Like

...........

Thursday, 7 July 2011

സാല്‍ വാ ജുദൂം : സര്‍ക്കാര്‍ സ്പോണ്‍സേഡ് തീവ്രവാദം




ചിലപ്പോഴൊക്കെ നമ്മുടെ നീതിന്യായ പീഠങ്ങള്‍ നീതിക്കും ന്യായത്തിനും വേണ്ടി ഭരണ കൂടങ്ങളെ വിമര്‍ശിക്കുന്നതു നമുക്കു കാണാന്‍ കഴിയുന്നു എന്നതു വല്ലാത്തൊരു ശുഭാപ്തിയാണ് നല്‍കുന്നത് . നക്സലുകളെ നേരിടാനെന്ന പേരില്‍ നിരക്ഷരരായ ആദിവാസികള്‍ക്കു ആയുധങ്ങള്‍ കൊടുത്തു ഒരു രാജ്യത്തെ പൌരന്മാരെ പരസ്പരം കൊല്ലിക്കുന്ന “സാല്വാ ജുദൂം എന്ന സര്‍ക്കാര്‍ സ്പോണ്‍സേഡ് ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സാമൂഹ്യ പ്രവര്‍ത്തകരായ നന്ദിനി സുന്ദര്‍ , രാമചന്ദ്ര ഗുഹ എന്നിവര്‍ നല്‍കിയ പൊതു താല്പര്യ ഹര്‍ജിയിന്മേല്‍ സുപ്രീം കോടതിയാണ് ഭരണ കൂടങ്ങളുടെ നടപടിയെ വിമര്‍ശിച്ചു കൊണ്ടു നക്സലുകളെ നേരിടാന്‍ എന്ന പേരില്‍ തദ്ദേശീയരായ ആദിവാസികള്‍ക്കു ആയുധം നല്‍കുന്ന കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നടപടി ഭരണ ഘടനാ വിരുദ്ധമാണെന്നുള്ള സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചിട്ടുള്ളത് .

സാല്വാ ജുദൂം എന്ന സര്‍ക്കാര്‍ സ്പോണ്‍സേഡ് സായുധ സംഘം .

സാല്വാ ജുദൂം എന്ന പദത്തിനു തദ്ദേശീയ ഭാഷയിലെ അര്‍ത്ഥം സമാധാന മാര്‍ച്ച് എന്നാണെങ്കിലും സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ആയുധങ്ങളും പരിശീലനങ്ങളുമാണ് ഈ “സമാധാന മാര്‍ച്ചിന്റെ “ പിന്‍ ബലം . Forum for Fact-finding Documentation and Advocacy (FFDA) ഒരന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പതിനായിരത്തോളം കുട്ടികള്‍ സാല്വാ ജുദൂമിനു വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നു കണ്ടെത്തുകയുണ്ടായി .ഒരു രാജ്യത്തെ കുട്ടികള്‍ക്കു അര്‍ഹമായ വിദ്യാഭ്യാസവും സൌകര്യങ്ങളും കൊടുക്കേണ്ടതിനു പകരം ആയുധം കൊടുത്തു യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരു ഭരണ കൂടത്തെ എന്തു ന്യായത്തിന്റെ പേരിലായാലും എങ്ങനെയാണ് ന്യായീകരിക്കുക ?. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള 2008 ,2009 ,2010 റിപ്പോര്‍ട്ടുകളില്‍ ഗവണ്മെന്റ് സ്പോണ്‍സേഡ് തീവ്രവാദമായ സാല് വാ ജുദൂമിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചും മാവോയിസ്റ്റുകളും സാല്‍ വാ ജുദൂം അംഗങ്ങളും തമ്മിലുള്ള ഏറ്റ് മുട്ടലില്‍ കൊല്ലപ്പെടുകയും പാലായനം ചെയ്യപ്പെടുകയും ചെയ്യുന്ന ആദിവാസികളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് .ഏകദേശം അമ്പതിനായിരത്തോളം ആളുകള്‍ ഡന്റേവാഡയില്‍ നിന്ന് മാത്രം പാലായനം ചെയ്യപ്പെടുകയോ കുടിയൊഴിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു .

ഇന്‍ഡ്യയിലെ ഏറ്റവുംദരിദ്രമായ ജനങ്ങള്‍ ജീവിക്കുന്ന ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ് നക്സല്‍ ശക്തികേന്ദ്രമായ ഡന്റേവാഡ കൂടി അടങ്ങുന്ന ചത്തിസ് ഗഡ് . പ്രകൃതി ധാതു വിഭവങ്ങളുടെ അമൂല്യമായ കലവറ .ഈയൊരു പ്രത്യേകത തന്നെയാണ് ആ മേഖലയിലെ കോര്‍പ്പറേറ്റ് - ഗവണ്മെന്റ് താല്പര്യങ്ങളുടെയും അധിനിവേശങ്ങളുടെയും കാരണം . ആ മേഘലയില്‍ ഇടക്കിടെ സംഭവിച്ച് കൊണ്ടിരിക്കുന്ന മാവോയിസ്റ്റ് ആക്രമണങ്ങളുടെ വാര്‍ത്തകള്‍‍ പൊതുജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ട് . ഭാവിയില്‍ ഉണ്ടായേക്കാവുന്ന വന്‍ മാവോയിസ്റ്റ് സായുധ കലാപത്തിന്റെ ഭീതിതമായ ആശങ്കകള്‍ സൃഷ്ടിക്കുന്നു . പക്ഷെ ഇന്‍ഡ്യയിലെ സമാന്തര ഗവണ്മെന്റെന്നൊക്കെ പറയുന്ന മാവോവാദികളുടെ ആസ്ഥാനമായ ചുവന്ന ഇടനാഴിയുടെ ഭൂമിശാസ്ത്രപരമായ അപനിര്‍മ്മാണത്തിനൊടുവില്‍ കിട്ടുന്ന സ്ഥിതി വിവരക്കണക്കുകളുടെ ഏകദേശ രൂപമിങ്ങനെയാണ് -

ചുവപ്പു പരവതാനിയുടെ കോര്‍പ്പറേറ്റ് ഭൂമിശാസ്ത്രം

ഡന്തേവാഡ [ചത്തിസ് ഗഡ് ] - ടാറ്റാ സ്റ്റീല്‍ & എസ്സാര്‍ , നിയമഗിരി - മല്‍ക്കാന്‍ ഗിരി - ലഞ്ചിഗഡ് - ജാര്‍സ് ഗുഡ {ഒറീസ ] -വേദാന്ത , കൊല്‍ഹാന്‍ -ഝാര്‍ഖണ്ട് - ജിണ്ടാല്‍ സ്റ്റീല്‍ &വേദാന്ത , ലാല്‍ഗഡ് - ജിണ്ടാല്‍ സ്റ്റീല്‍ & ടാറ്റാ ,കോര്‍ബാ ചത്തിസ് ഗഡ് - വേദാന്ത , ആന്ധ്രാപ്രദേശിലെ നക്സല്‍ ഭീഷണി സജീവമായി നില നില്‍ക്കുന്ന മേഖലകളെല്ലാം ഖനിവ്യവസായികളുടെ അധീനതയിലുമാണ്. സാധാരണക്കാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും പോലും പ്രവേശിക്കാന്‍ സാധ്യമല്ലാത്തത്ര മാവോയിസ്റ്റ് ആക്രമണ ഭീതി നിലനില്‍ക്കുന്ന നക്സല്‍ മേഖലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതും പ്രവര്‍ത്തനാനുമതി ലഭിച്ചതുമായ ബഹുരാഷ്ട്ര കമ്പനികളാണ് മേല്‍പ്പറഞ്ഞത് .


ഇന്‍ഡ്യയൊട്ടാകെ പിടിച്ചെടുക്കുമെന്ന് മാധ്യമങ്ങളെല്ലാം ഭീതി പരത്തുന്ന കരുതപ്പെടുന്ന മാവോയിസ്റ്റ് ഭീകരന്മാരുടെ താവളങ്ങളിലാണ് വര്‍ഗ്ഗ ശത്രുക്കളായ ബഹുരാഷ്ട്ര കുത്തകകള്‍ വര്‍ഷങ്ങളായി സുഗമമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത് . മാവോയിസ്റ്റുകളുടെ ഉന്മൂലന സിദ്ധാന്തത്തിന്റെ വലിയ ആദര്‍ശങ്ങളെ ഒഴിച്ച് നിര്‍ത്തി സാമാന്യ യുക്തിയില്‍ നോക്കിയാല്‍ പോലും സ്വാഭാവികമായും ഇത്തരം ബഹുരാഷ്ട്ര കുത്തകകള്‍ മാവോവാദികളുടെ സ്വാധ്വീനശക്തിയായ‍ ഈ പ്രദേശങ്ങളില്‍ നിന്ന് നിരന്തര ഭീഷണി നേരിട്ട് കൊണ്ട് എല്ലാ പരിപാടികളും ഉപേക്ഷിച്ച് ജീവനും കൊണ്ട് രക്ഷപ്പെടേണ്ടതാണ് ,പക്ഷെ ഇതപര്യന്തമുള്ള മാവോയിസ്റ്റ് - നക്സലൈറ്റ് ആക്രമണങ്ങളിലൊന്നും തന്നെ ഈ ബഹുരാഷ്ട്ര കമ്പനികളിലെ തൊഴിലാളികള്‍ക്കൊ ഉദ്യോഗസ്ഥര്‍ക്കോ എന്തിന് കമ്പനികളുടെ എന്തെങ്കിലും സ്വത്ത് വകകള്‍ക്ക് പോലുമോ അപായം സംഭവിച്ചതായി കേട്ട് കേള്‍വിയില്ല , അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പതിനാറ് കോളം വാര്‍ത്തയാവേണ്ടതാണല്ലോ മാവോവാദികളുടെ പ്രധാന പണി കാടിറങ്ങി വന്ന് ഏതെങ്കിലും ലോക്കല്‍ പോലീസ് സ്റ്റേഷന് തീയിടുകയോ , പാവപ്പെട്ട ഗ്രാമീണരെ വെടി വെച്ച് കൊല്ലുകയോ മാത്രമാണ് ,പിന്നെ കൊടും കാട്ടില്‍ എന്തിനെന്നറിയാതെ പെട്ട് പോകുന്ന സി ആര്‍ പി എഫുകാരെയും മറ്റ് സൈനികരെയും തരം കിട്ടുമ്പോള്‍ തട്ടുക .കാട്ടില്‍ സ്വന്തമായി ചവിട്ടി മെതിക്കാന്‍ കരിമ്പിന്‍ തോട്ടമുള്ള ആനക്കൂട്ടം നാട്ടില്‍ വന്ന് ഉണക്കപ്പുല്ല് തിന്ന് വിശപ്പടക്കുന്നു എന്ന് പറയുന്ന പോലെ നമ്മുടെയൊക്കെ യുക്തിബോധത്തിന് കാര്യമായ തകരാറ് സംഭവിച്ചുവെന്ന് സംശയം തോന്നെണ്ട കാര്യങ്ങളാണിതെല്ലാം .


ഇതിനെക്കുറിച്ച് രണ്ട് വാദങ്ങളാണ് നിലനില്‍ക്കുന്നത് ഒന്ന് - അടുത്ത ഒരു ദശകത്തിനുള്ളില്‍ ഇന്‍ഡ്യ പിടിച്ചടക്കാന്‍ സജ്ജരായ അതിഭീകരരായ മാവോവാദികള്‍ക്ക് അവരുടെ പ്രഖ്യാപിത താവളമായ ചുവപ്പന്‍ ഇടനാഴിയില്‍ വെച്ച് ഒന്ന് തൊടാന്‍ പോലും പറ്റാത്തത്ര ശക്തരാണ് ഈ ബഹുരാഷ്ട കമ്പനികള്‍ അല്ലെങ്കില്‍ അതിന് കഴിയാത്ത ദുര്‍ബലരാണ് മാവോവാദികള്‍ രണ്ടാമത്തെ വാദം നിഷ്പക്ഷമതികളായ ചിലര്‍ പറയുന്ന പോലെ ആദിവാസികളുടെ പേര് പറഞ്ഞ് ബഹുരാഷ്ട്ര കമ്പനികളുടെ കപ്പം വാങ്ങി അവരുമായി അവിശുദ്ധമോ വിശുദ്ധമോ ആയ ഒരു ബന്ധം കാത്ത് സൂക്ഷിച്ച് കാട്ടിനകത്ത് ദശകോടി സമ്പത്തുമായി കഴിയുന്നവരാണ് മാവോവാദികള്‍ , രണ്ടായാലും ഇതിനിടക്ക് നിരാലംബരായ ലക്ഷക്കണക്കിന് ആദിവാസികളുണ്ട് , ഓരോ വലിയ പദ്ധതിയുടെയും പിന്നാലെ എല്ലാം ഉപേക്ഷിച്ച് പാലായനം ചെയ്യപ്പെടുന്ന നിരക്ഷരരായ ദരിദ്രനാരായണന്മാര്‍ . ഓരോ പദ്ധതികള്‍ക്കുമൊപ്പം അഭയാര്‍ത്ഥികളാകേണ്ടി വന്ന നാല് കോടിയിലേറെ ആളുകള്‍ ഇന്‍ഡ്യയിലുണ്ടെന്നാണ് ഏറ്റവും ലളിതമായ കണക്ക് ഇത് കൂടാതെ ഏത് നിമിഷവും അഭയാര്‍ത്ഥികളാകേണ്ടി വരുമെന്ന ഭീഷണിയില്‍ നില നില്‍ക്കുന്ന വേറെയും കുറച്ച് കോടികള്‍‍ . ഈ ജനങ്ങള്‍ക്ക് മാവോയെയുമറിയില്ല ചിദംബരത്തെയുമറിയില്ല ഒരു നേരത്തെ ഭക്ഷണത്തിന് തല ചായ്ക്കാനൊരു കൂരക്ക് എന്താണൊരു പോംവഴി എന്നത് മാത്രമാണ് നിരക്ഷരരായ അവരുടെ മുന്നിലുള്ള ദാര്‍ശനികമായ ഏക സമസ്യ .

രാജ്യത്തിന്റെ സമാന്തര ഭരണകൂടം നില നില്‍ക്കുന്നുവെന്ന് പ്രചരിപ്പിക്കപ്പെടുന്ന ഈ വന മേഖലകളില്‍ ഖനനത്തിനും വന്‍ കിട വ്യവസായങ്ങള്‍ക്കുമായി 100 കണക്കിന് അനുമതി പത്രങ്ങളാണ് ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളുമായി രഹസ്യമായും പരസ്യമായും ഗവണ്മെന്റ് യു പി എ ഗവണ്മെന്റും അതത് സംസ്ഥാന ഗവണ്മെന്റുകളും ഒപ്പ് വെച്ചിരിക്കുന്നത് .ഇതിന്റെ പ്രയോഗവല്‍ക്കരണത്തിന് തദ്ദേശീയരായ വനവാസികളെയും ദളിതരെയും ഒഴിവാക്കാതെ സാധ്യമല്ല എന്നത് ഭരണകൂടങ്ങള്‍ക്ക് വ്യക്തമായറിയാം .അത് കൊണ്ട് അവരെ കുടിയൊഴിപ്പിക്കാനുള്ള ന്യായമായ തന്ത്രങ്ങള്‍ മാത്രമാണ് ഈ മാവോവാദികളില്‍ നിന്നുള്ള സൈനിക സംരക്ഷണവും സാല്‍ വാ ജുദുമും .പൊതു സമൂഹത്തില്‍ ചുവപ്പന്‍ ഭീകരതയെക്കുറിച്ചുള്ള ഭീതി നിര്‍മ്മിക്കുക , അത് പ്രചരിപ്പിക്കുക അത്തരം മേഖലകളില്‍ സാമാന്യമായുണ്ടാകുന്ന ബാഹ്യ ഇടപെടലുകളെ തടഞ്ഞ് മേഖലകളെ പ്രാന്തവല്‍ക്കരിക്കക എന്നതാണിതിന്റെയെല്ലാം ആത്യന്തിക ലക്ഷ്യം .ചിദംബരത്തിനറിയുമോ എന്നറിയില്ല നാട്ടുമ്പുറത്തൊരു ചൊല്ലുണ്ട് “വെടക്കാക്കി തനിക്കാക്കുക “ , രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് ധാതു നിക്ഷേപങ്ങളുടെ ഭൂമിശാസ്ത്ര പരമായ ഒരു വിശകലനത്തിലൂടെ ലളിതമായി മനസ്സിലാക്കാനാവുന്നതാണ് ഗ്രീന്‍ ഹണ്ട് ഓപറേഷന്റെയും സാല്‍ വാ ജുദൂം എന്ന തമ്മില്‍ തല്ലിക്കല്‍ പൊറാട്ട് നാടകത്തിന്റെയും നാനാര്‍ത്ഥങ്ങള്‍ .

മാവോവാദികളുടെ ഏറ്റവും ശക്തമായ താവളമായി വിവക്ഷിക്കപ്പെടുന്ന ഡന്റേവാഡയിലാണ് ഗ്രീന്‍ ഹണ്ട് ഓപ്പറേഷനും സാല്വാ ജുദൂമും ഏറ്റവും ശക്തം . ഡന്റേവാഡയിലെ നിരന്തര സംഘര്‍ഷങ്ങള്‍ക്കും പാലായനങ്ങള്‍ക്കുമിടയില്‍ കൂട്ടി വായിക്കാവുന്ന ഒരു സംഭവമുണ്ട് .നിയമഗിരിയിലെ ഖനനത്തിന് പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചത്വേദാന്തയെ സംബന്ധിച്ച വലിയ തിരിച്ചടി തന്നെയായിരുന്നു കാരണം നിയമഗിരിയിലെ ബോക്സൈറ്റ് ഖനനത്തിന്റെ പ്രതീക്ഷയിലാണ് ലഞ്ചിഗഡിലെ വേദാന്തയുടെ അലുമിനിയം പ്ലാന്റ് 6 മടങ്ങ് വര്‍ദ്ധിപ്പിച്ചത് . നിയമഗിരിയില്‍ അന്താരാഷ്ട്ര ശ്രദ്ധ കിട്ടിയത് കൊണ്ട് തന്നെ സമീപ ഭാവിയില്‍ അവിടെയൊരു ഖനനത്തിന് സാധ്യത കുറവാണ് ലഞ്ചിഗഡിലെ വിപുലീകരിച്ച അലുമിനിയം പ്ലാന്റിലേക്കുള്ള ബോക്സൈറ്റ് ലഭിക്കാനുള്ള അടുത്ത പോംവഴി ഡന്റേവാഡയിലെ സമ്പന്നമായ ഖനനഭൂമി മാത്രമാണ് .പക്ഷെ മാവോവാദികളുടെ പ്രതിരോധങ്ങള്‍ക്ക് മുമ്പില്‍ അത് സാധ്യമാകില്ലെന്ന നിലയാണ് നിലവിലുള്ളത് .അപ്പോള്‍ പിന്നെ എന്താണ് ചെയ്യുക ഡന്റേവാഡയിലെ പ്രതിരോധങ്ങളെ ഏറ്റവും പെട്ടെന്ന് തന്നെ അടിച്ചമര്‍ത്തുക . പറയത്തക്ക പ്രകോപനങ്ങള്‍ ഇല്ലാതിരുന്നിട്ടും ഒഴിപ്പിക്കലിന് ഫലപ്രാപ്തി പെട്ടെന്നുണ്ടാകാനായിരിക്കണം ഡന്റേവാഡയില്‍‍ സൈനിക വിന്യാസവും ധ്രുതഗതിയിലാക്കിയത് . 76 ഇന്‍ഡ്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഡന്റേവാഡ കൂട്ടക്കൊലക്ക് ശേഷം ഔദ്യോഗികമായ ദുഖപ്രകടനത്തിന് പോലും നില്‍ക്കാതെയാണ് ഇന്‍ഡ്യയുടെ ആഭ്യന്തര മന്ത്രി മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി വന്നാല്‍ വായു സേനയെ നിയോഗിക്കും എന്ന് പ്രഖ്യാപിച്ചത് പക്ഷെ തന്റെ രാജ്യത്തിലെ ജനങ്ങള്‍ക്കെതിരെ വായുസേനയെ ഉപയോഗിക്കാന്‍ താന്‍ തയ്യാറല്ലെന്ന വായു സേനാ തലവന്റെ ധീരമായ തീരുമാനത്തിന് മുമ്പില്‍ ആ തീരുമാനം ഉപേക്ഷിക്കപ്പെടുകയായിരുന്നു . ഒരു രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ഒരു ആഭ്യന്തര മന്ത്രി ആ രാജ്യത്തെ തന്നെ ജനങ്ങള്‍ക്ക് മേല്‍ ആകാശത്ത് നിന്ന് ബോംബുകള്‍ വര്‍ഷിച്ച് ഉന്മൂലനം ചെയ്യാന്‍ തിടുക്കം കൂട്ടുന്ന വികാരം രാജ്യസ്നേഹത്തിന്റെ ഏത് നിര്‍വചനത്തിലാണ് വരിക ? .

മുദ്രണം ചെയ്യപ്പെടുന്ന പ്രതിഷേധങ്ങള്‍

ഹിമാംശു കുമാര്‍ അറിയപ്പെടുന്ന ഒരു ഗാന്ധിയനാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1992 മുതല്‍ ചത്തിസ് ഗഡിലെ ആദിവാസി മേഖലയായ ഡന്റേവാഡയില്‍ ആദിവാസികള്‍ക്കും ദളിതര്‍ക്കുമായി വനവാസി ചേതനാ ആശ്രമം എന്നൊരു സംഘടന സ്ഥാപിച്ച് കൊണ്ട് ഗാന്ധിയന്‍ പ്രവര്‍ത്തന മാതൃകകളുമായി അവരുടെ ഇടയില്‍ പ്രവര്‍ത്തിച്ച് അവരെ സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരാന്‍ യത്നിച്ചിരുന്നു . പക്ഷെ 2009 മേയ് മാസത്തില്‍ യാതൊരു വിധ മുന്നറിയിപ്പുകളുമില്ലാതെ ചത്തിസ് ഗഡ് പോലീസ് ഈ ആശ്രമം തകര്‍ത്ത് കളഞ്ഞു . 2005 മുതല്‍ സാല്‍ വാ ജുദൂം എന്ന സംസ്ഥാന സര്‍ക്കാര്‍ പരിശീലനം കൊടുക്കുന്ന തീവ്രവാദ പദ്ധതിയെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന് ഹിമാംശു കുമാര്‍ നല്‍കിയ 600 ഓളം പരാതികളാണ് സംസ്ഥാന ഗവണ്മെന്റിനെ പ്രകോപിപ്പിച്ചത് . പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് പോലും ആയുധം കൊടുത്തും അവരെ അക്രമത്തിന് പ്രേരിപ്പിച്ചും മേഖലയില്‍ സംഘര്‍ഷം നില നിറ്ത്തുക , ഇത പര്യന്തമുള്ള മാവോയിസ്റ്റ് ആക്രമണങ്ങളില്‍ മരിച്ചതിലേറെ ജനങ്ങള്‍ സാല്‍ വാ ജുദൂമുമായുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട് . ഡന്റേവാഡയില്‍ നടക്കുന്ന വ്യാജ ഏറ്റ് മുട്ടലുകളെക്കുറിച്ച് പോലീസ് അതിക്രമങ്ങളെക്കുറിച്ച് പുറം ലോകം അറിയരുത് , അത്തരം സാധ്യതകളെ ഒഴിവാക്കി ഏറ്റവും പെട്ടെന്ന് ഡന്റേവാഡയിലെ പ്രതിരോധങ്ങളുടെ ഒച്ചയടപ്പിച്ച് തദ്ദേശീയരെ ഒഴിപ്പിച്ചെടുക്കേണ്ടതുണ്ട് . ലഞ്ചിഗഡിലെ അലുമിനിയം പ്ലാന്റിലേക്കുള്ള ബോക്സൈറ്റിന് മറ്റ് സാധ്യതകളൊന്നും തല്‍ക്കാലം നിലവിലില്ലല്ലൊ . നാളെ ഗാന്ധിയനായ ഹിമാംശു കുമാര്‍ അറസ്റ്റിലായി ജീവപര്യന്തത്തിന് വിധിക്കപ്പെട്ടാലും അല്‍ഭുതമൊന്നുമില്ല ഗാന്ധിജിയും ബാബാ ആംതെയും മരിച്ച് പോയതെത്ര നന്നായി !!!

