Like

...........

Monday, 18 April 2011

ഉറുമി ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രഖ്യാപനം

ഓരോ കാലത്തെയും ചരിത്രം സൃഷ്ടിക്കുന്നത് അതത് കാലങ്ങളില്‍ നിലവിലിരിക്കുന്ന അധികാരവര്‍ഗ്ഗമാണ് , പിന്നീട് അതായിത്തീരുന്നു ചരിത്രം എങ്കിലും പുനര്‍വായനയില്‍ പലപ്പോഴും പിഴച്ച് പോകുന്ന ചില ഭൂതകാലസത്യങ്ങള്‍ അത് ചരിത്രത്തെ തിരുത്താന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കും .സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി ഇത്തരമൊരു പുനര്‍വായനയാണ് .ചരിത്രം ആസ്പദമാക്കി കഥ പറയുമ്പോള്‍ അത് വ്യാഖ്യാനിക്കപ്പെടുന്നതിന്റെ മികവ് കൊണ്ട് ചരിത്രത്തെക്കാള്‍ ഭാവന വിശ്വസനീയമാകുന്നത് നാം വടക്കന്‍ വീര ഗാഥയില്‍ കണ്ടിട്ടുണ്ട് പക്ഷെ അതില്‍ എം ടി വാസുദേവന്‍ നായര്‍ എന്ന പ്രതിഭയുടെ കരവിരുതാണ് അത്രത്തോളം പ്രതീക്ഷിക്കാനാവില്ലെങ്കിലും ശങ്കര്‍ രാമകൃഷ്ണന്‍ എന്ന തിരക്കഥാകൃത്ത് ചരിത്രവും ഭാവനയും ഇടകലര്‍ത്തി കൊണ്ട് അജ്ഞാതമായ ഒരു ചരിത്രത്തെ അഭ്രപാളികളിലേക്കെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ആ ശ്രമം പാളിപ്പോയിട്ടില്ല എന്ന് തന്നെ പറയാം .

മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവുമധികം നിര്‍മ്മാണ ചിലവെന്ന ഖ്യാതിയോടെയോ അപഖ്യാതിയോടെയോ ആണ് ഉറുമി നമ്മുടെ കാഴ്ചക്കായി എത്തുന്നത് .ഓരോ കാഴ്ചയും കവിത പോലെ ക്യാമറയിലാക്കുന്ന സന്തോഷ് ശിവന്റെ സംവിധാനമികവ് , ശങ്കര്‍ രാമകൃഷ്ണന്റെ ഫാന്റസിയും ചരിത്രവും ഇടകലര്‍ന്ന ശക്തമായ തിരക്കഥ ദേശീയ പുരസ്കാര ജേതാവായ അഞ്ചലി ശുക്ലയുടെ ക്യാമറ ഈ അണിയറ മികവിനൊപ്പം തിരശീലയില്‍ തെളിയുന്ന പൃഥ്വിരാജിന്റെ പൌരുഷം നിറഞ്ഞ യൌവ്വനവും പ്രഭുദേവയുടെ നടന താളവും , ജനീലിയ , തബു , വിദ്യാ ബാലന്‍ , നിത്യാമേനോന്‍ എന്നിങ്ങനെയുള്ള സൌന്ദര്യധാമങ്ങളുടെ സാന്നിധ്യവും ഉറുമിയെ നവ്യമായൊരു കാഴ്ചാനുഭവമാക്കുന്നുണ്ട് .

താരപ്രഭക്കും സാങ്കേതിക മികവ് അഭ്രപാളിയിലുളവാക്കുന്ന ദൃശ്യചാരുതക്കുമപ്പുറം വര്‍ത്തമാന കാല യാഥാര്‍ത്ഥ്യങ്ങളുടെ അസാമാന്യമായ സാമ്യം കൊണ്ടു ഉറുമി എന്ന ചിത്രം ഉയര്‍ത്തുന്ന ഒരു രാഷ്ട്രീയ പ്രഖ്യാപനമുണ്ട് .കക്ഷിരാഷ്ട്രീയത്തിന്റെ പ്രകടമായ തെളിവുകളില്ലെങ്കില്‍ അരാഷ്ട്രീയമായ സിനിമയായി പരിഗണിക്കുകയാണ് മലയാളി പ്രേക്ഷകരുടെ ശീലം .മലയാള ചലചിത്ര രംഗത്ത് രാഷ്ട്രീയം കടന്ന് വരുന്നതു കക്ഷിരാഷ്ട്രീയത്തിന്റെ നാറുന്ന വിഴുപ്പലക്കുകളുടെ ഇടമുറിയാത്ത സംഭാഷണ ചാതുരി കൊണ്ടും നിലവിലെ രാഷ്ട്രീയ നേതാക്കന്മാരെ മിമിക്രി കാണിച്ചുമാണ് .തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിലെ അധികാരത്തിന്റെ ഇടനാഴികളോ അതിനുമപ്പുറം ആ ഇട്ടാവട്ടത്ത് തായം കളിക്കാതെ ഹൈടെക്ക് ഡല്‍ഹിയുടെ ബ്ലൂചിപ്പിലും കംബ്യുട്ടറിലും ബ്രെയിന്‍ ബാങ്കിലുമെല്ലാം രാഷ്ട്രീയ സമസ്യകള്‍ക്കുതരം കണ്ടെത്തുന്ന , കോടികള്‍ കൊണ്ടമ്മാനമാടുന്ന ഡല്‍ഹി വരെ പരമാവധി പോകുന്ന പോകുന്ന കച്ചവട സിനിമയും . 80 കളിലെ നക്സല്‍ പ്രസ്ഥാനത്തിന്റെ ഗൃഹാതുരതയും അടിയന്തിരാവസ്ഥകാലത്തിന്റെ ഓര്‍മ്മയില്‍ സ്ഖലിച്ച് കൊണ്ടിരിക്കുന്ന ആത്മരതിയടങ്ങിയ സമാന്തര സിനിമയും . ഇങ്ങനെ കച്ചവട സിനിമയുടെ കക്ഷിരാഷ്ട്രീയത്തിന്റെയും സമാന്തര സിനിമയുടെ ഭൂതകാല കുളിരിന്റെയും വിരുദ്ധ ധ്രുവങ്ങള്‍ക്കിടയില്‍ നിന്നാണ് ഉറുമി ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ പ്രസക്തി .

വര്‍ത്തമാന കാലത്തില്‍ നിന്ന് 400 വര്‍ഷം പഴക്കമുള്ള ഒരു സാങ്കല്പിക പ്രതികാര കഥയുടെ പ്രമേയ പരിസരത്തില്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം എങ്ങനെയാണ് കടന്ന് വരിക എന്ന ചോദ്യം ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട് .മുഖ്യധാരാ സിനിമയില്‍ നാം പ്രതീക്ഷിക്കാത്ത ഒരു ആശയത്തിലൂടെയാണ് ഉറുമി മുന്നോട്ട് വെക്കുന്ന ചെയ്യുന്ന രാഷ്ട്രീയത്തെ ഞാന്‍ കാണുന്നത് .

