വാര്‍ത്തകള്‍ പൊതു സമൂഹത്തെ അസ്വസ്ഥരാക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നത് ഓഹരിവിപണിയിലെ ഇടിവിനെയോ ഉണര്‍ച്ചയെയോ മാത്രം ആശ്രയിച്ച് മാത്രമായി മാറിയിട്ട് കുറച്ചായി കഴിഞ്ഞു . കാസര്‍ഗോട്ടെ കുമ്പളയില്‍ ഇരുപതിലേറെ പ്രൈമറി സ്കൂള്‍ കുട്ടികളെ ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയമാക്കിയ സംഭവം കഴിഞ്ഞിട്ട് ഒരു മാസം പോലും തികയുന്നതിന് മുമ്പാണ് മലപ്പുറത്ത് ഒരു പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപകന്‍ അതേ സ്കൂളിലെ തന്നെ ഇരുപതിലേറെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വാര്‍ത്ത വന്നത് .ഇത്തരം വാര്‍ത്തകള്‍ യാതൊരു അസ്വാഭാവികതയുമില്ലാത്ത വിധം കേള്‍ക്കുകയും ആത്മരോഷത്തോടെ “ഇവനെയൊക്കെ പച്ചക്ക് തീയിടണമെന്ന “ ആഹ്വാനവുമായി മേമ്പൊടിക്കായി ഒരു കൃത്രിമ ആശ്ചര്യം പ്രകടിപ്പിക്കുന്നതോടെ അന്നത്തെ ആ വാര്‍ത്ത നമ്മള്‍ മറക്കുകയായി .ഇരുപതോളം കുട്ടികള്‍ മാസങ്ങളോളം ഒരാളാല്‍ പീഡിപ്പിക്കപ്പെട്ടിട്ട് ഒരാളും അറിഞ്ഞില്ല എന്നതാണ് ഏറെ അല്‍ഭുതപ്പെടുത്തുന്നത് . കുട്ടികളുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്ത് തുടങ്ങുന്ന ഈ ചൂഷണങ്ങള്‍ പിന്നീട് ഭീഷണിപ്പെടുത്തി തുടരുന്നതാകാം .കുറ്റബോധവും ഭയവും ഇത് പുറത്ത് പറയാതിരിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു, പലപ്പോഴും ചൂഷകര്‍ കുട്ടികളുടെ മേല്‍ എന്തെങ്കിലും അധീശത്വമുള്ളവരായിരിക്കും ഉദാഹരണമായി അധ്യാപകനോ അടുത്ത ബന്ധുവോ പോലുള്ള ആളുകള്‍ .ഇത് കൊണ്ട് തന്നെ പുറത്ത് പറഞ്ഞാലുള്ള അനന്തര ഫലങ്ങള്‍ കുട്ടികളെ നിശബ്ദം ഇത് സഹിക്കാന്‍ പ്രേരിപ്പിക്കുന്നു .
കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ മനശാസ്ത്രപരമായി വിവക്ഷിക്കുന്നത് പിഡോഫീലിയ എന്ന രോഗാവസ്ഥയെന്നാണ് . അവസരങ്ങള്‍ ഒത്ത് വരുമ്പോള്‍ മാത്രം പ്രകടമാകുന്ന ഒരു മാനസിക നിലയായതിനാല്‍ ഇത്തരം വൈകൃത സ്വഭാവമുള്ളവരെ എളുപ്പം തിരിച്ചറിയാനാകില്ല.
2007 ല്‍ ടൈംസ് ഓഫ് ഇന്‍ഡ്യ നടത്തിയ ഒരു സര്‍വ്വേയില്‍ ഇന്‍ഡ്യയിലെ 53 % കുട്ടികളും പല വിധത്തില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു ,അത് കഴിഞ്ഞ് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു അതിന്റെ തോത് വര്‍ദ്ധിക്കുകയല്ലാതെ കുറയുകയില്ല എന്നതുറപ്പാണ് .ഇന്‍ഡ്യന്‍ ജനസംഖ്യയില്‍ 40 % വും കുട്ടികളാണ് അത് കൊണ്ട് തന്നെ ഈ സ്ഥിതിവിവരക്കണക്ക് ഭീതിതമായ ഒരവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് .ഒരു രാഷ്ട്രത്തിന്റെ ഭാവിയുടെ വാഗ്ദാനങ്ങളാവേണ്ട ബാല്യങ്ങളുടെ നേര്‍ക്കുള്ള ചൂഷണങ്ങള്‍ അവരെ മാനസികമായ അടിമത്തം ബാധിച്ച് മുരടിച്ച് പോകുന്ന തലമുറയാക്കിതീര്‍ക്കുന്നു .
സാമൂഹ്യമാനങ്ങള്‍ .