സ്വാമി അഗ്നിവേശിനെപ്പോലെയുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ ചത്തിസ്ഗഡിലെ ആദിവാസി മേഖലകള്‍ സന്ദര്‍ശിക്കുന്നതിനിടെ സാല്വാ ജുഡൂമിന്റെയും പോലീസിന്റെയും സംയുക്ത ആക്രമണത്തിനിരയായെന്നു സ്വാമി അഗ്നിവേശ് കോടതിയെ സമീപിച്ചിരുന്നു . ആ മേഖലകളില്‍ ഗവണ്മെന്റു അനുവര്‍ത്തിക്കുന്ന തന്ത്രമാണ് പുറത്തു നിന്നു ആരെയും അവിടേക്കു പ്രവേശിപ്പിക്കാതിരിക്കുക , അവിടെയുള്ളവരെ പുറം ലോകത്തിനു പരിചയപ്പെടുത്താതിരിക്കുക അതു ഒറ്റപ്പെട്ട ഒരു ഭീകര ലോകമായി നില നിര്‍ത്തുക .

ആദിവാസികളോടും അടിച്ചമര്‍ത്തപ്പെടുന്നവരോടും അനുഭാവം പ്രകടിപ്പിക്കുന്നവരെ, സമരങ്ങളിലേര്‍പ്പെടുന്നവരെ രാജ്യത്തിനെതിരായാണ് എന്ന ധാരണ പരത്തുന്നു , ആ നിഴലിന്റെ പരിസരത്തില്‍ നിര്‍ത്തിക്കൊണ്ട് ബുദ്ധിജീവികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാവോയിസ്റ്റുകള്‍ എന്ന് മുദ്രണം ചാര്‍ത്തി ഏത് നിമിഷവും രാജ്യദ്രോഹിയാക്കി മാറ്റാനുള്ള ഒരു സംവിധാനത്തെ വളരെ ബുദ്ധിപൂര്‍വ്വം ഒരുക്കിക്കൊണ്ട് ഓരോ പ്രതിഷേധങ്ങളെയും ഇല്ലാതാക്കുന്നു . ചത്തിസ് ഗഡും ഝാര്‍ഖണ്ടും ഒറീസ്സയുമാണ് ഇന്ന് രാജ്യത്തെ ഏറ്റവും സമ്പന്നമായ ഭൂമിയുള്ളതും ഏറ്റവും ദരിദ്രരായ ജനതയുള്ളതും അവിടത്തെ ഭൂമി കൈക്കലാക്കുക എന്നത് മാത്രമാണ് ബഹുരാഷ്ട്ര കുത്തകകളുടെ ഉദ്ദേശം അതിന് വേണ്ടി ചുവപ്പന്‍ ഇടനാഴിയെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ പാലായനം ചെയ്യിക്കുക അതിനെതിരെ ശബ്ദിക്കുന്നവരെ മാവോയിസത്തിന്റെ പേരില്‍ തടവിലാക്കുക .

കോടികളുടെ പ്രകൃതി വിഭവങ്ങള്‍ക്ക് മുകളില്‍ അധിവസിക്കുമ്പോഴും ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടേണ്ടി വരുകയും , പുറമെ നിന്നാരൊക്കെയോ വന്ന് അവരുടെ പ്രകൃതിയെ അപഹരിച്ച് കൊണ്ട് പോകുന്ന കാഴ്ച കണ്ട് നിസ്സഹയാരായി പോകുന്ന ആദിവാസികള്‍ കാത്ത് വെച്ച നിധിക്കൊപ്പം ജീവിതവും ചിലപ്പോള്‍ ജീവനും നഷ്ടപ്പെടുന്ന നാഗത്താന്മാരുടെ കെട്ട് കഥയുടെ വേദനിപ്പിക്കുന്ന പുനരാഖ്യാനമാണ് .

ഗ്രീന്‍ ഹണ്ട് ഓപറേഷനില്‍ കൊല്ലപ്പെടുന്നവരുടെ ഒക്കെ കണക്ക് പുറത്ത് വരുമ്പോള്‍ മാവോവാദികള്‍ കൊല്ലപ്പെട്ട കണക്ക് മാത്രമാണ് വരിക . സാധാരണ ആദിവാസികളില്‍ നിന്നും എങ്ങനെ വേര്‍തിരിച്ചറിഞ്ഞു കൊല്ലാം ? വളരെ നിസ്സാരമാണത് കൊല്ലപ്പെട്ട് കഴിയുമ്പോള്‍ ഏത് സാധാരണ ആദിവാസിയും മാവോ വാദികളാവും അല്ലെന്ന് പറയാന്‍ തെളിവൊന്നുമില്ലല്ലൊ . ഇന്ന് വരെ മാവോവാദിയല്ലാത്ത ഒരു സാധാരണ ആദിവാസി പോലും ഇത്തരം ഓപറേഷനുകളില്‍ കൊല്ലപ്പെടാത്തതും ഇത് കൊണ്ട് തന്നെയാണ് , കൊല്ലപ്പെടുന്നവരെല്ലാം അതിഭീകരന്മാരായ നക്സലുകളായി പരിണമിക്കുന്ന ജനിതക പ്രക്രിയ ഇതിനിടയില്‍ നടക്കുന്നുണ്ട് .

മാവോയിസ്റ്റുകള്‍ ഗാന്ധിയന്‍ സത്യാഗ്രഹമുറ സ്വീകരിക്കുന്ന അഹിംസാ വാദികളല്ല , തീര്‍ച്ചയായും അവരുടേത് സായുധ സമരം തന്നെയാണ് പക്ഷെ അത്തരമൊരു സായുധ സമരത്തിലേക്കു അവരെ നയിക്കുന്നതു നിവൃത്തികേടും നില നില്‍പ്പും അടങ്ങിയ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളാണ് അതിനാല്‍ ഈ നക്സല്‍ പോരാട്ടങ്ങളെ രാഷ്ട്രീയമായാണ് നേരിടേണ്ടത് കാരണം മാവോയിസ്റ്റുകള്‍ എന്ന പേരിലറിയപ്പെടുന്ന ഏതാനും ആയിരങ്ങളല്ലാതെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഈ മേഘലകളില്‍ ജീവിച്ചിരിക്കുന്നുണ്ട് .സൈനിക -സായുധ നീക്കം കൊണ്ട് ഈ മേഖലകളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുനിയുന്നത് നിസ്സഹായരായ ഈ ജനങ്ങളുടെ ദുര്‍വിധിക്കിടയിലേക്ക് ലക്ഷം കോടി രൂപ പ്രതിരോധ ബഡ്ജറ്റില്‍ കണക്ക് കൊള്ളിച്ച് കൊല്ലാക്കൊല ചെയ്യുന്നതിനു തുല്യമാണ് . എന്തായാലും സുപ്രീം കോടതി വിധിയിലൂടെ അവിടെയുള്ള കുഞ്ഞുങ്ങളുടെ കയ്യില്‍ ആയുധം കൊടുക്കുന്ന ഏര്‍പ്പാടിനു പകരം പുസ്തകവും പേനയും കൊടുക്കാന്‍ ഉള്ള സന്മനസ്സ് ഭരണ കൂടങ്ങള്‍ക്കു തോന്നട്ടെ .

Friday, 24 June 2011

രതിലീലയുടെ കുട്ടിയപ്പൻ മാതൃകകൾ

സത്യം ഭാവനയെക്കാള്‍ വിചിത്രമാണ് എന്നു പറഞ്ഞത് ഹാസ്യ സാമ്രാട്ടായ മാര്‍ക് ട്വയിനാണെങ്കിലും അതില്‍ ഫലിതം ലവലേശമില്ല . സര്‍ഗ്ഗാത്മകതയുടെ സത്യസന്ധത ശൂന്യതയില്‍ നിന്നു സൃഷ്ടിക്കപ്പെടുന്നതോ അജ്ഞാതമായ അന്തരീക്ഷത്തില്‍ നിന്നു ഉരുത്തിരിയുന്നതോ അല്ല , അതു സമൂഹ യാഥാര്‍ത്ഥ്യത്തിന്റെ പരിച്ഛേദമാണ് അതു കൊണ്ടു തന്നെ എഴുത്തുകാരന്‍ പ്രവചന ശേഷിയുള്ള ക്രാന്ത ദര്‍ശിയാവണമെന്നു നിര്‍ബന്ധമില്ല , മറിച്ചു വര്‍ത്തമാന കാല സമൂഹത്തെ ശരിയായി നിരീക്ഷിക്കുന്നവനായാല്‍ മാത്രം മതി .പക്ഷെ കഥാകൃത്ത് അപ്രിയ സത്യങ്ങള്‍ പറയുമ്പോള്‍ നമ്മള്‍ അസ്വസ്ഥരാകുന്നു , കഥയിലെ കഥാപാത്രങ്ങള്‍ നമ്മളല്ല എന്നു സ്വയം വാദിച്ചു ജയിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു .

"തങ്കപ്പന്‍നായര് ചേട്ടാ നിങ്ങളുടെ മകളെ എനിക്കൊന്നു വേണം . ഒരു ആനയുടെ തുമ്പിക്കയ്യില്‍ ചാരി നിര്‍ത്തി എനിക്കൊന്നു ഭോഗിക്കാനാ “

ഉണ്ണി ആര്‍. എഴുതിയ “ലീല “ എന്ന കഥയിലെ കുട്ടിയപ്പന്‍ എന്ന നായക കഥാപാത്രം ഒരു അച്ഛനോടു അയാളുടെ മകളെ പ്രാപിക്കാന്‍ തരുമോ എന്നു യാതൊരു വിധ സങ്കോചവുമില്ലാതെ ചോദിക്കുമ്പോള്‍
സദാചാര പ്രിയരും നന്മ നിറഞ്ഞവരുമായ മലയാളി വായനക്കാര്‍ വായിച്ചത് വിശ്വസിക്കാനാകാതെ പെട്ടെന്ന് തലയൊന്ന് പിന്നോട്ടു വെട്ടിച്ചു , കണ്ണു തുറിച്ചു കൊണ്ട് ആ വാചകങ്ങളെ അറപ്പോടെ , സെന്‍സേഷണലാകാനുള്ള എഴുത്തുകാരന്റെ അഭിവാന്‍ച്ഛയെ പുച്ഛത്തോടെ നോക്കി . പൊതു സദാചാരത്തിന്റെ കൃത്യമായ പരിധിക്കുള്ളില്‍ നിന്നു അസ്വാദകനെ സുഖിപ്പിക്കുന്ന വാക്കുകളൊരുക്കാത്തത് കൊണ്ടാകണം ലീല മലയാളിയുടെ സദാചാര ബോധത്തെ മുറിവേല്‍പ്പിച്ച കൊണ്ടു കടുത്ത വിമര്‍ശനം ഏറ്റു വാങ്ങിയത് . കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ മധുരം നിറഞ്ഞ മൃദു വാക്കുകളില്‍ അവതരിപ്പിച്ചില്ലെങ്കില്‍ സൃഷ്ടി വിമര്‍ശനമേറ്റു വാങ്ങുമെന്നത് മലയാള സാഹിത്യ ലോകത്തെ അലിഖിത നിയമമാണ് . അടിയന്തിരാവസ്ഥയുടെ അരാജകത്വത്തെ കറുത്ത ഫലിതമാക്കി അവതരിപ്പിച്ച “ധര്‍മ്മപുരാണത്തെ“ പലപ്പോഴും അസഭ്യവും അശ്ലീലവുമായി ഗണിക്കുന്നതും ഈയൊരു പതിവു പിന്തുടര്‍ന്നാണ് .

വന്യമായ ലൈംഗിക ഭാവനകളും മനോവൈകല്യമെന്നു സംശയിക്കാവുന്ന പെരുമാറ്റ രീതികളുമുള്ള സമ്പന്നനായ ഒരു മധ്യതിരുവിതാംകൂറുകാരനാണ് കുട്ടിയപ്പന്‍ . അയാളുടെ സന്തത സഹചാരിയായ പിള്ളച്ചന്‍ എന്ന കഥാപാത്രത്തിലൂടെയാണ് കഥ ആഖ്യാനം ചെയ്യപ്പെടുന്നത് . കുട്ടിയപ്പന്‍ ഏകനായ ഒരു അരാജക വാദിയാണ് ചിലപ്പോഴൊക്കെ അയാളുടെ ഭാവനകള്‍ക്കു വേണ്ടി അയാള്‍ വിലക്കെടുക്കുന്ന പെണ്ണിനു മേലാസകലം എണ്ണ തേച്ചു , നഗ്നയായി അയാളൊരുക്കുന്ന സംഗീതത്തിനനുസരിച്ചു നൃത്തം വെക്കേണ്ടി വരാറുണ്ട് , മറ്റു ചിലപ്പോള്‍ അയാളുടെ സാങ്കല്‍പ്പിക മൃതദേഹത്തിനു മുകളില്‍ അലമുറയിട്ടു കരയാന്‍ പ്രേരിപ്പിക്കപ്പെടാറുണ്ട് . പിള്ളച്ചന്‍ ഭാര്യയും മകളുമൊത്തു സ്വസ്ഥ ഗൃഹ ഭരണം നയിക്കുന്നയാളാണ് . കുട്ടിയപ്പനുമായുള്ള “ഇടപാടുകള്‍ “ പിള്ളയുടെ ഭാര്യയ്ക്കു അത്രയ്ക്കു രുചിക്കുന്നില്ലെങ്കിലും പിള്ളയ്ക്കു ആ സൌഹൃദത്തിന്റെ ആഴത്തില്‍ നിന്നു മോചിതനാകാനാവാത്തതിനാല്‍ കുട്ടിയപ്പന്റെ വിചിത്ര ഭാവനകള്‍ക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്നു . ഇപ്പോള്‍ കുട്ടിയപ്പനു ഒരു ലക്ഷ്യമുണ്ട് ഒരു പെണ്ണിനെ ആനയുടെ രണ്ടു കൊമ്പുകള്‍ക്കിടയിലായി , തുമ്പിക്കയ്യില്‍ ചേര്‍ത്തു നിര്‍ത്തി ഭോഗിക്കണം .ആ ഒരു കാഴ്ച ആനയ്ക്കു നെറ്റിപ്പട്ടം അഴിച്ചു വെച്ചതു പോലെ ഇരിക്കും എന്നു കുട്ടിയപ്പന്‍ തന്നെ ഭാവനയില്‍ കാണുന്നുണ്ട് . വിചിത്രമായ ഭോഗാസക്തിയുടെ അന്വേഷണം ചെന്നു നില്‍ക്കുന്നത് തങ്കപ്പന്‍ നായര്‍ എന്ന അച്ഛനിലാണ് .അയാളുടെ പ്രായ പൂര്‍ത്തിയാകാത്ത മകളെയാണ് കുട്ടിയപ്പന്‍ തന്റെ ലൈംഗിക വൈകൃതങ്ങള്‍ക്കായി നിസ്സങ്കോചം ആവശ്യപ്പെടുന്നത് . ഈ ഘട്ടത്തിലാണു മലയാളിയുടെ സദാചാരം പൊള്ളിയടര്‍ന്നു പുറത്തേക്കു വരുന്നത് .കുട്ടിയപ്പന്റെ വിചിത്ര ലൈംഗിക ഭാവനകളല്ല മറിച്ചു അച്ഛനോടു മകളെ ഭോഗിക്കാന്‍ ആവശ്യപ്പെടുന്ന ഒരു മലയാളി നായകനെ സങ്കല്‍പ്പിക്കാന്‍ നമുക്കു സാധിക്കുന്നില്ല . അതു കഥാകൃത്തിന്റെ അതിരു കടന്ന രതി ഭാവനകളുടെ പരിണിത ഫലമാണെന്നും അയാളുടെ അരാജകത്വം നിറഞ്ഞ സാഹിത്യ ജീവിതത്തിന്റെ പ്രതിഫലനമാണിത്തരം അത്യുക്തി പ്രസ്താവനകളെന്ന് [Hyperbolic statement ] നാം വിധിയെഴുതി, പക്ഷെ സമകാലിക യാഥാര്‍ത്ഥ്യത്തില്‍ 16 വയസ്സായ ഒരു പെണ്‍കുട്ടിയെ ഇരുന്നൂറോളം പേര്‍ക്കു സ്വന്തം അച്ഛന്‍ തന്നെ കാഴ്ച വെച്ചുവെന്ന വാര്‍ത്ത “ലീല “ എന്ന കഥയെ വെറും ന്യൂനോക്തി [Under statemate ] മാത്രമാക്കി മാറ്റുന്നു .അച്ഛനോടു മകളെ ഭോഗിക്കാന്‍ ആവശ്യപ്പെടുന്ന ലൈംഗിക വൈകൃതമുള്ള ഒരു കുട്ടിയപ്പനു പകരം ചുരുങ്ങിയ സമയം കൊണ്ട് 200 കുട്ടിയപ്പന്മാരാണ് നമ്മുടെ കണ്മുന്നിലെ യാഥാര്‍ത്ഥ്യത്തില്‍ നാം കാണുന്നത് .

പ്രായപൂര്‍ത്തിയാകാത്ത മകളെ സ്വന്തം അച്ഛന്‍ ലൈംഗികമായി ഉപദ്രവിക്കുന്നു [ഉപയോഗിക്കുന്നു എന്ന വാക്കു ഇവിടെ ചേരില്ല ] അതിനു ശേഷം ആ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മറ്റു പലര്‍ക്കും കാഴ്ച വെക്കുന്നു .പറവൂരിലെ ഈ പെണ്‍കുട്ടിയ്ക്കു സംഭവിച്ച ഈ ദുരന്തം ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമല്ല . ഇപ്പോള്‍ തന്നെ ഒന്നിലേറെ സമാന സംഭവങ്ങള്‍ ഓരൊ സ്ഥല നാമങ്ങളുമായി ബന്ധപ്പെടുത്തി മാധ്യമങ്ങളില്‍ വാര്‍ത്തയായും പോലീസ് റെക്കോര്‍ഡുകളില്‍ കേസായും രേഖപ്പെടുത്തിക്കഴിഞ്ഞു .എന്നിട്ടും ഇത്തരം കാര്യങ്ങള്‍ മലയാളികള്‍ ചെയ്യുന്നു എന്നു വിശ്വസിക്കാന്‍ നമുക്കു സാധിക്കുന്നില്ല അതു കൊണ്ടു തന്നെ അത്തരം കാര്യങ്ങള്‍ കഥകളിലും ചലച്ചിത്രങ്ങളിലും അവതരിപ്പിക്കാന്‍ അന്യ നാട്ടുകാരനും അതിക്രൂരനുമായ ഒരു വില്ലനെയാണ് നാം ഉപയോഗിക്കുക . ചിന്താമണി കൊലക്കേസ് എന്ന മലയാള ചിത്രത്തില്‍ മകളെ ലൈംഗികമായി ഉപയോഗിക്കുന്ന അതിക്രൂരനായ ഒരു വില്ലനാക്കാന്‍ സിനിമയുടെ കഥാ പശ്ചാത്തലത്തിലോ നിയമ പരിധിയിലോ വരേണ്ടാത്ത ഒരു തമിഴനെ കൊണ്ടു വരേണ്ടി വന്നു ഇവിടെ ഈ സ്വന്തം മകളെ ഉപദ്രവിക്കുന്ന “ അന്യനാട്ടുകാരനായ വൃത്തികെട്ട ജന്തുവിനു മരണ ശിക്ഷ നല്‍കിയാണ് നായകന്‍ നീതി നടപ്പാക്കുന്നത് . നമുക്കു നമ്മളില്‍ ഇതൊന്നും ആരോപിക്കുന്നതിഷ്ടമല്ല . തമിഴന്മാര്‍ പെങ്ങളുടെ മകളെ വിവാഹം കഴിക്കുന്നതും കാമിക്കുന്നതുമെല്ലാം അവരുടെ സംസ്കാര രാഹിത്യത്തിന്റെ തെളിവുകളായി , അതു നിഷിദ്ധ ഗമനം [Incest relationship ] എന്ന കൊടും പാപമായി കരുതുന്ന മലയാളിയാണ് തരം കിട്ടുമ്പോള്‍ സ്വന്തം രക്തത്തെ തന്നെ അന്യനു കാഴ്ച വെച്ചു പണം സമ്പാദിക്കുന്നത് . കേള്‍ക്കുമ്പോള്‍ അറപ്പു തോന്നുന്നുണ്ട് പക്ഷെ ഇതു പുറത്തു വന്നതും വരാത്തതുമായ യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയാണ് .

വ്യഭിചാരം അധാര്‍മികമാണെന്നും അതു നിര്‍ത്തലാക്കണമെന്നൊക്കെയുള്ള കാല്പനികവും അപ്രായോഗികവുമായ വാദമുഖങ്ങള്‍ ചര്‍വ്വിത ചര്‍വണമാണെന്നതു കൊണ്ടു തന്നെ അത്തരം സംവാദങ്ങള്‍ തല്‍ക്കാലം മാറ്റി വെച്ചു കൊണ്ടു ഈ സംഭവത്തെ നമുക്കു പരിശോധിക്കാം . അച്ഛന്‍ മകളെ ലൈംഗികമായി ഉപയോഗിച്ചു എന്നതു പോലെ ഇതില്‍ ഭീതി പടര്‍ത്തുന്നത് തന്നെ പെണ്‍കുട്ടിയെ ഉപദ്രവിച്ച ഈ 200 പേരിലൊരാളും തന്നെ ഇതൊരു പ്രാ‍യപൂര്‍ത്തിയെത്താത്ത , ആരുടെയൊക്കെയോ ഭീഷണി ഭയന്നു കൊണ്ടു മാത്രം ഇതിനിരയായതാവാമെന്നു ചിന്തിച്ചില്ല എന്നുള്ളതാണ് . ഒരച്ഛന്‍ മകളെ വേശ്യാ വൃത്തിക്കു പ്രേരിപ്പിക്കുമ്പോള്‍ അതില്‍ അസ്വാഭാവികയൊന്നുമില്ലാതെ തന്നെ അതു ആസ്വദിക്കുകയായിരുന്നു ഇത്രയും പേര്‍ എന്നതു അത്ര നിസ്സാരമായ സംഗതിയല്ല . ഇവരാരും കഥയിലെ
കുട്ടിയപ്പനെ പോലെ പോലെ മാനസിക വൈകല്യമുള്ള , വികൃത സ്വഭാവത്തിനുടമയായ ഒരു ഏകനായ മനുഷ്യനായിരുന്നില്ല മറിച്ചു സമൂഹത്തിലെ ഉന്നത സ്ഥാനീയരായ , കുടുംബവും കുട്ടികളുമെല്ലാമുള്ള വ്യക്തികളായിരുനു .ഒരു വാദത്തിനു ഇവരാരും ഈ പെണ്‍കുട്ടിയുടെ അച്ഛനാണ് ഈ കൂട്ടിക്കൊടുപ്പുകാരന്‍ എന്നറിഞ്ഞിരിക്കില്ല എന്നു വിശ്വസിക്കാം പക്ഷെ ബാല്യത്തിന്റെ നിഷ്കളങ്കത പൂര്‍ണ്ണമായും വിട്ടുമാറാത്ത ഒരു പെണ്‍കുട്ടിയുടെ മുഖം അവര്‍ക്കൊരു ദുസൂചനയും നല്‍കിയില്ല എന്നു വിശ്വസിക്കാനാവില്ല .

