Like

...........

Monday, 18 April 2011

ഉറുമി ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രഖ്യാപനം

ഓരോ കാലത്തെയും ചരിത്രം സൃഷ്ടിക്കുന്നത് അതത് കാലങ്ങളില്‍ നിലവിലിരിക്കുന്ന അധികാരവര്‍ഗ്ഗമാണ് , പിന്നീട് അതായിത്തീരുന്നു ചരിത്രം എങ്കിലും പുനര്‍വായനയില്‍ പലപ്പോഴും പിഴച്ച് പോകുന്ന ചില ഭൂതകാലസത്യങ്ങള്‍ അത് ചരിത്രത്തെ തിരുത്താന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കും .സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി ഇത്തരമൊരു പുനര്‍വായനയാണ് .ചരിത്രം ആസ്പദമാക്കി കഥ പറയുമ്പോള്‍ അത് വ്യാഖ്യാനിക്കപ്പെടുന്നതിന്റെ മികവ് കൊണ്ട് ചരിത്രത്തെക്കാള്‍ ഭാവന വിശ്വസനീയമാകുന്നത് നാം വടക്കന്‍ വീര ഗാഥയില്‍ കണ്ടിട്ടുണ്ട് പക്ഷെ അതില്‍ എം ടി വാസുദേവന്‍ നായര്‍ എന്ന പ്രതിഭയുടെ കരവിരുതാണ് അത്രത്തോളം പ്രതീക്ഷിക്കാനാവില്ലെങ്കിലും ശങ്കര്‍ രാമകൃഷ്ണന്‍ എന്ന തിരക്കഥാകൃത്ത് ചരിത്രവും ഭാവനയും ഇടകലര്‍ത്തി കൊണ്ട് അജ്ഞാതമായ ഒരു ചരിത്രത്തെ അഭ്രപാളികളിലേക്കെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ആ ശ്രമം പാളിപ്പോയിട്ടില്ല എന്ന് തന്നെ പറയാം .

മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവുമധികം നിര്‍മ്മാണ ചിലവെന്ന ഖ്യാതിയോടെയോ അപഖ്യാതിയോടെയോ ആണ് ഉറുമി നമ്മുടെ കാഴ്ചക്കായി എത്തുന്നത് .ഓരോ കാഴ്ചയും കവിത പോലെ ക്യാമറയിലാക്കുന്ന സന്തോഷ് ശിവന്റെ സംവിധാനമികവ് , ശങ്കര്‍ രാമകൃഷ്ണന്റെ ഫാന്റസിയും ചരിത്രവും ഇടകലര്‍ന്ന ശക്തമായ തിരക്കഥ ദേശീയ പുരസ്കാര ജേതാവായ അഞ്ചലി ശുക്ലയുടെ ക്യാമറ ഈ അണിയറ മികവിനൊപ്പം തിരശീലയില്‍ തെളിയുന്ന പൃഥ്വിരാജിന്റെ പൌരുഷം നിറഞ്ഞ യൌവ്വനവും പ്രഭുദേവയുടെ നടന താളവും , ജനീലിയ , തബു , വിദ്യാ ബാലന്‍ , നിത്യാമേനോന്‍ എന്നിങ്ങനെയുള്ള സൌന്ദര്യധാമങ്ങളുടെ സാന്നിധ്യവും ഉറുമിയെ നവ്യമായൊരു കാഴ്ചാനുഭവമാക്കുന്നുണ്ട് .

താരപ്രഭക്കും സാങ്കേതിക മികവ് അഭ്രപാളിയിലുളവാക്കുന്ന ദൃശ്യചാരുതക്കുമപ്പുറം വര്‍ത്തമാന കാല യാഥാര്‍ത്ഥ്യങ്ങളുടെ അസാമാന്യമായ സാമ്യം കൊണ്ടു ഉറുമി എന്ന ചിത്രം ഉയര്‍ത്തുന്ന ഒരു രാഷ്ട്രീയ പ്രഖ്യാപനമുണ്ട് .കക്ഷിരാഷ്ട്രീയത്തിന്റെ പ്രകടമായ തെളിവുകളില്ലെങ്കില്‍ അരാഷ്ട്രീയമായ സിനിമയായി പരിഗണിക്കുകയാണ് മലയാളി പ്രേക്ഷകരുടെ ശീലം .മലയാള ചലചിത്ര രംഗത്ത് രാഷ്ട്രീയം കടന്ന് വരുന്നതു കക്ഷിരാഷ്ട്രീയത്തിന്റെ നാറുന്ന വിഴുപ്പലക്കുകളുടെ ഇടമുറിയാത്ത സംഭാഷണ ചാതുരി കൊണ്ടും നിലവിലെ രാഷ്ട്രീയ നേതാക്കന്മാരെ മിമിക്രി കാണിച്ചുമാണ് .തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിലെ അധികാരത്തിന്റെ ഇടനാഴികളോ അതിനുമപ്പുറം ആ ഇട്ടാവട്ടത്ത് തായം കളിക്കാതെ ഹൈടെക്ക് ഡല്‍ഹിയുടെ ബ്ലൂചിപ്പിലും കംബ്യുട്ടറിലും ബ്രെയിന്‍ ബാങ്കിലുമെല്ലാം രാഷ്ട്രീയ സമസ്യകള്‍ക്കുതരം കണ്ടെത്തുന്ന , കോടികള്‍ കൊണ്ടമ്മാനമാടുന്ന ഡല്‍ഹി വരെ പരമാവധി പോകുന്ന പോകുന്ന കച്ചവട സിനിമയും . 80 കളിലെ നക്സല്‍ പ്രസ്ഥാനത്തിന്റെ ഗൃഹാതുരതയും അടിയന്തിരാവസ്ഥകാലത്തിന്റെ ഓര്‍മ്മയില്‍ സ്ഖലിച്ച് കൊണ്ടിരിക്കുന്ന ആത്മരതിയടങ്ങിയ സമാന്തര സിനിമയും . ഇങ്ങനെ കച്ചവട സിനിമയുടെ കക്ഷിരാഷ്ട്രീയത്തിന്റെയും സമാന്തര സിനിമയുടെ ഭൂതകാല കുളിരിന്റെയും വിരുദ്ധ ധ്രുവങ്ങള്‍ക്കിടയില്‍ നിന്നാണ് ഉറുമി ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ പ്രസക്തി .

വര്‍ത്തമാന കാലത്തില്‍ നിന്ന് 400 വര്‍ഷം പഴക്കമുള്ള ഒരു സാങ്കല്പിക പ്രതികാര കഥയുടെ പ്രമേയ പരിസരത്തില്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം എങ്ങനെയാണ് കടന്ന് വരിക എന്ന ചോദ്യം ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട് .മുഖ്യധാരാ സിനിമയില്‍ നാം പ്രതീക്ഷിക്കാത്ത ഒരു ആശയത്തിലൂടെയാണ് ഉറുമി മുന്നോട്ട് വെക്കുന്ന ചെയ്യുന്ന രാഷ്ട്രീയത്തെ ഞാന്‍ കാണുന്നത് .

സാമൂഹികാവബോധം അധികപറ്റാണെന്ന കാഴ്ചപ്പാടുള്ള പുതുതലമുറയുടെ പ്രതിനിധിയായ കൃഷ്ണദാസെന്ന ചെറുപ്പക്കാരന്‍ തന്റെ പൂര്‍വ്വിക സ്വത്ത് ആഭ്യന്തര മന്ത്രിക്കു കൂടി പങ്കാളിത്തമുള്ള നിര്‍വ്വാണ എന്ന ബഹുരാഷ്ട്ര ഖനന കമ്പനിക്ക് വേണ്ടി കൊടുക്കാന്‍ തയ്യാറാകുന്നിടത്താണ് കഥ ആരംഭിക്കുന്നത് .അതിന്റെ ആവശ്യങ്ങള്‍ക്കായി സുഹൃത്തുമൊത്ത് ആ സ്ഥലത്തെത്തിപ്പെടുമ്പോള്‍ അവന്റെ പൂര്‍വ്വിക പരമ്പരയിലേക്കു കഥ നമ്മളെ നയിക്കുന്നു .

എല്ലാ ചരിത്രങ്ങളും മഹാനായ നാവികനെന്ന് രേഖപ്പെടുത്തിയ വാസ്കോഡഗാമയുടെ കടല്‍ കടന്നുള്ള അധിനിവേശങ്ങളുടെയും ക്രൂരമായ കൊള്ളയടിക്കലുകളുടെയും ചരിത്രമാണ് കൃഷ്ണദാസിന്റെ പൂര്‍വ്വിക പരമ്പരയുടെ ചരിത്രത്തിലൂടെ കാണാന്‍ കഴിയുക . ആ ചരിത്രത്തോടൊപ്പം കേളുനായനാരെന്ന കല്‍പ്പിത കഥാപാത്രത്തിന്റെ പ്രതികാരത്തിന്റെയും ആത്മരോഷത്തിന്റെയും ഊര്‍ജ്ജം കൈക്കൊള്ളുന്നതിലൂടെ ചിത്രം മറ്റൊരു തലത്തിലേക്കുയരുന്നു . കൊള്ളയടിക്കാനെത്തുന്ന വിദേശ പടത്തലവന് ഒത്താശ ചെയ്ത് കൊടുക്കുന്ന ചേണിക്കല്‍ കുറുപ്പ് കാലം കടന്നെത്തുമ്പോള്‍ വിദേശ ബഹുരാഷ്ട്ര ഖനന കമ്പനികളില്‍ ഓഹരിപങ്കാളിത്തമുള്ള , അവര്‍ക്ക് വേണ്ടി നാടിനെ തീറെഴുതിക്കൊടുക്കാന്‍ കൂട്ടു നില്‍ക്കുന്ന ആഭ്യന്തരമന്ത്രിയായിതീരുന്നു. അങ്ങനെ അതേ ചരിത്രം തന്നെ നൂറ്റാണ്ടുകള്‍ക്ക് ശേഷമുള്ള പരമ്പരയിലും ആവര്‍ത്തിക്കപ്പെടുന്നു. ഈ ഭാവനയും ചരിത്രവും കെട്ട് പിണഞ്ഞു കിടക്കുന്ന ഈ കഥയില്‍ വര്‍ത്തമാന കാലത്തിന്റെ യാദൃശ്ചികമല്ലാത്ത സാമ്യം അനുഭവപ്പെട്ടു തുടങ്ങുന്നിടത്ത് നിന്നാണ് സിനിമയുടെ രാഷ്ട്രീയം ആരംഭിക്കുന്നത് .


ദക്ഷിണ ഒറീസയിലെ നിയമഗിരി കുന്നുകളില്‍ വസിക്കുന്ന ഡോങ്ക്രിയ കോന്താ വിഭാഗത്തിലുള്ള ആദിവാസികള്‍ മറ്റെവിടെയും വേരുകളില്ലാത്ത ആദിമഗോത്രവിഭാഗമാണ് .അവര്‍ അധിവസിക്കുന്ന നിയമഗിരി കുന്നുകള്‍ അവരുടെ പുണ്യസ്ഥലമാണ് . അവരാ കുന്നിന്‍ ചെരിവുകളില്‍ കൃഷി ചെയ്യുന്നു അത്,അതിന് ചുറ്റുമൊഴുകുന്ന അരുവികളില്‍ നിന്ന് വെള്ളമെടുക്കുന്നു ,ഒരു മരക്കൊമ്പ് പോലും മുറിക്കാതെ വനവിഭവങ്ങള്‍ കൊണ്ട് അവര്‍ ജീവിക്കുന്നു , നിയമഗിരി അവര്‍ക്ക് വെറും വിശ്വാസം മാത്രമല്ല ജീവിതം കൂടിയാണ് , അവരുടെ ദൈവമാണ് നിയമഗിരിക്ക് മുകളില്‍ കുടിയിരിക്കുന്നത് എന്നതാണ് വിശ്വാസം. 2005 ല്‍ ഈ മലനിരകള്‍ ഇടിച്ച് പൊളിച്ചു ഖനനം ചെയ്യാനായി ‍ പരിസ്ഥിതി നിയമങ്ങളുടെ പ്രാഥമിക ചട്ടങ്ങള്‍ പോലും ലംഘിച്ച് കൊണ്ട് വേദാന്ത എന്ന ബഹുരാഷ്ട്ര കമ്പനിക്കു വേണ്ടി കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി കൊടുത്തത് .ഈ ഖനനത്തിലൂടെ അവിടെയുള്ള മലനിരകള്‍ ,നദികള്‍ അടക്കമുള്ള എല്ലാ പ്രകൃതി സമ്പത്തുകളും നാമാവശേഷമാകും .കോര്‍പ്പറേറ്റുകളെ പ്രീതിപ്പെടുത്തി പുലരുന്ന അധികാര സംവിധാനത്തില്‍ അധിനിവേശങ്ങള്‍ക്കു ആധികാരികത നല്‍കി വികസനത്തിന്റെ ഉദാത്തമാര്‍ഗ്ഗമായി അവതരിപ്പിക്കുകയായിരുന്നു നിയമഗിരിയില്‍ . ഒരു ജനതയുടെ ജീവനും ജീവിതത്തിനും വില കല്‍പ്പിക്കാതെ vedanta എന്ന കമ്പനി നടത്തുന്ന നിയമവിരുദ്ധമായ കയ്യേറ്റങ്ങള്‍ക്കെതിരെ നിരക്ഷരരായ ആദിവാസികള്‍ ചെറുത്തു . അവസാനം നിരവധി അന്താരാഷ്ട്ര സംഘടനകളുടെയും ആംനസ്റ്റി ഇന്റര്‍നാഷണലിന്റെയും ഇടപെടലിനെ തുടര്‍ന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ് ഈ നിയമവിരുദ്ധ ഖനനത്തിനുള്ള അനുമതി റദ്ദ് ചെയ്യുകയായിരുന്നു .

പി.ചിദംബരം എന്ന നമ്മുടെ ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി 2004 ല്‍ കേന്ദ്രമന്ത്രി സഭയില്‍ ധനകാര്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ വരുന്നത് വരെ കുപ്രസിദ്ധമായ വേദാന്ത കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളും നിയമോപദേഷ്ടാവും കൂടിയായിരുന്നു .ധനമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് വേണ്ടി മാത്രമാണ് അദ്ദേഹം ആ പദവി രാജി വെച്ചത് എന്നത് കൂടി കൂട്ടി വായിക്കുമ്പോഴാണ് ഉറുമി ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ നീതി നമുക്ക് മനസ്സിലാവുക .ഉറുമിയിലെ നിര്‍വ്വാണ എന്ന ഖനന കമ്പനിക്ക് വേദാന്തയുമായുള്ള സാമ്യം പേരില്‍ മാത്രമല്ല നിര്‍വ്വാണയില്‍ ഓഹരി പങ്കാളിത്തമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ജഗതി അവതരിപ്പിക്കുന്ന ആഭ്യന്തര മന്ത്രിയില്‍ പോലുമുണ്ട് .അത് കൊണ്ടെല്ലാം തന്നെ സിനിമയില്‍ വര്‍ത്തമാന കാലയാഥാര്‍ത്ഥ്യത്തിന്റെ അനുരണനങ്ങള്‍ കടന്നു വരുന്നത് കേവല യാദൃശ്ചികതയാവാന്‍ സാധ്യതയില്ല .അവസാനം ആഭ്യന്തരമന്ത്രിയെ ആദിവാസികള്‍ ചെരുപ്പെറിയുന്നിടത്ത് പോലും ഈ സാദൃശ്യം കടന്ന് വരുന്നുണ്ട് ചെരുപ്പേറ് കൊണ്ട് ഏക ആഭ്യന്തര മന്ത്രിയാണ് പി. ചിദംബരം .

അധിനിവേശങ്ങള്‍ അവസാനിക്കുന്നില്ല അത് പുതിയ പേരിലും പുതിയ രൂപത്തിലും നിസ്സഹായരായ ജനതയുടെ മേല്‍ അധീശത്വം സ്ഥാപിക്കാനൊരുങ്ങുമ്പോള്‍ അതിന് ഒത്താശ ചെയ്ത് കൊടുക്കുന്ന നപുംസകങ്ങളായ അധികാര വര്‍ഗ്ഗം സ്വന്തം ജനതയെ വിസ്മരിച്ചു അവരുടെ ജീവനും സ്വത്തിനും വില അവരുടെ മണ്ണും വെള്ളവും ആ സാമ്രാജ്യത്വ ശക്തികള്‍ക്ക് തീറെഴുതിക്കൊടുക്കും .ദണ്ടേവാഡയടക്കമുള്ള വനമേഖലകളില്‍ നടക്കുന്ന ഖനനവും അത് മൂലം ജനിച്ച നാടില്‍ നിന്നു കുടിയൊഴിക്കപ്പെട്ടു നിരാശ്രയരായിപ്പോകുന്ന ദശലക്ഷക്കണക്കിന് ജനങ്ങളും ബഹുരാഷ്ട്രകുത്തകകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കപ്പെടുന്ന ഗ്രീന്‍ ഹണ്ട് ഓപറേഷനും എല്ലാം ചരിത്രത്തിന്റെ തുടര്‍ച്ചയാണ് , അളവില്ലാത്ത സമ്പത്തിന് വേണ്ടി രാജ്യത്തെ ജനങ്ങളെ കൊന്ന് കൊള്ളയടിച്ച വാസ്കോഡ ഗാമയെ സഹായിച്ച ചേണിക്കല്‍ കുറുപ്പിന്റെ ചരിത്രമാണ് ആ തുടര്‍ച്ച. നമ്മളെ ഇത് ബാധിക്കുന്നില്ലല്ലോ എന്ന നിസ്സംഗമായ മുഖ്യധാരാ സമൂഹത്തിന്റെ ആശ്വസിക്കലാണ് ഓരോ അധിനിവേശത്തിന്റെയും ആണിക്കല്ല് .


ചത്തിസ് ഗഡിലെയും ഝാര്‍ഖണ്ടിലെയും വന മേഖലകളില്‍ സ്വന്തം ഭൂമി കയ്യേറിയ വിദേശ കുത്തകകള്‍ക്കെതിരെ ആയുധമെടുക്കുന്ന നക്സലൈറ്റുകളുടെ വാര്‍പ്പ് മാതൃകയിലാണ് കേളു നായനാരെ ചിത്രത്തില്‍ രൂപപ്പെടുത്തിയിട്ടുള്ളത് .മണി രത്നം രാവണ എന്ന ചിത്രത്തിലൂടെ അവ്യക്തമായി ഈ വിഷയം ഉന്നയിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പുരാണകഥയുടെ പ്രമേയം പശ്ചാത്തലമായത് കൊണ്ടു തന്നെ ആ സിനിമയില്‍ ചൂണ്ടിക്കാട്ടാവുന്ന രാഷ്ട്രീയത്തെ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയാതെ അതൊരു അരാഷ്ട്രീയ സിനിമയായി അവസാനിക്കുകയായിരുന്നു.രാവണയുടെ ക്യാമറാ ചലിപ്പിച്ച സന്തോഷ് ശിവന്‍ അത് കുറച്ചു കൂടി നീതി പൂര്‍വ്വകമായി അവതരിപ്പിച്ചു എന്നതിന്റെ തെളിവാണ് മണി രത്നം ചിത്രം കണ്ടിട്ട് സന്തോഷ് ശിവനെ അഭിനന്ദിച്ചത് .

തന്റെ പൂര്‍വ്വിക പരമ്പരയോട് അവരോട് അധിനിവേശം നടത്തിയെത്തിയ വൈദേശിക ശക്തികള്‍ ചെയ്തു കൂട്ടുന്ന ക്രൂരതകള്‍ക്കെതിരെ കേളു നായനാര്‍ നടത്തുന്ന ആത്മരോഷം നിറഞ്ഞ പോരാട്ടത്തിന്റെ കഥ മനസ്സിലാക്കുന്നതോടെ കൃഷ്ണദാസെന്ന മധ്യവര്‍ഗ്ഗ സമൂഹത്തിന്റെ പ്രതിനിധി ബഹുരാഷ്ട്രകുത്തകകള്‍ക്ക് തന്റെ ഭൂമി വിട്ടു നല്‍കുക എന്ന തീരുമാനം പുനപരിശോധിച്ചു കൊണ്ടു പുതിയൊരു ഒരു രാഷ്ട്രീയത്തിന്റെ വക്താവായി മാറുന്നു .അങ്ങനെ ഖനനത്തിന് നിര്‍വ്വാണക്ക് സ്വന്തം ഭൂമി വിട്ട് കൊടുക്കുക എന്ന തീരുമാനം പിന്‍ വലിക്കുന്നതിലൂടെ ഉറുമി ശക്തമായ ഒരു സന്ദേശം അവശേഷിപ്പിക്കുന്നുണ്ട് .

