്കൊലയെ പറ്റിയുള്ള ചോദ്യത്തില്‍ നരേന്ദ്ര മോഡി വിശദീകരിച്ചത്  കാറിനടിയില്‍ പെട്ടു ചാവുന്ന നായകളോടെന്ന പോലെ എനിക്കു സഹതാപമുണ്ടെന്നും [അഭിമുഖം ഞാന്‍ കേട്ടതാണ് ,അതു തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു ,നായ് കുട്ടികളോടുള്ള സ്നേഹമാണ് മോഡി ഉദ്ദേശിച്ചതെന്നൊക്കെയുള്ള വ്യാഖ്യാന ഫാക്ടറിക്കാര്‍ ക്ഷമിക്കുക ].

എന്തൊരു സാമ്യമാണ് ,അധികാരത്തിന്റെ ,അതിന്റെ വിദ്വേഷം നിറഞ്ഞ ധാര്‍ഷ്ട്യത്തിന്റെ ഫലമായുണ്ടായ ഒരു കൂട്ടക്കൊലയെ വിശേഷിപ്പിക്കാന്‍ അതിനുത്തരവാദികളായവര്‍ ഉപയോഗിച്ച പദ പ്രയോഗങ്ങള്‍ക്കു !!! .എത്ര ലളിതമായാണ് ബാധിക്കപ്പെട്ടവരെ നിസ്സാര വല്‍ക്കരിക്കുന്നത് !!! .എല്ലാ കൂട്ടക്കൊലകള്‍ക്കും വംശ ഹത്യകള്‍ക്കും അവിശ്വസനീയമാം വിധം ലളിതമായ കാരണങ്ങളാണ് അതിനുത്തരവാദികളായവര്‍ നല്‍കുക.

രാജീവ് ഗാന്ധി പറഞ്ഞ ആ  “കൊച്ചു  ഭൂമി കുലുക്കത്തില്‍ “ എണ്ണായിരത്തോളം നിരപരാധികളായ സിക്കുകാരെയാണ് തിരഞ്ഞു പിടിച്ചു ഇല്ലാതാക്കിയത് ,ഒരു പാട് സിക്കുകാര്‍  ഭവന രഹിതരായി രാജ്യ തലസ്ഥാനത്തു നിന്നു പലായനം ചെയ്തു .ജൂതന്മാര്‍ രാജ്യ പുരൊഗതിക്കു തടസ്സമാകുന്നു എന്ന കാരണമാണ് ജൂതവംശ ഹത്യക്കു ഹിറ്റ്ലര്‍ കാരണമായി പറഞ്ഞത് . എട്ടു ലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെട്ട റുവാണ്ടന്‍ വംശ ഹത്യക്കു കാരണം ടുട്ടു വംശജനായ റുവാണ്ടന്‍ പ്രസിഡണ്ട്  വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നതിന്റെ പകരം വീട്ടലാണ് [അതിനു മുമ്പേ തന്നെ ടുട്ടു - ഹുട്സു വംശജര്‍ തമ്മില്‍ നീറിപ്പുകയുന്ന വംശീയ വിദ്വേഷമുണ്ടായിരുന്നുവെങ്കിലും ആ കൂട്ടക്കൊലക്കു കാരണം ഇതായിരുന്നു ]
 - എങ്ങനെയാണ് കലാപങ്ങള്‍ക്കും വംശഹത്യകള്‍ക്കും അതിനു നേതൃത്വം നല്‍കുന്നവര്‍ ഇത്ര ലളിതമായ യുക്തിയില്‍ വിശദീകരിക്കുന്നതു ? അതില്‍ പങ്കാളികളാകുന്നവര്‍ക്കും അതിനെ ന്യായീകരിക്കുന്നവര്‍ക്കും എങ്ങനെയാണ് ഇങ്ങനെയുള്ള നിസ്സാര കാരണങ്ങള്‍ ദഹിക്കുന്നത് ? 

യഥാര്‍ത്ഥത്തില്‍ ബാധിക്കപ്പെടുന്നതു വരേക്കും എല്ലാവര്‍ക്കും ഇതു വളരെ നിസ്സാരവും ലാഘവുമായി പരിഗണിക്കാനാകും  എന്നതാണ് യാഥാര്‍ത്ഥ്യം . ഇസ്ലാമിക രാജ്യങ്ങളിലെ ആഭ്യന്തര വംശ ഹത്യകളെയും പാക്കിസ്ഥാനിലെ ഹിന്ദു പീഡനങ്ങളെയും  ഇതു പോലെ നിസ്സാര കാരണങ്ങളെ കൊണ്ടു തന്നെയാണ് അതത് ഇടങ്ങളിലെ ഇസ്ലാം മതസ്ഥര്‍ ന്യായീകരിക്കുന്നത് .  ഹിറ്റ്ലറിന്റെ ജൂതഹത്യയെ അനുകൂലിക്കുന്ന [ഇസ്രയേലി വിരുദ്ധ വികാരം കൊണ്ട് ] ഒരു പാട് ഇസ്ലാം മതസ്ഥരെ ഞാന്‍ കണ്ടിട്ടുണ്ട് ,എന്തിന് ജൂതന്മാരെ ഇല്ലാതാക്കാനുള്ള പടച്ചവന്റെ സൃഷ്ടിയാണ് ഹിറ്റ്ലര്‍ എന്നു വരെ പറഞ്ഞു കേട്ടിട്ടുണ്ട് .വെറുപ്പും വിദ്വേഷവും ആളുകളില്‍ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണിത് .

ഇതെല്ലാം സ്വാഭാവികമായ ഒരു പ്രതിപ്രവര്‍ത്തനമെന്ന നിസ്സാരവല്‍ക്കരണത്തിനപ്പുറത്തു കൃത്യമായ ആസൂത്രണവും പ്രചരണവും ഉണ്ടെന്നതിനു വ്യക്തമായ തെളിവുകളുണ്ട്. മാധ്യമങ്ങളുടെയും ഉത്തരവാദിത്തപ്പെട്ട അധികാരികളുടെയും പങ്കു ധം  ഇതില്‍ പ്രധാനപ്പെട്ടതാണ് - സിഖ് കൂട്ടക്കൊലയായാലും ജൂത ഹത്യയായാലും ഗോധ്രാ കലാപമായാലും എരിതീയില്‍ എണ്ണയൊഴിക്കും വിധമുള്ള വ്യാജ വാര്‍ത്തകള്‍ ആളുകളെ ഒരു തരം ഹിസ്റ്റീരിയാ ബാധിതരാക്കി തീര്‍ക്കുകയായിരുന്നു .അതോടൊപ്പം പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് ഒഫിഷ്യലുകളുടെയും നേരിട്ടുള്ള പങ്കും

