Like
...........
Sunday, 10 April 2011
സെന്‍സേഷണലിസം
പത്രമോഫീസിന്റെ മൂന്നാം നിലയിലെ ജനലഴികളില്‍ പിടിച്ച്, നഗരത്തിന്റെ ആരവങ്ങളിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു ജയദേവന്‍ .അഴുക്ക് പിടിച്ച ഒരു പരന്ന ശരീരത്തിലെ ധമനികള്‍ പോലെ നീണ്ട് കിടക്കുന്ന തിരക്ക് പിടിച്ച റോഡുകള്‍ .നഗരം ഒരു ശരീരമാണെങ്കില്‍ അതിന്റെ മനസ്സെവിടെയായിരിക്കും ? രസം കലര്‍ന്ന ചിന്തയാണത് അല്ലേ?
“ജയദേവന്‍ “ അയാളുടെ ചിന്തകളില്‍ ഒരു ഘനം കലര്‍ന്ന ശബ്ദത്തിന്റെ പ്രതിരോധം , പത്രാധിപരുടെ മുറിയിലായിരുന്നു അയാള്‍ .എന്തോ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചതാണ് പുതിയ ട്രെയിനി ജേണലിസ്റ്റിനെ .
“ ജയദേവന്‍ നിങ്ങളിങ്ങനെ ഒരു കാല്പനിക ബുദ്ധിജീവി വേഷോം കെട്ടി നടന്നാല്‍ ഒരു ജേണലിസ്റ്റ് ആകുമെന്ന് കരുതുന്നുണ്ടോ ? പുതുതായി വന്ന ഒരു ജേണലിസ്റ്റിനോട് എനിക്കിത്ര അടുപ്പം കാട്ടി ഉപദേശം നല്‍കേണ്ട കാര്യമില്ല
എന്ന് നിങ്ങള്‍ക്കറിയാമല്ലോ “
ശരിയാണ് ഒരു മുഖ്യധാരാ പത്രത്തിന്റെ ചീഫ് എഡിറ്റര്‍ക്ക് പുതിയതായി വന്ന ജേണലിസ്റ്റ് ട്രെയിനിയെ ഉപദേശിച്ച് നന്നാക്കേണ്ട കാര്യമൊന്നുമില്ല , അതും നൂറ് കണക്കിന് പേര്‍ ആ സ്ഥാപനത്തില്‍ ചേരാന്‍ ശുപാര്‍ശകളുമായി കാത്ത് കിടക്കുമ്പോള്‍ , ജയദേവന്‍ ഗൌരവത്തോടെ കേട്ട് നിന്നു .
“തോമസ് സര്‍ എന്റെയും കൂടി ഗുരു ആയിരുന്നു , അദ്ദേഹം ഇത് വരെ ആര്‍ക്ക് വേണ്ടിയും ശുപാര്‍ശ ചെയ്തിട്ടില്ല പക്ഷെ നിങ്ങൾക്കു വേണ്ടി അത് ചെയ്തു , നിങ്ങള്‍ക്ക് ടാലന്റുണ്ടെന്ന് എനിക്കറിയാം .നിങ്ങളായിരുന്നു സാറിന്റെ ഏറ്റവും നല്ല സ്റ്റുഡന്റ് എന്നും ഞാന്‍ കേട്ടിരുന്നു അത് കൊണ്ടൊക്കെയാണ് ഞാന്‍ സ്പെഷ്യല്‍ ഇന്ററസ്റ്റ് എടുത്ത് ഇത് പറയുന്നത് “ .
തോമസ് സര്‍ പലപ്പോഴും അതി വാത്സല്യം കാണിച്ചിട്ടുണ്ട് തന്നോട് ,ചിലപ്പോഴൊക്കെ ശാസനാ രൂപത്തില്‍ ഉപദേശിച്ചിട്ടുമുണ്ട് , എഴുതാനുള്ള ടാലന്റ് നശിപ്പിക്കരുതെന്ന് , ജേണലിസമാണ് ഒരു എഴുത്തുകാരന് തെളിയാനുള്ള ഏറ്റവും നല്ല മേഖലയെന്ന് അദ്ദേഹമെപ്പോഴും പറയും .പത്രപ്രവര്‍ത്തനമെന്നാല്‍ ജീവിതത്തിന്റെ നേര്‍ചിത്രമെഴുത്താണെന്നാണ് അദ്ദേഹമെപ്പോഴും പറയാറുള്ളതെന്ന് ജയദേവന്‍ ഓര്‍ത്തു .