മലയാളത്തിലെ മധ്യവര്‍ത്തി സിനിമാ പ്രേക്ഷകര്‍ക്കു അവര്‍ കൊടുക്കുന്ന പണത്തിന് തുല്യമായ വിനോദോപാധിയില്‍ കവിഞ്ഞ് ചത്തിസ് ഗഡിലോ ഒറീസയിലോ നടക്കുന്ന വന്‍ കിട ഖനനങ്ങളെക്കുറിച്ചും തദ്ദേശവാസികളെ കുടിയൊഴിപ്പിക്കുന്നതിനെക്കുറിച്ചും വലിയ താല്പര്യമുണ്ടാകുമെന്ന് ധരിക്കുന്നത് വിഡ്ഡിത്തമാകും അത് കൊണ്ടു തന്നെ മുഖ്യധാരാ സിനിമയിലൂടെ ഇത്തരമൊരു സന്ദേശം പരോക്ഷമായെങ്കിലും അവതരിപ്പിക്കുക എന്ന വെല്ലുവിളി തന്നെയാണ് ഉറുമി ഏറ്റെടുത്തത് . മലയാളം കൂടാതെ മറ്റ് ഭാഷകളിലും കൂടി ഈ ചിത്രം മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട് .

ബുദ്ധിജീവി ചലചിത്ര പ്രവര്‍ത്തകര്‍ ഇറാനിയന്‍ സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയ ജാഫര്‍ പനാഹിക്ക് വേണ്ടി ഒപ്പ് ശേഖരണം നടത്തുമ്പോഴും പാലസ്തീന്‍ അധിനിവേശങ്ങളെക്കുറിച്ചു കണ്ണീരൊഴുക്കുമ്പോഴും കാണാതെ പോകുന്നത് കുടിയൊഴിക്കപ്പെട്ടും , നിരാശ്രയരായും പോകുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതമാണ് . ഒരിക്കല്‍ ടി വി ചന്ദ്രന്‍ ഒരഭിമുഖ സംഭാഷണത്തില്‍ പറഞ്ഞതോര്‍ക്കുന്നു അദ്ദേഹത്തിനെ ഇപ്പോഴും വേദനിപ്പിച്ച് കൊണ്ടിരിക്കുന്നത് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയാണത്രെ . സോവിയറ്റ് റഷ്യക്കാര്‍ പോലും അതെല്ലാം മറന്ന് പോയ കാലത്ത് ആ ദുഖമാണ് ഇന്നും ബുദ്ധിജീവി ചലചിത്രകാരന്മാരെ ഭരിക്കുന്നത് .വര്‍ത്തമാന കാലത്തിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍ വര്‍ഗ്ഗീയതയല്ലാതെ മറ്റൊരു വിഷയം തിരഞ്ഞെടുക്കാന്‍ നമ്മുടെ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇനിയും കാലമായിട്ടില്ല എന്നു വേണം കരുതാന്‍ .

ചത്തിസ് ഗഡിലും ഝാര്‍ഖണ്ടിലും ഓറീസയിലുമെല്ലാം നടക്കുന്ന മനുഷ്യത്വ രഹിതമായ ഇത്തരം അധിനിവേശങ്ങളും അതിന് ഒത്താശ ചെയ്യുന്ന അധികാരികളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രത്തിന്റെ തുടര്‍ച്ച തന്നെയാണ് .മനുഷ്യന് നേര്‍ക്കുള്ള ക്രൂരതകളും അതിനെതുടര്‍ന്നുള്ള പലായനങ്ങളും വികസനത്തിന്റെ പുറം മോടിയണിയിച്ചു പുറം ലോകത്തവതരിപ്പിക്കുമ്പോള്‍ പ്രതിരോധിക്കുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ മാവോയിസ്റ്റുകളും രാജ്യദ്രോഹികളുമാക്കി മുദ്ര കുത്തുന്ന അധികാരത്തിന്‍ കീഴില്‍ ഇത്തരമൊരു വിഷയം പരോക്ഷമായെങ്കിലും ഉയര്‍ത്താന്‍ കഴിഞ്ഞതില്‍ ഈ ഉറുമിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം ,മറ്റൊരു കാഴ്ചയും കാണാനാവാത്ത സിനിമക്കാര്‍ക്കിടയില്‍ നിന്ന് വാണിജ്യ സിനിമയുടെ ഭാഗമായിട്ടെങ്കിലും അങ്ങനെയൊരു ജനതയെക്കുറിച്ച് ഓര്‍മ്മിപ്പിച്ച ഉറുമിയുടെ പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നു .

Wednesday, 13 April 2011

ലോക് പാല്‍ ബില്ലെന്നൊരു മലപ്പുറം കത്തി




ഉമ്മറത്തെ ചാരുകസേരയിലിരുന്നു,നാലും കൂട്ടി മുറുക്കിതുപ്പി‍ , വഴിയോര കാഴ്ചകളിലേക്ക് കണ്ണും നട്ട് ദോഷം മാത്രം കണ്ട് പിടിക്കുന്ന ഒരു പഴയ അമ്മാവന്‍ സിന്‍ഡ്രോം ഇടക്കിടെ കയറിവരുന്നത് ശുഭപ്രതീക്ഷയുടെ മേല്‍ കരിനിഴല്‍ വീഴ്ത്തിതുടങ്ങുമ്പോള്‍ ഞാന്‍ എന്നെത്തന്നെ ന്യായീകരിക്കും - അടുത്ത മഴക്ക് ആലിപ്പഴം പോലെ അമ്പിളിമാമന്‍ പൊഴിഞ്ഞ് വീഴുമെന്ന് കരുതുന്ന കൊച്ചുകുട്ടിയുടെ വ്യര്‍ത്ഥസ്വപ്നത്തെക്കാള്‍ ഭേദമാണ് ഈ ദോഷൈകദൃക്‌തമെന്ന് .

കൊട്ടി ഘോഷിക്കപ്പെട്ട ലോക്പാല്‍ ബില്ലിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത് , ഒരു രാജ്യം മുഴുവന്‍ അതിനെ പ്രതീക്ഷയോടെ നവയുഗത്തിന്റെ നാന്ദിയായി പരിഗണിച്ചു ആഘോഷിക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍ ഇത് ഒരു പ്രഹസനമായി അവസാനിക്കുമെന്നു കരുതാന്‍ നിരവധി കാരണങ്ങളുണ്ടായിരുന്നു. ആ കാരണങ്ങളൊരിക്കലും അണ്ണാ ഹസാരെയെ സംഘബന്ധുവാക്കി അവതരിപ്പിച്ച് ലോക് പാലിന് വേണ്ടിയുള്ള സത്യാഗ്രഹത്തെ വര്‍ഗ്ഗീയ ധ്രുവീകരണമാക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന റാഡിക്കല്‍ ഇസ്ലാമിസ്റ്റുകളുടെയോ അതിതീവ്ര ഇടത് പക്ഷക്കാരുടെയോ വാദങ്ങളല്ല .അണ്ണാ ഹസാരെയുടെ പ്രവര്‍ത്തനങ്ങളെ വര്‍ഗ്ഗീയ വല്‍ക്കരിച്ചു കൊണ്ടു ലോക് പാല്‍ ബില്ലിനെ വിമര്‍ശിക്കുന്നത് തീര്‍ച്ചയായും മറ്റൊരു അജണ്ട ഉള്ളത് കൊണ്ടു തന്നെയാണ് .സംഘ പരിവാറുകാരുടെ ആദര്‍ശങ്ങളില്‍ വംശ ശുദ്ധിയെക്കാള്‍ പ്രാധാന്യം അഴിമതിക്കില്ല എന്ന പരമ്പരാഗത വിശ്വാസം തന്നെയാണ് .നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ചത് അഴിമതി രഹിതമായ ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ വലിയ തെറ്റായി തോന്നുന്നില്ല

ആഗോളതലത്തില്‍ നടന്ന ജനകീയ വിപ്ലവങ്ങളുടെ സമകാലികമായ പ്രസക്തിയുടെ പശ്ചാത്തലത്തില്‍ വേണം ഇന്‍ഡ്യയില്‍ നടന്ന ഈ അഴിമതി വിരുദ്ധ കാമ്പയിന്റെ ജനകീയ മുന്നേറ്റത്തെ വിലയിരുത്തേണ്ടത് .2011 എന്ന വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ തന്നെ തിളക്കുന്ന ലാവ പോലെയുള്ള ജനകീയ വിപ്ലവങ്ങളുടെ നിരവധി മാതൃകകള്‍ നാം കണ്ട് കഴിഞ്ഞു .ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് തെളിച്ച് കൊണ്ട് പോയ ദീപശിഖാ പ്രയാണം പോലെ അത് ആഫ്രിക്കയിലും മധ്യപൂര്‍വേഷ്യയിലും പടര്‍ന്ന് കയറി . ജനുവരി 14 ന് ട്യുണീഷ്യയില്‍ ഒരു മുല്ലപ്പൂ വിപ്ലവത്തിലൂടെ അത് നാന്ദി കുറിക്കുമ്പോള്‍ അത് ആ രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിലുപരിയായി മറ്റൊരു തലത്തിലേക്ക് വളരുമെന്ന് ഒരു രാഷ്ട്രീയ നിരീക്ഷകരും പ്രവചിച്ചിരുന്നില്ല പക്ഷെ ഈജിപ്തിനെ പരമ്പരാഗത സ്വത്ത് പോലെ കൊണ്ട് നടന്ന ഹോസ്നി മുബാറക്കില്‍ നിന്നു ലിബിയയിലെ ഏകാധിപതിയായ ഗദ്ദാഫിയിലും വരെ ആ ജനകീയമുന്നേറ്റം ചെന്നെത്തി നില്‍ക്കുമ്പോള്‍ ലോകം കണ്ടത് വലിയൊരു വിപ്ലവമായിരുന്നു . ഭരണാധികാരികളുടെ അപ്രമാദിത്വത്തിലും ജനദ്രോഹ നടപടികളിലും അമര്‍ഷം അണപൊട്ടിയ ജനതയുടെ പ്രതികരണമായിരുന്നു .വിപ്ലവം അരങ്ങേറിയ ഈ രാജ്യങ്ങളെല്ലാം തന്നെ ശാന്തമായിരുന്നു . അസന്തുഷ്ടിയുടെ ഒരു തെളിവുമില്ലാതെ മാത്രമല്ല ശരാശരിക്കണക്കില്‍ മികച്ച സാമ്പത്തികാഭിവൃദ്ധിയും വികസനവും രേഖയില്‍ തെളിഞ്ഞ് നിന്നിരുന്നു .പക്ഷെ അതെല്ലാം തിളച്ച് കൊണ്ടിരുന്ന ഒരഗ്നിപര്‍വ്വതത്തിന്റെ പുറം മോടി മാത്രമായിരുന്നുവെന്ന് ചരിത്രം സാക്ഷി .

മറ്റു രാജ്യങ്ങളിലെ ഏകാധിപത്യവും പട്ടാള ഭരണവുമാണ് വിപ്ലവങ്ങള്‍ക്ക് ഹേതുവായത് ഒരു ജനാധിപത്യ രാജ്യമായ ഇന്‍ഡ്യയില്‍ അത്തരമൊരു അവസ്ഥ നിലവിലുണ്ടോ എന്ന സംശയത്തിനുത്തരമായി ആല്‍ബര്‍ട്ട് ടൊയാന്‍ബിയുടെ വാക്കുകളെ കടമെടുക്കാം - “ജനാധിപത്യവ്യവസ്ഥയില്‍ അധികാരത്തിന് ഭീഷണിയാകുന്നത് കലാപമോ യുദ്ധമോ ഒന്നുമല്ല ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതാണ് “ . ജനാധിപത്യമെന്ന സാമ്പ്രദായിക വ്യവസ്ഥയുടെ ആനുകൂല്യം പിന്‍ പറ്റിക്കൊണ്ടാണ് ഇന്‍ഡ്യയില്‍ ഭരണവര്‍ഗ്ഗം എപ്പോഴും ജനങ്ങളുടെ അസന്തുഷ്ടിയെ മറികടക്കുന്നത് .ലോകമെങ്ങും ഇത്തരം ജനകീയ മുന്നേറ്റങ്ങളിലൂടെ സ്വയം തീരുമാനമെടുക്കാന്‍ ജനങ്ങള്‍ പ്രാപ്തി നേടുന്നതിനിടയില്‍ ഇന്‍ഡ്യന്‍ ജനസമൂഹം ആകെ ആശയക്കുഴപ്പത്തിലായിരുന്നു .തൊഴിലില്ലായ്മ , ഭരണവര്‍ഗ്ഗത്തിന്റെ കൂട്ടായ അഴിമതികള്‍ , കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം ഗുണകരമായ നയങ്ങള് , ,ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായിക്കൊണ്ടിരിക്കുന്നു ‍ ഇതാണ് നിലവിലെ അവസ്ഥ . പക്ഷെ ജനാധിപത്യമെന്ന നിലവിലെ അവസ്ഥയില്‍ നിന്ന് ഏത് തരം പുതിയ രീതിയാണ് ഇനി പരീക്ഷിക്കാനുള്ളതെന്ന ധര്‍മ്മസങ്കടത്തില്‍ ജനങ്ങള്‍ വീണ്ടും അസഹനീയമായ അമര്‍ഷത്തോടെ പലയിടത്തായി പ്രതികരണങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ടായിരുന്നു . ഒരു പക്ഷെ ഒരു ജനകീയ മുന്നേറ്റം ഉണ്ടാകുമോ എന്ന് സ്വകാര്യമായെങ്കിലും കേന്ദ്രസര്‍ക്കാര്‍ സംശയിച്ച സാഹചര്യമുണ്ടായിരുന്നു. അണ്ണാഹസാരെ എന്ന ഗാന്ധിയന്റെ ത്യാഗസമ്പൂര്‍ണ്ണമായ ഒരു നിരാഹാരം ഇത്തരം സാധ്യതകളെ ഇല്ലാതാക്കി വീണ്ടും ഐശ്വര്യപൂര്‍ണ്ണമായ ഒരു ഭാവി നമുക്ക് ഓഫര്‍ ചെയ്യുന്നത് .

അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ നിസ്സാരവല്‍ക്കരിക്കാതെ തന്നെ പറയട്ടെ ഈ ഒരു സമരം കൊണ്ട് ഏറ്റവുമധികം ഗുണം ഉണ്ടായിട്ടുള്ളത് കേന്ദ്രഗവണ്മെന്റിന് തന്നെയാണ്.കേന്ദ്രഗവണ്മെന്റ് അധികാരത്തിലേറി ഇന്ന് വരെ നടത്തിയ അഴിമതികള്‍, ജനദ്രോഹ നിലപാടുകള്‍ എല്ലാം ഈയൊരു ബില്ലെന്ന വാഗ്ദാനത്തിലൂടെ പാപമുക്തി നേടിയിരിക്കുന്നു .കേന്ദ്രഗവണ്മെന്റ്റിന്റെ മഹാമനസ്കതയും ജനങ്ങളോടുള്ള അര്‍പ്പണബോധവും ഇനി കോണ്‍ ഗ്രസ്സ് സ്തുതിപാഠകര്‍ക്ക് പാടി നടക്കാമെന്നായിരിക്കുന്നു .42 കൊല്ലം കാത്ത് വെച്ച ഒരു ബില്‍ അവതരിപ്പിക്കാന്‍ മാത്രം ധാര്‍മ്മികതയുള്ള ഒരു ഗവണ്മെന്റായി ഇനി ഈ ഗവണ്മെന്റ് വാഴ്ത്തപ്പെടുമായിരിക്കും കഴിഞ്ഞ കഥകളിലെ പാപങ്ങളെല്ലാം ലോക്പാല്‍ ബില്ലെന്ന ഗംഗാനദിയില്‍ മുങ്ങി നിവര്‍ന്നതോടെ വിമുക്തി കിട്ടിക്കഴിഞ്ഞു .ആദ്യം ഒരു വിസമ്മതം പിന്നെ ഒരു കടും പിടുത്തം അവസാനം മനസ്സില്ലാമനസ്സോടെ ഒരു സമ്മതം . ഈയൊരു സംഭവത്തോടെ ജനങ്ങളുടെ അസംതൃപ്തിക്ക് താല്‍ക്കാലികമായ ഒരു ശമനം ലഭിച്ചു . പക്ഷെ ഇത് “സ്പോണ്‍സേഡ് കലാ പരിപാടിയാണ് “ എന്നത് അണ്ണാ ഹസാരെ എന്ന മനുഷ്യന്‍ നടത്തിയ ജനകീയ സമരത്തെ താറടിച്ചു കാണിക്കാനുള്ള ഗവണ്മെന്റ് സ്പോണ്‍സേഡ് പ്രചരണങ്ങളാണ് ,അതിന് ഒത്താശ നല്‍കുന്ന മാധ്യമങ്ങള്‍ അതിപുരോഗമന വാദികളും ചെയ്യുന്നത് ഇനിയൊരു ജനകീയ മുന്നേറ്റം ഉണ്ടാകാതെ കേന്ദ്രഗവണ്മെന്റിനെ സംരക്ഷിക്കുക എന്നതാണ് .

അണ്ണാ ഹസാരെയുടെ നിരാഹാര സത്യാഗ്രഹം മഹത്തായ ഒരു മുന്നേറ്റം തന്നെയായിരുന്നു പക്ഷെ അത് അഴിമതി നിര്‍മ്മാര്‍ജ്ജനം സംഭവിക്കുമെന്നോ അധികാരവര്‍ഗ്ഗം ഹരിശ്ചന്ദ്രന്മാരായി പരിണമിക്കുമോ എന്നുള്ള മൂഡവിശ്വാസത്തിലല്ല . ഇന്‍ഡ്യന്‍ മധ്യവര്‍ഗ്ഗം നിസ്സംഗമായ അരാഷ്ട്രീയതയിലേക്ക് തിരിഞ്ഞ് കൊണ്ടിരിക്കുന്ന ഒരവസ്ഥയില്‍ ദേശീയ ബോധം എന്ന വികാരമുണര്‍ത്തി അതിനെ രാഷ്ട്രബോധത്തിലേക്ക് തിരിച്ച് കൊണ്ട് വരാനും , നിസ്സംഗതയിലാണ്ട ഒരു യുവതയെ നിഷ്ക്രിയത്വത്തിന്റെ തോട് പൊട്ടിച്ച് പുറത്തെത്തിച്ച് ഒരു ഇന്‍ഡ്യന്‍ പൊതുമനസ്സ് രൂപീകരിക്കാന്‍ കഴിഞ്ഞതുമാണ് അണ്ണാ ഹസാരെയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ പ്രസക്തി .ഏറെ ആറ്റിയും കുറുക്കിയും തടഞ്ഞ് വെച്ചും വാഗ്ദാനം ചെയ്തും കഴിഞ്ഞ 42 വര്‍ഷമായി “പ്രതീക്ഷിപ്പിന്‍ പ്രതീക്ഷിപ്പിന്‍ നിങ്ങളുടെ രക്ഷകന്‍ ആഗതനാകാന്‍ പോകുന്നു “ എന്ന നിരന്തര വിളംബരത്തിലൂടെ നമ്മളെ രക്ഷിക്കാന്‍ പോകുന്ന ലോക് പാല്‍ ബില്‍ എന്ന മഹാസംരംഭത്തില്‍ എനിക്ക് അശേഷം വിശ്വാസമില്ല .

വാക്കുകളുടെ അതിഭാവുകത്വങ്ങളില്ലാതെ തന്നെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് വാഗ്ദാനം നല്‍കിയ ജന്‍ ലോക്പാല്‍ ബില്ലെന്ന പുതിയ പ്രതീക്ഷയെ വസ്തുതാ പരമായി വിശകലനം ചെയ്ത് നോക്കാം .