സാമൂഹികാവബോധം അധികപറ്റാണെന്ന കാഴ്ചപ്പാടുള്ള പുതുതലമുറയുടെ പ്രതിനിധിയായ കൃഷ്ണദാസെന്ന ചെറുപ്പക്കാരന്‍ തന്റെ പൂര്‍വ്വിക സ്വത്ത് ആഭ്യന്തര മന്ത്രിക്കു കൂടി പങ്കാളിത്തമുള്ള നിര്‍വ്വാണ എന്ന ബഹുരാഷ്ട്ര ഖനന കമ്പനിക്ക് വേണ്ടി കൊടുക്കാന്‍ തയ്യാറാകുന്നിടത്താണ് കഥ ആരംഭിക്കുന്നത് .അതിന്റെ ആവശ്യങ്ങള്‍ക്കായി സുഹൃത്തുമൊത്ത് ആ സ്ഥലത്തെത്തിപ്പെടുമ്പോള്‍ അവന്റെ പൂര്‍വ്വിക പരമ്പരയിലേക്കു കഥ നമ്മളെ നയിക്കുന്നു .

എല്ലാ ചരിത്രങ്ങളും മഹാനായ നാവികനെന്ന് രേഖപ്പെടുത്തിയ വാസ്കോഡഗാമയുടെ കടല്‍ കടന്നുള്ള അധിനിവേശങ്ങളുടെയും ക്രൂരമായ കൊള്ളയടിക്കലുകളുടെയും ചരിത്രമാണ് കൃഷ്ണദാസിന്റെ പൂര്‍വ്വിക പരമ്പരയുടെ ചരിത്രത്തിലൂടെ കാണാന്‍ കഴിയുക . ആ ചരിത്രത്തോടൊപ്പം കേളുനായനാരെന്ന കല്‍പ്പിത കഥാപാത്രത്തിന്റെ പ്രതികാരത്തിന്റെയും ആത്മരോഷത്തിന്റെയും ഊര്‍ജ്ജം കൈക്കൊള്ളുന്നതിലൂടെ ചിത്രം മറ്റൊരു തലത്തിലേക്കുയരുന്നു . കൊള്ളയടിക്കാനെത്തുന്ന വിദേശ പടത്തലവന് ഒത്താശ ചെയ്ത് കൊടുക്കുന്ന ചേണിക്കല്‍ കുറുപ്പ് കാലം കടന്നെത്തുമ്പോള്‍ വിദേശ ബഹുരാഷ്ട്ര ഖനന കമ്പനികളില്‍ ഓഹരിപങ്കാളിത്തമുള്ള , അവര്‍ക്ക് വേണ്ടി നാടിനെ തീറെഴുതിക്കൊടുക്കാന്‍ കൂട്ടു നില്‍ക്കുന്ന ആഭ്യന്തരമന്ത്രിയായിതീരുന്നു. അങ്ങനെ അതേ ചരിത്രം തന്നെ നൂറ്റാണ്ടുകള്‍ക്ക് ശേഷമുള്ള പരമ്പരയിലും ആവര്‍ത്തിക്കപ്പെടുന്നു. ഈ ഭാവനയും ചരിത്രവും കെട്ട് പിണഞ്ഞു കിടക്കുന്ന ഈ കഥയില്‍ വര്‍ത്തമാന കാലത്തിന്റെ യാദൃശ്ചികമല്ലാത്ത സാമ്യം അനുഭവപ്പെട്ടു തുടങ്ങുന്നിടത്ത് നിന്നാണ് സിനിമയുടെ രാഷ്ട്രീയം ആരംഭിക്കുന്നത് .


ദക്ഷിണ ഒറീസയിലെ നിയമഗിരി കുന്നുകളില്‍ വസിക്കുന്ന ഡോങ്ക്രിയ കോന്താ വിഭാഗത്തിലുള്ള ആദിവാസികള്‍ മറ്റെവിടെയും വേരുകളില്ലാത്ത ആദിമഗോത്രവിഭാഗമാണ് .അവര്‍ അധിവസിക്കുന്ന നിയമഗിരി കുന്നുകള്‍ അവരുടെ പുണ്യസ്ഥലമാണ് . അവരാ കുന്നിന്‍ ചെരിവുകളില്‍ കൃഷി ചെയ്യുന്നു അത്,അതിന് ചുറ്റുമൊഴുകുന്ന അരുവികളില്‍ നിന്ന് വെള്ളമെടുക്കുന്നു ,ഒരു മരക്കൊമ്പ് പോലും മുറിക്കാതെ വനവിഭവങ്ങള്‍ കൊണ്ട് അവര്‍ ജീവിക്കുന്നു , നിയമഗിരി അവര്‍ക്ക് വെറും വിശ്വാസം മാത്രമല്ല ജീവിതം കൂടിയാണ് , അവരുടെ ദൈവമാണ് നിയമഗിരിക്ക് മുകളില്‍ കുടിയിരിക്കുന്നത് എന്നതാണ് വിശ്വാസം. 2005 ല്‍ ഈ മലനിരകള്‍ ഇടിച്ച് പൊളിച്ചു ഖനനം ചെയ്യാനായി ‍ പരിസ്ഥിതി നിയമങ്ങളുടെ പ്രാഥമിക ചട്ടങ്ങള്‍ പോലും ലംഘിച്ച് കൊണ്ട് വേദാന്ത എന്ന ബഹുരാഷ്ട്ര കമ്പനിക്കു വേണ്ടി കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി കൊടുത്തത് .ഈ ഖനനത്തിലൂടെ അവിടെയുള്ള മലനിരകള്‍ ,നദികള്‍ അടക്കമുള്ള എല്ലാ പ്രകൃതി സമ്പത്തുകളും നാമാവശേഷമാകും .കോര്‍പ്പറേറ്റുകളെ പ്രീതിപ്പെടുത്തി പുലരുന്ന അധികാര സംവിധാനത്തില്‍ അധിനിവേശങ്ങള്‍ക്കു ആധികാരികത നല്‍കി വികസനത്തിന്റെ ഉദാത്തമാര്‍ഗ്ഗമായി അവതരിപ്പിക്കുകയായിരുന്നു നിയമഗിരിയില്‍ . ഒരു ജനതയുടെ ജീവനും ജീവിതത്തിനും വില കല്‍പ്പിക്കാതെ vedanta എന്ന കമ്പനി നടത്തുന്ന നിയമവിരുദ്ധമായ കയ്യേറ്റങ്ങള്‍ക്കെതിരെ നിരക്ഷരരായ ആദിവാസികള്‍ ചെറുത്തു . അവസാനം നിരവധി അന്താരാഷ്ട്ര സംഘടനകളുടെയും ആംനസ്റ്റി ഇന്റര്‍നാഷണലിന്റെയും ഇടപെടലിനെ തുടര്‍ന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ് ഈ നിയമവിരുദ്ധ ഖനനത്തിനുള്ള അനുമതി റദ്ദ് ചെയ്യുകയായിരുന്നു .