“.നീണ്ട പ്രവാസത്തിന് ശേഷം ബാല്യകാല സുഹൃത്തിന്റെ മകള്‍ക്ക് കുഞ്ഞുടുപ്പ് വാങ്ങിച്ച് വരുന്ന കഥാനായകന്‍ വാത്സല്യത്തോടെ സുഹൃത്തിന്റെ മകളെ ചേര്‍ത്ത് പിടിക്കുമ്പോള്‍ കുതറിമാറിക്കൊണ്ട് കുട്ടി പറയുന്നു “ അങ്കിള്‍ വിടൂ , നൌ ഐ ആം സിക്സ്ത് സ്റ്റാന്റേഡ് “ കുട്ടിയുടെ വാക്കുകളുണ്ടാക്കിയ അമ്പരപ്പിനെ സമാധാനിപ്പിക്കാനെന്നോണം സുഹൃത്ത് പറയുന്നു - കാലം മാറി കൂട്ടുകാരാ നമ്മുടെ സെക്ഷ്വലിറ്റി ഒക്കെ പുരോഗമിച്ചു , രണ്ട് വയസ്സുള്ള കുട്ടികളെ വരെയാണ് ഇപ്പോള്‍ , അത് കൊണ്ട് അവളെ സൂക്ഷിക്കാന്‍ അവള്‍ക്കറിയാം “ അത് കേട്ടപ്പോഴാണ് അയാള്‍ ചേര്‍ത്ത് പിടിച്ചത് കുട്ടിയല്ലെന്നും അവളുടെ കുഞ്ഞുമുലകളുടെ ചൂടും ചര്‍മ്മത്തിന്റെ പകിട്ടും അയാള്‍ക്ക് മനസ്സിലായി തുടങ്ങുന്നത് .ആ കൊച്ച് കുട്ടിക്കായി വാങ്ങിയ മുലപ്പാലിന്റെ മണമുള്ള കൊച്ചുടുപ്പ് അയാള്‍ക്കപ്പോള്‍ ശവപ്പെട്ടിക്ക് മുകളില്‍ കിടന്ന പൂക്കുലയുടെത് പോലെ തോന്നിച്ചു , അതയാള്‍ ദൂരേക്ക് വലീച്ചെറിഞ്ഞു , അതിനി ഒരു കുട്ടിക്കും പാകമാവില്ലെന്ന ബോധ്യത്തോടെ “.
സന്തൊഷ് എച്ചിക്കാനത്തിന്റെ “ബേബി ബ്രെത്ത് “ എന്ന കഥയില്‍ നിന്ന് .
നിഷ്കളങ്കമായ ബാല്യം പോലും ഇത്തരം സ്വയം കരുതലുകളെടുക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ നമ്മുടെ സമൂഹം വളര്‍ന്നു അല്ല തളര്‍ന്നു കഴിഞ്ഞിരിക്കുന്നു . നമ്മുടെ സമൂഹത്തിന്റെ ലൈംഗിക ധാരണകള്‍ ഏറെ പുരോഗമിച്ചു ,മുമ്പ് അവിശ്വസനീയതയോടെ പോലും കേള്‍ക്കാന്‍ ഭയപ്പെട്ടിരുന്ന കാര്യങ്ങള്‍ ഇന്ന് വളരെ എളുപ്പം ദഹിക്കാവുന്ന ഒരു നിലയിലേക്ക് നമ്മുടെ മാനസിക ഘടന താദത്മ്യം പ്രാപിച്ചിട്ടുണ്ട് . നിര്‍വ്വികാരതയുടെ പാരമ്യം കൊണ്ട് മാനസികമായി ഷണ്ടത്വം അനുഭവപ്പെടുന്ന നമുക്ക് വാര്‍ത്തകളില്‍ വരുന്ന അസ്വാഭാവികത നിറഞ്ഞ കാര്യങ്ങള്‍ പോലും ഒരു ചുടുചായ മൊത്തിക്കുടിക്കുന്ന ലാഘവത്തോടെ കേട്ട് പരിചയിക്കാന്‍ കഴിയുന്നു . നമ്മുടെ സമൂഹത്തിനെന്ത് പറ്റിയെന്ന ചോദ്യം ആവര്‍ത്തിച്ച് മടുത്തതാണ് .ഓരോ സംഭവങ്ങളിലും സമൂഹത്തിന്റെ ധാര്‍മ്മിക മൂല്യങ്ങളെക്കുറിച്ച് വാഗ്വാദങ്ങള്‍ നടത്തി അവസാനം സമൂഹത്തിന് സദാചാര മൂല്യച്യുതി സംഭവിച്ചു എന്ന നിഗമനത്തില്‍ തൃപ്തരാകുന്നതോടെ ആ സംവാദം അവസാനിക്കുന്നു.
പ്രായപൂര്‍ത്തിയാകാത്ത മകളെ വ്യഭിചാരത്തിന് കൊണ്ട് നടക്കുന്ന മാതാപിതാക്കളും അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കുന്ന മധ്യവയസ്കനുമൊക്കെ ദിനം പ്രതിയുള്ള വാര്‍ത്തകളിലെ സ്ഥിരം വിഭവങ്ങളായിക്കഴിഞ്ഞിരിക്കുന്നു. ഈ കുട്ടികള്‍ പിന്നീട് മാനസിക വൈകല്യമുള്ളവരോ മാനസിക മുരടിപ്പ് ഉള്ളവരോ ആയി വളരുന്നു . ശരിയായ കൌണ്‍സലിങ്ങ് ഇല്ലാതിരുന്നാല്‍ ഈ അനുഭവങ്ങള്‍ സാധാരണ ജീവിതം നയിക്കുന്നതില്‍ നിന്നും ഇവരെ എപ്പോഴും വിലക്കുന്നു .കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ട് ഇത്തരം സംഭവങ്ങളുടെ ആവൃത്തി ക്രമാതീതമായി വര്‍ദ്ധിച്ചതെങ്ങനെയാണ് ?
