Like

...........

Saturday, 29 January 2011

അധിനിവേശത്തിന്റെ വേദാന്തം .




ഓരോ അധിനിവേശങ്ങള്‍ക്കും നിയതമായ ലക്ഷ്യങ്ങളുണ്ടാകും , കൃത്യമായ ന്യായങ്ങളും .യുദ്ധരഹിതമായ എല്ലാ അധിനിവേശങ്ങളുടെയും അടിസ്ഥാ‍നം വാണിജ്യ - നയതന്ത്രങ്ങളിലൂടെയാണെന്ന് കഴിഞ്ഞ ചരിത്രങ്ങളെല്ലാം നമ്മെ ഓര്‍മ്മിപ്പിക്കുന്നു . എല്ലാ അധിനിവേശങ്ങളുടെയും തുടക്കം നിശബ്ദമാ‍യിരിക്കും.യാതൊരു കോലാഹലങ്ങളുമില്ലാതെ മാതൃവൃക്ഷത്തിന്റെ തായ്തടിയില്‍ വേരുറപ്പിച്ച് പടര്‍ന്ന് കയറുന്നൊരു പരാദ സസ്യത്തെപ്പോലെ അത് പതിയെ പടരും പിന്നെ പടര്‍ന്ന് പടര്‍ന്ന് അതിനിടയില്‍ ദുര്‍ബലമായിപ്പോയ തായ്തടിയെയും നിഷ്പ്രഭമാക്കി നില നില്‍ക്കും , അതാണ് അധിനിവേശത്തിന്റെ നീതിശാസ്ത്രം .

വേദാന്തയെന്ന ബഹുരാഷ്ട്ര ഭീമന്‍ നിശബ്ദമായി നടത്തുന്ന അധിനിവേശങ്ങള്‍ , രാഷ്ട്രീയ അധികാരങ്ങളുടെ മറയില്ലാത്ത സഹായ സഹകരണങ്ങളുമായി ഒരു പരാദസസ്യത്തിന്റെ കൌശലത്തോടെ നമ്മെ വലയം ചെയ്യുമ്പോഴും നമുക്കതിനെക്കുറിച്ച് ആശങ്കകളില്ലാതെയാകുന്നത് അത് നമ്മെ ബാധിക്കുന്നതല്ലെന്ന ആശ്വാസം കൊണ്ടാവണം .ഇന്‍ഡ്യയിലെ ചുവന്ന ഇടനാഴിയെന്നും മാവോയിസ്റ്റ് താവളമെന്നും മാധ്യമങ്ങള്‍ എക്സക്ലുസീവ് റിപ്പോര്‍ട്ടുകള്‍ കൊണ്ട് ആഘോഷിക്കുന്ന ഛത്തിസ് ഗഡ് ,ഝാര്‍ഖണ്ട് , ഒറീസ്സാ , ബീഹാര്‍ എന്നീ സംസ്ഥാനങ്ങളുടെ‍ മലകളും അരുവികളും വനങ്ങളും ഭൂരിഭാഗവും അധീനമാക്കി വെച്ചിരിക്കുന്ന ദശലക്ഷം കോടി ആസ്ഥിയുള്ള, അനില്‍ അഗര്‍വാളെന്ന ഇന്‍ഡ്യക്കാരന്റെ ഉടമസ്ഥതയിലുള്ള ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈനിങ്ങ് കമ്പനി അതാണ് വേദാന്ത.ഒരു ബഹുരാഷ്ട്ര മൈനിങ്ങ് കമ്പനിയെ സംബന്ധിച്ച് എത്ര മാത്രം അര്‍ത്ഥവ്യാപ്തിയുള്ള പേരാണത് - വേദാന്ത !



വേദാന്ത എന്ന മൈനിങ്ങ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പരമായി പ്രധാനപ്പെട്ടതായി വിവക്ഷിക്കപ്പെടാന്‍ പ്രസക്തമായ ഒരു കാരണമുണ്ട് - നമ്മുടെ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി പളനിയപ്പന്‍ ചിദംബരം 2004 ല്‍ യൂ പി എ മന്ത്രിസഭയില്‍ ധനമന്ത്രിയായി ചാര്‍ജെടുക്കുന്നതിന് തൊട്ട് മുമ്പ് വരെ വേദാന്ത എന്ന കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളും നിയമോപദേഷ്ടാവും കൂടിയായിരുന്നു .വേദാന്തയുടെ തന്നെ sterlite Energies മായി ബന്ധപ്പെട്ട കോടികളുടെ നികുതിതട്ടിപ്പ് കേസ് ചിദംബരം ധനമന്ത്രിയായതിന് ശേഷം അന്തരീക്ഷത്തില്‍ അലിഞ്ഞില്ലാതാവുകയായിരുന്നു അതിന് ശേഷമാണ് അദ്ദേഹം ആഭ്യന്തരമന്ത്രി പദത്തിലേക്ക് കളം മാറ്റിചവിട്ടിയത് , ആ രീതിയിലും അദ്ദേഹത്തിന്റെ സേവനം കമ്പനിക്ക് ആവശ്യമായിരുന്നിരിക്കണം .പളനിയപ്പന്‍ ചിദംബരം ആഭ്യന്തരമന്ത്രിയാകുന്നതിന്റെ മുന്നൊരുക്കങ്ങളായാണ് ആദിവാസി - ഖനന മേഘലയില്‍ മുമ്പെങ്ങുമില്ലാത്ത വിധം മാവോവാദികളും നക്സലൈറ്റുകളും പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതും ഈ മേഘലയിലെ ആഭ്യന്തരസുരക്ഷക്കായി പ്രത്യേകം സേനകള്‍ രൂപീകരിക്കുന്നതും , ഇടക്കിടെ സംഘട്ടനങ്ങള്‍ ഉണ്ടാകുന്നതും , ചിന്തിക്കേണ്ട ഒരു വിഷയമാണത് .


കോടികളുടെ ഇടപാടുകള്‍ നടക്കുമ്പോഴും ഇന്‍ഡ്യയുടെ പ്രകൃതി വിഭവങ്ങളുടെ മൊത്തം കുത്തകയായി തീരുമ്പോഴും സാധാരണ ബിസിനസ്സ് ഗ്രൂപ്പുകളുടെ സ്വാഭാവിക താല്പര്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി മീഡിയാ കവറേജില്‍ നിന്ന് പരമാവധി ഒഴിഞ്ഞ് നിശബ്ദമായിരിക്കാനാണ് വേദാന്ത ഗ്രൂപ്പ് എന്നും ശ്രദ്ധിച്ചിട്ടുള്ളത്, ഒരു തരം നിശബ്ദമായ പ്രവര്‍ത്തനങ്ങള്‍ പക്ഷെ ഇടക്കൊക്കെ അവരറിയാതെ തന്നെ ചില ചെറു കോളം വാര്‍ത്തകളില്‍ അവര്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട് .

ഇക്കഴിഞ്ഞ ദിവസം അങ്ങനെയൊരു ചെറിയ കോളം വാര്‍ത്ത കണ്ടു - വേദാന്ത സര്‍വ്വകലാശാലക്ക് വേണ്ടി പുരിയില്‍ ഒറീസ്സാ സര്‍ക്കാര്‍ ഏറ്റെടുത്ത 4000 ഏക്കര്‍ ഭൂമിയിന്മേല്‍ ഒറീസ്സാ ഹൈക്കോടതി സ്റ്റാറ്റസ് ക്വോ ഓര്‍ഡര്‍ പുറപ്പെടുവിച്ചിരിക്കുന്നു .വളരെ ചെറിയ വാര്‍ത്തയായി മുഖ്യധാരാ മാധ്യമങ്ങളില്‍ ഒതുങ്ങിക്കൂടിയ ഈ വാര്‍ത്തയുടെ പ്രാധാന്യം വളരെ വലിയ മാനങ്ങളുള്ളതാണ് .


ഒറീസയിലെ പുണ്യനഗരമായ പുരിയില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ എല്ലാ വിധ പരിരക്ഷകളും നല്‍കികൊണ്ട് അനുഗ്രഹിച്ചാശീര്‍വാദിച്ച് പ്രധാന മന്ത്രി മന്‍ മോഹന്‍ ജി ഉല്‍ഘാടനം ചെയ്ത അനില്‍ അഗര്‍വാള്‍ ഫൌണ്ടേഷന്റെ [ AAF ] ആഭിമുഖ്യത്തില്‍ സ്ഥാപിക്കാനുദ്ദേശിച്ച “വേദാന്ത സര്‍വ്വകലാശാ‍ല “ എന്ന 15000 കോടി രൂപയുടെ പദ്ധതികയാണ് ഇപ്പോള്‍ ഹൈക്കോടതി സ്റ്റേ ഓര്‍ഡറിന് പുറത്ത് സുപ്രീം കോടതിയിലേക്ക് അപ്പീലിനായി പോയിരിക്കുന്നത് .

നിയുക്ത സര്‍വ്വകലാശാലക്ക് വേണ്ടി 4000 ഏക്കറോളം ഭൂമിയാണ് ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച എല്ലാ നിയമങ്ങളെയും തൃണവല്‍ക്കരിച്ച് കൊണ്ട് ‍ അനില്‍ അഗര്‍വാള്‍ ഫൌണ്ടേഷന് ഒറിസ്സാ ഗവണ്മെന്റ് ഒരു ഇടനിലക്കാരനായി നിന്ന് ഏറ്റെടുത്തത് .സ്വദേശി ജാഗരന്‍ മഞ്ച് അടക്കം നിരവധി ഹര്‍ജിക്കാരുടെ പരാതിയിന്മേലാണ് ഒറീസാ ഹൈക്കോടതി ഭൂമി അതിന്റെ ഉടമകള്‍ക്ക് തിരിച്ച് നല്‍കാനുള്ള സുപ്രധാന വിധി പുറപ്പെടുവിച്ചത് .[സംഘപരിവാറിലെ അല്പം കൊള്ളാവുന്ന ഒരു സംഗതിയാണ് ഈ സ്വദേശി ജാഗരണ്‍ മഞ്ചെന്ന് തോന്നുന്നു , മണ്ടത്തരങ്ങള്‍ ഒരുപാടുണ്ടെങ്കിലും ആഗോളവല്‍ക്കരണത്തിനും സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കുമെതിരെ ഉത്തരേന്ത്യയില്‍ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്താറുള്ളത് ജാഗരണ്‍ മഞ്ച് തന്നെ ]. നിരവധി ഹര്‍ജ്ജിക്കാരിലൊരാളായ അഡ്വൊക്കേറ്റ് പ്രശാന്ത് ഭൂഷണ്‍ പറയുന്നത് പ്രകാരം ഒരു പ്രൈമറി സ്കൂള്‍ പോലും നടത്തി പരിചയമില്ലാത്ത വേദാന്തയെന്ന മൈനിങ്ങ് കമ്പനിക്കാരുടെ വിശ്വസര്‍വ്വകലാശാലയെന്ന ലക്ഷ്യത്തിന് പിന്നില്‍ തീര്‍ച്ചയായും മറ്റ് പല അജണ്ടകളുമുണ്ടാകും .

വേദാന്ത സര്‍വ്വകലാശാല ഒറീസ്സയില്‍ വിശ്വസര്‍വ്വകലാശാല തുടങ്ങുന്നതിന് മുമ്പ് തന്നെ വേദാന്തയുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത കൂടി വന്നിരുന്നു , അന്താരാഷ്ട തലത്തില്‍ തന്നെ ഏറെ വിവാദവിഷയമായെങ്കിലും ഇന്‍ഡ്യയില്‍ അത് അത്രയധികം കേട്ടിരുന്നില്ല . ഇന്‍ഡ്യന്‍ മാധ്യമങ്ങള്‍ അത്തരം കാര്യങ്ങളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നുണ്ടെന്ന് തോ‍ന്നുന്നു .

ദക്ഷിണ ഒറീസയിലെ ഡൊങ്ക്രിയാ കോന്താ [Dongria Kondh ] വിഭാഗത്തിലുള്ള നിരക്ഷരരായ ആദിമ ഗോത്ര നിവാസികള്‍ മാത്രം താമസിക്കുന്ന നിയമഗിരിയെന്ന മലനിരകള്‍‍ പരിസ്ഥിതി നിയമങ്ങളുടെ പ്രാഥമിക ചട്ടങ്ങള്‍ പോലും ലംഘിച്ച് കൊണ്ടാണ് വേദാന്തക്ക് ബോക്സൈറ്റ് ഖനനത്തിന് വേണ്ടി കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി കൊടുത്തത് .മറ്റെവിടെയും വേരുകളില്ലാത്ത ആദിമഗോത്രവിഭാഗമാണ് നിയമഗിരിയിലെ ഡോങ്ക്രിയ കോന്താ ആദിവാസികള്‍ നിയമഗിരി അവരുടെ പുണ്യസ്ഥലമാണ് , അവരുടെ ദൈവമാണ് നിയമഗിരിക്ക് മുകളില്‍ കുടിയിരിക്കുന്നത് എന്നതാണ് അവരുടെ വിശ്വാസം. അവരാ കുന്നിന്‍ ചെരിവുകളില്‍ കൃഷി ചെയ്യുന്നു അത്,അതിന് ചുറ്റുമൊഴുകുന്ന അരുവികളില്‍ നിന്ന് വെള്ളമെടുക്കുന്നു ,ഒരു മരക്കൊമ്പ് പോലും മുറിക്കാതെ വനവിഭവങ്ങള്‍ കൊണ്ട് അവര്‍ ജീവിക്കുന്നു , നിയമഗിരി അവര്‍ക്ക് വെറും വിശ്വാസം മാത്രമല്ല ജീവിതം കൂടിയാണ് , ആവാസവ്യവസ്ഥയാണ്. ജന്മനാ തന്നെ ദാരിദ്ര്യത്തിലും കഷ്ടതയിലും ജീവിക്കുന്ന ഒരു ജനത ആ ദൈവത്തെക്കൊണ്ട് ആയുധമെടുക്കാനോ , അക്രമമുണ്ടാക്കാനോ തുനിയാതെ ഒരു ജീവിതവിശ്വാസമായി മാത്രം കൊണ്ട് പോകുന്ന ദൈവം അതാണ് കോന്താ വര്‍ഗ്ഗക്കാര്‍ക്ക് നിയമഗിരി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധമാണത് ,ആ പ്രകൃതിയില്‍ നിന്ന് വേറിട്ടൊരു ജീവിതം പോലും അവര്‍ക്ക് ചിന്തിക്കാനാവില്ല , അങ്ങനെയുള്ള നിയമഗിരി കുന്നുകളാണ് വേദാന്ത കമ്പനിക്കാര്‍ ഇടിച്ച് തകര്‍ത്ത് ഖനനം ചെയ്യാന്‍ പോകുന്നത് , അവരുടെ ആവാസ വ്യവസ്ഥയാണത് , ജീവിതമാണ് , ദൈവം പോലുമാണ് .