പി.ചിദംബരം എന്ന നമ്മുടെ ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി 2004 ല്‍ കേന്ദ്രമന്ത്രി സഭയില്‍ ധനകാര്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ വരുന്നത് വരെ കുപ്രസിദ്ധമായ വേദാന്ത കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളും നിയമോപദേഷ്ടാവും കൂടിയായിരുന്നു .ധനമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് വേണ്ടി മാത്രമാണ് അദ്ദേഹം ആ പദവി രാജി വെച്ചത് എന്നത് കൂടി കൂട്ടി വായിക്കുമ്പോഴാണ് ഉറുമി ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ നീതി നമുക്ക് മനസ്സിലാവുക .ഉറുമിയിലെ നിര്‍വ്വാണ എന്ന ഖനന കമ്പനിക്ക് വേദാന്തയുമായുള്ള സാമ്യം പേരില്‍ മാത്രമല്ല നിര്‍വ്വാണയില്‍ ഓഹരി പങ്കാളിത്തമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ജഗതി അവതരിപ്പിക്കുന്ന ആഭ്യന്തര മന്ത്രിയില്‍ പോലുമുണ്ട് .അത് കൊണ്ടെല്ലാം തന്നെ സിനിമയില്‍ വര്‍ത്തമാന കാലയാഥാര്‍ത്ഥ്യത്തിന്റെ അനുരണനങ്ങള്‍ കടന്നു വരുന്നത് കേവല യാദൃശ്ചികതയാവാന്‍ സാധ്യതയില്ല .അവസാനം ആഭ്യന്തരമന്ത്രിയെ ആദിവാസികള്‍ ചെരുപ്പെറിയുന്നിടത്ത് പോലും ഈ സാദൃശ്യം കടന്ന് വരുന്നുണ്ട് ചെരുപ്പേറ് കൊണ്ട് ഏക ആഭ്യന്തര മന്ത്രിയാണ് പി. ചിദംബരം .

അധിനിവേശങ്ങള്‍ അവസാനിക്കുന്നില്ല അത് പുതിയ പേരിലും പുതിയ രൂപത്തിലും നിസ്സഹായരായ ജനതയുടെ മേല്‍ അധീശത്വം സ്ഥാപിക്കാനൊരുങ്ങുമ്പോള്‍ അതിന് ഒത്താശ ചെയ്ത് കൊടുക്കുന്ന നപുംസകങ്ങളായ അധികാര വര്‍ഗ്ഗം സ്വന്തം ജനതയെ വിസ്മരിച്ചു അവരുടെ ജീവനും സ്വത്തിനും വില അവരുടെ മണ്ണും വെള്ളവും ആ സാമ്രാജ്യത്വ ശക്തികള്‍ക്ക് തീറെഴുതിക്കൊടുക്കും .ദണ്ടേവാഡയടക്കമുള്ള വനമേഖലകളില്‍ നടക്കുന്ന ഖനനവും അത് മൂലം ജനിച്ച നാടില്‍ നിന്നു കുടിയൊഴിക്കപ്പെട്ടു നിരാശ്രയരായിപ്പോകുന്ന ദശലക്ഷക്കണക്കിന് ജനങ്ങളും ബഹുരാഷ്ട്രകുത്തകകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കപ്പെടുന്ന ഗ്രീന്‍ ഹണ്ട് ഓപറേഷനും എല്ലാം ചരിത്രത്തിന്റെ തുടര്‍ച്ചയാണ് , അളവില്ലാത്ത സമ്പത്തിന് വേണ്ടി രാജ്യത്തെ ജനങ്ങളെ കൊന്ന് കൊള്ളയടിച്ച വാസ്കോഡ ഗാമയെ സഹായിച്ച ചേണിക്കല്‍ കുറുപ്പിന്റെ ചരിത്രമാണ് ആ തുടര്‍ച്ച. നമ്മളെ ഇത് ബാധിക്കുന്നില്ലല്ലോ എന്ന നിസ്സംഗമായ മുഖ്യധാരാ സമൂഹത്തിന്റെ ആശ്വസിക്കലാണ് ഓരോ അധിനിവേശത്തിന്റെയും ആണിക്കല്ല് .


ചത്തിസ് ഗഡിലെയും ഝാര്‍ഖണ്ടിലെയും വന മേഖലകളില്‍ സ്വന്തം ഭൂമി കയ്യേറിയ വിദേശ കുത്തകകള്‍ക്കെതിരെ ആയുധമെടുക്കുന്ന നക്സലൈറ്റുകളുടെ വാര്‍പ്പ് മാതൃകയിലാണ് കേളു നായനാരെ ചിത്രത്തില്‍ രൂപപ്പെടുത്തിയിട്ടുള്ളത് .മണി രത്നം രാവണ എന്ന ചിത്രത്തിലൂടെ അവ്യക്തമായി ഈ വിഷയം ഉന്നയിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പുരാണകഥയുടെ പ്രമേയം പശ്ചാത്തലമായത് കൊണ്ടു തന്നെ ആ സിനിമയില്‍ ചൂണ്ടിക്കാട്ടാവുന്ന രാഷ്ട്രീയത്തെ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയാതെ അതൊരു അരാഷ്ട്രീയ സിനിമയായി അവസാനിക്കുകയായിരുന്നു.രാവണയുടെ ക്യാമറാ ചലിപ്പിച്ച സന്തോഷ് ശിവന്‍ അത് കുറച്ചു കൂടി നീതി പൂര്‍വ്വകമായി അവതരിപ്പിച്ചു എന്നതിന്റെ തെളിവാണ് മണി രത്നം ചിത്രം കണ്ടിട്ട് സന്തോഷ് ശിവനെ അഭിനന്ദിച്ചത് .

തന്റെ പൂര്‍വ്വിക പരമ്പരയോട് അവരോട് അധിനിവേശം നടത്തിയെത്തിയ വൈദേശിക ശക്തികള്‍ ചെയ്തു കൂട്ടുന്ന ക്രൂരതകള്‍ക്കെതിരെ കേളു നായനാര്‍ നടത്തുന്ന ആത്മരോഷം നിറഞ്ഞ പോരാട്ടത്തിന്റെ കഥ മനസ്സിലാക്കുന്നതോടെ കൃഷ്ണദാസെന്ന മധ്യവര്‍ഗ്ഗ സമൂഹത്തിന്റെ പ്രതിനിധി ബഹുരാഷ്ട്രകുത്തകകള്‍ക്ക് തന്റെ ഭൂമി വിട്ടു നല്‍കുക എന്ന തീരുമാനം പുനപരിശോധിച്ചു കൊണ്ടു പുതിയൊരു ഒരു രാഷ്ട്രീയത്തിന്റെ വക്താവായി മാറുന്നു .അങ്ങനെ ഖനനത്തിന് നിര്‍വ്വാണക്ക് സ്വന്തം ഭൂമി വിട്ട് കൊടുക്കുക എന്ന തീരുമാനം പിന്‍ വലിക്കുന്നതിലൂടെ ഉറുമി ശക്തമായ ഒരു സന്ദേശം അവശേഷിപ്പിക്കുന്നുണ്ട് .