കഥയില്‍ ലീല എന്നത് ഒരു സാങ്കല്പിക നാമമാണ് . പേര് ചോദിക്കുമ്പോള്‍ നിശബ്ദയാകുന്ന പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ തന്നെ കുട്ടിയപ്പന്‍ ആ പെണ്‍കുട്ടിക്കു ലീല എന്നു നാമകരണം ചെയ്യുന്നു . നമ്മള്‍ വിതുര പെണ്‍കുട്ടിയെന്നും സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെന്നും നാമകരണം ചെയ്യുന്നതു പോലെ . ലീലയ്ക്കു സ്വന്തമായി ഒരു തീരുമാനവുമില്ല . ഒരു പെണ്‍കുട്ടിയ്ക്കു ജീവാപായം സംഭവിച്ചേക്കാവുന്ന ആനയുടെ തുമ്പിക്കയ്യില്‍ ചേര്‍ത്തു വെച്ചുള്ള സുരത ക്രിയ എന്ന ഭീതി കലര്‍ന്ന ഭാവനയില്‍ പോലും ഒരു നേരിയ എതിര്‍പ്പു പ്രകടിപ്പിക്കാതെ
നിര്‍മമതയോടെ യാന്ത്രികമായി അവള്‍ പെരുമാറുന്നു . എല്ലാ പീഡന കഥകളിലും ചില ബുദ്ധിമാന്മാരായ അന്വേഷകരുടെ ഒരു ന്യായമുണ്ട് -ഇതില്‍ ഇരയാകുന്ന പെണ്‍കുട്ടികള്‍ എതിര്‍ത്തിരുന്നെങ്കില്‍ അവര്‍ക്കു രക്ഷപ്പെടാനാവുമായിരുന്നു എന്നു , അവരിതു ആസ്വദിക്കുന്നതു കൊണ്ടാകില്ലേ എന്നു . പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ തൊട്ടാല്‍ പോലും കടുത്ത വേദനയുണ്ടാകുമെന്ന പരിശോധനാ റിപ്പോര്‍ട്ടു മുമ്പില്‍ വെച്ചു കൊണ്ടു ഒരു ജഡ്ജിക്കു പോലും തോന്നിയ സംശയമാണ് ശാരീരികവും മാനസികവുമായി പ്രായ പൂര്‍ത്തിയാകാത്ത ഒരു പെണ്‍ കുട്ടിക്കു അപരിചിതരായ ആളുകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ അനുഭൂതിയാണുണ്ടാകുന്നതെന്ന കണ്ടു പിടുത്തം പലരും നടത്തിയിട്ടുമുണ്ട് . പറവൂരിലെ ഈ പെണ്‍കുട്ടിയുടെ കാര്യത്തിലും ഈ സംശയം ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുണ്ട് . സ്വന്തം അച്ഛന്‍ പീഡിപ്പിക്കുകയും കാഴ്ച വെക്കുകയും ജീവഹാനി ഭയന്നു അമ്മയുടെ മൌന സമ്മതം കൂടിയാകുമ്പോള്‍ പെണ്‍ കുട്ടിയ്ക്കെവിടെയാണ് പ്രതീക്ഷ , ഏതു വിധത്തിലാണു അവള്‍ എതിര്‍പ്പു പ്രകടിപ്പിക്കേണ്ടത് ?

കുട്ടിയപ്പന്‍ എന്ന കഥാപാത്രത്തിന്റെ പെരുമാറ്റ രീതികളെ മാനസിക വൈകൃതമുള്ളവരുടെ ഒറ്റപ്പെട്ട സ്വഭാവമായി ന്യൂനീകരിക്കുകയാണ് .വ്യത്യസ്ഥവും വന്യവുമായ സുരത ക്രിയയെ ധ്യാനിക്കുന്ന അപൂര്‍വ്വ ജനുസ്സില്‍ പെട്ട ഒരാളായാണ് കുട്ടിയപ്പനെ പരമ്പരാഗത വായനക്കാര്‍ കാണുന്നത് . അതു ഈ മലയാളികള്‍ക്കന്യമായ പ്രത്യേക തരം വിചിത്ര ജീവിയാണു എന്നു നമ്മള്‍ ഉറപ്പിക്കുന്നു .ടി വി കൊച്ചുബാവ ബംഗ്ലാവ് എന്ന കഥയില്‍ പരസ്പരം വെച്ചു മാറുന്ന ദമ്പതികളെ കുറിച്ചെഴുതിയപ്പോള്‍ അന്നും വായനക്കാര്‍ എഴുത്തുകാരന്റെ വന്യമായ ഭാവനയെ വിമര്‍ശിച്ചു , സദാചാര സമ്പന്നരായ മലയാളികളുടെ ഇടയിലേക്കു പാശ്ചാത്യന്റെ വൃത്തികെട്ട ലൈംഗിക അരാജകത്വങ്ങള്‍ ആരോപിക്കുന്നതിനെതിരെ ക്ഷോഭിച്ചു പിന്നെ അധികം വൈകാതെ കൊച്ചിയിലെയും ബാംഗ്ലൂരിലെയും ദുബായിലെയും അത്തരം ക്ലബ്ബുകളില്‍ മലയാളി ദമ്പതിമാര്‍ അഭിമാനത്തോടെ പരസ്പരം വെച്ചു മാറുന്ന കഥ നാം നിസ്സംഗതയോടെ ആസ്വദിച്ചു .എഴുത്തുകാര്‍ പ്രവചന ശേഷിയുള്ള ക്രാന്ത ദര്‍ശികളാണെന്നു ഞാന്‍ പറയില്ല , ആകേണ്ട കാര്യവുമില്ല പക്ഷെ ഓരോ എഴുത്തുകാരനും സമൂഹത്തെ നിരന്തരം നിരീക്ഷിക്കുന്നുണ്ട് , ആ നിരീക്ഷണങ്ങളാണ് ചിലപ്പോഴെങ്കിലും കഥയായി കടന്നു വരുന്നത് ,
അപ്രിയ സത്യങ്ങളെ ആദ്യം അവിശ്വസിക്കുകയും പിന്നീട് നിസ്സംഗതയോടെ അംഗീകരിക്കുകയും ചെയ്യുന്നത് നമ്മുടെ ശീലമാണ് .

കഥയുടെ അന്ത്യത്തില്‍ കുട്ടിയപ്പനു ആ പെണ്‍കുട്ടിയോടു ദയ തോന്നുന്നു , ഭോഗാസക്തിയില്‍ നിന്നു പിന്തിരിഞ്ഞു കൊണ്ടയാള്‍ പെണ്‍ കുട്ടിയുമായി പിന്തിരിഞ്ഞു നടക്കുന്നു .
"പരിണാമ ദശയിലെ വിചിത്രമായ ഒരു ചിത്രം പോലെ മുന്നില്‍ നഗ്നനായ കുട്ടിയപ്പന്‍ , അതിനു പിന്നില്‍ നഗ്നയായ ലീല , അതിനു പിന്നില്‍ ഏറ്റവും വലിയ മൃഗം .നടക്കുന്നതിനിടയില്‍ പെട്ടെന്നാണ് ലീല തിരിഞ്ഞു നിന്നത് . ഒരു നിമിഷത്തിന്റെ അര്‍ദ്ധമാത്രയില്‍ തന്റെ ഇണയെ ചേര്‍ത്ത് പിടിക്കും പോലെ നീണ്ടു വന്നൊരു കൈ ലീലയെ ചുറ്റി നിന്നു .അതു ആകാശത്തേക്കു അവളെ ഉയര്‍ത്തിയിട്ടു കൊമ്പിന്റെ മൂര്‍ച്ചയില്‍ രാകിയെടുത്തു .പിന്നെ കാലുകള്‍ക്കിടയിലേക്കു കിടത്തിയിട്ടു ഇരുട്ടിന്റെ മഹാ‍കാരം പൂണ്ട ആ വലിയ ജീവി ഉപരി സുരതത്തിനെന്ന പോലെ ലീലയിലേക്കു തന്റെ ഭാരത്തെ ഇറക്കി വെച്ചു “ ആനയുടെ സ്ഥൂല ശരീരം ബിംബ വല്‍ക്കരിക്കുന്നതു നമ്മുടെ സമൂഹത്തെയും നീതി വ്യവസ്ഥയെയുമാണ് എന്നു സമകാലിക യാഥാര്‍ത്ഥ്യങ്ങളിലൂടെ നാം വായിച്ചെടുക്കേണ്ടതുണ്ട് . ഉപയോഗത്തിന്റെ ആവര്‍ത്തനം കൊണ്ടു അപ്രസക്തമായ ഇര എന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ യോജിക്കുക പീഡനത്തിനിരയാകുന്ന പെണ്‍ കുട്ടികളുടെ വിചാരണയിലാണ് . മാധ്യമങ്ങളുടെ , കോടതികളുടെ , പൊതുജനങ്ങളുടെ ഒക്കെ വിചാരണ ആനയുടെ സ്ഥൂല ശരീരമായി പരിണമിച്ചു കൊണ്ടു ലീലമാരെ ആ കൊമ്പുകളുടെ മൂര്‍ച്ചയില്‍ രാകി മിനുക്കുന്നുണ്ട് .


കഥയില്‍ ആവിഷ്കരിച്ചിരിക്കുന്ന ലീലയും തങ്കപ്പന്‍ നായരും കുട്ടിയപ്പനും പിള്ളേച്ചനും സാങ്കല്പിക കഥാപാത്രങ്ങളല്ല . ആരുടെയൊക്കെയോ മകളെ ഭോഗിക്കാന്‍ അലഞ്ഞു നടക്കുന്ന ഒരു കുട്ടിയപ്പനും കുട്ടിയപ്പന്റെ ഭാവനകളെ പൂര്‍ത്തീകരിക്കാന്‍ സന്തത സഹചാരിയായി നില്‍ക്കുന്ന പിള്ളേച്ചനും സ്വന്തം മകളെ വെച്ചു വില പേശുന്ന ഒരച്ഛനും
അതിനെല്ലാം നിശബ്ദയായ ഇരയായി മാറുന്ന ലീലമാരും നമ്മുടെ സമൂഹത്തിലെ തന്നെ അന്തേവാസികളാണ് അതു എഴുത്തുകാരന്റെ വന്യമായ ലൈംഗിക ഭാവനകള്‍ മാത്രമാകുന്നില്ല എന്ന അറിവു എഴുത്തുകാരന്റെ വിജയത്തോടൊപ്പം സമൂഹത്തിന്റെ പരാജയം കൂടിയാണ് .




Picture Courtesy - Google

Saturday, 18 June 2011

റിലയന്‍സ് :ഒരു കോര്‍പ്പറേറ്റ് രാജ വാഴ്ച




അഴിമതി നമുക്കു വലിയ അല്‍ഭുതമോ വാര്‍ത്തയോ ഒന്നുമല്ല , അഴിമതിയില്ലെങ്കില്‍ അവിടെ എന്തോ കുഴപ്പം ഉണ്ടായിട്ടുണ്ട് എന്നു സംശയിക്കുന്നത്ര സ്വാഭാവിക പ്രക്രിയയായികഴിഞ്ഞിരിക്കുന്നു അത് . പക്ഷെ അഴിമതിയുടെ കോര്‍പ്പറേറ്റ് തലങ്ങള്‍ അധോലോകത്തെക്കാള്‍ ഭീകരമാം വിധത്തില്‍ ഭരണകൂടങ്ങളെ നിയന്ത്രിക്കുകയും അതേ കോര്‍പ്പറേറ്റുകളെ ഭരണകൂടങ്ങള്‍ രക്ഷകരായി അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ നമുക്കു കാര്യമായ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നു കരുതേണ്ടിയിരിക്കുന്നു . സി എ ജി വീണ്ടും ബോംബ് പൊട്ടിച്ചിരിക്കുന്നു ,ഇത്തവണ പക്ഷെ ആര്‍ക്കും വലിയ കൌതുകമൊന്നുമില്ല . ഓയില്‍ വില കൂട്ടിയതു എണ്ണകമ്പനികള്‍ നഷ്ടം സഹിക്കുന്നുവെന്ന വാദഗതിയിന്മേലാണ് .പക്ഷെ ഇപ്പോള്‍ സി എ ജി റിപ്പോര്‍ട്ടു പറയുന്നതു റിലയന്‍സ് അടക്കമുള്ള എണ്ണ കമ്പനികളെ വഴി വിട്ടൂ സഹായിച്ചതിന്റെ പേരില്‍ മാത്രം സര്‍ക്കാര്‍ ഖജനാവിനു നഷ്ടമായിട്ടുള്ളത് ലക്ഷം കോടിയോളമാണെന്നാണ് .രാജസ്ഥാന്‍ മേഖലയില്‍ ഉള്ള കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡിനും ഈ ഉപകാരം ചെയ്തിട്ടുണ്ട് . എണ്ണ കമ്പനികള്‍ നടത്തുന്ന മൂലധന നിക്ഷേപത്തിനു പകരമായി വാതക വില്പനയിലൂടെ ഈടാക്കാം എന്ന ഉടമ്പടിയെ ഉപയോഗിച്ചാണ് ഈ ഉപകാരം .നിര്‍ദ്ദേശിക്കപ്പെട്ട മൂലധന നിക്ഷേപത്തിനെക്കാളും പലമടങ്ങു പെരുപ്പിച്ചാണ് ഇപ്പോഴത്തെ മൂലധന നിക്ഷേപം കാണിച്ചിരിക്കുന്നത് . ഇതു മൂലം സര്‍ക്കാര്‍ ഖജനാവിനും രാജ്യത്തിനും കോടികളാണ് നഷ്ടമായിട്ടുള്ളത് .മുന്‍ പെട്രോളിയം മന്ത്രി മുരളി ദിയോറയാണ് റിലയന്‍സിനു വേണ്ടി ഈ സഹായം ചെയ്തിട്ടുള്ളത് . റിലയന്‍സിന്റെ ഇതപര്യന്തമുള്ള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചിടത്തോളം ഇതിലെന്തെങ്കിലും പുതുമയോ അല്‍ഭുതമോ ഒന്നുമില്ല . സാമ്പത്തിക തിരിമറികളിലൂടെ സ്വാര്‍ത്ഥ ലാഭം സൃഷ്ടിക്കാനും ഇന്‍ഡ്യയിലെ ഭരണകൂടങ്ങളെ സാമ്പത്തിക സ്വാധീനമുപയോഗിച്ചു എങ്ങനെ നിയന്ത്രിക്കച്ചിരുന്നതെന്നും എങ്ങനെ അവര്‍ക്കനുകൂലമായി ഗവണ്മെന്റ് നയങ്ങള്‍ രൂപപ്പെടുത്തിയിരുന്നതെന്നും റിലയന്‍സിന്റെ ഭൂത കാലം മാത്രം മതി സാക്ഷി .


“ഇന്‍ഡ്യയില്‍ രണ്ട് തരം ഭരണകൂടങ്ങള്‍ മാത്രമാണുള്ളത് ഒന്ന് റിലയന്‍സ് അനുകൂലം മറ്റൊന്ന് റിലയന്‍സ് പ്രതികൂലം " .

ഇന്‍ഡ്യയില്‍ നിരോധിക്കപ്പെട്ട , ഹമീഷ് മക് ഡൊണാള്‍ഡിന്റെ “The Polyester Prince: The Rise of Dhirubhai Ambani“ - എന്ന കൃതിയിലെ പരാമര്‍ശമാണിത് . റിലയന്‍സിന്റെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും അംബാനി സൃഷ്ടിച്ച കോര്‍പ്പറേറ്റ് - അധോലോക സംസ്കാരത്തെക്കുറിച്ചൂം വിശദമാക്കുന്ന ഒരു കൃതിയാണിത് .ഇന്‍ഡ്യയില്‍ ഒരു കൃതി നിരോധിക്കണമെങ്കില്‍ അതിനെ സംബന്ധിച്ചു മത വിരുദ്ധമോ , അതിനെതിരെ പൊതുജന പ്രക്ഷോഭമോ വസ്തുതയ്ക്കു നിരക്കാത്തതോ അങ്ങനെ എന്തെങ്കിലും തരത്തിലുള്ള ആക്ഷേപമോ വിവാദമോ ഉണ്ടാകണമെന്നതാണ് സാമാന്യ ന്യായം .ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും മാധ്യമ സംസ്കാരത്തെക്കുറിച്ചും ഏറെ വാചാലമാകുന്നൊരു നാട്ടില്‍ യാതൊരു വിവാദത്തിനും ഇടം നല്‍കാതെ , കാരണം എന്താണെന്നു പോലുമറിയാതെ നിശബ്ദമായി ഈ കൃതി നിരോധിക്കപ്പെട്ടിരിക്കുന്നു .ഇന്‍ഡ്യയില്‍ മതങ്ങളെ , ദൈവങ്ങളെ , രാഷ്ട്രപിതാവിനെ വരെ നമുക്കു വിമര്‍ശിക്കാം , പുസ്തകമെഴുതാം പക്ഷെ കോര്‍പ്പറേറ്റുകളെക്കുറിച്ച് വസ്തുതകള്‍ പോലും എഴുതാന്‍ ഭരണ കൂടങ്ങള്‍ നമ്മെ അനുവദിക്കില്ല . ഇന്‍ഡ്യയില്‍ റിലയന്‍സിനു മതങ്ങളെക്കാളും ദൈവത്തെക്കാളും എല്ലാം പ്രഭാവമുണ്ടെന്നു തോന്നുന്നു .!!

വി പി സിങ്ങുമായി റിലയന്‍സിന്റെ ധീരുഭായി അംബാനിക്കുണ്ടായിരുന്ന അത്ര സുഖകരമല്ലാത്ത ബന്ധത്തെ സൂചിപ്പിച്ച് കൊണ്ടായിരിക്കണം റിലയന്‍സ് പ്രതികൂല ഭരണ കൂടം എന്ന് ഹമീഷ് വിലയിരുത്തിയത് . പക്ഷെ 1990 കളിലെയും അതിനു മുമ്പത്തെയും രാഷ്ട്രീയ - കോര്‍പ്പറേറ്റ് സാഹചര്യങ്ങളെ വിലയിരുത്തി തയ്യാറാക്കിയ പുസ്തകം ഇപ്പോള്‍ തിരുത്തിയാല്‍ ഇങ്ങനെ വായിക്കാം ഒരേ ഒരു ഭരണകൂടം മാത്രമേ ഇന്‍ഡ്യയില്‍ നിലവിലുള്ളു അംബാനിമാര്‍ക്കു ദാസ്യവേല ചെയ്യുന്ന ഭരണ കൂടം .

ധീരുഭായി അംബാനിയുടെ ഉദയം

1950 കളില്‍ യമനിലെ ഏദന്‍ എന്ന തുറമുഖ പട്ടണത്തില്‍ അവിടത്തെ നാണയമായ റിയാലിന് അസാധാരണമാം വിധം ദൌര്‍ലഭ്യം ഏര്‍പ്പെട്ടു തുടങ്ങി .അവിടത്തെ നാണയങ്ങള്‍ ഇങ്ങനെ അപ്രത്യക്ഷമാകുന്നതിനെക്കുറിച്ചു അധികാരികള്‍ നടത്തിയ അന്വേഷണം ചെന്നെത്തിയത് ഏദനില്‍ ഒരു ഷിപ്പിങ്ങ് കമ്പനിയിലെ ഗുമസ്തനായിരുന്ന ഒരു ഇന്‍ഡ്യന്‍ ചെറുപ്പക്കാരനിലാണ് . റിയാലിലെ വെള്ളിയുടെ അംശം ആ നാണയത്തിന്റെ മൂല്യത്തെക്കാള്‍ അധികമാണെന്നു തിരിച്ചറിഞ്ഞ ആ ചെറുപ്പക്കാരന്‍ കിട്ടാവുന്നിടത്തോളം നാണയങ്ങള്‍ ശേഖരിച്ചു അതില്‍ നിന്ന് വെള്ളി ഉരുക്കി വിറ്റു നാണയത്തിന്റെ മൂല്യത്തെക്കാള്‍ അധികം പണം സമ്പാദിക്കുകയായിരുന്നു .ആരും സ്വപ്നം പോലും കാണാത്ത വഴികളിലൂടെ പണം സമ്പാദിക്കുക എന്നതൊരു ജനിതകഗുണമായി , രക്തത്തില്‍ പണത്തെ ആകര്‍ഷിക്കുന്ന ഒരു ഘടകമുള്ള ആ ചെറുപ്പക്കാരനായിരുന്നു ധീരുഭായ് അംബാനി . ആ ജന്മ ഗുണം ഗുജറാത്തി മോധ് ബനിയ എന്ന വൈശ്യ - വിഭാഗത്തിന്റെ പ്രത്യേകതയാണ് . .ഗുജറാത്തിയില്‍ ഒരു ചൊല്ലുണ്ട് - ഒരു മോധ്ബനിയ നിങ്ങള്‍ക്കു അതിഥിയായി എത്തുന്നതിലും ഭേദം നെറ്റിയില്‍ പാണ്ട് വരുന്നതാണ് എന്നു - അത്ര മാത്രം കൌശലക്കാരും ലാഭക്കണ്ണുള്ളവരുമാണ് അവരെന്നാണ് ആ ചൊല്ലിനര്‍ത്ഥം


1932 ല്‍ ഗുജറാത്തിലെ ചോര്‍വാഡാ [ചോര്‍വാഡ എന്നാല്‍ കള്ളന്മാരുടെ സ്ഥലം ] എന്ന ചെറുപട്ടണത്തിലാണ് ധീരജ് ലാല്‍ ഹിരാചന്ദ് അംബാനി എന്ന ധീരു ഭായി അംബാനി ജനിക്കുന്നത് . മോധ് ബനിയ സമൂഹത്തിലേക്കു ഓരോ കുട്ടിയും ജനിച്ചു വീഴുന്നതു കച്ചവടം ചെയ്യാനും പണം സമ്പാദിക്കാനും മാത്രമാണ് , ഹുണ്ടികളും പലിശയും കച്ചവടവുമായി സമ്പത്ത് കുമിഞ്ഞു കൂട്ടുക എന്നതാണ് ഇന്‍ഡ്യയിലെ ജൂതന്മാര്‍ എന്നു വേണമെങ്കില്‍ പറയാവുന്ന അവരുടെ ലക്ഷ്യം .മട്രിക്കുലേഷന് ക്ഴിഞ്ഞു മിഡില്‍ ഈസ്റ്റില്‍ ജോലിക്കു പോയി പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്‍ഡ്യയിലേക്കു തിരിച്ചു വരുമ്പോള്‍ പണം ഉണ്ടാക്കാന്‍ ലോകത്തു ഏറ്റവും എളുപ്പമുള്ള സ്ഥലം ഇന്‍ഡ്യയാണെന്നു അംബാനിക്കു ബോധ്യമായിട്ടുണ്ടായിരുന്നു .