കര്‍ണ്ണാടകയിലെ ആദിവാസികളുടെ ഇടയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ജ്ഞാനപീഠം ജേതാവായ ശിവരാമകാരന്തിന്റെ ചോമന്റെ തുടി എന്ന നോവലില്‍ - ചോമനെന്ന അടിയാളന്റെ ജീവിതസ്വപ്നം തന്നെ സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യുക എന്നതാണ് , അതീന് വേണ്ടി മാത്രമാണ് കഷ്ടതകളിലും ദുഖങ്ങളിലും അയാള്‍ ജീവിക്കുന്നത് , തന്റെ ജന്മി അത് നിഷേധിക്കുമ്പോള്‍ പാതിരി മതത്തില്‍ ചേര്‍ന്നാല്‍ ഭൂമി തരാമെന്ന സ്വപ്നതുല്യമായ വാഗ്ദാനത്തെ അയാള്‍ നിരസിച്ച് കൊണ്ട് തന്നെ കുലദൈവമെന്ന് കരുതുന്ന ഒരു കല്ലില്‍ വീണ് കരയുന്നുണ്ട് .ഏത് ദാരിദ്ര്യത്തിലും കഷ്ടതയിലും അവരുടെ വിശ്വാസങ്ങള്‍ , പ്രകൃതി , ഇത് തന്നെയാണ് അവരുടെയൊക്കെ ജീവിതം, അതില്‍ നിന്ന് വേറിട്ടൊരു ജീവിതമവര്‍ക്കില്ല

നിസ്സഹായരായ നിയമഗിരിയിലെ ആദിവാസികള്‍ മനുഷ്യസ്നേഹികളുടെയും പരിസ്ഥിതി വാദികളുടെയും സഹകരണത്തോടെ‍ നിയമത്തെ തന്നെ ആശ്രയിച്ചു പക്ഷെ സുപ്രീം കോടതി വിധിയും അവരെ കൈവിടുകയായിരുന്നു - ഖനനത്തില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു പങ്ക് ആദിവാസികളുടെ വികസനത്തിനായി മാറ്റി വെക്കണമെന്ന അതിവിചിത്രമായ വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ദേശീയ പാതാ വികസനത്തിനെവിടെയെങ്കിലും വഴിവക്കില്‍ ഒരു ക്ഷേത്ര ഭണ്ഡാരമുണ്ടെങ്കില്‍ , ജാറമുണ്ടെങ്കില്‍ , പള്ളിയുണ്ടെങ്കില്‍ പ്രൊജക്റ്റ് പ്ലാന്‍ മാറ്റി വരക്കുന്ന നാടാണിത് ,അല്ലാക്കും ജീസസ്സിനും കൃഷ്നുമായിരുന്നു ഈ ദുര്‍ഗതിയെങ്കില്‍ ആരാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുക്കുക ? കത്തിയെരിയില്ലെ ഈ ഭാരത ഭൂവ് ? .

അപ്പോള്‍ പതിനായിരക്കണക്കിന് വരുന്ന ഒരു ജനതയുടെ ആകെയുള്ള ഒരു വിശ്വാസം , ആവാസ വ്യവസ്ഥിതി , ആ പ്രകൃതി ഇതിനെയെല്ലാം ഇടിച്ച് നിരത്തി ഖനനം നടത്താന്‍ നമുക്ക് കഴിയുന്ന ഇരട്ടത്താപ്പിനെ എന്ത് വിളിക്കണം ? വിശ്വാസത്തെ കൂട്ടു പിടിച്ച് പരിസ്ഥിതിയെക്കുരിച്ച് ഇങ്ങനെ സംസാരിക്കുന്നതിലൊരനൌചിത്യമുണ്ട് എങ്കിലും വിശ്വാസമെന്നത് നമ്മള്‍ കരുതുന്നത്ര സങ്കുചിതമല്ലാതെ ജീവിതവുമായി കൂട്ടിയിണക്കി പ്രകൃതിയെ തന്നെ വിശ്വസിക്കുന്ന ഒരു ജനതയെ കൂട്ടക്കൊല നടത്തുന്നതിന് തുല്യമാണ് അവര്‍ വസിക്കുന്ന ആ പ്രകൃതിയെ നശിപ്പിക്കുന്നത് .വിശ്വാസത്തെ ഒഴിച്ച് നിര്‍ത്തിയാലും ഖനനം മൂലം ആ പര്‍വ്വതങ്ങള്‍ നശിക്കുന്നു , പ്രകൃതിയുടെ സന്തുലിതാവസ്ഥ ഇല്ലാതെയാവുന്നു ,വനങ്ങള്‍ നശിക്കുന്നു , പുഴകള്‍ , അരുവികള്‍ എല്ലാം ദിശ മാറിയൊഴുകേണ്ടി വരുന്നു അങ്ങനെ അവിടെ കാടിനോട് ചേര്‍ന്ന് ജീവിക്കുന്ന പതിനായിരങ്ങള്‍ക്ക് അഭയം നഷ്ടപ്പെടുന്നു ,

ഇത്തരം വൈകാരിക പ്രകടനങ്ങള്‍ ഒരു രാജ്യത്തിന്റെ പുരൊഗതിയെ തടസ്സപ്പെടുത്തില്ലെ ? ദൈവം , മല , ആദിവാസികള്‍ എന്നൊക്കെ പറഞ്ഞാല്‍ രാജ്യത്തിന്റെ സാമ്പത്തിക പുരൊഗതിക്കെന്ത് സംഭവിക്കും ?

ന്യായമായ ഒരു ചോദ്യമാണിത് ഇന്നത്തെ പല വികസിത രാജ്യങ്ങളും ഇത്തരത്തില്‍ തന്നെയാണ് പുരോഗതി കൈവരിച്ചിട്ടുള്ളത് , റെഡ് ഇന്‍ഡ്യന്‍സിനെ നിഷ്കരുണം ഇല്ലാതാക്കി അതിന്റെ മൃതദേഹങ്ങളിലാണ് ഇന്നത്തെ അമേരിക്കയുടെ നില നില്‍പ്പ് , അത് പോലെയൊക്കെ നമുക്കും ദുര്‍ബലരും ചോദിക്കാനും പറയാനും , എന്തിന് ഇങ്ങനൊരു ജീവികളുണ്ടോ എന്ന് പോലും സംശയിക്കുന്നത്ര ദുര്‍ബലമായ ഇവരെയൊക്കെ ഒഴിവാക്കാവുന്നതെ ഉള്ളൂ .ബ്രിട്ടനില്‍ താമസിക്കുന്ന അനില്‍ അഗര്‍വാളെന്ന കോടീശ്വരനായ ഇന്‍ഡ്യന്‍ ഖനി മുതലാളിക്കും അത്തരത്തിലുള്ള മറ്റ് കുത്തകക്കമ്പനികള്‍ക്കും കോടികളുടെ ബിസിനസ്സ് ഉണ്ടാക്കി കൊടുക്കലാണ് പതിനായിരക്കണക്കിന് ആളുകളുടെ ജീവിതത്തെക്കാള്‍ അധികാരികള്‍ക്ക് വലുത് , ഇവിടെ ഇവര്‍ സമാധാനപരമായി സുപ്രീം കോടതിവരെ പോയി കേസ് നടത്തി , പള്ളി പൊളിച്ചതിന് വാര്‍ഷിക ബോംബ് സ്ഫോടനം നടത്തുന്ന , അമ്പലങ്ങള്‍ തിരിച്ച് പിടിക്കാന്‍ ലക്ഷക്കണക്കിനാളുകളെ കര്‍സേവയെന്ന അക്രമത്തിന് പ്രേരിപ്പിക്കുന്ന അധികാരികളുമുള്ള നാടാണിതെന്ന ചെറിയ പരിഗണന മനസ്സില്‍ വെച്ച് കൊണ്ടാവണം , നിരാലംബരും ദരിദ്ദ്രരും ആശ്രയമില്ലാത്തവരുമായ ഈ ആദിവാസികളെക്കുറിച്ച് ചിന്തിക്കേണ്ടത് .ഇവിടെയാണ് ചിദംബരത്തിന്റെ ഗ്രീന്‍ ഹണ്ട് ഓപറേഷന്റെ ഏറ്റവും ശക്തമായ പ്രവര്‍ത്തനം .
ആയിരക്കണക്കിന് വരുന്ന ഒരു ജനതയെ അവരുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് തുരത്തിയോടിക്കുക അതിന് അവിടത്തെ ഗവണ്മെന്റ് എല്ലാ വിധ ഒത്താശകളും ചെയ്ത് കൊടുക്കുക അങ്ങനെ ഒരു ജനതയെ ഉന്മൂലനം ചെയ്യുക എന്നിട്ട് സമ്പത്തിന്റെ മുഴുവന്‍ കേന്ദ്രീകരണവും ഏതാനും പേരുടെ കൈകളിലൊതുക്കുക ഇതല്ലെ ശരിയായ അധിനിവേശം ?


പക്ഷെ എല്ലാ അധികാര സ്ഥാപനങ്ങളും നിയമവും കൈവിട്ടിട്ടും നിയമഗിരിയിലെ ആദിവാസികള്‍ അവരുടെ പ്രകൃതിയെ കൈവിട്ടില്ല നിരക്ഷരരായ ആദിവാസികളുടെ ഇച്ഛാ ശക്തിയുടെയും ചെറുത്ത് നില്‍പ്പിന്റെയും കഥ അവിടെ നിന്ന് ആരംഭിക്കുന്നു .ആ പോരാട്ട വീര്യത്തെയും ഇച്ഛാശക്തിയെയും ലോകത്തെ മുഴുവന്‍ മനുഷ്യസ്നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും ഏറ്റെടുക്കുകയായിരുന്നു ,ലോകത്ത് പലയിടത്തും നിയമഗിരിയിലെ ആദിവാസികള്‍ക്ക് വേണ്ടി , അവരുടെ മണ്ണ് തിരിച്ച് പിടിക്കാന്‍ , പ്രകൃതി ന്നഷ്ടപ്പെടാതിരിക്കാന്‍ സമരങ്ങളും പ്രക്ഷോഭങ്ങളും നടന്നു , നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി ലോകത്ത് പലയിടത്തും നടന്ന പ്രക്ഷോഭങ്ങള്‍ നമ്മളറിഞ്ഞില്ല , മാധ്യമങ്ങള്‍ സംഭവങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നതിന്റെ ഉത്തമോദാഹരണങ്ങളാണിത് .

ഇതിനെല്ലാം കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ പൂര്‍ണ്ണ സഹകരണവുമുണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം .എല്ലാ അധികാരസ്ഥാപനങ്ങളുടെ ഉപജാപങ്ങളും ആശീര്‍വാദവും കൂട്ടിനുണ്ടായിട്ടും നിയമഗിരിയിലെ ആദിവാസികള്‍ക്ക് അവസാനം നീതി ലഭിച്ചു . കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശിന് നന്ദി പറയാം കേന്ദ്രമന്ത്രിസഭയിലെ ഈ ഒറ്റയാള്‍‍ പെരുമാറ്റത്തിന് , ഇനി അധികകാലം ഈ നിലപാടില്‍ ഉറച്ച് നിലനില്‍ക്കുമോ എന്ന സംശയം ബാക്കിയുണ്ട് .ഈ വിധി താല്‍ക്കാലികം മാത്രമാണ് ചത്തിസ്ഗഡിലെയും ഝാര്‍ഖണ്ടിലെയും വനമേഘലകളും പര്‍വ്വതനിരകളും ഇപ്പോഴും വേദാന്തയുടെ ഖനന യന്ത്രങ്ങളുടെ മുരള്‍ച്ചയില്‍ തന്നെയാണ് .
ഒരു രാജ്യത്തിന്റെ പുരോഗതി അവിടത്തെ ഷെയര്‍ മാര്‍ക്കറ്റിന്റെ ഉണര്‍വ്വും കെട്ടിടങ്ങളുടെ ഉയരവും മാത്രമല്ല , ജനാധിപത്യ രാജ്യത്തില്‍ അവിടെയുള്ള ജനത്തിന്റെ ജീവിതം കൂടിയായിരിക്കണം മാനദണ്ടം .

അധിനിവേശങ്ങള്‍ക്കെതിരായ വിജയങ്ങള്‍ താല്‍ക്കാലികം മാത്രമാണ് , അധിനിവേശത്തിന്റെ ഭീഷണികള്‍ നിതാന്തവും .അതില്‍ നിന്ന് ഒരിക്കല്‍ രക്ഷപ്പെടുകയെന്നാല്‍ അടുത്ത അധിനിവേശത്തെ പ്രതിരോധിക്കാന്‍ തയ്യാറെടുക്കാനുള്ള സമയം മാത്രമാണ് അത് ഏത് നിമിഷവും .നമുക്ക് സങ്കല്‍പ്പിക്കാവുന്നതിലും വലിയ വ്യാപ്തികള്‍ ഇത്തരം കടന്ന് കയറ്റങ്ങള്‍ക്കുണ്ട് ,ഭരണകൂടങ്ങള്‍ , നീതിന്യായ വ്യവസ്ഥകള്‍ , ബ്യൂറോക്രസി എല്ലാം ഭരിക്കപ്പെടുന്നത് , നിയന്ത്രിക്കപ്പെടുന്നത് എല്ലാം ഇത്തരം നിശബ്ദമായ കടന്ന് കയറ്റങ്ങളുടെ അധികാര കേന്ദ്രങ്ങളില്‍ നിന്നാണ് .ഭരണകൂടങ്ങള്‍ മാറാം പക്ഷെ ഭരണകൂടങ്ങളെ ഭരിക്കുന്നവര്‍ മാറുന്നില്ല എന്നത് തന്നെയാണ് ഇത്തരം അധിനിവേശങ്ങളുടെ നൈരന്തര്യം വെളിപ്പെടുത്തുന്നത് .