എന്‍ എസ് മാധവന്റെ “വന്‍ മരങ്ങള്‍ വീഴുമ്പോള്‍ “ എന്ന കഥ 1984 ലെ സിക്കു കൂട്ടക്കൊലയില്‍ നിന്നു ഒരു സിക്ക് യുവതിയെയും അവരുടെ ഏഴു വയസ്സുള്ള കുട്ടീയെയും  കുറച്ചു കന്യാസ്ത്രീകള്‍  രക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് . ആ കുട്ടിയുടെ മതപരമായ ഐഡന്റിറ്റി  -അവന്റെ ശിരോ വസ്ത്രം മാറ്റുമ്പൊള്‍  ത്വക്കിലുള്ള നിറവ്യത്യാസം കണ്ടു  ആകന്യാസ്ത്രീകള്‍  ആശങ്കപ്പെടുന്നു ,കാരണം സിക്കുകാരനെന്ന ഓരോ അടയാളവും മരണത്തിലേക്കുള്ള ഒരു കാരണമായിരുന്നു  .ജൂത വംശ ഹത്യയില്‍ ജൂതന്മാരുടെ ശാരീരിക സവിശേഷതകള്‍ -കണ്ണിന്റെയും മൂക്കിന്റെയുമൊക്കെ പ്രത്യേകതകളായിരുന്നുവത്രെ ഈ അടയാളങ്ങള്‍ .ഗോധ്രയിലും അതു തന്നെയാണ് ചെയ്തതും -സുന്നത്തു ചെയ്ത ലിംഗവും തട്ടമിട്ട പെണ്ണും തിരഞ്ഞു പിടിച്ചു വേട്ടയാടപ്പെട്ടു .വംശ ഹത്യ [Genocide] ന്റെ പ്രാഥമിക ലക്ഷണം തന്നെ മറ്റുള്ളവരില്‍ നിന്നു വേറിട്ടു തിരഞ്ഞു പിടിച്ചു ആക്രമിക്കുക എന്നതാണ് .മോഡി നിരപരാധിയാണ്  !!!!

മോഡി നിരപരാധിയാണ് !!! ഈയൊരു വാദത്തിന്റെ സാധൂകരണത്തിനായി ഹിന്ദു - മിതവാദി ആരാധക വൃന്ദങ്ങള്‍ [ഹിന്ദു തീവ്രവാദ ആരാധകര്‍ - മോഡി അതു ചെയ്തെങ്കില്‍ കണക്കായി പോയി വാദക്കാരാണ്  - ഹിറ്റ്ലറെ ഒക്കെ പരസ്യമായി ആരാധിക്കാന്‍ മടിയില്ലാത്തവര്‍ക്കു മോഡി ചെയ്തതു പോരാ എന്ന അഭിപ്രായമാണ് . ]  പൊതു സമൂഹത്തിനു മുന്നിലേക്കു പ്രധാനമായും രണ്ട് വാദങ്ങളാണ് മുന്നോട്ടു വെക്കാറുള്ളത് .

 ഒന്നാമത്തെ വാദം -  ഗുജറാത്തു കലാപം ഗോധ്ര ട്രയിന്‍ അപകടത്തെ തുടര്‍ന്നുണ്ടായ ഒരു കോളാട്രല്‍ ഡാമേജ് അല്ലെങ്കില്‍ സ്വാഭാവിക പ്രതിപ്രവര്‍ത്തനം മാത്രമാണ് ,ആ സംഭവത്തില്‍ ദുഖിതരായ നാട്ടുകാര്‍ നടത്തിയ രൊഷപ്രകടനം മാത്രമായിരുന്നു ആ കലാപം. അതില്‍ ആസൂത്രിതമായി ഒന്നുമില്ല.  [ഈ സ്വാഭാവിക പ്രതിപ്രവര്‍ത്തനമാണ് മിക്കവാറും എല്ലാ വംശ ഹത്യകളുടെയും കാരണം - സിഖ് കൂട്ടക്കൊല ,റുവാണ്ടന്‍ കലാപം ,ശ്രീലങ്കന്‍ തമിഴ് വംശ ഹത്യ]


മന്ത്രിസഭയില്‍ അംഗമായ മായാ കോഡ്നാനിയുടെയും ബജ്രംഗ് ദള്‍ നേതാവ് ബാബു ബജ്രംഗിയുടെയും നേരിട്ടുള്ള  പങ്കാളിത്തം സശയമേതുമില്ലാതെ തെളിഞ്ഞതോടെ ഈയൊരു വാദം പൊളിയുന്നു . ബാബു ബജ്രംഗി ടെഹല്‍ക്കയുടെ ഒളി ക്യാമറയില്‍ ജീവനുള്ള മനുഷ്യരെ പച്ചക്കു ചുട്ടുവെന്നു പറയുമ്പോള്‍ അയാളുടെ കണ്ണുകളിലെ ആര്‍ത്തി എന്നെ കുറച്ചൊന്നുമല്ല അമ്പരമ്പിച്ചത് . ഗൈനക്കോളജിസ്റ്റും സംസ്ഥാനത്തെ ശിശുക്ഷേമ മന്ത്രിയുമായ മായാ കോഡ്നാനി  കുട്ടികളെയും സ്ത്രീകളെയും കൂട്ടക്കൊല നടത്താനായി ആവേശം പകര്‍ന്നു ആ കൂട്ടക്കൊലയുടെ നേതൃത്വം വഹിച്ചിരുന്നു

ണ്ടാമത്തെ വാദം - ഒന്നാമത്തെ വാദത്തിന്റെ അര്‍ത്ഥശൂന്യത വെളിവാകുമ്പോള്‍ അതു സമീകരിക്കാനാണ് ഈ രണ്ടാം വാദം ഉപയോഗിക്കുക  - ഗുജറാത്തു കലാപത്തില്‍ മോഡി മന്ത്രിസഭയിലെയും  .സംഘത്തിന്റെ തലപ്പത്തുള്ള ആളുകളും ഉള്‍പ്പെട്ടിരിക്കാം പക്ഷെ നരേന്ദ്ര മോഡി നിരപരാധിയും നിസ്സഹായനുമായിരുന്നു  ,അതു അദ്ദേഹത്തിനു അറിവുള്ള കാര്യമല്ല .


ഒരു കേഡര്‍ സംഘടന / പാര്‍ട്ടിയുടെ ഓര്‍ഗനൈസേഷന്‍ സ്ട്രക്ചറിനെ പറ്റി ,അതിന്റെ മോഡസ് ഓപ്പറാണ്ടിയെ പറ്റി അല്പമെങ്കിലും ധാരണയുള്ള ആളുകള്‍ ഈ വാദത്തെ ഒരു ഫലിതത്തിനപ്പുറം കാണില്ല . ആര്‍ എസ് എസ് പോലെയുള്ള ഒരു കേഡര്‍ സംഘടനയുടെ ശൈലിയില്‍ പ്രധാനപ്പെട്ടതാണ് അതിന്റെ Hierarchy of Control Level ,മേല്‍ ഘടകത്തിന്റെ അനുമതിയില്ലാതെ ഒരില പോലും അനങ്ങാത്തത്ര സംഘടനാ രീതിയാണ് ഇതില്‍ നില നില്‍ക്കുന്നത്.. മോഡി മന്ത്രിസഭയിലെ ഒരു മന്ത്രിയോ സംഘത്തിലെ ഒരു ചെറു കിട നേതാവോ മേല്‍ ഘടകത്തിന്റെ അനുമതിയില്ലാതെ ഇതിനു നേതൃത്വം നല്‍കി എന്നു പറഞ്ഞാല്‍ അതു അവിശ്വസനീയമാണ് . മോഡി  അറിയാതെ ഗുജറാത്തില്‍ സംഘത്തിന്റെ ഒരു നീക്കം പോലും ഉണ്ടാകില്ല - അതാണ് സംഘത്തിന്റെ ഓര്‍ഗനൈസേഷന്‍ സ്ട്രക്ചര്‍ [അല്ലെന്നു ഏതെങ്കിലും ആര്‍ എസ് എസ് കാരന്‍ പറയട്ടെ .