സാമൂഹിക സാമ്പത്തിക അരക്ഷിതാവസ്ഥ , കൂട്ടുകുടുംബങ്ങളുടെ അഭാവം , ന്യൂക്ലിയര്‍ ഫാമിലിയിലെ കുട്ടികളുടെ അരക്ഷിതാവസ്ഥ , മാതാപിതാക്കള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ എന്നിങ്ങനെയാണ് ഭൂരിഭാഗം ചൂഷണങ്ങള്‍ക്കുമുള്ള കാരണങ്ങള്‍ .സാമ്പത്തിക സ്ഥിതി കുറഞ്ഞ , വീട്ടില്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന കുട്ടികളെ എളുപ്പം പ്രലോഭിപ്പിക്കാന്‍ കഴിയുമെന്നത് തന്നെയാണ് കുട്ടികളുടെ ലൈംഗിക ചൂഷണത്തെ സംബന്ധിക്കുന്ന സാമൂഹിക പഠനങ്ങള്‍ വ്യക്തമാക്കുന്നതും .
അനാവശ്യമായ ഒരു വാക്കോ , നോട്ടമോ പോലും ബാല്യത്തിന്റെ നിഷ്കളങ്കതയെ മുറിവേല്‍പ്പിക്കുന്നതാണ് . മാനസികമായ വളര്‍ച്ചയുടെ ഘട്ടത്തിലുണ്ടാകുന്ന ഇത്തരം അനുഭവങ്ങള്‍ മൂലം കുട്ടികളെ ഉള്‍വലിയാനോ നിഷേധിയാവാനോ പ്രേരിപ്പിക്കും .പലപ്പോഴും കുറ്റബോധം കൊണ്ടോ അനന്തരഫലത്തെക്കുറിച്ചുള്ള ഭീതി കൊണ്ടോ ഇതെല്ലാം ആരോടും പറയാതിരിക്കാനാണ് അവര്‍ ശ്രമിക്കുക .പിന്നീട് അത് അവരുടെ വ്യക്തിത്വവികാസത്തെ തന്നെ ഗുരുതരമായി ബാധിക്കുന്ന ഈ പ്രശ്നങ്ങള്‍ ചിലപ്പോള്‍ അക്രമ വാസനയിലേക്കും സ്വഭാവ വൈകൃതത്തിലേക്കും നയിക്കുന്നു .
തൃശൂരിലെ ഒരു കടലോര ഗ്രാമത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കൊച്ച് പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കാനുള്ള ശ്രമത്തില്‍ കൊലപ്പെടുത്തിയത് പ്രായപൂര്‍ത്തിയാവാത്ത ഒരാണ്‍കുട്ടിയാണ് .അരക്ഷിതമായ ബാല്യത്തില്‍ പലരും ലൈംഗികമായി ഉപയോഗിച്ചത് കൊണ്ടുണ്ടായ സ്വഭാവ വൈകൃതമാണ് അവനെ ഇതിന് പ്രേരിപ്പിച്ചത് .ഇത് പോലെയുള്ള നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു .
ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി .
വിദ്യഭ്യാസമെന്നത് കൊണ്ട് വിവക്ഷിക്കുന്നത് വര്‍ത്തമാന കാലത്തിന്റെ യുക്തിപരമായ വ്യവസ്ഥയില്‍ യുവ തലമുറയില്‍ സമഗ്രത വളര്‍ത്തുവാനുള്ള മാധ്യമം ആയി പ്രവര്‍ത്തിക്കുകയും അതിനെ ദൃഡപെടുതുകയോ അല്ലെങ്കില്‍ സ്വാതന്ത്ര്യത്തിന്റെ പ്രായോഗികതയോ ആയി മാറുകയോ ചെയ്യുക എന്നതാണ് .പുരുഷനും സ്ത്രീയും നിര്‍ണായകവും, സൃഷ്ടിപരവുമായ അവബോധത്തോടെ യഥാര്‍ത്ഥ്യത്തെ സമീപിക്കുകയും അതുപയോഗിച്ച് ലോക പരിവര്‍ത്തനത്തില്‍ ഭാഗഭാക്ക് ആകാം എന്ന് മനസ്സിലാക്കിയിരിക്കുന്നു .
മര്‍ദ്ദിതരുടെ ബോധന ശാസ്ത്രം - പൌലോ ഫ്രയര്‍ .
ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമായി ഭവിക്കുന്നതെന്നും പ്രൈമറി ക്ലാസ്സ് മുതലുള്ള ലൈംഗിക വിദ്യാഭ്യാസത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന ലൈംഗിക അവബോധം കൊണ്ട് ഇത്തരം ചൂഷണങ്ങളില്‍ നിന്ന് ഒരു പരിധി വരെ വിമുക്തരാമാക്കാമെന്നും ഒരു വാദം നിലവിലുണ്ട് .പക്ഷെ ലൈംഗികത എന്നാലെന്തെന്നറിയാത്ത പ്രായത്തില് അടിച്ചമര്‍ത്തപ്പെട്ട ലൈംഗികവികാരങ്ങള്‍ വൈകൃതമായി നടക്കുന്ന അധ്യാപകരുള്‍പ്പെടുന്ന ഒരു സമൂഹത്തില്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുക്കുക എന്നത് സാഹസമാണ് . അത്തരമൊരു സമൂഹത്തില്‍ അത് പ്രയോഗിക്കേണ്ടുന്നതിന്റെ മാനദണ്ഡങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കിയില്ലെങ്കില്‍ ഇത് വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് തോളത്ത് വെച്ചുവെന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കലാകും അത്.
2007 - ലാണ് UNICEF ന്റെ നിര്‍ദ്ദേശപ്രകാരം NCERT.[National Council for Educational Research and Training ]സംസ്ഥാനങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചത് .ഇതിന് വേണ്ടി തയ്യാറാക്കിയ കൈപ്പുസ്തകം യാഥാസ്ഥിതിക സമൂഹത്തിന് സ്വീകരിക്കാന്‍ പറ്റാത്തതായിരുന്നതിനാല്‍ വിവാദമുയര്‍ത്തിയിരുന്നു .യഥാര്‍ത്ഥത്തില്‍ അത് യാഥാസ്ഥിതികര്‍ക്ക് മാത്രമല്ല പുരോഗമന ചിന്താ ഗതിക്കാര്‍ക്ക് പോലും അംഗീകരിക്കാനാവാത്തതായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം .ലൈംഗിക സദാചാരത്തിന്റെ തൊട്ടാല്‍ പൊട്ടുന്ന കടുത്ത നിയന്ത്രണങ്ങള്‍ക്കുള്ളില്‍ വളര്‍ന്ന ഒരു തലമുറ തങ്ങള്‍ക്ക് ശേഷമുള്ള ഒരു തലമുറയെ പഠിപ്പിക്കുമ്പോള്‍ തലമുറകള്‍ തമ്മിലുള്ള അന്തരം കൂടി പരിഗണിക്കേണ്ടതുണ്ട് .
ഇന്നും തലയില്‍ മുണ്ടിട്ട് കോണ്ടം വാങ്ങുന്ന അവസ്ഥ മാറാത്ത ഒരു നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കോണ്ടം ഉപയോഗിക്കാന്‍ പഠിപ്പിക്കുന്ന രീതിയിലുള്ള പടിഞ്ഞാറന്‍ ലൈംഗിക വിദ്യാഭ്യാസമല്ല ഇവിടെ നടപ്പാക്കേണ്ടത് .മെട്രോ നഗരങ്ങളിലെ ഉപരിവര്‍ഗ്ഗവിദ്യാര്‍ത്ഥി സമൂഹത്തിന് മാത്രമാണ് അത്തരം വിദ്യാഭ്യാസ സമ്പ്രദായം യോജിക്കുന്നത് .ജീവശാസ്ത്ര പഠനത്തിന്റെ അടിസ്ഥാനമായ പ്രത്യുല്പാദനസമ്പ്രദായത്തെക്കുറിച്ച് “അതൊക്കെ വീട്ടില്‍ പോയി വായിച്ച് പഠിച്ചാല്‍ മതിയെന്ന് “ നിര്‍ദ്ദേശിക്കുന്ന അധ്യാപകര്‍ കുട്ടികള്‍ക്ക് UNICEF ന്റെ നിര്‍ദ്ദേശാനുസരണമുള്ള ലൈംഗികപാഠങ്ങള്‍ പഠിപ്പിക്കുമെന്ന് വിശ്വസിക്കുന്നത് മൌഡ്യമാണ് . ഈ കൈപ്പുസ്തകം കൊണ്ടുദ്ദേശിക്കുന്നത് എയിഡ്സ് വരാതെ എങ്ങനെ സുരക്ഷിതമായി ബന്ധപ്പെടാം എന്നതിനെക്കുറിച്ചാണ് അല്ലാതെ സാമൂഹികമായി എങ്ങനെ ഇടപെടണം എന്നതിനെക്കുറിച്ചല്ല .