പത്രാധിപര്‍ ഒരു ചെറിയ മൌനത്തിന്റെ ഇടവേളയില്‍ നിന്ന് സ്വയം വീണ്ടെടുത്തു തുടര്‍ന്നു ,ഒരല്പം ഔപചാരികത കലര്‍ന്ന ശബ്ദത്തോടെ
"ജയാ ഞാന്‍ വളരെ സീരിയസ്സായാണ് പറയുന്നത് ജേണലിസമെന്നാല്‍ സാമൂഹ്യപ്രതിബദ്ധതയാണെന്നൊക്കെ അകാഡമിക്കായി പഠിക്കാം പക്ഷെ അതൊന്നും പ്രാക്റ്റിക്കലല്ല , സെന്‍സേഷണലിസമാണ് ഇന്നത്തെ ജേണലിസം , നിങ്ങള്‍ അക്കാഡമിക് ആയ കാര്യങ്ങളില്‍ നിന്ന് പുറത്ത് വന്നാലെ അത് പഠിക്കാനാകൂ. ,വാര്‍ത്തയെ വൈകാരികമായി സമീപിക്കുന്നതാണ് നിങ്ങളുടെ പ്രശ്നം , വാര്‍ത്ത വെറും വാര്‍ത്തയാണ് ..കഴിഞ്ഞ ദിവസം തന്നെ എന്റോ സള്‍ഫാന്‍ വിഷയത്തില്‍ ഫീച്ചറെഴുതാന്‍ പറഞ്ഞിട്ട് , നിങ്ങള്‍ ഏതൊ വീട്ടില്‍ കയറിയപ്പോള്‍ പൊട്ടിക്കരഞ്ഞുവെന്ന് ഫോട്ടോഗ്രാഫര്‍ തോമസ് ജോണ്‍ പറഞ്ഞു "
കേട്ടത് ശരിയല്ലേ എന്ന ഭാവത്തില്‍ നോക്കിയപ്പോള്‍ നിസ്സംഗത അഭിനയിച്ചു നിന്നു . കേട്ടത് ശരിയാണ് ഉടലിനെക്കാള്‍ ഇരട്ടിവലിപ്പമുള്ള ഒരു തലയുള്ള കുഞ്ഞുമായി ഒരമ്മ കരഞ്ഞപ്പോള്‍ കൂടെ കരഞ്ഞ് പോയി . ഒരു ജേണലിസ്റ്റ്
അങ്ങനെ ചെയ്യാന്‍ പാടില്ലാത്തതാണ് , തെറ്റാണത് പക്ഷെ സഹിക്കാന്‍ കഴിഞ്ഞില്ല .
“ നോക്കൂ ജയദേവന്‍ ,എനിക്കത് കേട്ട് ചിരിയാണ് വന്നത് .അല്ലെങ്കിലും എന്റോ സള്‍ഫാന്‍ വിഷയത്തില്‍ ഇനി ഒരു സെന്‍സേഷണല്‍ ന്യൂസിന് വലിയ സാധ്യതകളൊന്നുമില്ല , അതൊക്കെ ഒരു തരംഗത്തിലുപരി കൂടുതലൊന്നുമുണ്ടാവില്ല , നമുക്ക്
ഇനി വേണ്ടത് ഒരു സെന്‍സേഷണല്‍ ന്യൂസാണ് ദാ ഈ വാര്‍ത്ത തന്നെ നോക്കൂ " മേശമേല്‍ കിടന്നിരുന്ന ഒരു പത്രത്തിന്റെ ഉള്‍ പേജുകളിലെവിടെയോ നിന്ന് വളരെ മുമ്പേ കണ്ടു വെച്ചിരുന്ന പോലെ ആയാസരഹിതമായി ആ വാര്‍ത്ത ജയദേവനായി കാണിച്ച് കൊടുത്തു .
പ്ലസ് ടു വിദ്യാര്‍ത്ഥിനി ദുരൂഹസാഹചര്യത്തില്‍ വീട്ട് വളപ്പില്‍ കൊല്ലപ്പെട്ടു !!! അതായിരുന്നു വാര്‍ത്ത .
ഈ വാർത്ത വായിച്ചിരുന്നതായി അയാള്‍ ഓര്‍ത്തു , കഴിഞ്ഞയാഴ്ചയിലേതാവണം ആ പത്രം . അത്രയൊന്നും അസാധാരണമല്ലാത്ത ഒരു വാര്‍ത്തയായിരുന്നു അത് . മിക്കവാറും എല്ലാ ദിവസമെന്നോണം പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നുണ്ടല്ലോ , എല്ലാ
ദിവസവും കാണുന്ന ഒരു പതിവ് മരണം .എങ്ങനെയാണ് ആ കുട്ടി മരിച്ചതെന്നാര്‍ക്കുമറിയില്ല ഒരു വൈകുന്നേരം സ്കൂളില്‍ നിന്ന്
തിരിച്ചെത്തിയില്ല ,ആ രാത്രി മുഴുവന്‍ അന്വേഷിച്ചു പിറ്റേന്ന് രാവിലെ വീട്ട് വളപ്പില്‍ മൃതദേഹം കാണുകയാണുണ്ടായത് , വല്ലാത്ത ദുരൂഹത ശേഷിപ്പിച്ച സംഭവം .രണ്ട് വശത്തേക്കും മുടി പിന്നിയിട്ട് , സ്കൂള്‍ യൂണിഫോമില്‍ ഒരു പെണ്‍കുട്ടി , വല്ലാത്ത കുട്ടിത്തം തോന്നുന്ന ചിരി , ആ ഫോട്ടോ സസൂക്ഷ്മം നോക്കുമ്പോള്‍ തന്നെ പത്രാധിപര്‍ പറഞ്ഞു .