നിയമങ്ങള്‍ കൂടുന്നതിനനുസരിച്ചു അഴിമതിയുടെ തോതും കൂടും എന്നാണ് ചൊല്ല് .നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ കഴിയാതെ പുതിയ നിയമം കൊണ്ടു കാര്യങ്ങള്‍ നേരെയാകുമെന്ന് വിശ്വസിക്കുന്നത് ഫലിതമാണ് .പക്ഷെ അണ്ണാ ഹസാരെ നിര്‍ദ്ദേശിക്കുന്ന ജന്‍ ലോക് പാല്‍ ബില്ലില്‍ ഗവണ്മെന്റിന്റെ താല്പര്യങ്ങള്‍ക്കു വിരുദ്ധമായി ചില സംഗതികളുണ്ടു എന്നത് അല്പം പ്രതീക്ഷയുണര്‍ത്തിയിരുന്നു പക്ഷെ ഗവണ്മെന്റിന്റെ പ്രതിനിധികളായി വക്രബുദ്ധിയില്‍ മാനേജ്മെന്റ് ബിരുദമുള്ള പി ചിദംബരവും രാത്രിയെ പകലാക്കി വാദിക്കുന്ന കപില്‍ സിബലും ഉണ്ടെന്നറിഞ്ഞപ്പോള്‍ തന്നെ പുതിയ കൂട്ടിച്ചേര്‍ക്കലുകളുടെ ഭാവി 42 വര്‍ഷം പഴക്കമുള്ള ആ പഴയ ബില്ലിലേക്കു തന്നെ ചുരുങ്ങുമെന്നു ഉറപ്പായിരുന്നു . കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതി , ബോഫോഴ്സ് കുംഭകോണം ,ആദര്‍ശ് ഫ്ലാറ്റ് വിവാദം ,2 ജി സ്പെക്ട്രം എന്നിങ്ങനെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ അളവില്ലാത്ത അഴിമതിക്കഥകള്‍ നാം കേള്‍ക്കുകയും മറക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഇതിന്റെ അന്വേഷണം ഇനിയും കുറെ വര്‍ഷങ്ങള്‍ നീണ്ട് പോയേക്കാം അവസാ‍നം തെളിവില്ലാതെ എഴുതിത്തള്ളും . നിയമങ്ങളുടെ അപര്യാപ്തത കൊണ്ടാണ് ഇന്‍ഡ്യയില്‍ ഭരണ വര്‍ഗ്ഗം അഴിമതി നടത്തുന്നതെന്ന വാദം മിഥ്യാധാരണ കൊണ്ടുണ്ടായതൊന്നുമല്ല , നമുക്ക് അങ്ങനെ വിശ്വസിക്കാനാണ് കൂടുതല്‍ താല്പര്യം .വ്യവസ്ഥയുടെ പോരായ്മ കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത് അത് കൊണ്ട് ഒരു പുതിയ നിയമവും വ്യവസ്ഥയും വന്നാല്‍ മാത്രമേ ഇതില്‍ നിന്ന് മോചനം കിട്ടൂ എന്ന് നാം നമ്മെത്തന്നെ പറഞ്ഞ് വിശ്വസിപ്പിക്കുന്നു .


രാജ്യം അഴിമതിയിലാണ് എന്നൊക്കെ നമുക്ക് ബോധ്യം വന്നത് അഴിമതിയിലുള്‍പ്പെട്ട സംഖ്യയുടെ വലുപ്പം മനസ്സിലാക്കാന്‍‍ സാമാന്യ വിദ്യാഭ്യാസം പോരാ ഉന്നത വിദ്യാഭ്യാസം വേണമെന്ന ഘട്ടമായപ്പോള്‍ മാത്രമാണല്ലോ .176000 കോടിയെന്നൊക്കെ പറയുമ്പോള്‍ എത്രയാണെന്ന് ഭൂരിപക്ഷം പേര്‍ക്കും വലിയ പിടിയില്ല . അന്നന്നത്തെ അന്നത്തിനുള്ള വകയൊപ്പിക്കാനുള്ള നെട്ടോട്ടത്തില്‍ 100 രൂപക്കപ്പുറമുള്ള ഒരു സംഖ്യയെക്കുറിച്ച് ചിന്താകുലനാകേണ്ട കാര്യം 80 ശതമാനം ഇന്‍ഡ്യക്കാര്‍ക്കുമില്ല എന്നതാണ് വാസ്തവത്തിന്മേല്‍ , ഇന്‍ഡ്യയിലെ മൊത്തം ജനങ്ങള്‍ക്കും വീതം വെച്ചാല്‍ 1100 രൂപയെങ്കിലും മിനിമം ഒരാള്‍ക്ക് കിട്ടുമെന്ന് ചില ഗണിതശാസ്ത്രവിശാരദന്മാര്‍ കണ്ടെത്തലിന് പ്രാധാന്യമില്ല .എന്തായാലും 2 ജി സ്പെക്ട്രം അഴിമതി വന്നപ്പോഴാണ് ഇവിടെ അഴിമതിയും അധികാര വര്‍ഗ്ഗത്തിന്റെ അനീതിയുമെല്ലാം നടക്കുന്നുവെന്ന് സാമാന്യജനത്തിന് കൂടുതല്‍ മനസ്സിലായിതുടങ്ങുന്നത് , അത്രക്ക് നിഷ്കളങ്കരായ ജനതയാണല്ലോ ഇന്‍ഡ്യയിലുള്ളത് !

കേന്ദ്രീകൃത വ്യവസ്ഥയിലുള്ള ഒരു സ്ഥാപനത്തിന് ഒരിക്കലും വ്യവസ്ഥിതിതിയില്‍ ജനകീയമാകാന്‍ സാധ്യമല്ല എന്നതാണ് വാസ്തവമെന്നിരിക്കെ ജനങ്ങള്‍ക്ക് നേരിട്ട് ഇടപെടാവുന്ന ഒരു ബില്ലാണ് പുതിയ നിയമം കൊണ്ട് വരുന്നതെന്ന ഗരിമ അനാവശ്യമാണ് .ഈ നിയമം മൂലം ഒരു സാധാരണക്കാരന് ഒരിക്കലും ഒരു പരാതി കൊടുക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല കാരണം അഴിമതിയാരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ പരാതിക്കാരന് 50000 രൂപ വരെ പിഴയും തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും.സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സംഭവിക്കപ്പെട്ടിട്ടുള്ള [എല്ലാം സംഭവിക്കുകയായിരുന്നു ഒരു അഴിമതിക്കും അന്വേഷണാന്ത്യത്തില്‍ നാഥനുണ്ടാവാറില്ലല്ലോ] ഏത് അഴിമതിക്കാണ് തെളിവുണ്ടായിട്ടുള്ളത് എല്ലാം തെളിവുകളുടെ അഭാവത്തില്‍ അവസാനിക്കുകയായിരുന്നില്ലെ അതു കൊണ്ട് തന്നെ സാമാന്യബോധമുള്ള ഒരാളും ഇത്തരം സാഹസത്തിന് മുതിരില്ല . ഏതെങ്കിലും അല്പബുദ്ധി രാഷ്ട്രീയനേതാവ് ഒന്നോ രണ്ടോ ലക്ഷം കൈക്കൂലി വാങ്ങുന്നത് ഒളി ക്യാമറ വെച്ചു പിടിക്കുന്നത് കാണിക്കാമെന്നല്ലാതെ ലക്ഷം കോടിയുടെ അഴിമതിക്ക് എന്ത് തെളിവാണ് ഉണ്ടാവുക . എല്ലാ അഴിമതികളും തെളിയിക്കപ്പെടാതെ പോകുന്നത് അത് അന്വേഷിക്കാനുള്ള നിയമത്തിന്റെ അപര്യാപ്തത കൊണ്ടായിരുന്നില്ല മറിച്ച് അതില്‍ പ്രതി പക്ഷ - ഭരണപക്ഷ ഭേദമില്ലാതെയുള്ള രാഷ്ട്രീയക്കാര്‍ തമ്മിലുള്ള അലിഘിതമായ ഒരു കരാര്‍ എന്നും നില നില്‍ക്കുന്നത് കൊണ്ടാണ് .

രാജ്യരക്ഷയെക്കരുതി സുതാര്യമാക്കാന്‍ പാടില്ല എന്നു മുട്ടുന്യായമുള്ള പ്രതിരോധ വകുപ്പിലെ ആയുധ ഇടപാടുകളിലാണ് അഴിമതിയുടെ സാന്ദ്രത ഏറ്റവുമധികം നില നില്‍ക്കുന്നത് .വിദേശ ആയുധ ഇടപാടുകാരുടെ സഹകരണമില്ലെങ്കില്‍ തെളിവുകളില്ലെന്ന് പറഞ്ഞു തള്ളാവുന്നത്ര ലളിതമായ സംഗതിയാണ് അതെന്ന് ബൊഫോഴ്സ് കേസ് അന്വേഷണം നിര്‍ത്തി വെക്കാനുള്ള സി ബി ഐ യുടെ തീരുമാനത്തോടെ നമുക്ക് ബോധ്യപ്പെട്ടതാണ് .പ്രതിരോധ ഇടപാടുകള്‍ കഴിഞ്ഞാല്‍ പണം കൊയ്യാനുള്ള അടുത്ത മേഖല വിവരസാങ്കേതിക വകുപ്പാണ് ഇത് സാങ്കേതികമായ തലത്തില്‍ തെളിയിക്കപ്പെടാനുള്ള സാധ്യത വളരെ വിരളമാണ് .2 ജി സ്കാം തന്നെ ഉദാഹരണമായെടുക്കാം പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെയും ഡി എം കെ എന്ന പാര്‍ട്ടിക്കു നേരെയും ഒരു പാട് തെളിവുകള്‍ ഉണ്ടായിട്ടും എ.രാജ എന്ന ഇടത്തരം രാഷ്ട്രീയക്കാരനെ ബലിയാടാക്കി ലളിതമായി ഇതില്‍ നിന്നു വിമുക്തി നേടി , രാജ വെറുമൊരു ഇടനിലക്കാരന്‍ മാത്രമാണെന്നു ആര്‍ക്കാണറിയാത്തത് ? എന്നിട്ടും 2 ജി സ്പെക്ട്രം കേസ് തെളിഞ്ഞ് കൊണ്ടിരിക്കുന്നതായി നാം ആഘോഷിക്കുന്നു .അപ്പോള്‍ പ്രതിരോധ ഇടപാടുകളിലും സാങ്കേതിക ഇടപാടുകളിലും അഴിമതി നിയമപരമായോ സാങ്കേതികമായോ തെളിയിക്കപ്പെടുക എന്നത് വെറും സ്വപ്നം മാത്രമാണ് അതു നിലവിലുള്ള നിയമത്തിന്റെ അപര്യാപ്തത കൊണ്ടല്ല മറിച്ചു വ്യവസ്ഥയുടെ പോരായ്മ കൊണ്ടാണ് .


ഓരോ പുതിയ നിയമങ്ങളും ജനങ്ങളെ കൂടുതല്‍ നിരുത്തരവാദികളാകാന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കുകയും അരക്ഷിതാവസ്ഥയെ അതിന്റെ പാരമ്യത്തിലെത്തിക്കുകയും ചെയ്യുന്നു . നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കുവാനുള്ള ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഇനിയും ഉണ്ടാവുകയാണ് വേണ്ടത് അല്ലാതെ പുതിയൊരു ബില്‍ അടുത്ത മഴക്കാലത്ത് പൊട്ടിമുളക്കുമെന്ന പ്രതീക്ഷയില്‍ നിസ്സംഗരാവുകയല്ല വേണ്ടത് .

Sunday, 10 April 2011

സെന്‍സേഷണലിസം




പത്രമോഫീസിന്റെ മൂന്നാം നിലയിലെ ജനലഴികളില്‍ പിടിച്ച്, നഗരത്തിന്റെ ആരവങ്ങളിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു ജയദേവന്‍ .അഴുക്ക് പിടിച്ച ഒരു പരന്ന ശരീരത്തിലെ ധമനികള്‍ പോലെ നീണ്ട് കിടക്കുന്ന തിരക്ക് പിടിച്ച റോഡുകള്‍ .നഗരം ഒരു ശരീരമാണെങ്കില്‍ അതിന്റെ മനസ്സെവിടെയായിരിക്കും ? രസം കലര്‍ന്ന ചിന്തയാണത് അല്ലേ?


“ജയദേവന്‍ “ അയാളുടെ ചിന്തകളില്‍ ഒരു ഘനം കലര്‍ന്ന ശബ്ദത്തിന്റെ പ്രതിരോധം , പത്രാധിപരുടെ മുറിയിലായിരുന്നു അയാള്‍ .എന്തോ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചതാണ് പുതിയ ട്രെയിനി ജേണലിസ്റ്റിനെ .

“ ജയദേവന്‍ നിങ്ങളിങ്ങനെ ഒരു കാല്പനിക ബുദ്ധിജീവി വേഷോം കെട്ടി നടന്നാല്‍ ഒരു ജേണലിസ്റ്റ് ആകുമെന്ന് കരുതുന്നുണ്ടോ ? പുതുതായി വന്ന ഒരു ജേണലിസ്റ്റിനോട് എനിക്കിത്ര അടുപ്പം കാട്ടി ഉപദേശം നല്‍കേണ്ട കാര്യമില്ല
എന്ന് നിങ്ങള്‍ക്കറിയാമല്ലോ “

ശരിയാണ് ഒരു മുഖ്യധാരാ പത്രത്തിന്റെ ചീഫ് എഡിറ്റര്‍ക്ക് പുതിയതായി വന്ന ജേണലിസ്റ്റ് ട്രെയിനിയെ ഉപദേശിച്ച് നന്നാക്കേണ്ട കാര്യമൊന്നുമില്ല , അതും നൂറ് കണക്കിന് പേര്‍ ആ സ്ഥാപനത്തില്‍ ചേരാന്‍ ശുപാര്‍ശകളുമായി കാത്ത് കിടക്കുമ്പോള്‍ , ജയദേവന്‍ ഗൌരവത്തോടെ കേട്ട് നിന്നു .

“തോമസ് സര്‍ എന്റെയും കൂടി ഗുരു ആയിരുന്നു , അദ്ദേഹം ഇത് വരെ ആര്‍ക്ക് വേണ്ടിയും ശുപാര്‍ശ ചെയ്തിട്ടില്ല പക്ഷെ നിങ്ങൾക്കു വേണ്ടി അത് ചെയ്തു , നിങ്ങള്‍ക്ക് ടാലന്റുണ്ടെന്ന് എനിക്കറിയാം .നിങ്ങളായിരുന്നു സാറിന്റെ ഏറ്റവും നല്ല സ്റ്റുഡന്റ് എന്നും ഞാന്‍ കേട്ടിരുന്നു അത് കൊണ്ടൊക്കെയാണ് ഞാന്‍ സ്പെഷ്യല്‍ ഇന്ററസ്റ്റ് എടുത്ത് ഇത് പറയുന്നത് “ .

തോമസ് സര്‍ പലപ്പോഴും അതി വാത്സല്യം കാണിച്ചിട്ടുണ്ട് തന്നോട് ,ചിലപ്പോഴൊക്കെ ശാസനാ രൂപത്തില്‍ ഉപദേശിച്ചിട്ടുമുണ്ട് , എഴുതാനുള്ള ടാലന്റ് നശിപ്പിക്കരുതെന്ന് , ജേണലിസമാണ് ഒരു എഴുത്തുകാരന് തെളിയാനുള്ള ഏറ്റവും നല്ല മേഖലയെന്ന് അദ്ദേഹമെപ്പോഴും പറയും .പത്രപ്രവര്‍ത്തനമെന്നാല്‍ ജീവിതത്തിന്റെ നേര്‍ചിത്രമെഴുത്താണെന്നാണ് അദ്ദേഹമെപ്പോഴും പറയാറുള്ളതെന്ന് ജയദേവന്‍ ഓര്‍ത്തു .

പത്രാധിപര്‍ ഒരു ചെറിയ മൌനത്തിന്റെ ഇടവേളയില്‍ നിന്ന് സ്വയം വീണ്ടെടുത്തു തുടര്‍ന്നു ,ഒരല്പം ഔപചാരികത കലര്‍ന്ന ശബ്ദത്തോടെ

"ജയാ ഞാന്‍ വളരെ സീരിയസ്സായാണ് പറയുന്നത് ജേണലിസമെന്നാല്‍ സാമൂഹ്യപ്രതിബദ്ധതയാണെന്നൊക്കെ അകാഡമിക്കായി പഠിക്കാം പക്ഷെ അതൊന്നും പ്രാക്റ്റിക്കലല്ല , സെന്‍സേഷണലിസമാണ് ഇന്നത്തെ ജേണലിസം , നിങ്ങള്‍ അക്കാഡമിക് ആയ കാര്യങ്ങളില്‍ നിന്ന് പുറത്ത് വന്നാലെ അത് പഠിക്കാനാകൂ. ,വാര്‍ത്തയെ വൈകാരികമായി സമീപിക്കുന്നതാണ് നിങ്ങളുടെ പ്രശ്നം , വാര്‍ത്ത വെറും വാര്‍ത്തയാണ് ..കഴിഞ്ഞ ദിവസം തന്നെ എന്റോ സള്‍ഫാന്‍ വിഷയത്തില്‍ ഫീച്ചറെഴുതാന്‍ പറഞ്ഞിട്ട് , നിങ്ങള്‍ ഏതൊ വീട്ടില്‍ കയറിയപ്പോള്‍ പൊട്ടിക്കരഞ്ഞുവെന്ന് ഫോട്ടോഗ്രാഫര്‍ തോമസ് ജോണ്‍ പറഞ്ഞു "

കേട്ടത് ശരിയല്ലേ എന്ന ഭാവത്തില്‍ നോക്കിയപ്പോള്‍ നിസ്സംഗത അഭിനയിച്ചു നിന്നു . കേട്ടത് ശരിയാണ് ഉടലിനെക്കാള്‍ ഇരട്ടിവലിപ്പമുള്ള ഒരു തലയുള്ള കുഞ്ഞുമായി ഒരമ്മ കരഞ്ഞപ്പോള്‍ കൂടെ കരഞ്ഞ് പോയി . ഒരു ജേണലിസ്റ്റ്
അങ്ങനെ ചെയ്യാന്‍ പാടില്ലാത്തതാണ് , തെറ്റാണത് പക്ഷെ സഹിക്കാന്‍ കഴിഞ്ഞില്ല .

“ നോക്കൂ ജയദേവന്‍ ,എനിക്കത് കേട്ട് ചിരിയാണ് വന്നത് .അല്ലെങ്കിലും എന്റോ സള്‍ഫാന്‍ വിഷയത്തില്‍ ഇനി ഒരു സെന്‍സേഷണല്‍ ന്യൂസിന് വലിയ സാധ്യതകളൊന്നുമില്ല , അതൊക്കെ ഒരു തരംഗത്തിലുപരി കൂടുതലൊന്നുമുണ്ടാവില്ല , നമുക്ക്
ഇനി വേണ്ടത് ഒരു സെന്‍സേഷണല്‍ ന്യൂസാണ് ദാ ഈ വാര്‍ത്ത തന്നെ നോക്കൂ " മേശമേല്‍ കിടന്നിരുന്ന ഒരു പത്രത്തിന്റെ ഉള്‍ പേജുകളിലെവിടെയോ നിന്ന് വളരെ മുമ്പേ കണ്ടു വെച്ചിരുന്ന പോലെ ആയാസരഹിതമായി ആ വാര്‍ത്ത ജയദേവനായി കാണിച്ച് കൊടുത്തു .

പ്ലസ് ടു വിദ്യാര്‍ത്ഥിനി ദുരൂഹസാഹചര്യത്തില്‍ വീട്ട് വളപ്പില്‍ കൊല്ലപ്പെട്ടു !!! അതായിരുന്നു വാര്‍ത്ത .