പാശ്ചാത്യ ജീവിതരീതിയുടെ അനുകരണമായ മെട്രോ സിറ്റികളില്‍ മാത്രം അനുയോജ്യമായ ഉത്തരാധുനിക കാഴ്ചപ്പാടല്ല ലൈംഗിക വിദ്യാഭ്യാസം കൊണ്ട് നടപ്പാക്കേണ്ടത് .വൈദ്യുതിയോ മറ്റ് അടിസ്ഥാന സൌകര്യങ്ങളോ ഇല്ലാത്ത ഒരു ജനതയും ഭൌതിക സുഖങ്ങളുടെ പാരമ്യമനുഭവിക്കുന്ന മറ്റൊരു സമൂഹവുമുള്ള വിരുദ്ധധ്രുവങ്ങളില്‍ ഒരേ തരത്തിലുള്ള ലൈംഗിക വിദ്യാഭ്യാസ മാതൃക അനുയോജ്യമല്ല . പ്രാദേശികവും സാമൂഹികവുമായ അവസ്ഥകള്‍ മനസ്സിലാക്കി അതത് സ്ഥലങ്ങളില്‍ അനുയോജ്യമായ രീതിയില്‍ ഭേദഗതിയിലൂടെയുള്ള ഒരു വിദ്യഭ്യാസ സമ്പ്രദായമാണ് ക്രമീകരിക്കേണ്ടത് . ലിംഗപരമായ സമത്വബോധത്തോടെ , പ്രായത്തിനനുസരിച്ച് സാമൂഹികമായി ഇടപെടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസ രീതിയാണ് ഇവിടെ ആവശ്യം .ലൈംഗിക വിദ്യാഭ്യാസം എന്നതിനെക്കാള്‍ കൌമാരവിദ്യാഭ്യാസം എന്ന സംജ്ഞയാണ് ഇതിന് കൂടുതല്‍ യോജിക്കുക .
ഫലപ്രദമായ നിയമനിര്‍മ്മാണം .
കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ വികസിത രാജ്യങ്ങളിലെല്ലാം പ്രത്യേകം നിയമങ്ങളും വകുപ്പുകളും ഉണ്ട് , ഇതില്‍ ചൂഷണങ്ങളെ വ്യക്തമായി നിര്‍വചിക്കുകയും അതിന് അനുസൃതമായ ശിക്ഷാനടപടികള്‍ കൈക്കൊള്ളാനുള്ള വകുപ്പുകളും ഉണ്ട് .നോട്ടം കൊണ്ടോ വാക്ക് കൊണ്ടൊ പോലുമുള്ള ദുരുപയോഗങ്ങളെ ഇത്തരം നിയമത്തിന്‍ കീഴില്‍ കൊണ്ട് വന്നിട്ടുണ്ട് ചാറ്റിങ്ങിലൂടെയുള്ള ലൈംഗിക ചുവയുള്ള സംഭാഷണം പോലും നിയമത്തിന്റെ പരിധിയില്‍പെടുന്ന ശിക്ഷാര്‍ഹമായ കാര്യമാണ് .
വിദേശരാജ്യങ്ങളില്‍ 14 ആം വയസ്സില്‍ അമ്മമാരായ കുട്ടികളെക്കുറിച്ച് വല്ലാത്ത അല്‍ഭുതത്തോടെ കൌതുക വാര്‍ത്ത വായിക്കുമ്പോള്‍ നമ്മളറിയുന്നില്ല ആ കുട്ടികളുടെ ശാരീരിക ശേഷിയില്ലാത്തത് കൊണ്ട് മാത്രം ഗര്‍ഭം ധരിക്കാതെ പോവുന്ന ഒരു പാട് കുട്ടികള്‍ നമ്മുടെ ആദിവാസി ഊരുകളിലും വിദൂരസ്ഥമായ ഏതെങ്കിലും സര്‍ക്കാര്‍ സ്കൂളുകളിലും ഉണ്ടാവാം എന്നത് .
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഫലപ്രദമായ നേരിടണമെങ്കില്‍ ശരിയായ നിയമപരിരക്ഷക്കൊപ്പം തന്നെ സമാന്തരമായി സാമൂഹിക അവബോധം സൃഷ്ടിക്കല്‍ കൂടി ഉണ്ടാവേണ്ടിയിരിക്കുന്നു .ബാലപീഡനമെന്ന വകുപ്പില്‍ പെടാവുന്ന ഭൂരിഭാഗം സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുകയാണ് പതിവ് .ശരാശരിക്കണക്കില്‍ പറഞ്ഞാല്‍ 90 ശതമാനത്തിലേറെ ഇത്തരം കേസുകള്‍ നിയമത്തിന് മുമ്പില്‍ എത്തുന്നില്ല .അതിന് കാരണം ബാല ലൈംഗിക ചൂഷണങ്ങള്‍ക്ക് ശരിയായ ഒരു നിര്‍വ്വചനം നല്‍കാന്‍ നമ്മുടെ നിയമ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല എന്തിന് കൃത്യമായ പ്രായ പരിധി പോലും നിശ്ചയിക്കുന്നതില്‍ പല നിയമങ്ങളുടെയും ഏകോപനമില്ലായ്മയും നിയമത്തിന്റെ പരാധീനതയാണ് . ഇന്‍ഡ്യയില്‍ ജനസംഖ്യയുടെ 40 % വും കുട്ടികളാണ് .ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോര്‍ട്ടനുസരിച്ച് ബാല ലൈംഗിക പീഡനത്തിന്റെ തോത് മുമ്പത്തേതിനെക്കാള്‍ വളരെയധികം വര്‍ദ്ധിച്ചിരിക്കുന്ന അവസ്ഥയാണ് .