മൂന്നാമത്തെ വാദം -  മേല്‍പ്പറഞ്ഞ രണ്ട് വാദങ്ങളുടെയും പൊള്ളത്തരങ്ങള്‍ പൊളിയുമ്പോള്‍ ഉയര്‍ന്നു വരുന്ന മറ്റൊരു വാദമാണ്  - മോഡി കുറ്റവാളിയാണെങ്കില്‍ കുറ്റം തെളിയിക്കട്ടെ ,ഇന്‍ഡ്യയിലെ ഏറ്റവും മികച്ച അന്വേഷണ വിഭാഗം പോലും മോഡിക്കിതില്‍ പങ്കില്ലെന്നു റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട് -  തെളിയാത്ത കേസില്‍ ആരോപണമുന്നയിക്കുന്നത് അധാര്‍മ്മികമാണ് ,

ഈ വാദത്തിന്റെ പരിഹാസ്യത എവിടെയാണെന്നറിയുമോ ? ഈ വാദമുന്നയിക്കുന്നവര്‍ തന്നെ  തെളിയാത്ത [കേന്ദ്രവും സി ബി ഐ യും  കോണ്‍ഗ്രസ്സ് മാത്രമല്ല ബി ജെ പി യും ഭരിച്ചിരുന്നു ] ബൊഫോഴ്സ് കേസും ,ഐസ്ക്രീം - കുഞ്ഞാലിക്കുട്ടി കേസുമെല്ലാം ഇപ്പോഴും പരാമര്‍ശിച്ചു കൊണ്ടിരിക്കും. ഈ കേസുകള്‍ ജെനുവിനാണെന്നു സാമാന്യ ബോധമുള്ള മിക്കവാറും എല്ലാവര്‍ക്കുമറിയാം ,പക്ഷെ കേസ് നിയമപരമായി തെളിഞ്ഞിട്ടില്ല - കേസുകള്‍ നിയമ പരമായി തെളിഞ്ഞിട്ടില്ല എന്നതിനര്‍ത്ഥം അവിടെ കുറ്റ കൃത്യമുണ്ടായിട്ടില്ല എന്നു മാത്രമല്ല - അവിടെ അധികാരവും സ്വാധീനവും സമ്പത്തും ആ കുറ്റകൃത്യം തെളിയിക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തു എന്നതു കൂ‍ടിയാണ് . ഇവിടെ മോഡിക്കു ഈ പറഞ്ഞ ഘടകങ്ങള്‍ കൂടാതെ മറ്റൊരു അനുകൂല ഘടകം കൂടിയുണ്ട് അതാണ് മേല്‍ പറഞ്ഞ “സംഘടനാ രൂപം “  ജീവന്‍ പോയാലും മേല്‍ ഘടകത്തിലെ ഒരു  നേതാവിനെതിരെ ഒരു സംഘിയും മൊഴി കൊടുക്കില്ല ,വേണമെങ്കില്‍ ജീവന്‍ കൊടുക്കും .


ഗുജറാത്തു കലാപത്തില്‍ ഗവണ്മെന്റ് ഒഫിഷ്യലുകള്‍ പലരും പങ്കാളികളായിരുന്നു ,എന്തിനു പോലീസുകാര്‍ പോലും നേരിട്ടും അല്ലാതെയും ഇതില്‍ ബന്ധപ്പെട്ടിരുന്നു .വിദ്വേഷം നിറഞ്ഞ പ്രചരണങ്ങളിലൂടെ പ്രാദേശിക മാധ്യമങ്ങളും കലാപത്തെ ആവും വിധം ആളിക്കത്തിക്കുകയായിരുന്നു . ഇത് ആസൂത്രിതമായ പ്രചാരണത്തിന്റെ ഫലം തന്നെയായിരുന്നു .മോഡിയെ പോലെ അഡ്മിനിസ്ട്രേഷണല്‍ പവര്‍ ഉള്ള ഒരാള്‍ക്കു വേണമെങ്കില്‍ ഒരു ദിവസം പോലും നീണ്ടു നില്‍ക്കാതെ കലാപം അവസാനിപ്പിക്കാമായിരുന്നു . ഉത്തരാഞ്ചല്‍ ദുരന്ത ബാധിത പ്രദേശത്തേക്കു ഹെലികോപ്റ്ററുകളും നൂറു കണക്കിനു വാഹനങ്ങളും ഒരു പാടു ഒഫിഷ്യലുകളെയും ഒരൊറ്റ ദിവസം കൊണ്ടു തയ്യാറാക്കി അയച്ച “റാംബോ ആക്ഷനിലെ തമാശ മറന്നാലും മോഡിയെ പോലെ ഒരാളുടെ ഭരണ പരമായ ഏകാധിപത്യ ശൈലിയില്‍ നരേന്ദ്ര മോഡിക്കു അതു സാധ്യവുമായിരുന്നു . പക്ഷെ ആ നിസ്സംഗത അത് ആസൂത്രണത്തിന്റെ ഭാഗം തന്നെയാകുമ്പോള്‍ നിരപരാധിത്വമെന്നത് പൊള്ളയായ ഒരു വാദം മാത്രമാകുന്നു .Picture Courtesy - International Business Times - Rwanda genocide-  Around 800,000 people were slaughtered in just three months

Thursday 18 July 2013

വംശഹത്യയുടെ നീതീകരണങ്ങള്‍ .


ഞാന്‍ നിങ്ങളെ കഥാപാത്രമാക്കി തികച്ചും സാങ്കല്പികമായ കഥ പറയാന്‍ പോവുകയാണ് ,

ഒരു ദിവസം നിങ്ങളും കുടുംബവും കൂടി നിങ്ങളുടെ തെരുവിലൂടെ നടന്നു വരുകയാണ് ,പെട്ടെന്നു ആയുധങ്ങളും ആക്രോശങ്ങളും ആര്‍പ്പു വിളികളുമായി ചെമ്പന്‍ മുടിക്കാരായ ഒരു പറ്റം അജ്ഞാതര്‍ നിങ്ങളെ വളയുന്നു  -എന്നിട്ടു നിങ്ങളോട് ആക്രോശിക്കുന്നു .