ഈ വാർത്ത വായിച്ചിരുന്നതായി അയാള്‍ ഓര്‍ത്തു , കഴിഞ്ഞയാഴ്ചയിലേതാവണം ആ പത്രം . അത്രയൊന്നും അസാധാരണമല്ലാത്ത ഒരു വാര്‍ത്തയായിരുന്നു അത് . മിക്കവാറും എല്ലാ ദിവസമെന്നോണം പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നുണ്ടല്ലോ , എല്ലാ
ദിവസവും കാണുന്ന ഒരു പതിവ് മരണം .എങ്ങനെയാണ് ആ കുട്ടി മരിച്ചതെന്നാര്‍ക്കുമറിയില്ല ഒരു വൈകുന്നേരം സ്കൂളില്‍ നിന്ന്
തിരിച്ചെത്തിയില്ല ,ആ രാത്രി മുഴുവന്‍ അന്വേഷിച്ചു പിറ്റേന്ന് രാവിലെ വീട്ട് വളപ്പില്‍ മൃതദേഹം കാണുകയാണുണ്ടായത് , വല്ലാത്ത ദുരൂഹത ശേഷിപ്പിച്ച സംഭവം .രണ്ട് വശത്തേക്കും മുടി പിന്നിയിട്ട് , സ്കൂള്‍ യൂണിഫോമില്‍ ഒരു പെണ്‍കുട്ടി , വല്ലാത്ത കുട്ടിത്തം തോന്നുന്ന ചിരി , ആ ഫോട്ടോ സസൂക്ഷ്മം നോക്കുമ്പോള്‍ തന്നെ പത്രാധിപര്‍ പറഞ്ഞു .

" ലുക് , വളരെ സാധാരണമായ ഒരു വാര്‍ത്ത ഈ സംഭവം എല്ലാവരും വാര്‍ത്തയാക്കും . നമ്മളും വാര്‍ത്തയാക്കണം , വേണമെങ്കില്‍ ഒരു പരമ്പരയും ചെയ്യാം ,പക്ഷെ നമ്മള്‍ ചെയ്യുമ്പോള്‍ സെന്‍സേഷണലായിരിക്കണം ഇത് . മറ്റുള്ളവരില്‍ നിന്ന് ഡിഫറന്റായി ചെയ്യണം അറിയാല്ലോ “ അര്‍ദ്ധോക്തിയില്‍ നിര്‍ത്തിക്കൊണ്ട് ഒരു രഹസ്യം പറയുന്ന ഭാവത്തോടെ പത്രാധിപര്‍ പറഞ്ഞു “ വാര്‍ത്തയെന്നാല്‍ സംഭവം മാത്രമല്ല ഭാവന കൂടിയാവണം , അച്ചന്‍ തന്നെയാണ് കുട്ടിയെ കൊന്നതെന്ന് ഒരു ധാരണയിലാകണം നമ്മള്‍ മുന്നോട്ട് പോകേണ്ടത് “

അത് പറയുമ്പോള്‍ പത്രാധിപരുടെ മുഖത്തൊരു കൂട്ടിക്കൊടുപ്പുകാരന്റെ പുഞ്ചിരിയുണ്ട്‍ായിരുന്നു , പത്രത്തിലെ വാര്‍ത്തയില്‍ നിന്ന് അവിശ്വസനീയതയോടെ മുഖമുയര്‍ത്തിക്കൊണ്ട് ജയദേവന്‍ പതിഞ്ഞ ശബ്ദത്തില്‍ ദുര്‍ബലമായ ശബ്ദത്തില്‍ ചോദിച്ചു .

“ സര്‍ പക്ഷെ ആ കുട്ടിയെ ഭരണ കക്ഷിയിലെ ഒരു പ്രമുഖന്റെ മകനുമായി ബന്ധമുണ്ടായിരുന്നെന്നും സ്കൂളില്‍ പോയ കുട്ടി വൈകീട്ട് തിരിച്ച് വന്നില്ലെന്നും , പിറ്റേന്ന് രാവിലെ മൃതദേഹം വീട്ട് വളപ്പില്‍ കൊണ്ടിടുകയായിരുന്നെന്നും “ജയദേവനെ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ കയ്യുയര്‍ത്തി തടഞ്ഞ് കൊണ്ട് പത്രാധിപര്‍ പറഞ്ഞു -

“ ലുക്ക് ജയദേവന്‍ , വളരെ ബുദ്ധിമുട്ടി ഞാന്‍ ആ കുട്ടിയുടെ മാതാപിതാക്കളുമായി ഒരു കൂടിക്കാഴ്ചക്കുള്ള അവസരം ഒപ്പിച്ചെടുത്തിട്ടുണ്ട് . അറിയാല്ലോ ഇറ്റ് ഈസ് ക്വയറ്റ് ഡിഫികള്‍ട്ട് ടു ഗെറ്റ് ഏന്‍ ഇന്റര്‍ വ്യൂ വിത്ത് ദെം . പല ചാനലുകളും പത്രങ്ങളും ഒരു പാട് ട്രൈ ചെയ്തതാണ് അവരുമായി ഒരു കൂടിക്കാഴ്ചക്ക് താനാണ് അത് ചെയ്യേണ്ടത് , തനിക്കൊരു ഗോള്‍ഡന്‍ ചാന്‍സാണിത് , എങ്ങനെ ചെയ്യണമെന്ന് ഞാന്‍ പറയാതെ തന്നെ അറിയാല്ലൊ , ഇലക്ട്രാ കോമ്പ്ലക്സിനെക്കുറിച്ചൊക്കെ സിനിമ വരുന്ന കാലമാണ് - അച്ഛന്‍ മകളെ കാമിക്കുന്ന കാലം , എലക്ട്രാ കോമ്പ്ലക്സാണ് നമ്മുടെ മെയിന്‍ തീം ആയി വരേണ്ടത് ,അത് പോലെ തന്നെ അപകടത്തില്‍ അരക്ക് താഴെ തളര്‍ന്ന ഭാര്യയുമായുള്ള ലൈംഗിക ബന്ധത്തിലെ അസംതൃപ്തി അച്ഛനെ മകളെ അങ്ങനെ നോക്കിക്കാണാനും അതിനെ എതിര്‍ത്ത മകളെ പ്രതികാരത്താല്‍ കൊന്ന് വീട്ട് വളപ്പില്‍ തന്നെ ഇടുകയായിരുന്നു . അമ്മയോടുമാവാം ചോദ്യം - നിങ്ങളുടെ ഭര്‍ത്താവിന് മകളില്‍ താല്പര്യം തോന്നുവാനുള്ള കാരണമെന്താണ് എന്നൊക്കെ , അത് നിങ്ങള്‍ അറിഞ്ഞത് കൊണ്ടല്ലെ മകളെ കൊന്നതെന്ന് ചോദിക്കാം , ജയദേവന്‍ ഇത് നിങ്ങളുടെ നിലനില്‍പ്പിന്റെ പ്രശ്നം കൂടിയാണെന്ന് കൂടി ഓര്‍ക്കുക , നിങ്ങള്‍ കുറച്ച് കൂടി പ്രൊഫഷണലാകേണ്ടിയിരിക്കുന്നു “

ഉപദേശത്തിന്റെ ഭാഷയില്‍ പത്രാധിപര്‍ പറഞ്ഞത് ഭീഷണിയാണെന്ന് തിരിച്ചറിയാന്‍ ഒരു പത്രപ്രവര്‍ത്തകന്റെ ഊഹാപോഹങ്ങളൊന്നും
വേണ്ടിയിരുന്നില്ല , ഒരു ശുപാര്‍ശയുടെ ആനുകൂല്യമാണയാള്‍ കാണിക്കുന്നത് ,അതിജീവനത്തിന്റെ ഭീതിദമായ തത്വശാസ്ത്രം ജയദേവന് മനസ്സിലായിരുന്നു .

അന്ന് പത്രമോഫീസില്‍ നിന്നിറങ്ങുമ്പോള്‍ ജയദേവന്‍ അജ്ഞാതമായ സന്ദേഹങ്ങള്‍ക്കുത്തരം കണ്ടെത്തിയ യോഗിയെക്കാളും പ്രശാന്തതയോടെയായിരുന്നു. ജീവിക്കുക എന്നതാണ് ഏറ്റവും അജ്ഞാതമായ സന്ദേഹം .അത് ജീവിച്ച് തന്നെയാണ് സന്ദേഹ രഹിതമാക്കേണ്ടതും. വഴിയില്‍ കാണുന്നതെല്ലാം മറ്റ് ജീവിതങ്ങളാണ് .അതിനെ അവഗണിക്കുമ്പോഴാണ് നമുക്ക് ജീവിക്കാനാവുന്നത് .

ആ വീട്ടിലേക്ക് പോകുന്നതിന് മുമ്പ് ഒരു തയ്യാ‍റെടുപ്പ് എന്ന നിലക്ക് പെണ്‍കുട്ടിയുടെ വീടിനെക്കുറിച്ച് , കുട്ടിയുടെ അച്ഛന്റെ പഴയ സുഹൃത്തുക്കളുമായി ഒക്കെ സംസാരിച്ചിരുന്നു ,അയാള്‍ക്കിങ്ങനെയൊരു ദുര്‍വിധി വന്നതില്‍ എല്ലാവരും സഹതപിച്ചു . നല്ല മനുഷ്യനായിരുന്നു , ഇങ്ങനെയൊക്കെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലത്രെ !!! സഹതപിക്കലാണ് ഏറ്റവും നല്ല അവഗണന എന്ന് തോന്നുന്നു പക്ഷെ ആര്‍ക്കും കൂടുതലൊന്നുമറിയുമായിരുന്നില്ല , അറിയാന്‍ താല്പര്യവുമുണ്ടായിരുന്നില്ല എങ്കിലും അത്യാവശ്യം ചില വസ്തുതകള്‍ അയാള്‍ ശേഖരിച്ചു , വെറും വസ്തുതകള്‍ മാത്രം .

മുന്‍ ധാരണകള്‍ ഒന്നും ശേഷിപ്പിക്കാതെയാണ് ജയദേവന്‍ ആ വീട്ടിലേക്ക് പോയത് .ഒരു സാധാരണ ഒറ്റ നില വീട് മരിച്ച കുട്ടിയുടെ അച്ഛന്‍ സര്‍ക്കാര്‍ ഗുമസ്ഥനായിരുന്നു. ഒരു ഗുമസ്ഥനും കുടുംബത്തിനും താമസിക്കാന്‍ അത് നല്ല വീട് തന്നെയാണ് ,മതില്‍ക്കെട്ടിനോട് ചേര്‍ന്ന് ഭംഗിയായി വെട്ടിയൊതുക്കിയ ചുവന്ന ബോഗണ്‍ വില്ല , ഈ ബോഗണ്‍ വില്ലയോട്
ചേര്‍ന്നാണ് പെണ്‍കുട്ടിയുടെ മൃത ദേഹം കണ്ടത് , കൊഴിഞ്ഞ് കിടക്കുന്ന ചുവന്ന പൂക്കള്‍ക്കിടയില്‍ മറ്റൊരു കൊഴിഞ്ഞ പൂവായി ആ പെണ്‍കുട്ടി .

മുറ്റത്ത് നിരനിരയായി വെച്ചിരുന്ന ചെടിച്ചെട്ടികളിലെല്ലാം പൂവിട്ട് നില്‍ക്കുന്ന റോസ്സാചെടികളാണ് . കഴിഞ്ഞ കുറെ ദിവസങ്ങളായി
വെള്ളമൊഴിക്കാത്തത് കൊണ്ടാവും അല്പം വാടിയിട്ടുണ്ട് .ആ പെണ്‍ കുട്ടിയാവണം ആ ചെടികളെ പരിചരിച്ചിരുന്നത് ഓരോ ഇല്ലാതാവലും മറ്റ് പലതിന്റെയും കൂടി അവസാനമാണ് അയാള്‍ വേദനയോടെ ഓര്‍ത്തു . ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാനല്ലല്ലോ തന്നെ പത്രാധിപര്‍ ഇങ്ങോട്ട് അയച്ചത് .പ്രൊഫഷണലാവുക തന്നെ വേണം അങ്ങനെയാണ് നിര്‍ദ്ദേശം .

സംഭവം കഴിഞ്ഞ് ഒരാഴ്ചയായിരുന്നെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും അങ്ങിങ്ങ് തങ്ങി നില്‍ക്കുന്ന ഒരു മരണ വീടായിരുന്നു അയാളുടെ സങ്കല്പത്തില്‍ , പക്ഷെ അവര്‍ക്ക് ആരുമുണ്ടായിരുന്നില്ല . ഒരു മിശ്രപ്രണയ വിവാഹത്തിലെ നായികാ നായക്ന്മാരായിരുന്നത് കൊണ്ടാവാം ബന്ധുക്കള്‍ എന്ന് പറയാന്‍ അവര്‍ക്കാരും തന്നെയുണ്ടായിരുന്നില്ല മിക്കവാറും എല്ലാ പ്രണയ കഥയിലെയും പോലെ ആദ്യ കുറച്ച് നാളത്തെ സ്വപ്നങ്ങള്‍ക്ക് ശേഷം ഒരു ദുരന്തം അവരെ കാത്തിരുന്നിരുന്നു ,ഒരപകടത്തിന്റെ രൂപത്തില്‍. പെണ്‍കുട്ടി ജനിച്ച് രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞപ്പോഴാണ് ഒരപകടത്തില്‍ അമ്മയുടെ അരക്ക് താഴെ തളര്‍ന്നത് , അതിന് ശേഷം അച്ഛന്‍ വല്ലാതെ ഉള്‍ വലിഞ്ഞു , അയാള്‍ കൂടുതല്‍ അന്തര്‍മുഖനായി .ജോലി കഴിഞ്ഞാല്‍ ആ കുഞ്ഞും ആ വീടും മാത്രമായി തീര്‍ന്നു അയാളുടെ ലോകം . ആ വീട്ടിലേക്ക് കടക്കുമ്പോള്‍ അയാളില്‍ അകാരണമായ വിഷാദം വന്ന് നിറഞ്ഞു .

പക്ഷെ അരണ്ട വെളിച്ചത്തില്‍ , വെളിച്ചമെന്ന് പറയാനാവില്ല , ഇരുട്ടായിരുന്നു അത് വാതിലും ജനലുകളുമെല്ലാം അടച്ച് വെളിച്ചത്തെ ഒഴിവാക്കിയ ആ വീട്ടില്‍ ഒരു തുരങ്കത്തിലേത് പോലെയുള്ള ഇരുട്ടായിരുന്നു , എവിടെ നിന്നോ ചിതറിതെറിച്ച പോലെ നിഴലുകള്‍ മാത്രമായ മൂന്ന് രൂപങ്ങള്‍ മാത്രം.....

അച്ഛന്‍ ,അരയുടെ കീഴ്ഭാഗം തളര്‍ന്ന് കിടക്കുന്ന അമ്മ ,അങ്ങനെ രണ്ട് പേരെയാണ് പ്രതീക്ഷിച്ചത് , പിന്നെ മൂന്നമതാരാണ് എന്ന സന്ദേഹത്തെ തിരുത്തിക്കൊണ്ട് ആ മൂന്നാമത്തെ നിഴല്‍ , ഒരു വൃദ്ധ ഇടറിയ ശബ്ദത്തില്‍ സംസാരിച്ച് തുടങ്ങി “ഞാന്‍ കദീജുമ്മ ഇവരുടെ ആരുമല്ല സാറെ ,അടുത്ത പറമ്പിലായിരുന്നു എന്റെ പൊര , മക്കളെല്ലാം സ്വത്ത് വീതം വെച്ച് പോയപ്പോള്‍ എന്നെ ആര്‍ക്കും വേണ്ടാതായി “ .ആവര്‍ത്തിച്ച് വിരസമായ കഥയാണത് സ്വത്തിന് വേണ്ടി പ്രായമായ അമ്മയെ ഉപേക്ഷിക്കുന്ന മക്കള്‍ , ക്ലീഷെ ആയിരിക്കുന്നു , ഒരു ന്യൂസ് വാല്യുവും ഇല്ല . “അന്ന് ദിനേശന്‍ സാറ് എന്നെ ഈട കൂട്ടിക്കൊണ്ട് വന്നതാണ് അമ്മ ഇനി ഞങ്ങടെ കൂടെ കഴിഞ്ഞോന്നും പറഞ്ഞ് “ ആ വൃദ്ധ ശ്വാസം വീണ്ടെടുക്കാനെന്നോണം പെട്ടെന്ന് നിശബ്ദയായിക്കൊണ്ട് മുറിയുടെ ഒരു വശത്ത് കട്ടിലില്‍ തളര്‍ന്ന് കിടന്നിരുന്ന മറ്റൊരു നിഴലിലേക്ക് കണ്ണയച്ചു - മരിച്ച പെണ്‍കുട്ടിയുടെ അമ്മയാണ് .

“ 8 വര്‍ഷായി സാറെ എന്റെ മോളീ കിടപ്പ് കിടക്കുന്നു അന്ന് അമ്മു മോള്‍ക്ക് ആറ് വയസ്സ് ഇണ്ടാവും ,പത്ത് പതിമൂന്ന് കൊല്ലായി സാറെ ഞാനിവരുടെ ഉമ്മയും അമ്മയുമൊക്കെയായിട്ട് , എനിക്കാരുണ്ടാരുന്നില്ല , അവര്‍ക്കും “ അവര്‍ ഏങ്ങിയേങ്ങി കരഞ്ഞു കൊണ്ട് ഒരു മൂലയിലിരുന്നു . അവിടെയുള്ള നിഴലുകള്‍ ചലിക്കുന്നു പോലുമുണ്ടായില്ല , അയാള്‍ പതിയെ ഒരു ജനല്‍ പാളി തുറന്നു ...പാതി തുറന്ന ജനലിലൂടെ അരിച്ചെത്തിയ വെളിച്ചത്തില്‍ ആ മുറി അയാള്‍ കണ്ടു .

ആയൊരവസ്ഥയില്‍ ആ വൃദ്ധ അത്രയും പറഞ്ഞൊപ്പിച്ചതെങ്ങനെയെന്ന് അയാള്‍ക്ക് മനസ്സിലായില്ല . അത്രക്ക് ദയനീയമാരുന്നു പുതുതായി കടന്ന് വന്ന വെളിച്ചത്തില്‍ അവരുടെ മുഖം അയാള്‍ക്കും കരച്ചില്‍ വന്നു . പക്ഷെ അയാള്‍ കരഞ്ഞില്ല ഇനിയാരാണ് തന്റെ സന്ദേഹങ്ങള്‍ക്കുത്തരം തരികയെന്ന ആലോചനയോടെ അടുത്ത നിഴലുകള്‍ക്ക് നേരെ മുഖമുയര്‍ത്തി , അവര്‍ക്കൊന്നും പറയാനുണ്ടായിരുന്നില്ല .ശ്മശാനങ്ങളില്‍ മറവ് ചെയ്യാന്‍ കാത്ത് വെച്ച ജഡങ്ങളെപ്പോലെ വല്ലാത്തൊരു ഭാവത്തില്‍ നിശ്ചലമായിരിക്കുന്ന നിഴലുകള്‍ . കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണം കഴിച്ചിട്ടുണ്ടാവുമോ , ഉറങ്ങിയിട്ടുണ്ടാവുമോ ? ശ്വാസം കഴിച്ചിട്ടുണ്ടാകുമോ ? ജീവിച്ചിരിപ്പുണ്ടാകുമോ എന്നൊക്കെയുള്ള സന്ദേഹങ്ങളായി മാറി . ആ സന്ദേഹങ്ങളുടെ രൂപാന്തരണത്തെ പെട്ടെന്ന് തന്നെ തടഞ്ഞ് കൊണ്ട് ഉത്തരവാദിത്തമുള്ള ഒരു പത്രപ്രവര്‍ത്തകനായി , വൈകാരികത തൊഴിലിനെ ബാധിക്കാന്‍ അനുവദിക്കരുതെന്ന് താക്കീത് നല്‍കി .