അനുബന്ധം .


വസ്തുതകള്‍ക്ക് വിരുദ്ധമോ പൊതുജനവിരുദ്ധമോ മതവിരുദ്ധതയോ അങ്ങനെ യാതൊരു ആരോപണവുമില്ലാതെ , ,യാതൊരു വിവാദവും സൃഷ്ടിക്കാതെ രണ്ട് കൃതികളാണ് ഇന്‍ഡ്യയില്‍ നിരോധിച്ചിട്ടുള്ളത് .

1. വേദാന്ത എന്ന കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി പഠിച്ചെഴുതിയ രോഹിത്ത് പൊഡ്ഡാറിന്റെ "Vedanta's Billions" .
2.അംബാനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള , ഭരണകൂടങ്ങളെ എങ്ങനെ നിയന്ത്രിക്കുന്ന എന്ന് വിശദമാക്കുന്ന
Hamish McDonald ന്റെ The Polyester Prince: The Rise of Dhirubhai Ambani

ഈ കൃതികള്‍ നിരോധിക്കാന്‍ കാരണമെന്തെന്ന് ഇന്നും അജ്ഞാതമാണ് . ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ചും സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കും വേണ്ടി ഘോരഘോരം പ്രസംഗിക്കുമ്പോഴും അതജ്ഞാതമാണ് .


Ref: http://www.forum4ca.com/book-review-the-polyester-prince-%E2%80%93-the-banned-biography-of-dhirubhai-ambani/
http://www.survivalinternational.org/tribes/dongria
http://www.minesandcommunities.org/article.php?a=9278

Thursday, 27 January 2011

അറവാണികള്‍




ഒരു നീണ്ട ട്രെയിന്‍ യാത്രയുടെ ആലസ്യത്തോടെ സേലം റെയില്‍ വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിലൂടെ തിരക്കിട്ട് പുറത്ത് കടക്കുമ്പോഴാണ് കടും നിറത്തിലുള്ള ചേലകള്‍ ചുറ്റി ഒരുപാട് സ്ത്രീകള്‍ വല്ലാത്ത ബഹളം വെക്കുന്നത് കാണുന്നത് ,ചെന്നൈ മുതല്‍ കൂടെയുണ്ടായിരുന്ന സഹയാത്രികനോട് എന്താ സംഗതിയെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പുച്ഛത്തോടെ പറഞ്ഞു

“അത് അറവാണികളാണ് , കൂവാഗത്ത് അവരുടെ ഉത്സവമാണത്രെ , അഴിഞ്ഞാട്ടം തന്നെ ഉത്സവം ,അസത്തുക്കള്‍ “.

അറവാണികള്‍ എന്ന അശ്ലീലപ്രയോഗം തെറിയല്ലാത്ത അര്‍ത്ഥത്തില്‍ ആദ്യമായി കേട്ടപ്പോള്‍ അമ്പരപ്പ് തോന്നി , അറവാണികളുടെ ഉത്സവമായ കൂവാഗം ഫെസ്റ്റിവലില്‍ അണിഞ്ഞൊരുങ്ങി പോകുന്നവര്‍ അഭിമാനത്തോടെ പറയുന്നു അറവാണികളാണ് തങ്ങളെന്ന് , തങ്ങള്‍ അങ്ങനെ അറിയപ്പെടാനാഗ്രഹിക്കുന്നുവെന്ന് .അറവാനെന്ന ദേവന്റെ ഒരു ദിവസത്തെ ഭാര്യയും ജീവിതകാലത്തെ മുഴുവന്‍ വിധവയുമാകാനാണ് അണിഞ്ഞൊരുങ്ങി പോകുന്നത് , അങ്ങനെയാണ് അറവാന്റെ ഐതിഹ്യം , അറവാണികളുടെയും .

മുപ്പത്തിമുക്കോടി ദൈവങ്ങളില്‍ അറവാനെന്ന ദൈവത്തെ പറ്റി കേള്‍ക്കാത്തതില്‍ അല്‍ഭുതമൊന്നുമില്ല , പക്ഷെ കുരുക്ഷേത്ര യുദ്ധത്തില്‍ അറവാന്റെ ഐതിഹ്യം അത്ര അപ്രസക്തമല്ലാത്തതാണ് .ഐതിഹ്യങ്ങള്‍ അറവാനെക്കുറിച്ച് പറയുന്നതിങ്ങനെ .

അറവാന്റെ പുരാണം

കുരുക്ഷേത്ര യുദ്ധത്തില്‍ കൌരവരുടെ മുന്നേറ്റം , പാണ്ഡവപക്ഷത്തെ ആശങ്കയകറ്റാന്‍ അര്‍ജ്ജുനന്‍ യുദ്ധദേവതയായ കാളിയെ ഉപാസിക്കുന്നു , കാളി പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചു - എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ പരിപൂര്‍ണ്ണനായ ഒരു പുരുഷനെ ബലി നല്‍കാന്‍ - അങ്ങനെ പരിപൂര്‍ണ്ണമായ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയവര്‍ മൂന്ന് പേരാണ് പാണ്ഡവപക്ഷത്ത് ഒന്ന് സാക്ഷാല്‍ ഭഗവാന്‍ കൃഷ്ണന്‍ രണ്ടാമത്തേത് അര്‍ജ്ജുനന്‍ , പിന്നെയുള്ളത് ഇരവാന്‍ - നാഗരാജാ‍വായ കൌരവ്യയുടെ മകളായ ഉലൂപിയില്‍ അര്‍ജ്ജുനനുണ്ടായ മകനാണ് ഇരവാന്‍ - ശ്രീകൃഷ്ണനും അര്‍ജ്ജുനനും പാണ്ഡവ പക്ഷത്തിന്റെ അനിവാര്യതകള്‍ അവരെ ബലിക്ക് നല്‍കിയാല്‍ യുദ്ധം ആര് നയിക്കും ,ഇരവാന്‍ സ്വയം ബലിസന്നദ്ധനായി പക്ഷെ മരിക്കും മുമ്പ് ചില നിബന്ധനകള്‍ വെച്ചു - എല്ലാം തികഞ്ഞ ഒരു പൂര്‍ണ്ണപുരുഷനെന്ന നിലക്ക് ബ്രഹ്മചാരിയായി മരിക്കാന്‍ കഴിയില്ല , ലൌകിക സുഖങ്ങള്‍ എല്ലാം അറിഞ്ഞിട്ട് മാത്രം മരിക്കാം , അതായത് സ്ത്രീസുഖം, അതും സുന്ദരിയും കുലീനയുമായിരിക്കണം .അറിഞ്ഞ് കൊണ്ട് ചാവേറായി പോകുന്നവനെയേത് പെണ്ണ് സ്വീകരിക്കും ?ജീവിതകാലം മുഴുവന്‍ വൈധവ്യം ചുമക്കാനാര് തയ്യാറാവും ? പാണ്ഡവപക്ഷത്തിന്റെ വിജയത്തിനായി സ്വയം ബലിദാനിയാകുന്നവന്റെ ആഗ്രഹം പോലും നിവര്‍ത്തിച്ച് കൊടുക്കാനാവില്ലെ ഭഗവാന്‍ ആശങ്കാകുലനായി , ഇരവാന്റെ മരണം അനിവാര്യമാണ് അത് വിധിയുമാണ് അതിനെ നിഷേധിക്കാനാവില്ല പക്ഷെ അത് അനാവശ്യമായ ഒരു വൈധവ്യത്തിലേക്കാണ് നയിക്കുന്നതിനെയെങ്ങനെ സാധൂകരിക്കും .ധാര്‍മ്മിക - നൈതിക ചിന്തകള്‍ക്കൊടുവില്‍ ഭഗവാനൊരിക്കല്‍ കൂടി മോഹിനീവേഷത്തിലവതരിക്കാന്‍ തീരുമാനിച്ചു - സുന്ദരിയും കുലീനയും സര്‍വ്വഗുണസമ്പന്നയുമായി സ്ത്രൈണതയുടെ പാരമ്യത്തില്‍ ഭഗവാന്‍ ഇരവാന് വധുവായി , ഒരു രാത്രി , അതിന് ശേഷം ബലിദാനിയാകുന്നവന്റെ ഭാര്യയായി , ഒരു സങ്കല്പം പോലെയോ ഒരു രാത്രി കഴിഞ്ഞാല്‍ അവസാനിച്ചേക്കാവുന്ന നിഗൂഡമായ ഒരു സ്വപ്നമാണെന്നറിഞ്ഞിട്ടും മോഹിനി ഇറവാനെ പ്രണയിച്ചു , ആ രാത്രിയുടെ അവസാനം അനിവാര്യമായ മരണമേറ്റ് വാങ്ങാന്‍ ഇരവാന്‍ യുദ്ധക്കളത്തിലേക്ക് പോകുമ്പോള്‍ ഇരവാനോടുള്ള പ്രണയം വെറുമൊരു താല്‍ക്കാലികപരിഹാരം മാത്രമായിരുന്നില്ലെന്ന് തിരിച്ചറിയുന്നു ,ഇരവാന്‍ യുദ്ധക്കളത്തില്‍ ശത്രുവിന്റെ അമ്പേറ്റ് പിടഞ്ഞ് മരിക്കുമ്പോള്‍ അന്തപുരത്തില്‍ മോഹിനി വിധവയായി മാറിക്കഴിഞ്ഞിരുന്നു , എല്ലാം അറിയുന്ന ഭഗവാന്റെ അവതാരമായിട്ട് പോലും പ്രണയത്തിന്റെ തീക്ഷ്ണതയില്‍ നിന്ന് രക്ഷപ്പെടാന്‍ മോഹിനിക്ക് കഴിയുന്നില്ല , ശിഷ്ടകാലം ഇറവാനോടുള്ള പ്രണയം കൊണ്ട് ഇറവാന്റെ വിധവയായി കഴിയുന്നു പുരാണത്തില്‍.


എല്ലാ വിധവകളെയും പോലെ തന്നെ പുരാണത്തില്‍ ജയിച്ചവരുടെയും തോറ്റവരുടെയും ഇടയില്‍ പോലുമല്ലാതെ അജ്ഞാതയായി മോഹിനി ജീവിച്ചിരിക്കണം ഇറവാന്റെ വിധവയായി .

ഐതിഹ്യം ഇവിടെ അവസാനിക്കുന്നു , ഭഗവാന്റെ മോഹിനീ വേഷം ട്രാന്‍സ്ജെന്റര്‍ സങ്കല്പങ്ങളുടെ ഉദാത്ത മാതൃകയായി , പ്രണയത്തിന്റെ ഔന്നത്യവുമായി തമിഴ് നാട്ടിലെ വിഴുപുരത്ത് കൂവാഗത്ത് നില നില്‍ക്കുന്നു തമിഴരുടെ തനത് “അകാര” പ്രീതി കൊണ്ടാകാം ഇവിടെ ഇരവാന്‍ അറവാന്‍ ആണ് അങ്ങനെ അറവാന്റെ ഭാര്യമാര്‍ അറവാണികളായി .ഐതിഹ്യത്തിലെ അപ്രസക്തനായ അറവാന്‍ ഇവിടെ ദൈവമാണ് കൂത്താണ്ടവരായി ആരാധിക്കപ്പെടുന്നു .അറവാണികള് എന്നത്‍ പവിത്രമായ ഒരു സ്ഥാനമായി , അതില്‍ അഭിമാനിച്ചു , ദൈവീകമായ പരിണയത്തെയും അതിന്റെ വൈധവ്യത്തെയും അവര്‍ ആരാധിച്ചു പക്ഷെ അറവാണികള്‍ സമൂഹത്തില്‍ അശ്ലീലമായിതീര്‍ന്നു .

അനുയോജ്യമല്ലാത്ത ശരീരത്തില്‍ ഒതുക്കിവെക്കപ്പെട്ട ഒരു ലൈംഗികതയുമായി ജനിക്കുന്നവര്‍ , കുടുംബത്തിന്റെ , സമുദായത്തിന്റെ , നാടിന്റെ അവഗണനകള്‍ , ക്രൂരമായ പരിഹാസങ്ങളേറ്റ് വേദനിക്കുന്നവര്‍ ആരും മനസ്സിലാക്കാതെ പോകുമ്പോള്‍ സ്വയം തിരഞ്ഞെടുക്കുന്ന വഴികളിലൊന്ന് അറവാ‍ന്റെ വിധവകളായി സ്വയം സമര്‍പ്പിക്കുക , വര്‍ഷത്തിലൊരിക്കല്‍ കൂത്താണ്ടവര്‍ കോവിലില്‍ നടക്കുന്ന ആഘോഷത്തില്‍ ഒരു രാത്രി മാത്രം നീളുന്ന പതിവ്രതകളായ ഭാര്യമാരായി മഞ്ഞള്‍താലി അണിയുകയും പിറ്റേന്ന് അനിവാര്യമായ വിധിയുടെ ആവര്‍ത്തനം പോലെ വൈധവ്യം സ്വയം വരിക്കുന്നു.

മഞ്ഞചരടില്‍ കോര്‍ത്ത പരിപാവനമായ താലിയെ അറുത്തുമാറ്റുന്നു , സിന്ദൂരം മായ്ച്ച് കളയുന്നു , പലവര്‍ണ്ണങ്ങളിലുള്ള കുപ്പിവളകള്‍ പൊട്ടിച്ചിതറുന്നു , ശുഭ്രവസ്ത്രം ധരിച്ച് അകൃത്രിമമായ ദുഖത്തോടെ അലമുറയിട്ട് കരയുന്ന അറുവാണിച്ചികള്‍ അറവാന്റെ വിധവകള്‍ .കൂത്താണ്ടവര്‍ കോവിലിന്റെ ചരിത്രമറിയില്ല കാലാകാലങ്ങളായി മൂന്നാം ലിംഗത്തിന്റെ സത്വപ്രകാശനം വൈധവ്യത്തിന്റെ രോദനം കൊണ്ട് വിഴുപുരത്തെ തെരുവുകളില്‍ അലയടിച്ച് കൊണ്ടിരിക്കുന്നു , ആരുമല്ലാതെയായി പോകുന്ന , ആരുമില്ലാതെയായിപോകുന്ന ഒരു പാട് ജന്മങ്ങള്‍ , ജന്മം കൊടുത്തവര്‍ക്ക് അസ്വസ്ഥതയായി തീരുമ്പോള്‍ സ്വയം ഇറങ്ങിപുറപ്പെട്ട് തെരുവുകളില്‍ പരിഹാസപാത്രമാകുന്നവര്‍ അവരൊക്കെയാണ് അറവാന്റെ വിധവകളാകാന്‍ വരുന്നത് . അവരൊന്ന് കരഞ്ഞ് കൊണ്ട് എങ്കിലും സ്വയം തെളിയിക്കട്ടെ അവരാരെന്ന് , സ്വയം വിശ്വസിക്കട്ടെ അനുയോജ്യമല്ലാത്ത ശരീരത്തില്‍ നിറഞ്ഞ് ‍ നിറഞ്ഞ് നില്‍ക്കുന്ന സ്ത്രൈണതയുടെ രൂപം .