“നിങ്ങള്‍ കറുത്ത മുടിയുള്ളവരാണ് , നിങ്ങളെ പോലെ കറുത്ത മുടിയുള്ള ഒരാള്‍ ഞങ്ങളെ പോലെ ചെമ്പന്‍ മുടിയുള്ള ഒരാളെ കൊലപ്പെടുത്തിയതായി ഞങ്ങള്‍ കേട്ടു , അതു കൊണ്ട് നിന്റെ അമ്മയെയും പെങ്ങളെയും ഞങ്ങള്‍ ബലാത്സംഗം ചെയ്യും ,നിന്റെ കുഞ്ഞുങ്ങളെ ശൂലത്തില്‍ കോര്‍ത്തെടുക്കും , നിന്റെ മാതാപിതാക്കളെ പച്ചക്കു പെട്രോളോഴിച്ചു കത്തിക്കും . അതു ഞങ്ങളുടെ പ്രതിപ്രവര്‍ത്തനമാണ് ,ഞങ്ങളുടെ പ്രതികാരമാണ് “

നിങ്ങള്‍ അവിശ്വസനീയതയോടെ ,വിലാപത്തോടെ അവരോടു പറയാന്‍ ശ്രമിക്കുന്നു .

“നോക്കൂ നിങ്ങള്‍ പറഞ്ഞ കൊല്ലപ്പെട്ടയാളെയോ കൊലയാളിയെയോ ഞങ്ങള്‍ക്കൊരു പരിചയവുമില്ല ..............നിങ്ങള്‍ അതു പറഞ്ഞു മുഴുവനാക്കുന്നതിനു മുമ്പ് മൂന്നു മുനയുള്ള ഒരു ശൂലം നിങ്ങളുടെ അപേക്ഷയെ ഒരാര്‍ത്തനാദത്തിലേക്കു നയിക്കുന്നു . - ശുഭം .


 ഒരു ഉത്തരാധുനിക കഥ  പോലെ വിചിത്രവും അവിശ്വസനീയവുമായി തോന്നുന്നു അല്ലെ ? ആ അവിശ്വസനീയതയ്ക്കു കാരണം നമ്മളെ ആ സംഭവം ബാധിച്ചിട്ടില്ലാ ,അല്ലെങ്കില്‍ നമ്മളങ്ങനെയൊരവസ്ഥയില്‍ ബാധിക്കപ്പെടില്ല എന്ന വിശ്വാസം കൊണ്ടാണ് . പക്ഷെ നമുക്കു മുമ്പില്‍ യഥാര്‍ത്ഥത്തില്‍ തന്നെ  അങ്ങനെ സംഭവിക്കുമ്പോഴും നിസ്സംഗരായി പ്രതിപ്രവര്‍ത്തനവാദത്തെയും പ്രതികാരമെന്ന ലളിത യുക്തിയെയുമാണ് ആശ്രയിക്കുന്നത് നമുക്കോ ,നമ്മുടെ വേണ്ടപ്പെട്ടവര്‍ക്കോ അല്ലല്ലോ അതു സംഭവിച്ചതെന്ന ആശ്വാസം കൊണ്ടാണ് .
കലാപവും വംശഹത്യയും .

ഗുജറാത്ത് കലാപം [സത്യത്തില്‍ അതിനൊരു കലാപത്തെക്കാളും വംശഹത്യയോടാണ് കൂടുതല്‍ സാമ്യം] ആരംഭിക്കുന്നത് 2002  ഫെബ്രുവരി മാസം അയോധ്യയിലേക്കു പോയ കര്‍സേവകരടങ്ങിയ ഒരു ട്രെയിനിന്റെ കുറച്ചു ബോഗികള്‍ ഗോധ്ര സ്റ്റേഷനില്‍ [ഗോധ്ര വര്‍ഗ്ഗീയ വൈരത്തിനു കുപ്രസിദ്ധമാണ് ] വെച്ചു  അഗ്നിക്കിരയാകുന്നതോടെയാണ് , ആ അപകടത്തില്‍ 58 കര്‍സേവകരാണ് കൊല്ലപ്പെട്ടത് . ഇതു ദുഖകരമായ ഒരു സംഭവമാണ്   - വാര്‍ത്തകളും റിപ്പോര്‍ട്ടുകളും അനുസരിച്ചു ഈ ട്രയിന്‍ അപകടം ആസൂത്രിതമായ ഒരു ആക്രമണമായിരുന്നു ,മുസ്ലീം മതഭ്രാന്തന്മാരായ ഒരു സംഘം ആളുകള്‍ ട്രയിന് തീ വെക്കുകയായിരുന്നു എന്നാണ് പ്രാഥമിക പത്ര വാര്‍ത്തകള്‍ പറഞ്ഞത് . പക്ഷെ വാര്‍ത്തയില്‍ തന്നെ ഒരു പാട് വൈരുദ്ധ്യങ്ങളുണ്ടായിരുന്നു . സ്റ്റേഷനിലെ മുസ്ലീം കച്ചവടക്കാര്‍ കര്‍ സേവകരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഈ ആക്രമണമുണ്ടായതെന്നാണ് വാര്‍ത്തയില്‍  -പക്ഷെ  ഒരു ട്രയിന്‍ കത്തിച്ചു അതിലെ യാത്രക്കാരെ ചുട്ടു കൊല്ലാന്‍  മാത്രമൊരു പ്രകോപനമോ ആസൂത്രണമോ പ്ലാറ്റ് ഫോം കച്ചവടക്കാരുമായുണ്ടായ തര്‍ക്കത്തില്‍ നിന്നു  ഉടലെടുക്കുമെന്നത് അവിശ്വസനീയമാണ്  , മറ്റൊരു വാദം ഇതൊരു ആസൂത്രിതമായ ആക്രമണമായിരുന്നു എന്നതാണ് ,അതിനും കൃത്യമായ തെളിവുകളില്ല.