" ലുക് , വളരെ സാധാരണമായ ഒരു വാര്‍ത്ത ഈ സംഭവം എല്ലാവരും വാര്‍ത്തയാക്കും . നമ്മളും വാര്‍ത്തയാക്കണം , വേണമെങ്കില്‍ ഒരു പരമ്പരയും ചെയ്യാം ,പക്ഷെ നമ്മള്‍ ചെയ്യുമ്പോള്‍ സെന്‍സേഷണലായിരിക്കണം ഇത് . മറ്റുള്ളവരില്‍ നിന്ന് ഡിഫറന്റായി ചെയ്യണം അറിയാല്ലോ “ അര്‍ദ്ധോക്തിയില്‍ നിര്‍ത്തിക്കൊണ്ട് ഒരു രഹസ്യം പറയുന്ന ഭാവത്തോടെ പത്രാധിപര്‍ പറഞ്ഞു “ വാര്‍ത്തയെന്നാല്‍ സംഭവം മാത്രമല്ല ഭാവന കൂടിയാവണം , അച്ചന്‍ തന്നെയാണ് കുട്ടിയെ കൊന്നതെന്ന് ഒരു ധാരണയിലാകണം നമ്മള്‍ മുന്നോട്ട് പോകേണ്ടത് “
അത് പറയുമ്പോള്‍ പത്രാധിപരുടെ മുഖത്തൊരു കൂട്ടിക്കൊടുപ്പുകാരന്റെ പുഞ്ചിരിയുണ്ട്‍ായിരുന്നു , പത്രത്തിലെ വാര്‍ത്തയില്‍ നിന്ന് അവിശ്വസനീയതയോടെ മുഖമുയര്‍ത്തിക്കൊണ്ട് ജയദേവന്‍ പതിഞ്ഞ ശബ്ദത്തില്‍ ദുര്‍ബലമായ ശബ്ദത്തില്‍ ചോദിച്ചു .
“ സര്‍ പക്ഷെ ആ കുട്ടിയെ ഭരണ കക്ഷിയിലെ ഒരു പ്രമുഖന്റെ മകനുമായി ബന്ധമുണ്ടായിരുന്നെന്നും സ്കൂളില്‍ പോയ കുട്ടി വൈകീട്ട് തിരിച്ച് വന്നില്ലെന്നും , പിറ്റേന്ന് രാവിലെ മൃതദേഹം വീട്ട് വളപ്പില്‍ കൊണ്ടിടുകയായിരുന്നെന്നും “ജയദേവനെ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ കയ്യുയര്‍ത്തി തടഞ്ഞ് കൊണ്ട് പത്രാധിപര്‍ പറഞ്ഞു -
“ ലുക്ക് ജയദേവന്‍ , വളരെ ബുദ്ധിമുട്ടി ഞാന്‍ ആ കുട്ടിയുടെ മാതാപിതാക്കളുമായി ഒരു കൂടിക്കാഴ്ചക്കുള്ള അവസരം ഒപ്പിച്ചെടുത്തിട്ടുണ്ട് . അറിയാല്ലോ ഇറ്റ് ഈസ് ക്വയറ്റ് ഡിഫികള്‍ട്ട് ടു ഗെറ്റ് ഏന്‍ ഇന്റര്‍ വ്യൂ വിത്ത് ദെം . പല ചാനലുകളും പത്രങ്ങളും ഒരു പാട് ട്രൈ ചെയ്തതാണ് അവരുമായി ഒരു കൂടിക്കാഴ്ചക്ക് താനാണ് അത് ചെയ്യേണ്ടത് , തനിക്കൊരു ഗോള്‍ഡന്‍ ചാന്‍സാണിത് , എങ്ങനെ ചെയ്യണമെന്ന് ഞാന്‍ പറയാതെ തന്നെ അറിയാല്ലൊ , ഇലക്ട്രാ കോമ്പ്ലക്സിനെക്കുറിച്ചൊക്കെ സിനിമ വരുന്ന കാലമാണ് - അച്ഛന്‍ മകളെ കാമിക്കുന്ന കാലം , എലക്ട്രാ കോമ്പ്ലക്സാണ് നമ്മുടെ മെയിന്‍ തീം ആയി വരേണ്ടത് ,അത് പോലെ തന്നെ അപകടത്തില്‍ അരക്ക് താഴെ തളര്‍ന്ന ഭാര്യയുമായുള്ള ലൈംഗിക ബന്ധത്തിലെ അസംതൃപ്തി അച്ഛനെ മകളെ അങ്ങനെ നോക്കിക്കാണാനും അതിനെ എതിര്‍ത്ത മകളെ പ്രതികാരത്താല്‍ കൊന്ന് വീട്ട് വളപ്പില്‍ തന്നെ ഇടുകയായിരുന്നു . അമ്മയോടുമാവാം ചോദ്യം - നിങ്ങളുടെ ഭര്‍ത്താവിന് മകളില്‍ താല്പര്യം തോന്നുവാനുള്ള കാരണമെന്താണ് എന്നൊക്കെ , അത് നിങ്ങള്‍ അറിഞ്ഞത് കൊണ്ടല്ലെ മകളെ കൊന്നതെന്ന് ചോദിക്കാം , ജയദേവന്‍ ഇത് നിങ്ങളുടെ നിലനില്‍പ്പിന്റെ പ്രശ്നം കൂടിയാണെന്ന് കൂടി ഓര്‍ക്കുക , നിങ്ങള്‍ കുറച്ച് കൂടി പ്രൊഫഷണലാകേണ്ടിയിരിക്കുന്നു “
ഉപദേശത്തിന്റെ ഭാഷയില്‍ പത്രാധിപര്‍ പറഞ്ഞത് ഭീഷണിയാണെന്ന് തിരിച്ചറിയാന്‍ ഒരു പത്രപ്രവര്‍ത്തകന്റെ ഊഹാപോഹങ്ങളൊന്നും
വേണ്ടിയിരുന്നില്ല , ഒരു ശുപാര്‍ശയുടെ ആനുകൂല്യമാണയാള്‍ കാണിക്കുന്നത് ,അതിജീവനത്തിന്റെ ഭീതിദമായ തത്വശാസ്ത്രം ജയദേവന് മനസ്സിലായിരുന്നു .