മലയാളത്തിലെ മധ്യവര്‍ത്തി സിനിമാ പ്രേക്ഷകര്‍ക്കു അവര്‍ കൊടുക്കുന്ന പണത്തിന് തുല്യമായ വിനോദോപാധിയില്‍ കവിഞ്ഞ് ചത്തിസ് ഗഡിലോ ഒറീസയിലോ നടക്കുന്ന വന്‍ കിട ഖനനങ്ങളെക്കുറിച്ചും തദ്ദേശവാസികളെ കുടിയൊഴിപ്പിക്കുന്നതിനെക്കുറിച്ചും വലിയ താല്പര്യമുണ്ടാകുമെന്ന് ധരിക്കുന്നത് വിഡ്ഡിത്തമാകും അത് കൊണ്ടു തന്നെ മുഖ്യധാരാ സിനിമയിലൂടെ ഇത്തരമൊരു സന്ദേശം പരോക്ഷമായെങ്കിലും അവതരിപ്പിക്കുക എന്ന വെല്ലുവിളി തന്നെയാണ് ഉറുമി ഏറ്റെടുത്തത് . മലയാളം കൂടാതെ മറ്റ് ഭാഷകളിലും കൂടി ഈ ചിത്രം മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട് .

ബുദ്ധിജീവി ചലചിത്ര പ്രവര്‍ത്തകര്‍ ഇറാനിയന്‍ സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയ ജാഫര്‍ പനാഹിക്ക് വേണ്ടി ഒപ്പ് ശേഖരണം നടത്തുമ്പോഴും പാലസ്തീന്‍ അധിനിവേശങ്ങളെക്കുറിച്ചു കണ്ണീരൊഴുക്കുമ്പോഴും കാണാതെ പോകുന്നത് കുടിയൊഴിക്കപ്പെട്ടും , നിരാശ്രയരായും പോകുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതമാണ് . ഒരിക്കല്‍ ടി വി ചന്ദ്രന്‍ ഒരഭിമുഖ സംഭാഷണത്തില്‍ പറഞ്ഞതോര്‍ക്കുന്നു അദ്ദേഹത്തിനെ ഇപ്പോഴും വേദനിപ്പിച്ച് കൊണ്ടിരിക്കുന്നത് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയാണത്രെ . സോവിയറ്റ് റഷ്യക്കാര്‍ പോലും അതെല്ലാം മറന്ന് പോയ കാലത്ത് ആ ദുഖമാണ് ഇന്നും ബുദ്ധിജീവി ചലചിത്രകാരന്മാരെ ഭരിക്കുന്നത് .വര്‍ത്തമാന കാലത്തിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍ വര്‍ഗ്ഗീയതയല്ലാതെ മറ്റൊരു വിഷയം തിരഞ്ഞെടുക്കാന്‍ നമ്മുടെ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇനിയും കാലമായിട്ടില്ല എന്നു വേണം കരുതാന്‍ .

ചത്തിസ് ഗഡിലും ഝാര്‍ഖണ്ടിലും ഓറീസയിലുമെല്ലാം നടക്കുന്ന മനുഷ്യത്വ രഹിതമായ ഇത്തരം അധിനിവേശങ്ങളും അതിന് ഒത്താശ ചെയ്യുന്ന അധികാരികളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രത്തിന്റെ തുടര്‍ച്ച തന്നെയാണ് .മനുഷ്യന് നേര്‍ക്കുള്ള ക്രൂരതകളും അതിനെതുടര്‍ന്നുള്ള പലായനങ്ങളും വികസനത്തിന്റെ പുറം മോടിയണിയിച്ചു പുറം ലോകത്തവതരിപ്പിക്കുമ്പോള്‍ പ്രതിരോധിക്കുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ മാവോയിസ്റ്റുകളും രാജ്യദ്രോഹികളുമാക്കി മുദ്ര കുത്തുന്ന അധികാരത്തിന്‍ കീഴില്‍ ഇത്തരമൊരു വിഷയം പരോക്ഷമായെങ്കിലും ഉയര്‍ത്താന്‍ കഴിഞ്ഞതില്‍ ഈ ഉറുമിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം ,മറ്റൊരു കാഴ്ചയും കാണാനാവാത്ത സിനിമക്കാര്‍ക്കിടയില്‍ നിന്ന് വാണിജ്യ സിനിമയുടെ ഭാഗമായിട്ടെങ്കിലും അങ്ങനെയൊരു ജനതയെക്കുറിച്ച് ഓര്‍മ്മിപ്പിച്ച ഉറുമിയുടെ പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നു .

24 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഈ സിനിമയുടേ തുടക്കത്തില്‍

    1."No animals were harmed during the making of this film

    ഇങ്ങനെ എഴുതിക്കാണിക്കുന്നുണ്ട്.അത് സത്യമായിരിക്കാം ഇനി അഥവാ ഏതെങ്കിലും ഒരു അനിമലിനോട് ക്രൂരമായി പെരുമാറിയിട്ടുണ്ടേങ്കില്‍ തന്നെ ആ അനിമല്‍ പരാതി പറയുകയും ഇല്ല.

    അത് എഴുതി കാണിച്ചതിനു ശേഷം

    2.All the characters in this film are fictitious, any resemblance to any real person - living or dead - is purely coincidental


    ഇത് അങ്ങനെ വിശ്വസിക്കാന്‍ കഴിയില്ല. ഈ ഫിലിമില്‍ ജഗതിയുടേ ക്യാരക്ടര്‍(ആണും പെണ്ണും കെട്ട രാഷ്ട്രീയ ഹിജഡയ്ക്ക്(കടപ്പാട്:മമ്മൂട്ടി))ചെരിപ്പേറ് കൊണ്ട മന്ത്രി ആയി നല്ല സാമ്യം ഉണ്ട്. ആ മന്ത്രിയില്‍ നിന്നുള്ള പ്രചോദനം ആണോ ആ ക്യാരക്ടര്‍ എന്ന് വരെ സംശയിക്കത്ത വിധത്തിലാണ് ആ ക്യാരക്ടറിന്‍റെ ഫോര്‍മേഷന്‍.

    ReplyDelete
  3. അഭ്ര പാളികളുടെ മായക്കാഴ്ചകളില്‍ അഭിരമിക്കാതെ ഒരു അന്വേഷിയുടെ ധ്യാനാത്മകതയിലൂടെ മാത്രം കാണാന്‍ കഴിയുന്ന ചില രാജ നഗ്നതകള്‍....
    അഭിനന്ദനങ്ങള്‍ വിഷ്ണൂ...

    ReplyDelete
  4. Excellent reviews

    ReplyDelete
  5. Urumi Oru Veritta , thikachum neethipoorvamaya vayana !! thanks a lot