ഇത്തരം സംഭവങ്ങളില്‍ ശിക്ഷാവിധിയായി പലപ്പോഴും ആശ്രയിക്കുന്നത് താല്‍ക്കാലികമായ ഒരു ആവേശത്തിമിര്‍പ്പില്‍ സംഭവിച്ച് പോകുന്ന മോബ് ജസ്റ്റിസ് കയ്യേറ്റങ്ങളാണ് .അത് യഥാര്‍ത്ഥത്തില്‍ സംഭവത്തിന്റെ യഥാര്‍ത്ഥ ഗൌരവത്തെ ലഘൂകരിക്കാനും പിന്നീട് ശരിയായ നിയമ നടപടിയിലേക്ക് പോകാതിരിക്കാനുമുള്ള കാരണമാണ് .മോബ് ജസ്റ്റിസില്‍ പോലും സാമൂഹികമായ ഇടപെടലുകളല്ല നടക്കുന്നത് മറിച്ച് അതിനിരയാക്കപ്പെട്ട കുട്ടിയുടെ സംരക്ഷകരുടെ പ്രതികരണമാണ് അതിലേക്ക് നയിക്കുന്നത് .ഭൂരിഭാഗവും ദുര്‍ബല വിഭാഗത്തില്‍ പെട്ടതോ സാമൂഹികമായി താഴെത്തട്ടിലോ ഉള്ള കുട്ടികളാവും ഇരകളാവുന്നത് .ആദിവാസി ഊരുകള്‍ , ഗവണ്മെന്റിന്റെ തന്നെ ആദിവാസി ഹോസ്റ്റലുകള്‍ , അനാഥാലയങ്ങള്‍ ,സാമൂഹികമായി താഴ്ന്ന നിലയിലുള്ള ഗവണ്മെന്റ് സ്കൂളിലെ കുട്ടികള്‍ , ജുവനൈല്‍ ഹോമിലെ അഭയാര്‍ത്ഥികളായ കുട്ടികള്‍ ഇത്തരത്തില്‍ സംരക്ഷകരുടെ അഭാവമുള്ള കുട്ടികള്‍ ചൂഷണങ്ങള്‍ക്ക് നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്നത് . ഇത്തരം സംഭവങ്ങള്‍ പുറം ലോകമറിയാനുള്ള സാധ്യത വിരളമാണ് .സര്‍ക്കാര്‍ അധീനതയിലുള്ള ആദിവാസി ഹോസ്റ്റലുകളില്‍ ഇത്തരം പീഡനം നടക്കുന്നതിനെക്കുറിച്ച് ഏതാനും വര്‍ഷങ്ങള്‍ മുമ്പ് വാര്‍ത്തയുണ്ടായിരുന്നു പക്ഷെ പിന്നീട് അത്തരം വാര്‍ത്തകള്‍ക്ക് പിന്തുടര്‍ച്ചയില്ലാതെ സ്വാഭാവികമായി വിസ്മൃതിയിലാണ്ട് പോകുന്നു.പിഡൊഫീലിയ ബാധിച്ച ലൈംഗികവൈകൃതമുള്ളവരുടെ ഒറ്റപ്പെട്ട ശ്രമങ്ങളൊന്നുമല്ല ഈ സംഭവങ്ങള്‍ നടപടിയൊന്നുമുണ്ടാവില്ല എന്ന ധൈര്യത്തിന്മേല്‍ ആസൂത്രിതമായി നടത്തുന്ന കുറ്റകൃത്യങ്ങളാണ് .
ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് അതിന്റെ തോതനുസരിച്ച് ശിക്ഷ നല്‍കുന്നതിനൊപ്പം തന്നെ ഇരകളാക്കപ്പെടുന്ന കുട്ടികള്‍ക്ക് നിയമത്തിന്റെ പരിരക്ഷയോടെ തന്നെ സംരക്ഷണമൊരുക്കുകയോ കൌണ്‍സലിങ്ങ് നല്‍കി അവരുടെ നിഷ്കളങ്കമായ ബാല്യത്തിലേക്ക് തിരികെ കൊണ്ട് വരണം .ബാല്യം നിഷ്കളങ്കമാണ് അത് നിഷ്കളങ്കമായി തന്നെ അനുഭവിക്കേണ്ടത് ഭക്ഷണവും വെള്ളവും പോലെ തന്നെ ഓരോ കുട്ടിയുടെയും അവകാശമാണ് .
.
picture courtesy - Google
നല്ല ലേഖനം.