അവിടവിടെ ചിതറിക്കിടക്കുന്ന നിറയെ കളിപ്പാട്ടങ്ങളുള്ള , ഒരു പെണ്‍കുട്ടിയുടെ പല പ്രായത്തിലുള്ള ചിത്രങ്ങള്‍ നിറഞ്ഞ ഒരു കൊച്ചു മുറിയായിരുന്നു അത് - കൈക്കുഞ്ഞില്‍ നിന്ന് 16 വയസ്സ് വരെയുള്ള വളര്‍ച്ചയുടെ നിശ്ചലമായ തെളിവുകള്‍ . മുറിയുടെ മറ്റൊരു മൂലയില്‍ തളര്‍ന്നവശനായ ആ മനുഷ്യനെയും കണ്ടു , അയാളുടെ കയ്യില്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഒരു ഫോട്ടോ ഉണ്ടായിരുന്നു .മരിച്ച പെണ്‍കുട്ടിയുടേതാവണം അതിനടുത്ത് ഒരു കട്ടിലില്‍ പഴന്തുണി പോലെ ഒരു സ്ത്രീ , അമ്മയാണ് .ആ മുറിയിലെ ചലിക്കാത്ത എല്ലാ വസ്തുക്കളെയും പോലെ തന്നെ വര്‍ഷങ്ങളായി അവര്‍ അതേ കിടക്കയില്‍ തന്നെ അതേ ചലനങ്ങളുമായി കിടക്കുകയായിരിക്കും . അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നില്ലെങ്കില്‍ അവര്‍ക്ക് ജീവനുണ്ടോ എന്ന് പോലും സംശയിക്കുമായിരുന്നു , അവരോട് ചോദ്യങ്ങള്‍ ചോദിക്കേണ്ടത് ഒരു പത്രപ്രവര്‍ത്തകന്റെ കടമയാണ് , അങ്ങനെയാണ് സെന്‍സേഷണല്‍ ന്യൂസ് ഉണ്ടാകേണ്ടത് , അതാണ് പത്രപ്രവര്‍ത്തകന്റെ കടമ .പക്ഷെ ആ മനുഷ്യന്റെ ,മകള്‍ മരിച്ച് പോയ ഒരച്ചന്റെ മുഖത്ത് നോക്കി നിങ്ങളവള കാമിച്ചിരുന്നോ എന്ന് ചോദിക്കാനയാള്‍ക്ക് കഴിഞ്ഞില്ല , ചോദിച്ചിരുന്നെങ്കിലും അയാള്‍ പ്രതിഷേധമില്ലാതെ നിശബ്ദമായിരുന്നേനെ , ഒരു ചലനം പോലുമയാള്‍ ഉണ്ടാക്കില്ലായിരുന്നു .

പ്രായോഗിക പാഠങ്ങളാണ് അതിജീവനത്തിന്റെ ഉപാധികള്‍.പക്ഷെ അയാള്‍ക്ക് വീണ്ടും നെഞ്ചില്‍ ഒരു കനം തികട്ടി വന്നു , ഒരു കരച്ചില്‍ കഫത്തിന്റെ കട്ട പോലെ അയാളുടെ തൊണ്ടയില്‍ കിടന്ന് പിടഞ്ഞു .അയാളൊന്നും ചോദിച്ചില്ല..... പാതി തുറന്ന ജനല്‍ പഴയത് പോലെ അടച്ച് കൊണ്ട് ഇരുട്ടിന്റെ അഭയത്തിലേക്ക് അവരെ തിരികെയെത്തിച്ച് അയാള്‍ പുറത്തിറങ്ങി .തിരികെ നടക്കുമ്പോള്‍ എഴുതേണ്ട ലേഖനത്തെക്കുറിച്ച് മാത്രമാണ് അയാള്‍ ചിന്തിച്ചത് .

അടുത്ത ദിവസം തയ്യാറാക്കിയ ലേഖനവുമായി കണ്ടപ്പോള്‍ പത്രാധിപര്‍ പതിവിലേറെ ഉത്സാഹവാനായിരുന്നു , ഒന്നോടിച്ച് വായിച്ച് നോക്കിയിട്ട് നിഗൂഡമായ ആനന്ദത്തോടെ പത്രാധിപര്‍ പറഞ്ഞു .

“ ജയദേവന്‍ യു ഡണ്‍ ഇറ്റ് , ഹെഡ്ഡിങ്ങ് കൊള്ളാം കാമമോഹിതമായ പിതൃത്വങ്ങള്‍ ,ഇതൊരു പരമ്പരയായി തന്നെ എഴുതാമല്ലോ അല്ലെ “ ജയദേവന്‍ ഒന്നും മിണ്ടിയില്ല , അയാളുടെ ഓര്‍മ്മകളില്‍ മകളുടെ ഫോട്ടോ മാറിലടുക്കിപ്പിടിച്ച് കരഞ്ഞ് തളര്‍ന്ന ഒരച്ഛനായിരുന്നു .നിശ്ചലമായ ഉടലുമായി കണ്ണീരൊഴുക്കുന്ന ഒരമ്മയായിരുന്നു , ഏങ്ങിയേങ്ങിക്കരയുന്ന ഒരു വൃദ്ധയായിരുന്നു .
അയാള്‍ ഒന്നും പറയാതെ പത്രാധിപരുടെ മുറി വിട്ട് പുറത്തേക്ക് നടന്നു .

“അടുത്ത അധ്യായം എഴുതിത്തുടങ്ങിക്കൊളൂ ജയദേവന്‍, ഇനി നിങ്ങള്‍ നന്നായൊന്ന് പൊലിപ്പിച്ചെഴുതിയാല്‍ മതി “ ക്രൌര്യം നിറഞ്ഞ കണ്ണുകളോടെ പത്രാധിപര്‍ പറയുന്നത് അയാള്‍ കേട്ടില്ല. പിറ്റേ ദിവസത്തെ പത്രത്തില്‍ അയാളുടെ ഫീച്ചര്‍ ആരംഭിച്ചിരുന്നു . “കാമാസക്തമായ പിതൃത്വങ്ങള്‍ “ മരിച്ച് പോയ പെണ്‍കുട്ടിയുടെ വര്‍ണ്ണ ചിത്രങ്ങള്‍ക്കൊപ്പം , സാംസ്കാരിക നായകരുടെ പ്രസ്ഥവനകള്‍ , മലയാളിയുടെ സദാചാര മൂല്യങ്ങളുടെ അപചയത്തെക്കുറിച്ച് മുഖക്കുറിപ്പ് .

അന്നത്തെ രാത്രിയില്‍ റെയില്‍ വേ സ്റ്റേഷനില്‍ തണുത്ത സിമന്റ് ബെഞ്ചിലിരുന്ന് .- അയാളുടെ തന്നെ വാക്കുകള്‍ അന്നത്തെ പത്രത്തിലൂടെ വായിക്കുമ്പോള്‍ ജയദേവന് ചുട്ട് പൊള്ളി , കണ്ണില്‍ ഇരുട്ട് കയറി , ഇടത്തെ നെഞ്ചില്‍ വല്ലാത്ത ഒരു കനം വന്ന് നിറയുന്നുണ്ടായിരുന്നു .അന്ന് പകല്‍ മുഴുവന്‍ അയാളേതോ മദ്യഷാപ്പിലായിരുന്നു , ലഹരിയുടെ ആഴങ്ങളില്‍ അയാള്‍ പൊട്ടിക്കരഞ്ഞു അയാള്‍ക്ക് മടുത്തിരുന്നു , നഗരം വിട്ട് , ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ച് പോവുകയായിരുന്നു .

ലഹരിയുടെ ആലസ്യത്തില്‍ ഉത്തേജിതനായത് പോലെ ആ സിമന്റ് ബെഞ്ചില്‍ നിന്നെണീറ്റു , വിജനമായ പ്ലാറ്റ് ഫോമില്‍ രാത്രി വണ്ടിക്കായി ആരും കാത്തിരുന്നിരുന്നില്ല , പോര്‍ട്ടര്‍മാരോ ഭിക്ഷക്കാരോ പോലുമുണ്ടായിരുന്നില്ല , അയാള്‍ മാത്രം ..ഈ ലോകത്ത് താന്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നയാള്‍ക്ക് തോന്നി , അയാളുടെ കണ്ണുകളില്‍ ആ നിഴലുകള്‍ നിറഞ്ഞ് നിന്ന് , മകള്‍ മരിച്ച ഒരച്ഛ്നും തളര്‍ന്ന് കിടക്കുന്ന ഒരമ്മയും ഏങ്ങിക്കരയുന്ന ഒരു വൃദ്ധയും ...ആ അവ്യക്തമായ ആ നിഴലുകള്‍ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞ് വന്നു , രക്തത്തില്‍ കുതിര്‍ന്ന നിഴലുകള്‍ , ബോഗണ്‍വില്ല പൂക്കളുടെ ചുവപ്പ് പൂക്കള്‍ക്കിടയില്‍ രക്തത്തില്‍ കുതിര്‍ന്ന് ഒരു പെണ്‍കുട്ടി , അയാള്‍ കിതച്ചു , ഒരു നെഞ്ചിടിപ്പോടെ അയാള്‍ മനസ്സിലാക്കി അയാളുടെ കൈകള്‍ നനഞ്ഞിട്ടുണ്ട് , രക്തംപുരണ്ടിരിക്കുന്നു .

സന്ദേഹത്തിന്റെ രൂപാന്തരണം വീണ്ടും അതിജീവനത്തിന്റെ പാതയില്‍ നിന്നയാളെ പുറകോട്ട് നയിച്ചു , , ട്രെയിന്‍ വരാന്‍ ഇനിയും സമയമുണ്ട് , അയാള്‍ പതിയെ എഴുന്നേറ്റ് നടന്നു റെയില് വേ പാളങ്ങളിലൂടെ നടക്കുമ്പോള്‍ അകലെ നിന്നയാള്‍ക്ക് പോകാനുള്ള ട്രെയിന്‍ പാഞ്ഞ് വരുന്നുണ്ടായിരുന്നു ,അകലെ നിന്നുള്ള നേര്‍ത്ത ചൂളം വിളിയും വെളിച്ചപ്പൊട്ടും അടുത്തടുത്ത് വരുമ്പോഴും ജയദേവന്‍ അലക്ഷ്യമായി അറ്റമില്ലാത്ത പാളങ്ങളിലൂടെ നടന്ന് കൊണ്ടിരുന്നു. തീക്ഷ്ണമായ പ്രകാശം , കാതടപ്പിക്കുന്ന ചൂളം വിളി എന്നിട്ടും അയാള്‍ ഒന്നുമറിഞ്ഞില്ല ..........




picture courtesy -Helplessness by Kapil Dixit

Sunday, 3 April 2011

കന്മഷമേശാത്ത ബാല്യങ്ങള്‍ക്ക് വേണ്ടി




വാര്‍ത്തകള്‍ പൊതു സമൂഹത്തെ അസ്വസ്ഥരാക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നത് ഓഹരിവിപണിയിലെ ഇടിവിനെയോ ഉണര്‍ച്ചയെയോ മാത്രം ആശ്രയിച്ച് മാത്രമായി മാറിയിട്ട് കുറച്ചായി കഴിഞ്ഞു . കാസര്‍ഗോട്ടെ കുമ്പളയില്‍ ഇരുപതിലേറെ പ്രൈമറി സ്കൂള്‍ കുട്ടികളെ ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയമാക്കിയ സംഭവം കഴിഞ്ഞിട്ട് ഒരു മാസം പോലും തികയുന്നതിന് മുമ്പാണ് മലപ്പുറത്ത് ഒരു പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപകന്‍ അതേ സ്കൂളിലെ തന്നെ ഇരുപതിലേറെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വാര്‍ത്ത വന്നത് .ഇത്തരം വാര്‍ത്തകള്‍ യാതൊരു അസ്വാഭാവികതയുമില്ലാത്ത വിധം കേള്‍ക്കുകയും ആത്മരോഷത്തോടെ “ഇവനെയൊക്കെ പച്ചക്ക് തീയിടണമെന്ന “ ആഹ്വാനവുമായി മേമ്പൊടിക്കായി ഒരു കൃത്രിമ ആശ്ചര്യം പ്രകടിപ്പിക്കുന്നതോടെ അന്നത്തെ ആ വാര്‍ത്ത നമ്മള്‍ മറക്കുകയായി .ഇരുപതോളം കുട്ടികള്‍ മാസങ്ങളോളം ഒരാളാല്‍ പീഡിപ്പിക്കപ്പെട്ടിട്ട് ഒരാളും അറിഞ്ഞില്ല എന്നതാണ് ഏറെ അല്‍ഭുതപ്പെടുത്തുന്നത് . കുട്ടികളുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്ത് തുടങ്ങുന്ന ഈ ചൂഷണങ്ങള്‍ പിന്നീട് ഭീഷണിപ്പെടുത്തി തുടരുന്നതാകാം .കുറ്റബോധവും ഭയവും ഇത് പുറത്ത് പറയാതിരിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു, പലപ്പോഴും ചൂഷകര്‍ കുട്ടികളുടെ മേല്‍ എന്തെങ്കിലും അധീശത്വമുള്ളവരായിരിക്കും ഉദാഹരണമായി അധ്യാപകനോ അടുത്ത ബന്ധുവോ പോലുള്ള ആളുകള്‍ .ഇത് കൊണ്ട് തന്നെ പുറത്ത് പറഞ്ഞാലുള്ള അനന്തര ഫലങ്ങള്‍ കുട്ടികളെ നിശബ്ദം ഇത് സഹിക്കാന്‍ പ്രേരിപ്പിക്കുന്നു .

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ മനശാസ്ത്രപരമായി വിവക്ഷിക്കുന്നത് പിഡോഫീലിയ എന്ന രോഗാവസ്ഥയെന്നാണ് . അവസരങ്ങള്‍ ഒത്ത് വരുമ്പോള്‍ മാത്രം പ്രകടമാകുന്ന ഒരു മാനസിക നിലയായതിനാല്‍ ഇത്തരം വൈകൃത സ്വഭാവമുള്ളവരെ എളുപ്പം തിരിച്ചറിയാനാകില്ല.

2007 ല്‍ ടൈംസ് ഓഫ് ഇന്‍ഡ്യ നടത്തിയ ഒരു സര്‍വ്വേയില്‍ ഇന്‍ഡ്യയിലെ 53 % കുട്ടികളും പല വിധത്തില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു ,അത് കഴിഞ്ഞ് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു അതിന്റെ തോത് വര്‍ദ്ധിക്കുകയല്ലാതെ കുറയുകയില്ല എന്നതുറപ്പാണ് .ഇന്‍ഡ്യന്‍ ജനസംഖ്യയില്‍ 40 % വും കുട്ടികളാണ് അത് കൊണ്ട് തന്നെ ഈ സ്ഥിതിവിവരക്കണക്ക് ഭീതിതമായ ഒരവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് .ഒരു രാഷ്ട്രത്തിന്റെ ഭാവിയുടെ വാഗ്ദാനങ്ങളാവേണ്ട ബാല്യങ്ങളുടെ നേര്‍ക്കുള്ള ചൂഷണങ്ങള്‍ അവരെ മാനസികമായ അടിമത്തം ബാധിച്ച് മുരടിച്ച് പോകുന്ന തലമുറയാക്കിതീര്‍ക്കുന്നു .


സാമൂഹ്യമാനങ്ങള്‍ .


“.നീണ്ട പ്രവാസത്തിന് ശേഷം ബാല്യകാല സുഹൃത്തിന്റെ മകള്‍ക്ക് കുഞ്ഞുടുപ്പ് വാങ്ങിച്ച് വരുന്ന കഥാനായകന്‍ വാത്സല്യത്തോടെ സുഹൃത്തിന്റെ മകളെ ചേര്‍ത്ത് പിടിക്കുമ്പോള്‍ കുതറിമാറിക്കൊണ്ട് കുട്ടി പറയുന്നു “ അങ്കിള്‍ വിടൂ , നൌ ഐ ആം സിക്സ്ത് സ്റ്റാന്റേഡ് “ കുട്ടിയുടെ വാക്കുകളുണ്ടാക്കിയ അമ്പരപ്പിനെ സമാധാനിപ്പിക്കാനെന്നോണം സുഹൃത്ത് പറയുന്നു - കാലം മാറി കൂട്ടുകാരാ നമ്മുടെ സെക്ഷ്വലിറ്റി ഒക്കെ പുരോഗമിച്ചു , രണ്ട് വയസ്സുള്ള കുട്ടികളെ വരെയാണ് ഇപ്പോള്‍ , അത് കൊണ്ട് അവളെ സൂക്ഷിക്കാന്‍ അവള്‍ക്കറിയാം “ അത് കേട്ടപ്പോഴാണ് അയാള്‍ ചേര്‍ത്ത് പിടിച്ചത് കുട്ടിയല്ലെന്നും അവളുടെ കുഞ്ഞുമുലകളുടെ ചൂടും ചര്‍മ്മത്തിന്റെ പകിട്ടും അയാള്‍ക്ക് മനസ്സിലായി തുടങ്ങുന്നത് .ആ കൊച്ച് കുട്ടിക്കായി വാങ്ങിയ മുലപ്പാലിന്റെ മണമുള്ള കൊച്ചുടുപ്പ് അയാള്‍ക്കപ്പോള്‍ ശവപ്പെട്ടിക്ക് മുകളില്‍ കിടന്ന പൂക്കുലയുടെത് പോലെ തോന്നിച്ചു , അതയാള്‍ ദൂരേക്ക് വലീച്ചെറിഞ്ഞു , അതിനി ഒരു കുട്ടിക്കും പാകമാവില്ലെന്ന ബോധ്യത്തോടെ “.

സന്തൊഷ് എച്ചിക്കാനത്തിന്റെ “ബേബി ബ്രെത്ത് “ എന്ന കഥയില്‍ നിന്ന് .

നിഷ്കളങ്കമായ ബാല്യം പോലും ഇത്തരം സ്വയം കരുതലുകളെടുക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ നമ്മുടെ സമൂഹം വളര്‍ന്നു അല്ല തളര്‍ന്നു കഴിഞ്ഞിരിക്കുന്നു . നമ്മുടെ സമൂഹത്തിന്റെ ലൈംഗിക ധാരണകള്‍ ഏറെ പുരോഗമിച്ചു ,മുമ്പ് അവിശ്വസനീയതയോടെ പോലും കേള്‍ക്കാന്‍ ഭയപ്പെട്ടിരുന്ന കാര്യങ്ങള്‍ ഇന്ന് വളരെ എളുപ്പം ദഹിക്കാവുന്ന ഒരു നിലയിലേക്ക് നമ്മുടെ മാനസിക ഘടന താദത്മ്യം പ്രാപിച്ചിട്ടുണ്ട് . നിര്‍വ്വികാരതയുടെ പാരമ്യം കൊണ്ട് മാനസികമായി ഷണ്ടത്വം അനുഭവപ്പെടുന്ന നമുക്ക് വാര്‍ത്തകളില്‍ വരുന്ന അസ്വാഭാവികത നിറഞ്ഞ കാര്യങ്ങള്‍ പോലും ഒരു ചുടുചായ മൊത്തിക്കുടിക്കുന്ന ലാഘവത്തോടെ കേട്ട് പരിചയിക്കാന്‍ കഴിയുന്നു . നമ്മുടെ സമൂഹത്തിനെന്ത് പറ്റിയെന്ന ചോദ്യം ആവര്‍ത്തിച്ച് മടുത്തതാണ് .ഓരോ സംഭവങ്ങളിലും സമൂഹത്തിന്റെ ധാര്‍മ്മിക മൂല്യങ്ങളെക്കുറിച്ച് വാഗ്വാദങ്ങള്‍ നടത്തി അവസാനം സമൂഹത്തിന് സദാചാര മൂല്യച്യുതി സംഭവിച്ചു എന്ന നിഗമനത്തില്‍ തൃപ്തരാകുന്നതോടെ ആ സംവാദം അവസാനിക്കുന്നു.

പ്രായപൂര്‍ത്തിയാകാത്ത മകളെ വ്യഭിചാരത്തിന് കൊണ്ട് നടക്കുന്ന മാതാപിതാക്കളും അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കുന്ന മധ്യവയസ്കനുമൊക്കെ ദിനം പ്രതിയുള്ള വാര്‍ത്തകളിലെ സ്ഥിരം വിഭവങ്ങളായിക്കഴിഞ്ഞിരിക്കുന്നു. ഈ കുട്ടികള്‍ പിന്നീട് മാനസിക വൈകല്യമുള്ളവരോ മാനസിക മുരടിപ്പ് ഉള്ളവരോ ആയി വളരുന്നു . ശരിയായ കൌണ്‍സലിങ്ങ് ഇല്ലാതിരുന്നാല്‍ ഈ അനുഭവങ്ങള്‍ സാധാരണ ജീവിതം നയിക്കുന്നതില്‍ നിന്നും ഇവരെ എപ്പോഴും വിലക്കുന്നു .കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ട് ഇത്തരം സംഭവങ്ങളുടെ ആവൃത്തി ക്രമാതീതമായി വര്‍ദ്ധിച്ചതെങ്ങനെയാണ് ?