അന്ന് പത്രമോഫീസില്‍ നിന്നിറങ്ങുമ്പോള്‍ ജയദേവന്‍ അജ്ഞാതമായ സന്ദേഹങ്ങള്‍ക്കുത്തരം കണ്ടെത്തിയ യോഗിയെക്കാളും പ്രശാന്തതയോടെയായിരുന്നു. ജീവിക്കുക എന്നതാണ് ഏറ്റവും അജ്ഞാതമായ സന്ദേഹം .അത് ജീവിച്ച് തന്നെയാണ് സന്ദേഹ രഹിതമാക്കേണ്ടതും. വഴിയില്‍ കാണുന്നതെല്ലാം മറ്റ് ജീവിതങ്ങളാണ് .അതിനെ അവഗണിക്കുമ്പോഴാണ് നമുക്ക് ജീവിക്കാനാവുന്നത് .
ആ വീട്ടിലേക്ക് പോകുന്നതിന് മുമ്പ് ഒരു തയ്യാറെടുപ്പ് എന്ന നിലക്ക് പെണ്‍കുട്ടിയുടെ വീടിനെക്കുറിച്ച് , കുട്ടിയുടെ അച്ഛന്റെ പഴയ സുഹൃത്തുക്കളുമായി ഒക്കെ സംസാരിച്ചിരുന്നു ,അയാള്‍ക്കിങ്ങനെയൊരു ദുര്‍വിധി വന്നതില്‍ എല്ലാവരും സഹതപിച്ചു . നല്ല മനുഷ്യനായിരുന്നു , ഇങ്ങനെയൊക്കെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലത്രെ !!! സഹതപിക്കലാണ് ഏറ്റവും നല്ല അവഗണന എന്ന് തോന്നുന്നു പക്ഷെ ആര്‍ക്കും കൂടുതലൊന്നുമറിയുമായിരുന്നില്ല , അറിയാന്‍ താല്പര്യവുമുണ്ടായിരുന്നില്ല എങ്കിലും അത്യാവശ്യം ചില വസ്തുതകള്‍ അയാള്‍ ശേഖരിച്ചു , വെറും വസ്തുതകള്‍ മാത്രം .
മുന്‍ ധാരണകള്‍ ഒന്നും ശേഷിപ്പിക്കാതെയാണ് ജയദേവന്‍ ആ വീട്ടിലേക്ക് പോയത് .ഒരു സാധാരണ ഒറ്റ നില വീട് മരിച്ച കുട്ടിയുടെ അച്ഛന്‍ സര്‍ക്കാര്‍ ഗുമസ്ഥനായിരുന്നു. ഒരു ഗുമസ്ഥനും കുടുംബത്തിനും താമസിക്കാന്‍ അത് നല്ല വീട് തന്നെയാണ് ,മതില്‍ക്കെട്ടിനോട് ചേര്‍ന്ന് ഭംഗിയായി വെട്ടിയൊതുക്കിയ ചുവന്ന ബോഗണ്‍ വില്ല , ഈ ബോഗണ്‍ വില്ലയോട്
ചേര്‍ന്നാണ് പെണ്‍കുട്ടിയുടെ മൃത ദേഹം കണ്ടത് , കൊഴിഞ്ഞ് കിടക്കുന്ന ചുവന്ന പൂക്കള്‍ക്കിടയില്‍ മറ്റൊരു കൊഴിഞ്ഞ പൂവായി ആ പെണ്‍കുട്ടി .
മുറ്റത്ത് നിരനിരയായി വെച്ചിരുന്ന ചെടിച്ചെട്ടികളിലെല്ലാം പൂവിട്ട് നില്‍ക്കുന്ന റോസ്സാചെടികളാണ് . കഴിഞ്ഞ കുറെ ദിവസങ്ങളായി
വെള്ളമൊഴിക്കാത്തത് കൊണ്ടാവും അല്പം വാടിയിട്ടുണ്ട് .ആ പെണ്‍ കുട്ടിയാവണം ആ ചെടികളെ പരിചരിച്ചിരുന്നത് ഓരോ ഇല്ലാതാവലും മറ്റ് പലതിന്റെയും കൂടി അവസാനമാണ് അയാള്‍ വേദനയോടെ ഓര്‍ത്തു . ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാനല്ലല്ലോ തന്നെ പത്രാധിപര്‍ ഇങ്ങോട്ട് അയച്ചത് .പ്രൊഫഷണലാവുക തന്നെ വേണം അങ്ങനെയാണ് നിര്‍ദ്ദേശം .
സംഭവം കഴിഞ്ഞ് ഒരാഴ്ചയായിരുന്നെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും അങ്ങിങ്ങ് തങ്ങി നില്‍ക്കുന്ന ഒരു മരണ വീടായിരുന്നു അയാളുടെ സങ്കല്പത്തില്‍ , പക്ഷെ അവര്‍ക്ക് ആരുമുണ്ടായിരുന്നില്ല . ഒരു മിശ്രപ്രണയ വിവാഹത്തിലെ നായികാ നായക്ന്മാരായിരുന്നത് കൊണ്ടാവാം ബന്ധുക്കള്‍ എന്ന് പറയാന്‍ അവര്‍ക്കാരും തന്നെയുണ്ടായിരുന്നില്ല മിക്കവാറും എല്ലാ പ്രണയ കഥയിലെയും പോലെ ആദ്യ കുറച്ച് നാളത്തെ സ്വപ്നങ്ങള്‍ക്ക് ശേഷം ഒരു ദുരന്തം അവരെ കാത്തിരുന്നിരുന്നു ,ഒരപകടത്തിന്റെ രൂപത്തില്‍. പെണ്‍കുട്ടി ജനിച്ച് രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞപ്പോഴാണ് ഒരപകടത്തില്‍ അമ്മയുടെ അരക്ക് താഴെ തളര്‍ന്നത് , അതിന് ശേഷം അച്ഛന്‍ വല്ലാതെ ഉള്‍ വലിഞ്ഞു , അയാള്‍ കൂടുതല്‍ അന്തര്‍മുഖനായി .ജോലി കഴിഞ്ഞാല്‍ ആ കുഞ്ഞും ആ വീടും മാത്രമായി തീര്‍ന്നു അയാളുടെ ലോകം . ആ വീട്ടിലേക്ക് കടക്കുമ്പോള്‍ അയാളില്‍ അകാരണമായ വിഷാദം വന്ന് നിറഞ്ഞു .