അറവാണികള്‍ നമ്മുടെ സമൂഹത്തില്‍ അശ്ലീലമാണ് , മലയാളം നിഘണ്ടുവില്‍ അറവാണിയെന്നാല്‍ കുലടയെന്നാണ് , പലപുരുഷന്മാരോടൊന്ന് ശയിക്കുന്നവളെന്നാണ് പക്ഷെ പുരാണത്തിലെ അറവാണി ഭഗവാന്‍ കൃഷ്ണന്റെ മോഹിനി അവതാരമാണ് , ദൈവീകമാണ് , പതിവ്രതയായ വിധവയാണ് അതെങ്ങനെ കുലടയായി തീര്‍ന്നെന്ന് അറിയില്ല , മലയാള ഭാഷാപുരാണത്തില്‍ അശേഷം അറിവില്ല അത് കൊണ്ട് മലയാളി അറവാണികള്‍ക്ക് മറ്റൊരു ചരിത്രമുണ്ടാകുമായിരിക്കും .


മൂന്നാം ലിംഗത്തിന്റെ സ്വത്വവാദങ്ങളെ അവജ്ഞയോടെ , സാന്നിധ്യത്തെപ്പോലും വെറുപ്പോടെ കണ്ടിരുന്ന കാലത്താണ് തമിഴ് നാട്ടില്‍ പഠിച്ചിരുന്നത് ,കറുത്ത ശരീരങ്ങളെ അസഹനീയമായ രീതിയില്‍ ചായം പൂശി സാരിക്കുള്ളില്‍ നിറച്ച് വെച്ച കൃത്രിമ സ്ത്രൈണതാ ബിംബങ്ങളുമായി ട്രെയിന്‍ യാത്രകള്‍ക്കിടയില്‍ അസ്വസ്ഥതകളായി ഭിക്ഷ ചോദിച്ച് വരുന്ന വികൃതരൂപങ്ങളെ അവജ്ഞയോടെ മാത്രം നോക്കി ,ഭിക്ഷ കൊടുത്തില്ലെങ്കില്‍ കേള്‍ക്കാവുന്ന ശാപവാക്കുകളും അശ്ലീല ചേഷ്ടകളെയും ഭയന്നത് കൊണ്ട് മാത്രം പൈസ കൊടുക്കേണ്ടി വന്നു . അരണ്ട വെളിച്ചമുള്ള ബസ് സ്റ്റാന്റുകളില്‍ , റെയില്‍ വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമുകളുടെ അറ്റത്തെ വിജനമായ ഓരത്ത് അങ്ങനെ പലയിടത്തും പരസ്യമായി തന്നെ അശ്ലീലചേഷ്ടകളോടെ ക്ഷണിക്കുന്ന കാഴ്ചകള്‍ ഇവരിങ്ങനെയൊക്കെ മാത്രമാണെന്ന് ഉള്ള ധാരണകളെ ശരിയെന്ന് വിശ്വസിപ്പിച്ചു .


പിന്നീട് ഹോസ്റ്റല്‍ ജീവിതത്തിനിടക്ക് മൂന്നാം ലിംഗത്തിന്റെ നിസ്സഹായത , അനുയോജ്യമല്ലാത്ത ശരീരത്തില്‍ പിറന്നവന്റെ /പിറന്നവളുടെ ആകുലതകള്‍ നേരിട്ട് കാണേണ്ടി വന്നു , ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ പുതുതായി വന്ന ഒരു പയ്യന്‍ - അക്കാഡമിക് ബ്രില്ല്യന്റ് , ഗണിത പാഠങ്ങള്‍ എല്ലാം മനപാഠമാക്കിയവന്‍ ,സഹപാഠികളെ കണക്ക് പറഞ്ഞ് കൊടുത്ത് സഹായിക്കുന്ന ഒരു അപ്പാവി പക്ഷെ അവന്റെ നടത്തയും നോട്ടവും ഭാവവുമെല്ലാം അവനറിയാതെ തന്നെ സ്ത്രൈണത നിറഞ്ഞതായിരുന്നു. തെറ്റായ ശരീരത്തില്‍ പിറക്കേണ്ടി വന്നവന്‍ , ആര്‍ത്തവം വരാത്ത ഒരു ശരീരത്തെക്കുറിച്ച് ഉലക്ണ്ഠപ്പെട്ട ഒരു കൌമാരകാലത്തെയോര്‍ത്ത് സ്വയം ശപിച്ചിരിക്കണം എന്നിട്ടുമവന്‍ ഒന്നും പ്രകടിപ്പിക്കാതെ ഒതുങ്ങിക്കൂടി പഠനത്തില്‍ മാത്രം ശ്രദ്ധിച്ചു ,അന്തര്‍മുഖനായി .

ഹോസ്റ്റലിലെ തിളച്ചവന്മാരുടെ പരിഹാസങ്ങള്‍ , ഉപദ്രവങ്ങള്‍ , ഒമ്പതെന്ന വിളികള്‍ , ഞരമ്പുകളുടെ തോണ്ടല്‍ - ഗതികെട്ട് പരാതിപ്പെടുമ്പോള്‍ നീയതിന് വിധിക്കപ്പെട്ടവനെന്ന തരത്തിലുള്ള ഹോസ്റ്റല്‍ വാര്‍ഡന്റെ മറുപടികള്‍ അവനെ തളര്‍ത്തി, അവന്റെ നിസ്സഹായമായ മുഖം വിഷാദത്തിന്റെ ആവരണം പുതച്ച് ആള്‍ക്കൂട്ടത്തെ നോക്കാന്‍ ഭയപ്പെട്ടു നടന്നു .അവന്റെ നിസ്സഹായതയെ ഞങ്ങള്‍ നിസ്സംഗരായി കണ്ടു നിന്നു ,അവസാനമൊരിക്കല്‍ പരാജയപ്പെട്ട ഒരു ആത്മഹത്യാ ശ്രമത്തിന് ശേഷം പഠനം നിര്‍ത്തി അവന്‍ നാട്ടിലേക്ക് തിരിച്ചു , പിന്നീടവന്‍ വിജയിച്ചിരിക്കാം ആത്മഹത്യയില്‍ .തന്റേതല്ലാത്ത ഒരു തെറ്റിന് ഭാവിയും ജീവിതവുമെല്ലാം നഷ്ടപ്പെട്ട് പോയ ഒരു ജീവന്‍ , ഞങ്ങള്‍ക്കവനെ സംരക്ഷിക്കാമായിരുന്നു ,അവനെതിരെയുള്ള പരിഹാസങ്ങളെ പ്രതിരോധിക്കാമായിരുന്നു ...പക്ഷെ ചെയ്തില്ല , നിസ്സംഗമായ ഒരോര്‍മ്മയായി അവന്‍ അജ്ഞാതനായി പോയി .

സമൂഹത്തില്‍ നിന്ന് ബഹിഷ്കരിക്കപ്പെട്ടവര്‍ , അവഗണിക്കപ്പെട്ടവര്‍ , തിരസ്കൃതരാക്കപ്പെട്ടവര്‍
പരിഹാസം മാത്രം കേള്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ , വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും പുറത്താക്കപ്പെടുമ്പോള്‍ ജീവിക്കാന്‍ വേണ്ടി ഭിക്ഷയെടുക്കുന്നു , ജീവിക്കാന്‍ വേണ്ടി സെക്സ് വര്‍ക്കറാകുന്നു , മറ്റൊരു തൊഴിലിന് അനുവദിക്കാത്തിടത്തോളം അവരങ്ങനെയല്ലാതെ എങ്ങനെ ജീവിക്കും ? പുനര്‍വിചിന്തനങ്ങളില്‍ മുന്‍ധാരണകള്‍ തെറ്റായും മൂന്നാം ലിംഗത്തിന്റെ സ്വത്വവാദത്തിന്റെ മാനുഷികത ശരിയായും വന്നു .


മൂന്നാം ലിംഗത്തോട് ഞാനടക്കം കാണിക്കുന്ന വിവേചനത്തിന്റെ ആഴമോ തോതോ അളക്കാനാവില്ല അതിന്റെ നൈതികതയും ധാര്‍മ്മികതയെയും കുറിച്ചെനിക്കൊന്നും പറയാനുമില്ല പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മൂന്നാം ലിംഗത്തിന്റെ അവസ്ഥകള് മൂന്നാം ലോകത്തിന്റെ‍ ആശങ്കകള്‍ പോലെ തുടരും , അവര്‍ മറ്റൊരു ലോകമാണ് അവരെ നമ്മുടെ ലോകത്തില്‍ കൂട്ടണ്ട , അവരുടെ ലോകത്തിലെങ്കിലും ജീവിക്കാന്‍ വെറുതെ വിടുക സദാചാരത്തിന്റെ കാവല്‍ മാലാഘകള്‍ .ജനിച്ച് പോയത് ഒരു കുറ്റമല്ലല്ലോ .അങ്ങനെ കരുതാന്‍ ശ്രമിക്കാം .

അനുബന്ധം .

ഇത്തവണത്തെ കൂവാഗം ഫെസ്റ്റിവലിനോടനുബന്ദിച്ച് അറവാണികള്‍ എന്ന സംബോധന മാറ്റി തിരുനങ്കൈ എന്ന് വിളിക്കാന്‍ തീരുമാനമായി .അപ്പോള്‍ അറവാന്റെ വിധവകള്‍ ഇനി മുതല്‍ തിരുനങ്കകളായിരിക്കും .

Picture courtesy - Flickr

Saturday, 23 October 2010

വെയില്‍ തിന്നുന്ന പക്ഷി എങ്ങോ പറന്ന് പോയി


അമ്പ് ഏതു നിമിഷത്തിലും മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്‍റെ ക്രൂരത കഴിഞ്ഞു “


അതെ വേടന്റെ ക്രൂരത കഴിഞ്ഞു , അമ്പ് തറച്ച് കഴിഞ്ഞു .

അറം പറ്റുന്നതെഴുതുന്നവര്‍ ക്രാന്തദര്‍ശികളായിരിക്കണം അല്ലെങ്കില്‍ അവസാനമായി ഒരു തുണ്ട് കടലാസ്സില്‍ ഇങ്ങനെ എഴുതി വെച്ച് എ. അയ്യപ്പന്‍ കടന്ന് പോകില്ലായിരുന്നു . എ . അയ്യപ്പന്റെ കവിതകളെക്കാള്‍ നാം പാടിപ്പുകഴ്ത്തിയത് മദ്യപാനവും അരാജകത്വവും നിറഞ്ഞ വ്യക്തിജീവിതമായിരുന്നു , ഭ്രാന്തനെന്നും അവധൂതനെന്നും തരം പോലെ നമ്മള്‍ മാറി മാറി വിളിച്ചു .


“ഞാന്‍ ലഹരിയുപയോഗിക്കില്ല ഞാനാണ് ലഹരി “ എന്ന് പറഞ്ഞതത് സാലവദോര്‍ ദാലി എന്ന ചിത്രകാരന്‍ ആയിരുന്നു .
എ. അയ്യപ്പന്റെ ജീവിതം നിരാശാ ഭരിതമായ ഒരു ലഹരിയായിരുന്നു , സ്വയം ലഹരിയായി അതിലാണ്ട് പോയ ആ ജീവിതം
ഒരു കാവ്യലോകത്തെ ഇതിഹാസമായിരുന്നില്ല , അദ്ദേഹം ഒരു ഒരു മഹാകവിയുമായിരുന്നില്ല .

വെറുമൊരു മരണം കൊണ്ട് അങ്ങനെയാകാനും തെരുവിന്റെ സുരക്ഷിതത്വത്തില്‍ കഴിയുന്നൊരാളാഗ്രഹിച്ചിരുന്നിരിക്കില്ല , ജീവനെക്കാള്‍ വില ചിലപ്പോഴെങ്കിലും അരക്കുപ്പി മദ്യത്തിന്റെ ലഹരിയെക്കാള്‍ ചെറുതായി കണ്ടിരുന്ന മനുഷ്യന്‍.
യഥാര്‍ത്ഥത്തില്‍ എ അയ്യപ്പന്‍ ഒരു മനുഷ്യനായിരുന്നു , വെറുമൊരു മനുഷ്യന്‍ മാത്രം, നമ്മളൊക്കെ പലപ്പോഴും അല്ലാത്തതും അതാണ് .

മരണത്തിന്റെ തൊട്ട് മുമ്പുള്ള നിമിഷങ്ങളില്‍ സമയം പോരാതെ വരുമെന്ന് പ്രവചനശക്തിയൊടെ പറഞ്ഞ് തന്റെ കവിതകളില്‍ ഒസ്യത്ത് എഴുതി വെച്ച് അപ്രതീക്ഷിതമായി എന്ന് പോലും പറയാനാകാതെ കടന്ന് പോകുമ്പോള്‍ ഇടനെഞ്ചിലൊരു കനപ്പ് തോന്നുന്നുണ്ട് , ഉപാധികളില്ലാതെ എപ്പോഴും സ്നേഹിച്ച് നമ്മോട് എപ്പോഴും കലഹിച്ച് കൊണ്ടിരുന്ന ഒരാള്‍ പെട്ടെന്ന് അപ്രത്യക്ഷമാകുമ്പോഴുള്ള ശൂന്യത തൊന്നുന്നുണ്ട് .