ReplyDeleteപത്ത് രൂപ വലിയ സംഖ്യ ആയിട്ടല്ല പക്ഷെ കുഞ്ഞിക്കൈകള്‍ വഴിതെറ്റിപ്പോകരുതെന്ന ഒരു മുന്‍കരുതലാണ് ആ നോട്ടം .വൈകുന്നേരങ്ങളില്‍ സ്കൂള്‍ പരിസരങ്ങളില്‍ വെറുതെ ചുറ്റിയടിക്കുന്ന കള്ള് കുടിയന്മാരെ പുളിച്ച തെറി പറഞ്ഞോടിച്ച് ഞങ്ങളെ കരുതലോടെ കാക്കുന്ന അയാള്‍ ഞങ്ങള്‍ക്കാരുമായിരുന്നില്ല പക്ഷെ എന്നിട്ടും ഒരു കാവല്‍ക്കാരനെ പോലെ കാത്ത് നില്‍ക്കുന്ന ആ കരുതലിനെക്കുറിച്ച് എനിക്കോര്‍മ്മ വരുന്നു . grttt
ReplyDeleteനല്ല ലേഖനം എന്ന് കമന്റ് എഴുതാനേ കഴിയുന്നുള്ളൂ. മറ്റെന്താണ് കഴിയുക?
ReplyDeleteകര്‍ശനമായ നിയമനിര്‍മ്മാണം മാത്രമാണ് ഇത്ത്രരം കുറ്റ കൃത്യങ്ങള്‍ തടയാനുള്ള പോം വഴി .ഇത് കൊണ്ട് പ്രശ്നമൊന്നുമില്ല എന്ന ധൈര്യമാണ് പല പിഡോഫീലിയക്കാരന്മാരെയും സൃഷ്ടിക്കുന്നത് .
ReplyDeleteവല്ലാതെ വിഷമിപ്പിച്ചു.... നന്ദി... ഓര്‍മപ്പെടുത്തലിന്.... കരുതലിന്...
ReplyDeleteകാലിക പ്രസക്തം ..നല്ല പോസ്റ്റ്
ReplyDeleteസന്ദീപ് സലിം !!!നിങ്ങളുടെ പേരെനിക്കിഷ്ടപ്പെട്ടു .വല്ലാത്തൊരു മതേതരത്വം ഉണ്ടാ പേരില്‍ .
ReplyDeleteവേദനിപ്പിക്കുന്നത് ദിനം പ്രതിയുള്ള വാര്‍ത്തകളാണ് ,ഏഴ് വയസ്സുകാരിയെ , 3 വയസ്സുകാരിയെ എന്നൊക്കെ നിസ്സാരമായി നാം വായിച്ച് പോകുന്നു .പിന്നീട് ആ കുഞ്ഞിന്റെ വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ മുഴുവന്‍ ഈ കരിനിഴലിന്റെ പാടുണ്ടാവില്ലെ എന്ന ചിന്ത പോലും ഭീതിതമാണ് .വിഷയം കാലികമാണ് ഓരോ ദിവസവും നടന്ന് കൊണ്ടിരിക്കുന്നത്
വളരെ മികച്ച ലേഖനം. അഭിനന്ദനങ്ങള്‍...
ReplyDeletevarathamana kalathinu prasakthamaya rachana ..nannayirikkunnu
ReplyDeleteനമ്മുടെ നാട്ടിലും ഇതു സുപരിചിതമായി. നമുക്ക് ചെയ്യാനുള്ളത് നമ്മുടെ കുട്ടികളെ സംരക്ഷിക്കുക എന്നതാണ്. ഓരോ കുട്ടിയേയും ഒരു വ്യക്തിയായി കണ്ട്.. 'അവര്‍ക്കിഷ്ടമില്ലാത്തത് ചെയ്യിക്കാന്‍' തുനിയാതിരിക്കുക. “ബേബി ബ്രെത്ത്“ എന്ന കഥയില്‍ ...നാമൊക്കെ സമൂഹത്തെ കണ്ണ് തുറന്ന് കാണേണ്ടിയിരിക്കുന്നു. 'കാലം മാറുമ്പോള്‍ കോലം മാറണം' എന്ന് പറഞ്ഞ പോലെ, നാമും ബോധ്യമുള്ളവരാകേണ്ടിയിരിക്കുന്നു. കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
ReplyDeleteതാങ്കള്‍ പറഞ്ഞപോലെ 'വിദ്യാഭ്യാസത്തില്‍' ഇതും ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു. അതിന് പ്രത്യേക പേരെന്തിന്? കേരളത്തിലല്ലാത്ത എന്‍റെ 7 വയസ്സുള്ള കുട്ടി അപരിചിതരെ വിശ്വസിക്കരുത്... നല്ലതല്ലാത്ത സ്പര്‍ശം...ഇതിനെക്കുറിച്ച് വളരെ ബോധവാനാണ്. സ്കൂളില്‍ പഠിപ്പിക്കുന്നത് തന്നെ. നമ്മുടെ നാട്ടില്‍ ഇതത്യാവശ്യമാണ്...കാരണം മറ്റുള്ളവര്‍ക്ക് 'കെട്ടിപ്പിടിക്കാനും ഉമ്മ കൊടുക്കാനും' ആവശ്യപ്പെടുന്നത് മാതാപിതാക്കള്‍ തന്നെ. കുട്ടികള്‍ക്ക് അവര്‍ക്കുള്ള സ്വാതന്ത്ര്യം കൊടുക്കണം. ഇഷ്ടമുണ്ടെങ്കില്‍ അവര്‍ ചെയ്യട്ടെ. നമ്മുടെ സമൂഹം അവരെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു....ആദ്യപടി നാമൊക്കെ ബോധാവാന്മാരാകുക എന്നതാണ്.