ഗൂഡാലോചന സിദ്ധാന്തക്കാരുടെ [Conspiracy theorist ] ഇസ്ലാമോഫോബിയ വളര്‍ത്താന്‍  സാമ്രാജ്യത്വ - സംഘ ഗൂഡാലോചനയാണ്  ഗോധ്ര ട്രയിന്‍ അപകടം  [ഇസ്ലാമിക കോണ്‍സ്പിരസി തിയറിസ്റ്റുകള്‍ 9/11 അപകടം തൊട്ട് ഇന്നേ വരെ ഉണ്ടായിട്ടുള്ള ഇസ്ലാമിക തീവ്രവാദ പ്രവര്‍ത്തനങ്ങളെല്ലാം ഇസ്രയേല്‍ ചാര സംഘടനയായ മൊസാദ് ആണെന്നു തെളിയിച്ചു കളയും ] എന്ന വാദത്തെ നിരാകരിച്ചാല്‍ പോലും ജസ്റ്റിസ് ബാനര്‍ജി കമ്മീഷനും ഡല്‍ഹിയിലെ ഒരു സര്‍ക്കാരിതര സംഘടനയും നടത്തിയ അന്വേഷണത്തില്‍ ഇതൊരു അപകടമാവാനുള്ള സാധ്യതയെ കുറിച്ചു പറയുന്നുണ്ട് , സ്റ്റൊവും മറ്റ് പാചക സാമഗ്രികളുമായി ഒരു കൂട്ടം ആള്‍ക്കാര്‍ യാത്ര ചെയ്യുമ്പോള്‍ അങ്ങനെ ഒരു അപകടമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല .പക്ഷെ പിന്നീട് നടന്ന സംഭവങ്ങള്‍ക്കു തെളിവുകളോ യാഥാര്‍ത്ഥ്യമോ ആവശ്യമായിരുന്നില്ല - ഇത്തരമൊരു സംഭവം പ്രതീക്ഷിച്ചിട്ടെന്ന പോലെ ഗുജറാത്തിന്റെ പല ഭാഗത്തും ഒരേ സമയത്തു ആസൂത്രിതമായ രീതിയില്‍ ഹിന്ദുത്വ വാദികളുടെ ആക്രമണമായിരുന്നു .

ഗോധ്ര പോലെ വര്‍ഗ്ഗീയ കലാപങ്ങള്‍ക്കു കുപ്രസിദ്ധമായ ഒരു സ്ഥലത്തു വെച്ചു ഇത്തരമൊരു ആക്രമണം ഉണ്ടാവില്ലെന്നാണോ കരുതുന്നത് ?? തീര്‍ച്ചയായും സാധ്യതയുണ്ട് .പാന്‍  ഇസ്ലാമിക തീവ്രവാദവും പാക്കിസ്ഥാന്റെ കുത്തിത്തിരുപ്പുകളും  അതിന്റെ അപകടകരമായ രീതിയില്‍ ഇന്‍ഡ്യയില്‍ പല ഭാഗത്തും പ്രചരിക്കുന്നുണ്ട്  , [അങ്ങനെയുള്ള വര്‍ഗ്ഗീയവാദികളൊന്നും ഇസ്ലാമല്ല ,അവര്‍ ഇസ്ലാമിനു കളങ്കമാണ് , - പ്ലീസ് ഇത്തരം കോമഡികള്‍ പിന്നീടൊരവസരത്തിലാകാം ]  പക്ഷെ ഈ സാധ്യതകള്‍ തെളിവുകളായി തീരുന്നില്ല ,അതൊരു ഊഹാപോഹം മാത്രമാണ് ,അല്ലെങ്കില്‍ ഒരു കാരണം . ഗുജറാത്ത് വംശ ഹത്യ മുന്‍ കൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതു തന്നെയാണ് ,അത്  ഒരു  സംഭവത്തിന്റെ പ്രത്യാഘാതമോ അനുരണനമോ ആക്കിത്തീര്‍ക്കുകയായിരുന്നു .


ഗോധ്ര മക് ഗഫിന്‍ .


 അമേരിക്കന്‍ അധിനിവേശ രാഷ്ട്രീയത്തെ കുറിച്ച്  എഴുതിയ   ‘Iraq : The Borrowed kettle " എന്ന കൃതിയില്‍  ആല്‍ഫ്രണ്ട് ഹിച്ച് കോക്കിന്റെ ഉദാഹരണ സഹിതം സ്ലാവോസ് സിസെക്  ‘മക് ഗഫിന്‍’ എന്താണെന്നു വിവരിക്കുന്നുണ്ട് .

രണ്ട് അപരിചിതര്‍ ട്രയിനില്‍ വെച്ചു പരിചയപ്പെടുന്നു ,ഒരാളുടെ കയ്യിലുള്ള അസാധാരണമായ ഒരു പൊതിക്കെട്ടു കണ്ടു മറ്റേയാള്‍ ചോദിക്കുന്നു “ അങ്ങയുടെ കയ്യിലുള്ള അസാധാരണമായ പൊതിക്കെട്ടിലെന്താണ്  ”   “ഇതൊരു മക് ഗഫിനാണ് “ മറ്റേയാള്‍ പ്രതിവചിച്ചു ,ആദ്യത്തെയാള്‍ വീണ്ടും ചോദിക്കുന്നു “മക് ഗഫിന്‍ എന്നാലെന്താണ് ”   രണ്ടാമന്‍ ആ‍ദ്യത്തെയാളുടെ സംശയത്തിനുത്തരമായി ഇങ്ങനെ പറഞ്ഞു   “ സ്കോട്ടിഷ് മേടുകളില്‍  സിംഹങ്ങളെ കൊല്ലാനുപയോഗിക്കുന്ന ഒരുപകരണമാണ് “  സ്വാഭാവികമായും ആദ്യത്തെയാള്‍ പറയുന്നു “പക്ഷെ സ്കോട്ടിഷ് മേടുകളില്‍ സിംഹങ്ങളില്ലല്ലോ  ”    “ ഓഹോ എങ്കിലിതൊരു മക് ഗഫിന്‍ ആയിരിക്കില്ല അല്ലെ ”  എന്നായി രണ്ടാമന്റെ പ്രതികരണം.മക് ഗഫിന്‍ എന്നാല്‍ താരതമ്യേന അപ്രധാനമായ ഒരു കഥാതന്തുവാണ് ,പ്രധാന കഥയിലേക്കു നയിക്കുക എന്നത് മാത്രമാണ് അതിന്റെ ധര്‍മ്മം ,അതിനു ശേഷം അത് അപ്രസക്തവും പിന്നീട് മറവിയിലേക്കു നിഷ്ക്രമിക്കുകയും ചെയ്യുന്നു . ഇതേ ആശയം തന്നെയാണ് നമ്മള്‍ ഗോധ്ര   ട്രയിന്‍  സംഭവത്തിലും കാണുന്നത് .ഗോധ്ര ട്രയിന്‍ ദുരന്തം ഗുജറാത്ത് വംശ ഹത്യക്കു തികച്ചും അപ്രധാനമായ ഒരു കാരണം മാത്രമായിരുന്നു ,അത്തരമൊരു കലാപത്തിനോ വംശ ഹത്യക്കോ അതിനു വളരെ മുമ്പ് തന്നെ കൃത്യമായ ആസൂത്രണങ്ങളും തയ്യാറെടുപ്പുകളും തീര്‍ച്ചയായും ഉണ്ടായിരുന്നിരിക്കണം .