പ്രിയപ്പെട്ട കവീ...മരിക്കുമ്പോള്‍ വാഴ്ത്താന്‍ മാത്രമായാണ് നിന്റെ കവിതകളെയും സ്വപ്നങ്ങളെയും നിന്റെ ജീവിതകാലമത്രയും ഞങ്ങള്‍ കാത്ത് വെച്ചത് , കലാലയത്തിലെ ഓട്ടോഗ്രാഫുകളില്‍ നിന്റെ വരികളെഴുതി ഗര്‍വ്വ് കാണിക്കുമ്പൊഴും ആ വരികളുടെ കര്‍ത്താവിനെ അജ്ഞാതനാക്കി വെച്ചു .അവധൂതന്മാരെ അകന്ന് നിന്ന് മാത്രം വിമര്‍ശിക്കാനും ഭ്രാന്തന്മാരെന്ന് ആക്ഷേപിക്കാനുമായിരുന്നു ഞങ്ങള്‍ക്കെന്നും താല്പര്യം , സിനിമയില്‍ ഒരു ജോണ്‍ എബ്രഹാം , കവിതയില്‍ എ അയ്യപ്പന്‍ അങ്ങനെ ഭ്രാന്തന്മാരുടെ നിരയിലേക്ക് പണ്ടെ ഞങ്ങള്‍ നീക്കി നിര്‍ത്തിയിരുന്നുവല്ലോ.
തെരുവില്‍ അനാഥനായി അലയുമ്പോഴെല്ലാം ഭൂതകാലത്തിന്റെ വിസ്മൃതിയാഗ്രഹിച്ച് കൊണ്ടായിരിക്കണം വൃത്തവും അലങ്കാരവുമൊന്നുമില്ലാതെ കവിതകള്‍ എഴുതിയിരുന്നത് , ഭൂതകാലത്തില്‍ പരാജയപ്പെട്ടവര്‍ക്കെല്ലാം അയ്യപ്പന്റെ പൊള്ളുന്ന ഓര്‍മ്മകളാവുന്നത് അതില്‍ അനുഭവത്തിന്റെ തീക്ഷ്ണത അതിലുള്ളത് കൊണ്ടാണ് .


വീടില്ലാതൊരുവനോട് വീടിന്നൊരു പേരിടാനും
മക്കളില്ലാതൊരുവനോട് കുട്ടിക്ക് ഒരു പേരിടാനും
ചൊല്ലവേ നീ കൂട്ടുകാരാ രണ്ടുമില്ലതൊരുവന്റെ
നെഞ്ചിലെ തീ കണ്ടോ

ഇല്ലാത്തവന്റെ വേദനയാണ് ഓരോ വാക്കിലും ഓരോ വരിയിലും , അതാണ് ഇല്ലാത്തവനെയും ഉള്ളവനെയും ഒരു പോലെ പൊള്ളിക്കുന്നതും . തെരുവുകള്‍ സാമ്രാജ്യമാക്കി , കടത്തിണ്ണകളും വഴിയോരങ്ങളും അന്തപുരമാക്കി , ആകാശം മേല്‍ക്കൂരയാക്കി സ്വന്തം ലോകത്തെ ചക്രവര്‍ത്തിയായിരുന്നു അവസാന ശ്വാസം വരെയും അയ്യപ്പന്‍


വൃത്തവും ഛന്ദസ്സുമില്ലാത്ത കവിതകളില്‍‍ വിശപ്പും പ്രണയവും ദാരിദ്ര്യവുമെല്ലാം അഗ്നിബിംബങ്ങളായി വായനക്കാരനെ ചുട്ട് പൊള്ളിച്ചു , പ്രണയത്തില്‍ പച്ചമനുഷ്യന്റെ അരാജകത്വമായിരുന്നു എ അയ്യപ്പന്‍ . വല്ലപ്പോഴുമൊരിക്കല്‍ വീടെന്ന സങ്കല്പത്തില്‍ താമസിക്കാനഭയം നല്‍കിയ സുഹൃത്തിന്റെ ഭാര്യയോട് പ്രണയം തോന്നിയെന്ന് ആ സുഹൃത്തിനോട് തന്നെ പറയുമ്പോള്‍ ആ നിഷ്കളങ്കതയില്‍ അവര്‍ അല്‍ഭുതപ്പെട്ടിരിക്കണം , എന്നിട്ടും അയ്യപ്പന്‍ അവരുടെ സുഹൃത്തായി ഏത് പാതിരാത്രിയിലും കയറി ചെല്ലാവുന്ന അഭയ സ്ഥാനമായി തന്നെ തുടര്‍ന്നത് അയ്യപ്പനെന്ന വലിയ മനസ്സിനെ അവര്‍ക്കറിയാവുന്നത് കൊണ്ടാണ് . പ്രണയം അയ്യപ്പന് ശരീരമായിരുന്നില്ല , പ്രണയം ജീവിതം തന്നെയായിരുന്നു .


എന്റെ ഹൃദയത്തിന്റെ
സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രേമത്തിന്റെ ആത്മ തത്വം
പറഞ്ഞ് തന്നവളുടെ ഉപഹാരം

പ്രണയത്തെ ദാര്‍ശനികമായ ഔന്നത്ത്യത്തില്‍ ബിംബ വല്‍ക്കരിക്കുകയും കാല്പനികമായ ഭാഷയില്‍ അവതരിപ്പിക്കുകയുമായിരുന്നു കവി .പ്രായോഗികതയെന്തെന്ന് ചിന്തിക്കാന്‍ പോലും കൂട്ടാക്കാതെ , ഭാവിയെക്കുറിച്ചോര്‍ക്കാതെ
ഭൂതകാലത്തിന്റെ ഓര്‍മ്മയില്‍ മാത്രം ജീവിച്ചു , ദുരന്തം നിറഞ്ഞതായിരുന്നു അയ്യപ്പേട്ടന്റെ ജീവിതം കുട്ടിക്കാലത്ത് തന്നെ അച്ഛനുമമ്മയും നഷ്ടപ്പെട്ട് പോയി , പിന്നെ പ്രയാണമായിരുന്നു , ലക്ഷ്യബോധമില്ലാത്ത പ്രയാണം .


ദാരിദ്ര്യം , അതിന്റെ നിസ്സഹായമായ വറുതി , അതൊക്കെയായിരുന്നു എ.അയ്യപ്പന്റെ കവിതകളുടെ ഇതിവൃത്തം , ആരെയും കൂട്ടാക്കാ‍തെ നിഷേധിയായി ജീവിച്ച മനുഷ്യന്റെ ഉള്ളിലെപ്പോഴും സ്നേഹമായിരുന്നു ,സ്നേഹത്തിന്റെ വരികളായിരുന്നു ആ കവിതകളെല്ലാം .ഒരു മനുഷ്യന്‍ അരാജകവാദിയായി ജീവിച്ചു , ഒടുവില്‍ അരാജകവാദിയായി മരിച്ചു അങ്ങനെ
വെയില്‍ തിന്ന് തിന്ന് ഒരു പക്ഷി എങ്ങോ പറന്ന് പോയി .

ഓരോ മരണത്തിന് ശേഷവും അവരെക്കുറിഞ്ഞ് അറിഞ്ഞതും പറഞ്ഞ് കേട്ടതൂം കണ്ടതും ഒരുമിച്ചിരുന്ന് കള്ള് കുടിച്ചതും കവിത പാടിയതുമായ സ്വകാര്യ പൊങ്ങച്ചങ്ങളെ കൂട്ടിയെഴുതി വെക്കുന്ന ഒരു കാറ്റഗറി അനുസ്മരണമായി ഞാനും എന്റെ ഓര്‍മ്മകളെ കുറിക്കുന്നു ,

Monday, 30 November 2009

ലിബര്‍ ഹാന്‍ കൊണ്ട് ആര്‍ക്കാണ് നേട്ടം

-


ഭാവിയില്‍ ആധുനിക ഭാരതത്തിന്റെ ചരിത്രത്തെ രണ്ട് പകുതിയായി വിഭജിക്കുമ്പോള്‍ മധ്യരേഖയായി 1992 ഡിസംബര്‍ 6 എന്ന ദിവസത്തെ പരാമര്‍ശിക്കേണ്ടി വരുമെന്ന് തോന്നുന്നു . തര്‍ക്കത്തിലിരുന്ന ഒരു കെട്ടിടം പൊളിച്ചു എന്നത് കൊണ്ടല്ല മറിച്ച് ഇന്ത്യയെന്ന മഹാരാജ്യത്ത് “ സെക്യുലര്‍” എന്ന പദത്തിന്റെ അര്‍ത്ഥം ഭരണകൂട നിരുത്തരവാദത്തിന്റെ കൂടെ ഫലമായി ഫാസിസ്റ്റുകള്‍ മാറ്റി മറിച്ച ദുരന്തദിനമെന്ന നിലയിലാണ് 1992 ഡിസംബര്‍ 6 നില നില്‍ക്കുന്നത് .

ഇസ്ലാമിക ഫണ്ടമെണ്ടലിസത്തിന്റെ തുറന്നടിച്ചുള്ള കടന്ന് വരവിനും അതിന്റെ വര്‍ദ്ധിച്ച പ്രചാരത്തിനും തുടക്കം കുറിക്കാനായി എന്നതും ബാബറി മസ്ജിദ് ധ്വംസനത്തിലൂടെ സാധിച്ചു . നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ബാബറി മസ്ജിദ് ധ്വംസനത്തിന്റെ ഓര്‍മ്മപുതുക്കല്‍ ദിവസത്തിന് ആഴ്ചകള്‍ മാത്രം മുമ്പേ കെട്ടിപ്പൂട്ടി വെച്ചിരിക്കുന്ന ഒരു “അതി ഭയങ്കര രഹസ്യ റിപ്പോര്‍ട്ട് “ മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടുന്നു , ആര്‍ക്കുമറിയാത്ത എന്തോ രെഹസ്യം പോലെ കൊട്ടിഘൊഷിക്കപ്പെടുന്നു , ഇതില്‍ “ കപട മിതവാദിയാണ് “ വാജ്പേയി എന്നൊരൊറ്റ കണ്ടെത്തല്‍ മാത്രമാണ് ലിബര്‍ ഹാന്‍ കമ്മീഷന് കുറച്ചെന്തെങ്കിലും വിവാദം ഉയര്‍ത്താന്‍ കഴിഞ്ഞ സംഗതി .ഈ 17 വര്‍ഷക്കാലം ഇന്ത്യയിലെ സാമാന്യ വിദ്യാഭ്യാസമുള്ള ഏതൊരു പൌരനും അറിയാവുന്നതില്‍ കൂടുതല്‍ എന്തെങ്കിലും ലിബര്‍ ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് സംഘപരിവാര്‍ പോലും സമ്മതിക്കില്ല ,

ബാബറി മസ്ജിദ് ധ്വംസനത്തിന്റെ നൈതികതയും ചരിത്രവും ആവര്‍ത്തിച്ച് വായിച്ച് ഏടുകള്‍ കുത്തഴിഞ്ഞ് കിടക്കുന്ന ഒരു പുസ്തകം പോലെയായതിനാല്‍ അതിനെക്കുറിച്ച് ആവര്‍ത്തിക്കുന്നതിലര്‍ത്ഥമില്ല , എന്താണ് ലിബര്‍ ഹാന്‍ കമ്മീഷന്‍ കൊണ്ട് വന്ന കണ്ട് പിടുത്തങ്ങള്‍ ?

ഭാരതീയ ജനതാ പാര്‍ട്ടി എന്ന ഹിന്ദുത്വത്തിലധിഷ്ടിതമായ ഒരു രാഷ്ട്രീയ പാര്‍ട്ടി അധികാരത്തിലേറാനായി കൊണ്ട് വന്ന ഒരു മാര്‍ഗ്ഗമായിരുന്നു അയോധ്യാ രാമ ജന്മഭൂമി , അത് വളരെ വ്യക്തമായതും സംശയമില്ലാത്തതുമാണ് സ്വാഭാവികമായും അതിന്റെ നേതാക്കളായിരിക്കും അതിലുള്‍പ്പെട്ട വ്യക്തികള്‍ അതല്ലാതെ ഉത്തര ധ്രുവത്തില്‍ നിന്ന് അജ്ഞാത ജീവികള്‍ വന്ന് ഒരു കൂട്ടം ജനങ്ങളെ മസ്തിഷ്ക പ്രക്ഷാളനം ചെയ്ത് ഹിസ്റ്റീരിയ ബാധിച്ചവരെപ്പോലെയാക്കി എന്ന തിയറി ആരും പറയില്ല എന്ന് കരുതാം .

ബാബറി മസ്ജിദ് ധ്വംസനം കൊണ്ട് നേട്ടമുണ്ടാക്കിയത് സംഘപരിവാരവും അതു വരെ പ്രകടമായി പുറത്തെടുക്കാന്‍ മടിച്ച് നിന്ന ഇസ്ലാമിക വിഘടന വാദവും തന്നെയായിരുന്നു , ഓരോ ജിഹാദിനുള്ള ആഹ്വാനത്തിനൊപ്പവും എരിതീയിലെണ്ണയായി ബാബറി മ്സജിദിന്റെ ധ്വംസനം പരിവര്‍ത്തനം ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞു , ഒരു പക്ഷെ അത്തരമൊരു സാഹചര്യം അവര്‍ കാത്തിരുന്നിരിക്കാം . ഇന്ത്യന്‍ മുസല്‍ മാന്മാരുടെ മതേതര വിശ്വാസത്തിനേറ്റ കനത്ത ആഘാതം തന്നെയായിരുന്നു അത് , ആ തോന്നലിലൂടെ മതപരമായ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് വളരെ വളരെ വൃത്തിയായി ചൂഷണം ചെയ്യാന്‍ കഴിഞ്ഞതാണ് സംഘ പരിവാറിന്റെയും ഇസ്ലാമിക ഫണ്ടമെന്റലിസത്തിന്റെയും പിന്നീടുള്ള വളര്‍ച്ചക്ക് നാന്ദി കുറിച്ചത് .

“വിവാദ തര്‍ക്ക മന്ദിരം“ തകര്‍ത്തത് ബീ ജെ പിയിലെ നേതാക്കന്മാരടങ്ങുന്ന സംഘപരിവാര്‍ പ്രഭൃതികളാണെന്നോ
ഒരു ലക്ഷഠിലേറെ പേര്‍ അണി നിരന്ന ഒരു മാസ്സ് ഓപെറേഷനിന്റെ തെളിവെടുപ്പിന് നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ എന്തിനായിരുന്നു ?
അല്‍ഭുതം കൂറാന്‍ മാത്രം എന്തുണ്ട് ?