പക്ഷെ അരണ്ട വെളിച്ചത്തില്‍ , വെളിച്ചമെന്ന് പറയാനാവില്ല , ഇരുട്ടായിരുന്നു അത് വാതിലും ജനലുകളുമെല്ലാം അടച്ച് വെളിച്ചത്തെ ഒഴിവാക്കിയ ആ വീട്ടില്‍ ഒരു തുരങ്കത്തിലേത് പോലെയുള്ള ഇരുട്ടായിരുന്നു , എവിടെ നിന്നോ ചിതറിതെറിച്ച പോലെ നിഴലുകള്‍ മാത്രമായ മൂന്ന് രൂപങ്ങള്‍ മാത്രം.....
അച്ഛന്‍ ,അരയുടെ കീഴ്ഭാഗം തളര്‍ന്ന് കിടക്കുന്ന അമ്മ ,അങ്ങനെ രണ്ട് പേരെയാണ് പ്രതീക്ഷിച്ചത് , പിന്നെ മൂന്നമതാരാണ് എന്ന സന്ദേഹത്തെ തിരുത്തിക്കൊണ്ട് ആ മൂന്നാമത്തെ നിഴല്‍ , ഒരു വൃദ്ധ ഇടറിയ ശബ്ദത്തില്‍ സംസാരിച്ച് തുടങ്ങി “ഞാന്‍ കദീജുമ്മ ഇവരുടെ ആരുമല്ല സാറെ ,അടുത്ത പറമ്പിലായിരുന്നു എന്റെ പൊര , മക്കളെല്ലാം സ്വത്ത് വീതം വെച്ച് പോയപ്പോള്‍ എന്നെ ആര്‍ക്കും വേണ്ടാതായി “ .ആവര്‍ത്തിച്ച് വിരസമായ കഥയാണത് സ്വത്തിന് വേണ്ടി പ്രായമായ അമ്മയെ ഉപേക്ഷിക്കുന്ന മക്കള്‍ , ക്ലീഷെ ആയിരിക്കുന്നു , ഒരു ന്യൂസ് വാല്യുവും ഇല്ല . “അന്ന് ദിനേശന്‍ സാറ് എന്നെ ഈട കൂട്ടിക്കൊണ്ട് വന്നതാണ് അമ്മ ഇനി ഞങ്ങടെ കൂടെ കഴിഞ്ഞോന്നും പറഞ്ഞ് “ ആ വൃദ്ധ ശ്വാസം വീണ്ടെടുക്കാനെന്നോണം പെട്ടെന്ന് നിശബ്ദയായിക്കൊണ്ട് മുറിയുടെ ഒരു വശത്ത് കട്ടിലില്‍ തളര്‍ന്ന് കിടന്നിരുന്ന മറ്റൊരു നിഴലിലേക്ക് കണ്ണയച്ചു - മരിച്ച പെണ്‍കുട്ടിയുടെ അമ്മയാണ് .
“ 8 വര്‍ഷായി സാറെ എന്റെ മോളീ കിടപ്പ് കിടക്കുന്നു അന്ന് അമ്മു മോള്‍ക്ക് ആറ് വയസ്സ് ഇണ്ടാവും ,പത്ത് പതിമൂന്ന് കൊല്ലായി സാറെ ഞാനിവരുടെ ഉമ്മയും അമ്മയുമൊക്കെയായിട്ട് , എനിക്കാരുണ്ടാരുന്നില്ല , അവര്‍ക്കും “ അവര്‍ ഏങ്ങിയേങ്ങി കരഞ്ഞു കൊണ്ട് ഒരു മൂലയിലിരുന്നു . അവിടെയുള്ള നിഴലുകള്‍ ചലിക്കുന്നു പോലുമുണ്ടായില്ല , അയാള്‍ പതിയെ ഒരു ജനല്‍ പാളി തുറന്നു ...പാതി തുറന്ന ജനലിലൂടെ അരിച്ചെത്തിയ വെളിച്ചത്തില്‍ ആ മുറി അയാള്‍ കണ്ടു .