ഓരോ കുട്ടിയെയും ഓരോ വ്യക്തിയായി കാണുക , ബാല്യം മുതല്‍ അവനെ സമൂഹത്തിന്റെ ഓരോ ചലനങ്ങളെയും കരുതലോടെ കാണാന്‍ ന്‍പ്രേരിപ്പിക്കുക - പ്രായോഗികമായ വഴികള്‍ ഇതൊക്കെയാണെന്ന് പറയാം പക്ഷെ നിഷ്കളങ്കമാകേണ്ട ബാല്യത്തില്‍ ഓരോ കണ്ണുകളെയും ഭാവങ്ങളെയും ഭയപ്പെട്ട് , മുന്‍ വിധിയൊടെ നോക്കിക്കാണാനാണ് നമ്മള്‍ കുട്ടികളോട് പറയുന്നത് .അതെത്ര മാത്രം ക്രൂരമാണ് .
ReplyDeleteപലപ്പോഴും അരക്ഷിതാവസ്ഥ അനുഭവപ്പെടുന്ന ബാല്യമാണ് ഇത്തരം ചൂഷണങ്ങള്‍ക്ക് വിധേയമാകാറുള്ളത് .നാടോടി കുട്ടികള്‍ , താഴ്ന്ന സാമ്പത്തിക ചുറ്റുപാടില്‍ മാതാപിതാക്കളുടെ കലഹങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന കുട്ടികള്‍ .മധ്യവര്‍ത്തി - സമ്പന്ന സമൂഹത്തിന്റെ ഓട്ടപ്പാച്ചിലില്‍ ഒറ്റപ്പെട്ട് പോകുന്ന കുട്ടികള്‍ - ഇവരെയെല്ലാം ഇരകളാക്കുന്നത് അതിനുള്ള സാധ്യത ഏറെയായത് കൊണ്ടാണ് .മറ്റൊരു കാരണം ഇങ്ങനെയുള്ള കുട്ടികള്‍ ഇത് പുറത്ത് പറയാനുള്ള സാധ്യത കുറവാണ് കാരണം അത്തരമൊരു സംരക്ഷണമില്ലായ്മയിലാണ് അവരുടെ ജീവിതം .
ശിക്ഷ കിട്ടില്ലെന്നുറപ്പാകുമ്പോഴാണ് ഈ ഞരമ്പുകളില്‍ ഹോര്‍മോണ്‍ ഇരച്ച് കയറുന്നത് .മാതൃകാ പരമായി ഒരു ശിക്ഷ നടപ്പാക്കികഴിയുമ്പോള്‍ ഇത്തരം ഹോര്‍മോണ്‍ ഇരച്ച് കയറ്റം സ്വാഭാവികമായും നില്‍ക്കേണ്ടതാണ് .
Good posting congrats Vishnu.....
ReplyDeleteനിയമനിര്‍മ്മാണമല്ല വിഷ്ണു ഉള്ളനിയമം നടപ്പിലാക്കാന്‍ (വോട്ടിനെ മറന്ന്)ഇച്ഛാശക്തിയുള്ള ഒരു രാഷ്ട്രീയ നേതൃത്വവും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ തെയ്യാറുള്ള ഉദ്യോഗസ്ഥന്മാരുമാണ് നമുക്കാവശ്യം. പിന്നെ കണക്കുകള്‍ കൂടി വരുന്നത് ഒരുപക്ഷേ കൂടുതല്‍പേര്‍ ധൈര്യപൂര്‍വ്വം പ്രശ്നങ്ങള്‍ പങ്കുവെക്കാന്‍ മടിക്കുന്നില്ല എന്നതുമാവാമെന്ന് നമുക്ക് മോഹിക്കാം.
ReplyDeleteവായിച്ചു. ഒരു അദ്ധ്യാപിക ആയതിനാൽ പറഞ്ഞാൽ തീരാത്തത്ര അനുഭവങ്ങൾ ഇക്കാര്യത്തിൽ ഉണ്ട്. പലതും ബ്ലോഗിലൂടെ അനുഭവമായും കഥയായും പറയുന്നുണ്ട്.
ReplyDeleteഒരു പരിധിവരെ രക്ഷിതാക്കളാണ് കുട്ടികളെ ശ്രദ്ധിക്കേണ്ടത്, അവർ ജീവിക്കുന്നതും പണമുണ്ടാക്കുന്നതും മക്കൾക്ക് വേണ്ടിയാണെന്ന് പറയുന്നുണ്ടല്ലൊ.
ഒരു അനുഭവം, ഗൃഹപീഡന പാഠം...
http://mini-minilokam.blogspot.com/2011/02/blog-post.html
ഇനി ഒരു കഥ...ചിക്കു ഷെയ്ക്ക്...
http://mini-kathakal.blogspot.com/2011/03/blog-post.html