വളരെ വ്യക്തമായ ആസൂത്രണത്തോടെ , റിഹേഴ്സല്‍ വരെ നടന്നിരിക്കാവുന്ന ഒരു സംഭവത്തെ - അതിന് മുമ്പെ തന്നെ മുഖ്യ ധാരാ മാധ്യമങ്ങളില്‍ പലപ്പോഴായി രാം മന്ദിറിന് വേണ്ടി തയ്യാര്‍ ചെയ്തു വെച്ചിരിക്കുന്ന ആയിരക്കണക്കിന് ശിലാസ്തൂപങ്ങളും ശില്പങ്ങളും മന്ദിരത്തിന്റെ മാതൃകകളും സംഘപരിവാര്‍ നേതാക്കന്മാരുടെ രാമരാജ്യ സങ്കല്‍പ്പങ്ങളുടെ ഉദാത്തമായ സങ്കല്‍പ്പങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള അഭിമുഖ സംഭാഷണങ്ങളടക്കം 1992 ഡിസംബര്‍ 6 എന്ന തീയ്യതിക്ക് മുമ്പായി പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നു , , എന്നിട്ടും ഏതോ രഹസ്യസംഭവം പോലെ, ഒരു സുപ്രഭാതത്തില്‍ സംഭവിച്ചത് പോലെ കൃത്രിമമായ ഞെട്ടലുകളും ഖേദപ്രകടന നാടകങ്ങളും നടത്തുന്നത് എന്തിന് വേണ്ടി ?
മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ നിരുത്തരവാദത്തെ മരണാനന്തര ബഹുമതിയായി ഭരണഘടനാ പരമായ പരിമിതികളാക്കി ഇളവ് കൊടുത്ത് പൂര്‍ണ്ണ കുറ്റ വിമുക്തനാക്കി എന്നത് ഫലിതത്തോളമെത്തി നില്‍ക്കുന്ന ഒരു തെളിവെടുപ്പായിപ്പോയി , എല്ലാവര്‍ക്കും അറിയാവുന്ന കുറെ കാര്യങ്ങള്‍ പരത്തിപ്പറഞ്ഞു കെട്ടുകണക്കിന് ഫയലുകളാക്കി എന്നതല്ലാതെ എന്താണ് ലിബര്‍ഹാന്‍ കമ്മീഷന്‍ കൊണ്ടുണ്ടായ നേട്ടം ?
ലിബര്‍ ഹാന്‍ കമ്മീഷന്റെ പരിധി ബാബറി മസ്ജിദ് സംഭവത്തിന്റെ കാര്യ കാരണങ്ങളും അനുബന്ധങ്ങളും അന്വേഷിക്കല്‍ തന്നെയായിരുന്നു എന്നിരുന്നാലും പ്രതീക്ഷിച്ചത് അനന്തര നടപടികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളോ ശുപാര്‍ശയോ ഒക്കെ ആയിരുന്നു പക്ഷെ
കാര്യമായ നിര്‍ദ്ദേശങ്ങളോ തുടര്‍ നടപടികള്‍ക്കുള്ള ശുപാര്‍ശകളോ ഇല്ലാതെ കമ്മീഷന്‍ വെറുമൊരു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടായി അവശേഷിക്കുകയാണ് .

എന്താ‍യിരിക്കും ലിബര്‍ ഹാന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അനന്തര ഫലങ്ങള്‍ ?

താല്‍ക്കാലിക രാഷ്ട്രീയ സ്ഥിതിഗതികളില്‍ നേട്ടം കൊയ്തത് കോണ്‍ഗ്രസ്സ് തന്നെയായിരുന്നു എന്ന് ഏത് രാഷ്ട്രീയ നിരീക്ഷണത്തിലും എളുപ്പം തെളിയാവുന്ന ഒരു സംഗതിയാണ് . കരിമ്പ് കര്‍ഷകരുടെ പ്രക്ഷോഭം കക്ഷിഭേദമില്ലാതെ പ്രതിപക്ഷം ഒറ്റക്കെട്ടായി ഏറ്റു പിടിച്ചപ്പോള്‍ എടുത്ത് വെക്കാന്‍ കിട്ടിയ ഒരു തുറുപ്പ് ചീട്ടായിരുന്നു ലിബര്‍ ഹാന്‍ . 17 വര്‍ഷത്തിനിടക്ക് 48 തവണ നീട്ടിക്കൊടുത്ത കാലാവധിയും കൊണ്ട് കണ്ടെത്തിയ ഇത്തരമൊരു “മഹാ കണ്ടെത്തല്‍“ പൊതു സഭയില്‍ ചട്ടപ്രകാരം വെച്ചാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കാര്യമായ വിവാദമുണ്ടാക്കാനുള്ള കോപ്പോന്നും ഇല്ല എന്നും കീറിപ്പോകാവുന്നത്ര ദുര്‍ബലമായൊരു ചീട്ടാണതെന്ന് മനസ്സിലാക്കിയത് കൊണ്ടാവണം നിലവിലെ സ്ഥിതിയില്‍ ആ റിപ്പോര്‍ട്ടിനെ ഏതെങ്കിലും വിധേന വിവാദമാക്കിയേ തീരൂ എന്ന് മനസ്സിലാക്കിയ ആഭ്യന്തര മന്ത്രാലയം തന്നെയാവണം ഒരു കോപ്പി മാത്രമുള്ള അതീവ രഹസ്യ രേഖ പത്രങ്ങള്‍ക്ക് ചോര്‍ത്തിയത് അങ്ങനെ താല്‍ക്കാലികമായ ഒരു നേട്ടം ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാറിനുണ്ട് എന്നത് കഴിഞ്ഞാല്‍ ഒരു ലോങ്ങ് ടേം ഗുണം ഉണ്ടാക്കാന്‍ ശ്രമിക്കുക സംഘപരിവാറിന്റെ മത മൌലികവാദം തന്നെയാണ് .

രൂപവല്‍ക്കരണ കാലം മുതല്‍ ഹിന്ദു രാഷ്ട്രവാദത്തിലധിഷ്ടിതമായ പ്രഖ്യാപിത അജണ്ടയുള്ള , ആ വാദം ഉയര്‍ത്തിക്കൊണ്ട് മാത്രം ഉത്തരേന്ത്യന്‍ വര്‍ഗ്ഗീയ വിള നിലത്തില്‍ കൊയ്ത്തും മെതിയും കഴിഞ്ഞൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന് - അവരുടെ ആ പ്രഖ്യാപിത ആദര്‍ശത്തിന് അപചയം സംഭവിച്ചിരിക്കുന്നു ,പ്രഖ്യാപിത ഹിന്ദുത്വത്തില്‍ നിന്ന് വ്യതിചലിച്ചിരിക്കുന്നു എന്ന് സ്വയം വിമര്‍ശനമുയര്‍ത്തുന്ന ഒരു ഘട്ടത്തില്‍ ലിബര്‍ ഹാന്‍ റിപ്പോര്‍ട്ട് കച്ചിത്തുരുമ്പാണ് .


ചുരുങ്ങിയത് ആര്‍ എസ് എസ് ഉള്‍ക്കൊണ്ട സംഘപരിവാറിനെങ്കിലും . ഭൂരിഭാഗം ഹിന്ദുക്കളും ബാബറി ധ്വംസനത്തിന്റെ ശരി തെറ്റുകളെക്കുറിച്ച് സ്വയം വ്യാഖ്യാനിച്ച് സമാധാനപ്പെടുന്ന ഒരവസ്ഥയിലാണ് ശത്രുക്കള്‍ പോലും ആരോപണമുന്നയിക്കാന്‍ ഭയപ്പെടുന്നത്ര ഇമേജുള്ള മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും കൂടി “മോട്ടിവേഷന്‍ ലീഡര്‍ “ആയാണ് ഒരു ലക്ഷത്തില്പരം ഹിസ്റ്റീരിയാ ബാധിതരായ ജനക്കൂട്ടത്തെ സൃഷ്ടിച്ചത് വ്യക്തമാവുന്നത് , അതൊരു പുതിയ അറിവല്ലായിരുന്നെങ്കിലും പൊതു സമൂഹത്തില്‍ അതൊരു അവിശ്വാസത്തോളം ചെന്നെത്തുന്ന റിപ്പോര്‍ട്ട് തന്നെയായിരുന്നു .മുന്‍ നിര നേതാക്കളെല്ലാം കാലഹരണപ്പെടുകയോ റിട്ടയര്‍ ചെയ്യുകയോ ചെയ്ത ഈ സാഹചര്യത്തില്‍ സംഘ പരിവാറിന്റെ ബാലറ്റ് പാര്‍ട്ടിക്ക് മുന്നോട്ട് പോകാനുള്ള വഴിയില്‍ അപശകുനങ്ങളും പടല പിണക്കങ്ങളും മാത്രമായി ഭാജ്പാ എന്ന പാര്‍ട്ടി ഭാവിയിലുണ്ടാകുമോ എന്ന് ഭയന്ന് കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് ഉര്‍വ്വശീ ശാപം ഉപകാരമെന്ന കണക്കെ വന്ന് ഭവിച്ചത് .


സംഘപരിവാറിനൊരിക്കലും അവരുടെ ഐഡിയോളജി കവച്ച് വെക്കുന്ന തരത്തില്‍ ജനപ്രീതിയുള്ള മിതവാദി ഭാജ്പാ നേതൃത്വത്തില്‍ താല്പര്യമുണ്ടായിരുന്നില്ല , സോ കോള്‍ഡ് മിതവാദി അടല്‍ ബിഹാരി വാജ്പെയി പോലും എല്ലായ്പ്പോഴും മിതവാദത്തിനൊടുവില്‍ വന്ന് ചേരുന്നത് അത്തരം ഹിന്ദുത്വ ഐഡിയോളജിയുടെ മൃദു സമീപനത്തില്‍ മാത്രമായിരുന്നു , താരതമ്യേന അപ്രസക്തരായ രണ്ടാം നിര നേതാക്കളെ നേതൃത്വത്തിലേക്ക് കൊണ്ട് വരുന്ന തന്ത്രം മൂലം ഭാജ്പായുടെ മേലുള്ള കൃത്യമായ കടിഞ്ഞാണ്‍ സംഘപരിവാറിന് ഒരിക്കലും നഷ്ടപ്പെടുന്നില്ല , അധികാരത്തെക്കാളുപരി പ്രഖ്യാപിത അജണ്ടയാണ് അവരുടെ ലക്ഷ്യം എന്നത് കൊണ്ട് സമീപ കാല തെരെഞ്ഞെടുപ്പ് പരാജയങ്ങള്‍ സംഘപരിവാരത്തിനുള്ളില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടില്ല . ലിബര്‍ ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പുറത്ത് വരുമ്പോള്‍ സംഭവിക്കുന്നതെന്താണ് മുന്‍ നിര നേതാക്കളും മിതവാദികളെന്ന് പേര് കേട്ടവരെല്ലാം അഭിമാന പൂര്‍വ്വം പങ്ക് ചേര്‍ന്ന ഒരു ആഘോഷമായിരുന്നു ബാബറി മസ്ജിദ് ധ്വംസനം അക്കണക്കിന് അത് തെറ്റാണ് എന്ന് വിശ്വസിക്കാന്‍ ശ്രമിച്ച ഭാജ്പാക്കാര്‍ പോലും അതില്‍ ന്യായമില്ലേ എന്ന് സംശയിച്ച് തുടങ്ങുന്നു ,



രാമരാജ്യമെന്ന സങ്കല്‍പ്പം ഓരൊ ഉത്തരേന്ത്യന്‍ ഹിന്ദുവിന്റെ ഉള്ളിലും വ്യക്തമായ രീതിയില്‍ വര്‍ഗ്ഗീയമായ വേര്‍തിരിവ് സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതിലൂടെയാണ് രഥയാത്രയും അതിനെതുടര്‍ന്ന് വരുന്ന അധികാരവും ഭാജ്പാ സ്വന്തമാക്കിയത് , പക്ഷെ പിന്നീട് ഒരു ജനാധിപത്യ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളുടെ സ്വാഭാവികമായ രൂപമാറ്റം കൊണ്ട് സംഘപരിവാറിന്റെ മൌലികതയില്‍ നിന്നും ഒരു അകലം കാത്ത് സൂക്ഷിക്കേണ്ടി വന്നത് കൊണ്ടായിരിക്കണം ഭാജ്പാക്ക് രാമ ക്ഷേത്ര നിര്‍മ്മാണമെന്ന പ്രഖ്യാപിത അജണ്ട നടകത്താനാവാതിരുന്നത് ..സംഘപരിവാറിന് അതിന്റെ പ്രഖ്യാപിത അജണ്ടയിലൂന്നിയൊരു പുനരേകീകരണത്തിനും തീവ്ര ഹിന്ദുത്വ നിലപാടുകളുടെ ന്യായീകരണത്തിനുമായി ഒരു കളമൊരുങ്ങിക്കഴിഞ്ഞു ...


പരസ്പരം ആശയ ഐക്യമില്ലാതെ വിഘടിച്ച് നില്‍ക്കുന്ന ഹിന്ദുത്വ വാദക്കാരെ മുഴുവന്‍ ഏകോപിക്കുന്നതിന് ബാബറി മസ്ജിദ് - രാമ ജന്മഭൂമി പ്രശ്നത്തെ ഉപയോഗിച്ചതിന്റെ തെളിവായിരുന്നു 1992 ല്‍ നമ്മള്‍ കണ്ടത് ,രാമമന്ദിരവും രാമ രാജ്യവുമായി വികാര നിര്‍ഭരമായ മറ്റൊരു രഥയാത്ര ഉടനെ പ്രതീക്ഷിക്കാം .ഉത്തരേന്ത്യന്‍ വര്‍ഗ്ഗീയ പടനിലങ്ങളിലെ അത്യുഗ്ര ശേഷിയുള്ള അന്തകവിത്തായി ലിബര്‍ ഹാന്‍ റിപ്പോര്‍ട്ട് മാറാതിരിക്കട്ടെ .




picture courtsey - google

Monday, 24 August 2009

ചരിത്രത്തിന്റെ നിഷേധങ്ങള്‍, നിരോധനങ്ങള്‍





History is not melodrama, even if it usually reads like that.