ആയൊരവസ്ഥയില്‍ ആ വൃദ്ധ അത്രയും പറഞ്ഞൊപ്പിച്ചതെങ്ങനെയെന്ന് അയാള്‍ക്ക് മനസ്സിലായില്ല . അത്രക്ക് ദയനീയമാരുന്നു പുതുതായി കടന്ന് വന്ന വെളിച്ചത്തില്‍ അവരുടെ മുഖം അയാള്‍ക്കും കരച്ചില്‍ വന്നു . പക്ഷെ അയാള്‍ കരഞ്ഞില്ല ഇനിയാരാണ് തന്റെ സന്ദേഹങ്ങള്‍ക്കുത്തരം തരികയെന്ന ആലോചനയോടെ അടുത്ത നിഴലുകള്‍ക്ക് നേരെ മുഖമുയര്‍ത്തി , അവര്‍ക്കൊന്നും പറയാനുണ്ടായിരുന്നില്ല .ശ്മശാനങ്ങളില്‍ മറവ് ചെയ്യാന്‍ കാത്ത് വെച്ച ജഡങ്ങളെപ്പോലെ വല്ലാത്തൊരു ഭാവത്തില്‍ നിശ്ചലമായിരിക്കുന്ന നിഴലുകള്‍ . കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണം കഴിച്ചിട്ടുണ്ടാവുമോ , ഉറങ്ങിയിട്ടുണ്ടാവുമോ ? ശ്വാസം കഴിച്ചിട്ടുണ്ടാകുമോ ? ജീവിച്ചിരിപ്പുണ്ടാകുമോ എന്നൊക്കെയുള്ള സന്ദേഹങ്ങളായി മാറി . ആ സന്ദേഹങ്ങളുടെ രൂപാന്തരണത്തെ പെട്ടെന്ന് തന്നെ തടഞ്ഞ് കൊണ്ട് ഉത്തരവാദിത്തമുള്ള ഒരു പത്രപ്രവര്‍ത്തകനായി , വൈകാരികത തൊഴിലിനെ ബാധിക്കാന്‍ അനുവദിക്കരുതെന്ന് താക്കീത് നല്‍കി .
അവിടവിടെ ചിതറിക്കിടക്കുന്ന നിറയെ കളിപ്പാട്ടങ്ങളുള്ള , ഒരു പെണ്‍കുട്ടിയുടെ പല പ്രായത്തിലുള്ള ചിത്രങ്ങള്‍ നിറഞ്ഞ ഒരു കൊച്ചു മുറിയായിരുന്നു അത് - കൈക്കുഞ്ഞില്‍ നിന്ന് 16 വയസ്സ് വരെയുള്ള വളര്‍ച്ചയുടെ നിശ്ചലമായ തെളിവുകള്‍ . മുറിയുടെ മറ്റൊരു മൂലയില്‍ തളര്‍ന്നവശനായ ആ മനുഷ്യനെയും കണ്ടു , അയാളുടെ കയ്യില്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഒരു ഫോട്ടോ ഉണ്ടായിരുന്നു .മരിച്ച പെണ്‍കുട്ടിയുടേതാവണം അതിനടുത്ത് ഒരു കട്ടിലില്‍ പഴന്തുണി പോലെ ഒരു സ്ത്രീ , അമ്മയാണ് .ആ മുറിയിലെ ചലിക്കാത്ത എല്ലാ വസ്തുക്കളെയും പോലെ തന്നെ വര്‍ഷങ്ങളായി അവര്‍ അതേ കിടക്കയില്‍ തന്നെ അതേ ചലനങ്ങളുമായി കിടക്കുകയായിരിക്കും . അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നില്ലെങ്കില്‍ അവര്‍ക്ക് ജീവനുണ്ടോ എന്ന് പോലും സംശയിക്കുമായിരുന്നു , അവരോട് ചോദ്യങ്ങള്‍ ചോദിക്കേണ്ടത് ഒരു പത്രപ്രവര്‍ത്തകന്റെ കടമയാണ് , അങ്ങനെയാണ് സെന്‍സേഷണല്‍ ന്യൂസ് ഉണ്ടാകേണ്ടത് , അതാണ് പത്രപ്രവര്‍ത്തകന്റെ കടമ .പക്ഷെ ആ മനുഷ്യന്റെ ,മകള്‍ മരിച്ച് പോയ ഒരച്ചന്റെ മുഖത്ത് നോക്കി നിങ്ങളവള കാമിച്ചിരുന്നോ എന്ന് ചോദിക്കാനയാള്‍ക്ക് കഴിഞ്ഞില്ല , ചോദിച്ചിരുന്നെങ്കിലും അയാള്‍ പ്രതിഷേധമില്ലാതെ നിശബ്ദമായിരുന്നേനെ , ഒരു ചലനം പോലുമയാള്‍ ഉണ്ടാക്കില്ലായിരുന്നു .
പ്രായോഗിക പാഠങ്ങളാണ് അതിജീവനത്തിന്റെ ഉപാധികള്‍.പക്ഷെ അയാള്‍ക്ക് വീണ്ടും നെഞ്ചില്‍ ഒരു കനം തികട്ടി വന്നു , ഒരു കരച്ചില്‍ കഫത്തിന്റെ കട്ട പോലെ അയാളുടെ തൊണ്ടയില്‍ കിടന്ന് പിടഞ്ഞു .അയാളൊന്നും ചോദിച്ചില്ല..... പാതി തുറന്ന ജനല്‍ പഴയത് പോലെ അടച്ച് കൊണ്ട് ഇരുട്ടിന്റെ അഭയത്തിലേക്ക് അവരെ തിരികെയെത്തിച്ച് അയാള്‍ പുറത്തിറങ്ങി .തിരികെ നടക്കുമ്പോള്‍ എഴുതേണ്ട ലേഖനത്തെക്കുറിച്ച് മാത്രമാണ് അയാള്‍ ചിന്തിച്ചത് .
അടുത്ത ദിവസം തയ്യാറാക്കിയ ലേഖനവുമായി കണ്ടപ്പോള്‍ പത്രാധിപര്‍ പതിവിലേറെ ഉത്സാഹവാനായിരുന്നു , ഒന്നോടിച്ച് വായിച്ച് നോക്കിയിട്ട് നിഗൂഡമായ ആനന്ദത്തോടെ പത്രാധിപര്‍ പറഞ്ഞു .