ഭരണകൂട - മാധ്യമ - കോര്‍പ്പറേറ്റ് അച്ചു തണ്ട്

ഭരണ കൂടങ്ങളെ വിലയ്ക്കെടുത്തു തങ്ങള്‍ക്കനുകൂലമായ തീരുമാനങ്ങള്‍ സൃഷ്ടിക്കുക എന്നതായിരുന്നു ഒന്നുമില്ലായ്മയില്‍ നിന്നു സഹസ്ര കോടിയിലേക്കു കുതിക്കുവാന്‍ ധീരുഭായി അംബാനിയെ പ്രാപ്തനാക്കിയത് . അന്നും ഇന്നും ഗവണ്മെന്റുകളെ എങ്ങനെ നിയന്ത്രിക്കണമെന്നും സ്വാധീനിക്കണമെന്നും അംബാനിമാര്‍ക്കു നല്ല പോലെ അറിയാം .രാഷ്ട്രീയത്തിനും ഭരണകൂടത്തിനും ഒപ്പം തന്നെ കോര്‍പ്പറേറ്റ് തന്ത്രങ്ങള്‍ക്കു മാധ്യമങ്ങള്‍ കൂടി പങ്കു വഹിക്കുന്ന ഒരു രാഷ്ട്രീയ - മാധ്യമ - കോര്‍പ്പറേറ്റ് അച്ചുതണ്ടായിരുന്നു അംബാനിയുടെ എക്കാലത്തെയും തന്ത്ര പരമായ സമീപനം . അതിനു വേണ്ടി എപ്പോഴും ഒരു പറ്റം രാഷ്ട്രീയക്കാരെയും പത്രക്കാരെയും ചെല്ലും ചെലവും കൊടുത്തു അംബാനി നിലനിര്‍ത്തി ,അതില്‍ കക്ഷി രാഷ്ട്രീയ ഭേദമുണ്ടായിരുന്നില്ല . കോണ്‍ഗ്രസ്സിന്റെ പ്രണബ് മുഖര്‍ജിയും മുരളി ദിയോറയും ബി ജെ പി യുടെ പ്രമോദ് മഹാജനുമെല്ല്ലാം അംബാനി ആശ്രിത വത്സരരാക്കി വളര്‍ത്തിക്കൊണ്ടു വന്നതാണ് .ഏതു രാഷ്ട്രീയ കക്ഷി അധികാരത്തില്‍ വന്നാലും അതു റിലയന്‍സിന്റെ സ്വന്തം സര്‍ക്കാര്‍ ആയി മാറുന്ന കാഴ്ച നാം കണ്ടതാണ് . കോണ്‍ഗ്രസ്സ് ആകട്ടെ ബി ജെ പി ആകട്ടെ ഈ നിലയില്‍ മാറ്റമില്ലാത്ത വിധം സ്വാധീനം ചെലുത്താന്‍ തക്ക ആശ്രിത വത്സരരുടെ ഒരു നിര തന്നെ ഈ പാര്‍ട്ടികളില്‍ അംബാനിക്കുണ്ടായിരുന്നു . വാണിജ്യ എതിരാളികളെ രാഷ്ട്രീയമായി ആരോഗ്യകരമായ മത്സരങ്ങളിലൂടെ നേരിടുന്നതിലൊന്നും അംബാനി ഒരിക്കലും വിശ്വസിച്ചിരുന്നില്ല .രാഷ്ട്രീയമായും ഭരണകൂടങ്ങളെ സ്വാധീനിച്ചുമാണ് ബിസിനസ്സ് എതിരാളികളെ നേരിട്ടിരുന്നത് . വസ്ത്ര വ്യാപാര രംഗത്തു തുടങ്ങിയ ആ മത്സരത്തില്‍ അന്നത്തെ പ്രധാന എതിരാളിയായ ബോംബെ ഡയിങ്ങിന്റെ നുസ്ലി വാഡിയയെയും ഇത്തരത്തില്‍ ഭരണ കൂടങ്ങളുമായുള്ള സ്വാധീനമുപയോഗിച്ചു തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും രാഷ്ട്രീയത്തില്‍ ഒരു പാടു അഭ്യുദയ കാംക്ഷികളുണ്ടായിരുന്ന മാന്യനായ വ്യവസായിയായ നുസ്ലി വാഡിയയെ എളുപ്പം ഒതുക്കാനായില്ല [നുസ്ലി വാഡിയ മുഹമ്മദാലി ജിന്നയുടെ ചെറു മകനാണ് ] അവസാനം മുംബൈ അധോലോകത്തിലെ വാടക കൊലയാളികളെ ഉപയോഗിച്ചു കൊലപ്പെടുത്താന്‍ പോലും ശ്രമിച്ചു . ഈ ഗൂഡാലോചനയുടെ വ്യക്തമായ തെളിവുകള്‍ സഹിതം റിലയന്‍സിന്റെ കീര്‍ത്തി അംബാനിയെ അന്നു പോലീസ് അറസ്റ്റ് ചെയ്തിരുന്നു .അതു പോലും ഇന്‍ഡ്യന്‍ എക്സ്പ്രസ് പത്രത്തിന്റെ നിരന്തര പ്രചരണം മൂലമായിരുന്നു .


റിലയന്‍സിനു അധോലോകവുമായുള്ള ബന്ധങ്ങള്‍ മുംബെയിലെ പത്രക്കാര്‍ക്കു അന്നേ സുപരിചിതമായിരുന്നെങ്കിലും ഒരു പത്രത്തിലും അതേക്കുറിച്ചു വാര്‍ത്ത വന്നില്ല , Paid Journalism ഉം Envelop journalism ഉം ഇന്‍ഡ്യന്‍ പത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചാരമാര്‍ജ്ജിച്ചതിനു പിന്നില്‍ ധീരുഭായി അംബാനിയായിരുന്നു .രാഷ്ട്രീയത്തിനും ഭരണകൂടത്തിനും ഒപ്പം തന്നെ കോര്‍പ്പറേറ്റ് വിജയങ്ങള്‍ക്കു മാധ്യമങ്ങള്‍ കൂടി പങ്കു വഹിക്കുന്ന ഒരു രാഷ്ട്രീയ - മാധ്യമ - കോര്‍പ്പറേറ്റ് അച്ചുതണ്ടായിരുന്നു അംബാനിയുടെ എക്കാലത്തെയും തന്ത്ര പരമായ സമീപനം .ടൈം ഓഫ് ഇന്‍ഡ്യയുടെ ഗിരി ലാല്‍ ജെയിനും ഇന്‍ഡ്യന്‍ എക്സ്പ്രെസ്സിന്റെ ഗോയങ്കയുമെല്ലാം ഈ വലയത്തിലുണ്ടായിരുന്നെങ്കിലും പിന്നീട് അംബാനിയുടെ അധോലോക പ്രവര്‍ത്തനത്തിന് സമാനമായ പ്രവര്‍ത്തനങ്ങളില്‍ വിയോജിപ്പു പ്രകടിപ്പിച്ചു കൊണ്ട് ഗോയങ്ക സ്വയം റിലയന്‍സിന്റെ ശത്രു പക്ഷത്തേക്കു മാറുകയായിരുന്നു . ഈ പിന്‍ മാറ്റത്തിനു ബോംബെ ഡയിങ്ങിന്റെ നുസ്ലി വാഡിയയോടുള്ള അനുഭാവവുമുണ്ടായിരുന്നു .ഈ വിയോജിപ്പാണ് പിന്നീടു ഇന്‍ഡ്യ കണ്ട ഏറ്റവും വലിയ കോറ്പറേറ്റ് - മീഡിയാ യുദ്ധത്തിനു കാരണം . രാം നാഥ് ഗോയങ്കയുടെ ഈ വിയോജിപ്പുകള്‍ പ്രകടമായി തന്നെ ഇന്‍ഡ്യന്‍ എക്സ്പ്രസ്സിലൂടെ വരാന്‍ തുടങ്ങി . റിലയന്‍സിന്റെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും കുറിച്ചു നിരവധി ലേഖനങ്ങള്‍ കൃത്യമായ തെളിവുകളോടെ ഇന്‍ഡ്യന്‍ എക്സ്പ്രെസ്സില്‍ തുടര്‍ച്ചയായി വന്നു കൊണ്ടിരുന്നു . ചാര്‍ട്ടേഡ് എക്കൌണ്ടന്റ്റും സ്വദേശി സാമ്പത്തിക വാദിയുമായ എസ്. ഗുരുമൂര്‍ത്തിയായിരുന്നു ഈ ലേഖനങ്ങളുടെയെല്ലാം പിന്നില്‍ . ഗുരുമൂര്‍ത്തിയുടെ ആദര്‍ശങ്ങളില്‍ റിലയന്‍സിനെപ്പോലുള്ള ഒരു വന്‍ കിട കമ്പനി രാജ്യത്തിന്റെ സാമ്പത്തിക സന്തുലിതാവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതായിരുന്നു .യഥാര്‍ത്ഥത്തില്‍ അതു ശരിയുമായിരുന്നു റിലയന്‍സിനെപ്പോലെ ഒരു കുത്തക ആഗോള വല്‍ക്കരണത്തിന്റെ ആനുകൂല്യം മുതലെടുത്തു ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയെ സോഷ്യലിസ്റ്റ് മിതത്വത്തില്‍ നിന്നു കാപിറ്റലിസ്റ്റ് വ്യവസ്ഥയിലേക്കു തള്ളി വിടുകയായിരുന്നു .അതിനെക്കുറിച്ചൊരു സാമ്പത്തികവിശകലനത്തിനോ സ്ഥിതി വിവര പഠനത്തിനോ ഇന്നു വരെ ഒരു ശ്രമവും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം . ഗുരുമൂര്‍ത്തിയുടെ ശ്രമങ്ങള്‍ ഒരു ദാവീദ് - ഗോലിയാത്ത് പോരാട്ടം തന്നെയായിരുന്നു , അതു കൊണ്ടു തന്നെ രാഷ്ട്രീയമായ ഭീഷണികള്‍ ഒരുപാടുണ്ടായി ഒരിക്കല്‍ ഗുരുമൂര്‍ത്തിയെ ഒരു വ്യാജ ആരൊപണത്തിന്മേല്‍ അറസ്റ്റ് ചെയ്യിക്കുക പോലുമുണ്ടായി . 1991 ല്‍ മരിക്കുന്നതു വരെ ഈ പോരാട്ടം തുടര്‍ന്നെങ്കിലും അംബാനിയെ തളര്‍ത്താന്‍ ഗോയങ്കയ്ക്കായില്ല . ആഗോള വല്‍ക്കരണത്തിന്റെ കാലത്തു അംബാനി ആര്‍ക്കും തൊടാനാകാത്തത്ര ഉയരത്തില്‍ ഭരണകൂടങ്ങളെ പോലും ഭരിക്കുന്ന സൂപ്പര്‍ പവര്‍ ആയി മാറിക്കഴിഞ്ഞിരുന്നു .

മുംബെയിലെ ആന്റിലയും ചേരികളും

മുംബെയിലെ ദാരിദ്ര്യത്തിന്റെ പുഴുവരിക്കുന്ന ചേരികള്‍ക്കു ബദലായി ആറായിരം കോടിയുടെ ആന്റിലയുടെ ആഡംബരം ഉണ്ടെന്നു നമ്മള്‍ ലോകത്തിന്റെ മുമ്പില്‍ ഞെളിഞ്ഞു നില്‍ക്കാന്‍ നോക്കുമ്പോള്‍ പണ്ടു തൊഴിലാളികളുടേതായിരുന്ന ചേരികള്‍ വേശ്യകളുടെതും ഗുണ്ടകളുടേതും മാത്രമായിത്തീര്‍ന്ന ഒരു ചരിത്രത്തില്‍ റിലയന്‍സിന്റെ പങ്ക് വിസമരിക്കാനാവില്ല സ്വാതന്ത്ര്യ പൂര്‍വ്വ ഭാരതം മുതല്‍ക്കെ മുംബെയില്‍ ചേരികളുണ്ട് , നിര്‍മ്മാണ തൊഴിലുകള്‍ക്കായി മറ്റു സ്ഥലങ്ങളില്‍ നിന്നു കൊണ്ടു വന്നിരുന്ന തുച്ഛ വേതനക്കാരായ നിര്‍മ്മാണ തൊഴിലാളികളുടെയും കോട്ടണ്‍ മില്‍ ജീവനക്കാരുടെയും അഭയമായിരുന്നു ചേരികള്‍ . അന്നു ചേരികളിലുള്ളവര്‍ വേശ്യകളും ഗുണ്ടകളുമായിരുന്നില്ല ,തൊഴിലാളികളായിരുന്നു . പിന്നീട് 80 കളിലാണ് റിലയന്‍സിന്റെ പോളിസ്റ്റര്‍ വിപ്ലവം കടന്നു വരുന്നത് .കോട്ടണ്‍ മില്ലുകളുടെ ടെക്നോളജി പരാജയപ്പെട്ടതാണ് പോളിസ്റ്റര്‍ വസ്ത്ര വ്യവസായവുമായി പിടിച്ചു നില്‍ക്കാനാവാത്തതെന്ന വിലയിരുത്തലുകള്‍ക്കപ്പുറത്തു റിലയന്‍സിന്റെ പോളിസ്റ്റര്‍ വ്യവസായത്തിനു അന്നത്തെ ഗവണ്മെന്റുകള്‍ അനര്‍ഹവും അസ്വാഭാവികവുമായ ഒരു പാടു ഇളവുകള്‍ നല്‍കിയിരുന്നു , ഇളവുകള്‍ മാത്രമായിരുന്നില്ല റിലയന്‍സിനു വേണ്ടി പ്രത്യേക നിയമ നിര്‍മ്മാണം പോലും നടത്തിയിരുന്നു .പോളിസ്റ്റര്‍ വസ്ത്ര വ്യവസായത്തിലെ അസംസ്കൃത വസ്തുവായ Purified Terephthalic Acid നെ പൊതു ഇറക്കു മതി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി വന്‍ തോതില്‍ നികുതി ഇളവ് ലഭിക്കുന്ന നിയമം അന്നത്തെ രാജീവ് ഗാന്ധി ഗവണ്മെന്റ് ഉണ്ടാക്കിയതു പോലും റിലയന്‍സിനു വേണ്ടി മാത്രമായിരുന്നു . ഇതു നികുതി വരുമാനത്തിന്മേല്‍ രാജ്യത്തിനു വന്‍ നഷ്ടം സൃഷ്ടിച്ചു എന്നു മാത്രമല്ല പോളിസ്റ്റര്‍ വ്യവസായത്തിനു കൃത്രിമമായ മുന്‍ തൂക്കം നല്‍കുന്നതിനും പരുത്തി വസ്ത്ര വ്യവസായത്തെ തകര്‍ക്കാനും വഴി വെച്ചു .അതു കൊണ്ടു തന്നെ ബോംബെയിലെ കോട്ടണ്‍ മില്ലുകളുടേതൊരു സ്വാഭാവിക മൃത്യു ആയിരുന്നില്ല , അതൊരു തരത്തില്‍ പറഞ്ഞാല്‍ റിലയന്‍സിന്റെ വളര്‍ച്ചയ്ക്കു വേണ്ടി നിര്‍മ്മാര്‍ജ്ജനം തന്നെയായിരുന്നു . 90 കളുടെ ആദ്യത്തില്‍ സംഭവിച്ച ആഗോള വല്‍ക്കരണവും നഷ്ടങ്ങള്‍ സൃഷ്ടിച്ച തൊഴിലാളി പ്രശ്നങ്ങളും മൂലം കോട്ടണ്‍ മില്ലുകള്‍ പൂര്‍ണ്ണമായും ഇല്ലാതായി ആ കെട്ടിടങ്ങള്‍ പുറമ്പോക്കിലെ അനാഥമായ കെട്ടിടങ്ങളായിത്തീര്‍ന്നു , തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ ചേരികളുടെ ദാരിദ്ര്യവുമായി സമരസപ്പെട്ടു വേശ്യകളും ഗുണ്ടകളുമായിത്തീരുകയായിരുന്നു .

അതു കൊണ്ടു തന്നെ കോട്ടണ്‍ മില്ലുകളുടേത് സ്വാഭാവിക മരണങ്ങളായിരുന്നില്ല , കുപ്രസിദ്ധമായ ചേരികളുടെ ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും റിലയന്‍സിനു ചെറുതല്ലാത്ത ഒരു പങ്കുണ്ട് .



2005 ല്‍ ഫ്രീ പ്രെസ്സ് ജേണല്‍ എന്ന മാസിക പുറത്തിറങ്ങിയിരുന്നു . അതിന്റെ ആദ്യ ലക്കത്തില്‍ തന്നെ റിലയന്‍സിന്റെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും ഭരണകൂടങ്ങളുടെ നയപരമായ തീരുമാനങ്ങള്‍ റിലയന്‍സിനു അനുകൂലമാക്കുന്ന രാഷ്ട്രീയ ഉപജാപങ്ങളെക്കുറിച്ചും അതു വഴി ഗവണ്മെന്റിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു വിശദമായ പഠനമായിരുന്നു ആ ലക്കം മുഴുവന്‍ . ഓഹരിക്കമ്പോളത്തില്‍ കൃത്രിമമായി ഇടപെടലുകള്‍ നടത്തി അതിന്റെ ഏറ്റക്കുറച്ചിലുകളെ ഫലപ്രദമായി തങ്ങള്‍ക്കനുകൂലമാക്കുന്ന ക്രമക്കേടുകളെക്കുറിച്ചൂ അന്നു തന്നെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു . ഷെല്‍ കമ്പനികളെ ഉപയോഗിച്ചു കൊണ്ടാണ് ഇത്തരത്തില്‍ കൃത്രിമമായി ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കുന്നത് [ A shell company is a company that exists but does not actually do any business or have any assets ]. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു ഡമ്മി കമ്പനി . ഓഹരി വിപണിയില്‍ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കാന്‍ , കള്ളപ്പണം ഒളിപ്പിക്കാന്‍, നികുതി വെട്ടിക്കാന്‍ ഇങ്ങനെ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്താന്‍ ഒരു ഷെല്‍കമ്പനി കൊണ്ടു പോലും സാധ്യമാണ് .ഇത്തരത്തില്‍ നൂറു കണക്കിനു ഷെല്‍ കമ്പനികളായിരുന്നു റിലയന്‍സിനുണ്ടായിരുന്നത് ഇങ്ങനെ . ഒരു രാജ്യത്തിന്റെ ഓഹരി വിപണിയെ മൊത്തമായി തന്നെ നിയന്ത്രിക്കാനും സ്വാധീനിക്കാനും കഴിയും . ഈ നൂറുകണക്കിനു ഷെല്‍ കമ്പനികളുടെ പേരും വിലാസവും അടങ്ങിയതായിരുന്നു ആ ലക്കം ഫ്രീ പ്രസ്സ് ജേണല്‍ . പക്ഷെ എന്തു കൊണ്ടോ മൂന്നു നാലു ലക്കങ്ങള്‍ക്കപ്പുറം ആ പ്രസിദ്ധീകരണം തുടര്‍ന്നില്ല .

നാട്ടുമ്പുറത്തു ഒരു ചൊല്ലുണ്ട് അട്ടയുടെ പൊക്കിള്‍ കണ്ടവന്‍ എന്നു , അതായിരുന്നു അംബാനി . തനിക്കെതിരെയുള്ള ഏതു ആരൊപണങ്ങളെയും നീക്കങ്ങളെയും എങ്ങനെ ഇല്ലാതാക്കണമെന്നു അംബാനിക്കറിയാമായിരുന്നു . കൃഷ്ണ ഗോദാവരി പ്രകൃതി വാതകം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കലഹങ്ങള്‍ക്കു ശേഷമാണ് വൈ എസ് രാജ ശേഖര റെഡ്ഡി ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത് , അതു പോലെ തന്നെ അരുണാചല്‍ പ്രദേശിലെ ജല വൈദ്യുത പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ അവിടെ സംരംഭകരായ സ്വകാര്യ കമ്പനികളില്‍ നിന്നു പദ്ധതികള്‍ റദ്ദ് ചെയ്യുമെന്നു താക്കീതു നല്‍കിയതിനു പിന്നാലെയാണ് മുഖ്യുമന്ത്രി ഡോര്‍ജി ഖണ്ടുവും വൈ എസ് രാജശേഖര റെഡ്ഡിയെ പോലെ സമാനമായ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ പെടുന്നതു , എല്ലാം യാദൃശ്ചികമാകാം പക്ഷെ എല്ലാ യാദൃശ്ചികതകളും അനുഗ്രഹമാകുന്ന , തൊട്ടതെല്ലാം പൊന്നാക്കുന്ന മിഡാസ് ആണ് അംബാനിമാര്‍ .





പ്രതിച്ഛായ സൃഷ്ടിക്കാനും തങ്ങള്‍ നല്‍കിയ നേട്ടങ്ങളും സംഭാവനകളും കൊണ്ടാണ് ഇന്‍ഡ്യയെന്ന രാജ്യം നില നില്‍ക്കുന്നതെന്നും സ്ഥാപിക്കാനായി ഒരു പാടു പണവും ഗവണ്മെന്റ് പ്രചരണങ്ങളും സംഘടിപ്പിക്കുന്നവരാണ് അംബാനിമാര്‍ . വലിയ രാഷ്ട്രീയവും സാമൂഹ്യ നീതിയുമെല്ലാം പറയുന്ന മണി രത്നം പോലും ഗുരു എന്ന സിനിമയിലൂടെ സൃഷ്ടിച്ച കള്ളത്തരവും ആ പ്രചരണമാണ് . കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി എന്നൊക്കെ നമുക്കു വെറും വാക്കില്‍ പറഞ്ഞു പോകാം അതില്‍ വലിയ ഗൌരവമൊന്നും കൊടുക്കണ്ട പക്ഷെ കളവും വഞ്ചനയും രാജ്യദ്രോഹവും നടത്തി അതിന്റെ നെറുകയില്‍ സിംഹാസനമുറപ്പിച്ചിരിക്കുന്ന ഒരു കുടുംബ വ്യവസായമാണ് ഇന്ന് ബിസിനസ്സ് സ്കൂളുകളില്‍ മാതൃകാ കേസ് സ്റ്റഡികളായി പരിഗണിക്കുന്നത് . എന്റര്‍പ്രനര്‍ ഷിപ്പിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ധീരു ഭായി അംബാനിയുടെയും മക്കളുടെയും കഥകള്‍ വാഴ്ത്തി വിവരിക്കുമ്പോളും ഒരു ഇന്‍ഡ്യക്കാരന്‍ ലോകത്തെ ഒന്നാം നമ്പര്‍ സമ്പന്നനായതില്‍ അഭിമാന വിജൃംഭിതരാകുമ്പോഴും അവര്‍ രാജ്യത്തോടും ജനങ്ങളോടും ചെയ്തതും ചെയ്യുന്നതും കൂടി ഓര്‍ക്കേണ്ടിയിരിക്കുന്നു .



അവലംബം .