Robert Penn Warren




ചരിത്രമെന്നത് അവ്യക്തത നിറഞ്ഞ ഭൂതകാലത്തിന്റെ നേര്‍ രേഖയും ആവര്‍ത്തനം അതിന്റെ നിയോഗവുമാണ് , നായകനും പ്രതിനായകനും എന്നിങ്ങനെ രണ്ട് ചേരിയായി വിഭജിക്കപ്പെടാതെ ചരിത്രത്തില്‍ വ്യക്തികള്‍ നില നില്‍ക്കുന്നില്ല , അത് ചരിത്രത്തിന്റെ നിയതമായ ബാധ്യതയുമാണ് .

വിഭജന കാലത്തെ ദയനീയമായ പലായനങ്ങള്‍ക്കും ക്രൂരമായ ആട്ടിപ്പായിക്കലുകള്‍ക്കും പഴി ചാരാന്‍ ഒരാള്‍ വേണമായിരുന്നു , ഏത് ദുരന്തത്തിനും ബാധിക്കപ്പെട്ടവര്‍ക്ക് വേണ്ടി ഒരു വില്ലന്‍ ആവശ്യമായി വരുന്നുണ്ടല്ലോ , എതിര്‍ ടീമിന്റെ കാപ്റ്റന്‍ വില്ലനാകുന്നത് വളരെ സ്വാഭാവികവും ഏറെ പരിചയമുള്ളതുമാണ് അത് കൊണ്ട് തന്നെ മുഹമ്മദ് അലി ജിന്ന ആ കര്‍ത്തവ്യം നമുക്ക് വേണ്ടി ഭംഗിയായി നിറവേറ്റി . ചരിത്രത്തില്‍ ഭൂതകാലത്തെ സത്യങ്ങളെക്കാള്‍ പ്രാധാന്യം വര്‍ത്തമാന കാലത്തിന്റെ നില നില്‍പ്പിനായത് കൊണ്ട് മുസ്ലീം മതമൌലിക വാദിയും വിഘടനവാദിയുമായ ഒരു ജിന്നയെ നമ്മള്‍ ചരിത്രത്തില്‍ പഠിച്ചു , പഠിച്ച് കൊണ്ടേ ഇരിക്കുന്നു .

മുഹമ്മദ് അലി ജിന്നാ എന്ന പാക്കിസ്ഥാന്‍ രാഷ്ട്രപിതാവ് ഇന്‍ഡ്യന്‍ പൊതു സമൂഹത്തിന്റെ മനസ്സാക്ഷിക്ക് മുന്നില്‍ വെറുക്കപ്പെട്ട ഒരു കഥാപാത്രമാണ് , അത് തിരുത്താ‍ന്‍ ശ്രമിക്കരുത് , അത് കൊണ്ട് ജസ്വന്ത് സിങ്ങ് എന്ന പഴയ ഭാജ്പാക്കാരന്‍ എഴുതിയ "Jinnah-India, Partition, Independence". എന്ന പുസ്തകം നിരോധിക്കണമെന്ന് ആര്‍.എസ് എസ് ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ ഗുജറാത്ത് സര്‍ക്കാര്‍ അത് നിരൊധിച്ച് കഴിഞ്ഞിരുന്നു .രാഷ്ട്രത്തിന്റെ പൊതു മനസ്സാക്ഷിക്ക് കളങ്കമേല്‍ക്കാതിരിക്കാനായി രാജ്യവ്യാപകമായി നിരോധിക്കപ്പെടാനിനി അധിക നാളുകള്‍ കാത്തിരിക്കേണ്ടി വരില്ല എന്ന് തന്നെ കരുതാം.

ലാല്‍ കൃഷ്ണ അദ്വാനി , വാജ്പെയി മാറിയ ഒഴിവിലേക്കുള്ള മതനിരപേക്ഷ സീറ്റിനായുള്ള പരിശ്രമത്തിന്റെ ഭാഗമായി പാക്കിസ്ഥാന്‍ സന്ദര്‍ശന വേളയില്‍ “ ജിന്ന മതേതരവാദിയാണ് “ എന്നൊന്ന് പറഞ്ഞ് നോക്കിയത് വലിയ വിവാദമായെങ്കിലും “ ബാബറി മസ്ജിദ് പൊളിച്ച ദിവസമാണ് തന്റെ ജീവിതത്തിലെ ഏറ്റവും ദുഖകരമായ ദിവസം “ എന്ന് പറഞ്ഞ അതേ മെയ്‌വഴക്കത്തോടെ ഇന്ത്യയില്‍ തിരിച്ചെത്തിയ ഉടനെ മലക്കം മറിഞ്ഞു കളഞ്ഞു അദ്ദേഹം , എങ്കിലും നാഗ് പൂരില്‍ ഒരു അസ്വാര‍സ്യത്തിനും പുകച്ചിലിനും കുറച്ച് നാളത്തെക്കെങ്കിലും അത് കാരണമായി . ജസ്വന്ത് സിങ്ങിന്റെ പുസ്തകത്തില്‍ ജിന്നയെക്കുറിച്ചുള്ള പരാമര്‍ശങ്ങളെല്ലാം ഇന്ത്യയിലെ പാക്കിസ്ഥാന്‍ ലോബിയുടെ കൈ കടത്തലാണ് എന്ന് ആര്‍.എസ്.എസ്സ് അസ്സന്ദിഗ്ദമായി പ്രഖ്യാപിച്ച് കളഞ്ഞത് ഇന്നലെയാണ് [23.08 .2009 ] .

മുഹമ്മദ് അലി ജിന്ന എന്നും ഇന്ത്യന്‍ ചരിത്രത്തില്‍ ക്രൂരനായ മതമൌലിക വാദിയും ഒറ്റ്കാരനുമായി നില നില്‍ക്കേണ്ടത് നമ്മുടെ ആവശ്യമാണ് മറിച്ച് ചിന്തിക്കുന്നത് നിഷ്കപടമായ നമ്മുടെ ദേശസ്നേഹത്തിന്റെ പവിത്രതക്ക് മങ്ങലേല്‍പ്പിക്കും . പക്ഷെ ചില നേരത്തെങ്കിലും പഴയ ചില കഥകളും ചരിത്രക്കുറിപ്പുകളും എഴുതിയെഴുതി എഴുത്തുകാരന്റെ അനുവാദമില്ലാതെ ചരിത്രത്തിന്റെ നേരിലേക്ക് കടന്ന് ചെല്ലുന്നു .

എച്ച് . വൈ ശേഷാദ്രി എന്ന സംഘ പരിവാറിന്റെ ചരിത്രകാരന്‍ 1982 ല്‍ ഇംഗ്ലീഷിലെഴുതിയ പുസ്തകമാണ് . “ വിഭജനത്തിന്റെ ദുഖ കഥ “ പ്രസിദ്ധീകരിച്ചത് ജാഗരണ പ്രകാശനും പിന്നീട് പല ഭാഷകളിലായി പല പതിപ്പുകള്‍ ഇറങ്ങിയ പുസ്തകം അതത് ഭാഷകളിലെ സംഘപ്രസിദ്ധീകരണ സ്ഥാപനങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്

" കാലക്രമേണ നാം ഭൂരിപക്ഷം , ന്യൂന പക്ഷം ഹിന്ദു സമുദായം , മുസ്ലീം സമുദായം എന്നിങ്ങനെയുള്ള വിഭിന്നതകള്‍ അപ്രത്യക്ഷമാകാന്‍ വേണ്ടി പ്രയത്നിക്കണം .വാസ്തവത്തില്‍ ഇവയായിരുന്നു സ്വാതന്ത്ര്യവും സ്വരാജ്യവും ലഭിക്കുന്നതിന് ഏറ്റവും തടസ്സമായിരുന്നത് , ഇവയില്ലായിരുന്നെങ്കില്‍ നാം ഇതിലും വളരെ മുമ്പ് സ്വാതന്ത്ര്യപ്രാപ്തി കൈവരിച്ചേനെ , നിങ്ങള്‍ക്ക് ഏത് ജാതിക്കാരനും മതക്കാരനുമാകാം സമ്പ്രദായക്കാരനുമാകാം , അത് രാജ്യകാര്യങ്ങളെ ബാധിക്കുന്നില്ല “

1947 സെപ്തംബര്‍ 11 ന് പാക്കിസ്ഥാനെന്ന ഇസ്ലാമിക തനിമയുള്ള രാജ്യത്തിന്റെ നിയുക്ത ഗവര്‍ണര്‍ എന്ന നിലക്ക് മുഹമ്മദ് അലി ജിന്ന നടത്തിയ ആദ്യത്തെ പ്രസംഗമാണ് മേല്‍ പറഞ്ഞത് , തനിമയും ശുദ്ധിയുമുള്ള ഒരു മുസ്ലീം രാഷ്ട്രമെന്ന ലക്ഷ്യം കൈവരിച്ചതിന് ശേഷം അതിന്റെ തലവന്‍ പറഞ്ഞ വാക്കുകളാണിത് . ഇതിലും വലിയ മതേതരത്വം എന്താണ് ഒരു മതത്തിലധിഷ്ടിതമായി രൂപീകരിക്കപ്പെട്ട ഒരു രാഷ്ട്രത്തിന്റെ തലവന്‍ പറയേണ്ടത് ?


ജിന്നയുടെ മതേതരത്വ സ്വഭാവത്തെക്കുറിച്ചുള്ള നിരവധി ഉദ്ധരണികളും വിഭജനത്തില്‍ ജിന്നയുടെ പങ്കിന് കാരണഭൂതമായത് ദേശീയ രാഷ്ട്രീയത്തില്‍ ആവേശത്തോടെ അലിഞ്ഞ് ചേര്‍ന്ന മുസ്ലീങ്ങളെ അവഗണിച്ച് കൊണ്ട് മതമൌലിക വാദികളെ മുസ്ലീം നേതൃത്വ നിരയിലേക്കുയര്‍ത്തിയതിന്റെ പരിണിതമാണ് എന്നും ഹിന്ദു മുസ്ലീം മതധ്രുവീകരണത്തില്‍ ജിന്ന കാര്യമായ പങ്ക് വഹിച്ചിരുന്നില്ല എന്നും തെളിവുകളോടെ കാര്യ കാരണ സഹിതം വ്യക്തമായി പറയുന്നുണ്ട് എച്ച്. വൈ ശേഷാദ്രി .


1876 ലെ ഒരു ക്രിസ്മസ് ദിനത്തില്‍ ഗുജറാത്തിലെ ഒരു മുസ്ലീം കച്ചവട കുടുംബത്തില്‍ മൂത്ത പുത്രനായി ജനിച്ചു , ഒരു ക്രീസ്ത്യന്‍ മിഷനറി സ്കൂളില്‍ ഹൈ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും പിന്നീട് ബ്രിട്ടനില്‍ ഉന്നത വിദ്യഭ്യാസത്തിന് വേണ്ടി പോയതു അദ്ദേഹത്തില്‍ വിശാലമായ ഒരു മതേതര ദേശീയ ചിന്താഗതി വളര്‍ത്തി .മുസ്ലിം എന്ന നിലയില്‍ മതത്തോട് യാതൊരു ആഭിമുഖ്യവുമില്ലാതെ , മത നിരപേക്ഷയില്‍ വിശ്വസിക്കുന്ന , ഇസ്ലാമിന് ഹറാമായ മദ്യം കഴിക്കുകയും പുരോഗമന ചിന്താധാരകളിലൂടെ യഥാസ്ഥിതിക നിലപാടുകളിലെ സങ്കുചിതത്വത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്ന ഉന്നത വിദ്യാഭ്യാസം ലഭിച്ച അദ്ദേഹം വളരെ അപൂര്‍വ്വമായി മാത്രമേ മുസ്ലീം എന്ന നിലയില്‍ സംസാരിച്ചിരുന്നു എന്നും തനിമയുള്ള , കലര്‍പ്പില്ലാത്ത മുസ്ലീം സംസ്കാരത്തെക്കുറിച്ചുള്ള വാദങ്ങളെ അദ്ദേഹം എതിര്‍ക്കുകയും ചെയ്തിരുന്നു , ഒരിക്കല്‍ മുല്ലമാരെ കൂടെക്കൊണ്ട് നടക്കുന്നതിനെക്കുറിച്ച് “ ആ വിഡ്ഡികളെ കൂടെക്കൊണ്ട് നടക്കേണ്ടി വരുന്നുണ്ടെങ്കിലും അവരുടെ തോന്ന്യാസങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും “ പറയുക വരെ ചെയ്തു .