സാമൂഹിക സാമ്പത്തിക അരക്ഷിതാവസ്ഥ , കൂട്ടുകുടുംബങ്ങളുടെ അഭാവം , ന്യൂക്ലിയര്‍ ഫാമിലിയിലെ കുട്ടികളുടെ അരക്ഷിതാവസ്ഥ , മാതാപിതാക്കള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ എന്നിങ്ങനെയാണ് ഭൂരിഭാഗം ചൂഷണങ്ങള്‍ക്കുമുള്ള കാരണങ്ങള്‍ .സാമ്പത്തിക സ്ഥിതി കുറഞ്ഞ , വീട്ടില്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന കുട്ടികളെ എളുപ്പം പ്രലോഭിപ്പിക്കാന്‍ കഴിയുമെന്നത് തന്നെയാണ് കുട്ടികളുടെ ലൈംഗിക ചൂഷണത്തെ സംബന്ധിക്കുന്ന സാമൂഹിക പഠനങ്ങള്‍ വ്യക്തമാക്കുന്നതും .

അനാവശ്യമായ ഒരു വാക്കോ , നോട്ടമോ പോലും ബാല്യത്തിന്റെ നിഷ്കളങ്കതയെ മുറിവേല്‍പ്പിക്കുന്നതാണ് . മാനസികമായ വളര്‍ച്ചയുടെ ഘട്ടത്തിലുണ്ടാകുന്ന ഇത്തരം അനുഭവങ്ങള്‍ മൂലം കുട്ടികളെ ഉള്‍വലിയാനോ നിഷേധിയാവാനോ പ്രേരിപ്പിക്കും .പലപ്പോഴും കുറ്റബോധം കൊണ്ടോ അനന്തരഫലത്തെക്കുറിച്ചുള്ള ഭീതി കൊണ്ടോ ഇതെല്ലാം ആരോടും പറയാതിരിക്കാനാണ് അവര്‍ ശ്രമിക്കുക .പിന്നീട് അത് അവരുടെ വ്യക്തിത്വവികാസത്തെ തന്നെ ഗുരുതരമായി ബാധിക്കുന്ന ഈ പ്രശ്നങ്ങള്‍ ചിലപ്പോള്‍ അക്രമ വാസനയിലേക്കും സ്വഭാവ വൈകൃതത്തിലേക്കും നയിക്കുന്നു .

തൃശൂരിലെ ഒരു കടലോര ഗ്രാമത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കൊച്ച് പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കാനുള്ള ശ്രമത്തില്‍ കൊലപ്പെടുത്തിയത് പ്രായപൂര്‍ത്തിയാവാത്ത ഒരാണ്‍കുട്ടിയാണ് .അരക്ഷിതമായ ബാല്യത്തില്‍ പലരും ലൈംഗികമായി ഉപയോഗിച്ചത് കൊണ്ടുണ്ടായ സ്വഭാവ വൈകൃതമാണ് അവനെ ഇതിന് പ്രേരിപ്പിച്ചത് .ഇത് പോലെയുള്ള നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു .


ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി .


വിദ്യഭ്യാസമെന്നത് കൊണ്ട് വിവക്ഷിക്കുന്നത് വര്‍ത്തമാന കാലത്തിന്റെ യുക്തിപരമായ വ്യവസ്ഥയില്‍ യുവ തലമുറയില്‍ സമഗ്രത വളര്‍ത്തുവാനുള്ള മാധ്യമം ആയി പ്രവര്‍ത്തിക്കുകയും അതിനെ ദൃഡപെടുതുകയോ അല്ലെങ്കില്‍ സ്വാതന്ത്ര്യത്തിന്റെ പ്രായോഗികതയോ ആയി മാറുകയോ ചെയ്യുക എന്നതാണ് .പുരുഷനും സ്ത്രീയും നിര്‍ണായകവും, സൃഷ്ടിപരവുമായ അവബോധത്തോടെ യഥാര്‍ത്ഥ്യത്തെ സമീപിക്കുകയും അതുപയോഗിച്ച് ലോക പരിവര്‍ത്തനത്തില്‍ ഭാഗഭാക്ക്‌ ആകാം എന്ന് മനസ്സിലാക്കിയിരിക്കുന്നു .

മര്‍ദ്ദിതരുടെ ബോധന ശാസ്ത്രം - പൌലോ ഫ്രയര്‍ .


ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമായി ഭവിക്കുന്നതെന്നും പ്രൈമറി ക്ലാസ്സ് മുതലുള്ള ലൈംഗിക വിദ്യാഭ്യാസത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന ലൈംഗിക അവബോധം കൊണ്ട് ഇത്തരം ചൂഷണങ്ങളില്‍ നിന്ന് ഒരു പരിധി വരെ വിമുക്തരാമാക്കാമെന്നും ഒരു വാദം നിലവിലുണ്ട് .പക്ഷെ ലൈംഗികത എന്നാലെന്തെന്നറിയാത്ത പ്രായത്തില് അടിച്ചമര്‍ത്തപ്പെട്ട ലൈംഗികവികാരങ്ങള്‍ വൈകൃതമായി നടക്കുന്ന അധ്യാപകരുള്‍പ്പെടുന്ന ഒരു സമൂഹത്തില്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുക്കുക എന്നത് സാഹസമാണ് . അത്തരമൊരു സമൂഹത്തില്‍ അത് പ്രയോഗിക്കേണ്ടുന്നതിന്റെ മാനദണ്ഡങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കിയില്ലെങ്കില്‍ ഇത് വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് തോളത്ത് വെച്ചുവെന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കലാകും അത്.

2007 - ലാണ് UNICEF ന്റെ നിര്‍ദ്ദേശപ്രകാരം NCERT.[National Council for Educational Research and Training ]സംസ്ഥാനങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചത് .ഇതിന് വേണ്ടി തയ്യാറാക്കിയ കൈപ്പുസ്തകം യാഥാസ്ഥിതിക സമൂഹത്തിന് സ്വീകരിക്കാന്‍ പറ്റാത്തതായിരുന്നതിനാല്‍ വിവാദമുയര്‍ത്തിയിരുന്നു .യഥാര്‍ത്ഥത്തില്‍ അത് യാഥാസ്ഥിതികര്‍ക്ക് മാത്രമല്ല പുരോഗമന ചിന്താ ഗതിക്കാര്‍ക്ക് പോലും അംഗീകരിക്കാനാവാത്തതായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം .ലൈംഗിക സദാചാരത്തിന്റെ തൊട്ടാല്‍ പൊട്ടുന്ന കടുത്ത നിയന്ത്രണങ്ങള്‍ക്കുള്ളില്‍ വളര്‍ന്ന ഒരു തലമുറ തങ്ങള്‍ക്ക് ശേഷമുള്ള ഒരു തലമുറയെ പഠിപ്പിക്കുമ്പോള്‍ തലമുറകള്‍ തമ്മിലുള്ള അന്തരം കൂടി പരിഗണിക്കേണ്ടതുണ്ട് .

ഇന്നും തലയില്‍ മുണ്ടിട്ട് കോണ്ടം വാങ്ങുന്ന അവസ്ഥ മാറാത്ത ഒരു നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കോണ്ടം ഉപയോഗിക്കാന്‍ പഠിപ്പിക്കുന്ന രീതിയിലുള്ള പടിഞ്ഞാറന്‍ ലൈംഗിക വിദ്യാഭ്യാസമല്ല ഇവിടെ നടപ്പാക്കേണ്ടത് .മെട്രോ നഗരങ്ങളിലെ ഉപരിവര്‍ഗ്ഗവിദ്യാര്‍ത്ഥി സമൂഹത്തിന് മാത്രമാണ് അത്തരം വിദ്യാഭ്യാസ സമ്പ്രദായം യോജിക്കുന്നത് .ജീവശാസ്ത്ര പഠനത്തിന്റെ അടിസ്ഥാനമായ പ്രത്യുല്പാദനസമ്പ്രദായത്തെക്കുറിച്ച് “അതൊക്കെ വീട്ടില്‍ പോയി വായിച്ച് പഠിച്ചാല്‍ മതിയെന്ന് “ നിര്‍ദ്ദേശിക്കുന്ന അധ്യാപകര്‍ കുട്ടികള്‍ക്ക് UNICEF ന്റെ നിര്‍ദ്ദേശാനുസരണമുള്ള ലൈംഗികപാഠങ്ങള്‍ പഠിപ്പിക്കുമെന്ന് വിശ്വസിക്കുന്നത് മൌഡ്യമാണ് . ഈ കൈപ്പുസ്തകം കൊണ്ടുദ്ദേശിക്കുന്നത് എയിഡ്സ് വരാതെ എങ്ങനെ സുരക്ഷിതമായി ബന്ധപ്പെടാം എന്നതിനെക്കുറിച്ചാണ് അല്ലാതെ സാമൂഹികമായി എങ്ങനെ ഇടപെടണം എന്നതിനെക്കുറിച്ചല്ല .

പാശ്ചാത്യ ജീവിതരീതിയുടെ അനുകരണമായ മെട്രോ സിറ്റികളില്‍ മാത്രം അനുയോജ്യമായ ഉത്തരാധുനിക കാഴ്ചപ്പാടല്ല ലൈംഗിക വിദ്യാഭ്യാസം കൊണ്ട് നടപ്പാക്കേണ്ടത് .വൈദ്യുതിയോ മറ്റ് അടിസ്ഥാന സൌകര്യങ്ങളോ ഇല്ലാത്ത ഒരു ജനതയും ഭൌതിക സുഖങ്ങളുടെ പാരമ്യമനുഭവിക്കുന്ന മറ്റൊരു സമൂഹവുമുള്ള വിരുദ്ധധ്രുവങ്ങളില്‍ ഒരേ തരത്തിലുള്ള ലൈംഗിക വിദ്യാഭ്യാസ മാതൃക അനുയോജ്യമല്ല . പ്രാദേശികവും സാമൂഹികവുമായ അവസ്ഥകള്‍ മനസ്സിലാക്കി അതത് സ്ഥലങ്ങളില്‍ അനുയോജ്യമായ രീതിയില്‍ ഭേദഗതിയിലൂടെയുള്ള ഒരു വിദ്യഭ്യാസ സമ്പ്രദായമാണ് ക്രമീകരിക്കേണ്ടത് . ലിംഗപരമായ സമത്വബോധത്തോടെ , പ്രായത്തിനനുസരിച്ച് സാമൂഹികമായി ഇടപെടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസ രീതിയാണ് ഇവിടെ ആവശ്യം .ലൈംഗിക വിദ്യാഭ്യാസം എന്നതിനെക്കാള്‍ കൌമാരവിദ്യാഭ്യാസം എന്ന സംജ്ഞയാണ് ഇതിന് കൂടുതല്‍ യോജിക്കുക .


ഫലപ്രദമായ നിയമനിര്‍മ്മാണം .

കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ വികസിത രാജ്യങ്ങളിലെല്ലാം പ്രത്യേകം നിയമങ്ങളും വകുപ്പുകളും ഉണ്ട് , ഇതില്‍ ചൂഷണങ്ങളെ വ്യക്തമായി നിര്‍വചിക്കുകയും അതിന് അനുസൃതമായ ശിക്ഷാനടപടികള്‍ കൈക്കൊള്ളാനുള്ള വകുപ്പുകളും ഉണ്ട് .നോട്ടം കൊണ്ടോ വാക്ക് കൊണ്ടൊ പോലുമുള്ള ദുരുപയോഗങ്ങളെ ഇത്തരം നിയമത്തിന്‍ കീഴില്‍ കൊണ്ട് വന്നിട്ടുണ്ട് ചാറ്റിങ്ങിലൂടെയുള്ള ലൈംഗിക ചുവയുള്ള സംഭാഷണം പോലും നിയമത്തിന്റെ പരിധിയില്‍പെടുന്ന ശിക്ഷാര്‍ഹമായ കാര്യമാണ് .
വിദേശരാജ്യങ്ങളില്‍ 14 ആം വയസ്സില്‍ അമ്മമാരായ കുട്ടികളെക്കുറിച്ച് വല്ലാത്ത അല്‍ഭുതത്തോടെ കൌതുക വാര്‍ത്ത വായിക്കുമ്പോള്‍ നമ്മളറിയുന്നില്ല ആ കുട്ടികളുടെ ശാരീരിക ശേഷിയില്ലാത്തത് കൊണ്ട് മാത്രം ഗര്‍ഭം ധരിക്കാതെ പോവുന്ന ഒരു പാട് കുട്ടികള്‍ നമ്മുടെ ആദിവാസി ഊരുകളിലും വിദൂരസ്ഥമായ ഏതെങ്കിലും സര്‍ക്കാര്‍ സ്കൂളുകളിലും ഉണ്ടാവാം എന്നത് .

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഫലപ്രദമായ നേരിടണമെങ്കില്‍ ശരിയായ നിയമപരിരക്ഷക്കൊപ്പം തന്നെ സമാന്തരമായി സാമൂഹിക അവബോധം സൃഷ്ടിക്കല്‍ കൂടി ഉണ്ടാവേണ്ടിയിരിക്കുന്നു .ബാലപീഡനമെന്ന വകുപ്പില്‍ പെടാവുന്ന ഭൂരിഭാഗം സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുകയാണ് പതിവ് .ശരാശരിക്കണക്കില്‍ പറഞ്ഞാല്‍ 90 ശതമാനത്തിലേറെ ഇത്തരം കേസുകള്‍ നിയമത്തിന് മുമ്പില്‍ എത്തുന്നില്ല .അതിന് കാരണം ബാല ലൈംഗിക ചൂഷണങ്ങള്‍ക്ക് ശരിയായ ഒരു നിര്‍വ്വചനം നല്‍കാന്‍ നമ്മുടെ നിയമ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല എന്തിന് കൃത്യമായ പ്രായ പരിധി പോലും നിശ്ചയിക്കുന്നതില്‍ പല നിയമങ്ങളുടെയും ഏകോപനമില്ലായ്മയും നിയമത്തിന്റെ പരാധീനതയാണ് . ഇന്‍ഡ്യയില്‍ ജനസംഖ്യയുടെ 40 % വും കുട്ടികളാണ് .ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോര്‍ട്ടനുസരിച്ച് ബാല ലൈംഗിക പീഡനത്തിന്റെ തോത് മുമ്പത്തേതിനെക്കാള്‍ വളരെയധികം വര്‍ദ്ധിച്ചിരിക്കുന്ന അവസ്ഥയാണ് .

ഇത്തരം സംഭവങ്ങളില്‍ ശിക്ഷാവിധിയായി പലപ്പോഴും ആശ്രയിക്കുന്നത് താല്‍ക്കാലികമായ ഒരു ആവേശത്തിമിര്‍പ്പില്‍ സംഭവിച്ച് പോകുന്ന മോബ് ജസ്റ്റിസ് കയ്യേറ്റങ്ങളാണ് .അത് യഥാര്‍ത്ഥത്തില്‍ സംഭവത്തിന്റെ യഥാര്‍ത്ഥ ഗൌരവത്തെ ലഘൂകരിക്കാനും പിന്നീട് ശരിയായ നിയമ നടപടിയിലേക്ക് പോകാതിരിക്കാനുമുള്ള കാരണമാണ് .മോബ് ജസ്റ്റിസില്‍ പോലും സാമൂഹികമായ ഇടപെടലുകളല്ല നടക്കുന്നത് മറിച്ച് അതിനിരയാക്കപ്പെട്ട കുട്ടിയുടെ സംരക്ഷകരുടെ പ്രതികരണമാണ് അതിലേക്ക് നയിക്കുന്നത് .ഭൂരിഭാഗവും ദുര്‍ബല വിഭാഗത്തില്‍ പെട്ടതോ സാമൂഹികമായി താഴെത്തട്ടിലോ ഉള്ള കുട്ടികളാവും ഇരകളാവുന്നത് .ആദിവാസി ഊരുകള്‍ , ഗവണ്മെന്റിന്റെ തന്നെ ആദിവാസി ഹോസ്റ്റലുകള്‍ , അനാഥാലയങ്ങള്‍ ,സാമൂഹികമായി താഴ്ന്ന നിലയിലുള്ള ഗവണ്മെന്റ് സ്കൂളിലെ കുട്ടികള്‍ , ജുവനൈല്‍ ഹോമിലെ അഭയാര്‍ത്ഥികളായ കുട്ടികള്‍ ഇത്തരത്തില്‍ സംരക്ഷകരുടെ അഭാവമുള്ള കുട്ടികള്‍ ചൂ‍ഷണങ്ങള്‍ക്ക് നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്നത് . ഇത്തരം സംഭവങ്ങള്‍ പുറം ലോകമറിയാനുള്ള സാധ്യത വിരളമാണ് .സര്‍ക്കാര്‍ അധീനതയിലുള്ള ആദിവാസി ഹോസ്റ്റലുകളില്‍ ഇത്തരം പീഡനം നടക്കുന്നതിനെക്കുറിച്ച് ഏതാനും വര്‍ഷങ്ങള്‍ മുമ്പ് വാര്‍ത്തയുണ്ടായിരുന്നു പക്ഷെ പിന്നീട് അത്തരം വാര്‍ത്തകള്‍ക്ക് പിന്തുടര്‍ച്ചയില്ലാതെ സ്വാഭാവികമായി വിസ്മൃതിയിലാണ്ട് പോകുന്നു.പിഡൊഫീലിയ ബാധിച്ച ലൈംഗികവൈകൃതമുള്ളവരുടെ ഒറ്റപ്പെട്ട ശ്രമങ്ങളൊന്നുമല്ല ഈ സംഭവങ്ങള്‍ നടപടിയൊന്നുമുണ്ടാവില്ല എന്ന ധൈര്യത്തിന്മേല്‍ ആസൂത്രിതമായി നടത്തുന്ന കുറ്റകൃത്യങ്ങളാണ് .

ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് അതിന്റെ തോതനുസരിച്ച് ശിക്ഷ നല്‍കുന്നതിനൊപ്പം തന്നെ ഇരകളാക്കപ്പെടുന്ന കുട്ടികള്‍ക്ക് നിയമത്തിന്റെ പരിരക്ഷയോടെ തന്നെ സംരക്ഷണമൊരുക്കുകയോ കൌണ്‍സലിങ്ങ് നല്‍കി അവരുടെ നിഷ്കളങ്കമായ ബാല്യത്തിലേക്ക് തിരികെ കൊണ്ട് വരണം .ബാല്യം നിഷ്കളങ്കമാണ് അത് നിഷ്കളങ്കമായി തന്നെ അനുഭവിക്കേണ്ടത് ഭക്ഷണവും വെള്ളവും പോലെ തന്നെ ഓരോ കുട്ടിയുടെയും അവകാശമാണ് .

.

picture courtesy - Google

Tuesday, 29 March 2011

ജയമോഹനുമായി കല്പറ്റ നാരായണന്‍ നടത്തിയ ഒരു സംഭാഷണം




















നെടുമ്പാതയോരം - ജയമോഹനെക്കുറിച്ച് .




ഒരു യാത്രക്കിടയിലെ മഴയില്‍ അഭയമാകുന്ന മരച്ചുവട് പോലെയാണ് ചിലരുടെ വാക്കുകള്‍ .മഴ പെയ്ത് തീരുന്നത് വരെ മരച്ചുവടിന്റെ ഏകാന്തതയില്‍ നില്‍ക്കാം മഴ പെയ്ത് തീരുമ്പോള്‍ മരം പെയ്ത് തുടങ്ങും . കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്കൂള്‍ കാലഘട്ടത്തിലാണ് - നെടുമ്പാതയോരം “ എന്ന ചെറിയ പുസ്തകം വായിക്കുന്നത് .അന്ന് വരെ കേട്ടിട്ടില്ലാത്ത, വായിക്കപ്പെടാത്ത ഒരു എഴുത്തുകാരന്റെ പുസ്തകം വെറുമൊരു കൌതുകത്തിനാണ് വായിച്ച് തുടങ്ങിയത് .വായിച്ച് തുടങ്ങിയപ്പോള്‍ ഏതാനും ലേഖനങ്ങള്‍ മാത്രമുണ്ടായിരുന്ന ആ പുസ്തകം എന്നെ വല്ലാതെ അല്‍ഭുതപ്പെടുത്തി .എഴുതാന്‍ തിരഞ്ഞെടുത്തിരിക്കുന്ന വിഷയങ്ങള്‍ അതിനുപയോഗിച്ചിരിക്കുന്ന ഭാഷ എല്ലാം അത് വരെ കണ്ടതില്‍ നിന്ന് അജ്ഞാതമായതായിരുന്നു കവിതയാണോ കഥയാണോ ലേഖനമാണോ എന്ന് കൃത്യമായി പറയാനാവാത്ത വിധം സവിശേഷമായ ഒരു ഭാഷ കൊണ്ട് കുറെ അനുഭവങ്ങളുടെ ഒറ്റയടിപ്പാത തീര്‍ത്ത ഒരു പുസ്തകം .അതിന് ശേഷം ജയമോഹന്റെ മറ്റ് കൃതികള്‍ വായിക്കണമെന്ന ആഗ്രഹത്തോടെ ഒരു പാട് തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം .മലയാളത്തിലും എഴുതുന്ന മലയാളിയായ തമിഴ് സാഹിത്യകാരന്‍ എന്നായിരിക്കും ജയമോഹനിണങ്ങുന്ന വിശേഷണം .