1. The Polyester Prince: The Rise of Dhirubhai Ambani“

2. പരിണാമത്തിന്റെ ഭൂതങ്ങള്‍ - ആനന്ദ്

3.free pres Journal



Saturday, 11 June 2011

ഭാഷാ മൌലിക വാദത്തിന്റെ പ്രതിസന്ധികള്‍


ആറുമലയാളിക്കു നൂറുമലയാളം
അരമലയാളിക്കുമൊരു മലയാളം
ഒരുമലയാളിക്കും മലയാളമില്ല"
കുഞ്ഞുണ്ണി മാഷ്

സംസ്കാരവും ഭാഷയും നിയന്ത്രിതമായ അതിര്‍ത്തിവരകള്‍ക്കുള്ളില്‍ ബന്ധിച്ചിടുകയും അന്യന്റേതിനെ ശത്രുവാക്കുന്ന നയം സ്വീകരിക്കുകയും ചെയ്യുന്ന സങ്കുചിതത്വമാണ് എല്ലാ കലഹങ്ങളുടെയും മൂലകാരണം . ഏതൊരു വിശ്വാസമാകട്ടെ സംസ്കാരമാകട്ടെ അതെത്ര തന്നെ ശ്രേഷ്ഠമായിരുന്നാലും അതു നിര്‍ബന്ധിതമാക്കുകയെന്ന നടപടിയിലൂടെ സ്വയം സങ്കുചിതമാവുക എന്ന പ്രക്രിയയ്ക്കാണ് നാന്ദി കുറിക്കുന്നത് . ഏതു നാട്ടില്‍ ചെന്നാലും അവിടത്തുകാരനാകുന്ന , ആ ഭാഷ സ്വായത്തമാക്കുന്ന , അവരുടെ സംസ്കാരം അനുകരിക്കുന്ന ഒരു ജീന്‍ മലയാളിയിലുണ്ട് അതു അതിജീവനത്തിന്റെ തത്വശാസ്ത്രമാണ് .


കഴിഞ്ഞ കുറെ ദിവസങ്ങളായി വമ്പിച്ച പ്രചരണ പരിപാടികളും സമരാഹ്വാനങ്ങളുമൊക്കെയായി സാംസ്കാരിക കേരളത്തില്‍ മലയാളം മുമ്പെങ്ങുമില്ലാത്ത വിധം വലിയ വിഷയമായിതീര്‍ന്നിരുന്നു . മലയാളം ഒന്നാം ഭാഷയായി സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കാനുള്ള ഒരു പദ്ധതിയെ തല്പര കക്ഷികള്‍ തുരങ്കം വെച്ചെന്നായിരുന്നു പ്രചരണം .എങ്ങും മലയാള ഭാഷാ പ്രേമികളുടെ ആഹ്വാനങ്ങള്‍ അരങ്ങു തകര്‍ത്തു , ഭാഷാപ്രേമം മൂത്ത് ആരെങ്കിലും ആത്മഹത്യ ചെയ്തെക്കുമെന്നു പോലും തോന്നിപ്പോയി , ഇപ്പോള്‍ മലയാ‍ളികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ സാംസ്കാരിക പ്രശ്നമാണ് മലയാള ഭാഷ നിര്‍ബന്ധമാക്കാത്തത് , നിര്‍ബന്ധമാക്കിയാലുടന്‍ തന്നെ ഭാഷ അതി ശക്തമായി തിരിച്ചു വരും !!! .

എങ്ങും വലിയ വൈകാരിക പ്രകടനങ്ങളായിരുന്നു . മലയാളം അമ്മയാണ് , അമ്മൂമ്മയാണ് എന്നു വേണ്ടാ ഇനി പറയാന്‍ ബാക്കിയൊന്നുമില്ല . മലയാളത്തെ പ്രാണനെക്കാള്‍ സ്നേഹിക്കുന്ന സാംസ്കാരിക നായകരുടെയും സാഹിത്യകാരന്മാരുടെയുമൊക്കെ നിരാഹാര ഭീഷണികളും പ്രക്ഷോഭാഹ്വാനങ്ങളും , അത് മനസ്സാവരിച്ചു കൊണ്ടു മലയാള ഭാഷാപ്രേമികള്‍ ഒന്നടങ്കമേറ്റെടുത്തതു കൊണ്ടു മലയാളം ഇപ്പോള്‍ ഒന്നാം ഭാഷയാണ് . ആനന്ദലബ്ദിക്കിനിയെന്തു വേണം ?

ഓ എന്‍ വി കുറുപ്പിന് നിരാഹാരം കിടക്കേണ്ടി വന്നില്ല , സുഗതകുമാരിയ്ക്കു മൃതപ്രായയായ അമ്മമലയാളത്തെക്കുറിച്ചു കവിതയെഴുതേണ്ടിയും വന്നില്ല അതിനു മുമ്പെ അബ്ദുറബ്ബ് തീരുമാനം മാറ്റി അല്ലെങ്കില്‍ തന്നെ മാപ്പള വിദ്യാഭ്യാസ മന്ത്രിമാരെ കേരളത്തിനത്ര പഥ്യമല്ല ആ ഒരു മോശപ്പേര് ഇനി കൂട്ടേണ്ടെന്ന് കരുതിയിട്ടാവും . പൂര്‍വ്വസൂരികളുടെ പുണ്യം അല്ലാതെന്താ പറയുക ? . മലയാളത്തിന്റെ പവിത്രത കളങ്കപ്പെടുത്താതിരിക്കാന്‍ ഓ എന്‍ വിയും സുഗതകുമാരിയുമടക്കമുള്ള ഭാഷാപ്രേമികള്‍ സ്വന്തം മക്കളെയും ചെറുമക്കളെയുമൊക്കെ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിപ്പിച്ചതും പഠിപ്പിക്കുന്നതും

ലോകഭക്ഷ്യ സുരക്ഷയ്ക്കായി ഇന്‍ഡ്യയടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളിലെ ദരിദ്ര ജനങ്ങള്‍ ഭക്ഷണം കുറക്കേണ്ടതുണ്ട് എന്ന അമേരിക്കയുടെ തിട്ടൂരം പോലെ മലയാള ഭാഷ നില നില്‍ക്കണമെങ്കില്‍ സര്‍ക്കാര്‍ സ്കൂളിലെ ദരിദ്ര നാരായണന്മാരുടെയും ഇടത്തരക്കാരുടെയും കുട്ടികള്‍ മലയാളം നിര്‍ബന്ധമായും ഒന്നാം ഭാഷയായി പഠിച്ചു അനുപാതം നില നിര്‍ത്തേണ്ടതുണ്ട് എന്നാണ് സാംസ്കാരിക മാടമ്പികളുടെ ഈ ആവശ്യം , കമ്പ്യൂട്ടര്‍ പഠനത്തിനായുള്ള സമയമാണ് മലയാള പഠനത്തിനായി മാറ്റിവെച്ചിട്ടുള്ളതെന്നറിയുന്നു ,സ്കൂളിലല്ലാതെ കമ്പ്യൂട്ടര്‍ കാണാത്ത ലക്ഷക്കണക്കിനു കുട്ടികള്‍ക്കാണ് ഈ പുത്തന്‍ നിയമം പ്രാവര്‍ത്തികമാവുക .ദരിദ്രന്മാര്‍ കൂടുതല്‍ ദരിദ്രരാവുകയും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയും ചെയ്യും എന്ന കാപ്പിറ്റലിസ്റ്റ് തത്വം പോലെ ബൂര്‍ഷ്വാ കുട്ടികള്‍ കൂടുതല്‍ ബൂര്‍ഷ്വകളാവുകയും കണ്ട്രികുട്ടികള്‍ കൂടുതല്‍ കണ്ട്രികളാവുകയും ചെയ്യും .

ഒന്നോ രണ്ടോ പിരീഡുകള്‍ മാതൃഭാഷയ്ക്കായി മാറ്റി വെക്കുന്നതിലെന്താണ് തെറ്റെന്നു ചോദിച്ചാല്‍ ഒരു തെറ്റുമില്ല . പക്ഷെ ഈ നിര്‍ബന്ധിത പഠനമെന്ന വാദം ഉയര്‍ത്തുന്നത് നാം ചിലപ്പോഴെങ്കിലും അസഹിഷ്ണുതയോടെ തമിഴനെയും മറാത്തിയെയും പരിഹസിച്ചു പോരുന്ന അതേ ഭാഷാ മൌലികവാദമാണ് എന്നുള്ളത് ഗൌരവമര്‍ഹിക്കുന്ന വസ്തുതയാണ് .അത്തരത്തിലുള്ള ഭാഷാ മൌലിക വാദം തന്നെയാണീ നിര്‍ബന്ധിത പഠിപ്പീര് - നവ നിര്‍മ്മാണ്‍ സേനയെയും പാണ്ടിയെയും തെറി പറഞ്ഞിട്ട് നമ്മളത് തുടരുന്നതിലൊരനൌചിത്യമുണ്ട് . മറാത്തി ഭാഷയ്ക്കു ഹിന്ദിയില്‍ നിന്ന് നേരിടുന്ന ഭീഷണി വലുതാണ് എന്നിട്ടും നവനിര്‍മ്മാണ്‍ സേന അത്തരമൊരു വാദഗതിയുന്നയിക്കുമ്പോള്‍ നമ്മള്‍ മൌലികവാദമായി കാണുന്നു . അതിലുപരി തമിഴനും മറാത്തിയുമെല്ലാം അവരുടെ ഭാഷാപ്രേമത്തിനപ്പുറത്തു ഒരു ദേശീയതാ വാദം ഉയര്‍ത്തുന്നുണ്ട് . തമിഴന്റെ, മറാത്തിയുടെ , തെലുങ്കന്റെ ഒക്കെ ഭാഷാപ്രേമത്തിന് അവരുടെ ദേശീയത എന്ന കടുത്ത കാരണമുണ്ട് നമ്മള്‍ മലയാളിക്കൊരു മലയാളി ദേശീയത അവകാശപ്പെടാനുണ്ടോ ? നമ്മള്‍ മലയാളികള്‍ ആഗോള ഉല്‍പ്പന്നങ്ങളാണ് .മലയാളികളെക്കുറിച്ച് പലരും പറഞ്ഞ് പഴകിയ ഒരു ഫലിതമുണ്ട് - ചന്ദ്രനില്‍ ചെന്നാലും അവിടെയൊരു മലയാളി കൈലി മുണ്ടും സാന്റോ ബനിയനുമിട്ട് ചായക്കട നടത്തുന്നുണ്ടാവുമെന്ന് , ലോകത്തിന്റെ ഏത് കോണിലും ഒരു മലയാളിയുണ്ട് , സംസ്കാരം , ഭാഷ ഇതെല്ലാം ഗൃഹാതുരതയോടെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നാടിന്റെ നന്മകളെക്കുറിച്ച് വാചാലനാവുന്ന ഒരു മലയാളി . ചിലപ്പോള്‍ അവന്‍ മല്ലു എന്ന് വിളിക്കപ്പെടുന്നു , ചിലയിടങ്ങളില്‍ അവന്‍ മലബാറിയാണ് , മറ്റ് ചിലരവനെ ‍ മദ്രാസ്സിയുമാക്കുന്നു .ഏതു നാട്ടില്‍ ചെന്നാലും മലയാളിയുടെ സ്വത്വം നില നില്‍ക്കുന്നത് സങ്കുചിതമാക്കാത്ത ഒരു സംസ്കാരം അവനില്‍ അവശേഷിക്കുന്നതു കൊണ്ടു കൂടിയാണ് .

ഫ്രാന്‍സും ചൈനയും ജപ്പാനുമെല്ലാം അവരുടെ ഭാഷയില്‍ തന്നെയാണ് സാങ്കേതിക വിദ്യാഭ്യാസം ചെയ്യുന്നല്ലോ പിന്നെയെന്തു കൊണ്ടു മലയാളിക്കായിക്കൂടാ എന്ന എന്ന താരതമ്യം യുക്തിരഹിതമായൊരു വാദഗതിയാണ് . സ്വയം പര്യാപ്തത സ്വപ്നം കാണാനല്ലാതെ അതിനുള്ള സ്രോതസ്സുകള്‍ ഉല്പാദിപ്പിച്ചെടുക്കാന്‍ പ്രാപ്തിയില്ലാത്ത ജനത ആന മുക്കുന്നത് കണ്ടു അണ്ണാന്‍ മുക്കുന്നത് പോലെയെ ആകൂ , ആഗോള വല്‍ക്കരണത്തിന്റെ സാഹചര്യങ്ങളും അവസ്ഥകളും സ്വയം പര്യാപ്തരല്ലാതെയാക്കി മാറ്റിയ ഒരു ജനതക്കു അതിജീവനം തന്നെയാണ് മുഖ്യം , അതിനാണവന്റെ പ്രയാണങ്ങളും പലായനങ്ങളും . അതിനിടയ്ക്കാണ് ഓടണ പശൂന്റെ കുണ്ടിക്കൊരു കുത്തെന്ന് പറഞ്ഞ കണക്കിനൊരു ഭാഷാപ്രേമം .


every action has an equal and opposite reaction എന്നു ന്യൂട്ടണ്‍ പറഞ്ഞത് ഭൌതിക ശാസ്ത്രത്തിനു മാത്രമല്ല എല്ലാ വിഷയങ്ങള്‍ക്കും ബാധകമാണ് .മലയാളം നിര്‍ബന്ധിത ഭാഷയാക്കിയതിന്റെ അനുരണനമെന്നോണം കര്‍ണ്ണാടകയില്‍ കന്നഡ നിര്‍ബന്ധിതമാക്കാന്‍ തുടങ്ങുന്നു . കര്‍ണാടകയില്‍ സ്ഥിര താമസമാക്കാന്‍ ഉദ്ദേശിക്കുന്ന അയല്‍ സംസ്ഥാനക്കാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ കന്നട പഠിക്കണമെന്ന് നിര്‍ദേശം. സര്‍ക്കാറിന് കീഴിലുള്ള കന്നട വികസന അതോറിറ്റിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഇതു നടപ്പിലായാല്‍ മലയാളികളടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ പ്രതിസന്ധിയിലാകും. കന്നട ഭാഷയെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ രൂപവത്കരിച്ചതാണ് കന്നട വികസന അതോറിറ്റി. ജോലി ആവശ്യവും മറ്റുമായി കര്‍ണാടകയിലെത്തുന്ന അയല്‍ സംസ്ഥാനക്കാര്‍ സ്ഥിരമായി താമസിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കന്നട എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണമെന്നും ഇത് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്നുമാണ് കന്നട വികസന അതോറിറ്റിയുടെ നിര്‍ദ്ദേശം . കാസര്‍ഗോടിനെ മലയാളം നിര്‍ബന്ധമാക്കുന്നതില്‍ നിന്നും ഒഴിവു നല്‍കണമെന്നു അവര്‍ ഇതോടൊപ്പം ആവശ്യപ്പെടുന്നുമുണ്ട് .

ഇനി തമിഴനും തെലുങ്കനും മറാത്തിയും എല്ലാം അവിടെ ജീവിക്കുന്ന എല്ലാവരും നിര്‍ബന്ധമായും തദ്ദേശ ഭാഷയും സാഹിത്യവും പഠിച്ചിരിക്കണമെന്നു കല്പന പുറപ്പെടുവിക്കട്ടെ ,അവിടെ കുടിപാര്‍ക്കുന്ന മലയാളി പരിഷകളെങ്ങനെ പ്രതിഷേധിക്കും ?. സംവരണമെന്നത് ഏതെങ്കിലും രീതിയില്‍ അവഗണന നേരിട്ടതു കൊണ്ട് അവശതയനുഭവിക്കുന്നവര്‍ക്കുള്ള സാമൂഹിക - സ്വാഭാവിക നീതി ആണ് . ഒരു പ്രദേശത്തിന്റെ , ഒരു ജനതയുടെ സംസാര - ഭാഷയോ സാഹിത്യ ഭാഷയോ ആയി നില നില്‍ക്കുന്ന ഒരു ഭാഷയ്ക്കു സംവരണം ആവശ്യമില്ല . അങ്ങനെ വേണമെന്നുള്ളത് തീര്‍ത്തും ഉപരിപ്ലവമായ വാദഗതിയാണ് .3 കോടി വരുന്ന ഒരു ജനതയുടെ ഭാഷയ്ക്കു എന്നിട്ടും അതിജീവിക്കാന്‍ സാധിക്കുന്നില്ല എന്നാണെങ്കില്‍ അതു അനിവാര്യമായ സ്വാഭാവിക മൃതി ആണെന്നു കരുതുകയാവും ന്യായം . അടിച്ചേല്‍പ്പിക്കുന്ന എന്തും കാലഹരണപ്പെട്ടു പോവുകയെ ഉള്ളൂ .എനിക്കിതു പറയാന്‍ അവകാശമുണ്ട് കാരണം ഞാന്‍ ഒന്നാം ഭാഷയായി മലയാളം പഠിക്കാത്ത ഒരാളാണ് എന്നിട്ടും എനിക്കു ഏതൊരു മലയാളം ബിരുദധാരിയെക്കാളും നന്നായി മലയാളം പ്രയോഗിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുള്ളത് സംവരണമില്ലാതെ , നിര്‍ബന്ധമില്ലാതെ തന്നെ ആ ഭാഷയെ സ്നേഹിക്കുന്നതു കൊണ്ടാണ് .

എല്ലാത്തരം മൌലികവാദങ്ങളും ആരംഭിക്കുന്നത് അവനവന്‍ വിശ്വസിക്കുന്ന ആശയത്തോടോ പ്രസ്ഥാനത്തോടൊ ഉള്ള തീവ്രമായ അഭിനിവേശമുള്ളതു കൊണ്ടാണ് . തന്റെ ഭാഷയെ സ്നേഹിക്കുന്നതില്‍ തെറ്റില്ല പക്ഷെ അതു നിര്‍ബന്ധിതമാക്കുന്നതിലൂടെ അതിന്റെ മഹത്വം അവിടെ ഇല്ലാതാകുന്നു .




Tuesday, 24 May 2011

കനിമൊഴിയുടെ കവിതകള്‍ .


ബോണി ചേംബര്‍ലൈന്റെ പ്രസിദ്ധമായ ഒരു കഥയുണ്ട് . ഒരു ചിത്രകാരന്‍ യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു ചിത്ര പരമ്പര തയ്യാറാക്കുകകയായിരുന്നു. ആ ചിത്രം അയാളുടെ ജീവിതത്തിലെ ഏറ്റവും മികച്ച രചന ആയിരിക്കണമെന്നുള്ള നിര്‍ബന്ധബുദ്ധി കാരണം മോഡലുകളുടെ മുഖഭാവത്തിന്റെ കാര്യത്തില്‍ ചിത്രകാരന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു .ഉണ്ണിയേശുവിന്റെയും യൂദാസ്സിന്റെയും മുഖമായിരുന്നു ഏറെ പ്രാധാന്യമുള്ളത് .ഉണ്ണിയേശുവിന്റെ കാരുണ്യവും നിഷ്കളങ്കതയും നിറഞ്ഞ മുഖം അയാളാഗ്രഹിച്ചതു പോലെ തന്നെ കിട്ടി . ചിത്ര പരമ്പരയിലെ അവസാന ചിത്രം യൂദാസ്സിന്റേതായിരുന്നു . പക്ഷെ യൂദാസ്സിന്റെ മുഖത്തിനായി പലരെയും പരിഗണിച്ചെങ്കിലും ചിത്രകാ‍രന്റെ മനസ്സിലുള്ള ഭാവമായി ഒത്തുപോകുന്നില്ലായിരുന്നു .ചിത്രകാരന്‍ അത്തരമൊരു മുഖത്തിനായി കാത്തിരിക്കാന്‍ തന്നെ തീരുമാനിച്ചു .ഓരോ തെരുവിലും അയാള്‍ ആ മുഖം തേടി അലഞ്ഞു .അങ്ങനെ നീണ്ട വര്‍ഷങ്ങളുടെ തിരച്ചിലിന് ശേഷം ഒരു ചൂതാട്ടകേന്ദ്രത്തില്‍ വെച്ച് ചിത്രകാരന്‍ തന്റെ മനസ്സിലെ യൂദാസ്സിനെ കണ്ടെത്തുന്നു .കുടിലതയും ക്രൌര്യവും നിറഞ്ഞ ഒറ്റുകാരന്റെ അതേ മുഖം -.യൂദാസ്സിന്റെ മോഡലായി ഈ വര്‍ഷങ്ങളത്രയും ചിത്രകാരന്‍ അലഞ്ഞതു ഈ മുഖത്തിന് വേണ്ടിയായിരുന്നു .ചിത്രകാരനോട് യൂദാസ്സിന്റെ മുഖമുള്ള ആ ചൂതാട്ടക്കാരന്‍ ചോദിച്ചു - ചിത്രകാരാ അങ്ങേക്കെന്നെ ഓര്‍മയുണ്ടോ കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ണിയേശുവിന്റെ നിഷ്കളങ്കതയും ജ്യോതിസ്സും നിറഞ്ഞ മുഖം വരക്കാനായി എന്നെ തന്നെയാണ് അങ്ങ് തിരഞ്ഞെടുത്തത് !!!

2 ജി അഴിമതിക്കേസില്‍ അറസ്റ്റിലായ കനിമൊഴിയുടെ ദയനീയമായ മുഖം എന്നില്‍ ഓര്‍മ്മപ്പെടുത്തിയത് ബോണി ചേംബര്‍ ലൈന്റെ ഈ കഥ തന്നെയാണ് .കവയത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായി ദ്രാവിഡ സാംസ്കാരിക മണ്ഡലത്തില്‍ നിറഞ്ഞു നിന്നിരുന്ന കനിമൊഴി വളരെ പെട്ടെന്നു തന്നെ അഴിമതിയുടെയും മനുഷ്യദുരാഗ്രഹങ്ങളുടെയും പ്രതീകമായി മാറുമ്പോള്‍ അതു കാലത്തിന്റെ സ്വാഭാവിക പരിണാമം മാത്രമായിത്തീരുന്നു .കരുണാ നിധിയുടെ ചിന്നവീടു സന്താനമായ കനിമൊഴി അധികാരരാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളിലെ വില പേശലിലൊന്നും ഭാഗഭാക്കായിരുന്നില്ല. രാജ്യ സഭാംഗമായതോടെയാണ് രാഷ്ട്രീയത്തിന്റെ വെള്ളിവെളിച്ചത്തില്‍ കനിമൊഴി കൂടുതല്‍ ശ്രദ്ധാ കേന്ദ്രമായി മാറുന്നത് .ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ആണ്ടിപ്പട്ടി അരസിയല്‍ വാദികളില്‍ നിന്നു സാമാന്യ വിവരമോ വിദ്യാഭ്യാസമോ ഉള്ള ഒരാളെ ലോക്സഭയിലേക്കോ രാജ്യസഭയിലേക്കോ അയക്കുക എന്നത് അല്പം ആയാസം നിറഞ്ഞ അധ്വാനമാണ് .കരുണാ നിധിയുടെ മൂത്ത പുത്രനായ‍ അഴഗിരിയെ ലോകസഭ കാണിച്ചിട്ടു ഇംഗ്ലീഷോ ഹിന്ദിയോ അറിയാത്ത ആ അണ്ണന്‍ ലോക് സഭ കയറാറോ അവിടെയെന്തു സംഭവിക്കുന്നു എന്നറിയാനോ മുതിര്‍ന്നില്ല . ഹിന്ദു പത്രത്തിലെ സബ് എഡിറ്ററായിരുന്ന കനിമൊഴി അത്തരമൊരു സാഹചര്യത്തിലാണ് രാജ്യസഭാംഗമായി മാറുന്നതും വിലപേശല്‍ രാഷ്ട്രീയത്തിമെന്ന വ്യവസ്ഥാപിത ശൃംഘലയിലെ പ്രധാന കണ്ണിയായി പരിണമിക്കുന്നതും അതിനു ശേഷം സംഭവിച്ചതു ചരിത്രം .