    ReplyDelete
  6. ഈ പറഞ്ഞ വേദാന്ത അലൂമിനിയം ഓര്‍ ഖനന കമ്പനിയില്‍ ഏകദേശം, അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍, 1 മാസം ഞാന്‍ വര്‍ക്ക്‌ (സൈറ്റ് മോബിളിസേശന്‍) ചെയ്തിട്ടുണ്ട്.കലഹണ്ടി ജില്ലയിലെ ലങ്ജിഗാദ് എന്നാ സ്ഥലത്താണ് ഞങ്ങള്‍ താമസിച്ചിരുന്നത് വര്‍ക്ക് സൈടിലേക്കു പിന്നെയും ഒരു ഇരുപതിയര് കിലോമീറ്റര്‍ ദൂരമുണ്ട് , നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ തന്നെ ഒരുപാട് എതിര്‍പ്പുകള്‍ കമ്പനിക്ക്‌ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്, തുടക്കത്തില്‍ തന്നെ കല്ലുകടിയയിരുന്നു, ലോക്കല്‍ വര്‍ക്ക്‌ ഫോഴ്സ് കൂടുതല്‍ ഉപയോഗിക്കുക അവര്‍ക്ക് സ്കില്ലെദ് വാര്കെര്ഴ്സിന്റെ കൂലി കൊടുക്കുക മുതലായ കാര്യങ്ങള്‍ പറഞ്ഞു. ഒരു പാട് അക്രമങ്ങല്‍ക്കിരയയിട്ടുണ്ട്.പലതവണ സൈറ്റ് മനജേരെ ഖൊരാവോ ചെയ്തിട്ടുണ്ട്.
    ജോലിക്കാരായ കുറെ മലയാളി വെല്ടെര്‍ മാരെ വീട്ടില്‍ കേറി ആക്രമിച്ചു അതിലോരളുടെ നില വളരെ ഗുരുതരമായിരുന്നു. ജോലിക്കാരുടെ ഭാവനഭേദനഗല്‍ അക്കാലത്തു കാലഹണ്ടിയിലും പ്രാന്ത പെടെശങ്ങളിലും ഒരു വാര്‍ത്തയെ അല്ലായിരുന്നു .

    during the commutation we had faced enormous struggles from the local peoples- അത് പറയാന്‍ പോയാല്‍ ഒരു ബ്ലോഗ്‌ തന്നെ വേണ്ടിവരും.
    അമ്പും വില്ലും ഇത്ര പാടവത്തോടെ ഉപയോഗിക്കുന്നവരെ പണ്ട് മഹാഭാരതം സീരിയലില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു.

    അവിടുത്തെ ലോക്കല്‍ നേതാക്കന്‍ മാരെ തൃപ്തി പെടുത്താന്‍ വേണ്ടി കമ്പനി ഒരു പാട് കാശ് എറിഞ്ഞിട്ടുണ്ട് (including sarpunch)
    ഞാന്‍ ഈ പറഞ്ഞതൊന്നും കമ്പനിയെ ന്യായീകരിക്കാനോ, അവരുടെ അധിനിവേശത്തെ സാധൂകരിക്കുവാണോ അല്ല , വളരെ കുറച്ചു കാലത്തെ അനുഭവം ഓര്‍ത്തു പോയെന്നു മാത്രം.
    അവിടെയും പാവപ്പെട്ട ആദിവാസികളുടെ ചോരയൂറ്റുന്ന അട്ടകള്‍ (ഇത്തിള്‍ കണ്ണികള്‍) അവരുടെയിടയില്‍ തന്നെ ഉണ്ടായിരുന്നു.
    ഒരു മാസത്തിനകം പല തവണ അക്രമത്തിനു സാക്ഷിയായ ഞാന്‍ (വൈറല്‍ പനി) പിടിച്ചു പൂനെയിലെ ഓഫീസിലോട്ട് തിരിച്ചു പോരേണ്ടി വന്നു..
    വളരെ സിംപിളായും സ്ട്രൈറ്റ്‌ ആയും ജെയിംസ്‌ കാമറൂണ്‍ അവതാറിലൂടെ ഈ കഥ പറയാന്‍ ശ്രമിച്ചില്ലേ ? പിന്നെ ശിക്ഷകനയും രക്ഷകനായും 'അവര്‍' തന്നെ വന്നപ്പോള്‍ ഒരു ധഹനക്കേട്‌.
    പില്‍കാലത്ത് കടല് താണ്ടി കുളിര്പിച്ച മുറിയിലിരുന്നു ഈ വാര്‍ത്തകള്‍ കണ്ടു ഗദകാല സ്മരണകള്‍ അയവിരകുമ്പോള്‍ എന്ത് വികാരമാണ് മനസ്സില്‍ ചുരമാന്തിയെന്നു ഇപ്പോഴും കന്ഫുഷനാണ്.


    നീണ്ട കമേന്റിനു സോറി..

    ഓ.ടോ: പറഞ്ഞാല്‍ വിശ്വസിക്കില്ല, ഇത്ര റൂറല്‍ ഏരിയയില്‍ ആദ്യമായ് ആപ്രടെശത്ത് പരിച്ചയപെട്ടത്‌ ഒരു മലയാളി ചായക്കടക്കണനെ ആയിരുന്നു. അയാളുടെ വാമഭാഗം പ്രശസ്തയയിരുന്നു , ഏതു വിധത്തില്‍ ആണെന്ന് എനിക്കറിയില്ല

    ReplyDelete
  7. വിശദമായ കമന്റിന് നന്ദി .ക്ഷമാ പണമെന്തിന് ? :)

    ചത്തിസ് ഗഡ് , ഒറീസ , ഝാര്‍ഖണ്ട് - അത്തരം മേഖലകളില്‍ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് വലിയൊരനുഭവം തന്നെയാണ് ,ഒരു പക്ഷെ അത് സുഖകരമായ ഒരനുഭവമൊന്നുമായിരിക്കില്ല . കമ്പനിക്കുള്ളില്‍ നില്‍ക്കുമ്പോള്‍ നമുക്ക് പുറമെയുള്ള കാഴ്ചകളില്‍ അനുഭാവം തോന്നാന്‍ സാധ്യത കുറവായിരിക്കും .വേദാന്ത എന്ന കമ്പനി ഒറീസയില്‍ നടത്തുന്ന വനനശീകരണവും മനുഷ്യാവകാശ ലംഘനങ്ങളും ഇന്‍ഡ്യയില്‍ അത്ര ചര്‍ച്ചാ വിഷയമാകുന്നില്ല , അന്താരാഷ്ട്ര മനുഷ്യാവാ‍ാശ സംഘടനകളും ആംനസ്റ്റി ഇന്റര്‍ നാഷണലുമെല്ലാം ഇടപെട്ടിട്ടും നമുക്ക് അതിനെ കുറിച്ച് വലിയ ധാരണകളില്ലാത്തത് ഇവിടെ നില നില്‍ക്കുന്ന ഭീതിദമായ രാഷ്ട്രീയ സാഹചര്യം കൊണ്ടാണ് .അത്തരം അധിനിവേശങ്ങള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള പ്രതികരണങ്ങള്‍ ഉന്നയിക്കുന്നവര്‍ മാവോവാദിയോ നക്സലൈറ്റോ ആയി മുദ്ര കുത്തപ്പെടുന്നിടത്തോളം ഗുരുതരമാണ് അധികാര വര്‍ഗ്ഗത്തിന്മേല്‍ കോര്‍പ്പറേറ്റുകള്‍ക്കുള്ള സ്വാധീനം .

    ബിനായക് സെന്‍ , മഹാശ്വേതാ ദേവി ,ഗാന്ധിയനായ ഹിമാംശു കുമാര്‍ അങ്ങനെ ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെയും പരിസ്ഥിതി വാദികളെയും രാജ്യദ്രോഹികളും മാവോ വാദികളുമാക്കി മാറ്റുന്ന തരം അധികാര ദുഷ്പ്രഭുത്വമാണ് നമ്മുടെ രാജ്യം ഭരിക്കുന്നത് .