ഗോധ്ര ട്രയിന്‍ അപകടം യഥാര്‍ത്ഥത്തില്‍ ആസൂത്രിതമായ ആക്രമണമാണോ അതോ അപകടമാണോ ? ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട സ്ത്രീകളും കുട്ടികളും അടങ്ങിയ ആയിരക്കണക്കിനു  മുസ്ലീങ്ങള്‍ക്കു ഗോധ്ര ട്രയിന്‍ അപകടവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടായിരുന്നോ ? ട്രയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ട ആളുകളുടെ ആരെങ്കിലുമാണോ പ്രതികാരത്തിനായി ഇറങ്ങിത്തിരിച്ചത് ?സംസ്ഥാന വ്യാപകമായി മുസ്ലീം വീടുകളും കച്ചവട സ്ഥാപനങ്ങളും തിരഞ്ഞു പിടിച്ചു അക്രമം നടത്താന്‍ തക്ക തയ്യാറെടുപ്പുകളും സാധന സാമഗ്രികളും 

സംഭവം നടന്നു രണ്ടു ദിവസത്തിനുള്ളില്‍ തന്നെ കഴിഞ്ഞെങ്കില്‍ അതിനു പിന്നില്‍ സര്‍ക്കാറിന്റെയും സര്‍ക്കാര്‍ മെഷിനറിയുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടായിരിക്കണം .

“കല്ലുവിന്റെ മതിലു് വീണ് പരാതിക്കാരന്റെ ആട് ചത്തതിന് ആദ്യം മതിലിനെയും പിന്നെ കല്ലുവിനെയും അതിനുശേഷം മതിലു പണിത ആശാരിയെയും കുമ്മായം കൂട്ടിയ കുമ്മായക്കാരനെയും അയാള്‍ക്ക് കൂടുതല്‍ വെള്ളമൊഴിച്ചു കൊടുത്ത ഭിശ്തിയെയും, ഭിശ്തിയ്ക്ക് വലിയ മസ്ക് ഉണ്ടാക്കിക്കൊടുത്ത കസായിയെയും കസായിക്ക് വലിയ ആടിനെ വിറ്റ ആട്ടിടയെനെയും ഒടുവില്‍ വില്‍ക്കുന്ന സമയത്ത് ഇടയന്റെ ശ്രദ്ധ തെറ്റിച്ച കോത്‌വാലിനെയും തൂക്കിക്കൊല്ലാന്‍ വിധിച്ച ചൌപട് രാജാവ്. അവസാനം, തൂക്കുകയറിന്റെ കുടുക്ക് കോത്‌വാലിന്റെ കഴുത്തില്‍ കടക്കുന്നില്ലെന്നതിനാല്‍ കഴുവിലേറ്റാന്‍ കൊണ്ടു പോകപ്പെടുന്ന കുടുക്കിന് ഇണങ്ങിയ കഴുത്തുള്ള വഴിപോക്കന്‍ ഗോവര്‍ദ്ധന്‍”  - ഗോവര്‍ദ്ധന്റെ യാത്രകള്‍ യഥാര്‍ത്ഥത്തില്‍ കഴുത്തിനു പാകമായ കുരുക്കു ആദ്യമേ തയ്യാറാക്കി വെച്ചിരുന്നു , പിന്നീടാണ് തൂക്കിലേറ്റപ്പെടേണ്ട കുറ്റമുണ്ടാകുന്നത് ,കുറ്റകൃത്യത്തിന്റെ ഉത്തരവാദിയാര് എന്നത്  അവിടെ പ്രസക്തമല്ല ,തയ്യാറാക്കി വെച്ച കുരുക്കിനു പാകമായ കഴുത്തുകള്‍ക്കു ആ കുടുക്കു അണിയിക്കുക എന്നതു മാത്രമായിരുന്നു ഗുജറാത്ത് കലാപം .അതു വെറുമൊരു കലാപമായിരുന്നില്ല ഹിന്ദു മൌലികവാദത്തിന്റെ ഏറ്റവും ആസൂത്രിതമായ ഒരു വംശ ഹത്യ തന്നെയായിരുന്നു .
Reference : ബാനര്‍ജി കമ്മീഷന്‍ റിപ്പോര്‍ട്ട് ,
                 ഇറാക്ക് : കടം കൊണ്ട കെറ്റില്‍ - സ്ലാവോസ് സിസെക്

Monday 8 July 2013

ജാതി രാഷ്ട്രീയത്തിന്റെ ഭീകരവാദം
                                 തമിഴ് നാടിനൊരു പ്രത്യേകതയുണ്ട് നിരീശ്വരവാദം അടിസ്ഥാനപ്രമാണമാക്കിയ ഒരു പാര്‍ട്ടി ഒരു ഭരണം നടത്തിയ ,ഇപ്പോഴും നിര്‍ണ്ണായക സ്വാധീനമുള്ള ഒരു സംസ്ഥാനമാണത് ,പക്ഷെ ഓരോ കവലയിലും മൈല്‍ കുറ്റി നാട്ടിയതു പോലെ ഒരു അമ്മന്‍ കോവിലും പിള്ളയാറപ്പനും ഉണ്ടായീരിക്കും ,മതപരമായ ആഘോഷമില്ലാതെ ഒരു ചടങ്ങും അവിടെ ഉണ്ടാകാറില്ല  - ഈ വൈരുദ്ധ്യത്തിന്റ്റെ തന്നെ മറ്റൊരു വകഭേദമാണ്  കമ്യൂണിസമെന്തെന്നോ മാര്‍ക്സിസമെന്തെന്നോ വലിയ ധാരണയില്ലെങ്കിലും  ഓരോ ഗ്രാമത്തിലും സ്റ്റാലിനെന്നോ ലെനിനെന്നോ ഒരു പേരുകാരന്‍ . ജാതിയും ജാതിവൈരവും അവരുടെ രക്തത്തിലലിഞ്ഞിരിക്കുന്നു ,അത് പലപ്പൊഴും രക്തം ചിന്തലില്‍ അവസാനിക്കുകയും ചെയ്യുന്നു . ഓരോ രാഷ്ട്രീയ പാര്‍ട്ടിയും ഇത് മുതലെടുത്താണ് അവിടെ നില നില്‍ക്കുന്നത് ,ഓരോ ജാതിക്കും ഓരോ രാഷ്ട്രീയ പാര്‍ട്ടി .  ജാതി സമവാക്യങ്ങളെ ആശ്രയിക്കാതെ ഒരു പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ പോലും അവിടെ ജയിക്കാനാകില്ല .  ഈ രാഷ്ട്രീയം അപകടകരമാം വിധം ജനങ്ങളിലേക്കു പെനെട്രേറ്റ് ചെയ്യുന്നതിലാണ് ഓരോ രാഷ്ട്രീയ കക്ഷിയുടെയും വിജയം. ധര്‍മ്മ പുരിയില്‍ സംഭവിച്ചതും അത്തരമൊരു കുത്തിക്കയറ്റല്‍ തന്നെയാണ്  

എന്റെ ബിരുദാനന്തര ബിരുദം തമിഴ് നാട്ടിലായിരുന്നു അതു കൊണ്ട് തന്നെ അവിടത്തെ ജാതി വിവേചനത്തിന്റെ ,അയിത്തത്തിന്റെ ഒക്കെ അവിശ്വസനീയമായ കഥകള്‍ നേരിട്ട് കണ്ടിട്ടൂണ്ട്  . ഹോസ്റ്റലില്‍ പോലും മേല്‍ ജാതിക്കാരെന്നു നടിക്കുന്നവര്‍ കീഴ് ജാതിക്കാരുമായി റൂം പങ്കു വെക്കാന്‍ വിസമ്മതിച്ചു കണ്ടിട്ടുണ്ട് . ഗ്രാമ പ്രദേശങ്ങളിലെ ഹോട്ടലുകളിലും ചായക്കടയിലും ദളിതര്‍ക്കു മാത്രം വേറെ പാത്രങ്ങളുണ്ട് , പൊതുവഴി , പൊതു ജലാശയങ്ങള്‍  ഒക്കെ 
ഉപയോഗിക്കാനാവാത്ത വിധം ദളിതരെ തടയുന്ന സവര്‍ണ്ണ ജാതി കോട്ടകളുണ്ട് ,ജാതി രക്തത്തിനെക്കാള്‍ കട്ടിയില്‍ അവരുടെ ശരീരത്തിലോടുന്നുണ്ട് .