കനിമൊഴി കവിയാ‍യതു കൊണ്ടോ സാമൂഹ്യ പ്രവര്‍ത്തകയായതു കൊണ്ടോ ഉള്ള അനുതാപത്താല്‍ യാതൊരു വൈകാരിക പിന്തുണയും അവര്‍ അര്‍ഹിക്കുന്നില്ല. വിതച്ചതു കൊയ്തു എന്ന പതിവ് വാക്യം മാത്രം ഇവിടെയും പറയാം . പക്ഷെ അപ്പോഴും വലിയ വിതക്കാരൊക്കെ ഇപ്പോഴും വിതച്ചു കൊണ്ടു കൃഷി തുടരുന്നു . അടിയാളന്മാരെക്കൊണ്ടു വിത്തിറക്കി , കളത്തിന് പുറത്തു മാടമ്പി ചമഞ്ഞിരിക്കുന്ന മാന്യനായ പ്രധാനമന്ത്രിയടക്കമുള്ളവരെക്കൂടി കൂടെ ഈ കളികളുടെ അന്ത്യത്തില്‍ കാണാന്‍ കഴിയട്ടെ എന്നു മാത്രം ആഗ്രഹിക്കുന്നു .

കനിമൊഴി കൂട്ടിലാവുമ്പോള്‍ കാവ്യലോകത്തിന് അതൊരു തീരാനഷ്ടമൊന്നുമല്ല .പക്ഷെ അവര്‍ നല്ലൊരു കവയത്രിയായിരുന്നു .അഴിമതിയോ സ്വജനപക്ഷപാതമോ ദുരയോ കവിത്വത്തെ സ്വാധീനിക്കുമോ എന്നറിയില്ല .കവിത്വത്തിന് മാനുഷിക മൂല്യങ്ങള്‍ ആവശ്യമാണെന്നു ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മാനുഷിക ഭാവങ്ങളില്‍ നിന്നു നിന്നു സ്വാര്‍ത്ഥതയും ദുരാഗ്രഹവും ആരാണ് ഒഴിവാക്കിയത് എന്ന മറുചോദ്യം ബാക്കിയാകുന്നു .മനുഷ്യഭാവങ്ങത്തിന്റെ ഏറ്റവും അടിസ്ഥാനഭാവം സ്വാര്‍ത്ഥതയും ദുരയും തന്നെയുമാണ് എന്ന് എല്ലാ ഇതിഹാസങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട് .സാഹിത്യകാരനും സാഹിത്യവും എന്നീ ദ്വന്ദ്വങ്ങള്‍ എപ്പോഴും സമാന്തരമായി സഞ്ചരിച്ചു കൊള്ളണമെന്നുള്ള നിര്‍ബന്ധ ബുദ്ധി അനുവാചകന്‍ സ്വീകരിച്ചാല്‍ അതില്‍ നിരാശ മാത്രമായിരിക്കും ഫലം .

80 കളിലെ യുവത്വത്തെ മയക്കുമരുന്നിലേക്കും അരാജകത്വത്തിലേക്കും നയിച്ച സാഹിത്യകാരനാണ് എം മുകുന്ദനെന്നു സുഹൃത് സദസ്സുകളിലെ ചര്‍ച്ചാ വട്ടങ്ങളില്‍ പലരും ആരോപിക്കാറുണ്ടായിരുന്നു .പക്ഷെ ഈയടുത്തു പുനത്തില്‍ കുഞ്ഞബ്ദുള്ള ഒരഭിമുഖത്തില്‍ പറഞ്ഞത് എം മുകുന്ദന്‍ രണ്ടു പെഗ് തികച്ചു കഴിക്കാ‍ന്‍ നില്‍ക്കാത്ത ആളാണെന്ന്.ഓ വി വിജയന്‍ എട്ടുകാലിയെക്കണ്ടാല്‍ ഭയന്നു വിറക്കുന്നത്ര ദുരബലനായിരുന്നു എന്ന അറിവിനെ ധര്‍മ്മപുരാണത്തിന്റെ ധീരോദാത്തമായ ആഖ്യാനവുമായി താരതമ്യപ്പെടുത്തി വായിക്കാനാരും തുനിഞ്ഞില്ല എന്നു മാത്രമല്ല ഭരണകൂട ഭീകരതക്കെതിരെ എക്കാലത്തെയും ക്ലാ‍സ്സിക്കായി ധര്‍മ്മപുരാണം വായിക്കപ്പെടുന്നു.സ്നേഹത്തെക്കുറിച്ച് കവിതകളെഴുതിയ അമേരിക്കന്‍ കവി എസ്രാപൌണ്ട് പരസ്യമായ ജൂതവിരോധം പ്രകടിപ്പിച്ചിരുന്ന സാഹിത്യകാരനായിരുന്നു . മാര്‍ക് ട്വയിന്‍ സ്വവര്‍ഗ്ഗ രതിക്കാരനായിരുന്നു എന്നതു കൊണ്ടു ഒരു മാതാ പിതാക്കളും ഹക്കിള്‍ ബറി ഫിന്നും ടോം സോയറും കുട്ടികളില്‍ നിഷേധിച്ചിട്ടില്ലല്ലോ .വായനക്കാരന് എഴുത്തുകാരന്റെ സ്വഭാവ വൈശിഷ്ട്യത്തില്‍ അശേഷം താല്പര്യമില്ല അവരുടെ സര്‍ഗ്ഗാത്മകതയെ , വാക്കുകളുടെ മാസ്മരിക ഭാവത്തെയാണ് അനുവാചകനാവശ്യം .എഴുത്തുകാരന്റെ സാമൂഹ്യ പ്രതിബദ്ധത എപ്പോഴുമൊരു ബോണസ്സായി മാത്രം കരുതാനെ നമുക്കവകാശമുള്ളൂ . സാമൂഹ്യ പ്രതിബദ്ധതയുടെ മാനകമുപയോഗിച്ചു എഴുത്തുകാരനെ അളക്കുമ്പോള്‍ അടിയന്തിരാവസ്ഥാ കാലത്ത് മൌനം ഭജിച്ച , മാളങ്ങളിലൊളിച്ച എല്ലാ എഴുത്തുകാരെയും നമ്മള്‍ ബഹിഷ്കരിക്കേണ്ടതായി വരും .

കനിമൊഴി ഇരുമ്പഴിക്കുള്ളിലാകട്ടെ , വിചാരണകള്‍ നടക്കട്ടെ നീതിയും നിയമവും അതിന്റെ വ്യവഹാരങ്ങളില്‍ വിഹരിക്കട്ടെ .കവിതകളെയും വാക്കുകളെയും നമുക്കു വെറുതെ വിടാം .മുമ്പെങ്ങോ വായിച്ച ചില കനിമൊഴികവിതകള്‍ അവ്യക്തമായ ഓര്‍മ്മയില്‍ നിന്നും ലഭിക്കാതെ പോയെങ്കിലും തിരച്ചിലിന്റെ ചില തുരുത്തുകളില്‍ നിന്നു കണ്ടെടുത്ത ചിലത്.


.ഗര്‍ഭപാത്രത്തിന്‍ ഗന്ധം

അച്ഛന്‍ പറഞ്ഞതിനാല്‍
സ്കൂളില്‍ പോയി
തല ചീവി
ചില കൂട്ടുകാരെ വിലക്കി
ഉടുപ്പിട്ടു, പല്ലു തേച്ചു, പ്രാര്‍ത്ഥിച്ചു
കല്യാണം കഴിച്ചു
കാത്തിരിക്കുന്നു ..
എന്റെ ഊഴം വരുമെന്ന്.


കനിമൊഴി കവിതകള്‍


മുറുകെ പിടിക്കാന്‍
ഒരു സ്വര്‍ഗം
ആവശ്യമില്ല.
എനിക്കു പരിചയമുള്ളത്,
ഭൂമിയെ മാത്രമാണ്



സ്നേഹം .


എന്റെ പ്രണയത്തെപ്പറ്റി
അഭിമാനിക്കാന്‍ ഒന്നുമില്ല
ശ്വാസത്തെക്കുറിച്ച് വിശദീകരിക്കാന്‍
എന്താണുള്ളത്

ഈ കവിതകള്‍ ചവറ്റുകുട്ടയിലോ ഹൃദയത്തിലോ എന്നത് അനുവാചകന്റെ മാനസിക നിലയ്ക്കായി വിട്ടുകൊടുക്കുന്നു.



ഉപദംശം .


തമിഴ് ഭാഷയിലെ ചില ഓണ്‍ ലൈന്‍ ഫോറങ്ങളില്‍ നിന്നും തമിഴ് ബ്ലോഗുകളില്‍ നിന്നും കിട്ടിയ ചില കവിതകള്‍ സുഹൃത്തായ മനോജ് ആറ്റിങ്ങല്‍ ഒരു പരിഭാഷകന്റെ സ്വാതന്ത്ര്യം ഉപയോഗിച്ചു കൊണ്ടു വിവര്‍ത്തനം ചെയ്തതാണ് .പുസ്തകരൂപത്തില്‍ ഇറങ്ങിയതുമായി ചിലപ്പോള്‍ വാക്കുകളില്‍ വ്യത്യാസം അനിഭവപ്പെട്ടേക്കാം .പുസ്തകം ലഭ്യമാകാത്തതു കൊണ്ടാണ് നേരിട്ടു വിവര്‍ത്തനമെന്ന സാഹസത്തിന് മുതിര്‍ന്നത് .കറുക്കുന്ന മൈലാഞ്ചി’ ‘കനിമൊഴി കവിതകള്‍’ എന്നിവ മലയാളത്തില്‍ ഇറങ്ങിയ കവിതാ സമാഹാരങ്ങളാണ് .

Sunday, 15 May 2011

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍






ജനങ്ങളുടെ തലയില്‍ ഇടിത്തീ , ഇരുട്ടടി മുതലായ ക്ലീഷെ പ്രയോഗങ്ങള്‍ തലങ്ങും വിലങ്ങും ഉപയോഗിക്കാന്‍ അവസരമൊരുക്കിക്കൊണ്ടു പെട്രോളിന്റെ വില സര്‍വ്വകാല റെക്കൊര്‍ഡായി ഉയര്‍ത്തിയിട്ടുണ്ട് .ബംഗാളിലും കേരളത്തിലും കോണ്‍ഗ്രസ്സിനെ ജയിപ്പിച്ചതിനുള്ള ശിക്ഷയാണെന്ന് പറയുമ്പോഴും ഭരണം കയ്യിലില്ലാത്തതു കൊണ്ടു പ്രക്ഷോഭത്തിന് ഒരല്പം ആവേശം കൂട്ടാമല്ലോ എന്നുള്ള ആശ്വാസമാണ് കമ്യൂണിസ്റ്റുകാര്‍ക്ക്.


കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷം ആഞ്ഞടിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ പെട്രോള്‍ വില വര്‍ദ്ധനവ് തങ്ങളുടെ പക്കലല്ല തങ്ങളീ നാട്ടുകാരല്ല എന്നൊക്കെ ഒരു മുഴം മുന്നെ ധനമന്ത്രി പ്രണബ് മുഖര്‍ജി കൊല്‍ക്കത്തയില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.പ്രണബ് മുഖര്‍ജി പറഞ്ഞതു ശരിയാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ തന്നെ കേന്ദ്രഗവണ്മെന്റ് Price Deregulation പ്രഖ്യാപിച്ചതാണ് . അതായതു പെട്രോളിന്റെ വില നിര്‍ണ്ണയിക്കാനുള്ള അവകാശം ഗവണ്മെന്റില്‍ നിന്നും ഓയില്‍ കമ്പനികള്‍ക്കു നല്‍കി .അതിന്‍പ്രകാരം പെട്രോളിയം കമ്പനികള്‍ക്കാണ് ഓയില്‍ പ്രൈസ് നിശ്ചയിക്കുന്നതിനുള്ള പൂര്‍ണ്ണ അധികാരം .ഇതു അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയെ ആശ്രയിച്ചെന്നാണ് വെയ്പ്പു . അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കൂടിയാല്‍ പെട്രോളിന്റെ വില വര്‍ദ്ധിപ്പിക്കാം പക്ഷെ കുറഞ്ഞാല്‍ അതിന് ആനുപാതികമായി കുറക്കണമെന്നു നിര്‍ബന്ധമില്ല .ഈ പദ്ധതി വളരെ മികച്ച രീതിയില്‍ തന്നെ സ്വകാര്യ - പൊതുമേഖലാ കമ്പനികള്‍ നടപ്പാക്കി വരുന്നതു കൊണ്ട് കഴിഞ്ഞ ഒമ്പതു മാസങ്ങളിലായി ഒമ്പത് തവണയായി 47.93 ല്‍ നിന്നും 65 ലേക്കു ഉയര്‍ത്തിയാണ് അവര്‍ കേന്ദ്രഗവണ്മെന്റിന്റെ ഈ തീരുമാനത്തോടു ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചത് . കഴിഞ്ഞ കുറച്ച് മാസങ്ങള്‍ നിയമ സഭാ തിരഞ്ഞെടുപ്പെന്ന ചക്കരക്കുടം കണ്മുന്നിലുണ്ടായിരുന്നതു കൊണ്ട് ഈ വില കൂട്ടല്‍ മാമാങ്കത്തിനു ഒരല്പം ആശ്വാസമുണ്ടായിരുന്നു .ഇപ്രാവശ്യത്തെ വില കൂട്ടലിന് അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ പ്രൈസുമായി കാര്യമായ ബന്ധമൊന്നുമില്ല , മുമ്പെങ്ങോ ക്രൂഡ് ഓയില്‍ പ്രൈസ് കൂട്ടിയതിന്റെ ഓര്‍മ്മക്കായിട്ടാവണം .


കേന്ദ്ര ഗവണ്മെന്റിലെ അപ്പാവികള്‍ പറയുന്നതു ആഡംബരപ്രിയരായ ജനങ്ങള്‍ക്കു സുഖിക്കാന്‍ പെട്രോളിന് സബ്സിഡി കൊടുത്തു മടുത്തു എന്നൊക്കെയാണ് . ജനങ്ങളുടെ നികുതിപ്പണം ഇങ്ങനെ ആളുകള്‍ക്കു പെട്രോളടിച്ചു കളയാന്‍ സബ്സിഡി കൊടുക്കുന്ന വിഡ്ഡിത്തത്തെക്കുറിച്ചു കോണ്‍ഗ്രസ്സ് ബുദ്ധിജീവികള്‍ [കോണ്‍ഗ്രസ്സില്‍ ബുദ്ധിജീവികളോ ?ന് തല്‍ക്കാലം അല്പം എക്കോണോമിക്സ് ഒക്കെ പറഞ്ഞു ഉമ്മാക്കി കാണിക്കുന്നവരെ ബുദ്ധിജീവികളാക്കി തരം തിരിക്കാം ]വിശകലനം നടത്തിയിട്ടുണ്ട് .ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു , ഇന്ധനഉപയോഗത്തില്‍ മിതവ്യയം പാലിക്കേണ്ടിയിരിക്കുന്നു എന്നൊക്കെയാണ് ഉപദേശങ്ങള്‍ .

മാര്‍ക്കറ്റിങ്ങിന്റെ തത്വങ്ങളിലൊന്നാണ് Demarketing - എന്നു വെച്ചാല്‍ ദുര്‍ലഭമായ വസ്തുക്കള്‍ അധികം ഉപഭോഗം ചെയ്യാതിരിക്കാനുള്ള ഒരു ബോധവല്‍ക്കരണം. മാര്‍ക്കറ്റിങ്ങ് പഠന ഗ്രന്ഥങ്ങളില്‍ Demarketing ന് ഉത്തമോദാഹരണമായി കൊടുക്കുന്നത് പെട്രോളിയം ഉല്‍പ്പന്നങ്ങളാണ്. ഓരോ തുള്ളിയും അമൂല്യമാണെന്ന് പാവപ്പെട്ടവരുടെ ചാനലായ ദൂരദര്‍ശനില്‍ പരസ്യം കാണിക്കുകയും അതിനൊപ്പം തന്നെ കോടിക്കണക്കിന് രൂപ ചിലവഴിച്ചു പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കു പരസ്യം കൊടുക്കുകയും ചെയ്യുന്ന വിരോധാഭാസത്തെ ചിലര്‍ സാമ്പത്തികശാസ്ത്ര തത്വമുപയോഗിച്ച് അനുകൂലിക്കാന്‍ ശ്രമിക്കുന്നതു കണ്ടപ്പോള്‍ സഹതാപം തോന്നി. Price Deregulation പ്രകാരം അന്താരാഷ്ട്ര ക്രൂഡ് ഓയിലിന്റെ വില മാത്രമല്ല സ്വകാര്യ പൊതു മേഖലാ ഓയില്‍ കമ്പനികളുടെ ലാഭ നഷ്ട കണക്കു കൂടി ഈ വിലയെ ബാധിക്കാം. ഒരു പരസ്യം കൊടുക്കാതിരുന്നതു കൊണ്ട് ആരും പെട്രോള്‍ വാങ്ങാതെയൊന്നുമിരിക്കില്ല . പറഞ്ഞു വന്ന സംഗതി ഇതൊന്നുമല്ല പുര കത്തുമ്പോള്‍ വാഴ നടുക , കഴുക്കോല്‍ വലിച്ചൂരുക തുടങ്ങിയ നാടന്‍ കലാപരിപാടികളുടെ അല്പം കൂടി വ്യാപ്തിയുള്ള സംഭവവികാസങ്ങള്‍ അണിയറയില്‍ നടന്നു കൊണ്ടിരിക്കുന്നതിനെക്കുറിച്ചാണ് .

കെയിണ്‍ ഇന്‍ഡ്യാ - വേദാന്ത ലയനം


കഴിഞ്ഞ ദിവസങ്ങളില്‍‍ ദേശീയപത്രങ്ങളില്‍ ഇന്ധന വില വര്‍ദ്ധനവിനെതിരെയുള്ള വ്യാപക പ്രതിഷേധമെന്ന വാര്‍ത്തകള്‍ക്കൊപ്പം തന്നെ ഉള്‍ പേജിലെ വാണിജ്യ കോളങ്ങളില്‍ ‍ 9.6 ബില്ല്യന്റെ കെയിണ്‍ ഇന്‍ഡ്യാ - വേദാന്താ ലയനത്തെക്കുറിച്ച് ചില വാര്‍ത്തകള്‍ കണ്ടിരുന്നു .കെയിണ്‍ എനര്‍ജി ഗ്രൂപ്പ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓയില്‍ പര്യവേക്ഷണ കമ്പനികളിലൊന്നാണ്. ഇന്‍ഡ്യയില്‍ നിന്നാണ് അവരുടെ ഉല്പാദനത്തിന്റെ ഏറിയ പങ്കും .വേദാന്ത ഇന്‍ഡ്യയിലെ കാടും മലയുമൊക്കെ കുത്തകയാക്കി ഖനനം നടത്തുന്ന കുപ്രസിദ്ധമായ ഖനന കമ്പനിയും. രണ്ടു കമ്പനികളുടെ പ്രതിനിധികള്‍ക്കൊപ്പം ലയന ചര്‍ച്ചയുടെ മുന്‍പന്തിയിലുണ്ടായിരുന്നത് മന്ത്രിസഭാ അംഗങ്ങള്‍ അടങ്ങിയ ഒരു പാനലും പ്രധാനമന്ത്രിയുടെ പ്രതിനിധികളും ആയിരുന്നു. രണ്ടു ബഹുരാഷ്ട്രകുത്തകകളുടെ ലയന ചര്‍ച്ചയില്‍ ഗവണ്മെന്റിന് എന്താണ് കാര്യമെന്നു ചോദിച്ചാല്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണപ്പാടങ്ങളിലൊന്നായ രാജസ്ഥാനിലെ മംഗള ഓയില്‍ ഫീല്‍ഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ ചര്‍ച്ച .

രാജസ്ഥാനിലെ മംഗളാ ഓയില്‍ ഫീല്‍ഡ് 3.6 ബില്ല്യണ്‍ ബാരന്റെ വന്‍ നിക്ഷേപമുള്ള ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഓണ്‍ ഷോര്‍ എണ്ണപ്പാടങ്ങളിലൊന്നാണ്. പ്രതിദിനം 125000 ബാരല്‍ എണ്ണയാണ് ഇവിടെ നിന്നുല്പാദിപ്പിക്കപ്പെടുന്നത് .കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡും പൊതുമേഖലാ ഓയില്‍ കമ്പനിയായ ഓ എന്‍ ജി സി [Oil and Natural Gas Corp ] യുമാണ് ഇവിടെ ഉല്പാദനം നടത്തുന്നത് .ഇതില്‍ 70 % ഉല്പാദനവും കെയിണ്‍ ഇന്‍ഡ്യക്കും ഓ എന്‍ ജി സിക്കു 30 ശതമാനവുമാണ് പക്ഷെ രസകരമായ ഒരു വസ്തുത എന്തെന്നു വെച്ചാല്‍ സംസ്ഥാന ഗവണ്മെന്റിന് ഈ എണ്ണപ്പാടത്തില്‍ നിന്നെടുക്കുന്ന ഓരോ ബാരലിന്റെയും റോയല്‍റ്റി മുഴുവനും കൊടുക്കേണ്ടതു പൊതുമേഖലാ സ്ഥാപനമായ ഓ എന്‍ ജി സി ആകുന്നു .

അതായത് 70 ശതമാനം ഉല്പാദനത്തിന്റെ വരുമാനം സ്വന്തമാക്കുന്ന കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡ് അണ പൈ സംസ്ഥാന ഗവണ്മെന്റിനു കരം കൊടുക്കേണ്ടതില്ല മറിച്ച് 30 % ശതമാനം മാത്രം ഉല്പാദനമുള്ള ഓ എന്‍ ജി സി മംഗളാ ഫീല്‍ഡിലെ മുഴുവന്‍ എണ്ണ ഉല്പാദനത്തിന്റെയും കരം അടക്കേണ്ടതുണ്ട്. ബാരലിന് 40 യു എസ് ഡോളര്‍ കണക്കില്‍ വാര്‍ഷിക ഉല്പാദനമായ 6 ദശലക്ഷം ടണ്‍ അസംസ്കൃത എണ്ണയ്ക്ക് ഓ എന്‍ ജി സി വര്‍ഷാ വര്‍ഷം നല്‍കേണ്ട റോയല്‍റ്റി തുക 1760 കോടി രൂപയാണ് . കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡ് ഉല്പാദിപ്പിച്ച് വിറ്റു കൊണ്ടിരിക്കുന്ന അസംസ്കൃത എണ്ണയുടെ റോയല്‍റ്റിയും ഓ എന്‍ ജി സി എന്ന ഇന്‍ഡ്യന്‍ പൊതുമേഖലാ സ്ഥാപനം വഹിക്കണം .ഉല്പാദനം ആരംഭിച്ച 2006 മുതല്‍ ഇതു തന്നെയാണ് സ്ഥിതി .കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡ് Initial investment നടത്തിയതിന്റെ കോമ്പന്‍സേഷനായിട്ടായിരിക്കണം ഇത്തരമൊരു ഉടമ്പടി തുടര്‍ന്നു വരുന്നത് .പക്ഷെ ഒരു രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ കയ്യാളുമ്പോള്‍ സ്വാഭാവികമായും ആ രാജ്യത്തിന് ചില പ്രത്യേക അവകാശങ്ങള്‍ ആവശ്യപ്പെടാവുന്നതാണ് .അതിനു പകരം ബഹുരാഷ്ട്രകുത്തകകള്‍ക്കു രാജ്യത്തെ പ്രകൃതി വിഭവങ്ങളെ തീറെഴുതിക്കൊടുക്കുന്ന കരാറാണ് ഇന്‍ഡ്യാ ഗവണ്മെന്റ് രൂപീകരിച്ചിട്ടുള്ളത് . 2006 മുതല്‍ ഇങ്ങനെ ദശലക്ഷക്കണക്കിന് കോടി രൂപയാണ് ഓരോ ഇന്‍ഡ്യക്കാരന്റെ നികുതിപ്പണത്തില്‍ നിന്നും മറ്റൊരു ബഹുരാഷ്ട്രകുത്തകയുടെ ലാഭം വര്‍ദ്ധിപ്പിക്കാനായി ചിലവഴിച്ചു കൊണ്ടിരിക്കുന്നത് .

ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ എന്നൊക്കെ നമുക്കു അല്‍ഭുതപ്പെടാം പക്ഷെ ചില സമയങ്ങളില്‍ നമ്മള്‍ വെള്ളരിക്കാപ്പട്ടണമെന്ന പ്രയോഗത്തെക്കാളുമൊക്കെ മോശം അവസ്ഥയിലാണ് . വേദാന്ത ലിമിറ്റഡ് കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡിനെ ഏറ്റെടുക്കുമ്പോള്‍ ഈ കരാര്‍ പുനപരിശോധിച്ചു കൊണ്ടു ഉല്പാദനത്തിന്റെ അനുപാതത്തില്‍ മാത്രം റോയല്‍റ്റി എന്ന നിലപാട് സോളിസിറ്റര്‍ ജനറലിന്റെ ഉപദേശപ്രകാരം ഓ എന്‍ ജി സി എടുത്തതിനെത്തുടര്‍ന്നാണ് കുറച്ചു മാസങ്ങളായി തുടരുന്ന ഈ ലയന പ്രതിസന്ധി . ഈ ഏറ്റെടുക്കലിലൂടെ രാജസ്ഥാനിലെ മംഗള ബ്ലോക്കടക്കം പത്ത് ഉല്പാദന കേന്ദ്രങ്ങളാണ് കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡില്‍ നിന്നും വേദാന്ത ഗ്രൂപ്പിനു സ്വന്തമാകാന്‍ പോകുന്നത് . മംഗള ബ്ലോക്കില്‍ നിന്നു ഉല്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയുടെ മുഴുവന്‍ ഉല്പാദനത്തിന്റെയും റോയല്‍റ്റി ഇപ്പോഴുള്ള കരാറനുസരിച്ച് ഓ എന്‍ ജി സി യാണ് നല്‍കേണ്ടത് .ഈ അധിക ബാധ്യതയില്‍ നിന്നൊഴിവാകുന്നതിനായി ധാരണാ പത്രം ഒപ്പു വെക്കുന്ന സമയത്തു തന്നെ ഓ എന്‍ ജി സി പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഉല്പാദിപ്പിക്കപ്പെടുന്ന മുഴുവന്‍ ക്രൂഡ് ഓയിലിന്റെ റോയല്‍റ്റിയും ഓ എന്‍ ജി സി തന്നെ നല്‍കേണ്ടതുണ്ട് എന്ന നിലപാടിലായിരുന്നു വേദാന്താ ഗ്രൂപ്പ് .

ഇത്തരത്തില്‍ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാട് എടുക്കാന്‍ വേദാന്തയെയും കെയിണ്‍ ലിമിറ്റഡിനെയും പ്രേരിപ്പിക്കുന്നത് രാജ്യത്തെ ഭരണാധികാരികള്‍ അവര്‍ക്കു നല്‍കുന്ന പിന്തുണ കൊണ്ടു തന്നെയാണ് .ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി പളനിയപ്പന്‍ ചിദംബരം ഇപ്പോഴത്തെ മന്ത്രിപ്പണിക്കു മുമ്പ് വേദാന്ത എന്ന കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായിരുന്നു എന്നു മാത്രമല്ല മന്ത്രിസഭയിലെ അംഗങ്ങളില്‍ പലരും ഉന്നതോദ്യോഗസ്ഥന്മാരും ഇതിന്റെ ഓഹരിയുടമകളും അഭ്യുതയകാംക്ഷികളുമാണ് .അതു കൊണ്ടു തന്നെ കേന്ദ്ര പെട്രോളിയം മന്ത്രിയും പ്രധാന മന്ത്രിയുടെ ഓഫീസും കെയിണ്‍ - വേദാന്ത ഏറ്റെടുക്കല്‍ പ്രക്രിയക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട് . ഈ ലയനത്തോടു കേന്ദ്ര ഗവണ്മെന്റ് പുലര്‍ത്തുന്ന മൃദു സമീപനം ആ രാജ്യത്തെ ഓരോ പൌരന്റെയും നികുതിപ്പണത്തിന്റെ ബലത്തിലാണ് .

മുമ്പുണ്ടായിരുന്ന കരാറുകളോ ഉടമ്പടിയോ എന്തുമാകട്ടെ ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന് അനാവശ്യമായ ഒരു അധികബാധ്യത വരുത്തി ഒരു ബഹുരാഷ്ട്രകമ്പനിയുടെ ലാഭത്തിന് വേണ്ടി മാത്രം ധൃതഗതിയില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഭരണകൂടത്തിന് ആ രാജ്യത്തെ ജനങ്ങളോടുള്ള പ്രതിബദ്ധത എന്താണ് ? ഓ എന്‍ ജി സി യുടെ വളരെ ന്യായമായ ഒരു നിലപാടിനെതിരെ ഭരണകൂടവും ബന്ധപ്പെട്ട മന്ത്രാലയവും കാണിക്കുന്ന ഈ താല്പര്യത്തിന്റെ ഒരു ശതമാനമെങ്കിലും ഇന്നാട്ടിലെ ജനങ്ങളോടുണ്ടായിരുന്നെങ്കില്‍ ആഗ്രഹിച്ചു പോകുന്നു .പെട്രോളിയം കമ്പനികള്‍ വില ഉയര്‍ത്തിയാലും പൊക്കിയാലും കേന്ദ്രഗവണ്മെന്റിന് ഒന്നും സംഭവിക്കാനില്ല പക്ഷെ സ്വകാര്യ കുത്തകകളുടെ ലയനത്തിനായി മന്ത്രിസഭാ സമിതിയും പ്രധാനമന്ത്രിയുടെ പ്രതിനിധികളുമെല്ലാം ഹാജരുണ്ടാവും കാരണം ഗവണ്മെന്റുകളെയും മന്ത്രിമാരെയും സൃഷ്ടിക്കുന്നതും നിയന്ത്രിക്കുന്നതും അവരാണല്ലോ .


പ്രകടമായി ഓ എന്‍ ജി സി ക്കു അനുകൂലമായ രീതിയിലുള്ള റോയല്‍റ്റി കരാര്‍ എന്നൊക്കെയുള്ള ഗവണ്മെന്റിന്റെ വാദത്തിന് എന്തു സംഭവിക്കുമെന്നു ഈ മാസം അറിയാം . ഈയൊരു ലയനത്തോടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഓണ്‍ഷോര്‍ എണ്ണപാടമായ രാജസ്ഥാനിലെ മംഗള എണ്ണപ്പാടം ഇതോടെ വേദാന്തക്ക് സ്വന്തമാകും പ്രതിദിനം 1,25,000 ബാരലാണു കമ്പനി ഉത്പാദിപ്പിക്കുന്നത് ഇത് 150000 ബാരലായി ഉയര്‍ത്താനും സാധ്യമാണ് .മംഗളാ എണ്ണപ്പാടത്തില്‍ ഇനി ഉല്പാദനം ഉയരല്ലെ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം കാരണം അവിടെ ഉല്പാദിപ്പിക്കപ്പെടുന്ന ഓരോ ബാരല്‍ എണ്ണയ്ക്കും നികുതി കൊടുക്കേണ്ടത് പൊതുമേഖലാ സ്ഥാപനമായ ഓ എന്‍ ജി സി യാകുന്നു .



അനുബന്ധം .

അഞ്ചു രൂപയോ ആറു രൂപയോ കൂട്ടിയതിനു ശേഷം ജനങ്ങളുടെ ദുരിതങ്ങളില്‍ ഭൂതദയ തോന്നി ഒന്നോ രണ്ടോ രൂപ കുറച്ചാല്‍ അതു കേന്ദ്രഗവണ്മെന്റിന്റെ ഏറ്റവും വലിയ മഹാമനസ്കതയായിരിക്കും .മൂന്നു രൂപ കൂട്ടി കുറക്കാതിരിക്കുന്നതിലും നല്ലത് ആറു രൂപ കൂട്ടി രണ്ടു രൂപ കുറക്കുന്നതാണല്ലോ .സംഭവിക്കണമെന്നില്ല സാധ്യതയുള്ള ഒരു സംഗതിയായി പറഞ്ഞന്നെ ഉള്ളൂ .

Monday, 9 May 2011

കഥയല്ലിതു ജീവിതം - ഒരു റിയാലിറ്റി മെഗാഷോ





സാങ്കേതിക വിദ്യയുടെ വികാസം നമ്മുടെ ആസ്വാദനശേഷിയെ പ്രകടമായി ബാധിക്കുന്ന ഒന്നാണ് .കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഷക്കീല പടങ്ങളുടെ ആധിക്യത്തില്‍ നീല പുതച്ച കേരളത്തില്‍ ഇന്നു അത്തരമൊരു ചിത്രം വിജയിക്കാനുള്ള സാധ്യതകള്‍ പരിമിതപ്പെടുന്നത് സാങ്കേതിക വിദ്യയുടെ നീലപ്പല്ലുകള്‍ [blue Tooth ] കാഴ്ചക്കാരന്റെ ആസ്വാദനാനുഭവങ്ങളില്‍ വരുത്തിയ പരിണാമങ്ങള്‍ കൊണ്ടാണ് . കഥയും തിരക്കഥയുമെല്ലാമുള്ള ചലചിത്ര കാഴ്ചയില്‍ നിന്ന് അയലത്തെ വീട്ടിലെ ചേച്ചിയുടെ കുളി സീന്‍ കാണുന്ന നിര്‍വൃതി കിട്ടാന്‍ വഴിയില്ലല്ലോ . ഇവിടെ ഭാവനയും യാഥാര്‍ത്ഥ്യവും ഏറ്റ് മുട്ടുമ്പോള്‍ യാഥാര്‍ത്ഥ്യത്തിനാണ് കൂടുതല്‍ വിപണി മൂല്യം .3 ജിയുടെ വരവോടെ ഈ അയലത്തെ ചേച്ചിയോ ഹോസ്റ്റല്‍ മുറിയിലെ പെണ്‍കുട്ടിയോ മാറി കൂടുതല്‍ യാഥാര്‍ത്ഥ്യത്തോടെ ലൈവ് ആയി കാ‍ണാവുന്ന കാഴ്ചകള്‍ വരുന്നതോടെ ബ്ലൂടൂത്ത് വിപ്ലവത്തിനും കാഴ്ചക്കാര്‍ കുറയും .പുതുമയാണ് ഓരോ കാഴ്ചയുടെയും വിപണിമൂല്യത്തെ സ്വാധീനിക്കുന്നത് .


മലയാളികളുടെ സ്വീകരണ മുറിയെ കണ്ണീരണിയിച്ചിരുന്ന വികാരതീവ്രമായ മെഗാ സീരിയലുകള്‍ പെണ്ണുങ്ങള്‍ക്കു പോലും മടുത്തു തുടങ്ങിയ കാലത്താണ് റിയാലിറ്റി ഷോകള്‍ ആരംഭിച്ചത് .മെഗാസീരിയലുകളിലെ ‘ജീവിതഗന്ധിയായ‘ പരദൂഷണങ്ങളും അവിഹിതവേഴ്ചകളും മാത്രം കാണുന്നതിനെക്കാള്‍ പ്രതിഭകള്‍ മാറ്റുരക്കുന്ന റിയാലിറ്റിഷോകള്‍ സാമൂഹികമായി നല്ലതാണെന്ന വിലയിരുത്തലുകളുണ്ടായി പക്ഷെ കണ്ണീരും കരച്ചിലും കാലു പിടുത്തവും തന്നെ അവിടെയും .എങ്കിലും എരിവു പോരാതെയായി അതും മടുത്തു തുടങ്ങിതുടങ്ങിയപ്പോഴാണ് യഥാര്‍ത്ഥ ജീവിതത്തിലെ അവിഹിതങ്ങളും ദാമ്പത്യ പ്രശ്നങ്ങളും ഞാനടക്കമുള്ള മലയാളി ഒളിഞ്ഞു നോട്ടക്കാര്‍ക്കു മുന്നിലേക്ക് നീട്ടുന്നത് .കഴിഞ്ഞ ദിവസങ്ങളില്‍ മലയാളത്തിലെ സാംസ്കാരിക ശുദ്ധിയുള്ള ചാനലായ അമൃതാ ടി വി യില്‍ .കഥയല്ലിതു ജീവിതം “ എന്ന റിയാലിറ്റി ഷോയുടെ വാര്‍ഷികാചരണം നടക്കുന്നതു കണ്ടു .മെഗാസീരിയലുകളെ പോലും റേറ്റിങ്ങില്‍ കടത്തി വെട്ടുന്ന ജനപ്രിയ പരിപാടി എന്ന വിശേഷണത്തോടെയാണ് പരിപാടി തുടങ്ങുന്നതു തന്നെ.സ്ത്രീകളുടെ ശരീര പുഷ്ടി വര്‍ദ്ധിപ്പിക്കുന്ന ഒരു അല്‍ഭുതമരുന്നാണ് ഇതിന്റെ പ്രായോജകര്‍ .പഴയകാല സിനിമാ നടിയായ വിധുബാലയാണ് അവതാരക .അവരെക്കൂടാതെ കാഴ്ചക്കാരായി ഒരു സിനിമ കാണുന്ന ലാഘവത്തോടെ മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന് പറയപ്പെടുന്നവരും അടുത്തൂണ്‍ പറ്റിയ നിയമ പണ്ഡിതരും വേദിയില്‍ സന്നിഹിതരാണ് .

ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങള്‍ , മറ്റു കുടുംബ പ്രശ്നങ്ങള്‍ എന്നിവയെ കൌണ്‍സലിങ്ങ് നടത്തി പരിഹരിക്കുന്ന മാതൃകാ പരിപാടിയാണിതെന്നു അവതാരക പറയുന്നു .ഇത്തരം പ്രശ്നങ്ങളില്‍ പെടുന്നവരെ , അല്ലെങ്കില്‍ കുടുംബ കോടതിയില്‍ കേസ് കൊടുത്തിട്ടുള്ളവരെ അവിടെ നിന്നും വിവരങ്ങള്‍ ശേഖരിച്ചു ബന്ധപ്പെട്ടാണു ഈ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് .പരിപാടിയില്‍ പങ്കെടുക്കുന്ന വാദിയെയും പ്രതിയെയും ഒരുമിച്ചിരുത്തി പരസ്യ വിചാരണയാണ് .വിചാരണക്കനുസരിച്ച് പഴ്ചാത്തല സംഗീതം ശോകമായും ത്രില്ലിങ്ങ് ആയും മാറി മാറി കേള്‍പ്പിക്കുന്നു .കക്ഷികളുടെ മുഖഭാവങ്ങള്‍ പല വിധത്തില്‍ ഒപ്പിയെടുത്തു കൊണ്ടു പ്രേക്ഷകരെ അവരുടെ വികാര വിക്ഷോഭങ്ങള്‍ വളരെ വ്യക്തമായി കാണിക്കുന്നുണ്ട് .അവതാരകയുടെ അതി വൈകാരികതയും നാടകീയതയും പരിപാടിക്കു കൊഴുപ്പു കൂട്ടാന്‍ കുറച്ചൊന്നുമല്ല സഹായിച്ചിരിക്കുന്നതു .യാദൃശ്ചികമായി ഈ പരിപാടിയുടെ രണ്ടു വ്യത്യസ്ത എപ്പിസോഡുകള്‍ മുഴുവനായി കാണാനിടയായി .

വിചാരണവേദി - 1

അവതാരകക്കു മുമ്പില്‍ വിചാരണ ചെയ്യപ്പെടുന്ന കഥാപാത്രങ്ങള്‍ - നിസ്സഹായതയുടെയും അവശതയുടെയും ആവരണമണിഞ്ഞ് ഒരു പുരുഷന്‍ , സാമാന്യം സൌന്ദര്യമുള്ള മുപ്പതുകളിലെത്തിയ ഒരു സ്ത്രീ , ഭാര്യാഭര്‍ത്താക്കന്മാരാണ് .പിന്നെ മക്കളായി ദുഖം ഖനീഭവിച്ച മുഖഭാവത്തോടെ 10 ഉം 12 ഉം വയസ്സായ രണ്ട് ആണ്‍കുട്ടികളും 5 വയസ്സില്‍ താഴെയുള്ള ഒരു പെണ്‍കുഞ്ഞും .അയല്‍ വീട്ടിലെ പയ്യനുമായി അവിഹിത ബന്ധം ആരോപിക്കപ്പെട്ടിരിക്കുകയാണ് സ്ത്രീ .അതില്‍ ഒരു ആണ്‍കുട്ടിയോട് ചോദിക്കുന്നുണ്ട് എന്താണ് അമ്മയെ ഇഷ്ടമല്ലാത്തതെന്ന് - അല്പം വൈഷമ്യത്തോടെ ആ കുട്ടി അമ്മ ചീത്തയാണെന്നു പറയുന്നു .അതിനു ശേഷം രാത്രി സമയങ്ങളില്‍ അയല്വീട്ടിലെ പയ്യനുമായി സംസാരിക്കുന്നത് കണ്ടുവെന്ന ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ ശരിയാണൊ എന്നന്വേഷിക്കുകയാണ് അവതാരക -

ഭാര്യ - ഒരിക്കല്‍ രാത്രിയില്‍ ആ പയ്യനുമായി‍ സംസാരിക്കുന്നതു‍ കണ്ടിട്ടുണ്ട് .
അവതാരക - രാത്രി എത്ര സമയമായിക്കാണും ?
ഭാര്യ - ഒരു രണ്ടു മൂന്നു മണിയോടടുപ്പിച്ച് .
അവതാരക - ആ സമയത്തു നിങ്ങളെന്താണ് സംസാരിച്ചതു ?
ഭാര്യ - പിറ്റേ ദിവസം തേങ്ങ ഇടുന്ന കാര്യമായിരുന്നു
.

പാതിരാത്രി 2 മണിക്കു അയലത്തെ യുവാവുമായി തേങ്ങയിടുന്ന കാര്യമാണ് സംസാരിച്ചതു എന്നുള്ളത് വലിയൊരു ഫലിതത്തിന്റെ ഫലമാണു ഉണ്ടാക്കുക .അതു കേട്ടിരിക്കുന്ന സാമാന്യ ബോധമുള്ള എല്ലാവരും ‍ പൊട്ടിച്ചിരിക്കുമെന്നത് ഉറപ്പാണ് .അവതാരകയും നിയമജ്ഞരുമെല്ലാം അടക്കിപ്പിടിച്ച ചിരിയോടെ പരസ്പരം നോക്കുന്നു . പരിപാടിയില്‍ പങ്കെടുക്കുന്നവരെ അണിയറയില്‍ വെച്ചു തന്നെ എല്ലാ കാര്യങ്ങളും ചോദിച്ചു ഒരു ചെറിയ തയ്യാറെടുപ്പുകള്‍ നടത്തി തന്നെ മാത്രമെ ക്യാമറക്കു മുന്നില്‍ പ്രത്യക്ഷപ്പെടുത്തു എന്നിരിക്കെ ഇത്തരത്തില്‍ മനപ്പൂര്‍വ്വമായ രംഗങ്ങള്‍ സൃഷ്ടിക്കുന്നത് ജനപ്രിയ പരിപാടിയുടെ ഫോര്‍മുലയിലെ നര്‍മ്മവും കണ്ണീരുമെല്ലാം സമാസമം ചേര്‍ത്തെടുക്കാനാവണം .പക്ഷെ വിദ്യാഭ്യാസം കുറഞ്ഞ ഒരു നാട്ടുമ്പുറത്തുകാരിയുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്തു മനപ്പൂര്‍വ്വം അവിടെ നര്‍മ്മം നിറക്കുമ്പോള്‍ ആ നിമിഷത്തില്‍ കണ്ണീരോടെ തല താഴ്ത്തിയിരിക്കുന്ന രണ്ടു കൊച്ചു കുട്ടികളുടെ ഭാവി ആ ചിരിയില്‍ തകര്‍ന്നു പോയിട്ടുണ്ടാകും എന്നു ഇവരെന്തു കൊണ്ടാണ് മനസ്സിലാക്കാത്തത് .ആ സ്ത്രീയുടെ പരപുരുഷ ബന്ധം പൊതു വേദിയില്‍ തെളിയിച്ചിട്ടാണ് ദമ്പതികളെ ഒരുമിപ്പിച്ചെന്നു ഗീര്‍വാണം മുഴക്കുന്നത് .

വിചാരണ വേദി - 2

മകള്‍ പിഴച്ചു പോയെന്നു ആരോപിച്ചു ഒരമ്മയും അച്ഛനും ആണ് ഇത്തവണ വേദിയില്‍ ഉള്ളത് .മകളുടെ പേരും ജോലി ചെയ്യുന്ന സ്ഥാപനവും വിലാസവും എല്ലാം പരസ്യമായി തന്നെ വെളിപ്പെടുത്തുന്നുണ്ട് . ബാങ്ക്ലൂരില്‍ ഒറാക്കിള്‍ സോഫ്റ്റ് വയര്‍ കമ്പനിയില്‍ എഞ്ചിനീയറായ ശ്യാമ എന്ന പെണ്‍കുട്ടിയാണ് കഥാപാത്രം .എതിര്‍ കക്ഷിക്കാരിയായ ശ്യാമ വന്നിട്ടില്ല , .ശ്യാമ വരാത്തതിനു പകരമായി ആ പെണ്‍ കുട്ടിയുടെ നിരവധി ഫോട്ടോഗ്രാഫുകള്‍ ഉണ്ട് .പ്രധാന ആരോപണം അച്ഛനുമമ്മക്കും ചിലവിനു കൊടുക്കുന്നില്ല ആധുനിക ഭ്രമമുള്ളത് കൊണ്ടു പഴഞ്ചന്മാരായ മാതാ പിതാക്കളെ നോക്കുന്നില്ല ,പെണ്‍ കുട്ടി ദുര്‍ന്നടപ്പുകാരിയാണ് എന്നൊക്കെയാണ് .ഇടക്കിടെ ശ്യാമയുടെ വിവിധ ഫോട്ടോഗ്രാഫുകള്‍ സ്ക്രീനില്‍ കാണിക്കുന്നുണ്ട് .ജീന്‍സും ടോപ്പുമണിഞ്ഞ ഒരു ഫോട്ടോ - ആധുനിക ഭ്രമത്തിലാണെന്നു വിലയിരുത്തിക്കൊണ്ടു അവതാരക മാതാപിതാക്കളുടെ വാദം സമ്മതിക്കുന്നുമുണ്ട് .പിന്നെ കുറച്ചു നേരം അമ്മയുടെ വകയാണ് - കൂട്ടുകാരിയുമായി ചേര്‍ന്നു മാതാപിതാക്കളെ അനുസരിക്കുന്നില്ല, കാമുകനുമായി വഴിവിട്ട ബന്ധമുണ്ട് എന്നിങ്ങനെ പെണ്‍ കുട്ടിയുടെ ദുര്‍ന്നടത്തയെക്കുറിച്ചുള്ള വിവരണങ്ങളാണ്.ചില സമയങ്ങളില്‍ വിവരണത്തിന്റെ ആഘാതം താങ്ങാനാകാതെ അവതാരക കഷ്ടം വെക്കുന്നുണ്ട് “ഇങ്ങനെയും പെണ്മക്കളോയെന്ന് “ ആശ്ചര്യം നിറഞ്ഞ ഭാവത്തോടെ നോക്കുന്നുണ്ടു .പശ്ചാത്തലത്തില്‍ ദ്രുതതാളത്തിലുള്ള സംഗീതം .