“ ജയദേവന്‍ യു ഡണ്‍ ഇറ്റ് , ഹെഡ്ഡിങ്ങ് കൊള്ളാം കാമമോഹിതമായ പിതൃത്വങ്ങള്‍ ,ഇതൊരു പരമ്പരയായി തന്നെ എഴുതാമല്ലോ അല്ലെ “ ജയദേവന്‍ ഒന്നും മിണ്ടിയില്ല , അയാളുടെ ഓര്‍മ്മകളില്‍ മകളുടെ ഫോട്ടോ മാറിലടുക്കിപ്പിടിച്ച് കരഞ്ഞ് തളര്‍ന്ന ഒരച്ഛനായിരുന്നു .നിശ്ചലമായ ഉടലുമായി കണ്ണീരൊഴുക്കുന്ന ഒരമ്മയായിരുന്നു , ഏങ്ങിയേങ്ങിക്കരയുന്ന ഒരു വൃദ്ധയായിരുന്നു .
അയാള്‍ ഒന്നും പറയാതെ പത്രാധിപരുടെ മുറി വിട്ട് പുറത്തേക്ക് നടന്നു .
“അടുത്ത അധ്യായം എഴുതിത്തുടങ്ങിക്കൊളൂ ജയദേവന്‍, ഇനി നിങ്ങള്‍ നന്നായൊന്ന് പൊലിപ്പിച്ചെഴുതിയാല്‍ മതി “ ക്രൌര്യം നിറഞ്ഞ കണ്ണുകളോടെ പത്രാധിപര്‍ പറയുന്നത് അയാള്‍ കേട്ടില്ല. പിറ്റേ ദിവസത്തെ പത്രത്തില്‍ അയാളുടെ ഫീച്ചര്‍ ആരംഭിച്ചിരുന്നു . “കാമാസക്തമായ പിതൃത്വങ്ങള്‍ “ മരിച്ച് പോയ പെണ്‍കുട്ടിയുടെ വര്‍ണ്ണ ചിത്രങ്ങള്‍ക്കൊപ്പം , സാംസ്കാരിക നായകരുടെ പ്രസ്ഥവനകള്‍ , മലയാളിയുടെ സദാചാര മൂല്യങ്ങളുടെ അപചയത്തെക്കുറിച്ച് മുഖക്കുറിപ്പ് .
അന്നത്തെ രാത്രിയില്‍ റെയില്‍ വേ സ്റ്റേഷനില്‍ തണുത്ത സിമന്റ് ബെഞ്ചിലിരുന്ന് .- അയാളുടെ തന്നെ വാക്കുകള്‍ അന്നത്തെ പത്രത്തിലൂടെ വായിക്കുമ്പോള്‍ ജയദേവന് ചുട്ട് പൊള്ളി , കണ്ണില്‍ ഇരുട്ട് കയറി , ഇടത്തെ നെഞ്ചില്‍ വല്ലാത്ത ഒരു കനം വന്ന് നിറയുന്നുണ്ടായിരുന്നു .അന്ന് പകല്‍ മുഴുവന്‍ അയാളേതോ മദ്യഷാപ്പിലായിരുന്നു , ലഹരിയുടെ ആഴങ്ങളില്‍ അയാള്‍ പൊട്ടിക്കരഞ്ഞു അയാള്‍ക്ക് മടുത്തിരുന്നു , നഗരം വിട്ട് , ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ച് പോവുകയായിരുന്നു .
ലഹരിയുടെ ആലസ്യത്തില്‍ ഉത്തേജിതനായത് പോലെ ആ സിമന്റ് ബെഞ്ചില്‍ നിന്നെണീറ്റു , വിജനമായ പ്ലാറ്റ് ഫോമില്‍ രാത്രി വണ്ടിക്കായി ആരും കാത്തിരുന്നിരുന്നില്ല , പോര്‍ട്ടര്‍മാരോ ഭിക്ഷക്കാരോ പോലുമുണ്ടായിരുന്നില്ല , അയാള്‍ മാത്രം ..ഈ ലോകത്ത് താന്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നയാള്‍ക്ക് തോന്നി , അയാളുടെ കണ്ണുകളില്‍ ആ നിഴലുകള്‍ നിറഞ്ഞ് നിന്ന് , മകള്‍ മരിച്ച ഒരച്ഛ്നും തളര്‍ന്ന് കിടക്കുന്ന ഒരമ്മയും ഏങ്ങിക്കരയുന്ന ഒരു വൃദ്ധയും ...ആ അവ്യക്തമായ ആ നിഴലുകള്‍ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞ് വന്നു , രക്തത്തില്‍ കുതിര്‍ന്ന നിഴലുകള്‍ , ബോഗണ്‍വില്ല പൂക്കളുടെ ചുവപ്പ് പൂക്കള്‍ക്കിടയില്‍ രക്തത്തില്‍ കുതിര്‍ന്ന് ഒരു പെണ്‍കുട്ടി , അയാള്‍ കിതച്ചു , ഒരു നെഞ്ചിടിപ്പോടെ അയാള്‍ മനസ്സിലാക്കി അയാളുടെ കൈകള്‍ നനഞ്ഞിട്ടുണ്ട് , രക്തംപുരണ്ടിരിക്കുന്നു .