ധര്‍മ്മ പുരി കലാപം .


2012  നവംബര്‍ മാസത്തിലാണ് ധര്‍മ്മപുരിയിലെ  സംഭവങ്ങളുടെ തുടക്കം  -  ധര്‍മ്മ പുരിയിലെ വണ്ണിയ സമുദായത്തില്‍ പെട്ട ദിവ്യ എന്ന പെണ്‍ കുട്ടിയെ പ്രണയിച്ചു , ജാതിമത വിലക്കുകള്‍ മറി കടന്ന്  ഇളവരശന്‍ വിവാഹം കഴിക്കുന്നു ,  വളരെ പെട്ടെന്നു തന്നെ അതു രണ്ട് പേരുടെ വിവാഹമെന്നതിലുപരി ധര്‍മ്മ പുരിയിലെ ഒരു പൊതുപ്രശ്നമായി മാറി  -കാരണം ഇളവരശന്‍ ദളിത് സമുദായത്തില്‍ പെട്ട ആളാണ് ,ദളിത് യുവാവ് വണ്ണിയ യുവതിയെ വിവാഹം കഴിച്ചാല്‍ വണ്ണിയരുടെ മാനം കപ്പല്‍ കയറുമെത്രെ . അങ്ങനെ രണ്ട് ജാതി സംഘടനകളുടെയും സംയുക്ത പഞ്ചായത്തില്‍ പെണ്‍ കുട്ടി മാതാപിതാക്കളുടെ അടുത്തേക്കു തന്നെ മടങ്ങണമെന്നു ധാരണയായി ,ഈ ധാരണയുണ്ടാക്കിയവര്‍ ദിവ്യയുടെയോ ,ഇളവരശന്റെയോ അഭിപ്രായം ഒന്നും ചോദിച്ചിട്ടല്ല  -അവരങ്ങു തീരുമാനിച്ചു . ദിവ്യ  തിരിച്ചു പോയില്ല ,ഇളവരശനൊപ്പം തന്നെ നിന്നു ,മകള്‍ തിരിച്ചു വരാത്തതില്‍  അപമാനിതനായ ദിവ്യയുടെ പിതാവ് തൂങ്ങി മരിച്ചു .


ഇതിനെ തുടര്‍ന്നു സംഘടിതവും ആസൂത്രിതവുമായ  ഒരക്രമണമാണ്  പട്ടാളി മക്കള്‍ കക്ഷി എന്ന ജാതിരാഷ്ട്രീയ സംഘടനയുടെ നേതൃത്വത്തില്‍ ദളിതരുടെ കോളനികളില്‍ നടത്തിയത് , 200 ലേറെ കുടിലുകള്‍ തീയിടുകയും വീടുകള്‍ കൊള്ളയടിക്കുകയും ചെയ്തു . തികച്ചും ഏകപക്ഷീയമായ ഒരാക്രമണം , ഈ കലാപങ്ങള്‍ക്കും അതിനു ശേഷമുള്ള ഭീഷണികളും കൊണ്ട് ദിവ്യ സ്വന്തം വീട്ടിലേക്കു തന്നെ തിരിച്ചെത്തി ,  അതിനു ശേഷം ഇളവരശന്റെ മാതാപിതാക്കള്‍ കൊടുത്ത ഒരു ഹേബിയസ് കോര്‍പ്പസ് പരാതിയിന്മേല്‍ ദിവ്യ കോടതിയില്‍ ഹാജരായിരുന്നു ,  - ഇളവരശനുമായി തന്നെ ജീവിക്കണമെന്നാണ് ആഗ്രഹമെന്നും പക്ഷെ തന്റെ അമ്മ സമ്മതിക്കുന്നത് വരെ അതിനു കാത്തിരിക്കുകയാണെന്നും ആ പെണ്‍ കുട്ടി പറഞ്ഞു  , അതിനടുത്ത ദിവസം ഇളവരശനെ ഒരു റെയില്‍ വേ പാളത്തില്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തി .

ഒരു പാവം ചെറുപ്പക്കാരന്റെ ജീവിതം ഇല്ലാതാക്കിയ , ആയിരക്കണക്കിന് ആളുകളുടെ കൂര കത്തിച്ചു അവരെ തെരുവിലിറക്കിയത് എന്തിന്റെ പേരിലാണ് ?  ഇവിടെ നില നില്‍ക്കുന്ന ഈ ജാതീയമായ വേര്‍ തിരിവുകളുടെ പേരില്‍ മാത്രം ,  അമ്പുമണി രാമദാസ്സെന്ന പരനാറിയുടെ നേതൃത്വത്തിലാണ് ഇക്കണ്ട കൊള്ളയും അക്രമവും നടത്തിയത് .തമിഴ് നാടിന്റെ വടക്കന്‍ ജില്ലകളിലെ പ്രബല വിഭാഗമായ വണ്ണിയര്‍  സമുദായത്തെ മാത്രം ആശ്രയിച്ചാണ് പട്ടാളി മക്കള്‍  കച്ചി  എന്ന ജാതിപാര്‍ട്ടിയുടെ നില നില്‍പ്പ് ,അതു കൊണ്ട് തന്നെ ജാതിവൈരം വളര്‍ത്തി വണ്ണിയര്‍ സമുദായത്തിലെ ഓരോ അംഗത്തെയും തങ്ങള്‍ക്കു മാത്രമുള്ള വോട്ട് ബാങ്ക് ആക്കി നിര്‍ത്തേണ്ടത് അവരുടെ ആവശ്യമാണ് , വണ്ണിയര്‍ക്കു ഭൂരിപക്ഷമുള്ള വടക്കന്‍ ജില്ലകളെ മാത്രമാക്കി പുതിയൊരു സംസ്ഥാനവും ഇവരുടെ ആവശ്യമാണ് 