അവസാനം മകളെ വഴി തെറ്റിച്ച കൂട്ടുകാരിയെ ഫോണില്‍ വിളിക്കുന്നു .ഈ ഫോണ്‍ വിളി പരസ്യമായി തന്നെ ചാനലിലൂടെ കാണിക്കുന്നുണ്ട് , ഇതിനായി ഫോണില്‍ സംസാരിക്കുന്ന ആളുകളുടെ സമ്മതം വാങ്ങുന്നില്ല . കൂട്ടുകാരി പറയുന്നു -

“ ആ കുട്ടിയെന്റെ കൂട്ടുകാരിയായിരുന്നു ഇപ്പോള്‍ അല്ല .ആ പെണ്‍കുട്ടിക്കു ഒരു പ്രണയമുണ്ടായിരുന്നു അതു അമ്മയുടെ സമ്മതമില്ലാത്തതിനാല്‍ നടന്നില്ല എന്നിട്ടും ആ അമ്മ തന്നെ മകള്‍ പലരുമായി കിടക്ക പങ്കിടുന്നവളാണെന്നു പറഞ്ഞു നടക്കുകയും അങ്ങനെ ആ കുട്ടിയെ പരമാവധി ആളുകളുടെ മുന്നില്‍ അപമാനിക്കുകയും അതും പോരാഞ്ഞു ബാങ്ക്ലൂരിലെ ഓറാക്കിള്‍ കമ്പനിയില്‍ ഉള്ള ജോലി കളയിച്ചു മകളെ കുത്തുപാളയെടുപ്പിക്കുമെന്നാണ് ശ്യാമയുടെ അമ്മയുടെ ശ്രമം .എന്റെ പഴയ കൂട്ടുകാരിയാണെന്നതിന്റെ പേരില്‍ മാത്രം അവരുടെ കുടുംബ പ്രശ്നത്തില്‍ പോലീസിനെക്കൊണ്ടു പോലും വിളിപ്പിച്ചു ചോദ്യം ചെയ്യിച്ചു ഇനിയും എന്നെ ഇത്തരം കാര്യങ്ങളില്‍ ഇടപെടുത്തരുതെന്ന് അപേക്ഷിക്കുകയാണ് “ എന്നു പറഞ്ഞു കൊണ്ടു നിര്‍ത്തി .

അടുത്ത ഊഴം പരാമര്‍ശ വിധേയയായ ശ്യാമ എന്ന പെണ്‍കുട്ടിയുടേതാണ് - ഫോണ്‍ എടുത്തപ്പോള്‍ തന്നെ ഇംഗ്ലീഷിലാണ് ശ്യാമ സംസാരിച്ചു തുടങ്ങിയത് , മാന്യമായ രീതിയില്‍ തന്നെ .അമൃതാ ടി വി യില്‍ നിന്നാണ് ഒരു പ്രോഗ്രാമില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ പ്രാങ്ക് കോളാണോ എന്ന് സംശയം ചോദിച്ചു .ആ സമയത്തു‍ അവതാരകയായ വിധുബാലയുടെ ആത്മാഭിമാനം ഉണര്‍ന്നു .മലയാളികള്‍ എല്ലാം അറിയുന്ന പ്രസിദ്ധ സിനിമാ താരമാണ് താനെന്നും കുട്ടി ജനിക്കുന്നതിന് മുമ്പേ തന്നെ നടിയാണെന്നും പറഞ്ഞപ്പോള്‍ പെണ്‍കുട്ടി താനങ്ങനെയല്ല ഉദ്ദേശിച്ചതെന്നും ചാനലില്‍ നിന്നാണ് എന്നു പറഞ്ഞു വരുന്ന പ്രാങ്ക് കോളുകളെക്കുറിച്ചാണ് സംശയം പ്രകടിപ്പിച്ചതെന്നും വ്യക്തമാക്കി. അടുത്തതായി പെണ്‍കുട്ടിയെക്കുറിച്ചുള്ള ആരൊപണങ്ങളുടെ നിജ സ്ഥിതി അറിയാനാണ് വിളിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ - ഇത്തരത്തില്‍ ഒരു ആരോപണമുണ്ടെങ്കില്‍ ജുഡീഷ്യറിയും നിയമ വ്യവസ്ഥയും കൈകാര്യം ചെയ്യേണ്ട ഒരു കാര്യമാണെന്നും അതു ചാനലുകല്‍‍ ഏറ്റെടുക്കുന്നത് ശരിയല്ലെന്ന് പറഞ്ഞു കൊണ്ടു ആ പെണ്‍കുട്ടി സഹകരിക്കാന്‍ തയ്യാറായി ഇത്തരത്തില്‍ സ്വകാര്യമായി ചോദിക്കേണ്ട കാര്യങ്ങള്‍ ഒരു കൂട്ടം ആളുകള്‍ക്കു മുന്നില്‍ പരസ്യമായി പറയേണ്ട കാര്യങ്ങളല്ലെന്നും തന്നെ മുന്‍ കൂട്ടി അറിയിക്കാതെ ഈ ഫോണ്‍ സംഭാഷണം പരസ്യമാക്കിയത് ശരിയായില്ലെന്നും ആ പെണ്‍കുട്ടി മാന്യമായി തന്നെ പറഞ്ഞു . എന്നീട്ടും ഔചിത്യബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത അവതാരക പ്രശ്നത്തില്‍ പെണ്‍കുട്ടിയുടെ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയാണ് .‍ തനിക്കു അരമണിക്കൂറിനകം ഓഫീസിലെത്തേണ്ടതുണ്ടെന്നും അതിനാല്‍ നാളെ സംസാരിക്കാമെന്നും പറഞ്ഞുകൊണ്ടു പെണ്‍കുട്ടി ഫോണ്‍ കട്ടു ചെയ്തു .

ഇത് കേട്ടതോടെ ആ പെണ്‍കുട്ടി എന്തോ മഹാപരാധം ചെയ്ത മട്ടില്‍ അവതാരക പ്രേക്ഷകന് നേരേ നോക്കുന്നു .
വേദിയിലുണ്ടായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഉടന്‍ തന്നെ പ്രസ്താവിച്ചു - ആ പെണ്‍കുട്ടി അബ്നോര്‍മലാണ് . അകമ്പടിയായി അവതാരകയുടെ കണ്ടെത്തല്‍ - കണ്ടോ ഇത്ര സമയം സംസാരിച്ചിട്ടും ഒരക്ഷരം മലയാളത്തില്‍ പറഞ്ഞില്ല , ഇതില്‍ നിന്നു തന്നെ ആ പെണ്‍കുട്ടി അമ്മയെ മറന്നു പോയ ആധുനിക ഭ്രമമുള്ള ഒരു പെണ്‍കുട്ടിയാണെന്നു മനസ്സിലാവും അതിനാല്‍ കുട്ടിക്കു നല്ല കൌണ്‍സലിങ്ങ് ആവശ്യമാണ് , ഇപ്പറഞ്ഞതു തല കുലുക്കി സമ്മതിക്കുന്ന നിയമ പണ്ഡിതന്‍. ഇവരുടെ ഒക്കെ നീതിന്യായം ഇതാണെങ്കില്‍ പദവിയിലിരിക്കുന്ന സമയത്തു എത്രയേറെ നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടായിരിക്കണം

ഇവിടെ ആര്‍ക്കാണ് കൌണ്‍സലിങ്ങ് കൊടുക്കേണ്ടത് ? ആരാണ് അബ്നോര്‍മല്‍ ?

മാന്യമായി ജോലി ചെയ്തു ജീവിക്കുന്ന ഒരു പെണ്‍കുട്ടിയെ ചില ദുരാരോപണങ്ങളുടെ പേരില്‍ ആ വിഷയത്തില്‍ ആ പെണ്‍കുട്ടിക്കു പറയാനുള്ളത് കേള്‍ക്കുന്നതിനു മുമ്പായി ഫോട്ടോയും മറ്റു വിവരണങ്ങളും പരസ്യമായി കൊടുത്തു കൊണ്ടു ഒരു ദുര്‍ന്നടപ്പുകാരിയായി അവതരിപ്പിക്കുന്നു - പൊതു കക്കൂസുകളില്‍ പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ എഴുതി വെക്കുന്ന മാനസിക രോഗികള്‍ ഇവരെക്കാള്‍ എത്ര ഭേദമാണ്.എന്നിട്ടു മുന്‍ കൂട്ടിയുള്ള സമ്മതമില്ലാതെ ഒരു വ്യക്തിയുമായി നടത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ ലക്ഷക്കണക്കിനാളുകള്‍ക്കു മുമ്പില്‍ പരസ്യമാക്കുക , അതും ആ വ്യക്തിയുടെ സ്വഭാവശുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ .ഇത്തരം കാര്യങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യേണ്ടതല്ല എന്നു പറഞ്ഞതു കൊണ്ടു മാത്രം ആ പെണ്‍കുട്ടി അബ്നോര്‍മലാണെന്നാണ് ഇതില്‍ പങ്കെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തക വിലയിരുത്തിയത്. ഇത്തരക്കാര്‍ കല്പിക്കുന്ന മനുഷ്യാവകാശം ഏത് രീതിയിലുള്ളതാണ് എന്നു ഒരു പിടിയുമില്ലല്ലോ കര്‍ത്താവെ .

ബാങ്ക്ലൂരില്‍ വര്‍ഷങ്ങളായി ജീവിക്കുന്ന , ഒറാക്കിളില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഒരു പെണ്‍ കുട്ടി ഇംഗ്ലീഷില്‍ സംസാരിച്ചപ്പോഴെക്കും അവതാരക അങ്ങു തീരുമാനിച്ചു - അമ്മയെ മറക്കുന്ന ആധുനിക ഭ്രമക്കാരിയാണെന്ന് . മലയാളത്തില്‍ സംസാരിച്ചാലെ മാതൃസ്നേഹം അളക്കാനാവൂ എന്നുണ്ടായിരുന്നെങ്കില്‍ അവര്‍ക്കു ആ പെണ്‍കുട്ടിയോടു മലയാളത്തില്‍ സംസാരിക്കാന്‍ ആവശ്യപ്പെടാമായിരുന്നു അതിനു പകരം അവതാരക തന്റെ ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കാനെന്നോളം ഇംഗ്ലീഷില്‍‍ തന്നെയാണു തുടര്‍ന്നു സംസാരിച്ചത് . പെണ്‍ കുട്ടി തെറ്റു ചെയ്തിട്ടില്ലെങ്കില്‍ ഈ പരിപാടിയില്‍ അതിന് മറുപടി പറയണമെന്നോ ഹാജരാകണമെന്നോ ആണ് അവതാരകയുടെ ഉത്തരവ് .27 വയസ്സായിട്ടും ഇഷ്ടപ്പെട്ട ഒരാളുമായി വിവാഹത്തിനു സമ്മതിക്കാതെ കറവ പശുവിനെ പോലെ എന്തിനാണു മകളെ നിര്‍ത്തിയിരിക്കുന്നതെന്നു തിരിച്ചൊരു ചോദ്യം പോലും ചോദിക്കാതെ, അമ്മ പരസ്യമായി പറയുന്ന ദുരാരോപണങ്ങള്‍ക്കു മറുപടി പരസ്യമായി പറഞ്ഞില്ലെങ്കില്‍ ആ പെണ്‍കുട്ടി ദുര്‍ന്നടപ്പുകാരിയാണ് .

ഏകപക്ഷീയമായ ഇത്തരം ആരൊപണങ്ങള്‍ പരസ്യമായി ഉന്നയിച്ചു കൊണ്ടു ആരോപണ വിധേയരെ ചാനലിലേക്കു വരാന്‍ ക്ഷണിക്കുകയാണ് പരിപാടിയുടെ നടത്തിപ്പുകാര്‍ .പലപ്പോഴും ഈ ക്ഷണം തെരുവില്‍ പേനാക്കത്തിയുമായി നടക്കുന്ന കവലചട്ടമ്പിയുടെ “ആണാണെങ്കില്‍ വന്നു മുട്ടടാ “ എന്ന വെല്ലുവിളി പോലെയായിരിക്കും .നിങ്ങള്‍ക്കെതിരെയുള്ള ആരൊപണങ്ങള്‍ തെറ്റാണെന്നു നിങ്ങള്‍ ഇവിടെ വന്നു പരസ്യമായി തെളിയിക്കണം , അതിനു വേണ്ടി നിങ്ങള്‍ക്കെതിരെ ആരോപണമുന്നയിച്ച വ്യക്തിയുമായി നിങ്ങള്‍ക്കുള്ള പ്രശ്നങ്ങള്‍ പരസ്യമായി വിഴുപ്പലക്കണം അല്ലാത്ത പക്ഷം നിങ്ങള്‍ തെറ്റുകാരന്‍/ തെറ്റുകാരി ആയിരിക്കും , ഇതെന്തു ന്യായമാണ് ?

ആരാണ് ഈ ചാനലുകാര്‍ക്ക് ആളുകളെ അവരുടെ സമ്മതമില്ലാതെ പരസ്യവിചാരണ ചെയ്യാന്‍ ഉള്ള അവകാശം കൊടുത്തത് ? KELSA[കേരളാ ലീഗല്‍ സര്‍വീസ് അതോറിറ്റി]എന്നൊരു സംഘടന എന്തു അധികാരത്തിലാണ് ഇതിനൂ കൂട്ടു നില്‍ക്കുന്നത് ?.ഹൈക്കോടതി ജസ്റ്റിസ് രക്ഷാധികാരിയായ ഒരു സംഘടന ഇതില്‍ പങ്കെടുക്കുന്നത് മൂലം ഇതിന് നിയമ അംഗീകാരം ലഭിക്കുന്നുണ്ടു എന്നു സാമാന്യ ജനങ്ങളെ വിശ്വസിപ്പിക്കുകയാണു ചെയ്യുന്നതു. ഇവരുടെ ജുറിസ്ഡിക്ഷന്‍ എന്താണ് ?അന്വേഷി അജിതയുടെ നേതൃത്വത്തില്‍ ഒരു പറ്റം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ പരിപാടിയുടെ സ്ത്രീ വിരുദ്ധതയും കുട്ടികളെ പൊതുവേദിയില്‍ അതിവൈകാരികതയോടെ പ്രത്യക്ഷപ്പെടുത്തുന്നതും ചൂണ്ടിക്കാട്ടി നാഷണല്‍ ലീഗല്‍ സെര്‍വീസ് അതോറിറ്റിക്കു [NALSA]ക്കു പരാതി അയച്ചു കൊടുത്തിരുന്നെങ്കിലും ഇപ്പോഴും പരിപാടി വാര്‍ഷികം പിന്നിട്ട് നടന്നു കൊണ്ടിരിക്കുന്നു .

സാമൂഹികമായും വിദ്യഭ്യാസ പരമായും താഴെക്കിടയിലുള്ള ആളുകളുടെ ദാമ്പത്യ കലഹങ്ങളോ അല്ലെങ്കില്‍ മധ്യവര്‍ത്തി സമൂഹത്തിലെ ഏക പക്ഷീയമായ ആരോപണങ്ങളോ റിയാലിറ്റി ഷോ ആക്കി അവതരിപ്പിച്ച് അതിന്റെ സെന്റിമെന്റ്സുകളെ കോമഡിയാക്കി മാറ്റി ചാനല്‍ റേറ്റിങ്ങ് കൂട്ടി സമ്പാദിക്കുന്ന , അന്യരുടെ സ്വകാര്യതകളെ ഒളിഞ്ഞ് നോക്കി പകര്‍ത്തി കാണികളെ രസിപ്പിക്കുന്ന ഈ നാണം കെട്ട കളിയാണോ ഇവരുടെയെല്ലാം സംസ്കാരം ?.

പ്രശ്നപരിഹാരത്തിനാണെന്ന വികലന്യായം ഉന്നയിച്ചു കൊണ്ടാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകളുടെ അജ്ഞത മുതലാ‍ക്കുന്നത് .അനേക നാളുകള്‍ ആയി പ്രശ്നപരിഹാരം ഇല്ലാതിരുന്ന പല കാര്യങ്ങളും പരിഹരിക്കപ്പെട്ടുവത്രെ .ദാമ്പത്യ പ്രശ്നങ്ങളിലെ അവിഹിതവും മറ്റും പരസ്യമായി ആരോപിച്ചതിന് ശേഷം ഒത്ത് തീര്‍പ്പായി പോകുന്നു എന്ന് അവകാശ വാദമുന്നയിക്കുന്നതു കേള്‍ക്കാന്‍ രസമുള്ള കാര്യമാണ് .ഒത്ത് തീര്‍പ്പായി വേദിയില്‍ നിന്ന് പോകുന്നുണ്ടാകാം എങ്കിലും നാട് മുഴുവന്‍ അറിയുകയും വീണ്ടും ആ പ്രശ്നം പൊന്തി വരികയും ചെയ്യും എന്നുള്ളത് നൂറു ശതമാനവും ഉറപ്പാണ് . ഇതില്‍ പങ്കെടുക്കുന്നവരുടെ കുട്ടികളെ അവരെ പിന്തുടരുന്ന ഈ പരസ്യവിചാരണയുടെ ഭാരം എത്ര മാത്രം ബാധിക്കുന്നുണ്ട് എന്നു അവരറിയുന്നില്ല . ഇരു പുറവും അവരുടെ അച്ഛനമ്മമാരുടെ ആരൊപണ പ്രത്യാരോപണങ്ങള്‍ [അവിഹിതങ്ങള്‍ വരെ] പരസ്യമായി പറയാന്‍ പ്രേരിപ്പിക്കുന്നതു എത്ര മാത്രം ക്രൂരമാണ് , ഇതിലും മാന്യതയുണ്ടല്ലോ മെഗാ സീരിയലുകള്‍ക്ക് .

ഈ ഷോയില്‍ കാണിക്കുന്ന ജീവിതങ്ങള്‍ ആരാന്റമ്മക്ക് ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ചേല് എന്ന കണക്കിന് നമുക്ക് അര മണിക്ക്കൂര്‍ നേരത്തെ വിനോദം മാത്രം . പക്ഷെ അതിന് ശേഷം ആ കുടുംബത്തിന് , അവരുടെ കുട്ടികള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നാരും അന്വേഷിക്കില്ല . ജീവിതകാലം മുഴുവന്‍ ഈ അപമാന ഭാരവുമായി ആ കുട്ടികള്‍ വളരും .ഒരു പക്ഷെ അവരുടെ ചുറ്റുവട്ടത്ത് മാത്രം അറിയേണ്ട ഒരു സംഭവം എവിടെ ചെന്നാലും ആ കുട്ടികളെ വിടാതെ പിന്തുടരും .ദാമ്പത്യ ജീവിതത്തിലെ അവിഹിത ബന്ധമടക്കമുള്ള കാര്യങ്ങള്‍ പരസ്യവിചാരണക്ക് ശേഷം ഒത്തുതീര്‍പ്പിലെത്തി വീണ്ടും സുഖകരമായി ജീവിക്കാന്‍ മാത്രം സദാചാരപുരോഗതി അരാജക വാദികള്‍ പോലും കാണിക്കില്ലെന്നിരിക്കെ ഒരു കുടുംബത്തില്‍ തീര്‍ക്കേണ്ടുന്ന പ്രശ്നങ്ങള്‍ ‍ലക്ഷക്കണക്കിനു കാഴ്ചക്കാരുടെ വിനോദോപാധിയായി വിട്ടു കൊടുക്കുന്നതിന്റെ ധാര്‍മ്മികതയെന്ത് ? .

ചാനല്‍ പരിപാടികളില്‍ ധാര്‍മ്മികത ചോദിക്കുന്നത് അഭിസാരികയുടെ ചാരിത്ര്യശുദ്ധി അളക്കുന്നത് പോലെ തന്നെയായതു കൊണ്ടു ധാര്‍മ്മികതയെന്ന മുട്ടാപ്പോക്കു ന്യായങ്ങള്‍ നമുക്കു വിടാം .ഒരു സ്വകാര്യ ചാനലില്‍ കുടുംബ കോടതിയുടെ പരിഗണനക്കും വനിതാ സെല്ലിലേക്കും വരുന്ന പരാതികള്‍ പരസ്യ വിചാരണ ചെയ്യാനും അതില്‍ കക്ഷികളല്ലാത്ത ആളുകളെ വെറും ആരോപണങ്ങളുടെ പേരില്‍ മാത്രം വിളിച്ചു ഭീഷണിപ്പെടുത്താനും മാനഹാനി വരുത്താനും മാത്രമെന്തു അധികാരമാണ് നിയമ വ്യവസ്ഥ ഇവര്‍ക്കു കൊടുത്തിട്ടുള്ളത് ?

ഒരു പക്ഷെ അവരുടെ പരിസരങ്ങളില്‍ മാത്രം അറിയേണ്ടുന്ന ഒരു കാര്യം ,ഒരു അഭിഭാഷകന്റെയോ കൌണ്‍സിലറുടെയോ മാധ്യസ്തത്തില്‍ അവരുടെ കുടുംബത്തില്‍ തീര്‍ക്കേണ്ടുന്ന ഒരു കാര്യം ചാനല്‍ റേറ്റിങ്ങ് കൂട്ടാനുള്ള ത്വരയില്‍ പരസ്യമായി കൊട്ടിഘോഷീച്ചിട്ടു നിന്നു അട്ടഹസിക്കുകയാണ് ഞങ്ങള്‍ പ്രശ്നപരിഹാരങ്ങള്‍ നടത്തുന്നവരാണെന്നു ഇപ്പോള്‍ വാര്‍ഷികവും ആഘോഷിക്കുന്നു .പരിപാടിയെക്കുറിച്ചു നടത്തിപ്പുകാരുടെ അവകാശ വാദങ്ങളില്‍ അവര്‍ക്കു വിവിധ സ്ഥലങ്ങള്‍ റിസര്‍ച്ച് ടീം ഉണ്ടെന്ന് കണ്ടു .മഞ്ഞ പത്രക്കാരെ പോലെ കുടുംബകലഹങ്ങളെ ഒപ്പിയെടുക്കാന്‍ ഒളിഞ്ഞു നോട്ടമല്ലാതെ മറ്റെന്താണ് ഈ റിസര്‍ച്ച് ? .അമേരിക്കക്കാരുടെ ജെറി സ്പ്രിങ്കര്‍ ഷോയും രാഖി സാവന്തിന്റെ സ്വയംവര്‍ ഷോ യും കണ്ടു അവരുടെ സദാചാര മൂല്യച്യുതിയെക്കുറിച്ചു കഷ്ടം വെക്കുന്ന ഞങ്ങളുടെ ഈ ഒളിഞ്ഞുനോട്ടങ്ങള്‍ സംസ്കാര സമ്പന്നവും സദാചാര വിശുദ്ധിയുമുള്ളതുമാകുന്നു .ജയ് മാതാ അമൃദാനദമയി .