ജീവിതാനുഭവങ്ങള്‍ , മരണങ്ങള്‍ അതെല്ലാം ജയമോഹന്റെ എഴുത്തില്‍ കടന്ന് വരുമ്പോള്‍ മറ്റൊരു തലമതിനുണ്ട് . വൈയക്തികാനുഭവങ്ങളെ നിര്‍വ്വികാരമെന്ന് തോന്നിപ്പിക്കുന്ന ഭാഷയില്‍ എഴുതി ഉള്ള് കനപ്പിക്കുന്ന ഭാഷ ജയമോഹനില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ . ബാല്യത്തിലെ പ്രിയപ്പെട്ട കൂട്ടുകാരന്‍ പിന്നീട് തിളച്ച് നില്‍ക്കുന്ന യൌവ്വനത്തില്‍ അജ്ഞാതമായ കാരണത്താല്‍ ആത്മഹത്യ ചെയ്തതിനെക്കുറിച്ച് നിര്‍വികാരതയോടെയെന്ന പോല്‍ എഴുതിയത് വായിക്കുമ്പോള്‍ വായിക്കുന്നവര്‍ക്ക് ഉള്ള് പൊള്ളിപ്പോകും .തൂങ്ങി മരിച്ച സുഹൃത്ത് ‍ അവശേഷിപ്പിച്ച് പോയ ആഗ്രഹങ്ങളെന്ന പോലെ ഉദ്ധരിച്ച് നില്‍ക്കുന്ന ലിംഗത്തെക്കുറിച്ച് എഴുതിയത് വായിക്കുമ്പോള്‍ ആ ഭാഷയുടെ അതിരില്ലായ്മയോര്‍ത്ത് നമുക്കുള്ളിലൊരു ഞെട്ടലുണ്ടാവും .പക്ഷെ മരിച്ചവരുടെ പൂര്‍ത്തീകരിക്കാനാകാത്ത അഭിലാഷങ്ങളെക്കുറിച്ച് ബാക്കി വെച്ച് പോയ സ്വപ്നങ്ങളെക്കുറിച്ചാണ് പിന്നീട് ഈ കാഴ്ചയില്‍ നാമോര്‍ക്കുക .പിന്നീട് കല്‍പ്പറ്റ നാരായണന്‍ "മരിച്ചവന്റെ തളര്‍ന്നു താണ ലിംഗം വല്ലാതെ വേദനയുളവാക്കുമെന്ന് “ എഴുതിയപ്പോഴും മരിച്ചവരെക്കുറിച്ച് പറയുമ്പോഴുള്ള വേദന നിറഞ്ഞ ആ വിലാപത്തിന്റെ വ്യത്യസ്തമായ വാക്കുകളുടെ അതിരില്ലായ്മ തന്നെയാണ് കാണാന്‍ കഴിയുക .

വൈലോപ്പിള്ളി ചീത്തകള്‍ കൊത്തിവലിക്കും കാക്കയെക്കുറിച്ചെഴുതിയപ്പോള്‍ ഉല്‍കൃഷ്ടവര്‍ണ്ണന മാത്രം ശീലമാക്കിയ കാവ്യലോകത്തിന് അതൊരു വിപ്ലവമായിരുന്നെങ്കില്‍ അതേ വിപ്ലവം തന്നെ അമേദ്യം ഭക്ഷണമാക്കുന്ന വൃത്തികെട്ട പന്നികളെക്കുറിച്ച് ജയമോഹനെഴുതിയപ്പോള്‍ വേദന നിറഞ്ഞ ഒരനുഭവമായി . പന്നിയുടെ രൂപം ശ്രദ്ധിക്കുക ഒരിക്കലും തല ഉയര്‍ത്തി നോക്കാനാവില്ല , അവക്ക് മലര്‍ന്ന് കിടക്കാനാവില്ല അത് കൊണ്ട് അവ ഒരിക്കലും ആകാശം കാണാറില്ല പക്ഷെ അറക്കാനായി കൊണ്ട് പോക്കുമ്പോള്‍ തല കീഴായി കെട്ടിത്തൂക്കിയിടുമ്പോള്‍ മാത്രം‍ അവ ആകാശം കണ്ട് “ഇതെന്താണ്“ എന്ന് അമ്പരക്കും . പന്നികളെ വേഗം കൊല്ലാറില്ല,ചത്ത് തണുത്താല്‍ അവയുടെ തൊലിക്കടിയിലെ കൊഴുപ്പ് ഉറച്ച് പോകും .അപ്പോള്‍ മാംസത്തിന് രുചിയുണ്ടാകില്ല ജീവനോടെ കിടത്തി ചര്‍മ്മം മുറിച്ചെടുക്കുകയാണ് പതിവ് .പന്നി ചുവന്ന മാംസപിണ്ഡമായി കിടന്ന് തുള്ളുമ്പോള്‍ “തുടിക്കിറപ്പണ്ണി “ എന്ന് കൂവിയാര്‍ക്കും ജീവനുള്ള പന്നിയെ മുറിച്ച് കൊടുക്കുമ്പോള്‍ അവയുടെ കണ്ണുകള്‍ നോക്കണം .ഈ ലേഖനം വായിച്ചതില്‍ പിന്നെ പന്നികളുടെ കാണുമ്പോള്‍ അവയുടെ കണ്ണുകളില്‍ വേദനിപ്പിക്കുന്ന ഒരു നിഷ്കളങ്കത കാണാറുണ്ടായിരുന്നു , ജീവന്‍ നഷ്ടപ്പെടാതെ തുടിക്കുന്ന ഒരു ചുവന്ന മാംസപിണ്ഡത്തിന്റെ ഓര്‍മ്മയും .

ദന്തഗോപുരവാസികളായ എഴുത്തുകാരുടെ പ്രതികരണശേഷിയെക്കുറിച്ച് ആശങ്കപ്പെടുന്ന മലയാളിക്ക് ജയമോഹനെ നല്ല ഉദാഹരണമായി ചൂണ്ടിക്കാട്ടാം .വായനക്കാരുമായി നിരന്തരം സംവദിച്ച് കൊണ്ടിരിക്കുന്ന എഴുത്തുകാരനാണ് .ജയമോഹന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട , ശ്രദ്ധിക്കപ്പെട്ട ഗാന്ധിയെക്കുറിച്ചെഴുതിയ പുസ്തകം പോലും വെബ്സൈറ്റിലെഴുതിയ ഒരു ചെറുകുറിപ്പിന് വായനക്കാര്‍ തന്ന ദീര്‍ഘമായ പ്രതികരണങ്ങളെ ആസ്പദമാക്കിയാണ് . തമിഴ് നാടിന്റെ ഓരോ മുക്കിലും മൂലയിലും നിരന്തരം സഞ്ചരിക്കുന്ന തമിഴ് സംസ്കാരത്തെക്കുറിച്ച് വാചാലനാവുന്ന ജയമോഹന്‍ പറയുന്നത് എഴുത്ത് എന്നത് ജീവന്‍ നില നിര്‍ത്താനുള്ള ഒരനിവാര്യതയാണെന്നാണ് .എഴുതാതിരിക്കാന്‍ ആവുന്നില്ലാത്ത വിധം എഴുത്ത് ജയമോഹന്റെ ഉള്ളില്‍ അസ്വസ്ഥതയായി നിറയുന്നത് കൊണ്ടാണ് ജയമോഹന്‍ എന്തെഴുതിയാലും വായനക്കാരന് അത് മനോഹരമായി തോന്നുന്നത് .


മനുഷ്യന്റെ ഉള്ളിലെ ക്രൂരതകളെക്കുറിച്ചും നില നില്‍ക്കുന്ന സാമൂഹ്യ അവസ്ഥകളെക്കുറിച്ചും ജയമോഹന്റെ ആര്‍ജ്ജവമുള്ള വാക്കുകള്‍ തീയമ്പുകളായി വായനക്കാരില്‍ തറക്കുന്നു , മറ്റ് ചിലപ്പോള്‍ ഒരു ചെറിയ ചാറ്റല്‍ മഴ കൊണ്ട ആശ്വാസവും.ജയമോഹന്റെ എഴുത്തുകളില്‍ , വാക്കുകളില്‍ എല്ലാം ഒരു നിഷേധിയുടെ ഭാവം തെളിഞ്ഞ് കാണാം .എഴുത്തുകാരന്‍ എന്ന നിലയില്‍ ഇക്കാലത്തോളം അയാള്‍ പ്രകടിപ്പിച്ച ധൈര്യമുള്ള നിലപാടുകളുടെ മറ്റൊരു പതിപ്പ് തന്നെയാണ് ആ നിഷേധം .
എം ജി ആറും ശിവാജി ഗണേശനും ദൈവമെന്ന് കരുതുന്ന ദ്രാവിഡസംസ്കാരത്തില്‍ അവരെ പരിഹസിച്ച് ഭീഷണി നേരിടേണ്ടി വന്ന ആളാണ് ജയമോഹന്‍ .ചെറുപ്പകാലത്ത് ഒരെഴുത്തുകാരനെന്ന നിലയില്‍ അറിയപ്പെടാത്ത ഒരു കാലത്ത് അതിഥികളെ സ്വീകരിക്കുന്നതില്‍ വിമുഖനായ പി കെ ബാലകൃഷ്ണനെ കാണാന്‍ പോയപ്പോള്‍ ആരാണെന്ന് ചോദിച്ചതിനുത്തരമായി തമിഴിലെ വലിയ എഴുത്തുകാരനാണ് എന്നായിരുന്നു ഉത്തരം കൊടുത്തതെന്ന് അഭിമുഖത്തില്‍ പറയുന്നുണ്ട് .

ജയമോഹന്റെ “ഏഴാം ഉലകം “ എന്ന നോവല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അജ്ഞാതമായ ഒരു പറ്റം മനുഷ്യജീവനുകളെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യമായിരുന്നു .ഭിക്ഷാടനത്തിന് വേണ്ടി അംഗവൈകല്യം സൃഷ്ടിക്കപ്പെട്ട , ജന്മനാ വിചിത്രരൂപങ്ങളായവര്‍ ,അംഗവൈകല്യം സൃഷ്ടിക്കപ്പെട്ടവര്‍ അങ്ങനെ പൊതുസമൂഹത്തിന് അപരിചിതമായ ഭിക്ഷാടനമഫിയയെക്കുറിച്ചെഴുതുമ്പോള്‍ അത് മനുഷ്യജീവിതത്തിന്റെ ഏറ്റവും ദയനീയമായ കാഴ്ചകളാണ് .നിരന്തരമായ യാത്രകളിലൂടെ , ലക്ഷ്യമില്ലാത്ത അലച്ചിലുകളിലൂടെ മനുഷ്യജീവിതത്തിലേക്ക് ജയമോഹന്‍ നടത്തിയ തീര്‍ത്ഥാടനങ്ങളുടെ വേദനിപ്പിക്കുന്ന ആവിഷ്കാരമായിരുന്നു .ആത്മീയ ശാന്തിയുടെ പൂര്‍ണ്ണതക്കായി മഹാക്ഷേത്രങ്ങളിലെ ദര്‍ശനത്തിന് ശേഷം ചിലപ്പോഴൊക്കെ സഹതാപത്തോടെ അല്ലെങ്കില്‍ അവജ്ഞയോടെ നാ‍ണയത്തുട്ടുകള്‍ വലിച്ചെറിയുമ്പോള്‍ ‍ നാം കാണാത്ത കണ്ണില്ലാത്തവരെക്കുറിച്ച് , കൈകളും കാലുകളുമില്ലാവരെക്കുറിച്ച് , അംഗവൈകല്യം കൊണ്ട് വിചിത്രരൂപഭാവങ്ങളുള്ളവരെക്കുറിച്ച് കറുത്ത ഫലിതത്തില്‍ വിവരിക്കുന്ന ഏഴാം ഉലകം ക്രൂരമായ ജീവിതാവസ്ഥയെക്കുറിച്ച് ഇന്‍ഡ്യന്‍ സാഹിത്യത്തില്‍ തന്നെയുള്ള ഒരു ക്ലാസ്സിക് ആണ് .നാന്‍ കടവുള്‍ “ എന്ന ചിത്രം ഈ നോവലിനെ ആസ്പദമാക്കിയെടുത്തതാണ് .

താന്‍ സിനിമാക്കാരനായത് എഴുത്ത് പോലെ അത് ജീവിതത്തിന്റെ അനിവാര്യമായ ഒരവസ്ഥയായത് കൊണ്ടല്ല , മറിച്ച് ഒരു തൊഴിലെന്ന രീതിയിലാണെന്ന് ജയമോഹന്‍ തന്നെ സമ്മതിക്കുന്നു . തമിഴ് സിനിമയുടെ കെട്ടിമേളങ്ങള്‍ക്കിടയില്‍ “നാന്‍ കടവുള്‍ “ പോലെ ക്രൂരമായ യാഥാര്‍ത്ഥ്യത്തെ അഭ്രപാളിയിലെത്തിക്കാന്‍ ‍ ധൈര്യമുണ്ടായത് അതിന്റെ രചന ജയമോഹന്‍ ആയത് കൊണ്ട് തന്നെയാണ് . നാന്‍ കടവുള്‍ “ എന്ന സിനിമ സീറ്റിലിരുന്ന് ആസ്വദിച്ച് കാണാനാവുന്ന ഒന്നല്ല . ഭിക്ഷാടന ബിസിനസ്സിന് വേണ്ടി “ചരക്കുകളെ” കൂടുതല്‍ അംഗവൈകല്യമുള്ളവരാക്കാനായി കൈ കാലുകള്‍ അടിച്ചൊടിക്കുന്നത് , കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുന്നത് അങ്ങനെ പലപ്പോഴും കണ്ണ് പൊത്തിപ്പോകുന്ന രംഗങ്ങളാണ് സിനിമയിലുടനീളം . ഭിക്ഷക്കാരുടെ വില ന്നിശ്ചയിക്കുന്നത് അവരുടെ അംഗവൈകല്യത്തിന്റെ തോതനുസരിച്ചാണ് ഈ ഇടപാടില്‍ അവരും ചരക്കുകളാണ് ,കൂടുതല്‍ വിചിത്രമായ രൂപഭാവങ്ങളുള്ള ചരക്കുകള്‍ക്ക് കൂടുതല്‍ പണം .നിരൂപകനായ ചാരുനിവേദിത പറഞ്ഞത് “നാന്‍ കടവുള്‍ “എന്ന സിനിമ ലോകോത്തരസിനിമക്ക് ഇന്‍ഡ്യന്‍ സിനിമയുടെ സംഭാവനയെന്നാണ് .നാന്‍ കടവുളില്‍ രജനീ കാന്തിനെ പ്രകടമായി പരിഹസിക്കുന്ന രംഗങ്ങളുണ്ടായിട്ടും രജനീകാന്ത് ആ സിനിമയെ പ്രശംസിച്ചതും ആ സിനിമ ഉയര്‍ത്തിയ വിഷയത്തിന്റെ സത്യസന്ധത കൊണ്ടാണ് . ജയമോഹന്റെ വാക്കുകളിലൂടെ സിനിമ ഒരു കവിത പോലെയോ ഒരു ചെറുകഥ പോലെയോ കാണാന്‍ നമുക്ക് കഴിയുമെന്നതിന്റെ ഉദാഹരണമാണ് “അങ്ങാടിത്തെരു “ എന്ന ചിത്രം . ചെന്നെയിലെ തിരക്കേറിയ ഊരു തുണിക്കടയിലെ രണ്ട് തൊഴിലാളികളുടെ പ്രണയത്തിന്റെയും ജീവിതത്തിന്റെയും കഥ ഒരു കവിത പോലെ നമുക്ക് ഈ സിനിമയില്‍ നിന്ന് വായിച്ചെടുക്കാം .


ജയമോഹന്റെ എഴുത്തിലെ വൈവിധ്യവും തീക്ഷ്ണതയും കൊണ്ട് ബൌദ്ധികമായി എത്ര ഉയര്‍ന്ന തലത്തില്‍ അദ്ദേഹം ചിന്തിക്കുന്നയാളാണ്എന്നിട്ടും അദ്ദേഹം തമിഴ് സാഹിത്യത്തില്‍ ജനകീയനാവുന്നത് നിരന്തരം അദ്ദേഹം നടത്തുന്ന സാമൂഹികമായ ഇടപെടലുകള്‍ കൊണ്ട് തന്നെയാണ് . ഒരു നോവലിന്റെ പേരില്‍ ഒരു ജനകീയ കൂട്ടായ്മയുണ്ടാകുന്നത് തമിഴ് സാഹിത്യത്തില്‍ ആദ്യമായിരിക്കും .ജയമോഹന്റെ വിഷ്ണുപുരത്തിനാണ് അതിന്റെ ക്രെഡിറ്റ് .കഴിഞ്ഞ 100 വര്‍ഷത്തിലെ തമിഴിലെ ഏറ്റവും മികച്ച കൃതിയെന്ന് എന്ന് അശോകമിത്രനും ലോകസാഹിത്യത്തിലെ തന്നെ ഏറ്റവും മികച്ച കൃതികളിലൊന്നെന്ന് ഇന്ദിരാ പാര്‍ത്ഥസാരഥിയും അതിനെ വിലയിരുത്തീ .മാജിക്കല്‍ റിയലിസം ഏറ്റവും നന്നായി ആവിഷ്കരിക്കപ്പെട്ട ഇന്‍ഡ്യന്‍ കൃതിയാണ് അതെന്ന് തമിഴ്സാഹിത്യത്തില്‍ ബിരുദാനന്തരബിരുദത്തിന് പഠിക്കുന്ന എന്റെ ഒരു സുഹൃത്ത് പറയുകയുണ്ടായി .പക്ഷെ മലയാള വിവര്‍ത്തനങ്ങള്‍ വരാത്തത് കൊണ്ട് തന്നെ ഇതൊന്നും വായിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടില്ല .

അധികമൊന്നും വായിക്കാത്ത ഒരു സാഹിത്യകാരന്‍ എങ്ങനെ എന്റെ ഫേവറിറ്റ് ലിസ്റ്റില്‍ വന്നുവെന്നുള്ളത് അല്‍ഭുതമാണ് .
നെടുമ്പാതയോരത്തിന് ശേഷം നിത്യ ചൈതന്യ യതിയെക്കുറിച്ചൊരു പുസ്തകം - പിന്നെ ഭാഷാപോഷിണിയില്‍ നിന്ന് വായിച്ച കുറച്ച് ലേഖനങ്ങള്‍ അത് മാത്രമാണ് ജയമോഹന്റേതായി ഞാന്‍ വായിച്ചത് . പക്ഷെ വര്‍ഷങ്ങള്‍ക്ക് ശേഷവും “നെടുമ്പാതയോരത്തില്‍ “ നിന്ന് അനുഭവിച്ച ഭാഷയുടെ മാസ്മരികപ്രഭാവം ഇപ്പോഴും മനസ്സിലുണ്ട് .

Monday, 21 March 2011

പ്രണയത്തിന്റെ രാജ്ഞി , അവസാനിക്കാത്ത വിവാദങ്ങളുടെയും .




ശിക്ഷിക്കുവാന്‍ മാത്രം കാംക്ഷിക്കുന്ന അജ്ഞാതപഥികരേ , ,കാണികളേ , ശ്രോതാക്കളേ , ദൃക്‌സാക്ഷികളേ , കണ്ണുനീര്‍ വറ്റി എന്നോ വരണ്ട് പോയ കണ്ണുകളോടെ എന്റെ നേര്‍ക്ക് നോക്കരുത്.
മാധവിക്കുട്ടിയുടെ ഹംസധ്വനിയില്‍ നിന്ന്



ലോകം മുഴുവന്‍ ആരാധന നിറഞ്ഞ കണ്ണുകളോടെ സ്നേഹിക്കുമ്പോഴും അലഭ്യമായ സ്നേഹത്തെക്കുറിച്ച് പരാതി പറഞ്ഞ പ്രണയത്തിന്റെ കഥാകാരി. സൌമ്യവും ദീപ്തവുമായ ആ സൌന്ദര്യത്തെ സ്ത്രീകള്‍ അസൂയയോടെയും പുരുഷന്മാര്‍ പ്രണയത്തോടെയും കണ്ടിരുന്നപ്പോഴും സ്വന്തം സൌന്ദര്യത്തെക്കുറിച്ച് അപകര്‍ഷതയോടെ സംസാരിക്കുന്ന വൈരുദ്ധ്യഭാവത്തിനുടമ.ജീവിച്ചിരിക്കുന്നവരുടെ മോഹഭംഗങ്ങളുടെയും ഭഗ്നപ്രണയങ്ങളുടെയും നിത്യമായ പ്രതീകം. അങ്ങനെ വിശേഷണങ്ങളൊരുപാടുണ്ട് മാധവിക്കുട്ടിക്ക്. പ്രായഭേദങ്ങളില്ലാതെ എല്ലാവര്‍ക്കും അനുകരിക്കാന്‍ മാത്രം വൈവിധ്യം നിറഞ്ഞതായിരുന്നു മാധവിക്കുട്ടിയുടെ സാഹിത്യജീവിതം. മാധവിക്കുട്ടി ഒരു കള്‍ട്ടായിരുന്നു ,കഥകളിലൂടെയും കവിതകളിലൂടെയും പ്രണയത്തിന്റെ ഭ്രമിപ്പിക്കുന്ന ലോകം കാട്ടി അനുവാചകരെ പ്രലോഭിപ്പിക്കുമ്പോഴും ജീവിതത്തിന്റെ സ്വകാര്യതകള്‍ തുറന്നെഴുതിയ വിവാദനായികയാവുകയായിരുന്നു . പുത്തന്‍ തലമുറയിലെ കൌമാരക്കാരില്‍ സ്വയം സങ്കല്‍പ്പിച്ചെടുത്ത‍ ആമിയെന്ന വിളിപ്പേരായും ജീവിതം കണ്ടും അനുഭവിച്ചും തളര്‍ന്ന മധ്യവയസ്കരായ വിവാഹിതകളില്‍ ‍ കമലയായി ചമഞ്ഞ് ജീവിച്ചും അവരറിയാതെ തന്നെ മാധവിക്കുട്ടി അവരില്‍ സന്നിവേശിക്കപ്പെട്ടു. പുതുതലമുറ എഴുത്തുകാരികള്‍ മാധവിക്കുട്ടിയുടെ അനുകരണമെന്ന ആക്ഷേപത്തെ അഭിനന്ദനമായി പരിഗണിച്ചു. അത്രയേറെ ഒരു തലമുറയെ സ്വാധീനിച്ചിട്ടുണ്ടാവണം .

നിങ്ങള്‍ മരിച്ചവരുടെ കണ്ണട വെച്ച് നോക്കിയിട്ടുണ്ടോ എന്ന് നമ്മളോട് ചോദിച്ചത് മേതിലായിരുന്നു. മരിച്ച് പോയവരുടെ ശബ്ദവും രൂപവും നഷ്ടമാകുമ്പോഴും അവര്‍ ബാക്കിവെച്ച വാക്കുകളുടെ തിരുശേഷിപ്പുകള്‍ നമ്മളെ അവരുടെ ഓര്‍മ്മയിലേക്ക് നയിക്കും . പ്രിയപ്പെട്ട ആമീ നീ ഇല്ലാതായിട്ടും നിന്നില്‍ നിന്ന് പ്രസരിക്കുന്ന പ്രണയത്തിന്റെ ഊര്‍ജ്ജം വിവാദങ്ങളായി വീണ്ടും വരികയാണല്ലോ .

The love queen of malabar എന്ന കൃതി മാധവിക്കുട്ടിയുടെ സ്വകാര്യജീവിതത്തെക്കുറിച്ച് സുഹൃത്തായ മെറിലി വെയ്സ്ബോഡ് എഴുതിയ പുസ്തകമാണ് . ഒരു ദശാബ്ദത്തിലേറെ മാധവിക്കുട്ടിയുമായി നീണ്ട് നിന്ന സൌഹൃദത്തിന്റെ ഓര്‍മ്മക്കുറിപ്പുകളാണെന്ന ആമുഖത്തോടെ പുറത്തിറങ്ങിയ ഈ കൃതി മാധവിക്കുട്ടിയുടെ സ്വകാര്യ ജീവിതത്തെപ്പറ്റി ഒട്ടേറെ വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയതാണ് . വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിദേശ രാജ്യങ്ങളിലെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ച് കഴിഞ്ഞു .

ആത്മകഥകള്‍ വിശുദ്ധമായ നുണകള്‍ മാത്രമായിരിക്കണമെന്ന് വിശ്വസിച്ചിരുന്ന യഥാസ്ഥിതിക സമൂഹത്തിലാണ് പ്രണയത്തിന്റെ അവിശുദ്ധബന്ധങ്ങളെ പറ്റി മാധവിക്കുട്ടി എന്റെ കഥയിലെഴുതിയത് . അരാജകത്വം നിറഞ്ഞ പ്രണയഭാഷണങ്ങളാല്‍ അവര്‍ സദാചാരത്തിന്റെ നിയതമായ ചട്ടക്കൂടുകളെ വെല്ലുവിളിച്ചു പക്ഷെ അതെല്ലാം നിഷ്കളങ്കമായ സ്നേഹത്തിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ മാത്രമായിരുന്നെന്ന് അവരുടെ ആരാധകര്‍ വിശ്വസിച്ചു. ഒരു കൊച്ച് കുഞ്ഞിന്റെ നിഷ്കളങ്കമായ പുഞ്ചിരി പോലെയായിരുന്നു അവര്‍ പരത്തുന്ന പ്രണയത്തിന്റെ ഊര്‍ജ്ജം അത് കൊണ്ട് തന്നെ അവരുടെ അവിഹിത പ്രണയങ്ങളെ വെറും ഭാവനകളായി മാത്രം കരുതി അവരെ ആരാധിച്ചു. ലൈംഗികതയെപ്പറ്റി എഴുതുമ്പോള്‍ അത് പ്രണയമായി മാത്രം തോന്നിക്കുന്ന ഒരു വൈഭവമായിരുന്നു മാധവിക്കുട്ടിയുടെ രചനകള്‍ .

ഭ്രാന്ത് എന്ന നോവലില്‍ പമ്മന്‍ ‍ മേലേപ്പാട്ട് തറവാട്ടിലെ അമ്മു എന്ന സാഹിത്യകാരിയുടെ അരാജകത്വം നിറഞ്ഞ പ്രണയത്തെക്കുറിച്ച് എഴുതിയത് ഏറെ വിമര്‍ശനം ഏറ്റ് വാങ്ങിയത് അത് മാധവിക്കുട്ടിയെ ഉന്നം വെച്ചെഴുതിയത് കൊണ്ടായിരുന്നു . സ്വഗതാഖ്യാനമല്ലാതെ മറ്റൊരാള്‍ അത്തരം കാര്യങ്ങള്‍ മാധവിക്കുട്ടിയെക്കുറിച്ച് പറയുന്നതും എഴുതുന്നതും അക്ഷന്തവ്യമായ അപരാധമാകുന്നതും അത് കൊണ്ട് തന്നെയാണ്. പതിനഞ്ചാം വയസ്സില്‍ ആരംഭിച്ച ദാമ്പത്യത്തിലെ അസംതൃപ്തി മുതല്‍ ഷഷ്ടിപൂര്‍ത്തിക്ക് ശേഷമുള്ള ലൈംഗിക ഉണര്‍വിനെക്കുറിച്ച് വരെ വിവരിക്കുന്ന ഈ കൃതി 14 വര്‍ഷത്തെ സൌഹൃദത്തില്‍ നിന്നുടലെടുത്ത ആരാധനയാണ് മെറിലി വീയ്സ്ബോഡ് പറയുന്നു .

പതിനഞ്ചാം വയസ്സില്‍ ഇരട്ടി പ്രായമുള്ള മാധവദാസെന്ന ബന്ധുവിനെ വിവാഹം ചെയ്യേണ്ടി വന്നത് ഐ എം എഫില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഒരുദ്യോഗസ്ഥനെന്ന അന്തസ്സിനോടുള്ള വീട്ടുകാരുടെ താല്പര്യപ്രകാരമായിരുന്നു. ഒരു കൊച്ച് കുട്ടിയെ പോലെ കമലയെ സ്നേഹിച്ചിരുന്നെങ്കിലും മാധവദാസുമായുള്ള ദാമ്പത്യ ജീവിതത്തില്‍ ആദ്യരാത്രി മുതല്‍ ബലാല്‍ക്കാര സമമായ ലൈംഗിക ബന്ധത്തിനാണ് മാധവിക്കുട്ടി വിധേയയായത്. മാധവദാസ് ഒരു സ്വവര്‍ഗ്ഗരതിക്കാരനാണെന്നും ആണ്‍ സുഹൃത്തുക്കളെ കിടപ്പറയിലേക്ക് കൊണ്ട് പോകുന്നതിന് മാധവിക്കുട്ടി സാക്ഷിയാകാറുണ്ടെന്നതു കൂടാതെ ഉദ്യോഗകയറ്റത്തിനായി മാധവിക്കുട്ടിയെ ഉപയോഗിച്ചിരുന്നതായും ഈ കൃതിയില്‍ പറയുന്നു. മാധവിക്കുട്ടി തന്നെ പല കഥകളിലും ഭാവനയായി എഴുതപ്പെട്ട ഈ കാര്യങ്ങള്‍ അവരുടെ ജീവിതത്തിലെ യാഥാര്‍ത്ഥ്യമായി വിവരിക്കുമ്പോള്‍ വായനക്കാരുടെ മനസ്സില്‍ അവിശ്വസനീയത കൊണ്ടുണ്ടായ പ്രതിഷേധം നിറയുന്നു. പക്ഷെ മാധവിക്കുട്ടിയും ഗ്രന്ഥകാരിയും തമ്മിലുള്ള റെക്കോഡ് ചെയ്യപ്പെട്ട സൌഹൃദ സംഭാഷണങ്ങള്‍ ഉപയോഗിച്ചാണ് ഈ കൃതി തയ്യാറാക്കപ്പെട്ടിരിക്കുന്നത് എന്ന് ഗ്രന്ഥകാരി സൂചിപ്പിക്കുന്നുണ്ട്. പ്രാരംഭത്തില്‍ മാധവിക്കുട്ടിയുടെ രചനകളെ ആസ്പദമാക്കി ഒരു ബൃഹദ്കൃതി രചിക്കാനായിരുന്നു ഉദ്ദേശമെങ്കിലും മലയാളത്തിലെഴുതപ്പെട്ട ഭൂരിഭാഗം കൃതികള്‍ വായിച്ച് മനസ്സിലാക്കാനുള്ള പ്രയാസം കൊണ്ട് മാധവിക്കുട്ടിയുമായുള്ള സ്വകാര്യ സംഭാഷണങ്ങള്‍ തന്നെ പുസ്തകമാക്കുകയായിരുന്നു .

1999 ലാണ് ഏറെ വിവാദമായ ഇസ്ലാം മതപരിവര്‍ത്തനം നടക്കുന്നത്. കേരളത്തിലെ യഥാസ്ഥിതികമായ ചുറ്റുപാടില്‍ വിധവയായി ജീവിക്കേണ്ടി വരുന്ന സാമൂഹ്യ വ്യവസ്ഥയെ അവര്‍ വെറുത്ത് തുടങ്ങിയിരുന്നു. എറണാകുളത്തെ ഫ്ലാറ്റില്‍ വെച്ച് അടുത്ത ഫ്ലാറ്റിലെ കുറച്ച് പരിഷ്കാരി സ്ത്രീകള്‍ അമ്പലത്തില്‍ പോകാനായി തിരിച്ചിട്ട് വിധവയായ തന്നെ കണ്ടപ്പോള്‍ ദുശ്ശകുനമെന്ന് കരുതി തിരിച്ച് പോയ കഥ വേദനയോടെ ഒരു അഭിമുഖഭാഷണത്തില്‍ മാധവിക്കുട്ടി പറയുന്നുണ്ട്. രണ്ട് വട്ടം വിവാഹിതനായ ഒരു ഇന്‍ഡ്യന്‍ രാജ്യ സഭാംഗം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയതിന് ശേഷമാണ് മതം മാറ്റത്തെക്കുറിച്ച് മാധവിക്കുട്ടി ചിന്തിച്ച് തുടങ്ങിയത്. തീര്‍ത്തൂം ഒറ്റപ്പെട്ട പ്രതീതിയില്‍ ആ വാഗ്ദാനവും സ്നേഹവും പ്രത്യാശ ജനിപ്പിച്ചു. വൈധവ്യത്തിനു ശേഷം നീണ്ട് നിന്ന ബ്രഹ്മചര്യത്തെ നിഷേധിച്ച് കൊണ്ട് 67 ആം വയസ്സില്‍ ഈ ബന്ധം മാധവിക്കുട്ടിക്ക് ലൈംഗികമായ ഉണര്‍വുണ്ടാക്കിയതായും പുതിയൊരു പ്രണയജീവിതത്തെ പ്രത്യാശയോടെ നോക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. പക്ഷെ വാഗ്ദാനം നല്‍കിയ വ്യക്തി ഒരു ഭീരുവായിരുന്നു. പ്രണയത്തിന് വേണ്ടി എല്ലാം ത്യജിച്ചിറങ്ങിയ മാധവിക്കുട്ടിയെ ഒറ്റപ്പെടുത്തിക്കൊണ്ട് സാമൂഹികമായ ഭീഷണികളെ ഭയന്ന് വാഗ്ദാനങ്ങളില്‍ നിന്ന് പിന്‍ വലിയുകയാണുണ്ടായത് .മാധവിക്കുട്ടിയെ കമലാ സുരയ്യയായി മതം മാറ്റുന്നതിനായി ‍ ആ വ്യക്തിക്ക് വിദേശ സാമ്പത്തികസഹായം ലഭിച്ചിരുന്നതായി ആരോപണമുന്നയിക്കുന്നുണ്ട് .മാധവിക്കുട്ടിയുടെ അവസാന കാലത്ത് കൂടെയുണ്ടായിരുന്ന പ്രശസ്ത പത്ര പ്രവര്‍ത്തക ലീലാ മേനോന്‍ ഇത് മനപ്പൂര്‍വ്വം മതം മാറ്റാന്‍ വേണ്ടി നടിച്ച പ്രണയമാണെന്നെഴുതിയിരുന്നത് അന്നേ ഇസ്ലാമിക മതമൌലികവാദത്തിന്റെ കടുത്ത എതിര്‍പ്പിന് കാരണമായിരുന്നു .

ഇസ്ലാമിലേക്ക് മതം മാറിയതും അത് മൂലം ഹിന്ദു വര്‍ഗ്ഗീയ വാദികളില്‍ നിന്ന് നേരിട്ട വധഭീഷണികളും കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഒറ്റപ്പെടേണ്ടി വന്നതും കമലാ സുരയ്യയെ ആത്മീയമായ ഒരു തലത്തിലേക്ക് എത്തിച്ചു .അതോടൊപ്പം തന്നെ മതം മാറ്റത്തിലൂടെ ഭീഷണികളും അതിനെതിരെയുള്ള ഇസ്ലാമിക പിന്തുണയും ഉപജാപക വൃന്ദങ്ങളും അവരെ കൂടുതല്‍ കുഴക്കി . മൌലവിമാരെയും കാവിക്കാരെയും‍ വെറുത്ത് കൊണ്ട് കവിതയെഴുതിയത് അവസാന കാലത്തെ ഈ ആശയ സംഘര്‍ഷങ്ങളില്‍ പെട്ടായിരിക്കണം .

അതൃപ്തമായ ദാമ്പത്യത്തിന്റെയും അരാജകത്വം നിറഞ്ഞ ലൈംഗിക ജീവിതത്തിന്റെയും കഥകള്‍ എഴുതിയ മാധവിക്കുട്ടിയെ ആ കഥകളിലെ നായികയാക്കി മാറ്റുന്നതാണ് ഈ പുസ്തകം. നോണ്‍ ഫിക്ഷന്‍ എന്ന രീതിയില്‍ വസ്തുതകള്‍ മാത്രമാക്കിയാണ് എഴുത്തിന്റെ ശൈലിയെന്നത് കൂടുതല്‍ വിശ്വാസം ജനിപ്പിക്കാന്‍ വേണ്ടി തന്നെയാണ് .ആത്മകഥയെന്നു വിശേഷിപ്പിക്കപ്പെട്ട “എന്റെ കഥ “ പോലും മാധവിക്കുട്ടിയുടെ തന്നെ വന്യമായ ഭാവനകളുടെ ആവിഷ്കാരം മാത്രമായിരുന്നുവെന്നും അതില്‍ യാഥാര്‍ത്ഥ്യത്തിന്റെ അംശം തുച്ഛമാണെന്നും മാധവിക്കുട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന പലരും പിന്നീട് പറഞ്ഞിരുന്നു .“അതൃപ്തമായ ഈ പ്രേമത്തിന്റെ വിലാപകാവ്യങ്ങള്‍ രചിക്കുകയാണ് എന്റെ മനസ്സ്. എന്നെ നീ മനസ്സിലാക്കിയില്ല“ എന്നതായിരുന്നു മാധവിക്കുട്ടിയുടെ പല കഥകളുടെയും പ്രമേയം . ഒരു അഭിമുഖത്തില്‍ സുവര്‍ണ്ണ നാലപ്പാട്ട് കണ്ണീരോടെ പറഞ്ഞത് ഓപ്പോള് അങ്ങനെയൊരു സ്ത്രീയായിരുന്നില്ലെന്നും അമര്‍ത്തപ്പെട്ട സ്ത്രീത്വത്തീന്റെ ഭാവനകളാണ് അതെല്ലാമെന്നായിരുന്നു .മാധവിക്കുട്ടിയുടെ സ്വകാര്യജീവിതത്തിലെ രഹസ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഈ പുസ്തകത്തിന്റെ ധാര്‍മ്മികത അളക്കപ്പെടുന്നത് മാധവിക്കുട്ടിയുടെ മരണം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് ഈ കൃതി പ്രസിദ്ധീകൃതമായതെന്നത് കൊണ്ട് തന്നെയാണ് .ആത്മസുഹൃത്തിന്റെ സൌഹൃദഭാഷണങ്ങള്‍ പുസ്തകവിപണി വിജയത്തിന്റെ പടിഞ്ഞാറന്‍ മാതൃകയായ ലൈംഗികതയും വിവാദവും മേമ്പൊടിക്ക് ചേര്‍ത്ത് വിറ്റഴിക്കപ്പെടുമ്പോള്‍ സത്യമേത് മിഥ്യയേത് എന്നറിയാന്‍ നമുക്കൊരു മറുചോദ്യം ചോദിക്കാന്‍ അവസരമില്ലാതെ പോകുന്നു .

മാധവിക്കുട്ടി ആരെന്നോ എന്തെന്നോ അറിയാത്ത ഒരു സമൂഹത്തില്‍ ഒരു ടാബ്ലോയിഡ് കൃതിയായി വിറ്റഴിക്കപ്പെടുന്ന ഈ പുസ്തകം ആമിയെ നെഞ്ചിലേറ്റുന്ന മലയാളി സമൂഹത്തില്‍ എങ്ങനെയാണ് വായിക്കപ്പെടുക എന്നത് പ്രവചിക്കാനാവില്ല . സദാചാരത്തിന്റെ അതിര്‍ വരമ്പുകള്‍ താണ്ടുന്ന സ്വകാര്യ ജീവിതത്തിന്റെ ഈ “കഥ “ യും വിവാദം സൃഷ്ടിച്ചേക്കാവുന്ന മതം മാറ്റത്തെ സംബന്ധിച്ച പരാമര്‍ശങ്ങളാലും ഈ കൃതി മലയാള സാംസ്കാരിക ലോകത്ത് തീര്‍ച്ചയായും വിവാദങ്ങളുണ്ടാക്കുമെന്നത് തീര്‍ച്ചയാണ് .