സുരേന്ദ്രനാഥ ബാനര്‍ജിയുടെ കാല്‍ചുവട്ടിലിരുന്നാണ് താന്‍ രാഷ്ട്രീയത്തിന്റെ ബാല പാഠങ്ങള്‍ അഭ്യസിച്ചതെന്ന് അഭിമാനത്തോടെ പറയുന്ന ജിന്നയെക്കുറിച്ച് ദേശീയ രാഷ്ട്രീയത്തിലെ എല്ലാ നേതാക്കന്മാര്‍ക്കും അതീവ പ്രതീക്ഷ ഉണ്ടായിരുന്നു , “സകല വിഭാഗീയ ചിന്തകളില്‍ നിന്നും മുക്തനായ അദ്ദേഹം ഹിന്ദു മുസ്ലീം ഐക്യത്തിന്റെ യഥാര്‍ത്ഥ പ്രതിനിധിയായിത്തീരും “ ജിന്നയെക്കുറിച്ച് ഗോഖലെ പറഞ്ഞ വാക്കുകളാണിത് , മുസ്ലീം ലീഗില്‍ ചേരുമ്പോഴും ദേശീയ കാര്യങ്ങളോടായിരുന്നു ജിന്ന കൂടുതല്‍ പ്രതിപത്തി കാണിച്ചത് , തന്റെ അനുചരന്മാരോട് അതിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഉപദേശിക്കുകയുണ്ടായി .മുസ്ലീങ്ങള്‍ക്ക് പ്രത്യേക സാമുദായിക പ്രധാന്യം നല്‍കുന്നത് ദേശീയരാഷ്ട്രീയത്തില്‍ ഹിന്ദു മുസ്ലീം ഐക്യത്തെ തകര്‍ക്കുമെന്നും അതിനാല്‍ മുസ്ലീങ്ങള്‍ക്കുള്ള പ്രത്യേക സമുദായിക താല്പര്യങ്ങള്‍ക്കെതിരായിട്ടായിരുന്നു അദ്ദേഹം 1919 ല്‍ ഇന്ത്യാ റിഫോംസ് ബില്ലിനെപ്പറ്റി സംയുക്ത പാര്‍ലമെന്ററി സെലക്റ്റ് കമ്മിറ്റിക്ക് മുമ്പാകെ തെളിവ് നല്‍കിയത് . പരിഷ്കൃതാശയനും മത നിരപേക്ഷനുമായ ജിന്ന മത മൌലിക വാദം കൊണ്ട് മാത്രം ദേശീയ സ്വാതന്ത്ര്യ സമരത്തിലിടം നേടിയ ഖിലാഫത്ത് പ്രസ്ഥാനത്തിനെതിരായിരുന്നു , പക്ഷെ കോണ്‍ഗ്രസ്സാകട്ടെ ദേശീയ വാദികളായ മുസ്ലീങ്ങളെ മാറ്റി നിര്‍ത്തി മത മൌലിക വാദികളായ മുല്ലമാരരെയും മൌലവിമാരെയും പ്രീണീപ്പിച്ച് മുസ്ലീങ്ങളെ പ്രതിനിധീകരിച്ച് ഉയര്‍ത്തിക്കൊണ്ട് വര്‍ഗ്ഗീയ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിച്ചത് . ഇത്തരമൊരു പരിതസ്ഥിതിയില്‍ കഴിവുള്ള ഒരു നേതാവും ദേശീയ പ്രസ്ഥാനത്തോടെ കൂറും പ്രകടിപ്പിച്ചിരുന്ന ജിന്ന നിരന്തരമായി അവഗണിക്കപ്പെട്ട് കൊണ്ടിരുന്നു .


വിഭജനമെന്നത് യാഥാര്‍ത്ഥ്യത്തില്‍ കുറഞ്ഞ ഒന്നല്ല എന്ന സാഹചര്യം അപ്പോഴെക്കും ഉടലെടുത്ത് കഴിഞ്ഞിരുന്നു ബ്രിട്ടീഷ് ഗവണ്മെന്റ് അതിന് വേണ്ട എല്ലാ ഒത്താശകളും ചെയ്തു കൊണ്ടിര്‍ക്കുന്ന സമയവും അത് കൊണ്ട് തന്നെ ബ്രിട്ടീഷ് ഉന്നത വിദ്യഭ്യാസം ലഭിച്ച , വാഗ്മിയായ ഒരു അഭിഭാഷകനെ മുസ്ലീം പ്രതിനിധിയായി ഉയര്‍ത്തിക്കൊണ്ട് വരുന്നതിന് അവര്‍ മുന്‍ ഗണന നല്‍കി.


ദ്വിരാഷ്ട്ര വാദത്തിന്റെ ഉപജ്ഞാതാവ് ജിന്നയാണെന്ന് ഒരു ചരിത്രവും പറയുന്നില്ലെങ്കിലും അതാണ് വാസ്തവമെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു , സങ്കുചിതമായ മത -രാഷ്ട്രസങ്കല്‍പ്പങ്ങളെ തികഞ്ഞ അവജ്ഞയോടെ നോക്കിക്കണ്ടിരുന്ന ജിന്ന പിന്നീട് സംഭവിച്ച വിഘടന വാദത്തിന്റെ സങ്കീര്‍ണ്ണമായ രാഷ്ട്രീയത്തിലേക്ക് നയിക്കപ്പെടുകയായിരുന്നു , അനിവാര്യമായ വിഭജനം എന്ന ആ നിര്‍ണ്ണായക സന്ധിയില്‍ ചുക്കാന്‍ പിടിക്കാന്‍ ചരിത്രം നിയോഗിച്ചത് ഹിന്ദു മുസ്ലീം ഐക്യത്തിലൂടെ ഏകരാഷ്ട്രമെന്ന സ്വപ്നം താലൊലിച്ച മൊഹമ്മദ് ആലി ജിന്നയിലൂടെ ആയത് ചരിത്രത്തിന്റെ മുന്‍ നിശ്ചയിക്കപ്പെട്ട നിയോഗമായിരുന്നിരിക്കണം .


മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഉടലെടുത്ത ഇത്തരം സാഹചര്യങ്ങളുടെ പരിണിത ഫലമായിരുന്നു മത നിരപേക്ഷതയിലൂന്നിയുള്ള ദേശീയ രാഷ്ട്രം എന്ന സങ്കല്‍പ്പത്തില്‍ നിന്ന് തന്റെ ഉത്തമ താല്പര്യങ്ങളെ പോലും ബലി കഴിച്ച് മുസ്ലീം രാഷ്ടവാദമെന്ന ജിന്നയുടെ പെട്ടെന്നുള്ള രൂപാന്തരം , ഒരു പക്ഷെ മറുവശത്ത് മതനിരപേക്ഷതയില്‍ വീര്‍ സവര്‍ക്കര്‍ ഹിന്ദു രാഷ്ട്രവാദത്തിന്റെ വക്താവായി മാറിയതും ഏകദേശം ഒരേ സമയത്തായത് യാദൃശ്ചികം മാത്രമായിരുന്നില്ല .പ്രീണന രാഷ്ട്രീയത്തിന്റെ കോണ്‍ഗ്രസ്സ് മുഖങ്ങളും വിഭജനത്തിലൂടെയല്ലാതെ സ്വാതന്ത്ര്യം ലഭിക്കുക ആയാസകരമാണെന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സൂചനകളും ഏറെക്കുറെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിഭജനത്തിലധിഷ്റ്റിതമായ സ്വതന്ത്ര്യപ്പോരാട്ടത്തിനും പ്രക്ഷോഭത്തിനും തുടക്കം കുറിച്ച് മുസ്ലീങ്ങള്‍ക്ക് കലര്‍പ്പില്ലാത്ത ഏക രാഷ്ട്രം വേണമെന്ന മുദ്രാവാക്യം ഉയര്‍ന്ന് ഏറെക്കഴിഞ്ഞ് മാത്രമാണ് മുഹമ്മദ് അലി ജിന്ന നേതൃസ്ഥാനത്തേക്ക് വരികയും “ഖായിദ് എ അസ്സം “ ആയിമാറുകയും ചെയ്യുന്നത് .കോണ്‍ഗ്രസ്സിന്റെ കീഴില്‍ മുസ്ലിം മത വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യവും നീതിയും ലഭിക്കില്ല എന്നുള്ള രാഷ്ട്രീയമായ ഒരു അരക്ഷിതാവസ്ഥ അതിനകം തന്നെ ഉടലെടുത്ത് കഴിഞ്ഞിരുന്നു , മറു ഭാഗത്ത് ഹിന്ദു രാഷ്ട്രവാദവുമായി വീര്‍ സവര്‍ക്കറിന്റെ നേതൃത്വത്തിലുള്ള പടയൊരുക്കത്തിന്റെ ആക്കം കൂടിക്കഴിഞ്ഞിരുന്നു , നിരന്തരമായ കലാപങ്ങളും കൂട്ടക്കുരുതികളും ഹിന്ദു - മുസ്ലീം ഐക്യത്തിലൂടെ ഏകരാഷ്ട്രമെന്ന സ്വപ്നവും ഏറെക്കുറെ അവസാനിച്ച ഘട്ടത്തില്‍ അത് വരെ വിഭജനത്തിനെതിരെ ശക്തമായി വാദിച്ച സര്‍ദാര്‍ പട്ടേല്‍ പോലും അനുകൂലഭാവത്തിലെത്തുകയായിരുന്നു ,വിഭജനം അനിവാര്യമായ ഒരു പ്രക്രിയയാകുമെന്ന് സ്വാതന്ത്ര്യ ലബ്ദിക്ക് ഏറെ മുമ്പെ തന്നെ നിശ്ചയിക്കപ്പെട്ടിരുന്നതാണ് , ആ യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ച് മുന്നൊരുക്കങ്ങളും ശരിയായ ആസൂത്രണങ്ങളും ചെയ്തിരുന്നെങ്കില്‍ ആ നാളുകളിലെ ക്രൂരമായ പലായനങ്ങളും കൊടും ദുരിതവും ഒഴിവാക്കാന്‍ കഴിഞ്ഞേനെ .


എച്ച് .വൈ ശേഷാദ്രി ഒരു സംഘ പരിവാറുകാരന്റെ കടുത്ത നിയന്ത്രണ രേഖക്കുള്ളില്‍ നിന്ന് പറയാതെ പറഞ്ഞത് ജിന്നയുടെ മതേതരത്വവും വിഭജനത്തിന്റെ പിന്നില്‍ അറിയാതെ പോയ നിരവധി സത്യങ്ങളുമായിരുന്നു , അന്ന് ഉയരാത്ത ബീജെപി - സംഘപരിവാര്‍ രാഷ്ട്രസങ്കല്‍പ്പത്തിലെ “കോര്‍ വാല്യൂ “ ഇന്നുയര്‍ത്തണമെങ്കില്‍ കൃത്യമായ അജണ്ട അതിന് പിന്നിലുണ്ട് എന്ന് മനസ്സിലാക്കാന്‍ അത്ര കൂടിയ ഐ ക്യൂ നിലവാരം ഒന്നും വേണ്ടി വരുന്നില്ല .
എന്തായാലും “ജിന്നാവിവാദം “ അവസാനിപ്പിച്ച് കൊണ്ട് സര്‍ദാര്‍ വല്ലഭായി പട്ടേലിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ് വിവാദത്തിന് കാരണമെന്നും ഉരുക്ക് മനുഷ്യനെക്കുറിച്ച് മോശമായി പ്രദിപാദിച്ചു എന്നും അതാണ് ഭാജ് പാ യുടെ കോര്‍ വാല്യൂവില്‍ മങ്ങലേല്‍പ്പിച്ചതെന്ന ബീ ജെ പി നേതാവിന്റെ വാദത്തിന് മുന്നില്‍ കയ്യിലിരുന്ന ജസ്വന്ത് സിങ്ങിന്റെ പുസ്തകം ഉയര്‍ത്തിക്കാണിച്ച് കൊണ്ട് ടൈംസിലെ വാര്‍ത്താ അവതാരകന്‍ ചൊദിച്ചു
“ ഞാന്‍ ഈ പുസ്തകം വായിച്ചതാണ് , ഇതില്‍ ആറോ ഏഴോ തവണ സര്‍ദാര്‍ പട്ടേലിനെ പരാമര്‍ശിച്ചിട്ടുണ്ട് പക്ഷെ ഒരിടത്ത് പോലും പട്ടേലിനെ മോശമായി ചിത്രീകരിച്ച് കണ്ടില്ല , താങ്കള്‍ ഈ പുസ്തകം വായിച്ചതാണോ “ ആ ചൊദ്യത്തിന് മുന്നില്‍ പാര്‍ട്ടിയുടെ കോര്‍ വാല്യൂ എന്ന് പറഞ്ഞ് പരുങ്ങുന്ന നേതാവിനെ കണ്ടപ്പോള്‍ പണ്ട് റുഷ്ദിയുടെ സാത്താന്റെ വചനങ്ങള്‍ക്കെതിരെ പ്രക്ഷോബം നടത്തിയ ഷഹാബുദ്ദീനോട് പത്ര പ്രവര്‍ത്തകന്‍ താങ്കള്‍ ഈ ഈ പുസ്തകം ‍ വായിച്ചതാണൊ ?” എന്ന ചോദ്യത്തിന് “എന്തിനാ ഇതൊക്കെ വായിക്കുന്നത് , ഓടയിലെ വെള്ളത്തില്‍ അഴുക്കാണെന്ന് ഊഹീച്ചാല്‍ പോരെ “ എന്ന മറുപടിയോട് അടുത്ത സാമ്യം തോന്നി .
ഇന്ത്യ്യില്‍ ചരിത്രവും കലയും സാഹിത്യവുമെല്ലാം ഊഹാപോഹങ്ങളുടെ മതമൌലികവാദങ്ങള്‍ കൊണ്ട് അടച്ച് മൂടേണ്ടി വരുന്ന അതിനിസ്സാരങ്ങളായ സ്വാതന്ത്ര്യങ്ങളാണ്, അത് തുടര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്യും . ചരിത്രത്തിന്റെ പുനര്‍ വായനയല്ല നേര്‍വായന പോലും അനുവദനീയമല്ലാത്ത ഒരു സ്വാതന്ത്ര്യം തന്നെയാണ് , അത് കൊണ്ട് തന്നെയാണ് ദേശീയ പ്രസ്ഥാനത്തിന്റെ മതനിരപേക്ഷതയും ദേശീയത എന്ന ആവേശവും ഒഴിവാക്കിക്കൊണ്ട് കടന്ന് വന്ന ഖിലാഫത് പ്രസ്ഥാനം ഇന്നും സ്വാതന്ത്ര്യ സമരത്തിന്റെ ഉന്നതമായി മാതൃകയായി ഇന്നും നിലകൊള്ളുന്നത് .
മത നിരപേക്ഷതയല്ല മത പ്രീണനം നമ്മുടെ നയമായി നമ്മള്‍ സ്വീകരിച്ചിരിക്കുന്ന കാലത്തോളം അതിലല്‍ഭുതപ്പെടാന്‍ ഒന്നുമില്ല . വാക്കും വരയും ശബ്ദവും താളവും രൂപവും ചരിത്രവുമെല്ലാം ആരെയെങ്കിലും വ്രണപ്പെടുത്തുകയും വ്രണിതഹൃദയരെ സമാശ്വസിപ്പിക്കാന്‍ അത് നിരോധിക്കുകയും നിഷേധിക്കുകയും തീയിട്ട് ചുടുകയും ചെയ്യും അതാണ് നമ്മുടെ അതാണ് നമ്മുടെ ചരിത്രം .
Ref : വിഭജനത്തിന്റെ ദുഖ കഥ - എച്ച്.വൈ ശേഷാദ്രി
സ്വാതന്ത്ര്യം അര്‍ത്ഥരാത്രിയില്‍ - ലാപിയര്‍ , കോളിന്‍സ്









picture courtesy - www.indohistory.com