സന്ദേഹത്തിന്റെ രൂപാന്തരണം വീണ്ടും അതിജീവനത്തിന്റെ പാതയില്‍ നിന്നയാളെ പുറകോട്ട് നയിച്ചു , , ട്രെയിന്‍ വരാന്‍ ഇനിയും സമയമുണ്ട് , അയാള്‍ പതിയെ എഴുന്നേറ്റ് നടന്നു റെയില് വേ പാളങ്ങളിലൂടെ നടക്കുമ്പോള്‍ അകലെ നിന്നയാള്‍ക്ക് പോകാനുള്ള ട്രെയിന്‍ പാഞ്ഞ് വരുന്നുണ്ടായിരുന്നു ,അകലെ നിന്നുള്ള നേര്‍ത്ത ചൂളം വിളിയും വെളിച്ചപ്പൊട്ടും അടുത്തടുത്ത് വരുമ്പോഴും ജയദേവന്‍ അലക്ഷ്യമായി അറ്റമില്ലാത്ത പാളങ്ങളിലൂടെ നടന്ന് കൊണ്ടിരുന്നു. തീക്ഷ്ണമായ പ്രകാശം , കാതടപ്പിക്കുന്ന ചൂളം വിളി എന്നിട്ടും അയാള്‍ ഒന്നുമറിഞ്ഞില്ല ..........
picture courtesy -Helplessness by Kapil Dixit
Subscribe to:
Post Comments (Atom)
ശക്തമായ ഭാഷ.. പത്രത്തിന്റെ പോളിസികൾക്കും കച്ചവടത്തിനും ഇടയിൽ പെടുന്ന ജേർണലിസ്റ്റിന്റെ ആവിഷ്കാര സ്വാതന്ത്ര്യവും സത്യ സന്ധതയും ചിന്തിക്കാവുന്നതാണ്..നന്നായി സുഹ്രുത്തെ..
ReplyDeleteനല്ല കഥ, നല്ല അവതരണം, ശക്തമായ ഭാഷ, കൊള്ളാം
ReplyDeleteതിരഞെടുത്ത വിഷയം കൊള്ളാം.ആഖ്യാന രീതി വളരെ നന്നായിട്ടുണ്ട്.
ReplyDeletekoottathil sammanam nediya kathayalle?
ReplyDeleteഅന്വേഷകന്‍ , നല്ലി , ഭായി നല്ല വാക്കുകള്‍ക്ക് നന്ദി .
ReplyDeleteകാന്താരീ ഇതതാണോ ? ആയിരിക്കും അല്ലെ ? :)
നല്ല ഭാഷാപ്രയോഗങ്ങൾ..
ReplyDeleteഅവതരണരീതി പലപ്പോഴും ദൃക്സാക്ഷി വിവരണം പോലെയാകുന്നു..
വിഷയത്തിലും പുതുമയില്ല..
ചിലപ്പൊ എന്റെ മാത്രം തോന്നലാവുട്ടാ...വിട്ടുകള....
നികൂ വിഷയത്തില്‍ പുതുമയില്ല എന്നത് തോന്നലല്ല സത്യമാണ് .ഈ വിഷയം ഒരു പാട് ആവര്‍ത്തിച്ചു കഴിഞ്ഞതാണ് .ദൃക്‌സാക്ഷി വിവരണം പത്രപ്രവര്‍ത്തകന്റെ ഭാഷയല്ലെ അതങ്ങനെയാവാനെ തരമാവൂ :)
ReplyDeleteനല്ല അവതരണ രീതി
ReplyDeleteഇന്നത്തെ പത്രപ്രവര്തനതിലെക്കും പത്രധര്മത്തിലെ മൂല്യച്യുതിയിലെക്കും ഒരെത്തി നോട്ടം, മനുഷ്യനെ വെറും സെന്സഷനും ന്യൂസ് ഫിഗറും മാത്രമായിക്കാണുന്ന ഇന്നത്തെ മാധ്യമ പ്രവര്‍ത്തകരുടെ ഒരു പോസ്റ്റ്‌മോര്ടം..
ReplyDeleteനന്നായിരിക്കുന്നു... എഴുത്തുകാരന് എന്റെ നിറഞ്ഞ ഭാവുകങ്ങള്‍..
പത്രധര്‍മ്മമെന്നാല്‍ പത്രക്കാര്‍ കൈ നീട്ടുന്ന ധര്‍മമാണ്; പരസ്യ രൂപത്തില്‍...
ReplyDeleteതൊഴിലിനെയും ജീവിതത്തെയും രണ്ടായിക്കാണുന്ന സോഷ്യല്‍ ന്യൂടോനിക് കാലത്ത് ഇങ്ങനെ കുറ്റബോധം തോന്നുന്ന ആള്‍ക്ക് പത്രക്കാരനാകുമോ, സംശയമാണ്. കഥയായോ അതോ സൂപര്‍ ജേണലിസ്റ്റിക് വര്‍ക്കാണോ എന്നൊന്നും വിലയിരുത്താന്‍ മാത്രം വിവരമില്ല. പക്ഷെ കഥ നന്നായി ബോധിച്ചു. ആശംസകള്‍.
കണ്ട അവിഞ്ഞതിനും നാറുന്നതിനും കമന്റിടാന്‍ ഒരു നൂറു ആളുകളാ. ദേ ഇവിടെ ഒരു ഹൃദയസ്പര്‍ശിയായ ജീവന്‍ തുടിക്കുന്ന കഥ അനാഥമായി കിടക്കുന്നു. സര്‍ കുറച്ചു നേരം വല്ലാതെ ആ വായനയുടെ ഷോക്കില്‍ ഇരുന്നു പോയി. മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുന്നു താങ്കളുടെ ഭാഷ. അസൂയയില്‍ പൊതിഞ്ഞ അഭിനന്ദനങ്ങള്‍ ....
ReplyDeleteപണ്ട് വായിച്ച് ഇഷ്ടപ്പെട്ടതായിരുന്നു...
ReplyDeleteഇന്ന് വീണ്ടും വായിച്ചു ... ഇഷ്ടത്തോടെ.