    ആദിവാസികളോടും അടിച്ചമര്‍ത്തപ്പെടുന്നവരോടും അനുഭാവം പ്രകടിപ്പിക്കുന്നവരെ, സമരങ്ങളിലേര്‍പ്പെടുന്നവരെ രാജ്യത്തിനെതിരായാണ് എന്ന ധാരണ പരത്തുന്നു , ആ നിഴലിന്റെ പരിസരത്തില്‍ നിര്‍ത്തിക്കൊണ്ട് ബുദ്ധിജീവികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാവോയിസ്റ്റുകള്‍ എന്ന് മുദ്രണം ചാര്‍ത്തി ഏത് നിമിഷവും രാജ്യദ്രോഹിയാക്കി മാറ്റാനുള്ള അതീവ ലളിതമായ ഒരു സംവിധാനത്തെ വളരെ ബുദ്ധിപൂര്‍വ്വം ഒരുക്കിക്കൊണ്ട് ഓരോ പ്രതിഷേധങ്ങളെയും ഇല്ലാതാക്കുന്നു

    ചത്തിസ് ഗഡും ഝാര്‍ഖണ്ടും ഒറീസ്സയുമാണ് ഇന്ന് രാജ്യത്തെ ഏറ്റവും സമ്പന്നമായ ഭൂമിയുള്ളതും ഏറ്റവും ദരിദ്രരായ ജനതയുള്ളതും , അവിടത്തെ ഭൂമി കൈക്കലാക്കുക എന്നത് മാത്രമാണ് ബഹുരാഷ്ട്ര കുത്തകകളുടെ ഉദ്ദേശം അതിന് വേണ്ടി ചുവപ്പന്‍ ഇടനാഴിയെന്ന് പ്രചരിപ്പിച്ച് നങ്ങളെ പാലായനം ചെയ്യിക്കുക അതിനെതിരെ ശബ്ദിക്കുന്നവരെ മാവോയിസത്തിന്റെ പേരില്‍ തടവിലാക്കുക .

    താങ്കള്‍ സൂചിപ്പിച്ച ലഞ്ചിഗഡിലെ അലുമിനിയം പ്ലാന്റ് പോലും ഇങ്ങനെ നിയമ വിരുദ്ധമായാണ് പണി കഴിപ്പിച്ചതെന്ന് താങ്കള്‍ക്കറിയില്ലായിരിക്കും .നിബിഡ വന മേഖലയില്‍ പെട്ട സ്ഥലത്ത് അത് മറച്ച് വെച്ച് കൊണ്ടാണ് അവിടെ പ്ലാന്റിനുള്ള പ്രാരംഭ അനുമതി നേടിയത്

    ReplyDelete
  8. നല്ല എഴുത്ത്, നല്ല ശൈലി..!
    ആശംസകള്‍..!

    ReplyDelete
  9. മരം കാണുകയും കാടു കാണാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് ശരിക്കും കാഴ്ച പകരുന്ന ഒരു നിരൂപണം

    ReplyDelete
  10. വളരെ നല്ല ഒരു വിശകലനം നന്ദി ഇങ്ങനെ എഴുതിയതിനു..വായിക്കാന്‍ താമസിച്ചു കേട്ടാ...

    ReplyDelete
  11. ഉറുമി സില്‍മ അവതരണത്തിലൂടെ തുറന്നു കാണിച്ച ഇരുണ്ട സത്യങ്ങള്‍ !..
    രാഷ്ട്രീയ ഹിജഡകളുടെ അധിനിവേശങ്ങളിലും കോളനി രൂപീകരണത്തിലും അധികാരം സ്ഥാപിചെടുക്കുന്നതിനിടെ ഉണ്ടായ ഗുണങ്ങള്‍ മാത്രം കണ്ട ജനതയ്ക്കു സ്വത്വം നഷ്ടപ്പെടുന്നത് തിരിച്ചറിയുന്നില്ലേ ?..
    എന്നും കോമരം തുള്ളാന്‍ മാത്രം നില്‍ക്കുന്ന നാട്ടരചന്മാരും അവരുടെ ശിങ്കിടികളും ചമയ്ക്കുന്ന കൊലാഹലതിനിടെ ഒരു കേള് നായനാരോ വോവ്വ്വാലിയോ അറിയപ്പെടാതെ പോയല്ലോ.
    ---
    ഈ അവലോകനം വായിക്കാന്‍ താമസിച്ചു പോയി.. എഴുത്ത് നന്നായിരിക്കുന്നു ! അഭിനന്ദനങ്ങള്‍ !

    ReplyDelete
  12. വായിച്ച് അഭിപ്രായം പറഞ്ഞ സുഹൃത്തുക്കള്‍ക്ക് നന്ദി .


    ഫെയ്സ് ബുക്കില്‍ എന്റെ പ്രൊഫൈല്‍ നോട്ട് http://www.facebook.com/#!/note.php?note_id=160441334017114&comments ആയി കൊടുത്തിരുന്ന ഈ റിവ്യുവിന് ഉറുമിയുടെ തിരക്കഥാകൃത്തായ ശങ്കര്‍ രാമകൃഷ്ണന്‍ നല്‍കിയ കമന്റ് ഞാന്‍ ഇവിടെ ഉള്‍പ്പെടുത്തുന്നു . :)

    Shanker Ramakrishnan - Very Objective, Vishnu...Thanks for sharing the politics and mind.. and for all the comments..for those who have not seen, this film is an original effort and all possible authentic references has been made on the screen play. And the Direc...tor was strongly convinced on the content and not on the visual indulge. The money spent on the film is the passion of a group of film lovers and the entire process was a soulful prayer for the thousand five hundred odd technicians who toiled day in day night for the film for two and a half years. I am grateful to all your posts . Lv and Cheers. Shanker ramakrishnan

    ReplyDelete
  13. attractive reviews..i feel like watching the movie n will do the same in no time..

    ReplyDelete
  14. എം ടിയുടെ ടയലോഗ് ശൈലി അതെ പടി അനുകരിച്ചു കൊണ്ട്,പാടിപ്പഴകിയ കഥകള്‍ അല്പം മാറ്റിപ്പാടിയാല്‍ 'കുറിക്ക്' കൊള്ളും എന്ന വീരഗാഥ വിജയ ചരിത്രം അല്പം സമകാലിക സാമൂഹ്യ വിഷയത്തിന്റെ മേമ്പൊടി ചാലിച്ച്, കൊള്ളക്കാരനായിരുന്ന ഉണ്ണിമൂത്തയെ സല്‍ഗുണ സംപന്നനാക്കി അവതരിപ്പിച്ച പഴശ്ശി ചരിതത്തിലെ മതസൌഹാര്‍ദ്ദ ഫോര്‍മുലയില്‍ കാച്ചി വറ്റിച്ചു , മിനിട്ടിനു മിനിട്ടിനു ഒരാവശ്യവുമില്ലാതെ സൌന്ദര്യ ധാമാങ്ങളെയും ഇറക്കി, നിലത്തു നിന്നും വെള്ളം തെറിക്കുന്ന സ്ലോമോഷന്‍ ക്യാമറ തക്കിടി ആറേഴു തവണ കാണിച്ച്, മനുഷ്യനെ മയക്കി ഇരുത്തുന്ന ഒരു ചിത്രം..!!
    ഈ ബ്ലോഗര്‍ ആരോപിക്കുന്ന തരത്തിലുള്ള സാമൂഹ്യ പ്രസക്തി സാധാരണക്കാരന് മനസ്സിലാകണം എങ്കില്‍, ഇച്ചിരി പുളിക്കും!!!