 അതു കൊണ്ട് തന്നെ ഈ കലാപം ആസൂത്രിതമായ ഒരു ഗൂഡാലോചനയാണ് എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത് . ദിവ്യയുടെ അച്ഛന്‍ തൂങ്ങി മരിച്ചതാണോ കെട്ടിത്തൂക്കിയതാണോ എന്നു പോലും സംശയിക്കാവുന്നതാണ് . കാരണം ഇതു മുന്‍ കൂട്ടി ആസൂത്രണം ചെയ്താലല്ലാതെ പത്തു രണ്ടായിരം പേര്‍ ഒരു രാത്രിയില്‍ സാധന സാമഗ്രികളുമായി മൂന്നു ഗ്രാമങ്ങള്‍ ചുട്ടെരിക്കാന്‍ സാധ്യമല്ല , 200 ലധികം വീടുകളാണ് ജനക്കൂട്ടമെന്നു പറയുന്ന ഈ നായിന്റെ മക്കള്‍ ചുട്ടെരിച്ചത് , അതിന് മുമ്പ്  ആ വീടുകള്‍ കൊള്ളയടിക്കുകയും ചെയ്തു . അമ്പുമണി രാമദോസ്സിനെയും അവന്റെ തന്ത രാമദോസ്സിനെയും പോലെയുള്ള പരനാറികളുടെ ജാതിരാഷ്ട്രീയത്തില്‍   എല്ലാം നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ടി വന്നത് ആയിരക്കണക്കിന് ദളിതരാണ് ,അവര്‍ ചെയ്ത തെറ്റ് അവര്‍ ദളിതരായി പോയി എന്നതു മാത്രമാണ്


ഏറ്റവും അമ്പരപ്പിച്ച വസ്തുത മൂന്നു ഗ്രാമങ്ങള്‍ ചുട്ടെരിച്ചിട്ടും അനേകായിരങ്ങളെ വഴിയാധാരമാക്കിയിട്ടും ഈ സംഭവത്തെ ചില ദളിത് സംഘടനകളും മനുഷ്യാവകാശ സംഘടനകളുമല്ലാതെ ആരും ഏറ്റെടുത്തില്ല എന്നുള്ളതാണ് ,  ദളിത് സമൂഹത്തോട് പൊതു സമൂഹം കാണിക്കുന്ന ഈയൊരു മനോഭാവം തന്നെയാണ്  കുറച്ചു കാലം മുമ്പ് കേരളത്തിലെ ഡി എച്ച് ആര്‍ എം സംഭവത്തില്‍ പോലീസും സംഘി ഗുണ്ടകളും കൂടി ദളിത്  കോളനികള്‍ ആക്രമിച്ചപ്പോഴും കണ്ടത് . ഒരു ഭരണ കൂടവും അതിന്റെ സംവിധാനങ്ങളും ഈ അക്രമത്തില്‍ കാഴ്ചക്കാരായി തുടരുന്നു ,അമ്പുമണി രാമദോസ്സിനെയും അയാളുടെ ജാതിരാഷ്ട്രീയത്തെയും സംസ്ഥാനവും കേന്ദ്രവും ഭയക്കുന്നു


പ്രിയപ്പെട്ട ഇളവരശാ നിന്റെ തെറ്റ് നീ ജനിച്ചു വളര്‍ന്നത് കുറെ നായിന്റെ മക്കള്‍സൃഷ്ടിച്ചെടുത്ത ഒരു ജാതി കേന്ദ്രീകൃത സമൂഹത്തിലാണ് ,അതു കൊണ്ട് തന്നെ  നിന്റെ പ്രണയത്തിനും ആത്മാര്‍ത്ഥതക്കും ഇവിടെ മരണമാണ് ശിക്ഷ .വേദനയുണ്ട് ,നിരാശയുണ്ട് , രോഷമുണ്ട് ,തെറി വിളിക്കണമെന്നു തോന്നുന്നുണ്ട്  പക്ഷെ  ധാര്‍മ്മിക രോഷം ചുരുട്ടി വെച്ചു ഇരിക്കാമെന്നല്ലാതെ ഒരു കാര്യവുമില്ല .കാരണം ഇത് ഇന്‍ഡ്യയാണ് പട്ടിണി കിടന്നു ചത്താലും ജാതി വെറിയും മത ബോധവും  കൂടെ കൊണ്ട് നടക്കുന്ന ഒരു ജനതയുടെ നാട് .

അനുബന്ധം .

കുറെ കാലത്തിനു ശേഷം  ഒരുമിച്ചു പഠിച്ച ഒരു സുഹൃത്തിനെ കണ്ടു , കുശലാന്വേഷണങ്ങള്‍ക്കിടെ പരസ്പരം കല്യാണകാര്യമൊക്കെ ചോദിച്ചു ,അവനൊരു പ്രണയമുള്ളതായൊക്കെ അറിയാ‍മായിരുന്നു .അവന്‍ നിസ്സംഗതയോടെ പറഞ്ഞു ,കല്യാണം കഴിഞ്ഞു ഡിവോഴ്സും ആയെന്ന് -ഞാനതൊരു തമാശയായേ  എടുത്തുള്ളൂ , അതു കൊണ്ട് ആ വിഷയം കൂടുതല്‍ സംസാരിച്ചില്ല ,പിന്നെ മറ്റൊരു സുഹൃത്തു പറഞ്ഞാണ് അതൊരു തമാശയായിരുന്നില്ലെന്നു തിരിച്ചറിയുന്നത് .  അവന്‍ ഈഴവനാണ് ,കാമുകി നായരും  - എട്ടു വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവില്‍ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം കഴിച്ചു ,അന്നു തുടങ്ങി പെണ്ണിന്റെ മാതാപിതാക്കളുടെ ഇമോഷണല്‍ ബ്ലാക്ക് മെയിലിങ്ങും മാനസിക പീഡനവും -  അവന്‍ സാമാന്യം നല്ല കുടുംബത്തിലെ  ഒറ്റമകനാണ് , എം ബി എ നല്ല മാര്‍ക്കില്‍ പാസ്സായി നല്ല കമ്പനിയില്‍ ജോലിയുണ്ട്  -പക്ഷെ ജാതി സമാനമല്ല എന്ന ഒറ്റ കാര്യം കൊണ്ട് സ്വന്തം മകളെ നിരന്തരം മാനസിക പീഡനവും ആത്മഹത്യാ ഭീഷണിയും കൊണ്ട് ഡിവോഴ്സ് വരെ എത്തിച്ചു .


സൂമാരന്‍ നായരും വെള്ളാപ്പള്ളിയും ഒക്കെ  ആവത് ശ്രമിക്കുന്നുണ്ട് തമിഴ് നാട്ടിലേയോ ,ഉത്തരേന്ത്യയിലെയോ ജാതി ഖാപ്പ് പഞ്ചായത്തു പോലെയൊക്കെയുള്ള ഒരവസ്ഥയിലേക്കെത്തിക്കാന്‍ സമകാലിക സംഭവങ്ങളൊക്കെ ഒന്ന് വിശകലനം ചെയ്താല്‍  അധികം വൈകാതെ അങ്ങനെയൊക്കെ ഉണ്ടാകുമെന്നു  തന്നെ കരുതാം.