    ReplyDelete
  15. @നക്ഷു - എല്ലാവര്‍ക്കും പുളിക്കാനുള്ള അവകാശമുണ്ട് .താങ്കളുടെ പുളിക്കാനുള്ള അവകാശത്തെ ഞാന്‍ മാനിക്കുന്നു :)

    ReplyDelete
  16. വിഷ്ണു പറയുന്നപോലെ വടക്കൻപാട്ട് ചരിത്രമല്ല; കേവലം നാടോടി ക്കഥകളാണ്.! അതിനാൽ എം.ടിയും മറ്റും മനോധർമ്മമനുസരിച്ച് വ്യാഖ്യാനഭേദങ്ങൾ ചമയ്ക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ ചരിത്രസന്ദർഭങ്ങളെ പ്രേക്ഷകർക്കിഷ്ടപ്പെടാൻ വേണ്ടി മാത്രം പൈങ്കിളിവൽക്കരിക്കുന്നത് ന്യായീകരിക്കാവുന്നതല്ല; കാരണം, ഒരു നാടിന്റെ പൈതൃകത്തെയും സംസ്കാരത്തെപ്പറ്റിയും അത് തെറ്റായ സന്ദേശം ലോകത്തിന് നൽകും.! നാടിനു വേണ്ടി ജീവൻ വെടിഞ്ഞവരെ, ഈ ലളിതവൽക്കരണം അപമാനിക്കും.! ഈ തെറ്റ് ഉറുമിയുടെ സൃഷ്ടാക്കൾ വേണ്ടുവോളം ചെയ്യുന്നുണ്ട്..!
    അത് വിഷ്ണുവിന്റെ കണ്ണിൽ‌പ്പെട്ടില്ലെങ്കിലും..!

    പഴശ്ശിരാ‍ജ എന്ന എം.ടി-ഹരിഹരൻ ചിത്രത്തിന്റെ ഒരു അമേച്വർ-അനുകരണം മാത്രമാണ് ഉറുമി. പഴശ്ശിരാജയിലും ലളിതവൽക്കരണവും സുഖിപ്പിക്കലുമുണ്ട്. എന്നാൽ പ്രൊഫഷണൽ സമീപനത്താൽ, കെട്ടുറപ്പുള്ള തിരക്കഥയാൽ അവയെ ഒരു പരിധിവരെ മറികടന്നിട്ടുണ്ട്. അതിൽ നിന്ന് ഉറുമിയുടെ പ്രമേയത്തിലുള്ള ഒരേയൊരു മാറ്റം പുതിയ കാലത്തെ കോളനൈസേഷന്റെ കാപട്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന അതിന്റെ ക്ലൈമാക്സ് മാത്രമാണ്.! പഴശ്ശിയിൽ നിന്ന് ചിറക്കൽ, അറയ്ക്കൽ രാജവംശങ്ങളിലേക്കും ബ്രിട്ടീഷുകാരിൽ നിന്ന് ഗാമയിലേക്കും കളം മാറ്റിച്ചവിട്ടി, ഒരു വിജയിച്ച ഫോർമാറ്റിനെ അതേപടി ആവർത്തിക്കുന്ന തമാശയാണ് ഉറുമി.!

    പരിമിതികൾ നിരവധിയാണ്. ഒന്നാമത്തെ പരിമിതി നായകവേഷത്തിൽ വന്ന പൃഥ്വിയുടെ അഭിനയമികവില്ലായ്മയാണ്. ഒരു ഭാവവ്യതിയാനവും ടൈമിങ്ങുമില്ലാതെ ഡയലോഗ് പറഞ്ഞു തീർക്കുന്ന ഈ നടനെക്കണ്ട് സത്യത്തിൽ സഹതാപം തോന്നി.! ഈ സിനിമയിലെ എല്ലാ എക്സ്ട്രാനടന്മാരേക്കാളും പിന്നിലാണ് ഈ നടന്റെ പ്രകടനം.! ശരീരപുഷ്ടിയല്ല താരമാനദണ്ഡമെന്ന് മനസ്സിലാവാൻ ഇദ്ദേഹം കഥപറയുമ്പോൾ എന്ന സിനിമയിൽ മമ്മൂട്ടി അഭിനയിച്ച ഒരേയൊരു സീക്വൻസ് കണ്ടാൽ മതിയാകും.!
    സ്വന്തമായി സിനിമ നിർമ്മിച്ചതുകൊണ്ട് മാത്രം താരജാട നിലനിർത്താനാവില്ല; നിർമ്മാതാവിന്റെ ലാഭചിന്തയാണോ എന്നറിയില്ല, ഈ സിനിമയിൽ മറ്റൊരു അപ്രധാനകഥാപാത്രത്തിന് പൃഥ്വീരാജ് ഡബ്ബ് ചെയ്തിട്ടുമുണ്ട്.!

    ReplyDelete
  17. @നക്ഷു & ജിഗീഷ് .

    ഓരോ കാലത്തെയും ചരിത്രം സൃഷ്ടിക്കുന്നത് അതത് കാലങ്ങളില്‍ നിലവിലിരിക്കുന്ന അധികാരവര്‍ഗ്ഗമാണ് , പിന്നീട് അതായിത്തീരുന്നു ചരിത്രം .അമ്പലങ്ങള്‍ കൊള്ളയടിച്ച് , നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ നടത്തിയ ടിപ്പുവിനെ നാം മഹാനെന്ന് വാഴ്ത്തുന്നുണ്ടല്ലോ ,സ്വന്തം കാര്യം നടക്കാതെ വന്നപ്പോള്‍ മാത്രം പോരിനിറങ്ങിയ പഴശിരാജ ധീരരക്തസാക്ഷിയുമാണ് .വ്യാഖ്യാനങ്ങളാണ് ചരിത്രനിര്‍മ്മിതി , നാം പാടിക്കേട്ട പാണപ്പാട്ടുകള്‍ പലതും ശരിയാവണമെന്നില്ല പക്ഷെ കേട്ട പഴകി രൂഡമൂലമായ ഒരു വിശ്വാസത്തെ തിരുത്തിയെഴുതുമ്പോള്‍ ഭാവനയും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്ന് പോകും.
    അത് കൊണ്ട് തന്നെ അത് എല്ലാ പ്രേക്ഷകരുടെ കാഴ്ചയെയും സ്വാധീനിക്കണമെന്നില്ല .

    ഞാന്‍ സിനിമയുടെ സാങ്കേതികത്വമൊ താരങ്ങളുടെ അഭിനയചാതുരിയോ ഒന്നും പരാമര്‍ശിച്ചിട്ടില്ല , ആ സിനിമയിലൂടെ അതുയര്‍ത്തുന്ന ഒരു രാഷ്ട്രീയത്തെ എടുത്ത് കാണിക്കാന്‍ ശ്രമിച്ചു എന്നെയുള്ളൂ , ഒരു പക്ഷെ ഭൂരിഭാഗം മുഖ്യധാരാ പ്രേക്ഷകര്‍ക്കും താല്പര്യമില്ലാത്ത ഒരു വിഷയമാണ് ആദിവാസി മേഖലകളിലെ ഖനനവും കുത്തകകമ്പനികളുടെ അധിനിവേശവും എല്ലാം .സമാന്തര സിനിമയില്‍ പോലും കാണിക്കാന്‍ ധൈര്യമില്ലാത്ത അത്തരം വിഷയത്തെ മുഖ്യധാരാ സിനിമയുടെ ഭാഗമാക്കാന്‍ ശ്രമിച്ചു എന്നുള്ളതാണ് ഉറുമി ഉയര്‍ത്തിയ രാഷ്ട്രീയത്തിന്റെ പ്രസക്തി .

    While watching the film Urumi i could feel the politics apart from the visual extravaganza and itz fantasy .It picturised a clear metamophosis - From a Politically lethargic youth Krishnadas to angry young kelu nayanar and again transformed to a socially obligate krishnadas who regret to support the mining monopolies, this conveys the politics and message of the film . Main stream film makers doesnt have the guts to raise such issues .

    കൃഷ്ണദാസെന്ന അരാഷ്ട്രീയ വാദിയായ ഒരു ചെറുപ്പക്കാരനെ ഭാവനയും ചരിത്രവും ഇടകലര്‍ന്ന കേളുനായനാരിലൂടെ സന്നിവേശിപ്പിച്ച് സാമൂഹ്യബോധമുള്ള ഒരു തലമുറയുടെ പ്രതിനിധിയാക്കി മാറ്റുന്ന ഒരു സന്ദേശം ഈ സിനിമയിലുണ്ട് , അത് തന്നെയാണ് ഞാന്‍ പറഞ്ഞതും .സാങ്കേതികമായ കാര്യങ്ങള്‍ പലരും പറഞ്ഞിട്ടുണ്ടല്ലോ ഞാനല്പം വ്യത്യസ്ഥമായി സമീപിച്ചന്നെ ഉള്ളൂ .

    ReplyDelete
  18. ഉറുമി കണ്ടിട്ടില്ല
    പക്ഷെ കേട്ടിടത്തോളം വിഷ്ണുവണ്ണന്റെ ഈ നിരീക്ഷണങ്ങള്‍
    തെറ്റാകാന്‍ വഴിയില്ല....

    ReplyDelete
  19. ഞാന്‍ വായിച്ചതില്‍ ഒരു സിനിമയെ കുറിച്ചുള്ള ഏറ്റവും നല്ല ലേഖനം.......വ്യക്തമായ കാഴ്ചപ്പാട്.
    നന്ദി.

    ReplyDelete
  20. ഞാന്‍ ഉറുമി കണ്ടില്ല. പക്ഷെ കഥാതന്തു ഈ പരഞ്ഞ ഒരു രാഷ്ട്ര്രിയ ആശയത്തെ ജനകീയവര്‍ക്കരിക്കാന്‍ കരുതിക്കുട്ടി നിര്‍മ്മിച്ചതാണ് എങ്കില്‍ വളരെ നല്ലത്.

    പക്ഷെ പൊതുവെ മലയാളമുഖ്യധാരാ സിനിമകള്‍ രാഷ്ട്ര്രിയ ആശയങ്ങളെ ജനകീയവര്‍ല്ലരിക്കാന്‍ ശ്രമിക്കാറുണ്ടല്ലോ? ഇല്ലേ? ഈ അടുത്തകാലത്തായി കണ്ടിട്ടില്ല.(പക്ഷെ വലരെ ചുരുക്കം പടങ്ങളേ ഞാന്‍ കാണാറുള്ളൂ.

    അതായത്, സിനിമക്കു കാശുമുടക്കുന്ന മുതലാളീമാര്‍, സാമുദായികമായോ രാഷ്ട്ര്രിയമായോ ആയി തങ്ങള്‍ക്കു വേണ്ടതൊക്കെ എന്താണെന്നു വച്ചാല്‍ കുത്തിനിറച്ചു പടച്ചുവിടുന്ന ഒരു സിനിമ സംസ്കാരം അടുത്തകാലത്ത് വളരെ ശക്തമായി എന്നു പറയാം.

    അപ്പോള്‍ ആ നിലയില്‍ നിന്ന് വ്യത്യസ്ഥമായി ഉറുമി എന്നാണ് ആല്കെമിസ്റ്റ് അവകാശപ്പെടുന്നത്.

    ഉറുന്മിയെക്കുറിച്ച ചിലബ്ലോഗു പോസ്റ്റുകളും ഇതിനോടകം വായിച്ചിരുന്നു. ഈ ഒരു കാഴ്ചപ്പാടൊയാണ് ഈ സിനിമ നിര്‍മ്മിക്കപ്പെട്ടതെന്ന് ഇപ്പോള്‍ മനസിലാകുന്നു.

    ശരിയാണ് ഛത്തീസ് ഗഡ്, ത്സാര്‍ ഗഡ്, ഒറീസ ഇവിടെയൊക്കെ നിവസിക്കുന്നവര്‍, ഇന്‍ഡ്യാക്കാരാണോ എന്നു പോലും സംശയിപ്പിക്കുന്ന വിധത്തിലാണ് അവിടെ നടക്കുന്ന വിദേശീയ കുത്തകകള്‍ക്ക് മമാപണി ചെയ്യുന്ന ഇന്‍ഡ്യന്‍ ഗവണമെന്റിന്റെയും, ഗവണ്മെന്റു ഗുണ്ടകളുടെയും പ്രവര്‍ത്തികള്‍.. കമൂണിസ്റ്റ് എന്നുപറഞ്ഞാല്‍ തന്നെ സംക്രമികരോഗമാണെന്നാണ് നമ്മുടെ നാട്ടിലെ പാ‍വം വിശുദ്ധന്മാരുടെ വിക്ഷേപണങ്ങള്‍. ഇപ്പോഴും അവകാശപ്പെടുന്നത്. ആ സാഹചര്യത്തില്‍ കാട്ടില്‍ തങ്ങളുടെ അവകാശത്തിനു വേണ്ടി പൊരുതുന്നവര്‍ തലവെട്ടുന്ന നക്സലൈറ്റുകള്‍ ആണ് എന്നു കൂടി പറഞ്ഞ്വച്ചാല്‍ പിന്നെ ആരു നോക്കും ആഭാഗത്തേക്ക്.

    അങ്ങനെയുള്ള ഒരു കഥാതന്തുവിനെ കേന്ദ്ര്രികരിച്ചു നിര്‍മ്മിച്ചതായി പറയപ്പെടുന്ന ഈ ചിത്രത്തിന് ബ്ലോഗിന്റെ മീഡിയയുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നത് നല്ല ഒരു കാര്യമാണ്. ഒരു ചെറിയ ബൊധവര്‍ക്കരനത്തിന് അതു പരിക്കുമെന്നു പ്രത്യാശിക്കുന്നു.

    ReplyDelete
  21. ഒന്നും പറയാനില്ല മാഷേ
    ഈ ബ്ലോഗ്‌ കുറച്ചു കാലത്തേയ്ക്ക് മനസ്സില്‍ നിന്നും മായില്ല ........

    ReplyDelete
  22. നല്ല ലേഖനം

    ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .